Friday 20 August 2021

ശതവാർഷികം പിന്നിട്ട ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 2 ...! / Shathavarshikam Pinnitta Aamgaleya Nattile Malayalatthinte Naalvazhikal - Part - 2 ...!

ആംഗ്ലേയ നാട്ടിലെ നൂറ് വർഷം പിന്നിടുന്ന 

മലയാളി എഴുത്തിന്റെ നാൾവഴികൾ  -  ഭാഗം രണ്ട് 

ഏതാണ്ട് അര നൂറ്റാണ്ട് മുമ്പു മുതൽ 
മലയാളികൾ ബ്രിട്ടനിലെ മൂന്നാലു ഭാഗങ്ങളിൽ അവരുടെ കൂട്ടായ്മകളിൽ മാത്രം ഒതുങ്ങി നിന്ന് കൊണ്ട് മലയാളത്തിന്റെ സാംസ്‌കാരിക ചുറ്റുവട്ടങ്ങൾ കുറേശ്ശെയായി പുറത്തെടുത്തുകൊണ്ട് പല കലാസാഹിത്യ സാംസ്‌കാരിക വേദികൾക്ക്  പുതുതായി തുടക്കം കുറിക്കുകയും , പഴയ  മലയാളി സമാജമെല്ലാം വളരെയധികം വിപുലീകരിക്കുകയും ചെയ്‌തു ...

ഇന്നിപ്പോൾ ഈ ആംഗലേയ നാടുകളിൽ നൂറിൽപ്പരം  സംഘടനകളും ,പതിനാറോളം മലയാളം ഓൺ-ലൈൻ പത്രങ്ങളും , അഞ്ചാറ് ഓൺ-ലൈൻ മലയാളം ടി.വി .ചാനലുകളും , റേഡിയോകളുമൊക്കെയായി മറ്റേതൊരു പ്രവാസി കൂട്ടായ്മകളെക്കാളും മുൻപന്തിയിൽ നിൽക്കുന്നവരായി മാറിയിരിക്കുകയാണ് മലയാളി വംശജർ ഇവിടങ്ങളിൽ ...

പുതിയ പ്രതിഭകൾ

അലക്സ് കണിയാംപറമ്പിൽ 
ലണ്ടനിലും, മാഞ്ചസ്റ്ററിലെ സ്റ്റോക് പോർട്ടിലുമായി വസിക്കുന്ന നിത്യ സഞ്ചാരിയായ കോട്ടയത്ത് ജനിച്ച് വളർന്ന് , 1972 മുതൽ ഡൽഹിയിലും,
പിന്നീട് ലിബിയായിലും, ആസ്ട്രിയയിലും, ജനീവയിലുമൊക്കെ പ്രവാസിയായി കഴിഞ്ഞ
ശേഷം ബിലാത്തിയിൽ വന്ന് തമ്പടിച്ച ഒരു ബഹുഭാഷ പണ്ഡിതനാണ് അലക്സ് കണിയാംപറമ്പിൽ .
ലളിത സുന്ദരമായ ഭാഷയിൽ അനുവാചകരെ കൊണ്ട് എന്തും വായിപ്പിക്കാനുള്ള
അപാരമായ കഴിവിന്റെ ഉടമയാണ് ഇദ്ദേഹം. അലക്സ് കണിയാംപറമ്പിലിന്റെ 'റഷ്യ ,
പോളണ്ട് 'തുടങ്ങിയ കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങളെ കുറിച്ചുള്ള സഞ്ചാരം വിവരണങ്ങൾ - ഫോട്ടോകളും , വീഡിയോകളും , ചരിത്രങ്ങളും സഹിതം എഴുതിയിട്ടതൊക്കെയുള്ള   സോഷ്യൽ മീഡിയ പോസ്റ്റുകളും  , ഇദ്ദേഹത്തിന്റെ  ബ്ലോഗ്ഗായ ചരിത്രം , യാത്രകൾ എന്നിവയുമൊക്കെ  അനേകം വായനക്കാരുടെ ഇഷ്ട്ട വിഭവങ്ങളാണ്.
ആരെയും ഭയപ്പെടാതെ  അക്ഷരത്തിന്റെ പടവാളുകൊണ്ട് ഒരു ഒറ്റയാൾ പട്ടാളമായി നിന്നുകൊണ്ട് സമൂഹത്തിലേയും., സമുദായത്തിലേയും  പല അനീതികൾക്ക് എതിരെ പോരാടുവാനുള്ള ഇദ്ദേഹത്തിന്റെ വീറും വാശിയും ത്രാണിയും ഒന്ന് വേറെ തന്നെയാണ്... !
യു. കെയിൽ നിന്നും സാഹിത്യ സംബന്ധമായ കഥകളും, കവിതകളും, ലേഖനങ്ങളുമായി ആദ്യമായി  ഇറങ്ങിയ ഒരു പ്രിന്റഡ് പത്ര മാസികയായ 'പ്രവാസ രശ്‌മി 'യുടെ ഉടയോനും , പിന്നീട് പുറത്തിറക്കിയ 'ബിലാത്തി മലയാളി' യുടെ അധിപനും പത്രാധിപരും കൂടിയായിരുന്നു ഇദ്ദേഹം.
പഴയ കാലത്തുള്ള പല മലയാളം ബ്ലോഗേഴ്സിന്റെയും നല്ല രചനകൾ പ്രഥമമായി  ഒരു പ്രിന്റഡ് മീഡിയയിലൂടെ വന്നതും , അന്നുണ്ടായിരുന്ന ഈ 'ബിലാത്തി മലയാളി'യിൽ കൂടിയാണ്...


വി.പ്രദീപ് കുമാർ 

തിരുവനനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ
ഇപ്പോൾ ലണ്ടനിലെ ക്രോയ്ഡണിൽ വസിക്കുന്ന ബൃഹത്തായ വായനയുള്ള ഒരു മലയാളം ഭാഷ സ്നേഹിയാണ് വി.പ്രദീപ് കുമാർ .

ഒപ്പം ആഗോളതലത്തിലുള്ള ക്ലാസ്സിക്കായ - കല , സാഹിത്യ , സിനിമകളടക്കം പാലത്തിനെ കുറിച്ചും അസ്സലായി വിശകലനം ചെയ്യുന്ന പ്രദീപ് കുമാർ നന്നായി വരക്കുകയും , കവിതകൾ , നല്ല താളക്രമത്തോടെ ചൊല്ലുകയും ചെയ്യുന്ന ഒരു വല്ലഭൻ തന്നെയാണ് .

മലയാളം സാഹിത്യത്തെ കുറിച്ചും , ഒട്ടുമിക്ക എഴുത്തുകാരെ പറ്റിയും പ്രദീപിനോളമുള്ള അറിവുകൾ ഇന്നീ ആംഗലേയ ദേശത്ത് മറ്റാർക്കും തന്നെയില്ലെന്ന് തന്നെ പറയാം. നല്ലൊരു പുസ്തക ശേഖരമുള്ള ഇദ്ദേഹം വിജ്ഞാന പ്രദമായ പല ലേഖനങ്ങളും , സാഹിത്യ വിമർശനങ്ങളും എഴുതാറുണ്ട് .
'കട്ടൻ കാപ്പിയും കവിതയും' കൂട്ടായ്മയിൽ നിന്നും ഇറക്കുന്ന ' ഛായ' കൈയ്യെഴുത്തു പ്രതികൾ   എല്ലാവിധ രൂപ ലാവണ്യങ്ങളും വരുത്തി , ഒരു ആർട്ടിസ്റ് കൂടിയായ പ്രദീപിന്റെ കൈയ്യെഴുത്തിലൂടെയാണ് പുറത്തിറങ്ങാറുള്ളത്... 


ഉമ്മർ കോട്ടയ്‌ക്കൽ
മലപ്പുറം ജില്ലയിലെ കോട്ടയ്‌ക്കലിൽ ജനിച്ചു വളർന്ന് സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം രണ്ട് പതിറ്റാണ്ടിന് മുമ്പ് ലണ്ടനിലുള്ള പിതാവിനൊപ്പം വന്ന്  യു.കെ യിൽ സെറ്റിൽ ചെയ്ത് ഇവിടെ തുടർ വിദ്യാഭ്യാസം പൂർത്തീകരിച്ച വ്യക്തിയാണ് ഉമ്മർ കോട്ടയ്ക്കൽ .
 വളരെ നല്ല രീതിയിൽ കവിതകൾ മാത്രമല്ല , പല കുറിപ്പുകളും ഇദ്ദേഹത്തിന്റെ പണ്ടുണ്ടായിരുന്ന നട്ടപ്പിരാന്തൻ , നിറക്കൂട്ട്  എന്നീ ബ്ലോഗുകളിലൂടെ എഴുതിയിട്ട് വായനക്കാരുടെ പ്രശംസ പിടിച്ചു പറ്റിയിട്ടുള്ള ഒരു മലയാളം ബ്ലോഗ്ഗർ കൂടിയായിരുന്നു ഉമ്മർ . 
ഒരു സ്വതന്ത്ര ചിന്തകനായ ഉമ്മറിന്റെ ഇഷ്ടങ്ങളിൽ യാത്ര, ഫോട്ടോഗ്രഫി , വായന , കവിത , ചരിത്രം എന്നിങ്ങനെയുള്ള നിരവധി സംഗതികളുണ്ട് .
ഇപ്പോൾ ഒരു ഹെൽത്ത് കെയർ കമ്പനിയിൽ അനലിസ്റ്റായി ജോലി നോക്കുന്ന ഈ യുവതുർക്കി സോഷ്യൽ മീഡിയ തട്ടകങ്ങളിൽ കൂടി ഉമ്മർ കോട്ടക്കൽ /നട്ടപ്പിരാന്തൻ എന്നീ നാമധേയങ്ങളിൽ കൂടി മൂപ്പരുടെ ഇഷ്ടങ്ങളും , ചിന്തകളും എന്നും പങ്കുവെച്ചുകൊണ്ടിരിക്കുന്നു . അതെ എന്നും എപ്പോഴും വേറിട്ട ചിന്തകളും , എഴുത്തുകളും , കാഴ്ച്ചപ്പാടുകളുമായി ഉമ്മർ കോട്ടക്കൽ വായനക്കാരെയെല്ലാം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു രീതിയിൽ വേറിട്ട് സഞ്ചരിക്കുവാൻ ഉതകുന്ന തരത്തിലുള്ള  രചനകളാണ് തന്റെ തട്ടകങ്ങളിൽ കൂടി പങ്കുവെക്കുക ...

 മീര കമല
ആലപ്പുഴക്കാരിയായ മീര കമലപഠിച്ചുവളർന്നതെല്ലാം നാഗർകോവിലാണ് .കോളേജ് അദ്ധ്യാപികയും , നല്ലൊരു പ്രഭാഷകയും , കവിയത്രിയുമായ മീര 'പാർവ്വതീപുരം മീര ' എന്ന പേരിലാണ് എഴുതുന്നത് ...
കലാകാരനും തബലിസ്റ്റും , നാടക തിരക്കഥാകൃത്തും , നടനും , കഥാകാരനുമായ  മനോജ് ശിവയുടെ ഭാര്യയായ മീര മനോജ് - മലയാളത്തിലും , തമിഴിലും കവിതകൾ എഴുതി വരുന്നു .
മലയാളത്തിൽ നിന്നും 'ജ്ഞാനപ്പാന' തമിഴിലേക്കും , തമിഴിലെ പ്രശസ്ത കവി ബാലയുടെ 'ഇന്നൊരു മനിതർക്ക് 'എന്ന കവിതാസമാഹാരം മലയാളത്തിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട് .
 ഒപ്പം ധാരാളം ആംഗലേയ കവികളുടെ ക്‌ളാസ്സിക് കവിതകളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട് .

'സ്നേഹപൂർവ്വം  കടൽ ' എന്ന ഒരു കവിത സമാഹാരമാന് മീരയുടെ ആദ്യ പുസ്തകം . 
അതിന് ശേഷം മൂന്നാല് പുസ്തകങ്ങൾ എഴുതിയിട്ടുള്ള വനിതാരത്നം ഇപ്പോൾ ഓ.എൻ .വി യുടെ ചില കവിതകൾ ആംഗലേയത്തിലേക്കും വിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നൂ ...

പ്രിയൻ പ്രിയവ്രതൻ 
വെറ്റിനറി സയൻസിൽ മെഡിക്കൽ ബിരുദമുള്ള
ഡോ : പ്രിയൻ   ഇന്ന്  കമ്പ്യൂട്ടർ  കമ്യൂണിക്കേഷൻ വിഭാഗത്തിൽ
വെബ് ഡിസൈനിങ്ങ് രംഗത്താണ് ജോലി ചെയ്യുന്നത് .
നല്ലൊരു കവിയും , ഗായകനുമായ കൊല്ലത്തെ പുനലൂർ സ്വദേശിയായ പ്രിയൻ സംഗീതത്തിലും
സാഹിത്യത്തിലും പ്രാവീണ്യമുള്ള ഒരു വ്യക്തി പ്രതിഭ തന്നെയാണ്.
ലണ്ടനിൽ താമസിക്കുന്ന പ്രിയന്റെ  അതിമനോഹരവും,അർത്ഥവ്യാപ്തിയുമുള്ള കവിതകൾ എഴുതിയിടുന്ന മലയാള ബ്ലോഗാണ് പ്രിയതമം .

'കട്ടൻ കാപ്പി കൂട്ടായ്മ'യുടെ രൂപീകരണത്തിന് നേതൃത്വം നൽകിയത് മുതൽ  , പിന്നീടുള്ള പ്രവർത്തനങ്ങൾക്ക് വരെ സജീവമായ പങ്കാളിത്തത്തോടെ സേവനം നൽകുന്നതിനും  , നവീനമായ ആശയങ്ങൾക്ക് വഴി തെളിയിക്കുന്നതിനും പ്രിയൻ എന്നും മുൻ പന്തിയിൽ തന്നെയുണ്ടാകാറുണ്ട്. 
ആരെയും വെറുപ്പിക്കാത്ത മുഖമുദ്രയുള്ള ഒരു വ്യക്തിത്വത്തിനുടമ കൂടിയാണ് ഏവർക്കും പ്രിയപ്പെട്ട പ്രിയൻ പ്രിയവ്രതൻ എന്ന ഈ കലാസാഹിത്യസംഗീത വല്ലഭൻ ...

 വെബ് സൈറ്റുകൾ  :- 
പ്രിയതമം / https://priyathamam.blogspot.com/
symbusis.com



നമത് 
ഇന്ന് ആംഗലേയ ദേശത്തുള്ള ഏറ്റവും പ്രതിഭാ സമ്പനായ ഒരു മലയാളം സാഹിത്യ വല്ലഭൻ ആരാണെന്ന് ചോദിച്ചാൽ  അതിന് ഒറ്റ ഉത്തരമെ ഉള്ളൂ - നമത് നമത് ...!
പല ഉന്നത മാദ്ധ്യമങ്ങളിലും ആർട്ടിക്കിളുകൾ എഴുതുന്ന വരയിലും , വരിയിലും കെങ്കേമനായ വാക്കിന്റെ ഉടയോനും , ഉടമയുമായ  നമത് വളരെയധികം നിരീക്ഷണ പാടവമുള്ള , നല്ല പാണ്ഡിത്യമുള്ള ,സാമൂഹ്യ -രാഷ്ട്രീയ ബോധമുള്ള ഏറ്റവും നല്ലൊരു സാഹിത്യകാരൻ തന്നെയാണ് . 

മലയാളം ബ്ലോഗുകൾ തുടങ്ങിയ കാലം മുതലെ തന്റെ വിവിധ ബ്ളോഗ്  തട്ടകങ്ങളിലൂടെ എന്നുമെന്നോണം നമത് കുറിച്ചിടുന്ന ഈടുറ്റ ലേഖനങ്ങൾ വായിക്കുവാൻ ധാരാളം വായനക്കാർ വന്ന്‌ പോകാറുണ്ട് . 
ഇതൊന്നും കൂടാതെ സോഷ്യൽ മീഡിയയിലുള്ള തന്റെ ഫേസ് ബുക്ക് ബ്ലോഗുകളായ നമത് കഥകളിൽ തന്റെ വരകൾ സഹിതവും എഴുതിയിടാറുണ്ട് .
പിന്നെ വായന ഭാവന എന്ന മുഖപുസ്തക ബ്ലോഗിലും നമതിന്റെ ഭാവനകൾ ചിറക് വിടർത്താറുണ്ട് .
വേറെ ഇദ്ദേഹം പബ്ലിഷ് ചെയ്യാറുള്ള   നമത് കവിത എന്ന തട്ടകമടക്കം , നമതിന്റെ  എല്ലാ സൈബർ  തട്ടകങ്ങളും  , ഇഷ്ട്ട വായനകൾക്കു പറ്റിയ ഇടങ്ങൾ തന്നെയാണ് .
നല്ലൊരു എഴുത്തുകാരനും , കാർട്ടൂണിസ്റ്റും , യാത്രികനും, ഛായാഗ്രാഹകനും കൂടിയായ നമത് എന്നും പബ്ലിസിറ്റികളിൽ നിന്നും മറഞ്ഞു നിൽക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തിത്വത്തിനുടമകൂടിയാണ്.
നമത് തന്നെ പറ്റിയും , തന്റെ എഴുത്തിനെ 
കുറിച്ചും വിലയിരുത്തുന്നത് ഇവിടെ കാണാവുന്നതാണ് ...
ബ്ലോഗ് :- https://disorderedorder.blogspot.com/

കാരൂർ സോമൻ 

മാവേലിക്കരയിലുള്ള ചാരുമൂടിൽ നിന്നും സൗദിയിലെ നീണ്ട
പ്രവാസ ജീവിതത്തിന് ശേഷം കഴിഞ്ഞ ഒന്നൊര പതിറ്റാണ്ടായി ലണ്ടനിൽ
വസിക്കുന്ന സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും കൈവെച്ചിട്ടുള്ള ഒരു സമ്പൂർണ്ണ എഴുത്തുകാരനാണ് കാരൂർ സോമൻ .
മലയാളം മാധ്യമങ്ങളടക്കം ഒരുവിധം എല്ലാ വിദേശ മാദ്ധ്യമങ്ങളിലും നാടകങ്ങളും , കഥകളും , കവിതകളും  , 
നോവലുകളും ,യാത്രാവിവരണവുമൊക്കെ എഴുതാറുള്ള ഇദ്ദേഹത്തിന് അനേകം പ്രവാസി സാഹിത്യ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് . 
ഒപ്പം വിവാദങ്ങളും ..!
ഇപ്പോൾ ഇതുവരെ 51  പുസ്തകങ്ങൾ 
സാഹിത്യത്തിന്റെ എല്ലാ മേഖലകളിലുമായി ഇറക്കിയിട്ടുള്ള , ഈ ഫുൾ ടൈം എഴുത്തുകാരനെ കുറിച്ചറിയുവാൻ കാരൂർ സോമൻ എന്ന വെബ്സൈറ്റിൽ പോയൽ മതി...


മുരുകേഷ് പനയറ
തിരുവനന്തപുരത്തെ വർക്കലയിലുള്ള പനയറ
ഗ്രാമത്തിൽ ജനിച്ചുവളർന്ന മുരുകേഷ് ബിരുദാനന്തര ബിരുദ ധാരിയായ ചെറുപ്പം മുതലെ വായനയും ,എഴുത്തും കൂടെ കൊണ്ട് നടക്കുന്ന ഒരു പ്രതിഭയാണ് .
പിന്നീട് ഇന്ഗ്ലീഷ് അദ്ധ്യാപനത്തിൽ നിന്നും , മൃഗ സംരംക്ഷണ വകുപ്പിലെ ഉദ്യോഗത്തിൽ നിന്നും വിടുതൽ ചെയ്ത ശേഷം ,   ലണ്ടനിലെ ക്രോയ്ഡോണിൽ വസിക്കുന്ന മുരുകേഷ് പനയറ ഇന്ന് ലണ്ടൻ ട്രാമിലെ ഒരു ഉന്നത പദവി വഹിക്കുന്ന ഉദ്യോഗസ്ഥനാണ് .

ജീവിതാനുഭവങ്ങളെ തനതായ അസ്ഥിത്വത്തോട് സമന്വയിപ്പിച്ചുകൊണ്ട് വിരചിതമായ കഥകൾ എഴുതുന്ന മുരുകേഷ്  പനയറ , ആംഗലേയത്തിലടക്കം ധാരാളം ഈടുറ്റ കവിതകളും ,ലേഖനങ്ങളും ബിലാത്തിയിലെ എല്ലാ മാദ്ധ്യമങ്ങളിലും എഴുതുന്നു .
ഒപ്പം നല്ലൊരു പ്രഭാഷകൻ കൂടിയായ എഴുത്തുകാരനാണ് ഇദ്ദേഹം .
ഭാഷ പ്രയോഗ രീതികളിലും , വിഷയ സമീപനത്തിലും ഏവരേക്കാളും മികച്ച്  നിന്ന് രചനകൾ നിർവ്വഹിക്കുന്ന ഒരാളാണ് മുരുകേഷ് .
രണ്ട് നോവലുകളും ഇദ്ദേഹം രചിച്ചിട്ടുണ്ട് .'കുടജാദ്രിയിൽ ' എന്ന കഥാ സമാഹാരമാണ് യു.കെയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മകളിലും , നവമാദ്ധ്യമ രംഗത്തും എന്നും സജീവ സാന്നിദ്ധ്യമുള്ള മുരുകേഷിൻറെ ആദ്യ പുസ്തകം .
ഇദ്ദേഹത്തിന്റെ മറ്റൊരു നോവലായ 'മാട്ടിറച്ചി ' അടുത്തുതന്നെ വിപണിയിൽ ഇറങ്ങുവാൻ പോകുകയാണ്...


ജിൻസൺ  ഇരിട്ടി
എഴുത്തിന്റെ ആധുനികതകൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു കഥാകാരനാണ് കണ്ണൂരിലെ ഇരിട്ടി സ്വദേശിയായ യു.കെയിലെ ബ്രൈറ്റണിൽ താമസിക്കുന്ന ജിൻസൺ ഇരിട്ടി  .
രണ്ട് നോവലുകളും , ധാരാളം കഥകളും എഴുതിയിട്ടുള്ള ജിൻസൺ.'ബിലാത്തി പ്രണയം 'എന്ന സിനിമയുടെ തിരക്കഥാകൃത്തു കൂടിയാണ് .'തിരിച്ചറിവുകൾ ' എന്ന നോവലാണ് ജിൻസൺ ഇരിട്ടിയുടെ ആദ്യ നോവൽ .
ഒരിക്കലും പിഴുതുമാറ്റാൻ കഴിയാത്തവണ്ണം ഹൃദയത്തിൽ മുളച്ചുകിടക്കുന്ന നാട്ടോർമ്മകളും , ലണ്ടൻ നഗരത്തിൽ കഴിയുന്ന മനസ്സിന്റെ വിഹ്വലതകളും , പ്രതീക്ഷകളും ജിൻസന്റെ എഴുത്തിൽ മിക്കപ്പോഴും പ്രതിഫലിച്ച് കാണാവുന്നതാണ് .
ജിൻസൻ  അടുത്തു തന്നെ ഒരു നോവലും , ചെറുകഥാ സമാഹാരവും കൂടി ഇറക്കുന്നുണ്ട് ...

 ജിഷ്‌മ മേരി ഷിജു 
നല്ല ആഴത്തിലുള്ള ചിന്തനീയമായ ഈടുറ്റ കഥകൾ രചിക്കുന്ന ലണ്ടനിലുള്ള പന്തളത്തുകാരിയായ ജിഷ്‌മ മേരി  ഷിജു മലയാള സാഹിത്യത്തിലെ ചെറുകഥാ രംഗത്ത്  ഉദിച്ചുയർന്നു  വരുന്ന ഒരു യുവ എഴുത്തുകാരിയാണ് . 'ഒറ്റത്തുരുത്തിലെ നിർവൃതികൾ' എന്ന  ജിഷ്‌മയുടെ പ്രസിദ്ധീകരിച്ച ഉടനെ തന്നെ ചൂടപ്പം പോലെ വിറ്റഴിഞ്ഞു കൊണ്ടിരിക്കുന്ന പുസ്തകം ആയതിലേക്കാണ് വിരൽ ചൂണ്ടുന്നത് .
വലിച്ചടുപ്പിക്കുകയെന്നോ തെന്നിമാറുകയെന്നോ അറിയാതെ വീണ്ടും വീണ്ടും കണ്ണിൻ മുന്നിൽ തെളിയുന്ന ചില സ്വപ് നതുരുത്തുകളുണ്ട്...
നിർവൃതി തരുന്ന ഒറ്റതുരുത്തുകൾ....

ഈ പുസ്തകം അത്തരത്തിൽ ഒരു ഒറ്റതുരുത്താണ്.
വല്യച്ഛന്റെ മൈസൂർ സാന്റൽ സോപ്പിന്റെ ഗന്ധം പരക്കുന്ന, മധുവന്തി രാഗം അന്തരീക്ഷത്തിൽ മുഴങ്ങുന്ന, യശോധരാമ്മയിലെ സെൻ കേൾക്കുന്ന, അങ്ങുന്നിന്റെയും ഗോമാവിന്റെയും സ്നേഹം കാണാനാവുന്ന, കുൽജീത് മായുടെ അതിജീവനത്തിന്റെ ശൗര്യമുള്ള, മാളുവിന്റെ നിഷ്കളങ്കത നിറയുന്ന , വൈവിധ്യങ്ങളുടെ ഒറ്റതുരുത്ത്.
ആ ഒറ്റതുരുത്ത് താനാണെന്ന തിരിച്ചറിവിൽ, കഥാകാരി വരച്ചിടുന്ന നിർവൃതി നിറഞ്ഞ ശകലങ്ങളാണ് ഇതിലെ ഓരോ കഥകളും. വ്യത്യസ്ത ജീവിതാനുഭവങ്ങളും,അവസ്ഥാന്തരങ്ങളും...
അമ്പത് എഴുത്തുകാരികൾ ചേർന്നെഴുതിയ 'പുരുഷൻ' - എന്റെ സങ്കല്പം , കാഴ്ച്ചപ്പാട് എന്ന പുതു പുസ്തകത്തിലെ ഒരു രചയിതാവ് കൂടിയാണ് ജിഷ്‌മ ... 

ഡോ .ഷാഫി .കെ.മുത്തലീഫ്
അനേകം വായനാ സുഖമുള്ള 
കുറിപ്പുകൾ എഴുതി ആനുകാലികങ്ങളിൽ
കൂടിയും ,സോഷ്യൽ മീഡിയ തട്ടകങ്ങളിൽ കൂടിയും ഒരു പാട് വായനക്കാരെ
തന്നിലേക്ക് ആകർഷിപ്പിക്കുന്ന ഒരു മനോരോഗവിദഗ്ധനാണ്  ഡോ .ഷാഫി കളക്കാട്ടിൽ മുത്തലീഫ്  എന്ന ഈ യുവ എഴുത്തുകാരൻ .
രണ്ട് പതിറ്റാണ്ട് മുമ്പ് തൃശൂർ പട്ടണത്തിൽ നിന്നും യു.കെയിലെത്തി ഇപ്പോൾ സഫോക്കിലുള്ള ഇസ്പ്പിച്ചിൽ താമസിക്കുന്ന ഡോ .ഷാഫി , നാട്ടിലേയും , ഈ രാജ്യത്തിലെ പട്ടണങ്ങളിലും ,ഗ്രാമങ്ങളിലും താൻ ജോലിചെയ്തിട്ടുള്ള അനുഭവങ്ങളുടേയും ആവിഷ്കാരങ്ങൾ കൂട്ടി കലർത്തി വായനക്കാർക്ക് പങ്കുവെക്കുന്നതിൽ ബഹുമിടുക്കാനാണ് .
തൃശൂർ മെഡിക്കൽ കോളേജിൽ പഠിക്കുമ്പോഴും , അതിന് മുമ്പ് തലോർ ദീപ്തി ഹൈസ്‌കൂൾ തലത്തിലും കഥയെഴുത്തിലും മറ്റു സാഹിത്യ രചനാവിഭാഗത്തിലുമൊക്കെ അനേകം സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള രചയിതാവാണ് ഷാഫി.കെ .മുത്തലീഫ് .
ഇതുവരെയുള്ള ഇദ്ദേഹത്തിന്റെ എഴുത്തുകളിൽ  നിന്നും തിരഞ്ഞെടുത്ത രചനകൾ ഉൾപ്പെടുത്തി ഒരു പുസ്തകം അടുത്തതന്നെ പുറത്തിറക്കുവാൻ  ഒരുങ്ങുകയാണ് ബിലാത്തിക്കാരുടെ പ്രിയപ്പെട്ട ഈ കൊച്ചു ഡോക്ട്ടർ ...


ഡോ .സുരേഷ് .സി .പിള്ള 
കോട്ടയം കറുകച്ചാലി(ചമ്പക്കര)ൽ 
നിന്നും 1999  ൽ അയർലണ്ടിലെഡബ്ലിനിൽ 
വന്ന് പ്രശസ്തമായ ട്രിനിറ്റി കോളേജിൽ നിന്നും നാനോ ടെക്നോളജിയിൽ PhD കരസ്ഥമാക്കിയ ശേഷം , അമേരിക്കയിലെ  , കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (Caltech)യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം വിജയകരമായി പൂർത്തിയാക്കിയ ഡോ .സുരേഷ് .സി.പിള്ള ഇന്ന് പേര് കേട്ട ഒരു യുവ ശാസ്ത്രജ്ഞനായ എഴുത്തുകാരനാണ്. 

ഇപ്പോൾ അയർലന്റിലെ 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി'സ്ലൈഗോ 'യിലെ 'നാനോ ടെക്‌നോളജി ആൻറ് ബയോ എൻജിനീയറിങ്' ഗവേഷണ വിഭാഗംമേധാവിയാണ് . 
കൂടാതെ സുരേഷിനെ' Irish Expert Body on Fluorides and Health വിഭാഗത്തിന്റെ ചെയർമാനായി അവരോധിച്ചിരിക്കുകയാണ്അയ്റീഷ് ഗവർമെന്റ് . 
ഈ സ്ഥാനം  അലങ്കരിക്കുന്ന ആദ്യത്തെ ഏഷ്യൻ വംശജനാണ് ഡോ : സുരേഷ്  സി. പിള്ള  .

നല്ലൊരു സ്റ്റോറി ടെല്ലറും  , വായനക്കാരനും കൂടിയായ ഡോ : സുരേഷ് , തന്റെ ജോലിയോടൊപ്പം കിട്ടുന്ന പല ശാസ്ത്രീയ അറിവുകളും , ചില അനുഭവങ്ങൾ സഹിതം സോഷ്യൽ മീഡിയ സൈറ്റുകളിലൂടേയും , ലേഖനങ്ങൾ വഴിയും പങ്കുവെച്ച് വായനക്കാരുടെ മനസ്സിൽ ഇടം നേടിയ ഈ യുവ ശാസ്ത്രജ്ഞൻ എന്നുമെന്നോണനം അനേകം ബോധവൽക്കരണങ്ങൾ നടത്തികൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരനാണ്.


അതായത് മലയാളത്തിൽ പ്രചോദനാത്മക സാഹിത്യം കൈകാര്യം ചെയ്യുന്ന വളരെ വിരളമായ സാഹിത്യകാരന്മാരിൽ ഒരു വല്ലഭൻ എന്നും ഡോ : സുരേഷിനെ വിശേഷിപ്പിക്കാം. 
ഡോ .സുരേഷ് പിള്ളയുടെ പല അഭിമുഖങ്ങളും അന്താരാഷ്ട്ര മാദ്ധ്യമങ്ങളായ BBC London, BBC world Radio, the Times UK, the Guardian Newspaper UK, RTE TV , RTE-1 TV News , Aljazeera TV , Ocean FM radio ഉൾപ്പെടെ നിരവധി ശ്രാവ്യ , ദൃശ്യ , അച്ചടി മാദ്ധ്യമങ്ങളിൽ സംപ്രേക്ഷണം / പ്രസിദ്ധീകരണം ചെയ്തിട്ടുണ്ട് . 
മറ്റു നൂറോളം പ്രസിദ്ധീകരണങ്ങളിൽ അടക്കം , ധാരാളം അന്താരാഷ്ട്ര മാഗസിനുകളിലും , പല ശാസ്ത്ര ജേർണലുകളിലും നൂറിലധികം ആർട്ടിക്കിൾസ് /ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച സുരേഷിന് രണ്ട് US പേറ്റന്റും ഒരു UK പേറ്റന്റും അവാർഡ് ചെയ്‌തിട്ടുണ്ട് .

പ്രചോദനാത്മക സാഹിത്യ വിഭാഗത്തിൽ , ജനങ്ങൾക്ക് എന്നും ഉപകാരപ്രദമാകുന്ന വിജ്ഞാനശകലങ്ങളുമായി  ഡോ : സുരേഷിന്റെ അനുഭങ്ങളും ചിന്തകളുമൊക്കെ കോർത്തിണക്കി ആദ്യമായി മലയാളത്തിൽ , 2016  - ൽ പുറത്തിറങ്ങിയ പുസ്‌തമാണ്
‘തന്മാത്രം’ . ഇപ്പോൾ മൂന്നാം പതിപപ്  പിന്നിട്ടിരിക്കുകയാണ് .
ഇദ്ദേഹത്തിന്റെ പിന്നീടിറങ്ങിയ 'പാഠം ഒന്ന് ' എന്നുള്ള പുസ്തകവും ചൂടപ്പം പോലെ വിറ്റഴിഞ്ഞിട്ടുള്ള പ്രചോദനാത്മക സാഹിത്യ വിഭാഗത്തിൽ പെട്ട ഒരു പുസ്തകമാണ് .

ഈ പുസ്തകങ്ങൾ   വിറ്റു കിട്ടുന്ന റോയൽറ്റി മുഴുവനായും  തെരുവിലും, വൃദ്ധ സദനങ്ങളിലും, അനാഥാലയങ്ങളിലും ഉള്ള വയറു വിശക്കുന്നവർക്ക്  വേണ്ടിയാണ് വിനിയോഗിക്കപ്പെടുന്നത് എന്നുള്ളത് എടുത്ത് പറയേണ്ടുന്ന ഒരു സംഗതി തന്നെയാണ്. 
ഈയിടെ ഡോ .സുരേഷ് പിള്ളക്ക് അയർലണ്ടിലെ മികച്ച രസതന്ത്ര ഗവേഷകന് നൽകപ്പെടുന്ന 'ബോയൽ ഹിഗ്ഗിൻസ് ' പുരസ്കാരവും ലഭിച്ചിട്ടുണ്ട് ... 
ഡോ : സുരേഷ്  സി. പിള്ളയെ കുറിച്ച് കൂടുതലറിയുവാൻ ഈഅഭിമുഖം (വീഡിയോ) കൂടി കാണാവുന്നതാണ് .

ഡോ : സീന ദേവകി 

ബോമ്പെയിൽ ജനിച്ചു വളർന്ന് , അവിടത്തെ ജി.എസ് . മെഡിക്കൽ കോളേജിൽ നിന്ന് മെഡിക്കൽ ബിരുദവും , മനോരോഗ വിഭാഗത്തിൽ ബിരുദാനന്തര ബിരുദവും, ശേഷം യു.കെയിൽ വന്ന്  സൈക്കാട്രി മെഡിസിനിൽ MRCP എടുത്ത കൺസൾട്ടന്റ് ഡോക്ടറാണ്  സീന ദേവകി .
പഠിക്കുമ്പോൾ തന്നെ പെയ്ന്റിങ്ങിലും , എഴുത്തിലും നിപുണയായിരുന്ന ഡോ : സീന ദേവകി , ബ്രിട്ടനിൽ  എത്തിയപ്പോഴും എഴുത്തിലും , വരയിലും ശോഭിച്ചു നിൽക്കുന്ന ഒരു വനിതാരത്നം തന്നെയായിരുന്നു  . 
മലയാള നാട് അടക്കം പല മാദ്ധ്യമങ്ങളിലും ആർട്ടിക്കിളുകൾ എഴുതാറുള്ള സീന , ആംഗലേയത്തിലും , മലയാളത്തിലും കഥകളും , കവിതകളും ധാരാളമായി പല യു.കെ മാദ്ധ്യമങ്ങളിലും എഴുതിയിടാറുണ്ട് . 
അതുപോലെ തന്നെ ധാരാളം പെയിന്റിങ്ങ്സും , സ്കെച്ചുകളും ഡോ :സീനയുടെ സ്വന്തം സമ്പത്തിൽ ഇടം പിടിച്ചിട്ടുണ്ട് . 
കഴിഞ്ഞ 30  വർഷമായി കുട്ടികളുടേയും,  കൗമാരക്കാരുടേയും  മനോരോഗ ചികത്സകയായി , ഇപ്പോൾ  ഷെഫീൽഡിൽ ജോലി ചെയ്യുന്ന ഡോ : സീന ദേവകി നാട്ടിലെത്തുമ്പോഴൊക്കെ പല മലയാള കലാ സാഹിത്യ സദസ്സുകളിൽ ഒരു നിറസാന്നിദ്ധ്യമായി  പങ്കെടുക്കാറും ഉണ്ട്...

ജോസ് ആന്റണി
തൃശൂർ  ജില്ലയിലെ വരന്തരപ്പള്ളിയിലെ  പള്ളിക്കുന്നിൽ നിന്നും
ലണ്ടനിൽ വന്നു വസിക്കുന്ന ജോസ് ആന്റണി പിണ്ടിയൻ ഇവിടങ്ങളിൽ
അറിയപ്പെടുന്ന ചിത്രകാരനും , ശില്പിയും ,ത്വത്വചിന്തകനും  , ഒപ്പം നല്ല നിരീക്ഷണ സ്വഭാവമുള്ള എഴുത്തുകാരനും കൂടിയാണ് . 
കലയെയും , സാഹിത്യത്തെയുമൊക്കെ വിലയിരുത്തികൊണ്ടുള്ള അനേകം ആർട്ടിക്കിളുകൾ ജോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഇദ്ദേഹത്തിന് കലയും കാര്യവും ,പിണ്ടിയൻ പോർ്ട്ടഫോളിയൊ എന്നിങ്ങനെ രണ്ട് ബ്ലോഗുകളും ഉണ്ട് .
നല്ല കവിതകളെ സ്നേഹിക്കുന്ന ,ലോകം മുഴുവൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ജോസിന്റെ അനുഭവാവിഷ്കാരങ്ങളും , വിലയിരുത്തലുകളും എന്നും തന്നെ വളരെയേറെ ശ്രദ്ധിക്കപ്പെടുന്ന വിഷയങ്ങൾ തന്നെയാണ് .
ലണ്ടനിലെ കലാ സാഹിത്യ കൂട്ടായ്മകളിലെ നിറ  സാനിദ്ധ്യമുള്ള  വ്യക്തിത്തത്തിനുടമകൂടിയാണ്  ഈ ആന്റണി ജോസ് പിണ്ടിയൻ. ഒപ്പം കട്ടൻ കാപ്പി കൂട്ടായ്മയിലെ പുതിയ ആശയങ്ങൾ നടപ്പാക്കി വിജയിപ്പിക്കുന്നതിൽ എന്നും നേതൃത്വം കൊടുക്കുന്നതും ജോസ് തന്നെയാണ് .
ജോസിന്റെ ഭാഷയിലൂടെയുള്ള താഴെയുള്ള വിലയിരുത്തൽ കൂടി നോക്കൂ ....

'നല്ല സാഹിത്യം നല്ലൊരു വായനാനുഭവമാണ്. 
അത് ജീവിതത്തിന്റെ നേർ പകർപ്പാകുമ്പോൾ വായനാനുഭവത്തിന്റെ
തീഷ്ണത വർദ്ധിക്കുന്നു. എന്നാൽ ജീവിതാനുഭവം കലയിലേക്ക് പകർത്തുന്ന പ്രക്രിയയിൽ വൈകാരിക ഉന്നതിയുണ്ടാകുകയും, വാക്കുകളും വാചകങ്ങളും ഒന്ന് മറ്റൊന്നിനോട് ചേർന്ന് താളക്രമത്തോടെ വായനക്കാരന്റെ മനസ്സിൽ പതഞ്ഞു ഉയരുകയും ചെയ്യുന്നു. ഇങ്ങനെയുള്ള എഴുത്തിന്റെ പ്രത്യേകത അത് ജീവിതത്തിനും, കഥക്കും ഇടക്കുള്ള അതിർത്തികൾ മായിച്ചു കളഞ്ഞു വായനാനുഭവത്തെ സ്പുഡീകരിക്കുന്നു എന്നുള്ളതാണ്.
ഇങ്ങനെ എഴുതാൻ കഴിയുന്ന യു,കെയിലെ രണ്ട് എഴുത്തുകാരാണ്  മുകളിൽ പറഞ്ഞ ശ്രീ .അലക്സ് കണിയാംപറമ്പിലും , താഴെ പറയുവാൻ പോകുന്ന വി .പ്രദീപ് കുമാറും.'...

ബ്ലോഗുകൾ :- 
http://pindianportfolio.blogspot.com/
കലയും കാര്യവും (http://kalayumkaryavum.blogspot.com/)

വിജയലക്ഷ്‌മി 
യു.കെയിലും , യു.എ .യി ലുമായി മാറി മാറി കഴിയുന്ന കണ്ണൂരിൽ നിന്നും വന്ന ഈ സീനിയർ എഴുത്തുകാരിയായ വിജയലക്ഷ്‌മി  കവിതകളും , കഥകളും , മലബാറിന്റേതായ സ്വാദുള്ള പാചകവിഭവങ്ങളുടെരുചിക്കൂട്ടുകളുമായി , വീഡിയോ അടക്കം എല്ലാ വായനക്കാരെയും 
കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വനിതാരത്നമാണ് .
ധാരാളം പാചക വിഭങ്ങൾ  തയ്യാറാക്കലുകൾ 
ചിത്രീകരിച്ച് ആയെതെല്ലാം വീഡിയോ അവതരണങ്ങളായി അവതരിപ്പിക്കുന്ന ഒരു വ്ലോഗ്ഗർ കൂടിയാണ് ഈ എഴുത്തുകാരി  .
 'കഥാ മിനാരങ്ങൾ' എന്ന പുസ്തകമടക്കം 
വിജയേടത്തി ഇന്ന് പല മലയാളം പതിപ്പുകളിലും 
കഥകളും കവിതകളും എഴുതി വരുന്നു ...

ബ്ലോഗ് :- മഷിത്തുള്ളികൾ   http://mashitthullikal.blogspot.com/2014/07/blog-post_7.html

അനിയൻ കുന്നത്ത്
ശരിക്കും പറഞ്ഞാൽ കവിതകളുടെ ലോകത്ത് ജീവിക്കുന്ന
ഒരാളാണ് കോതമംഗലത്തെ ഊന്നു കല്ലിൽ നിന്നും ദൽഹി പ്രവാസത്തിനു
ശേഷം യു,കെയിലെത്തി , ഇവിടെയുള്ള സെന്റ്.ആൽബൻസിൽ താമസിക്കുന്ന അനിയൻ കുന്നത്ത് .
വിഷയ സ്വീകരണത്തിന്റെ സാധാരണത്വവും ,രചനാ തന്ത്രത്തിന്റെ വ്യത്യസ്ത തലങ്ങളുടെ ലാളിത്യവും മുഖമുദ്രയാക്കുന്ന കവിതകളാണ് അനിയന്റെ 
ഒട്ടുമിക്ക വരികളും .
മനസ്സ് മനസ്സിനോട് ചെയ്യുന്ന മൗന മന്ത്രണം കണക്കെയുള്ള വാചാലമായ കവിതകൾ ഓരോന്നും അനുവാചക ഹൃദയത്തിലേക്ക് , ആർദ്ര ദീപ്തഭാവങ്ങൾ തെല്ലും ചോർന്നു പോകാതെ ആവിഷ്‌ക്കരിക്കാനുള്ള അനിയന്റെ കഴിവ് അപാരം തന്നെയാണ് .
സോഷ്യൽ മീഡിയ രംഗത്ത് സജീവ ചർച്ചകൾക്ക് വിധേയമായ ഇദ്ദെഅഹത്തിന്റെ ചില നല്ല കവിതകളുടെ സമാഹാരമായ 'വെയിൽ പൂക്കുന്ന മഴ മേഘങ്ങൾ ' ആണ് അനിയൻ കുന്നത്തിന്റെ പ്രഥമ പുസ്തകം ...

സിമ്മി കുറ്റിക്കാട്ട് 
തൃശൂരിലെ കൊരട്ടി യിൽ നിന്നും ഇവിടെയെത്തി , യു.കെയിലുള്ള മലയാളം പ്രസിദ്ധീകരണങ്ങളിലൂടെയും , സോഷ്യൽ മീഡിയ തട്ടകങ്ങളിലൂടെയും ഇന്ന്  ഇംഗ്ലണ്ടിൽ അറിയപ്പെടുന്ന എഴുത്തുകാരിയായ  സിമ്മി കുറ്റിക്കാട്ടി  ന്റെ പ്രഥമ പുസ്തകം 'മത്തിച്ചൂര് ' അൻപത്തിയൊന്നു കവിതകൾ ഉൾപ്പെടുത്തി , കുഴൂർ വിത്സന്റെ ആമുഖത്തോടെ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്   .
ദൈനംദിന ജീവിതത്തിരക്കുകൾ പലപ്പോഴും അത് നമ്മെ വീർപ്പുമുട്ടിക്കും. ആ വീർപ്പുമുട്ടലുകളിൽ ഗൃഹാതുരത പലപ്പോഴും ഓർമ്മച്ചെപ്പുകൾ തുറക്കും.  
സിമ്മിയെ പറ്റി 'വി. പ്രദീപ് കുമാർ' പറയുന്നത് നോക്കൂ -
' മറ്റൊരു രാജ്യത്തിലേക്ക് പറിച്ചുനടപ്പെടുന്പോൾ സ്വന്തം ഭാഷയുടെ ഉപയോഗം കുറയുകവഴി അത് നമുക്ക് എന്നേക്കുമായി നഷ്ടമാകുമോ എന്ന ഭയം നമ്മിൽ നിഴൽ വീഴ്ത്തുന്ന സ്നേഹവും, വിരഹവും ,ദുഃഖവുമൊക്കെ ഏകാന്തതയിൽ മറവിയുടെ മാറാലകൾക്കുള്ളിൽ നിന്നും ചിറകുകൾ മുളച്ച് ഭാവനയുടെ അനന്തവിഹായസ്സിൽ പറന്നുയരുവാൻ തുടങ്ങും...
അവിടെ നിന്നാണ് സിമ്മിയുടെ കവിതകൾക്ക് ചിറക് മുളക്കുന്നത്  . 
സിമ്മിയുടെ കൂടുതൽ എഴുത്തുകൾ കാണുവാൻ ഹൃദയപൂർവ്വം  സൈറ്റ്‌ സന്ദർശിക്കാം ...
ഇപ്പോൾ അടുത്ത് പുറത്തിറങ്ങിയ 'ഒറ്റ മേഘപ്പെയ്ത്ത് ' എന്ന ഹൈക്കു കവിത സമാഹാരത്തിലെ ഒരു എഴുത്തുകാരികൂടിയാണ് സിമ്മി കുറ്റിക്കാട്ട് എന്ന സ്ത്രീ രത്‌നം ... 

 വെബ് :- ഹൃദയപൂർവ്വം

ഡോ : ഗോപാലകൃഷ്ണന്‍ നെട്ടുവേലി 
എറണാകുളത്തുള്ള തൃപ്പുണിത്തറ സ്വദേശിയായ പ്രൊഫ : ഗോപാലകൃഷ്ണന്‍ ബിരുദാനന്തരം , ദന്ത ചികിത്സയില്‍ ഡിഗ്രിയും ,പോസ്റ്റ്ഗ്രാഡുവേഷനും കഴിഞ്ഞ ഒരു എഴുത്തുകാരനാണ് .കുട്ടികളുടെ ദന്ത ചികിത്സയില്‍ ഇന്ത്യയിലും വിദേശത്തും അദ്ധ്യാപകനായിരുന്നു. 

പിന്നീട് മഹാത്മാ ഗാന്ധി പഠിച്ച, ലോകത്ത് സ്ത്രീകള്‍ക്ക് ആദ്യമായി യൂണിവേഴ്സിറ്റി  പ്രവേശനം നല്‍കിയ ലോക പ്രസിദ്ധമായ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനില്‍ “പബ്ലിക് ഹെല്‍ത്ത് ആന്റ് എപിടെമിയോളജിയില്‍” PhD ചെയ്യാനാണ് പ്രൊഫ :ഗോപാലകൃഷ്ണന്‍ ലണ്ടനില്‍ എത്തുന്നത്‌. അതൊരു ഗവേഷണ രംഗത്തെ ഔദ്യോഗിക പദവിയിലേക്ക് നയിച്ചു. 
ലോക നിലവാരം പുലര്‍ത്തുന്ന മറ്റൊരു യൂണിവേഴ്സിറ്റിയായ ഇമ്പീരിയല്‍ കൊളേജിലായി തുടര്‍ന്നുള്ള പത്ത് വര്‍ഷത്തെ ഔദ്യോഗിക ജീവിതം. ഇപ്പോഴും ഈ രണ്ടു യൂനിവേഴ്സിടികളിലും ഓണററി പ്രൊഫസറായി സേവനം അനുഷ്ട്ടിക്കുന്നു. 
ഒപ്പം യൂനിവേഴ്സിറ്റി  ഓഫ് ഈസ്റ്റ് ലണ്ടന്റെ 'ഇന്‍സ്ടിട്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റി'ല്‍ പ്രൊഫ : ഓഫ് പബ്ലിക് ഹെല്‍ത്ത് - പദവിയില്‍ ഔദ്യോഗിക ജീവിതവും തുടരുന്നു.
നല്ലൊരു നാടകകൃത്തും , എഴുത്തുകാരനുമായ ഡോ: ഗോപാലകൃഷ്ണന്‍ , ശ്രീരാമനെ ആധുനിക കാലഘട്ടത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് പുരുഷ മേധാവിതത്വത്തെ വിലയിരുത്തിയ നാടകവും , അതേപോലെ തന്നെ ചന്തുമേനോന്റെ ഇന്ദുലേഖ അവസാനിക്കുന്നിടത്തും നിന്നും , ഇന്ദുലേഖയുടെ ബാക്കിപത്രമായി ഇദ്ദേഹം എഴുതിയ നാടകവും വളരെ പ്രസിദ്ധവും , രംഗത്തവതരിച്ചപ്പോൾ  വളരെയധികം  പ്രശംസയും  നേടിയിരുന്നു. 
ലണ്ടനിലുള്ള എല്ലാ തരം സാംസ്കാരിക പരിപാടികളിലും പങ്കെടുക്കുകയും ,ആയതിനൊക്കെ മുന്നിട്ടുനിൽക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യ സാംസ്കാരിക നായകൻ കൂടിയാണ് ഈ പ്രൊഫസർ.  
പ്രമേഹം കൊണ്ടുള്ള അന്ധത എളുപ്പം കണ്ടെത്തുവാൻ ബ്രിട്ടനിൽ നിന്നുള്ള  ഭീമൻ സഹായ ഹസ്തവുവുമായി ഇന്ത്യയിലേക്ക് പോകുന്നവിദഗ്ദ്ധസമിതിയിലെ രണ്ട് മലയാളികളിൽ ഒരാൾ കൂടിയാണ് ഈ ഡോക്ട്ടർ . 
എഴുത്തുകാരനും ചിന്തകനും ആയ NS മാധവന്റെ അനുജനാണ്  ഡോ : ഗോപാലകൃഷ്ണന്‍ നെട്ടുവേലി...


കാളിയമ്പി
കൊല്ലം ജില്ലയിൽ നിന്നും കൊല്ലങ്ങൾക്ക് മുമ്പ്‌ യു.കെ. യിലെത്തി ആരോഗ്യരംഗത്ത് ഗവേഷണ വിഭാഗത്തിൽ ജോലി ചെയ്യുന്ന  കാളിയമ്പി  എന്ന പേരിൽ എഴുതുന്ന മധുവാണ്  ആംഗലേയ ദേശത്തുനിന്നുണ്ടായ പ്രഥമ മലയാളം ബ്ലോഗർ .!
മധു  2006 ൽ  തുടങ്ങിയ ബ്ലോഗായിരുന്ന കാളിയമ്പി യാണ് ആംഗലേയ ദേശത്തു നിന്നുണ്ടായ പ്രഥമ മലയാളം ബ്ലോഗ് . പിന്നെ ഈ വല്ലഭൻ തുടങ്ങിയ അഭിഭാഷണം എന്ന ബ്ലോഗിൽ കൂടി വിജ്ഞാനപ്രദമായ പല കാര്യങ്ങളും കാളിയമ്പി  പങ്കുവെച്ചിരുന്നു .
ഇതിനു മുന്നെയുണ്ടായിരുന്ന  മധുവിന്റെ ബ്ലോഗായ  'കാളിയമ്പി യിൽ  കൂടി '.വ്യക്തവും സ്പുടവുമായ ഭാഷയിൽ കൂടി പുരാണങ്ങളും , ഇതിഹാസങ്ങളും , ചരിത്രസത്യങ്ങളും കൂട്ടി കലർത്തി യുള്ള കാളിയമ്പിയുടെ  ബ്ലോഗ് പോസ്റ്റുകൾക്ക് എന്നും വായനക്കാർ ഏറെയായിരുന്നു .
നാട്ടിലെ പല മാധ്യങ്ങളിലും ഇദ്ദേഹത്തിന്റെ ലേഖനങ്ങൾ വന്നിട്ടുണ്ട് . 
യു.കെയുടെ പല ഭാഗങ്ങളിലായി ജോലി ചെയ്ത്  വരുന്ന മധു ഇപ്പോൾ സ്കോട്ട് ലാൻഡിലാണ് ...

ബ്ലോഗുകൾ  :-
കാളിയമ്പി (http://kaliyambi.blogspot.com/)
അഭിഭാഷണം  
http ://abhibhaashanam.blogspot.com/2015/10/blog-post.html

ഷാജൻ സ്കറിയ
'മറുനാടൻ മലയാളി' എന്ന മലയാളത്തിലെ ആദ്യത്തെ സ്വതന്ത്ര ഓണ്‍ പത്രത്തിന്റെ തുടക്കക്കാരനും , പാശ്ചാത്യ നാട്ടിലെ ഏറ്റവും പ്രചാരമുള്ള 'ബ്രിട്ടീഷ് മലയാളി' എന്ന ഓൺ ലൈൻ പത്രത്തിന്റെ സ്ഥാപകനുമാണ് ജേർണലിസ്റ്റും , എഴുത്തുകാരനും ,  നിയമ ബിരുദധാരിയുമായ  ഷാജൻ സ്‌കറിയ 
കഴിഞ്ഞ ദശകം മുതൽ  പാശ്ചാത്യ മലയാളികൾക്ക് വായനയുടെ ഒരു പുതു വസന്തത്തിന് തുടക്കമിട്ട  ബ്രിട്ടീഷ് മലയാളിയിലെ ആർട്ടിക്കിളുകളിലൂടെയാണ് ഇന്നിവിടെയുള്ള പല എഴുത്തുകാരേയും  കൂടുതൽ പേരും അറിഞ്ഞു തുടങ്ങിയത് . 
ഇപ്പോൾ ബ്രിട്ടനിൽ വന്നും പോയുമിരിക്കുന്ന സാമൂഹ്യ പ്രവർത്തകൻ കൂടിയായ  ഷാജൻ സ്കറിയ തുടങ്ങി വെച്ച ; മലയാളികൾക്ക് വേണ്ടിയുള്ള  വിവിധ സാമൂഹ്യ സാഹിത്യ സന്നദ്ധ പ്രവർത്തനങ്ങൾ ഇപ്പോഴും നല്ല രീതിയിൽ തുടർന്ന് പോകുന്നുണ്ട്...

വെബ് പോർട്ടലുകൾ :-
https://www.britishmalayali.co.uk/
http://www.marunadanmalayali.com/

സുഗതൻ തെക്കേപ്പുര 
വൈക്കം സ്വദേശിയായ , ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന സുഗതൻ തെക്കേപ്പുരലണ്ടനിൽ
വന്നു നിയമ ബിരുദം എടുത്ത ഒരു ലോയർ പ്രാക്ടീസണറാണ്  . ബൃഹത്തായ വായനയുള്ള സുഗതൻ കട്ടൻ കാപ്പിയും  കവിതയും' കൂട്ടായ്മയിലെ ഒരു വിജ്ഞാനകോശമായ ഒരു വല്ലഭനും കൂടിയാണ്.

നല്ലൊരു ഭാഷ സ്നേഹിയും , സാഹിത്യ തല്പരനുമായ സുഗതൻ ഇപ്പോൾ ലണ്ടനിലുള്ള ഒരു നല്ല സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനും  ലേബർ പാർട്ടിയുടെ നേതാക്കളിൽ ഒരുവനും, ലണ്ടനിലുള്ള ന്യൂഹാം ബൊറോവിലെ ഉന്നത സ്ഥാനം വഹിക്കുന്ന കൗൺസിലറും കൂടിയാണ്.
അതോടൊപ്പം  യു.കെയിലുള്ള മലയാളികളുടെ ഒട്ടുമിക്ക സാംസ്കാരിക സംഘടനകളിലും പ്രവർത്തിച്ച് പോരുന്ന ഇദ്ദേഹം യു.കെ മലയാളികൾക്കിടയിൽ വളരെയധികം പോപ്പുലറാണ് .
ഒപ്പം എന്നും സോഷ്യൽ മീഡിയയിലും , ആനുകാലികങ്ങളിലുമായി സുഗതൻ സാമൂഹ്യ പ്രസക്തിയുള്ള ധാരാളം ലേഖനങ്ങളും എഴുതി വരുന്നു ...

പ്രിയ കിരൺ 
ത്യശൂർ പട്ടണത്തിൽ നിന്നും എത്തിപ്പെട്ട എൽ.എൽ.ബി ബിരുദധാരിണിയായ പ്രിയ കിരൺ മിൽട്ടൺകീൻയ്സിലും ലണ്ടനിലുമായി താമസിസിക്കുന്ന ഒരു 'നെറ്റ്‌ വർക്ക് റെയിൽ' ഉദ്യോഗസ്ഥയാണ്.
ഇവിടങ്ങളിലെ സാമൂഹിക , സാംസ്കാരിക കൂട്ടായ്മകളിൽ സജീവ സാനിദ്ധ്യം കാഴ്ച്ചവെക്കുന്ന ഈ തരുണീരത്നം എഴുത്തിലും ആയതു പിന്തുടരുന്നു.  
പ്രിയയുടെ 'ഒരു കുഞ്ഞു പൂവിനെ ' എന്നുള്ള കഥ - ബിനോയ് അഗസ്റ്റിൻ  ഒരു ഷോർട്ട് ഫിലിമായി ചെയ്‍തത്  വളരെ ഹിറ്റായ തീർന്ന ഒരു ഷോർട് ഫിലീം ആയിരുന്നു .
മാതൃഭൂമി  ഓൺ-ലൈനിൽ പ്രിയയുടെ ചില ആർട്ടിക്കിളുകൾ  ലക്ഷകണക്കിന്  ആളുകൾ വായിച്ചിട്ട്  വളരെ നല്ല അഭിപ്രായ രേഖപ്പെടുത്തിയിട്ടുള്ളതാണ് .
'അവിയൽ'  പുസ്തകത്തിലെ ഒരു രചയിതാവ് കൂടിയാണ്  പ്രിയ കിരൺ .
പോരാത്തതിന് എന്നും തന്നെ തന്റെ ഗൃഹാതുരുത്വം  വിളിച്ചോതുന്ന ലളിത ഭാഷയിൽ കൂടി വായനക്കാരെ മാടി വിളിക്കുന്ന നല്ലൊരു  എഴുത്തുകാരി കൂടിയാണ്  ഈ വനിതാരത്നം   ...
ഷാഫി റഹ്‌മാൻ 
കാലം മാറുകയാണ്‌, വായനയും...
ഈയൊരു തിരിച്ചറിവാണ്‌ അഴിമുഖം ...
ലോകത്തിലെ ഏറ്റവും മികച്ച മാദ്ധ്യമ  ശൈലികളും
ശീലങ്ങളും മലയാളി ബൗദ്ധികതയുമായി ചേര്‍ത്തു വയ്‌ക്കുന്ന ഈ അഴിമുഖത്തിന്റെ പിന്നണിയിലുള്ള ഒരു മാദ്ധ്യമ പ്രവർത്തകനാണ്  ഷാഫി റഹ്‌മാൻ .

മലയാളം ഇന്നു വരെ കാണാത്ത മാദ്ധ്യമ പ്രവര്‍ത്തന മികവും സങ്കീര്‍ണമായ ആഗോള സാഹചര്യങ്ങളുടെ സൂക്ഷ്‌മമായ വിലയിരുത്തലുകളൂമാണ്‌ അഴിമുഖം വായനക്കാരിലെത്തിക്കുന്നത്‌.
ആയതിന്റെ യൂറോപ്പ് ചുമതയുള്ള ,  തൃശൂർ പട്ടണത്തിൽ നിന്നും വന്ന ഇന്ത്യ ട്യുഡെയുടെ  ലേഖകൻ കൂടിയായ എഴുത്തിലെ വല്ലഭനായ ഷാഫി റഹ്‌മാൻ നല്ലൊരു പത്ര പ്രവർത്തകനും , രാഷ്ട്രീയ നിരീക്ഷകനുമാണ് .
ഷാഫിയുടെ ധാരാളം എഴുത്തുകൾ ഇന്ത്യ ട്യുഡെയുടെ/അഴിമുഖത്തിന്റെ  പേജുകളിലൂടെ നാമൊക്കെ വായിച്ചറിഞ്ഞിട്ടുണ്ട് .
ലണ്ടനിൽ താമസമുള്ള ഷാഫി ഇവിടെ നിന്നും ഇറങ്ങുന്ന ഇന്ത്യ ഗസറ്റ് ലണ്ടന്റെ  എഡിറ്റർ കൂടിയാണ് ...

ബ്ലോഗുകൾ :-

ഗീത രാജീവ്
തിരുവനന്തപുരത്തുനിന്നും ലണ്ടനിൽ വന്ന് അദ്ധ്യാപികയായി ജോലി ചെയ്യുന്ന 'ഗുരു നിത്യചൈതന്യ'യുടെ ശിക്ഷ്യയായ ഗീത രാജീവ്  , ഇത്തിരി 
സംഗതികളിലൂടെ ഒത്തിരി കാര്യങ്ങൾ പങ്കുവെക്കുന്ന ഒരു എഴുത്തുകാരിയാണ് .
നല്ല  ആഴത്തിൽ വായനയുള്ള ഗീത  രാജീവിന്റെ പല എഴുത്തുകളിലും ആയതിന്റെയൊക്കെ പ്രതിഫലനങ്ങൾ ദർശ്ശിക്കുവാൻ സാധിക്കും .
ആഗോള തലത്തിലുള്ള പല ക്ലാസ്സിക് ഗ്രൻഥങ്ങളിലേയും പല ചിന്തനനീയമായ സംഗതികളും ചൂണ്ടിക്കാണിച്ച് , മിക്ക  സോഷ്യൽ മീഡിയ സൈറ്റുകളിലും , മറ്റു  സൈബർ ഇടങ്ങളിലെ പല ചർച്ചകളിലും സജീവമായി പങ്കെടുക്കയും , സ്വതന്ത്രമായ ചിന്തകൾ  പങ്കുവെക്കുകയും ചെയ്യുന്ന വേറിട്ട ഒരു സ്‌ത്രീ രത്നമാണ് ഗീത രാജീവ്  ...

അജിത്ത് പാലിയത്ത്  
ആലപ്പുഴയിലെ  ചേർത്തല ദേശക്കാരനായ  അജിത്ത് പാലിയത്ത് സ്ക്കൂൾ തലത്തിൽ നിന്നും  ലളിതഗാനം, പ്രസംഗം, ചെറുകഥ, ലേഖനം, കവിത, നാടകം എന്നിവയിൽ പങ്കെടുത്തു തുടങ്ങിയ കലാ  സാഹിത്യ പ്രവർത്തനങ്ങൾ , കലാലയവും കടന്നു ഇപ്പോൾ യു.കെ വരെ വ്യാപിച്ചു കിടക്കുകയാണ് .
നാട്ടിലെ കലാ  സാഹിത്യ  യുവജന സംഘടനകളിൽ കൂടി ആരംഭിച്ച പ്രഫഷണൽ നാടകാഭിനയം  യുക്കേയിലെ  ഷെഫീല്‍ഡില്‍ നാടക പ്രേമികളുമായി ചേര്‍ന്ന് 'അശ്വമേധം' വരെയെത്തി നിൽക്കുന്നു .

ഷെഫീല്ഡ്ഡ്  മലയാളി അസ്സോസ്സിയേഷനുവേണ്ടി ഏതാനും വര്‍ഷം “തളിര്” എന്ന സാഹിത്യ മാസിക എഡിറ്റ് ചെയ്തു ഡിസൈന്‍ ചെയ്തു ഇറക്കി. ഫോബ്മ എന്ന സംഘടനയ്ക്കു വേണ്ടി 'സമീക്ഷ', ഷെഫിൽഡ്ഡ് അസോസിയേഷന്റെ പത്താം വാർഷീക പതിപ്പ് 'പ്രയാണം' എന്നീ  സാഹിത്യ മാസികകളുടെ  എഡിറ്റര്‍ / പബ്ലിഷര്‍ / ഡിസൈനര്‍ ആയി പ്രവര്‍ത്തിച്ചു..
അനവധി പാട്ടുകള്‍ രചിക്കുകയും , സംഗീതം നല്കുകയും ചെയ്തു. ഒപ്പം കവിതകളും ,കഥകളും ,ലേഖനങ്ങളും അനുകാലികങ്ങളിലും നവമാധ്യമങ്ങളില്‍ കൂടിയും വെളിച്ചം കാണിക്കുന്നു.
നല്ല ഒരു ഭാവ ഗായകൻ കൂടിയാണ്  അജിത്ത് .
അജിത്ത് /ആനി ദമ്പതികൾക്ക്  ചിതറിയ ചിന്തകൾ Athenaeum എന്നീ രണ്ട് ബ്ലോഗുകളും ഉണ്ട്  .
വായനയോടുള്ള സ്നേഹം മൂലം നാട്ടിലെ വീട്ടിൽ സ്വന്തമായി തുടങ്ങിയ ലൈബ്രറിയിൽ നിന്നും യുക്കേയിലെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നരീതിയിൽ പ്രയോജനപ്പെടുത്താൻ  പുസ്തകങ്ങൾ യുക്കെയിലേക്കു കൊണ്ടുവന്നും അനവധി പുസ്തകങ്ങൾ സുഹൂര്‍ത്തുക്കളില്‍ നിന്നും സ്വരുക്കൂട്ടിയും  “ അഥെനീയം അക്ഷര ഗ്രന്ഥാലയം ' എന്ന ഓണ്‍ലൈൻ ലൈബ്രറി ഷെഫീല്‍ഡില്‍ ആരംഭിച്ചു. ലൈബ്രറിയുടെ ബാനറില്‍ 2015 ല്‍ ഡി സി ബുക്സുമായി ചേര്‍ന്ന് ആദ്യ കഥ കവിതാ മല്‍സരം സംഘടിപ്പിച്ചു. ഈക്കൊല്ലം വീണ്ടും  ഡി സി ബുക്സുമായി  ചേര്‍ന്ന്  രണ്ടാമത്തെ സാഹിത്യമല്‍സരം നടത്തുന്നു . സാഹിത്യ പ്രേമികളെ ഒരുമിച്ചു ചേർക്കാൻ അഥെനീയം അക്ഷര ഗ്രന്ഥാലയം എന്ന ഓണ്‍ലൈൻ ലൈബ്രറിയുടെ കീഴിൽ അഥെനീയം റൈറ്റേഴ്സ്സ്  സൊസൈറ്റി  തുടങ്ങി.
ഒപ്പം മെട്രോ മലയാളം ടി.വി യുടെ  സാരഥികളിൽ ഒരാൾ കൂടിയാണ് അജിത്ത് പാലിയത്ത് ...
വെബ് സൈറ്റുകൾ :-
ചിതറിയ ചിന്തകൾ (http://ajithpaliath.blogspot.com/)
http://athenaeumjournal.blogspot.com/
http://metromalayalamnews.tv/

ബാക്കിപത്രം 
ബ്രിട്ടണിൽ മലയാളം എഴുത്തിന്റെ നൂറാം വാർഷികം കൊണ്ടാടുന്ന 2019 ൽ -  ആ വർഷം ജനുവരി 31 മുതൽ മാർച്ച് 1 വരെ എഴുതിയിട്ട ആംഗലേയ ദേശത്തുണ്ടായിരുന്ന മലയാളം ഭാഷ കുതുകികളെ പരിചയപ്പെടുത്തുന്ന  ഏഴ്  സചിത്ര ലേഖനങ്ങളുടെ ഒറിജിനൽ ലിങ്കുകളാണ് താഴെ കൊടുത്തിട്ടുള്ളത് .
ഇവിടെയുണ്ടായിരുന്ന നമ്മുടെ ഭാഷാസ്നേഹികളെ എന്നുമെന്നും ഓർമ്മിക്കുവാനുള്ള സൈബർ ഇടങ്ങളാണിവ ...! 
വിശദ വിവരങ്ങൾ ലഭിക്കാത്തതിനാൽ 
ഇനിയും കുറെയധികം ഭാഷാസ്നേഹികളെ 
ഇവിടെയിതുപോലെ പരിചയപ്പെടുത്തുവാനുണ്ട് ...
  1. ആംഗലേയ നാട്ടിലെ മലയാളത്തിന്റെ നാൾവഴികൾ - ആമുഖം
  2. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 1  
  3. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 2 
  4. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 3 
  5. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 4 
  6. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 5 
  7. ആംഗലേയ നാട്ടിലെ  മലയാളത്തിന്റെ നാൾവഴികൾ - ഭാഗം 6 

(അടുത്ത ഭാഗത്തിൽ തുടരുന്നു )


കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...