Monday, 27 February 2017

അറേബ്യൻ ഐക്യ നാടുകളിലെ പ്രണയ സഞ്ചാരങ്ങൾ ... ! / Arebian Aikya Natukalile Pranaya Sancharangal ...!

പ്രണയത്തിന്റെ പ്രയാണത്തിന് പ്രായവും കാലവും ദേശവുമൊന്നും ഒരു പ്രതിസന്ധിയായി ഒട്ടു മിക്കവരിലും ഒരിക്കലും പ്രശ്നങ്ങൾ ഉണ്ടാക്കില്ല - എന്നതിൻ ഉദാഹരണമാണ് പ്രണയ സഞ്ചാരികളായി ഞങ്ങൾ താണ്ടിയ , കലക്കനായ പ്രണയം തുളുമ്പുന്ന രണ്ടാഴ്ച്ച കാലത്തെ ഈ അറേബ്യൻ ഐക്യ നാടുകളിലെ  പ്രേമ സഞ്ചാരങ്ങൾ..!

സ്ഥിരം പ്രണയിനിയായ ഭാര്യക്കൊപ്പം , ഉറ്റവരായ ബന്ധുക്കളുടെ വീടുകളിൽ കയറിയിറങ്ങി , ബാല്യകാല മിത്രങ്ങളെ ചെന്ന് കണ്ട് , കടിഞ്ഞൂൽ പ്രണയ നായികയോടൊപ്പം , ഇതുവരെ കണ്ടിട്ടില്ലാത്ത ഓൺ-ലൈൻ  മിത്രങ്ങളെ ഓഫ്-ലൈനായി നേരിട്ട് പോയി കണ്ടും , വിളിച്ചും അബുദാബി മുതൽ ഫുജൈറ വരെയുള്ള ഏഴ് എമിറേറ്റുകളിലേയും  ഒട്ടുമിക്ക വിനോദ സഞ്ചാര സ്ഥലങ്ങളിലും, മാറി മാറി സഞ്ചരിച്ചുള്ള ഒരു പ്രണയ കാലം തന്നെയായിരുന്നു ഈ അറേബ്യൻ സഞ്ചാരങ്ങൾ ...! 
 
അറബിക്കടലിൽ നിന്നും  തള്ളിനിൽക്കുന്ന ഗൾഫ് ഉൾക്കടലിന്റെ (പേർഷ്യൻ ഉൾക്കടൽ ) തെക്ക് കിഴക്കൻ  തീരത്തെ ഒരു വലിയ ദേശമായ അബുദാബി മുതൽ ദുബായി , ഷാർജ , അജ് മാൻ , ഉംഅൽ കുവൈൻ , റാസ് അൽ ഖൈമ വരെയുള്ള  കൊച്ചു രാജ്യങ്ങളും , ഒമാനിനോട് ചേർന്ന് കിടക്കുന്ന ചുണ്ണാമ്പ് കല്ലു മലകളാൽ സംപുഷ്ട്ടമായ ഫുജൈറയും ചേർന്ന - ' ഷേയ്ക്കു'കളാൽ  ഭരിക്കപ്പെടുന്ന ഈ ഏഴ് എമിറേറ്റുകൾ കൂടി ചേർന്ന -  ഇന്ന് ലോകത്തിലെ  അതി സമ്പന്ന രാജ്യങ്ങളിൽ ഒന്നാണ് , അറേബ്യൻ ഐക്യ നാടുകൾ എന്നറിയപ്പെടുന്ന 
' U A E  'എന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആയ   അബുദാബി തലസ്ഥാനമായ ഈ അറബികളുടെ നാട് ...!

ചരിത്രപരമായി 3500 കൊല്ലങ്ങളുടെ കഥകൾ ചൊല്ലിയാടാനുണ്ടെങ്കിലും , പതിനെട്ടാം  നൂറ്റാണ്ടുമുതൽ ബ്രിട്ടീഷ് പ്രോട്ടക് ഷനിൽ ,' ഇന്ത്യൻ കറൻസി' ക്രയ വിക്രയത്തിന് ഉപയോഗിച്ചിരുന്ന ഒരു അറബി രാജ്യമായിരുന്നു ഇതെങ്കിലും , 1950 - നു ശേഷമുള്ള എണ്ണയുൽപ്പാദാന സ്രോതസ്സ് ഇവിടെ കണ്ട്  പിടിച്ചത് മുതലാണ് ഈ രാജ്യങ്ങൾ പുരോഗതിയിലേക്ക് കുതിച്ച തുടങ്ങിയത് ...

ഏതാണ്ടമ്പത് കൊല്ലം മുൻമ്പ് വരെ , വെറും സാധാരക്കാരനും , പ്രാരാബ്ധക്കാരനുമായ ഒരു ശരാശരി മലയാളിയെ പ്രവാസത്തിന്റെ പ്രയാസങ്ങളിലേക്ക് മാടി വിളിച്ച് , പണിയെടുപ്പിച്ച് അവനേയും/അവളേയും , അവരുടെ കുടുംബത്തേയും - അൽപ്പസൽപ്പം ആഡംബര ജീവിതങ്ങൾ നയിക്കുവാൻ പ്രാപ്തമാക്കിയ പതിനാല് അറബി നാടുകളിൽ പെട്ട , സപ്ത രാജ്യങ്ങളായ ഈ  അറേബ്യൻ ഐക്യ നാടുകൾ ...!

അബുദാബിയും , ദുബായിയും , ഷാർജയും ,
അജ്മാമാനുമൊക്കെ ഇന്ന് ലോകത്തിലെ അതി മനോഹര പട്ടണങ്ങളാണ്... 
പണത്തിന്റെ അതി പ്രസരത്താൽ ഇന്നത്തെ ഒട്ടുമിക്ക അറേബ്യൻ രാജ്യങ്ങളിലെ മറ്റെല്ലാ പട്ടണങ്ങളെ പോലെയും  വെട്ടിത്തിളങ്ങി നിൽക്കുന്ന അത്യാധുനിക മോഡേൺ സിറ്റികളായി തന്നെ വിളങ്ങി നിൽക്കുകയാണ് 'യു എ .ഇ' - യിലെ എല്ലാ നഗരങ്ങളും ഇന്ന് ...

അബുദാബി എമിറേറ്റിലെ ഏറ്റവും വലിയ അധിവാസകേന്ദ്രം അബുദാബി എന്നു തന്നെ പേരുള്ള തുറമുഖ നഗരമാണ്. 1971-ൽ 'യു.എ.ഇ.' പിറവിയെടുത്തതു മുതൽ രാജ്യ തലസ്ഥാനമായി വർത്തിക്കുന്ന അബുദാബി നഗരത്തോടനുബന്ധിച്ചുള്ള സുസജ്ജവും , പൂർണമായും മനുഷ്യ നിർമിതമാണ്. ഞങ്ങൾ സന്ദർശിച്ച ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മോസ്കായ 'ഷേയ്ഖ് സെയ്‌ദ് ഗ്രാൻറ് ആരാധനാലയവും ' അബുദാബിയിലാണ് ...!

ഇവിടെയുള്ള 'അൽ ഐൻ' എന്ന മരുഭൂമിയിൽ നട്ടു നനച്ച് വൃക്ഷലതാതികളാൽ പച്ച പിടിച്ചുനിൽക്കുന്ന തോട്ടങ്ങളും ഒരു അവിസ്മരണീയ കാഴ്ച്ച തന്നെയായിരുന്നു ...!

ഉപഭോക്തൃ സംരക്ഷണവും, വിനോദസഞ്ചാര മേഖലയെ പ്രധാന്യത്തോടെ നോക്കി കാണുന്നതുമെല്ലാം 'യു എ ഇ' - യുടെ സമ്പദ് വ്യവസ്ഥക്ക് വലിയ നേട്ടമാണുണ്ടാക്കുന്നത്. വാണിജ്യ വ്യവഹാരങ്ങള്‍ക്കുള്ള ഇലക്‌ട്രോണിക്, സ്മാര്‍ട് ഇടപാടുകളും സാമ്പത്തിക വളര്‍ച്ചയുണ്ടാക്കുന്നു...
ഇത്തരം മേഖലയില്‍ തന്നെ മറ്റൊരു ഗൾഫ് രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത വിധമാണ് സ്മാര്‍ട് സര്‍വീസുകളില്‍ 'യു .എ. ഇ' - യുടെ നേട്ടം.
ലോകത്തിലെ മനുഷ്യ നിർമ്മിതമായ ഏറ്റവും വലിയതും , അത്യാധുനികവുമായ തുറമുഖ നഗരമായ അബുദാബിയാണ്   പെട്രോളിയം  ഉൽപ്പന്നങ്ങളുടെ ശേഖരത്തിൽ നിന്നും ഏറ്റവും ലാഭമുണ്ടാക്കുന്ന എമിറേറ്റെങ്കിലും , ദുബായാണ് ഇന്ന് ആയതിനു  പുറമെ വ്യവസായം, ടൂറിസം , കച്ചവടം മുതലായ കാര്യങ്ങളാൽ ലോകത്തിലെ മറ്റു പ്രമുഖ രാജ്യങ്ങളിലെ പട്ടണങ്ങളെ പോലും കടത്തി വെട്ടി വരുമാനമുണ്ടാക്കുന്ന ഒരു പ്രശസ്തമായ  എമിറേറ്റ് പട്ടണം ...

വളരെ കുറച്ചു കാലങ്ങൾ കൊണ്ട് സ്ഥിരമായ വളർച്ചയിലൂടെ ദുബായ്  ഇന്നൊരു വമ്പൻ ലോക നഗരമായും , ഗൾഫ് രാജ്യങ്ങളുടെ സാംസ്കാരിക, വ്യാവസായികത്താവളമായും മാറിക്കഴിനഞ്ഞിരിക്കുകയാണ്  ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ ഇവിടെ പാർക്കുന്നു. കപ്പൽ , വ്യോമ മാർഗ്ഗമുള്ള ചരക്കുഗതാഗതത്തിന്റെ പ്രധാന ഇടത്താവളമാണ് ഇന്ന് ദുബായ് .
വിനോദ വ്യവസായം, വ്യോമയാനം. ഭൂവിനിമയം, ധനവിനിമയം  എന്നീ മേഖലകളിലേക്ക് കൂടി ഇവർ വ്യവസായം വ്യാപിപ്പിച്ചപ്പോൾ , പിന്നീട്  ദുബായ് നഗരം ദിനം തോറും ഒരു ലോകോത്തര പട്ടണമായി വളർന്ന് വളർന്ന് വരികയായിരുന്നു ..

ഏതാണ്ട് അമ്പത് കൊല്ലം മുമ്പ് വരെ ദുബായുടെ  പ്രധാന വരുമാന സ്രോതസ്സുകൾ ,  മറ്റ് ഗൾഫ് രാജ്യങ്ങളുടേത് പോലെ വ്യാപാരവും  , എണ്ണപര്യവേഷണ ഗവേഷണ വിഭങ്ങളിൽ മാത്രമായിരുന്നുവെങ്കിൽ - ആ വരുമാനങ്ങൾ വേണ്ടവിധം ഉപയോഗികച്ചവർ വെസ്റ്റേൺ പട്ടണങ്ങളുടെ ശൈലിയിലുള്ള  വ്യാപാരത്തിൽ  ഊന്നൽ നൽകി ;
ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ കെട്ടിട സമുച്ചയങ്ങൾ,വമ്പൻ എയർ പോർട്ടുകൾ, ലോകം മുഴുവൻ ദർശിക്കാവുന്ന ഗ്ലോബൽ വില്ലേജ് , മിറാക്കൽ ഗാർഡൻ , ബട്ടർഫ്ലൈ ഗാർഡൻ , അമ്യൂസ്മെന്റ് പാർക്കുകൾ, ഡെസർട്ട് സവാരികൾ എന്നിങ്ങനെ അനേകം - പ്രതികൂല അവസ്ഥകളിലും , പല പല ആഡംബര വിസ്മയങ്ങളുമായി ദുബായി നഗരമൊക്കെ ഇന്ന് ആഗോള വിനോദ സഞ്ചാരികളുടെ ഒരു ആകർഷണ കേന്ദ്രമായി തന്നെ മാറിയിരിക്കുകയാണ് ...
'ഡിസ്‌നി ലാന്റ്' പോലുള്ള 'ദുബായ് ലാന്റും' , എപ്പോഴും തിരിഞ്ഞു കൊണ്ടിരിക്കുന്ന കെട്ടിടവുമൊക്കെ പുത്തൻ ടൂറിസ്റ്റുകളെ ആകർഷിക്കുവാൻ ഈ നഗരത്തിൽ പണിതുകൊണ്ടിരിക്കുകയാണിപ്പോൾ ...

- കടുത്ത നിയമ വ്യവസ്ഥകൾ കാരണം ലോകത്തിലെ മറ്റ് വമ്പൻ പട്ടണങ്ങളിലെ പോലെ കുറ്റകൃത്യങ്ങൾ അത്രയൊന്നുമില്ലാത്ത കാരണം വിനോദസഞ്ചാരികളുടെ ഒരു പറുദീസ തന്നെയാണ് -  ഇന്ന് യു.എ.യിലെ സകലമാന പട്ടണങ്ങളും ...!

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ അപാര   നിർമ്മിതികൾ കൊണ്ട് ദുബായ് ആഗോള ജന ശ്രദ്ധ പിടിച്ചുപറ്റി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബര  ചുംബിയായ ബുർജ് ഖലീഫ പോലുള്ള കെട്ടിടങ്ങളും , കടൽ നികത്തി നിർമ്മിച്ച പാം ദ്വീപുകളും , മറ്റു വൻ ഹോട്ടൽ കെട്ടിട സമുച്ചയങ്ങളും , വലിയ ഷോപ്പിങ്ങ് മാളുകളും അവയിലുൾപ്പെടുന്നു...

യു.എ.യിലെ ഔദ്യോഗിക ഭാഷ അറബിയാണ്.  പക്ഷെ മലയാളം എവിടെയും കേൾക്കാം , ഒട്ടുമിക്ക കച്ചവട സ്ഥാപനങ്ങളും മലയാളികളുടെയോ , മലയാളികൾ തൊഴിലാളികളായവരൊ ഉള്ളതാണ്.
ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലെയും ആളുകളെ ഇവിടങ്ങളിൽ   കാണാവുന്നതാണ് . ഇംഗ്‌ളീഷ്‌, ഹിന്ദി , ഉറുദു,പാഴ്‌സി, തമിഴ് , ബംഗാളി ഭാഷകളും ഇവിടെ ധാരാളം ഉപയോഗിക്കപ്പെടുന്നുണ്ട്.

ഒരു മുസ്ലിം രാജ്യമാണെങ്കിലും 'യു.എ .ഇ' - യുടെ ഭരണഘടന മത സ്വാതന്ത്ര്യം അനുവദിക്കുന്നു. ക്രിസ്ത്യൻ പള്ളികളും , ഹൈന്ദവ ക്ഷേത്രവും ഗുരുദ്വാരയുമൊക്കെ പല എമിറേറ്റുകളിലും ഉണ്ട്. 'യു.എ .ഇ' -യിൽ മറ്റ് ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീകൾക്ക് ഇഷ്ടമുള്ള ജോലി ചെയ്യാനും , ബിസ്സിനസ്സുകൾ നടത്താനും , ഡ്രൈവ് ചെയ്യാനും സ്വാത്രന്ത്ര്യമുണ്ട്...

 ഷാർജയാണ് ഈ അറേബ്യൻ രാജ്യങ്ങളുടെ സാംസ്കാരിക തലസ്ഥാനം. മറ്റുള്ള എമിറേറ്റുകളെക്കാൾ  പല ഇസ്‌ലാമിക ശരിയത്ത് നിയമങ്ങളും ഇവിടെ കർശ്ശനമായി നടപ്പാക്കുന്നുണ്ട് എന്ന് അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ചതും, വൃത്തിയും വെടിപ്പുമുള്ള അത്യാധുനികമായ പരന്നു കിടക്കുന്ന ഷാർജ ഫിഷ്  പോർട്ടിനടുത്തുള്ള മത്സ്യ- മാംസ - പച്ചക്കറി  മാർക്കറ്റ് കാഴ്ച്ചകൾ ഒരു വിസ്മയം തന്നെയാണ്...!

വിനോദ സഞ്ചാര മേഖലയിൽ എന്നുമെന്നോണം നിരവധി പ്രദേശങ്ങൾ ഇവിടെ ഉണ്ടായി കൊണ്ടിരിക്കുന്നുണ്ട് .

അജ്‌മാൻ മ്യൂസിയത്തിൽ പതിനെട്ടാം  നൂറ്റാണ്ടിൽ നിലനിന്നിരുന്ന അറേബ്യൻ സംസ്കാരത്തിൻറെ തിരുശേഷിപ്പുകളും , ഈ രാജ്യത്തിന്റെ അതി പുരാത ശില്പങ്ങളുമൊക്കെ  ദർശ്ശിക്കാവുന്നതാണ് . അജ് മാനിലുള്ള റാഷിദീയ്യ പാർക്ക്, ചൈന മാൾ , അജ്‌മാൻ മറീന എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.
'യു.എ .ഇ' - യിലെ മെഡിക്കൽ യൂണിവേഴ്‌സിറ്റിയും, സാങ്കേതിക സർവ്വകലാ ശാലയും സ്ഥിതി ചെയ്യുന്നതും അജ്മാനിൽ തന്നെയാണ്...

 ഉം അൽ കുവൈൻ എമിറേറ്റ് മരുഭൂമികളുടെ നാട് കൂടിയാണ്. ധാരാളം നട്ടു നനച്ചു വളർത്തുന്ന ഈന്തപ്പന തോട്ടങ്ങളും , അവക്കുള്ളിലൊക്കെ ആട് , പശു, ഒട്ടക ഫാമുകളൊക്കെ ധാരാളമുള്ള സ്ഥലം .ശരിക്കും 'ആടുജീവിതങ്ങൾ' നയിച്ച്  പോരുന്ന പഠാണികളെയൊക്കെ   അവിടെ കാണുവാൻ സാധിച്ചു  ...!

പിന്നെ എല്ലാ പട്ടണങ്ങളിലും കോർണീഷുകൾ എന്നറിയപ്പെടുന്ന കടൽ തീരങ്ങളാൽ സമ്പന്നമാണ് , ഫുജൈറ ഒഴിച്ചുള്ള എല്ലാ എമിറേറ്റുകളും ബീച്ചുകളും, അവിടങ്ങളിലൊക്കെ പാതി രാത്രി  വരെ തിങ്ങി നിറഞ്ഞ ആളുകളെയും കാണാം ...

റാസ് അൽ ഖൈമ യിലെ ശാന്തമായ ബീച്ചുകളിൽ ഇറങ്ങി കുളിച്ച് , അവിടത്തെ ബൃഹത്തായ വിദേശ മദ്യ വില്പനശാലകൾ
കയറിയിറങ്ങി , ഒമാൻ അതിർത്തികളിലെ സഞ്ചരിച്ച് 1500 അടി ഉയരമുള്ള ഫുജൈറ യിലെ വിസ്താരമുള്ള പാറ തുറന്ന് വെട്ടിയുണ്ടാക്കിയ ഹെയർപിൻ കയറ്റങ്ങൾ കയറിയിറങ്ങി മരുഭൂമിയുടെ ഭീകര സൗന്ദര്യം തൊട്ടറിഞ്ഞുള്ള തണുത്തുറഞ്ഞ പുലർ കാല യാത്രയും , ജബൽ ജേയ്‌സ് മലയുടെ മുകളിൽ നിന്നും കണ്ട വർണ്ണ പ്രപഞ്ചം തൂകുന്ന സൂര്യോദയവുമൊക്കെ ഒരിക്കലും വിസ്മരിക്കാത്ത കാഴ്ച്ചകളാണ് ഞങ്ങൾക്ക് സമ്മാനിച്ചത് ...!

പിന്നീട് വാദി എന്നറിയപ്പെടുന്ന ചീസ് അൽവാദ മലയിടുക്കുകളിലേക്ക് വണ്ടിയോടിച്ച്‌ പോയി ചെറിയ വെള്ളച്ചട്ടങ്ങളും ,നീരുറവകളും മരുപ്പച്ചകളുമൊക്കെ കണ്ട ശേഷം  വളരെ സന്തോഷമുള്ള വേർപ്പാടുകളോടെയുള്ള തിരിച്ച് യാത്രയായിരുന്നു ഈ പ്രണയ യാത്രയുടെ പരിസമാപ്തി ...!
ഇരുവശങ്ങളിലും വൃക്ഷലതാതികൾ വെച്ച് പിടിപ്പിച്ചുള്ള നാല് വരി പാതകൾ തൊട്ട് ,പത്ത് വരി പാതകൾ വരെയുള്ള അസ്സൽ കിണ്ണങ്കാച്ചി റോഡുകളിലൂടെ ചീറിപ്പാഞ്ഞ് ഫുജേറയിലെ കടലിടുക്കുകളും, ചുണ്ണാമ്പ് കല്ല് മലകളും കയറിയിറങ്ങി,റാസൽഖൈമ മരുഭൂമിയിലെ ആട് ജീവിതങ്ങളും, 1500 അടി ഉയരമുള്ള തനി പാറ കെട്ടുകൾ തുറന്ന് മൂന്ന് വരി പാതയിലൂടെ എത്താവുന്ന ജബൽ ജേയ്സ്സയിലെ മലമുകളിൽ നിന്നുള്ള വർണ്ണ പ്രപഞ്ചം തൂകുന്ന സൂര്യോദയവും, ലോകത്തിലെ ഉന്നതമായ ബുർജ് ഖലീഫയിൽ നിന്നുള്ള സൂര്യാസ്തമയവുമൊക്കെ വിസ്മരിക്കാത്ത കാഴ്ച്ചകളിലേക്ക് ആവഹിച്ച് ...

ആദ്യമായി നേരിട്ട് കാണുന്ന ചില സൈബർ മിത്രങ്ങളുടെ സ്നേഹ വിരുന്നുകൾക്കൊപ്പം , ബന്ധുമിത്രാധികളുടെ ആതിഥ്യം സ്വീകരിച്ചുള്ള , ഈ പ്രണയകാലത്തിന് പത്തിരട്ടിയിലധികം മധുരം തന്നെയാണ് പ്രണയ യാത്രികരായ ഞങ്ങൾക്കപ്പോൾ കിട്ടിക്കൊണ്ടിരുന്നത് ....!

വയസ്സാൻ കാലത്ത് മധുവിധുവിന് പോകുകയാണെന്ന് പറഞ്ഞ് ഞങ്ങളുടെ മക്കളൊക്കെ ഈ യാത്രക്ക് മുമ്പ് ഏറെ കളിയാക്കിയിരുന്നു . മധുവും ,വിധുവുമൊന്നും അത്രയേറെ ഉണ്ടായില്ലെങ്കിലും , എല്ലാം കൊണ്ടും മധുര തരമായ ഒരു പ്രണയ സഞ്ചാരം തന്നെയായിരുന്നു പ്രണയോപനിഷത്ത് തേടിയുള്ള അവിസ്മരണീയമായ ഈ പ്രേമ യാത്രകൾ ... ! !

എന്നും പ്രണയം
കൊതിക്കുന്ന ഒരു
നിത്യയൗവ്വനമായ മനസ്സും
എന്നെ പോലെ അൽപ്പ സൽപ്പം
പൂച്ച ഭാഗ്യമുമുണ്ടെങ്കിൽ ആർക്കും എത്തിപ്പിടിക്കാവുന്നതാണ് ഇത്തരം
പ്രണയ സഞ്ചാരങ്ങൾ ...

ഇനി എന്നാണാവൊ
ഇതിനൊക്കെ പകരം
വീട്ടാൻ ലണ്ടനിലെ ഏതെങ്കിലും
എയർപോട്ടിൽ വന്ന് , 'യു .എ .ഇ' യിൽ
വെച്ച് പരിചയം പുതുക്കിയ ബന്ധുക്കളും , ഗെഡികളും,  ഗെഡിച്ചികളും കൂടി ഒരു ഫോൺ കോൾ എനിക്ക് വിളിക്കുന്നത് എന്ന് കാതോർത്തിരിക്കുകയാണ് ഞാൻ ... !





വിക്കിപീഡിയയിൽ നിന്നും എടുത്തതാണ് കേട്ടോ

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...