Tuesday 29 November 2016

'സ്‌മൃതി' ഉണർത്തുന്ന 'ഛായ ' ... ! / 'Smrithi' Unartthunna ' Chhaya ' ... !

അത്യാധുനികമായ ഇന്നത്തെ വിവര
സാങ്കേതികത മേഖലകൾ വായനയേയും , എഴുത്തിനേയുമൊക്കെ കൈപ്പിടിയിലാക്കിയ - നവ മാധ്യമങ്ങൾ വാഴുന്ന കാലത്തിന് മുമ്പ് ;മൂന്ന് പതിറ്റാണ്ടുകൾക്ക് പിന്നിൽ എഴുത്തിന്റെ ഉറവിടങ്ങളിൽ പ്രചുര പ്രചാരമുണ്ടായിരുന്ന കലാ സാഹിത്യ പുസ്തകങ്ങളായിരുന്നു കൈയ്യെഴുത്ത് പതിപ്പുകൾ ...!

അത്തരത്തിൽ   കൈ കൊണ്ടെഴുതി,
ശേഷം പ്രിന്റെടുത്ത് , വായനക്കാരിലേക്ക്
എത്തിക്കുന്ന ' ഛായ' എന്നൊരു കൈയ്യെഴുത്ത് പതിപ്പ് - തുടരെ തുടരെ ഇറക്കി കൊണ്ട് ; ഏവരുടെയും പ്രശംസ പിടിച്ച് പറ്റിയിരിക്കുകയാണ് , ഇന്ന് ബിലാത്തിയിലുള്ള ഒരു കൂട്ടം പ്രവാസി മലയാളികൾ ... !

ഒരു പക്ഷെ 'ഛായ ' തന്നെയായിരിക്കും , ഇന്ന്
ആഗോളതലത്തിൽ  മലയാളത്തിൽ ഇപ്പോൾ  തുടരാനായി
പ്രസിദ്ധീകരിച്ച്  കൊണ്ടിരിക്കുന്ന , ഒരേ ഒരു കലാ  സാഹിത്യ കയ്യെഴുത്ത് പുസ്തകം  ...!

ലണ്ടനിലുള്ള 'കട്ടൻ കാപ്പിയും കവിതയു'മെന്ന ഒരു കലാ സാഹിത്യ കൂട്ടായ്മയിൽ ഒത്ത് ചേരുന്നവരിൽ നിന്നും വന്ന ആശയം ; സാഹിത്യ സ്നേഹിയും , കലാകാരനുമായ -  നല്ല കൈപ്പടയിൽ എഴുതുന്ന പ്രദീപ് കുമാർ  ( V.Pradeep.kumar ) , ഒരു ഒറ്റയാൾ പട്ടാളമായി ഏറ്റെടുത്താണ്  2014 -ൽ 'ഛായ ' എന്ന കയ്യെഴുത്ത് മാസികയുടെ ആദ്യ പതിപ്പ് പുറത്തിറക്കിയത് ...!

കവർ ചിത്രം മുതൽ ഉള്ളടക്കം വരെ എത്രയും മികച്ചതാക്കാമോ ,
അതെല്ലാം സമകാലികമായി ഓരോ ലക്കങ്ങളിലും സന്നിവേപ്പിച്ച് - കൊല്ലത്തിൽ മൂന്ന്  പതിപ്പുകൾ   വെച്ച് , ഇതാ ഇപ്പോൾ 'ഛായ 'യുടെ
ആറാം ലക്കം വരെ ഈയിടെ പ്രകാശനം ചെയ്തു  കഴിഞ്ഞിരിക്കുകയാണ് ...!

യു.എ.ഇ യിൽ നിന്ന് ഷാജി ( Shaji .S ) , പേജ് ചിട്ടപ്പെടുത്തിയും, മുഖചിത്രം ആലേഖനം ചെയ്തും , സൗദിയിൽ നിന്നും 'വരയിട'ത്തിലെ ജുമാന ഇസ്ഹാക്   രചനകൾക്ക് വേണ്ടി പടങ്ങൾ വരച്ചും , അങ്ങിനെയങ്ങിനെ  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ രചനകൾ ചേർത്തുമുള്ള 'ഛായ ', ഇന്ന് മലയാളികളുടെ ഒരേയൊരു അന്തർദ്ദേശീയ കൈയ്യെഴുത്ത് പതിപ്പായി തന്നെ മാറിയിരിക്കുകയാണ് ..!

പല പല പ്രസിദ്ധ സാഹിത്യ കാരന്മാർ വരെ കൈയ്യെഴുത്ത് മാസിക / Little_Magazine_Movement - ൽ  കൂടി എഴുതി തെളിഞ്ഞ് വന്നവരാണ് എന്നുള്ളത് ,  കൈയ്യെഴുത്ത് പ്രതികളുടെ എടുത്ത് പറയാവുന്ന ഒരു  പ്രസക്തി തന്നെയാണ് ...!

ആദ്യമായി എന്റെ ഒരു (സാഹിത്യ ? ) സൃഷ്ട്ടി പ്രസിദ്ധീകരിച്ചത്  , കണിമംഗലം എസ് . എൻ .ഹൈസ്‌കൂളിൽ എട്ടാം തരത്തിൽ പഠിക്കുമ്പോൾ , മലയാളം അദ്ധ്യാപകൻ ജനാർദ്ദന മാഷിന്റെ  നേതൃത്തത്തിൽ ഞങ്ങളെല്ലാവരും കൂടി തുടങ്ങിയ,  'സ്‌മൃതി 'എന്ന പേരുള്ള കലാ സാഹിത്യ കൈയ്യെഴുത്ത് പതിപ്പിലാണ്  ...

ബാലരമ  , ബാലയുഗം , അമ്പിളിമാമൻ , പൂമ്പാറ്റ മുതലായ ബാല സാഹിത്യ പ്രസിദ്ധീകരണങ്ങളുടെ എല്ലാ ലക്കങ്ങളും  അരച്ച് കുടിച്ച ഒരു സാഹിത്യ വല്ലഭൻ എന്നുള്ള ഒരു ഗർവ്വും അന്നൊക്കെ എനിക്കുണ്ടായിരുന്നത് കൊണ്ട് , ആ വിദ്യാലയത്തിലെ പത്താംക്ലാസ്സുകാർക്ക്  വരെ , ഇത്തരം വിഷയങ്ങളെ കുറിച്ചുള്ള സംശയങ്ങൾ തീർത്ത്  കൊടുത്തിരുന്നത് ഈ അമ്പട ഞാൻ തന്നെയായിരുന്നു ...!

നല്ല കിണ്ണങ്കാച്ചി കൈയ്യക്ഷരങ്ങളുള്ള  - കവിതയെഴുതുന്ന നസിറുദ്ദീനും ( Nasirudin , Health Dept ) ,പ്രിയമോനും ( Priyan , U A E ) കൂടിയാണ് അതുക്കുള്ളിലെ രചനകൾ എഴുതി കൂട്ടിയിരുന്നത് ...

സത്യനും( Sathyan ,B D O) , ജയരാജ് വാര്യരും ( Jayaraj Warrier. film star ) , സതീശനും ( Satheesan , Railways ) , ജോസും , കിഷോറു ( Kishor. U S A ) മെല്ലാം അവരുടെ ആർട്ടിക്കുകൾക്കൊപ്പം  മറ്റുള്ളവർക്കും വേണ്ടി  പടങ്ങളും വരച്ച് ചേർത്തിരുന്നു...
ഞാനും , സന്തോഷ് ബാബുവും (Santoshbabu, Personality Trainer , Delhi ) , സുനിൽകുമാറും( Dr .Sunilkumar ) , തിലകനു( Thilakan.K.B, PWD ) മൊക്കെ വിദ്യാലത്തിലെ ആസ്ഥാന എഴുത്തുകാരായത് കൊണ്ട് എല്ലാത്തിനും മേൽ നോട്ടം നോക്കി , ജനാർദനൻ മാഷിനെ 'സ്‌മൃതി'യുടെ  പണിപ്പുരയിൽ  സഹായിച്ചു പോന്നിരുന്നു ...
പത്താം  തരം  കഴിയുമ്പോഴേക്കും വർഷത്തിൽ ഒന്ന്  വീതം - ആ കൈയ്യെഴുത്ത്
പതിപ്പിന്റെ മൂന്ന്  ലക്കങ്ങൾ പ്രസിദ്ധീകരിച്ച്, ആയതൊക്കെ അന്ന് 'സ്‌കൂൾ ലൈബ്രറിയിൽ ബൈന്റിട്ട് ' സൂക്ഷിച്ച് വെച്ചിരുന്നു ...

പിന്നീട് കോളേജിലെത്തിയപ്പോൾ മാഗസിൻ
എഡിറ്റർ പോസ്റ്റ് വരെ അലങ്കരിച്ചവനായിരുന്നു ഞാൻ .
ഇതിനിടയിൽ വല്ലവരുടെയും കോപ്പിയടിച്ചതാണെങ്കിലും ,
സാഹിത്യത്തിൽ ചാലിച്ച അനേകം  പ്രണയ ലേഖനങ്ങൾ സ്വന്തമായും , കൂട്ടുകാർക്ക് വേണ്ടിയും എഴുതിയെഴുതി ,  എഴുത്തിൽ നല്ല വഴക്കവും ,
ഒപ്പം  വിരലുകൾക്കൊക്കെ നല്ല തഴക്കവും , തഴമ്പും എനിക്ക് കൈ വന്നിരുന്നു ... !

ഒപ്പം തന്നെ നാട്ടിൽ പരിസരത്തുള്ള  ഗ്രാമീണ വായനശാല ,
ബോധി , റൂട്ട് നാടക വേദി , റിക്രിയേഷൻ ക്ലബ്ബ് , കൂർക്കഞ്ചേരി
സാഹിതി സഖ്യം / എസ് .എൻ .ലൈബ്രറി എന്നീ  മേഖലകളിലേക്ക്
കൂടി ഞങ്ങളുടെയൊക്കെ കലാസാഹിത്യ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിരുന്നു...

പിന്നെ - പൂരം , ജൂബിലി ,വാർഷിക പതിപ്പുകൾ മുതലുള്ള പലതരം
 സോവനീയറുകളിൽ പരസ്യങ്ങൾക്ക് 'കണ്ണ് പറ്റാതിരിക്കുവാൻ ' വേണ്ടി
എന്റെ സൃഷ്ട്ടികൾ ആരുടെയെങ്കിലുംകൈയ്യൊ , കാലോ  പിടച്ച് ഞാൻ ഒപ്പിച്ച്  പോന്നിരുന്നു ...
എന്റെ സൃഷിട്ടികൾ വന്നില്ലെങ്കിലും , പേരും , ഫോട്ടോവും ആയതിലൊക്കെ വരണമെന്നുള്ള നിർബ്ബന്ധ ബുദ്ധിയുള്ളതിനാൽ - സ്വന്തമായി കാശ് കൊടുത്ത് , നല്ല ബുദ്ധിജീവി പരിവേഷത്തിൽ എന്റെ ഒരു 'ഫോട്ടോ ബ്ലോക്ക് ' വരെ ഞാൻ പ്രിന്റിങ്‌ പ്രസ്സുകാർക്ക് കൊടുക്കുവാൻ വേണ്ടി ഉണ്ടാക്കി വെച്ചിരുന്നു ...!

ശേഷം പഠിപ്പെല്ലാം കഴിഞ്ഞ് , ചുമ്മാ ലൈനടിച്ച്  - തേരാ പാരാ തെണ്ടി നടക്കുമ്പോൾ , അന്ന് ഏതാണ്ട്   മൂന്ന് പതിറ്റാണ്ട് മുമ്പ് -  വളരെ ബൃഹത്തായ വായനയിലേക്ക് ഇറങ്ങി ചെന്നപ്പോൾ കിട്ടിയ തിരിച്ചറിവിൽ - ഞാൻ ചെയ്ത ഏറ്റവും നല്ല ഒരു കാര്യം എന്താണെന്ന് ഊഹിക്കാമോ  ?.

വൃത്താലങ്കാര ചുറ്റു വട്ടങ്ങളോടെ , അക്ഷര പ്രാസങ്ങളാൽ നിബിഡമായ
അന്നക്കെ ഞാൻ ചമച്ച് വിട്ടിരുന്ന കവിതകളിലും  , ഇതൊന്നുമില്ലാത്ത കഥകളിലും മറ്റും  സാഹിത്യ ഭംഗിയൊ,  മറ്റു യാതൊരുവിധ ഘടകങ്ങളും ഇല്ലെന്ന് മനസ്സിലാക്കി ,ആ എഴുതുന്ന പണി സ്വയം നിറുത്തി വെക്കുക എന്നുള്ളതായിരുന്നു ..! !

പക്ഷെ  കാൽ നൂറ്റാണ്ട് മുമ്പ് കെട്ടിച്ചുരുട്ടി , മടക്കി പത്താഴത്തിൽ പൂഴ്ത്തി പൂട്ടി വെച്ചിരുന്ന , എന്ടെ എഴുത്തുകളെല്ലാം വീണ്ടും പുറത്ത് വന്നത് - എട്ട് കൊല്ലം മുമ്പ് ഞാൻ 'ബൂലോഗ പ്രവേശം ' നടത്തിയ നാൾ മുതലാണെന്ന് തോന്നുന്നു ...

ഗൃഹാതുരത്വത്തിന്റെ ആകുലതയിൽ പ്രവാസത്തിന്റെ പ്രയാസങ്ങൾക്കിടയിൽ കിടന്ന് വല്ലാതെ എരിപൊരി കൊള്ളുമ്പോഴാണ് , ഈ പുത്തൻ നൂറ്റാണ്ടിൽ  പൊട്ടിമുളച്ചുണ്ടായ നവ മാധ്യമങ്ങളിലൂടെയുള്ള വായന വഴി - ആയതിനൊക്കെ ഒരു ആശ്വാസം കണ്ടെത്താനായത് ...

അന്നൊക്കെ വളരെ വിരളമായി വായനക്ക് കിട്ടുന്ന മലയാളം അച്ചടി മാധ്യമങ്ങൾക്ക് പകരം അനേകം 'ഇ-വായനകൾ വഴി 'ബ്ലോഗ് , സോഷ്യൽ മീഡിയ , ഓൺ-ലൈൻ' പത്രങ്ങൾ മുതലായ മലയാള മാധ്യങ്ങൾ വഴി  - മലയാള ഭാഷയുടെ ലാസ്യ വിന്യാസങ്ങൾ കണ്ടുള്ള ആവേശത്തോടെ തുടങ്ങി പോയതായിരുന്നു  -- ഈ 'ബിലാത്തി പട്ടണം' എന്ന എന്റെ ബൂലോഗ തട്ടകം ...!

വായില് തോന്നീത് കോതക്ക് പാട്ടെന്ന പോലെ , പലയിടത്തായി
കണ്ടതും , കേട്ടതുമായ പല സംഗതികളും ഞാനിവിടെ കുറിച്ച് വെച്ചു ...


എന്ത് ചെയ്യാം ...
തൊടുത്ത് വിട്ട ശരം പോലെ
കൈയ്യീന്ന് പോയ വാക്കുകളൊന്നും ഇനി തിരിച്ച്ചെടുക്കുവാൻ പറ്റില്ലല്ലോ .. അല്ലെ .

വീണ്ടും പൊടി  തട്ടിയെടുത്ത എന്റെ തലേലെഴുത്തുകൾ - ഒറ്റ വിരൽ കുത്തി കുത്തി പഠിച്ച്ചെടുത്ത മലയാളം ലിബികളിലൂടെ  - ഈ സൈബർ ഉലകത്തിലൂടെ പറത്തി വിട്ട്  - ഈ ഏഴാം കടലിനക്കരെയിരുന്ന് തന്നെ - ലോകത്തിന്റെ പല കോണുകളിലും ഇരുന്ന് സല്ലപിച്ച് കൊണ്ടിരിക്കുന്ന അനേകം സൈബർ മിത്രങ്ങളെ എന്നുമെന്നോണം എനിക്ക് ലഭിച്ച്  കൊണ്ടിരിക്കാറുണ്ട്   . അവരുടെയൊക്കെ എഴുത്ത് കുത്തുകളിലൂടെ പലപ്പോഴും എന്നിൽ  പുഞ്ചിരിയും , പൊട്ടിച്ചിരിയും , ആഹ്ലാദവും ആമോദവുമൊക്കെ ഉണ്ടായി ...
ചില സന്തോഷങ്ങളും  , സന്താപങ്ങളുമൊക്കെ തൊട്ടറിഞ്ഞു ...

ഇതൊക്കെ തന്നെയാണ് ഇന്നത്തെ കാലത്തെ
സൈബർ ഇടങ്ങളിലെ വരിയുടെയും ,  വരയുടെയുമൊക്ക ചില ഗുണമേന്മകൾ .
സ്വന്തം ബന്ധുമിത്രാദികളേക്കാൾ  ഉറ്റവരായ ഒരുപാട് കലാ സ്നേഹികളായ മിത്രങ്ങൾ ആഗോളതലത്തിൽ എന്ത് സഹായത്തിനും കൂട്ടിനുണ്ടാകുക എന്നത് ...!
അതെ ...
പണ്ടുണ്ടായിരുന്ന സ്നേഹം, തുളുമ്പുന്ന കൈയ്യെഴുത്ത് പതിപ്പുകൾ പോലെയാണ് , ആധുനിക ലോകത്ത് ,  കലാ സാഹിത്യ വിഭവങ്ങൾ പങ്കുവെക്കുന്ന  ഓരോ ബ്ലോഗുകളും , ബ്ലോഗ് കൂട്ടായ്മകളും ...!

അതായത് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി  വീര്യം വർദ്ധിപ്പിച്ചു കിട്ടുന്ന 'ഒരു ജ്യാതി' ലഹരികളാണ് ഓരോ ബൂലോക തട്ടകങ്ങളിലും ഇന്നുള്ളത് ... !

എന്റെ  സ്വന്തം തട്ടകം
ബിലാത്തിപട്ടണത്തിന്റെ
എട്ടാം വാർഷികമാണിന്ന് ...
ദേ ..ഇവിടെ എട്ട് നിലയിൽ
വർണ്ണാമിട്ടുകൾ പൊട്ടുന്നത് കണ്ടില്ലേ ...

സാഹിത്യത്തിലൊന്നും എട്ടും പൊട്ടും
തിരിയാതെയാണെങ്കിലും  ഞാൻ ഇവിടെ
കൊട്ടിഘോഷിക്കുന്ന പൊട്ടത്തരങ്ങളെല്ലാം
ലോകത്തിന്റെ എട്ട് ദിക്കുകളിൽ നിന്നും  , കഴിഞ്ഞ
എട്ട് വർഷങ്ങളായി പ്രോത്സാഹിപ്പിച്ച്‌ കൊണ്ടിരിക്കുന്ന
നിങ്ങൾ ഓരോരുത്തർക്കും  ..... കൊട്ടപ്പറ നന്ദി കേട്ടോ കൂട്ടരേ ...


ഇതുവരെ എഴുതിയ വാർഷിക കുറിപ്പുകൾ  : -

('ഛായ' യുടെ അടുത്ത ലക്കത്തിലേക്ക് രചനകൾ അയക്കുവാൻ താൽപ്പര്യമുണ്ടെങ്കിൽ താഴെയുള്ള ഫോട്ടോയിൽ കാണുന്ന മെയിൽ വിലാസത്തിലേക്ക്  അയച്ചു തരാം കേട്ടോ കൂട്ടരേ )

  1. ബിലാത്തിപട്ടണം ഒരു മായക്കാഴ്ച്ച / 30-11-2009
  2. ഒരു പ്രണയത്തിൻ വർണ്ണപ്പകിട്ടുകൾ / 30 -11 -2010
  3. മാജിക്കിന്റെ ഒരു വിസ്മയലോകം / 29 -11 -2011
  4. ബ്ലോഗ്ഗിങ്ങ് ആഡിക്ഷനും ഇന്റെർനെറ്റ് അടിമത്വവും / 30 -11 -2012
  5. ഭൂമിമലയാളത്തിലെ ബൂലോകവും പിന്നെ ഞാനും / 30 -11-2013
  6. ഒരിക്കലും വറ്റി വരളാത്ത ബൂലോക സൗഹൃദങ്ങൾ / 27 -11-2014
  7. സപ്ത വർഷ സമ്പൂർണ്ണ ബൂലോഗന : / 26 -11 -2015
  8. സ്‌മൃതി'  ഉണർത്തുന്ന 'ഛായ ' ... !  / 29 - 11 - 2016

26 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

വായില് തോന്നീത് കോതക്ക്
പാട്ടെന്ന പോലെ , പലയിടത്തായി
കണ്ടതും , കേട്ടതുമായ പല സംഗതികളും
ഞാനിവിടെ കുറിച്ച് വെച്ചു ...
എന്ത് ചെയ്യാം തൊടുത്ത് വിട്ട ശരം പോലെ
കൈയ്യീന്ന് പോയ വാക്കുകളൊന്നും ഇനി തിരിച്ച്ചെടുക്കുവാൻ
പറ്റില്ലല്ലോ അല്ലെ .
വീണ്ടും പൊടി തട്ടിയെടുത്ത എന്റെ തലേലെഴുത്തുകൾ - ഒറ്റവിരൽ
കുത്തി കുത്തി പഠിച്ച്ചെടുത്ത മലയാളം ലിബികളിലൂടെ - ഈ സൈബർ
ഉലകത്തിലൂടെ പറത്തി വിട്ട് - ഈ ഏഴാം കടലിനക്കരെയിരുന്ന് തന്നെ -
ലോകത്തിന്റെ പല കോണുകളിലും ഇരുന്ന് സല്ലപിച്ച് കൊണ്ടിരിക്കുന്ന അനേകം
സൈബർ മിത്രങ്ങളെ എന്നുമെന്നോണം എനിക്ക് ലഭിച്ച് കൊണ്ടിരിക്കാറുണ്ട് ...

അവരുടെയൊക്കെ എഴുത്ത് കുത്തുകളിലൂടെ
പലപ്പോഴും എന്നിൽ പുഞ്ചിരിയും , പൊട്ടിച്ചിരിയും ,
ആഹ്ലാദവും ആമോദവുമൊക്കെ ഉണ്ടായി .
ചില സന്തോഷങ്ങളും , സന്താപങ്ങളുമൊക്കെ തൊട്ടറിഞ്ഞു ...

സാഹിത്യത്തിലൊന്നും എട്ടും പൊട്ടും തിരിയാതെയാണെങ്കിലും
ഞാൻ ഇവിടെ കൊട്ടിഘോഷിക്കുന്ന പൊട്ടത്തരങ്ങളെല്ലാം ലോകത്തിന്റെ
എട്ട് ദിക്കുകളിൽ നിന്നും , കഴിഞ്ഞ എട്ട് വർഷങ്ങളായി പ്രോത്സാഹിപ്പിച്ച്‌
കൊണ്ടിരിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും ഒരുപാടൊരുപാട് നന്ദി കേട്ടോ കൂട്ടരേ ...

പ്രവീണ്‍ ശേഖര്‍ said...

അക്ഷര സ്നേഹികളേ നിങ്ങൾക്ക് സലൂട്ട് .. ജീവിത തിരക്കുകൾക്കിടയിലും ഇത്തരം കൂട്ടായ്മകൾക്ക് രൂപം കൊടുക്കുകയും സജീവമായി അതിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുക എന്നാൽ അഭിനന്ദിക്കപ്പെടേണ്ട ചില്ലറ കാര്യമല്ല വലുത് തന്നെയാണ് . എഫ് ബി യിലെ നീരാട്ട് കഴിഞ്ഞ ശേഷം ബ്ലോഗിലേക്ക് കയറാൻ സമയമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. പക്ഷെ നിങ്ങളുടെയൊക്കെ ബ്ലോഗ് വായിക്കുമ്പോൾ ബ്ലോഗിൽ വീണ്ടും സജീവമാകാൻ കൊതി തോന്നുന്നുണ്ട് .. ആ കൊതി തോന്നിപ്പിച്ച ഈ 'ച്ഛായാ' സംഘത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ ..

സുധി അറയ്ക്കൽ said...

വളരെ ചെറുപ്പത്തിലേതന്നെ എഴുതാൻ കഴിഞ്ഞ ബിലാത്തിച്ചേട്ടൻ ഭാഗ്യവാൻ തന്നെ.ബൂലോഗത്ത്‌ താങ്കൾ അനിവാര്യമായ ഘടകമായി മാറിയല്ലോ.ബിലാത്തിപ്പട്ടണത്തിനും പട്ടണക്കാരനും ഗംഭീരോത്കിടിലൻ വാർഷികാശംസകൾ.എന്നെപ്പോലെയുള്ള അൽപപ്രാണിയെഴുത്തുകാർക്ക്‌ താങ്കളുടെ പ്രോത്സാഹനം ഈ രംഗത്ത്‌ തുടരാൻ എത്രയധികം സഹായകമാകുന്നുവെന്നറിയാമോ?എല്ലാവിധ ആശംസകളും!!!!

അംജിത് said...

എഴുതുകയും, അതോടൊപ്പം എഴുതിക്കുകയും ചെയ്യുന്ന മുരളിയേട്ടാ, അക്ഷരങ്ങൾ നിരന്ന് നിൽക്കുന്ന അങ്ങയുടെ ബിലാത്തിപ്പൂരത്തിന്റെ വർണ്ണക്കുടമാറ്റങ്ങളും, ഇടക്കിടെയുള്ള ഇടിവെട്ട് പാണ്ടിപഞ്ചാരിപാശ്ചാത്യമേളപ്പെരുക്കങ്ങളും, നാട്ടിൽ വരവുകളും, വെടിക്കെട്ടുകളും കാണാനും അറിയാനും സാധിച്ചതേ ഭാഗ്യം, സൗഹൃദമേ സുകൃതം..

നീണാൾ വാഴട്ടെ

Cv Thankappan said...

കൈയെഴുത്തു മാസികകളെക്കുറിച്ചുള്ള കുറിപ്പു വായിച്ചപ്പോള്‍ എന്നില്‍ പഴയകാല ഓര്‍മ്മകളാണ് ഉണര്‍ന്നത്‌.1960 കാലഘട്ടം മുതലാണ്‌ ഞാന്‍ വില്ലടം യുവജനസംഘം വായനശാലയില്‍ നിന്നിറങ്ങുന്ന കലാദീപം കൈയെഴുത്തു മാസികയുമായി ബന്ധപ്പെട്ടുതുടങ്ങിയത്.ആദ്യമാദ്യമൊക്കെ ഞാന്‍ തലമുതിര്‍ന്നവരായ അഡ്വ:കെ.ആര്‍.ധര്‍മ്മരാജന്‍(ഇപ്പോള്‍ ധര്‍മ്മാനന്ദസ്വാമി)Late.സി.എല്‍.വര്‍ഗ്ഗീസ്‌, Late.സി.എം.കുട്ടന്‍ എന്നിവരുടെയൊക്കെ പ്രോത്സാഹനവും,പ്രേരണയും മൂലം കൊച്ചുകൊച്ചു കഥകള്‍ മാസികയില്‍ എഴുതിത്തുടങ്ങി.കെ.ആര്‍.സിദ്ധാര്‍ത്ഥന്‍ കോപ്പിറൈറ്റ്,Late.എം.കെ.വേലായുധന്‍,Late.എം.കെ. കുമാരന്‍ എന്നിവര്‍ ആര്‍ട്ടിസ്റ്റുകള്‍.എഴുത്തും,ചിത്രങ്ങളും എത്ര മനോഹരമായിരുന്നെന്നോ!!!
നൈസര്‍ഗികമായ വാസനകളെ പരിപോഷിപ്പിക്കാനും,എഴുതുവാനുള്ള ആത്മധൈര്യം
വര്‍ദ്ധിപ്പിച്ചുകൊണ്ട് രചനകള്‍ പ്രകാശിപ്പിക്കാനും കൈയെഴുത്തു മാസികകള്‍ വഹിക്കുന്ന
പങ്ക് നിസ്തുലമാണ്.1965 മുതല്‍ ഞാന്‍ കൈയെഴുത്തു മാസികയുടെ എഡിറ്ററായി.ഈ അടുത്ത കാലംവരെ കൈയെഴുത്തു മാസിക നടത്തിക്കൊണ്ടു പോകാന്‍ കഴിഞ്ഞിട്ടുണ്ട്. വളരെയധികം പേരെ എഴുത്തിന്‍റെ വഴിയിലേക്ക്‌ നയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നക്കാര്യം ഞാന്‍
അഭിമാനത്തോടെ ഓര്‍ക്കുന്നു.ആ നന്ദി അങ്ങനെയുള്ളവര്‍ കാണിക്കുന്നുമുണ്ട്.
ഇപ്പോള്‍ ബ്ലോഗുകളില്‍ ആ ദൌത്യം നിര്‍വ്വഹിക്കുന്നു എന്നുമാത്രം....
"അവനവനാത്മസുഖത്തിനാചരിക്കുന്നവ-
യപരനനു സുഖത്തിനായ് വരേണം."
ആശംസകള്‍

Harinath said...

നല്ലൊരു വായനാനുഭവം ആണ്‌ ബിലാത്തിപ്പട്ടണത്തിലെ ഒരോ പോസ്റ്റുകളും; വിഷയംകൊണ്ടും അവതരണശൈലികൊണ്ടും . ഇത്തരം എഴുത്തുകൾ ബൂലോക വായനക്കാർക്ക് അനിവാര്യമാണ്‌.
ഹൃദയം നിറഞ്ഞ ആശംസകൾ....ഛായാ മാസികയ്ക്കും ബിലാത്തിപ്പട്ടണത്തിന്റെ എട്ടാം വാർഷികത്തിനും.

കൊച്ചു ഗോവിന്ദൻ said...

ഈ ഡിജിറ്റൽ യുഗത്തിലും, കയ്യെഴുത്തു മാസിക പോലെ അങ്ങേയറ്റം വ്യത്യസ്തവും ശ്രമകരവുമായ സൃഷ്ടിയിലൂടെ, മാതൃഭാഷയെ നെഞ്ചേറ്റുന്ന എല്ലാ അക്ഷരസ്നേഹികളോടും സ്നേഹാന്വേഷണം അറിയിക്കുക.
സുവർണ കാലം കഴിഞ്ഞപ്പോൾ, പല പുലികളും ബൂലോഗം വിട്ടു പോയിട്ടും, ഇപ്പോഴും നിറയെ പുതുമകളോടെ, അതിലേറെ പ്രോത്സാഹനങ്ങളോടെ ഈ എഴുത്തിടത്തിൽ നിറഞ്ഞു നിൽക്കുന്ന മുരളിയേട്ടന് ഹൃദയത്തിന്റെ ഭാഷയിൽ വാർഷികാശംസകൾ...

Bipin said...

വായിൽ വരുന്നത് കോതയ്ക്ക് പാട്ട് എന്ന് മനസ്സിലാക്കി വലിച്ചെറിഞ്ഞ സാധങ്ങൾ ബ്ലോഗിലൂടെ ഞങ്ങൾക്ക് തന്ന ദ്രോഹി ആണ് നിങ്ങൾ.

കയ്യെഴുത്തു മാസിക തുടങ്ങാത്ത പള്ളിക്കൂടങ്ങളില്ല, അതിൽ എന്തെങ്കിലും എഴുതാത്തവരും. ബ്ലോഗും എഫ്,ബിയും ഉള്ളപ്പോൾ കയ്യെഴുത്തു മാസികയുടെ പ്രസക്തി എന്ത് എന്ന് ചോദിക്കുന്നവരുണ്ടാകാം. കയ്യെഴുത്തു ആകുമ്പോൾ നേരിട്ട് ഹൃദയം അക്ഷരങ്ങളിലൂടെ കടലാസിലേക്ക് വരുന്നു.

ഇപ്പോൾ മിയ്ക്കവാറും എന്റെ എഴുത്തുകളെല്ലാം നേരിട്ട് കീബോർഡിൽ ആണ്. എന്നാലും ഇടയ്ക്കിടെ കടലാസിൽ എഴുതും.എ തു മറന്നു പോകാതിരിക്കാൻ.

ബിലാത്തിയിൽ നടത്തുന്ന ഛായ യ്ക്ക് ആശംസകൾ. അതിന്റെ പണിക്കാരനായ മുരളിക്കും.

വീകെ said...

ബിലാത്തിച്ചേട്ടന്റെ വാർഷിക എഴുത്തുകൾ വായിച്ച്‌ ചിരിക്കാനും ചിന്തിക്കാനും വകയുള്ള കാര്യങ്ങളായതുകൊണ്ട് ചാടി വന്നപ്പോഴേക്കും ഇവിടം വായനക്കാരുടേയും കമന്റകളുടേയും ബഹളം. ഇത്രവേഗം ആളെ കൂട്ടാനുള്ള ഈ കഴിവ് തന്നെ മതിയല്ലൊ ഒരാളെ മനസ്സിലാക്കാൻ. ഇനിയുമിനിയും ധാരാളം എഴുത്തുകളുമായി - കയ്യെഴുത്തുപ്രതികളുമായി ഉയരങ്ങളിലേക്ക് കുതിക്കട്ടെയെന്ന് ആശംസിക്കുന്നു.

ഞാനും കയ്യെഴുത്തുപ്രതികൾ പകർത്തിയെഴുതാൻ ഇട വന്നിട്ടുണ്ട്.1975 കാലഘട്ടത്തിലെ അടിയന്തരാവസ്ഥയിലെ സെൻസർഷിപ്പുമായി ബന്ധപ്പെട്ടായിരുന്നു അത്. രാജൻ കേസുകളൊക്കെ പത്രത്തിൽ വാർത്തയാകുന്നതിനും മുൻപ് ഞങ്ങളുടെ കയ്യെഴുത്തുപതിപ്പിലൂടെ ഗ്രാമീണർ അറിഞ്ഞിരുന്നു. ഞങ്ങളതെഴുതുമ്പോഴും DYFI വഴി കിട്ടിയ ഉരുട്ടലും മറ്റുമുളള വിവരങ്ങളിൽ ഞങ്ങൾക്കു പോലും വിശ്വാസമില്ലായിരുന്നു. അടിയന്തിരാവസ്ഥ കഴിഞ്ഞ് ഇതെല്ലാം പുറത്തു വന്നപ്പോഴാണ് ഞങ്ങളെഴുതിയ കയ്യെഴുത്തുപ്രതികളിലെ വിവരങ്ങളൊക്കെ എത്ര സത്യമായിരുന്നുവെന്ന് മാത്രമല്ല, അതിലും എത്രയോ ക്രൂരമായിരുന്നുവെന്ന് മനസ്സിലാകുന്നത് ....!

വിനുവേട്ടന്‍ said...

തട്ടകത്തിന്റെ എട്ടാം വാർഷികത്തിന് അഭിനന്ദനങ്ങൾ... ആശംസകൾ...

വിനുവേട്ടന്‍ said...

തട്ടകത്തിന്റെ എട്ടാം വാർഷികത്തിന് ആശംസകൾ മുരളിഭായ്... ഒപ്പം അഭിനന്ദനങ്ങളും...

Geetha said...

ബിലാത്തി പ്പട്ടണത്തിലെ മുകുന്ദൻ സാറിന് ആദ്യമേ ആശംസകൾ. നർമ്മത്തിലൂടെ ഒരു പാട് കാര്യങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകിക്കൊണ്ടുള്ള താങ്കളുടെ എഴുത്ത് ഏറെ ആകർഷകമാണ്. ഒപ്പം മറ്റുള്ള പുതുമുഖ എഴുത്തുകാരുടെയും ബ്ലോഗുകൾ സന്ദർശിക്കയും അവരെ ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ബിലാത്തിയിലെ മുകുന്ദൻ സാറിനോട് ഈ അവസരത്തിൽ നന്ദിയും അറിയിക്കുന്നു.
തിരക്കിനിടയിലും എന്നെപ്പോലെ പുതുതായി വന്ന ബ്ലോഗേഴ്സിനു പ്രോത്സാഹനങ്ങൾ നൽകി കൂടുതൽ എഴുതാനുള്ള പ്രേരണ ആണ് താങ്കളേപ്പൊലുള്ളവർ ചെയ്യുന്നത്. ഇനിയും കൂടുതൽ അറിവുകൾ ഈ ബ്ലോഗിലൂടെ പകർന്നു നല്കുമല്ലോ. ഒരിക്കൽ കൂടി ആശംസകൾ അറിയിക്കുന്നു.

© Mubi said...

മുരളിയേട്ടാ, അസൂയ തോന്നുന്നുണ്ടുട്ടോ, ങ്ങള് വായില്‍ തോന്നീതൊക്കെ എഴുതിയെഴുതി ഞമ്മളെ വട്ടം ചുറ്റിക്ക്യല്ലേ, ഇതാ ഇപ്പോ ബിലാത്തിയിലെ ഛായയും!കൈയ്യെഴുത്തു മാസിക പഴയ സ്കൂള്‍-കോളേജ് കാലഘട്ടത്തിലെ മരച്ചുവടും ലൈബ്രറിയിലെ എഴുത്തുമൊക്കെ ഓര്‍മ്മിപ്പിച്ചു. എന്തൊരു രസായിരുന്നു, കൂട്ടംകൂടി ആസ്വദിച്ചുള്ള ആ എഴുത്തുകാലം... ഒരുപാട് സന്തോഷം തോന്നി ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍. അഭിനന്ദനങ്ങള്‍!!!

vettathan said...

ബ്ലോഗുലകത്തില്‍ എട്ടു വര്‍ഷം .അത് ചില്ലറ കാര്യം ഒന്നുമല്ല .അകം നിറഞ്ഞ അനുമോദനങ്ങള്‍ .വരാന്‍ രണ്ടു മൂന്നു ദിവസം താമസിച്ചു പോയി .ഓരോരോ യാത്രകള്‍ .വീണ്ടും ഉഷാറായി എഴുതൂ

രാമു said...

എല്ലാ ആശംസകളും.... എഴുത്ത് പഴയ ഓര്‍മ്മകളിലേക്ക് കൊണ്ടുപോകുന്നു നന്ദി...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട പ്രവീൺ ഭായ്,നന്ദി.പല ജീവിത തിരക്കുകൾക്കിടയിലും , മലയാളത്തോടുള്ള സ്നേഹവും ആദരവും ഉണ്ടാക്കുന്ന ഇത്തരം കൂട്ടായ്മകൾക്ക് രൂപം കൊടുക്കുകയും സജീവമായി അതിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുക എന്നത് തന്നെയാണ് ഞങ്ങൾക്കൊക്കെ ഏറ്റവും ആനന്ദം നൽകുന്ന ഒരു സംഗതി . ബ്ലോഗിൽ വീണ്ടും സജീവമാകുവാൻ നോക്കണം , നമ്മുടെ ബ്ലോഗുകൾ തന്നെയാണ് ഭാവിയിലുള്ളവർക്ക് നമ്മൾക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല ആധുനിക കൈയ്യെഴുത് പതിപ്പുകൾ...!



പ്രിയമുള്ള സുധി ഭായ് ,നന്ദി.ചെറുപ്പം തൊട്ടേ ഇന്ന് വരെയുള്ള എന്റെ എഴുത്തുകൾക്കൊന്നും യാതൊരു വിധ മഹിമകളും ഇല്ല കേട്ടോ സുധി ഭായ് .കണ്ടതും കേട്ടതുമായ പല കാര്യങ്ങളും കുറിച്ച വെച്ചിരിക്കുന്ന ഒരു ഇടമാണ് എൻറെ എഴുത്ത് തട്ടകങ്ങൾ കേട്ടോ .


പ്രിയപ്പെട്ട അംജിത് ഭായ് ,നന്ദി. അക്ഷരങ്ങൾ നിരന്ന് നിൽക്കുന്ന 'ബിലാത്തിപ്പൂരത്തിന്റെ വർണ്ണക്കുടമാറ്റങ്ങളും, ഇടക്കിടെയുള്ള ഇടിവെട്ട് പാണ്ടിപഞ്ചാരി പാശ്ചാത്യ മേളപ്പെരുക്കങ്ങളും' എന്നൊക്കെയുള്ള നിങ്ങളെപ്പോലുള്ളവരുടെ ഇത്തരം എഴുത്തിന്റെ മായാജാലങ്ങൾ കണ്ട് വിസ്മയിച് നിൽക്കുമ്പോഴും ,നിങ്ങളൊന്നും എന്തുകൊണ്ട് തുടരെ എഴുതിക്കൊണ്ടിരിക്കുന്നില്ല എന്നുള്ളൊരു ഒരു വിഷമവും എനിക്കിപ്പോൾ തോന്നുന്നുണ്ട് കേട്ടോ ഭായ് , അതെ ഈ സൗഹൃദമേ സുകൃതം.. !

പ്രിയമുള്ള തങ്കപ്പൻ സാർ, നന്ദി . കൈയ്യെഴുത്തു മാസികകളെക്കുറിച്ചുള്ള ഇത്തരം പഴയകാല ഓര്‍മ്മകൽ തന്നെ നവ എഴുത്തുകാർക്ക് വളരെ ഊർജ്ജം നൽകുന്ന കുറിപ്പായി മാറിയതിൽ സന്തോഷമുണ്ട് . നൈസര്‍ഗികമായ വാസനകളെ പരിപോഷിപ്പിക്കാനും,എഴുതുവാനുള്ള ആത്മധൈര്യം വര്‍ദ്ധിപ്പിച്ചുകൊണ്ട് രചനകള്‍ പ്രകാശിപ്പിക്കാനും കൈയെഴുത്തു മാസികകള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാനിന്നുള്ള വസ്തുത അന്നും ഇന്നും എന്നും പരമാർത്ഥമായ ഒരു സംഗതി തന്നെയാണ് ...!
പണ്ടുള്ള കൈയെഴുത്ത് മാസികകളുടെ സ്ഥാനമാണ് ഇന്നത്തെ ബ്ലോഗ്ഗുകൾക്കുള്ളത് ..
നമ്മൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ഇതിനെയൊക്കെ പ്രോത്സാഹിപ്പിക്കുക എന്നുള്ളത് തന്നെയാണ് ..

"അവനവനാത്മസുഖത്തിനാചരിക്കു
ന്നവയപരനനു സുഖത്തിനായ് വരേണം."


പ്രിയമുള്ള ഹരിനാഥ് , നന്ദി. ഈ ആത്മാർത്ഥമായ അനുമോദനങ്ങൾക്ക് ഒത്തിരി സന്തോഷമുണ്ട് കേട്ടോ ഭായ്

പ്രിയപ്പെട്ട കൊച്ചു ഗോവിന്ദൻ ,നന്ദി. ബൂലോകത്തെ പഴയ പുലികൾക്കു പകരം നിങ്ങളെപ്പോലെയുള്ള കുട്ടി പുലികൾ കാടിളക്കി വരുന്നത് കാണുന്നത് തന്നെ ഇന്നത്തെ ബൂലോകത്തിലെ ഏറ്റവു നല്ല കാഴ്ച്ചകളാണ് കേട്ടോ ഭായ്
പിന്നെ ഈ ഡിജിറ്റൽ യുഗത്തിലെ കയ്യെഴുത്തു പതിപ്പുകൾ തന്നെയാണ് ഇന്നത്തെ മാതൃഭാഷയെ നെഞ്ചേറ്റുന്ന എല്ലാ ബൂലോഗ തട്ടകവും കേട്ടോ .


പ്രിയമുള്ള ബിപിൻ സാർ ,നന്ദി.കയ്യെഴുത്തു ആകുമ്പോൾ നേരിട്ട് ഹൃദയം അക്ഷരങ്ങളിലൂടെ കടലാസിലേക്ക് വരുന്നു എന്നത് ഒരു സത്യം തന്നെയാണ് .
പിന്നെ വായിൽ വരുന്നത് കോതയ്ക്ക് പാട്ട് എന്ന് മനസ്സിലാക്കി ബ്ലോഗിലൂടെ വലിച്ചെറിഞ്ഞ പല സാധങ്ങൾക്കും ബൂലോകത്ത് ചില ആവശ്യക്കാർ ഉണ്ടെന്നറിഞ്ഞാണ് ഞാൻ വീണ്ടും ഇത്തരം ദ്രോഹങ്ങൾ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത് കേട്ടോ സാർ .

അന്നൂസ് said...

ഈ പോസ്റ്റിലേയ്ക്ക് വരാന്‍ അല്‍പ്പം വൈകി. ആദ്യമേ ക്ഷമ ചോദിക്കട്ടെ. ഞാന്‍ PDC ക്ക് പഠിക്കുന്ന കാലത്ത് കോളേജില്‍ കൈയ്യെഴുത്തു മാസിക ഉണ്ടായിരുന്നു. അതില്‍ കൂട്ടു ചേരുവാന്‍ എനിക്കവസരം കിട്ടിയില്ല. എന്നാല്‍ ഞാന്‍ കോളേജില്‍ നിന്നു പിരിഞ്ഞതിന്റെ അടുത്ത വര്ഷം ഇറക്കിയ കൈയ്യെഴുത്തു മാസികയുടെ മുഴുവന്‍ വര്‍ക്കുകളും എന്നെ ഏല്‍പ്പിക്കുകയും അവര്‍ക്ക് വേണ്ടി സന്തോഷത്തോടെ അത് ചെയ്തു കൊണ്ടുക്കുകയും ചെയ്തു. അത്തവണ MG, കേരള,കാലികറ്റ് യൂണിവേര്‍‌സിറ്റിയിലെ കോളേജുകളില്‍ നിന്നും ആ മാസിക ഒന്നാം സമ്മാനം നേടുകയും ചെയ്തത് ഇത്തരുണത്തില്‍ ഓര്‍ക്കുകയാണ്.മികച്ച ഈ പോസ്റ്റിനു ആശംസകള്‍.

പട്ടേപ്പാടം റാംജി said...

കോളേജില്‍ പഠിക്കുന്ന സമയത്ത് ഞാനും എന്റെ ഒരു കൂട്ടുകാരനും കൂടി ഏഴു ലക്കം കയ്യെഴുത്ത് മാസിക ഇറക്കിയിരുന്നു. നീളത്തില്‍ വീതിയില്‍ ചതുരത്തില്‍ എന്നിങ്ങനെ ഓരോ തവണയും വ്യത്യസ്തമായാണ് ഓരോന്നും ഇറക്കിയത്. കയ്യെഴുത്തും വരയും ഒരു കഥയും എന്റെ. പിന്നെ കുറച്ച് കഥകളും കവിതകളും ലേഖനങ്ങളും. വാട്ടര്‍കളറും ആര്‍ട്ട് ഇങ്കും ഉപയോഗിച്ച് വളരെ മനോഹരമായാണ് ഇറക്കിയിരുന്നത്. കയ്യെഴുത്ത് മാസിക ആയതിനാല്‍ ഒരു പുസ്തകം അല്ലെ ഉണ്ടാക്കാന്‍ ആകു. അതുകൊണ്ട് ആദ്യം ഇറക്കിയത് പലരും നോക്കി നോക്കി അവസാനം ഓരോ പേപ്പറുകള്‍ മാത്രമായി. പിന്നീട് ഇറക്കിയ ആറെണ്ണവും അഞ്ചുപത്തു ദിവസം കഴിയുമ്പോള്‍ അപ്രത്യക്ഷമാകുമായിരുന്നു. പിന്നീട് പലപ്പോഴും അതില്‍ ഒരെണ്ണം കാണണം എന്ന് വളരെ കൊതിച്ചിട്ടുണ്ട്. എന്തായാലും ഇത്തരം ഒരു ഓര്‍മ്മയിലേക്ക് ഇപ്പോള്‍ എന്നെ കൂട്ടിക്കൊണ്ടുപോയതിന് വളരെ നന്ദി മുരളിയേട്ടാ.

Sabu Hariharan said...

ഓൺലൈൻ-സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നില്ക്കുകയാണിപ്പോൾ. അതു കോണ്ട് ഈ പോസ്റ്റ് കാണാൻ വൈകി :(

‘ഛായ’ ഒരു വിജയമാവട്ടെ എന്നാശംസിക്കുന്നു. ആവുംവിധം രചകനകൾ അയച്ചു തരാം..

Punaluran(പുനലൂരാൻ) said...

നീണ്ട എട്ടു വർഷങ്ങൾ ഭായി ഒരു സംഭവം ആണ് കേട്ടോ..മിനക്കെട്ട് മിക്കവാറും എല്ലാം വായിച്ചു ..നല്ല വിവരണങ്ങൾ ..സന്തോഷം ആശംസകൾ

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അശോകൻ ഭായ് ,നന്ദി. ഒരു കാലത്ത് കൈയ്യെഴുത്ത് പ്രതികളുടെ സ്വാധീനം ഒന്ന് വേറെ തന്നെയായിരുന്നു .ആ കാലഘട്ടത്തിലൊക്കെ മറ്റെവിടെയും കിട്ടാത്ത സത്യമായ വാർത്തകളും , ചില അസ്സൽ വായനകൾ പല വായനക്കാർക്കും ലഭിച്ചിരുന്നത് കൈയ്യെഴുത്ത് പ്രതികളിലൂടെയും ,മറ്റ് ഇൻലാന്റ് മാസികകളിലൂടെയുമൊക്കെ ആയിരുന്നുവല്ലോ അല്ലെ ഭായ്

പ്രിയമുള്ള വിനുവേട്ടൻ ,നന്ദി. വിനുവേട്ടന് പിന്നാലെ തന്നെ ,ഇന്റെൻതട്ടകകവും തട്ടി മുട്ടി , എട്ടാം വർഷവും പിന്നിട്ടതിന്റെ രഹസ്യം നിങ്ങളൊക്കെ തന്നെയാണെന്നുള്ളത് ഒരു പരസ്യം തന്നെയല്ലേ വിനുവേട്ടാ .ഒപ്പം ഈ അഭിനന്ദനങ്ങൾക്ക് ഒത്തിരി സന്തോഷം ഇവിടെ രേഖപ്പെടുത്തി കൊള്ളുന്നു ...


പ്രിയപ്പെട്ട ഗീതാജി ,നന്ദി. ഞാൻ വായിച്ചതും കണ്ടറിഞ്ഞതുമായ കാര്യങ്ങൾ ഇവിടെ വന്ന പങ്ക് വെച്ച് പോകുമ്പോൾ ,ചുറ്റുമുള്ളവരെ കൂടി പ്രോത്സാഹിപ്പിച്ച് പോകുന്നതത്തിന് കാരണം , ആരംഭ ദശയിൽ എനിക്കും ഇതുപോൽ ധാരാളം ബൂസ്റ്റുകൾ കിട്ടിയതിന്റെ തിരിച്ച് നൽകാലുകളാണ് കേട്ടോ .പിന്നെ വിലപ്പെട്ട ഈ പ്രശംസകൾക്കും, ആശംസകൾക്കും വളരെയധികം സന്തോഷമുണ്ട് കേട്ടോ ഗീതാജി

പ്രിയമുള്ള മുബീൻ ,നന്ദി . സമാന മനസ്കരായ കുറെ കലാ സാഹിത്യ സ്നേഹികൾ , ഇവിടെ ലണ്ടനിലും നാട്ടുമ്പുറത്തെ ഒരു ക്ലബ്ബംഗങ്ങളെ പോലെ ഇടക്കിടക്ക് ഒത്ത് കൂടുന്നത് കൊണ്ടാണ് , ഞങ്ങൾക്കൊക്കെ ഇത്തരം പല കുഞ്ഞുകാര്യങ്ങളും ചെയ്യുവാൻ സാധിക്കുന്നതും , അന്ന് കാലത്തുണ്ടായിരുന്ന കൊച്ചു കൊച്ചു ഗൃഹാതുരതത്വ സ്മരണകൾ ചിലതെല്ലാം സാക്ഷാൽക്കരിക്കുവാൻ പറ്റുന്നതും കേട്ടോ മുബി.

പ്രിയമുള്ള ജോർജ്ജ് സാർ,നന്ദി.അകം നിറഞ്ഞ ഈ അനുമോദനങ്ങൾക്ക് ഒത്തിരി സന്തോഷം . പിന്നെ ബ്ലോഗുലകത്തില്‍ എട്ടു വര്‍ഷം ഒട്ടും പിന്നോട്ട് പോകാതെ തന്നെ തികഞ്ഞതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് നിങ്ങൾ ഓരോരുത്തരോടുമാണ് കേട്ടോ ഭായ്. ഒപ്പം തന്നെ വേറെ എവിടെ നിന്നും കിട്ടാത്ത , ഒരു സുഖം ബൂലോകത്ത് നിന്നും കിട്ടി കൊണ്ടിരിക്കുന്നു എന്നതും അതിലൊരു കാരണമാണ് ...


പ്രിയപ്പെട്ട രാമു ഭായ് ,നന്ദി.ഈ ആശംസകൾക്ക് വളരെയധികം സന്തോഷമുണ്ട് കേട്ടോ ഭായ് .പിന്നെ നമ്മുടെയൊക്കെ നിറമുള്ള ഓർമ്മകൾ കുത്തി നിറച്ച് സൂക്ഷിച്ച് വെച്ചിരിയ്ക്കുന്ന ഒരു ഓർമ്മ ചെപ്പ് തന്നെയാണല്ലോ ഓരോരുത്തരുടെയും ബൂലോക തട്ടകങ്ങൾ അല്ലെ ..!


പ്രിയമുള്ള അന്നൂസ്,നന്ദി. നമുക്കൊക്കെ നമ്മുടെ സ്‌മൃതികളിൽ തൊട്ടുതലോടാവുന്നതാണ് ഇത്തരം മാസികകൾ . പക്ഷെ ഇന്നത്തെ പുതു തലമുറക്കൊന്നും കൈയെഴുത്ത് പ്രതികളുടെ ചൂരും ചൂടുമൊന്നും തൊട്ടറിയാൻ പാടില്ലാത്ത വസ്തുതകളാണ് കേട്ടോ ഭായ് .പിന്നെ ആശംസകൾക്കും , വഴക്ക് പക്ഷി ബ്ലോഗ് മാഗസിനിലിക്കും ക്ഷണിച്ചതിനും ഒരു പ്രത്യേക കൃതജ്ഞത രേഖപ്പെടുത്തി കൊള്ളുന്നു ...


പ്രിയപ്പെട്ട റാംജി ഭായ് ,നന്ദി. ഭായി കോളേജില്‍ പഠിക്കുന്ന സമയത്ത് ഇറക്കിയ ഇത്തരം മാസികകളിലേക്ക് കൂട്ടി കൊണ്ടു പോകുവാൻ ഈ കുറിപ്പുകൾക്ക് സാധിച്ചു എന്നതിൽ ഒരു പാട് സന്തോഷം . ശരിക്ക് പറഞ്ഞാൽ നമ്മുടെയൊക്കെ പലരുടെയും ഇന്നത്തെയൊക്കെ വരികളുടേയും ,വരകളുടേയും - പയറ്റ് പഠിച്ചിരുന്ന കളരികളായിരുന്നു അന്നത്തെ കൈയെഴുത്ത് പ്രതികൾ ...! പണ്ടെഴുതിയിട്ട ആ കൈയെഴുത്ത് പ്രതികൾ വീണ്ടും കാണുവാൻ ഞാനും കുറെ ആശിച്ച തായിരുന്നു കേട്ടോ ഭായ്

Anonymous said...




നല്ലൊരു വായനാനുഭവം ആണ്‌ ബിലാത്തിപ്പട്ടണത്തിലെ
ഒരോ പോസ്റ്റുകളും; വിഷയംകൊണ്ടും അവതരണശൈലികൊണ്ടും .
ഇത്തരം എഴുത്തുകൾ വായനക്കാർക്ക് അനിവാര്യമാണ്‌.
ഹൃദയം നിറഞ്ഞ ആശംസകൾ....
ഛായാ മാസികയ്ക്കും ബിലാത്തിപ്പട്ടണത്തിന്റെ എട്ടാം വാർഷികത്തിനും.




By
K.P.Raghulal

Pyari said...

8 വർഷം! അടിപൊളി! ബ്ലോഗിന്റെ സുവർണ കാലം ഓർക്കുമ്പോഴൊക്കെ ഞാനിവിടെ വന്നെത്തി നോക്കാറുണ്ട് ട്ടോ.
വായിക്കാൻ പറ്റാതെ ബാക്കി വച്ചിരുന്ന പോസ്റ്റുകളൊക്കെ ഇടയ്ക്കിടയ്ക്ക് വായിച്ചിട്ടു പോവും. ബ്ലോഗ്സ് ഐ ഫോളോ ഇലെ ലിസ്റ്റ് ഇപ്പൊ ചെറുതായല്ലോ മുരളി ചേട്ടാ.. എനിക്കതൊരു റഫറൻസ് ആയിരുന്നു. :) ഇനിയിപ്പോ പഴയ ബ്ലോഗേഴ്സ് ന്റെ ലിസ്റ്റ് ഒക്കെ എവിടെ ചെന്നാലാണോ കിട്ടുക? :)
പുതുവത്സാരാശംസകൾ, മുരളി ചേട്ടാ

ജയരാജ്‌മുരുക്കുംപുഴ said...

Happy New Year
ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ

ജയരാജ്‌മുരുക്കുംപുഴ said...

Happy New Year
ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ

Sayuj said...

അത്യാധുനികമായ ഇന്നത്തെ വിവര
സാങ്കേതികത മേഖലകൾ വായനയേയും , എഴുത്തിനേയുമൊക്കെ കൈപ്പിടിയിലാക്കിയ - നവ മാധ്യമങ്ങൾ വാഴുന്ന കാലത്തിന് മുമ്പ് ;മൂന്ന് പതിറ്റാണ്ടുകൾക്ക് പിന്നിൽ എഴുത്തിന്റെ ഉറവിടങ്ങളിൽ പ്രചുര പ്രചാരമുണ്ടായിരുന്ന കലാ സാഹിത്യ പുസ്തകങ്ങളായിരുന്നു കൈയ്യെഴുത്ത് പതിപ്പുകൾ ...!

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...