Showing posts with label ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 3. Show all posts
Showing posts with label ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 3. Show all posts

Tuesday 10 August 2021

ശതവാർഷികം പിന്നിട്ട ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 3 ...! / Shathavarshikam Pinnitta Aamgaleya Nattile Malayalatthinte Naalvazhikal - Part - 3 ...!

 ആംഗ്ലേയ നാട്ടിലെ നൂറ് വർഷം പിന്നിടുന്ന 

മലയാളി എഴുത്തിന്റെ നാൾവഴികൾ  -  ഭാഗം മൂന്ന് 

ആംഗ്ലേയ നാടുകളിലേക്ക് ഈ ഡിജിറ്റൽ നൂറ്റാന്റിന്റെ 
തുടക്കം മുതൽ ജോലിക്ക് വേണ്ടിയും ,  ഉന്നത വിദ്യാഭ്യാസം  
സിദ്ധിക്കുവാൻ വേണ്ടിയും ധരാളം മലയാളികൾ പ്രവാസികളായി 
എത്തിയത് മുതൽ  മലയാള ഭാഷയുടെ അലയടികൾ ഇവിടങ്ങളിൽ 
വല്ലാതെ എങ്ങും വർദ്ധിച്ചു വന്നു . 

സൈബർ ലോകത്തു കൂടി ഇവിടെയുള്ള മലയാളികളുടെ വായനയും 
എഴുത്തും വികസിച്ചുവന്നപ്പോൾ ഈ പാശ്ചാത്യ നാട്ടിൽ നിന്നും ഉടലെടുത്ത 
ധാരാളം നവമാദ്ധ്യമ തട്ടകങ്ങൾ വഴി ആഗോളതലത്തിൽ ആംഗലേയ നാട്ടിലുള്ള മലയാളികളുടെ എഴുത്തുകളും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി .

ഇവരിൽ ചിലരൊക്കെ ഡെസ്ക് ടോപ്പിൽ നിന്നും ഇറങ്ങി വന്ന് 
പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച്   ബുക്ക്‌ഷെൽഫുകളും കീഴടക്കിയിട്ടുണ്ട് ...

 ലിജി സെബി
എറണാകുളം ജില്ലയിലെ കാലടിയിൽ നിന്നും സറേയിൽ ഉള്ള എപ്‌സത്തിൽ താമസിക്കുന്ന   ലിജി സെബി , യു.കെയിലെ മികച്ച യുവ എഴുത്തുകാരികളിൽ ഒരുവളാണ്.  
നല്ല വായന സുഖമുള്ള ഭാഷയാൽ നല്ല കാതലുള്ള കഥകളും , അനുഭവ കുറിപ്പുകളുമൊക്കെയായി ഇന്ന് ലിജി മലയാളം എഴുത്തുലകത്ത്  വളരെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.
ഏഷ്യാനെറ്റ്   അടക്കം പല ദൃശ്യമാദ്ധ്യങ്ങളിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ലണ്ടനിലെ  പല  മലയാള സാഹിത്യ മത്സരങ്ങളിലും വിവിധ സാഹിത്യ വിഭാഗങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുള്ള ഒരു ചുള്ളത്തിയായ യുവ എഴുത്തുകാരിയാണ് ലിജി സെബി. 
ഭാവിയിൽ കഥയെഴുത്തിലും കവിത രചനയിലും മലയാള ഭാഷയിൽ നല്ലൊരു  ഇടം സിബിയെ കാത്തിരിക്കുന്നുണ്ട് ...

ജേക്കബ് കോയിപ്പള്ളി
ആലപ്പുഴക്കാരനായ ഈ ഫ്രീലാൻസ്‌ എഴുത്തുകാരനായ
ജേക്കബ് കോയിപ്പള്ളി കെന്റിലെ 'ടൺബ്രിഡ്ജ് വെൽസി'ൽ താമസിക്കുന്നു .
ശുദ്ധ മലയാളത്തിന് വേണ്ടി എന്നും പോരടിച്ചുകൊണ്ടിരിക്കുന്ന ഒരു യഥാർത്ഥ മലയാള
ഭാഷ സ്‌നേഹി കൂടിയായ , ഇന്ന് യു.കെ യിൽ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനാണ്  ഇദ്ദേഹം .
നല്ല സാമൂഹ്യ പ്രതിബദ്ധതയോടെ മുഖാമുഖം നോക്കാതെ പ്രതികരണശേഷിയിൽ കേമനായതിനാലും , ഏറ്റെടുത്ത കാര്യങ്ങൾ സമയ ക്ലിപ്തതയോടെ നടപ്പാക്കുവാനുള്ള ഊർജ്ജസ്വലത ഉള്ളതുകൊണ്ടും ഒരുവിധം യു.കെ യിൽ നടക്കുന്ന എല്ലാ വമ്പൻ മലായാളി പരിപാടികളുടേയും  മുന്നണിയിലും ,
പിന്നണിയിലും ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യം കാണാം .
ഒപ്പം തന്നെ പല വിജ്ഞാനപ്രദമായ സംഗതികളും സോഷ്യൽ മീഡിയകളിലൂടെ പങ്കുവെച്ചുകൊണ്ടിരിക്കുന്ന ,നല്ല ശബ്ദ ഗാംഭീര്യത്തോടെ പ്രഭാഷണം നടത്തുന്ന വ്യക്തിത്വത്തിനുടമ കൂടിയാണ് ഈ മാന്യ ദേഹം .
യുക്മ സാംസ്കാരികവേദിയിലെ സാഹിത്യ വിഭാഗം കൺവീനർ , 'വേൾഡ്‌ മലയാളി കൗൺസിൽ' യൂറോപ്പ്‌ റീജിയൺ ജനറൽ സെക്രട്ടറി , 'കേരളസർക്കാർ മലയാളം മിഷന്റെ' ഒരു സഹചാരി,
മുൻ അസോസിയേറ്റ്‌ എഡിറ്റർ ഓഫ് 'എൻ. ആർ .ഐ .മലയാളി' , 'ബ്രിട്ടീഷ്  പത്ര'ത്തിന്റെ എഡിറ്റർ ഇൻ ചീഫ്‌  , ബോട്ട്‌ റേസ്‌ കൺവീനർ ഓഫ് 'യുക്മ വള്ളംകളി-കേരളാപൂരം' എന്നിങ്ങനെ നിരവധി രംഗങ്ങളിലായി സേവനം അനുഷ്ഠിക്കുന്ന ജേക്കബ് കോയിപ്പള്ളി ശരിക്കും ഒരു
കലാസാഹിത്യ സാമൂഹ്യപ്രവർത്തന വല്ലഭൻ തന്നെയാണ്...

വെബ് പോർട്ടൽ :- http://www.britishpathram.com/

ജയശ്രീ ശ്യാംലാൽ 
കൊല്ലം ജില്ലയിൽ നിന്നും വന്ന് യു .കെ യിൽ സ്ഥിര താമസ മാക്കിയിരിക്കുന്ന ശ്രീമതി.ജയശ്രീ ശ്യാംലാൽ പ്രശസ്ത നാടകാചാര്യൻ ശ്രീ ഒ . മാധവന്റെ മകളും , സിനിമാനടൻ ശ്രീ മുകേഷിന്റെ സഹോദരിയുമാണ് .
ലണ്ടനിലെ ഇന്ത്യന്‍ വംശജകര്‍ക്കിടയിലെ പ്രവാസി മലയാളികളുടെ വേറിട്ടൊരു ലോകവും, വ്യവസ്ഥാപിത കുടുംബബോധത്തിന്റെ വ്യവഹാരങ്ങളെ തകര്‍ക്കുന്ന പഴമയും, പുതുമയും തമ്മിലുള്ള സംഘര്‍ഷങ്ങളും ഉള്‍പ്പെടെ ലണ്ടന്‍ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവലായ 'മാധവി'  ഈ എഴുത്തുകാരിയുടെ ആദ്യ പുസ്തകമാണ് .
മലയാളി സാന്നിദ്ധ്യം  ഏറെയുള്ള സ്ലോവില്‍ നിന്നും നമ്മുടെ മാതൃഭാഷയില്‍ പ്രസിദ്ധീകൃതമാകുന്ന ആദ്യ മലയാള നോവൽ .
ഈയിടെ ഗ്രീൻ ബുക്‌സ് പുറത്തിറക്കിയ 'ഷേക്സ്പിയറിലൂടെ ഒരു യാത്ര' യാണ് രണ്ടാമത്തെ പുസ്തകം .


ശരാശരി മനുഷ്യ മനസ്സില്‍ ആസ്തികതയും, നാസ്ഥികതയും ഊട്ടി വളർത്തി ജന്മ നിർവഹണത്തിന്റെ വേരുകൾ പേറുന്ന സാധാരണ കുടിയേറ്റക്കാരനായ മലയാളിയുടെ സങ്കീർണ മനോവ്യാപാരങ്ങളെ ലളിതമായ നിരീക്ഷണത്തോടെ വിവരിക്കുവാനും ശ്രീമതി . ജയശ്രീ ശ്യാംലാല്‍ , 'മാധവി' എന്ന തന്റെ പ്രഥമ നോവലിലൂടെ ശ്രമിച്ചിരിക്കുന്നു.
നൈതിക സംഘർഷം തുടങ്ങുന്നതും, ഒടുങ്ങുന്നതും വ്യക്തിയിൽ തന്നെയാണന്നും, എന്നാൽ അയാളുടെ അനന്തമായ ബന്ധപ്പെടലുകളിലൂടെ ഒരു സമൂഹത്തിന്റെ ചരിത്രം മുഴുവൻ നേരിട്ട് കഥാ വസ്തുവായി തീരുകയും ചെയ്യുന്നതിന്റെ ഉദാഹരണമാണ് മാധവി എന്ന നോവല്‍.
അത് കൊണ്ട് തന്നെ  ജീവിതാനുഭവങ്ങളെ തനതായ അസ്ഥിത്വത്തോട് സമന്വയിപ്പിച്ചുകൊണ്ട് വിരചിതമായ കഥയാണ് മാധവി എന്നും വിശേഷിപ്പിക്കാവുന്നതാണ്.

ജയശ്രീ - ശ്യാംലാൽ ദമ്പതികളുടെ മകൾ നീത ശ്യാമും നല്ലൊരു സ്‌ക്രിപ് റൈറ്റർ കൂടിയാണ് .
കൂടുതലും  ആംഗലേയത്തിൽ എഴുതുന്ന നീത ശ്യാം , എഴുത്തിൽ ധാരാളം അവാർഡുകൾ ഒരു യുവ എഴുത്തുകാരിയെന്ന നിലയിൽ വാരികൂട്ടിയിട്ടുണ്ട്...

ഹരീഷ് പാല 
പാലായിൽ നിന്നും വന്ന്  കൊവെൻട്രിയിൽ താമസിക്കുന്ന
ഹരീഷ് പാല  കഥകളും , കവിതകളും , ലേഖനങ്ങളും നന്നായി എഴുതുന്ന യുവ സാഹിത്യകാരനാണ് .
ചെറുപ്പം മുതലേ എഴുത്തിലും സംഗീതത്തിലും തന്റെ കഴിവുകൾ തെളിയിച്ചിട്ടുള്ള ഹരീഷ് , എഴുത്തിൽ മാത്രമല്ല ഇന്ന് 
യു.കെയിൽ  ശാസ്ത്രീയ സംഗീതമടക്കം , അനേകം ഗാനങ്ങൾ സ്റ്റേജുകളിൽ പാടിക്കൊണ്ടിരിക്കുന്ന അസ്സലൊരു ഗായകനും കൂടിയാണ് ഈ കലാസാഹിത്യസംഗീത വല്ലഭൻ  .
ഹരീഷിന്റെ നേതൃത്തത്തിൽ ബിലാത്തിയിലെ പല ഭാഗങ്ങളിലും അനേകം സംഗീത പരിപാടികൾ അരങ്ങേറിയിട്ടുണ്ട്. 
ഹരിനിലയം  എന്ന ഹരീഷിന്റെ ബ്ലോഗ്ഗിൽ പോയാൽ ഈ വിദ്വാന്റെ എഴുത്തിന്റെ കഴിവുകൾ മുഴുവൻ  വായിച്ചറിയാവുന്നതാണ് ...
ബ്ലോഗ് :- ഹരിനിലയം / http://harishgnath1980.blogspot.com/

മഞ്ജു വർഗീസ് 
എറണാകുളം ജില്ലയിൽ നിന്നും വന്ന എസ്സെക്സിൽ താമസിക്കുന്ന മഞ്ജു വർഗ്ഗീസ് എഴുത്തിന്റെ എല്ലാ മേഖലകളിലും എഴുതിക്കൊണ്ടിരിക്കുന്ന ഒരു യുവ എഴുത്തുകാരിയായ സ്ത്രീരത്നമാണ് .

'ഉഷസ്സ്, മൂകസാക്ഷി, സ്ത്രീ, ഒരു പക്ഷിയായ്, എന്നോമൽ സ്മൃതികൾ, ഒരു പനിനീർ പുഷ്പം, മറയുമോർമ്മകൾ, ഓർമ്മ തൻ മഴനീർ മുത്ത്, ചില വിചിത്ര സത്യങ്ങൾ, അക്കരപ്പച്ച, ബാല്യം,മനസ്സിൽ ഉടക്കിയ മിഴികൾ, ആകർഷണവലയങ്ങൾ, രണ്ടാം ജന്മം, ഏകാന്തസന്ധ്യ, ഇണക്കിളി, ഓർമ്മകൾക്കെന്തു മാധുര്യം, മഴ, ഏകാന്തത, ഒരു വിനാഴിക കൂടി, ഏകാന്തയാമങ്ങൾ , സ്നേഹത്തിൻ തിരിനാളം, ഈ ജന്മം നിനക്കായ് മാത്രം, പ്രണയം; ഒരു നിർവചനം, കേൾക്കാത്ത ശബ്ദം, അടുത്ത ഇരകൾ, മൃത്യുവെ ഒരു ചോദ്യം 'എന്നീകവിതകളും, ആൽബം സോങ്ങുകളും എഴുതിയിട്ടുണ്ട് .
ഒപ്പം അനുഭകഥകളായ ട്രാൻസ്ഫർ (സ്ഥലമാറ്റം) ഒരു ദുരന്തമോ?, മനുഷ്വത്വം, മനസ്സിൽ പതിയുന്ന മുഖങ്ങൾ, അമൂല്യസമ്മാനം, ഡ്രൈവിംഗ് വിശേഷങ്ങൾ , സ്പിരിറ്റ്; സസ്നേഹം ഹാരി; സർപ്രൈസ്, ഭൂമിയിലെ മാലാഖമാർ, കശുമാവും ഞാനും, ചെറിയ കാര്യം വലിയ പാഠം, സിറിയയിലെ കുഞ്ഞുമാലാഖക്ക്, സ്കൂൾ വിശേഷങ്ങൾ, ട്രെയിൻ യാത്ര, ഏപ്രിൽ ഫൂൾ  'എന്നിവ വായനക്കാരെ സന്തോഷിപ്പിക്കുന്ന എഴുത്തുകൾ തന്നെയാണ് . ഇപ്പോൾ 'ഡാഫഡിൽസിന്റെ താഴ്വരയിലൂടെ ' എന്ന നോവലും മഞ്ജു വർഗീസ് എഴുതിക്കൊണ്ടിരിക്കുന്നു ...

ജോജി പോൾ 
ത്യശ്ശൂരിലെ ഇരിഞ്ഞാലകുടയിൽ നിന്നും വന്ന്  യു.കെയിലെ
ഹെമൽ ഹാംസ്റ്റഡിൽ ഡിസൈൻ എൻജിനീയറായി ജോലി ചെയ്യുന്ന 
ജെ.പി .നങ്ങണി എന്നറിയപ്പെടുന്ന ജെ.പി .ജോജി പോൾ തികച്ചും സകലകലാ  വല്ലഭനായ ഒരു കലാസാഹിത്യകാരനാണ് . 
അനുഭവാവിഷ്കാരങ്ങൾ ചാർത്തിയുള്ള അനേകം കഥകൾ രചിച്ചിട്ടുള്ള 
ജോജി പോൾ    ഒരു സിനിമ/നാടക തിരക്കഥാകൃത്തുകൂടിയാണ് .
എല്ലാ ലോക ക്ലാസ്സിക്കുകളും ഇടകലർത്തി ധാരാളം
നാടകങ്ങൾക്ക് തിരനാടകമെഴുതി ആയതിന്റെയൊക്കെ സംവിധാനവും നിർവഹിച്ചിട്ടുള്ള ആളാണ് ജോജി .
ഒപ്പം അഭിനയം , ഗാനരചന , സംവിധാനമടക്കം ചില ആൽബങ്ങളും - 'പണമാ പസമ' (തമിഴ്)  , 'മെലഡി' (മലയാളം) എന്നീ സിനിമകളും ക്രിയേറ്റ്  ചെയ്തിരിക്കുന്നത് ജെ .പി. നങ്ങണിയാണ് .
 'യയാതി ', 'മാണിക്യ കല്ല് ', 'നോട്ടർഡാമിലെ കൂനൻ' , 'ദാവീദിന്റെ വിലാപം' , 'അലാവുദ്ദീനും അത്ഭുത വിളക്കും' , 'പൊറിഞ്ചു ഇൻ യു.കെ'  എന്നീ ധാരാളം സംഗീത നാടകങ്ങൾ ജെ .പി. നങ്ങണി  അണിയിച്ച്ചൊരുക്കി യു.കെയിലെ വിവിധ ഭാഗങ്ങളിലായി രംഗത്തവതരിപ്പിച്ചിട്ടുണ്ട്...
ഇദ്ദേഹത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ആദ്യ പുസ്‌തമാണ് മാൻഷനിലെ 'മാൻഷനിലെ യക്ഷികൾ'  എന്ന കഥസമാഹാരം ...

സ്മിതാ വി ശ്രീജിത്ത്  
പാലക്കാടിന്റെ പുത്രിയും , കമ്പൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദ ധാരിണിയുമായ  ഇപ്പോൾ ബെർമിങ്ഹാമിലെ സോളിഹള്ളിൽ ഒരു പ്രിൻസിപ്പൽ കൺസൾട്ടന്റ് ആയി ജോലി  ചെയ്യുകയാണ് സ്മിത . സോഷ്യൽ മീഡിയയിലും , സാമൂഹ്യ രംഗത്തും താരമായ സ്മിതയും , ഭർത്താവ് ശ്രീജിത്തും യുകെയിലെ എഴുത്തിന്റെ ലോകത്തും വളരെയധികം പേരെടുത്തവരാണ് ..

'അവയിൽ' പുസ്തകത്തിലെ മറ്റൊരു രചയിതാവായ സ്മിതാ വി .ശ്രീജിത്ത് ആംഗലേയത്തിലും , മലയാളത്തിലുമായി ധാരാളം കവിതകളും, ആർട്ടിക്കിളുകളുമടക്കം നല്ല ഈടുറ്റ രചനകൾ കാഴ്‍ച്ചവെക്കുന്നു . 
സ്മിതാ വി ശ്രീജിത്ത്‌ ഇന്ന് യു.കെയിലെ വളരെ ശ്രദ്ധേയയായ ഒരു എഴുത്തുകാരി തന്നെയാണ് . വള്ളുവനാടൻ ഭാഷയുടെ കരുത്തും , മനോഹാരിതയും ഈ വനിതാരത്നത്തിന്റെ  വരികളിൽ കൂടി നമുക്ക് തൊട്ടറിയാം. ഈയിടെ ജോലി സംബന്ധമായി ആസ്‌ത്രേലിയിലേക്ക് പോയിരിക്കുകയാണ് സ്മിതയും കുടുംബവും ...

ബിനോ അഗസ്റ്റിൻ 
കോട്ടയം പാല മനങ്ങാട്ടുപ്പുള്ളി സ്വദേശിയായ ബിനോ അഗസ്റ്റിൻ 
വളരെ ഗുണനിലവാരമുള്ള നല്ല ഈടും പാവുമുള്ള കഥകൾ എഴുതുന്ന
ബാസിൽഡനിൽ വസിക്കുന്ന ഒരു സാഹിത്യ വല്ലഭനായ കലാകാരനാണ് .
യു.കെയ്ൽ നിന്നും മലയാള സിനിമാരംഗത്തേക്ക് കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ബിനോ 
ധാരാളം തിരക്കഥകളും രചിച്ചിട്ടുണ്ട്.
ആയതിൽ 'എഡ്ജ് ഓഫ് സാനിറ്റി 'എന്ന മുഴുനീളചിത്രവും , ഷോർട്ട് ഫിലീമുകളായ കുല്ഫിയും ,'ഒരു കുഞ്ഞുപൂവിനേ'യുമൊക്കെ സംവിധാനം ചെയ്ത് അഭ്രപാളികളിലാക്കി പ്രദർശിപ്പിച്ച് ബിനോ അഗസ്റ്റിൻ ഏവരുടെയും പ്രശംസയും പിടിച്ചു പറ്റിയിട്ടുണ്ട് .
കഥ ,തിരക്കഥ എന്നിവയോടൊപ്പം തന്നെ സംഗീത തല്പരൻ കൂടിയായ ബിനോ
ഒന്ന് രണ്ട് മ്യൂസിക് ആൽബങ്ങളും ഇറക്കിയിട്ടുണ്ട് .
ഒരു പക്ഷെ ഭാവിയിൽ ബിനോയെ അറിയപ്പെടുക മലയാള സിനിമാ രംഗത്തെ ഒരു നിറ  സാന്നിധ്യമായിട്ടായിരിക്കാം ...

മനോജ് ശിവ 
ലണ്ടനിലെ ഏതൊരു കലാസാഹിത്യവേദികളിലും തന്റെ നിറസാനിദ്ധ്യമായി പ്രശോഭിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരത്തുകാരൻ  ശിവ മനോജ് നാടക രചയിതാവും , സംവിധായകനും ,സിനിമാ നടനുമൊക്കെയാണ് .
തബല വായനയിൽ  ഉസ്താദുകൂടിയായ ,  സംഗീതം തപസ്യയാക്കിയ 
ഈ  യുവതുർക്കി , മലയാളികൾക്ക് മാത്രമല്ല , എല്ലാ ഏഷ്യൻ സംഗീത പരിപാടികളിലും സുപരിചിതനാണ്.
എല്ലാതരത്തിലും ഒരു സകലകലാ വല്ലഭൻ തന്നെയായ ഈ കലാകാരൻ,  കൊടിയേറ്റം ഗോപിയുടേയും, കരമന ജനാർദനൻ  നായരുടേയും ബന്ധു കൂടിയാണ്.
ബ്രിട്ടനിലെ വിവിധ രംഗമണ്ഡപങ്ങളിൽ മനോജ് എഴുതി ,സംഗീതവും സംവിധാനവും നിർവ്വഹിച്ചഭിനയിച്ച ധാരാളം സംഗീത നാടകങ്ങളൊക്കെ  മികച്ച കലാമൂല്യം ഉള്ളവയായിരുന്നു .

'കാന്തി ', 'സ്വാതി വേദം  ' മുതൽ പിന്നീട്   മലയാളത്തിലെ എവർ ഗ്രീൻ സിനിമ ഗാനങ്ങൾ കോർത്തിണക്കി മനോജ് അവതരിപ്പിച്ചിട്ടുള്ള നൃത്ത സംഗീത നാടക ശില്പങ്ങൾ യു.കെ മലയാളികളുടെ ഹൃദയം കവർന്നവയായിരുന്നു .
എന്നും വേറിട്ട രീതിയിൽ കവിതയും, കഥയുമൊക്കെ എഴുതുന്ന ശിവ മനോജ്  യു .കെ യിലെ കലാ സാഹിത്യത്തിന്റെ ഒരു തലതൊട്ടപ്പൻ കൂടിയാണ് ...
ബ്ലോഗ് :- http://shivalinks-manojsiva.blogspot.com/

ജിം തോമസ് കണ്ടാരംപ്പള്ളിൽ 
കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരത്തിനടുത് മടമ്പം സ്വദേശിയായ
 ജിം തോമസ് കണ്ടാരംപ്പള്ളിൽ ഇന്ന് നോട്ടിങ്ങ്ഹാമിലെ ഒരു കലാ സാഹിത്യ സാമൂഹ്യ പ്രവർത്തകനാണ്.
കോഴിക്കോട് റേഡിയോ നിലയത്തിലെ നാടകാവതരണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന പിതാവിനൊപ്പം പരിശീലനം സിദ്ധിച്ച ഒരു നാടക കലാകാരനാണ് ജിം തോമസ് .
ചെറുപ്പത്തിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ കഥയെഴുതി  സമ്മാനം നേടിയിട്ടുള്ള ജിം, സ്കൂൾ തലം മുതൽ അനേകം നാടകാവതരണങ്ങൾ ആവിഷ്‌കരിച്ച് സ്റ്റേറ്റ് ലെവലിൽ വരെ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .
തെയ്യം, നാടകം, രാഷ്ട്രീയം, സാമൂഹ്യ ചിന്ത എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഇദ്ദേഹം ധാരാളം ആർട്ടിക്കിളുകൾ എഴുതിയിട്ടുണ്ട്.  ജിം തോമസ് രചനയും, സംവിധാനം നിർവ്വഹിച്ച 12 ൽ പരം സംഗീത നാടകങ്ങളും, ടാബ്ലോകളും  ഇന്ന് യു. കെ യിൽ അങ്ങോളമിങ്ങോളമായി വിവിധ സ്റ്റേജുകളിൽ അരങ്ങേറിയിട്ടുണ്ട്.
ഇക്കൊല്ലത്തെ 'കേളി'യുടെ  കലാകാരന്മാർക്ക് കൊടുക്കുന്ന പുരസ്‌കാരം ലഭിച്ചിരിക്കുന്ന മൂന്ന്  പേരിൽ ഒരാൾ ഈ കലാ സാഹിത്യ വല്ലഭനായിരുന്നു ...

ജി . കെ. പള്ളത്ത് 
തൃശൂർ പട്ടണത്തിൽ നിന്നും വന്ന് ക്രോയ്ഡണിലും , അമേരിക്കയിലും ,
നാട്ടിലുമായി മക്കളുടെ ഒപ്പം മാറി മാറി താമസിക്കുന്ന മുൻ ഗവർമെന്റ്  ഉദ്യോഗസ്ഥനായിരുന്ന ജി.കെ.പള്ളത്ത് , ഏതാണ്ട് അഞ്ഞൂറോളം ഗാനങ്ങൾക്ക് നാടകത്തിലും , സിനിമയിലുമൊക്കെയായി പാട്ടുകൾക്ക് വരികൾ എഴുതിയിട്ടുണ്ട് .
ഒപ്പം ധാരാളം നാടകങ്ങളും , ബാലെയും എഴുതി രംഗത്തവതരിപ്പിച്ചിട്ടുണ്ട് .
ഇദ്ദേഹത്തിനും ഇക്കൊല്ലം കേളിയുടെ കലാകാരന്മാർക്ക് കൊടുക്കുന്ന പുരസ്കാരവും ലഭിച്ചിട്ടുണ്ട് .
നാട്ടിലും , വിദേശത്തുമായി എന്നുമെന്നോണം കലാസാഹിത്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ഊർജ്ജസ്വലനായ സീനിയർ സിറ്റിസനാണ് , ജി. കെ .പള്ളത്ത് എന്ന ഈ കലാസാഹിത്യ വല്ലഭൻ ...


സന്തോഷ്‌ റോയ്‌  പള്ളിക്കതയിൽ 
കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിൽ  ജനിച്ചു വളർന്ന സന്തോഷ്‌ സന്തോഷ് റോയ് പള്ളിക്കതയിൽ   യു കെ യിലെ യോർക്ക്ഷെയറിലെ ലീഡ്സ്‌ പട്ടണത്തിലാണു ഇപ്പോൾ താമസം.
പുസ്തക വായന പണ്ടെ ഇഷ്ടമായിരുന്ന  സന്തോഷ് റോയ് , സാമൂഹ്യ മാദ്ധ്യമങ്ങളുടെ വരവോടെ പണ്ടെന്നോ , ഉറങ്ങിക്കിടന്ന സാഹിത്യ അഭിരുചികൾ പുറത്തേക്ക്‌ ഒഴുകുവാൻ തുടങ്ങി.
സ്കൂൾ പഠന കാലത്തെ ഒരു സ്കൂൾ യൂത്ത്‌ ഫെസ്റ്റിവലിനു കഥാരചനയിൽ ഒന്നാം സ്ഥാനം കിട്ടിയ ആകെയുള്ള പ്രചോദനത്തിന്റെ അടിസ്ഥാനത്തിൽ ഫേസ്ബുക്കിൽ സജീവമായതിനു ശേഷം, 'താളിയോല' എന്ന് അറിയപ്പെടുന്ന ഒരു ഫേസ്ബുക്ക്‌ സാഹിത്യ ഗ്രൂപ്പ്‌ പ്രസിദ്ധീകരിച്ച നൂറു ചെറുകഥകൾ അടങ്ങിയ ചെറുകഥാ സമാഹാരത്തിൽ  എഴുതിയ 'വേനലിൽ ഒരു പ്രണയം' എന്ന കഥ ഉൾപ്പെടുത്തിയിരുന്നു .
പിന്നെ 'താളം' എന്ന ഒരു താരാട്ടു കവിത, വിരഹം എന്നീ കവിതകൾ ശ്രദ്ധയാകർഷിച്ച  കവിതകളാണ് .
ചില ഹൈക്കു  കവിതകളും ഇടയ്ക്ക്‌ എഴുതിയിട്ടുണ്ട്‌. യാത്രകൾ  ഏറെ ഇഷ്ടമായതിനാൽ  ചില യാത്രാവിവരണങ്ങളും , ധാരാളം ലേഖനങ്ങളും ഇപ്പോൾ സന്തോഷ് എഴുതി വരുന്നു...

നിമിഷ ബാസിൽ
കോതമംഗലത്തുനിന്നും ലണ്ടനിൽ എത്തിയ നിമിഷ ബാസിൽ ഇന്ന് ബ്രിട്ടനിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു യുവ എഴുത്തുകാരിയാണ്. 
ലണ്ടനിലെ  പല മലയാള സാഹിത്യ മത്സരങ്ങളിൽ കവിതയെഴുതുന്നതിൽ പലപ്പോഴും വിജയം കൈവരിച്ചവളാണ് നിമിഷ .
ധാരാളം കവിതകളടക്കം , പല പുതുമയുള്ള  കഥകളും മറ്റും എഴുതി കൊണ്ടും ലണ്ടനിൽ നിന്നും മലയാള സാഹിത്യത്തിലേക്ക് ഉയർന്നുവരുന്ന ഈ  പുതു എഴുത്തുകാരിയുടേതായി  ഇവിടത്തെ പല ഓൺ-ലൈൻ പോർട്ടലുകളിലും പല  രചനകളും വന്നുകൊണ്ടിരിക്കുന്നുണ്ടിപ്പോൾ. 
ഭാവിയിൽ യു.കെ മലയാളികൾക്കിടയിൽ തന്റെ സ്വതസിദ്ധമായ രചനകളിലൂടെ എന്തായാലും ഒരു ഉയർന്ന സ്ഥാനം നിമിഷ ബാസിൽ എന്ന യുവ എഴുത്തുകാരി കരസ്ഥമാക്കുവാൻ സാദ്ധ്യതയുണ്ട് ...

സാബു ജോസ്
രണ്ടായിരത്തി ആറു മുതൽ യു.കെ.യിൽ കുടുംബസമേതം
വസിക്കുന്ന സാബു ജോസ് ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ
സജീവമാണ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന "കല" സാംസ്കാരിക സംഘടനയുടെ പ്രസിദ്ധീകരണമായ പാംലീഫിൽ ചെറുകഥ എഴുതിയിട്ടുണ്ട്. ലണ്ടൻ മലയാള സാഹിത്യവേദി രണ്ടായിരത്തി പത്തിൽ നടത്തിയ സാഹിത്യ രചനാമത്സരത്തിൽ കഥാവിഭാഗത്തിൽ  രണ്ടാം സ്ഥാനം നേടി.
കോട്ടയം ജില്ലയിൽ കുറുമുള്ളൂർ എന്ന കൊച്ചുഗ്രാമമാണ് ജന്മദേശം. കുറുമുള്ളൂർ സെന്റ് തോമസ് യു.പി. സ്‌കൂൾ, കൈപ്പുഴ സെന്റ് ജോർജ്ജ് ഹൈസ്‌കൂൾ, റസ്സൽ ഇൻസ്റ്റിറ്റ്യൂട്ട് നീണ്ടൂർ  ഗവ:കോളജ് കോട്ടയം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
ഒണം തുരുത്ത് ഗോപകുമാറിന്റെ ശിക്ഷണത്തിൽ ഗിറ്റാറിൽ (കർണാടിക്) പ്രാഥമിക പരിശീലനം നേടി. തുടർന്ന് കോട്ടയത്ത് ഒമാക്സ് സ്‌കൂൾ ഓഫ് മ്യൂസിക്കിൽ പ്രശസ്ത സംഗീതസംവിധായകൻ ഏ.ജെ. ജോസഫിന്റെ ശിക്ഷണത്തിൽ ഗിറ്റാർ (വെസ്റ്റേൺ) പരിശീലിച്ചു. ചർച്ച് കൊയറിലൂടെ സംഗീതരംഗത്ത് പ്രവേശിച്ചു. അറിയപ്പെടുന്ന ഗാനമേള ട്രൂപ്പുകളിൽ ഗിറ്റാറിസ്റ്റായി സഹകരിച്ചിട്ടുണ്ട്.  
ദീപിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം (ഡിജാം) കോഴ്‌സിൽ നിന്നും ജേർണലിസം ഡിപ്ലോമ നേടി.  കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കുന്ന ക്നാനായ സമുദായ മുഖപത്രമായ അപ്നാദേശിൽ ന്യൂസ് എഡിറ്ററായും  പ്രവർത്തിച്ചു.
ലെസ്റ്ററിൽ "സാബൂസ് സ്‌കൂൾ ഓഫ് മ്യൂസിക്" എന്ന പേരിൽ കുട്ടികൾക്ക് സംഗീതോപകരണങ്ങളിൽ പരിശീലനം നൽകുന്ന സ്ഥാപനം നടത്തുന്നു.
"ലെസ്റ്റർ ലൈവ് കലാ സമിതി" എന്ന പേരിൽ ലൈവ് മ്യൂസിക്കിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കലാകാരന്മാരെയും കലാകാരികളെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സമിതിയിൽ സമാന മനസ്കരായ ഒട്ടേറെ കലാകാരൻമാർ പിന്തുണയുമായി കൂടെയുണ്ട്.
സാബുവിന്  കലാസാഹിത്യസ്‌നേഹി എന്ന പേരിൽ ഒരു ബ്ലോഗുമുണ്ട്. 
ഭാര്യ: ബിനി, മക്കൾ: ശ്രുതി, ശ്രേയ....
ബ്ലോഗ് :- കലാനിലയം/ http://kalasahithyasnehi.blogspot.com/

ബൈജു വർക്കി തിട്ടാല
കോട്ടയത്തുനിന്നും ഡൽഹിയിൽ തൊഴിൽ
ജീവിതം നയിച്ച്  യു.കെ - യിലുള്ള കേംബ്രിഡ്ജിൽ വന്നു  താമസിക്കുന്ന ബൈജു വർക്കി തിട്ടാലയെന്ന  ഈ ലോയർ ഇവിടെ വന്ന ശേഷം നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി ക്രിമിനൽ ലോയറായി  ജോലി നോക്കുന്നു .
ഇപ്പോൾ കേംബ്രിഡ്‌ജ് സിറ്റിയിലെ ലേബർ പാർട്ടിയുടെ ബാനറിൽ ജയിച്ചു വന്ന ആദ്യമലയാളി കൗൺസിലർ കൂടിയാണ് ഇദ്ദേഹം .
ഒപ്പം എഴുത്തിന്റെ മേഖലകളിലും , സാമൂഹ്യ പ്രവർത്തന രംഗത്തും , രാഷ്ട്രീയ നിരീക്ഷണത്തിലും എന്നും മികവ് പുലർത്തി കൊണ്ടിരിക്കുന്ന ഒരു കലാ സാഹിത്യ  വല്ലഭനായ നിരീക്ഷകനാണ് .
വിജ്ഞാന പ്രദമായ പല യു.കെ തൊഴിൽ നിയമ വശങ്ങളെ കുറിച്ചും  ധാരാളം  ലേഖനങ്ങൾ മലയാളികൾക്ക് വേണ്ടി നമ്മുടെ ഭാഷയിൽ ഇവിടത്തെ പല മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിച്ചു വരാറുണ്ട് .
ഇപ്പോൾ ആയതിനെ കുറിച്ചെല്ലാം കൂട്ടി ച്ചേർത്ത്
'സൂര്യനസ്തിമാക്കാത്ത രാജ്യത്തിലെ  നിയമാവകാശങ്ങൾ  ' എന്ന
ഒരു പുസ്തകം പ്രസിദ്ധീകരിക്കുവാൻ പോകുകയാണ് .
യു.കെ യിലുള്ള മലയാളികളടക്കം ഏവർക്കും സാമൂഹ്യ നീതികൾ നടപ്പാക്കുവാൻ വേണ്ടി രാജ്യം മുഴുവൻ സഞ്ചരിച്ചു  ,  സേവനങ്ങൾ ചെയ്യുന്ന ഇദ്ദേഹം എല്ലാ മലയാളികൾക്കും ഒരു മാതൃക തന്നെയണ്...

ഹരി കുമാർ
തിരുവനന്തപുറത്തുനിന്നും ലണ്ടനിൽ വന്ന് താമസിക്കുന്ന ഹരി എന്ന് വിളിക്കപ്പെടുന്ന ഹരികുമാർ  വളരെയധികം തത്വചിന്താപരമായ  ലേഖനങ്ങൾ എല്ലായിടത്തും  എഴുതിയിടുന്ന യുവ എഴുത്തുകാരനാണ് .
'പ്രപഞ്ചം എന്ന സർവ്വകശാലയിൽ  ജീവിതമെന്ന വിഷയത്തെ കുറിച്ച് പഠിച്ചുകൊണ്ടിരുക്കുന്ന കേവലമൊരു വിദ്യാർത്ഥിയാണ് താൻ 'എന്നാണ്  ഹരി  സ്വയം പറയുക ..
'സുഖത്തിലും ദുഃഖത്തിലും ഒരു പോലെ ജീവിതത്തെ നയിച്ചു കൊണ്ടു പോവുകയും, ജീവിതം ആനന്ദകരമാക്കേണ്ട ഉത്തരവാദിത്വം അവനവനുള്ളതാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന, ഇന്നും എന്നും ജീവിതത്തെ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥി. 
ഹരിക്ക് എന്റെ കുത്തികുറിപ്പുകൾ എന്ന ബ്ലോഗും ഉണ്ട് . 

ഒപ്പം 'മാനവ സേവ മാധവ സേവ'  എന്ന ഒരു സേവന പ്രസ്ഥാനവും ഹരിയുടെ മുഖപുസ്തക കൂട്ടായ്മയിൽ നടത്തി വരുന്നു , ആയതിലെ ചാരിറ്റിയിൽ നിന്നും കിട്ടുന്ന തുകകൾ മുഴുവൻ , അനേകർക്ക് ചാരിറ്റിയായി ധാരാളം സഹായങ്ങൾ ഇവർ ചെയ്തു  വരുന്നുണ്ട് ....
എല്ലാത്തിലും ഉപരി ഹരികുമാർ നല്ലൊരു വ്ലോഗർ കൂടിയാണ് .ഒരു യൂട്യൂബ് വ്ലോഗർ  കൂടിയായ ഇദ്ദേഹത്തിന്റെ 
വ്ലോഗുകൾ  :-  London Savaari World 
and 
ജോർജ്ജ് അറങ്ങാശ്ശേരി 

ത്യശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്നും സ്കോട്ട്ലണ്ടിലെ അർബദീനിൽ താമസിക്കുന്ന ജോർജ്ജ് അറങ്ങാശ്ശേരി മഹാരാജാസ് കോളേജിൽ നിന്നും മലയാളം ബിരുദം എടുത്ത ശേഷം സൗദിയിലും , കുവൈറ്റിലും നീണ്ട കാലം
പ്രവാസിയായിരുന്നു.
ധാരാളം വായനയുള്ള സാഹിത്യത്തെ കുറിച്ച് നല്ല അറിവുള്ള ജോർജ്ജ് അറങ്ങാശ്ശേരി ധാരാളം കഥകളും, കവിതകളും പ്രവാസ രാജ്യങ്ങളിലെ പല മലയാളം പതിപ്പുകളിൽ എഴുതിയിടാറുണ്ടായിരുന്നു .
മലയാളത്തിൽ ഇദ്ദേഹത്തിന് ഒരു നിർ ജ്ജീവമായ ബ്ളോഗും ഉണ്ട് .
കലാ കൗമുദിയുടെ കഥ വാരികയിലും, ജനയുഗത്തിലുമൊക്കെ കഥകൾ വന്നിട്ടുണ്ട്.
ഇപ്പോൾ ഒട്ടുമിക്ക ഓൺ-ലൈൻ മാദ്ധ്യമങ്ങളിലും ആർട്ടിക്കിളുകളും ,കഥകളും എഴുതാറുള്ള ഇദ്ദേഹത്തിന്റെ ആദ്യം പുറത്തിറങ്ങിയ പുസ്തകം 'വൃത്തിയാവാത്ത മുറി ' എന്ന കഥാസമാഹാരമാണ്.
അടുത്ത് ഒരു പുസ്തകം കൂടി ഈ വർഷം ഇറങ്ങുവാൻ പോകുന്നു...
ബ്ലോഗ് :- http://muripadukal.blogspot.com/

രാജേന്ദ്ര പണിക്കർ .എൻ .ജി 
കുട്ടനാട്ടിലെ തെക്കേക്കരയില്‍  24 വര്‍ഷങ്ങളായി 
അദ്ധ്യാപനത്തിനുശേഷം ,കഴിഞ്ഞ  22 വര്‍ഷത്തോളമായി പ്രവാസി ആയി കഴിയുന്ന രാജേന്ദ്ര പണിക്കർ ഇപ്പോള്‍ ഇംഗ്ലണ്ടിലെ ലീഡ്സ് എന്ന സ്ഥലത്ത് ഒരു സ്പെഷ്യല്‍ നീഡ്‌ കോളേജില് ജോലിനോക്കുന്നു.
ഇതിനു മുന്‍പ് പത്തു വര്‍ഷക്കാലം മാലിദ്വീപില്‍ സര്‍ക്കാര്‍ അദ്ധ്യാപകാനും,
സൂപ്പര്‍വൈസറും ആയി സേവനം 
അനുഷ്ടിച്ചിരുന്നു.
തൊണ്ണൂറിന്‍റെ ആദ്യ പകുതികളിൽ ഒന്‍പതു കഥകള്‍ ആകാശവാണി (തിരുവനന്തപുരം നിലയം) പ്രക്ഷേപണം ചെയ്തിരുന്നു.
അക്കാലത്ത്, ചില കഥകള്‍ ' കേരള കൗമുദി' 'കഥ' 'മലയാള മനോരമ' തുടങ്ങിയവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അവതാരികയോടുകൂടി
"അഭിരാമി പിറക്കുന്നതും കാത്ത്' എന്ന ചെറു കഥാ സമാഹാരമാണ് ആദ്യ പ്രസിദ്ധീകരണ പുസ്തകം .
കഴിഞ്ഞ കുറേക്കാലങ്ങളായി എഴുത്തും വായനയും കൈവിട്ടുപോയി തുടങ്ങിയ ഇദ്ദേഹം , ഇപ്പോൾ  നവമാദ്ധ്യമ തട്ടകങ്ങളിലൂടെ ഒരു തിരിച്ചുവരല്‍ പ്രതീക്ഷിച്ചുകൊണ്ട്  എഴുത്തിൽ വളരെ സജീവമായി മുന്നേറി കൊണ്ടിരിക്കുകയാണ്  ...

സജീഷ് ടോം 
കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് സ്വദേശിയായ സജീഷ് ടോം ,ചെമ്പിനെ പോലെ തന്നെ നല്ല ഈടുറ്റ , തിളക്കമാർജ്ജിച്ച ,വളരെ ഫ്‌ളെക്‌സിബ് ളായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കലാസാഹിത്യ സാമൂഹ്യ പ്രവർത്തകനാണ് . 
എഴുത്തുകാരനും സംഘാടകനുമായ ബേസിംഗ്‌സ്‌റ്റോക്കിൽ താമസിക്കുന്ന സജീഷ് ടോം   നല്ലൊരു കവി കൂടിയാണ് , യു.കെയിൽ നിന്നിറങ്ങുന്ന പ്രവാസി കഫെയുടെ അഡ്മിനിസ്ട്രേറ്റർ  കൂടിയാണ് സൗമ്യനും ,കവിയുമായ സജീഷ് . 
യു,കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ 'യുക്മ'യുടെ  മുഖ്യ കാര്യദർശി  ,ബേസിങ് സ്റ്റോക്ക് മൾട്ടികൾച്ചറൽ ഫോറത്തിന്റെ ഖജാൻജി എന്നീ സ്ഥാനമാനങ്ങൾ അലങ്കരിച്ച നല്ലൊരു ലീഡർഷിപ്പ് ക്വളിറ്റിയുള്ള സാമൂഹ്യ പ്രവർത്തകൻ കൂടിയാണ് സജീഷ് ടോം . 
 ബേസിംഗ്‌സ്‌റ്റോക്കിൽ നിന്നും സിറ്റി കൗൺസിലേക്ക്  മത്സരിച്ച ആദ്യ ഏഷ്യക്കാരൻ എന്ന ബഹുമതിയും സജീഷിന് മാത്രം അർഹതപ്പെട്ടതാണ് ...

ബ്ലോഗ് :- പ്രവാസി കഫെ / http://www.pravasicafe.co.uk/index.htm

ഷാഫി ഷംസുദ്ദീൻ
കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിയായ ഇപ്പോൾ
ലണ്ടനിലെ ക്രോയ്ഡനിലുള്ള ഷാഫി ഷംസുദ്ദീൻ നല്ലൊരു വായനക്കാരനും , സാഹിത്യ കലാ സ്നേഹിയുമാണ് . 
കോളേജിൽ 
പഠിക്കുമ്പോൾ മാഗസിൻ എഡിറ്ററായിരുന്നു . ഷാഫി ധാരാളം സിനിമ ക്രിട്ടിക് ലേഖനങ്ങൾ എഴുതിയിട്ടുണ്ട് .
തനിയൊരു  സിനിമ സ്‌നേഹി കൂടിയായ ഷാഫി യുടെ ഇഷ്ട്ട എഴുത്തുകൾ തിരക്കഥ രചനകളാണ് .
ഷാഫി അണിയിസച്ചൊരുക്കി സംവിധാനം നിർവ്വഹിച്ച
"സമ്മർ ഇൻ ബ്രിട്ടൻ ' ആയിരുന്നു യു.കെയിൽ നിന്നും മലയാളികൾ ആദ്യം ഇറക്കിയ സിനിമകാവ്യം .

ഷാഫിയുടെ രണ്ടാമത്തെ ഷോർട് ഫിലിമായ   "ഓർമകളിൽ സെലിനും'  ശേഷം സാമൂഹിക ജീവിതത്തിൽ ഏവരും സ്വന്തം ജീവിതം അത്യുന്നതങ്ങളിൽ എത്തിക്കുവാൻ വേണ്ടി പായുമ്പോൾ , അവരറിയാതെ എത്തിപ്പിടിക്കുന്ന ഒരു ഉന്മാദ രോഗമാണ് വിഷാദം - 
ഇതിനെ കുറിച്ച് രചനയും സംവിധാനവും നിർവ്വഹിച്ച ഷാഫി ഷംസുദ്ദീൻറെ  ഒരു ചെറിയ ചിത്രമാണ് Until Four...

തോമസ് പുത്തിരി 
തൃശ്ശൂർ ജില്ലയിലെ വേലൂരിൽ നിന്നും റെഡിങ്ങിൽ താമസിക്കുന്ന
ജേർണലിസ്റ് കൂടിയായ തോമസ് പുത്തിരി നല്ലൊരു സാമൂഹ്യ ബോധവൽക്കരണം നടത്തുന്ന എഴുത്തുകാരനാണ്. 
നാട്ടിലെ ഒട്ടുമിക്ക മാദ്ധ്യമങ്ങളിലും യു . കെ യിലെ വാർത്തകൾ പങ്കുവെക്കുന്ന ഇദ്ദേഹത്തിന്റ എം. എ. ബേബി ആമുഖമെഴുതി ബിനോയ്‌ വിശ്വം അവതാരിക എഴുതിയ 'ആത്മപ്രകാശനം ' എന്ന പുസ്തകം ധാരാളം പേർ വായിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തിയ ഒന്നാണ്. 
ബ്രിട്ടീഷ്  മലായാളിയിൽ സ്ഥിരം ലേഖനങ്ങൾ എഴുതിയിരുന്നു .'ഫോബ്മ' എന്ന മലയാളികളുടെ  യു.കെയിലെ ദേശീയ സംഘടനയിലെ ഭാരവാഹി കൂടിയായിരുന്നു തോമസ് പുത്തിരി ...

സിജോ ജോർജ്ജ് 
കണ്ണൂരിലെ  പയ്യന്നൂരിൽ നിന്നും എത്തി എസ്സെക്സിലെ  ബാസില്ഡനിൽ താമസിക്കുന്ന സിജോ ജോർജ്ജ്   പണ്ടെല്ലാം സോഷ്യൽ മീഡിയയയിലെ ഗൂഗിൾ പ്ലസ്സിലും മറ്റും എഴുത്തിന്റെ ഒരു താരം തന്നെയായിരുന്നു .
വളരെ നോസ്റ്റാൾജിക്കായും ,ട്രാജിക്കായും  നർമ്മം  കലർത്തി എഴുതുവാനുള്ള സിജോവിന്റെ കഴിവ് ഒന്ന് വേറെ തന്നെയാണ് .

നല്ലൊരു വരക്കാരനും , ആർട്ടിസ്റ്റും കൂടിയായ സിജോ ഇപ്പോൾ ഒരു ഗ്രാഫിക് ഡിസൈനാറായി ജോലി നോക്കുന്നു . 
നൊസ്റ്റാൾജിയ എന്ന അസുഖമുള്ളത് കൊണ്ടും, ജോലിയിൽ കാര്യമായൊന്നും ചെയ്യാനില്ലാത്തതുകൊണ്ടുമാണ് സിജോ സോഷ്യൽ മീഡിയയിൽ അഭിരമിക്കുന്നത് എന്നാണ് സ്വയം പറയാറ്. 
ഒപ്പം ഈ എഴുത്തു വല്ലഭന്  അരയന്നങ്ങളുടെ വീട്ടിൽ നിന്നും   എന്ന പേരുള്ള ഒരു ബ്ലോഗും ഉണ്ട് ...

കനേഷ്യസ് അത്തിപ്പൊഴിയിൽ 
ആലപ്പുഴ ജില്ലയിലെ ചേർത്തയിലെ ആർത്തുങ്കൽ നിന്ന് വന്ന്
സൗത്ത് എൻഡ് ഓൺ സിയിൽ താമസമുള്ള  കനേഷ്യസ് അത്തിപ്പൊഴിയിൽ 
ഒരു സകലകലാ വല്ലഭനായ കലാ സാഹിത്യകാരനാണ് .
പഠിക്കുമ്പോൾ തൊട്ടേ കവിതയും ,കഥയുമൊക്കെ എഴുതി ,18  വയസ്സുമുതൽ പ്രവാസം തുടങ്ങിയ കനേഷ്യസ് ജോസഫ് അത്തിപ്പൊഴിയിൽ ബഹറിനിൽ വെച്ചു തന്റെ സാഹിത്യ  കലാപ്രവർത്തനങ്ങളുടെ കെട്ടഴിച്ച്‌  , സ്വയം എഴുതിയുണ്ടാക്കിയ  ആക്ഷേപ ഹാസ്യ രസത്താലുള്ള നാടാകാവതരണങ്ങൾ  , ഓട്ടൻ തുള്ളൽ മുതലായവയാൽ 'ബഹറിൻ കേരളം സമാജത്തി'ൽ ശോഭിച്ചു നിന്ന കലാ സാഹിത്യ പ്രതിഭയായിരുന്നു .
അതോടൊപ്പം അന്ന് തൊട്ടെ  പാട്ടെഴുത്തിൽ പ്രാവീണ്യം നേടി അവയൊക്കെ സംഗീതമിട്ട് അവ അവതരിപ്പിച്ചിരുന്നു ...
യു.കെയിൽ വന്ന ശേഷം ആയതെല്ലാം മിനുക്കി എല്ലാ രംഗങ്ങളിലും തലതൊട്ടപ്പനായി മാറി .
കനേഷ്യസ് രചിച്ച ചില ഗാനങ്ങൾ യു .ട്യൂബിൽ ലക്ഷകണക്കിന്  ഹിറ്റുകൾ നേടി . ജിങ്ക ജിങ്ക  എന്ന ഓണപ്പാട്ട് 10  ലക്ഷവും , അന്നെനിക്ക് ജന്മം നൽകിയ നിമിഷം എന്ന ഭക്തിഗാനം  ഏതാണ്ട് 5 ലക്ഷവും , തിരുവിഷ്ടം നിറവേറട്ടെ ഏതാണ്ട് 4 ലക്ഷവുമൊക്കെ  ഹിറ്റുകൾ കിട്ടിയ കനേഷ്യസിന്റെ പാട്ടുകളിൽ ചിലതാണ് .
ഇതിനെല്ലാം പുറമെ കനേഷ്യസ് അത്തിപ്പൊഴിയിൽ ഗാന രചനയും ,സംഗീതവും ,സംവിധാനവും നിർവ്വഹിച്ച സമ്പൂർണ്ണമായി യു.കെയിൽ ചിത്രീകരിച്ച ഒരു മുഴുനീള മലയാള സിനിമയായിരുന്നു ബിലാത്തി പ്രണയം ... !
ഈയിടെ ഇദ്ദേഹത്തിന്റെ പുറത്തിറങ്ങിയ ഒരു നല്ല ഷോർട്ട് ഫിലിമാണ്  കൊമ്പൻ വൈറസ് .
ധാരാളം ഭാവ  ഗാനങ്ങളും , സ്കിറ്റുകളും ,ലേഖനങ്ങളും ,അനുഭവാവിഷ്കാരങ്ങളുമൊക്കെ എഴുതുന്ന കനേഷ്യസ്   ദി വോയ്‌സ് ഓഫ് മലയാളി ആർട്ടിസ്റ്റ് ഗ്രൂപ്പിന്റെ  അധിപൻ കൂടിയാണ്.
ഒപ്പം മെട്രോ മലയാളം ടി.വി യുടെ  സാരഥികളിൽ ഒരാൾ കൂടിയാണ്  ...
വെബ് സൈറ്റ് :- http://metromalayalamnews.tv/

ആനി ഇസിദോർ പാലിയത്ത്  
ഇന്ത്യൻ  ആർമിയിൽ സേവനമനുഷ്ഠിച്ച് , പിന്നീട് യു.കെ - യിലെ ഷെഫീൽഡിൽ താമസമാക്കിയ കൊച്ചിക്കാരിയായ ആനി ഇസിദോർ പാലിയത്ത്  മലയാളത്തിലും , ഹിന്ദിയിലും , ആംഗലേയത്തിലും പ്രാവീണ്യമുള്ള ഒരു എഴുത്തുകാരിയായ സകലകലാ  വല്ലഭയാണ് .
അടുത്തുതന്നെ ഡി.സി .ബുക്ക്സ് ആനിയുടെ ഒരു ചെറുകഥസമാഹാരം ഇറക്കുന്നുണ്ട് ..!  
ഒപ്പം പെൺകൂട്ടായ്മയിൽ വിരിഞ്ഞ  'ഒറ്റനിറത്തിൽ മറഞ്ഞിരുന്നവർ'എന്ന പുസ്തകത്തിലെ ഒരു എഴുത്തുകാരികൂടിയാണ്  ആനി .
നല്ലൊരു അവതാരകയായും, പാട്ടുകാരിയായും , സാമൂഹ്യ  പ്രവർത്തകയായുമായ ആനി   , ഭർത്താവും കലാസാഹിത്യകാരനുമായ അജിത്ത് പാലിയത്തിനൊപ്പം യു.കെയിൽ എവിടെയും ഓടിയെത്തുന്ന ഒരു വനിതാരത്നം തന്നെയാണ് 
ഒപ്പം  മെട്രോ മലയാളം ടി.വി യുടേയും   
അക്ഷര  അധിപർ കൂടിയാണ്  ഈ യുഗ്മഗായകരായ അജിത്തും ആനിയും ദമ്പതികൾ...

ജുനൈത് അബൂബക്കർ
അയർലന്റിലെ 'ഗോൾവേ'യിൽ വർഷങ്ങളായി ജോലിചെയ്തുകൊണ്ടിരിക്കുന്ന കവിയും നോവലിസ്റ്റുമായ ഈ തിരുവല്ലക്കാരനായ യുവ എഴുത്തുകാരൻ ഇപ്പോൾ മലയാള സാഹിത്യത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ദേഹമാണ് . തിരുവല്ലയിലും ,മുമ്പേയിലുമായുള്ള തന്റെ കോളേജ് കാലഘട്ടം മുതൽ തന്റെ വേറിട്ട എഴുത്തുകളിലൂടെ വായനക്കാരുടെ പ്രശംസ പിടിച്ചു പറ്റിയ ജൂനൈത് ഒരു ബിരുദാനന്തരബിരുദധാരിയാണ് . മലയാളം ബ്ലോഗുലകത്തിലെ ഇദ്ദേഹത്തിൻറെ 'തവക ' ( http://junaiths.blogspot.com/?m=1 ) എന്ന ബ്ലോഗ് തട്ടകം ഏറെ വായിക്കപ്പെടുന്ന ഒരു വെബ് സൈറ്റാണ്. 2015 -ൽ ലോഗോ ബുക്ക്സ് പുറത്തിറക്കിയ  'പിൻബെഞ്ച് ' എന്ന കവിതാ സമാഹാരമായിരുന്നു ആദ്യത്തെ പുസ്തകം .
ആധുനികതയെ രാഷ്ട്രീയ വൽക്കരിക്കുകയും രാഷ്ട്രീയത്തെ ആധുനികവൽക്കരിക്കുകയും ചെയുന്ന കവിതകൾ. അത്യന്തം ചാലക ശക്തിയുള്ള ഭാഷ. വൃക്തിയുടെ സങ്കടങ്ങൾ സമൂഹത്തിന്റെ സങ്കടങ്ങൾ ആയിമാറുന്ന വരികളാണ് ഈ കവിതകളുടെ ആത്മാവ് പേറുന്നത്. മനുഷ്യ പക്ഷത്തു നിൽക്കുന്ന ആധികൾ, ഭൂവിശാലതയിൽ ഒറ്റയ്ക്ക് നിൽക്കുന്ന മരം പോലെ 'വലിയ ആധികളായി ' ഒറ്റയ്ക്ക് എഴുന്നു നിൽക്കുന്നുണ്ട് ഈ സമാഹാരത്തിൽ. ആഗോള പ്രവാസത്തിന്റെ ഒറ്റപ്പെടൽ മാത്രമല്ല ഇത്. ഒരാൾ തന്റെ ഉള്ളിന്റെ ഉള്ളിൽ പ്രവാസപെടുമ്പോഴുള്ള ജീവിത നിരാസവും കവിതകൾ പാടുന്നുണ്ട്. ഒരേസമയം അത് പറിച്ചുനടലും പിഴുതെറിയലുമാണ്.
അയർലന്റിലായാലും , ഇറാനിൽ ആയാലും വേഷം, ഭാഷ, ഓർമയിലെ ഭൂപ്രകൃതി, ഭക്ഷണം, മരണഭയം എല്ലാം ഓർമ്മപ്പിശകില്ലാത്ത ജീവിതങ്ങളെ എത്രമാത്രം വേട്ടയാടുന്നുണ്ടെന്നു പിൻബെഞ്ചിൽ ഇരിക്കുമ്പോൾ നമുക്ക് ആനുഭവിക്കാനാവും. നൊസ്റാൾജിയയുടെ ഉപരിവിപ്ലവ ക്ളീഷെ കബറടക്കികൊണ്ടുള്ള 'പിൻബെഞ്ചി'ലെ എഴുത്തുകൾ എന്നും കരുത്തു കാട്ടുന്നവയാണ് .
പിന്നീട് ഡി.സി.ബുക്സ് 2017 -ൽ പ്രസിദ്ധീകരിച്ച  'പൊനോൻ ഗോംബെ'  , ഡി.സി.തന്നെ ഈ വർഷം ഇറക്കുവാൻ പോകുന്ന 'സഹാറയവീയം ' എന്ന രണ്ട് കൃതികൾ  പ്രവാസത്തിന്റെ കഥകൾ ചൊല്ലിയാടുന്ന നോവലുകളാണ് . ഓർമയിൽ 'നാടുള്ള ' ജീവികളുടെ കഥകൾ മാത്രമല്ല ,ഇത്തരം ഓരോ പ്രവാസികളുടെയും ഉള്ളിൽ നിരന്തരം രാഷ്ട്രീയ കാരണങ്ങൾ കൊണ്ടും  .പിന്നെ നാട് നഷ്ട്ടപെടുമ്പോഴുണ്ടാകുന്ന  ജീവിത കഷ്ടപ്പാടുകളും വരികളിലൂടെ ജുനൈത് വരച്ചിടുകയാണ്...

ബ്ലോഗ്  - തവക ( http://junaiths.blogspot.com/?m=1)

പുസ്തകങ്ങൾ :-  പിൻബെഞ്ച് (കവിതാസമാഹാരം ), 
'പൊനോൻ ഗോംബെ''സഹാറയവീയം '(നോവലുകൾ )

ബാക്കിപത്രം 
ബ്രിട്ടണിൽ മലയാളം എഴുത്തിന്റെ നൂറാം വാർഷികം കൊണ്ടാടുന്ന 2019 ൽ -  ആ വർഷം ജനുവരി 31 മുതൽ മാർച്ച് 1 വരെ എഴുതിയിട്ട ആംഗലേയ ദേശത്തുണ്ടായിരുന്ന മലയാളം ഭാഷ കുതുകികളെ പരിചയപ്പെടുത്തുന്ന  ഏഴ്  സചിത്ര ലേഖനങ്ങളുടെ ഒറിജിനൽ ലിങ്കുകളാണ് താഴെ കൊടുത്തിട്ടുള്ളത് .
ഇവിടെയുണ്ടായിരുന്ന നമ്മുടെ ഭാഷാസ്നേഹികളെ എന്നുമെന്നും ഓർമ്മിക്കുവാനുള്ള സൈബർ ഇടങ്ങളാണിവ ...! 
വിശദ വിവരങ്ങൾ ലഭിക്കാത്തതിനാൽ 
ഇനിയും കുറെയധികം ഭാഷാസ്നേഹികളെ 
ഇവിടെയിതുപോലെ പരിചയപ്പെടുത്തുവാനുണ്ട് ...
  1. ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ആമുഖം
  2. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 1  
  3. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 2 
  4. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 3 
  5. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 4 
  6. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 5 
  7. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 6 

(അടുത്ത ഭാഗത്തിൽ തുടരുന്നു )


കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...