Showing posts with label ചില കല്ല്യാണ ചിന്തകൾ .... Show all posts
Showing posts with label ചില കല്ല്യാണ ചിന്തകൾ .... Show all posts

Thursday 30 January 2014

കളിയല്ല .. കല്ല്യാണം ... ! / Kaliyalla .. Kallyaanam ... !

ഞങ്ങളുടെ നാട്ടിലെ ലോക്കൽ കമ്മറ്റി കാര്യദർശിയായിരുന്ന രമണേട്ടന്റെ മോളുടെ കല്യാണമായിരുന്നു ഈ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിന്റന്ന് ...
ആനക്ക് ; നെറ്റിപ്പട്ടം കെട്ടിയപോലെയായിരുന്നു , ഇഷ്ട്ടന്റെ മോളെ , 'ബി.എം.ഡബ്ലിയു ' കാറടക്കം ഒരു അബ്ക്കാരി കോണ്ട്രാക്റ്ററുടെ മകന്റെ കൂടെ ഇറക്കി വിട്ടത് ...

ടൌണിലെ ഏറ്റവും വലിയ ഓഡിറ്റോറിയത്തിൽ വെച്ച്
നാലയ്യായിരം പേർക്ക്  സദ്യയും , കല്ല്യാണ തലേന്ന് നാട്ടുകാർക്കും ,
അനുയായികൾക്കുമൊക്കെ  നോണും - ഹോട്ടുമടക്കമുള്ള ഉഗ്രൻ ഗാർഡൻ
പാർട്ടിയും , കോറസ് ഗാന മേളയുമെല്ലാം ‘ഇവന്റ് മാനേജ് മെന്റ് ടീമുകളെ , മൊത്തം
ഏല്പിച്ചതിനാൽ എല്ലാ അതിഥികളും , ജസ്റ്റ് വന്ന് വീഡിയോയിൽ വന്ന് തല കാണിച്ച് ,
കള്ളടിച്ച് ഫുഡടിച്ചു പോകുന്ന കിണ്ണങ്കാച്ചി ചടങ്ങുകളായിരുന്നു ആ കല്ല്യാണ ഉത്സവത്തിന് അരങ്ങേറിയതെന്നാണ് പങ്കെടുത്തവർ പറഞ്ഞു കേട്ടത് ...!

രമണേട്ടന്റെ മൂത്ത മകൻ കോഴ കൊടുത്തിട്ടാണെങ്കിലും , എഞ്ചിനീയറിങ്ങ്
ഡിഗ്രി - ഈറോട് , പോയി എടുത്തുവന്ന ശേഷം , ആ പയ്യന് ;  ഞാനാണ് ലണ്ടനിൽ
വന്ന്  'എം.ബി.എ 'എടുക്കുന്നതിന് വേണ്ടിയുള്ള എടവാടുകൾ ചെയ്ത് കൊടുത്തത് ,
സംഗതി ആയതിന് വേണ്ടിയുള്ള പത്ത് പതിനഞ്ച് ലക്ഷം രൂപ  -  ആ പിതാവ് പുത്രന് വേണ്ടി , ‘പൊളിറ്റിക്ക്സിൽ ആഹോരാത്രം പണി‘യെടുത്ത് കൊണ്ട് തന്നെ ആരെയൊക്കെയോ പിഴിഞ്ഞാണെങ്കിലും  മുടക്കിയിരുന്നൂ..

പിന്നീട് ആ കടിഞ്ഞൂൽ പുത്രന് എന്റെ മോളെ കല്ല്യാണമാലോചിച്ചെങ്കിലും ,ഞാനന്നതിന് തയ്യാറാകാത്തതിൽ രമണേട്ടന് എന്നോടന്ന് ഒരു നീരസമുണ്ടായെങ്കിലും , കഴിഞ്ഞ കൊല്ലം ; ഒരു ഗൾഫുകാരൻ വന്ന് ഒരു കോടി രൂപ കൊടുത്ത് , ചുള്ളനായ ആ പയ്യനെ , അദ്ദേഹത്തിന്റെ  മോൾക്ക് വേണ്ടി കച്ചോടം ചെയ്ത് അറബി നാട്ടിലേക്ക് പാർസലായി കൊണ്ട് പോയപ്പോൾ രമണേട്ടന്  തന്നെയാണ് ലാഭം ഉണ്ടായത്...

മോനും,  മരുമോളും  നാട്ടിൽ നിന്നും ഗൾഫിലേക്ക് സ്കൂട്ടായപ്പോൾ , പണ്ട് വെറും ഒരു റാലി സൈക്കിൾ മാത്രം ഉപയോഗിച്ചിരുന്ന  രമണേട്ടൻ , അപ്പോഴുള്ള തന്റെ  ‘എ.സി. അംബാസഡർ ‘കാറുപേഷിച്ച് , മോന് സ്ത്രീധനം കിട്ടിയ ‘വോക്സ് വാഗണി‘ലായി മൂപ്പരുടെ ഇപ്പോഴുള്ള ജന-സമ്പർക്ക- സേവന പരിപാടികളൊക്കെ ..!
എന്റെ കോളേജ് കാല ഘട്ടങ്ങളിൽ ; ജാതിയും , സ്ത്രീധനവുമൊന്ന്
നോക്കാതെ നടന്ന ഈ രമണേട്ടന്റെ ,അന്ന് വളരെ ലഘുവായി നടന്ന
കല്ല്യാണത്തെ കുറിച്ച് ; ഞാൻ ഇപ്പോൾ ചുമ്മാ ഒന്ന് ഓർത്ത് പോകുകയാണ് ...

ഞങ്ങൾ നാട്ടുകാരൊക്കെ കൂടി പന്തലിട്ട് , മേശ  , കസേര , കോളാമ്പി മൈക്ക് സെറ്റ്,
ഇല മുറിയ്ക്കൽ , കറിയ്ക്കരിയൽ തൊട്ട്  സദ്യ വിളമ്പി കൊടുക്കൽ വരെ കഴിഞ്ഞ് പന്തല് പൊളിച്ച് എല്ലാം പൂർത്തീകരിച്ചുള്ളതായിരുന്നു  അന്നത്തെ ആ  കല്ല്യാണ ഘോഷങ്ങൾ...

രമണേട്ടന്റെ കല്ല്യാണം മാത്രമല്ല , നാട്ടിലെ എത് ജാതി
മതസ്ഥരുടേയും  കല്ല്യാണത്തിനും ,  സദ്യ വട്ടങ്ങൾക്കുമൊക്കെ
ഞങ്ങൾ മാത്രമല്ല ; നാട്ടിലേവരും  വളരെ ആത്മാർത്ഥമായി തന്നെ
പങ്കെടുത്ത് അന്നൊക്കെസഹകരിച്ചിരുന്നൂ...
ഇത് പോലെയൊക്കെതന്നെയായിരുന്നു ഇരുപത്തഞ്ച് കൊല്ലം മുമ്പ് ജാതിയും , സ്ത്രീധനവുമൊന്നും നോക്കാതെയുള്ള എന്റെ കെട്ട് കല്ല്യാണവും  അന്ന് നടന്നത്  ...
അന്ന് തൊട്ടിന്നുവരെ ... ഒരു സിൽവർ ജൂബിലി വരെ എന്റെ കൂടെ നീറി നീറി നിന്ന് ,
എന്നെ ഇന്നും സഹിച്ച് കൊണ്ടിരിക്കുന്ന  എന്റെ പെർമനന്റ് ഗെഡിച്ചിയായ സ്വന്തം
കെട്ട്യോളെ  സമ്മതിക്കണം അല്ലേ ...!

ഹും..
അതൊക്കെ അന്ത: കാലം.. !

പിന്നെ ഇപ്പോൾ കുറച്ച് കൊല്ലങ്ങളായി ഞാൻ നാട്ടിൽ
ചെല്ലുമ്പോഴൊക്കെ  എന്നെ വളരെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമുണ്ട്.
നാട്ടിൽ ജോലിയും , കൂലിയുമൊന്നുമില്ലാതെ തേരാപാര നടന്നവരൊക്കെ കാശുകൊണ്ട് അമ്മാനമാടുന്നത് കണ്ടിട്ടാണത്...!

റിയൽ എസ്റ്റേറ്റ് - മണൽ - ഗുണ്ടായിസം - പെൺ വാണിഭം - വാഹനം -
പലിശ - രാഷ്ട്രീയം - കള്ള് /ബാർ - ഫ്ലാറ്റ് - ഷെയറ് എന്നിങ്ങനെ  വിവിധതരം
അൽകുൽത്ത്  എടവാടുകളിൽ  ഏർപ്പെട്ട ഇമ്മിണിയിമ്മിണി ആളോളാണ് ഇതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് ...

മഞ്ഞും , മഴയും , വെയിലുമൊന്നും വക വെക്കാതെ രാപ്പകൽ ഭേദമന്ന്യേ
അന്യ നാടുകളിൽ പോയി പല പല പ്രതികൂല കാലവസ്ഥകളിലും എല്ലുമുറിയെ
പണിയെടുത്ത് പ്രവാസത്തിന്റെ പ്രയാസങ്ങളെല്ലാം  ചുമലിലേറ്റി വരുന്ന പ്രവാസികളുടെ സമ്പ്യാദ്യങ്ങളെയൊക്കെ സ്വന്തം കീശയിലേക്കാവഹിക്കുന്ന , നാട്ടിലെ പുതു പുത്തൻ കോടീശ്വരന്മാരാണ് കേട്ടോ ഇവരൊക്കെ.

പണ്ടത്തെ ഞങ്ങളുടെയൊക്കെ കൌമാര-യൌവ്വന
കാലങ്ങളുടെ  പോലെയൊന്നുമല്ല ഇപ്പോഴത്തെ പുത്തൻ തലമുറ...

അന്ന് എഴുപത് , എൺപത് കാല ഘട്ടങ്ങളിലൊക്കെ ജാതി മത ചിന്തകളില്ലാതെ നാട്ടിലെ ഏതൊരു കാര്യത്തിനും മുന്നിട്ടിറങ്ങുന്ന യൂത്ത് മൂവ്മെന്റിന്റെ ഉത്സാഹമോ , കാഴ്ച്ചപ്പാടോ ഇന്നത്തെ പുതു തലമുറക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നൂ ... !


എല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു
തരത്തിലുള്ള സോഫാ-ഗ്ലൂ ടൈപ് പിള്ളേർ ...

അവനവൻ കാര്യം വിട്ട് മറ്റ് പൊതു കാര്യത്തിലൊന്നും
ഒട്ടും താല്പര്യമില്ലാതെ മുറിയിലിരുന്ന്  സോഷ്യൽ മീഡിയ
കളിലൂടേയുമൊക്കെ അഭിരമിക്കുന്നവർ മാത്രം ... !

പണ്ടത്തെ വിപ്ലവവീര്യത്തിനൊക്കെ പകരം
മതാന്ധ വിശ്വാസങ്ങളിലേക്കൊക്കെ കൂപ്പുകുത്തി പോകുകയാണൊ
ഇവരൊക്കെ എന്ന് ചിലപ്പോൾ തീർച്ചയായും തോന്നി പോകാറുണ്ട് ...

ഞാനൊക്കെ നുണക്കുഴി നുള്ളി കളിച്ചിരുന്ന എന്റെ കളിക്കൂട്ടുകാരിയായ
പട്ട് തട്ടമിട്ടിരുന്ന സൈനബയെ , ഇന്നൊക്കെ മുഖപുസ്തകത്തിലൊക്കെ
കാണുമ്പോൾ പോലും അവളുടെ നുണക്കുഴിയും , കഴുത്തിലുള്ള മറുകും  ഇന്ന്
പർദ്ദക്കുള്ളിൽ ഒളിച്ച് കഴിഞ്ഞിരിക്കുകയാണ് ... ?

വാസ്തു  , ജോത്സ്യം , പൂജാ വിധി കളൊന്നുമില്ലാതെ യാതൊരു കർമ്മങ്ങളും  ഇന്നൊന്നും നാട്ടിൽ അരങ്ങേറുന്നില്ലെന്ന് തോന്നുന്നു...

ഇരുപത്തിനാലാം  വയസ്സിൽ 25 കൊല്ലം മുമ്പ് ജാതകം പോലും ഒത്ത് നോക്കാതെ
കല്ല്യാണിച്ച എനിക്കിപ്പോൾ  ...
എന്റെ മകളെ മാതാപിതാക്കളെ
പോലെ നേർത്തേ തന്നെ , ഇക്കൊല്ലം
ആഗസ്റ്റിൽ നാട്ടിൽ വരുമ്പോൾ..  നല്ല ഒരു പയ്യനെ ;  അവൾക്ക്  വേണ്ടി കണ്ട് പിടിക്കണമെങ്കിൽ ജാതകം നിർബ്ബന്ധമായി ആവശ്യപ്പെടുന്ന അവസ്ഥാ വിശേഷമാണിന്ന് ഒട്ടു മിക്ക പയ്യന്മാരുടേയും മാതാപിതാക്കൾക്കിന്ന് ...!

ചൊവ്വ , ബുധൻ , ശുക്രൻ , ശനി മുതലായ ദിവസങ്ങളൊക്കെ
ജാതകത്തിനുള്ളിൽ  ഗ്രഹങ്ങളായി അധിനിവേശം നടത്തി , ഓരൊ
നക്ഷത്രങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുക മാത്രമല്ല ... , അംശം ,
ശുദ്ധം , ദോഷമിങ്ങനെ അനേകം ഗജപോക്കിരികൾ പലതരം  കുണ്ടാമണ്ടികളായി പൊരുത്തക്കേടുകളുണ്ടാക്കി കല്ല്യാണ വിഘ്നങ്ങളുമായി നിര നിരയായി നിൽക്കുന്ന കാഴ്ച്ച കൾക്കൊന്നും ഇപ്പോൾ ഒരു ക്ഷാമവുമില്ല താനും ...

ഇതൊക്കെ എന്ത് കുന്തമായാലും ഒരാളുടെ
ജീവിതത്തിൽ  വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ലല്ലോ... അല്ലേ.

ഇരുപത്തിരണ്ട് കൊല്ലത്തോളമായി കൊഞ്ചിച്ച് താലോലിച്ച് വളർത്തി
വലുതാക്കിയ ഞങ്ങളുടെ കൊച്ചു കുടുംബത്തിലെ  ഒരംഗം മറ്റൊരു കുടുംബിനിയായി
ഞങ്ങളെ വിട്ട് പിരിയുമ്പോളുള്ള വിരഹ ദു:ഖം ഞങ്ങൾക്കിപ്പോൾ , അവളുടെ വിവാഹ ആലോചനകൾക്ക് തുടക്കം കുറിച്ചപ്പോൾ മുതൽ അനുഭവപ്പെട്ട് തുടങ്ങി...

ഇനി വിവാഹ ശേഷം അവളവളുടെ സാമ്രാജത്തിലേക്ക് ഇറങ്ങി പോകുമ്പോൾ
ഉണ്ടാകുന്ന വിഷമം ഇനി എങ്ങിനെയാണാവോ പരിഹരിക്കപ്പെടുക അല്ലേ...!

പെണ്മക്കളുള്ള ഓരോ മാതാപിതാക്കളും സഞ്ചരിച്ചിട്ടുള്ള
പാന്ഥാവിലൂടെ ഇനി ഞങ്ങൾക്കും യാത്ര ചെയ്യേണ്ടി വന്നിരിക്കുകയാണ്.
ചിലപ്പോൾ അവളുടെ വിവാഹ ശേഷം , മകൾ മൂന്നാല് കൊല്ലം മുമ്പ്
യൂണിവേഴ്സിറ്റിയിൽ പോയപ്പോൾ ഞാനെഴുതിയ വിരഹത്തിൻ താരാട്ടുകൾ
പോലെ പിന്നീട് ഒരു  ആലേഖനം എഴുതുമായിരിക്കും ..അല്ലേ

ഇനിയിപ്പോൾ എങ്ങാനും
ഞങ്ങളുടെ അവുധിക്കാലത്ത് ,
എന്റെ മോളുടെ കല്ല്യാണമുണ്ടായാൽ  ഞാനുമൊരു രമണേട്ടനായി തീരുമോ
എന്നുള്ള കാര്യം കണ്ട് തന്നെ അറിയണം ...!


ഹൌ...
ഇതൊക്കെ ഇന്ത:കാലം ... !




പിന്നാമ്പുറം : - 

രമണേട്ടന്റെ മോളുടെ കല്ല്യാണ ഘോഷ വർണ്ണപകിട്ടുകൾ കേട്ടറിഞ്ഞപ്പോൾ ...
അദ്ദേഹത്തോട് ഞാൻ വിളിച്ചു ചോദിച്ചു ...

“ സഖാവേ  ഞാനീ കല്ല്യാണ വിശേഷങ്ങൾ എന്റെ  ബ്ലോഗിലെഴുതിയിടട്ടേന്ന് “

അപ്പൊ തന്നെ മറുപടി കിട്ടി ... 

“ നീയ്യതങ്ങ്ഡ് ..പൂശിക്കോടാ മുർള്യേ - - - പബ്ലിസിറ്റി കിട്ട്ണ കാര്യല്ലേത് “

ഇമ്പടെ രമണേട്ടന്റെ തൊലിക്കട്ടിയെ കുറിച്ച് നന്നായറിയാവുന്നത്
കൊണ്ട് തന്നെയാണ് ഞാനിത് ഇത്ര ധൈര്യസമേധം ഇവിടെ പൂശിയിട്ടത് ...!

പിന്നെ
എന്റെ നാട്ടയലത്ത് മാത്രമല്ലല്ലോ ഇത്തരം രമണേട്ടന്മാർ അല്ലേ ...
നിങ്ങളുടെയൊക്കെ ചുറ്റുവട്ടത്തും റപ്പായച്ചായനായും , റഹീമിക്കയുമായും
ഒത്തിരിയൊത്തിരി രമണേട്ടന്മാർ വാഴുന്ന നാടല്ലേ ഇമ്മ്ടേത്  ... !

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...