Friday 8 December 2017

ആംഗലേയ നാട്ടിലെ മലയാളം കലാ സാഹിത്യ കുതുകികൾ ... ! / DRAFT COPY Angaleya Naattile Malayalam Kala Sahithya Kuthukikal ... !

അനേകം മലയാളി വംശജർ
ഇന്നീ ആംഗലേയദേശങ്ങളിൽ വസിക്കുന്നുണ്ടെങ്കിലും , ഇതിൽ ഒട്ടുമിക്കവർക്കും  നമ്മുടെ  പഴയകാല കുടിയേറ്റ ചരിത്രങ്ങൾ അത്ര വ്യക്തമായി അറിയില്ല എന്നതാണ്  വാസ്തവം ...!
ഇത്തരം മലയാളി കുടിയേറ്റത്തിന്റെ ചരിത്രങ്ങളിലേക്ക് ഒരു എത്തി നോട്ടം നടത്തി  അന്നും , ഇന്നും ,  ഈ ചരിതങ്ങളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച്  ഇടം നേടിയ ചില മഹത് വ്യക്തികളെ ഇവിടെ ജസ്റ്റ്  ഒന്ന് പരിചയപ്പെടുത്തുകയാണ് ...

ചരിത്രത്തിൽ മറഞ്ഞിരിക്കുന്നവരെ പരിചയപ്പെടുത്തുന്ന തോടൊപ്പം തന്നെ ,ഇപ്പോൾ ഇവിടെ ആംഗലേയ ദേശങ്ങളിൽ , അങ്ങിങ്ങായി വേറിട്ടു  കിടക്കുന്ന കുറച്ച് കലാ സാഹിത്യ പ്രതിഭകളെ പരസ്പരം കൂട്ടിയിണക്കുക എന്ന ഒരു സ്വദുദ്ദേശത്തോടു കൂടി ലണ്ടനിലുള്ള 'കട്ടൻ കാപ്പിയും കവിതയും  ' എന്ന കലാസാഹിത്യ സാംസ്കാരിക കൂട്ടായ്മയുടെ പ്രവർത്തകർ നടത്തിയ അന്വേഷണങ്ങളാണ്  ഈ സചിത്ര ലേഖനങ്ങൾ ഫലപ്രാപ്തി  കൈവന്നതിനുള്ള  കാരണം ... !

അപ്പോൾ ചരിത്രങ്ങളിൽ മറഞ്ഞിരിക്കുന്ന മഹാരഥന്മാരായ ആംഗലേയ നാട്ടിലുണ്ടായിരുന്ന മലയാളി വല്ലഭരിൽ നിന്നും പരിചയപ്പെടുത്തലുകൾ  തുടങ്ങാം...

ഓർബി   മേനോൻ
തിരുവനന്തപുരത്ത് 1912 - ൽ അന്ന് കാലത്ത് ബ്രിട്ടനിലുണ്ടായിരുന്ന ഐറിഷ്- മലയാളി മാതാപിതാക്കളുടെ മകനായി ജനിച്ച് , പിന്നീട് ലണ്ടനിൽ  വന്ന്  കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഓർബി മേനോൻ  എന്ന Salvator Aurbrey Clarence Menon  മലയാളത്തിലും , ആംഗലേയത്തിലും എഴുതുന്ന ഒരു സമ്പൂർണ്ണ എഴുത്തുകാരനായിരുന്നു. 
ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും ബിരുദമെടുത്തശേഷം നാടക നിരുപകനായും , നാടക സംവിധായകനായും പ്രവർത്തിക്കുന്നന്നതിനിടയിൽ നർമ്മലേഖനങ്ങൾ എഴുതുവാൻ ആരംഭിച്ചു. 
ആക്ഷേപ ഹാസ്യത്തിലൂടെ ഇദ്ദേഹം രചിച്ച പല നാടകങ്ങളും ഹിറ്റായതിനെ തുടർന്ന് ഓർബി മേനോൻ  പിന്നീട് പല യാത്രാ വിവരണങ്ങളും , നോവലുകളും എഴുതുവാൻ തുടങ്ങി. ഐറിഷ് -ഇന്ത്യൻ പാരമ്പര്യത്തിന്റെ മികവിൽ , ഒട്ടും നാഗരികമല്ലാത്ത ഇന്ത്യൻ മിത്തുകൾ കോർത്തിണക്കി ഇദ്ദേഹം രചിച്ച് 1947 ൽ ആദ്യം പുറത്തിറങ്ങിയ നോവലാണ്  'The Prevalence of Witches ' .
പിന്നീട് 1989 ൽ വരെയുള്ള കാലഘട്ടങ്ങളിൽ ഇദ്ദേഹം10 നോവലുകളും , 6  യാത്രാവിവരണങ്ങളും , അത്രതന്നെ ലേഖന /നർമ്മ സമാഹാരങ്ങളും എഴുതിയിട്ടുണ്ടായിരുന്നു. 
വാത്മീകി രാമായണം , എഴുത്തച്ഛൻ കിളിപ്പാട്ട് രാമായണം , മാപ്പിള രാമായണം എന്നൊക്കെ പറയുന്ന പോലെ  ആംഗലേയത്തിൽ 'ഓർബി രാമായണം' ( The Ramayana, As Told by Aubrey Menen  ') എന്നൊരു മാസ്റ്റർ പീസ് ഗ്രൻഥവും  1954 - ൽ ഇദ്ദേഹം പുറത്തിറക്കിയിട്ടുണ്ട് . 
ആ കാലഘട്ടങ്ങൾക്ക് മുമ്പേ തുടങ്ങിവെച്ച മലയാളി സമാജത്തിന്റെ പല പ്രവർത്തന  രംഗത്തും ഓർബി മേനോൻ  എന്ന ഹാസ്യ സാമ്രാട്ടിന്റെ സാനിദ്ധ്യം കുറെ കൊല്ലം ഉണ്ടായിരുന്നു . തിരികെ കേരളത്തിൽ വന്ന്  താമസിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു 1989 ൽ - ജീവിതത്തിൽ എന്നും ഒറ്റയാനായി ജീവിച്ചിരുന്ന ഓർബി മേനോന്റെ അന്ത്യവും ഉണ്ടായത് ...

വി.കെ .കൃഷ്ണ മേനോൻ
തലശ്ശേരിയിൽ ജനിച്ച് ബാല്യകാലം  കോഴിക്കോടും , ബിരുദ പഠനം മദ്രാസ്  കൃസ്ത്യൻ കോളേജിലും പൂർത്തിയാക്കി 1924 ൽ ലണ്ടനിൽ എത്തി ലണ്ടൻ യൂണി : കോളേജ് / ലണ്ടൻ സ്‌കൂൾ ഓഫ് എക്കൊണോമിക്‌സ്  തുടങ്ങിയ സ്ഥാപനങ്ങളിൽ   നിന്നും ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയ വി.കെ .കൃഷ്ണമേനോൻ  അനേകം വിജ്ഞാന ഗ്രൻഥങ്ങളുടെ രചയിതാവാണ് . സാഹിത്യത്തിലും , പ്രസംഗത്തിലും , രാഷ്ട്രീയത്തിലുമൊക്കെ വല്ലഭനായ - വെള്ളക്കാർ പോലും മാനിക്കുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു ഈ വല്ലഭൻ .
നല്ലൊരു വാഗ്മിയും , പത്രപ്രവർത്തകനും,  എഴുത്തുകാരനുമായ വി.കെ.കൃഷ്ണമേനോൻ  - പെൻഗിൽ പബ്ലിക്കേഷന്റെ എഡിറ്ററായും , ലേബർ പാർട്ടിയുടെ നേതാവായും , ആദ്യത്തെ ഭാരതീയ വംശജനായ കൗണ്സിലറായും , സ്വാതന്ത്ര്യാനന്തരം ആദ്യത്തെ ഇന്ത്യൻ ഹൈക്കമ്മീഷ്ണറായും 1952 വരെ ലണ്ടനിൽ ഉണ്ടായിരുന്ന സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനായിരുന്നു . അതോടൊപ്പം ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ,  ഇന്ത്യാ ലീഗ് മൂവ്മെന്റ് , മലയാളി സമാജം എന്നിവയുടെ രൂപീകരണത്തിന് നേതൃത്വം കൊടുത്തതും വി.കെ.കൃഷ്ണമേനോൻ എന്ന സാരഥിയായിരുന്നു ... !

കെ.പി.കേശവ മേനോൻ 

പാലാക്കാട്ടുള്ള തരൂരിൽ ജനിച്ച് മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ ബിരുദമെടുത്ത ശേഷം 1917 ൽ ലണ്ടനിൽ വന്ന് Middle Temple  ബാരിസ്റ്റർ ബിരുദം കരസ്ഥമാക്കിയ വ്യക്തിത്വത്തിനുടമയാണ് . പിന്നീടുള്ള ലണ്ടൻ സഹവാസത്തിന്റെ  രണ്ടാമൂഴം കൂടി കഴിഞ്ഞ ശേഷം  ; ക്രാന്തദർശിയും , പത്രപ്രവർത്തന രംഗത്തെ അതിപ്രഗൽഭനുമായിരുന്ന  'മാതൃഭൂമി ' പ്രസിദ്ധീകരണങ്ങളുടെ തലതൊട്ടപ്പനായിരുന്ന ശ്രീ . കെ.പി. കേശവമേനോനാണ്  , ‘ബിലാത്തി വിശേഷം ’ എന്ന പുസ്തകത്തിൽ കൂടി മലയാളികൾക്കാദ്യമായി ലണ്ടനിലെ പല അത്ഭുതകാഴ്ച്ചകളും മറ്റും പരിചയപ്പെടുത്തി തന്നത്.
നമ്മളിൽ നിന്നുമൊക്കെ ഏറെ വിഭിന്നമായ   ബ്രിട്ടീഷ് ജനതയുടെ ഒരു നൂറ്റാണ്ടുമുമ്പുണ്ടായിരുന്ന സാംസ്കാരിക ജീവിത തനിമകളും , എടുത്തുപറയാവുന്ന പല ബിലാത്തി വിശേഷങ്ങളും , വളരെ നൈർമ്മല്ല്യമായ ഭാഷയിലൂടെ നമ്മുടെ പഴയ തലമുറയിൽ പെട്ടവർക്കും , പിന്നീടുള്ളവർക്കും അറിയാൻ കഴിഞ്ഞത്   'ബിലാത്തി വിശേഷം  , നാം മുന്നോട്ട് ' മുതലുള്ള ഈ സാഹിത്യ വല്ലഭന്റെ പുസ്തകങ്ങളിലൂടേയും, എഴുത്തുകളിലൂടെയുമാണ് . 
ഇദ്ദേഹം  അന്ന് കാലത്ത് ലണ്ടനിൽ ഉണ്ടായിരുന്നപ്പോഴാണ് , ആദ്യമായി ഇവിടെ മലയാള ഭാഷ സാഹിത്യ പ്രവർത്തനങ്ങൾക്കും , കേരള സമാജത്തിനുമൊക്കെ തുടക്കം കുറിച്ചതും ആയതൊക്കെ നല്ല രീതിയിൽ നടത്തി പോന്നതും ...

എം.എ .ഷക്കൂർ ഈ കാലഘട്ടത്തിൽ തന്നെ തിരുവന്തപുരത്തുള്ള വക്കത്തുനിന്നും നിന്നും , ലണ്ടനിലെത്തി ഉപരി പഠനം നടത്തിയ പണ്ഡിതനും വാഗ്മിയുമായ എഴുത്തുകാരനായിരുന്നു മുഹമ്മദ് അബ്ദുൾ ഷക്കൂർ (എം.എ . ഷക്കൂർ) . 
അന്ന്  കാലത്ത് ധാരാളം ലേഖന സമാഹാരങ്ങളും ,യാത്രാവിവരണങ്ങളും , കഥകളും , കവിതകളുമൊക്കെ എഴുതിയിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യ സമര സമര പോരാളിയും പത്രപ്രവർത്തകനുമായ വക്കം മൗലവിയുടെ സഹോദരീ പുത്രനായിരുന്നു (പൂന്ത്രാൻ കുടുബാംഗം). 
എം.എ . ഷക്കൂർ   തകഴി ശിവശങ്കരപ്പിള്ളയുടെ ക്ലാസ്സ് മേറ്റായി    മദ്രാസ്സിൽ ബിരുദ പഠനത്തിന് ശേഷം അലിഗഡ് സർവ്വ കലാശാലയിൽ നിന്നും ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദം എടുത്ത ആദ്യ മലയാളി കൂടിയായിരുന്നു  . സ്വാതന്ത്ര്യത്തിനുമുമ്പ് അഖണ്ഡ ഭാരതത്തിലെ ഏറ്റവും വലിയ  ഇംഗ്ളീഷ് പത്രമായിരുന്ന 'ഡോൺ' - ന്റെ   കറസ്പോണ്ടണ്ടായി കറാച്ചിയിൽ നിന്നും ജോലിനോക്കുന്നതിനിടയിൽ അവിടെയുള്ള ഒരു പ്രമാണിയുടെ മകളുമായുള്ള  വിഹാഹ ശേഷം ലണ്ടനിൽ വന്ന് , ആ പത്രത്തിന്റെ പാർലിമെന്ററി വിവരങ്ങളുടെ ലേഖഖകനായി ജോലി നോക്കുന്നതിനിടയിൽ - ലണ്ടനിൽ നിന്നും നിയമത്തിൽ ബിരുദമെടുത്ത് , ഇവിടെ അദ്ധ്യാപകനായി ജോലി നോക്കിയിരുന്നു .  
1960 കാലഘട്ടങ്ങളിൽ മാസങ്ങളോളം ചൈനയിലും , ബർമ്മയിലും സഞ്ചരിച്ച് - ആയതിനെ കുറിച്ചുള്ള യാത്രാവിവരങ്ങളും ഇദ്ദേഹം എഴുതിയിരുന്നു .  
പിന്നീട് തകഴിയുടെ 'രണ്ടിടങ്ങഴി' ഇംഗ്ലീഷിലേക്ക് Two Measures of Rice  എന്ന പേരിൽ എം .എ .ഷക്കൂർ  ട്രാൻസിലേറ്റും ചെയ്തിട്ടുണ്ട്  . 
ഒപ്പം  പല വെസ്റ്റേൺ ക്ലാസ്സിക് കൃതികളുടേയും  അവലോകനങ്ങൾ മലയാളത്തിൽ പല  മാദ്ധ്യമങ്ങളിലും  എഴുതി പരിചയപ്പെടുത്തയതും ,  പഴയ കാല സ്വാതന്ത്ര്യ സമര പോരാളി കൂടിയായിരുന്ന എം.എ . ഷക്കൂറാണ് . 
ലണ്ടൻ മലയാളി സമാജത്തിലെ ഊർജ്ജസ്വലനായ  ഒരു പ്രവർത്തകൻ  കൂടിയായിരുന്നു ഇദ്ദേഹം . 
യൗവ്വനകാലത്ത്  ഇന്ത്യൻ സ്വാതന്ത്ര്യത്തിനു മുമ്പ് കറാച്ചിയിലായിരുന്നപ്പോൾ  അവിടെ നിന്നും വിവാഹം നടത്തിയ കാരണം , സ്വാതന്ത്ര്യത്തിന്  ശേഷം പാക്കിസ്ഥാൻകാരിയുമായി ലണ്ടനിൽ നിന്നും സ്ഥിരതാമസത്തിന് ഇന്ത്യയിൽ എത്തുവാൻ ഭരണകൂടം അനുമതി നൽകാത്തതുകൊണ്ട് , അവസാനകാലം ലണ്ടനിൽ നിന്നും ഈ മലായാള സാഹിത്യ വല്ലഭന്  , ഒട്ടും ഇഷ്ടമില്ലാതെ  പാക്കിസ്ഥാനിൽ പോയി കഴിയേണ്ടി വന്നു എന്നതും ഒരു ഖേദകരമായ കാര്യമാണ് ...

മേനോൻ മാരാത്ത് 
തൃശൂരിൽ 1906 ജനിച്ച ശങ്കരൻ കുട്ടിമേനോൻ മാരാത്ത് , മദ്രാസ് കൃസ്ത്യൻ കോളേജിൽ നിന്നും ബിരുദം എടുത്ത ശേഷം 1934 ലണ്ടനിൽ  വന്ന് കിങ്‌സ് കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം എടുത്ത ശേഷം , പിന്നീട് 1902 ൽ ഇദ്ദേഹത്തിന്റെ മരണം വരെ ജോലിയും ,  സാഹിത്യ രചനയുമായി  ലണ്ടനിലെ  'ടെഡിങ്റ്റനി'ൽ താമസിസിച്ചിരുന്ന ഒരു സാഹിത്യ പ്രതിഭയായിരുന്നു . 
ആ കാലഘട്ടത്തിൽ പിന്നീടിവരെല്ലാം കൂടി രൂപീകരിച്ച 'കേരള സമാജത്തി'ന്റെ സജീവ പ്രവർത്തകനും കൂടിയായിരുന്നു മേനോൻ മാരാത്ത് . 
ആദ്യമെല്ലാം മലയാളത്തിലും , ആംഗലേയത്തിലും പല ഈടുറ്റ ലേഖനങ്ങളും എഴുതി ഇവിടത്തേയും  , ഇന്ത്യയിലേയും പല പ്രമുഖ  പ്രസിദ്ധീകരണങ്ങളിലും എഴുതിയിരുന്ന ഇദ്ദേഹം പിന്നീട് കഥകളും , നോവലുകളും എഴുതി തുടങ്ങി  . 
ആ കാലഘട്ടത്തിൽ ബ്രിട്ടനെ വളർത്തിയ ഏഷ്യക്കാരിൽ  ഒരുവനായിരുന്ന ( Making Britain ) ഇദ്ദേഹം BBC  ക്ക് വേണ്ടി അനേകം സ്ക്രിപ്റ്റുകളും എഴുതിയിട്ടുണ്ടായിരുന്നു .
1960 ൽ സ്വാതന്ത്ര്യത്തിനുമുമ്പുള്ള കേരളീയ  ജീവിതരീതികൾ തുടിച്ചു നിൽക്കുന്ന The Wound of Spring എന്ന പ്രസിദ്ധമായ  നോവലാണ്  മേനോൻ മാരത്തിന്റെ പുറത്തിറങ്ങിയ ആദ്യ ആംഗലേയ നോവൽ .
വളരെയധികം ഇടവേളകളിട്ട്  എഴുതിയ The Sale of an Island, Janu എന്നിങ്ങനെ അഞ്ച് ആംഗലേയ നോവലുകളടക്കം ഇതിന്റെ മലയാള പരിഭാഷകളും , വേറെ ചില മലയാളം നോവലുകളും ഇദ്ദേഹം  എഴുതിയിട്ടുണ്ടായിരുന്നു . 
ഒപ്പം തന്നെ മേനോൻ മാരാത്ത് നല്ലൊരു ഗസൽ ഗായകനും കൂടിയായിരുന്നു . 
നാട് വിട്ട് അര നൂറ്റാണ്ടു കഴിഞ്ഞിട്ടും മലയാളത്തിലും ,ആംഗലേയത്തിലും ധാരാളം   എഴുതിയിരുന്ന മേനോന്‍ മാരാത്ത് എന്ന ശങ്കരകുട്ടി മേനോൻ മാരത്തിനെ ,  അന്തരിക്കുന്നതിനും ഒരു വര്ഷം മുന്‍പ് അദ്ദേഹത്തിന്റെ , തെംസ് നദീ കരയിലെ    മനോഹരവും , പ്രശാന്തവുമായ അന്തരീക്ഷത്തിലുള്ള  വീട്ടില്‍ പോയി കലാകൗമുദിക്കു വേണ്ടി ഇന്റര്‍വ്യൂ ചെയ്തിരുന്നത്  മണമ്പൂർ സുരേഷ്  ആണ് ...

കരുവത്തിൽ സുകുമാരൻ 1955 ൽ തൃശൂർ ജില്ലയിലെ പെരിഞ്ഞനത്തു നിന്നും യു.കെ യിലെത്തി ബെർക്സ്‌ഷെയറിലെ 'താച്ചത്ത്'  സകുടുംബം താമസമാക്കിയ കരുവത്തിൽ സുകുമാരനാണ് , ശേഷം പുതിയതായി വന്ന കുടിയേറ്റ മലയാളികൾക്കിടയിൽ അന്നത്തെ  മലയാളി സമാജങ്ങളിൽ സാഹിത്യ പ്രവർത്തങ്ങളിൽ സജീവമായ ഒരു ഭാഷ കുതുകി എന്ന് പറയുന്നു...
നാടകവും , കവിതയുമൊക്കെയായി കുറച്ച്  എഴുതുമായിരുന്ന ഇദ്ദേഹമാണ് പിന്നീട് എസ് .കെ .പൊറ്റക്കാട് ലണ്ടനിൽ എത്തിയപ്പോൾ അദ്ദേഹത്തെ യു.കെ മുഴുവൻ കൊണ്ട് കാണിച്ചതും , അതിന് ശേഷം നമ്മുടെ സഞ്ചാരസാഹിത്യത്തിന്റെ അധിപൻ ശ്രീ.എസ്.കെ.പൊറ്റേക്കാട്ട്  ‘ലണ്ടൻ നോട്ട് ബുക്കി’ ൽ കൂടി അതിമനോഹരമായി നമ്മുടെ നാട്ടുകാരൊന്നും കാണാത്ത ലണ്ടനിലെ പല കാണാകാഴ്ച്ചകളും
വരികളിൽ കൂടി ചിത്രീകരിച്ച് നമ്മെ വിസ്മയപ്പെടുത്തിയതും  ...

സ്വാതന്ത്രാനന്തരം സായിപ്പ് യജമാന്റെ കൂടെ ഇവിടെ എത്തിയ നല്ലൊരു കുക്ക് കൂടിയായ ഈ സുകുമാരന്റെ , ചേട്ടൻ  'കരുവത്തിൽ  ഗോപാലനും', അന്നുകാലത്ത് ഇവിടെയുണ്ടായിരുന്ന പല പ്രമുഖ മലയാളി ഡോക്ടർമാരും അന്നത്തെ സാഹിത്യ സദസ്സുകളിലെ മുഖ്യ പങ്കാളിയായിരുന്നു. 

സായിപ്പിന്റെ കൂടെ ഗോപാലനും കൂടി പങ്കാളിയായി തുടങ്ങിയ റെസ്റ്റോറന്റാണ്  ഇവിറ്റെ തുടങ്ങിയ ആദ്യത്തെ തെന്നിന്ത്യൻ ഭോജനാലയം എന്നും  പറയുന്നു . 
ഗോപാലൻ  പിന്നീട് ഒരു ജർമ്മൻ മദാമ്മയെ വിവാഹം ചെയ്ത്  മരണം വരെ ന്യൂബറിയിലായിരുന്നു താമസം .

ശിവാനന്ദൻ കണ്വാശ്രമത്ത്
1970 കാലഘട്ടം മുതൽ സിംഗപ്പൂരിൽ നിന്നും ലണ്ടനിലെത്തിയ ഒരു പ്രതിഭാ സമ്പന്നനായ ഒരു കലാ സാഹിത്യ വല്ലഭനായിരുന്നു ആർട്ടിസ്റ്റ്‌  ശിവാനന്ദൻ കണ്വാശ്രമത്ത് .  
കവി , നാടക കൃത്ത് , ചിത്രകാരൻ എന്നീ നിലകളിൽ സിങ്കപ്പൂരിൽ വെച്ചെ മലയാളക്കൾക്കിടയിൽ   കലാ സാഹിത്യ പ്രവർത്തനം നടത്തിയിരുന്ന അദ്ദേഹം , യു . കെ . യിലെത്തിയതിന് ശേഷവും സാഹിത്യ കലാ രംഗത്ത്‌ സജീവമായിരുന്നു. 
അന്നത്തെ മലയാളികളുടെ ആദ്യ കാല സംഘടനകളായ 'മലയാളി അസോസിയേഷൻ ഓഫ് ദി യു.കെ'. , 'ശ്രീ നാരായണ ഗുരു മിഷൻ ഓഫ് ദി യു.കെ.' എന്നീ സംഘടനകളിലെ കലാ സാഹിത്യ പ്രവർത്തനങ്ങളിൽ  അദ്ദേഹം വളരെ സജീവമായിരുന്നു. ലണ്ടനിൽ അറിയപ്പെട്ടിരുന്ന ഒരതുല്യ കലാകാരനായിരുന്നു ആർട്ടിസ്റ് : ശിവാനന്ദൻ കണ്വാശ്രമത്.

എം . എ . യു . കെ യുടെ പ്രസിദ്ധീകരണ മായ " ജനനി "," സംഗീത ട്രൂപ്പായ " നിസരി " എന്നിവയ്ക്ക് ഈ പേരുകൾ നൽകിയ അദ്ദേഹം ഈ സംഘടനകളവതരിപ്പിച്ച നാടകങ്ങൾക്ക് നിരവധി കർട്ടനുകളും ആർട്ടു വർക്കുകളും വരച്ചിട്ടുണ്ട്. പണത്തിന്റെ വികൃതി (ഓട്ടൻ തുള്ളൽ ) , ആദ്യത്തെ ഓട്ടോ (നാടകം) , പൂമേനിയാണവൾ കൈകൂപ്പി നിന്നേ (കവിത ) , ശംഖൊലി ( ഭക്തി ഗാന കാസറ്റ് ) ഇതൊക്കെ അദ്ദേഹം എഴുതി അവതരിപ്പിച്ച പ്രധാന സൃഷ്ടികളാണ്.
കലയേയും , സാഹിത്യത്തേയും മാത്രം പരിണയിച്ച അതുല്ല്യനായ ഈ കലാസാഹിത്യ വല്ലഭൻ , ജീവിതത്തിന്റെ പകുതിയിൽ വെച്ച് കാല യവനികയ്ക്കുള്ളിൽ മറഞ്ഞു പോയ ഒരു കലാ സാഹിത്യ പ്രതിഭയായിരുന്നു  ആർട്ടിസ്റ്റ്‌  ശിവാനന്ദൻ കണ്വാശ്രമത്ത്...

ഡോ : പി.എം.അലി
എറണാകുളം മഹാരാജാസിൽ നിന്ന് ബിരുദവും , കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ ബിരുദവും  എടുത്തശേഷം 1967 ലണ്ടനിൽ വന്ന് ഇമ്മ്പീരിയൽ കോളേജ് ഓഫ് ലണ്ടനിൽ നിന്നും ഉന്നത മെഡിക്കൽ ബിരുദം കരസ്ഥമാക്കി , യു.കെ - യിലെ വിവിധ ഭാഗങ്ങളിൽ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ : പി.എം. അലി ആ കാലഘട്ടങ്ങളിൽ ഇവിടെ  കവിതകൾ എഴുതിയിരുന്ന ഒരു മലയാളം എഴുത്തുകാരനായിരുന്നു . 
ഡോ : പ്ളായിപറമ്പിൽ മൊഹമ്മദ് അലി.
അന്നു മുതൽ ഇപ്പോൾ ഔദ്യോഗിക  ജീവിതം വിരമിച്ചിട്ടും വരെ , നല്ലൊരു സാഹിത്യ കുതുകിയായി ലണ്ടനിലടുത്തുള്ള ബാസില്ഡനിൽ സ്ഥിര താമസമുള്ള  ഈ പഴയ കാല  ഭാഷ സ്‌നേഹി , കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ആംഗലേയത്തിലടക്കം , ഇവിടെയുള്ള എല്ലാ മലയാളി മാദ്ധ്യമങ്ങളിലും കവിതകളും  , ലേഖനങ്ങളും എഴുതുന്ന ഒരു സീനിയർ എഴുത്തുകാരനാണ്  ...
 
മിനി രാഘവൻ
ചിറയിൻകീഴിൽ നിന്നും  ചെറുപ്പകാലം മുതൽ മാതാപിതാക്കൾക്കൊപ്പം ലണ്ടനിലെത്തിയ മിനി രാഘവൻ കാൽ നൂറ്റാണ്ടു മുമ്പു മുതലെ  ലണ്ടനിലെ കലാ സാഹിത്യ പ്രവർത്തനങ്ങളിൽ സജീവ  പ്രവർത്തകയായിരുന്നു . 
ഒപ്പം തന്നെ 1998 മുതൽ 2002 വരെ 'ജനനി' വാർഷിക പതിപ്പിന്റെയും , ബോധി  എജ്യൂക്കേഷനൽ ജേണലിന്റെയും എഡിറ്റർ കൂടിയായിരുന്നു .
ലണ്ടനിൽ വന്ന് ബേസിക് വിദ്യാഭ്യാസത്തിന് ശേഷം ഫിലോസഫിയിലും , സൈക്കോളജിയിലും ,നിയമത്തിലും നോർത്ത് ലണ്ടൻ യൂണിയിൽ നിന്നും ബിരുദങ്ങൾ എടുത്ത മിനി പിന്നീട് ചരിത്ര ഗവേഷകയായി ജോലി ചെയ്യുന്ന അവസരത്തിൽ MSC പഠനവും , Art & Intercultural Theraphy  എന്നീ ഇരട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഒരു ഗവേഷകയാണ് . പിന്നീട് റെഡ്‌ഡിങ്ങ്‌  കോളേജ് , ആക്സ്ബ്രിഡ്ജ് കോളേജ് , ബെർക്സ്ഷയർ കോളേജ്  എന്നീ സ്ഥാപനങ്ങളിൽ  അദ്ധ്യാപികയായി ജോലി നോക്കുമ്പോൾ Neuro Lingustic Programming (NLP) & Psychodynamic Counselling  - ൽ ബിരുദാന്തര ബിരുദം ,യൂണി: കോളജ് ഓഫ് ലണ്ടനിൽ (UCL) നിന്നും നേടിയിട്ടിപ്പോൾ   സോഷ്യൽ ആന്ത്രോപോളജി പഠിച്ചുകൊണ്ടിരിക്കുന്ന ഒരു  ആംഗലേയ/മലയാള എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും കൂടിയായ  ഒരു വിജ്ഞാനക്കലവറയായ വല്ലഭ തന്നെയാണ് ഈ വനിതാരത്‌നം .
മിനി രാഘവൻ ഇപ്പോൾ സാഹിത്യത്തിനൊപ്പം അനേകം സാമൂഹ്യ സേവന പ്രസ്ഥാനങ്ങളിലടക്കം പല ഗവർമെന്റ് ബോഡികളിലും - ഉപദേശകയായും , ട്രെയ്‌നറായും ,കോ-ഓർഡിനേറ്ററായും( River Indus Community Org) സേവനമനുഷ്ഠിച്ചു വരികയാണ് . പഠിച്ച വിഷയങ്ങളെയൊക്കെ ആസ്പദമാക്കിയുള്ള ഒന്ന് രണ്ട് പുസ്തകങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഈ എഴുത്തുകാരി ...

നമത് 
ഇന്ന് ആംഗലേയ ദേശത്തുള്ള ഏറ്റവും പ്രതിഭാസമ്പനായ ഒരു മലയാളം സാഹിത്യ വല്ലഭൻ ആരാണെന്ന് ചോദിച്ചാൽ  അതിന് ഒറ്റ ഉത്തരമെ ഉള്ളൂ - നമത് നമത് ...!
പല ഉന്നത മാദ്ധ്യമങ്ങളിലും ആർട്ടിക്കിളുകൾ എഴുതുന്ന വരയിലും , വരിയിലും കെങ്കേമനായ വാക്കിന്റെ ഉടയോനും , ഉടമയുമായ  നമത് വളരെയധികം നിരീക്ഷണ പാടവമുള്ള , നല്ല പാണ്ഡിത്യമുള്ള ,സാമൂഹ്യ -രാഷ്ട്രീയ ബോധമുള്ള ഏറ്റവും നല്ലൊരു സാഹിത്യകാരൻ തന്നെയാണ് . 

മലയാളം ബ്ലോഗുകൾ തുടങ്ങിയ കാലം മുതലെ തന്റെ വിവിധ ബ്ളോഗ്   തട്ടകങ്ങളിലൂടെ എന്നുമെന്നോണം നമത് കുറിച്ചിടുന്ന ഈടുറ്റ ലേഖനങ്ങൾ വായിക്കുവാൻ ധാരാളം വായനക്കാർ വന്ന്‌ പോകാറുണ്ട് . 
ഇതൊന്നും കൂടാതെ സോഷ്യൽ മീഡിയയിലുള്ള തന്റെ ഫേസ് ബുക്ക് ബ്ലോഗുകളായ നമത് കഥകളിൽ തന്റെ വരകൾ സഹിതവും എഴുതിയിടാറുണ്ട് .
പിന്നെ വായന ഭാവന എന്ന മുഖപുസ്തക ബ്ലോഗിലും നാമത്തിന്റെ ഭാവനകൾ ചിറക് വിടർത്താറുണ്ട് .
വേറെ ഇദ്ദേഹം പബ്ലിഷ് ചെയ്യാറുള്ള   നമത് കവിത എന്ന തട്ടകമടക്കം , നമതിന്റെ  എല്ലാ സൈബർ  തട്ടകങ്ങളും  , ഇഷ്ട്ട വായനകൾക്കു പറ്റിയ ഇടങ്ങൾ തന്നെയാണ് .
നല്ലൊരു യാത്രികനും, ഛായാഗ്രാഹകനും കൂടിയായ നമത് പബ്ലിസിറ്റികളിൽ നിന്നും മറഞ്ഞു നിൽക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തിത്വത്തിനുടമകൂടിയാണ്...

സുരേഷ്.സി.പിള്ള
കോട്ടയം കറുകച്ചാലി  (ചമ്പക്കര)ൽ നിന്നും 1999  ൽ അയർലണ്ടിലെ ഡബ്ലിനിൽ വന്ന് പ്രശസ്തമായ ട്രിനിറ്റി കോളേജിൽ നിന്നും നാനോ ടെക്നോളജിയിൽ PhD കരസ്ഥമാക്കിയ ശേഷം   അമേരിക്കയിൽ , കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (Caltech) യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം വിജയകരമായി പൂർത്തിയാക്കിയ സുരേഷ് .സി.പിള്ള ഇന്ന് പേര് കേട്ട ഒരു യുവ ശാസ്ത്രജ്ഞനായ എഴുത്തുകാരനാണ്. ഇപ്പോൾ അയർലന്റിലെ 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി'സ്ലൈഗോ 'യിലെ 'നാനോ ടെക്‌നോളജി ആൻറ് ബയോ എൻജിനീയറിങ്' ഗവേഷണ വിഭാഗംമേധാവിയാ. കൂടാതെ സുരേഷിനെ' Irish Expert Body on Fluorides and Health വിഭാഗത്തിന്റെ ചെയർമാനായി അവരോധിച്ചിരിക്കുകയാണ് അയ്റീഷ് ഗവർമെന്റ് . 
ഈ സ്ഥാനം  അലങ്കരിക്കുന്ന ആദ്യത്തെ ഏഷ്യൻ വംശജനാണ് ഡോ : സുരേഷ്  സി. പിള്ള  .

നല്ലൊരു സ്റ്റോറി ടെല്ലറും  , വായനക്കാരനും കൂടിയായ ഡോ : സുരേഷ് , തന്റെ ജോലിയോടൊപ്പം കിട്ടുന്ന പല ശാസ്ത്രീയ അറിവുകളും , ചില അനുഭവങ്ങൾ സഹിതം സോഷ്യൽ മീഡിയ സൈറ്റുകളിലൂടേയും , ലേഖനങ്ങൾ വഴിയും പങ്കുവെച്ച് വായനക്കാരുടെ മനസ്സിൽ ഇടം നേടിയ ഈ യുവ ശാസ്ത്രജ്ഞൻ എന്നുമെന്നോണനം അനേകം ബോധവൽക്കരണങ്ങൾ നടത്തികൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരനാണ്. 

അതായത് മലയാളത്തിൽ പ്രചോദനാത്മക സാഹിത്യം കൈകാര്യം ചെയ്യുന്ന വളരെ വിരളമായ സാഹിത്യകാര്യന്മാരിൽ ഒരു വല്ലഭൻ എന്നും ഡോ : സുരേഷ് സുരേഷിനെ വിശേഷിപ്പിക്കാം. 
ഡോ : സുരേഷ്  സി. പിള്ളയുടെ പല അഭിമുഖങ്ങളും അന്താരാഷ്ട്ര മാദ്ധ്യമങ്ങളായ BBC London, BBC world Radio, the Times UK, the Guardian Newspaper UK, RTE TV , RTE-1 TV News , Aljazeera TV , Ocean FM radio ഉൾപ്പെടെ നിരവധി ശ്രാവ്യ , ദൃശ്യ , അച്ചടി മാദ്ധ്യമങ്ങളിൽ സംപ്രേക്ഷണം / പ്രസിദ്ധീകരണം ചെയ്തിട്ടുണ്ട് .  മറ്റു നൂറോളം പ്രസിദ്ധീകരണങ്ങളിൽ അടക്കം ,ധാരാളം അന്താരാഷ്ട്ര മാഗസിനുകളിലും , പല ശാസ്ത്ര ജേർണലുകളിലും നൂറിലധികം ആർട്ടിക്കിൾസ് /ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച സുരേഷിന് രണ്ട് US പേറ്റന്റും ഒരു UK പേറ്റന്റും അവാർഡ് ചെയ്‌തിട്ടുണ്ട് .
പ്രചോദനാത്മക സാഹിത്യ വിഭാഗത്തിൽ ,ജനങ്ങൾക്ക് എന്നും ഉപകാരപ്രദമാകുന്ന വിജ്ഞാനശകലങ്ങളുമായി  ഡോ : സുരേഷിന്റെ അനുഭങ്ങളും ചിന്തകളുമൊക്കെ കോർത്തിണക്കി ആദ്യമായി മലയാളത്തിൽ , 2016  - ൽ പുറത്തിറങ്ങിയ പുസ്‌തമാണ്
‘തന്മാത്രം’ . ഇപ്പോൾ ഇത്   മൂന്നാം പതിപപ്  പിന്നിട്ടിരിക്കുകയാണ് .
ഈ പുസ്തകം  വിറ്റു കിട്ടുന്ന റോയൽറ്റി മുഴുവനായും  തെരുവിലും, വൃദ്ധ സദനങ്ങളിലും, അനാഥാലയങ്ങളിലും ഉള്ള വയറു വിശക്കുന്നവർക്ക്  വേണ്ടിയാണ് വിനിയോഗിക്കപ്പെടുന്നത് എന്നുള്ളത് എടുത്ത് പറയേണ്ടുന്ന ഒരു സംഗതി തന്നെയാണ് . 
ഡോ : സുരേഷ്  സി. പിള്ളയെ കുറിച്ച് കൂടുതലറിയുവാൻ ഈ അഭിമുഖം (വീഡിയോ ) കൂടി കാണാവുന്നതാണ് 

ഡോ : സീന ദേവകി
ബോമ്പെയിൽ ജനിച്ചു വളർന്ന് , അവിടത്തെ ജി.എസ് . മെഡിക്കൽ കോളേജിൽ നിന്ന് മെഡിക്കൽ ബിരുദവും , മനോരോഗ വിഭാഗത്തിൽ ബിരുദാനന്തര ബിരുദവും, ശേഷം യു.കെയിൽ വന്ന്  സൈക്കാട്രി മെഡിസിനിൽ MRCP എടുത്ത കൺസൾട്ടന്റ് ഡോക്ടറാണ്  സീന ദേവകി .

പഠിക്കുമ്പോൾ തന്നെ പെയ്ന്റിങ്ങിലും , എഴുത്തിലും നിപുണയായിരുന്ന ഡോ : സീന ദേവകി ബ്രിട്ടനിൽ  എത്തിയപ്പോഴും എഴുത്തിലും , വരയിലും ശോഭിച്ചു നിൽക്കുന്ന ഒരു വനിതാരത്നം തന്നെയായിരുന്നു  . 
മലയാള നാട് അടക്കം പല മാദ്ധ്യമങ്ങളിലും ആർട്ടിക്കിളുകൾ എഴുതാറുള്ള സീന , ആംഗലേയത്തിലും , മലയാളത്തിലും കഥകളും , കവിതകളും ധാരാളമായി പല യു.കെ മാദ്ധ്യമങ്ങളിലും എഴുതിയിടാറുണ്ട് . 
അതുപോലെ തന്നെ ധാരാളം പെയിന്റിങ്ങ്സും , സ്കെച്ചുകളും ഡോ :സീനയുടെ സ്വന്തം സമ്പത്തിൽ ഇടം പിടിച്ചിട്ടുണ്ട് .
കഴിഞ്ഞ 30  വർഷമായി കുട്ടികളുടേയും,  കൗമാരക്കാരുടേയും  മനോരോഗ ചികത്സകയായി , ഇപ്പോൾ  ഷെഫീൽഡിൽ ജോലി ചെയ്യുന്ന ഡോ :സീന ദേവകി നാട്ടിലെത്തുമ്പോഴൊക്കെ മലയാള കലാ സാഹിത്യ സദസ്സുകളിൽ ഒരു നിറസാന്നിദ്ധ്യമായി  പങ്കെടുക്കാറും ഉണ്ട്.

ഡോ : കെ.എ .മിർസ 
അവഗാഹമായ അറിവും, ഊഷ്മളമായ കലാ സാഹിത്യ ചിന്തയും ഉള്ള മിര്‍സ നല്ലൊരു എഴുത്തുകാരനും കൂടിയാണ്. "സമീക്ഷ" എന്ന പേരില്‍ ഒരു മാസിക അദ്ദേഹം ഇവിടെ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ സാല്‍വഡോര്‍ ഡാലിയുടെയും മറ്റും സര്‍റിയലിസ്റ്റ് പെയ്ന്റിങ്ങുകള്‍ മന:ശാസ്ത്രത്ത്തിന്റെ പശ്ചാത്തലത്തില്‍  മിര്‍സ വിലയിരുത്തിയിരുന്നത് ശ്രദ്ധേയമായിരുന്നു. ശ്രീ നാരായണ ഗുരുവിനെ തന്നെ മന:ശാസ്ത്രത്ത്തിന്റെ വീക്ഷണത്തില്‍ അപഗ്രഥിക്കുന്നന്നത് കൗതുകമുണര്ത്തുന്നതും വിജ്ഞാനപ്രദവുമാണ്.  
ഇദ്ദേഹത്തിന്റെ ഇളയമകള്‍ ഒരു നോവല്‍ ഇംഗ്ലീഷില്‍ എഴുതി ലണ്ടനില്‍ പ്രകാശനം ചെയ്തിരുന്നു. പക്ഷെ ഇപ്പോള്‍ കുടുംബത്തിലുള്ളവരുടെ മാതൃക പിന്തുടര്‍ന്ന് മെഡിസിന്‍ പഠനത്തിലാണ്. ഒരു സമ്പൂര്‍ണ്ണ ഡോക്ടര്‍ കുടുംബം.

ഡോ ഗോപാലകൃഷ്ണന്‍ നെട്ടുവേലി
എറണാകുളത്തുള്ള തൃപ്പുണിത്തറ സ്വദേശിയായ പ്രൊഫ ഗോപാലകൃഷ്ണന്‍ ബിരുദാനന്തരം , ദന്ത ചികിത്സയില്‍ ഡിഗ്രിയും ,പോസ്റ്റ്ഗ്രാഡുവേഷനും കഴിഞ്ഞ ഒരു എഴുത്തുകാരനാണ് .കുട്ടികളുടെ ദന്ത ചികിത്സയില്‍ ഇന്ത്യയിലും വിദേശത്തും അദ്ധ്യാപകനായിരുന്നു. 
പിന്നീട് മഹാത്മാ ഗാന്ധി പഠിച്ച, ലോകത്ത് സ്ത്രീകള്‍ക്ക് ആദ്യമായി യൂനിവേഴ്സിറ്റി  പ്രവേശനം നല്‍കിയ ലോക പ്രസിദ്ധമായ യൂനിവേഴ്സിടി കോളേജ് ഓഫ് ലണ്ടനില്‍ “പബ്ലിക് ഹെല്‍ത്ത് ആന്റ് എപിടെമിയോളജിയില്‍” PhD ചെയ്യാനാണ് പ്രൊഫ ഗോപാലകൃഷ്ണന്‍ ലണ്ടനില്‍ എത്തുന്നത്‌. അതൊരു ഗവേഷണ രംഗത്തെ ഔദ്യോഗിക പദവിയിലേക്ക് നയിച്ചു. 
ലോക നിലവാരം പുലര്‍ത്തുന്ന മറ്റൊരു യൂനിവേഴ്സിറ്റിയായ ഇമ്പീരിയല്‍ കൊളെജിലായി തുടര്‍ന്നുള്ള പത്ത് വര്‍ഷത്തെ ഔദ്യോഗിക ജീവിതം. ഇപ്പോഴും ഈ രണ്ടു യൂനിവേഴ്സിടികളിലും ഓണററി പ്രൊഫസറായി സേവനം അനുഷ്ട്ടിക്കുന്നു. 
ഒപ്പം യൂനിവേഴ്സിറ്റി  ഓഫ് ഈസ്റ്റ് ലണ്ടന്റെ 'ഇന്‍സ്ടിട്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റി'ല്‍ പ്രൊഫ : ഓഫ് പബ്ലിക് ഹെല്‍ത് പദവിയില്‍ ഔദ്യോഗിക ജീവിതവും തുടരുന്നു.
നല്ലൊരു നാടകകൃത്തും എഴുത്തുകാരനുമായ ഡോ ഗോപാലകൃഷ്ണന്‍ ശ്രീരാമനെ ആധുനിക കാലഘട്ടത്തില്‍ പ്രതിഷ്ട്ടിച്ചുകൊണ്ട് പുരുഷ മേധാവിതത്വത്തെ വിലയിരുത്തിയ നാടകവും , അതേപോലെ തന്നെ ചന്തുമേനോന്റെ ഇന്ദുലേഖ അവസാനിക്കുന്നിടത്തും നിന്നും ഇന്ദുലേഖയുടെ ബാക്കിപത്രമായി ഇദ്ദേഹം എഴുതിയ നാടകവും വളരെ പ്രസിദ്ധവും , രംഗത്തവതരിച്ചപ്പോൾ  വളരെയധികം  പ്രശംസയും  നേടിയിരുന്നു. 
ലണ്ടനിലുള്ള എല്ലാ തരം സാംസ്കാരിക പരിപാടികളിലും പങ്കെടുക്കുകയും ,ആയതിനൊക്കെ മുന്നിട്ടുനിൽക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യ സാംസ്കാരിക നായകൻ കൂടിയാണ് ഈ പ്രൊഫസർ.  
പ്രമേഹം കൊണ്ടുള്ള അന്ധത എളുപ്പം കണ്ടെത്തുവാൻ ബ്രിട്ടനിൽ നിന്നുള്ള  ഭീമൻ സഹായ ഹസ്തവുവുമായി ഇന്ത്യയിലേക്ക് പോകുന്ന വിദഗ്ദ്ധസമിതിയിലെ രണ്ട് മലയാളികളിൽ ഒരാൾ കൂടിയാണ് ഈ ഡോക്ട്ടർ .
എഴുത്തുകാരനും ചിന്തകനും ആയ NS മാധവന്റെ അനുജനാണ്  ഡോ ഗോപാലകൃഷ്ണന്‍ നെട്ടുവേലി.

ജയശ്രീ ശ്യാംലാൽ 
കൊല്ലം ജില്ലയിൽ നിന്നും വന്ന് യു .കെ യിൽ സ്ഥിര താമസ മാക്കിയിരിക്കുന്ന ശ്രീമതി.ജയശ്രീ ശ്യാംലാൽ പ്രശസ്ത നാടകാചാര്യൻ ശ്രീ . മാധവന്റെ മകളും  സിനിമാനടൻ ശ്രീ മുകേഷിന്റെ സഹോദരിയുമാണ് .

ലണ്ടനിലെ ഇന്ത്യന്‍ വംശജകര്‍ക്കിടയിലെ പ്രവാസി മലയാളികളുടെ വേറിട്ടൊരു ലോകവും, വ്യവസ്ഥാപിത കുടുംബബോധത്തിന്റെ വ്യവഹാരങ്ങളെ തകര്‍ക്കുന്ന പഴമയും, പുതുമയും തമ്മിലുള്ള സംഘര്‍ഷങ്ങളും ഉള്‍പ്പെടെ ലണ്ടന്‍ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവലായ 'മാധവി'  ഈ എഴുത്തുകാരിയുടെ ആദ്യ പുസ്തകമാണ് .
മലയാളി സാന്നിദ്ധ്യം  ഏറെയുള്ള സ്ലോവില്‍ നിന്നും നമ്മുടെ മാതൃഭാഷയില്‍ പ്രസിദ്ധീകൃതമാകുന്ന ആദ്യ മലയാള നോവൽ .
ശരാശരി മനുഷ്യ മനസ്സില്‍ ആസ്തികതയും, നാസ്ഥികതയും ഊട്ടി വളർത്തി ജന്മ നിർവഹണത്തിന്റെ വേരുകൾ പേറുന്ന സാധാരണ കുടിയേറ്റക്കാരനായ മലയാളിയുടെ സങ്കീർണ മനോവ്യാപാരങ്ങളെ ലളിതമായ നിരീക്ഷണത്തോടെ വിവരിക്കുവാനും ശ്രീമതി ജയശ്രീ ശ്യാംലാല്‍ , 'മാധവി' എന്ന തന്റെ പ്രഥമ നോവലിലൂടെ ശ്രമിച്ചിരിക്കുന്നു.
നൈതിക സംഘർഷം തുടങ്ങുന്നതും, ഒടുങ്ങുന്നതും വ്യക്തിയിൽ തന്നെയാണന്നും, എന്നാൽ അയാളുടെ അനന്തമായ ബന്ധപ്പെടലുകളിലൂടെ ഒരു സമൂഹത്തിന്റെ ചരിത്രം മുഴുവൻ നേരിട്ട് കഥാ വസ്തുവായി തീരുകയും ചെയ്യുന്നതിന്റെ ഉദാഹരണമാണ് മാധവി എന്ന നോവല്‍. 
അത് കൊണ്ട് തന്നെ  ജീവിതാനുഭവങ്ങളെ തനതായ അസ്ഥിത്വത്തോട് സമന്വയിപ്പിച്ചുകൊണ്ട് വിരചിതമായ കഥയാണ് മാധവി എന്നും വിശേഷിപ്പിക്കാവുന്നതാണ്.

ജയശ്രീ - ശ്യാംലാൽ ദമ്പതികളുടെ മകൾ നീത ശ്യാമും നല്ലൊരു സ്ക്രിപ്ട് റൈറ്റർ കൂടിയാണ് .കൂടുതലും  ആംഗലേയത്തിൽ എഴുതുന്ന നീത ശ്യാം എഴുത്തിൽ ധാരാളം അവാർഡുകൾ ഒരു യുവ എഴുത്തുകാരിയെന്ന നിലയിൽ വാരികൂട്ടിയിട്ടുണ്ട്...


കുഞ്ഞാലി .കെ .കെ
നാട്ടിൽ പഠിക്കുന്ന കാലം മുതൽ എഴുത്തിൽ പ്രതിഭ തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ലണ്ടലിലെ റോയൽ ഫ്രീ ഹോസ്പിറ്റലിൽ നിന്നും ഇപ്പോൾ മാഞ്ചസ്റ്ററിൽ ന്യൂറോ സർജൻ കൺസൾട്ടന്റായി ജോലി നോക്കുന്ന ഈ ഡോക്ട്ടർ . കുഞ്ഞാലികുട്ടി  /  കുഞ്ഞാലി .കെ.കെ എന്ന   അപരനാമത്തിൽ  എഴുതിക്കൊണ്ടിരിക്കുന്ന നല്ലൊരു സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരനായ ഒരു ന്യൂറോ സർജൻ . 
ഡോ : കുഞ്ഞാലികുട്ടി / കുഞ്ഞാലി  എന്നൊക്കെ അറിയപ്പെടുന്ന ഇദ്ദേഹം . ആദ്യം ഗൂഗിളിന്റെ ബസ്സിലും , പിന്നീട്  കുഞ്ഞാലി .കെ.കെ  എന്നപേരിൽ ഇപ്പോൾ ഗൂഗ്ൾ പ്ലസ്സിലും മറ്റു സോഷ്യൽ മീഡിയ തട്ടകങ്ങളിലും എഴുത്തിന്റെ ഒരു താരമായി തിളങ്ങി നിൽക്കുന്ന ഒരു ഡോക്ട്ടറാണ്  ഇദ്ദേഹം .
Info Clinic   എന്ന Health & Wellness Website -ൽ കൂടി , വിജ്ഞാനപ്രദമായ കാര്യങ്ങൾ പങ്കുവെക്കുന്ന സൈബർ കൂട്ടായ്മായിലെ എഴുത്തുകാരനും കൂടിയാണ് കുഞ്ഞാലികുട്ടി . സാമൂഹ്യ നന്മക്ക് വേണ്ടി എന്നുമെന്നോണം എഴുത്തുകളിലൂടെ  തൂലിക ചലിപ്പിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞാലി. കെ.കെ - യെ അനേകം ആളുകൾ എന്നും വായിച്ചു വരുന്നു ...

 രാജേഷ് കൃഷ്
പത്തനംതിട്ടയിൽ നിന്നും ലണ്ടനിൽ എത്തിയ രാജേഷ് കൃഷ്‌ണ വളരെ ഊർജ്ജസ്വലനായ  ഒരു പത്ര പ്രവർത്തകനും , നല്ലൊരു എഴുത്തുകാരനുമാണ് . 
എന്നും സാമൂഹ്യ നീതികൾ ആവശ്യക്കാർക്ക് കിട്ടുവാൻ വേണ്ടി തൂലിക ചലിപ്പിക്കുന്ന രാജേഷ് ബിരുദ പഠനത്തിന് ശേഷം ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കരസ്ഥമാക്കിയിട്ട് , പിന്നീട് കൈരളി ടി.വി യിലെ മാദ്ധ്യമ പ്രവർത്തകനായ ശേഷം യു.കെയിലെത്തി രാജ് ടി.വിയിലെ പ്രൊഡ്യൂസറായിരുന്നു . 
പിന്നീടിദ്ദേഹം  BBC ന്യൂസ് ടീമിന്റെ ഒപ്പം പ്രൊഡ്യൂസറായി ജോലി ചെയ്തിരുന്നു. 
വളരെ ശക്തമായ ഭാഷയിൽ എഴുതിക്കൊണ്ടിരിക്കുന്ന രാജേഷിന്റെ പല ആർട്ടിക്കിളുകളും വിവിധ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച് വരാറുണ്ട് .ഒപ്പം അനേകം വായനക്കാർ രാജേഷിന്റെ എഴുത്തുകൾ സോഷ്യൽ മീഡിയ സൈറ്റുകൾ വഴിയും വായിച്ചു വരുന്നുണ്ട്...

 കെ .ആർ .ഷൈജുമോൻ
തൃശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായ കൊവെൻറിയിൽ താമസിക്കുന്ന കെ ആർ ഷൈജുമോൻ എഴുത്തിന്റെ ഒരു വല്ലഭൻ തന്നെയാണ് .
ബിരുദാനന്തരം , കേരള പ്രസ്സ് അക്കാദമിയിൽ നിന്നും ജേർണലിസം കഴിഞ്ഞ് , നാട്ടിലെ പല പ്രമുഖ പത്ര സ്ഥാപനങ്ങളിലും വർക്ക് ചെയ്ത്  ഇപ്പോൾ ബ്രിട്ടനിലെ ഏറ്റവും പ്രചാരമുള്ള ഓൺ-ലൈൻ പത്രമായ 'ബ്രിട്ടീഷ് മലയാളി' യുടെ റസിഡന്റ് എഡിറ്ററായി ജോലി ചെയ്യുകയാണ് ഇദ്ദേഹം . 
ഏതൊരു വാർത്തയും അപ്പപ്പോൾ ചൂടാറും മുമ്പ് വായനക്കാരുടെ ഇടയിൽ എത്തിക്കുന്നതിനുള്ള ഷൈജുമോനുള്ള പാടവം ഒന്ന് വേറെ തന്നെയാണ് . വായനക്കാർ  മുഴുവൻ ഏറ്റവും രസിക്കുന്ന വിധത്തിൽ വാർത്തകൾ ചമക്കാനും , അവരെ കൊണ്ട് ആയതെല്ലാം വായിപ്പിക്കാനുമുള്ള ഷൈജുമോനുള്ള  ആ കഴിവ് തന്നെയാണ്  ബ്രിട്ടീഷ് മലയാളിയുടെ ഈ വളർച്ചക്ക് കാരണമെന്ന് പറഞ്ഞാൽ ,അതിൽ  ഒട്ടും അതിശയോക്തിയില്ല .
ഒപ്പം  ഈ എഴുത്തു വല്ലഭൻ പല കോളങ്ങളും ,അഭിമുഖങ്ങളും തനതായ രീതിയിൽ അവതരിപ്പിച്ച് താൻ  ജോലി ചെയ്യുന്ന പത്ര സ്ഥാപനത്തെ  എന്നും മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുകയാണ് . ഇതൊന്നും കൂടാതെ ധാരാളം സാമൂഹ്യ സേവനങ്ങളും , മലയാളം പ്രമോഷനുകളും , അവാർഡ് ദാനങ്ങളും ,സേവന പരിപാടികളും കെ ആർ ഷൈജുമോന്റെ  നേതൃത്വത്തിൽ 'ബ്രിട്ടീഷ് മലയാളി'നടത്തി പോരുന്നുണ്ട് .

ബാൾഡ്വിൻ സൈമൺ (ബാബു )
കൊല്ലം ജില്ലയിലെ മയ്യനാട് പുല്ലിച്ചിറയിലെ കലാസാഹിത്യ പ്രവർത്തങ്ങളിൽ കിട്ടിയ ഊർജ്ജവുമായി മാതാപിതാക്കൾക്കൊപ്പം ചേരുവാനായി  19 - വയസ്സിൽ 1979-  ൽ ലണ്ടനിൽ വന്ന നാടക പ്രേമിയായിരുന്നു  ബാൾഡ്വിൻ സൈമൺ (ബാബു )
സ്‌കൂൾ കാലഘട്ടം മുതലെ  നാടകാവതരണ കലകളിൽ നിപുണനായിരുന്ന ബാൾഡ്വിൻ സൈമൺ ഇവിടെ വന്നിട്ടും ആയത് തുടർന്ന് പോന്നു . ആ കാലഘട്ടത്തിൽ ഇവിടെയുണ്ടായിരുന്ന കേരള യൂത്ത് ക്ലബ്ബിലും , മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ യിലുമൊക്കെ   പ്രവർത്തകനായ ശേഷം ഭാഷാപരമായ പല നീക്കങ്ങൾക്കും തുടക്കം കുറിച്ചവരിൽ ഒരുവനായിട്ടും ,ശേഷം   ഈ സംഘടനയുടെ നാടക സമിതിയായ' ദൃശ്യകല'യുടെ രൂപീകരണ സമിതിയിലും മുന്നിട്ട് നിന്ന ഒരു ഭാഷാ സ്നേഹിയായിരുന്നു ബാബു. 
പിന്നീട്  'പുരപ്പുറത്തൊരു രാത്രി , ജരായു , യമപുരി, അമലന്മാർ , പ്രഭാതത്തിന്റെ ആദ്യ രശ്മികൾ ,  ജ്വാലാമുഖികൾ , മതങ്ങളെ വഴി മാറു ,വാത്മീകം , പ്രതീക്ഷ , പുതുപ്പണം കോട്ട , പന്ത്രണ്ട് മക്കളെ പെറ്റൊരമ്മ , വരിക വരിക ഗന്ധർവ്വ ഗായക , ആര്യ വൈദ്യൻ വയസ്കര മൂസ്സ് , രാജ്യസഭാ  , നിറ നിറയോ നിറ ' എന്നീ 15 നാടകങ്ങൾക്ക്  പിന്നിലും ,മുന്നിലും നിന്ന് അണിയിച്ചൊരുരുക്കി , വിവിധ സ്റ്റേജുകളിൽ അവതരിപ്പിച്ചതിൽ എല്ലാം കൊണ്ടും മുൻപന്തിയിൽ നിന്ന ഒരു സാക്ഷാൽ നാടക കലാകാരനും ,മലയാളി സംഘടന പ്രവർത്തകന മായിരുന്നു ഇദ്ദേഹം .
ഇതിൽ പറഞ്ഞ 11 നാടകങ്ങളുടെ സംവിധാനവും നിർവ്വഹിച്ചതും ബാൾഡ്വിൻ സൈമൺ തന്നെയായിരുന്നു .
'ശിവ സേനയ് , റോമിയൊ , നാൻ യാർ ' എന്നീ മൂന്ന് തമിഴ് സിനിമകളിലടക്കം , 'ഇംഗ്ലീഷ് , ലണ്ടൻ ബ്രിഡ്ജ് ' മുതലായ  മലയാള സിനിമകളിലും തരക്കേടില്ലാത്ത റോളുകളിൽ അഭിനയിച്ച ഒരു സിനിമാതാരം  കൂടിയാണ് ബാൾഡ്വിൻ സൈമൺ...
കണ്ണൻ രാമചന്ദ്രൻ
പന്തളം സ്വദേശിയായ കണ്ണൻ രാമചന്ദ്രൻ , സ്കൂൾ കാലഘട്ടം മുതൽ കലാലയ പഠനങ്ങൾ തീരുന്നതുവരെ കലോത്സവ കലാപ്രതിഭ പട്ടം നേടിയിട്ടുള്ള ഒരു കലാസാഹിത്യ  വല്ലഭനാണ്. പന്തളം NSS കോളേജിൽ നിന്നും മലയാളം സാഹിത്യത്തിൽ ബിരുദം നേടിയ ശേഷം എം .എസ് .സി സൈക്കോളജിയും പിന്നീട് എം .ബി.എ യും കഴിഞ്ഞതിനെ തുടർന്ന് , അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നും നേഴ്സിംഗ് ഡിഗ്രിയും കരസ്ഥമാക്കി ലണ്ടനിലെത്തി വിവിധ  ജോലികൾ ചെയ്തുകൊണ്ടിരിക്കുകയാണ് കണ്ണൻ . 
ചെറുകഥകൾ ധാരാളം എഴുതി പല മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് , ഒപ്പം സിനിമ പ്രമേയങ്ങളായ അനേകം ആർട്ടിക്കിളുകളും . 
നല്ലൊരു ഗായകൻ കൂടിയായ കണ്ണൻ പല സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ പ്രാവീണ്യനാണ് . ലണ്ടനിലെ സെന്റ് : ജോർജ്ജ് ഹോസ്പിറ്റലിലെ മെഡിക്കൽ അസിസ്റ്റാന്റായുള്ള കണ്ണൻറെ  സ്ഥിര ജോലിയെ കൂടാതെ നാട്ടിലെ പത്രങ്ങൾക്ക്  ലണ്ടൻ വാർത്തകൾ എഴുതി കൊടുത്തും , ഓൺ-ലൈൻ ന്യൂസ് പേപ്പറുകളിൽ ആർട്ടിക്കിളുകൾ എഴുതിയും  , ലണ്ടൻ മലയാളം റേഡിയോ ജോക്കിയായും , പല മലയാളം പരിപാടികളിൽ   അവതാരകനായും  പ്രതിഭാ സമ്പന്നനായി കണ്ണനെ എന്നും കാണാവുന്നതാണ്...

ജയപ്രകാശ് മറയൂർ
കോട്ടയത്തുള്ള മറയൂർ സ്വദേശിയാണ് ഇപ്പോൾ ബെൽഫാസ്റ്റിലുള്ള ജയപ്രകാശ് മറയൂർ എഴുത്തിന്റെ ഒരു തലതൊട്ടപ്പനാണ് . നല്ല ആഴത്തിൽ വായനയുള്ള   ജയപ്രകാശിന്റെ എഴുത്തുകളിൽ ആയതിന്റെ പ്രതിഫലനം എന്നും നിറഞ്ഞു കാണാവുന്നതാണ് .  
കോട്ടയം ബസേലിയസ് കോളേജിലെ ചെയർമാൻ ആയിരുന്ന ജയപ്രകാശ് രാഷ്ട്രമീമാംസയിൽ  ബിരുദം എടുത്ത ശേഷം ദേശാഭിമാനി പത്രത്തിൽ കുറെക്കാലം ജോലി നോക്കിയിരുന്നു .
ധാരാളം കഥകൾ പഠനകാലം തൊട്ടേ എഴുതി തുടങ്ങിയ ഇദ്ദേഹം  നാട്ടിലെയും  , ഇവിടത്തേയും മിക്ക മാദ്ധ്യമങ്ങളിലും എഴുതി വരാറുണ്ട് . 
സാമൂഹ്യ പ്രതിബദ്ധതയുള്ള അനേകം വിഷയങ്ങളെ കുറിച്ച് സോഷ്യൽ മീഡിയ സൈറ്റുകളിലും , പല ഓൺ -ലൈൻ പോർട്ടലുകളിലും നല്ല ഈടുറ്റ തന്റെ കാഴ്ച്ചപ്പാടുകൾ എന്നുമെന്നോണം എഴുതിയിട്ടുകൊണ്ടിരിക്കുന്ന ജയപ്രകാശ് മറയൂരിന്റെ കുറിപ്പുകൾ ധാരാളം പേർക്ക് നല്ലൊരു വായനാനുഭവം തന്നെയാണ് . 
സമൂഹത്തിലും , ചുറ്റുവട്ടങ്ങളിലും നെറി കേട് കാണുമ്പോഴെല്ലാം , ആയതിനെതിരെ പ്രതികരിച്ച് എപ്പോഴും പൊതുസമൂഹത്തിന് എന്നും ബോധവൽക്കരണങ്ങൾ നടത്തി കൊണ്ടിരിക്കുന്ന ഒരു സോഫാ ഗ്ലൂ എഴുത്തുകാരനല്ല ജയപ്രകാശ്  ; എഴുത്തിനൊപ്പം തന്നെ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളിലും നേരിട്ട് ഇറങ്ങിച്ചെന്ന്  വളരെ സജീവമായി ഇടപെടുന്ന ഒരാൾ കൂടിയാണ് ഈ എഴുത്തിന്റെ പ്രതിഭ .
ഇപ്പോഴും ഒരു പിടി ചെറുകഥകൾ എഴുതി  അലമാരിയിലും , സൈബർ പെട്ടിയിലും ഭദ്രമായി പൂട്ടി വെച്ചിരിക്കുന്നതെല്ലാം എടുത്ത് നന്നായി പൊടി തട്ടി മിനുക്കിയെടുത്ത്  ഒന്നു രണ്ട് കഥാസമാഹാര പുസ്തകങ്ങളാക്കുവാൻ ഒരുങ്ങിയിരിക്കുകയാണ് ഈ യുവ കഥകാരൻ...


സ്വപ്ന സത്യൻ
പാലക്കാട് ജില്ലയിലെ കുഴൽമന്ദത്തുനിന്നും യു.കെയിലെത്തി ബിരുദാനന്തര ബിരുദം എടുത്ത സ്വപ്ന സത്യൻ  (പ്രവീൺ )  ഇപ്പോൾ കവൻട്രിയിൽ ഭർത്താവ് പ്രവീണും മകനുമൊത്ത് താമസിച്ച്  ജോലി ചെയ്യുന്ന അസ്സൽ ഒരു എഴുത്തുകാരിയാണ് . 
അനേകം ജീവിത ഗന്ധിയായ കഥകൾ ആത്മാവിഷ്കാരത്തോടെ എഴുതിയിടാറുള്ള സ്വപ്നയുടെ കഴിവ് ഒന്ന് വേറെ തന്നെയാണ് .  
അടുത്തിടെ  പുറത്തിറങ്ങിയ 'പറഞ്ഞു തീരാത്ത സത്യങ്ങൾ ' എന്ന കഥാസമാഹാരമാണ് സ്വപ്ന പ്രവീണിന്റെ ആദ്യ പുസ്തകം .
എഴുത്തിൽ മാത്രമല്ല സ്‌കൂൾതലം  മുതൽ വിവിധ കലാമത്സരങ്ങളിൽ വിജയിയായിട്ടുള്ള ഒരു സകലകാല വല്ലഭയാണ് സ്വപ്ന .
പ്രദീപ് നായരുടെ 'ഒരിടം 'എന്ന സിനിമയിൽ  മർമ്മ പ്രധാനമായ ഒരു റോളിലും സ്വപ്ന പ്രവീൺ അഭിനയിച്ചിട്ടുണ്ട് .
മുരുകേഷ്  പനയറ 'പറഞ്ഞു  തീരാത്ത സത്യങ്ങൾ 'എന്ന സ്വപ്നയുടെ 11  കഥകളുടെ സമാഹാരത്തിലെ ഓരോ കഥകളും എടുത്ത് വിലയിരുത്തലുകൾ നടത്തി ,സ്വപ്നയെ  പരിചപ്പെടുത്തുന്നത് ഇവിടെ വായിക്കാവുന്നതാണ് ...


ജയശ്രീ [ലക്ഷ്‌മി]  
എറണാകുളം ജില്ലയിലെ ചെറായിയിൽ നിന്നും   2002 മുതൽ യു കെ യിൽ വാട്ഫോഡ് താമസമുള്ള ജയശ്രീ [ലക്ഷ്‌മി]  സകല കലാവല്ലഭയായ ഒരു എഴുത്തുകാരിയാണ് .ചെറുപ്പം മുതൽ ചിത്രം വര, പെയിന്റിങ്, സംഗീതം എന്നിവയോട് ആഭിമുഖ്യമുണ്ടായിരുന്നു. 
പതതാം വയസ്സ് മുതൽ ശാസ്ത്രീയ നൃത്തം അഭ്യസിച്ചു തുടങ്ങി. ആദ്യം ഭരതനാട്യവും പിന്നീട് കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയും അഭ്യസിച്ചു. അനവധി സ്റ്റേജ് പെർഫോമൻസുകളും ചെയ്തിട്ടുണ്ട്. പല കാരണങ്ങളാൽ  ബ്രേയ്ക്കുകൾ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും നൃത്തവും വായ്പ്പാട്ടുമായി  സ്‌റ്റേജുകൾ ചെയ്യുന്നുണ്ട്. 
ചിത്രം വരയിലും പെയിന്റിങ്ങിലും ചെറുപ്പം മുതൽ സ്വയം അഭ്യസിച്ചെടുത്ത ഒരു ശൈലിയാണ് അവലംബിച്ചിരുന്നത്. എന്നാൽ നിയമ ബിരുദാനന്തരം നോർത്ത് പറവൂർ ഉള്ള ചിത്രസദനം സദാശിവൻ മാഷിന് കീഴിൽ ഒരു വർഷത്തോളം പെയിന്റിങ് അഭ്യസിക്കാൻ അവസരമുണ്ടായിട്ടുണ്ട്. 
ഇവയ്ക്കു പുറമെ തയ്യൽ, എംബ്രോയിഡറി വർക്ക്, ഫ്‌ളവർ മേക്കിങ് എന്നിവയും അഭ്യസിച്ചിട്ടുണ്ട് .  
ഹൈസ്‌കൂൾ കാലം മുതൽ ചെറിയ തോതിൽ ചെറുകഥകളും ,കവിതകളുമെഴുതിത്തുടങ്ങിയിരുന്നു. അവയിൽ ചിലതെല്ലാം കോളേജ് മാഗസിനുകളിലും , നാട്ടിലെ ചില മാദ്ധ്യമങ്ങളിലും അച്ചടിച്ച്‌ വന്നിട്ടുണ്ട്. 
പിന്നീട് യു.കെ കാലഘട്ടത്തിൽ സ്വയം പ്രസാദ്ധന സാദ്ധ്യതകളിലൂടെ മലയാളം ബ്ലോഗുകളിലും സാന്നിദ്ധ്യമറിയിച്ചു. ചെറുകഥകളും കവിതകളും  പാട്ടും പെയിന്റിങ്ങുകളുമായി  ഒരു ഘട്ടത്തിൽ ബ്ലോഗിൽ വളരെ സജീവമായിരുന്നു .  
യു.കെയിലെ പ്രഥമ മലയാളം ബ്ലോഗ് എഴുത്തുകാരിയായിരുന്നു ജയശ്രീ ...!
ലക്ഷ്‌മിയുടെ പേരിൽ ഗുരുപവനപുരാധീശം (കവിതകൾ ) ; കല്ലോലിനി/വൃന്ദാവനം  (ഗാനങ്ങൾ ) ;  കാളിന്ദീതീരം (കഥകൾ )  ;   രാധാനന്ദനം (വരകളും,വർണ്ണങ്ങളും ) എന്നീ നാല് മലയാളം ബ്ലോഗുകളിലായി സർഗ്ഗസൃഷ്ടി നടത്തിയിരുന്ന  ഒരു സകലകലാ വല്ലഭയായ വനിതരത്നമാണ് ജയശ്രീ. 

എറണാകുളം ലോകോളേജിൽ നിന്നും നിയമബിരുദം  കരസ്ഥമാക്കി. എൻറോൾമെന്റിനു ശേഷം നോർത്ത് പറവൂർ കോടതിയിൽ അഡ്വക്കറ്റ് എൻ. എ അലിയുടെ കീഴിൽ ഒരു വര്ഷം അപ്പറെന്റീസ് ഷിപ്പ് ചെയ്തു. അതോടൊപ്പം നേഴ്‌സിംഗിൽ ഡിപ്ലോമയെടുത്ത് നേഴ്‌സിങ്ങു് പ്രൊഫെഷനിലേക്കും  ആകൃഷ്ടയായി .   ഇപ്പോൾ വാട്ഫോഡ് ജനറൽ ഹോസ്പിറ്റലിൽ സ്ട്രോക്ക് നേഴ്സ് സ്പെഷ്യലിസ്റ് ആയി വർക്ക് ചെയ്യുന്നു. ഇവിടെ വന്നിട്ട് മറ്റനേകം നേഴ്‌സിംങ്ങിൽ ട്രെയിനിങ് സർട്ടിഫിക്കേറ്റുകളും കരസ്ഥമാക്കിയ ജയശ്രീ, .ഇപ്പോഴും  സമയത്തിനനുസരിച്ച് ചെറുകഥകളും കവിതകളും പാട്ടുകളും  നൃത്തവും പെയിന്റിങ്ങുകളുമൊക്കെയായി  സൈബർ  ലോകത്തും സജീവമാണ്. 
ഹെമൽഹെംസ്റ്റഡ്  മലയാളി കൂട്ടായ്മകളിലും ജയശ്രീ തന്റെ കലാഭിരുചികളുടെ  വൈഭവം അടയാളപ്പെടുത്തുന്നു. 
ഈ  ബിലാത്തി ജീവിതത്തിനിടയിലും  ഇത്തരം സ്റ്റേജുകളിലും , സൈബർ ലോകത്തും  പിന്നെ തന്റെ വളരെ അടുത്ത ഒരു കൊച്ചു സൗഹൃദ വലയത്തിനുള്ളിലുമായി ആത്മാവിഷ്കാരത്തിന്റെ പുതു സൃഷ്ടികൾ കണ്ടെത്തി സന്തോഷപൂർവ്വം ജീവിതം കൊണ്ടു പോകുകയാണ് ഈ എഴുത്തുകാരി ...

റെജി നന്തിക്കാട്
ബാംഗ്ലൂരിൽ നിന്നും യു.കെ- യിലെ എൻഫീൽഡിൽ വന്ന് വാസമുറപ്പിച്ച ഒരു മലയാളം ഭാഷ സാഹിത്യ സ്നേഹിയാണ് റെജി നന്തിക്കാട് എന്ന കോട്ടയംകാരൻ. 
യു .കെ യിലെത്തിയ ശേഷം സാഹിത്യ പരിപോഷണത്തിനായി പ്രത്യേകം സമയം നീക്കി വെച്ചിരിക്കുന്ന ഒരു എഴുത്തുകാരനാണ് റെജി ഫിലിപ്പ് നന്തിക്കാട്. 
യു.കെ മലയാളികൾക്ക് വേണ്ടി വർഷം തോറും സാഹിത്യ മത്സരങ്ങളും ,വിവിധ തരത്തിലുള്ള സാഹിത്യ കൂട്ടായ്മകളും സംഘടിപ്പിക്കാറുള്ള 'ലണ്ടൻ മലയാള സാഹിത്യവേദി 'യുടെ അധിപനും, സാഹിത്യ രചനകൾക്ക്  എല്ലാതരത്തിലും പ്രോത്സാഹനങ്ങൾ കൊടുത്തു കൊണ്ടിരിക്കുന്ന മലയാളം വായന എന്ന ന്യൂസ്‌-പോർട്ടലിന്റെ പത്രാധിപരും , ഉടമയും കൂടിയാണ് ഈ നല്ലൊരു വായനക്കാരൻ കൂടിയായ ഈ പത്രപ്രവർത്തകൻ  .
കൂടാതെ യുക്‌മ നടത്തുന്ന 'ജ്വാല ' എന്ന ഇ-മാഗസിനിന്റെ ചീഫ് എഡിറ്റർ പദവിയും  ഇദ്ദേഹം വഹിക്കുന്നുണ്ട്. 
സ്വന്തമായും , മറ്റു പുസ്തക പ്രസാധകരുമായി സംയുക്തമായും പല യു.കെ മലയാളികളുടെയും സാഹിത്യ കൃതികൾ റെജി നന്തിക്കാട് ഇതിനോടകം പബ്ലിഷ് ചെയ്ത് പുസ്തകമായി വിപണിയിൽ ഇറക്കിയിട്ടുണ്ട് ...


ശ്രീജിത്ത് ശ്രീകുമാർ
പാലക്കാട് നിന്ന്  വെയിൽസിലെ ന്യൂപോർട്ടിൽ വന്ന് സ്വന്തം ബിസിനസ്സ് കൾസൾട്ടൻസി നടത്തുന്ന ശ്രീജിത്ത് ശ്രീകുമാർ നല്ല നിരീക്ഷണ പാടവമുള്ള ഒരു എഴുത്തുകാരനാണ് .  അസ്സലൊരു ഫോട്ടോഗ്രാഫർ കൂടിയായ ശ്രീജിത്ത് യാത്രകളുടെ ഒരു തോഴൻ കൂടിയാണ് .യാത്രകൾക്ക് ശേഷം ആയതിനെ കുറിച്ചെല്ലാം  യാത്രാവിവരണങ്ങളും പല ഓൺ - ലൈൻ മാദ്ധ്യമങ്ങളിലും എഴുതിയിടാറുണ്ട് ഇദ്ദേഹം. പഠനകാലത്തൊക്കെ നന്നായി കഥകളും ലേഖനങ്ങളുമൊക്കെ എഴുതിയിട്ടിരുന്ന ശ്രീജിത്ത്  എഴുത്തിൽ നിന്ന് കുറച്ച് പിൻ  വലിഞ്ഞെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയ തട്ടങ്ങളിലും മറ്റും സാമൂഹ്യ പ്രസക്തിയുള്ള പല കുറിപ്പുകളും ഇപ്പോൾ എഴുതിവരുന്നു .ഒപ്പം ഇദ്ദേഹം പല പുരോഗമന സാംസ്കാരിക സംഘടനകളിലും നേരിട്ടിറങ്ങി  പ്രവർത്തിക്കുന്നുമുണ്ട് . 
ശ്രീജിത്ത് ശ്രീകുമാറിന്റെ അതിമനോഹരമായ ഫോട്ടോഗ്രാഫി ബ്ലോഗ് Beyond Words ഇവിടെ സന്ദർശിക്കാവുന്നതാണ് ....

ബിൻസു ജോൺ
കണ്ണൂരിലെ പയ്യന്നൂരിൽ  നിന്നും വന്ന് ലെസ്റ്ററിൽ  സ്ഥിരതാമസമുള്ള പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയായ ബിൻസു ജോൺ ഇവിടെ സ്വതന്ത്രമായി  പത്ര പ്രവർത്തനനം നടത്തുന്ന ഭാഷാസ്നേഹിയാണ് . 
മലയാളം യു.കെ  എന്ന ഓൺ -ലൈൻ പത്രത്തിന്റെ മാനേജിങ്ങു് എഡിറ്ററാണ് . വായനയിലും എഴുത്തിലും തല്പരനായ ബിൻസു യു.കെയിലെ അറിയപ്പെടുന്ന ഒരു സാമൂഹ്യപ്രവർത്തകനും  യുക്മ ന്യൂസ് പത്രത്തിന്റെ മുൻ എഡിറ്ററും , സാഹിത്യ മാസികയായ ' ജ്വാല ' ഓൺ -ലൈൻ മാഗസിന്റെ മാനേജിങ്ങ് എഡിറ്ററും ആയിരുന്നു .
യു.കെ .മലയാളികളുടെ കലാസാഹിത്യ സംബന്ധിയായ പല ആർട്ടികളും ബിനുവിന്റെ പ്രസിദ്ധീകരണങ്ങളിലൂടെയാണ് ആദ്യമൊക്കെ വെളിച്ചവും കണ്ടിട്ടുള്ളത്...


മോനീ  ഷിജോ
ആലപ്പുഴ നിന്നും വന്ന്  ഇപ്പോൾ ബെർമിങ്‌ഹാമിലുള്ള  മോനി  ഷിജോ ധാരാളം കവിതകളും ,ഗീതങ്ങളും എഴുതുന്ന ഒരു യുവ എഴുത്തുകാരിയാണ് . 
ധാരാളം ഇടിവെട്ട് ഡയലോഗ് കൾ അടക്കം നിരവധി കലാമൂല്യമുള്ള നാടകങ്ങൾക്ക് കഥ ,തിരക്കഥ , സംഭാഷണം , സംവിധാനം വരെ നിർവഹിച്ചിട്ടുള്ള നാടകാചാര്യൻ ശ്രീ ടി പി ഉറുമീസിന്റെ മകളായ  മോനി .
തൻറെ  മനസ്സിന്റെ അടിത്തട്ടിൽ നിന്നുമുയരുന്ന ഭാവങ്ങൾ തൂലികയിൽ ചായംചാലിച്ചെഴുതാൻ കഴിയുന്ന  കലാ സാഹിത്യ നിപുണയായി തന്നെ , ഹൃദയത്തിന്റെ ഭാഷക്ക് മങ്ങൽ സംഭവിക്കാതെ ചായക്കൂട്ടുകളാൽ വികൃതമാകാതെ അതേപടി പകർത്തിയെഴുതുന്ന കൂട്ടത്തിലുള്ള എഴുത്തുകാരിയാണ് . ചായക്കൂട്ടുകൾ എപ്പഴും വർണ്ണപകിട്ടു കൂട്ടുമെന്നറിയാമെങ്കിലും , അവ  അധികമാവുമ്പോൾ എവിടെയൊക്കെയോ അതിന്റെ തനതായ ഭാവം നഷ്ട്ട പെടുന്നുണ്ടോ അതോ നഷ്ടമാവുമോ എന്നൊരു ഭയം കൊണ്ടാണ് താനങ്ങിനെ എഴുതാത്തതെന്നാണ് മോനി  സ്വയം പറയുന്നത് .
ലണ്ടൻ മലയാളി റേഡിയൊ ജോക്കിയായിരുന്ന ഈ സാഹിത്യ കലാപ്രതിഭ യു.കെ-യിലെ നല്ലൊരു അവതാരക കൂടിയാണ്  . 
സമൂഹത്തിന്  നന്മയുണ്ടാകുന്ന തന്റെ മനസ്സിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ കൂടി പങ്കുവെക്കുന്നതിലും എന്നും ബഹുമിടുക്കി തന്നെയാണ് മോനീ  ഷിജോ...
വിപിൻ
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ ജനനം . ഇപ്പോൾ യു.കെ - യിലെ കെന്റ് കൗണ്ടിയിൽ സ്ഥിര താമസം . സ്കൂൾ , കോളേജ് കാലഘട്ടങ്ങളിൽ മുതൽ എഴുത്തിന്റെ മേഖലയിൽ സജീവം .
കാമ്പുള്ള വിഷയങ്ങളെ വളരെ ലളിതമായി ചെറുകഥകളിലൂടെ  കോറിയിടുന്ന ഈ കലാകാരന്റെ ധാരാളം ചെറുകഥകൾ യു.കെ - യിലേയും , നാട്ടിലേയും പല ആനുകാലികങ്ങളിലും, പ്രമുഖ  ഓൺലൈൻ  പോർട്ടലുകളിലൂടെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് .
വിപിൻറെ ശ്രദ്ധേയമായ ഏതാനും രചനകൾ - കനൽ കാലം , അമ്മപറഞ്ഞ നുണകൾ , രംഗരാജൻ എന്ന കടംകഥ , മന്ദാരക്കുന്നുകൾ , വിശുദ്ധന്റെ നൊമ്പരങ്ങൾ,...എന്നിവയൊക്കെയാണ് .
 തമ്പലക്കാടൻ  എന്നൊരു മലയാളം ബ്ലോഗും ഈ യുവ ചെറു കഥാകൃത്തിന്റെ അധീനതയിലുണ്ട് .
 കേരളത്തിലേയും ,ഗൾഫ് മേഖലയിലേയും വിവിധ സാഹിത്യ കൂട്ടായ്മകളിലടക്കം   
'കട്ടൻ കാപ്പിയും കവിതയും' വരെയുള്ള പല കലാ സാഹിത്യ സദസ്സുകളിലേയും സജീവാംഗം കൂടിയാണ്  വിപിൻ...
ജോജി തോമസ്
തിരുവല്ല സ്വദേശിയായ ഇപ്പോൾ വോക്ക്ഫീൽഡിൽ താമസിക്കുന്ന ജോജി തോമസ് എല്ലാ സാഹിത്യ വിഭാഗങ്ങളിലും കൈവെച്ചിട്ടുള്ള എഴുത്തുകാരനാണ് .നല്ലൊരു സാമൂഹ്യ പ്രവർത്തകൻ കൂടിയായ ജോജി യു.കെ.മലയാളം ന്യൂസ് വിഭാഗം  മെമ്പറും ,പല  ആനുകാലിക സംഭവങ്ങളും  സൂക്ഷ്മമായി നിരീക്ഷിച്ച് ആയതൊക്കെ വിലയിരുത്തുകയും, പിന്നീട് സത്യങ്ങൾ വളച്ചൊടിക്കാതെ തന്നെ എഴുതി ഏവരെയും അറിയിക്കുകയും  ചെയ്യുന്ന ഒരു പത്ര പ്രവർത്തകനും  കൂടിയാണ് ഇദ്ദേഹം  . 
യു.കെ പത്രങ്ങളിൽ മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന 'മാസാന്ത്യാവലോകനം' എന്ന പംക്തി  എഴുതിക്കൊണ്ടിരിക്കുന്നതും ജോജി തോമസാണ്...


ഇനിയും പ്രൊഫലുകൾ മുഴുവൻ ലഭ്യമല്ലാത്തതിനാൽ ഈ ദേശങ്ങളിലുള്ള പല എഴുത്തുകാരെയും ഇതിൽ ചേർക്കുവാൻ കഴിഞ്ഞിട്ടില്ല . മഹാകവി ഉള്ളൂരിന്റെ ചെറുമകൾ ഇവിടെയുള്ള സീനിയർ എഴുത്തികാരിയായ ശാന്ത കൃഷ്ണമൂർത്തി , തകഴിയുടെ പേരക്കുട്ടി ജയശ്രീ മിശ്ര , പ്രിയ കവി ഒ .എൻ .വി യുടെ മകൾ ഡോ :മായ ,കലയുടെ 'പാം ലീഫി'ൽ എഴുതുന്ന ഡോ :പി .കെ .സുകുമാരൻ നായർ ,നിമിഷ കവിയായ നടരാജൻ , ഗീത , സന്തോഷ് പിള്ള , പ്രിയ ,ബി .ബി .സിയിൽ ജോലി ചെയ്യുന്ന ഷഹീന അബ്ദുൽ ഖാദിർ, ബി. ബി. സിയിൽ തന്നെയുള്ള ദിവ്യ അശ്വിൻ ,ഏഷ്യൻ ലൈറ്റ് പത്രാധിപരായ അനസുദ്ദീൻ അസീസ് എന്നിങ്ങനെ നിരവധി പേർ ബാക്കിയുണ്ട് ...


ഭാഷ സ്നേഹികൾക്ക് ഒന്നിച്ചു ചേരാനും, 
പരിചയപ്പെടാനും, എഴുത്തുകാർക്ക് അവരുടെ 
രചനകൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും മറ്റുമായി ഒരു   'നെറ്റ്  വർക്കിങ്ങ്' തുടങ്ങിവെച്ചിരിക്കുകയാണ്

ഇതോടോപ്പം തന്നെ , 'കട്ടന്‍ കാപ്പിയും കവിതയും' വെബ്‌സൈറ്റില്‍ (http://kattankaappi.com )
 എഴുത്തുകാരുടെയും , കലാകാരന്മാരുടെയും ഒരു പ്രൊഫൈല്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള സംവിധാനം പൂര്‍ത്തീകരിച്ചിട്ടുണ്ട് ...!
എഴുത്തുകാര്‍ക്ക് ഇനി സ്വന്തമായി പ്രൊഫൈല്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ദയവായി സൈറ്റ് സന്ദര്‍ശിക്കുക... 
അല്ലെങ്കില്‍  pen@kattankaappi.com എന്ന 
വിലാസത്തില്‍ പ്രൊഫൈലും ,ഫോട്ടോയും അയച്ചു തരിക.

എല്ലാ സാഹിത്യ കുതുകികളും , കലാകാരന്മാരും 
ഇനിയുള്ള വിദേശ മലയാളി ചരിത്രങ്ങളിൽ നിന്നും 
മാഞ്ഞു പോകാതിരിക്കുവാൻ ഏവരും അവരവരുടെ പ്രൊഫൈലുകൾ 
ഇവിടെ എത്രയും പെട്ടെന്ന്   സൗകര്യം പോലെ ലിസ്റ്റ് ചെയ്യുമെന്ന് വിശ്വസിക്കുയാണ്  ...





വിഭാഗം 
ആംഗലേയ നാട്ടിലെ മലയാളം കലാസാഹിത്യ കുതുകികൾ (ഭാഗം : ഒന്ന് )

ഒന്നാം ഭാഗം :-
ആംഗലേയനാട്ടിലെ മലയാളം സാഹിത്യ കുതുകികൾ ...!

രണ്ടാം ഭാഗം :-
ആംഗലേയ നാട്ടിലെ ഭാഷാ സ്നേഹികളായ മല്ലു വല്ലഭൻ ...!

മൂന്നാം  ഭാഗം : -

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...