Monday 30 September 2019

അമ്മ ചിന്തുകൾ ...! / Amma Chinthukal ...!

എല്ലാ മക്കളുടേയും മരുമക്കളുടേയും, പേര കുട്ടികളുടേയും അവസാന പരിചരണം ഏറ്റുവാങ്ങി - അടുത്ത എല്ലാ ബന്ധു മിത്രാധികളോടും മിണ്ടിപ്പറഞ്ഞ്, ആരോടും ഒരു യാത്ര പോലും പറയാതെ എട്ട് പതിറ്റാണ്ട് കാലം പിന്നിട്ട ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി വിടപറഞ്ഞ് 2019 സെപ്തംബർ മാസം 19 - ന് അമ്മ പോയി...! 

അച്ഛന്റെ ചാരത്ത് വീണ്ടും വർഷങ്ങൾക്കു ശേഷം തറവാട്ടു വീടിന്റെ 
തെക്കേപ്പുറത്ത് പേരക്ക മാവിന്റെ ചുവട്ടിൽ, ഒരു പിടി ചാരമായി അന്ത്യവിശ്രമം കൊള്ളുകയാണിപ്പോൾ അമ്മ..!


കരുവന്നൂർ പുഴയുടെ തീരത്തുള്ള എട്ടുമുനയിൽ ജനിച്ചു വളർന്ന്, പൊട്ടുചിറ
സ്കൂളിൽ ടീച്ചറായിരുന്ന അമ്മയുടെ യൗവ്വന കാലം ഓർമ്മിപ്പിക്കുന്നത് പണ്ടത്തെ ബ്ലാക്ക് & വൈറ്റ് സിനിമകളിലെ ചില നായികമാരുടെ മുഖവും പ്രസരിപ്പുമൊക്കെയാണ്...
അതേ പ്രസരിപ്പും ഉന്മേഷവുമായി കാലം ചെല്ലും തോറും കണിമംഗലത്തെ
തറവാട്ടിലെ നാലു പുത്രവധുക്കളിൽ മരുമകളായും, അമ്മയായും, അമ്മായിയമ്മയായും , അമ്മൂമ്മയായും, ഒരു ഉത്തമ തറവാട്ടമ്മയായും ഏറ്റവും നന്നായി കൂടുതൽ കാലം നിറഞ്ഞാടിയത് അമ്മ തന്നെയായിരുന്നു എന്നത് യാഥാർഥ്യമാണ് ...
കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിലുമായി അമ്മയുടെ അമ്മ മുതൽ മകളുടെ
പേരക്കുട്ടിയടക്കം അഞ്ച് തലമുറകളെ വരെ പരിപാലിക്കുവാനുള്ള സൗഭാഗ്യം കൂടി കിട്ടിയിട്ടാണ് അമ്മ പോയത്... 
അമ്മക്ക് പ്രണാമം..

ഞങ്ങൾ മക്കളെല്ലാം കുടുംബസമേതം അമ്മയോടോപ്പമുള്ള ഒത്തുകൂടലുകൾ കഴിഞ്ഞ രണ്ട് ദശകങ്ങളായി കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ മാത്രമെ സംഭവിക്കാറുള്ളൂ .

ഇക്കാലങ്ങളത്രയും നേരിട്ട് കാണാറില്ലെങ്കിലും ആഴ്ച്ചയിൽ ഒരുവട്ടമെങ്കിലും അമ്മയുമായി ഫോണിൽ കൂടി സംസാരിക്കുകയൊ , ഇന്റർനെറ്റ് മുഖാന്തിരം കാണുകയൊ ചെയ്യാത്ത അവസരങ്ങൾ ഇല്ലെന്ന് തന്നെ പറയാം .


അനുജനും കുടുംബവും  തൊട്ടപ്പുറത്ത് താമസിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ഒന്നൊര പതിറ്റാണ്ടായി തറവാട്ടുവീട്ടിൽ ഒറ്റക്ക് അമ്മയുടേതായ ചിട്ടവട്ടങ്ങളോടെ ഒരു തറവാട്ടമ്മയായി വാഴുകയായിരുന്നു ഈ സ്ത്രീരത്നം. എന്റെ സഹോദരിമാർ രണ്ടും കുടുംബാംഗങ്ങളുമായി  ഇടക്കിടക്ക് മാതാശ്രീയോടൊപ്പം വന്നുനിന്നും പോകാറുണ്ടായിരുന്നു.

പക്ഷെ മൂനാലുകൊല്ലമായി അമ്മയുടെ ഇഷ്ടപ്രകാരം എല്ലാ ഓണക്കാലങ്ങളിലും നാലുമക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാം തറവാട്ടിലെത്തി ഒത്തുകൂടി കുറച്ച് ദിവസം അടിപൊളിയായി ഓണാഘോഷങ്ങളിൽ പങ്കെടുത്തെ പിരിഞ്ഞുപോകാറുള്ളൂ


അമ്മയുടെ ഓണത്തിന് മാധുര്യം ഏറെയാണ് . അര നൂറ്റാണ്ടിലേറെയായി വീട്ടമ്മയായും തറവാട്ടമ്മയായും ഒരുമയുടെയും ഒത്തു ചേരലിന്റെയും പൊന്നോണ നാളുകൾ കൊണ്ടാടുന്ന അമ്മക്ക് എട്ട് പതിറ്റാണ്ടിൽ മേലെയുള്ള ഓണം ഓർമ്മകൾ ഉണ്ട്...
സന്തോഷവും, ദു:ഖവും, സങ്കടവുമൊക്കെ ഇഴപിരിഞ്ഞുള്ള എത്രയെത്ര ഓണക്കഥകളാണ് അമ്മ ഞങ്ങളെയൊക്കെ അപ്പോൾ ചൊല്ലി കേൾപ്പിച്ചിട്ടുള്ളത്... 

ഇതുമാത്രമല്ല സ്വാതന്ത്യ്രത്തിനു മുമ്പുള്ള  ഭാരത്തിന്റെ കഥയും , മലയാള നാടുകളുടെ കഥയും പിന്നീട് അവയൊക്കെ ഒന്നായി പുതു കേരളം ഉടലെടുത്ത അനുഭവ ചരിതവുമൊക്കെ പല പുരാണ കഥകൾക്കൊപ്പം ഇത്തിരി പൊടിപ്പും തൊങ്ങലും വെച്ച് ബാല്യകാലത്തൊക്കെ ഞങ്ങൾക്ക് വിളമ്പിത്തന്നിട്ടുള്ളതും ഈ ടീച്ചറമ്മ തന്നെയായിരുന്നു ...!

ഇതൊന്നും പോരാത്തതിന് എനിക്ക് ഇരുപത് തികയുന്നതിന് മുമ്പ് ഞങ്ങളുടെ അച്ഛൻ അകാലത്തിൽ ഞങ്ങളെ വിട്ട് പോയതിന് ശേഷം സ്വന്തം താലി മാലയടക്കം ,പുരയിടത്തിലെ പ്ലാവും  തേക്കുമൊക്കെ വിറ്റിട്ട് വരെ തന്റെ നാലുമക്കളേയും നല്ല ചൊല്ലുള്ളിയോടെ പഠിപ്പിച്ച് വളർത്തി വലുതാക്കി സ്വന്തം കാലിൽ ഉയർന്ന് നിൽക്കുവാൻ പ്രാപ്തരാക്കിയതിന്റെ ഫുൾ ക്രെഡിറ്റും അമ്മക്ക് മാത്രം അവകാശപ്പെട്ടതാണ് ...

അതിനുശേഷം  അതാതുസമയത്ത് നാട്ടുനടപ്പനുസരിച്ച് നാലുമക്കളുടെ കല്യാണവും  പിന്നീട്  കാലക്രമേണ  എട്ട് പേരക്കുട്ടികളും ജനനവും കഴിഞ്ഞപ്പോൾ അമ്മായിയമ്മയും മുത്തശ്ശിയുമായി കൂടുമാറ്റം നടത്തി അവസാനം പെങ്ങളുടെ മകൾക്ക് കുട്ടിയുണ്ടായപ്പോൾ മുതുമുത്തശ്ശി  പട്ടവും വരെ അലങ്കരിക്കുവാൻ ഭാഗ്യം സിദ്ധിച്ചവളാണ് -  ഇപ്പോൾ ഞങ്ങളുടെ അച്ഛന്റെ തറവാട്ടിലെ കാരണവത്തിയായിരുന്ന ഈ ആയമ്മ .

ഷഷ്ടിപൂർത്തിയും ,സപ്തതിയുമെല്ലാം വെറും ചെറിയ ആഘോഷങ്ങളിൽ ഒതുക്കിയ ഈ തറവാട്ടമ്മയുടെ  നവതിക്ക് മുമ്പ് കൊണ്ടാടുന്ന ആയിരം പൂർണ്ണ ചന്ദ്രമാരെ ദർശിക്കുന്ന ദിനം വളരെ കെങ്കേമമായി കൊണ്ടാടുവാൻ തീരുമാനിച്ച  ഞങ്ങൾ തറവാട്ടിലെ ഇളംമുറക്കാരെ ദു:ഖത്തിലാഴ്ത്തിയാണ് അമ്മയുടെ വേർപ്പാട് ഇപ്പോൾ പെട്ടെന്നുണ്ടായത് .
ആയിരം പോയിട്ട് നൂറല്ല ഒരു ഫുൾ മൂണിനെ പോലും പത്ത് മിനുട്ടിൽ  കൂടുതൽ നോക്കിനിന്നിട്ടില്ല  എന്നാണ് ഇതിനെ കുറിച്ച് അമ്മയോട് പറഞ്ഞപ്പോൾ കിട്ടിയ ഉത്തരം.
ആയതിന് ബാല്യം തൊട്ട് ഇതുവരെയുണ്ടായിരുന്ന മുതുമുത്തശ്ശിയടക്കം തറവാട്ടമ്മപ്പട്ടം ചാർത്തി കിട്ടുന്ന വരെ മാന:സമാധാനത്തോടെ അര നാഴിക പോലും ഒന്ന് കുത്തിയിരിക്കുവാൻ സാധിച്ചിട്ടില്ലാത്തവളായിരുന്നുവല്ലോ ഈ പുണ്യവതി   .



വീട്ടിലെയും മറ്റും പല തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോഴും  വല്ലാത്ത ധൈര്യത്തോടെ ആയത് ഏറ്റെടുത്ത്  നടപ്പിലാക്കുവാനുള്ള ഒരു പ്രത്യേക പ്രാവീണ്യം അമ്മക്കുണ്ടായിരുന്നു .  പണ്ട് ചെറുപ്പകാലങ്ങളിൽ പൂർണ്ണ നിലാവുള്ളപ്പോൾ പോലും ഓലകൊണ്ട് മറച്ചുണ്ടാക്കിയ മറപ്പുരയിലേക്ക് പോകുവാനൊ , തൊടിയിലെ കുളത്തിൽ പോയി കുളിക്കുവാനോ വരെ അമ്മയ്ക്കും സോദരിമാർക്കുമൊക്കെ ഒരു വല്ലാത്ത പേടിയായിരുന്നു എന്നാണ് 'അമ്മ പറയാറ് .അന്നത്തെ ആ പേടിത്തൊണ്ടിയായ ഒരു പെണ്ണിൽ നിന്നും അപാര ധൈര്യവതിയായി മാറിയതിന് ഏറ്റവും നല്ല ഒരു  ഉദാഹരമാണ് മൂനാലുകൊല്ലം മുമ്പ്  പാതിരാവിൽ വീട് പൊളിക്കുവാൻ വന്ന ഒരു കള്ളനെ  ഒറ്റക്ക് താമസിക്കുന്ന അമ്മ ഓടിച്ചു വിട്ടത് .




അമ്മയുടെ ജീവിതാനുഭങ്ങൾ വർണ്ണിക്കുകയാണെങ്കിൽ ഇതുപോലെ എത്രയെത്ര പറഞ്ഞാലും തീരാത്ത കാര്യങ്ങളുണ്ട് .അതെ നമ്മൾ ഓരോരുത്തരും എത്ര വലുതായി ഏത് ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കിയതിന് പിന്നിലും ഇത്തരം കാര്യക്ഷമമായി പ്രവർത്തിച്ച അമ്മക്കരങ്ങളുണ്ടാകും ..!

അവർ ജീവിച്ചിരിക്കുന്ന കാലം 
വരെ അവരുടെ കുഞ്ഞുങ്ങളായി നമ്മളും . 
അതെ നമ്മുടെ  അമ്മയുടെ വേർപ്പാടിനോളം 
അനാഥത്വം ഉള്ളത് വേറെ എന്തിനാണ് ഉള്ളത് അല്ലെ 









അമ്മ ചിന്തുകൾ ...

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...