Monday 27 July 2009

പ്രവാസി മലയാളിയും പന്നിപ്പനിയും ... / Pravasi Malayaliyum Pannippaniyum ...


ഒന്നര മാസത്തെ പരിപാടികളുമായി , ലണ്ടനില്‍ നിന്നും
ഇത്തവണനാട്ടില്‍ എത്തിചേരുമ്പോള്‍ ഇത്ര ഗംഭീര സ്വീകരണം കിട്ടുമെന്ന്
ദിവാസ്വപ്നത്തില്‍ പോലും നിനച്ചിരുന്നില്ല ...?
ഏറ്റുമീന്‍ പിടിക്കുവാന്‍ കുരുത്തി വെച്ചിരുക്കുന്നതുപോലെ , എയര്‍പോര്‍ട്ടില്‍
പന്നിപ്പനിക്കാരെ (H1 N1 Flu ) പിടിക്കുവാന്‍ വെച്ചിരുന്ന ഒരു കുരുത്തിയില്‍
ഒരു കുഞ്ഞുമീൻ പോലെ  മകന്‍ അകപ്പെട്ടു ... !
'സ്വാം ഫ്ലൂ' ലക്ഷണങ്ങളുമായി ഒപ്പം യാത്ര ചെയ്തിരുന്ന ഒരു കൊറിയക്കാരനോപ്പം ,
ഞങ്ങളെ ഒരു പ്രത്യേക മുറിയിലേയ്ക്ക് മാറ്റി .
യാത്രക്കാര്‍ക്കും , ജീവനക്കാര്‍ക്കും ഞങ്ങള്‍ ഒരു സ്പെഷ്യല്‍ കാഴ്ച വസ്തുക്കളായി മാറി !
ഒരു മണിക്കൂറിനു ശേഷം പനിയുള്ളവരെയും, ഇല്ലാത്തവരെയും ഒരുമിച്ചൊരു വണ്ടിയില്‍
മാസ്ക്ക് പോലും ധരിപ്പിയ്ക്കാതെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ പന്നിപ്പനി ഐസലോഷന്‍ വാര്‍ഡിലേക്ക് ....

My Son in H1N1 Isolation Ward of Perumpavoor Thaluk Hospital 

പതിനാലു മണിക്കൂര്‍ ഫ്ലൈറ്റ് യാത്രയ്ക്ക് പിന്നാലെ ,
ഒന്നു ഫ്രെഷ് ആവാന്‍ പോലും പറ്റാതെ , തുണി മാറാതെ വന്നപടി തന്നെ ഒരു നരക യാത്രയായിരുന്നു അത് ...!

കേരളത്തിലെ പന്നിപ്പനിക്കാരെ ചികത്സിക്കുന്ന മൂന്നാശുപത്രികളില്‍ ഒന്നായ ഈ താലൂക്ക് ആശുപത്രിയിലെ H1N1 വാര്‍ഡ് പനിയുള്ളവരെയും , ടെസ്റ്റ് ചെയ്യാന്‍ വന്നവരേയും , കൂടെ നിൽക്കുന്നവരെയും ഒന്നിച്ചു പര്‍പ്പിയ്ക്കുന്ന ഒരു തടവറ തന്നെയായിരുന്നൂ... !

വാര്‍ഡിന്റെ മുന്നില്‍ മറ്റുവാര്‍ഡ് കളുടെ ടോയിലെട്ടുകളുറെ പിന്‍ഭാഗവും,
പിന്നില്‍ മോര്‍ച്ചറിയും , എതിര്‍ഭാഗത്ത് ആശുപത്രിയിലെ സകലമാന വേസ്റ്റുകളും
കൊണ്ടുവന്നിനിടം   പട്ടികളുടെയും,കാക്കകളുടേയും, എലികളുടെയും ,മറ്റുദുര്‍ഗന്ധങ്ങലുടേയും താവളവും ...
വിരിപ്പില്ലാത്ത ബെഡുകളും  , ഉറുമ്പരിക്കുന്ന ടോയിലട്ടുകളും ....

പന്നിപ്പനി ചികിത്സ പരിശീലനം നേടിയ ഡോക്ടര്‍ പോലും സ്രവം ടെസ്ടുചെയ്യാൻ വന്നശേഷം , രോഗികളെ  വീണ്ടും ഒന്നു പരിശോധിക്കുക പോലും ഉണ്ടായിട്ടില്ല ..
അപ്പോള്‍ മറ്റു ജീവനക്കാരുടെ 
കാര്യം പറയേണ്ടതില്ലല്ലോ ..?
പറഞ്ഞിട്ട് കാര്യമില്ല  ഈ മഹാമാരിയായ പന്നിപ്പനി ആഗോളവ്യപകമായി അനേകം ആളുകളെ കാലപുരിക്ക് കയറ്റി വിട്ട  ഒരു വമ്പൻ പുത്തൻ 'എപിഡെമിക്' ആയിരുന്നു ...!
എന്തായാലും അന്നവിടെയുണ്ടായിരുന്ന രോഗികൾക്ക്  പന്നിപ്പനിയുടെ രണ്ടാം ഭാഗമായ ന്യുമോണിയ വരാഞ്ഞത് അവരുടെ ഭാഗ്യം...

എന്തായാലും ആശുപത്രിയില്‍ കിടന്ന ആ  ഏഴ് ദിനങ്ങൾ  ഇതുവരെ ചെയ്ത 
എല്ലാ പാപങ്ങളും തീര്‍ന്നുകിട്ടി ..
പിന്നെ ഈ ആരോഗ്യ വകുപ്പുകാര്‍ അന്നന്നു തന്നെ പത്രമാധ്യമങ്ങള്‍ക്ക് പന്നിപ്പനിക്കാരുടെ പേര് പേര് ഒഴികെ എല്ലാ വിവരങ്ങളും വിളമ്പികൊടുക്കുന്നത്,  മാധ്യമങ്ങള്‍ വിപുലീകരിച്ചു പ്രസിദ്ധീകരിച്ചിരുന്നതു കൊണ്ട് വിദേശത്തുനിന്ന് വന്ന പ്രവാസികളായ പന്നിപ്പനിക്കരെല്ലാം പെട്ടെന്ന് തന്നെ നാടൊട്ടുക്കും കുപ്രസിദ്ധരായി മാറി ...

സ്രവ പരിശോധനയില്‍ മറ്റു ഏഴ് പേരോടൊപ്പം എന്റെ രണ്ട് മക്കള്‍ക്ക്‌ H1 N1
“കണ്ഫേം “ ചെയ്തത് മറ്റുപത്രങ്ങള്‍പ്രസിദ്ധീകരിച്ചപ്പോള്‍ , മലയാള മനോരമ എനിയ്ക്കുംകൂടി പന്നിപ്പനി
കിട്ടിയതായി പ്രസ്താവിച്ചു (ജൂലായ്  19 , തൃശൂർ എഡിഷൻ ) നിജസ്ഥിതിയല്ലാത്തയീവാർത്ത , മനോരമ എഴുതിയത് തന്നെയാണ് ഏവരും വിശ്വസിച്ചത് !
മനോരമ പറയുന്നതുവാസ്തവം തന്നെ
അവർക്ക്  തന്നെ കൂടുതല്‍ വായനക്കാര്‍ !

പനി മാറി  ഒരാഴ്ച്ചത്തെ ആശുപത്രി വാസം കഴിഞ്ഞു നാട്ടില്‍ എത്തിയപ്പോള്‍ ,
പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട എന്ന പോലെയായി ഞങ്ങളുടെ അവസ്ഥ ...

നാട്ടില്‍ ഒരു പന്നി ചത്താല്പോലും 
ആയതു ഗംഭീര വാര്‍ത്തകല്‍ ആകുന്ന 
ആ സമയത്ത് തൃശ്ശൂര്‍ ജില്ലയുടെ പടിവാതില്‍ തുറന്നു , പന്നിപ്പനി ജില്ലയില്‍ ആദ്യമായി എത്തിച്ചതിന്റെ ദുർകീർത്തിയും  , വരവേല്‍പ്പും
കൂടിയായിരുന്നു ആ സന്ദര്‍ഭം ...

അതുകൊണ്ട് പനിതീര്‍ന്നു രണ്ടാഴ്ച കഴിഞ്ഞിട്ടുപോലും , എന്നെയൊരു ഓട്ടോറിക്ഷയില്‍ കയറ്റാന്‍ പരിചയമുള്ള ഡ്രൈവര്‍മാര്‍ കൂട്ടാക്കിയില്ല ....
അവരുടെ കഞ്ഞിയില്‍ ഞാന്‍ മൂലം മണ്ണ് വാരി ഇടല്ലേ എന്നായിരുന്നു അവരുടെ അപേക്ഷ ..

മുടി വെട്ടാന്‍ സ്ഥിരം പോകാറുള്ള ബാര്‍ബര്‍ പോലും
"ഗെഡീ വേഗം വണ്ടി വിടാന്‍ നോക്ക് "
എന്ന് പറഞ്ഞു  മുടി വെട്ടാന്‍ പോലും വിസമ്മതിക്കുകയായിരുന്നു .
ഫോണില്‍ കൂടി പനി പകരുമെന്നു 
പേടിച്ചു ചിലര്‍ ഫോണ്‍ പോലും വിളിക്കാറില്ല ...!

പഴയകാലത്ത് കുഷ്ഠരോഗികളെ കാണുന്ന പോലെയായിരുന്നു ഞങ്ങളെ പല നാട്ടുകാരും , കൂട്ടുകാരും , ബന്ധു ജനങ്ങളും വരെ കണ്ടിരുന്നത്‌ ...
ഇങ്ങനെയുള്ള അവഗണനകള്‍ സഹിക്കാന്‍ വയ്യാതായപ്പോള്‍ ഞാനും , ഭാര്യയും കൂടി
മാതൃഭൂമി , മംഗളം ലേഖകരെ സമീപിച്ചു Swine Flu കുറിച്ച് പത്രങ്ങളില്‍ കൂടി ഒരു ബോധവല്‍ക്കരണം നടത്താന്‍ അപേക്ഷിച്ച് , ഇംഗ്ലണ്ടിലെ സ്വാംഫ്ലൂ പ്രതിരോധ നടപടികളെ പറ്റിയും , ഈ രോഗത്തിന്റെ വെബ്‌ സൈറ്റുകളെ കുറിച്ചും വിശദീകരിച്ചു ...

മാതൃഭൂമി പിന്നീട്"പന്നിപ്പനി പ്രതിരോധ നടപടികള്‍ പാളുന്നു " എന്ന് പറഞ്ഞും , ശേഷം പന്നിപ്പനിയെ പറ്റി ധാരാളം സചിത്രലേഖനങ്ങളും പ്രസിദ്ധീകരിച്ചു .
അതുപോലെ മംഗളവും . ഈ പത്രത്തിലെ
“പന്നിപ്പനി :കുടുംബത്തിന്‌  അപ്രഖ്യാപിത ഊരുവിലക്ക്‌ " ( ജൂലായ്‌ 24 ,തൃശൂർ എഡിഷൻ )എന്ന ലേഖനവും ,ഞങ്ങളുടെ  പെരുമ്പാവൂര്‍ ആശുപത്രിയിലെ അനുഭവങ്ങളും മറ്റും ചിത്രം സഹിതം ഇട്ടിരുന്നു ...

കഴിഞ്ഞ ആഴ്ച മൂമ്പയില്‍ പടിഞ്ഞാറന്‍ നാടുകളില്‍ നിന്നും വീമാനമിറങ്ങിയവരുടെ ലഗ്ഗെജ്ജുകള്‍ , പനി പേടിച്ചു ബാഗേജ് ക്ലിയറന്‍സ് നടത്താതെ നനഞ്ഞു കേടുവന്നതിനു യാത്രക്കാര്‍ക്ക് കിട്ടിയത് വളരെ കുറച്ചു നഷ്ടപരിഹാരം മാത്രം ...

ലണ്ടനില്‍ വെച്ചു  എല്ലാ  ടെസ്റ്റുകളും നടത്തി യാത്ര തിരിച്ച ഞങ്ങളുടെ മക്കള്‍ക്ക്‌ , ഫ്ലൈറ്റില്‍ വെച്ചു ഞങ്ങളുടെ കുറ്റം കൊണ്ടല്ലാതെ പനി പിടിച്ചതിന് ഞങ്ങള്‍ എന്ത് പിഴച്ചു ?


പ്രിയരേ ഇപ്പോള്‍  പുതിയ പുത്തന്‍ പേരിട്ടു പലരോഗങ്ങളും മാര്‍ക്കറ്റു ചെയ്യുന്ന കാലഘട്ടമാണ് .
മള്‍ട്ടി നാഷണല്‍ മരുന്നു കമ്പനികളാണ് ഇതിന്റെ പിന്നിലെന്ന് പറയുന്നു ...

ഇന്ത്യയില്‍ വെറും അമ്പത് പൈസയുടെ പന്നിപ്പനിയുടെ തമിഫ്ലൂ ഗുളിക
പത്തുരൂപയ്ക്കും , രണ്ടു രൂപയുടെ മാസ്ക് പത്തുരൂപക്കും , സ്രവപരിശോധന
മുന്നൂറുരൂപക്കും ആക്കി പന്നിപ്പനി ഭീതിപടര്‍ത്തി .....
നൂറുകോടിജനങ്ങളില്‍ വെറും മുപ്പതുശതമാനം
പേര്‍‍ , ഈ വക കാര്യങ്ങള്‍ ഉപയോഗപെടുത്തുകയാണെങ്കില്‍ ഇതു വിപണനം ചെയ്യുന്ന കമ്പനികളുടെ ലാഭം ഒന്നു നോക്കിയാട്ടെ ...

പിന്നെ നമ്മുടെ ഭാരത സര്‍ക്കാര്‍ തീര്‍ത്തും അഭിനന്ദനം അര്‍ഹിക്കുന്ന കാര്യം തന്നെയാണ് പന്നിപ്പനി പ്രതിരോധ നടപടികളില്‍ കൈകൊണ്ടിരിക്കുന്നത്‌.
എല്ലാം സര്‍ക്കാര്‍ 
ലെവലില്‍ മാത്രം !
ഒന്നും പ്രൈവറ്റ് വല്ക്കരിച്ചിട്ടില്ല... ?

അതുകൊണ്ട് ലോകത്തിലെ മറ്റുചില രാജ്യങ്ങളില്‍
ഉണ്ടായ പോലെ നമ്മുടെ നാട്ടില്‍ ഇത്തവണ
പന്നിപ്പനി കച്ചവടം നടന്നില്ല ...!
ഈയിടെ യൂറോപ്പില്‍ ഒരു ചെറിയ രാജ്യത്ത് എഴുപതു ശതമാനം പേര്‍‍
സ്വാംഫ്ലൂ പേടിയില്‍ ,സ്വയം പ്രോട്ടക്ട്ടു ചെയ്തപ്പോള്‍ ,അവിടത്തെ സമ്പത്ത് മാന്ദ്യം മാറികിട്ടിയെന്നാണ് പറയപ്പെടുന്നത് ...!
കൂട്ടരേ ലോകത്തില്‍ ആകെയിതുവരെ 1500 ഓളം ആളുകളെ ,പന്നിയുമായി ബന്ധമില്ലാത്ത , ഈ പന്നിപ്പനിയാല്‍ മരിച്ചിട്ടുള്ളൂ ...
പ്രതിദിനം ഇന്ത്യയില്‍ തന്നെ ഇതിലും വലിയ മാരക രോഗങ്ങളാല്‍ ഇതിന്റെ ഇരട്ടി ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നുണ്ട് ..
പുരാതനകാലം മുതൽ കോളറയും ,മലമ്പനിയും ,അനേകതരം വസൂരികളും ,പ്ളേഗും ,സ്പാനിഷ് ഫ്ലൂ എന്നിവയടക്കം പിന്നീട്  എയ്‌ഡ്‌സ്‌ ,നിപ്പ ,കൊറോണ മുതൽ അനേകം ന്യു-ജെൻ പകർച്ച വ്യാധികളും പല രാജ്യങ്ങളിലെ ഒട്ടുമിക്ക ജനതകളെയും പലപ്പോഴായി വറുതിയിലാക്കിയിട്ടുണ്ട് .
പഴയകാലത്തൊക്കെ  ഒരു പകർച്ചവ്യാധി ആയത് പൊട്ടിപ്പുറപ്പെടുന്ന രാജ്യങ്ങളിൽ  ഒതുങ്ങി നിന്ന് ഒരു പക്ഷെ സമീപ പ്രദേശങ്ങളിൽ മാത്രം വ്യാപിച്ചു നിന്നിരുന്നു .
പക്ഷെ ഇന്ന് മനുഷ്യർ ആഗോള സഞ്ചാരികളായി മാറിയിരിക്കുന്ന കാലമാണ് .ലോകമെ തറവാട് എന്നു കണക്കാക്കുന്ന ഒരു അന്താരാഷ്ട്ര തലമുറയുടെ വ്യക്താക്കളുമാണവർ .
ഫേഷനും ,ടെക്‌നോളജിയും പ്രചരിക്കുന്ന പോലെ തന്നെ ഇനിയുള്ള കാലം ഏത് മഹാമാരികൾക്കും വല്ലാത്ത വ്യാപനവ്യാപ്‌തി മനുഷ്യ സമൂഹത്തിൽ ഉണ്ടാക്കുവാൻ സാധിക്കും  ..!

പിന്നെ എന്തായാലും നമുക്കുകാത്തിരിയ്ക്കാം ...
ലോകം മുഴുവൻ മനുഷ്യനിർമ്മിതവും അല്ലാത്തതുമായ ഇതുപോലുള്ള പുതുപുത്തൻ  രോഗങ്ങൾ പരത്തുന്ന വൈറസുകളോ, ബാക്ടീരിയകളൊ  ഇനിയും സമീപഭാവിയിൽ ഉണ്ടായികൊണ്ടിരിക്കാം .
ഒരു പക്ഷെ ഈ പന്നിപ്പനി ഉടലെടുത്ത 
ശേഷം പിന്നീട് ഈ രോഗത്തിന് പ്രതിരോധമരുന്ന് കണ്ടുപിടിച്ച സമയം വരെ മരിച്ച ആളുകളെ പോലെ , ഇനിയും ഇത്തരം പുതിയ മഹാമാരികളാൽ ഭാവിയിൽ മനുഷ്യകുലത്തിന് വലിയ ഭവിഷ്യത്തുകളുണ്ടാക്കാം ...

ഭാവിയില്‍ വരാന്‍ ഇരിയ്ക്കുന്ന പുതിയ പുതിയ പനികളെ വീണ്ടും 
 നമുക്ക്  ഇതുപോലെ വരവേല്‍ക്കാം ...
ഇതുപോലെ കൊണ്ടാടാം ... ആഘോഷിക്കാം ...

“മങ്കി മലേറിയ' എന്ന   ഒരു കുരങ്ങു പനി 
ഇപ്പോൾ മലേഷ്യയിൽ പൊട്ടിപുറപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നു. 
ഇനിയും ഒരു  പട്ടിപ്പനിയായൊ ,
അല്ലെങ്കിൽ  ഒരു പക്ഷിപ്പനിയായൊ, അതുമല്ലെങ്കിൽ ഒരു ആനപ്പനിയായൊ ഇതുപോലുള്ള മഹാമാരികൾ നമ്മെ കാത്തിരിക്കുന്നുണ്ട് ...

പുറത്ത് നിന്നുള്ള എന്ത് കുന്ത്രാണ്ടം 
വന്നാലും അതെല്ലാം പ്രവാസികളുടെ 
തലയിൽ കയറ്റിവെക്കുന്ന ഏർപ്പാടുകൾ 
നമ്മുടെ സമൂഹം മാറ്റിയെ തീരു ...


         N1H1 Virus / Swine Flu Prevention Tip

Wash Your Hands /. Be Vigilant of Surfaces!
Wash your hands and wash them often, in hot soapy water, and for the amount of time it takes you to sing “Happy Birthday” twice (15-20 seconds).
Be aware of what public surfaces you touch, when you’ve shaken hands with someone, or when you’re using something like a pen that others have recently used–and don’t touch your face until you’ve had a chance to wash your hands.
....................................
website counter

ആഗോള ബുലോഗ സംഗമം , ചെറായി - ഒരു ബാക്കിപത്രം... / Aagola Buloga Sangamam ,Cherayi - Oru Bakkipathram ...


Agolabhookolabuloga Samgamam ;Cherayi 26 July 2009 2009.
(The International Malayalam Bloggers Meet at Cherayi 26-07-2009)
ഇത്തവണ ആറ് ആഴ്ചത്തെ അവധിയാഘോഷിയ്ക്കുവാന്‍ തിരിയ്ക്കുമ്പോള്‍,പത്തു ആഴ്ചത്തെ പരിപാടികള്‍ കൈവശം ഒതുക്കി പിടിച്ചിരുന്നൂ .

അമ്മയുടെ സപ്തതി , ചെറായി ബുലോഗ മീറ്റ്,...
മുതല്‍ കുറെ പരിപാടികള്‍ മുന്‍കൂറായി വന്നത്കൊണ്ട് ഓണാഘോഷങ്ങളില്‍ പങ്കെടുക്കാതെ തിരിച്ചുപോകേണ്ടതിലുള്ള ഒരു നഷ്ട്ടബോധവും എനിയ്ക്കുണ്ടായിരുന്നൂ .
പക്ഷെ ചെറായിയില്‍ ആഗോളഭൂഗോള ബുലോഗ സംഗമത്തില്‍ പങ്കെടുത്തതോടുകൂടി എന്‍റെ ആ നഷ്ട്ടബോധം പോയെങ്കിലും , മുമ്പ് മക്കള്‍ക്ക്‌ പന്നിപ്പനി പിടിച്ചിരുന്നത് കൊണ്ടു കുടുംബസമേധം ഈ ചെറായിയുടെ സ്നേഹതീരത്ത്
എത്താന്‍ കഴിയാഞ്ഞത് വലിയയൊരു ദു:ഖഭാരത്തിനിടയാക്കി ...

അത്രത്തോളം സ്നേഹവാത്സല്യ വിരുന്നു കേളികള്‍  നിറഞ്ഞാടിയ
ഒരു സംഗമാമായിരുന്നു ഈ ബുലോഗ ചെറായി മീറ്റ്‌ ...!

എഴുത്ത് , വര ,സംഗീതം ,ഫോട്ടോഗ്രാഫി ...
മുതലായവയുടെ മായാജാല കണ്ണികള്‍ ,
വിവര സാങ്കേതിക വിദ്യയാല്‍ കൂട്ടിയോജിപ്പിച്ച
മിത്രങ്ങളായ  എല്ലാ ബുലോഗരും തന്നെ നല്ല സൌഹൃദത്തിൽ ഒത്തുകൂടിയ ഒരു വലിയ കൂട്ടായ്മ പരസ്പരം പരിചയം പുതുക്കിയും ആദ്യമായി കണ്ടും കാലാകാലത്തേക്ക് സൗഹൃദം ഊട്ടിയുറപ്പിച്ച  ഒരു സമാഗമം തന്നെയായിരുന്നു ഇത് ...
ആയതിന്‍റെ കിലുകിലാരവത്തിന്‍ സ്നേഹവാത്സ്യല്യങ്ങള്‍ കേളികൊട്ടുകയായിരുന്നു, ആ ദിനം മുഴുവനും ചെറായിയുടെ സ്നേഹ തീരത്ത് ...!

The Super Hero of Cherayi Meet !/Ha..Ha..Ha
പരസ്പരം ബ്ലോഗുമുഖാന്തിരം പലരും ധാരാളം അറിഞ്ഞിരുന്നെങ്കിലും , രൂപഭാവങ്ങള്‍ പ്രകടിപ്പിച്ചു നേരിട്ടു പ്രത്യക്ഷപ്പെട്ടപ്പോള്‍ ഏവരും അതിശയ ആനന്ദ ആമോദങ്ങളാല്‍ ആറാടി എന്നുപറഞ്ഞാല്‍ മതിയല്ലോ ...

പലപല പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടു പോലും ,ഈ ചെറായി മീറ്റ് യാതൊരുവിധ അലങ്കോലങ്ങളും ഇല്ലാതെ ഇത്ര ഗംഭീരമാക്കിത്തീര്‍ത്ത , കുറെയേറെ ദിവസങ്ങളായി രാവും പകലുമില്ലാതെ ബുദ്ധിമുട്ടിയ ,ബുലോഗത്തിലെ മണിമുത്തുകളായ ആ സംഘാടകരെ എത്ര തന്നെ പ്രശംസിച്ചാലും മതിവരുകയില്ല ...!

സംഗമത്തില്‍ പങ്കെടുത്ത ഏവരും , ആ അഭിനന്ദനങ്ങള്‍ ,
സംഘടകരോടു നേരിട്ടുതന്നെ രേഖപ്പെടുത്തുകയും , ആയതിനു ശേഷം
ആയതവരു മീറ്റുകഴിഞ്ഞയുടനെ അവരവരുടെ ബ്ലോഗുകളില്‍ പോസ്ടിട്ടു കാച്ചുകയും ചെയ്തു ...

പശുവും ചത്തു ,മോരിലെ പുളിയും പോയിയെന്കിലും , ഞാനും ബുലോഗ സംഗമത്തെ കുറിച്ചു - കുറച്ചു ബാക്കിപത്രം പറയാം അല്ലെ ?

ജൂലായിലെ ആ അവസാന ഞായറാഴ്ച കൂട്ടായ്മയിലെ ഒട്ടുമിക്കവരും  ഒഴിഞ്ഞു  പോയ ശേഷവും , പിന്നെയും മിണ്ടിപ്പറഞ്ഞു  ‌ എന്‍ജിനീയര്‍ കം നിരക്ഷരനും കുറച്ച് കൂട്ടാളികൾക്കൊപ്പം ഞാനുമിരുന്നിരുന്നു ...

അവസാനം അവർ സഹികെട്ടപ്പോൾ
"അത്താഴം  ഒന്നുമില്ല ...ഗെഡീ ..ഉച്ചക്കന്നെ അഞ്ഞൂറ് രൂപക്ക് വെട്ടിമിഴുങ്ങിയില്ലേ ...വേഗം വണ്ടി വിടാന്‍ നോക്ക് "
എന്നുപറഞ്ഞ്‌ സാധനങ്ങള്‍ ബാക്കി വന്നത് തിരിച്ചു കൊണ്ടുപോകുന്ന ഒരു വണ്ടിയിൽ  (സദ്യ കഴിഞ്ഞ് പകര്‍ച്ച കൊടുത്തയക്കുന്ന പോലെ ) എന്നെ
ചെറായി കവലയില്‍ തട്ടാന്‍ ഏല്‍പ്പിച്ചു കേറ്റിവിട്ടു ...
കവലയിലെത്തിയപ്പോഴെയ്ക്കും എന്‍റെ ഷൂസ് മുഴുവന്‍ മീഞ്ചാറു തുളുമ്പിവീണു അഭിഷേകം ചെയ്യപ്പെട്ടിരുന്നൂ ..
നേതാവിന്‍റെ മുന്നില്‍ അനുയായികള്‍ എന്നപോലെ ,എവിടെനിന്നോ മണം പിടിച്ചെത്തിയ രണ്ടു കൊടിച്ചി പട്ടികള്‍ എന്‍റെ കാല് നക്കി  വലാട്ടി നിന്നിരുന്നതു കൊണ്ട്  എന്നുടെ ബസ്‌ സ്റ്റോപ്പ്‌ ആഗമനവും അപ്പോൾ തടസ്സപ്പെട്ടു ....!

പെട്ടന്നതാ ഒരു ചടപ്പരത്തി 
കാര്‍ മുന്നില്‍ വന്നു നിന്നു ....
പരിചയമുള്ള നാല് ബ്ലോഗര്‍ തലകള്‍ ... ! ?
വണ്ടിയിലുണ്ടായിരുന്ന സീനിയർ ബ്ലോഗർ  :"ഡാ ...ഗെഡ്ഡീ മീറ്റ്‌ കഴിഞ്ഞ്യാ ? എന്തുട്ടാ നിന്റെ കൈയിലുള്ള ഒറേ.. ല്  ?  കുപ്പിന്റ്യാ ?"

രണ്ടാമന്‍ :"ഗെഡീ ...നീ ..വന്നൂന്നറഞ്ഞു  ...ഇപ്പോ സാന്നം വല്ല്യുംണ്ടാ ?"

മൂന്നും,നാലും പേര് :"നമസ്കാരം ചേട്ടാ ...വാ ..വണ്ടീല്‍ കേറ്  ..."

കാറില്‍ കയറുന്നതി നിടയില്‍ ഞാന്‍ ചോദിച്ചു...
"എവിടന്ന ഗെഡികളെ ....ഈ കോഴീനെ പിടിച്ചിടണ  നേരത്ത് ...?
മീറ്റ്‌ അടിപൊളിയായി കഴിഞ്ഞ്ഞൂട്ടാ ..!"

അപ്പോഴാണ് അവര്‍ പറയുന്നതു അവര്‍ മീറ്റിനു വരാന്‍ പേരു കൊടുത്തിരുന്നുവെന്നും അസുഖം/കല്യാണം /പഞ്ചര്‍ മുതലായ കാരണങ്ങള്‍
കൊണ്ടു ഇത്രത്തോളം വൈകിപ്പോയെന്നും, മീറ്റിന്‍റെ അവസാനെമെങ്കിലും കാണാന്‍
വേണ്ടി ഓടി കിതച്ചു വന്നതാണെന്നും ....!

ഇതിനിടയില്‍ അവര്‍ എന്‍റെ ഉറ(ബാഗ് )യിൽ നിന്നും ഫോറിൻ സിഗരട്ട് പായ്ക്കറ്റുകളും, യു.കെ.വെട്ടിരിമ്പും (ഷിവാസ്‌ റീഗല്‍ ) പുറത്തെടുത്തു...,പിന്നെ
വണ്ടി കടപ്പുറത്തെയ്ക്ക് വിടാന്‍ ഓര്‍ഡര്‍ ഇട്ടു... !


ഞങ്ങള്‍ ചെറായിയുടെ തീരത്തുചെന്നപ്പോള്‍
ആട് കിടന്നിടത്ത് പൂട പോലുമില്ല എന്നപോലെയായിരുന്നു‌ അവിടം !

കുപ്പിയുമായി സല്ലപിച്ചു ഞാന്‍ അന്നത്തെ ബുലോഗ സംഗമ കഥ ; പൊടിപ്പും തൊങ്ങലും വെച്ച് ആ നാല് ബ്ലോഗന്മാരായ
" ലേറ്റ് കംമേഴ്‌സിന് " വിളമ്പിക്കൊടുത്തു ..
ചെറായി യുടെ തീരത്ത് ഓര്‍മയില്‍ നിന്നും മാഞ്ഞുപോകാത്ത
ഒരസ്തമയം  കൂടി ...!
അന്ന് മീറ്റിനു  വന്നുചേര്‍ന്നവരില്‍ ,ബുലോഗര്‍ ആകാന്‍ ഗര്‍ഭാവസ്ഥയിലിരിന്നിരുന്ന സകലമാനപേര്‍ക്കും ബുലോഗത്ത്
നല്ല ജന്മം ഉണ്ടാകെട്ടെ എന്ന് മംഗളം അര്‍പ്പിച്ചുകൊണ്ട് ......

ഈ ആഗോള ബുലോഗ മീറ്റ് രാപ്പകല്‍ അദ്ധ്വാനത്തിലൂടെ അതിഗംഭീരമാക്കിയ സംഘാടകരെ നമിച്ചുകൊണ്ട് .....
അവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ
നന്ദി അര്‍പ്പിച്ചുകൊണ്ട് ഞങ്ങള്‍ വിടവാങ്ങി.

അല്ല ഞാന്‍ ഒരുകാര്യം പറഞ്ഞില്ലല്ലോ ?
അവസാനം വന്ന ആ നാലു ബുലോഗരെ കുറിച്ച് ;
അല്ലെങ്കില്‍ വേണ്ട ആദ്യം പറയുന്ന ആള്‍ക്ക് ഒരു സമ്മാനം ആയാലോ ?

അതും ഒരു ലണ്ടന്‍ ഗിഫ്റ്റ് ...!

ചെറിയ ഒരു " ക്ലൂ " തരാം .....
ഈ നാലു പേരും മാതൃഭൂമിയുടെ "ബ്ലോഗന "യില്‍ വന്നവര്‍ ആണ് .....
രണ്ടുപേര്‍ തൃശ്ശൂര്‍ ജില്ലക്കാരും ,ബാക്കി രണ്ടുപേര്‍ സമീപ ജില്ലക്കാരുമാണ് .
പിടി കിട്ടിയോ ........സാരമില്ല ...
കുട എന്‍റെ കൈയ്യില്‍ ഉണ്ട് ...

നിന്ന നില്‍പ്പില്‍ നൂറ്റെട്ട് പേരുടെ ക്യാരികേച്ചറുകൾ  വരച്ച സജ്ജീവ് ബാലകൃഷ്‌ണൻ ഭായ് തന്നെയായിരുന്നു അന്നത്തെ ബ്ലോഗ് മീറ്റിലെ താരം.. !
ദേ...നോക്കൂ ...
മൂപ്പര്‍ വരച്ച എന്‍റെ പടം , അതും വെറും മൂന്ന് മിനിട്ടിനുള്ളില്‍ ...!

HA...HA...HA...Saturday 4 July 2009

ചിന്ന ചിന്ന ‘ലണ്ടൻ’ കാര്യങ്ങൾ ... ! ( ലണ്ടന്മാര്‍ മണ്ടനില്‍ - ഭാഗം : 3 ) / Chinna Chinna ' London' Karyangal ... ! ( Landanmaar Mandanil - Part : 3 )


 ചിന്ന ചിന്ന ‘ലണ്ടൻ’ കാര്യങ്ങൾ ...!


 The Banana Company
ഏത് പണിക്കും അതിന്റേതായ ഒരു
മാന്യത കണക്കാക്കുന്ന സ്ഥലമാണ് ലണ്ടൻ ...
ഞാനൊക്കെ ഇവിടെയെത്തിയ കാലത്താണെങ്കില് ജോലിയും കിട്ടാന്‍ വളരെ എളുപ്പം ... !

ദോശയുണ്ടാക്കാന്‍ അറിയാതെ 
"ഇന്ത്യന്‍ ദോശ മേക്കര്‍ "എന്ന ‘വര്‍ക്ക്‌ പെർമിറ്റി‘ൽ ഇവിടെ കാലുകുത്താനുണ്ടായ തരികിടകള്‍
ഒന്നും വേണ്ടിവരില്ല ഇവിടെ പണി കിട്ടുവാന്‍ ....  
അതൊരു സമാധാനം...!

വെള്ളം വെള്ളം സർവ്വത്ര , ഒരുതുള്ളി കുടിപ്പാനിലെത്രെ എന്നൊക്കെ  പറഞ്ഞ പോലെയായെന്റെ  സ്ഥിതി വിശേഷം ...

ഇമ്മിണിയിമ്മിണി പണികളുണ്ട്...  
പക്ഷെ  ഒന്നും തന്നെ കിട്ടാനില്ലെന്നുമാത്രം .

അതിന് മിണ്ടിപ്പറഞ്ഞ് പണി ചോദിക്കാനും , 
ഒന്ന് പിടിച്ച് നിൽക്കാനും നല്ല ചുട്ട ഇംഗ്ലീഷ് വേണ്ടേ .... എന്റെ മംഗ്ലീഷ് പറ്റില്ലല്ലോ ? !

അങ്ങനെ കടകളിലും മറ്റുമുള്ള 
 പണിയന്വേഷണം അവസാനിപ്പിച്ച് , ചില 'തല' തിന്നുന്ന ഗെഡികളുടെ ഒത്താശയാൽ , ‘ലണ്ടൻ തമിഴ് സംഘ‘ത്തിന്റെ കാല് പിടിച്ച് , ഒരു പഴം പായ്ക്ക് ചെയ്യുന്ന കമ്പനിയില്‍ (Banana Company) ആദ്യ ജോലി കിട്ടി ...!

‘ഹെല്‍ത്ത്  & സേഫ്റ്റി ‘ യാണ് 
ഇവിടെ ജോലിയേക്കാള്‍ പ്രധാനം ...
സേഫ്റ്റി ബൂട്ടും  , ചട്ടി തൊപ്പിയും, കൈയുറയുമെല്ലാം ധരിച്ച് വാര്‍ ട്രൌസര്‍
യൂണിഫോമും ഇട്ട് - ചന്ദ്രനിലേക്ക് പോകുന്ന പോലെ ...ടക, ടകാ -ന്ന് നടന്നും
ഓടിയുമെല്ലമുള്ള  ആദ്യ ദിവസത്തെ ട്രെയിനിങ്ങ് കഴിഞ്ഞപ്പോഴേക്കും ; നാട്ടില്‍ മെയ്യനങ്ങാതെ പണിയെടുത്തിരുന്ന എന്റെ നടുവൊടിഞ്ഞു എന്ന് പറഞ്ഞാൽ മതിയല്ലോ...!

നാട്ടിലെ  എട്ട് മണിക്കൂറിലെ പണി 
സമയത്തില്‍ പകുതിയിലേറെ സമയം
വാചകമടിച്ചും , മറ്റും ചിലവഴിച്ചിരുന്ന ഞാന്‍  , ഇവിടെ മണിക്കൂര്‍ അടിസ്ഥാനത്തില്‍ മിണ്ടാട്ടമില്ലാതെ -  തേക്കാത്ത എണ്ണ ധാര എന്നപോൽ  ഒരു യന്ത്രം കണക്കെ ജോലിയിൽ മാത്രം മുഴുകിക്കൊണ്ടിരിക്കുന്നൂ....!

രണ്ടാം ദിവസം , പണിതുടങ്ങി ഒന്നരമണിക്കൂറിനുശേഷം , ‘ടീം ലീഡർ‘
സായിപ്പ് വന്ന് കൈ പൊക്കി ‘T‘   പോലെ കാണിച്ചു  'ബ്രേയ്ക്ക്' എന്നു പറഞ്ഞിട്ടു പോയി...

ഞാൻ അവിടെയുള്ള സകല പ്ലാസ്റ്റിക്ക് തട്ടുകളും , പഴം  കൊണ്ടുപോകുന്ന / വരുന്ന ബാസ്കറ്റ് ട്രേയ്കളെല്ലാം  ഫോൾഡ് ചെയ്തു മടക്കി വെച്ചു ....

‘ബ്രേയ്ക്ക്’ എന്നത് വിശ്രമ സമയമാണെന്നറിയാതെയുള്ള എന്റെ
ഈ പരിപാടി , പിന്നീട് ബ്രേയ്ക്ക് കഴിഞ്ഞ് വന്നവരുടെ അര മണിക്കൂർ പണി ചുറ്റിച്ചതിനും, എന്റെ മംഗ്ലീഷ് പരിജ്ഞാനത്തിനും കിട്ടി -
ആദ്യത്തെ 'വെർബൽ വാർണിങ്ങ് '..!

മൂന്നാം ദിനം , കാന്റീനില്‍ ചെന്നപ്പോള്‍
"വെന്റിംഗ് മെഷീന്‍" ല് ചില്ലറ ബാക്കിവരുന്ന
പൊത്തില്‍ തപ്പി നോക്കിയപ്പോള്‍ കഴിഞ്ഞ ദിനങ്ങളില്‍ കിട്ടിയപോലെ ഒന്നിന്റേയും , രണ്ടിന്റെയുമൊന്നും  'പെന്‍സു'കള്‍ ഒന്നും കിട്ടിയില്ല ...

സായിപ്പുമാര്‍ ബാക്കിവരുന്നവ എടുക്കാതെ പോകുമ്പോള്‍ ,ഞാന്‍ ഇസ്ക്കിയതായിരുന്നു ആ പെൻസുകൽ   കേട്ടോ ....
രണ്ടു ദിവസമായി പത്തമ്പത് രൂപ കിട്ടിയിരുന്നൂ !

അന്നപ്പോൾ ആ മെഷീനീൽ , അമ്പത്‌ പെന്‍സ് 
 ഇട്ട് , പതിനഞ്ചു പെന്സിന്റെ ചായ വന്നതിനു ശേഷവും - ബാക്കി വരുന്നില്ല ....

അയ്യോ ... എന്റെ മുപ്പത്  രൂപ ? 
ഞാനാ  മെഷീയനെ പിടിച്ച്  ചാച്ചും , ചരിച്ചും
മൂന്നാലു വട്ടം കുലുക്കി നോക്കി ...എന്നിട്ടും ... നോ രക്ഷ....!

അപ്പോഴുണ്ട് ഒരു വെള്ളക്കാരന്‍ എന്നെ പിന്നില്‍നിന്നും വന്നു കുലുക്കി ,മെഷീന്‍ മേലൊട്ടിച്ച  ഒരു നോട്ടീസ്‌ കാണിച്ചു തന്നു...

"ചില്ലറ തീര്‍ന്നിരിക്കുന്നൂ, ദയവ്
ചെയ്ത് ശരിക്കുള്ള പൈസ മാത്രം ഇടുക " എന്ന് കലക്കൻ ആംഗലേയത്തിൽ എഴുതിവെച്ചിരിക്കുന്നു ...!
The Vending Machines
നാലാമത്തെ ദിവസം ,  ഓഫീസിലെ കാലിൻ മേൽ കാലും കേറ്റിയിരിക്കുന്ന ഒരു പെണ്ണൊരുത്തിയെ വളരെ കൂർപ്പിച്ചു നോക്കി നിന്നതിന് ,ആ മദാമ്മയുടെ വായിലിരിക്കുന്നത് കേൾക്കേണ്ടി വന്നതൊഴിച്ചാൽ വേറെ  വലിയ പ്രശ്നമൊന്നുമുണ്ടായില്ല.. !

അവളുടെ എടുപ്പും , ആ ഇരുപ്പും, ഇട്ടിരിക്കുന്ന  ഡ്രെസിന്റെ ടൈറ്റ്നസും മറ്റും  കണ്ടാൽ ആരും ഒന്ന് നോക്കിപോകും കേട്ടോ..

എന്തായാലും ആ വീക്കെന്റില്‍ , 'വേജ്സ്ലിപ്പി' നൊപ്പം - നാല്‍പ്പത് മണിക്കൂര്‍ പണി ചെയ്തതിനുള്ള കാശിന്റെ ചെക്കും ,കമ്പനിവക വളരെ സുന്ദരമായ ഒരു കത്തും കിട്ടി ..
ഉള്ളടക്കം ഇതാണ്....
ഞാന്‍ ജോലി ചെയ്തുകൊണ്ടിരുന്ന തസ്തിക
തല്‍ക്കാലം നിന്ന്  പോയതിനാല്‍ ; അടുത്ത 
വാരം മുതല്‍ ജോലിക്ക് വരേണ്ടതില്ലായെന്നും ; ഭാവിയില്‍ എനിക്ക് ഇതിനേക്കൾ നല്ലൊരു പണി ലഭിക്കുവാന്‍ ഭാവുകങ്ങള്‍ അര്‍പ്പിച്ചു കൊണ്ടും... !

ഈ വെള്ളക്കാരെല്ലം ഇത്ര നല്ല മര്യാദ്യ രാമന്മാർ ആണെല്ലൊ എന്നോർത്ത് , യൂണിഫോം, തൊപ്പി, ബൂട്ട്സ്  മുതലായവയുടെ കാശും, ആദ്യ പണിയും പോയതോർത്ത് ... 
‘ഡാഷ് പോയ അണ്ണാനെ പോലെയിരിക്കുമ്പോഴുണ്ട..ഡാ 
എന്റെ വീട്ടുടമസ്ഥൻ ദൈവം വരം തരുന്ന പോലെ അടുത്ത ജോലിക്കുള്ള ഒരു റെക്കമെന്റഡ് ഇന്റർവ്യൂ  ലെറ്ററുമായി മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു ...!
A Tesco Super Market
അങ്ങിനെ എന്റെ ലാന്റ്ലോര്‍ഡ്‌ ഗില്ബ്രട്ടച്ചായന്‍ കനിഞ്ഞിട്ട് , 'കാത്തലിക് അസോസ്സിയേഷനി'ലുള്ള "ടെസ്കോയില്‍" മാനേജരായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന ജോസണ്ണന്‍ മുഖാന്തിരം , ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ്  ശൃംഖലകളിലൊന്നായ ‘ടെസ്‌കോ സൂപ്പർ സ്റ്റോറി'ൻറെ , ഇവിടെ അടുത്തുള്ള 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ശാഖയില്‍ സ്ഥിരമായി ഒരു രാത്രിപ്പണി തരപ്പെട്ടു ....  
ഹാവു...രക്ഷപ്പെട്ടു.... ! 
An Easy Job
പണി വലിയകുഴപ്പമില്ല ,ട്രോളികളില്‍ സാധനങ്ങള്‍ കൊണ്ടുവന്ന് , അതാതിന്റെ 
ഷെൽഫുകളിൽ , ഭംഗിയായി ഒതുക്കിവെച്ച്  വിലകളും ,കോഡുകളും നോക്കി ഏകീകരിച്ചു വെക്കുക .

മുന്‍ അനുഭവങ്ങള്‍ വെച്ച് ആരോടും അധികം സംസാരിയ്ക്കാതെ ,എങ്ങാനും ഏതെങ്കിലും കസ്റ്റമേഴ്‌സ്  വന്നാല്‍ - ഏതെങ്കിലും വിലകള്‍ ഒട്ടിച്ചു വേക്കേണ്ട ടാകുകള്‍ കടിച്ചു പിടിച്ചു കൊണ്ട് കഥകളി മുദ്രയിലൂടെ അവരെ,
മറ്റുള്ളവരിലേയ്ക്ക് ആനയിച്ചും മറ്റും, ഒരു കുഴപ്പവും കൂടാതെ ഒന്ന് രണ്ടു ദിവസം നീങ്ങി .

മണിക്കൂറിന്  £ 6.80 വെച്ച് പണിക്കൂലിയും,  ആനുവൽ ലീവ്, പെൻഷൻ പിന്നെ ഡിസ്കൌണ്ട് പർചേസിങ്ങ് അങ്ങിനെ നിരവധിയനവധി  
ആനുക്യൂല്യങ്ങള്‍ ...
ഈ മണ്ടന് പിന്നെന്തു വേണം...
മൂന്നാലുമാസം കൊണ്ട് ലണ്ടനില്‍ വന്ന കാശുമുതലാക്കാം... !

ഇടവേളകളിലും , പകല്‍ ഉറക്കത്തിലും , 
മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ , ഞാന്‍ 
കിനാവുകള്‍ കണ്ടു തുടങ്ങി .....
രാവും ,പകലും നല്ല ശീതീകരണ അവസ്ഥയിലുള്ള  ഈ രാജ്യത്ത് , ഒന്ന് കിടന്നുറങ്ങാനുള്ള സുഖം ഒന്ന് വേറെ തന്നെയാണ്  കേട്ടോ ...

ഒരാഴ്ചകഴിഞ്ഞുള്ള ഒരു രാത്രിയില്‍ ഞങ്ങളുടെ സ്റ്റോറില്‍ , പിറ്റേന്ന്  ഡേറ്റ് തീർന്ന്പോകുന്ന ധാരാളം" സാൻഡ് വിച്ചുകകൾ ‘ ബാക്കിവന്നത് , ഡാമേജ് സ്റ്റോക്കായി കളയാന്‍ വെച്ചിരിക്കുന്നു ...

വെറുതെ കിട്ടിയാല്‍ ചുണ്ണാമ്പും തിന്നുന്ന ഞാന്‍ , കൊണ്ടുപോയ ഉണക്ക ചപ്പാത്തിയും , കറിയും ഉപേഷിച്ച് ;  ചിക്കന്‍ , എഗ്ഗ്,  ചീസ് , ബട്ടര്‍  മുതലായ നാലഞ്ച് റെഡിമേയ്ഡ് ‘സാന്‍ഡ്‌വിച്ചുകള്‍ ചടുപിടുന്നനെ അകത്താക്കി ....

വെറുതെ കഴിക്കുവാന്‍ വന്ന മറ്റ് ,ഒന്നുരണ്ട് സഹപ്രവര്‍ത്തകരുടെ - ഒരു വയറ്റു പാപിയെ കണ്ടപോലുള്ള  - ആ ഒളിഞ്ഞുനോട്ടം കണ്ടപ്പോള്‍ ,
തീറ്റയ്ക്ക് ഇത്ര  തിടുക്കം വേണ്ടായിരുന്നു എന്ന് അപ്പോൾ തോന്നിയിരുന്നൂ ...

എന്തൊ ..തിന്നുപരിചയമില്ലാത്ത കാരണമാണെന്ന് തോന്നുന്നു ,ഏതാണ്ട് ഒരുമണിക്കൂറിനു ശേഷം വയറിനുള്ളില്‍ നിന്നും ചെറിയ വിളികള്‍ വന്നു തുടങ്ങി .....
പിന്നെ 
ഞാന്‍ ഇവിടെ അഭിമുഖീകരിക്കുന്ന
വേറൊരു പ്രശ്നം പുറത്ത് കക്കൂസില്‍ പോകുക എന്നതാണ് . ...

നാട്ടില്‍ അടച്ചു പൂട്ടിയ മുറിയില്‍ ഒരു ബക്കറ്റ്‌ വെള്ളം ഉപയോഗിച്ചു ശീലിച്ച ഞാന്‍  ; ഇവിടുത്തെ കുടുസു പോലെയുള്ള അര വാതിലുള്ള , ഒരു 'ടാപ്പു'പോലുമില്ലാത്ത ടോയ്ലെട്ടുകളില്‍ എങ്ങിനെ പോകും ?

അഥവ പോയാലും , നാലഞ്ച്  മീറ്റര്‍ ടിഷ്യൂ ഉപയോഗിച്ചാലും , ഒരു സംതൃപ്തി വരാതെ , ‘ചാര്‍ളി ചാപ്ലിന്‍‘ നടക്കുന്ന സ്റ്റൈലില്‍ കാലകത്തി വേച്ചു വേച്ച് നടക്കേണ്ടി വരും !

അതുകൊണ്ട് പുറത്തുപോകുമ്പോള്‍ രണ്ടു തവണയെങ്കിലും ടോയ്ലെറ്റില്‍ പോയി ഒന്നുറപ്പ് ...വരുത്തിയ ശേഷമേ ഞാൻ ഇറങ്ങാറുള്ളൂ .

വയറിനുള്ളിലെ കോളിളക്കം പന്തിയല്ലെന്ന് തോന്നി , സ്റ്റാഫ് ടോയ്ലറ്റില്‍ പോയി ഒരു വീക്ഷണം നടത്തി .വെള്ളം പിടിക്കാന്‍ ഒരു കാലിക്കുപ്പി പോലുമില്ല .... 
എന്തു ചെയ്യും ?
എന്തായാലും രണ്ടുപൌണ്ട് കൊടുത്തു ഒരു സെറ്റ് വാട്ടര്‍ ബോട്ടിത്സ് വാങ്ങുകതന്നെയെന്ന് ചിന്തിച്ച് കൌണ്ടറിലേക്ക് നടക്കുമ്പോഴുണ്ട്‌..ഡാ 
റാക്കില്‍, നിലത്തുവീണ്  ചളുങ്ങിയ , നാലെണ്ണത്തിന്റെ ഒരു സെറ്റ് 'ഫോസ്റ്റർ ബിയറു'കൾ ഓഫറായി, ‘ഒരു പൌണ്ടി‘ -ന്റെ സ്റ്റിക്കര്‍ ഒട്ടിച്ച് ഇരിക്കുന്നൂ ...!

ഞാന്‍ ആരാ മോന്‍ ....തനിയൊരു മലയാളിയല്ലേ !

അപ്പത്തന്നെ , അതെന്നെ വാങ്ങി , മൂന്നെണ്ണം
ബാഗില്‍ വെച്ച് , ഒരെണ്ണവുമായി ലണ്ടനിലെ 'ലണ്ടനി'ലേയ്ക്ക് വിട്ടു !

പിന്നെയൊരു വെടിക്കെട്ടായിരുന്നൂ... !
മുന്നിലുള്ള ലണ്ടന്‍ റൂമില്‍ നിന്നും ഒരശരീരി...

"സൈലൻസ് പ്ലീസ് ".
അപ്പോഴാണ്‌ ഞാന്‍ നോക്കിയത് ...

അരവാതിലില്‍കൂടി  -   ദാ..കാണുന്നു രണ്ടു വെളുത്തകാലുകള്‍ , കൂടെ വര്‍ക്കുചെയ്യുന്ന മദാമ്മ തള്ളയാണ് ...

ഞാന്‍ സോറി പറഞ്ഞ്  ഹോൾഡ് ചെയ്തിരുന്നു ...!

കുറച്ചുകഴിഞ്ഞ് ബിയറ് തുറന്നു കഴുകിവെടുപ്പാക്കി പുറത്തുവന്നപ്പോള്‍
ഹൌ ....എന്തൊരാശ്വാസം !

ഒന്ന്പോയാലും ബാക്കിമൂന്നെണ്ണം വീട്ടില്‍കൊണ്ടുപോയി കുടിയ്ക്കാലോ എന്നുള്ള ആശ്വാസത്തില്‍ പണി തുടർന്നരമണിക്കൂര്‍
കഴിഞ്ഞപ്പോഴെയ്ക്കും വീണ്ടും ഒരുള്‍ വിളി... !

കൂടെയുള്ളവനോട്... ദെ... ഇപ്പം വരാമെന്നു പറഞ്ഞ്
അടുത്ത ബിയർ ടിന്നുമെടുത്ത് ലണ്ടനിലേക്ക് - വണ്ടി വീണ്ടും വിട്ടൂ .
Inside the Store
എന്തിന് പറയുവാൻ ... 
അടുത്ത രണ്ടുമണിക്കൂറിനുള്ളിൽ  
ബാക്കിയുള്ള രണ്ടുബിയർ കാൻ കൂടി കാലിയായെന്ന് പറഞ്ഞാൽ മതിയല്ലോ !!

ഹാ‍ാവൂ....കാറ്റും ,കോളുമുള്ള ഒരു പേമാരി തീർന്നപോലെ..

ബിയറെല്ലം വെറുതെപോയല്ലോയെന്ന നഷ്ട്ടബോധത്തോടെ പണിയിൽ മുഴുകിക്കൊണ്ടു നിൽക്കുമ്പൊഴുണ്ട...ഡാ  ഷിഫ്റ്റ് മാനേജർ ..
പോളണ്ടുകാരി ചുള്ളത്തിയായ  മെറീന - എന്നരികിൽ വന്ന് സ്വകാര്യത്തിൽ പറഞ്ഞു, അവളുടേ റൂമിലേക്കെന്നോട് ചെല്ലുവാൻ.. ?

എന്തിനാണ് ഈ പെണ്ണ് എന്നെയീ പാതിരാ 
നേരത്ത് വിളിച്ചെതെന്ന് കരുതി ഞാൻ മുറിയിൽ കയറിയപ്പോൾ അവൾ പറയുന്നു... 
മുറി കുറ്റിയിടാൻ...?

പണ്ട് ‘മണിചിത്ര താഴ്’ സിനിമയിൽ ലളിത അരയിൽ ചരടുകെട്ടാൻ വേണ്ടി ഇന്നസെന്റിനെ മുറിയിലാക്കി കുറ്റിയിട്ട അവസ്ഥയിലായിരുന്നു ഞാനപ്പോൾ ... !

അയ്യോ..പുലിവാലായൊ ...
പണ്ട് 'ബിൽക്ലിന്റൻ'  ചെയ്ത പോലെ എന്തെങ്കിലുമൊക്കെ ഞാനും ചെയ്യേണ്ടി വരോ‍ാ ..!

അതാ അവള് ...മെറീന...
അവളുടെ ലിപ്സ്റ്റിക്കിട്ട ചുണ്ടുകൾ
കിസ്സ് ചെയ്യാ‍നെന്ന പോലെ എന്റെ മുഖത്തോടടുപ്പിക്കുന്നു....

ഓ....എന്റെ ലണ്ടൻ...മുത്തപ്പാ...!

സംഭവം വെറും ലളിതം ....
അവൾ ഞാൻ കുടിച്ചിട്ടുണ്ടോ
എന്ന് മണത്തുനോക്കിയതായിരുന്നു !

ആരൊ കമ്പ്ലെയിന്റ് കൊടുത്തുപോലും ;
ഞൻ നലു ബിയർ , രണ്ടുമണിക്കൂറിനുള്ളിൽ അകത്താക്കിയെന്ന്...

അന്വേഷണത്തിൽ,  നാല് കാലി ടിൻ വേസ്റ്റ് ബിന്നിൽ നിന്ന് കിട്ടുകയും ചെയ്തു.. !

ഞാനത് അപ്പി കഴുകാനാണ് എന്നുപറയാൻ പറ്റോ...?
അഥവാ അതുപറഞ്ഞു മനസ്സിലാക്കിക്കനുള്ള ല്വാൻഗേജും എനിക്കൊട്ടുയില്ല താനും ...!
അന്വേഷണവും,വിശകലനവുമൊക്കെയായി
ശരിക്കു പതിമൂന്നാം പൊക്കം , ആ പണിയും കാലാ
കാലത്തേക്കു സ്ഥിരമായി... ! 

നമ്മുടെ വാജ്പോയിയെ,
പണ്ട് പ്രധാനമന്ത്രിയാക്കി , ഇന്ത്യ ഭരിപ്പിച്ചിട്ട്...
പതിമൂന്നാമ്പൊക്കം ഇറക്കിവിട്ട പോലെയായി എന്റെ സ്ഥിതി.

പിന്നെ കൂട്ടരെ
പണി പോയതിനേക്കാൾ എനിക്ക് വിഷമ മുണ്ടാക്കിയ സംഗതി എന്റെ സ്വന്തം ഭാര്യയടക്കം,  ഭൂരിപക്ഷം പേരും ,ഞാ‍ൻ പറഞ്ഞ ഈ ‘ബിയർ പുരാണം ‘ വിശ്വസിച്ചില്ല എന്നതിലാണ് ......

ഇത്തരം സിറ്റിവേഷനുകൾ സ്വയം അനുഭവിച്ചറിയണം....അല്ലേ
എന്നാലെ ഇതിന്റെയൊക്കെ യഥാർത്ഥ്യം,  ഇവർക്കൊക്കെ മനസ്സിലാകുകയുള്ളൂ !

ലോകത്തില്‍ ഏതുഭാഗത്തും പലപ്പോഴും
പലര്‍ക്കായി ഇത്തരം അനുഭവങ്ങള്‍ കിട്ടി കൊണ്ടിരിക്കാറുണ്ട് ...!

ഒരിക്കല്‍ , കരാട്ടെ മാസ്റ്ററും ,
ഹൈലിസ്സ്കില്ലറുമായ , പത്തുപേര്‍ ഒരുമിച്ചുവന്നാല്‍ പോലും കായികമായും , വാചകമായും തടുത്തു നിര്‍ത്തുവാൻ കഴിവുള്ള  ഒരുമലയാളി ചേട്ടായിയുമായി  ഒരു ലണ്ടന്‍
കാര്‍ണിവല്‍ കാണാന്‍ പോയപ്പോള്‍ ... 
മൂപ്പര്‍ക്ക് സ്വന്തം മൂട് തടുത്ത്
നിര്‍ത്തുവാൻ  പറ്റാതായപ്പോള്‍ ,വെള്ളം കുപ്പിയുമായി താല്‍ക്കാലിക ടോയ്ലറ്റിലേക്ക്  ഓടിപ്പോയ ആ രംഗം , ഇപ്പോഴും എന്റെ സ്മരണയില്‍ മായാതെ നില്‍ക്കുന്നുണ്ട്‌ .

ദേ.... താഴെ നോക്ക് ;
മൂപ്പര്‍ ഇരിക്കുന്ന പോസ്‌ ഞാന്‍ എന്റെ മൊബൈലില്‍ പോട്ടം പിടിച്ചത്‌ ...

The Greatest Job !

പിന്നാമ്പുറം :-

എന്റെ  ഈ നർമ്മാനുഭവം 
'ബിലാത്തി മലയാളി'യിലും  'ഛായ '
കൈയെഴുത്ത് പതിപ്പിലും ,പിന്നീട് ധാരാളം 
'ഓൺ -ലൈൻ 'മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചു വന്നതിൽ വളരെയധികം സന്തോഷമുണ്ട് .
അഴിമുഖത്തിൽ വന്നതിന്റെ ലിങ്കാണ് താഴെയുള്ളത് -
www.azhimukhammuralee-mukundan-writes-about-his-london-experiences
കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...