ഏതാണ്ട് ഒന്നേ കാൽ കിന്റലോളം തൂക്കമുള്ള തനി വീപ്പകുറ്റി പോലുള്ള
മാർക്ക് ഹിഗ്ഗിൻസ് എന്ന സായിപ്പ് ചുള്ളൻ ഞങ്ങളുടെ സൂപ്പർ വൈസറാണ്.
ആട് ചവയ്ക്കുന്ന പോലെ വായിൽ എപ്പോഴും എന്തെങ്കിലുമിട്ട് ചവച്ചരച്ച് വിഴുങ്ങി കൊണ്ടിരുന്ന , ഈ ഗെഡിയോടൊപ്പം ഒളിമ്പിക്സിന് മുന്നോടിയായി സി.സി.ടി.വി കണ്ട്രോൾ റൂമി‘ൽ വർക്ക് ചെയ്യുന്ന അവസരങ്ങളിലെല്ലാം , ഞാൻ വീട്ടിൽ നിന്നും കൊണ്ട് പോകുന്ന ഉണക്ക ചപ്പാത്തിയും , ചോറും , വളിച്ച് പോകാറായ ഫ്രീസർ കറികളടക്കം പലതും മൂപ്പർക്ക് തിന്നാൻ കൊടുത്തിട്ട് - ആൾ ഓർഡർ ചെയ്യുന്ന പിസ, ബർഗ്ഗർ , ചിക്കൻ & ചിപ്പ്സ് മുതലായവയിൽ നിന്നും ഷെയറ് വാങ്ങി പള്ള നിറച്ചിരുന്നതൊക്കെ ഇപ്പോൾ ഓർക്കൻ ഒരു കാരണമുണ്ട്.
അന്ന് ഡ്യൂട്ടി റൂമിൽ വെച്ച് ഇഷ്ട്ടന്റെ നാലഞ്ച് മുൻ
പാർട്ട്ണേഴ്സ് - ആളുടെ പൊണ്ണത്തടി കാരണം പിരിഞ്ഞ്
പോയ കഥയും , കൊളസ്ട്രോളിനും , രക്ത സമ്മർദ്ദത്തിനും സ്ഥിരം കഴിക്കുന്ന മരുന്നുകളെ കുറിച്ചുമൊക്കെ പറയാറുള്ളപ്പോൾ ...ഞാൻ ചുമ്മാ മൂപ്പരോട് പറയാറുണ്ട് ..
“ നീ ഇന്ത്യയിൽ പോയി വല്ല ആയുർവേദമോ , പ്രകൃതി
ചികിത്സയോ നടത്തി ശരീരം ഇളതാക്കിയിട്ട് , ഉഗ്രൻ ‘സ്റ്റാമിന‘ ഉണ്ടാക്കെന്റെ ഗെഡീന്ന് ...!“
പ്രകൃതി ചികിത്സയെ കുറിച്ചൊക്കെ
ഈ സായിപ്പൻ ആദ്യം കേൾക്കുകയാണ്.
ഞാനപ്പോൾ പറയും ഈ പ്രകൃതി ചികിത്സയും, ആയുർവേദവുമൊക്കെ
പണ്ട് ഭാരതീയർ കണ്ടുപിടിച്ചതാണെന്നും , എന്റെ നാടായ കണിമംഗലത്ത് ,
അന്നത്തെ പ്രകൃതി ചികിത്സാ ആചാര്യന്മാരായ പ്രൊ: ഉൽപ്പലാക്ഷൻ മാഷും,
വർമ്മസാറു മൊക്കെ കേരളത്തിലെ ആദ്യത്തെ പ്രകൃതി ചികിത്സാലയം തുടങ്ങിയെന്നും ,
പല മാറാ രോഗങ്ങളും മാറ്റി , തടി കുറപ്പിച്ച് അനേകരെ ടിപ്പ് ചുള്ളന്മാരും , ചുള്ളത്തികളും ആക്കിയിട്ടുണ്ടെന്നുമൊക്കെ ...!
പിന്നീടെപ്പോഴൊ ഞങ്ങളുടെ നാട്ടിലെ
തന്നെ ഒരു പ്രകൃതി ചികിത്സാല‘യത്തിൽ ജോലി ചെയ്തതിന് ശേഷം , പൂനയിൽ പോയി ‘നാച്ച്യുറോപതി‘യിൽ ‘ഡിപ്ലോമ പ്ലസ് ഡിഗ്രി‘യെടുത്ത് ജില്ലയിലെ തന്നെ വേറൊരു പ്രകൃതി ചികിത്സാലയത്തിൽ , ജോലി നോക്കുന്ന ഡോ: രാജിയുടെ മൊബൈൽ നമ്പറും ഇതിനെയൊക്കെ കുറിച്ച് വിശദമായി ചോദിച്ചറിയുവാൻ വേണ്ടി മൂപ്പർക്ക് , ഞാൻ അന്ന് കൊടുത്തിരുന്നു...
ഒളിമ്പിക്സിന് ശേഷം , എന്നെ , ഞങ്ങളുടെ കമ്പനി നോർത്ത് വെസ്റ്റ് ലണ്ടനിലെ
‘നെറ്റ് വർക്ക് റെയിൽ കമ്പനി‘യുടെ ‘സി.സി.ടി.വി വിങ്ങി‘ലേക്ക് മാറ്റിയത് കൊണ്ട്
പിന്നീട് , ആ ഗുണ്ടപ്പനായ ആ ‘മാർക്കേട്ട‘നുമായി വലിയ കോണ്ടാക്റ്റൊന്നുമില്ലായിരിന്നു...
പക്ഷെ ഞാൻ അന്ന് ‘ഓസി‘ക്ക് തിന്നാൻ കിട്ടുന്നതിന് പകരം , പറഞ്ഞ് കൊടുത്ത പ്രകൃതി ചികിത്സ , തേടി - ആ സായിപ്പ് ചുള്ളൻ , നമ്മുടെ നാട്ടിൽ പോയി അവിടെ ഒന്നര മാസം നിന്ന് , വെറും 79 കിലോ തൂക്കം ശരീരത്തിന് വരുത്തി , സകല വിധ രോഗങ്ങളിൽ നിന്നും വിമുക്തനായി കഴിഞ്ഞ കൊല്ലം ലണ്ടനിൽ തിരിച്ചെത്തിയപ്പോൾ , എനിക്ക് വേണ്ടി , ‘ദുബായ് ഡ്യൂട്ടി ഫ്രീയി‘ൽ നിന്നും ജോണി വാക്കറിന്റെ , രണ്ട് ‘ബ്ലാക്ക് ലേബൽ‘ കുപ്പികൾ സമ്മാനവുമായ് വന്നപ്പോഴാണ് - മാർക്കിനെ ഞാൻ പിന്നീട് കാണുന്നത് ...!
ഒപ്പം തന്നെ എനിക്ക് ഒരു സർപ്രൈസും അടുത്ത കൊല്ലം
കാട്ടി തരാമെന്നും പറഞ്ഞാണ് ഇഷ്ട്ടൻ അന്ന് സ്ഥലം കാലിയാക്കിയത് ...?
പിന്നീട് ഇക്കഴിഞ്ഞ ജൂലായ് മാസം മാർക്ക് എന്നെ , ഒരു ഇന്ത്യൻ
വെജിറ്റേറിയൻ റെസ്റ്റോറന്റിലേക്ക് ക്ഷണിച്ച് വിളിച്ച് വരുത്തി ആ അത്ഭുതവും കാട്ടി തന്നു..!
ഞാൻ അന്ന് പരിചയപ്പെടുത്തിയ പ്രകൃതി ചികിത്സ സെന്ററിലെ അപ്പോത്തിക്കിരിയായ ഡോ: മിസ് .രാജി , അവിടെ മിസ്സിസ് രാജി ഹിഗ്ഗിൻസായി ഇരിക്കുന്നു...!
കഴിഞ്ഞ കൊല്ലം അവളുടെ കീഴിൽ യോഗാഭ്യാസവും , ചികിത്സയും നേടി കൊണ്ടിരുന്ന സമയത്ത് , ഇവനോട് സഹതാപം തോന്നി , പ്രണയ വല്ലരിയായി അവളീ സായിപ്പിൽ പടർന്ന് കയറിയിട്ട് , മാർക്ക് തിരിച്ച് പോരുന്നതിന് മുമ്പ് , നാട്ടിലെ ഒരു അമ്പലത്തിൽ പോയി മാലയിട്ട് , പിന്നീട് കല്ല്യാണം റെജിസ്റ്റർ ചെയ്ത് പോലും...!
ഇപ്പോൾ മാർക്ക് അവന്റെ പുത്തൻ കെട്ട്യോളെ അങ്ങിനെ
ലണ്ടനിലും എത്തിച്ചു .ഇനി ഇപ്പോൾ രണ്ട് പേരും ചേർന്ന് ഔട്ടർ ലണ്ടനിൽ
ഒരു പ്രകൃതി ചികിത്സാലയം തുടങ്ങുവാൻ പരിപാടിയിട്ടിരിക്കുകയാണ് പോലും..!
പുര നിറഞ്ഞ് നിന്നിട്ടും, ഒറ്റ പൈസ സ്ത്രീധനം കൊടുക്കാതെ ഒരു സായിപ്പിനെ കല്ല്യാണിക്കാൻ പറ്റിയതിലും,ഫ്രീ വിസായിൽ ‘യു.കെയിൽ എത്തിപ്പെടുകയും ചെയ്ത എന്റെ നാട്ടു കാരിയായ ഡോ: രാജിയുടെ മിടുക്ക് കണ്ടും, കേട്ടും ഞാൻ വായ പൊളിച്ച് -‘ഡാഷ് ‘പോയ അണ്ണാനെ പോലെ , ഇത്തിരി കുഞ്ഞി കുശുമ്പുമായി അവിടെ തന്നെ കുറെ നേരം തരിച്ചിരുന്നു പോയി ...!
നമ്മുടെ നാട്ടിലെ എത്ര ഗുണ ഗണങ്ങളുള്ള സംഗതികളേയും ചവിട്ടി കൂട്ടി കുപ്പയിലിട്ട് , നാം എന്നും പാശ്ചാത്യരുടെ എന്ത് ഗുണ്ട് പരിപാടികളേയും ഫോളൊ ചെയ്യുക എന്നത് നമ്മുടെ ഒരു ‘ഡ്രോബാക്ക്സ്‘ തന്നെയാണല്ലോ ...
അതുപോലെ സായിപ്പ് നമ്മുടെ നാട്ടിലെ ഇത്തരം സംഗതികളൊക്കെ,
വാനോളം പുകഴ്ത്തി കഴിഞ്ഞാലെ നമ്മളും ഇത് കൊള്ളാലോ എന്ന് ചിന്തിച്ച്
അതിനെയൊക്കെ വീണ്ടും മാന്തിയെടുത്ത് തലയിലേറ്റിയില്ലെങ്കിലും , കൈ പിടിച്ചെങ്കിലും
കൊണ്ടു നടക്കൂ എന്നുള്ളത് നമ്മുടെയൊക്കെ ഒരു ജന്മ സ്വഭാവവുമാണല്ലോ അല്ലേ..
ഞാനും അങ്ങനെത്തെ ഒരു സ്വഭാവ ഗുണമുള്ളവനായതുകൊണ്ടാകാം ..
എന്റെ മോളുടെ കല്ല്യാണവും , വിരുത്തൂണുമൊക്കെ കഴിഞ്ഞ് ആകെ ഒന്ന് കൊഴുത്തുരുണ്ടപ്പോഴാണ് എനിക്ക് മാർക്ക് സായിപ്പിന്റെ ആ വിളി തോന്നിയത്...!
പോരാത്തതിന് എന്റെ ശരീരത്തിന്റെ വരമ്പത്ത് വന്ന് നില്ക്കുന്ന ‘ഡയബറ്റീസി‘നേയും, ‘പ്രഷറിനേ‘യുമൊക്കെ ആട്ടിയോടിക്കുവാൻ മരുന്ന് സേവയും തുടങ്ങി കഴിഞ്ഞിരുന്നതും ഒരു കാരണമാണെന്ന് കൂട്ടിക്കൊ
അങ്ങിനെ ഞാൻ തൃപ്പയാറുള്ള ‘സ്നേഹ‘ ആയുർ നാച്ചുറോപ്പതി സെന്ററി‘ൽ ’പോയി രണ്ടാഴ്ച്ചത്തെ ചികിത്സക്ക് അഡ്മിറ്റായി...
എന്നെ ഭയങ്കര വിശ്വാസമുള്ളതു
കൊണ്ട് ഭാര്യയും എന്നോടൊപ്പം വന്നിരുന്നു...!
പാവം കഴിഞ്ഞ 25 കൊല്ലത്തോളം സ്ഥിരമായി എന്റെ കൂടെ കിടക്കുന്നത്
കൊണ്ടാകാം തല്ലിക്കളഞ്ഞാൽ പോകാത്ത നടു വേദന , ‘നെക്ക് പെയിൻ‘ മുതലായവയും അവൾക്കും കൂട്ടുണ്ടായിരുന്നു...!
തൃശ്ശൂർ ജില്ലയിലുള്ള തൃപ്പയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിന്റെ നേരെ
എതിർ വശത്ത് പുഴയുടെ ഇക്കരെ മൂന്ന് ചുറ്റും തോട് കീറി , ഒരു വശത്ത്
പുഴയൊഴുകുന്ന തീരമുള്ള ഒരു മനോഹരമായ കുഞ്ഞു ദ്വീപിലാണ് ഈ ‘സ്നേഹ
എന്ന ആയുർ നാച്ചുറോപ്പതി ചികിത്സാലയം.‘.
മണ്ണിഷ്ട്ടികകളാൽ നിലം വിരിച്ചിട്ടുള്ള 10 ബാത്ത് റൂം അറ്റാച്ച്ഡ് മുറികളും ,
വരാന്തയും, സിറ്റൌട്ടും അടക്കളയുമുള്ള വലിയ ഒരു തറവാട് , ഒപ്പം ഷീറ്റ് മേഞ്ഞ
ടെറസ്സിൽ യോഗാസന പരിശീലന ഇടവുമുള്ള പ്രകൃതിയെ ശരിക്കും തൊട്ടറിയുന്ന ഫല
വൃക്ഷങ്ങൾ നിറഞ്ഞ നല്ല ഒരു തെങ്ങിൻ തോപ്പ് അടക്കം ഒട്ടുമിക്ക പച്ചക്കറികളും വിളയിച്ചെടുക്കുന്ന നല്ല ഒരു കൃഷിയിടം ...
പത്ത് പതിനഞ്ച് കൊല്ലത്തിന് ശേഷം നാട്ടിലിപ്പോൾ വീണ്ടും ഒട്ടുമിക്ക പുരയിടങ്ങളിലും, ടെറസ്സിലുമൊക്കെ മലക്കറികൾ വിളഞ്ഞ് നിൽക്കുന്നതും , കോഴി , താറാവ് , ആട് , പശു എന്നിവയൊക്കെ വീടുകളിലെ തൊടികളിലേക്ക് മടങ്ങി വന്നതും ഇത്തവണ നാട്ടിൽ ചെന്നപ്പോഴുണ്ടായ ഒരു ഇമ്പമായ കാഴ്ച്ച തന്നെയായിരുന്നു..!
ആ സ്നേഹാലയത്തിൽ പുലർച്ചെ വയറിളക്കാനുള്ള ഒരു പച്ചമരുന്ന്
കുടിച്ച് കണ്ണൂം , മൂക്കും ക്ലീൻ ചെയ്ത് മറ്റ് ശൌച്യങ്ങളെല്ലം വരുത്തി , ഒരു മല്ലി
കാപ്പി കുടിച്ച് രാവിലെ ഏഴര മുതൽ ഒമ്പതരവരെ യോഗയും , പ്രാണായാമവും കഴിഞ്ഞാൽ ; അവരവർക്ക് വേണ്ടതായ ക്യാരറ്റ് /പടവല / പേരക്ക / പൈനാപ്പിൾ / നെല്ലിക്ക ജ്യൂസുകൾ മാത്രം കിട്ടും. പിന്നെ ഓരോരുത്തർക്കും വേണ്ടതായ പച്ചമരുന്നുകളിട്ട ചൂടു വെള്ളമുപയോഗിച്ചുള്ള തുണി നനച്ച് മേലാസകലമുള്ള തിരുമ്പലുകളും , കിഴിവെപ്പും മറ്റും, ശേഷം ഓരോരുത്തർക്കും വേണ്ട , വത്യസ്തമായ കുഴമ്പിട്ട് ഉഴിച്ചിൽ , പിന്നീട് കാൽ / കൈ / തല / മേലാസകലം പല തരം മണ്ണ് തേപ്പലുകളാണ് .അത് കഴിഞ്ഞ് അര മണിക്കൂറിൽ മേലെ , മണ്ണ് ശരീരവുമായി നന്നായി വലിയുന്ന വരെ വെയിലത്ത് /ഇരിക്കുക .
അവസാനം തണുത്ത പുഴ /വെള്ളത്തിൽ തേച്ച് നീന്തിക്കുളി
കഴിഞ്ഞ് ഉച്ചക്കെത്തിയാൽ അവരവർക്ക് വേണ്ടതായ അവിയൽ /
ചപ്പാത്തി /നെല്ലിക്ക ചമ്മന്തി /ചീരക്കറി/ കുക്കുമ്പർ / ആപ്പിൾ / റോബസ്റ്റ്
പഴം തുടങ്ങിയ ഏതെങ്കിലും വെജിറ്റബൾ ഭക്ഷണങ്ങൾ അടങ്ങിയ ലഞ്ച്.
പിന്നീട് ആണും പെണ്ണുമ്മായ എല്ലാ അന്തേവാസികളും കൂടി ഒരു മണിക്കൂർ വാചകമടി, ചീട്ടുകളി എന്നീ വിനോദ പരിപാടികൾ.
വൈകീട്ട് മൂന്ന് മണിക്ക് മുഖത്തും , വയറ്റിലുമൊക്കെ പച്ചക്കറികൾ അരച്ചിട്ട് കിടക്കലും , ശേഷം വെള്ളത്തിൽ ഇരിപ്പും , കിടപ്പുമൊക്കെ.വീണ്ടും ഒരു മല്ലി /ചുക്ക് കാപ്പി.
പിന്നെ നടക്കുവാൻ പോകൽ /വ്യായാമം. വൈകുന്നേരം ഏഴരക്ക് റാഗി /ചപ്പാത്തി / സലാഡ് /ഫ്രൂട്ട്സ് എന്നിവയിലേതെങ്കിലുമുള്ള ഡിന്നർ.
പിന്നെ എല്ലാവരും കൂടി ഒരു ‘ക്യാമ്പ് ഫയർ...’!
രാത്രി വീണ്ടും ചില പച്ചമരുന്നുകൾ അരച്ച് കലക്കിയുള്ള ഔഷധ സേവ.
മൂന്നാലു ദിനത്തിനുള്ളിൽ അവിടത്തെ വന്നും പോയികൊണ്ടിരിക്കുന്ന എല്ലാ
അന്തേവാസികളുമായി നല്ലൊരു മിത്ര കൂട്ടായ്മ പടുത്തുയർത്തുവാൻ...സാധിക്കും...
ഞങ്ങളെ സംബന്ധിച്ച് ഇവിടെ താമസിച്ചിരുന്ന രണ്ടാഴ്ച്ചക്കാലം
തീർത്തും അവിസ്മരണീയമായിരിരുന്നു എന്ന് വേണമെങ്കിൽ പറയാം
ബന്ധുമിത്രാധികളിൽ നിന്നകന്ന് , സൈബർ ലോകമായുള്ള ബന്ധം തൽക്കാലം വേർപ്പെടുത്തി പത്രപാരായണം പോലുമില്ലാതിരുന്ന ഈ കൊച്ച് കാലഘട്ടത്തിൽ , പരസ്പരം ഒന്ന് മിണ്ടിപ്പറഞ്ഞിരിക്കുവാൻ പോലും നേരം കിട്ടാതിരുന്ന ഞാനും , എന്റെ പെണ്ണും തമ്മിൽ എത്രയെത്ര കാര്യങ്ങൾ ഉരിയാടി , പരസ്പരം സ്നേഹ കട്ടകൾ അടുക്കി വെച്ച് , ഞങ്ങൾ വീണ്ടും ഒരു പ്രണയ കൊട്ടാരം കൂടി പണിത് തീർത്തു...!
അവിടെ വെച്ച് ഒറ്റ ഇംഗ്ലീഷ് മരുന്ന് പോലും കഴിക്കാതെ
പോലും എന്റെ പഞ്ചാരയും , പ്രഷറുമൊക്കെ നോർമ്മൽ ..!
ദിനം പ്രതി ഏതാണ്ട് അഞ്ച് നേരം ഭക്ഷണം കഴിച്ചിരുന്ന ഞാൻ ,
രണ്ട് നേരം മാത്രം ശരീരത്തിന് വേണ്ട പ്രോട്ടീൻ ഫുഡ് മാത്രം കഴിച്ച്
വിശപ്പടക്കി. ഒപ്പം എന്റെ ശരീരത്തിൽ നിന്നും പല ദുർമേദസുകളും ഒഴുകി
പോയപ്പോൾ എട്ട് കിലോ തൂക്കവും കുറഞ്ഞു .!
( ലണ്ടനിൽ വീണ്ടും തിരിച്ച് വന്നപ്പോൾ ആയത് കോമ്പൻസേറ്റ് ചെയ്തത് കാര്യം വേറെ )
എന്റെ അനുഭവം കൊണ്ട്
പറയുകയാണെങ്കിൽ നമ്മൾ ജങ്ക്
ഫുഡടിച്ച് ,ശരിയായ വ്യായാമവുമൊന്നും ചെയ്യാതെ പ്രവാസ ജീവിതത്തിൽ അടിമപ്പെട്ട് കഴിയുന്നവരാണെങ്കിൽ , ഓരൊ അവധി കാലത്തും , ഒരാഴ്ച്ചയെങ്കിലും ഇത്തരം ഒരു സ്ഥാപനത്തിൽ വന്ന് ഉപവസിക്കേണ്ടതാണ് ..
ജസ്റ്റ് മനസ്സിനും , ശരീരത്തിനും
ഒരു സുഖ വാസമെങ്കിലും കിട്ടുവാൻ വേണ്ടിയെങ്കിലും...!
അതാണ് പ്രകൃതി ജീവനത്തിന്റെ പ്രസക്തി.
മനുഷ്യ ജീവിതത്തിന് നില നില്ക്കാനും സുഖമായി കഴിയാനുമുള്ളത്
പ്രകൃതിയിലുണ്ട്. എന്നാല് അതു തിരിച്ചറിയാനുള്ള കഴിവ് ; പരിഷ്കാരത്തിലേക്ക്
കുതിക്കുന്നതിനിടെ നാം നഷ്ടപ്പെടുത്തി. ഇതു തിരിച്ചറിയുന്നവരാണ് പ്രകൃതി ജീവനത്തിലേക്ക് തിരിച്ചു വരുന്നത്...!
ഇന്ന് നമ്മുടെ കേരളത്തിനേക്കാൾ ഉപരി വടക്കെയിന്ത്യയടക്കം ,
ഭാരതത്തിന്റെ പല ഭാഗങ്ങളിലുമുള്ള ആയുർ നാച്യുറോപതിക് യോഗ ആശ്രമങ്ങൾ
ധാരാളം യൂറോപ്പ്യൻസിനെ സോഷ്യൽ മീഡിയകളിലൂടെയും , മറ്റു പരസ്യങ്ങളിലൂടേയും ആകർഷിപ്പിച്ച് , വിനോദ സഞ്ചാര പാക്കേജിനൊപ്പം - യോഗ പരിശീലനം / തടി കുറയ്ക്കൽ / ആയുർവേദ ചികിത്സ / ഉഴിച്ചൽ / പിഴിച്ചൽ / രതി ഉന്മേഷമാക്കൽ മുതലായവയൊക്കെ വാഗ്ദാനം ചെയ്ത് ആയതെല്ലാം ആ ടൂറിസ്റ്റ്കൾക്ക് തീർത്തും ശരിയായ സംഗതികൾ തന്നെയാണെന്ന് തെളിയിച്ച് കൊടുക്കുന്നതുകൊണ്ടാണ് , ഇപ്പോൾ ഈ മേഖലകൾ തേടിയുള്ള പാശ്ചാത്യ നാടുകളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ പ്രവാഹം , നമ്മുടെ നാട്ടിലേക്കൊക്കെ പത്തിരട്ടിയിൽ മേലെയായി വർദ്ധിച്ചതിന് കാരണമായത് ..!
പണ്ട് പുരാതന കാലം തൊട്ടെ നമ്മൾ ഭാരതീയർ
ഗണിത / ശാസ്ത്ര -സാങ്കേതിക /ആരോഗ്യ മേഖലകളിലെല്ലാം
ലോകത്തിലെ ഏറ്റവും വിഞ്ജാന സമ്പന്നരായിരുന്നുവല്ലോ ...
പക്ഷേ പിന്നീട് പല പല അധിനിവേശങ്ങളിലൂടെ നമ്മുടെ പൌരാണിക
സമ്പത്തുകളായ പല അപൂർവമായ വിജ്ഞാന സ്രോതസുകളും , ഒപ്പം ചില
താളിയോല ഗ്രന്ഥങ്ങളും , ഒട്ടു മിക്ക അധിനിവേശക്കാരും നമ്മുടെ നാട്ടിൽ നിന്നും
കടത്തി കൊണ്ട് പോയി അറിവുകൾ നേടിയിട്ട് , എല്ലാം അവരുടേതായ കണ്ട് പിടുത്തങ്ങളാണെന്ന് സ്ഥാപിക്കുകയായിരുന്നു...!
ഇപ്പോഴും ഇത്തരം സംഗതികൾ തന്നെയാണ് നടന്ന് കൊണ്ടിരിക്കുന്നത്.
സമീപ ഭാവിയിൽ നമ്മുടെ ആയുർവേദവ്വും , യോഗയും , പ്രകൃതി ജീവനവുമൊക്കെ
ഇനി പാശ്ചാത്യ സർവ്വകശാലകളിലോ, അവരുടെ നാടുകളിലോ വന്ന് അഭ്യസിക്കേണ്ട
ഒരു സ്ഥിതി വിശേഷം ചിലപ്പോൾ ഉണ്ടായി കൂടെന്നും ഇല്ല...
നമ്മുടെ നാടിന്റേതായ നന്മ നിറഞ്ഞ സകലമാന സംഗതികളും
ഇപ്പോൾ പാശ്ചാത്യർ അനുകരിച്ച് ജീവിത വ്രതമാക്കികൊണ്ടിരിക്കുമ്പോൾ ,
ഇവരുടെ ഒന്നിനും കൊള്ളാത്ത തട്ട് പൊളിപ്പൻ സംഗതികളൊക്കെ സ്വയം വാരി
വലിച്ച് എല്ലാ ജീവിത ദൂഷ്യങ്ങളും പേറി നടക്കുന്ന ഒരു വല്ലാത്ത ജനതയായി മാറി കൊണ്ടിരിക്കുന്ന
ഒരു അവസ്ഥാ വിശേഷമാണ് നമ്മുടെ പുത്തൻ ആർഷഭാരതത്തിൽ ഇന്ന് കാണാൻ കഴിയുന്നത്...!
ദേ..താഴെയുള്ള ലിങ്കുകളൊന്ന് കണ്ട് നോക്കൂ ..
യൂറൊപ്പിലെ വെജിറ്റേറിയൻ സിറ്റികൾ
യൂറോപ്പിലെ ഒരു ആയുർവേദ ഇൻസ്റ്റിറ്ട്യൂട്ട്
2014 -ലെ യൂറോപ്പിലെ 10 ബെസ്റ്റ് യോഗാ കേന്ദ്രങ്ങൾ
യൂറൊപ്പിൽ ആരംഭിച്ച പ്രകൃതി ചികിത്സാ ഡിഗ്രി ബിരുദങ്ങൾ
എന്തൊക്കെ പറഞ്ഞാലും ...
ഇപ്പോൾ സായിപ്പിന്റെയൊക്കെ
ഗോഷ്ട്ടികളായ ; പരസ്യ ചുംബനങ്ങൾ
വരെ നേടിയെടുക്കാനുള്ള ആവിഷ്കാര സമരങ്ങൾ നടത്തുന്ന , നമ്മുടെ പുത്തൻ തലമുറയുടെ ഗതികേടോർത്ത് , കാമശാസ്ത്ര കലയെ വരെ , അരച്ച് കലക്കി കുടിച്ചിട്ടുള്ള നമ്മുടെ
യൊക്കെ ആ പുണ്യ പുരാതന പൂർവികരുണ്ടല്ലോ...
ഇതൊക്കെ കണ്ട് പര ലോകത്തിരുന്ന് ലജ്ജിക്കുന്നുണ്ടാവും ..അല്ല്ലേ ... !