എല്ലാ കൊല്ലവും വർഷാവസാനമാകുമ്പോൾ ആഗോള തലത്തിലുമുള്ള ദൃശ്യ ശ്രാവ്യ ഓൺ -ലൈൻ മാധ്യമങ്ങളടക്കം , ലോകത്തുള്ള സകലമാന ചിന്തകരും ആ വർഷത്തിൽ ഉണ്ടായ പ്രധാനപ്പെട്ട നേട്ടങ്ങളെ പറ്റിയും, കോട്ടങ്ങളെ കുറിച്ചും മൊത്തത്തിൽ ഒരു വിലയിരുത്തൽ നടത്തുക എന്നത് ഇപ്പോൾ നാട്ടുനടപ്പുള്ള സംഗതിയാണ് ...ഇക്കൊല്ലം ഇത്തരമുള്ള ഭൂരിഭാഗം വിലയിരുത്തലുകളും '2020'- നെ വിശേഷിപ്പിച്ചത് 'ദി ഇയർ ഓഫ് ഫിയർ ' എന്നതാണ് ...!
ഇക്കൊല്ലം മാർച്ചു മാസത്തിലെ അവസാന വാരത്തിൽ ഒരു രാത്രി ഞങ്ങളുടെ തൊട്ടടുത്തു താമസിക്കുന്ന എന്നും രണ്ടുനേരം ചുറുചുറുക്കോടെ നിക്കറിട്ട് നടക്കുവാൻ പോകുന്ന സായിപ്പപ്പൂപ്പനെ ആംബുലൻസ് വന്ന് കൊണ്ടുപോയതാണ് .
പിന്നീട് മൂന്നാഴ്‌ച്ച കഴിഞ്ഞപ്പോൾ അദ്ദേഹത്തിനെ വെന്റിലേറ്ററിൽ നിന്നും കോവിഡ് കാരണം മരണം കൊണ്ടുപോയപ്പോൾ, ബോഡി പോലും ആർക്കും കാണാനാവാതെ അടക്കം ചെയ്‌തതായിരുന്നു ഞങ്ങളുടെ തെരുവിലെ ആദ്യത്തെ കൊറോണ മരണം...! പിന്നീടിതുവരെ ധാരാളം പേരെ ഈ മഹാമാരി വന്ന് കെട്ടി പുണർന്നുവെങ്കിലും ,അതിൽ നൂറിൽ പരം നാന ദേശക്കാരായ സ്ഥിരം കണ്ടുകൊണ്ടിരുന്നവരെയാണ് ഈ പരിസരങ്ങളിൽ നിന്നും കൊറോണ വന്ന് പരലോകത്തേക്ക് കൂട്ടി കൊണ്ടുപോയത് ...
ഇപ്പോൾ ഭയവും ഭീതിയുമൊക്കെ ഇല്ലാതായി ഒരു തരം മരവിപ്പു മാത്രമായി തള്ളി നീക്കുന്ന അവസ്ഥയിലാണ് ഇവിടെ പലരും , പലതരം മാനസിക സംഘർഷങ്ങളിൽ കൂടി ജീവിതം ഒരു തരം വല്ലാത്ത പേടിയോടെ മുന്നോട്ട് കൊണ്ടുപോയികൊണ്ടിരിക്കുന്നത് ...!
കഴിഞ്ഞ കൊല്ലങ്ങളിലും , ദശകങ്ങളിലുമൊക്കെ ലോകത്തിന്റെ പല ഭാഗങ്ങളിലും സംഭവിച്ചയത്ര പ്രകൃതി ക്ഷോഭങ്ങളോ ,യുദ്ധങ്ങളോ ,ഭീകര ആക്രമങ്ങളോ ,ശാസ്ത്ര സാങ്കേതിക വിപ്ലവങ്ങളോ മറ്റൊ ഉണ്ടായില്ലെങ്കിലും, ഇതിനെയൊക്കെ കടത്തിവെട്ടുന്ന രീതിയിൽ 'കോവിഡ് 19' എന്ന ഒരു മഹാമാരി ലോകം മുഴുവൻ പടർന്നു പന്തലിച്ച് , പല ഘട്ടങ്ങളിലായി ലോകം മുഴുവൻ നിശ്ചലമാക്കി ആഗോള ജനതയെ വല്ലാതെ ഭീതിപ്പെടുത്തിയ ഒരു ചരിതമാണ് ഈ '2020' ബാക്കിവെച്ച് ഒഴിഞ്ഞു പോകുന്നത് ...ആഗോള കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം മുൻകൂട്ടിയറിയാവുന്ന പ്രകൃതി ദുരന്തങ്ങളും , തുടരെതുടരെയുള്ള ഭീകരാക്രങ്ങളും ,യുദ്ധങ്ങളും, പാലായനങ്ങളും മറ്റും ഏതെങ്കിലും രാജ്യങ്ങളിൽ കുറച്ചു ദിവസങ്ങളിൽ മാത്രം നാശം വിതക്കുമെങ്കിലും ഇതുപോലെ ലോക വ്യാപകമായി ജനജീവിതം ദുസ്സഹമാക്കിയ ഒരു കാലഘട്ടത്തിലൂടെ നാം ഇതുവരെ കടന്നുപോയിട്ടില്ല .
'കോവിഡ് -19'- ന് മുമ്പും ഭൂമിയിൽ അനേകം മഹാമാരികളും , വംശീയവും വർഗ്ഗീയവുമായ ലഹളകളും , ലോക മഹായുദ്ധങ്ങളടക്കം മറ്റനേകം ദുരന്തങ്ങളും വന്നുപോയിട്ടുണ്ടെങ്കിലും ആയതെല്ലാം ഒരു നിശ്ചിത പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിന്നവയായിരുന്നു ...
അതുമൂലം ഉണ്ടായിരുന്ന പട്ടിണിയും , പാലായനവും , സാമ്പത്തിക മാന്ദ്യങ്ങളുമൊക്കെ അതിജീവിച്ച് അതാതു ജനതകൾ എന്നുമെന്നോണം ശാസ്ത്രീയമായും, സാങ്കേതികമായും പുരോഗതികൾ കൈവരിച്ച് എന്നുമെന്നോണം ജീവിത നിലവാരം മെച്ചപ്പെടുത്തി വന്നിരുന്നു ...!
അവരവർ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ച് , പ്രകൃതിയെ ഒട്ടും മാനിക്കാതെ ഏറ്റവും ആധുനികമായ ആഡംബര ജീവിതം നയിച്ചു വരുന്ന മാനവ സമൂഹത്തിനിടയിലേക്കാണ് അവിചാരിതമായി ഈ വർഷം തുടക്കം മുതൽ ഒരു മഹാമാരിയായി 'കൊറോണ വൈറസു'കൾ കയറി വന്നത് .
ആ സമയത്തൊക്കെ 'കൊറോണ വൈറസ് വ്യാപനം ' തടയുവാൻ വേണ്ടി കരയിലും , കടലിലും ,ആകാശത്തുമുള്ള ഒട്ടുമിക്ക ഗതാഗത സംവിധാനങ്ങളും പല പല രാജ്യങ്ങളിലും തൽക്കാലത്തേക്ക് നിറുത്തി വെച്ചു.
'കോവിഡ്-19 ' പടർന്ന രാജ്യങ്ങളിൽ സ്ഥിരമായി ചലിച്ചുകൊണ്ടിരുന്ന മനുഷ്യ സമൂഹം മുഴുവൻ ഏറ്റവും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുവാൻ പറ്റാത്ത അവസ്ഥയിലായി മാറി .
മറുമരുന്നില്ലാത്ത ഒരു പുതിയ രോഗമായതിനാൽ എത്ര ശാസ്ത്രസാങ്കേതികമായി വികസിച്ച നാടുകളിൽ പോലും കൊറോണ പരമാണുക്കൾ താണ്ഡവമാടി ജനങ്ങളെ ഭയചികിതരാക്കി .
ഇപ്പോഴും ജനിതക മാറ്റങ്ങളോടെ വല്ലാത്ത വ്യാപന വ്യാപ്തിയോടെ പ്രസരിച്ചുകൊണ്ടിരിക്കുന്ന 'കൊറോണ വൈറസി'ന്റെ പിടിയിൽ ആഗോളതലത്തിൽ കോടിക്കണക്കിന് ആളുകൾ അകപ്പെട്ടുകൊണ്ടിരിക്കുകയാണ് ...ഈ കോവിഡ് രോഗത്തിൽ നിന്നും മുക്തി നേടാനാകാതെ ഇപ്പോഴും ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ...!
ഇന്നത്തെ തലമുറയിലെ മാത്രമല്ല , ലോകത്തിൽ ഇതുവരെ ജീവിച്ച ഒരു ജനതയും ഇങ്ങനെയുള്ളൊരു ആഗോള പരമായ അടച്ചുപൂട്ടൽ പ്രതിഭാസത്തിൽ കൂടി കടന്നുപോയിട്ടില്ല എന്നത് ഒരു വാസ്തവമാണ് .
പല രാജ്യങ്ങളിലും ധാരാളം തൊഴിൽ മേഖലകൾ പ്രതിസന്ധിയിലായി , ഒപ്പം അനേകായിരം ആളുകൾക്ക് ജോലികൾ നഷ്ട്ടപ്പെടുകയൊ താൽക്കാലികമായി ഇല്ലാതാവുകയൊ ചെയ്‌തു .
പല നാടുകളിലും ഭൂരിഭാഗം ജനതയും സാമ്പത്തിക നഷ്ട്ടങ്ങൾ അതിജീവിക്കുവാൻ പെടാപാട് നടത്തുന്ന നൊമ്പരപ്പെടുന്ന കാഴ്ചകൾ... പലരും മാനസിക സംഘർഷങ്ങൾക്കും പലതരം വിഷാദ രോഗങ്ങൾക്കും അടിമപ്പെടുന്ന അവസ്ഥാവിശേഷങ്ങൾ
ഇപ്പൊൾ ഏതാണ്ട് ഒരു കൊല്ലത്തിന്റെ കാത്തിരിപ്പിന് ശേഷം പല നാടുകളിലുള്ള വമ്പൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളും അനേക നാളത്തെ ഗവേഷണങ്ങൾക്ക് ശേഷം 'കോവിഡ് 19' പരത്തുന്ന വൈറസുകൾക്ക് എതിരെ പ്രവർത്തിക്കുന്ന 'കോവിഡ് വാക്‌സിനു'കൾ പുറത്തിറക്കി പ്രതിരോധ കുത്തിവെപ്പുകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് .
ഒരു പക്ഷെ പുതുവർഷം മുതൽ ഇത്തരം കോവിഡ് വാക്‌സിനുകൾ ഈ മഹാമാരിയുടെ ദുരന്തങ്ങൾക്ക് ശമനം വരുത്തിയേക്കാം . മാറ്റങ്ങളുടെ ഒരു നവീനമായ ജീവിത രീതികൾക്ക് തുടക്കം കുറിച്ചേക്കാം ...
ഈ കൊറോണക്കാലം പൊട്ടിമുളക്കുന്നതിന് മുമ്പ് വരെ ഓരോരുത്തരും പരിപാലിച്ചുപോന്നിരുന്ന പല ജീവിത ചിട്ടവട്ടങ്ങൾക്കും വല്ലാത്ത മാറ്റങ്ങൾ സംഭവിച്ചിരിക്കുകയാണ് ...
ഇനി കൊറോണക്കാലത്തിനു ശേഷം പല പുതിയ ശീലങ്ങളും , പുതിയ ചിട്ടകളും അനുഷ്ഠിച്ചുകൊണ്ടുള്ള ജീവിത ശൈലികളായിരിക്കും നാം തുടർന്നും പിന്തുടരുക .എല്ലാം കാത്തിരുന്ന് കാണാം ...
അതെ
'കൊറോണ വൈറസ്' എന്ന ആഗോള ഭീതി പരത്തിയ '2020'- ന് വിടപറഞ്ഞുകൊണ്ട് പ്രത്യാശയുടെ വലിയൊരു പ്രകാശമേന്തിക്കൊണ്ട് 'കൊറോണ വാക്‌സിനു'മായി എത്തിയ '2021' - നെ നമുക്ക് വരവേൽക്കാം...
ഏവർക്കും പുതുവത്സരാശംസകൾ ...