Showing posts with label സൗഹൃദ കുറിപ്പുകൾ ...!. Show all posts
Showing posts with label സൗഹൃദ കുറിപ്പുകൾ ...!. Show all posts

Wednesday 6 September 2017

കണിമംഗലത്തപ്പന്മാർ... ! / Kanimangalatthappanmar... !

അന്നും ഇന്നും എന്നും ,
എന്തിനും ഏതിനും കൂടെയുണ്ടായിരുന്ന നാട്ടുകാരായിരുന്ന കുറെ ഉത്തമ ഗെഡികളുണ്ടെനിക്ക് , കണിമംഗലത്തപ്പന്മാർ എന്നറിയപ്പെടുന്ന സ്വന്തം നാമധേയങ്ങളേക്കാൾ  ഉപരി - അടപ്പൻ , അലമ്പൻ , ഒലിപ്പൻ , കൊടപ്പൻ , ചെമ്പൻ , ഗുണ്ടൻ , ഗുണ്ടടി , കുണ്ടൻ , മുക്കാല്  , മൂക്കൻ , എല്ലൻ , കല്ലൻ , പുല്ലൻ , പല്ലൻ , കൂമ്പുള്ളി , കന്നാലി , കുട്ടാപ്പി , കോടാലി , ഊശാൻ , ആശാൻ , മൂപ്പൻ , മാഷ് , വാധ്യാർ , വൈദര് , ചാത്തൻ , ചെത്ത് , വെടിക്കെട്ട് , പാണി , പൂച്ച , കാള , ഫ്ലൂട്ട്  , ബ്രാല് , ഭഗവാൻ , ബുജി , സ്വാമി , പട്ടാലി , കുമ്പിടി , തപ്പാൻ , കപ്പ്യാർ , തമ്പുരാൻ , ചുള്ളമണി, അളിയൻ , പാച്ചു , ഫീനിക്സ് ,കരിംഭൂതം ,ചെമ്പൂതം ,പഞ്ചപൂതങ്ങൾ എന്നിങ്ങനെ നിരവധി ചെല്ലപ്പേരുകളിൽ വിളിക്കപ്പെടുന്ന അന്നും ഇന്നും സ്ഥിരമായുള്ള കൂട്ടുകാർ ...

കണിമംഗലത്തിന് ചുറ്റുവട്ടത്തുള്ള എൽ .പി .സ്‌കൂളുകൾ താണ്ടി ,
അന്ന് കാലത്ത് 1500 ൽ പരം വിദ്യാർത്ഥികളും ,അതിനൊത്ത അദ്ധ്യാപികാദ്ധ്യാപകരുമുണ്ടായിരുന്ന കണിമംഗലം
എസ് .എൻ.ബോയ്‌സ് ഹൈസ്കൂളിൽ വന്ന് ചേക്കേറി , ഹൈയ്യർ സെക്കന്ററിയും , പിന്നീട് തൃശൂരിലെ പല പ്രൊഫഷണൽ/  കോളേജുകളിൽ നിന്നും ഡിഗ്രിയും ,ഡിപ്ലോമയും കരസ്ഥമാക്കിയവരും ,അല്ലാത്തവരുമായ എല്ലാ തല്ലുകൊള്ളിത്തരത്തിനും മുന്നിട്ട് നിന്നിരുന്ന ഒരു വമ്പൻ പട  തന്നെയായിരുന്നു ഇന്നുള്ള ഈ കണിമംഗലത്തപ്പന്മാർ ...!

പിന്നീട് ഇവരുടെയൊക്കെ നിത്യ നിറ  സാന്നിധ്യങ്ങളാൽ ചുറ്റുവട്ടത്തെ ഗ്രാമീണ വായന ശാലകളും , റിക്രിയേഷൻ ക്ലബ്ബ്കളും,ശാസ്ത്ര സാഹിത്യ പരിഷത്ത് ശാഖകളും , ബോധിയും , സെവൻസ് തുണിപ്പന്തുകളി മത്സരവും , ഫീനിക്സ് ട്യൂട്ടോറിയൽ കോളേജ്ഉം ,മൂന്നാലു സിനിമാ കൊട്ടകകളുമൊക്കെ വളരെ ഉഷാറായി തന്നെ നടന്നു പോന്നു . സമീപ ദേശങ്ങളിലെ ഇടവക പള്ളിപ്പെരുന്നാളുകളിലും , ചുറ്റുവട്ടത്തെ വിഷുവേലക്കും , അശ്വതി വേലക്കും , കൂർക്കഞ്ചേരി തൈപ്പൂയത്തിനും , കാവടിയാട്ടത്തിനും , തൃശൂർ പൂരത്തിനും, പുലിക്കളിക്കും , മറ്റ് ഘോഷയാത്രകൾക്കുമൊക്കെ അകമ്പടി സേവിച്ചും ബാന്റുമേളങ്ങൾക്കും , ചെട്ടിക്കൊട്ടിനും , പഞ്ചവാദ്യത്തിനും ,തായമ്പകക്കുമൊക്കെ താളം പിടിച്ചും എല്ലാതരം ഉത്സവലഹരികളും ഏവരും ഒത്തു കൂടി തിമർത്താഘോഷിച്ചിരുന്ന ഒരിക്കലും വിസ്മരിക്കാനാകാത്ത ഒരു പ്രത്യക കാലഘട്ടം തന്നെയായിരുന്നു അന്തകാലം ...
ഏതാണ്ട് അഞ്ച് പതിറ്റാണ്ടോളമായി യാതൊരു തരത്തിലുള്ള ജാതി മത രാഷ്ട്രീയ ചേരിതിരിവുകളും ഇല്ലാതെ - കണ്ടും , കേട്ടും  , ഇണങ്ങിയും , പിണങ്ങിയുമൊക്കെ ഞങ്ങളുടെയൊക്കെ ആ സൗഹൃദ കൂട്ടായ്മ അങ്ങിനെ ഒരു കോട്ടവും കൂടാതെ ; ഇന്നും അല്ലലില്ലാതെ തുടർന്ന് കൊണ്ടിരിക്കുകയാണ് ... !

അതെ എന്നും സന്തോഷം മണക്കുന്ന ചങ്ങാത്തങ്ങൾ ...
ഇന്നുള്ള ഞങ്ങളീ കണിമംഗലത്തപ്പന്മാരുടെ ബാല്യകാലങ്ങൾ  തൊട്ട് , പല പല കൗമാര ലീലകളും , തീഷ്ണമായ അനേകം യൗവ്വനാരംഭങ്ങളും ആടി  തകർത്ത , അടിച്ചു  പൊളിച്ച അന്നത്തെ ആ നല്ല നാളുകളുടെ സ്മരണകൾ അയവിറക്കാനും , വീണ്ടും ആയതിൽ ചിലതിലേക്കൊക്കെ കൂപ്പുകുത്തുവാനും വേണ്ടി ഇപ്പോഴും കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ അതാതു സമയത്ത് അപ്പോൾ നാട്ടിലുള്ളവരെല്ലാം കൂടി , പല ഒത്ത് ചേരൽ സംഗമങ്ങൾ വിഘ്‌നം കൂടാതെ കൊണ്ടാടുന്നത് കൊണ്ട് ഞങ്ങളീ ഗെഡികളിൽ  അവസാനത്തെ ആളുടെ കാലം കഴിയുന്നത് വരെ , ഈ കൂട്ടായ്മ തുടരും എന്നുതന്നെ , ഞങ്ങളോരോരുത്തരും  വിശ്വസിക്കുന്നൂ ...
തൃശൂരിൽ വിവിധ ഉദ്യോഗ പദവിയിൽ ഇരിക്കുന്നവർ മുതൽ , കേരളത്തിലെയും , ഇന്ത്യയിലെയും  പല പട്ടണങ്ങളിലും ജോലിചെയ്യുന്നവരും , കച്ചവടക്കാരും തൊട്ട് , ഗൾഫിലും , അമേരിക്കയിലും , യൂറോപ്പിലും പണിയെടുക്കുന്ന പ്രവാസികളടക്കം , കുലത്തൊഴിലും കൂലിപ്പണിയും വരെ ചെയ്യുന്ന നാട്ടിലുള്ള ഒരു കൂട്ടുകാരുടെ കൂട്ടായ്മയിലെ അംഗങ്ങളാണ് കണിമംഗലത്തപ്പന്മാരായ  ഈ ഫിഫ്റ്റി പ്ലസ് ഗെഡാഗെഡിന്മാർ ...!
അവരവരുടെ ജന്മ ദേശങ്ങളോടുള്ള ഒരു പ്രത്യേക ഇഷ്ടം ,നാമൊക്കെ ലോകത്തിന്റെ മറ്റേത് നാട്ടിൽ പോയി സ്ഥിരതാമസമാക്കിയാലും മരണം വരെ താലോലിച്ച് കൊണ്ട് നടക്കും എന്നാണ് പറയുക ...
അതുകൊണ്ടായിരിക്കാം ഞാൻ ജനിച്ചുവളർന്ന തട്ടകമായ അതിമനോഹരമായ പാടശേഖരങ്ങളും , മാന്തോപ്പുകളും ,തെങ്ങിൻ പുരയിടങ്ങളുമൊക്കെയുള്ള തനി കാർഷികാഭിവൃദ്ധികളാൽ സുന്ദരമായ കണിമംഗലം ഗ്രാമം ഇന്നും ഒരു ഗൃഹാതുരത്വമായി എന്നെയെന്നും പിന്നാമ്പുറചിന്തകളിലേക്ക് എന്നുമെന്നോണം നയിച്ചുകൊണ്ടിരിക്കുന്നത് ...

തൃശൂര്‍ നഗരം കോർപ്പറേഷനായി  ഈ ദേശത്തെ വന്ന് വരിച്ചപ്പോൾ ഗ്രാമീണ സുന്ദരിപ്പട്ടം ഊരിയെറിഞ്ഞ് കളഞ്ഞ ഞങ്ങളുടെ സ്വന്തം കണിമംഗലം . 
സകലമാന  നാടുകൾക്കും അതിന്റേതായ ചരിത്രങ്ങൾ ഉണ്ടാകുമല്ലോ ...
പണ്ട് പണ്ട് പെരുമ്പടപ്പ് സ്വരൂപമായ കൊച്ചി രാജ വംശത്തിന്റെ ഒരു  സാമന്തരാജ്യമായിരുന്നു  കൊടുങ്ങല്ലൂരിന്റെ തായ്വഴികളിലുള്ള ക്ഷത്രിയന്മാരായിരുന്ന അപ്പൻ തമ്പുരാക്കന്മാർ നാടുവാഴികളായിരുന്ന തൃശ്ശിവപ്പേരൂരിന്റെ തൊട്ട് തെക്കുള്ള കണിമംഗലം ആസ്ഥാനമാക്കിയുള്ള വളരെ സമ്പന്നമായ നാട്ടുരാജ്യമായിരുന്നു കണിമംഗലം ...!
കാലങ്ങൾക്ക് ശേഷം കൊച്ചി രാജാവിന്റെ പ്രതിനിധിയായി , പ്രതാപിയായ ശക്തൻ തമ്പുരാൻ വരുന്നതിന് മുമ്പ് വരെ സമ്പൽ
സമൃദ്ധമായ ഈ രാജ്യം വാണിരുന്നത് കണിമംഗലം തമ്പുരാക്കന്മാരായിരുന്നു  !

രാജ്യത്തിന്റെ മുഴുവൻ  വരുമാനങ്ങളായ വടക്കുനാഥൻ ദേവസ്സം വക സ്വത്തു വകകളും, ഭൂസ്വത്തുക്കളും , കണിമംഗലം പാട ശേഖരങ്ങളും നോക്കി നടത്തിയിരുന്ന... കൊല്ലിനും , കൊലക്കും അധികാരമുണ്ടായിരുന്ന കണിമംഗലം തമ്പുരാക്കന്മാർ ... !
പിന്നീട് ശക്തൻ തമ്പുരാനോടൊപ്പം ...
സാക്ഷാൽ തൃശൂര്‍  പൂരം തുടങ്ങിവെച്ചവർ ... !

ഇപ്പോഴും കണിമംഗലത്തുകാരുടെ തിടമ്പേറ്റിയ ആന തെക്കേ ഗോപുരവാതിൽ വഴി ആദ്യമായി വടക്കുനാഥൻ അമ്പലത്തിൽ എത്തിച്ചേരുമ്പോൾ തന്നെയാണ് ...
ഇന്നും തൃശൂര്‍  പൂരം ആരംഭിക്കുക .. !

പിന്നെ ‘ഇന്ത്യൻ റെയിൽവേയ്സ്‘ ആരംഭിച്ചകാലാത്ത് ...
ഈ ഭാഗത്ത് റെയിൽ പാതക്ക് വേണ്ടി ഏറ്റവും കൂടൂതൽ ഭൂമി വിട്ടു കൊടുത്തതിന്, അഞ്ചാം തമ്പുരാക്കന്മാർ ചോദിച്ച് വാങ്ങിയതാണേത്രെ ‘കണിമഗലം റെയിൽ വേയ് സ്റ്റേഷൻ ‘
പിന്നീടാ കണിമംഗലം സ്റ്റേഷൻ ...
റെയിൽവേയുടെ ഭൂപടത്തിൽ നിന്നും മാഞ്ഞു പോയെങ്കിലും, പ്രതാപികളായ ഈ തമ്പുരാൻ വംശ പരമ്പര , കുറച്ച് ക്ഷയിച്ചിട്ടാണെങ്കിലും
ഇന്നും നില നിന്നു കൊണ്ടിരിക്കുന്നൂ..., നാട്ടിലല്ലെന്നുമാത്രം ഒട്ടുമിക്കവരും കേരളത്തിന് പുറത്തും , വിദേശത്തുമായി ബിസിനെസ്സും ,നല്ല ഉദ്യോഗങ്ങളുമായി കഴിഞ്ഞുകൂടുകയാണ് ...
നമ്മുടെ ഗെഡികളായ  രഞ്ജിത്ത്  ഭായിയും ,
ഷാജി കൈലാസുമൊക്കെ ചേർന്ന് നമ്മളെയൊക്കെ കോരിത്തരിപ്പിച്ച് അഭ്രപാളികളിലെത്തിച്ച ആ
ആ   സിനിമയുണ്ടല്ലോ...
കണിമംഗലത്തെ ‘ആറാം തമ്പുരാൻ ...!
ആ ആറാം തമ്പുരാന്റെയൊക്കെ പിൻ മുറക്കാരായിരുന്നു ഈ തമ്പുരാക്കന്മാ‍ർ എന്നാണ് പറയപ്പെടുന്നത് ..
അന്നത്തെ ആ  തമ്പുരാക്കന്മാരൊക്കെ
തനി നരി-സിംഹങ്ങൾ തന്നെയായിരുന്നു ... !

  പക്ഷെ അപ്പൻ തമ്പുരാക്കന്മാർ ഇന്നില്ലെങ്കിലും കണിമംഗലത്തിന്റെ പ്രൗഢിയും ,ഗാംഭീര്യവും നിലനിറുത്തിക്കൊണ്ട് ഈ നാട്ടുകാർ പ്രാദേശികമായും ,ദേശീയമായും ,അന്തർദ്ദേശീയമായും പല മേഖലകളിലും രംഗ പ്രവേശം നടത്തി തിളങ്ങിനിൽക്കുന്നുണ്ട് ...
അകാലത്തിൽ ഞങ്ങളെ വിട്ട് വേർപ്പെട്ടുപോയ മൂന്ന്  മിത്രങ്ങളുണ്ട് ...
വാട്ടർ അതോറിട്ടിയിൽ ജോലിയുണ്ടായിരുന്ന കെ.വി .സുരേഷാണ് കാൽ നൂറ്റാണ്ട് മുമ്പ് ആദ്യമായി ഞങ്ങളെ വിട്ട് പോയത് ...
മൂന്ന് വർഷം മുമ്പ് വെദ്യുതി ഭവനിൽ അസി.എക്സി. എഞ്ചിനീയറായിരുന്ന പി.വി.പ്രദീപും ഞങ്ങളോട് വിട  പറഞ്ഞു പോയി ...

കഴിഞ്ഞ വർഷം വെറ്റിനറി ഡിപ്പാർട് മെന്റിൽ ജോലിചെയ്യുന്ന ഡോ :സുനിൽ കുമാറും ഞങ്ങളെ വിട്ട് പിരിഞ്ഞു പോയി ...
ഞങ്ങളുടെ പ്രിയപ്പെട്ട ഈ മൂന്നു മിത്രങ്ങൾക്കും പ്രണാമം അർപ്പിക്കുന്നു ...


ഓരൊ തവണ ജന്മനാട്ടിലെത്തുമ്പോഴും
അഭിനവ കണിമംഗലത്തപ്പന്മാരുടെ ചങ്ങാതിത്ത കൂട്ടായ്മയിൽ ഒത്തുകൂടാനും , സൗഹൃദം പുതുക്കുവാനും   ഒരു പ്രത്യേക ഉത്സാഹമാണെനിക്ക് ഉടലെടുക്കുക നാട്ടിലെത്തുമ്പോഴെക്കെ പണ്ടത്തെ ഇത്തരം മിത്രങ്ങളായ ക്ലാസ്സ് /ഗ്ളാസ് മേറ്റുകളായവരോടൊപ്പമുള്ള  ഗൃഹാതുരത്വങ്ങൾ അയവിറക്കാനും , മറ്റും ഞങ്ങൾ മിത്രങ്ങളായ പ്രവാസികളും - ആ  സമയം നീക്കിവെക്കുന്നതിനാൽ നാട്ടിലുണ്ടാകുന്ന എല്ലാ ആഘോഷവേളകളും അപ്പോൾ ഒത്തൊരുമിച്ച് ആമോദത്തോടെ ആർത്തുല്ലസിച്ച് കൊണ്ടാടീടുന്നൂ ...

വലിയ മുതൽ മുടക്കുകളൊന്നും
ഇല്ലാതെ തന്നെ ഏവർക്കും വെട്ടിപ്പിടിക്കാവുന്ന, ഒട്ടും മാനസിക സമ്മർദ്ദമില്ലാതെ ,
നഷ്ടത്തിൽ കലാശിക്കാതെ  സൂക്ഷിച്ചു വെക്കാവുന്ന ഒരു സമ്പാദ്യമുണ്ട് ...

ഏവരുടെയും ജീവിതത്തിൽ
എളുപ്പത്തിൽ നേടാവുന്ന ഒന്നായ സൗഹൃദ സമ്പാദ്യം ...!

നല്ല സൗഹൃദ സമ്പാദ്യത്തെക്കാൾ
വിലപ്പെട്ട വേറെ എന്ത് മുതലാണ്
നമ്മുടെയൊക്കെ കൊച്ചു  ജീവിതത്തിൽ
നിധിപോലെ കാത്ത് സൂക്ഷിക്കുവാൻ സാധിക്കുക അല്ലെ ..!


കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...