Showing posts with label പെണ്ണുകാണൽ ഓർമ്മകൾ .... Show all posts
Showing posts with label പെണ്ണുകാണൽ ഓർമ്മകൾ .... Show all posts

Wednesday 29 April 2020

പെണ്ണുകാണൽ അപാരതകൾ ... ! / Pennukaanal Aparathakal ... !



എന്റെ ജീവിതത്തിലുണ്ടായ ഏറ്റവും സന്തോഷം നൽകിയ ചില സംഗതികളാണ് ബന്ധുമിത്രാദികൾക്ക് വേണ്ടി ഞാൻ നടത്തിയിട്ടുള്ള പെണ്ണുകാണൽ അപാരതകൾ ...!
അതെ ,രണ്ട് വ്യത്യസ്ഥ ചിന്താഗതിക്കാരെ കൂട്ടിയോജിപ്പിച്ച് ഒരു കുടുംബമായി വാഴിക്കുമ്പോഴുള്ള ആ ആനന്ദം ഒന്ന് വേറെ തന്നെയായിരുന്നു ...! 

 ഇപ്പോഴുള്ള ന്യൂ-ജെൻ പിള്ളേരെ പോലെയുള്ള 'ചാറ്റിങ്ങും' , 'ചീറ്റിങ്ങും', 'ഡേറ്റിങ്ങു' മൊന്നുമില്ലാതെ തന്നെ , പ്രഥമ ദർശനത്തിൽ തന്നെ ജീവിത പങ്കാളികളായവർ ...!

അവർ ഇപ്പോഴും തട്ടി മുട്ടി കോട്ടം കൂടാതെ പരസ്‌പരം പിരിയാതെ തന്നെ   മരണം വരെ ജീവിതം മുട്ടത്തട്ടെത്തിച്ചത് കാണുമ്പോഴുണ്ടാകുന്ന സംതൃപ്‌തി - ഇന്നത്തെ ഈ പുത്തൻ തലമുറയുടെ ഇപ്പോൾ ചുറ്റുപാടും നടക്കുന്ന ധാരാളം വിവാഹ മോചനങ്ങൾ കാണുമ്പോൾ കിട്ടുന്നില്ല എന്നത് വാസ്തവമാണ് ...

എന്റെ ആദ്യ പെണ്ണുകാണൽ  കഴിഞ്ഞതു മുതൽ ആയതിന്റെ വർക്കത്ത് കാരണം പല കൂട്ടുകാർക്കും , അടുത്ത ബന്ധുക്കളുടെ മക്കൾക്കുമൊക്കെ പെണ്ണുകാണാനും,  ആണു  കാണാനുമൊക്കെയായി അക്കാലത്ത് എല്ലാ വീക്കെന്റുകളും മാറ്റിവെച്ചവനായിരുന്നു ഞാൻ ...


സ്വന്തമായി ഒരു പെണ്ണിനെ കണ്ട് ഇത്തിരി കിഞ്ചന വർത്തമാനം പറഞ്ഞു അവളെ കെട്ടിപ്പൂട്ടി ഭാര്യസ്ഥാനത്ത് പ്രതിഷ്ഠിക്കുവാൻ യോഗമില്ലാത്തവനായിരുന്നു ഞാനെങ്കിലും , മറ്റുള്ളവർക്ക് വേണ്ടി പെണ്ണുകാണൽ ചടങ്ങുകളിൽ പങ്കെടുത്ത് സെഞ്ച്വറി  കടന്നവനാണ് ഞാൻ ...!

അതിന് സ്വന്തമായിട്ട് ഒരുപെണ്ണു കാണുവാൻ  എനിക്കൊക്കെ എങ്ങിനെ പറ്റാനാണ് ...?

കൗമാരം തൊട്ടേ ഒരു പ്രണയവല്ലഭനായി കാമിനിമാരുടെ ചുറ്റും റോന്തു ചുറ്റി നടക്കുന്ന ശീലഗുണം കൊണ്ട് വീട്ടുകാരും , നാട്ടുകാരും കൂടി 24 വയസ്സിലെ തന്നെ അതിലൊരുത്തിയെ കൊണ്ട് - ഇടഞ്ഞു നിൽക്കുന്ന ഒരു കാളക്കൂറ്റനെ മെരുക്കുവാൻ  എന്ന പോലെ - എനിക്ക് മൂക്ക് കയറിടീപ്പിച്ച് , അവളാരത്തിയെ എന്റെ പെർമനന്റ് യജമാനത്തിയായി  ഏൽപ്പിച്ചു കൊടുത്തു  ..!


എന്റെ കൗമാരകാലത്ത് പൊട്ടിമുളച്ച  ആദ്യാനുരാഗ കഥയിലെ നായികയായ പ്രിയയെ (ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതുപുത്തൻ പഴങ്കഥ ) , ജാതിയുടെ അതിർവരമ്പുകൾ ഭേദിക്കുവാൻ കഴിയാതിരുന്നത് കൊണ്ട് , അവളുടെ മുറ ചെക്കനായ   എന്റെ മിത്രം കൂടിയായിരുന്ന ഹരി (യേട്ടൻ)  ഗൾഫിൽ നിന്നും വന്ന് കല്യാണിച്ച്, അവളേയും കൂട്ടി ദുബായിലേക്ക് പറന്നകന്ന കാലം ..!

ഏതാണ്ട് ഒരു ദശകക്കാലം നീണ്ടുനിന്ന പ്രിയയുടെയും, എന്റെയും  ഇമ്പമാർന്ന ആ പ്രണയ കാലം മറക്കുവാൻ വേണ്ടിയാണ് 
പിന്നീട് ഞാൻ സമയമുണ്ടാക്കി , 'മാജിക് ഷോ'യും  , പിന്നെ  പല  കൂട്ടുകാരുടെയും പ്രണയ ദൂതുമായും മറ്റും  സെൻറ് .മേരീസ് കോളേജിന്റെ ഇടവഴിയിലും , വിമല 'കേളേജ് ബസ്സിന്റെ പിക്കപ് പോയന്റു'കളിലും , കേരളവർമ്മയിലെ ഊട്ടി പറമ്പിലുമൊക്കെ  ചുമ്മാ റോന്ത് ചുറ്റി നടന്നിരുന്നത്  ...!

പോരാത്തതിന് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ നടരാജന്മാഷുടെ ട്യൂഷ്യൻ ക്‌ളാസിൽ വെച്ച് എന്നോട് അടുപ്പത്തിലായ സുമം വർഗീസ് ഡിഗ്രിക്ക്  വിമലയിൽ പഠിക്കുന്ന കാലവും ...

അന്നെനിക്ക് സ്വന്തമായി ഒരു പ്രണയിനി ഉള്ളതിനാൽ സുമത്തിനെ (ബെർക്‌ഷെയറിൽ ഒരു പ്രണയകാലം ) ഇഷ്ട്ടപ്പെടുന്ന - കൂട്ടുകാരൻ സുധന്  വേണ്ടി എല്ലാ ഒത്താശകളും ചെയ്‌ത്‌ കൊടുക്കുന്ന 
ഒരു ഉദാര മനസ്‌കനും കൂടിയായിരുന്നു ഞാൻ  എന്നതിനാൽ അവളേയും കൂട്ടുകാരികളെയും, കോളേജ് ബസ് കയറ്റി വിട്ട ശേഷമെ ഞങ്ങൾ സ്വന്തം ക്യാംപസുകളിലേക്ക് തിരിച്ച് പോകുമായിരുന്നുള്ളൂ...

ആ സമയത്ത്  വിരഹം മൂലം പ്രേമം മുട്ടി നിന്ന എന്നുടെ മനസ്സിനുള്ളിലേക്ക് പിന്നീട് കയറി വന്ന ഒരു ചുള്ളത്തിയായിരുന്നു അനിത ... 


ഞാനും എന്റെ കൂട്ടുകാരും കൂടി ഞങ്ങളുടെ ബിരുദ പഠന കാലത്ത് തുടക്കം കുറിച്ച - 'ഫീനിക്‌സ് ട്യൂട്ടോറിയൽ   ട്യൂഷൻ സെന്ററി'ൽ ഇംഗ്ലീഷ്  പഠിപ്പിക്കുവാൻ വന്നവളായിരുന്നു ഇഷ്ട്ടത്തി ...

എന്റെ ഇളയച്ഛൻറെ ഭാര്യയുടെ ചേച്ചിയുടെ മകളായ വലപ്പാട് സ്വദേശിയായ അനിത ,  ആ  സമയത്ത് തൃശൂരിൽ വന്ന് 'ബിഎഡ്'  പഠിക്കുവാൻ വേണ്ടി എന്റെ വീടിന്റടുത്തുള്ള ഇളയച്ഛന്റെ വീട്ടിൽ വന്ന് താമസിക്കുന്ന കാലമായത് കൊണ്ട് - അനിതക്ക്   ടീച്ചിങ്ങ് പരിശീലനത്തിന് വേണ്ടി ഞങ്ങളുടെ 'ട്യൂഷൻ സെന്ററൽ  ഒരു  അദ്ധ്യാപികയായി സ്ഥാനവും കൊടുത്തു ...

അതിനുശേഷം മൂന്നാലു മാസത്തിനിടയിൽ   ഞാൻ അനിതക്ക് കുറച്ച് പ്രണയ പരിശീലനം കൂടി കൊടുത്ത് , ഇളയമ്മയും മറ്റും അറിയാതെ ഞങ്ങളുടെ 'ട്യൂഷൻ സെന്ററി'ലും , 'ഡിലൈറ്റ് ഐസ്ക്രീം പർലറി' ലിലും ,ടൗണിലെ ചില മാറ്റിനിക്ക് പോക്കുമൊക്കെയായി  അത്യാവശ്യം 'ലൈൻ' നല്ല 'സ്‌മൂത്താ'യി വന്ന അവസരത്തിൽ , എങ്ങിനെയോ  നാട്ടിൽ മുഴുവൻ പാട്ടായിരുന്ന  എന്റെ പ്രഥമാനുരാഗ കഥയുടെ ആഴം - അനിത അറിഞ്ഞപ്പോൾ ആ പ്രേമോം   പൊട്ടിപ്പൊളിഞ്ഞു പാളീസായി പോയി ...


എന്റെ പതിനെട്ടാം വയസ്സിൽ അകാലത്തിൽ എന്റെ അച്ഛൻ ഞങ്ങളെ വിട്ട് പോയപ്പോൾ മുതൽ  'ഓട്ടോമറ്റിക്കാ'യി ഞാൻ വീട്ടു കാരണവരായി മാറിയിരുന്നു  ...!

ആയതിനാൽ മാതാപിതാക്കളുടെ സഹോദരീ സഹോദരന്മാരുടെ വീടുകളിലെല്ലാം എന്ത് ചടങ്ങുകൾ ഉണ്ടായാലും , അവിടെയൊക്കെ പോയി തലകാണിക്കേണ്ട ചുമതലയും എന്നിൽ നിഷിപ്തമായ കാലങ്ങളായിരുന്നു അപ്പോൾ ...


അച്ഛൻ മരിച്ച ശേഷം , തൃശ്ശൂർ അങ്ങാടിയിലുള്ള കടയുടെ  ചുമതല എന്റെ രണ്ടാമത്തെ അമ്മാവനും ഞാനും കൂടി ഏറ്റെടുത്ത് നടത്തിയപ്പോൾ പോലും , കടയിൽ നിന്നും സമയമുണ്ടാക്കി അല്പസൽപ്പം പ്രേമ സല്ലാപങ്ങൾക്ക് സമയം കണ്ടെത്തി മനസ്സിനെന്നും ഉന്മേഷം കൊടുത്തിരുന്നവനായിരുന്നു ഞാൻ ...

ശനിയാഴ്ച്ചകളിലെ സെക്കന്റ് ഷോ സിനിമകൾക്ക് ശേഷം, പാതിരാവിലെ 'ഡബിൾക്‌സ്  ഹോട്ടലി'ലെ ഫുഡടിയും, മറ്റും കഴിഞ്ഞു വീട്ടിലെത്തുമ്പോൾ സാധാരണ കോഴി കൂവിയിട്ടുണ്ടാകും ...

സമീപ പ്രദേശങ്ങളിൽ പൂരമോ, പള്ളിപ്പെരുന്നാളൊ വരുന്ന ഉത്സവ സീസണുകളിൽ നാടകമൊ , കഥാപ്രസംഗമൊ , ബാലെയോയുള്ള ദിനങ്ങളിൽ ഇതൊക്കെത്തന്നെയായിരുന്നു ഞങ്ങൾ കൂട്ടുകാരുടെ രാത്രിയിലെ സ്ഥിരം കളിവിളയാട്ടങ്ങൾ ...

ആകെ കിട്ടുന്ന ഒഴിവു ദിവസമായ ഞായാറാഴ്ചകളിൽ കല്യാണങ്ങൾക്കും മറ്റു വിരുന്നുകൾക്കും മറ്റും പങ്കെടുത്ത്  , ചിലപ്പോൾ ബന്ധുമിത്രാധികളുടെ വീടുകളിലെയും,  റിക്രിയേഷൻക്ലബ്ബ്കളിലേയും സന്ദർശനങ്ങളൊക്കെ പൂർത്തിയയായി വരുമ്പോഴേക്കും   ആ ദിനങ്ങളും  കഴിഞ്ഞു കിട്ടും.

അതൊക്കെ പോട്ടെ ഇനി എന്റെ ആദ്യ 
പെണ്ണുകാണൽ അനുഭവത്തെ കുറിച്ച് ചുമ്മാ ഒന്ന് ചൊല്ലിയാടാം...


എന്റെ ചടപ്പരത്തി 'ലാംബി സ്‌കൂട്ടർ' വിറ്റ് പുത്തൻ 'ചേതക് 'എടുത്ത അവസരത്തിലാണ്  , എനിക്ക് ആദ്യമായി  ഒരു പെണ്ണുകാണൽ ചടങ്ങിന് ക്ഷണം കിട്ടിയത് ...
എനിക്കായിട്ടല്ല.  ഞങ്ങളുടെ തലമുറയിലെ മുതിർന്ന പയ്യനായ അമ്മായിയുടെ മകൻ വിനോദേട്ടന് വേണ്ടിയായിരുന്നു ...

കല്യാണ ബ്രോക്കർ 'നമസ്‌കാരം അശോകൻ' കൊണ്ടുവന്ന പെണ്ണിന്റെ ഫോട്ടോ അവർക്ക് 
ഇഷ്ട്ടപ്പെട്ടപ്പോൾ കുറിപ്പടി  വാങ്ങി ഒത്ത് നോക്കിയപ്പോൾ നല്ല ജാതക പൊരുത്തവും ഉണ്ട് .

ഇനി ചെക്കനും പെണ്ണും പരസ്‌പരം കണ്ട് ഇഷ്ട്ടപ്പെട്ടാൽ കാര്യങ്ങൾ പ്രൊസീഡ് ചെയ്യാം ...

വാചകമടി കുറച്ചേറെയുണ്ടെങ്കിലും ,  നല്ല വകതിരുവുള്ള മുകുന്ദ മാമന്റെ  മോൻ മുരളിയും, നീയും കൂടി പോയി പെണ്ണിനെ കണ്ട് വന്നാൽ അവരെ കുറിച്ചുള്ള സകലമാന ഡാറ്റയും - നല്ല ഡീറ്റൈയ്ൽസ്  ആയി അവൻ വിവരിച്ചു  തരും എന്ന് പറഞ്ഞാണ് അമ്മായിയും , മാമനും കൂടി ഈ ചുമതല എനിക്കായി ഒഴിച്ചിട്ടത് ...

അങ്ങനെ അന്നൊരു  ഞായറാഴ്ച്ച , അമ്മായിയുടെ വീട്ടിൽ നിന്നും 'ലഞ്ച്' കഴിച്ച ശേഷം വിനോദേട്ടന് വേണ്ടി ഒരു പെൺ  ക്ടാവിനെ  കാണുവാനായി തൃപ്രയാർ ഭാഗത്തേക്ക് ഞങ്ങൾ വണ്ടി വിട്ടു ...

ബ്രോക്കർ 'നമസ്‌കാരം അശോകൻ' മൂന്ന്  മണിക്ക്  തൃപ്രയാർ അമ്പലനടയിൽ നിന്നും, ഇടത്തോട്ട് പോകുന്ന വഴിയിൽ ഒരു കിലോമീറ്റർ കഴിഞ്ഞാൽ കാണുന്ന ആൽത്തറയിൽ കാത്ത് നിൽക്കാമെന്നാണ് പറഞ്ഞിരിക്കുന്നത് .


പറഞ്ഞ സമയത്തിന് മുമ്പെ  ഞങ്ങളവിടെ എത്തിയ ശേഷം , അശോകൻ ചൂണ്ടി കാണിച്ച  ഇടത്തെ വഴിയിലുള്ള വീടിന് മുമ്പിൽ ഗാർഡനുള്ള , മൂന്നാമത്തെ ടെറസ് വീട്ടിലെത്തിയപ്പോഴേക്കും , അതിന് പിന്നാലെ ബ്രോക്കറും അവിടെ എത്തി ചേർന്നു ...

പെൺ കുട്ടിയുടെ അച്ഛൻ ഗൾഫിൽ ആയത് കാരണം അവിടെ ഞങ്ങളെ വരവേറ്റത് കുട്ടിയുടെ വല്യച്ഛനായിരുന്നു .

മൂപ്പർ ഞങ്ങളെ വീട്ടിൽ കയറുന്നതിന് മുമ്പ്  വീടിൻറെ വടക്ക് വശത്ത് കൊണ്ടുപോയി ആദ്യം പറമ്പ്‌ കാണിക്കുകയാണ് ചെയ്‌തത്‌ ...

'ഞങ്ങൾ സ്ഥല കച്ചോടത്തിനല്ല, പെണ്ണ്കാണുവാനാണ് വന്നതെന്ന്' 
എനിക്ക് പറയണമെന്നുണ്ടായിരുന്നു ...



എന്നാൽ   ജാതിമരങ്ങളും , കായ്ച്ചു നിൽക്കുന്ന വലിയ ഒരു കുടംമ്പുളി മരവും , കടച്ചക്ക പ്ലാവും , പുളിമരവും , കുറെ തെങ്ങുകളുമൊക്കെയായി നല്ല പച്ചപ്പു നിറഞ്ഞുനിൽക്കുന്ന പുരയിടത്തിൽ അസ്സലൊരു ഇരുനില വീട് നിൽക്കുന്ന ദൃശ്യ ഭംഗി വേറെ ഒന്ന് തന്നെയായിരുന്നു ...! 


കൂടാതെ പിന്നാമ്പുറത്ത് ഒരു  കൊച്ചു കുളം , വിറകുപുര കം കയ്യാലയടക്കം ഒരു ടോയ്‌ലറ്റ് , അതിന്റെയടുത്ത് 'നെറ്റ'ടിച്ച  ഒരു കോഴിക്കൂടും നേരെ അപ്പുറത്ത്  ഒരു പട്ടി കൂടും...

അതിൽ ഞങ്ങളെ കണ്ട്  കുരച്ചു കൊണ്ടു നിൽക്കുന്ന ഒരു അൾസേഷൻ നായയും , പിന്നെ അടുക്കള ജനലിൽ കൂടിയുള്ള ചില ഒളിഞ്ഞു  നോട്ടങ്ങളും മറ്റും കണ്ടപ്പോൾ ഞങ്ങൾക്കാണ് അപ്പോൾ ശരിക്കും നാണം വന്നത് ...


പിന്നീട് വീട്ടിൽ കയറി സിറ്റൗട്ടിൽ ഇരുന്നുള്ള വർത്തമാനത്തിൻ ഇടയിൽ പെൺ കുട്ടിയുടെ നാട്ടിക കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന ആങ്ങള ചെക്കനെ എവിടെയൊ  നല്ല കണ്ടു പരിചയം ..?

വല്ല്യച്ഛൻ കാർന്നോർ - മാലപ്പടക്കത്തിന്  തീ പിടിച്ച മാതിരി നിർത്താതെ ബന്ധുക്കളായ പലരെയും , അവരുടെ വീട്ടുംപേരും മറ്റും പറഞ്ഞ് അതിന്റെ ബന്ധം വിശദീകരിച്ച് , വിനോദേട്ടനെ ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുമ്പോൾ , ഞാനതെല്ലാം കേൾക്കുന്ന ഭാവത്തിൽ പെൺകുട്ടിയോട് ചോദിക്കേണ്ട 'ഇന്റർവ്യൂ ' ചോദ്യങ്ങൾ മനസ്സിലിട്ട് 'റിവ്യൂ' ചെയ്യുകയായിരുന്നു ...

കുറച്ച് കഴിഞ്ഞപ്പോൾ  'ഹോം മെയ്‌ഡ്'‌ പരിപ്പുവടയും ,പ്ലം കേക്കും , കായ വറുത്തതുമൊക്കെ ഒരുക്കി വെച്ചിരിക്കുന്ന അകത്തുള്ള ഡൈനിങ് ടേബിളിലേക്ക് വല്യച്ഛൻ ഞങ്ങളെ ആനയിച്ചു ...

ഞാനൊരു പരിപ്പുവട എടുത്ത് കടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വല്യച്ഛൻ 
''മോളെ അനൂ ..ചായ കൊണ്ടു വാ '' 
എന്നതിന്  പിന്നാലെ ചായക്കോപ്പയുമായി പെൺകുട്ടിയും ,ഒപ്പം  അവളുടെ അമ്മയും എത്തി .

പെൺകുട്ടിയെ കണ്ടതും പെട്ടെന്ന് എന്റെ വായിൽ നിന്നും ഒരു വല്ലാത്ത ശബ്ദം പുറപ്പെട്ടു ..

''സോറി ..പരിപ്പുവടക്കുള്ളിലെ മുളക് കടിച്ചതാണെന്ന് ''
പറഞ്ഞ് ഞാൻ അവിടെ സ്‌തംഭിതനായി ഇരുന്നു പോയി ....!

ഒരിക്കൽ കുറച്ചു കാലം എന്റെ പ്രണയിനിയായിരുന്ന അനിതയായിരിന്നു , മഞ്ഞയിൽ നീല പൂക്കളുള്ള സാരിയുടുത്ത് അടുത്ത് വന്നു നിന്ന ആ പെൺകിടാവ്  ...!

എല്ലാവർക്കും അനു , ചയ പകർന്നു തന്നിട്ട് , ചുമ്മാ ചിരിച്ചുകൊണ്ടവിടെ നിന്നു ... 


ഇതിനിടയിൽ വിനോദേട്ടൻ അനിതയോട് എന്തൊക്കൊയൊ  ചോദിക്കുന്നതും, ആയതിനെല്ലാം ചൂണ്ടാണി വിരലിൽ സാരീടെ കോന്തല ചുറ്റിയും, അഴിച്ചും അവൾ ഉരുവിടുന്ന  ഉത്തരങ്ങളും  കേട്ടു  ...


എന്റെ ചോദ്യാവലികൾ മുഴുവൻ ഇറങ്ങിപ്പോയ 
കാരണം  , അവളുടെ അമ്മ കണിമംഗലത്തെ ഇളയമ്മയുടെയും , ഞങ്ങളുടെയുമൊക്കെ  വിശേഷങ്ങൾ ചോദിച്ച് എന്നെ അവിടെ ശരിക്കും  ഇരുത്തി കളഞ്ഞു .... 
ഇതിനിടയിൽ അന്നവിടെ സന്നിഹിതരായിരുന്ന  മറ്റുള്ളവരെയൊക്കെ പരിചയപ്പെടുത്തി .

തിരിച്ചുപോകേണ്ട നേരത്ത് അനിത എന്നോട്  ഒരു ചോദ്യം... 

''എന്താ ഈ മുരളി മാഷ്ക്ക് ..പറ്റീ ത്  ..? പണ്ടത്തെ പോലത്തെ ഉഷാറൊന്നും  കാണാനില്ലല്ലോ ..?''

'' ഞാനെന്തുട്ട് പറയാനാ .., ഇന്ന് വിനോദേട്ടനല്ലേ 'കാൻഡിഡേറ്റ് ..ആള് കേറി ഗോളടിച്ചോട്ടെന്ന് ..വച്ചു..'' 
എന്ന് പറഞ്ഞ് ,'ബൈ ' ചൊല്ലി തിരിച്ചു പോന്നു ..!

മടക്കയാത്രയിൽ സ്‌കൂട്ടറിൽ പിന്നിലിരുന്ന് വിനോദേട്ടൻ 
'' എനിക്ക് കുട്ടീനേം ,വീട്ടുകാരേം ,പരിസരോം മൊക്കെ നന്നായി ഇഷ്ടപ്പെട്ടൂട്ടാ ..., നിനക്കോടാ..മുർല്ല്യേ ..? '' 

''എനിക്കും എല്ലാം കൊണ്ടും ബോധ്യായി ... അസ്സല് കേസാ..ത് '' എന്ന് മാത്രം  പറഞ്ഞു . 

അല്ലാണ്ട്  അനിതേനെ മൂന്നാല് കൊല്ലം മുമ്പ് മുതലേ   എനിക്കും പെരുത്ത്   ഇഷ്ട്ടായിരുന്നൂന്ന് പറയാൻ പറ്റോ ...ല്ലെ ... !

എന്തിന് പറയുവാൻ മൂന്ന് മാസത്തിനുള്ളിൽ  വിരുന്നും , ജാതകം വാങ്ങലും ,
കെട്ടു കല്യാണവും , റിസപ്‌ഷനുമൊക്കെയായി വിനോദേട്ടന്റെ കല്യാണം കെങ്കേമമായി നടന്നു ...

അനിത എനിക്ക് അനിതേടത്തിയായി മാറി ...!


പിന്നീട് അനിതേടത്തിക്ക് ഒരു കൊല്ലത്തിനുള്ളിൽ   വിനോദേട്ടന്റെ വീടിനടുത്തുള്ള   ഒരു  'എയ്‌ഡഡ്‌ സ്‌കൂളി'ൽ 
കൊഴ കൊടുത്തിട്ടാണെങ്കിലും ടീച്ചറുദ്യോഗം കിട്ടി ...
ശേഷം രണ്ട് മക്കളുടെ  മാതാവായി , ഇപ്പോൾ അമ്മായിയമ്മയും ,ആ സ്‌കൂളിലെ തന്നെ ഹെഡ്‌മിസ്‌ട്രസുമാണ് എന്റെ ഈ ആദ്യ പെണ്ണുകാണലിലെ നായിക ...

വിനോദേട്ടൻ രണ്ട് കൊല്ലം മുമ്പ് ഇറിഗേഷൻ വകുപ്പിലെ സൂപ്രണ്ടുദ്യോഗത്തിൽ നിന്നും റിട്ടയറായി കൃഷിയിലും ,അല്പ്പം പൊതുകാര്യങ്ങളിലും ഇടപ്പെട്ട് നടക്കുന്നു.

ഒന്നൊര വർഷം മുമ്പ് ഞങ്ങൾ നാട്ടിലെത്തിയപ്പോൾ - വിനോദേട്ടന്റെ മകന്റെ കല്യാണത്തിന് മുന്നോടിയായി നടക്കുന്ന വിരുന്നു കഴിച്ചിലിന്റന്ന് ഞങ്ങൾ എല്ലാ വീട്ടുകാരുടെ മുന്നിൽ വെച്ചാണ് എന്റെയും, അനിത ടീച്ചറുടെയും - പഴയ കാല  പ്രണയ കഥകൾ -  ഞാൻ വെളിവാക്കിയത് ...!

ആയതെല്ലാം കേട്ട് അന്നവിടെയുള്ളവർക്കെല്ലാം  പൊട്ടി ചിരിക്കുവാൻ ഒരു വകയായി എന്നുമാത്രം...!

ഇത് കേട്ടപ്പോൾ 
എന്റെ ഭാര്യ അനിതേടത്തിയോട് 
'' ഇങ്ങോരെ അന്ന് തേച്ചിട്ട് പോയത് കൊണ്ട് അനിതേച്ചി രക്ഷപ്പെട്ടു ,കഷ്ടപ്പാട് മുഴുവൻ എനിക്കല്ലേ കിട്ടീത് ''
എന്ന് പരിതപിക്കുന്നത് കേട്ടു...

'എന്ത് ചെയ്യാനാ കഷ്ടപ്പാടും,  ദുരിതവും ആർക്കാണെന്ന് 

മ്ള് കെട്ട്യോൻമാർക്ക് മാത്രമല്ലെ അറിയൂ  ...അല്ലെ കൂട്ടരെ' ... ! !


PS:-
ഈ അനുഭവ കഥ ഇന്നത്തെ ബ്രിട്ടീഷ് മലയാളി പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കേട്ടോ .നന്ദി ബ്രിട്ടീഷ് മലയാളി ടീം ...
പെണ്ണുകാണൽ അപാരതകൾ britishmalayali.co.uk 

ഇതിലെ കാർട്ടൂൺ ചിത്രം 'ചായില്യം' വക .


കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...