Wednesday 15 April 2020

കൊറോണക്കാലം @ ലണ്ടൻ...! / Koronakkalam @ London ... !


കോറോണേച്ചി കോവിഡ് -19  
എന്ന അവതാരമെടുത്ത് ചൈനേലെ വ്യൂഹാൻ 
പട്ടണത്തിന്റെ മോളിൽ  കയറി നിന്ന് താണ്ഡവ നൃത്തം ആടിത്തുടങ്ങിയപ്പോൾ -  അവളാരത്തി , ചൈനയുടെ വൻ മതിൽ ചാടിക്കടന്ന്    മറ്റ് രാജ്യക്കാരെയൊന്നും വശീകരിക്കുവാൻ പോകില്ല എന്നാണ് ഏവരും കരുതിയിരുന്നത് ...

അഥവാ ചീനയുടെ അയലക്കക്കാരെ കെട്ടിപ്പിടിച്ചുമ്മവെച്ച  ശേഷം, എങ്ങാനും ഈ കൊറോണപ്പെണ്ണ് പടിഞ്ഞാറൻ നാടുകളിലേക്ക്  ചുമ്മാ ലെപ്പടിക്കുവാൻ വന്നാലും, ജൈവായുധങ്ങൾ വരെ തടുത്ത് നിറുത്തുവാൻ കെൽപ്പുള്ള പാശ്ചാത്യ നാടുകളിൽ ഒന്നായ ബ്രിട്ടനിൽ ജീവിക്കുന്നത് കൊണ്ട്, കോറോണേച്ചിയെ  ഞങ്ങൾക്കാർക്കും  ആ സമയത്ത് , ഒട്ടും പേടിയും ഇല്ലായിരുന്നു ...

ഇനിയിപ്പോൾ  കൊറോണയല്ല ;അവളുടെ വല്ലേച്ചി വരെ വന്നാൽ അതിനെയൊക്കെ ഓടിക്കാനുള്ള വാക്‌സിനുകൾ ചടുപിടുന്നനെ ഉണ്ടാക്കാൻ വരെ കഴിവുള്ള - പുതിയ രോഗങ്ങൾ ഉണ്ടാക്കിച്ച് അതിന് മറുമരുന്നു വരെയുണ്ടാക്കി ജനങ്ങളെ തീറ്റിച്ച് - 'മൾട്ടി മില്ലനേഴ്സായ അതി ഭീമന്മാരായ  മരുന്ന് മാഫിയ കമ്പനി'കൾ  വരെയുള്ള നാടുകളാണിത് ...!

പക്ഷിപ്പനിയും ,പന്നിപ്പനിയുമടക്കം മറ്റനേകം വൈറസ് /  ബാക്റ്റീരിയൻ വ്യാപന രോഗങ്ങളെ വറുതിയിലാക്കിയ 
ക്രെഡിറ്റും സമീപ ഭൂതകാലങ്ങളിൽ ഇവരുടെ ചരിത്രങ്ങളിൽ ഉണ്ടുതാനും ...

അതുകൊണ്ട് ഏത്  വ്യാപന വ്യാപ്തിയുള്ള വൈറസേട്ടൻ വന്നാലും , മ്ളൊക്കെ  എന്തുട്ടിന് പേടിക്കണം എന്ന ധൈര്യത്തിൽ ഇരിക്കുമ്പോഴാണ്, രണ്ട് മാസം മുമ്പ് കോറോണേച്ചി മന്ദം മന്ദം ലാസ്യവിന്യാസത്തോടെ അടിവെച്ചടിവെച്ച്‌ ബിലാത്തിയിലും ആട്ടം തുടങ്ങിയത് ... !

ആ സമയത്ത് പാശ്ചാത്യ നാട്ടിൽ കോവിഡ് -19 നെ കുറിച്ചുണ്ടായ  പുതിയ മെഡിക്കൽ പഠനങ്ങൾ പ്രവചിച്ച സംഗതികൾ - മാധ്യമങ്ങൾ വഴിയും മറ്റും  മാളോകരെയെല്ലാം അറിയിച്ചിട്ടുള്ള കാര്യം  എന്തെന്ന് വെച്ചാൽ  - മാർച്ച്മാസം അവസാനത്തോടെ മഹാഭൂരിപക്ഷം ലണ്ടൻകാരടക്കം , പലപല പടിഞ്ഞാറൻ രാജ്യങ്ങളിലെ  ,ഒട്ടുമിക്കവരെയും  മഹാമാരിയായ 'കൊറോണേ'ച്ചി വന്ന്  മാറോടണക്കി ഉമ്മവെച്ച് പോകുമെന്നാണ്... 
മഹാദുരന്തമൊന്നും ആകില്ലെങ്കിലും 
മരണങ്ങൾ നിരവധി ഇത് ഉണ്ടാക്കുമെത്രെ ...!
മഹാനഗരമായ ലണ്ടനിലിരുന്ന് ഇതെല്ലാം കാണുകയും
കേൾക്കുകയും മറ്റും ചെയ്‌തപ്പോൾ , മതിവരുവോളം ഇത്രകാലം
സുഖിച്ചു മദിച്ചു ജീവിച്ചിട്ടും - മരണഭയം കൊണ്ട് വീർപ്പുമുട്ടി കഴിയുകയാണ് 'മെഡിക്കൽ അണ്ടർ ലൈനി'ൽ പെട്ട തനി മണ്ടന്മാരായ എന്നെപ്പോലെയുള്ളവർ ...
എന്താല്ലേ ..മരണ ഭയത്തോടുള്ള ഈ ഭയങ്കര പേടി ...!

എന്തായാലും ദിനംപ്രതി ഇവിടെയൊക്കെ  'കൊറോണേ'ച്ചിയുടെ
കളി വേറെ ലെവലായി മാറുകയായിരുന്നു ...

പടിഞ്ഞാറൻ നാടുകളിലെ  പല ചിട്ടവട്ടങ്ങളും മെല്ലെ മെല്ലെ മാറ്റിമറിക്കപ്പെട്ടു ...
പരസ്‌പരം കാണുമ്പോൾ കൈ പിടിച്ച് കുലുക്കലില്ല , കെട്ടിപ്പിടിച്ചുള്ള ആശ്ലേഷമില്ല, കവിളിൽ കൊടുക്കുന്ന മുത്തമില്ല.
പിന്നെ കമിതാക്കൾ എവിടെയും എപ്പോഴും പബ്ലിക്കായി നടത്തിക്കൊണ്ടിരുന്ന ചുണ്ട് ചുണ്ടോടോട്ടിപ്പിടിപ്പിക്കുന്ന നെടുനീളൻ ചുടു ചുംബനങ്ങളില്ല ..! 
ഇപ്പോൾ പരസ്‌പരം നേരിട്ട് കാണുമ്പോൾ  ഏവരും ആദ്യം 
ചെയ്യുന്നത് കൈ കൂപ്പി നമസ്‌തെ പറഞ്ഞു കൊണ്ടുള്ള നമസ്കാരം മാത്രം ...

മരുന്നില്ലാത്ത  ഈ പരമാണുവിന്റെ അദൃശ്യമായ ആക്രമണത്തിൽ 
നിന്നും ഒഴിഞ്ഞുമാറുവാൻ വേണ്ടി ,ശരീരത്തിന് പ്രതിരോധ ശക്തി വർദ്ധിപ്പിക്കുവാൻ വേണ്ടി മഞ്ഞൾ ,വെള്ളുള്ളി,ചെറുനാരങ്ങ,ഇഞ്ചി മുതലായ മിശ്രിതങ്ങൾ ചേർത്തുള്ള വെള്ളം കുടിയും ,യോഗയും, ആവികൊള്ളലും ,വെയിലു കായലും  മറ്റുമായി ശരീരത്തിന് വിറ്റാമിൻ 'C' യും , 'D' യും വേണ്ടുവോളം ഉണ്ടാക്കുവാനുള്ള ശ്രമങ്ങൾ ഏവരും തുടങ്ങി വെച്ചു ...
ഒപ്പം എവിടെയും സ്വയം ,സാമൂഹ്യ 
അകലങ്ങൾ പരിപാലിച്ചുകൊണ്ടുള്ള എടവാടുകൾ മാത്രം ...

ഇതിനിടയിൽ കോറോണേച്ചി ഇറ്റലിയിൽ ഉഗ്രൻ  രൗദ്ര ഭാവത്തോടെ നിറഞ്ഞാടിയപ്പോഴും , അയലക്കക്കാരായ ബ്രിട്ടനും ,ഫ്രാൻസും, ജർമ്മനിയും ബെൽജിയവും , സ്പെയിനുമൊന്നും ആയതത്ര കാര്യമാക്കിയില്ല ...  

'ഏയ് ആരും പേടിക്കാനില്ല , ഇത് വയസ്സായോരെ  മാത്രമേ 
ആഞ്ഞു പിടിക്കുകയുള്ളുവെന്നും , പടമാവുകയാണേൽ  അവരിൽ  
ചിലർ മാത്രമെ പെടുകയുള്ളൂ എന്നുമുള്ള അധികൃതരുടെ ഭാഷ്യം' ശ്രവിച്ചവർക്കൊക്കെ അസ്സൽ എട്ടിന്റെ പണികിട്ടിയിരിക്കുകയാണിപ്പോൾ... 

എന്തൊക്കെയായിരുന്നു വീരവാദം മലപ്പുറം കത്തി,  
അമ്പും വില്ലും , മിഷ്യൻ ഗൺ , ബയോളജിക്കൽ  വീപ്പൺ  ,
റാപ്പിഡ് ടെസ്റ്റ് ,കോവിഡ് വാക്‌സിൻ , ഒലക്കേന്റെ  മൂഡ് ഒടുവിൽ 
ബ്രിട്ടണും പവനായി പോലെയായി ...!


എല്ലായിടത്തും അനിശ്ചിതകാലത്തേക്ക്  അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു ...!

അന്തർദ്ദേശീയമായി മികച്ചു നിൽക്കുന്ന ജനനിബിഡമായ രാവും പകലും കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങൾ വാരിവിതറുന്ന പത്ത് തെരുവുകളിൽ  പെട്ട ലണ്ടനിലെ 'ഓക്സ്ഫോർഡ് സ്ട്രീറ്റും' ,'റീജണ്ട് സ്ട്രീറ്റും' ഏതാണ്ട് ഒരു മാസത്തോളമായി   വിജനമാണ് ...

ലണ്ടൻ മാത്രമല്ല - പാരീസും , ന്യൂയോർക്കും , മിലാനും ,
ബെർലിനും , ട്യോക്കിയോവും ,മോസ്‌കോയും , സിങ്കപ്പൂരും,
സിഡ്‌നിയും , ഹോങ്കോങ്ങും, മൂംബൈയും, സയപ്പോളായും , ലാഗോസും, കെയ്‌റോവും ,ദുബായിയുമടക്കം അനേകമനേകം ലോകത്തിലുള്ള   വമ്പൻ പട്ടണങ്ങളെല്ലാം അടച്ചു പൂട്ടിയിരിക്കുകയാണിപ്പോൾ  ...!


അതെ,  ആഗോളതലത്തിലെ എല്ലാ പട്ടണങ്ങളും 
ഇപ്പോൾ പൂർണ്ണമായോ, ഭാഗികമായോ നിശ്ചലമാണ്...

നൂറ്റാണ്ടുകളായി അനേകം പണിയാളുകളുടെ ശിൽപ്പ 
വൈവിദ്ധ്യത്താലും ,അദ്ധ്വാനത്താലും അവരുടെയൊക്കെ 
ചോരയും നീരും വറ്റിച്ച് പലപല തവണകളായി പൊളിച്ചും പണിതും പടുത്തുയർത്തിയ കൊട്ടാര സമുച്ചയങ്ങളും,  അംബര ചുംബികളും,  പുഴയോരങ്ങളും , പുകൾപെറ്റ പാലങ്ങളും,  വീമാന താവളങ്ങളും , തുറമുഖങ്ങളും , ഭക്ഷണശാലകളും, രംഗമണ്ഡപങ്ങളും, കലാലയങ്ങളും , സിനിമാശാലകളും , വ്യവസായ സ്ഥാപനങ്ങളും, കലാകായിക സംഗീത സാംസ്കാരിക കേന്ദ്രങ്ങളടക്കം ഒട്ടുമിക്ക സംഗതികളും ആളുകളൊന്നുമില്ലാതെ നിശ്ചലമായിരിക്കുന്ന  ഇങ്ങിനെയുള്ള ഒരു സ്ഥിതി വിശേഷം ആഗോളതലത്തിൽ ഉണ്ടായിട്ടില്ല എന്നത് വാസ്തവമാണ് ...!


ഇന്നിപ്പോൾ മഹാമാരിയായ കൊറോണക്ക് മുമ്പിൽ തോറ്റ് തൊപ്പിയിട്ട് ഒരു അനങ്ങാപ്പാറയെ പോലെ നിൽക്കുകയാണ് ലോകത്തിലെ സകലമാന വമ്പൻ നഗരങ്ങളും , ഓരൊ കൊച്ചു പട്ടണങ്ങളും,  എല്ലാ ചെറിയ കവലകളും ...!

ലോകത്തിന്റെ സാംസ്കാരിക പട്ടണമായ ലണ്ടൻ മുതൽ നമ്മുടെ കൊച്ചുകേരളത്തിലെ സാംസ്‌കാരിക പട്ടണമായ തൃശൂർ വരെ ഇതിൽ പെടും ...! 

പണവും പകിട്ടും പ്രതാപവുമെല്ലാം പകർച്ചവ്യാധിയായ 
'കോവിഡി'ന് മുന്നിൽ പകച്ചുനിൽക്കുന്ന കാഴ്ചകളാണ് ചുറ്റും . 

പഞ്ചഭൂതങ്ങളെ എന്നും മലിനമാക്കി പടുത്തുയർത്തിയ പുതു ലോകത്തിന് പടച്ചു വിട്ടവൻ തന്നെ അസ്സൽ എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് ഇപ്പോൾ... 
പലതും ഇതിൽ നിന്നും ഗുണപാഠമായി നാം പഠിക്കേണ്ടിയിരിക്കുന്നു ...!

ലോക്ക് ഡൗൺ ആണെങ്കിലും ലണ്ടനിൽ പബ്ലിക് 
ട്രാൻസ്‌പോർട്ടുകളടക്കം എല്ലാ 'കീ വർക്ക് ജോബു'കളും 
ആയതിന്റെ സ്ഥാപനങ്ങളും ഇപ്പോഴും സുഖമമായി നടക്കുന്നുണ്ട് . 
എന്നും എപ്പോഴും യാതൊരുകോട്ടവും കൂടാതെ സുലഭമായി ലഭിക്കുന്ന 
5 ജി ഇന്റർനെറ്റ് മുഖാന്തിരം ഓൺ -ലൈനായി എന്തും പ്രാപ്‌തമാക്കുവാനുള്ള സംവിധാനങ്ങൾ .ഹോട്ടായാലും,കോമഡിയായാലും, സിനിമയായാലും ,സ്പോർട്സായാലും ,ഡോക്യുമെന്ററിയായാലും അപ്പപ്പോൾ വിരൽ തുമ്പിൽ റെഡി...


പിന്നെ ഈ അടച്ചുപൂട്ടലിൽ അടിമപ്പെട്ട ആഗോള ജനത വിഷാദരോഗത്തിൽ ഇന്ന് അകപ്പെടാതിരിക്കുന്നതിന് മുഖ്യ കാരണം ഇന്നുള്ള  നവ മാധ്യമങ്ങളിലൂടെ കാഴ്ച്ചവെക്കുന്ന
ഉഗ്രൻ കലാ പ്രകടനങ്ങളാണ് - ദേശവും ഭാഷയും ഊരുമൊന്നും - ഇത്തരം കലാ സാഹിത്യ സംഗീത ഉപാസനകൾക്ക് മുമ്പിൽ ഒരിക്കലും  വിഘ്നങ്ങൾ ആകാത്തതാണ്  സോഷ്യൽ മീഡിയ തട്ടകങ്ങളിലൂടെയുള്ള ഇത്തരം ആശ്വാസങ്ങളാണ്  ...

ഇതൊക്കെ തന്നെയാണ്  കഠിനമായ ഈ
കൊറോണക്കാലത്തെ ഇവിടെയുള്ളവരുടെ കൊച്ചുകൊച്ചു സന്തോഷങ്ങൾ ...!

എന്തൊക്കെയാണേലും വിഷുക്കണിയില്ലാത്ത 
വിഷുക്കൊന്നയില്ലാത്ത വിഷുവും , ഈസ്റ്ററുമൊക്കെ 
വിഷാദത്തിലാണ്ട് ; ഇത്രയേറെ വിഷമഘട്ടത്തോടെ താണ്ടിയൊരു വിഷുക്കാലമെൻ ജീവിതത്തിലാദ്യമാണെന്ന് 
ഇപ്പോൾ ഉറപ്പിച്ചു പറയാവുന്ന ഒരു സംഗതിയാണ് ...

പിന്നെ ഇവിടെ ആർക്കെങ്കിലും കൊറോണയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഒരു  ഡോക്റ്ററെ കാണുവാനൊ ,ആശുപത്രിയിൽ പോകുവാനൊ  സാധിക്കുകയില്ല എന്നതാണ് ഏറ്റവും വലിയ ഡ്രോബാക്സ്. എല്ലാം 'ഓൺ -ലൈൻ അപ്പോയ്മെന്റു'കൾ മാത്രം ...

രോഗബാധിതരും , വീട്ടുകാരും
പാരസെറ്റമോൾ മാത്രം കഴിച്ച് 14  ദിവസം വീട്ടിലിരിക്കുക ...


അത്യാസന്ന നിലയിലാവുമ്പോൾ മാത്രമേ ബ്രിട്ടനിൽ കൊറോണ രോഗികളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുകയുള്ളൂ ...

അവിടെയും പ്രായക്കുറവും ,മറ്റും പ്രയോറിട്ടി നോക്കിയാണ് , ഉള്ള വെന്റിലേറ്റർ സംവിധാനങ്ങളിലൂടെ മരുന്നില്ലാത്ത ഈ രോഗത്തിൽ നിന്നും ഒരാൾക്ക്  ജീവിതത്തിലേക്ക് തിരിച്ചുവരുവാൻ ഒരു ചാൻസ് കിട്ടുന്നുള്ളൂ എന്നതും ഒരു വിരോധോപസമായി തോന്നാം - പക്ഷെ അതിന് മാത്രമെ ഇത്ര ആധുനിക ആരോഗ്യ മേഖല സാങ്കേതിക വിദ്യകൾക്കും ഉപകരണങ്ങൾക്കും  പ്രാപ്‌തിയുള്ള ലോകത്തിലെ വമ്പൻ രാജ്യങ്ങൾക്ക് പോലും  സാധിക്കുന്നുള്ളൂ എന്നതാണ് വാസ്‌തവം ...!

അതുകൊണ്ട് എന്നെപ്പോലെയുള്ള അണ്ടർ 
മെഡിക്കൽ കണ്ടീഷൻ ഉള്ളവരെല്ലാം എത്ര ജാഗ്രതയുണ്ടെങ്കിലും 
പേടിച്ചെ മതിയാകൂ ...

മെയ് മാസം പകുതിക്കുള്ളിൽ ലണ്ടനിലുള്ള 95 ശതമാനം 
ആളുകളേയും കോറോണേച്ചി വന്ന് തടവിപ്പോകും എന്നാണ് 
പഠനങ്ങൾ പറയുന്നത് ...

ഇതിൽ മുക്കാൽ ഭാഗം ആളുകൾക്കും 
ഒരു ജലദോഷപ്പനി മാതിരിയൊ , ഒരു വിധ രോഗാവസ്ഥകൾ പ്രകടിപ്പിക്കാതെയും ഈ രോഗം വന്ന് കടന്ന് പോകുമെങ്കിലും , ബാക്കിയുള്ളവരെ ശരിക്കും പീഡിപ്പിച്ചും - അതിൽ ഒരു ചെറിയ ശതമാനത്തെ യമലോകത്തേക്കും ആനയിച്ചു  കൊണ്ടുപോകുമെന്നാണ് പറയുന്നത് ...! 
അവസാനം ആശുപത്രിയിലെത്തി രക്ഷപ്പെടാനാകാതെ കൊറോണ കൊണ്ടുപോയവരുടെ മരണനിരക്കുകൾ  മാത്രമെ ഇപ്പോൾ ചിത്രഗുപ്‌തൻ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടുള്ളൂ  എന്ന അരമന രഹസ്യം -  ഇപ്പോൾ ചുറ്റുപാടും എന്നും  സംഭവിച്ചു കൊണ്ടിരിക്കുന്ന അനേകം ആകസ്‌മിക മരണങ്ങളുടെ കണക്കുകൾ  കൂടി പുറത്താകുമ്പോൾ ഇപ്പോഴുള്ള  'ഒഫീഷ്യൽ ഡെത്ത് സ്‌കോർ'  ഇരട്ടിയിലധികമായി അങ്ങാടിപ്പാട്ടാകുമെന്നാണ് പറയുന്നത് ...!

കണ്ടക ശനി വന്ന്  പോകുമ്പോൾ 
കൊണ്ടേ പോകൂ  എന്നുള്ളത് 
കോവിഡ് വന്നാലും  കൊണ്ട് പോകും എന്നുറപ്പാക്കി  കഴിയുന്ന ഒരു ലഘു വിഭാഗം ജനതയും , കിണ്ണത്തിൻറെ വക്കത്തെ കടുക് മണി പോലെ ഇവിടങ്ങളിൽ ഇപ്പോൾ ഉണ്ടെന്ന് പായാതെ വയ്യ... 

എവിടെ  പോയി ഒളിച്ചാലും 
തക്ഷകൻ തീണ്ടുമെന്ന അവസ്ഥാവിശേഷം ...!

പണം, പദവി, പെരുമയൊന്നുമല്ല
പേടിയാണ് പെരുത്ത സാധനം... അല്ലെ.
ഒരു പക്ഷെ ഇവിടെ വായന രസകരമായിരിക്കാം 
എന്നാൽ യാഥാർത്ഥ്യം പേടിപ്പെടുത്തുന്നത് തന്നെയാണ് ...! 

എന്തായാലും
കൊറോണക്ക് ശേഷം

കുറെ പാടുപെടേണ്ടി വരും

നേരാവണ്ണം ലോകത്തിനും ആയതിലെ ജനതക്കും 

നേരെയൊന്ന് നിവർന്ന് നിൽക്കുവാനും പിന്നീട് ജീവിക്കുവാനും ...!


പിന്നാമ്പുറം :- 
'ബ്രിട്ടീഷ് മലയാളി'പത്രത്തിൽ  പ്രസിദ്ധീകരിച്ച 
ഒരു പ്രതികരണ കുറിപ്പുകളാണിത്  .നന്ദി ..ബ്രിട്ടീഷ് മലയാളി .
കൊറോണക്കാലം @ ലണ്ടൻ britishmalayali.co.uk

20 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

എന്നെപ്പോലെയുള്ള അണ്ടർ മെഡിക്കൽ
കണ്ടീഷൻ ഉള്ളവരെല്ലാം എത്ര ജാഗ്രതയുണ്ടെങ്കിലും
പേടിച്ചെ മതിയാകൂ ...
മെയ് മാസം പകുതിക്കുള്ളിൽ ലണ്ടനിലുള്ള
95 ശതമാനം ആളുകളേയും കോറോണേച്ചി വന്ന്
തടവിപ്പോകും എന്നാണ് പഠനങ്ങൾ പറയുന്നത് .ഇതിൽ
മുക്കാൽ ഭാഗം ആളുകൾക്കും ഒരു ജലദോഷപ്പനി മാതിരിയൊ,
ഒരു വിധ രോഗാവസ്ഥകൾ പ്രകടിപ്പിക്കാതെയും ഈ രോഗം വന്ന്
കടന്ന് പോകുമെങ്കിലും , ബാക്കിയുള്ളവരെ ശരിക്കും പീഡിപ്പിച്ചും,
അതിൽ ഒരു ചെറിയ ശതമാനത്തെ യമലോകത്തേക്കും ആനയിച്ചു  കൊണ്ടുപോകുമെന്നാണ് പറയുന്നത് ...
കണ്ടക ശനി വന്ന്  പോകുമ്പോൾ കൊണ്ടേ പോകൂ 
എന്നുള്ളത് - കോവിഡ് വന്നാലും  കൊണ്ട് പോകും എന്നുറപ്പാക്കി 
കഴിയുന്ന ഒരു ലഘു വിഭാഗം ജനതയും  കിണ്ണത്തിൻറെ വക്കത്തെ കടുക്
മണി പോലെ ഇവിടങ്ങളിൽ ഇപ്പോൾ ഉണ്ടെന്ന് പായാതെ വയ്യ...!
 
എവിടെ  പോയി ഒളിച്ചാലും 
തക്ഷകൻ തീണ്ടുമെന്ന അവസ്ഥാവിശേഷം ...
പണം, പദവി, പെരുമയൊന്നുമല്ലപേടിയാണ് പെരുത്ത സാധനം... അല്ലെ 

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്നിപ്പോൾ മഹാമാരിയായ കൊറോണക്ക്
മുമ്പിൽ തോറ്റ് തൊപ്പിയിട്ട് ഒരു അനങ്ങാപ്പാറയെ
പോലെ നിൽക്കുകയാണ് ലോകത്തിലെ സകലമാന 
വമ്പൻ നഗരങ്ങളും, ഓരൊ കൊച്ചു പട്ടണങ്ങളും, എല്ലാ ചെറിയ
കവലകളും...   
ലോകത്തിന്റെ സാംസ്കാരിക പട്ടണമായ ലണ്ടൻ മുതൽ
നമ്മുടെ കൊച്ചുകേരളത്തിലെ സാംസ്‌കാരിക പട്ടണമായ
തൃശൂർ വരെ ഇതിൽ പെടും ...
 
പണവും പകിട്ടും പ്രതാപവുമെല്ലാം 
പകർച്ചവ്യാധിയായ 'കോവിഡി'ന് മുന്നിൽ 
പകച്ചുനിൽക്കുന്ന കാഴ്ചകളാണ് ചുറ്റും... 
പഞ്ചഭൂതങ്ങളെ എന്നും മലിനമാക്കി 
പടുത്തുയർത്തിയ പുതു ലോകത്തിന് 
പടച്ചു വിട്ടവൻ തന്നെ അസ്സൽ എട്ടിന്റെ
പണി കൊടുത്തിരിക്കുകയാണ് ഇപ്പോൾ... 
പലതും ഇതിൽ നിന്നും ഗുണപാഠമായി നാം 
പഠിക്കേണ്ടിയിരിക്കുന്നു .. 

Philip Verghese Ariel said...

ഭായ് ഭീകരനായി അവൻ വന്നെങ്കിലും കൊറോണ കുറേ നല്ലപാഠങ്ങൾ ബാക്കി വെക്കുന്നു എന്ന കാര്യം മറക്കേണ്ടെട്ടോ ഭായ് കഥ ഇതുപോലുള്ള ലേഖനം പിന്നെ കുറേ കവിതകൾ അവൻ വിരിയിച്ചു।
കവിതകൾ വിരിയാൻ അവനൊരു കാരണമായി

Cv Thankappan said...

മനസ്സിൽത്തട്ടുന്ന നർമ്മരസത്തിൽപ്പൊതിഞ്ഞ ഹൃദയസ്പർശിയായ വിവരണം.
വീട്ടിൽ സ്വസ്ഥതയോടെയിരിക്കാൻ കഴിയുന്നില്ലല്ലോ!! അകത്തിരിക്കുമ്പോൾ പുറത്തുള്ളവരുടെ സ്ഥിതിയെപ്പറ്റിയുള്ള ആധിയാണ്.
ഏവർക്കം ആയുരാരോഗ്യ സൗഖ്യവും നന്മകളും നേർന്നുകൊണ്ട്...
പ്രിയ മുരളീധരന്
തങ്കപ്പേട്ടൻ

രാജേശ്വരി said...

വളരെ നല്ല കുറിപ്പ്. പകച്ചു നിൽക്കുന്ന ലോകത്തിന്റെ നേർചിത്രം.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കൊറോണക്കാലം.. അല്ല, കൊറോണക്ക് മുമ്പും പിമ്പും എന്ന് ഭൂമിയിലെ മനുഷ്യ ജീവിതത്തെ ചരിത്രത്തിൽ രേഖപ്പെടുത്താൻ പോന്ന മാറ്റങ്ങളാണ് ഇനി വരാൻ പോകുന്നത്. ഒരു പക്ഷെ നമ്മുടെ കൊച്ചു കേരളത്തിന്റെ പ്രശസ്തി ഒരു നക്ഷയ്‌ത്ര ശോഭയോടെ ആ ചരിത്രത്തിൽ ഇഡാ. പിടിക്കുകയും ചെയ്യും.. അതിൽ നമുക്ക് അഭിമാനിക്കാം..
Bipin said...

ലോകം മുഴുവൻ ഭയന്നു വിറച്ച്......
കാത്തിരിക്കാം.

വീകെ. said...

ബിലാത്തിച്ചേട്ടാ... കുറച്ചു സംശയങ്ങൾ ചോദിച്ചോട്ടേ ..
അവിടെ നമ്മുടെ നാട്ടിലേപ്പോലെ സർക്കാർ സംവിധാനങ്ങൾ ജനങ്ങളുടെ ആരോഗ്യരക്ഷക്കായി ഉണ്ടോ..?

ജനങ്ങളുടെ ആരോഗ്യം ഇൻഷുറൻസ് കമ്പനികളും സ്വകാര്യ ആശുപത്രികളും കൂടി പങ്കുവക്കുന്നുവെന്നത് ശരിയല്ലേ...?

ഇൻഷുറൻസ് തുകക്ക് മുകളിൽ പണം വേണ്ടിവന്നാൽ അവരെ മരണത്തിന വിട്ടു കൊടുക്കുന്നതു കൊണ്ടല്ലേ ഇത്രയും മരണങ്ങൾ അവിടെയുണ്ടായത്...?

ഹൈടെക് യുഗത്തിലെ ഓൺലൈൻ ചികിത്സയും പാരസെറ്റാമോളും കാരണം ചികിത്സ വൈകുന്നതല്ലേ ഇവിടെ ഇത്രയും മരണങ്ങൾ ഉണ്ടാക്കിയത്...?

Soorya Mohan said...

നല്ല കുറിപ്പ് മുരളിച്ചേട്ടാ. യൂറോപ്പിൽ ഇത്രയധികം ഈ മഹാമാരി വ്യാപിച്ചതിൽ അവിടെയുള്ളവരുടെ സാമൂഹികജീവിത രീതികളുടെ പ്രത്യേകതകൾ കൊണ്ടാണല്ലോ. മാത്രവുമല്ല അത് ലാഘവത്തോടെ കണ്ട പിഴവും. ഇന്ത്യയിലും ഉത്തരെന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി ഒട്ടും വ്യത്യസ്തമല്ല.ആപത്തു സംഭവിക്കരുതേ എന്ന് ആഗ്രഹിക്കാൻ മാത്രമേ കഴിയൂ. നല്ലൊരു പോസ്റ്റിനു നന്ദി 🙏

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഫിലിപ്പ് ഭായ് ,നന്ദി .അതെ ഇനിയെങ്കിലും നല്ല പാഠങ്ങൾ  പഠിച്ചാൽ മതിയായിരുന്നു .പിന്നെ  എല്ലാവരും ചുമ്മാ  വീട്ടിരിക്കുമ്പോൾ അവരവരുടെ സർഗശേഷികൽ പൊടി തട്ടിയെടുക്കുന്നതിന് ഈ കൊറോണക്കാലം ഉപകരിച്ചു എന്നുള്ളതും ഒരു കാര്യമാണെങ്കിലും ,ഞങ്ങളെപ്പോലെയുള്ളവർ ഇതിൽ നിന്നും രക്ഷപ്പെടുവാനുള്ള തത്രപ്പാടിൽ കഷ്ടപ്പെടുകയാണ് ഭായ്.

 പ്രിയമുള്ള തങ്കപ്പേട്ടൻ ,നന്ദി .ഒരു പക്ഷെ ഇവിടെ വായന രസകരമായിരിക്കാം  ...എന്നാൽ യാഥാർത്ഥ്യം പേടിപ്പെടുത്തുന്നത് തന്നെയാണ് ...!  ഈ കൊറോണക്ക് മുമ്പിൽ പണം, പദവി, പെരുമയൊന്നുമല്ല പേടിയാണ് പെരുത്ത സാധനമെന്ന് മനസ്സിലാക്കി ,എത്ര ആധുനിക മെഡിക്കൽ സംവിധാനങ്ങൾ ഉണ്ടായിട്ടും അതൊന്നും പെട്ടെന്ന്  നമ്മൾക്കൊന്നും പ്രാപ്തമാക്കുവാൻ സാധിക്കുകയില്ല എന്നോർത്തുള്ള ഒരു വല്ലാത്ത മരണഭയമാണ് ഭായ് ലണ്ടനിൽ ഞങ്ങളിപ്പോൾ നേരിടുന്നത് .


പ്രിയപ്പെട്ട അൽമിത്ര ,നന്ദി . എങ്ങും നിശ്ചലമായ തെരുവുകൽ ,കെട്ടിട സമുച്ചയങ്ങൾ  .അതെ ലോകം ശരിക്കും ഈ പരമാണുവിന്‌ മുന്നിൽ പകച്ചുനിൽക്കുന്ന കാഴ്ച്ചകളാണ് ചുറ്റും ...  

പ്രിയമുള്ള മുഹമ്മദ് ഭായ്, നന്ദി .അതെ തീർച്ചയായും ഇനി  മുത ല്കൊറോണക്ക് മുമ്പും പിമ്പും എന്ന് ഭൂമിയിലെ മനുഷ്യ ജീവിതത്തെ ചരിത്രത്തിൽ രേഖപ്പെടുത്താൻ പോന്ന മാറ്റങ്ങൾ തന്നെയാണ്  വരാൻ പോകുന്നത്.പിന്നെ ശരിക്കും ഇപ്പോഴാണ് നമ്മുടെ  കൊച്ചു കേരളത്തിന്റെ മഹിമ ഒരു നക്ഷയ്‌ത്ര ശോഭയോടെ ഞങ്ങളെ പോലെയുള്ള പ്രവാസികൾ മനസ്സിലാക്കുന്നത് കേട്ടോ ഭായ് . നമുക്ക് അഭിമാനിക്കാം ...!


പ്രിയപ്പെട്ട ബിപിൻ ഭായ് .ലോകം മുഴുവൻ ഭയന്നു വിറച്ച് ,നിശ്ചലാവസ്ഥയിൽ  അടച്ചുപൂട്ടി വീട്ടിലിരിക്കുന്ന  ഇത്തരം ഒരു  അവസ്ഥാവിശേഷം ആദ്യമായിട്ടുള്ള സംഭമാണെന്നാണ് പറയുന്നത് .ഇനി എല്ലാം വരുന്നോടത്ത്  വെച്ച് കാണാം ..അല്ലെ ഭായ് 

കൊച്ചു ഗോവിന്ദൻ said...

ലോകത്തിന്റെയും, വിശേഷിച്ച് യൂറോപ്പിന്റെയും നേർക്കാഴ്ച നൽകിയ കുറിപ്പ്! ഈ കുന്ത്രാണ്ടം പെട്ടന്നൊന്നു തീർന്നു കിട്ടിയാൽ മതിയായിരുന്നു!

Areekkodan | അരീക്കോടന്‍ said...

അകലം പാലിക്കുക, അടച്ച് പൂട്ടി ഇരിക്കുക - സ്വയം safety measures പാലിക്കുക. നല്ലത് മാത്രം ഭവിക്കട്ടെ.

aboothi:അബൂതി said...

പതിവ് പോലെ ഉഗ്രനായി തന്നെ എഴുതി
ഒന്നേ പറയാനുള്ളൂ
സൂക്ഷിക്കുക
സുരക്ഷിതരാവുക

Amji said...

എത്ര ലോക്ഡൗൺ കൊണ്ട് വൈകിച്ചാലും, മിനിമം, ലോകത്തുള്ള 50% മനുഷ്യരെയും ഉമ്മ വെച്ചിട്ടേ കോവിഡ്19 കളം വിടൂ എന്ന് കേൾക്കുന്നു. പത്തെൺപത് വർഷം മുമ്പ് രണ്ടാം ലോകയുദ്ധം വന്നതിന് സമാനമായ സ്ഥിതിവിശേഷമാണ്. കുറേ പേര് യുദ്ധത്തിൽ പൊരുതി മരിക്കും. കുറേ പേര് യുദ്ധം മൂലമുള്ള പട്ടിണിയും ക്ഷാമവും അതിജീവിക്കാതെ മരിക്കും. ശാസ്ത്രം ഇത് കൊണ്ട് കുറേ കൂടി പുരോഗമിക്കും, രാഷ്ട്രീയ-സാമൂഹ്യ- സാമ്പത്തിക ബലാബലങ്ങളിൽ മാറ്റം വരും. ലോകം കോവിഡ് 19 ന് മുമ്പും പിമ്പുമായി രണ്ടായി രേഖപ്പെടുത്തപ്പെടും.


പൂരം കഴിഞ്ഞ് നമ്മളൊക്കെ ബാക്കിയുണ്ടെങ്കിൽ വീണ്ടും കാണാം. ജീവിച്ചിരിക്കുന്നതോർത്ത് സന്തോഷിക്കാം. ബോണസ് കിട്ടിയ സമയം അർമാദിച്ച്ആസ്വദിക്കാം.

സ്നേഹം

മഹേഷ് മേനോൻ said...

കൊറോണക്കു മുൻപും ശേഷവും എന്നനിലയിൽ ലോക ചരിത്രത്തെ അടയാളപ്പെടുത്തും എന്നാണ് തോന്നുന്നത്. അവിടെ മാത്രമല്ല ലോകം മുഴുവനും ഉള്ളവരെ ഉമ്മ വെച്ചിട്ടെ അമ്മച്ചി കളി നിർത്തൂ അത് ഏകദേശം തീരുമാനമായിട്ടുണ്ട്..

മാധവൻ said...

മുരളി ചേട്ടാ,കൊറോണയുടെ ലാസ്യനടനം കിടുക്കി.അവനാഴി യിലൊന്നുമില്ലാതെ ഒളിച്ചിരിക്കേണ്ടി വന്നു സകല കേമപ്പെട്ട രാഷ്ട്രങ്ങൾക്കും ലേ.അവിടെ അസുഖം വന്നാലും വീട്ടിൽ കഴിയണം എന്നത് പുതിയ അറിവായിരുന്നു.സലാം ട്ടാ

Muralee Mukundan , ബിലാത്തിപട്ടണം said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അശോക് ഭായ് ,നന്ദി.ഇവിടെ  നമ്മുടെ നാട്ടിലേക്കാൾ
ഉപരി  സർക്കാർ സംവിധാനങ്ങൽ മുഖേനയാണ് എല്ലാ ചികിത്സകളും
ഫ്രീയായി നടത്തുന്നത് .
ജനങ്ങളുടെ ആരോഗ്യത്തിന് അവർ  ഇൻഷുറൻസ് എടുത്താലും
ഇതുപോലുള്ള എപ്പിഡിമിക്‌ രോഗങ്ങൾക്ക് അത് ലഭിക്കില്ല .വെറുതെ
എല്ലാ ചികിത്സകളും ഗവർമെന്റ് വക നടത്തുന്നതിനാൽ , വളരെ ചിലവ് കൂടിയ  സ്വകാര്യ ആശുപത്രികൾ സന്ദർശിക്കുന്നത് അത്രയും
സമ്പന്നർ മാത്രമാണ് .
എല്ലാ ഹൈടെക് ചികിത്സകളും ഉണ്ടെങ്കിലും യുകെയിൽ ആകെ അര  ലക്ഷം വെന്റിലേറ്ററുകളെ ഉള്ളൂ .അതുകൊണ്ട് ഓർഗൻസ് വീക്കായി വരുന്ന കോവിഡ് രോഗികളെ മാത്രമേ ഇപ്പോൾ ചികിൽസിക്കുവാൻ  സാധിക്കു .അതുകൊണ്ട് ഇനി ജീവിക്കുവാൻ എഫിഷ്യൻസിയുള്ളവർക്ക് മാത്രമേ ആദ്യ പരിഗണനകൾ കിട്ടുന്നുള്ളൂ എന്ന് മാത്രം ...!


പ്രിയമുള്ള സൂര്യ മോഹൻ ,നന്ദി . അതെ പാശ്ചാത്യ ലോകത്തുള്ളവർ
വളരെ ലാഘവത്തോടെ ഈ മഹാമാരിയെ കണ്ട് അധികം പ്രിക്കോഷന്സ് സ്വീകരിക്കാത്തത് കൊണ്ടാണിവിടെ ഈ വ്യാധി ഇത്രയും പടർന്നു പന്തലിച്ചത് .
ഇന്ത്യയിലെ ഭവിഷ്യത്തുകൾ ഇതുവരെ പറയാറായിട്ടില്ലല്ലോ അല്ലെ സൂര്യ 

 

പ്രിയമുള്ള കൊച്ചു ,നന്ദി . ഈ മഹാമാരിയെ വളരെ ചെറുതായി കണ്ട്
അവഗണിച്ചത് കൊണ്ട് പടിഞ്ഞാറൻ നാടുകൾക്കുണ്ടായ ഭവിഷ്യത്തുകളാണിതൊക്കെ .
ഇനിയും അഞ്ചറുമാസം ഈ താണ്ഡവം നേരിടേണ്ടിവരും എന്നാണ് മെഡിക്കൽ പഠനങ്ങൾ പറയുന്നത്...  

 

പ്രിയമുള്ള അരിക്കോടൻ ഭായ് ,നന്ദി .അതിഥി തൊഴിലാളികളായി
ഇവിടെ വസിക്കുന്ന ഞങ്ങൾക്ക് അടച്ചുപൂട്ടിയിരിക്കുവാൻ പറ്റാത്ത അവസ്ഥയാണ്
കൂടുതലും ,ആയതിനാൽ മിക്കവാറും കീ വർക്കേഴ്‌സായ പ്രവാസികളെല്ലാം ജോലിക്ക് പോയെ മതിയാകൂ...
 
പ്രിയപ്പെട്ട അബൂതി ഭായ് ,നന്ദി .ചുറ്റും കോവിടിന്റെ പകർന്നാട്ടമാണ് ,
ഇനി എല്ലാം വരുന്നിടം കാണാമെന്ന അവസ്ഥയിലാണ് ഇവിടെ ഏവരുമിപ്പോൾ കേട്ടോ ഭായ്.

കുസുമം ആര്‍ പുന്നപ്ര said...

മനഃസംയമനത്തോടെ ഇത്രയും വിശദമായി എഴുതിയയതിന് അഭിനന്ദനം. എന്തുചെയ്യാം ഇന്നത്തെ ഒരു വാര്‍ത്ത് ലോകരോഗ്യ സംഘടനയുടേത് മലയാലം പേപ്പറില്‍ വന്നത് HIV പോലെ ഇതും കൊണ്ട് ജീവിതം adjust ചെയ്യേണ്ടി വരുമെന്നാണ്. എന്തായാലും കൊള്ളാം.

Pradeep Kumar said...

ആ നാട് കൊറോണയുടെ പിടിയിൽ എന്ന വാർത്ത വന്നപ്പോൾ മുതൽ താങ്കളെപ്പോലുള്ള സുഹൃത്തുക്കൾ അവിടെ ഉണ്ടല്ലോ എന്ന കാര്യം ഓർക്കുമായിരുന്നു. ഇപ്പോഴിതാ പതിവ് തൃശൂർ ഭാഷയിൽ നർമ്മം ചാലിച്ച് യു.കെ യുടെ കൊറോണയെപ്പറ്റി താങ്കൾ എഴുതിയത് വലിയ സന്തോഷത്തോടെ വായിക്കുന്നു. വൈറസ് ഭീതിയുടെ കാർമേഘങ്ങൾ എത്രയും വേഗം ഒഴിഞ്ഞ് മാറി പഴയ ലോകം തിരിച്ചെത്തട്ടെ....

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...