Wednesday 29 September 2010

ജ്ഞാനപീഠവും ബിലാത്തിയും പിന്നെ ജ്ഞാനം തേടും കുറച്ചു ബുലോഗരും / Jnanapeetavum Bilaatthiyum Pinne Jnanam Thetum Kuracchu Bulogarum .

 നോബെൽ സമ്മാനത്തിന് സമാനമായ ഭരതത്തിന്റെ ജ്ഞാനപീഠപുരസ്കാരം നേടിയ ശ്രീ : ഒറ്റപ്ലാവില്‍  നീലകണ്ഠന്‍  വേലു  കുറുപ്പിന് ബിലാത്തി ബൂലോഗരുടെ എല്ലാവിധത്തിലുമുള്ള അഭിനന്ദനങ്ങളും ,ഒപ്പം സാദര പ്രണാമവും അർപ്പിച്ചുകൊണ്ടാണ് രണ്ടാമത്തെ ബിലാത്തി ബുലോഗ സംഗമത്തിന് ഞങ്ങളിവിടെ  കൊവെണ്ട്രിയിൽ ഒത്തുചേർന്ന് പ്രാരംഭം കുറിച്ചത്.....
 സെപ്തംബർ പത്തൊമ്പതോട് കൂടി ബിലാത്തിയിലെ ഓണാഘോഷങ്ങൾക്കൊക്കെ തിരശ്ശീല വീണപ്പോ‍ൾ ,ഇവിടെയെല്ലാവരേയും ബോറടിപ്പിച്ചും,രസിപ്പിച്ചും ഈയ്യുള്ളവൻ നടത്തിയ പരാക്രമങ്ങളായ, ഇക്കൊല്ലത്തെ മാവേലി വേഷങ്ങൾക്കും, മറ്റും  ( മാവേലി കൊമ്പത്ത് ), മാജിക് പരിപാടികൾക്കുമൊക്കെ കൊട്ടികലാശം വന്നത് കൊണ്ട് , വീണ്ടും പണിയന്വേഷണവും, ചൊറികുത്തലുമായി ഇരിക്കുന്ന അവസരത്തിലാണ് , ലണ്ടൻ മലയാളവേദി നടത്തിയ സാഹിത്യ മത്സരങ്ങളിൽ ഒന്നും, രണ്ടും സമ്മാനങ്ങളൊക്കെ വാങ്ങി ബിലാത്തിബുലോഗർ ജേതാക്കളായത്...
അപ്പോൾ വീണ്ടും ഞങ്ങൾ ബിലാ‍ത്തി മല്ലു ബ്ലോഗ്ഗേഴ്സിനൊത്തുകൂടുവാൻ 
വേറെ വല്ല കാരണവും വേണൊ?
പോരാത്തതിന്  നമ്മുടെയെല്ലാം പ്രിയ കവി ഒ.എൻ.വി  മലയാളമണ്ണിലേക്ക് വീണ്ടും ജ്ഞാനപീഠം  പുരസ്കാരം എത്തിച്ചപ്പോൾ ,അദ്ദേഹത്തിന് അനുമോദനം അർപ്പിക്കലും ഞങ്ങൾ മുഖ്യ അജണ്ടയിൽ ചേർത്തു കേട്ടൊ.

നാട്ടിലെ നാലയ്യായിരം രൂപയൊക്കെ പെട്രോളിനും, ടിക്കറ്റിനുമൊക്കെ ചിലവാക്കി ,
പണിയൊക്കെ മാറ്റിവെച്ച് ഈ കഴിഞ്ഞ തിങ്കളാഴ്ച്ച യു.കെയുടെ പല ഭാഗങ്ങളിൽ നിന്നും ഞങ്ങളെല്ലാം കൂടി കൊവെണ്ട്രിയിൽ ഒത്ത് കൂടിയപ്പോൾ ....

 ബിലാത്തി ബൂലോഗമീറ്റ് രണ്ടാമൂഴം !
L to R പ്രദീപ് ജെയിംസ്, ജോഷി പുലിക്കോട്ടിൽ, വിഷ്ണു, സമദ് ഇരുമ്പഴി, ജോയിപ്പൻ, 
അലക്സ് കണിയാമ്പറമ്പിൽ, അശോക് സദൻ, മുരളീമുകുന്ദൻ.
“ഇവറ്റകൾക്കെല്ലാം എന്തിന്റെ കേടാ..എന്റെ ദൈവ്വം തമ്പുരാനേ ‘
എന്ന് വീട്ടുകാരും,ചില കൂട്ടുകാരുമൊക്കെ പിറുപിറുക്കുന്നത് കേട്ടു.....

ഇവർക്കാർക്കും തന്നെ അറിയില്ലല്ലോ 
ബുലോഗത്തിന്റെ മഹത്വം...
ഈ കൂട്ടായ്മയുടെ ഒരു സുഖം....
നമ്മുടെ അമ്മമലയാള ഭാഷയുമായി സംവാദിക്കുമ്പോഴും, 
സാഹിത്യചർച്ചകളിൽ പങ്കെടുക്കുമ്പോഴും നമ്മെൾക്കെല്ലാം 
ഉണ്ടാകുന്ന ആ സന്തോഷം....

ആഗോള ഭൂലോക ബൂലോഗർക്ക് എന്നും പ്രോത്സാഹനങ്ങളും,
പ്രചോദനങ്ങളും നൽകുന്ന ബിലാത്തി മലയാളി പത്രികയുടെ പത്രാധിപരായ 
അലക്സ് കണിയാമ്പറമ്പിൽ ആയിരുന്നു ഇത്തവണത്തെ  ഈ മല്ലുബ്രിട്ടൻ ബ്ലോഗ്ഗ് 
സംഗമത്തിൽ അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചത്.

ഒ.എൻ.വിയുടെ കുഞ്ഞേടത്തിയുടേയും,ഒമ്പത് കൽ‌പ്പണിക്കാ‍രുടേയുമൊക്കെ 
ചൊൽക്കാഴ്ച്ചകൾ കേട്ട് ജ്ഞാനപീഠം  മലയാളത്തിന് അഞ്ചാമതും നേടിതന്നതിന് , 
നമ്മുടെ പ്രിയകവിക്ക് പ്രണാമവും , അനുമോദനങ്ങളും നേർന്നുകൊണ്ടാണ് ഞങ്ങൾ ഈ 
ഒത്ത് ചേരൽ ആരംഭിച്ചത്..കേട്ടൊ.

പിന്നീട് ബ്ലോഗ്ഗിന്റെ  ഗുണഗണങ്ങളേയും മറ്റും പറ്റി ഒരു ചർച്ച( വീഡിയോ ഇവിടെ കാണാം)...
ബ്രിട്ടനിൽ ഒരു ബ്ലോഗ്ഗ്  അക്കാദമി ഉണ്ടാക്കി കൂടുതൽ പേരെ എങ്ങിനെ മലയാള ബ്ലോഗ്ഗിങ്ങ് രംഗത്തേക്ക് കൊണ്ടുവന്ന് ഭാഷയേയും, നമ്മുടെ സംസ്കരാത്തേയും പുത്തൻ തലമുറയ്ക്ക് പരിചയപ്പെടുത്തി , ഈ രാജ്യത്തും മലയാളത്തിന്റെ നറുമണവും,സൌന്ദര്യവും എന്നും നിലനിൽക്കാനുള്ള  സംരംഭങ്ങൾ ഏതെല്ലാം തരത്തിൽ ചെയ്യണമെന്നുള്ള ഒരു ആശയവും ചർച്ചയിലൂടെ  രൂപപ്പെട്ടു(.ചർച്ച രണ്ടാം ഭാഗം)

ബിലാത്തി ബുലോഗ ഭൂലോക ചർച്ച !
പിന്നീട് മലയാളത്തെ സ്നേഹിക്കുന്ന എല്ലാവർക്കും കൂടി 
പുതിയ ഒരു ഇ-മെയിൽ ഗ്രൂപ്പ് ആവിഷ്കരിച്ചാലൊ എന്നുള്ള ഐഡിയയും ഉടലെടുത്തു  വന്നൂട്ടാ....

അതിന് ശേഷം ലണ്ടൻ കലാസാഹിത്യവേദിയുടെ സമ്മാനങ്ങൾ
കരസ്ഥമാക്കിയ ബിലാത്തിബൂലോഗർക്കുള്ള അനുമോദനങ്ങളായിരുന്നു.

യു.കെയിലെ വേളൂർ കൃഷ്ണന്‍കുട്ടി എന്നറിയപ്പെടുന്ന , മാഞ്ചസ്റ്ററിലുള്ള 
നർമ്മകഥാകാരനായ ജോയിപ്പനായിരുന്നു ( ജോയിപ്പാന്‍ കഥകള്‍ ) കഥയ്ക്കുള്ള ഒന്നാം സ്ഥാനം.
സായിപ്പിന്റെ മൊബൈയിൽ  തമാശകളിൽ പോലും ജോയിപ്പന്റെ വിറ്റുകൾ കയറി കൂടിയിട്ടുണ്ട്.

കോട്ടയത്തപ്പന്മാർ  ! 
അലക്സ് ഭായിയും,പ്രദീപും,ജോയിപ്പാനും
ദേ..നോക്ക് ഒന്ന്
അമ്മയും,മകനും നടന്നുപോകുമ്പോൾ പശുവിന്റെ പുറത്ത് കയറുന്ന 
കാളയെ കണ്ട് ,അമ്മയോട് മോൻ ചോദിച്ചു
‘കാളയിതെന്താണ് പശുവിനെ ചെയ്യുന്നതെന്ന് ?‘
അപ്പോൾ അമ്മ മോനോട് പറഞ്ഞതിങ്ങനെ
“മോനെ ആ കാള പശൂന്റെ മേലെക്കേറി ..
അടുത്ത പറമ്പിൽ പുല്ലുണ്ടോ എന്ന് നോക്കുകയാണെത്രേ !‘
ഇത്തരത്തിലൊക്കെയുള്ളതാണ് ജോയിപ്പാൻ വിറ്റുകൾ കേട്ടൊ....
 സിനിമാക്കാരായ അശോക് സദനും, തോമാസ് .ടി.ആണ്ടൂരും....
രണ്ടാം സമ്മാനം കഥയെഴുത്തിൽ കിട്ടിയ ബെർമിങ്ങാമിലുള്ള 
അശോക് സദൻ , ശരിക്കും  ഒരു സകല കലാവല്ലഭനാണ് ...
നല്ലൊരു ശിൽ‌പ്പിയും,സിനിമാക്കാരനുമൊക്കെയാണ് , 
അക്ഷരങ്ങളേ കൂടി സ്നേഹിക്കുന്ന അശോക് (എന്‍റെ തിന്മകളും നുണകളും പിന്നെ കുറച്ചു സത്യങ്ങളും.)
ക്രിസ്ത്യൻ ബ്രദേഴ്സ് സിനിമയുടെ ലണ്ടൻ ഷൂട്ടിങ്ങ് കാര്യങ്ങളെല്ലാം
കൈകാര്യം ചെയ്തിരുന്നത് അശോക് സദനായിരുന്നു.

എന്നെ അതിലൊരു സ്റ്റണ്ട് സീനിലഭിനയിക്കാൻ വിളിച്ചതായിരുന്നു....
തിരക്ക് കാരണം പോകാൻ പറ്റിയില്ല എന്നുമാത്രം....

ആ പടത്തിൽ വല്ല ബലാത്സംഗത്തിന്റെ സീനെങ്ങാൻ 
ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ഞാൻ പോയേനെ ..!

 സ്നേഹ സന്ദേശത്തിന് വേണ്ടി, പ്രഥമാഭിമുഖം ജോഷിയുമായി
കവിതകളേയും,പാട്ടുകളെയും എന്നും സ്നേഹിച്ചുകൊണ്ടിരിക്കുന്ന 
പോർട്ട്സ്മൌത്തിലുള്ള ജോഷി പുലിക്കൂട്ടിലിനായിരുന്നു ( മലയാളം കവിതകള്‍  )
കവിതക്ക് രണ്ടാം സ്ഥാനം.
ഈ പ്രണയഗായകനുമായി, സ്നേഹസന്ദേശത്തിൽ 
ചേർക്കുന്നതിന് വേണ്ടി ആയതിന്റെ പത്രാധിപർ അലക്സ് ഭായ്
പറഞ്ഞതനുസരിച്ച് ഒരു അഭിമുഖം ഞാൻ നടത്തി....
പ്രദീപായിരുന്നു ജോയിപ്പാനുമായി അഭിമുഖം നടത്തിയത്.

ഇതിനെയെല്ലാം വളരെ നല്ല രീതിയിൽ ഡയറക്റ്റ് ചെയ്ത് 
ഞങ്ങളുടെയെല്ലം തലതൊട്ടപ്പൻ അലക്സ് ഭായ് എല്ലാത്തിനും
നേതൃത്വം നൽകി മുമ്പിലെപ്പേഴും ഉണ്ടായിരുന്നു.

ഇതെല്ലാം ചിത്രീകരിച്ചത് എഴുത്തുകാരനും, നല്ലൊരു ക്യാമറാമനും,
എഡിറ്ററുമൊക്കെയായ തോമാസ് .ടി.ആണ്ടൂർ ആണ് . ‘സംഗീത മേഘം‘
എന്ന പരിപാടികളിലൂടെ ഏവർക്കും സുപരിചിതനായി തീർന്ന ഇദ്ദേഹം യു.കെയിൽ 
ഏറെ പ്രസിദ്ധനാണ്... കേട്ടൊ
തോമാസ്.ടി. ആണ്ടൂർ / മഴ മേഘങ്ങളുടെ അധിപൻ !
അവസാനം എന്റെ ചില ചെപ്പടിവിദ്യകളും,
സമദ് ഭായിയുടെ ഒരു കലക്കൻ മാജിക് ഷോയും 
കഴിഞ്ഞപ്പോൾ...
ഞങ്ങളുടെ ശ്രദ്ധ കുപ്പികളും,പ്ലേറ്റുകളും 
കാലിയാക്കുന്നതിലായതിൽ ഒട്ടും അതിശയോക്തി  ഇല്ലല്ലൊ...!

 വക്കീൽ  v/sഎഞ്ചിനീയർ   !
സമദും വിഷ്ണുവും
ജീവിതത്തിലിതുവരെ , ഭാരങ്ങൾ വലിച്ച ഒരു പതവന്ന വണ്ടിക്കാള കണക്കേയുള്ള നെട്ടോട്ടത്തിനിടയിൽ , അവിചാരിതമായി കിട്ടിയ തികച്ചും ഒരു വിശ്രമവേളയായിരുന്നു  എനിക്ക് ഈ പണിയില്ലാകാലം ... ! 
ഈ അവസരങ്ങൾ ഞാനൊരു തനി 
ഒരു സഞ്ചാരിയായി കറക്കമായിരുന്നു !
ചിലപ്പോൾ കുടുംബമായും, കൂട്ടുകൂടിയും,ഒറ്റക്കും, ....,...,
ബിലാ‍ത്തിയിലും, ചുറ്റുവട്ടത്തുമൊക്കെയായി ധാരാളം 
കാണാത്ത കാഴ്ച്ചകൾ കണ്ടു....!

ബിലാത്തിയിലെ ബൂലോഗർക്ക് നമോവാകം....
ഈ രണ്ടുവർഷത്തിനിടയിൽ നേരിട്ട് കാണാതെ, 
മിണ്ടാതെ പരിചയത്തിലായവർപോലും , നമ്മുടെ 
കുടുംബാംഗങ്ങളായി മാറുന്ന അനുഭവം..... 

ഇവിടെ ലണ്ടൻ വിട്ട് ചുറ്റാൻ പോയപ്പോഴൊക്കെ മറ്റുള്ളമിത്രങ്ങളേക്കാളും,
ബന്ധുക്കളേക്കാളും സ്നേഹവാത്സ്യല്ല്യങ്ങൾ നൽകി വരവേറ്റും മറ്റും ഒരു വല്ലാത്ത 
ആനന്ദമേകി ഈ ബിലാത്തി ബൂലോഗരെനിക്ക്....

അതുപോലെ ലണ്ടനിൽ അവരാരെങ്കിലും എത്തിയാൽ 
എന്നോടൊപ്പം കൂടുവാനും അവർക്കും അത്യുൽത്സാഹംതന്നെയായിരുന്നു..കേട്ടൊ.

എങ്ങിനെയാണ് ഈ ബൂലോഗത്തിന്റെ സ്നേഹവാത്സ്യല്ല്യങ്ങളുടെ 
നന്മകൾ വ്യക്തമാക്കുക എന്നെനിക്കറിയില്ല....... എന്റെ കൂട്ടരേ


ഈ സന്തോഷത്തോടൊപ്പം ഏറെ ദു:ഖമുള്ള 
രണ്ട് സംഗതികളും ഉണ്ടാകുവാൻ പോകുകയാണിവിടെ....  

ബിലാത്തി വിട്ട് ഇവിടത്തെ രണ്ട് ബൂലോഗ സുന്ദരികൾ വേറെ രണ്ട് 
പാശ്ചാത്യരാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുവാൻ പോകുന്നു എന്നുള്ളതാണ് ആ കാര്യങ്ങൾ !


എന്‍റെ കൊച്ചു കൊച്ചു വിശേഷങ്ങൾഎഴുതുന്ന സിയയുടെ , പ്രിയപ്പെട്ടവനായ 
ഷമീൻ  അമേരിക്കയിൽ നല്ലജോലിയും, സ്ഥാനവും തരമായി അവിടേയ്ക്ക് കുടിയേറിയപ്പോൾ , സിയ ബാക്കി കുടുംബത്തോടൊപ്പം അങ്ങോട്ട് പറക്കുവാൻ ഒരുങ്ങുകയാണ് ...
 ഷമീൻ & സിയ /ബിലാത്തി ടു അമേരിക്ക
തനിയൊരു  മലർവാടി ( malarvati )യായ കല്ല്യാണപ്പെണ്ണായ മേരികുട്ടി 
ന്യൂസ് ലാന്റിലേക്കുമാണ് മൈഗ്രേറ്റം നടത്തുന്നത്....

എന്റെ നല്ലൊരു കുടുംബമിത്രമായ മേരിയുടെ കൂടെയുള്ള കാറിലുള്ള 
സഞ്ചാരങ്ങൾക്കും അങ്ങിനെ പര്യവസാനം വരാൻ പോകുകയാണ് . 
ഇനി ആരാണെന്നെ  പാർട്ടികളെല്ലാം കഴിഞ്ഞാൽ  
ഒരു കുഴപ്പവും കൂടാതെ വീട്ടിലെത്തിക്കുക ? 

അല്ലാ ...നാട്ടിലാണെങ്കിൽ ഇതുപോലെ ഒരു പെണ്മിത്രത്തിന്റെ 
കൂടെ കറങ്ങിയാലുള്ള  പുലിവാലുകൾ ഒന്നാലോചിച്ചു നോക്കൂ...!

പീഡനങ്ങൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ ഒരു തമ്പുരാട്ടി
എന്ന് മേരിയെ വിശേഷിപ്പിക്കാം....
പട്ടിണിയും,പാലായനങ്ങളും,പരിവട്ടങ്ങളും കൂട്ടുണ്ടായിരുന്ന മേരിക്ക് പിന്നീട് പാട്ടക്കാരന്റേയും,പള്ളിക്കാരന്റേയും,പട്ടക്കാരന്റേയും,പാത്തിക്കിരിയുടേയും പീഡനങ്ങളാണ് പരമഭക്തയായ ഇവൾക്ക് ദൈവ്വം കൂട്ടായി സമ്മാനിച്ചത്.....


നല്ലൊരു വായനക്കാരി മാത്രമായി ഒതുങ്ങിക്കൂടി നിൽക്കുന്ന മേരി  എന്നോടും,പ്രദീപിനോടും,സമദിനോടും മറ്റും പറഞ്ഞ അനുഭവ കഥകൾ ,
പല മുഖം മൂടികളും കീറി പറിക്കുന്നതാണ് ....കേട്ടൊ

എനിക്കും, സമദ് ഭായിക്കുമൊക്കെ വർഗ്ഗീയതയുടെ വരമ്പുകൾ ഭേദിക്കേണ്ടത് കൊണ്ട് ,
ഒരു പക്ഷേ ഭാവിയിൽ പ്രദീപ് ഇതിനെ ഒരു നോവലായി തന്നെ ആവിഷ്കരിച്ചേക്കാം....


സിയക്കും,മേരിക്കുമൊക്കെ ബിലാത്തി ബൂലോഗരുടെ വക ,
ഭാവിയിൽ സർവ്വവിധ ഭാവുകങ്ങളും അർപ്പിച്ചുകൊണ്ട് നിറുത്തട്ടേ.....

ദേ....കേട്ടൊ 
മുകുന്ദേട്ടന്റെ സുമിത്ര വിളിക്കുന്നു.... !  ?
എല്ലാവർക്കും ..ശുഭരാത്രി.




ലേബൽ  :-
നുങ്ങ  /
പാളിച്ചൾ..

Thursday 9 September 2010

പ്രവാസി തൻ കഥയിത് മാമ ! / Pravaasi Than Kthhayithu Maama !

അന്തർ ദേശീയ ഭാരതീയ പ്രവാസി സംഗമങ്ങൾ
 പാശ്ചാത്യ രാജ്യങ്ങളായ ബിലാത്തിയേയും ,
മറ്റ് രാജ്യങ്ങളേയും കുറിച്ച്  പറയുകയാണെങ്കിൽ
പൂങ്കാവനങ്ങളും,ആപ്പിള്‍ ,പ്ലം ,പെയേഴ്സ് ,സ്ട്രാബറി ,
മുന്തിരി ,..,..മുതലുള്ള ഫലവൃക്ഷ  ചെടികളാലും, മലരണിക്കാടുകളാലും
തിങ്ങിനിറഞ്ഞ പരിസരങ്ങൾ നിറഞ്ഞ ....
ലോകത്തിലെ നമ്പർ വൺ സാധനങ്ങൾ മാത്രം
കിട്ടുന്ന മനോഹരമായ തെരുവുകളാലും....
ഒരു കരടുപോലും കാണാത്ത വളരെ ശൂചിയായ വീഥികളാലും...
ഊട്ടിയെപ്പോലെയുള്ള സുഖവാസകേന്ദ്രങ്ങളെ പോലെയുള്ള കാലാവസ്ഥയാലും
മറ്റും അനുഗ്രഹിക്കപ്പെട്ട സ്ഥലങ്ങളാണ് .....!

തൊടിയിലെ തോട്ടത്തിലാപ്പിളും ,പെയേഴ്സും,പ്ലം മരങ്ങളും...
തൊട്ടാൽ മധുരിക്കുമാ നാരങ്ങ,മുന്തിരി,സ്ട്രാബറി  പഴങ്ങളും !

കൈക്കൂലിയൊന്നും തന്നെയില്ലാതെ ഏതാവശ്യങ്ങളും
വാദിച്ച് നടത്തിത്തരുന്ന സ്വകാര്യ കമ്പനികൾ അതിലെ
സേവന സന്നദ്ധരായ   ജോലിക്കാർ....
മറ്റുള്ളവരുടെ വ്യക്തിപരമായ യാതൊരു
കാര്യങ്ങളിലും ഇടപെടാത്ത സമൂഹങ്ങൾ ...
വനിതകൾക്കും കുട്ടികൾക്കുമൊക്കെ ഏത് പാതിരാത്രിയിലും
ഒറ്റക്ക് ധൈര്യസമേധം യാത്രചെയ്യാവുന്ന പബ്ലിക് ട്രാഫിക് സവിധാനങ്ങൾ...

ഇതെല്ലാം കണ്ട് വീർപ്പുമുട്ടുകയാണ് ഇവിടെങ്ങളിലെല്ലാമുള്ള
വരത്തന്മാരായ എന്നെപ്പോലെയുള്ള പ്രവാസികൾ എന്നുമെന്നോണം.....
ഉപകാരം ചെയ്തവനെ പോലും തെറി വിളിച്ചു ശീലിച്ച നമ്മൾക്കൊക്കെ
സകലതിനും ‘Thanks‘ എന്ന വാക്ക് പറയാനുള്ള ബുദ്ധിമുട്ടൊന്നാലോചിച്ചു നോക്കു....
ഒപ്പം സകലകുണ്ടാമണ്ടിക്കൾക്കും ‘Sorry‘ യും പറഞ്ഞുകൊണ്ടിരിക്കണം !

ഇത്തിരി കുശുമ്പും,കുന്നായ്മയും,പരദൂഷണവും,
പീഡിപ്പിക്കലുമൊന്നുമില്ലാതെ എന്ത് മലയാളിത്വം ?

എന്തിന്ത്യക്കാരൻ.... അല്ലേ !
 
ഇവിടെ ജീവിക്കുമ്പോൾ എന്തൊക്കെയോ
മിസ്സ് ചെയ്യുന്ന പ്രതീതിയാണ് ...
സ്ഥിരം ഹര്‍ത്താലുകള്‍ ആഘോഷമാക്കുന്ന ഒഴിവുദിനങ്ങള്‍ !
നമ്മുടെ പൊട്ടി പൊളിഞ്ഞ റോഡുകള്‍ ...

തിക്കിതിരക്കിയുള്ള ചീറി പായുന്ന ബസ്സുകളിലെ യാത്ര ...
ചുട്ടു പൊള്ളിക്കുന്ന സൂര്യന്‍ ...
.പിന്നെ ...പിന്നെ..മാന്യമായി വസ്ത്രം ധരിച്ച നമ്മുടെ സുന്ദരികളായ പെണ്‍കുട്ടികള്‍..!


ഇതെല്ലാം കേൾക്കുമ്പോൾ അട്ടക്ക് പൊട്ടക്കുളം തന്നെ
എന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും !
ശരിയാണ് ...ഒരു അട്ടക്ക് പട്ടുമെത്തയില്‍ എന്ത് കാര്യം ?
കാരണം അട്ടയുടെ കൂട്ടുകാര്‍ എല്ലാം പൊട്ടക്കുളത്തില്‍ അല്ലെ ?


ഒരു നാള്‍ ഞാനും തിരിച്ചു വരും .....
കൊയ്തെടുത്ത പൌണ്ടുകളുമായി .....
നെയ്തെടുത്ത സ്വപ്നങ്ങളുമായി ....
വെള്ളക്കാരുടെ ഈ നാട്ടില്‍ നിന്നും .....
കൊള്ളക്കാരുടെ ആ നാട്ടിലേക്ക് .....
NOooooooooooooooooooooo.......
ദൈവ്വത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്.......

"തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി...
ഗ്രാമം കൊതിക്കാറില്ലെങ്കിലുംതിരികെ മടങ്ങുവാന്‍ .....
തീരത്തടുക്കുവാന്‍ ....ഞാന്‍ കൊതിക്കാറുണ്ടെന്നും.....“

ഉം....എന്തുചെയ്യാം..

അതെല്ലാം ...പോട്ടെ അല്ലേ

മണ്ടന് അബദ്ധം പറ്റുക എന്നത് ഒരു പുത്തരിയല്ലല്ലോ....
ഇവിടെ ആദ്യമൊക്കെ ഇന്ത്യക്കാരാണെന്ന് വെച്ച് ഭാരതീയ
രൂപഭാവങ്ങളോടെയുള്ളവരേയും ,
പേരിന്റെ സാമ്യത്തിലൂടെ വേറെ പലരേയും പരിചയപ്പെട്ടപ്പോൾ അവരിൽ പലരും ഗയാന്നക്കാരും, കെനിയക്കാരും, മൌറീഷ്യസുകാരും, ന്യൂസിലന്റുകാരും,വെസ്റ്റിന്റീസുകാരും,...,...
ഒക്കെയായി മാറിയപ്പോൾ...
ഇവരെല്ലാം എന്നെ ആക്കുകയാണെന്ന് കരുതിട്ട്...
ശരിക്കും വായപൊളിച്ചിരുന്നിട്ടുണ്ട് ഞാൻ....!

പിന്നീട്  ഇവിടെ ഒരു മാഗസിനിൽ വായിച്ചപ്പോഴാണ് അറിഞ്ഞത്...
ചില യൂറോപ്പ്യൻ രാജ്യങ്ങളിലുള്ളവരേക്കാൾ കൂടുതൽ ആളുകൾ...
ഇന്ത്യൻ ഒറിജിൻസായി ലോകത്തിന്റെ
പലഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്നു എന്ന്...
അവർ അവിടങ്ങളിലെല്ലാം അവരുടെ സംസ്കാരങ്ങളും,
ഭക്ഷണരീതികളും പ്രചരിപ്പിച്ചു.

അതായത് ഭാരതീയർ പാശ്ചാത്യരീതികളോട് ഇണങ്ങിച്ചേരുന്നതിനേക്കാൾ
ഉപരിയായി,പാശ്ചാത്യർ  ഭാ‍രതീയ രീതികളുമായി കൂടുതൽ അടുക്കുകയായിരുന്നു....

നമ്മൾ നാട്ടിലൊക്കെ എല്ലാത്തിനും പാശ്ചാത്യരെ അനുകരിക്കാറില്ലേ ....
അതുപോലെ തന്നെ അവർ നമ്മുടെ വസ്ത്രധാരണം,ഭക്ഷണം,സംസ്കാരം,
ഡാൻസ് മുതൽ കലാപരിപാടികളെയെല്ലാം അനുകരിച്ചുതുടങ്ങിയിരിക്കുകയാണിപ്പോൾ....

ഭാരതീയ വനിതകളാകുവാൻ...വെറും മോഹം...!
ഭാരതം കാണാത്ത ,ഇന്ത്യൻ ഭാഷകൾ അറിയാത്ത മൂന്നാം തലമുറയും,
നാലാംതലമുറയുമൊക്കെയായി പുതുയിന്ത്യൻ വംശജർ എല്ലാരാജ്യക്കാരുമായി
ഇപ്പോൾ ലോകത്തിന്റെ എല്ലാഭാഗത്തുമുണ്ടെന്നുള്ളത് വാസ്തവമാണ് കേട്ടൊ .

ഇതൊന്നും കൂടാതെ അതിൽ എഴുതിയിരിക്കുന്നത്
ഒരു കോടിയിലധികം വേറെയും സ്വദേശി ഇന്ത്യക്കാർ ഇപ്പോൾ ജോലിയും,വിദ്യാഭ്യാസവും,കുടുംബവുമൊക്കെയായി പ്രവാസിഭാരതീയരായി
ഏഴ് വൻകര കളിലുമായി ജീവിതാഭിവൃദ്ധിതേടി കൊണ്ടിരിക്കുകയാണ് എന്ന്.

ഈ പുണ്യമാസത്തിലെ ഏറ്റവും നല്ല കർമ്മങ്ങളിൽ ഒന്നാണല്ലൊ ..
ഉള്ളവൻ ഇല്ലാത്തവന് ദാ‍നധർമ്മങ്ങൾ നടത്തുക എന്നത്.
നമ്മുടെ ഭാരതാ‍മ്മയും ചെയ്തുകൊണ്ടിരിക്കുന്നതും അത് തന്നെയാണ് !

സ്വന്തം പ്രജകളെ , പ്രജകൾ കുറവായ രാജ്യങ്ങൾക്ക്  ദാനം കൊടുക്കുക....

പ്രജാവത്സലനായ ദാനധർമ്മങ്ങളുടെ തലതൊട്ടപ്പന്നായ മാവേലി തമ്പുരാനെ വരെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ പാരമ്പ്യര്യമുണ്ടെങ്കിലും , മൂപ്പർക്കുപോലും കൊല്ലത്തിൽ ഒരുതവണ സ്വന്തം നാട് വിസിറ്റ് ചെയ്യുവാനും, അതോടൊപ്പം നല്ല വരവേൽ‌പ്പ് കൊടുക്കുവാനും ശീലിച്ചവരാണ് നമ്മൾ. ...

അതെല്ലാം അന്ത:കാലം....
ഇന്ന് അഭിനവമാവേലികളായി വിദേശവാസം വരിച്ചവർക്കെല്ലം
ഒന്ന് നാട്ടിൽ കാല് കുത്തണമെങ്കിൽ എത്രയെത്ര പ്രക്രിയകളാണ് താണ്ടി കടക്കേണ്ടത്...

നമ്മുടെ ശത്രുരാജ്യത്തുള്ള ഏതൊരാൾക്കും, ഒരു വിദേശ പാസ്പോർട്ടുണ്ടെങ്കിൽ
വളരെ ഈസിയായി ഇന്ത്യയിലേക്ക് വിസയെടുത്ത് കടക്കാമെന്നിരിക്കെ...

ഇപ്പോൾ പ്രാബല്ല്യത്തിൽ വന്ന അപലനീയമായ
പാസ്പോർട്ട് സറണ്ടറിങ്ങ് നിയമം മൂലം ...
പിറന്ന നാടിന്റെ മക്കളെന്ന അവകാശം പോലും കണക്കാക്കാതെ...
നാട്ടിലേക്കുള്ള പോകുവാനുള്ള വിസ നിഷേദിച്ച് ഈ കുടിയേറ്റകാരെയെല്ലാം ,
പമ്പരം കറക്കുന്ന പോലെ വട്ടം കറക്കുകകയാണ് വിദേശഭാരതീയ ഭവനുകകളിലെ
മേലാളുകളെല്ലാം കൂടി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്....!

ഒരു ഇംഗ്ലീഷ് കറവപ്പശു !
ഈ ഭാരതീയ എംബസ്സികളെല്ലാം പരിപാലിച്ച് പോറ്റി വളർത്തുന്ന
പരിഗണനപോലും ഈ പ്രവാസി കറവപ്പശുക്കൾക്ക് കൊടുക്കാത്തത് എന്തുകൊണ്ട്?

പ്രവാസി ക്ഷേമകാര്യമന്ത്രിയടക്കം നാലഞ്ച് കേന്ദ്രമന്ത്രി പുംഗവന്മാർ
നമ്മുക്കുണ്ടെങ്കിലും , അവരെല്ലാം ഒരു  സഹായമായി ചെയ്തുതരേണ്ടതിപ്പോൾ.....

ഇത്തരം തൽക്കാലം ജോലിക്കും മറ്റും വേണ്ടി പടിഞ്ഞാറൻ
നാടുകളിൽ കുടിയേറിയ തനി  ഭരതീയരായ പ്രവാസികൾക്ക്
പാസ്പോർട്ട് പണയം വെച്ച് പാശ്ചാത്യനാടുകളിൽ ജീവിക്കേണ്ട
ഗതികേട് തീർത്ത് തന്ന്......

ചുവപ്പു നാടയിൽ കുരുങ്ങിക്കിടക്കുന്ന ഇരട്ട പൌരത്വം
നൽകുകയോ, അല്ലെങ്കിൽ സ്വന്തം രാജ്യത്തിന്റെ മുദ്ര പതിഞ്ഞ
റദ്ദാക്കിയ പാസ്പോർട് കൈയ്യിൽ വെക്കുവാനുള്ള അധികാരം നൽകുകയോ
ആണ് ചെയ്യേണ്ടത്.....

നാടിന്റെ ഖജനാവ് നിറക്കുക മാത്രമല്ലല്ലോ
ഒരു വിദേശ ഭാരതീയനായ പ്രവാസിയുടെ ഉത്തരവാദിത്വം..
അവർക്കും മറ്റ് പൌരമാർക്കൊക്കെയുള്ള അവകാശങ്ങളില്ലേ ?

എന്നും പിഴ ചുമത്തിയും, പിഴിഞ്ഞും മഹാപരാധികളെന്ന്
മുദ്രകുത്തുന്നതിന് മുമ്പൊന്നോർക്കണം....
ഇവർക്കും ഉണ്ട് അഭിമാനവും , അന്തസ്സുമൊക്കെയെന്ന്....!

കേവലം ഗൃഹാതുരത്വം തേടിയലയും ഒരു പ്രവാസിയായി ഒരാൾ
പരിണമിക്കുവാനുണ്ടായ കാരണം ആരും തന്നെ തിരക്കാറില്ല....

നാട്ടിലെ ജീവിതം മുട്ടതട്ടെത്തിക്കുവാൻ സാധിക്കില്ലെന്നുറപ്പുവരുമ്പോൾ ...
മറുനാടുകൾ തേടിപ്പോയി നങ്കൂരമിട്ടവരാണ് ഇതിൽ ഏറെപ്പേരും...

ഏതൊരാൾക്കും ഈ പ്രവാസ ചങ്ങലയിൽ കുടുങ്ങുവാൻ
തനതായ കാരണങ്ങളും ഉണ്ടായിരിക്കും....അല്ലേ

വിദേശത്തുള്ള ഓരൊ പ്രവാസികളും ഉറ്റവരേയും,
പോറ്റമ്മയായ നാടിനേയും കാണുവാനായിട്ടും..
തനിമയോടുകൂടിയ ആഘോഷങ്ങളിൽ പങ്കുചേരാനായിട്ടും...
വെറും യാന്ത്രികമായ അന്യനാട്ടിലെ ജീവിതരീതികളിൽ നിന്നൊരു മോചനത്തിനു വേണ്ടിയും, മറ്റും...

കുറച്ച് പുറമ്പൂച്ചുകളോടെ സ്വന്തം  നാട്ടിലെത്തിച്ചേരുമ്പോൾ
ബന്ധുജനങ്ങളും,നാട്ടുകരുമൊക്കെ കരുതും ....
ഇവെരെല്ലാം അവിടങ്ങളിൽ
സുഖിച്ച് മദിച്ച് വാഴുകയാണെന്ന്..!

സ്വന്തം നാടിന്റേയും,വീടിന്റേയുമൊക്കെ കറവപ്പശുക്കളായ ഇവർക്ക്
വിദേശമേലാൾമാരുടെ ആട്ടിനേക്കാളും,തുപ്പിനേക്കാളും അരോചകമായി
തീരുന്ന സംഗതികൾ ചിലപ്പോൾ ഇത്തരം യാത്രവേളകളിലും,ശേഷവുമൊക്കെയുണ്ടകുന്ന തിക്താനുഭവങ്ങളായിരിക്കാം ....!

അവ ചിലപ്പോൾ സ്വന്തം -വീട്ടുകാരിൽ നിന്നാവാം...
നാടുകാരിൽ നിന്നാവാം, ഭരണകൂടത്തിൽ നിന്നാവാം...
വീമാന കമ്പനികളിൽ നിന്നാവാം,വിദേശകാര്യവകുപ്പിൽനിന്നാകാം,...,...,

എപ്പോഴും ചുരത്തി നിൽക്കുന്ന ഏതുനേരവും,എല്ലാവിധത്തിലും പിഴിഞ്ഞ്
എല്ലാവരും കൂടി മത്സരിച്ച് കറന്നെടുക്കുന്ന ഇത്തരം ഫോറിൻ കറവ പശുക്കളെ സംരംക്ഷിക്കേണ്ടതിന് പകരം....
ഏതുവിധേനയെല്ലാം പീഡിപ്പിക്കാമോ അതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ്
ഇപ്പോൾ എല്ലാ സംരംക്ഷകരും കൂടി......

രാജാവ് മുതൽ കിങ്കരന്മാർ വരെ ഇതിൽ പെടും !

എന്തിന് പറയുന്നു വോട്ടർ പട്ടികയിൽ പോലും പേരില്ലാതാക്കി...
എല്ലാഭരണ സവിധാനങ്ങളിൽ നിന്നുപോലും ഇവരെ അകറ്റിനിർത്തി...
N.R.I  ക്കാരുടെ കാശ് മാത്രം മതി...
നിങ്ങളുടെയൊന്നും സാനിദ്ധ്യം ഇവിടെയൊന്നും
വേണ്ടേ വേണ്ട എന്നനിലപാടാണ് സകലമാന ഏമാന്മാർക്കും !

  N.R.I ക്കാരൻ നാട്ടിലെത്തിയാൽ പിച്ചക്കാരൻ
മുതൽ പീടികക്കാരൻ വരെ അവരെ ശരിക്കും വസൂലാക്കിയിരിക്കും !

പോരാത്തതിനിതാ പടിഞ്ഞാറൻ നാടുകളിൽ ജോലിസംബന്ധമായ
കാര്യങ്ങൾക്കും മറ്റും വേണ്ടി അതാതുരാജ്യങ്ങളിൽ നാച്യുറലൈസേഷൻ
നടത്തിയവരോടുപറയുന്നു ഇന്ത്യൻ പാസ്പോർട്ടുകളെല്ലാം സറണ്ടർ ചെയ്ത് ,
ഇതുവരെ ചെയ്ത ഓരോയാത്രകൾക്കും പിഴയൊടുക്കി സ്വന്തം നാടുമായുള്ള ബന്ധം
ഉപേഷിക്കണം എന്ന്...

ജനിച്ചുവളർന്ന സ്വന്തം നാടിനേയും,സംസ്കാരത്തേയും
അകമഴിഞ്ഞ് സ്നേഹിക്കുന്ന ഇവർക്ക് എന്തു കൊണ്ട്  ഇന്ത്യൻ
പാസ്പോർട്ട്  കൈയ്യിൽ വെച്ചുകൂടാ..?
ഇത്തരം ആളുകൾക്കെങ്കിലും ഡ്യുവൽ സിറ്റിസെനാവാനുള്ള അവകാശം കൊടുത്തുകൂടെ ?

അതെ വിരലിലെണ്ണാവുന്നവരെ മാത്രം ഒഴിച്ചു നിറുത്തിയാൽ
ഇത്തരം പുതുനിയമങ്ങളും, വിക്രിയകളും മൂലം പീഡനം ലഭിക്കാത്ത
പാശ്ചാത്യവിദേശവാസികളായ പ്രവാസികൾ വിരളമായെ ഉള്ളൂ !

ബിലാത്തി പ്രവാസി --- ഒരു പഴയ ഏട് .../ഫയൽ ചിത്രം.
( Sec:Manager ആയ ഒരു ഗെഡിയുടെ പണ്ടത്തെ ഗ്രാന്റ് ഡാഡ് !)

ഭാരതിയരായ പ്രവാസികൾ ഇല്ലാത്ത
രാജ്യങ്ങൾ ലോകത്ത് ഇല്ലാപൊലും....
വെറും ജോലി തേടിമാത്രമല്ലാതെ, രണ്ടുനൂറ്റാണ്ടുമുമ്പ് മുതൽ
തുടങ്ങിയ ഈ പാലായനങ്ങൾ മുതൽ ഇപ്പോഴുള്ള പ്രൊഫഷണൽ
അണുകുടുംബങ്ങൾ വരേയുള്ളവരുടെ  മൈഗ്രേറ്റങ്ങൾ അടക്കം ഇന്ത്യൻ
ഒറിജിൻസ്  ഒക്കെ കാരണമാണ്  പലപടിഞ്ഞാറൻ രാജ്യങ്ങളിലും ഇപ്പോഴും
ജന സമ്പത്ത് നിലനിൽക്കുന്നത് എന്നത് ഒരു സത്യം തന്നെയാണ് !

ഏതാണ്ട് കഴിഞ്ഞ ന്നൂറ്റാണ്ടിന്റെ പകുതിമുതൽ പല പാശ്ചാത്യ
രാജ്യങ്ങളിലേയും പെണ്ണുങ്ങൾക്കൊന്നും  പ്രസവിക്കുന്നതിനും,കുട്ടികളെയൊന്നും
പോറ്റിവളർത്തി വലുതാക്കുന്നതിനും താല്പ്യര്യം നഷ്ട്ടപ്പെട്ടിരിക്കുകയായിരുന്നൂ... ,
ഒപ്പം അവരുടെ പാർട്ട്നേഴ്സിനും ; കുടുംബത്തിനോടും , സ്വന്തം രാജ്യത്തിന്റെ
ജനസംഖ്യാ വർദ്ധനവിനോടൊന്നും ഒട്ടും ചാഞ്ചാട്ടവും ഇല്ലായിരുന്നു കേട്ടൊ.

ഇത്തരം അവസ്ഥാവിശേഷങ്ങൾ പല പടിഞ്ഞാറൻ നാടുകളിലും ...
മറ്റ് പുത്തൻ സാമ്പത്തികരാജ്യങ്ങളിലും കാർഷിക-വ്യാവസായിക- സാമ്പത്തിക
മേഖലകളിൽ കോട്ടം ഉണ്ടാക്കി കൊണ്ടിരുന്നപ്പോൾ ...
ഓട്ടൊമാറ്റിയ്ക്കായി അവർക്കെല്ലാം  മനുഷ്യവിഭവശേഷി ആവശ്യം വന്നു ......

കഥയിത്...മാമ
ഒരിക്കലും ഒരു അധിനിവേശമല്ലാതെ ...
ഈ അവസരം ശരിക്കും മുതലാക്കിയത് വിദ്യഭ്യാസപരമായും,തൊഴിലതിഷ്ടിത അദ്ധ്വാനശീലരുമായ ജനതകളുള്ള  ഏഷ്യൻ രാജ്യങ്ങളാണ്.....
കൂടാതെ അവർക്ക് വേണ്ടതിലധികം മാനവവിഭവ ശേഷിയുമുണ്ടായിരുന്നാല്ലോ അല്ലേ...

ഇതിലെല്ലാം മുമ്പന്തിയിൽ നിന്നിരുന്ന ഭാരതീയർ കയറി ഗോളടിച്ചു
എന്നുപറയുകയായിരിക്കും കുറച്ചുകൂടി നല്ലത് ...


അങ്ങിനെ പ്രവാസി ജോലിക്കാരായും, കുടിയേറ്റക്കാരയും ഇത്തരം ആളുകൾ,
ഇന്ത്യക്ക് പുറത്ത് പല രാജ്യങ്ങളിൽ എത്തിപ്പെട്ട് വിയർപ്പൊഴുക്കിയ ശേഷം ,
ഡോളറും, റിയാലും,യൂറോയും,പൌണ്ടും,യെന്നുമെല്ലാം ,...രൂപയാക്കി മാറ്റി സ്വന്തം
നാടിനെ അഭിവൃദ്ധി  പെടുത്തി കൊണ്ടിരുന്നൂ...

ഇപ്പോൾ പ്രവാസിഭാരതീയരായും, ഇന്ത്യൻ വംശജരായും ഇന്നവർ
ഏഴുവൻകരകളിലുമായി (ഭാരതീയ പ്രവാസികൾ ) അങ്ങിനെവ്യാപിച്ചുകിടക്കുകയാണ്....!

നമ്മുടെ മലയാളി മാഹാത്മ്യത്തിന്റെ പ്രതീകമായി പേരിനൊരു
മലയാളിയെങ്കിലും ഈ സ്ഥലങ്ങളിലെല്ലാം ഉണ്ടെത്രേ !


ഈ പ്രവാസി ചരിതം അവസാനിപ്പിക്കുന്നതിനോടൊപ്പം
എല്ലാ ബൂലോഗമിത്രങ്ങൾക്കും ചെറിയ പെരുന്നാൾ
ആശംസകൾ നേർന്നു കൊള്ളുന്നൂ.....





ലേബൽ  :-
പൊതുകാര്യം.

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...