Monday 29 July 2019

സോഷ്യൽ അല്ലാതാകുന്ന സോഷ്യൽ മീഡിയ തട്ടകങ്ങൾ ...! / Social Allaathakunna Social Media Thattakangal ... !


അനേകായിരം പേർ ആഗോളപരമായി തന്നെ എന്നുമെന്നും കടന്ന് വന്നു കൊണ്ടേയിരിക്കുന്ന ലോകത്തിലെ ഇന്നത്തെ ഏറ്റവും ആകൃഷ്ടമായ ഒരു ഇടമാണ് ഇന്റർനെറ്റ് മുഖാന്തിരം പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ സൈറ്റുകൾ എന്ന നവ മാധ്യമങ്ങൾ എന്നറിയാമല്ലൊ ...

അതായത് അവനവന്റെ വിരൽ തുമ്പിലൂടെ അപ്പപ്പോൾ തന്നെ ലോകത്തിലുള്ള സകലമാന വിവര - വിജ്ഞാനങ്ങൾ അറിയുവാനും , വിളംബരം ചെയ്യുവാനും സാധിക്കുന്ന വിവര സങ്കേതിക വിനോദോപാധി തട്ടകങ്ങൾ ഇന്ന് മാനവ ജീവിതത്തിലെ ഒരു ഒഴിച്ച് കൂടാനാവാത്ത സംഗതി തന്നെയായി മാറിയിരിക്കുകയാണല്ലോ ഇപ്പോൾ ...

ഭൂലോകത്തുള്ള  ഭൂരിഭാഗം ആശയ വിനിമയങ്ങൾ മുഴുവനും വിവര സാങ്കേതിക  ഉപകരണങ്ങളിൽ കൂടി മാത്രം നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ നൂറ്റാണ്ടെന്നറിയപ്പെടുന്ന , ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭം കുറിച്ച സോഷ്യൽ മീഡിയ എന്ന പ്രതിഭാസം ,  ഇന്ന് മനുഷ്യ കുലത്തിലെ ഒരു അവിഭാജ്യ ഘടകമായി തീർന്നിരിക്കുന്നു എന്നത് ഒരു വസ്തുത തന്നെയാണല്ലോ ...


അടുത്ത ദശകങ്ങളിലെ പുതു തലമുറക്കാർക്കൊക്കെ ,  ഇത്തരം നവ മാധ്യമങ്ങൾ  ഇല്ലാതെ പല ജീവിത മുന്നേറ്റങ്ങളും നടത്താനാവില്ല എന്നാണ് പറയപ്പെടുന്നത്..!

അതായത് ഭാവിയിൽ ഒരാൾക്ക് , സകലമാന വിജ്ഞാനങ്ങളുടേയും തിരിച്ചറിവുകൾ ലഭിച്ച് കൊണ്ടിരിക്കുക , അതാതിടത്തിന്റെ സോഷ്യൽ മീഡിയ പോർട്ടലുകളിൽ കൂടിയായിരിക്കുമെന്നർത്ഥം ..!

 പഴയ മാധ്യമങ്ങളെയൊക്കെ അപേഷിച്ച് , ഒരു വ്യക്തിക്ക് സ്വന്തമായി തന്നെ -  ദൃശ്യ , ശ്രാവ്യ ,  ചലനങ്ങളെയെല്ലാം കൂട്ടിയിണക്കി വളരെ മനോഹരമായി ചിട്ടപ്പെടുത്തിയ ആശയങ്ങളൊ , വസ്തുതയൊ  , തന്റെ  തട്ടകത്തിലൊ  , മറ്റുള്ളവരുടെ വെബ് - തട്ടകങ്ങളിലൊ  കൊണ്ട് പോയി ആലേഖനം ചെയ്ത്  ആവിഷ്കരിക്കുവാൻ സാധിക്കുന്ന സംഗതികൾ , അപ്പപ്പോൾ തന്നെ വിവര സാങ്കേതിക വിദ്യയുപയോഗിച്ച് , ലോകം മുഴുവൻ പ്രചരിപ്പിച്ച് , പ്രാപ്തമാക്കുവാൻ സാധിക്കുന്ന ഇടങ്ങളാണ് നവ മാധ്യമങ്ങൾ  എന്നറിയപ്പെടുന്ന ഈ ഇന്റെർ-നെറ്റ് മുഖാന്തിരം പ്രവർത്തിക്കുന്ന എല്ലാ സോഷ്യൽ മീഡിയ സൈറ്റുകളും ..!

അന്യന്റെ സുഖവും , ദു:ഖവും, സ്വകാര്യതയും വരെ മറ്റുള്ളവർ അങ്ങാടിപ്പാട്ടായി കൊണ്ടാടുന്ന സോഷ്യൽ മീഡിയ തട്ടകങ്ങളിൽ ഇപ്പോൾ ആഗോള പരമായി ഒരു വല്ലാത്ത ഒരു മാന്ദ്യം സംഭവിച്ചിരിക്കുകയാണെന്നാണ് പുതിയ പഠനങ്ങൾ വെളിവാക്കുന്നത്...!

കണ്ടതും കേട്ടതുമായ സകല സംഗതികളും വീണ്ടും, വീണ്ടും ,കണ്ടും, കേട്ടും ഇത്തരം വെബ് തട്ടകങ്ങളിൽ സ്ഥിരമായി അഭിരമിക്കുന്നവർക്ക് മടുപ്പായി തുടങ്ങിയതുകൊണ്ടുള്ള ഒരു മാന്ദ്യമാണിതെന്ന് പറയുന്നു ...

ഇപ്പോൾ ഒരാളുടെ വിവര സാങ്കേതിക വിദ്യ  വിനോദോപാധി തട്ടകത്തിലെ  / ഗ്രൂപ്പിലെ  വേണ്ടപ്പെട്ടവരുടെ /മറ്റൊരു മിത്രത്തിന്റെ ജന്മദിനമോ , വിവഹ വാർഷികമോ പോലും , മാറി മാറി വന്നുകൊണ്ടിരിരിക്കുമ്പോൾ മറ്റുള്ളവർക്ക്  ബാധ്യതയൊ ,അലോസരമോ ഉണ്ടാക്കുന്ന തരത്തിൽ ആയികൊണ്ടിരുക്കുന്ന പ്രവണതയൊക്കെ ഇതിനുദാഹരണമായി കണക്കാക്കാവുന്നതാണ്...

എത്രയെത്ര മുന്നറിയിപ്പുകൾ ഉണ്ടായിട്ടും മദ്യപാനത്തിലും പുകവലിയിലുമൊക്കെ ആനന്ദവും , ആമോദവും കണ്ടെത്തുന്ന പോലെ തന്നെയുള്ള ഒരു വസ്തുത തന്നെയാണ് സോഷ്യൽ മീഡിയ സൈറ്റുകളിൽ അടിമത്വം വരുന്ന പ്രവണതയും എന്നാണ് പുതിയ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത് ...

തന്റെ മുന്നിൽ പെയ്യുന്ന മഴയുടെ മണവും , താളവും അറിയാതെ , മഞ്ഞിന്റെ മനോഹാരിത കാണാതെ  , ചുറ്റുമുള്ള പൂക്കളുടെ ഭംഗികൾ ആസ്വദിക്കാതെ ,കടലിന്റെ ഇരമ്പം കേൾക്കാതെ പ്രകൃതിയെ തൊട്ടറിയാത്ത , ഒരു നീണ്ടയാത്രയിൽ  പോലും  തൊട്ടടുത്തിരിക്കുന്നവരോട് ഒന്നും മിണ്ടാതെ ഇയർ /  ഹെഡ് ഫോണുകളാൽ തലയാവണം നടത്തി ഇന്റർനെറ്റ് ലോകത്തിൽ മാത്രം മുഴുകി സംഗീതവും ,സിനിമയുമടക്കം സോഷ്യൽ മീഡിയ സൈറ്റുകളിൽ അഭയം തേടി സ്വയം അവനവനിലേക്ക് മാത്രം ഒതുങ്ങി കൂടി കൊണ്ടിക്കുന്ന ഒട്ടും സാമൂഹിക ചുറ്റുപാടുകൾ അറിയാതെ ആത്മസുഖത്തിൽ ലയിച്ച് ആത്മരതിയിൽ രമിച്ചുകൊണ്ടിരിക്കുന്നവരുടെ ഒരു തലമുറയെയാണ് സോഷ്യൽ മീഡിയ സെറ്റുകൾ വാർത്തെടുക്കുന്നത് എന്ന്  പറയുന്നു ...!


അതായത് സോഷ്യൽ
അല്ലാതാകുകയാണ് ഇപ്പോൾ
ഒരുവിധം സോഷ്യൽ മീഡിയ തട്ടകങ്ങൾ എന്നാണ് പുതിയ റിസേർച്ചുകൾ കണ്ടെത്തുന്നത് ...!

ഒരു സാമൂഹ്യ ജീവി എന്ന നിലയിലുള്ള മനുഷ്യന്റെ അധഃപതനത്തിന്റെ പുത്തൻ കാഴ്ച്ചകളാണിതൊക്കെ ... !

ഈ പുത്തൻ നൂറ്റാണ്ടിൽ പൊട്ടിമുളച്ച് അതിവേഗം ദ്രുതഗതിയിൽ വളർന്ന് വലുതായി കൊണ്ടിരിക്കുന്ന , നാമൊക്കെ എന്നുമെപ്പോഴും വിളയാടിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് അനേകം ഗുണങ്ങൾക്കൊപ്പം അതിലേറെ  ദോഷ വശങ്ങളുമുള്ള ഇന്നുള്ള സകലമാന സോഷ്യൽ മീഡിയ സൈറ്റുകളും ...!
ആഗോളപരമായി ഇന്നുള്ള ലോക ജനസംഖ്യയുടെ പകുതിയോളം ആളുകൾ ഡിജിറ്റൽ യുഗം എന്നറിയപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇന്റർനെറ്റ് ഉപഭോക്താക്കളാണെന്നാണ് പഠനങ്ങൾ പറയുന്നത് .

ആയതിൽ 70  ശതമാനം പേരും ഏതെങ്കിലും സോഷ്യൽ മീഡിയ തട്ടകങ്ങൾ ഉപയോഗിക്കുന്നവരാണെന്നും പറയുന്നു . ഇവരിൽ 30  ശതമാനം പേരും സോഷ്യൽ മീഡിയ സെറ്റുകളിൽ അഡിക്ടായി/അടിമകളായി  അവരുടെ ഭൂരിഭാഗം സമയവും ഇത്തരം തട്ടകങ്ങളിൽ ചിലവഴിച്ച്  സ്വയം ദോഷങ്ങളുണ്ടാക്കിയും , മറ്റുള്ളവർക്ക് അലോസരങ്ങൾ സൃഷ്ട്ടിച്ച്  കൊണ്ടിരിക്കുന്നവരുമാണെന്നാണ് വെളിവാക്കുന്നത് ...!

സമീപ ഭാവിയിൽ തന്നെ നാം പറയുന്നത്  പോലും എഴുത്തായി പ്രസിദ്ധീകരിക്കുന്ന ആപ്പുകൾ സജീവമായി ഡിജിറ്റൽ മേഖലകളിൽ പ്രചാരത്തിലാവും എന്നാണ് കരുതുന്നത് ...

തികച്ചും  വ്യക്തിപരമായ ഇടങ്ങളിൽ പോലും
അനോണികളായും ,ട്രോളുകളായും , ഇല്ലാ - വാർത്തകളുമായി 
(ഫേക് ന്യൂസ് ) പലരും നേര് ഏത് , നുണയെന്നറിയാതെ പങ്കുവെച്ചിട്ടും മറ്റും പല  വ്യക്തികൾക്കും , വിവിധ സ്ഥാപനങ്ങൾക്കും , ഒട്ടുമിക്ക പ്രസ്ഥാനങ്ങൾക്കും വരെ ഭീക്ഷണിയാവുന്ന തരത്തിലും ഇത്തരം വിവര സാങ്കേതികത വിനോദോപാധി  തട്ടങ്ങൾക്കാകും എന്ന്  സാരം ...!


ഈയിടെ പിന്ററസ്റ് എന്ന സോഷ്യൽ മീഡിയ തട്ടകത്തിലെ ദോഷവശങ്ങളും , തമാശകളും അടങ്ങിയ അനേകായിരം ട്രോളുകളും , കാർട്ടൂണുകളും അനേകായിരം പേർ ഷെയർ ചെയ്ത പോസ്റ്റിലൂടെ  ഒന്ന് വിശദമായി  നോക്കിയാൽ മാത്രം മതി സോഷ്യൽ മീഡയ സെറ്റുകൾ എന്നത് ഇന്നത്തെ മാനുഷിക അവസ്ഥാ വിശേഷങ്ങളെ എന്തുമാത്രം 'അൺസോഷ്യലാ'ക്കി തീർക്കുന്നു എന്നത് ...!

നാനാതരത്തിൽ ഇന്നുള്ള സോഷ്യൽ മീഡിയ സൈറ്റുകളിലുള്ള അടിമത്തം /അഡിക് ഷൻ കാരണം വിദ്യഭ്യാസം, ജോലി , ദാമ്പത്യം , കുടുംബം, മാനസികാരോഗ്യം എന്നീ പൽ മേഖലകളിലും  വല്ലാത്ത വിവിധതരത്തിലുള്ള പ്രശ്നങ്ങൾ എന്നുമെന്നും സംഭവിച്ചു കൊണ്ടേയിരിക്കുകയാണെന്നാണ് പുതിയ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത് ...

ഇത് മാത്രമല്ല  സോഷ്യൽ മീഡിയ ഇടങ്ങൾ നമ്മൾ ഓരോരുത്തർക്കും സാധ്യമാക്കി തരുന്ന ഇന്റർനെറ്റ് / ഇലക്‌ട്രിക് / ഇലക്ട്രോണിക് /പ്ലാസ്റ്റിക് ഉപകരണങ്ങളിൽ നിന്നുള്ള റേഡിയേഷൻ   തരംഗങ്ങളും , പൊലൂഷൻ മുതലായ അനേകം സംഗതികൾ നാം അടക്കം ഭൂമിയിലെ ജീവജാലങ്ങൾക്കും , ആവാസ വ്യവസ്ഥിതിക്കുമൊക്കെ വല്ലാത്ത  ഭീക്ഷണിയായി പരിണമിച്ച്‌ കൊണ്ടിക്കുകയാണെന്നുള്ള കാര്യവും എല്ലാവരുടെയും ഓർമ്മയിൽ ഉണ്ടായിരിക്കണം ...!
ഒപ്പം ധാരാളം ഗുണങ്ങൾക്കൊപ്പം
തന്നെ അനേകം ദോഷങ്ങളുമുള്ള
ഇത്തരം സൈറ്റുകളിലാണ് , ഇപ്പോൾ അനേകരുടെ മനുഷ്യോർജ്ജം വെറുതെ പാഴായി കൊണ്ടിരിക്കുന്നത്  എന്നുള്ള സത്യവും ...!
നാം സ്ഥിരം മേഞ്ഞുനടക്കുന്ന സോഷ്യൽമീഡിയ തട്ടകങ്ങളിൽ കൂടി ചുമ്മാ ഒരു എത്തി നോട്ടം മാത്രമാണിത് കേട്ടോ കൂട്ടരേ ...

അധികമായാൽ അമൃതും
വിഷം എന്നാണല്ലൊ ചൊല്ല്
അത് കൊണ്ട് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ...!

അതിനാൽ ആർക്കുമെപ്പോഴും
ഇന്നിപ്പോൾ എന്നുമെവിടേയും ഏറെ
സുലഭമായി കിട്ടിക്കൊണ്ടിരിക്കുന്ന ഇന്റർനെറ്റും
ഉളം കൈയിൽ കൊണ്ടുനടക്കാവുന്ന ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളും അവരവരുടെ നിഴൽ  പോലെ കൂടെയുണ്ട് ...

ആയവ മുഖാന്തിരം  സോഷ്യൽ മീഡിയ
സൈറ്റുകൾ മാത്രം അല്ലാതെ  ആമസോണിലെ
നല്ല ഹോട്ട് മൂവികളും , നെറ്റ്‌സ്‌ഫിക്‌സിലെ പുതുപുത്തൻ
ആഗോള സിനിമകളും , ബി.ബി.സി ഐ-പ്ളേയറിലെയും ,
ഐ .ടി .വി. ഹബ്ബിലേയും ആനിമൽ  പ്ലാനറ്റടക്കമുള്ള കിണ്ണൻങ്കാച്ചി ഡോക്യമെന്ററികളും , യൂ ട്യൂബിലെ ഇഷ്ട്ടകാഴ്ച്ചകളും ഉള്ളിടത്തോളം കാലം മ്മ് ..ക്കൊക്കെ എന്തൂട്ട് പ്രശ്നം ...ല്ലേ ....


++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++



 പിൻകുറിപ്പ്  :-

ബ്രിട്ടീഷ് മലയാളി പത്രത്തിന്റെ    
 കോളത്തിൽ  മുമ്പ് എഴുതി പ്രസിദ്ധീകരിച്ച 
കുറിപ്പുകളാണിത് ...

ഇതോടൊപ്പം കൂട്ടി വായിക്കുവാൻ ,
ഇതാ കുറച്ച് കൊല്ലം മുമ്പ് എന്റെ ബ്ലോഗിൽ  
എഴുതിയിട്ട  ഒരു ലേഖനവും  ചേർക്കുന്നു ...

ബ്ലോഗിങ്ങ് അഡിക്ഷനും ഇന്റർനെറ്റ് അടിമത്തവും

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...