Showing posts with label പ്രണയകഥാനുഭവം. Show all posts
Showing posts with label പ്രണയകഥാനുഭവം. Show all posts

Friday 17 February 2012

ബെർക്ക്ഷെയറിൽ വീണ്ടും ഒരു പ്രണയകാലം ... ! / Berkshireil Veendum Oru Pranayakaalam ... !


രണ്ടാഴ്ച്ചയായിട്ട് ലോകത്തുള്ള സകലമാന മാധ്യമങ്ങളിലും പ്രണയം തുള്ളിച്ചാടി മതിച്ച് , നിറഞ്ഞുതുളുമ്പി അങ്ങിനെ ഒഴുകി നടക്കുകയാണല്ലോ...

പ്രണയത്തിന് മാത്രമായി നീക്കിവെച്ചിരിക്കുന്ന പ്രത്യേകദിനം കഴിഞ്ഞുപോയെങ്കിലും പ്രണയാരാധനക്ക് പ്രത്യേക ദിനമോ , സമയമോ , പ്രായമോ ബാധകമല്ലാത്തതിനാൽ പഴയ ജീവിതതാളുകൾ മറിച്ചുനോക്കി , അന്നത്തെയൊക്കെ ഒരു പ്രണയവർണ്ണം  ഒട്ടും പൊലിമയില്ലാതെ വർണ്ണിക്കാനുള്ള  വെറുമൊരു പാഴ്ശ്രമമാണിതെന്ന് വേണമെങ്കിൽ പറയാം.

 തൻ കാര്യം പറഞ്ഞും , പോറ്റമ്മയായ ബിലാത്തിവിശേഷങ്ങൾ  ചിക്കി മാ‍ന്തിയും എല്ലാതവണത്തേയും പോലെതന്നെയാണ് ആ കാണുന്ന നിഴൽ ചിത്രങ്ങൾ കണക്കേ ഈ കഥയും ഞാൻ ചൊല്ലിയാടുവാൻ പോകുന്നത് കേട്ടൊ കൂട്ടരേ.

ഇതൊരു പ്രണയമാണൊ ,വെറും ഇഷ്ട്ടമാണൊ ,
അതൊ ജസ്റ്റ് പരസ്പരമുള്ള ആരാധനയാണൊ എന്നൊന്നും
എനിക്കറിയില്ലെങ്കിലും , ഈ ത്രികോണ പ്രണയാരാധനാ കഥയിലെ
കഥാപാത്രങ്ങളെല്ലാം , ഇപ്പോൾ ജീവിച്ചിരിക്കുന്ന മൂന്ന് സന്തുഷ്ട്ടകുടുംബങ്ങളിലെ ആളോളാണെന്നാറിയാം ...

എന്നാൽ നമുക്ക് തുടങ്ങിയാലോ അല്ലേ

 സുമം    :-    “ അല്ല മാഷെ..എത്ര പൌണ്ട് വീശി ഈ കാർട്ടൂൺ പരിപാടിക്ക് ’

ഞാൻ    :-    “ഒന്നുപോട്യവടുന്ന്..,ഈ നൌഷാദില്ല്യേ ...ആളന്റെ ഗെഡ്യാ
                      ഇതൊരോസീല് .. കിട്ട്യ ..പ്രമോഷണാട്ടാ‍ാ’

ഞാൻ ആരാധിക്കുന്ന , എന്നെ ആരാധിക്കുന്ന സുമവും , ഞാനും
തമ്മിലുണ്ടായ സംഭാഷണ ശകലങ്ങളിൽ ചിലതാണ് മുകളിൽ കൊടുത്തിട്ടുള്ളത്.

അകമ്പാടത്തിൻ  വക ‘തല - വര’യിലൊരു  ‘വര ഫലം ‘
അകപ്പെട്ടവൻ തൻ തലവിധിയൊരു വരം ഫലിച്ച പോൽ... ! 
അതായത് ഈ ഫെബ്രുവരിയിലെ തുടക്കത്തിൽ നമ്മുടെ ബൂലോഗ
വര തൊട്ടപ്പൻ നൌഷാദ് , അദ്ദേഹത്തിന്റെ വരഫലത്തിലൂടെ പ്രഥമമായി
എന്റെ ക്യാരിക്കേച്ചർ  ഫീച്ചറിലൂടെ ബിലാത്തിയിലെ മാന്ത്രികൻ എന്ന പോസ്റ്റിറക്കിയപ്പോൾ ആദ്യമായി എന്നെ വിളിച്ച് ഈ സന്തോഷ വാർത്ത , സുമമെന്നെവിളിച്ചറിയറിയിച്ചപ്പോഴുണ്ടായത്...!

പിന്നീടവൾ ചോദിച്ചു ഇത്രകുട്ടപ്പനായി എന്നെ ഛായം പൂശി വരയിലൂടേയും ,
വരിയിലൂടേയും  മിക്ക സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിളും ഞാൻ പ്രത്യക്ഷനായതിന്
എത്ര കാശ്  ചെലവാക്കിയെന്നതാണ് ...

ഈ സുമം ആരാണെന്നറിയേണ്ടേ...?
ദിവസത്തിൽ മിനിമം പത്തുമണിക്കൂറെങ്കിലും
തന്റെ ഡെസ്ക്ടോപ്പിന് മുമ്പിൽ തപസ്സുചെയ്യുന്ന
ബിലാത്തിയിൽ സ്ഥിരതാമസമുള്ള സുമം,  ഈ കഥയിലെ നായികയാണ്..!

വരയിലും വരികളെഴുതുന്നതിലും നിപുണയായ ഇവളെ പലതവണ
ബൂലോഗത്തേക്ക് ഞാൻ ക്ഷണിച്ചെങ്കിലും സമയമായില്ലാ പോലും എന്ന്
പറഞ്ഞവൾ ഒഴിഞ്ഞുമാറുകയാണ്..

തികച്ചും സ്ത്രീപക്ഷത്തുനിന്നും അവളുടെ  ഡയറിയിൽ
എഴുതിയിട്ടിരുന്ന ‘നൊമ്പരത്തി പൂവ്വ്’, ‘നെടുവീർപ്പുകൾ’
എന്നീകഥകൾ  വായിച്ച് ,ശരിക്കും ഞാൻ ഞെട്ടി പോയിട്ടുണ്ട്.
ഒരു വൊറോഷിയസ് റീഡറായതിന്റെ
ഗുണം അവളുടെ എഴുത്തിലും നിഴലിക്കുന്നുണ്ട്..!

രണ്ട് ദശവർഷങ്ങൾക്ക് മുമ്പ് നായികയുടേയും കുടുംബത്തിന്റേയും , ഒരു ഫയൽ-രേഖാ ചിത്രം...!
ഇനി ഏതെങ്കിലും കാലത്ത് നല്ലൊരു
എഴുത്തുകാരിയായി സുമം അറിയപ്പെട്ടാൽ ...
ഈ മഹതിയെ ഇത്തരത്തിൽ ; എന്റെ മിത്രങ്ങളായ പ്രിയ
വായനക്കാർക്കാദ്യം പരിചയപ്പെടുത്തിയതിൽ എനിക്കഭിമാനിക്കാം അല്ലേ...

 ഈ ഫെബ്രുവരി 6 - ന് കിരീടാരോഹണത്തിന് ശേഷം ഭരണത്തിൽ ഷഷ്ഠിപൂർത്തി തികയ്ക്കുന്ന രാജ്ഞിയുടെ ഡയമണ്ട് ജൂബിലിയാഘോഷത്തിന്റെ  കൊടിയേറ്റത്തിന്റേയും , മറ്റ് ആരവങ്ങളുടേയും തുടക്കം കുറിക്കുന്ന ആചാരവെടികളും, ഘോഷയാത്രയുമൊക്കെ കാണാനാണ് സുമവും ഭർത്താവ് ഡോക്ട്ടറദ്ദേഹവും കൂടി കഴിഞ്ഞാഴ്ച്ച വീണ്ടും ലണ്ടനിൽ വന്നതും, എന്റെ വീട്ടിൽ തങ്ങിയതും.

അപ്പോഴാണ് സുമത്തിൽ നിന്നും  പണ്ടത്തെ
ഒരു പ്രണയകഥയുടെ പകർപ്പവകാശം ഞാൻ വാങ്ങിയത്...
 അതായത് അവരുടെ സ്വന്തം പേരു വിവരങ്ങളും മറ്റും വെളിപ്പെടുത്തരുതെന്ന
കരാറുമായി. അതുകൊണ്ട് വിവാഹശേഷം ഭർത്തവിന്റൊപ്പം അമേരിക്കയിലുള്ള
സുമയുടെ കടിഞ്ഞൂൽ പുത്രിയുടേയോ, നാട്ടിൽ മെഡിസിന്  പഠിച്ച് കൊണ്ടിരിക്കുന്ന
താഴെയുള്ള മകളുടേയോ കിഞ്ചന വർത്തമാനങ്ങൾ , ഈ കഥയിലെ വെറുമൊരു ഉപനായകനായ  ഞാൻ പറയുന്നില്ല കേട്ടൊ.


ബിലാത്തിപട്ടണത്തിലെ ഉപനായകന്റെ കുടുംബചിത്രം...!
ഇതിലെ യഥാർത്ഥ നായകൻ ഇപ്പോൾ കുടുംബസമേധം മസ്കറ്റിൽ,
ഒരു വമ്പൻ കമ്പനിയുടെ മനേജരായ എന്റെ മിത്രം സുധനും ആയതുകൊണ്ട്
ഇക്കഥ മൊത്തത്തിൽ വാരിവലിച്ച് പറയുന്നില്ലെങ്കിലും ,ഇതിലുണ്ടായ പല സന്ദർഭങ്ങളും ലഘുവായി ജസ്റ്റ് ഒന്ന് പറഞ്ഞ് പോകുന്നുവെന്ന് മാത്രം..

ഇരുപത്തേഴ് കൊല്ലങ്ങൾക്ക് മുമ്പ്
ഞങ്ങളുടെയൊക്കെ പ്രീ-ഡിഗ്രി കാലഘട്ടത്തിലേക്കൊന്ന്
എത്തി നോക്കിയാലെ ഇക്കഥയുടെ ഗുട്ടൻസ് മനസ്സിലാകുകയുള്ളൂ .

അന്നത്തെ കാലത്ത് ഇടത്തരക്കാരായ
ഏത് മാതാപിതാക്കളുടെ ആഗ്രഹമാണല്ലോ...
 മക്കളെ ഒരു ഡോക്ട്ടറോ , എഞ്ചിനീയറോ  ആക്കണമെന്ന്...!

അങ്ങിനെ പത്താതരം പാസ്സായപ്പോൾ ; സോൾ ഗെഡികളായ
എന്നേയും , സുധനേയും സെന്റ്: തോമാസിൽ, ഫസ്റ്റ് ഗ്രൂപ്പിന് ചേർത്ത് ,
കോച്ചിങ്ങിന് വേണ്ടി , അച്ഛന്റെ ക്ലാസ്സ്മെറ്റായിരുന്ന പ്രൊ:നടരാജൻ മാഷുടെ
വീട്ടിൽ ട്യൂഷനും ഏർപ്പാടാക്കി.
“ദേ ആളിവിട്യ്ത്തീട്ടാ...സുമം ,ഞങ്ങളൺഗട് വണ്ടി വിടാൻ പുവ്വാ..“
ഊർജ്ജതന്ത്രം അരച്ചുകലക്കി കുടിച്ച് യൂണിവേഴ്സിറ്റിക്ക്
വേണ്ടി പുസ്തകങ്ങളൊക്കെ  എഴുതുന്ന ഞങ്ങളുടെ പ്രിയപ്പെട്ട
നടരാജൻ മാഷുടെ വീട്ടിലെ കോച്ചിങ്ങ് സെന്ററിൽ വെച്ചാണ് സെന്റ് : മേരീസിലെ
മോഹിനിയായ സുമം ജോസഫ് ഞങ്ങളുടെ ക്ലാസ്സ് മേറ്റും ലൌവ്മേറ്റുമൊക്കെയായി തീരുന്നത്.

സ്വർണ്ണക്കടകളും, മരുന്ന്  പീടികകളും , പലചരക്കിന്റെ
മൊത്തക്കച്ചവടമടക്കം ടൌണിൽ തങ്ങളുടെ പെരുമയുള്ള
വീട്ടുപേരുകളാൽ അറിയപ്പെടുന്ന ഒരു ബിസിനസ്സ് ഫേമിലിയിലെ
അരുമയായ പെൺകിടാവ്..!

ശർമ്മ സാറിന്റേയും , ചുമ്മാർ മാഷിന്റെയുമൊക്കെ
മലയാളം കാസ്സുകളിലും, മുരളി മാഷിന്റെ ‘എ’ വിറ്റുകളുള്ള
ഇംഗ്ലീഷ് ക്ലാസ്സുകളുമൊഴിച്ച് , മറ്റെല്ലാക്ലാസ്സുകളും ബഹിഷ്കരിച്ച്
പ്രൊ: ചുമ്മാർ ചൂണ്ടൽ  മാഷോടൊപ്പം നാടൻ കലാരൂപങ്ങളേയും,
നാടൻ പാട്ടുകളേയും തേടി നടക്കലും, ഗിരിജയിലെ ഉച്ചപ്പടങ്ങൾ കാണലും
ഹോബിയാക്കിക്കൊണ്ട് നടന്ന എന്നെയൊക്കെ , ഈ സുന്ദരിയായ സുമമുണ്ടല്ലോ
നടരാജൻ മാഷുടെ കോച്ചിങ്ങ് സെന്ററിൽ കയറില്ലാതെ എന്നും കെട്ടിയിട്ടു...!

എന്നാൽ അന്നത്തെ ഹിന്ദി സിനിമാനായകന്മാരെ
പോലെ ഗ്ലാമറുള്ള സുധൻ , യാതൊരുവക ദുശ്ശീലങ്ങളുമില്ലാതെ
പഠിപ്പില്‍ മാത്രം കോൺസെട്രേഷൻ നടത്തി പെൺകൊടിമാരെയെല്ലാം
കൊതിപ്പിച്ചു നടക്കുന്ന എല്ലാവരുടേയും കണ്ണിലുണ്ണി.

ആകെയുള്ളൊരു പോരായ്മ ഞാനാണവന്റെ
ഉത്തമ ഗെഡി എന്നതുമാത്രം..!

പക്ഷേ വിശ്വാമിത്രന് മേനകയെന്ന
പോലെയായി തീർന്നു സുധന് സുമം.

പ്രിയമിത്രത്തിന്റെ പ്രഥമാനുരാഗമറിഞ്ഞപ്പോൾ...
സുമവുമായുള്ള എന്റെപ്രണയവള്ളി മുറിച്ചെറിഞ്ഞ് അവർക്കിടയിലെ
വെറുമൊരു ഹംസമായി മാറിയിട്ട് ;  പ്രേമലേഖനം എഴുതിക്കുക, കൈമാറ്റം
നടത്തുക, കൂട്ടുപോകുക തുടങ്ങീ നിരവധി ദൂതുകൾ ഏറ്റെടുത്ത് എപ്പോഴും സുധന്റെ ആദ്യാനുരാഗത്തിന്റെ  അംഗരക്ഷകനായി മാറി ഞാൻ...

പ്രണയം തലക്കുപിടിച്ച ഞങ്ങൾക്ക് മൂവർക്കും
എഞ്ചിനീയറിങ്ങ് കോളേജിന്റെ പടികയറാനായില്ല...!

സുമം വിമല കോളേജിലേക്കും ,
സുധൻ കേരള വർമ്മയിലേക്കും കുടിയേറിയപ്പോൾ ...
എന്നെ വീട്ടുകാർ ഡിഗ്രിയില്ലെങ്കിൽ ഡിപ്ലോമയെങ്കിലും
പോരട്ടെയെന്ന് കരുതി പോളിടെക്നിക്കിലും വിട്ടു.

എന്നാലും പ്രേമം പമ്പിരികൊണ്ടിരുന്ന ആ കാലങ്ങളിൽ
വിമലാ കോളേജിന്റെ ബസ്സ് വരുന്നതുവരെ ,പ്ലെയിൻ സാരിയിൽ
അണിഞ്ഞൊരുങ്ങി വരുന്ന അരയന്നപ്പിടകളെ പോലുള്ള മധുരപ്പതിനേഴുകാരികളടക്കം
പരസ്പരം ഒരു നോട്ടത്തിന് വേണ്ടി, ഒരു നറുപുഞ്ചിരിക്ക് വേണ്ടി ഏത് പ്രതികൂല കാലവസ്ഥയിലും ഞങ്ങൾ സുമത്തെ യാത്രയയച്ചതിന് ശേഷമേ , ഞങ്ങളുടെ ക്യാമ്പസുകളിലേക്ക് തിരിയേ പോകൂ...!

ഈ പ്രണയത്തിന്റെ അരമന രഹസ്യം അങ്ങാടിപ്പാട്ടായപ്പോൾ...
അന്ന് കൊട്ട്വേഷൻ ടീമുകളൊന്നുമില്ലാത്തകാരണം ,സുമത്തിന്റെയപ്പച്ചൻ
അവരുടെ കടയിരിക്കുന്ന അരിയങ്ങാടിയിലെ കൂലിക്കാരെ തന്നെയാണ് ,  ഈ
ചുറ്റിക്കളിയൊക്കെ ഒതുക്കാൻ വിട്ടത്.

പക്ഷേ കൊക്കിന് വെച്ചത് ആ ചെക്കന് കൊണ്ടെന്ന് പറഞ്ഞതുപോലെ
നായകന് പകരം കിട്ടിയത് മുഴുവൻ ഉപനായകനായ എനിക്കാണെന്ന് മാത്രം...!

എന്റെ പുത്തൻ സൈക്കിളിന്റെ വീലടക്കം
അവർ ചവിട്ടി വളച്ചു കളഞ്ഞു...!

അതിനുശേഷം  ഡിഗ്രി രണ്ടാം കൊല്ലം തീരുന്നതിന് മുമ്പേ യു.കെ
യിലുള്ള ഒരു ഡോക്ട്ടർ സുമത്തെ വന്ന് കെട്ടി- പൂട്ടി  റാഞ്ചിക്കൊണ്ടുപോയി...!

പ്രണയം തലക്ക് പിടിച്ച സുധൻ , കേരള വർമ്മയിലെ തന്നെ
മറ്റൊരു സുന്ദരിയായ ഹാബിയിലേക്ക് ഈ പ്രണയം പറിച്ച് നട്ട് ,
കേരള വർമ്മയിലെ ഊട്ടി പറമ്പിൽ സല്ലപിച്ചു നടന്നു...

പിന്നീട് പ്രണയത്തോടൊപ്പം തന്നെ ,
ഇവർ രണ്ടുപേരും നന്നായിപഠിച്ച് ഡിഗ്രി റാങ്കോടെ പാസ്സായി .

ഇന്നും കേരളവർമ്മയിലെ പാണന്മാർ ഇവരുടെ
പ്രണയഗീതങ്ങൾ പാടിനടക്കുന്നുണ്ടെന്നാണ് കേൾവി...

നായകനും കുടുംബവും , നാട്ടിൽ വെച്ചെടുത്ത ഒരു ചിത്രം ...!
ശേഷം  ഇവർ രണ്ടുപേരും ഹൈയ്യർ സ്റ്റഡീസിന് ശേഷം സുധൻ എം.ബി.എ.
എടുത്തശേഷം ഒമാനിൽ പോയി ജോലി സമ്പാധിച്ച് , ഹാബിയെ സഹധർമ്മിണിയാക്കി രണ്ടുപിള്ളേരുമായി ഇപ്പോൾ  മസ്കറ്റിൽ ഉന്നതാധികാരത്തിൽ ഇരിക്കുന്നൂ...

പിന്നീട് എന്റെ അനുജൻ ഹാബിയുടെ അനുജത്തി ഹേളിയെ കല്ല്യാണം കഴിച്ച് എന്റെ അനിയത്തിയാരായി കൊണ്ടുവന്നപ്പോൾ ഞങ്ങളപ്പോൾ ബന്ധുക്കളും കൂടിയായി...

അതേസമയം ഞാനാണെങ്കിലോ പല പ്രേമനാടകങ്ങളും കളിച്ച്
അവസാനം പന്തടിച്ചപോലെ ഇവിടെത്തെ ലണ്ടൻ ഗോൾ പോസ്റ്റിലും വന്നുപ്പെട്ടു..!

പിന്നീട് കാൽന്നൂറ്റാണ്ടിനുശേഷം ഒരു ദിവസം  , നാലുകൊല്ലം മുമ്പ്
ബിലാത്തി മലയാളിയിലെ എന്റെ ഒരു ആർട്ടിക്കിൾ വായിച്ചൊരുത്തി ...

ഇ-മെയിലായൊരു ചോദ്യം ...
ആ പണ്ടത്തെ മുരളി തന്നെയാണോ
ഈ മുരളീമുകന്ദൻ എന്നാരാഞ്ഞുകൊണ്ട്.

അങ്ങിനെ പതിറ്റാണ്ടുകൾക്ക്  ശേഷം വീണ്ടും
സുമവുമായൊരു  സൌഹൃദം പുതുക്കൽ... !

ഉടനടി ഈ വാര്‍ത്ത സുധനെ വിളിച്ച് വിവരമറിയിച്ചു.
ഇതറിഞ്ഞപ്പോൾ സുധനവിടെ ഇരിക്കപ്പൊറുതിയില്ലാണ്ടായി...

കമ്പനി വക ഒരു യു.കെ ടൂർ അറേഞ്ച് ചെയ്യാനാണോ,
ലോകം മുഴുവൻപറന്നുനടക്കുന്ന സുധന് വിഷമം..?

സാക്ഷാൽ ഹരിഹരസുധൻ ഒരുനാൾ
മാളികപ്പുറത്തമ്മയെ കാണനൊരിക്കൽ വരുമെന്നപോലെ ..
അങ്ങിനെ നമ്മുടെ നായകൻ സുധൻ ,തന്റെ പ്രഥമാനുരാഗകഥയിലെ
നായികയെ ദർശിക്കുവാൻ  മസ്കറ്റിൽ നിന്നും കെട്ടും കെട്ടി ലണ്ടനിലെത്തിച്ചേർന്നപ്പോൾ ...

നായകന്റേയും,ഉപനായകന്റേയും ഭാര്യമാർ
തമ്മിൽ ഫോണിൽ കൂടി ഒരു കുശുകുശുപ്പ്..

“ഇവന്മാർക്കൊക്കെ തലയ്ക്ക് എണ്ണ കഴിഞ്ഞൂന്നാ...തോന്നുന്ന്യേ..അല്ലൊഡോ

എന്തുപറയാനാ‍ാ...

മിക്കവാറും പെണ്ണുങ്ങൾക്കൊക്കെ പ്രേമോം ,മണ്ണാങ്കട്ടയുമൊക്കെ
കല്ല്യാണശേഷം പുതുമോടി തീരുന്നതോടെ തീരുമെന്നാ തോന്നുന്നത്...

പിന്നെ ഒന്ന് രണ്ട് പേറും കൂടി
കഴിഞ്ഞാൽ  കാമുകനും ,കണവനുമൊക്കെ..
ഡീം..
തനി കവുങ്ങുംകണ പോലെ... അല്ലേ  !

 ബെക്കിങ്ങാംഷെയറിൽ ഒരു പ്രണയകാലത്ത് ... ! (ക്ലിക്ഡ് ബൈ സുമം )
ഒരാഴ്ച്ച സുധൻ എന്റെ കൂടെ ബിലാത്തിയിൽ...
സുധനുമൊത്ത് മൂന്ന് ദിനം മുഴുവൻ സുമത്തിന്റെ വീട്ടിൽ തമ്പടിച്ച് പഴയകാല പ്രണയവിശേഷങ്ങൾ അയവിറക്കലും, അവിടത്തെ പ്രകൃതി  രമണീയമായ കാഴ്ച്ചകൾക്കൊപ്പം ബെർക്ക്ഷെയറിന്റെ ചരിത്രമുറങ്ങുന്ന സ്മാരകങ്ങൾ കണ്ടും ,
അവരുടെ വീടിനടുത്തുള്ള ന്യൂബറിയിലെ കുതിരപ്പന്തയം
അവരോടൊപ്പം പോയി കണ്ടും / വാതുവെച്ചും , ....,...
വീണ്ടും ഒരു പ്രണയകാലം...!!

മുടിയും മീശയുമൊന്നും ഡൈചെയ്യാതെ തനി ഒരു വയസ്സനേപ്പോലെ
തോന്നിക്കുന്ന സുമത്തിന്റെ വളരെ സിംബളനായ , സന്മനസ്സുള്ള ഭർത്താവ്
ഡോക്ട്ടറദ്ദേഹത്തിന്റെ ‘സർജറി’യിലെ ജനറൽ പ്രാക്റ്റീസ് ഡ്യൂട്ടി കഴിഞ്ഞെത്തിയാൽ,
മൂപ്പരും ഞങ്ങൾക്ക്  ഒരു കൊച്ചു’കമ്പനി’ തരും.

ശേഷം ഞങ്ങൾ മൂവ്വരും പുലരുവോളം വർത്തമാനങ്ങൾ ചൊല്ലി...
സുമത്തിന്റെ ഓയിൽ പെയിന്റിങ്ങുകൾ കണ്ട്, അവളുടെ വീട്ടിലെ   ബൃഹത്തായ
ലൈബ്രറി ശേഖരത്തിൽ മുങ്ങിതപ്പി , സുമത്തിന്റെ കൈപുണ്യത്താൽ വെച്ചുവിളമ്പിയ
നാടൻ രുചികൾ തൊട്ടറിഞ്ഞ്, അവൾ വിരിച്ചുതന്ന ബെഡുകളിൽ സ്വപ്നംകണ്ട് മതിമറന്നുറങ്ങിയ രണ്ട് രാവുകളാണ് എനിക്കും സുധനുമൊക്കെ  അന്ന് ഒരു സൌഭാഗ്യം പോലെ കിട്ടിയത്..!

ഇന്നും ഔട്ടർ ലണ്ടനിലെങ്ങാനും പോയിവരുമ്പോൾ
എന്റെ സ്റ്റിയറിങ്ങ് വീലുകൾ ഓട്ടൊമറ്റിക്കായി ബെർക്ക്ഷെയർ
ഭാഗത്തേക്ക് തിരിയും. അതുപോൽ സുമവും ഫേമിലിയും ലണ്ടനിലെത്തിയാൽ
എന്റെ വീട്ടിലും കയറിയിട്ടേ പോകൂ.

ചില തനി ടിപ്പിക്കൽ തൃശൂര്‍ നസ്രാണി നോൺ-വെജ്
വിഭവങ്ങളുടെ തയ്യാറാക്കലുകൾ എന്റെ ഭാര്യയ്ക്ക് പഠിപ്പിച്ച്
കൊടുത്ത പാചക ഗുരുകൂടിയാണിപ്പോൾ സുമം...

നമ്മുടെ ഡോക്ട്ടറദ്ദേഹം പറയുന്ന പോലെ
“ വെൽ..നിങ്കടെ പണ്ടത്തെ പ്രേമം കാരണം നാമിപ്പോള്
ബെസ്റ്റ് ഫേമിലി ഫ്രൺസ്സായില്ലേ ...ഏം ഐ  റൈറ്റ് ?“

കഴിഞ്ഞാഴ്ച്ച സുമം വന്നകാര്യം ഞാൻ സുധന് ഫോൺ
വിളിച്ചറിയിക്കുമ്പോൾഎന്റെ ഭാര്യ പിറുപിറുക്കുന്നത് കേട്ടു ...

“മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയീന്ന് പറ്യ്...! “

 എന്തുചെയ്യാനാ‍ാ..അല്ലേ..
എന്റെ പെണ്ണിന്റെ കുശുമ്പിനും അസൂയക്കും
ഈ ലണ്ടനിലും മരുന്ന് കണ്ട് പിടിച്ചിട്ടില്ല ...!


കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...