Showing posts with label ഒരു ലണ്ടൻ മഞ്ഞനുഭവം .. Show all posts
Showing posts with label ഒരു ലണ്ടൻ മഞ്ഞനുഭവം .. Show all posts

Tuesday 12 January 2010

ഹിമത്തടവറ... ! / Himatthatavara ...!


പാശ്ചാത്യനാടുകളിൽ ജീവിക്കുമ്പോഴുള്ള ഏറ്റവും സന്തോഷം കിട്ടുന്ന ഏർപ്പാടാണ് മഞ്ഞുകാലങ്ങളിൽ കിടന്നുറങ്ങാനുള്ള സുഖം...

ഒപ്പം കൂടെ ജീവനുള്ളതൊ  അല്ലാത്തതൊ   ആയ ‘ഡ്യുവറ്റുകൾ‘ കൂടെയുണ്ടെങ്കിൽ ആയതിന് ഇരട്ടി മധുരവും തോന്നിക്കും...!

പക്ഷേ ഈ ഹിമക്കാലം സുഖവും , സന്തോഷവും, സന്തുഷ്ട്ടിയും മാത്രമല്ല ,ഒപ്പം ഒത്തിരി സന്താപവും അളവില്ലാതെ കോരിത്തരും എന്നതിന്റെ കുറച്ച് മനോഹരമായ അനുഭവങ്ങളാണ് ഇത്തവണ ഞാൻ  കുറിച്ചിടുന്നത് കേട്ടൊ.

ഒരു മഞ്ഞണിക്കൊമ്പിൽ !
ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന പോലെ, യൂറോപ്പില്‍ ഉടനീളം നടമാടികൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിനിടയിലേക്ക് , രണ്ടു പതിറ്റാണ്ടിനുശേഷം, കഴിഞ്ഞവർഷമാണ് കൊടും ശൈത്യം അരിച്ചരിച്ച് ഇറങ്ങി വന്നത്...
ഉത്തരാർദ്ധത്തിലെ അന്റാർട്ടിക്കയെ പോലും
തോൽ‌പ്പിക്കുന്ന തണവുമായി . അതയത് -10 ഡിഗ്രി
മുതൽ -20 ഡിഗ്രി വരെ താഴ്ന്നുതാഴ്ന്ന്... 
   
പോരാത്തതിന് ശീതക്കാറ്റും , ഭീകര മഞ്ഞുവര്‍ഷവും യൂറോപ്പിനെ ആകമാനം വെള്ളയില്‍ മൂടി .
ഗ്രാമങ്ങളും ,പട്ടണങ്ങളും തനി  ഹിമത്തടവറ‘കളായി മാറി...!
പക്ഷെ , ആയത് ആ വര്‍ഷത്ത മാത്രമൊരു
പ്രതിഭാസമാണെന്ന് നിരീക്ഷിച്ചിരുന്നവര്‍ക്കൊക്കെ തെറ്റി ...
പിടിച്ചതിനെക്കാളും വലിയത് അളയില്‍
ഉണ്ടായിരുന്നു എന്ന കണക്കെ, ഇത്തവണയും
യൂറോപ്പ് മുഴുവന്‍ കൊടും ശൈത്യത്താല്‍ വിറക്കപ്പെട്ടു !

അതോടൊപ്പം  ഈ ബിലാത്തിയും. ബിലാത്തിപട്ടണവും....!
A Frozen Britian ...!
തീര്‍ത്തും മഞ്ഞണിഞ്ഞ ഒരു ‘വൈറ്റ് കൃസ്തുമസ്സിന് 
ശേഷമിതാ വീണ്ടും  കുളിർ മഞ്ഞിന്റെ ഘോര താണ്ഡവം... !
ആദ്യം കല്ലു മഴപോലെ ശരീരത്തില്‍ വീണാല്‍ വേദനിക്കുന്ന‘ഹെയില്‍ സ്റ്റോൺസ്‘ എന്നുപറയുന്ന ഐസ് മഴയുടെ കൊച്ചുകൊച്ചു വിളയാട്ടങ്ങള്‍ ...

പിന്നെ അപ്പൂപ്പന്‍ താടികള്‍ പഞ്ഞി കണക്കെ പാറി പാറിപ്പറന്ന് തൊട്ടു തലോടിയിക്കിളിയിട്ടു കോരിത്തരിപ്പിക്കുന്ന പോലെ- ഹിമ പുഷ്പ്പങ്ങള്‍ കണക്കെ മഞ്ഞു കണങ്ങൾ ആടിയുലഞ്ഞു വരുന്ന അതിമനോഹരമായ കാഴ്ച്ചകള്‍ ...!

പഞ്ഞിമഞ്ഞുകണങ്ങളും ഹിമകേളികളും...!
ചിലപ്പോള്‍ മൂന്നും നാലും മണിക്കൂര്‍ ഇടതടവില്ലാതെ രാത്രിയും പകലും
'ട്യൂബ് ലൈറ്റ്' ഇട്ടപോലെ മഴപോല്‍ (sleets) പെയ്തിറങ്ങുന്ന ഹിമകണങ്ങള്‍...
നിമിഷങ്ങള്‍ക്ക് ശേഷം , എല്ലാം വെള്ളയാല്‍ മൂടപ്പെടുന്ന അതിസുന്ദരമായ കാഴ്ചകള്‍ ....!

നമ്മുടെ നാട്ടിലെ പേമാരിയില്‍ വെള്ളപ്പൊക്കം
ഉണ്ടാകുന്ന പോലെ വെളുത്ത കൂമ്പാരങ്ങളായി ഒരു മഞ്ഞുപ്പൊക്കം... !
അങ്ങനെ ഹിമ കിരണങ്ങളാല്‍ വെട്ടിത്തിളങ്ങുന്ന മഞ്ഞുപുടവകളാൽ  ഒരു വെളുത്ത വെള്ളി പട്ടിനാൽ  നാണം മറച്ചു ലാസ്യ വിന്യാസത്തോടെ  കിടക്കുന്ന ഒരു മാദക സുന്ദരിയായി മാറിയിരിക്കുയാണ് ഇപ്പോൾ  യൂറോപ്പ് ...
എന്തായാലും ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തുന്ന കാണാത്ത കാഴ്ച്ചകളായി മാറി ഈ ഹിമ സുന്ദരിയുടെ ലാസ്യ വിന്യാസങ്ങള്‍ ...!
അതെ ഇത്തവണ യൂറോപ്പിനൊപ്പം, ഇംഗ്ലണ്ടും ഈ മഞ്ഞുതടവറയില്‍ അകപ്പെട്ടുപോയി .
ലണ്ടനിലും മറ്റും ഗതാഗതം സ്തംഭിച്ചു ...
പലരും ഹൈവ്വേകളില്‍ കുടുങ്ങി ...
നിശ്ചലമായ ബിലാത്തിപട്ടണ വീഥികൾ..!
അത്യസന നിലയിലുള്ളവരെയും ,അപകടത്തില്‍ പെട്ടവരെയും 'ഹെലികോപ്ട്ടര്‍ ആംബുലന്‍സു'കള്‍ പറന്നുവന്നു കൊണ്ടുപോയി .
രക്ഷാ പ്രവര്‍ത്തനത്തിന് പട്ടാളം രംഗത്തിറങ്ങി ...!

ഈ മഞ്ഞുകാലം മുഴുവൻ ഉപയോഗിക്കുവാൻ വേണ്ടി കരുതിയിരുന്ന ഗ്യാസ് ഇത്രവേഗം ; ഏതുസമയവും ഉപയോഗിക്കുന്നതു മൂലം തീരാറായതുകൊണ്ട് ,സകല ഗ്യാസ് സപ്ലയ് ചെയ്യുന്ന കമ്പനികളും വലിയ സ്ഥാപനങ്ങൾക്കെല്ലാം  'ഗ്യാസ് കട്ട് ‘ ഏർപ്പെടുത്തിയതുകൊണ്ട് , ഫാക്ടറികളും, മറ്റും ഇപ്പോൾ ഓയിൽ ജെനറേറ്ററുകൾ ഉപയോഗിച്ചാണ്  ചൂട് പകർന്നു കൊണ്ടിരിക്കുന്നത്...

 വീടുകളിലും, മറ്റും പഴയകാലത്തുണ്ടായിരുന്ന , ചൂടുകായാനുള്ള കൽക്കരി ചൂളകൾക്ക് പകരം, ആധുനിക റേഡിയേറ്ററുകൾ ഘടിപ്പിച്ച ഏവരും ഇപ്പോൾ പരിതപിക്കുകയാണ്...
ധനനഷ്ടവും , വായു മലിനീകരണവും (CO 2 ,പുറം തള്ളൽ വളരെ കൂടുതൽ) വരുത്തുന്ന ഇത്തരം പുത്തൻ ഉപകരണങ്ങൾ ഘടിപ്പിച്ചതിൽ...!

ചൂടുള്ള നീന്തൽ കുളത്തിൽച്ചാടി  പൂളിനുള്ളിലെ കട്ടപിടിച്ച ഐസ് ഉരുകാതെ കിടന്നതുകൊണ്ട് കൈയും  കാലും ഒടിഞ്ഞവരും....
തടാകത്തിന്റെ മുകളിലെ കട്ടിയുള്ള മഞ്ഞുപാളികളിൽ കളി വിളയാട്ടം
നടത്തിയവരും ,(മൂന്നു ഏഷ്യക്കാർ കഴിഞ്ഞവാരം ഇതുപൊലെ നടന്നപ്പോൾ
പാളി തകർന്നുള്ളിൽ പോയി ഫ്രോസൻ ആയി മരണപ്പെട്ടു  !) ,
‘ഹീറ്ററി‘നേക്കാൾ ലാഭം നോക്കി, പത്തുമുപ്പതു പെൻസിന് ചാരിറ്റിയിൽ നിന്നും ചീപ്പായി കിട്ടുന്ന ഉഗ്രൻ ഉള്ളടക്കമുള്ള , കട്ടിയുള്ള 'ബൈന്റു പുസ്തകങ്ങൾ' വാങ്ങി തീയ്യിട്ടു ചൂടുകാഞ്ഞ മലയാളീസും,
ജോഗ്ഗിങ്ങിനുപോയി തലകുത്തി വീണവരും (ഏതുപ്രതികൂലകാലവസ്ഥയിലും ഇവരുടെ
ഇത്തരം ശരീരത്തിന് നന്മവരുന്ന വ്യയാമമുറകൾ സമ്മതിച്ചേ തീരു !),...,....
മല്ലൂസ്സടക്കം ,ഈ പറഞ്ഞ എല്ലാവരും തന്നെ
നാന തരത്തിലുള്ള ഹിമ മനുഷ്യരോടൊപ്പം കൌതുക വാർത്തകളിൽ ഇടം പിടിച്ചവരാണ്...കേട്ടൊ

ഹിമകണങ്ങൾ പെയ്തിറങ്ങുമ്പോൾ   ....!

1968 -നു ശേഷം ബ്രിട്ടൻ 
അനുഭവിച്ച അതിഗംഭീരമായ തണുപ്പ്  ...
ഇവിടത്തെ പുതുതലമുറയും ഇത്തരത്തിലുള്ള ഒരു കടുത്ത മഞ്ഞുവീഴ്ചയും , കല്ലുമഴയും, മറ്റും ഇത്ര ഗംഭീരമായി കാണുന്നത് ഇക്കൊല്ലം തന്നെ ...!
 ഹിമപ്പുതപ്പിൽ മൂടപ്പെട്ട ഒരു ലണ്ടൻ വീമാനത്താവളം..!
പിന്നെ ഇംഗ്ലീഷില്‍ ഒരു പഴഞ്ചൊല്ലുണ്ട്...
‘Any Dick and Harry writes poems in snowing time‘ എന്ന് ....
മലയാളത്തില്‍ അത് ‘ഏത് അണ്ടനും അഴകോടനും
അല്ലെങ്കിൽ  ഏത് പോലീസുകാരനും ‘എന്ന് പറയപ്പെടും !
പഴഞ്ചൊല്ലിൽ പതിരില്ല എന്നാണല്ലൊ പറയുക ...
അപ്പോള്‍ എന്നെപ്പോലെയുള്ള
ഒരു അഴകോടന്റെ കാര്യം പറയാനുണ്ടോ ?
പിന്നെ കാര്യങ്ങൾ ചൊല്ലാൻ കുറച്ചുകൂടി ,ഗദ്യത്തേക്കാൾ നല്ലത് പദ്യം തന്നെയാണല്ലൊ..

ദേ....കെടക്കണ്....ഒരെണ്ണം !

ഹിമത്തടവറ


വീണ്ടുമിതാ ലോക തലസ്ഥാനം വെള്ള പട്ടണിഞ്ഞുവല്ലൊ ..
ആണ്ടു പതിനെട്ടിനുശേഷം ഈ ഹിമകിരണങ്ങളേറ്റിതാ..
രണ്ടു പതിറ്റാണ്ടിനിടയില്‍ അത്യുഗ്രന്‍ ഹിമ പതനത്താല്‍ ;
ലണ്ടനൊരു ഹിമത്തടവറ പോലെയായല്ലൊയേവർക്കും ...!

നീണ്ട രണ്ടു ദിനങ്ങള്‍ ഇടവിടാതുള്ള പഞ്ഞി മഞ്ഞുകള്‍...
പൂണ്ടിറങ്ങി നഗര വീഥികള്‍ നിശ്ചലമാക്കി ,ഒപ്പം പാളങ്ങളും ;
പണ്ടത്തെ രീതിയിലുള്ള വീടുകള്‍ ;കൊട്ടാരമുദ്യാനങ്ങള്‍ ;
ചണ്ടിമൂടപ്പെട്ട കായല്‍പോല്‍... മഞ്ഞിനാല്‍ മൂടപ്പെട്ടിവിടെ !

കൊണ്ടാടി ജനം മഞ്ഞുത്സവങ്ങള്‍ - നിരത്തിലും,മൈതാനത്തും ;
രണ്ടു ദിനരാത്രം മുഴുവന്‍ .. മമ ‘ഹര്‍ത്താലാഘോഷങ്ങള്‍‘ പോല്‍ !
കുണ്ടും ,കുഴിയും അറിയാതെ തെന്നി വീണവര്‍ നിരവധിയെങ്ങും,
വണ്ടിയില്ലാ നിരത്തിലും പാതയിലും ...,എങ്കിലും പാറിവന്നല്ലോ...

കൊണ്ടുപോകുവാന്‍ പറവയംബുലൻസുകള്‍‘ ഗരുഡനെപോല്‍  ...
വണ്ടു പോല്‍ മുരളുന്ന മഞ്ഞുനീക്കും ദശചക്ര യന്ത്രങ്ങള്‍ ;പിന്നെ 
കണ്ടം വിതയ്ക്കും പോല്‍ ഉപ്പുകല്ലു വിതറികൊണ്ടോടുന്നിതാ
വണ്ടികള്‍ പല്‍ച്ചക്രങ്ങളാല്‍  പട്ടാളട്ടാങ്കുകളോടും പോലവേ...

കണ്ടു ,ഞങ്ങള്‍ മഞ്ഞില്‍വിരിയുന്ന പീതാംബര പുഷ്പ്പങ്ങള്‍ ; കല്‍-
ക്കണ്ടകനികള്‍ പോലവേയാപ്പിളും ; ചെറി , സ്ട്രോബറി പഴങ്ങളും ; ....
നീണ്ട മൂക്കുള്ളയനവധി ഹിമ മനുഷ്യര്‍ വഴി നീളെയങ്ങിങ്ങായി 
മണ്ടയില്‍ തൊപ്പിയേന്തി നിൽക്കുന്ന കാഴ്ച്ചകള്‍ , ഹിമകേളികള്‍ ...

ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും...
കണ്ടാല്‍ രസമൂറും പ്രണയ ലീലകള്‍ തന്‍ ഒളിക്കാഴ്ചകള്‍  ...!
കണ്ടുയേറെ കാണാത്തയല്‍ത്ഭുത കാഴ്ച്ചകളവ അവര്‍ണനീയം ..!
കണ്ടവയൊപ്പിയെടുത്തടക്കിവെച്ചീയോര്‍മ്മ ചെപ്പില്‍ ഭദ്രമായ്‌. .


മഞ്ഞിൽ വിരിഞ്ഞ പൂക്കൾ !

ഞങ്ങള്‍ മറുനാട്ടുകാര്‍ ഈ കൊടും മഞ്ഞു വീഴ്ച്ചയുടെ നയന സുന്ദരമായ കാഴ്ചകള്‍ പടം പിടിച്ച് 'ഓര്‍ക്കൂട്ടിലും ,ഫേസ് ബുക്കി'ലും, മറ്റും ചേര്‍ത്ത്കൊണ്ടിരിക്കുമ്പോള്‍ ...

ബില്ല്യന്‍ കണക്കിന് നഷ്ടം വരുത്തിയ പ്രകൃതിയുടെ ഈ ഭീകര ആക്രമണത്തെ ചെറുത്തു തോല്പ്പിക്കുകയായിരുന്നു സ്ഥലവാസികള്‍ എല്ലാവരും  ഒരുമിച്ചുചേർന്ന്...
ഭരണപക്ഷവും, പ്രതിപക്ഷവും , രാഷ്ട്രീയവും
ഒന്നും തൊട്ടു തീണ്ടാതെ ,സ്വന്തം നാടിനു വന്ന
കഷ്ട നഷ്ടങ്ങൾ നികത്തുവാൻ എല്ലാവരും ഒത്തൊരുമിച്ച് എങ്ങും നടത്തുന്ന പ്രയത്‌നങ്ങൾ ...

ഇതെല്ലാമാണ് തീർച്ചയായും നമ്മള്‍ കണ്ടു 
പഠിക്കേണ്ട വലിയ വലിയ കാര്യങ്ങളും പാഠങ്ങളും... !
പ്രകൃതി നടത്തിയ വിക്രിയകൾ കാരണം
ഈ നാട്ടുകാർക്ക് നമ്മുടെ നാട്ടിലെ ഹർത്താലുകൾ
പോലുള്ള വീട്ടിലടച്ചിരിക്കാവുന്ന ഒഴിവുദിനങ്ങൾ കിട്ടി.
ചില ഭാഗങ്ങളിൽ ഇവിടത്തെ ജനങ്ങൾ
ആദ്യമായി ‘പവ്വർകട്ട് ‘എന്താണെന്നറിഞ്ഞു...

മലയാളികൾ ഞങ്ങൾ ഇടക്കിടെ ചൂടുകഞ്ഞി കുടിച്ചും, വീഞ്ഞു മോന്തിയും ഈ കൊടും മഞ്ഞിന്റെ തണുപ്പിനേ നേരിട്ടൂ.

ലോകം മുഴുവൻ നടമാടികൊണ്ടിരിക്കുന്ന ഈ കാലവസ്ഥ വ്യതിയാനങ്ങളെ കുറിച്ചൊന്നും, 'ഗ്ലോബ്ബൽ വാമിങ്ങ് ' നടപടി മീറ്റിങ്ങ് ബഹിഷ്കരിച്ച ഇവരൊന്നും, ഇപ്പോൾ ഒന്നും മിണ്ടുന്നില്ല കേട്ടൊ..

നട്ടുച്ചനേരത്ത് തണുത്തു വിറച്ച് റദ്ദാക്കിയ ട്രെയിനുകളെ പഴിച്ച് സ്റ്റേഷനിൽ ഇരിക്കുമ്പോൾ വെറുതെ ഓർത്തുപോയി...
നാട്ടിലായിരുന്നു ഇത്തരം ഒരു സംഗതിയെങ്കിൽ എത്രപേരെ ഒന്ന് വിമർശിക്കാമായിരുന്നു.. 

ഭരണപക്ഷത്തിനെ , കേന്ദ്രത്തിനെ,....
ഉപകാരം ചെയ്തവരെ പോലും തെറിവിളിച്ചുശീലിച്ച
ഒരു മലയാളിയല്ലേ ഞാൻ...!

ഈ ഭീകരമായഹിമപതനത്തിന്റെ കാരണത്തിനും 
മറ്റു ശേഷ ക്രിയകൾക്കും
ആരെയാണൊന്ന് വിമർശിക്കുക ? 
പഴിചാരുക ? പ്രതികരണം അറിയിക്കുക ?

ഒരു ബൂലോക പ്രതികരണം !
ഇങ്ങിനെയെങ്കിലും ഒന്ന് പൂശി , 
ഞാനൊന്ന് തൽക്കാലം ആശ്വസിക്കട്ടേ...
മല്ലനൊന്നുമല്ലെങ്കിലും ; തനി ഒരു മല്ലു’വല്ലേ  ഞാൻ...

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...