Showing posts with label മലയാളം കലാ സാഹിത്യ കുതുകികൾ - ഭാഗം : 2 /ഒമ്പതാം വാർഷിക കുറിപ്പുകൾ. Show all posts
Showing posts with label മലയാളം കലാ സാഹിത്യ കുതുകികൾ - ഭാഗം : 2 /ഒമ്പതാം വാർഷിക കുറിപ്പുകൾ. Show all posts

Wednesday 15 November 2017

ആംഗലേയ നാട്ടിലെ ഭാഷാ സ്നേഹികളായ മല്ലു വല്ലഭർ ... ! / Angaleya Naattile Baasha Snnehikalaaya Mallu Vallabhar ...!

അനേകം  മലയാളി വംശജർ
അങ്ങോളമിങ്ങോളം പല രാജ്യങ്ങളിലുമായി
ഇന്ന് യൂറോപ്പിലാകെ അധിവസിച്ചു വരുന്നുണ്ട് ...
ഏതാണ്ട് രണ്ട് ലക്ഷത്തോളം
മലയാളി വംശജരുമായി ആയതിൽ ഏറ്റവും
കൂടുതൽ മലയാളികളായ  പ്രവാസികളുള്ളത് 'ആംഗലേയ നാട്' എന്നറിയപ്പെടുന്ന 'ഇംഗ്ലണ്ട് , വെയിൽസ് , സ്കോട്ട് ലാൻഡ്  , അയർലണ്ടുകൾ' എന്നീ നാടുകളിലാണ് ..!

അതുകൊണ്ടിപ്പോൾ  മലയാളത്തേയും, ആയതിന്റെ സാംസ്‌കാരിക ചുറ്റുവട്ടങ്ങളെയും സ്നേഹിക്കുന്ന ധാരാളം ആളുകൾ ഇന്ന് യു. കെ യിലും , പരിസര പ്രദേശങ്ങളിലുമായുണ്ട്...
അതായത് ഇവിടെയുള്ള വിദേശി വംശീയരിൽ ഏറ്റവും  കൂടുതലുള്ള ഭാരതീയരിൽ ഗുജറാത്തികൾക്കും , പഞ്ചാബികൾക്കും ശേഷം മൂന്നാം സ്ഥാനം അലങ്കരിക്കുന്നതിപ്പോൾ മലയാളികളാണ്‌... !


കഴിഞ്ഞ ഒന്നേകാൽ നൂറ്റാണ്ട്  മുമ്പ് മുതൽ മലയാളികൾ ജീവിതം മെച്ചപ്പെടുത്തുവാൻ വേണ്ടി ഇവിടെ വന്ന് ചെറിയ രീതിയിൽ സ്ഥിര താമസമായെങ്കിലും , വ്യാപകമായ കുടിയേറ്റം ഉണ്ടായതും അവർ തമ്മിലുള്ള കൂട്ടായ്മകൾ കെട്ടിപ്പടുത്തതും പിന്നീട് അര നൂറ്റാണ്ടിന് ശേഷമാണ് ...

പിന്നീടവർ കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ ചുവട് വെച്ച് തുടങ്ങി....
അതിൽ നിന്നും പല പ്രതിഭകളും ഉടലെടുത്ത് വന്ന് ഈ രാജ്യത്തും നമ്മുടെ കലാസാഹിത്യ വേദികൾക്കൊക്കെ തറക്കല്ലിട്ടു ...

അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളെയും , കലകളെയുമൊക്കെ സ്നേഹിച്ച കുറെ മനുഷ്യർ..!

ജീവിത വണ്ടിയിൽ പ്രാരാബ്ദങ്ങളുടെ ഭാരവുമേറ്റി അവർക്ക് സ്വന്തം വീടും , നാടുമൊക്കെ വിട്ട് പാലായനം ചെയ്യേണ്ടി വന്നിട്ടും അവർ ജനിച്ച നാടിന്റെ നന്മകളും , സംസ്കാരങ്ങളും, മറ്റും മറക്കാതെ മനസ്സിന്റെ ഒരു കോണിൽ വെച്ച് താലോലിച്ച്  - ആ വിഹ്വലതകൾ മുഴുവൻ കലാ സാഹിത്യ രൂപങ്ങളിൽ കൂടി പുറത്തുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു ...

ഓരൊ പ്രവാസ സമൂഹങ്ങളിലും ഇത്തരമുള്ള വളരെ തുച്ചമായ ആളുകളാണ് ഉള്ളതെങ്കിലും, അവരാണല്ലോ ഭൂരിപക്ഷമുള്ള ബാക്കിയുള്ളവർക്കെന്നും ഭാഷാപരമായിട്ടും , കലാപരമായിട്ടും മറ്റു സാംസ്കാരികമായ എല്ലാകാര്യങ്ങളിൽ കൂടിയും മലയാളത്തിന്റെ തനിമകൾ തന്നാലായവിധം കാഴ്ച്ച വെച്ച്  ഗൃഹാതുരത്വ സ്മരണകൾ എന്നും അന്യനാടുകളിലും  നിലനിർത്തി കൊണ്ടിരിക്കുന്നത് ...!

ഇന്ന് എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരികമായ ഒരന്തരീക്ഷം എല്ലാ  പ്രവാസികൾക്കിടയിലും  രൂപപ്പെട്ടു വരുന്നു. അതിൽ കലാ സാംസ്കാരിക സംഘടനകൾക്കും, ഓൺ - ലൈൻ പ്രസിദ്ധീകരണങ്ങൾക്കും, സോഷ്യൽ മീഡിയ തട്ടകങ്ങൾക്കുമൊക്കെ നിർണ്ണായകമായ പങ്കുണ്ട്...


ഇതിനുമുമ്പ് കുറച്ച് കലാ സാഹിത്യ പ്രതിഭകളായ  ഈ  ആംഗ്ലേയ നാട്ടിലെ വനിതാ രത്നങ്ങളിൽ  കുറച്ച് പേരെ കഴിഞ്ഞ മാസം ഇവിടെ ഞാൻ  പരിചയപ്പെടുത്തിയിരുന്നു ...

കുറച്ച് ചാരപ്പണിയുടെ ലീലാ വിലാസങ്ങൾ അറിയുന്നതു കൊണ്ടും, കൂടെ 'കട്ടൻ കാപ്പിയും കവിതയും ' കൂട്ടായ്മയിലെ നല്ലൊരു ടീം ഉള്ളതും കൊണ്ടുമാണ് ഇതിനൊക്കെ സാധ്യമാകുന്നത് ...

പെൺ പുലികളായവരെ മാത്രം പരിചയപ്പെടുത്തിയതിന് ഇവിടുള്ള 

എഴുത്തിന്റ സിംഹങ്ങൾ എന്നെ നോക്കി ഇപ്പോൾ ഗർജ്ജിച്ചു തുടങ്ങിയിരിക്കുന്നൂ ...

അതിനാൽ അതിന്റെ തുടർച്ചയെന്നോണം ,  
ഈ തവണ ഞാൻ പരിചയപ്പെടുത്തുന്നത് ഇവിടങ്ങളിലുള്ള  
മലയാളത്തെ സ്നേഹിക്കുന്ന കുറച്ച് പുരുഷ കേസരികളെയാണ് ...!

കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ നമ്മുടെ 'ടീ.വി.ചാനലു'കളും, 'ഓൺ-ലൈൻ'
പത്രങ്ങളും നാട്ടറിവുകൾ മുഴുവൻ 'അപ്-ടു-ഡേറ്റ് 'ചെയ്യുന്നുണ്ടെങ്കിലും , ഒപ്പം തന്നെ
ഇവിടെയുള്ള മലയാളികൾക്ക് നാടിന്റേയും , ഇവിടെത്തേയും അപ്പപ്പോഴുള്ള ഓരൊ സ്പന്ദനങ്ങളും കാട്ടികൊടുത്തുകൊണ്ടിരിക്കുന്ന വളരെ സ്വതന്ത്രമായ / സ്വന്തമായ പത്ര പ്രവർത്തനങ്ങളിലൂടെ മാറ്റുരക്കുന്ന ചിലരേയും ഈ വേളയിൽ പരിചയപ്പെടുത്തേണ്ടതുണ്ട്...

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പാദം  മുതൽ ഓർബി മേനോൻ,  വി.കെ .കൃഷ്ണമേനോൻ , മേനോൻ മാരാത്ത് , എം.എ .ഷക്കൂർ ,  കരുവത്തിൽ  സുകുമാരൻ എന്നിവരിലൂടെ യു.കെയിൽ മലയാള കലാ സാഹിത്യം നന്നായി പരിപോഷിക്കപ്പെട്ടു...

പിന്നീട് അർദ്ധ നൂറ്റാണ്ടിനു ശേഷമാണ് , മലേഷ്യയിൽ വെച്ചേ കഥകളൊക്കെ എഴുതിയിരുന്ന , സിംഗപ്പൂരിൽ നിന്നും 1968 ൽ ഇവിടെയെത്തിയ ആലപ്പുഴക്കാരനായ കെ .ഗംഗാധരൻ , നാടകത്തിന്റെ തലതൊട്ടപ്പനായ വെട്ടൂർ കൃഷ്‌ണൻ കുട്ടി ,  ബാൾഡ്വിൻ സൈമൺ (ബാബു ) , സുരേഷ് കുമാർ ഗംഗാധരൻ (തമ്പി ) , ശിവാനന്ദൻ കണ്വാശ്രമം , ഫ്രാൻസിസ് ആഞ്ചലോസ് , മണമ്പൂർ സുരേഷ്  , എസ് .ജെ.ഹാരീസ് , വില്ലൻ ഗോപി , പ്രേമചന്ദ്രൻ  , ശശി.എസ്  കുളമട എന്നീ നിരവധി കലാ സാഹിത്യ  കുതുകികളിലൂടെ ആയത് അന്നുണ്ടായിരുന്ന  യുവ തലമുറയിലേക്ക്  മലയാള കലാ സാഹിത്യ അഭിരുചികൾ കൈമാറ്റം ചെയ്യപ്പെട്ടത്  ....

അപ്പോൾ ഇനി  ഇപ്പോഴുള്ള ഈ പഴയകാല ,
കലാസാഹിത്യ വല്ലഭരിൽ നിന്നും തുടങ്ങാം അല്ലെ

മണമ്പൂർ സുരേഷ് 

ലണ്ടനിലും , പരിസര പ്രദേശങ്ങളിലും 1973 മുതൽ കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന തിരുവനന്തപുരത്തെ മണമ്പൂരിൽ നിന്നും എത്തിയ മണമ്പൂർ സുരേഷ്  , 1976 മുതൽ  ദേശാഭിമാനിയിൽ എഴുതി തുടങ്ങിയതാണ് . പിന്നീട് കലാകൗമുദി വാരികയിലും അനേകം ലേഖനങ്ങൾ എഴുതിയിട്ടുണ്ട് .
ലണ്ടൻ അണ്ടർ ഗ്രൗണ്ടിൽ ട്യൂബ് ട്രെയിൻ വിഭാഗത്തിൽ സീനിയർ ഉദ്യോഗം വഹിക്കുന്ന  ഇദ്ദേഹം, 'കേരള കൗമുദി'യുടെ ലണ്ടൻ ലേഖകൻ കൂടിയാണ് .
രാഷ്ട്രീയ , സാഹിത്യ , സിനിമാ , സാംസ്കാരിക ചുറ്റുവട്ടങ്ങളെ കുറിച്ച് അനേകം ലേഖനങ്ങൾ എഴുതിയിട്ടിട്ടുണ്ട് . ഒപ്പം ധാരാളം  യാത്ര വിവരണങ്ങളും .
ലണ്ടനിൽ  ആദ്യമുണ്ടായിരുന്ന 'ചേതന സ്റ്റഡി സർക്കിൾ' എന്ന മലയാളി സാഹിത്യ വേദിയിലും ഇന്നുള്ള 'കട്ടൻ കാപ്പിയും കവിതയും ' എന്ന  കലാ സാഹിത്യ കൂട്ടായ്മയിലും  സജീവാംഗം കൂടി(യായിരുന്നു)യാണ് മണമ്പൂർ സുരേഷ് .
ബ്രിട്ടനില്‍ നടന്ന വേള്‍ഡ് കപ് ക്രിക്കറ്റ്, ബ്രിട്ടനിലെ തെരഞ്ഞെടുപ്പുകള്‍, സ്ഫോടനങ്ങള്‍ തുടങ്ങിയവയെല്ലാം നാട്ടിലെ പ്രധാന ടെലിവിഷന്‍ ന്യൂസുകളില്‍ - ആദ്യം ഏഷ്യനെറ്റ്, പിന്നീട് കൈരളി tv, ജീവന്‍ tv ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ tv , ന്യൂസ് 18 എന്നീ ടെലിവിഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തു വരുന്നു.
ബ്രസീല്‍, അര്‍ജന്റീന, വിയറ്റ്നാം , കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലെ രണ്ടു മാസം നീളുന്ന യാത്രാവിവരണം , അടുത്തുതന്നെ 'കൗമുദി" ടീവിയില്‍ പ്രക്ഷേപണം ചെയ്യാന്‍  തയാറായിക്കൊണ്ടിരിക്കുന്നു... 


ഫ്രാൻസിസ് ആഞ്ചലോസ്

കൊല്ലം ജില്ലയിൽ നിന്നും ആ
കാലഘട്ടത്തിൽ ലണ്ടനിൽ എത്തിയ ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയായ  ഫ്രാൻസിസ് ആഞ്ചലോസ് എന്ന അദ്ധ്യാപകൻ ആഗോള  സാഹിത്യത്തെ കുറിച്ച് ധാരാളം അറിവുള്ള ഒരു വിജ്ഞാന പ്രതിഭയാണ് .
അന്നിവിടെ നാട്ടിൽ നിന്നും എത്തിച്ചേരുന്ന സാഹിത്യകാരന്മാരെയും , മറ്റു സാംസ്കാരിക നായകന്മാരെയുമൊക്കെ ആനയിച്ച് ഇവർ പലപരിപാടികളും നടത്തിയിട്ടുണ്ട് . കവിതകളും , ഓണപ്പാട്ടുകളും , ലേഖനങ്ങളുമൊക്കെയായി  പല മാദ്ധ്യങ്ങളിലും എഴുതുന്ന ഇദ്ദേഹം ന്യൂഹാം കോളേജിന്റെ സെന്റർ മാനേജരായി   ജോലി ചെയ്യുന്നു.
നല്ലൊരു വയലിനിസ്റ്റ്‌  കൂടിയായ ഇദ്ദേഹം കട്ടൻ കാപ്പി കൂട്ടായ്മയിൽ പല ചർച്ചകളും നയിക്കുന്ന വല്ലഭൻ  കൂടിയാണ് ...


ശശി എസ് കുളമട 


തിരുവനന്തപുരത്തിന്റേയും, കൊല്ലത്തിന്റേയും അതിർത്തിപ്രദേശമായ
കുളമട എന്ന ഗ്രാമത്തിൽ നിന്നും യു.കെ യിലെത്തിയ കലാകാരനാണ് ശശി എസ് കുളമട. മലയാള നാടവേദിയിലെ അനുഗ്രഹീത നാടകകൃത്തും,സംവിധായകനുമായ ശ്രീ.രാജൻ കിഴക്കനേലയുടെ നേതൃത്വത്തിലുണ്ടായിരുന്ന  " പ്രതിഭ " തീയറ്റേഴ്സ് ആയിരുന്നു ആദ്യ തട്ടകം.

1986 മുതൽ മലയാളി അസ്സോസിയേഷൻ ഓഫ് ദി യു. കെ യുടെ പ്രവർത്തകനായി.
മലയാളി അസോസിയേഷന്റെ നാടക സമിതിയായ "ദൃശ്യകല " യുടെ സ്ഥാപകരിൽ ഒരാൾ. ആദ്യനാടകമായ 'പുരപ്പുറത്തൊരു രാത്രി' 1989 ൽ അവതരിപ്പിക്കപ്പെട്ടപ്പോൾ അതിൽ സംവിധായകൻ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.തുടർന്ന് ചെറുതും,വലുതുമായി 18 ഓളം നാടകങ്ങളിൽ അഭിനയിയ്ക്കുകയും, 5 നാടകങ്ങൾ സംവിധാനവും ചെയ്തു.
1998 ൽ ദൃശ്യകല അവതരിപ്പിച്ച " പന്ത്രണ്ട് മക്കളെ പെറ്റൊരമ്മ " യാണ് ശശി ആദ്യമായി സംവിധാനം ചെയ്ത നാടകം. തുടർന്ന് രാജൻ കിഴക്കനേല തന്നെ രചന നിർവ്വഹിച്ച വരികഗന്ധർവ ഗായക,ആര്യവൈദ്യൻ വയസ്കരമൂസ്സ്,കുഞ്ചൻ നന്പ്യാർ,നിറ നിറയോ നിറ എന്നീ നാടകങ്ങൾ സംവിധാനം ചെയ്തു.1993 ൽ ശ്രീ.ശിവാനന്ദൻ കണ്വാശ്രമത് രചിച്ച " പണത്തിന്റെ വികൃതി "എന്ന ഓട്ടൻ തുള്ളൽ, ശ്രീ.വെട്ടൂർ . ജി .കൃഷ്ണൻകുട്ടി രചിച്ച "വിൽപ്പാട്ട് " 2003 ൽ "അനീസ്യ" കഥാപ്രസംഗം എന്നിവയും ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
2005 ൽ തനത് ഓണാഘോഷ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് "പൊന്നോണക്കാഴ്ച"യും , 2007 ൽ കഥയും , സംവിധാനവും നിർവഹിച്ച "തിരുവോണക്കാഴ്ച", 2009 ൽ അവതരിപ്പിച്ച "പൊന്നോണപ്പൂത്താലം" എന്നിവ ശശി യുടെ പ്രധാന ഓണപ്പരിപാടികളാണ്.
2009 ശ്രീനാരായണ ഗുരു മിഷന് വേണ്ടി കഥയും,സംവിധാനവും നിർവഹിച്ച "ശുക്രനക്ഷത്രം",
" ഗുരുവന്ദനം ", കാഥികരത്നം പ്രൊഫസർ: വി . സാംബശിവന്റെ വിഖ്യാതമായ മഹാകവി കുമാരനാശാൻ എന്ന കഥാപ്രസംഗത്തിന്റെ ദൃശ്യാവിഷ്‌കാരം "സ്നേഹഗായകൻ" എന്ന പേരിൽ അവതരിപ്പിയ്ക്കപ്പെട്ടു.
2008 ൽ "കേളി " എന്ന കലാസമിതി രൂപീകരിയ്ക്കുകയും,എല്ലാവർഷവും കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിയ്ക്കുകയും ചെയ്തു വരുന്നു. " കേളി " യുടെ പേരിൽ ചർച്ചകളും, " സ്മൃതി സന്ധ്യ " പോലുള്ള സംഗീത പരിപാടികളും സംഘടിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്
2004 - ൽ സുഹൃത്ത് ശ്രീ. എസ്.ജെ. ഹാരീസ് മായി ചേർന്ന് നൂറിലധികം നാടക കലാകാരന്മാരെ ആദരിയ്ക്കുകയും, നാടക പ്രവർത്തകരെ കുറിച്ചുള്ള " അരങ്ങ് " എന്ന പേരിൽ ഒരു മാഗസിനും ഇദ്ദേഹം ഇറക്കുകയുണ്ടായി.

കെ. നാരായണൻ 

സിംഗപ്പൂരിൽ ജനിച്ച് നവായിക്കുളത്തും, തൃശൂരും വിദ്യാഭാസം പൂർത്തിയാക്കി , 1985 മുതൽ ലണ്ടനിലുള്ള , ഇപ്പോൾ ക്രോയോഡോനിൽ താമസിക്കുന്ന കെ.നാരായണൻ , അന്നുമുതൽ ഇന്നുവരെ ഇവിടത്തെ മലയാളി കലാ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മകളിലെല്ലാം നിറ സാനിദ്ധ്യം കാഴ്ച്ച വെക്കുന്ന വ്യക്തിത്വത്തിനുടമയാണ്.
നാടകം, കവിത , പാട്ട് മുതൽ അനേകം വിജ്ഞാനപ്രദമായ ലേഖനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഇദ്ദേഹം അണിയിച്ചൊരുക്കിയ '5 More Minits' എന്ന ഷോർട്ട് ഫിലിമിന് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
 'സംഗീത ഓഫ് യു. കെ' , 'വേൾഡ് മലയാളി കൗൺസിൽ' മുതൽ സംഘടനകളുടെ രൂപീകരണ സമിതിയിൽ തൊട്ട് ഇപ്പോഴും ആയതിന്റെയൊക്കെ ഒരു സജീവ പ്രവർത്തകൻ കൂടിയാണ് ലണ്ടനിലുള്ള ഈ സാംസ്‌കാരിക പ്രവർത്തകൻ.
90 കളിൽ 'കേരള ടുഡേയ് ' എന്ന ത്രൈമാസികയും ഇവരുടെ ടീമ് പുറത്തിറക്കിയിരുന്നു...

മുരളി വെട്ടത്ത്

തൃശൂർ ജില്ലയിൽ നിന്നും എത്തിയ ഇപ്പോൾ ലണ്ടനിൽ വസിക്കുന്ന മുരളി വെട്ടത്ത്  ഇന്ന് യു.കെയിൽ മാത്രമല്ല , ആഗോളപരമായി മലയാളികളുടേതായ പല കലാ സാഹിത്യസാംസ്കാരിക കൂട്ടായ്മകളിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന ഒരു  സജീവ അംഗമാണ് .
ഇരിഞ്ഞാലകുടയിൽ ജനിച്ച് ,നാട്ടിലെ വിവിധ സാംസ്കാരിക മണ്ഡലങ്ങളിൽ പ്രവർത്തിച്ച ശേഷം 1987 മുതൽ ലണ്ടനിൽ സ്ഥിരതാമസമുള്ള സാഹിത്യ സാംസ്കാരിക പ്രവർത്തകനാണ് . ഇപ്പോൾ 'നവ മലയാളി ഓൺ -ലൈൻ മാഗസിന്റെ ' മാനേജിങ്ങ് എഡിറ്റർ.
സമകാലിക മലയാളം വാരികയുടെ ലണ്ടൻ എഡിറ്ററായിരുന്നു . എന്നും  കലാ സംസ്ക്കാരിക സാമൂഹ്യ വിഷയങ്ങളിൽ തല്പരൻ. ഇപ്പോൾ  'മലയാളം മിഷൻ യു.കെ'യുടെ ചെയർമാൻ കൂടിയാണ് മുരളി വെട്ടത്ത് .
'കുട്ടപ്പൻ സാക്ഷി' എന്ന പവിത്രന്റെ സിനിമയുടെ പ്രൊഡ്യൂസർ  . ചിന്താ രവീന്ദ്രന്റെ 'ശീതകാല യാത്രകൾ' എന്ന ട്രാവലോഗിന്റെ നിർമ്മാതാവ്. 
ഭാര്യ മിച്ചിരു മകൻ രാമു...

ശാന്തിമോൻ ജേക്കബ് 

എറണാകുളത്തു നിന്നും എത്തി ഹെമൽഹാമ്സ്റ്റഡിൽ താമസിക്കുന്ന  നാട്ടിലെ  ദീപിക  പത്രത്തിന്റെ മുൻ 'എഡിറ്റർ ഇൻ ചാർജാ'യിരുന്ന ശാന്തിമോൻ ജേക്കബ്ബ്   എന്ന പത്ര പ്രവർത്തകനായിരുന്നു ,  യു.കെ - യിൽ നിന്നും ആദ്യമായി 'ദീപിക യൂറോപ്പ് ' എന്ന പേരിൽ ലിവർപൂളിൽ നിന്നും ഒരു പ്രിന്റഡ് മലയാള പത്രം ഇറക്കിയത് ...!

യാത്രകൾ , തീവ്രമായ ആത്മീയത , വായന , വല്ലപ്പോഴുമുള്ള എഴുത്ത് എന്നിവയൊക്കെയായി കഴിയുന്ന ഇദ്ദേഹം .
ഹൃദയ വയൽ ’ എന്ന 'എഴുത്തിടം; കുറേ സ്വപ്നങ്ങളുടെ വയൽത്തടം' എന്നൊരു  'ഓൺ -ലൈൻ വെബ് സൈറ്റും ' ,  ഈ പത്ര പ്രവർത്തനത്തിന്റെയും , എഴുത്തിന്റെയും വല്ലഭനായ ശാന്തിമോൻ ജേക്കബ്ബ് നടത്തുന്നുണ്ട് ...


അലക്സ് കണിയാംപറമ്പിൽ 

ലണ്ടനിലും, മാഞ്ചസ്റ്ററിലെ സ്റ്റോക് പോർട്ടിലുമായി വസിക്കുന്ന
നിത്യ സഞ്ചാരിയായ കോട്ടയത്ത് ജനിച്ച് വളർന്ന് , 1972 മുതൽ ഡൽഹിയിലും,
പിന്നീട് ലിബിയായിലും, ആസ്ട്രിയയിലും, ജനീവയിലുമൊക്കെ പ്രവാസിയായി കഴിഞ്ഞ
ശേഷം ബിലാത്തിയിൽ വന്ന് തമ്പടിച്ച ഒരു ബഹുഭാഷ പണ്ഡിതനാണ് അലക്സ് കണിയാംപറമ്പിൽ .
ലളിത സുന്ദരമായ ഭാഷയിൽ അനുവാചകരെ കൊണ്ട് എന്തും വായിപ്പിക്കാനുള്ള
അപാരമായ കഴിവിന്റെ ഉടമയാണ് ഇദ്ദേഹം. അലക്സ് കണിയാംപറമ്പിലിന്റെ 'റഷ്യ ,
പോളണ്ട് 'തുടങ്ങിയ കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങളെ കുറിച്ചുള്ള സഞ്ചാരം വിവരണങ്ങൾ - ഫോട്ടോകളും , വീഡിയോകളും , ചരിത്രങ്ങളും സഹിതം എഴുതിയിട്ടതൊക്കെയുള്ള   സോഷ്യൽ മീഡിയ പോസ്റ്റുകളും  , ഇദ്ദേഹത്തിന്റെ  ബ്ലോഗ്ഗായ ചരിത്രം , യാത്രകൾ എന്നിവയുമൊക്കെ  അനേകം വായനക്കാരുടെ ഇഷ്ട്ട വിഭവങ്ങളാണ്.
ആരെയും ഭയപ്പെടാതെ  അക്ഷരത്തിന്റെ പടവാളുകൊണ്ട് ഒരു ഒറ്റയാൾ പട്ടാളമായി നിന്നുകൊണ്ട് സമൂഹത്തിലേയും., സമുദായത്തിലേയും  പല അനീതികൾക്ക് എതിരെ പോരാടുവാനുള്ള ഇദ്ദേഹത്തിന്റെ വീറും വാശിയും ത്രാണിയും ഒന്ന് വേറെ തന്നെയാണ്... !
യു. കെയിൽ നിന്നും സാഹിത്യ സംബന്ധമായ കഥകളും, കവിതകളും, ലേഖനങ്ങളുമായി ആദ്യമായി  ഇറങ്ങിയ ഒരു പ്രിന്റഡ് പത്ര മാസികയായ 'പ്രവാസ രശ്‌മി 'യുടെ ഉടയോനും , പിന്നീട് പുറത്തിറക്കിയ 'ബിലാത്തി മലയാളി' യുടെ അധിപനും പത്രാധിപരും കൂടിയായിരുന്നു ഇദ്ദേഹം.
പഴയ കാലത്തുള്ള പല മലയാളം ബ്ലോഗേഴ്സിന്റെയും നല്ല രചനകൾ പ്രഥമമായി  ഒരു പ്രിന്റഡ് മീഡിയയിലൂടെ വന്നതും , അന്നുണ്ടായിരുന്ന ഈ 'ബിലാത്തി മലയാളി'യിൽ കൂടിയാണ്...


ബാലകൃഷ്ണൻ ബാലഗോപാൽ 


മലയാളികളുടെ ആദ്യത്തെ ഓൺ -ലൈൻ  പത്രമായ U K  Malayalee യുടെ അധിപനും സ്ഥാപകനുമാണ് വർക്കലയിൽ നിന്നും എത്തിപ്പെട്ട് , കെന്റിലെ ചാത്താമിൽ താമസിക്കുന്ന ബാലഗോപാൽ .
ഇവിടെയുള്ള എഴുത്തുകാരുടെ രചനകളെല്ലാം ഉൾപ്പെടുത്തി 'യു.കെ മലായാളി ' എന്നൊരു വാർഷിക പതിപ്പും ബാലഗോപാൽ പുറത്തിറക്കാറുണ്ടായിരുന്നു . 'ടൈംസ് ഓഫ് ഒമാൻ' എന്ന ഇംഗ്ലീഷ് പത്രത്തിന്റെ മുൻ സബ് എഡിറ്ററായിരുന്ന ഇദ്ദേഹം ഒരു ഫ്രീലാൻസ് പത്ര പ്രവർത്തകനും, സാമൂഹ്യ പ്രവർത്തകനും,  എഴുത്തുകാരനുമാണ് .
നാട്ടിലും ,യു.കെയിലും നല്ലൊരു ക്രിക്കറ്റ് കളിക്കാരനായ , കൊല്ലം ജില്ലയിലെ ശബരിഗിരി റെസിഡന്റ് സ്‌കൂളിലെ മുൻ ഇന്ഗ്ലീഷ് അദ്ധ്യാപകൻ കൂടിയായിരുന്നു ബാലകൃഷ്ണൻ ബാലഗോപാൽ...



ജോസ് ആന്റണി

തൃശൂർ  ജില്ലയിലെ വരന്തരപ്പള്ളിയിലെ  പള്ളിക്കുന്നിൽ നിന്നും
ലണ്ടനിൽ വന്നു വസിക്കുന്ന ജോസ് ആന്റണി പിണ്ടിയൻ ഇവിടങ്ങളിൽ
അറിയപ്പെടുന്ന ചിത്രകാരനും , ശില്പിയും ,ത്വത്വചിന്തകനും  , ഒപ്പം നല്ല നിരീക്ഷണ
സ്വഭാവമുള്ള എഴുത്തുകാരനും കൂടിയാണ് .
കലയെയും , സാഹിത്യത്തെയുമൊക്കെ വിലയിരുത്തികൊണ്ടുള്ള അനേകം ആർട്ടിക്കിളുകൾ ജോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട് .

നല്ല കവിതകളെ സ്നേഹിക്കുന്ന ,ലോകം മുഴുവൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ജോസിന്റെ അനുഭവാവിഷ്കാരങ്ങളും , വിലയിരുത്തലുകളും എന്നും തന്നെ വളരെയേറെ ശ്രദ്ധിക്കപ്പെടുന്ന വിഷയങ്ങൾ തന്നെയാണ് .

ലണ്ടനിലെ കലാ സാഹിത്യ കൂട്ടായ്മകളിലെ നിറ  സാനിദ്ധ്യമുള്ള  വ്യക്തിത്തത്തിനുടമകൂടിയാണ്  ഈ ആന്റണി ജോസ് പിണ്ടിയൻ. ഒപ്പം കട്ടൻ കാപ്പി കൂട്ടായ്മയിലെ പുതിയ ആശയങ്ങൾ നടപ്പാക്കി വിജയിപ്പിക്കുന്നതിൽ എന്നും നേതൃത്വം കൊടുക്കുന്നതും ജോസ് തന്നെയാണ് .
ജോസിന്റെ ഭാഷയിലൂടെയുള്ള താഴെയുള്ള വിലയിരുത്തൽ കൂടി നോക്കൂ ....

'നല്ല സാഹിത്യം നല്ലൊരു വായനാനുഭവമാണ്.
അത് ജീവിതത്തിന്റെ നേർ പകർപ്പാകുമ്പോൾ വായനാനുഭവത്തിന്റെ
തീഷ്ണത വർദ്ധിക്കുന്നു. എന്നാൽ ജീവിതാനുഭവം കലയിലേക്ക് പകർത്തുന്ന പ്രക്രിയയിൽ വൈകാരിക ഉന്നതിയുണ്ടാകുകയും, വാക്കുകളും വാചകങ്ങളും ഒന്ന് മറ്റൊന്നിനോട് ചേർന്ന് താളക്രമത്തോടെ വായനക്കാരന്റെ മനസ്സിൽ പതഞ്ഞു ഉയരുകയും ചെയ്യുന്നു. ഇങ്ങനെയുള്ള എഴുത്തിന്റെ പ്രത്യേകത അത് ജീവിതത്തിനും, കഥക്കും ഇടക്കുള്ള അതിർത്തികൾ മായിച്ചു കളഞ്ഞു വായനാനുഭവത്തെ സ്പുഡീകരിക്കുന്നു എന്നുള്ളതാണ്.
ഇങ്ങനെ എഴുതാൻ കഴിയുന്ന യു,കെയിലെ രണ്ട് എഴുത്തുകാരാണ്  മുകളിൽ പറഞ്ഞ ശ്രീ .അലക്സ് കണിയാംപറമ്പിലും , താഴെ പറയുവാൻ പോകുന്ന വി .പ്രദീപ് കുമാറും.'...


വി.പ്രദീപ് കുമാർ 


തിരുവനനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ
ഇപ്പോൾ ലണ്ടനിലെ ക്രോയ്ഡണിൽ വസിക്കുന്ന ബൃഹത്തായ വായനയുള്ള ഒരു മലയാളം ഭാഷ സ്നേഹിയാണ് വി.പ്രദീപ് കുമാർ .

ഒപ്പം ആഗോളതലത്തിലുള്ള ക്ലാസ്സിക്കായ - കല , സാഹിത്യ , സിനിമകളടക്കം പാലത്തിനെ കുറിച്ചും അസ്സലായി വിശകലനം ചെയ്യുന്ന പ്രദീപ് കുമാർ നന്നായി വരക്കുകയും , കവിതകൾ , നല്ല താളക്രമത്തോടെ ചൊല്ലുകയും ചെയ്യുന്ന ഒരു വല്ലഭൻ തന്നെയാണ് .

മലയാളം സാഹിത്യത്തെ കുറിച്ചും , ഒട്ടുമിക്ക എഴുത്തുകാരെ പറ്റിയും പ്രദീപിനോളമുള്ള അറിവുകൾ ഇന്നീ ആംഗലേയ ദേശത്ത് മറ്റാർക്കും തന്നെയില്ലെന്ന് തന്നെ പറയാം. നല്ലൊരു പുസ്തക ശേഖരമുള്ള ഇദ്ദേഹം വിജ്ഞാന പ്രദമായ പല ലേഖനങ്ങളും , സാഹിത്യ വിമർശനങ്ങളും എഴുതാറുണ്ട് .
'കട്ടൻ കാപ്പിയും കവിതയും' കൂട്ടായ്മയിൽ നിന്നും ഇറക്കുന്ന ' ഛായ' കൈയ്യെഴുത്തു പ്രതികൾ   എല്ലാവിധ രൂപ ലാവണ്യങ്ങളും വരുത്തി , ഒരു ആർട്ടിസ്റ് കൂടിയായ പ്രദീപിന്റെ കൈയ്യെഴുത്തിലൂടെയാണ് പുറത്തിറങ്ങാറുള്ളത്... !


കാരൂർ സോമൻ

മാവേലിക്കരയിലുള്ള ചാരുമൂടിൽ നിന്നും സൗദിയിലെ നീണ്ട
പ്രവാസ ജീവിതത്തിന് ശേഷം കഴിഞ്ഞ ഒന്നൊര പതിറ്റാണ്ടായി ലണ്ടനിൽ
വസിക്കുന്ന സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും കൈവെച്ചിട്ടുള്ള ഒരു സമ്പൂർണ്ണ എഴുത്തുകാരനാണ് കാരൂർ സോമൻ .
മലയാളം മാധ്യമങ്ങളടക്കം ഒരുവിധം എല്ലാ വിദേശ മാദ്ധ്യമങ്ങളിലും നാടകങ്ങളും , കഥകളും , കവിതകളും  ,
നോവലുകളും ,യാത്രാവിവരണവുമൊക്കെ എഴുതാറുള്ള ഇദ്ദേഹത്തിന് അനേകം പ്രവാസി സാഹിത്യ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .
ഇപ്പോൾ ഇതുവരെ 51  പുസ്തകങ്ങൾ
സാഹിത്യത്തിന്റെ എല്ലാമേഖലകളിലുമായി ഇറക്കിയിട്ടുള്ള , ഈ ഫുൾടൈം എഴുത്തുകാരനെ കുറിച്ചറിയുവാൻ കാരൂർ സോമൻ എന്ന വെബ്സൈറ്റിൽ പോയൽ മതി...





മുരുകേഷ് പനയറ

തിരുവനന്തപുരത്തെ വർക്കലയിലുള്ള പനയറ
ഗ്രാമത്തിൽ ജനിച്ചുവളർന്ന മുരുകേഷ് ബിരുദാനന്തര ബിരുദ ധാരിയായ ചെറുപ്പം മുതലെ വായനയും ,എഴുത്തും കൂടെ കൊണ്ട് നടക്കുന്ന ഒരു പ്രതിഭയാണ് .
പിന്നീട് ഇന്ഗ്ലീഷ് അദ്ധ്യാപനത്തിൽ നിന്നും , മൃഗ സംരംക്ഷണ വകുപ്പിലെ ഉദ്യോഗത്തിൽ നിന്നും വിടുതൽ ചെയ്ത ശേഷം ,   ലണ്ടനിലെ ക്രോയ്ഡോണിൽ വസിക്കുന്ന മുരുകേഷ് പനയറ ഇന്ന് ലണ്ടൻ ട്രാമിലെ ഒരു ഉന്നത പദവി വഹിക്കുന്ന ഉദ്യോഗസ്ഥനാണ് .
ജീവിതാനുഭവങ്ങളെ തനതായ അസ്ഥിത്വത്തോട് സമന്വയിപ്പിച്ചുകൊണ്ട് വിരചിതമായ കഥകൾ എഴുതുന്ന മുരുകേഷ്  പനയറ , ആംഗലേയത്തിലടക്കം ധാരാളം ഈടുറ്റ കവിതകളും ,ലേഖനങ്ങളും ബിലാത്തിയിലെ എല്ലാ മാദ്ധ്യമങ്ങളിലും എഴുതുന്നു .ഒപ്പം നല്ലൊരു പ്രഭാഷകൻ കൂടിയായ എഴുത്തുകാരനാണ് ഇദ്ദേഹം .
ഭാഷ പ്രയോഗ രീതികളിലും , വിഷയ സമീപനത്തിലും ഏവരേക്കാളും മികച്ച്  നിന്ന് രചനകൾ നിർവ്വഹിക്കുന്ന ഒരാളാണ് മുരുകേഷ് .
രണ്ട് നോവലുകളും ഇദ്ദേഹം രചിച്ചിട്ടുണ്ട് .'കുടജാദ്രിയിൽ ' എന്ന കഥാ സമാഹാരമാണ് യു.കെയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മകളിലും , നവമാദ്ധ്യമ രംഗത്തും എന്നും സജീവ സാന്നിദ്ധ്യമുള്ള മുരുകേഷിൻറെ ആദ്യ പുസ്തകം .
ഇദ്ദേഹത്തിന്റെ മറ്റൊരു നോവലായ 'മാട്ടിറച്ചി ' അടുത്തുതന്നെ വിപണിയിൽ ഇറങ്ങുവാൻ പോകുകയാണ്...


ജിൻസൺ  ഇരിട്ടി

എഴുത്തിന്റെ ആധുനികതകൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു കഥാകാരനാണ് കണ്ണൂരിലെ ഇരിട്ടി സ്വദേശിയായ യു.കെയിലെ ബ്രൈറ്റണിൽ താമസിക്കുന്ന ജിൻസൺ ഇരിട്ടി  .

രണ്ട് നോവലുകളും , ധാരാളം കഥകളും എഴുതിയിട്ടുള്ള ജിൻസൺ.'ബിലാത്തി പ്രണയം 'എന്ന സിനിമയുടെ തിരക്കഥാകൃത്തു കൂടിയാണ് .'തിരിച്ചറിവുകൾ ' എന്ന നോവലാണ് ജിൻസൺ ഇരിട്ടിയുടെ ആദ്യ നോവൽ .
ഒരിക്കലും പിഴുതുമാറ്റാൻ കഴിയാത്തവണ്ണം ഹൃദയത്തിൽ മുളച്ചുകിടക്കുന്ന നാട്ടോർമ്മകളും , ലണ്ടൻ നഗരത്തിൽ കഴിയുന്ന മനസ്സിന്റെ വിഹ്വലതകളും , പ്രതീക്ഷകളും ജിൻസന്റെ എഴുത്തിൽ മിക്കപ്പോഴും പ്രതിഫലിച്ച് കാണാവുന്നതാണ് .
ജിൻസൻ  അടുത്തു തന്നെ ഒരു നോവലും , ചെറുകഥാ സമാഹാരവും കൂടി ഇറക്കുന്നുണ്ട് ...



ഷാഫി റഹ്‌മാൻ

കാലം മാറുകയാണ്‌, വായനയും...
ഈയൊരു തിരിച്ചറിവാണ്‌ അഴിമുഖം ...
ലോകത്തിലെ ഏറ്റവും മികച്ച മാദ്ധ്യമ  ശൈലികളും
ശീലങ്ങളും മലയാളി ബൗദ്ധികതയുമായി ചേര്‍ത്തു വയ്‌ക്കുന്ന ഈ അഴിമുഖത്തിന്റെ പിന്നണിയിലുള്ള ഒരു മാദ്ധ്യമ പ്രവർത്തകനാണ്  ഷാഫി റഹ്‌മാൻ .
മലയാളം ഇന്നു വരെ കാണാത്ത മാദ്ധ്യമ പ്രവര്‍ത്തന മികവും സങ്കീര്‍ണമായ ആഗോള സാഹചര്യങ്ങളുടെ സൂക്ഷ്‌മമായ വിലയിരുത്തലുകളൂമാണ്‌ അഴിമുഖം വായനക്കാരിലെത്തിക്കുന്നത്‌.
ആയതിന്റെ യൂറോപ്പ് ചുമതയുള്ള ,  തൃശൂർ പട്ടണത്തിൽ നിന്നും വന്ന ഇന്ത്യ ട്യുഡെയുടെ  ലേഖകൻ കൂടിയായ എഴുത്തിലെ വല്ലഭനായ ഷാഫി റഹ്‌മാൻ നല്ലൊരു പത്ര പ്രവർത്തകനും , രാഷ്ട്രീയ നിരീക്ഷകനുമാണ് .
ഷാഫിയുടെ ധാരാളം എഴുത്തുകൾ ഇന്ത്യ ട്യുഡെയുടെ/അഴിമുഖത്തിന്റെ  പേജുകളിലൂടെ നാമൊക്കെ വായിച്ചറിഞ്ഞിട്ടുണ്ട് .
ലണ്ടനിൽ താമസമുള്ള ഷാഫി ഇവിടെ നിന്നും ഇറങ്ങുന്ന ഇന്ത്യ ഗസറ്റ് ലണ്ടന്റെ  എഡിറ്റർ കൂടിയാണ് ...


അനിയൻ കുന്നത്ത്

ശരിക്കും പറഞ്ഞാൽ കവിതകളുടെ ലോകത്ത് ജീവിക്കുന്ന
ഒരാളാണ് കോതമംഗലത്തെ ഊന്നു കല്ലിൽ നിന്നും ദൽഹി പ്രവാസത്തിനു
ശേഷം യു,കെയിലെത്തി , ഇവിടെയുള്ള സെന്റ്.ആൽബൻസിൽ താമസിക്കുന്ന അനിയൻ കുന്നത്ത് .
വിഷയ സ്വീകരണത്തിന്റെ സാധാരണത്വവും ,രചനാ തന്ത്രത്തിന്റെ വ്യത്യസ്ത തലങ്ങളുടെ ലാളിത്യവും മുഖമുദ്രയാക്കുന്ന കവിതകളാണ് അനിയന്റെ
ഒട്ടുമിക്ക വരികളും .
മനസ്സ് മനസ്സിനോട് ചെയ്യുന്ന മൗന മന്ത്രണം കണക്കെയുള്ള വാചാലമായ കവിതകൾ ഓരോന്നും അനുവാചക ഹൃദയത്തിലേക്ക് , ആർദ്ര ദീപ്തഭാവങ്ങൾ തെല്ലും ചോർന്നു പോകാതെ ആവിഷ്‌ക്കരിക്കാനുള്ള അനിയന്റെ കഴിവ് അപാരം തന്നെയാണ് .
സോഷ്യൽ മീഡിയ രംഗത്ത് സജീവ ചർച്ചകൾക്ക് വിധേയമായ ഇദ്ദെഅഹത്തിന്റെ ചില നല്ല കവിതകളുടെ സമാഹാരമായ 'വെയിൽ പൂക്കുന്ന മഴ മേഘങ്ങൾ ' ആണ് അനിയന്റെ പ്രഥമ പുസ്തകം ...


പ്രിയൻ പ്രിയവ്രതൻ 

വെറ്റിനറി സയൻസിൽ മെഡിക്കൽ ബിരുദമുള്ള
ഡോ : പ്രിയൻ   ഇന്ന്  കമ്പ്യൂട്ടർ  കമ്യൂണിക്കേഷൻ വിഭാഗത്തിൽ
വെബ് ഡിസൈനിങ്ങ് രംഗത്താണ് ജോലി ചെയ്യുന്നത് .
നല്ലൊരു കവിയും , ഗായകനുമായ കൊല്ലത്തെ പുനലൂർ സ്വദേശിയായ പ്രിയൻ സംഗീതത്തിലും
സാഹിത്യത്തിലും പ്രാവീണ്യമുള്ള ഒരു വ്യക്തി പ്രതിഭ തന്നെയാണ്.
ലണ്ടനിൽ താമസിക്കുന്ന പ്രിയന്റെ അതിമനോഹരവും ,അർത്ഥവ്യാപ്തിയുമുള്ള കവിതകൾ എഴുതിയിടുന്ന മലയാള ബ്ലോഗാണ് പ്രിയതമം .
കട്ടൻ കാപ്പി കൂട്ടായ്മയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയത് മുതൽ  , പിന്നീടുള്ള പ്രവർത്തനങ്ങൾക്ക് വരെ സജീവമായ പങ്കാളിത്തത്തോടെ സേവനം നൽകുന്നതിനും  , നവീനമായ ആശയങ്ങൾക്ക് വഴി തെളിയിക്കുന്നതിനും പ്രിയൻ എന്നും മുൻ പന്തിയിൽ തന്നെയുണ്ടാകാറുണ്ട് .
ആരെയും വെറുപ്പിക്കാത്ത മുഖമുദ്രയുള്ള ഒരു വ്യക്തിത്വത്തിനുടമ കൂടിയാണ് ഏവർക്കും പ്രിയപ്പെട്ട പ്രിയൻ പ്രിയവ്രതൻ എന്ന ഈ കലാസാഹിത്യസംഗീത വല്ലഭൻ ...!


അജിത്ത് പാലിയത്ത് 

ആലപ്പുഴയിലെ  ചേർത്തല ദേശക്കാരനായ  അജിത്ത് പാലിയത്ത് സ്ക്കൂൾ തലത്തിൽ നിന്നും  ലളിതഗാനം, പ്രസംഗം, ചെറുകഥ, ലേഖനം, കവിത, നാടകം എന്നിവയിൽ പങ്കെടുത്തു തുടങ്ങിയ കലാ  സാഹിത്യ പ്രവർത്തനങ്ങൾ , കലാലയവും കടന്നു ഇപ്പോൾ യു.കെ വരെ വ്യാപിച്ചു കിടക്കുകയാണ് .
നാട്ടിലെ കലാ  സാഹിത്യ  യുവജന സംഘടനകളിൽ കൂടി ആരംഭിച്ച പ്രഫഷണൽ നാടകാഭിനയം  യുക്കേയിലെ  ഷെഫീല്‍ഡില്‍ നാടക പ്രേമികളുമായി ചേര്‍ന്ന് 'അശ്വമേധം' വരെയെത്തി നിൽക്കുന്നു .

ഷെഫീല്ഡ്ഡ്  മലയാളി അസ്സോസ്സിയേഷനുവേണ്ടി ഏതാനും വര്‍ഷം “തളിര്” എന്ന സാഹിത്യ മാസിക എഡിറ്റ് ചെയ്തു ഡിസൈന്‍ ചെയ്തു ഇറക്കി. ഫോബ്മ എന്ന സംഘടനയ്ക്കു വേണ്ടി 'സമീക്ഷ', ഷെഫിൽഡ്ഡ് അസോസിയേഷന്റെ പത്താം വാർഷീക പതിപ്പ് 'പ്രയാണം' എന്നീ  സാഹിത്യ മാസികകളുടെ  എഡിറ്റര്‍ / പബ്ലിഷര്‍ / ഡിസൈനര്‍ ആയി പ്രവര്‍ത്തിച്ചു..
അനവധി പാട്ടുകള്‍ രചിക്കുകയും , സംഗീതം നല്കുകയും ചെയ്തു. ഒപ്പം കവിതകളും ,കഥകളും ,ലേഖനങ്ങളും അനുകാലികങ്ങളിലും നവമാധ്യമങ്ങളില്‍ കൂടിയും വെളിച്ചം കാണിക്കുന്നു.
നല്ല ഒരു ഭാവ ഗായകൻ കൂടിയാണ്  അജിത്ത് .
അജിത്ത് /ആനി ദമ്പതികൾക്ക്  ചിതറിയ ചിന്തകൾ , Athenaeum എന്നീ രണ്ട് ബ്ലോഗുകളും ഉണ്ട്  .
വായനയോടുള്ള സ്നേഹം മൂലം നാട്ടിലെ വീട്ടിൽ സ്വന്തമായി തുടങ്ങിയ ലൈബ്രറിയിൽ നിന്നും യുക്കേയിലെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നരീതിയിൽ പ്രയോജനപ്പെടുത്താൻ  പുസ്തകങ്ങൾ യുക്കെയിലേക്കു കൊണ്ടുവന്നും അനവധി പുസ്തകങ്ങൾ സുഹൂര്‍ത്തുക്കളില്‍ നിന്നും സ്വരുക്കൂട്ടിയും  “ അഥെനീയം അക്ഷര ഗ്രന്ഥാലയം ' എന്ന ഓണ്‍ലൈൻ ലൈബ്രറി ഷെഫീല്‍ഡില്‍ ആരംഭിച്ചു. ലൈബ്രറിയുടെ ബാനറില്‍ 2015 ല്‍ ഡി സി ബുക്സുമായി ചേര്‍ന്ന് ആദ്യ കഥ കവിതാ മല്‍സരം സംഘടിപ്പിച്ചു. ഈക്കൊല്ലം വീണ്ടും  ഡി സി ബുക്സുമായി  ചേര്‍ന്ന്  രണ്ടാമത്തെ സാഹിത്യമല്‍സരം നടത്തുന്നു . സാഹിത്യ പ്രേമികളെ ഒരുമിച്ചു ചേർക്കാൻ അഥെനീയം അക്ഷര ഗ്രന്ഥാലയം എന്ന ഓണ്‍ലൈൻ ലൈബ്രറിയുടെ കീഴിൽ അഥെനീയം റൈറ്റേഴ്സ്സ്  സൊസൈറ്റി  തുടങ്ങി...


സുഗതൻ തെക്കേപ്പുര 

വൈക്കം സ്വദേശിയായ , ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന സുഗതൻ തെക്കേപ്പുര ലണ്ടനിൽ
വന്നു നിയമ ബിരുദം എടുത്ത ഒരു ലോയർ പ്രാക്ടീസണറാണ്  . ബൃഹത്തായ വായനയുള്ള സുഗതൻ കട്ടൻ കാപ്പിയും  കവിതയും' കൂട്ടായ്മയിലെ ഒരു വിജ്ഞാനകോശമായ ഒരു വല്ലഭനും കൂടിയാണ് .

നല്ലൊരു ഭാഷ സ്നേഹിയും , സാഹിത്യ തല്പരനുമായ സുഗതൻ ഇപ്പോൾ ലണ്ടനിലുള്ള ഒരു നല്ല സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനും  ലേബർ പാർട്ടിയുടെ നേതാക്കളിൽ ഒരുവനും കൂടിയാണ് .
അതോടൊപ്പം  യു.കെയിലുള്ള മലയാളികളുടെ ഒട്ടുമിക്ക
സാംസ്കാരിക സംഘടനകളിലും പ്രവർത്തിച്ച് പോരുന്ന ഇദ്ദേഹം യു.കെ മലയാളികൾക്കിടയിൽ വളരെയധികം പോപ്പുലറാണ് .

ഒപ്പം എന്നും സോഷ്യൽ മീഡിയയിലും , ആനുകാലികങ്ങളിലുമായി സുഗതൻ സാമൂഹ്യ പ്രസക്തിയുള്ള ധാരാളം ലേഖനങ്ങളും എഴുതി വരുന്നു ...


ഇബ്രാഹിം വാക്കുളങ്ങര 

മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തുനിന്നും ലണ്ടനിലെ ബാർക്കിങ്ങിൽ
താമസിക്കുന്ന ഇബ്രാഹിം വാക്കുളങ്ങര ഇവിടെ മലയാളികൾക്കിടയിലെ നല്ലൊരു സാമൂഹ്യ പ്രവർത്തകനാണ്.
സംഘടനാ പ്രവർത്തങ്ങൾക്കൊപ്പം തന്നെ
മലയാളം ഭാഷയെ വല്ലാതെ സ്നേഹിക്കുന്ന ഇദ്ദേഹം ധാരാളം കവിതകൾ പല മാദ്ധ്യമങ്ങളിലും എഴുതിയിടാറുണ്ട്.

ഒപ്പം തന്നെ സാമൂഹ്യ ചിന്തകൾ ഉണർത്തുന്ന ധാരാളം ലേഖനങ്ങളും.
റോയൽ മെയിലിൽ ജോലിചെയ്യുന്ന ഇബ്രാഹിം കവിതകളും,നടൻ പാട്ടുകളുമെല്ലാം നന്നായി ആലാപനം ചെയ്യുവാനും നിപുണനാണ് ...


ജേക്കബ് കോയിപ്പള്ളി

ആലപ്പുഴക്കാരനായ ഈ ഫ്രീലാൻസ്‌ എഴുത്തുകാരനായ
ജേക്കബ് കോയിപ്പള്ളി കെന്റിലെ 'ടൺബ്രിഡ്ജ് വെൽസി'ൽ താമസിക്കുന്നു .
ശുദ്ധ മലയാളത്തിന് വേണ്ടി എന്നും പോരടിച്ചുകൊണ്ടിരിക്കുന്ന ഒരു യഥാർത്ഥ മലയാള
ഭാഷ സ്‌നേഹി കൂടിയായ , ഇന്ന് യു.കെ യിൽ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനാണ്  ഇദ്ദേഹം .
നല്ല സാമൂഹ്യ പ്രതിബദ്ധതയോടെ മുഖാമുഖം നോക്കാതെ പ്രതികരണശേഷിയിൽ കേമനായതിനാലും , ഏറ്റെടുത്ത കാര്യങ്ങൾ സമയ ക്ലിപ്തതയോടെ നടപ്പാക്കുവാനുള്ള ഊർജ്ജസ്വലത ഉള്ളതുകൊണ്ടും ഒരുവിധം യു.കെ യിൽ നടക്കുന്ന എല്ലാ വമ്പൻ മലായാളി പരിപാടികളുടേയും  മുന്നണിയിലും ,
പിന്നണിയിലും ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യം കാണാം .
ഒപ്പം തന്നെ പല വിജ്ഞാനപ്രദമായ സംഗതികളും സോഷ്യൽ മീഡിയകളിലൂടെ പങ്കുവെച്ചുകൊണ്ടിരിക്കുന്ന ,നല്ല ശബ്ദ ഗാംഭീര്യത്തോടെ പ്രഭാഷണം നടത്തുന്ന വ്യക്തിത്വത്തിനുടമ കൂടിയാണ് ഈ മാന്യ ദേഹം .
യുക്മ സാംസ്കാരികവേദിയിലെ സാഹിത്യ വിഭാഗം കൺവീനർ , 'വേൾഡ്‌ മലയാളി കൗൺസിൽ' യൂറോപ്പ്‌ റീജിയൺ ജനറൽ സെക്രട്ടറി , 'കേരളസർക്കാർ മലയാളം മിഷന്റെ' ഒരു സഹചാരി,
മുൻ അസോസിയേറ്റ്‌ എഡിറ്റർ ഓഫ് 'എൻ. ആർ .ഐ .മലയാളി' , 'ബ്രിട്ടീഷ്  പത്ര'ത്തിന്റെ എഡിറ്റർ ഇൻ ചീഫ്‌  , ബോട്ട്‌ റേസ്‌ കൺവീനർ ഓഫ് 'യുക്മ വള്ളംകളി-കേരളാപൂരം' എന്നിങ്ങനെ നിരവധി രംഗങ്ങളിലായി സേവനം അനുഷ്ഠിക്കുന്ന ജേക്കബ് കോയിപ്പള്ളി ശരിക്കും ഒരു
കലാസാഹിത്യസാമൂഹ്യപ്രവർത്തന വല്ലഭൻ തന്നെയാണ്...


വെബ് പോർട്ടൽ :- http://www.britishpathram.com/


ഹരീഷ് പാല 

പാലായിൽ നിന്നും വന്ന്  കൊവെൻട്രിയിൽ താമസിക്കുന്ന
ഹരീഷ് പാല  കഥകളും , കവിതകളും , ലേഖനങ്ങളും നന്നായി എഴുതുന്ന
യുവ സാഹിത്യകാരനാണ് .
ചെറുപ്പം മുതലേ എഴുത്തിലും സംഗീതത്തിലും തന്റെ കഴിവുകൾ തെളിയിച്ചിട്ടുള്ള ഹരീഷ് , എഴുത്തിൽ മാത്രമല്ല ഇന്ന് യു.കെയിൽ  ശാസ്ത്രീയ സംഗീതമടക്കം , അനേകം ഗാനങ്ങൾ സ്റ്റേജുകളിൽ പാടിക്കൊണ്ടിരിക്കുന്ന അസ്സലൊരു ഗായകനും കൂടിയാണ് ഈ കലാസാഹിത്യസംഗീത വല്ലഭൻ  .
ഹരീഷിന്റെ നേതൃത്തത്തിൽ ബിലാത്തിയിലെ പല ഭാഗങ്ങളിലും അനേകം സംഗീത പരിപാടികൾ അരങ്ങേറിയിട്ടുണ്ട് .
ഹരിനിലയം  എന്ന ഹരീഷിന്റെ ബ്ലോഗ്ഗിൽ പോയാൽ ഈ വിദ്വാന്റെ എഴുത്തിന്റെ കഴിവുകൾ മുഴുവൻ  വായിച്ചറിയാവുന്നതാണ് ...

ജോജി പോൾ 

ത്യശ്ശൂരിലെ ഇരിഞ്ഞാലകുടയിൽ നിന്നും വന്ന്  യു.കെയിലെ
ഹെമൽ ഹാംസ്റ്റഡിൽ ഡിസൈൻ എൻജിനീയറായി ജോലി ചെയ്യുന്ന 
ജെ.പി .നങ്ങണി എന്നറിയപ്പെടുന്ന ജെ.പി .ജോജി പോൾ തികച്ചും സകലകലാ  വല്ലഭനായ ഒരു കലാസാഹിത്യകാരനാണ് . 

അനുഭവാവിഷ്കാരങ്ങൾ ചാർത്തിയുള്ള അനേകം കഥകൾ രചിച്ചിട്ടുള്ള 
ജോജി പോൾ    ഒരു സിനിമ/നാടക തിരക്കഥാകൃത്തുകൂടിയാണ് .

എല്ലാ ലോക ക്ലാസ്സിക്കുകളും ഇടകലർത്തി ധാരാളം
നാടകങ്ങൾക്ക് തിരനാടകമെഴുതി ആയതിന്റെയൊക്കെ സംവിധാനവും നിർവഹിച്ചിട്ടുള്ള ആളാണ് ജോജി .

ഒപ്പം അഭിനയം , ഗാനരചന , സംവിധാനമടക്കം ചില ആൽബങ്ങളും - 'പണമാ പസമ' (തമിഴ്)  , 'മെലഡി' (മലയാളം) എന്നീ സിനിമകളും ക്രിയേറ്റ്  ചെയ്തിരിക്കുന്നത് ജെ .പി. നങ്ങണിയാണ് .
 'യയാതി ', 'മാണിക്യ കല്ല് ', 'നോട്ടർഡാമിലെ കൂനൻ' , 'ദാവീദിന്റെ വിലാപം' , 'അലാവുദ്ദീനും അത്ഭുത വിളക്കും' , 'പൊറിഞ്ചു ഇൻ യു.കെ'  എന്നീ ധാരാളം സംഗീത നാടകങ്ങൾ ജെ .പി. നങ്ങണി  അണിയിച്ച്ചൊരുക്കി യു.കെയിലെ വിവിധ ഭാഗങ്ങളിലായി രംഗത്തവതരിപ്പിച്ചിട്ടുണ്ട്...
ഇദ്ദേഹത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ആദ്യ പുസ്‌തമാണ് മാൻഷനിലെ 'മാൻഷനിലെ യക്ഷികൾ'  എന്ന കഥസമാഹാരം ...




ബിനോ അഗസ്റ്റിൻ 

കോട്ടയം പാല മനങ്ങാട്ടുപ്പുള്ളി സ്വദേശിയായ ബിനോ അഗസ്റ്റിൻ
വളരെ ഗുണനിലവാരമുള്ള നല്ല ഈടും പാവുമുള്ള കഥകൾ എഴുതുന്ന
ബാസിൽഡനിൽ വസിക്കുന്ന ഒരു സാഹിത്യ വല്ലഭനായ കലാകാരനാണ് .
യു.കെയ്ൽ നിന്നും മലയാള സിനിമാരംഗത്തേക്ക് കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ബിനോ
ധാരാളം തിരക്കഥകളും രചിച്ചിട്ടുണ്ട്  ,ആയതിൽ 'എഡ്ജ് ഓഫ് സാനിറ്റി 'എന്ന മുഴുനീളചിത്രവും ,ഷോർട്ട് ഫിലീമുകളായ കുല്ഫിയും ,ഒരു കുഞ്ഞുപൂവിനേയുമൊക്കെ സംവിധാനം ചെയ്ത് അഭ്രപാളികളിലാക്കി പ്രദർശിപ്പിച്ച് ബിനോ അഗസ്റ്റിൻ ഏവരുടെയും പ്രശംസയും പിടിച്ചു പറ്റിയിട്ടുണ്ട് .
ഒപ്പം ഇദ്ദേഹം ഒന്ന് രണ്ട് മ്യൂസിക് ആൽബങ്ങളും ഇറക്കിയിട്ടുണ്ട് ...


മനോജ് ശിവ 

ലണ്ടനിലെ ഏതൊരു കലാസാഹിത്യവേദികളിലും തന്റെ നിറസാനിദ്ധ്യമായി പ്രശോഭിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരത്തുകാരൻ  ശിവ മനോജ് നാടക രചയിതാവും , സംവിധായകനും ,സിനിമാ നടനുമൊക്കെയാണ് .
തബല വായനയിൽ  ഉസ്താദുകൂടിയായ ,  സംഗീതം തപസ്യയാക്കിയ
ഈ  യുവതുർക്കി , മലയാളികൾക്ക് മാത്രമല്ല , എല്ലാ ഏഷ്യൻ സംഗീത പരിപാടികളിലും സുപരിചിതനാണ്.
എല്ലാതരത്തിലും ഒരു സകലകലാ വല്ലഭൻ തന്നെയായ ഈ കലാകാരൻ,  കൊടിയേറ്റം ഗോപിയുടേയും, കരമന ജനാർദനൻ  നായരുടേയും ബന്ധു കൂടിയാണ്.
ബ്രിട്ടനിലെ വിവിധ രംഗമണ്ഡപങ്ങളിൽ മനോജ് എഴുതി ,സംഗീതവും സംവിധാനവും നിർവ്വഹിച്ചഭിനയിച്ച ധാരാളം സംഗീത നാടകങ്ങളൊക്കെ  മികച്ച കലാമൂല്യം ഉള്ളവയായിരുന്നു ...!
എന്നും വേറിട്ട രീതിയിൽ കവിതയും, കഥയുമൊക്കെ എഴുതുന്ന ശിവ മനോജ്  യു .കെ യിലെ കലാ സാഹിത്യത്തിന്റെ ഒരു തലതൊട്ടപ്പൻ കൂടിയാണ് ...


ജിം തോമസ് കണ്ടാരംപ്പള്ളിൽ

കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരത്തിനടുത് മടമ്പം സ്വദേശിയായ
 ജിം തോമസ് കണ്ടാരംപ്പള്ളിൽ ഇന്ന് നോട്ടിങ്ങ്ഹാമിലെ ഒരു കലാ സാഹിത്യ സാമൂഹ്യ പ്രവർത്തകനാണ്.
കോഴിക്കോട് റേഡിയോ നിലയത്തിലെ നാടകാവതരണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന പിതാവിനൊപ്പം പരിശീലനം സിദ്ധിച്ച ഒരു നാടക കലാകാരനാണ് ജിം തോമസ് .
ചെറുപ്പത്തിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ കഥയെഴുതി  സമ്മാനം നേടിയിട്ടുള്ള ജിം, സ്കൂൾ തലം മുതൽ അനേകം നാടകാവതരണങ്ങൾ ആവിഷ്‌കരിച്ച് സ്റ്റേറ്റ് ലെവലിൽ വരെ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .
തെയ്യം, നാടകം, രാഷ്ട്രീയം, സാമൂഹ്യ ചിന്ത എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഇദ്ദേഹം ധാരാളം ആർട്ടിക്കിളുകൾ എഴുതിയിട്ടുണ്ട്.  ജിം തോമസ് രചനയും, സംവിധാനം നിർവ്വഹിച്ച 12 ൽ പരം സംഗീത നാടകങ്ങളും, ടാബ്ലോകളും  ഇന്ന് യു. കെ യിൽ അങ്ങോളമിങ്ങോളമായി വിവിധ സ്റ്റേജുകളിൽ അരങ്ങേറിയിട്ടുണ്ട്.
ഇക്കൊല്ലത്തെ 'കേളി'യുടെ  കലാകാരന്മാർക്ക് കൊടുക്കുന്ന പുരസ്‌കാരം ലഭിച്ചിരിക്കുന്ന മൂന്ന്  പേരിൽ ഒരാൾ ഈ കലാ സാഹിത്യ വല്ലഭനായിരുന്നു ...!

ജി . കെ. പള്ളത്ത്

തൃശൂർ പട്ടണത്തിൽ നിന്നും വന്ന് ക്രോയ്ഡണിലും , അമേരിക്കയിലും ,
നാട്ടിലുമായി മക്കളുടെ ഒപ്പം മാറി മാറി താമസിക്കുന്ന മുൻ ഗവർമെന്റ്  ഉദ്യോഗസ്ഥനായിരുന്ന ജി.കെ.പള്ളത്ത് , ഏതാണ്ട് അഞ്ഞൂറോളം ഗാനങ്ങൾക്ക് നാടകത്തിലും , സിനിമയിലുമൊക്കെയായി പാട്ടുകൾക്ക് വരികൾ എഴുതിയിട്ടുണ്ട് .
ഒപ്പം ധാരാളം നാടകങ്ങളും , ബാലെയും എഴുതി രംഗത്തവതരിപ്പിച്ചിട്ടുണ്ട് .
ഇദ്ദേഹത്തിനും ഇക്കൊല്ലം കേളിയുടെ കലാകാരന്മാർക്ക് കൊടുക്കുന്ന പുരസ്കാരവും ലഭിച്ചിട്ടുണ്ട് .
നാട്ടിലും , വിദേശത്തുമായി എന്നുമെന്നോണം കലാസാഹിത്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ഊർജ്ജസ്വലനായ സീനിയർ സിറ്റിസനാണ് , ജി. കെ .പള്ളത്ത് എന്ന ഈ കലാസാഹിത്യ വല്ലഭൻ ...

കനേഷ്യസ് അത്തിപ്പൊഴിയിൽ 


ആലപ്പുഴ ജില്ലയിലെ ചേർത്തയിലെ ആർത്തുങ്കൽ നിന്ന് വന്ന്
സൗത്ത് എൻഡ് ഓൺ സിയിൽ താമസമുള്ള  കനേഷ്യസ് അത്തിപ്പൊഴിയിൽ 
ഒരു സകലകലാ വല്ലഭനായ കലാ സാഹിത്യകാരനാണ് .
പഠിക്കുമ്പോൾ തൊട്ടേ കവിതയും ,കഥയുമൊക്കെ എഴുതി ,18  വയസ്സുമുതൽ പ്രവാസം തുടങ്ങിയ കനേഷ്യസ് ജോസഫ് അത്തിപ്പൊഴിയിൽ ബഹറിനിൽ വെച്ചു തന്റെ സാഹിത്യ  കലാപ്രവർത്തനങ്ങളുടെ കെട്ടഴിച്ച്‌  , സ്വയം എഴുതിയുണ്ടാക്കിയ  ആക്ഷേപ ഹാസ്യ രസത്താലുള്ള നാടാകാവതരണങ്ങൾ  , ഓട്ടൻ തുള്ളൽ മുതലായവയാൽ 'ബഹറിൻ കേരളം സമാജത്തി'ൽ ശോഭിച്ചു നിന്ന കലാ സാഹിത്യ പ്രതിഭയായിരുന്നു .
അതോടൊപ്പം അന്ന് തൊട്ടെ  പാട്ടെഴുത്തിൽ പ്രാവീണ്യം നേടി അവയൊക്കെ സംഗീതമിട്ട് അവ അവതരിപ്പിച്ചിരുന്നു ...
യു.കെയിൽ വന്ന ശേഷം ആയതെല്ലാം മിനുക്കി എല്ലാ രംഗങ്ങളിലും തലതൊട്ടപ്പനായി മാറി .
കനേഷ്യസ് രചിച്ച ചില ഗാനങ്ങൾ യു .ട്യൂബിൽ ലക്ഷകണക്കിന്  ഹിറ്റുകൾ നേടി . ജിങ്ക ജിങ്ക  എന്ന ഓണപ്പാട്ട് 10  ലക്ഷവും , അന്നെനിക്ക് ജന്മം നൽകിയ നിമിഷം എന്ന ഭക്തിഗാനം  ഏതാണ്ട് 5 ലക്ഷവും , തിരുവിഷ്ടം നിറവേറട്ടെ ഏതാണ്ട് 4 ലക്ഷവുമൊക്കെ  ഹിറ്റുകൾ കിട്ടിയ കനേഷ്യസിന്റെ പാട്ടുകളിൽ ചിലതാണ് .
ഇതിനെല്ലാം പുറമെ കനേഷ്യസ് അത്തിപ്പൊഴിയിൽ ഗാന രചനയും ,സംഗീതവും ,സംവിധാനവും നിർവ്വഹിച്ച സമ്പൂർണ്ണമായി യു.കെയിൽ ചിത്രീകരിച്ച ഒരു മുഴുനീള മലയാള സിനിമയായിരുന്നു ബിലാത്തി പ്രണയം ... !

ഈയിടെ ഇദ്ദേഹത്തിന്റെ പുറത്തിറങ്ങിയ ഒരു നല്ല ഷോർട്ട് ഫിലിമാണ്  കൊമ്പൻ വൈറസ് .
 
ധാരാളം ഭാവ  ഗാനങ്ങളും , സ്കിറ്റുകളും ,ലേഖനങ്ങളും ,അനുഭവാവിഷ്കാരങ്ങളുമൊക്കെ എഴുതുന്ന കനേഷ്യസ്   ദി വോയ്‌സ് ഓഫ് മലയാളി ആർട്ടിസ്റ്റ് ഗ്രൂപ്പിന്റെ  അധിപൻ കൂടിയാണ്.
ഒപ്പം മെട്രോ മലയാളം ടി.വി യുടെ  സാരഥികളിൽ ഒരാൾ കൂടിയാണ്  ...

വെബ് സൈറ്റ് :- http://metromalayalamnews.tv/



സന്തോഷ്‌ റോയ്‌  പള്ളിക്കതയിൽ 


കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിൽ  ജനിച്ചു വളർന്ന സന്തോഷ്‌ സന്തോഷ് റോയ് പള്ളിക്കതയിൽ   യു കെ യിലെ യോർക്ക്ഷെയറിലെ ലീഡ്സ്‌ പട്ടണത്തിലാണു ഇപ്പോൾ താമസം.
പുസ്തക വായന പണ്ടെ ഇഷ്ടമായിരുന്ന  സന്തോഷ് റോയ് , സാമൂഹ്യ മാദ്ധ്യമങ്ങളുടെ വരവോടെ പണ്ടെന്നോ , ഉറങ്ങിക്കിടന്ന സാഹിത്യ അഭിരുചികൾ പുറത്തേക്ക്‌ ഒഴുകുവാൻ തുടങ്ങി.

സ്കൂൾ പഠന കാലത്തെ ഒരു സ്കൂൾ യൂത്ത്‌ ഫെസ്റ്റിവലിനു കഥാരചനയിൽ ഒന്നാം സ്ഥാനം കിട്ടിയ ആകെയുള്ള പ്രചോദനത്തിന്റെ അടിസ്ഥാനത്തിൽ ഫേസ്ബുക്കിൽ സജീവമായതിനു ശേഷം, 'താളിയോല' എന്ന് അറിയപ്പെടുന്ന ഒരു ഫേസ്ബുക്ക്‌ സാഹിത്യ ഗ്രൂപ്പ്‌ പ്രസിദ്ധീകരിച്ച നൂറു ചെറുകഥകൾ അടങ്ങിയ ചെറുകഥാ സമാഹാരത്തിൽ  എഴുതിയ 'വേനലിൽ ഒരു പ്രണയം' എന്ന കഥ ഉൾപ്പെടുത്തിയിരുന്നു .
പിന്നെ 'താളം' എന്ന ഒരു താരാട്ടു കവിത, വിരഹം എന്നീ കവിതകൾ ശ്രദ്ധയാകർഷിച്ച  കവിതകളാണ് .
ചില ഹൈക്കു  കവിതകളും ഇടയ്ക്ക്‌ എഴുതിയിട്ടുണ്ട്‌. യാത്രകൾ  ഏറെ ഇഷ്ടമായതിനാൽ  ചില യാത്രാവിവരണങ്ങളും , ധാരാളം ലേഖനങ്ങളും ഇപ്പോൾ സന്തോഷ് എഴുതി വരുന്നു...


സാബു ജോസ്

രണ്ടായിരത്തി ആറു മുതൽ യു.കെ.യിൽ കുടുംബസമേതം
വസിക്കുന്ന സാബു ജോസ് ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ
സജീവമാണ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന "കല" സാംസ്കാരിക സംഘടനയുടെ പ്രസിദ്ധീകരണമായ പാംലീഫിൽ ചെറുകഥ എഴുതിയിട്ടുണ്ട്. ലണ്ടൻ മലയാള സാഹിത്യവേദി രണ്ടായിരത്തി പത്തിൽ നടത്തിയ സാഹിത്യ രചനാമത്സരത്തിൽ കഥാവിഭാഗത്തിൽ  രണ്ടാം സ്ഥാനം നേടി.
കോട്ടയം ജില്ലയിൽ കുറുമുള്ളൂർ എന്ന കൊച്ചുഗ്രാമമാണ് ജന്മദേശം. കുറുമുള്ളൂർ സെന്റ് തോമസ് യു.പി. സ്‌കൂൾ, കൈപ്പുഴ സെന്റ് ജോർജ്ജ് ഹൈസ്‌കൂൾ, റസ്സൽ ഇൻസ്റ്റിറ്റ്യൂട്ട് നീണ്ടൂർ  ഗവ:കോളജ് കോട്ടയം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
ഒണം തുരുത്ത് ഗോപകുമാറിന്റെ ശിക്ഷണത്തിൽ ഗിറ്റാറിൽ (കർണാടിക്) പ്രാഥമിക പരിശീലനം നേടി. തുടർന്ന് കോട്ടയത്ത് ഒമാക്സ് സ്‌കൂൾ ഓഫ് മ്യൂസിക്കിൽ പ്രശസ്ത സംഗീതസംവിധായകൻ ഏ.ജെ. ജോസഫിന്റെ ശിക്ഷണത്തിൽ ഗിറ്റാർ (വെസ്റ്റേൺ) പരിശീലിച്ചു. ചർച്ച് കൊയറിലൂടെ സംഗീതരംഗത്ത് പ്രവേശിച്ചു. അറിയപ്പെടുന്ന ഗാനമേള ട്രൂപ്പുകളിൽ ഗിറ്റാറിസ്റ്റായി സഹകരിച്ചിട്ടുണ്ട്.  
ദീപിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം (ഡിജാം) കോഴ്‌സിൽ നിന്നും ജേർണലിസം ഡിപ്ലോമ നേടി.  കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കുന്ന ക്നാനായ സമുദായ മുഖപത്രമായ അപ്നാദേശിൽ ന്യൂസ് എഡിറ്ററായും  പ്രവർത്തിച്ചു.
ലെസ്റ്ററിൽ "സാബൂസ് സ്‌കൂൾ ഓഫ് മ്യൂസിക്" എന്ന പേരിൽ കുട്ടികൾക്ക് സംഗീതോപകരണങ്ങളിൽ പരിശീലനം നൽകുന്ന സ്ഥാപനം നടത്തുന്നു.
"ലെസ്റ്റർ ലൈവ് കലാ സമിതി" എന്ന പേരിൽ ലൈവ് മ്യൂസിക്കിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കലാകാരന്മാരെയും കലാകാരികളെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സമിതിയിൽ സമാന മനസ്കരായ ഒട്ടേറെ കലാകാരൻമാർ പിന്തുണയുമായി കൂടെയുണ്ട്.
സാബുവിന്  കലാസാഹിത്യസ്‌നേഹി എന്ന പേരിൽ ഒരു ബ്ലോഗുമുണ്ട്. 
ഭാര്യ: ബിനി, മക്കൾ: ശ്രുതി, ശ്രേയ....


ബൈജു വർക്കി തിട്ടാല

കോട്ടയത്തുനിന്നും ഡൽഹിയിൽ തൊഴിൽ
ജീവിതം നയിച്ച്  യു.കെ - യിലുള്ള കേംബ്രിഡ്ജിൽ വന്നു  താമസിക്കുന്ന ബൈജു വർക്കി തിട്ടാലയെന്ന  ഈ ലോയർ ഇവിടെ വന്ന ശേഷം നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി ക്രിമിനൽ ലോയറായി  ജോലി നോക്കുന്നു .
ഒപ്പം എഴുത്തിന്റെ മേഖലകളിലും , സാമൂഹ്യ പ്രവർത്തന രംഗത്തും , രാഷ്ട്രീയ നിരീക്ഷണത്തിലും എന്നും മികവ് പുലർത്തി കൊണ്ടിരിക്കുന്ന ഒരു കലാ സാഹിത്യ  വല്ലഭനായ നിരീക്ഷകനാണ് .
വിജ്ഞാന പ്രദമായ പല യു.കെ തൊഴിൽ നിയമ വശങ്ങളെ കുറിച്ചും  ധാരാളം  ലേഖനങ്ങൾ മലയാളികൾക്ക് വേണ്ടി നമ്മുടെ ഭാഷയിൽ ഇവിടത്തെ പല മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിച്ചു വരാറുണ്ട് .
ഇപ്പോൾ ആയതിനെ കുറിച്ചെല്ലാം കൂട്ടി ച്ചേർത്ത് 'സൂര്യനസ്തിമാക്കാത്ത രാജ്യത്തിലെ  നിയമാവകാശങ്ങൾ  ' എന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കുവാൻ പോകുകയാണ് .
യു.കെ യിലുള്ള മലയാളികളടക്കം ഏവർക്കും സാമൂഹ്യ നീതികൾ നടപ്പാക്കുവാൻ വേണ്ടി രാജ്യം മുഴുവൻ സഞ്ചരിച്ചു  ,  സേവനങ്ങൾ ചെയ്യുന്ന ഇദ്ദേഹം എല്ലാ മലയാളികൾക്കും ഒരു മാതൃക തന്നെയണ്...


ഹരി കുമാർ
 
തിരുവനന്തപുറത്തുനിന്നും ലണ്ടനിൽ വന്ന് താമസിക്കുന്ന ഹരി എന്ന്  വിളിക്കപ്പെടുന്ന ഹരികുമാർ  വളരെയധികം തത്വചിന്താപരമായ  ലേഖനങ്ങൾ എല്ലായിടത്തും  എഴുതിയിടുന്ന യുവ എഴുത്തുകാരനാണ് . 
'പ്രപഞ്ചം എന്ന സർവ്വകശാലയിൽ  ജീവിതമെന്ന വിഷയത്തെ കുറിച്ച് പഠിച്ചുകൊണ്ടിരുക്കുന്ന കേവലമൊരു വിദ്യാർത്ഥിയാണ് താൻ 'എന്നാണ്  ഹരി  സ്വയം പറയുക ..
'സുഖത്തിലും ദുഃഖത്തിലും ഒരു പോലെ ജീവിതത്തെ നയിച്ചു കൊണ്ടു പോവുകയും, ജീവിതം ആനന്ദകരമാക്കേണ്ട ഉത്തരവാദിത്വം അവനവനുള്ളതാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന, ഇന്നും എന്നും ജീവിതത്തെ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥി. 
ഹരിക്ക് എന്റെ കുത്തികുറിപ്പുകൾ എന്ന ബ്ലോഗും ഉണ്ട് . 

ഒപ്പം 'മാനവ സേവ മാധവ സേവ'  എന്ന ഒരു സേവന പ്രസ്ഥാനവും ഹരിയുടെ മുഖപുസ്തക കൂട്ടായ്മയിൽ നടത്തി വരുന്നു , ആയതിലെ ചാരിറ്റിയിൽ നിന്നും കിട്ടുന്ന തുകകൾ മുഴുവൻ , അനേകർക്ക് ചാരിറ്റിയായി ധാരാളം സഹായങ്ങൾ ഇവർ ചെയ്തു  വരുന്നുണ്ട് ....

എല്ലാത്തിലും ഉപരി ഹരികുമാർ നല്ലൊരു വ്ലോഗർ കൂടിയാണ് .ഒരു യൂട്യൂബ് വ്ലോഗർ  കൂടിയായ ഇദ്ദേഹത്തിന്റെ 
വ്ലോഗുകൾ  :-  London Savaari World 
and 


ജോർജ്ജ് അറങ്ങാശ്ശേരി 

ത്യശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്നും സ്കോട്ട്ലണ്ടിലെ അർബദീനിൽ
താമസിക്കുന്ന ജോർജ്ജ് അറങ്ങാശ്ശേരി മഹാരാജാസ് കോളേജിൽ നിന്നും മലയാളം ബിരുദം എടുത്ത ശേഷം സൗദിയിലും , കുവൈറ്റിലും നീണ്ട കാലം
പ്രവാസിയായിരുന്നു. ധാരാളം വായനയുള്ള സാഹിത്യത്തെ കുറിച്ച് നല്ല അറിവുള്ള ജോർജ്ജ് അറങ്ങാശ്ശേരി ധാരാളം കഥകളും, കവിതകളും പ്രവാസ രാജ്യങ്ങളിലെ പല മലയാളം പതിപ്പുകളിൽ എഴുതിയിടാറുണ്ടായിരുന്നു . മലയാളത്തിൽ ഇദ്ദേഹത്തിന് ഒരു ബ്ളോഗും ഉണ്ട് .
കലാ കൗമുദിയുടെ കഥ വാരികയിലും, ജനയുഗത്തിലുമൊക്കെ കഥകൾ വന്നിട്ടുണ്ട്.
ആദ്യം പുറത്തിറങ്ങിയ പുസ്തകം 'വൃത്തിയാവാത്ത മുറി ' എന്ന കഥാസമാഹാരമാണ്. അടുത്ത് ഒരു പുസ്തകം കൂടി ഇറങ്ങുവാൻ പോകുന്നു...


രാജേന്ദ്ര പണിക്കർ .എൻ .ജി

 കുട്ടനാട്ടിലെ തെക്കേക്കരയില്‍  24 വര്‍ഷങ്ങളായി അദ്ധ്യാപനത്തിനുശേഷം ,
കഴിഞ്ഞ  22 വര്‍ഷത്തോളമായി പ്രവാസി ആയി കഴിയുന്ന രാജേന്ദ്ര പണിക്കർ ,
ഇപ്പോള്‍ ഇംഗ്ലണ്ടിലെ ലീഡ്സ് എന്ന സ്ഥലത്ത് ഒരു സ്പെഷ്യല്‍ നീഡ്‌ കോളേജില് ജോലിനോക്കുന്നു.
ഇതിനു മുന്‍പ് പത്തു വര്‍ഷക്കാലം മാലിദ്വീപില്‍ സര്‍ക്കാര്‍ അദ്ധ്യാപകാനും,
സൂപ്പര്‍വൈസറും ആയി സേവനം
അനുഷ്ടിച്ചിരുന്നു.
തൊണ്ണൂറിന്‍റെ ആദ്യ പകുതികളിൽ ഒന്‍പതു കഥകള്‍ ആകാശവാണി (തിരുവനന്തപുരം നിലയം) പ്രക്ഷേപണം ചെയ്തിരുന്നു.
അക്കാലത്ത്, ചില കഥകള്‍ ' കേരള കൗമുദി' 'കഥ' 'മലയാള മനോരമ' തുടങ്ങിയവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അവതാരികയോടുകൂടി
"അഭിരാമി പിറക്കുന്നതും കാത്ത്' എന്ന ചെറു കഥാ സമാഹാരമാണ് ആദ്യ പ്രസിദ്ധീകരണ പുസ്തകം .
കഴിഞ്ഞ കുറേക്കാലങ്ങളായി എഴുത്തും വായനയും കൈവിട്ടുപോയി തുടങ്ങിയ ഇദ്ദേഹം , ഇപ്പോൾ  ഫെയിസ് ബുക്ക്‌ എന്ന മീഡിയിലൂടെ ഒരു തിരിച്ചുവരല്‍ പ്രതീക്ഷിച്ചുകൊണ്ട്  എഴുത്തിൽ വളരെ സജീവമായി മുന്നേറി കൊണ്ടിരിക്കുകയാണ്  ...


അജിമോൻ എടക്കര 


ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും വന്നിട്ട് ഗ്ളോസ്റ്ററിൽ താമസിക്കുന്ന അജിമോൻ എടക്കര സ്കൂൾ കോളേജ് തലങ്ങൾ മുതൽ നർമ്മ ഭാവനകൾ, സമകാലീന സംഭവങ്ങളെ അധികരിച്ച്  ലേഖനങ്ങളും മറ്റും എഴുതിവരുന്ന ആളാണ് .
'ബ്രിട്ടീഷ് മലയാളി' ഓൺ ലൈൻ പത്രത്തിലെ ലേഖകൻ  കം അസിസ്റ്റന്റ് എഡിറ്റർ പട്ടവും അലങ്കരിച്ചിട്ടുണ്ട് .'ഫോബ്മ' എന്ന മലയാളി യു.കെയിലെ ദേശീയ സംഘടനയുടെ സ്ഥാപക സെക്രട്ടറിയും ഇദ്ദേഹമായിരുന്നു . 
ഇപ്പോൾ  ബ്രിസ്റ്റോൾ സിറ്റി കൗൺസിലിന്റെ കീഴിലുള്ള ഒരു Community Interest Company (CIC) യിൽ ഫിനാൻസ്‌ മാനേജർ ആയി ജോലി ചെയ്യുന്ന അജിമോൻ  മലയാളി കുട്ടികളെ മലയാളഭാഷ പഠിപ്പിക്കുക എന്നൊരു കർമ്മവും ചെയ്ത് വരുന്നു .
പോർട്ട്സ്മൗത്തിലെ വസതിയിൽ ഒറ്റയ്ക്ക്‌ നടത്തിയിരുന്ന മലയാളം ക്ലാസ്സുകളിൽ അറുപതിലധികം കുട്ടികൾ മലയാളം പഠിച്ചിറങ്ങിയിട്ടുണ്ട്‌.  യൂക്കെയിൽ അങ്ങോളമിങ്ങോളം ഫോബ്മയുടെ നേതൃത്വത്തിൽ സ്ഥാപിതമായ സപ്ലിമെന്ററി സ്കൂളുകൾ പിന്തുടരുന്നത്‌ നാട്ടിലെ ഒന്നു മുതൽ നാലു വരെയുള്ള മലയാള പാഠപുസ്തകങ്ങൾ സംഗ്രഹിച്ച്‌ അജിമോൻ  നിർമ്മിച്ച സിലബസ്‌
ആണ് . ഇതനുസരിച്ചു ആഴ്ചയിൽ രണ്ട്‌ മണിക്കൂർ മാത്രം ചിലവിട്ട്‌ ആറു മാസം കൊണ്ട് മലയാളം നന്നായി യി എഴുതാനും വായിക്കുവാനും കുട്ടികൾക്ക്‌ കഴിയും.
ചെറുപ്പം മുതൽ ഇന്നും കൂടെയുള്ള  വായനാ ശീലവും , മലയാള ഭാഷയോടുള്ള സ്നേഹവും , സാമൂഹ്യ പ്രവർത്തനവുമൊക്കെയായി യു.കെ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന അജിമോൻ നല്ലൊരു എഴുത്തുകാരൻ കൂടിയാണ് ...


കാളിയമ്പി


കൊല്ലം ജില്ലയിൽ നിന്നും കൊല്ലങ്ങൾക്ക് മുമ്പ്‌ യു.കെ.യിലെത്തി ആരോഗ്യരംഗത്ത് ഗവേഷണ വിഭാഗത്തിൽ ജോലി ചെയ്യുന്ന  കാളിയമ്പി  എന്ന പേരിൽ എഴുതുന്ന മധുവാണ്  ആംഗലേയ ദേശത്തുനിന്നുണ്ടായ പ്രഥമ മലയാളം ബ്ലോഗർ .
മധു  2006 ൽ  തുടങ്ങിയ ബ്ലോഗായിരുന്ന കാളിയമ്പി യാണ് ആംഗലേയ ദേശത്തു നിന്നുണ്ടായ പ്രഥമ മലയാളം ബ്ലോഗ് . പിന്നെ ഈ വല്ലഭൻ തുടങ്ങിയ അഭിഭാഷണം എന്ന ബ്ലോഗിൽ കൂടി വിജ്ഞാനപ്രദമായ പല കാര്യങ്ങളും കാളിയമ്പി  പങ്കുവെച്ചിരുന്നു .
ഇതിനു മുന്നെയുണ്ടായിരുന്ന  മധുവിന്റെ ബ്ലോഗ്ഗായ 'കാളിയമ്പി യിൽ  കൂടി '.വ്യക്തവും സ്പുടവുമായ ഭാഷയിൽ കൂടി പുരാണങ്ങളും , ഇതിഹാസങ്ങളും , ചരിത്രസത്യങ്ങളും കൂട്ടി കലർത്തി യുള്ള കാളിയമ്പിയുടെ  ബ്ലോഗ് പോസ്റ്റുകൾക്ക് എന്നും വായനക്കാർ ഏറെയായിരുന്നു .
നാട്ടിലെ പല മാധ്യങ്ങളിലും ഇദ്ദേഹത്തിന്റെ ലേഖനങ്ങൾ വന്നിട്ടുണ്ട് . യു.കെയുടെ പല ഭാഗങ്ങളിലായി ജോലി ചെയ്ത്  വരുന്ന മധു ഇപ്പോൾ സ്കോട്ട് ലാൻഡിലാണ് ...

സജീഷ് ടോം 

കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് സ്വദേശിയായ സജീഷ് ടോം ,ചെമ്പിനെ പോലെ തന്നെ നല്ല ഈടുറ്റ , തിളക്കമാർജ്ജിച്ച ,വളരെ ഫ്‌ളെക്‌സിബ് ളായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കലാസാഹിത്യ സാമൂഹ്യ പ്രവർത്തകനാണ് .
എഴുത്തുകാരനും സംഘാടകനുമായ ബേസിംഗ്‌സ്‌റ്റോക്കിൽ താമസിക്കുന്ന സജീഷ് ടോം   നല്ലൊരു കവി കൂടിയാണ് , യു.കെയിൽ നിന്നിറങ്ങുന്ന പ്രവാസി കഫെയുടെ  അഡ്മിനിസ്ട്രേറ്റർ  കൂടിയാണ് സൗമ്യനും ,കവിയുമായ സജീഷ് . 
യു,കെയിലെ മലയാളി സംഘടനകളായ യുക്മയുടെ  മുഖ്യ കാര്യദർശി  ,ബേസിങ് സ്റ്റോക്ക് മൾട്ടികൾച്ചറൽ ഫോറത്തിന്റെ ഖജാൻജി എന്നീ സ്ഥാനമാനങ്ങൾ അലങ്കരിച്ച നല്ലൊരു ലീഡർഷിപ്പ് ക്വളിറ്റിയുള്ള സാമൂഹ്യ പ്രവർത്തകൻ കൂടിയാണ് സജീഷ് ടോം ...


ഷാഫി ഷംസുദ്ദീൻ

കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിയായ ഇപ്പോൾ
ലണ്ടനിലെ ക്രോയ്ഡനിലുള്ള ഷാഫി ഷംസുദ്ദീൻ നല്ലൊരു വായനക്കാരനും , സാഹിത്യ കലാ സ്നേഹിയുമാണ് . കോളേജിൽ പഠിക്കുമ്പോൾ മാഗസിൻ എഡിറ്ററായിരുന്നു . ഷാഫി ധാരാളം സിനിമ ക്രിട്ടിക് ലേഖനങ്ങൾ എഴുതിയിട്ടുണ്ട് .
തനിയൊരു  സിനിമ സ്‌നേഹി കൂടിയായ ഷാഫി യുടെ ഇഷ്ട്ട എഴുത്തുകൾ തിരക്കഥ രചനകളാണ് .
"സമ്മർ ഇൻ ബ്രിട്ടനും' ,  "ഓർമകളിൽ സെലിനും'  ശേഷം സാമൂഹിക ജീവിതത്തിൽ ഏവരും സ്വന്തം ജീവിതം അത്യുന്നതങ്ങളിൽ എത്തിക്കുവാൻ വേണ്ടി പായുമ്പോൾ , അവരറിയാതെ എത്തിപ്പിടിക്കുന്ന ഒരു ഉന്മാദ രോഗമാണ് വിഷാദം - ഇതിനെ കുറിച്ച് രചനയും സംവിധാനവും നിർവ്വഹിച്ച ഷാഫി ഷംസുദ്ദീൻറെ  ഒരു ചെറിയ ചിത്രമാണ് Until Four.


തോമസ് പുത്തിരി 

തൃശ്ശൂർ ജില്ലയിലെ വേലൂരിൽ നിന്നും റെഡിങ്ങിൽ താമസിക്കുന്ന
ജേർണലിസ്റ് കൂടിയായ തോമസ് പുത്തിരി നല്ലൊരു സാമൂഹ്യ ബോധവൽക്കരണം നടത്തുന്ന എഴുത്തുകാരനാണ്.
നാട്ടിലെ ഒട്ടുമിക്ക മാദ്ധ്യമങ്ങളിലും യു . കെ യിലെ വാർത്തകൾ പങ്കുവെക്കുന്ന ഇദ്ദേഹത്തിന്റ എം. എ. ബേബി ആമുഖമെഴുതി ബിനോയ്‌ വിശ്വം അവതാരിക എഴുതിയ 'ആത്മപ്രകാശനം ' എന്ന പുസ്തകം ധാരാളം പേർ വായിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തിയ ഒന്നാണ്. ബ്രിട്ടീഷ്  മലായാളിയിൽ സ്ഥിരം ലേഖനങ്ങൾ എഴുതിയിരുന്നു .'ഫോബ്മ' എന്ന മലയാളികളുടെ  യു.കെയിലെ ദേശീയ സംഘടനയിലെ ഭാരവാഹി കൂടിയായിരുന്നു തോമസ് പുത്തിരി ...

സിജോ ജോർജ്ജ് 

കണ്ണൂരിലെ  പയ്യന്നൂരിൽ നിന്നും എത്തി എസ്സെക്സിലെ  ബാസില്ഡനിൽ താമസിക്കുന്ന സിജോ ജോർജ്ജ്   പണ്ടെല്ലാം സോഷ്യൽ മീഡിയയയിലെ ഗൂഗിൾ പ്ലസ്സിലും മറ്റും എഴുത്തിന്റെ ഒരു താരം തന്നെയായിരുന്നു . വളരെ നോസ്ടാല്ജിക്കായും  , നർമ്മവും കലർത്തി എഴുതുവാനുള്ള സിജോവിന്റെ കഴിവ് ഒന്ന് വേറെ തന്നെയാണ് .
നല്ലൊരു വരക്കാരനും , ആർട്ടിസ്റ്റും കൂടിയായ സിജോ ഇപ്പോൾ ഒരു ഗ്രാഫിക് ഡിസൈനാറായി ജോലി നോക്കുന്നു . നൊസ്റ്റാൾജിയ എന്ന അസുഖമുള്ളത് കൊണ്ടും, ജോലിയിൽ കാര്യമായൊന്നും ചെയ്യാനില്ലാത്തതുകൊണ്ടുമാണ് സിജോ സോഷ്യൽ മീഡിയയിൽ അഭിരമിക്കുന്നത് എന്നാണ് സ്വയം പറയാറ് , ഒപ്പം ഈ എഴുത്തു വല്ലഭന്  അരയന്നങ്ങളുടെ വീട്ടിൽ നിന്നും   എന്ന പേരുള്ള ഒരു ബ്ലോഗും ഉണ്ട് ...


ജോഷി പുലിക്കൂട്ടിൽ

കോട്ടയത്തുള്ള ഉഴവൂരിൽ നിന്നും യു കെ യിലെത്തിയ കവിതകളേയും, പാട്ടുകളേയും എന്നും
സ്നേഹിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടനിലെ പോർട്ട്സ്മൌത്തിലുള്ള ജോഷി പുലിക്കൂട്ടിൽ  കവിതകളുടെ ഒരു ആരാധകനും ,  മലയാളം കവിതകൾ എന്ന കവിതാ ബ്ലോഗിന്റെ ഉടമയും  കൂടിയാണ് . ബ്രിട്ടനിലെയും ,അമേരിക്കയിലെയും പല മലയാളം മാദ്ധ്യങ്ങളിലും  ജോഷിയുടെ എഴുത്തുകൾ  കാണാറുണ്ട് .ഒപ്പം അനുഭവ കഥകളടക്കം ധാരാളം കഥകളും, ലേഖനങ്ങളും എഴുതാറുള്ള ജോഷി യു. കെ മലയാളം ബ്ലോഗ് കൂട്ടായ്മയായ 'ബിലാത്തി ബൂലോകർ സഖ്യ'ത്തിലും അംഗമാണ്.



ജോയ് ജോസഫ് ( ജോയിപ്പാൻ )

യു.കെയിലെ വേളൂർ കൃഷ്ണന്‍കുട്ടി എന്നറിയപ്പെടുന്ന, മാഞ്ചസ്റ്ററിലുള്ള നർമ്മകഥാകാരനാണ് ജോയിപ്പൻ എന്നറിയപ്പെടുന്ന ജോയ് ജോസഫ്   ഒരു നർമ്മ കഥകാരനാണ് .ഇദ്ദേഹത്തിന് ജോയിപ്പാൻ കഥകൾ എന്നൊരു ബ്ലോഗ്ഗും ഉണ്ട് ). ഇദ്ദേഹം മൂന്നാല് നർമ്മ നോവലുകളും എഴുതിയിട്ടുണ്ട് സായിപ്പിന്റെ മൊബൈയിൽ തമാശകളിൽ പോലും ജോയിപ്പന്റെ വിറ്റുകൾ കയറി കൂടിയിട്ടുണ്ട്...

മനോജ് മാത്യു


ഇവിടെ മിഡിൽസ്‌ബ്രോവിലുള്ള കഥകളും ലേഖനങ്ങളും എഴുതുന്ന  മനോജ് മാത്യു എന്ന മുണ്ടക്കയംകാരൻ ആത്മാവിന്റെ പുസ്തകം എന്നൊരു ബ്ലോഗുടമയാണ് . മനോജ് മാത്യു സ്വയം പറയുന്നത് നോക്കൂ .. ഞാൻ ഒരു പാവം അഭയാര്‍ഥി.എന്നും യാത്രയായിരുന്നു - ബാംഗ്ലൂര്‍,ചെന്നൈ, ബഹ്‌റൈന്‍ വഴി ഇപ്പോള്‍ യു.കെയിലെത്തിനില്‍ക്കുന്നു. ജീവിതമെന്ന മഹാ വിസ്മയത്തിനു മുന്‍പില്‍ ഇന്നും പകച്ചുനില്‍ക്കുന്ന ഒരു മുറിഞ്ഞപുഴക്കാരന്‍...



 അലക്സ് ജോൺ

തൃശൂരിലെ കൊടുങ്ങല്ലൂരിൽ നിന്നും വന്ന് ലണ്ടനിൽ താമസിക്കുന്ന അലക്സ് ജോൺ ധാരാളം
കഥകളും ,കവിതകളും എഴുതിയിട്ടുള്ള നല്ലൊരു വായനക്കാരൻ കൂടിയായ സാഹിത്യ സ്നേഹിയാണ് .നാട്ടിലെ എല്ലാവിധ കലാ സാഹിത്യക്കൂട്ടായ്മകളിലും  പങ്കാളിയായിരുന്നു അലക്സ് . അന്നൊക്കെ വീക്ഷണം വാരാന്ത്യപതിപ്പിലും ,കേരള ടൈമ്സ്സിലും സ്ഥിരമായി കഥകളും,കവിതകളും എഴുതിയിടാറുണ്ടായിരുന്ന ഇദ്ദേഹം നാട്ടിലെ ഒട്ടുമിക്ക കവിയരങ്ങുകളിലും തന്റെ കവിതകൾ ചൊല്ലിയാടാറുണ്ടായിരുന്നു .
ചൊൽക്കവിതയുടെ ഒരാശാൻ  കൂടിയാണ് അലക്സ് ജോൺ .ഇദ്ദേഹത്തിന്റെ വീട്ടിൽ ഒരു ബൃഹത്തായ പുസ്തക ശേഖരവും അലക്സ് കാത്ത് സൂക്ഷിക്കുന്നുണ്ട് ...


സമദ് ഇരുമ്പഴി 

മലപ്പുറം ജില്ലയിലെ മഞ്ചേരിയിലുള്ള നിയമത്തിലും , കൃമിനോളജിയിലും ബിരുദം നേടിയ സമദ് ഇരുമ്പഴി ഇപ്പോൾ യു.കെ- യിലെ കൊവെൻട്രിയിൽ നിന്നും  'എ.പി.പി ' സ്ഥാനം ഏറ്റെടുക്കുവാൻ നാട്ടിലേക്ക് സ്‌കൂട്ടായി പബ്ലിക് പ്രോസിക്യൂട്ടറായി ജോലി ചെയ്യുകയാണ് .
നിയമ വശങ്ങളെ കുറിച്ചും , ചരിത്ര സംഭവങ്ങളെക്കുറിച്ചുമെല്ലാം ധാരാളം സമദ് വക്കീൽ   എല്ലായിടത്തും അനീതികൾക്കെതിരെ തന്റെ എഴുത്തിലൂടെയും , നേരിട്ടും പോരാടി കൊണ്ടിരിക്കുന്ന വ്യക്തിത്വത്തിനുടമയും , ഒപ്പം തന്നെ അസ്സലൊരു മജീഷ്യനും , പ്രഭാഷകനും കൂടിയാണ് ഈ സകലകലാവല്ലഭൻ .
സാമൂഹ്യ പ്രവർത്തകനായ ഇദ്ദേഹം ധാരാളം ലേഖനങ്ങൾ മാദ്ധ്യമങ്ങളിൽ എന്നുമെന്നോണം എഴുതാറുണ്ട് ... 

സുല്ല് ..സുല്ല് ...

ഒരാളെ കൂടി പരിചപ്പെടുത്തി 
ഈ കുറിപ്പുകൾ അവസാനിപ്പിക്കാം ...

ലണ്ടനിലെ ഒരു മണ്ടൻ 

തനി തൃശൂർക്കാരനായ ഒരുവൻ കാൽ നൂറ്റാണ്ട് മുമ്പ് നാട്ടിലെ 
വായനശാല കൈയെഴുത്ത് പതിപ്പുകളിലും , കോളേജ് മാഗസിനുകളിലും , 
പൂരം സുവനീയറുകളിലും , മാതൃഭൂമി ബാലപംക്തി , എക്സ്പ്രസ് പത്രത്തിന്റെ 
വരാന്ത പതിപ്പ് എന്നീ മാദ്ധ്യമങ്ങളിൽ വൃത്തവും , പ്രാസവും ചേർത്ത കവിതകളും , 
പ്രണയ കഥകളുമൊക്കെ എഴുതി , സാഹിത്യ അക്കാദമിയുടെയും മറ്റും ഉമ്മറത്തുള്ള സകലമാന പരിപാടികളിലും പങ്കെടുത്തും , തെരുവ് നാടകങ്ങൾ കളിച്ച് , ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാ ജാഥകളിൽ അണിചേർന്ന് നാട്ടിൽ ബുദ്ധിജീവി പട്ടം വരുത്തുവാൻ  ജുബ്ബയും , കാലൻ കുടയുമൊക്കെയായി നടന്നിരുന്നവൻ ധാരാളം വായിച്ചു  തുടങ്ങിയപ്പോൾ , തന്റെ കഥകളിലെ  കഥയില്ലായ്മയും , കവിതകളിലെ  കവിത ഇല്ലായ്മയുമൊക്കെ കണ്ട് ,
ആയ പരിപാടികളെല്ലാം   സ്വയം നിറുത്തി വെച്ച് , പിന്നീട് പന്തടിച്ച പോലെ ബിലാത്തിയിൽ വന്ന് , ലണ്ടനിലെ ഒരു മണ്ടനായി തീർന്നു ...! 

പിന്നീട് പല    മണ്ടത്തരങ്ങളെല്ലാം 
കൂട്ടിപ്പറുക്കി എഴുതിയിട്ട് ഒരു ബ്ലോഗ് തുടങ്ങി വെച്ചു . 
ആയതിന് 'ബിലാത്തി പട്ടണം' എന്ന പേരും ഇട്ടു .  അന്ന് മുതൽ 
ഇന്ന് വരെ വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന പോലെ എഴുതി 
കൂട്ടുന്ന  ഈ 'ബിലാത്തി പട്ടണത്തിൽ' ലണ്ടനിലെ തനിയൊരു  മണ്ടനായി 
എഴുതുന്നവനാണ്  ഈ സാക്ഷാൽ മുരളീ  മുകുന്ദൻ  ...

ഈ ആർട്ടിക്കിൾ 'ബിലാത്തി പട്ടണം ബ്ലോഗിന്റെ
ഒന്പതാം വാർഷിക കുറിപ്പുകളാണ് കേട്ടോ കൂട്ടരേ 

ഇനിയും ധാരാളം ബിലാത്തി എഴുത്തുകാരെ പരിചയപ്പെടുത്താനുണ്ട് .
kattankaappi.com -ൽ അവരുടെ പ്രൊഫൈൽ കിട്ടുന്നന്നതിനനുസരിച്ച് 
അവരെയൊക്കെ ഇതുപോലെ ഇവിടെ അപ്‌ഡേറ്റ് ചെയ്യുന്നന്നതായിരിക്കും ....






വിഭാഗം 
ആംഗലേയ നാട്ടിലെ മലയാളം കലാസാഹിത്യ കുതുകികൾ (ഭാഗം : രണ്ട് )


ഒന്നാം ഭാഗം :-
ആംഗലേയനാട്ടിലെ മലയാളം സാഹിത്യ കുതുകികൾ ...!

രണ്ടാം ഭാഗം :-
ആംഗലേയ നാട്ടിലെ ഭാഷാ സ്നേഹികളായ മല്ലു വല്ലഭൻ ...!

മൂന്നാം  ഭാഗം : -






കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...