Showing posts with label ഒരു മലയാളഭാഷ ഗ്രന്ഥാവലോകനം .... Show all posts
Showing posts with label ഒരു മലയാളഭാഷ ഗ്രന്ഥാവലോകനം .... Show all posts

Monday 24 September 2018

പദശുദ്ധി കോശം ....! / Padashuddhi Kosham ...!

അങ്ങനെ എങ്ങനെ എഴുതും എന്നതുമാത്രമല്ല ,
ഇങ്ങനെ എഴുതിയാൽ - 'അങ്ങിനെ' എന്നാണോ 
 'ഇങ്ങിനെ'യെന്നാണോ  'എങ്ങിനെ'യെന്നാണോ -
അഥവാ ഇവയെല്ലാം എങ്ങനെയാണ്  വായിക്കേണ്ടത്  അല്ലെങ്കിൽ പറയേണ്ടത് എന്നതുപോലും നമ്മൾ ഒട്ടുമിക്ക മലയാളികൾക്കും അറിയില്ല എന്നത് ഒരു വാസ്തവമാണ് ...
ആദരാഞ്ജലി (ഞ് ജ )അർപ്പിക്കുന്നതിന് പകരം
ആദരാജ്ഞലികൾ (ജ്‌ ഞ)നേരുന്നവരാണ് നാം കൂടുതൽ പേരും ...
അങ്ങനെ , ഇങ്ങനെ , എങ്ങനെ ,അതിഥി , അടിയന്തിരം , അഗ്നികുണ്ഡം , അഭിഭാഷിക , കല്യാണം , കവയിത്രി , കർക്കടകം, കൈയൊപ്പ് , മാദ്ധ്യമം , തിരഞ്ഞെടുപ്പ്  , തെറ്റുദ്ധാരണ , നിഘണ്ടു , പതിവ്രത  , പ്രസംഗകൻ , യാചക ,
ശിപാർശ , ഷഷ്ടിപൂർത്തി , സ്ത്രീശക്തീകരണം  മുതൽ അനേകം ശരിയായ ഉച്ചാരണവും, അർത്ഥവുമുള്ള മലയാള ഭാഷയുടെ പദസമ്പത്തിൽ നിന്നും ഇപ്പോൾ പലയിടത്തും ഇവയുടെയൊക്കെ  വികലമായ പദങ്ങളായ അങ്ങിനെ , ഇങ്ങിനെ , എങ്ങിനെ , അഥിതി , അടിയന്തരം , അഗ്നികുണ്ഠം, അഭിഭാഷക , കല്ല്യാണം , കവിയിത്രി , കർക്കിടകം, കൈയ്യൊപ്പ് , മാധ്യമം , തെരെഞ്ഞടുപ്പ്, തെറ്റിദ്ധാരണ , നിഘണ്ഡു , പതിവൃത , പ്രാസംഗികൻ , യാചിക , ശുപാർശ , ഷഷ്ഠിപൂർത്തി, സ്ത്രീശാക്തീകരണം എന്നിങ്ങനെയുള്ള ഉച്ചാരണങ്ങളും പ്രയോഗങ്ങളുമാണ് കണ്ടുവരുന്നത് ...!

മറ്റു ഭാഷകളിൽ നിന്നും കടമെടുത്തതും , അല്ലാത്തതുമായ പദങ്ങളുടെ ശരിയായ അർത്ഥവും ഘടനയും എന്തെന്നറിയാതെ അതാതു പ്രാദേശിക ഭാഷ്യങ്ങളുമായി ഉരുത്തിരിഞ്ഞു വന്ന വാക്കുകൾ പ്രാബല്യത്തിൽ വന്നത് തൊട്ട് , നമ്മുടെ ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങൾ മുതൽ ആധുനികമായ കമ്പ്യൂട്ടർ ലിപികൾ വരെ ഇത്തരം വികലമായ പദങ്ങൾ നിത്യോപയോഗത്തിൽ പ്രായോഗികമാക്കിത്തീർക്കുവാൻ ഏവരെയും പ്രാപ്തരാക്കി എന്ന് പറയുന്നതായിരിക്കും ഇതിനുള്ള കാരണങ്ങൾ ...!

ഇതുപോലെ അനേകമനേകം മലയാളം പദങ്ങൾ ഒട്ടും ഭാഷ ശുദ്ധിയില്ലാതെയാണ്  നാം പ്രയോഗിച്ചുവരുന്നതെന്ന് മനസ്സിലാക്കിയാൽ ശ്രേഷ്ഠമലയാളം എന്ന പദവിക്ക് നമ്മൾ അനർഹരായി തീരും ...!

ഇതിനൊക്കെ ഒരു പരിഹാരം എന്ന നിലയിൽ  നമ്മുടെ ഭാഷാശുദ്ധിയെ കുറിച്ചുള്ള ഏറ്റവും നവീനമായ 'പദശുദ്ധി കോശം ' എന്ന പുസ്തകത്തെ പരിചയപ്പെടുത്തുകയാണ് ഞാനിവിടെ ...

മലയാള ഭാഷയിൽ കാലാകാലങ്ങളായി ഇറങ്ങിയ ഭാഷാശുദ്ധിയെ സംബന്ധിക്കുന്ന
നിരവധി ഗ്രന്ഥങ്ങളിൽ നിന്നും എടുത്തിട്ടുള്ള പരാമർശങ്ങൾ സഹിതം , ഡോ .ഡേവീസ് സേവ്യർ , 2014 മുതൽ 'ദീപനാളം' വാരികയിൽ തുടർച്ചയായി എഴുതി വന്ന 'ശ്രേഷ്ഠമലയാളം എന്ന പംക്തി , കുറച്ച് ഭാഷാസ്നേഹികളുടെ കൂട്ടായ്മയാൽ പുസ്തകരൂപം പ്രാപിച്ചതാണ് മലയാളത്തിന്റെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന ഈ  ഗ്രന്ഥം ...!

അതായത് വായനയുടെ രസകരമായ രസതന്ത്രം തീർക്കുന്ന 'ബുക്ക് മീഡിയ ' പ്രസിദ്ധീകരിച്ച വായനയും എഴുത്തും വിഭാഗത്തിലുള്ള യുക്തിയുക്തമായ സമർത്ഥനങ്ങളോടെ അനേകം ദൃഷ്ട്ടാന്തങ്ങൾ  സഹിതം , ലളിത പ്രതിപാദനത്തോടെ തയ്യാറാക്കിയ - മലയാള ഭാഷ വ്യവഹരിക്കുന്ന കർമ്മമണ്ഡലങ്ങളിൽ വ്യാപരിക്കുന്നവരെല്ലാം അവശ്യം കൈയിൽ കരുതേണ്ട ഒരു ആധികാരിക ഗ്രന്ഥം ...

മലയാള ഭാഷ കൃത്യമായി പ്രയോഗിക്കാൻ , 3416 ശുദ്ധപദങ്ങളുടെ ഒരു വാഗർത്ഥജാതകം ...! !


ഒരേസമയം ശരിയും തെറ്റുംപ്രചരിച്ചു
കൊണ്ടിരുന്നാൽ ഭാഷയ്ക്ക് വ്യവസ്ഥയില്ലാതാകും.
ഈ തരത്തിലുള്ള വ്യവസ്ഥയില്ലായ്മയെ ഒരു ഭാഷണ സമൂഹവും അംഗീകരിക്കുന്നില്ല.

അതുകൊണ്ട് ഭാഷ കൈകാര്യം ചെയ്യുന്ന കർമ്മമണ്ഡലങ്ങളിൽ വ്യാപരിക്കുന്നവരായ അദ്ധ്യാപകർ , മാദ്ധ്യമ പ്രവർത്തകർ, സാഹിത്യ പ്രവർത്തകർ , പ്രഭാഷകർ , അഭിഭാഷകർ  , ന്യായാധിപർ , ഭരണ്ഡർ, ഭരണകർത്താക്കൾ മുതൽ നവമാദ്ധ്യമ തട്ടകങ്ങളിലെ രചയിതാക്കൾ വരെ ഭാഷയിലെ 'വരമൊഴിയിലെ നേർവഴി' ശീലിക്കേണ്ടതുണ്ടെന്നാണ് ഡോ .ഡേവീസ് സേവ്യർ തന്റെ മുഖക്കുറിപ്പിൽ വ്യക്തമാക്കുന്നത് .

ഈ ശീലം പ്രാവർത്തകമാക്കിയില്ലെങ്കിൽ നമ്മുടെ വരുംതലമുറ വഴിതെറ്റുമെന്നും , എഴുതുന്ന ആൾ വിവക്ഷിക്കുന്നത് വായിക്കുന്ന /കേൾക്കുന്നവർ ശരിയായി ഗ്രഹിക്കണമെങ്കിൽ ഭാഷ നിഷ്കർഷമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറയുന്നു ...

ആഗോളതലത്തിലുള്ള ഏതൊരു ഭാഷയിലും തെറ്റുകൾ സ്വാഭാവികമായതിനാൽ തെറ്റുതിരുത്തലുകളും അനിവാര്യമാണ് . പലപ്പോഴും ഇത്തരം തെറ്റുകൾ ഒരു വാക്കിന്റെ യഥാർത്ഥ അർത്ഥത്തെ മാറ്റി മറിക്കുകയോ അവ്യക്തമാക്കുകയോ ചെയ്യുന്നുണ്ട് എന്നാണ് ഗ്രന്ഥകാരൻ  പറയുന്നത് .

അതിനാൽ ആശയവിനിമയത്തിന് കോട്ടം തട്ടാത്ത വിധത്തിൽ ഏതൊരു പുതിയ പദത്തിനും ഭാഷയുടെ ധർമ്മത്തിനനുസരിച്ചുള്ള ശുദ്ധിയും വേണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ലോകത്തിലെ വികസിത ഭാഷകളിലെല്ലാം ഈ പ്രക്രിയ നടക്കുന്നുണ്ടെന്നുള്ളതിനാലാണ് ഗ്രന്ഥകാരനും കൂട്ടരും കൂടി , ഭാഷാശുദ്ധിയെ സംബന്ധിക്കുന്ന നിരവധി ഗ്രന്ഥങ്ങൾ അവലോകനം ചെയ്ത് , പലതരം പരാമർശങ്ങൾ അടക്കം ഈ 'പദശുദ്ധി കോശം ' പുറത്തിറക്കിയിട്ടുള്ളത് ...

ശരി പഠിക്കണമെന്നും ഭാഷ ശരിയായി പ്രയോഗിക്കണമെന്ന്  ആഗ്രഹമുള്ള ഏതാനും പേരുടെ ഇച്ഛാശക്തിയാണ്  ഈ ഗ്രന്ഥത്തിന്റെ ജനനത്തിന് വഴിയൊരുക്കിയത് .

ഭാഷ ശരിയായി പഠിച്ച് ശരിയായി പ്രയോഗിക്കുന്നവർക്ക് ഭൂമിയിലും സ്വർഗ്ഗത്തിലും ആഗ്രഹിക്കുതെന്തും ലഭിക്കുമെന്നാണ് പതഞ്ജലി മഹർഷി പുരാണകാലത്ത് പറഞ്ഞുവെച്ചിട്ടുള്ളത് ...!

ആ ഭാഷ്യം അല്ലങ്കിൽ മഹദ്വചനം അന്വർത്ഥമാക്കുന്ന പ്രതീതിയാണ് മലയാളത്തിലെ ഈ വിലപ്പെട്ട പുസ്തകത്തിന്റെ അണിയറ ശില്പികൾക്ക് ഇപ്പോൾ ഉണ്ടായിട്ടുള്ളത് ...

ഇതേ അനുഭവം തന്നെയാവും ലോകമെമ്പാടുമുള്ള മലയാളികൾക്കും 'പദശുദ്ധി കോശം ' വായിച്ച ശേഷം , നമ്മുടെ മാതൃഭാഷ മലയാളം ശരിയായി ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്നതും ...!

അതുമല്ലെങ്കിൽ മലയാളം ശരിയായി പഠിക്കുവാനും , ശരിയുടെ പക്ഷത്ത്
ഉറച്ചുനിൽക്കുവാനുള്ള ഒരു പ്രത്യേക ഊർജ്ജമെങ്കിലും ഈ 'പദശുദ്ധി കോശം'
പ്രദാനം ചെയ്യും ...!

മാതൃഭാഷ മലയാളത്തിന്റെ ഭാഷണത്തിലും എഴുത്തിലും ആർജ്ജിച്ച
പൈതൃകശക്തിയെ അത്യന്ത്യം ബലപ്പെടുത്തുന്ന ഒരു പദശുദ്ധി കോശം
മലയാള ഭാഷക്ക് സമർപ്പിച്ച , പാലാ സെന്റ്‌ .തോമസ് കോളേജ് മാലയാള വിഭാഗം
അധിപൻ ഡോ .ഡേവീസ് സേവ്യറിനോട് ഭാഷാസ്നേഹികളായ എല്ലാ മലയാളികളും എന്നും കടപ്പെട്ടിരിക്കുകയാണ് ...
അതെ
ഡോ .ഡേവീസ് സേവ്യർ ചെയ്തിരിക്കുന്നത് ഒരു മഹത്തായ സേവനം തന്നെയാണ് ...!

ഇന്നുള്ള നവ വിനോദോപാധി മാദ്ധ്യമങ്ങളിൽ അടക്കം മറ്റെല്ലാ ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിൽ വരുന്ന മലയാള പദങ്ങളെ കുറിച്ചുള്ള തെറ്റുകുറ്റങ്ങളും , സംശയങ്ങളും , മറ്റും വായനക്കാരും , ശ്രോതാക്കളും , കാഴ്ച്ചക്കാരുമെല്ലാം സൗമനസ്യം ചൂണ്ടിക്കാണിച്ചാൽ മാത്രമേ ഇത്തരം വാഗർത്ഥ ജാതകങ്ങൾ പൂർത്തിയാകുകയുള്ളൂ...
  
ഡോ .ഡേവീസ് സേവ്യർ 
അതായത് നമ്മുടെ ശ്രേഷ്ഠമലയാളം
തെറ്റില്ലാതെ വളരണം ; വളർത്തപ്പെടണം ...

പിന്നാമ്പുറം :-
'ബ്രിട്ടീഷ് മലയാളി'യിൽ ഈ 'പദശുദ്ധി കോശം'
ഗ്രന്ഥാവലോകനം പ്രസിദ്ധീകരിച്ചത് ..!

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...