Showing posts with label അനുഭവാവിഷ്കാരങ്ങൾ. Show all posts
Showing posts with label അനുഭവാവിഷ്കാരങ്ങൾ. Show all posts

Wednesday 29 April 2015

പൂരം പൊടി പൂരം ...! / Pooram Poti Pooram ...!

അങ്ങിനെ പന്തീരാണ്ട് കൊല്ലങ്ങൾക്ക്
ശേഷം , നാട്ടിൽ വന്ന് വീണ്ടും ഒരു പൂരക്കാലം കൂടി തിമർത്താടിയപ്പോൾ കിട്ടിയ നിർവൃതിയെ ഏത് ആമോദത്തിന്റെ ഗണത്തിലാണ് പെടുത്തേണ്ടതെന്ന് എനിക്കറിയില്ല...

സാധാരണ ബ്രിട്ടണിലെ വെക്കേഷൻ കാലമായ  ആഗസ്റ്റ്  മാസങ്ങളിലാണ് ,.2003 -ന് ശേഷം പലപ്പോഴും ഞാനും , കുടുംബവും നാട്ടിൽ സ്ഥിരമായി വരാറുള്ളത് ...
ഇത്തവണ നാട്ടിൽ വന്നപ്പോൾ കൂടിയ തുഞ്ചൻ പറമ്പ് ബ്ലോഗ്മീറ്റും,
അതിന് ശേഷം  അനേകം ബൂലോഗ മിത്രങ്ങളെ നേരിട്ട് പോയി സന്ദർശിക്കലുകളും ,
തട്ടകത്തുള്ള  വട്ടപ്പൊന്നി വിഷു വേലയുൾപ്പെടെയുള്ള അനേകം നാട്ടു പൂരങ്ങളടക്കം , പണ്ടൊക്കെ ഞാൻ നിറഞ്ഞാടിയിരുന്ന മ്ടെ സാക്ഷാൽ   തൃശൂർ പൂരവും (വീഡിയോ ), പിന്നെ പാവറട്ടി പള്ളിപ്പെരുന്നാളും  , ഒരു ഒന്നൊന്നര വിഷുക്കാലവുമൊക്കെ കൂടി , ഒരു കൊട്ടപ്പറ വിശേഷങ്ങളാണ് എന്റെ സ്മരണകളിൽ ഞാൻ വീണ്ടും വാരിക്കോരി പറക്കി കൂട്ടിയിട്ടിട്ടുള്ളത് ...!

ഇങ്ങിനെ പഴയ നൊസ്റ്റാൾജിയകൾ  പലതും തൊട്ടുണർത്തിയ ഒരു  ആവേശപ്പെരുമഴയിൽ എന്റെ മനമാകെ വീണ്ടും കിളിർത്തു തുടിച്ച  തൃശ്ശൂർ പൂരം കുടമാറ്റം കഴിഞ്ഞ ശേഷം ,  എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ നായികയായ  , ഇപ്പോൾ സ്തനാർബ്ബുദ ചികിത്സയൊക്കെ കഴിഞ്ഞ് ഭേദമായികൊണ്ടിരിക്കുന്ന  , പ്രിയയുടെ വീട്ടിൽ ഒരു  അന്തിക്കൂട്ടിന് പോയപ്പോൾ  , അവളുടെ ‘ഡെസ്ക് ടോപ്പി‘ലിരുന്നാണ് , എഴുതുവാനുള്ള ഒരാശ വന്നപ്പോൾ , കഴിഞ്ഞ മാസം 29 - ന് , ഞാൻ ഈ ‘പൂരം പൊടി പൂരം ‘ എഴുതിയിട്ടത് ...!

സാക്ഷാൽ പൂരം വെടിക്കെട്ട് കാണുവാൻ
പോകുന്നതിന് മുമ്പ് ഒരു ‘തനി വെടിക്കെട്ട്‘ വർണ്ണന..!
പക്ഷേ ഈ 'പൂരം പൊടി പൂര'ത്തിനിടയിലെ വെടിക്കെട്ട്
വർണ്ണനകളിലെ ‘വെടിയമിട്ടുകളിലെ വർണ്ണ വിസ്മയത്തിന്റെ
ആഘാതാത്താൽ’ , ആയതിന്റെ പൊടി പോലും പ്രസിദ്ധീകരിക്കുവാൻ ,
ബ്ലോഗർ കോമിന്റെ പുതിയ നയമനുസരിച്ച് സാധ്യമാകാത്തതിൽ ഞാൻ
ഏവരോടും ഈ അവസരത്തിൽ സദയം ഖേദം രേഖപ്പെടുത്തി കൊള്ളട്ടെ...

പക്ഷേ കൈവിട്ട് പോയ
ശരങ്ങൾ പോലെയായിരുന്നു
അന്ന് എഴുതിയിട്ട വാക്കുകൾ ...

അവ ഒരിക്കലും അതേ പോലെ തിരിച്ചെടുക്കുവാനും കഴിയുന്നില്ല.
നമ്മളിൽ ഒട്ടുമിക്കവരുടേയും ജീവിതാരംഭത്തിൽ ഉണ്ടായിട്ടുള്ള
പോലുള്ള ചില കൊച്ച് കൊച്ച് സംഗതികളായിരുന്നു അവയൊക്കെ...

ഏതാണ്ട് പത്ത് മുപ്പത്തഞ്ച് കൊല്ലം മുമ്പ് നടന്ന ഒരു കൌമാരക്കാരന്റെ
നേരനുഭങ്ങളായിരുന്നു അന്നതിൽ കുറിച്ചിട്ടിരുന്നത് , ഒപ്പം അവനേക്കാൾ നാലഞ്ച്
വയസ് മൂപ്പുള്ള ഒരു നായികയുടേയും ...

അവന്റെ എട്ടാം ക്ലാസ് മുതൽ പ്രീ-ഡിഗ്രിക്കാലം വരെയുണ്ടായിരുന്ന ചില കൊച്ച്
കൊച്ചനുഭവങ്ങൾ , തനി ഇക്കിളി കഥകൾ.പോലെയാകുമെന്നൊന്നും , ഈ  കഥാ
പൂരത്തിന്റെയും , വെടിക്കെട്ടിന്റെയുമൊക്കെ ഗ്ലാമർ ഇത്ര കൂടി പോകുമെന്നൊന്നും  ഇതെല്ലാം അന്നെഴുത്തിയിട്ടപ്പോൾ  ഞാൻ ഒട്ടും കരുതിയിരുന്നുമില്ല ...

അതുകൊണ്ട് ഇത്തവണ മേമ്പൊടികളൊന്നും
ചേർക്കാതെ , ഒട്ടും പൊടി പറത്താതെ തന്നെ , ആ
സംഗതികളൊക്കെ ചുമ്മാ വീണ്ടും ആവിഷ്കരിക്കുന്നു എന്നു മാത്രം...

നാട്ടിൽ ചെന്ന ശേഷം തുഞ്ചൻ പറമ്പ് ബൂലോക സംഗമവും , പെങ്ങളുടെ മകളുടെ കല്ല്യാണവും , വിഷുവുമൊക്കെ കഴിഞ്ഞപ്പോൾ എന്റെ വാമ ഭാഗവും , മക്കളുമൊക്കെ തിരിച്ച് പോന്നതിന് ശേഷം പഴയ ഗൃഹതുരത്വങ്ങൾ   അയവിറക്കി , അവയൊക്കെ വീണ്ടും തൊട്ടുണർത്തി വീണ്ടും നാട്ടിലെ ആ മാമ്പഴക്കാലത്തിലൂടേ ഒരു സഞ്ചാരം നടത്തി കൊണ്ടിരിക്കുന്ന അവസരത്തിലാണ് , വീട്ടിലെ ഇക്കൊല്ലത്തെ നെൽക്കൊയ്ത്തിന്റെ ചുമതല അനുജൻ എന്റെ തലയിൽ വെച്ച് തന്നത്...

വാ(വ്) കഴിഞ്ഞാ മഴയില്ലാ ..വിഷു കഴിഞ്ഞാ വേനലില്ലാ
എന്ന് പറയുന്ന പഴമൊഴി അന്വർത്ഥമാക്കികൊണ്ട് , ഇത്തവണ
വിഷു കഴിഞ്ഞ ശേഷം ധാരാളം ഒറ്റപ്പെട്ട മഴകൾ വിളഞ്ഞ് നിൽക്കുന്ന നെല്ലിന് ഭീക്ഷണിയായപ്പോഴാണ് കോൾ നിലങ്ങളിൽ പെട്ടെന്നു തന്നെ യന്ത്രക്കൊയ്ത്ത് അരങ്ങേറിയത്.

നമ്മള് കൊയ്ത വയലെല്ല്ലാം
നമ്മുടേതായെങ്കിലും കൊയ്യാൻ
മാത്രം ഇന്ന് നമ്മളില്ല... എല്ലാത്തിനും  യന്ത്രങ്ങളാണ് ...!

പണ്ട് മുത്തശ്ശന്റെ കാലത്ത് പാട്ടഭൂമിയായി എടുത്ത് പണി നടത്തിയിരുന്ന
വയലുകകളെല്ലാം ... അന്നത്തെ ഭൂപരിഷ്കരണ നിയമം മൂലം സ്വന്തമായി തറവാട്ടിൽ
വന്ന് ചേർന്ന പാട ശേഖരങ്ങളിൽ - ഒട്ടുമിക്കതും പിന്നീട് വന്ന തലമുറയിലുള്ളവരെല്ലാം പുരയിടങ്ങളാക്കി മാറ്റിയെങ്കിലും , ഇന്നും കണിമംഗലത്തിന്റെ ചുറ്റുവട്ടങ്ങളിൽ പലർക്കും
പൊന്ന് വിളയുന്ന നെല്ലറകളായി കോൾ നിലങ്ങൾ ഇപ്പോഴും നില നിൽക്കുന്നത് തന്നെ അത്ഭുതം ..!

പണ്ടുണ്ടായിരുന്ന ഞാറ് നടലും , ചക്രം ചവിട്ടും , അരിവാൾ കൊയ്ത്തും , കൊയ്ത്ത് പാട്ടും , കറ്റ ചുമക്കലും , കാള വണ്ടികളിലേറിയുള്ള ചുരട്ട് കയറ്റിറക്കങ്ങളും, കറ്റ മെതിയും , പൊലിയളവുമൊന്നും ഇന്നില്ലയെങ്കിലും , സ്വർണ്ണവർണ്ണമേറി വിളഞ്ഞ് നിൽക്കുന്ന നെൽക്കതിരുകളിൽ നിന്നേൽക്കുന്ന മന്ദമാരുതന്റെ മാസ്മരിക വലയത്തിൽ ലയിച്ചിരിക്കുമ്പോഴുള്ള ആ സുഖം , ലോകത്തെവിടെ പോയാലും കിട്ടില്ലാ എന്നത് ഒരു പരമാർത്ഥം തന്നെയാണ്...!

ഇന്ന് യന്ത്രക്കൊയ്ത്ത് കഴിഞ്ഞ് , നേരിട്ട് ചാക്കിലേക്ക് പമ്പ് ചെയ്യുന്ന  നെല്ല് , പാട വരമ്പത്ത് നിന്ന് തന്നെ ‘നിറപറ‘ മുതലായ കമ്പനികളുടെ വണ്ടികൾ വന്ന് തൂക്കം നോക്കി എടുത്ത് കൊണ്ട് പോകും...

അങ്ങിനെ ഇക്കൊല്ലം കൊയ്ത്തിന് പോയപ്പോഴാണ് , പണ്ട് മുതൽ ഞങ്ങളുടെയൊക്കെ നെൽ കൃഷി  നോക്കി നടത്തിയിരുന്ന കുമാരേട്ടനെ കണ്ടത്...
ഈ കുമാരേട്ടന്റെ പെങ്ങൾക്ക് , പണ്ട് കണിമംഗലം പാടശേഖരങ്ങളിലേക്ക് / നെടുപുഴ കോൾ പടവുകളിലേക്ക് സ്ഥിരമായി താറാവ് മേയ്ക്കൻ വരുന്ന ആലപ്പുഴക്കാരൻ ചിന്നപ്പേട്ടന്റെ , ചിന്നവീടായിരുന്നപ്പോൾ കിട്ടിയ സമ്മാനമായിരിന്നു , ഈ കഥയിലെ നായികയായ പങ്കജം...!

പങ്കജത്തിന്റെ അച്ഛൻ ചിന്നപ്പേട്ടൻ പിന്നീട് കുറെ കാലം കഴിഞ്ഞ് വരാതായപ്പോൾ പങ്കജത്തിന്റെ അമ്മയെ വേറൊരു രണ്ടാം കല്ല്യാണത്തിനായി കെട്ടിച്ച് വിട്ടതിന് ശേഷം , അനാഥയായ പങ്കജത്തിനെ കുമാരേട്ടൻ ഞങ്ങളുടെ വീട്ടിൽ കൊണ്ട് വിട്ടു .
ഞങ്ങളുടെ വീട്ടിൽ എന്റെ അമ്മയ്ക്ക് പിള്ളേരെ നോക്കുവാൻ ഒരു സഹായമായി
അവളവിടെ കൂടി.
പിന്നീട് വീട്ടിലെ കടിഞ്ഞൂൽ സന്താനമായ
വെറും എട്ടാം ക്ലാസ്സുകാരനായ എനിക്ക് , അന്ന് മുതൽ ,
ഏഴാം തരത്തിൽ പഠിപ്പുപേഷിച്ചവളും,  മധുര പതിനേഴുകാരിയുമായ
പങ്കജം ,   പല കാര്യങ്ങളിലും ഒരു ട്യൂഷ്യൻ ടീച്ചർ ആയി മാറുകയായിരുന്നു..!

വീട്ടിലെ തൊടിയിലുള്ള പച്ചക്കറി തോട്ടങ്ങളിൽ
വിത്തിടുന്നത് തൊട്ട് വിളവെടുക്കുന്ന വരെയുള്ള കാര്യങ്ങൾ, കുറ്റികോലുപയോഗിച്ച്  നാളികേരം പൊളിക്കുന്ന ടെക്നിക് മുതലായ പല സംഗതികളും.
പിന്നെ ഞാറ് പറി കഴിഞ്ഞാൾ ഞാറ്റുകണ്ടങ്ങളിൽ വിതക്കുന്ന മുതിര, എള്ള് മുതലായവക്ക് കാള തേക്കുണ്ടാകുമ്പോൾ നനക്കുവാൻ പോകുക , കൂർക്കപ്പാടത്ത് നിന്ന് കൂർക്ക പറിച്ച് കൊണ്ടിരിക്കുമ്പോൾ പല കാണാത്ത കാഴ്ച്ചകളെല്ലാം കാണിപ്പിച്ച് എന്നെ അമ്പരപ്പിക്കുക... !
ആകാംഷയുടെ മുൾമുനയിൽ വരെ കൊണ്ടെത്തിച്ച്
 ‘കൊച്ച് കള്ളൻ , കൊതിയൻ ‘എന്നൊക്കെ എന്നെ വിളിച്ച്
കളിയാക്കുക മുതലായവയൊക്കെ അവളുടെ വിനോദങ്ങളായിരുന്നു...

എന്നോട് പരീക്ഷകൾക്ക് മുന്നോടിയായി ‘കുത്തിയിരുന്ന് പഠിക്കെടാ ചെക്കാ ‘എന്ന് പറഞ്ഞ് അമ്മയും , അച്ഛനുമൊക്കെ കൂടി സഹോദരങ്ങളേയും കൂട്ടി വല്ല ഡോക്ട്ടറെ കാണാനോ , കല്യാണത്തിനോ  മറ്റോ പോയാ‍ൽ ഈ പങ്കജം (ടീച്ചറുടെ) വക പല   ട്യൂഷ്യനും , എക്സാമിനേഷനുമൊക്കെ തോറ്റും , മുട്ടു വിറച്ചുമൊക്കെ ഞാൻ എത്ര ബുദ്ധിമുട്ടിയാണ് പാസായിട്ടുള്ളത്...!

തോറ്റു തുന്നമ്പാടിയ അവസ്ഥാ വിശേഷങ്ങളിൽ നിന്നൊക്കെ
ജയിച്ച് കയറി വരാനുള്ള പോംവഴികളൊക്കെ ആദ്യമായി എന്നെ
അഭ്യസിപ്പിച്ച് തന്ന  എന്റെ പ്രഥമ ഗുരു തന്നെയായിരുന്നു ഈ പങ്കജ വല്ലി.
എന്നിലാകെ പടർന്ന് കയറി പന്തലിച്ച ആദ്യത്തെ ഒരു പ്രണയത്താമര വല്ലി !

പത്താം തരത്തിലൊക്കെ പഠിക്കുമ്പോൾ  മേത്ത് തൊട്ടാൽ
വല്ലാതെ ഇക്കിളിയുണ്ടാകാറുണ്ടായിരുന്ന എന്റെ ശരീരത്തിലെ ഇക്കിൾ
ഞരമ്പുകളെല്ലാം  പ്രീ-ഡിഗ്രിക്കാലം കഴിയുമ്പോഴേക്കും അവൾ അടർത്ത് മാറ്റിയിരുന്നു...!

എന്തിന് പറയുവാൻ സ്വന്തം മോന്റെ ഭാവ വത്യാസങ്ങൾ ചിലതെല്ലാം
മനസ്സിലാക്കിയത് കൊണ്ട് , ആ സൂക്കേട് കൂടണ്ടാ എന്ന് കരുതിയാവാണം
അമ്മയും അച്ഛനും കൂടി , ആ അവസരത്തിൽ പങ്കജത്തിനെ പിടിച്ച്  മീൻ പിടുത്തക്കാരനായ അരിമ്പൂർ കുന്നത്തങ്ങാടി സദേശിയായ ചന്ദ്രന് , പണ്ടവും പണ്ടാരങ്ങളുമൊക്കെയായി കല്ല്യാണം കഴിച്ച് കൊടുത്തത് ...!
 അതിന് ശേഷം വല്ല വിശേഷങ്ങൾക്ക് പങ്കജം വീട്ടിൽ എത്തിച്ചേരുമ്പോൾ മാത്രമായിരുന്നു ഞങ്ങളുടെ പല ഒളിഞ്ഞ് നോട്ടങ്ങളിൽ കൂടിയും മറ്റും   ആ പഴയ ഒരിക്കലും ഒളിമങ്ങാത്ത സമാഗമങ്ങളുടെ അയവിറക്കലുകൾ നടത്തി പോന്നിരുന്നത് ...!

എന്നാലും ഇപ്പോഴും ഇടക്കൊക്കെ പല സന്ദർഭങ്ങളിലും ഈ പങ്കജം , ഒരു നീലത്താമര പോലെ എന്റെ സ്മരണകളിൽ വിരിഞ്ഞ് വിടർന്ന് ഒരു സൌകുമാര്യം വിടർത്താറുണ്ട് ...

വിട ചൊല്ലിപ്പോയാ കൊട്ടത്തളങ്ങളിൽ നിന്നും..
തുടി മേളങ്ങളൊത്തുള്ളയാ ... തൊട്ടി താളങ്ങൾ ,
തുടിക്കുന്നൂ .., എന്മനമിപ്പോഴും കൊതിക്കുന്നാ-
തുടി നാദം കേൾക്കുവാൻ .., ഒപ്പമാ വള കിലുക്കങ്ങളും.. ! ?

പിന്നീട് ഞാൻ എന്റെ പ്രണയാവേശങ്ങളെല്ലാം ആറി തണുപ്പിച്ചത്
എന്റെ പ്രഥമാനുരാഗ കഥയിലെ നായികയായ പ്രിയയിൽ അഭയം തേടിയാണ്...

ഇത്തവണ കൊയ്ത്ത് പാടത്ത് വെച്ച് കുമാരേട്ടനെ കണ്ടപ്പോഴാണ് ഞാൻ പങ്കജത്തിന്റെ കഥകളൊക്കെ വീണ്ടും ആരാഞ്ഞത് . പങ്കജത്തിന്റെ രണ്ട് പെണ്മക്കളുടേയും കല്ല്യാണം കഴിഞ്ഞ്  അവൾക്ക്  മൂന്ന് പേര ക്ടാങ്ങൾ വരെയായത്രെ....!

അവളുടെ ഭർത്താവ് ചന്ദ്രൻ ഇന്ന് കനോലി കനാലിലെ , ഒരു ടൂറിസ്റ്റ്
ഹൌസ് ബോട്ട് കമ്പനിയിലെ ഡ്രൈവറാണ് , ഒപ്പം പങ്കജത്തിന് ഹൌസ്
ബോട്ടിലെ വിസിറ്റേഴ്സിന്  വേണ്ടി കപ്പ , ചമ്മന്തി , താറാവ്, ചെമ്മീൻ , ഞണ്ട്
മുതലായ വിഭവങ്ങൽ തയ്യാറാക്കുന്ന പണിയും ഉണ്ട്.

കുമാരേട്ടനാണ് അന്ന് പാടത്ത് വെച്ച് പറഞ്ഞത്, മൂപ്പർ പിറ്റേന്ന് അരിമ്പൂർ കുന്നത്തങ്ങാടിയിലുള്ള ‘നൊമ്പാർക്കാവ് കാർത്തിക വേല‘ കാണുവൻ പങ്കജത്തിന്റെ വീട്ടിൽ പോകുന്നുണ്ടെന്ന് , എന്തോ എനിക്കും അവളെ വീണ്ടും നേരിട്ട് കാണാൻ ഒരു പൂതി...

 മാത്രമല്ല ഇന്ന് തൃശ്ശൂർ  ജില്ലയിലെ ഏറ്റവും ഗ്യാംഭീര്യമായ വെടിക്കെട്ട് നടക്കുന്നത് ഈ നൊമ്പാർക്കാവ് വേലയ്ക്കാണ് പോലും... ,
ആ വെടിക്കെട്ട് കാണുവാൻ ആഗ്രഹം പ്രകടിപ്പിച്ച് ,
ഞാനും വിരുന്നുകാരന്റെ കുപ്പായമെടുത്തണിഞ്ഞു...

പിറ്റേന്ന് ഒരു മൊബൈൽ ബാറ് ഏർപ്പാടാക്കി ഞാനും ,
കുമാരേട്ടനും നൊമ്പാർക്കാവ് വേല  നേരിട്ട് കാണുവാൻ പുറപ്പെട്ടു , നക്ഷത്ര ബാറുകളച്ച് പൂട്ടിയെങ്കിലും നാട്ടിൽ ഇന്ന് മൊബൈൽ ബാറുകളുടെ കടന്ന് കയറ്റം കാരണം ഹോട്ടടിക്കുന്ന കുടിയന്മാർക്ക് പറയതക്ക  കുഴപ്പമൊന്നുമില്ല.
എയർകണ്ടീഷനടക്കമുള്ള ചില ടൂറിസ്റ്റ് ട്രാവെലർ കം ടാക്സികളിലുമൊക്കെമാണ് മൊബൈയിൽ ബാറുകളുള്ളത്.
ബ്രാൻഡുകളും , ഫുഡ്ഡുകളും മുങ്കൂട്ടി ഓർഡർ ചെയ്ത ശേഷം , നമ്മൾ വണ്ടി വിളിച്ച് അതിരപ്പിള്ളിയിലേക്കോ, പീച്ചിയിലേക്കോ, ഗുവായൂർക്കോ ഒരു യാത്ര പോയാൽ മതി.
വണ്ടി ഓടികൊണ്ടിരിക്കുമ്പോഴും, ആളൊഴിഞ്ഞ പാർക്കിങ്ങ്
ഏരിയകളിലുമൊക്കെ വാടക വിളിച്ചവർക്ക് മധു ചഷകങ്ങൾ മോന്താം .

പിന്നെ ചില ആളൊഴിഞ്ഞ വമ്പൻ മണിമാളികകളിലും
ഇപ്പോൾ പാരലൽ സംവിധാനങ്ങളുമായി മദ്യമടക്കം ഒട്ടുമിക്ക
വിഭവങ്ങളും കിട്ടാനുമുള്ളത് കൊണ്ട് , പല വി.ഐ.പി കളും, മറ്റുമായ
ക്ഷണിതാക്കളായവർക്ക് ഇത്തരം ക്രിയകൾക്കൊന്നും യാതൊന്നിനും
നാട്ടിൽ ഇന്നും പഞ്ഞമില്ല..!
അതായത് ഭാഗ്യമുള്ളോന്റെ മോത്ത് എന്നും  പട്ടിക്കാട്ടം വിളയാടും എന്നർത്ഥം..!

അന്നുച്ചക്ക് ഒരു ‘മൊബൈയിൽ ബാറിലേറി’പങ്കജത്തിന്റെ  വീട്ടിൽ ചെന്ന്
കലക്കൻ ഒരു വിരുന്ന് ശാപ്പാടിനു ശേഷം , ചന്ദ്രനേയും , പങ്കജത്തിനേയുമൊക്കെ
കൂട്ടി , അന്തിക്കാട്ട് നിന്നും സംഘടിപ്പിച്ച ഒറിജിനൽ അന്തിക്കള്ളുമായി , തൊട്ടടുത്തുള്ള
കാനോലി കനാലിലൂടെ ചേറ്റുവ അഴിമുഖം വരെ , വളരെ ഇമ്പമായ ഒരു ഹൌസ് ബോട്ട് യാത്ര ..!

ബോട്ടിൽ വെച്ച് സൂര്യാസ്തമമയത്തിന്റെ വർണ്ണ പകിട്ട് കണ്ട് ,
കിന്നാരം ചൊല്ലി , ബിലാത്തി കഥകളും മറ്റും ചൊല്ലിയാടി , അവരുടെ
കളിവിളായാട്ടങ്ങൾക്കെല്ലാം കാതോർത്ത് ഞാൻ വീണ്ടും ആ പഴയ കൌമാരക്കാരനായി മാറികൊണ്ടിരിക്കുകയായിരുന്നു ...

അന്ന് തന്നെ , പൂരം കഴിഞ്ഞ് വെടിക്കെട്ട് സമയമായപ്പോഴേക്കും കുമാരേട്ടനും , ചന്ദ്രനുമൊക്കെ കുടിച്ച് പാമ്പ് പരിവമായതിനാൽ ഞാനും പങ്കജവും കൂടിയാണ് , അയലക്കത്തെ പറമ്പുകൾ താണ്ടി നെഞ്ചിടിപ്പോടെ തൊട്ടടുത്ത പാടത്ത് നടക്കുന്ന 13 മിനിട്ടോളമുള്ള ഈ കിണ്ണങ്കാച്ചി വെടിക്കെട്ട് (വീഡിയോ) ശരിക്കും ഒന്നിച്ച് കണ്ടും കേട്ടും ആസ്വദിച്ചത്.
അനേകം കൊല്ലങ്ങൾക്ക്
ശേഷം വർണ്ണാമിട്ടുകളുടെ അകമ്പടി
യോടെയുള്ള ഒരു സാക്ഷാൽ കൂട്ടപ്പൊരിച്ചിൽ ...!
പിറ്റേന്ന് 
ഏകലവ്യനെ പോലെ ഗുരു ദക്ഷിണ സമർപ്പിച്ച് , 
ഏകലക്ഷ്യനായി പകൽ പൂരത്തിരക്കിൽ ലയിച്ചില്ലാതായ് ഞാൻ
തായമ്പകയുടെ താളം
പഞ്ച വാദ്യത്തിന്റെ മേളപ്പെരുക്കം
എഴുന്നുള്ളിപ്പ് , കുട മാറ്റം , വെടിക്കെട്ട്
എല്ലാം കൊട്ടി കലാശിച്ച ഒരു പൂരം  ...പൊടി  പൂരം  ...!

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...