Monday 30 November 2009

പ്രഥമ പിറന്നാൾ മധുരം... / Prathama Pirannaal Madhuram ...


കഴിഞ്ഞ വര്‍ഷം നവമ്പര്‍ ഒന്ന് കേരള പിറവിയുടെ അമ്പത്തിയഞ്ചാം  ജന്മദിനം...ഒപ്പം എന്റെ ബ്ലോഗ് തട്ടകമായ  "ബിലാത്തിപട്ടണത്തിന്റെയും " ആദ്യ ജന്മദിനം ...!
മലയാള ബൂലോകത്തിൽ ഒരു കൊല്ലമെങ്കിലും തുടർച്ചയയായി എന്തെങ്കിലും എഴുതിയിടണം എന്ന ഒരു വാശിയിലാണ് കഴിഞ്ഞ വർഷം ഈ ബൂലോഗ തട്ടകമായ ബിലാത്തി പട്ടണം ആരംഭിച്ചത് . ജോലിയും ,ജീവിതവുമായുള്ള ഇപ്പോഴുള്ള ലണ്ടൻ ജീവിതം തുടർന്ന് പോകുകയാണെങ്കിൽ ഇനി എത്ര കാലം ഇവിടെ ഇതുപോലെ എഴുത്തുകളും വായനകളുമായി തുടരുമെന്നും ഒരു നിശ്ചയവയുമില്ല ...

എന്റെ പകല്‍ കിനാവുകളില്‍ പോലും ഇതുപോലൊരു ബുലോഗം  ഭൂമി മലയാളത്തില്‍ ഉടലെടുക്കുമെന്നോ , ആയതില്‍ ഞാന്‍ എന്തെങ്കിലും കുത്തിക്കുറിക്കുമെന്നോ ചിന്തിച്ചിരുന്നില്ല ...!
പക്ഷെ എല്ലാം വിധി വിപരീതമെന്നുപറയാം .
2008 നവമ്പര്‍ ഒന്നിന് കേരള പിറവി ദിനത്തിനുതന്നെ
എന്‍റെ ബുലോഗപ്രവേശത്തിന്  ഹരിശ്രീ കുറിച്ചെങ്കിലും ,ആ മാസം
ഒമ്പതിനാണ് പ്രഥമ പോസ്റ്റ് എഴുതി പൂര്‍ത്തിയാക്കിയത് .
ചടുപിടുന്നനെ നാലഞ്ച് രചനകള്‍ ചമയിച്ചൊരിക്കിയെങ്കിലും
ജനിച്ചു വീണപ്പോള്‍ ഉണ്ടായിരുന്ന അക്ഷര തെറ്റ് മുതലായ ബാലാരിഷ്ടതകള്‍
വേണ്ടുവോളം ഉണ്ടായിരുന്നത് കൊണ്ടുതന്നെ എല്ലാം തന്നെ സംരംക്ഷിച്ചു വെച്ചു ...
പിന്നീട് നവമ്പര്‍ മുപ്പതിനാണ്  
ബിലത്തിപട്ടണത്തിൽ ആദ്യ പോസ്റ്റ്  പ്രകാശനമായത്...!

അങ്ങിനെ
ഞാനും ഇന്ന് ഈ ബൂലോഗത്തില്‍
ഒരുവയസ് പൂര്‍ത്തിയാക്കി കേട്ടോ !

എന്തുകൊണ്ടെന്നാല്‍ അന്നുമുതല്‍
നിങ്ങളുടെയെല്ലാം സ്നേഹ വാത്സ്യല്യങ്ങളും ,
പരിചരണങ്ങളും, പിന്തുണകളും.... ഒപ്പം ഉള്ളതു കൊണ്ട് മാത്രം !

എനിക്ക്  ചെറുപ്പം മുതലേ വായനയുടെ
കുറച്ച് ദഹനക്കേടുണ്ടായിരുന്നത് കൊണ്ട് ,
ഒപ്പംതന്നെ എഴുത്തിന്റെ കുറച്ച് കൃമി ശല്ല്യവും എന്നും  കൂടെയുണ്ടായിരുന്നൂ .

സ്കൂള്‍ ഫൈനല്‍ തൊട്ടേ കഥ /പദ്യ രചനകളില്‍ സമ്മാനങ്ങള്‍
ഒപ്പിക്കുന്നതിനോടൊപ്പം തന്നെ പ്രണയ ലേഖനങ്ങള്‍ എഴുതിയും /എഴുതിക്കൊടുത്തും ഉണ്ടായ ഒരു കുപ്രസിദ്ധിയും ആ കാലഘട്ടങ്ങളില്‍ എന്‍റെ പേരിനൊപ്പം നിലനിന്നിരുന്നൂട്ടാ ..

കാലങ്ങള്‍ക്കുശേഷം അത്തരം ഒരു പ്രേമലേഖനം 
എഡിറ്റു ചെയത് എഡിറ്റ് ചെയ്തൊരുവള്‍  , പിന്നീടെന്റെ 
ഭാര്യ പദവി അലങ്കരിച്ചപ്പോള്‍ എഴുത്തിന്റെ ഗതി അധോഗതിയായി... 
പ്രിയ പെണ്ണൊരുത്തിയവള്‍
എന്‍റെ ജീവിതം  മുഴുവന്‍ എഡിറ്റ് ചെയ്തുകളഞ്ഞു !

പിന്നെ കുറെ കൊല്ലങ്ങളായിട്ടുണ്ടായത്  
എന്‍റെ രണ്ടുമക്കളുടെ സൃഷ്ടികള്‍ മാത്രം ...

എല്ലാത്തിനും ഒരു നിമിത്തം എന്ന് പറയാറില്ലേ...
വളരെയധികം വിളയാടി നടന്നതിന് എനിക്ക്  ഒരു ശിക്ഷകിട്ടി  !
അതും തണ്ടലിനു തന്നെ ;
ഒരു “എമെര്‍ജെന്‍സി സ്പൈനല്‍ സര്‍ജറി“ !

അങ്ങിനെ“ ഡിസെക്ക്ട്ടമി“ കഴിഞ്ഞ്, കഴിഞ്ഞ കൊല്ലം 
മാര്‍ച്ചില്‍ “റോയല്‍ ലണ്ടന്‍ “ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ,
എന്നെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന ,നല്ലൊരു വായനക്കാരികൂടിയായ  
മലയാളി നേഴ്സ് മേരികുട്ടി , അവളുടെ വെബ് പേജിലൂടെ ,രോഗിയുടെ കിടക്കയിലെ കമ്പ്യൂട്ടറിലൂടെ ബുലോഗത്തെ പരിചയപ്പെടുത്തി തരുന്നു ...

വീണ്ടും മലയാളത്തിന്റെ മണം ,
ഹ ഹാ ..വായനയുടെ സുഖം , സന്തോഷം ...

വീട്ടിലെത്തി പിന്നീട് മെഡിക്കല്‍ ലീവ് മുഴുവന്‍ ,
കുടുംബ സുഹൃത്ത് എന്‍ജിനീയര്‍ ആയ അജയ് മാത്യു എന്‍റെ
പേരില്‍ ഉണ്ടാക്കി തന്ന , ഉപയോഗിക്കാതെ , നിര്‍ജീവമായി കിടന്നിരുന്ന
ഓര്‍ക്കുട്ട് സൈറ്റിലൂടെ ബുലോഗത്തെയും , ബുലോകരേയും , സൈബര്‍ ലോകത്തേയും ദിനം തോറും കൂടുതല്‍ കൂടുതല്‍ അറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു .....

അങ്ങിനെയിരിക്കുന്ന കാലത്താണ്‌ ,വീണ്ടും ഓര്‍ക്കുട്ടില്‍ കൂടി
ജയേട്ടനെ കണ്ടുമുട്ടുന്നത് . കലാകാരനും /സിനിമാനടനുമായ ശ്രീരാമന്റെ
ജേഷ്ടനായ ജെ .പി.വെട്ടിയാട്ടില്‍ എന്ന ജയേട്ടന്‍ !
എന്റെ സേവനങ്ങൾ, സ്വപ്നങ്ങൾ,സ്മൃതി,... മുതലായ ബ്ലോഗുകളിലൂടെയും ,

ഓര്‍ക്കൂട്ടിലൂടെയും  വീണ്ടും കണ്ടുമുട്ടിയ ചങ്ങാതിയും ,വഴികാട്ടിയുമായിരുന്ന ജയേട്ടനാണ് എന്നെ നിര്‍ബന്ധിച്ചു ബൂലോഗത്തേക്ക് കൊണ്ടുവന്നതും , ബ്ലോഗിന്റെ ആദ്യ പാഠങ്ങള്‍ പറഞ്ഞുതന്നയാളും ...!

കുറച്ചുനാള്‍ കിടപ്പിലായപ്പോള്‍ തിരിച്ചുകിട്ടിയ
വായനയില്‍ക്കൂടി വീണ്ടും എഴുത്തിന്റെ ജ്വരം....

കള്ളും , കഞ്ചാവും നേദിച്ചപ്പോള്‍ ബുലോഗത്തെ കുറിച്ച്
കൂടുതല്‍ അറിവുപകര്‍ന്നു തന്നത് , ലണ്ടനില്‍ ജനിച്ചുവളര്‍ന്ന
മലയാളിയായ  ആംഗലേയ ബ്ലോഗറായ ഗോവിന്ദരാജ് എന്ന ഗൊവീൺ ആണ്.

ഇവിടെ ‘എം .ആര്‍ .സി .പി.‘പഠിക്കുവാന്‍ വേണ്ടി വന്നു ചേര്‍ന്ന
ഞങ്ങളുടെ ,നാട്ടിലെ ഫാമിലി  ഡോക്ട്ടറുടെ മകന്‍ , നല്ലൊരു ആര്‍ട്ടിസ്റ്റ്
കൂടിയായ ഡോ:അജയ് ആണ് , ഈ ബ്ലോഗ് ബിലാത്തിപ്പട്ടണം ;എല്ലാതരത്തിലും
രൂപകല്‍പ്പന ചെയ്തുതന്നത് ...
പിന്നെ എന്നെ സഹായിച്ചത്  എന്റെ മകള്‍ ലക്ഷ്മി,
ലിപികള്‍ ടൈപ്പുചെയ്തു മലയാളികരിച്ചുതന്നതും ,ടൈപ്പിംഗ്
പരിശീലിപ്പിച്ചുതന്നതും. പിന്നെ ഇവിടെ ‘എം.ബി.എ. ‘എടുക്കുവാൻ വന്ന ബ്ലോഗ്ഗർമാരായ  ശ്രീരാഗും, അരുണും ബ്ലോഗിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പകർന്നുതന്നു.


അതെ ശീമ അല്ലെങ്കില്‍ ബിലാത്തി എന്ന് 
നമ്മള്‍ പണ്ടേ വിളിച്ചു പോന്നിരുന്ന ഇംഗ്ലണ്ട് ....
അതിലുള്ള ഏറ്റവും വലിയ പട്ടണം ആകുന്നു ലണ്ടന്‍ .
ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനം ...
ബിലാത്തി പട്ടണം ! 

അതെ ഇവിടെയിരുന്നു ഞാന്‍ വീണ്ടും എഴുതിത്തുടങ്ങി ,
വെറും മണ്ടനയിട്ടാണ് കേട്ടോ  ...
പഴഞ്ചൊല്ലില്‍ പതിരില്ല എന്ന് പറയുന്നത് സത്യം !
മണ്ടന്മാര്‍ ലണ്ടനില്‍ എന്നത് എന്നെക്കുറിച്ച് പരമാര്‍ത്ഥം !!

ദേ ..എന്റൊരു പഴയ കവിത  പോലുള്ള വരികൾ വീണ്ടും  ഇവിടെ പകർത്തിവെക്കുന്നു 
മണ്ടനും ലണ്ടനും

മണ്ടന്മാര്‍ ലണ്ടനിലെന്നതു ഒരു പഴമൊഴി തില്ലാന ...
പണ്ടം പോല്‍  മണ്ടത്തം കണ്ഠത്തിൽ ചാർത്തി ഞാനന്ന്
ലണ്ടനിലൊരു മണ്ടശിരോമണിയായി എത്തിയ നേരം,
കണ്ടറിവും,കേട്ടറിവും ഇല്ലാത്ത ബഹുകാര്യങ്ങളാദ്യം,
കണ്ടപ്പോളതിശയത്താല്‍ വാപോളിച്ചമ്പരന്നു  നിന്നതും...
മിണ്ടല്‍ - ആംഗലേയത്തിലുള്ള വചന വാചക ഭോഷത്വം
മണ്ടയുണ്ടെങ്കിലല്ലേയത്   മമ ചുണ്ടിലെത്തുകയുള്ളൂ 
കണ്ടറിയുന്ന ബഹു  കൗശലത്താൽ കാകനാകാൻ കൊതിച്ചു. 

കൊണ്ടറിയുന്നു  കൊറ്റികളെപ്പോഴും ,എന്നിരുന്നാല്‍ കാകന്മാര്‍
കണ്ടറിയുന്നു എന്തുമേതുമെപ്പോഴും  ബഹുകൌശലത്താല്‍ !
കണ്ടറിയുന്നൊരു കാക്കപോലെയായില്ല ഞാന്‍ ;ഒരു കൊക്ക്
കൊണ്ടറിഞ്ഞു കൊണ്ടിരിക്കുന്നയനുഭവം പോല്‍ കിട്ടിയിടുനീ ....

ലണ്ടനിലന്നു മുതൽ  നാനാ ഭാഗങ്ങളില്‍ നിന്നുമെന്നും 
വീണ്ടുവിചാരമതൊട്ടുമില്ലാതെ പരസഹായം ചെയ്തും ,
കണ്ട കാര്യങ്ങള്‍ പറഞ്ഞും , പിന്നീടതിന്‍ പഴി  കേട്ടും
കണ്ടതുപറഞ്ഞവനു കഞ്ഞിയില്ലെന്നുള്ളറിവും നേടി
കൊണ്ടറിയുന്ന  ഒരു കൊറ്റിപോൽ ജീവിതം  നയിച്ചു   
മണ്ടനായി തുടരുന്നിതാ ലണ്ടനില്‍ ഇക്കാലമത്രയും ...!


പിന്നെ 
ഇപ്പോള്‍ ഞാന്‍ മാത്രമല്ല ഇംഗ്ലണ്ട്
എന്ന ബിലാത്തിയില്‍ നിന്നെഴുതുന്ന ബുലോഗര്‍ കേട്ടോ...

 എൻ മണിവീണയുമായി വീണമീട്ടുന്ന വിജയലക്ഷ്മിഏടത്തി ,സുന്ദരമായ ചിത്രങ്ങളോടും ,വളരെ നല്ല എഴുത്തോടും കൂടിയുള്ളവിഷ്ണുവിന്റെ ചിത്രലോകവും ,വിഷ്ണുലോകവും 
കൊച്ചുത്രേസ്യയുടെ ലോകം കൊണ്ടു ബുലോകത്തെ പുപ്പുല്ലിയായ കൊച്ചുത്രേസ്യ , ചരിത്രസ്മരണകളും ,കാര്യമായ കാര്യങ്ങളും ഒരു അഭിഭാഷകന്റെ ഡയറിയിൽ നിന്ന് എഴുതുന്ന വക്കീലായ സമദ് ഇരുമ്പഴി , തമാശയുടെ മാലപ്പടക്കം ഒരു  ദേശത്തിന്റെ കഥ യിലൂടെ പൊട്ടിക്കുന്ന പ്രദീപ്‌ ജെയിംസ് ,

പിന്നെ മലര്‍വാടി യിലൂടെ നേഴ്സ്മാരുടെ ദുരിത കഥകൾ
വിളിച്ചോതാന്‍ പോകുന്ന മേരികുട്ടി എന്ന കല്യാണപ്പെണ്ണ്
The Mistress  of Small Things ലൂടെകുഞ്ഞുകാര്യങ്ങളുടെ തമ്പുരാട്ടിയായ  
കൊച്ചു കാര്യങ്ങളിലൂടെ വലിയകാര്യങ്ങള്‍ പറയുന്ന സീമ മേനോന്‍ , 

എന്റെ കണ്ണിലൂടെ എഴുതുന്ന ശ്രീരാഗ് , 
അരയന്നങ്ങളുടെ വീട്എഴുതുന്ന സിജോ ജോർജ്ജ്, 
ആത്മാവിന്റെ പുസ്തകത്തിന്റെ രചയിതവായ മനോജ് മാത്യു , 
ജെ.പി .മഞ്ഞപ്ര മുതലായവരെല്ലാം തന്നെ ബിലത്തിയില്‍ ഉള്ളവരും ,ഇവിടത്തെ വിശേഷങ്ങൾ മാളോകരെ  ബുലോഗത്തിൽ കൂടി അറിയിക്കുന്നവരും ആണ്   ...

എഴുതാന്‍ കുഴിമടിയനായ എന്നെ എപ്പോഴും വിളിച്ച് 
ഓരോ വിഷയം തന്ന് , ശേഷം ആയത് പ്രസിദ്ധീകരിക്കുകയും 
ചെയ്യുന്ന ബിലത്തിമാലയാളി പത്രവും , അതിന്റെ എഡിറ്റര്‍ ശ്രീമാന്‍ 
അലക്സ് കണിയാമ്പറമ്പില്‍ ...

യു.കെ.മലയാളി എഡിറ്റര്‍ ശ്രീ:ബാലഗോപാല്‍ ...
ബ്ലോഗുമുഖാന്തിരം പരിചയപ്പെട്ട് ആകാശവാണിയിൽ
കൂടി ലണ്ടൻ അനുഭവങ്ങളെ കുറിച്ച് ഞാനുമായി അഭിമുഖം
നടത്തി ആയത് പ്രക്ഷേപണം ചെയ്ത ശ്രീ :D പ്രദീപ്കുമാർ  ...

ഈയിടെ ബ്ലോഗ്‌ ഓഫ് ദി വീക്കായി ബിലത്തിപട്ടണത്തെ
തിരെഞ്ഞെടുത്ത പ്രിയമുള്ള കണിക്കൊന്ന  എഡിറ്റര്‍ ...

ബ്ലോഗ്‌ തുടങ്ങിയതിനു ശേഷം അഗ്രഗേറ്ററുകളെ കുറിച്ച് 
എന്റെ ബ്ലോഗിൽ വന്നുയഭിപ്രായം മുഖാന്തിരം പറഞ്ഞുതന്ന 
നിരക്ഷരൻ ബ്ലോഗുടമയും  ; മുൻ ബിലാത്തി ബ്ലോഗറും , എന്നെ ചെറായി മീറ്റിന് ക്ഷണിച്ച ദേഹവുമായ മനോജ്‌ രവീന്ദ്രന്‍ , 

തിരുത്തലുകള്‍ ചൂണ്ടികാണിച്ചു തന്ന നാട്ടുകാരിയായ എഴുത്തോലയുടെ
എഴുത്തുകാരി .ശേഷം നാട്ടില്‍ വന്നപ്പോള്‍ ചെറായി മീറ്റില്‍ വെച്ച്
പരിചയപ്പെട്ട വളരെ സ്നേഹമുള്ള ബുലോഗവാസികളും അവരുടെ
കലക്കന്‍ ഉപദേശങ്ങളും , 

പച്ച കുതിര  എഴുതുന്ന സജി എന്ന  കുട്ടൻ മേനോൻ
നല്‍കിയ ബ്ലോഗിനെക്കുറിച്ച് നല്‍കിയ ട്യൂഷ്യന്‍ ക്ലാസ്സുകളും
ഒപ്പം നടത്തിതന്ന എന്‍റെ ബിലത്തിപട്ടണത്തിന്റെ രൂപ മാറ്റങ്ങളും ...

പിന്നെ എല്ലാത്തിലുമുപരി ഞാൻ പടച്ചുവിടുന്ന 
ഓരോ രചനകളും വായിച്ച ശേഷം നല്ല നല്ലയഭിപ്രായങ്ങള്‍ 
സ്ഥിരമായി എഴുതി എനിക്ക് പ്രോത്സാഹനം നല്‍കിക്കൊണ്ടിരിക്കുന്ന ബുലോഗത്തെ എന്‍റെ പ്രിയപ്പെട്ട സ്നേഹം നിറഞ്ഞ അനേകമനേകം കൂട്ടുകാരും , കൂട്ടുകാരികളും ,..,..

നന്ദി ഞാന്‍ ആരോടു ..ചൊല്ലേണ്ടൂ ....

ഈ എല്ലാവരോടും എങ്ങിനെയാണ് 
എന്‍റെ അകമഴിഞ്ഞ കൃതഞ്ജതയും , 
തീര്‍ത്താല്‍ തീരാത്ത നന്ദിയും  രേഖപ്പെടുത്തുക ...?



Wednesday 4 November 2009

മലയാളം ബ്ലോഗ് അഥവാ ബൂലോഗവും ,പിന്നെ കുറച്ചു പിന്നാമ്പുറവും / Malayalam Blog athhava Boologavum kuracchu Pinnampuravum .

ഈയിടെ ലോക സാഹിത്യ വേദിയില്‍
നടത്തിയ ഒരു പഠനം വിശദീകരിക്കുന്നതിങ്ങനെയാണ് ...
മുപ്പതുവര്‍ഷത്തില്‍ ഏറെയായി ലോകത്തിലെ എല്ലാഭാഷകളിലും
സംഭവിച്ച് കൊണ്ടിരുന്ന വായനയുടെ വല്ലാത്ത കുറവുകള്‍ , ഇപ്പോള്‍ മൂന്നാല് കൊല്ലമായി ക്രമാധീതമായി ഉയര്‍ത്ത് എഴുന്നേറ്റു പോലും.,  ഒപ്പം എഴുത്തും !

 കാരണം ബ്ലോഗ്‌  എന്ന പുതിയ മാധ്യമം ആണത്രേ...

ഇപ്പോള്‍ ദിനം പ്രതി ധാരാളം പേര്‍ എല്ലാഭാഷകളിലും ആയി ബ്ലോഗിങ്ങ്‌
രംഗത്തേക്ക് , സ്വന്തമായി ഒരു വേദിയുണ്ടാക്കി ആത്മാവിഷ്ക്കാരം നടത്തി കല ,
കായികം, സംഗീതം , പാചകം , വര , യാത്ര , ഫോട്ടോഗ്രഫി ,....എന്നിവയിലൂടൊക്കെ  മാറ്റുരച്ചു നോക്കുവാനും , ആസ്വദിക്കുവാനും , അഭിപ്രായം രേഖപ്പെടുത്താനും  ഒക്കെയായി  എത്തിക്കൊണ്ടിരിക്കുകയാണ് ദിനമ്പ്രതിയെന്നോണം ഈ ബൂലോകത്തിൽ എന്നുമെന്നും...

കഴിഞ്ഞ മൂന്നുവർഷമായി ലോകത്തിലെ എല്ലാ
ഭാഷകളിലും , വായന ഇരട്ടിയിൽ അധികമായെന്നാണ്
മുന്‍പറഞ്ഞ , ആ  പഠനങ്ങള്‍  വ്യക്തമാക്കുന്നത്.. സംഭവം
ഈ ബ്ലോഗ് എഴുത്ത്  തന്നെ !

എന്തുകൊണ്ടെന്നാൽ പോസ്റ്റിടുന്നവരും ,
വായനക്കാരും ഇപ്പോൾ ധാരാളം വായിച്ചുകൊണ്ടിരിക്കുന്നു..
 
ഇതിന്റെയെല്ലാം മാറ്റൊലികള്‍
നമ്മുടെ  മലയാളത്തിലും അലയടിച്ചു കേട്ടോ....
അടുത്ത കാലത്ത് മലയാളത്തിൽ തന്നെ , ബ്ലോഗുലകത്തില്‍ നിന്നും
സജീവ്  എടത്താടൻ,  രാജ് നീട്ടിയത്ത് , രാഗേഷ് കുറുമാൻ, ബാബുരാജ്.പി.എം,
ടി.പി.വിനോദ്, ദേവദാസ്.വി.എം, ശശി ചിറയിൽ,കെ.എം.പ്രമോദ്,...,. ...എന്നീ ബൂലോഗ വാസികൾ , ബൂലോഗത്തുനിന്നും പുസ്തക ശാലകളിലേക്കും,സാഹിത്യ സദസ്സുകളിലേക്കും ഇറങ്ങിവന്നവരാണ് !
അതേ പോലെ ഇന്ന് നമ്മുടെ  ബൂലോഗത്തില്‍
മാധ്യമ -കലാ-സാംസ്കാരിക രംഗങ്ങളിലൊക്കെയുള്ള
ബാലചന്ദ്രന്‍ ചുള്ളിക്കാട് , ശിഹാബുദീന്‍ പൊയ്ത്തുംകടവ് , 
മൈന ഉമൈബാല്‍ ,മണിലാല്‍  , ഡി. പ്രദീപ്കുമാര്‍  , ജി.മനു , 
കുഴൂര്‍ വിത്സന്‍ ,മമ്മൂട്ടി ,മോഹൻ ലാൽ,  ജോസഫ്‌ ആ ന്റണി ,എന്‍ .പി.
രാജേന്ദ്രന്‍ ,ടി.സുരേഷ് ബാബു ,ബി.എസ്. ബിമിനിത് , ആര്‍ .ഗിരീഷ്‌ കുമാര്‍ , 
ബെര്‍ലി തോമസ്‌ , കമാല്‍ വരദൂര്‍ , നൌഷാദ് അകമ്പാടം, സഞ്ജീവ് ബാലകൃഷ്ണന്‍ , സുജിത് , പത്മനാഭന്‍ നമ്പൂതിരി .... മുതല്‍ പല പല പ്രമുഖരും , പിന്നെ മറ്റനേകം പേരും സ്വന്തമായ കാമ്പും ,ശൈലിയും കൊണ്ട്  ഈ സൈബര്‍ ലോകത്തില്‍ തിളങ്ങി നില്‍ക്കുന്നവരാണ് !

ഇനിയും അടുത്തുതന്നെ ബൂലോഗത്തില്‍ പല പ്രമുഖരുടെയും
കാലൊച്ചകള്‍ അരങ്ങേറ്റം കുറിക്കുന്നതിനായി  നമ്മള്‍ക്ക്  കാതോര്‍ത്തിരിക്കാം അല്ലേ.

അതെ എഴുതാനും മറ്റും കഴിവുള്ള എല്ലാവരും , എല്ലാ തരത്തിലും ,
എല്ലാതും അവരവരുടെ രീതിയിൽ ബൂലോഗത്ത് വിളമ്പി വെക്കട്ടേ അല്ലേ ?...

ഒന്നും ഒളിച്ചു വെക്കാനില്ലാത്ത ഈ ബുലോഗത്തില്‍ കൂടി ,
ഒന്നും സ്വകാര്യമല്ലാത്ത സൈബര്‍ ലോകത്തിലെ ഈ പുതുപുത്തന്‍
മാധ്യമ രംഗത്തില്‍ കൂടി പുതിയ പ്രതിഭകള്‍ ഇനിയുമിനിയും മലയാളത്തില്‍ ഉണ്ടാകുമാറാകട്ടെ..!

ഈ വിവര സാങ്കേതിക രംഗത്തെ ചരിത്രം ചികഞ്ഞു നോക്കുകയാണെങ്കില്‍ , പണ്ടുകാലത്തുണ്ടായിരുന്ന കൂറ്റന്‍ കമ്പ്യൂട്ടറുകള് കണ്ടുപിടിച്ച ശേഷം ,കുറെ കഴിഞ്ഞ്
1965 ലെ  ഇന്നത്തെ മെയിൽ സന്ദേശ പോലുള്ള രണ്ടുവാക്കുകള്‍ ഒരു കംപ്യുട്ടർ മെഷീനില്‍ നിന്നും മറ്റൊന്നിലേക്ക്‌ ദൂരസഞ്ചാരം നടത്തിയ വിപ്ലവമാണ് ഇന്നീകാണുന്ന സൈബര്‍ ലോകത്തെ എല്ലാ കാര്യങ്ങള്‍ക്കും തുടക്കം കുറിച്ച സംഗതി.

ഇവിടെ നിന്നാണ് ഇന്റർ-നെറ്റിന്റെ ഉത്പത്തിയും ,വികാസവും
തുടങ്ങുന്നത് . ഇന്റര്‍ -നെറ്റ് ഉപയോക്താക്കളില്‍ പിന്നീട് അതിവേഗം
പടര്‍ന്നുപിടിച്ച മാധ്യമ തരംഗങ്ങളാണ് ഇ - മെയിൽ എന്ന തലതൊട്ടപ്പനും
അതോടൊപ്പം വളർന്ന സൈബർ ലോകത്തിലെ പല പല സേവനദാതാക്കളും .

പിന്നീട് അവർ ധാരാളം സൈറ്റുകൾ ഓരൊ
ഉപയോക്താക്കൾക്കും സ്വന്തമയി /സൌജന്യമായി ,
സൈബർ ലോകത്തിൽ ഇടം നൽകുന്ന ഓര്‍ക്കൂട്ട് ,ഫേയിസ് ബുക്ക്
മുതല്‍ ബ്ലോഗ്‌ വരെയുള്ള നവ മാധ്യമ ആവിഷ്ക്കാരവേദികള്‍ സ്ഥാപിച്ചു .

ഗൂഗിള്‍ ,യാഹൂ ,അല്ട്ടാവിസ്ട ,റീഡിഫ് ,..
മുതലായ കംപ്യുട്ടര്‍ ലോകത്തിലെ എല്ലാ സേവന
ദാതാക്കളും ഇപ്പോള്‍ സൌജന്യമായി തന്നെ ബ്ലോഗും
മറ്റും ഫ്രീയായിട്ട് തന്നെ തുടങ്ങാനുള്ള ഇടം നല്‍കുന്നുണ്ട് .

1991 കളില്‍ പ്രമുഖ കംപ്യുട്ടര്‍ /സോഫ്റ്റ്‌ വെയര്‍ കമ്പനികള്‍
ലോകത്തിലെ എല്ലാ ഭാഷകളും ഇന്റര്‍ നെറ്റില്‍ കൂടി അനായാസമായി
കൈകാര്യം ചെയ്യുന്നതിനു വേണ്ടി  യൂണിക്കോഡ് ഫോണ്ട് വിപ്ലവം സൃഷ്ടിച്ചതോട്
കൂടി വിവരസാങ്കേതിക രംഗത്ത് പല പല വിപ്ലവകരമായ മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ചു.

അന്നുകാലത്ത് ഡയറികുറിപ്പുകൾ എഴുതിയിടാന്‍ ഉപയോഗിച്ച 
വെബ്‌ ലോഗുകള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം പരിണമിച്ചു
വീ ബ്ലോഗ്‌ ആയി മാറി ആദ്യകാല ബ്ലോഗുകള്‍ ഉണ്ടായി എന്നാണ് പറയുന്നത് .

കാലിഫോര്‍ണിയയിലെ പൈര്ര ലാബ് എന്നകമ്പനിയാണ് www.blogger.com
നിര്‍മ്മിച്ച് ആദ്യമായി പോതു സേവനത്തിനുവേണ്ടി ഏവര്‍ക്കും തുറന്നു കൊടുത്തത് , പിന്നീടത്‌ സാമ്പത്തിക നഷ്ട്ടം മൂലം അവര്‍ 2002 ഇല്‍ ഗൂഗിളിനുകൈമാറി.
മുഴുവന്‍ കാര്യങ്ങളും സൌജന്യമല്ലാത്ത 2001   ഇല്‍ ആരംഭിച്ച വേൾഡ് പ്രസ്സ്
എന്ന പോര്‍ട്ടലും വളരെ പേരുകേട്ട ഒരു ബ്ലോഗിങ്ങ്‌ പ്രസ്ഥാനം തന്നെയാണിപ്പോള്‍ .

കൂടാതെ ഇപ്പോള്‍ ബ്ലോഗ്ഗർ കോം ,ലൈവ് ജേർനൽ  തുടങ്ങി നാല്പതിൽ  കൂടുതൽ  ലോകപ്പെരുമയുള്ള ബ്ലോഗര്‍ ജാലകങ്ങളുണ്ട്
ഏവര്‍ക്കും എന്നും ഫ്രീയായിട്ട് ഇഷ്ടം
പോലെ മേഞ്ഞു നടക്കുവാന്‍ ..കേട്ടോ .

ഇംഗ്ലീഷ് ബ്ലോഗ്‌ തുടങ്ങിയ കാലംതൊട്ടുതന്നെ ഇന്റര്‍-നെറ്റ്
ഉപയോഗിച്ച് കൊണ്ടിരുന്ന  കുറെ വിദേശ മലയാളികള്‍ ഇംഗ്ലീഷിലും ,
മംഗ്ലീഷിലുമായി ചാറ്റ് രൂപത്തിലും മറ്റും ധാരാളം പോസ്റ്റുകള്‍ മറു പേരുകളില്‍
പടച്ചുവിട്ടിരുന്നൂ .
പത്തുകൊല്ലം മുമ്പ് ഫോട്ടോ സ്റ്റാറ്റ്  കോപ്പികളാല്‍ കുപ്രസിദ്ധി
നേടിയ ഭരണി പാട്ടുകള്‍, മല്ലുജോക്സ്,..മുതൽ ധാരളം ഇ-മെയിൽ
പോസ്റ്റുകൾ അന്നത്തെ  മംഗ്ലീഷ് ബ്ലോഗേഴ്സിന്റെ സംഭാവനകളായി
അന്നത്തെയാളുകള്‍ ഇപ്പോഴും ഓര്‍ത്തുകൊണ്ടിരിക്കുന്നൂ .

പിന്നീട് മലയാ‍ളത്തിൽ വന്ന രചനകൾ ,
കൈയ്യെഴുത്താൽ എഴുതപ്പെട്ട ഇ-മെയിൽപോസ്റ്റുകൾ ആയിരുന്നു .
ഗൾഫ് പാട്ട് , മലയാളി മഹാത്മ്യം, ഒരു ലണ്ടൻ ഡയറി , പ്രണയ സല്ലാപം,...
മുതൽ കുറെ ഹിറ്റ് ആയ പോസ്റ്റുകൾ..

19 - 04 -2003 ൽ കേരലിറ്റ് എന്ന മലയാളത്തിലുള്ള ലിപിയുപയോഗിച്ച
സിംഗപ്പൂരില്‍ നിന്നും , തൃശ്ശൂര്‍ സ്വദേശിയായ പോളാണ് മലയാളത്തില്‍ ഇന്നത്തെ
തരത്തിലുള്ള ബ്ലോഗിങ്ങിന് തുടക്കം കുറിച്ചത് .
പിന്നീട് തൃശ്ശൂര്‍ സ്വദേശികളായ കെവിൻ രൂപകല്‍പ്പന
ചെയ്ത അജ്ഞലി ഓൾഡ് ലിപി യൂണിക്കോഡും ,  സിബു .സി.ജെ 
അമേരിക്കയില്‍വെച്ച് ഉണ്ടാക്കിയ വരമൊഴിയും കൂടിയായപ്പോള്‍   മലയാളം
രചന കമ്പ്യുട്ടറില്‍ വളരെ സുഗമമായി തീര്‍ന്നു .

രണ്ടായിരത്തി ആറോടുകൂടി  ലോകത്തിന്റെ വിവിധ
കോണുകളില്‍ നിന്നും മലയാളം ബ്ലോഗുലകത്തിലേയ്ക്കു
പോസ്റ്റുകള്‍ വന്നുതുടങ്ങി.
ഗൃഹാതുരത്വത്തിന്‍ സ്മരണകളായും , കഥകളായും, കവിത ചൊല്ലിയും ,
യാത്ര വിവരണം എഴുതിയും, പാട്ട് പാടിയും , ചിത്രങ്ങള്‍ വരച്ചും ,ഫോട്ടോ
പ്രദര്‍ശിപ്പിച്ചും,  വീഡിയോ കാണിച്ചും, അഭിപ്രായങ്ങള്‍ പറഞ്ഞും , ചര്‍ച്ചകള്‍
ചെയ്തും  മലയാള ബ്ലോഗുകള്‍ അങ്ങിനെ ബഹുമുഖ പ്രതിഭകളാല്‍ നിറഞ്ഞുകവിഞ്ഞു!

ആയിടെ ഗള്‍ഫ് മാധ്യമം , മാതൃഭൂമി മുതലായ പത്രങ്ങളില്‍ബ്ലോഗുലകത്തെ
കുറിച്ചുസചിത്ര ലേഖനങ്ങള്‍ വന്നു . പിന്നീട് മറ്റുമാധ്യമങ്ങളാലും ബൂലോകം വാഴ്ത്തപ്പെട്ടു..
അതോടൊപ്പം നാട്ടില്‍ ജില്ലായടിസ്ഥാനത്തില്‍ ബ്ലോഗ്‌ കൂട്ടായ്മകള്‍ സംഘടിപ്പിക്കപ്പെട്ടു ...

 രണ്ടായിരത്തിയാറിൽ  വെറും അഞ്ഞൂറു ബുലോഗർ മാത്രമുണ്ടായിരുന്ന
ബുലോകം പിന്നത്തെ വർഷമായപ്പോഴേക്കും ഇരട്ടിയായി മാറി.പിന്നീടത്
കഴിഞ്ഞവർഷം മൂവായിരവും ,ഇക്കൊല്ലം അവസാനമായപ്പോഴേക്കും ഏതാണ്ട്
അയ്യായിരത്തോളം ബൂലോഗരുമായി പടർന്നു പന്തലിച്ചു !
 മലയാളത്തിലെ പ്രഥമ ബ്ലോഗെഴ്സ് മീറ്റ്, യു.ഇ /07-07-2006 
വിശാലമനസ്കൻ, കുറുമാൻ,..മുതൽ
ഇതോടൊപ്പം തന്നെ ബ്ലോഗ് എഴുത്തുകാരുടെ കൂട്ടായ്മകളും വളർന്നു.....
പ്രഥമ ബ്ലോഗ് സംഗമം  അന്ന് ഏറ്റവും കൂടുതല്‍ ബൂലോഗരുണ്ടായിരുന്ന
യു.എ .ഇ യില്‍ , അതായത്  2006 ൽ ദുബായിൽ വെച്ച് നടന്നു.

അടുത്തവര്‍ഷം ഓരൊ ജില്ലകളിലും ബുലോഗ
അക്കാഥമികൾ ഉടലെടുക്കുകയും, ബ്ലോഗെഴുത്ത്
എങ്ങിനെ/എന്ത്/ഏത്...തുടങ്ങിയ ബോധവൽക്കരണ
ക്ലാസ്സുകളും,ജില്ലായടിസ്ഥാനത്തിലുള്ള ബുലോഗകൂട്ടായ്മകളും ഉണ്ടായി.
ആ‍ഗോളബൂലോഗ സംഗമം,ചെറായി/ ജൂലായി 2009 
2008 ൽ തൊടുപുഴയിൽ വെച്ച് കുറച്ചുപേര്‍
കൂടി ആദ്യ കേരള ബൂലോഗ സംഗമം നടന്നു .
പിന്നീട് 2009 ജൂലായിൽ ചെറായി കടൽ തീരത്തുവെച്ച്
ആഗോളതലത്തിലുള്ള എല്ലാമലയാളി ബ്ലോഗർമാർക്കും വേണ്ടി
സഘടിപ്പിച്ച സൌഹൃത  സമ്മേളനമാണ് “ ബുലോഗ ചെറായി മീറ്റ് 2009" .
കഴിഞ്ഞ മാസം  “ദോഹ”യിൽ വെച്ച് ഗൾഫ് ബുലോഗരും ഒന്നിച്ച് ഒരു കൂടിച്ചേരൽ നടത്തി കേട്ടോ
 ദോഹയിലുള്ള ബുലോഗരുടെ സംഗമം / 21-10-2009
പത്രപ്രസിദ്ധീകരണങ്ങള്‍ നേരിട്ട് ലഭിക്കാത്ത വിദേശമലയാളികള്‍
ബ്ലോഗുകള്‍ വായിച്ചുപുളകം കൊണ്ടു. നാട്ടിലും പുതുതലമുറയില്‍ പെട്ടവര്‍
ബ്ലോഗ്‌ നോക്കലുകളിലും , പോസ്റ്റുകൾ എഴുതുന്നതിലും താല്പര്യങ്ങള്‍ കണ്ടെത്തി.

അങ്ങിനെ നമ്മുടെ മലയാളം ബ്ലോഗിങ്ങ്‌ രംഗം
എല്ലാവരാലും ബൂലോഗം /ബുലോഗം എന്ന് വിളിക്കപ്പെട്ടു !
വായനയും, എഴുത്തും, വരയും , സംഗീതവും ,.. ഒക്കെയായി
ബൂലോഗത്തില്‍ വിഹരിക്കുന്നവരെ ബൂലോകര്‍ എന്നുവിളിച്ചു .

ബ്ലോഗന്‍ , ബ്ലോഗിണി , ബ്ലോഗന , ബ്ലോഗുലകം ,..ഇതുപോലെ
ഇമ്മിണി വാക്കുകള്‍ മലയാളം പദാവലിയിലേക്ക്  വന്നുചേര്‍ന്നു .

അതെ ഇന്ന് വിദേശത്തു താമസിക്കുന്ന മലയാളികളുടെ
പുതുതലമുറയടക്കം, നമ്മുടെ മാതൃഭാഷക്ക് ഈ സൈബര്‍
ലോകത്തില്‍ കൂടി ഒരു പുത്തന്‍ ഉണര്‍വും , പുതുജന്മവും, പുതു
പ്രസരിപ്പും നല്‍കിയിരിക്കുകയാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല കേട്ടോ .

പ്രത്യക്ഷമായും , പരോക്ഷമായും ഏതാണ്ട് അയ്യായിരത്തോളം മലയാളികള്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്ന് സ്വന്തമായി ഒരു വേദിയുണ്ടാക്കി
ആത്മാവിഷ്ക്കാരം നടത്തുന്ന കാഴ്ചകളാണ് നമ്മള്‍ ഇപ്പോള്‍  ഈ ബൂലോഗത്ത് കണ്ടുകൊണ്ടിരിക്കുന്നത് .അവരുടെയെല്ലാം ഓരോ പുത്തൻ പോസ്റ്റുകളും അപ്പപ്പോൾ
തന്നെ പ്രത്യക്ഷമാകുന്ന മലയാളം അഗ്രിഗേറ്റരുകളും തോനെ പാനെ ഇപ്പോൾ നിലവിൽ വന്നിട്ടുമുണ്ടല്ലോ ..അല്ലെ

ബൂലോഗത്തെ പോലെ തന്നെ അതിവേഗം പടര്‍ന്നുപിടിച്ച സൈബര്‍ ഉലകത്തിലെ
ഓര്‍ക്കൂട്ട് ,ഫെയ്സ് ബുക്ക് ,ട്വിട്ടര്‍ ,യു -ട്യൂബ് ...മുതലായ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും അനേകം മലയാളികളും അവരുടെ കൂട്ടായ്മകളും കൂടിച്ചേര്‍ന്നുള്ള നിറസാന്നിദ്ധ്യവും ഇപ്പോള്‍ കാണാവുന്നതാണ് .
കൂടാതെ സൈബര്‍ ലോകത്തിലെ എല്ലാ അറിവുകളും വെറുതെ വിപണനം
ചെയ്യുന്ന മലയാളം വിക്കിപീഡിയയിൽ ഇന്ന് വിക്കി പീടികകളില്‍  മലയാളിയുടെ കടക്ക്യാണ് ഇപ്പോള്‍ ലോകത്തിൽ  ഏഴാം സ്ഥാനം !

ഹൌ ....അമ്പട മലയാളിയെ !

അയ്യോ..ഒരു കാര്യം കൂടി..

ഈയിടെ ഇവിടെ കൂടിയ മന:ശാസ്ത്രജ്ന്മാർ സൈബർ
ലോകത്തുനിന്നും കുറെ പുതിയ  മനോരോഗങ്ങൾ കണ്ടെടുത്തുപോൽ
ബ്ലോഗോമാനിയ (ഏതു സമയവും ബ്ലോഗിനുമുന്നിൽ കഴിച്ചുകൂട്ടുന്നവർക്ക് വരുന്നത്), ബ്ലോഗോഫോബിയ (ബ്ലോഗേഴ്സിന്റെ പാർട്ട്നേസിനും,മറ്റു കുടുംബാംഗങ്ങൾക്കും വരുന്നത്), ...എന്നിങ്ങനെ.

അടുത്ത ജേർണനിൽ  അവർ ഇതിനെ പറ്റിയൊക്കപ്രസിദ്ധീകരിക്കുമായിരിക്കും.


ഉന്തുട്ടുകുന്തെങ്കിലും ആകട്ടേ....അപ്പ..കാണാം..ല്ലേ....







ഈ പോസ്റ്റ് രചനക്ക് സഹായമായത്
ഗൂഗിളും, ബൂലോഗമിത്രങ്ങളുടെ പഴയ
പോസ്റ്റുകളും ആണ് കേട്ടോ..നന്ദി .





                                                               

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...