Showing posts with label ഇംഗ്ലണ്ടിലെ സ്വദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ .... Show all posts
Showing posts with label ഇംഗ്ലണ്ടിലെ സ്വദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ .... Show all posts

Wednesday 18 April 2018

ഇവർ ഇംഗ്ലണ്ടിലെ ലോക്കൽ ഇലക്ഷനുകളിൽ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികൾ ...! / Ivar Englandile Local Electionukalil Itam Netiya Englandile Malayalikal ... !

അനേകം മലയാളികളിപ്പോൾ ബ്രിട്ടനിലെ ജനാധിപത്യ ഭരണ സംവിധാനങ്ങളിലേക്ക് സജീമായി രംഗത്തുവന്നുകൊണ്ടിരിക്കുന്ന കാഴ്ച്ചകൾ നമുക്ക് ചുറ്റും എന്നുമെന്നോണം കാണാവുന്നതാണ് . 
അടുത്ത മാസം  2018 മെയ്‌  മൂന്നിന്  നടക്കുന്ന ഇംഗ്ലണ്ടിലെ പല  കൗണ്ടികളിലും , ലോക്കൽ ഇലക്ഷനിൽ കൂടി സ്വദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണ ചുമതല നിർവ്വഹിക്കാനുള്ള കൗൺസിലേഴ്‌സിനെ തിരഞ്ഞെടുക്കുകയാണ് . 
ഇത്തരം ജനാധിപത്യ ഭരണ സമിതി സഭകളിലേക്ക് സ്വദേശിയരെ കൂടാതെ ആഗോള വംശജരായ അനേകം സ്ഥാനാർത്ഥികൾ മത്സരിക്കുന്നതിനാൽ ധാരാളം ഏഷ്യൻ , ഭാരതീയ വംശജർക്കൊപ്പം , ചില മലയാളികളും വിവിധ പാർട്ടികളുടെ ബാനറിൽ ജനവിധി തേടുന്നുണ്ട് എന്നതിൽ നമുക്ക് മലയാളികൾക്കും  അഭിമാനിക്കാനിക്കാവുന്ന സംഗതികളാണ് . 
നമ്മുടെ നാട്ടിലുള്ള ത്രിതല പഞ്ചായത്ത് ഭരണ സംവിധാനങ്ങൾ  പോലെയുള്ള   ജനാധിപത്യ ഭരണ മാതൃകയിൽ തന്നെയാണ്  ഇംഗ്ലണ്ടിലെ ലോക്കൽ ഇലക്ഷനുകളും നടത്താറുള്ളത് .   
ഇംഗ്ലണ്ടിലെ 68 കൗണ്ടി / ജില്ല ഭരണകൂടങ്ങൾ (ജില്ലാ പഞ്ചായത്ത് ) , അവിടെയുള്ള ബറവ് / Borough ( കോർപ്പറേഷൻ )   , 34 മെട്രോപൊളിറ്റൻ ബറവ് (സിറ്റി കോർപ്പറേഷനുകൾ ) , 17 യൂണിറ്ററി അതോററ്റീസ് (മുൻസിപ്പാലിറ്റികൾ ) മുതലായവ കൂടാതെ ലണ്ടനിലെ ഒന്നൊ , രണ്ടൊ  നിയോജക മണ്ഡലങ്ങൾ ഒന്നിച്ച് ചേർന്ന 32 London Boroughs / ലണ്ടൻ ബറവ്കളെല്ലാം കൂടിയതാണ് ഇവിടത്തെ ലോക്കൽ കൗൺസിലുകൾ ... 
ഓരോ നാലുകൊല്ലം കൂടുമ്പോഴാണ് ഇവിടെ സ്വദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക . ചില ടൗൺഷിപ്പുകളിൽ രണ്ട് കൊല്ലം കൂടുമ്പോൾ പകുതി കൗൺസിലേഴ്‌സിനെ വീതവും , മറ്റു ചില ലോക്കൽ കൗൺസിലുകളിൽ കൊല്ലം തോറും മൂന്നിലൊന്ന്  ഭരണ സാരഥികളെയും തിരഞ്ഞെടുക്കുന്ന നിയമ സംവിധാനവും ഇപ്പോഴും യു .കെ യിൽ പിന്തുടർന്ന്  പോരുന്നുണ്ട് ...

ലണ്ടനിലുള്ള  32  ബറവ്കളടക്കം , നാലുകൊല്ലത്തിലൊരിക്കൽ ഇലക്ഷൻ വരുന്ന രാജ്യത്തെ ഒട്ടുമിക്ക ലോക്കൽ കൗൺസിലേഴ്‌സിനെയാണ്  , ഇത്തവണ ഇംഗ്ലണ്ട് ജനത അടുത്ത  മെയ് മാസം 3 - ന് വോട്ട് ചെയ്ത് അധികാരത്തിൽ ഏറ്റുന്നത് . 
ഒപ്പം തന്നെ കാലം പൂർത്തിയായ നേരിട്ട് തിരഞ്ഞെടുക്കാവുന്ന ഹാക്കിനി , ലെവിസ്ഹാം , ന്യൂഹാം , ടവർ ഹാംലെറ്റ് , വാട്ട് ഫോർഡ് എന്നിവടങ്ങളിലെ പുതിയ മേയർമാരെയും പ്രജകൾ നേരിട്ട് തിരഞ്ഞെടുക്കുന്നുണ്ട് . 
ഈ അവസരത്തിൽ ഇപ്പോൾ ഇവിടെ ജനവിധി തേടുന്ന നല്ല വിജയ പ്രതീക്ഷയുള്ള കുറച്ച് മലയാളി കൗൺസിലേഴ്‌സിനെയും , ഇപ്പോൾ ഭരണത്തിൽ തുടരുന്നവരെയും ജസ്ററ് ഒന്ന് പരിചയപ്പെടുത്തുകയാണ് .

പാശ്ചാത്യ നാട്ടിലെ ആദ്യത്തെ മലയാളി കൗൺസിലർ :-

ആദ്യമായി ഒരു മലയാളി പാശ്ചാത്യ നാട്ടിൽ ഒരു   ജനാധിപത്യ രാജ്യത്തുള്ള ഭരണ രംഗത്ത്‌ മത്സരിച്ച് ജയിച്ചത് ഏതാണ്ട് 80 കൊല്ലം മുമ്പായിരുന്നു . ആയത് ഇംഗ്ലണ്ടിൽ   ലണ്ടനിലെ കാംഡെൻ ബറോവിലെ സെന്റ് :പാൻക്രാസ് വാർഡിൽ നിന്നും കൗൺസിലറായി ഭരണത്തലേറിയ പ്രഗത്ഭനായ വി.കെ കൃഷ്‌ണ മേനോൻ ആയിരുന്നു.  പിന്നീട് പാർലിമെന്ററി സീറ്റ് വരെ അദ്ദേഹത്തിന് ഓഫർ ലഭിച്ചിരുന്നുവെങ്കിലും സ്വാതന്ത്രാനന്തരം ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് വലിയ ചുമതലകൾ ഏറ്റെടുക്കുവാൻ വി.കെ. തിരിച്ചു പോയി ...
തലശ്ശേരിയിൽ ജനിച്ച് ബാല്യകാലം  കോഴിക്കോടും , ബിരുദ പഠനം മദ്രാസ്  കൃസ്ത്യൻ കോളേജിലും പൂർത്തിയാക്കി 1924 ൽ ലണ്ടനിൽ എത്തി ലണ്ടൻ യൂണി : കോളേജ് / ലണ്ടൻ സ്‌കൂൾ ഓഫ് എക്കൊണോമിക്‌സ്  തുടങ്ങിയ സ്ഥാപനങ്ങളിൽ   നിന്നും ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയ വി.കെ .കൃഷ്ണമേനോൻ  അനേകം വിജ്ഞാന ഗ്രന്ഥങ്ങളുടെ രചയിതാവാണ് .
സാഹിത്യത്തിലും , പ്രസംഗത്തിലും , രാഷ്ട്രീയത്തിലുമൊക്കെ വല്ലഭനായ - വെള്ളക്കാർ പോലും മാനിക്കുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു ഈ നവ ഭാരത ശില്പി.
നല്ലൊരു വാഗ്മിയും , പത്രപ്രവർത്തകനും , എഴുത്തുകാരനുമായ വി.കെ.കൃഷ്ണമേനോൻ  - പെൻഗിൽ പബ്ലിക്കേഷന്റെ എഡിറ്ററായും , ലേബർ പാർട്ടിയുടെ നേതാവായും , ആദ്യത്തെ ഭാരതീയ വംശജനായ കൗൺസിലറായും , സ്വാതന്ത്ര്യാനന്തരം , ബ്രിട്ടനിലെ ആദ്യത്തെ ഇന്ത്യൻ ഹൈക്കമ്മീഷ്ണറായും 1952 വരെ ലണ്ടനിൽ ഉണ്ടായിരുന്ന സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനായിരുന്നു . 
അതോടൊപ്പം ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ,  ഇന്ത്യാ ലീഗ് മൂവ്മെന്റ് , മലയാളി സമാജം എന്നിവയുടെ രൂപീകരണത്തിന് നേതൃത്വം കൊടുത്തതും വി.കെ.കൃഷ്ണമേനോൻ എന്ന സാരഥിയായിരുന്നു ... !

വി.കെ.കൃഷ്ണമേനോന് ശേഷം ധാരാളം ഏഷ്യൻ / ഭാരതീയ വംശജർ ബ്രിട്ടണിൽ വാർഡ് കൗൺസിലർമാരായും  , പാർലിമെന്റിൽ എം.പി മാരായും പല പാർട്ടികളുടെ ലേബലിൽ മത്സരിച്ച് ജയിച്ചു വന്നിരുന്നു ...

ബ്രിട്ടനിലെ പ്രഥമ മലയാളി മേയർ :-

എങ്കിലും വീണ്ടും വി.കെ.കൃഷ്ണമേനോനു ശേഷം ഒരു മലയാളി കൗൺസിലർ  യു.കെ യിൽ ജയിച്ചു വരുന്നത്  പിന്നീട് അര നൂറ്റാണ്ടിന് ശേഷം 1995 - ൽ ബക്കിങ്ങാംഷെയറിലെ  ചിൽറ്റെൺ (Chiltern ) ഡിസ്ട്രിക്ട് കൗൺസിലിലെ , ചെഷാം ടൗൺ ഷിപ്പിലെ (Chesham ) ടൗൺസെന്റ് (Town Send ) വാർഡിൽ നിന്നും - 'ലിബറൽ ഡെമോക്രാറ്റ് പാർട്ടി'യുടെ കൗൺസിലറായ റോയ് അബ്രഹാമാണ് ( Roy Abraham ).
1980 കാലഘട്ടത്തിൽ ബ്രിട്ടനിലെത്തിയ  റോയ് എബ്രഹാം ആയിരുന്നു , പിന്നീട് ചെഷാമിലെ വെള്ളക്കാരനല്ലാത്ത ആദ്യത്തെ മേയറായി 2003/ 2004 തിരഞ്ഞെടുക്കപ്പെട്ട , ബ്രിട്ടൻ ജനാധിപത്യ ചരിത്രത്തിലെ ആദ്യത്തെ  മലയാളി മേയർ ..!
2011 - ൽ ആണ് ഇദ്ദേഹം അവസാനമായി ചിൽറ്റെണിൽ നിന്നും അവസാനമായി തിരഞ്ഞെടുക്കപ്പെട്ടത് , ഒപ്പം തന്നെ  2014 വരെ റോയ് , ചിൽറ്റെൺ ക്ളീനിക്കൽ കമ്മീഷണൽ ഗ്രൂപ്പിന്റെ ഉപദേശകനായിരുന്നു. മുൻ ബാങ്കറും മാർക്കറ്റിങ്ങ് പ്രൊഫഷനലുമായിരുന്നു റോയ് അബ്രഹാം ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം ആ നാട്ടിലെ ധാരാളം സാമൂഹ്യ സേവന സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടായിരുന്ന ശേഷം  , ഇപ്പോൾ  പൊതുപ്രവർത്തനങ്ങളിൽ നിന്നെല്ലാം വിരമിച്ച് കുടുബത്തത്തോടൊപ്പം റിട്ടയർ ലൈഫ് ആസ്വദിക്കുകയാണ് ...


യു .കെ . യിലെ ആദ്യത്തെ മലയാളി വനിതാ കൗൺസിലർ / സിവിക്  മേയർ  :-

പിന്നീട്  ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ എഴുത്തുകാരിയായ ഡോ : ഓമന ഗംഗാധരനാണ് ലണ്ടനിലെ ന്യൂ ഹാം ബറോവിൽ നിന്നും ലേബർ പാർട്ടിയുടെ ലേബലിൽ കൗൺസിലറായി ജയിച്ചു വന്നിരുന്നത് .  
നോവലിസ്റ്റ് , കഥാകൃത്ത് , ലേഖിക , സാമൂഹ്യ പ്രവര്‍ത്തക എന്നീ നിലകളിൽ  ലണ്ടനിൽ 1973 ല്‍ എത്തപ്പെട്ട ചങ്ങനാശ്ശേരിക്കാരിയായ , ഒരു ഹോമിയൊ ഡോക്ട്ടറാണ് പേര് കേട്ട എഴുത്തുകാരി കൂടിയായ  ഡോ :ഓമന ഗംഗാധരൻ  .
പടിഞ്ഞാറൻ നാട്ടിലെ ആദ്യത്തെ  മലയാളി വനിതാ കൗൺസിലർ , പ്രഥമ സിവിക് അംബാസഡർ എന്നീ  സ്ഥാനങ്ങൾ അലങ്കരിച്ച ഡോ : ഓമന ഗംഗാധരൻ , 2002 മുതല്‍ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരുന്നു . 

ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഡ് സെക്രട്ടറി , ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്‍റെ ബോര്‍ഡ് മെമ്പര്‍ , ലണ്ടനിലെ 'ന്യൂഹാം കൗണ്‍സിലി'ന്‍റെ സ്പീക്കര്‍ അഥവാ സിവിക് മേയർ / അംബാസിഡര്‍ എന്നീ നിലകളിൽ നല്ല രീതിയിൽ സേവനമനുഷ്ഠിച്ചു .
ഇത്തരം സ്ഥാനങ്ങൾ അലങ്കരിച്ച ആദ്യ ഇന്ത്യക്കാരി കൂടിയാണ് ഈ എഴുത്തുകാരി .
ധാരാളം ലേഖനങ്ങളും , കവിതകളും , പന്ത്രണ്ടോളം ചെറുകഥകളും , 17 നോവലുകളും രചിച്ചിട്ടുണ്ട്. ഇപ്പോൾ മൂന്ന് നോവലുകൾകൂടി പ്രസിദ്ധീകരിക്കുവാൻ പോകുകയാണ് ഈ എഴുത്തുകാരി
.

ഈ വരുന്ന ലോക്കൽ ഇലക്ഷനിലും ലണ്ടനിലുള്ള ന്യൂ ഹാമിലെ 'വോൾ എൻഡ് വാർഡി'ൽ നിന്നും തീർച്ചയായും നാലാം തവണയും ജയിച്ചു വരുവൻ പോകുന്ന ഒരു കൗൺസിലർ സ്ഥാനാർത്ഥി തന്നെയാണ് ഈ മലയാളി വനിതാരത്നം ...!


യു .കെ . യിലെ ആദ്യത്തെ മലയാളി വനിതാ മേയർ :-

ബ്രിട്ടൻ ജനാധിപത്യ ചരിത്രത്തിൽ ഇതുപോലെ തന്നെ ചരിത്ര നേട്ടം കൈവരിച്ച  മറ്റൊരു വനിതാരത്നമാണ് 2014 /15 കാലഘട്ടത്തിൽ ലേബൽ പാർട്ടിയുടെ ടിക്കറ്റിൽ അട്ടിമറി വിജയം കരസ്ഥമാക്കി ക്രോയ്ഡൻ മേയറായി തീർന്ന മലയാളിയായ മഞ്ജു ഷാഹുൽ ഹമീദ് .
തിരുവന്തപുരം പോത്തൻകോട് മഞ്ഞമല സ്വദേശിയായ മഞ്ജു  , ഗണിത ശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സ് ബിരുദവുമായി ഒരു വീട്ടമ്മയായി ബിലാത്തിയിൽ എത്തിയ ശേഷം , പിന്നീട് ഇവിടെയുള്ള ഗ്രീൻവിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും സയന്റിഫിക് സോഫ്റ്റ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ ഒരു സോഫ്റ്റ് വെയർ എൻജിനീയർ ഉദ്യോഗസ്ഥയാണ് ലേബർ പാർട്ടിയുടെ ഈ പടയാളി . 
ക്രോയ്ഡൻ നഗര സഭയിലെ എക്കൊണോമി & ജോബ്‌സ് സ്റ്റാൻഡിങ്ങ് കമ്മറ്റി കാബിനറ്റ് ചെയറാണ് ഇപ്പോൾ മഞ്ജു . 
മഞ്ജുവിന്റെ നേതൃത്വത്തിൽ ആരംഭം കുറിച്ച   കാൻസർ /മെന്റൽ ഹെൽത്ത്   ചാരിറ്റിയടക്കം അനേകം സാമൂഹ്യ സേവന രംഗങ്ങളിലും , കമ്യൂണിറ്റി പ്രവർത്തനങ്ങളിലും  എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒരു സാമൂഹ്യ പ്രവർത്തക തന്നെയാണ് 'പീപ്പിൾസ് മേയർ' എന്ന്  വിളിക്കപ്പെട്ടിരുന്ന ഈ വനിതാ കൗൺസിലർ. 
മഞ്ജു ഷാഹിൽ ഹമീദ് ക്രോയ്ഡനിലെ 'ബ്രോഡ് ഗ്രീൻ വാർഡി'ൽ നിന്നും ഇത്തവണയും മത്സരിച്ച് ജയിച്ചുവരുമെന്നുള്ള ശുഭപ്രതീക്ഷ തന്നെയാണ് ലേബർ പാർട്ടിക്കുള്ളത് .
 

യു.കെ യിലെ ആദ്യത്തെ സ്വതന്ത്ര മലയാളി മേയർ :-

പത്തനംത്തിട്ടയിലെ വയലത്തലയിൽ നിന്നും 1972 -ൽ  എൻജിനീയറിങ്ങ് ഉപരിപഠനത്തിന് വേണ്ടി യു.കെ യിലെത്തിയ ജേർണലിസ്റ്റും , കേരള ലിങ്ക് പത്രത്തിന്റെ എഡിറ്ററും , 'യു.കെ കേരള ബിസിനെസ്സ് ഫോറ'ത്തിന്റ സ്ഥാപകനുമായ ഫിലിപ്പ് എബ്രഹാമാണ് ഇംഗ്ലണ്ടിലെ പ്രഥമ സ്വതന്ത്ര മേയർ . 
കഴിഞ്ഞ 25  കൊല്ലമായി ലണ്ടനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'കേരള ലിങ്ക് ' എന്ന പത്രത്തിന്റെ ഉടമ കൂടിയാണ് പള്ളിക്കൽ ഫിലിപ്പ് എബ്രഹാം .  
ഇംഗ്ലണ്ടിലെ 'എസെക്സ് 'കൗണ്ടിയിലുള്ള 'എപ്പിങ്ങു് ഫോറെസ്റ്റി'ലുള്ള 'ലോഹ്ട്ടൻ (Loughton )' ടൗൺ ഷിപ്പിലെ താമസക്കാർ  രാഷ്ട്രീയ പാർട്ടികളുടെ പരിഗണനകളില്ലാതെ കുറെകാലങ്ങളായി അവരുടെ കൗൺസിലേഴിസിനെ തിരഞ്ഞെടുത്തുവരികയാണ് . 
നോൺ പൊളിറ്റിക്കൽ  ഓർഗനൈസേഷനായ  'ലോഹ്ട്ടൻ റെസിഡന്റ് അസോസിയേഷൻ 
( LHR ) 'സ്ഥാനാർത്ഥിയായി ഈ ചെറിയ ടൗൺ ഷിപ്പിൽ 2012 -ലാണ് ഫിലിപ്പ് എബ്രഹാം , 'ആൽഡർട്ടൻ വാർഡി'ൽ നിന്നുമാണ് ആദ്യമായി കൗൺസിലറായത് . 
പിന്നീട് 2016 -ലും തിരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞവർഷം ഇദ്ദേഹം ഡെപ്യൂട്ടി മേയർ സ്ഥാനത്തിന് അർഹനായി. ഇപ്പോൾ 2017/ 18 കാലഘട്ടത്തിൽ ഈ ലോഹ്ട്ടൻ ടൗൺ ഷിപ്പിലെ കൗൺസിലേഴ്‌സ് , ഫിലിപ്പ് എബ്രഹാമിനെ ലോഹ്ട്ടൻ മേയറായി തിരഞ്ഞെടുത്തിരിക്കുകയാണ് .
ലോഹ്ട്ടൻ കൗൺസിൽ ഇലക്ഷൻ ഇനി 2020 ലായിരിക്കും നടക്കുക ...

ബ്രിട്ടനിൽ ഒരു മലയാളി ഡെപ്യൂട്ടി മേയർ :-

പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സൗത്ത് ഗ്ലോസ്റ്റെർഷെയറിലുള്ള ആദ്യത്തെ ഏഷ്യൻ  കൗൺസിലർ ആണ് ടോം പ്രബിൻ ആദിത്യ. ബ്രിസ്റ്റോൾ  ബ്രാഡ്‌ലി സ്റ്റോക്ക് കൗൺസിലിൽ 2011 മുതൽ  കൗണ്സിലറായും ഇപ്പോൾ  ഡെപ്യൂട്ടി മേയർ  ആയും  പ്രവർത്തിക്കുന്ന ടോം ആദിത്യ,  ബ്രിട്ടനിലെ ഭരണകക്ഷിയായ   കൺസർവേറ്റീവ് പാർട്ടി അംഗമായി  പൊതുതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന യു.കെ യിലെ  ആദ്യത്തെ തെക്കേ ഇന്ത്യൻ വംശജനാണ്.  എവോൺ & സോമർസെറ്റ് പോലീസ് സ്‌ക്രൂട്ടിണി പാനൽ വൈസ് ചെയർമാനും,   ബ്രിസ്റ്റൾ മൾട്ടി - ഫെയ്‌ത്ത് ഫോറത്തിന്റെ വൈസ് ചെയർമാനും കൂടിയാണ് അദ്ദേഹം. 
മനുഷ്യാവകാശപ്രവർത്തകനും,  കോളമിസ്റ്റും, സാമൂഹ്യ ശാസ്ത്രത്തിലും, രാഷ്ട്രമീമാംസയിലും ഗവേഷകനുമാണ്, കൗൺസിലർ ആദിത്യ.  ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലുടെയും സഞ്ചരിച്ചിട്ടുള്ള അദ്ദേഹം നല്ലൊരു മാനേജ്‌മെന്റ് കൺസൾട്ടന്റും, പ്രഭാഷകനുമായും  ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.  
പാലായിൽ ജനിച്ചു, റാന്നിയിൽ വളർന്നു, തിരുവനന്തപുരത്തും,    ചങ്ങനാശേരിയിലും,  എറണാകുളത്തും വിദ്യഭ്യാസവും,  കാഞ്ഞിരപ്പള്ളിയിൽ കർമ്മമേഖലക്ക് അടിത്തറയിട്ടതുമായ  തികഞ്ഞ മലയാളിയാണ് അദ്ദേഹം.  ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകനും, പാലായുടെ ആദ്യകാല നഗരപിതാവുമായിരുന്ന  വെട്ടം മാണിയുടെ പൗത്രനായ ടോം,    ഇംഗ്ലീഷ്  ഡിബേറ്റിംഗ് പ്രസംഗകനായും, ക്വിസ് മത്സരജേതാവായും, വിദ്യാർത്ഥി സംഘടനാ നേതാവായും  നന്നേ ചെറുപ്പത്തിൽ തന്നെ ശോഭിച്ചിരുന്നു.  
യു.കെ മലയാളികളുടെ പല ന്യായമായ ആവശ്യങ്ങളും നേടിയെടുക്കുന്നതിന്  വേണ്ടി  പ്രധാനമന്ത്രിയുമായും, മന്ത്രിമാരുമായും  ചർച്ചചെയ്ത് പരിഹാരം കാണുന്നതിലും, പല കമ്യൂണിറ്റി പ്രസ്ഥാനകളിലും  നേരിട്ടു ഇടപ്പെട്ട്  സേവനങ്ങൾ  ചെയ്തുകൊടുക്കുന്നതിൽ ബിലാത്തി മലയാളികൾക്കിടയിൽ  മുൻപന്തിയിൽ നിൽക്കുന്ന നല്ലൊരു സാമൂഹ്യ പ്രവർത്തകനുമാണ്  ടോം ആദിത്യ.   ബ്രിട്ടനിലെ സ്‌കൂളുകളിൽ   മലയാള ഭാഷ ഒരു പാഠ്യവിഷയമായി ചേർക്കുന്ന പദ്ധതിയും  അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. പ്രദേശത്തെ വികസനപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തതിനു പുറമെ ബ്രിട്ടനിലെ പ്രവാസികളുടെ വിസാ പ്രശ്നങ്ങളിലും, തൊഴില്‍ വിഷയങ്ങളിലും, സുരക്ഷാ പ്രശ്നങ്ങളിലും ഇടപെട്ട് അത്തരക്കാര്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതിനും ബ്രിട്ടനിലേയ്ക്ക് പുതുതായി കുടിയേറുന്ന മലയാളികള്‍ക്കു മാത്രമല്ല ഇതര രാജ്യക്കാര്‍ക്കും  നിസ്തുലമായ സേവനം നല്‍കുന്നതിലും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട് . കൂടാതെ ബ്രിട്ടനില്‍ മരണമടയുന്ന  പ്രവാസി മലയാളികളുടെ മൃതദേഹം അനന്തരകര്‍മ്മങ്ങള്‍ക്കായി നാട്ടില്‍ എത്തിയ്ക്കുന്നതിനുള്ള പ്രക്രിയകള്‍ക്കും ടോം നിശബ്ദ പങ്കാളിയായി പ്രവര്‍ത്തിയ്ക്കുന്നു. 

ബ്രിട്ടനിൽ മാത്രമല്ല ഗൾഫ് രാജ്യങ്ങളിൽ കഷ്ടപ്പെടുന്ന മലയാളി സഹോദരങ്ങളിലേക്കും അദ്ദേഹത്തിന്റെ കാരുണ്യസ്പർശം ഉണ്ടായിട്ടുണ്ട്.  സൗദി അറേബ്യയിൽ  വീട്ടുവേലക്കു പോയിട്ട്   നരകയാതന  അനുഭവിച്ച മലയാളി സ്ത്രീകൾക്ക് മോചനം നൽകുവാനും, അവരെ നാട്ടിൽ എത്തിക്കുവാനും, അതുപോലെ അബുദാബിയിൽ വധശിക്ഷക്ക് വിധിക്കപെട്ട മലപ്പുറം സ്വദേശി ഗംഗാധരനെ തൂക്കുകയറിൽ നിന്ന് മോചനം നൽകുന്നതിന് അന്താരാഷ്ട്ര തലത്തിൽ നേതൃത്വം  നൽകിയതും ടോം ആദിത്യയാണ്. അങ്ങനെ അനവധി നിരവധി സാമൂഹ്യ, സാംസ്‌കാരിക വിഷയങ്ങളിൽ അദ്ദേഹം ദിവസേന ഇടപെടാറുണ്ട്.  ഈ മെയ് മാസം അദ്ദേഹം മേയർ ആയി സ്ഥാനമേൽക്കും എന്ന് നമുക്ക് കരുതാം. 
ഭാവിയിൽ  പാർലമെന്റിലും   ടോം ആദിത്യയുടെ സാന്നിദ്ധ്യം  ഉണ്ടാകട്ടെ   എന്ന് നമുക്ക് പ്രത്യാശിക്കാം.

 2018 ലെ ലോക്കൽ ഇലക്ഷനിൽ വിജയം 
പ്രതീക്ഷിക്കുന്ന മറ്റു മലയാളി കൗൺസിലർ സ്ഥാനാർത്ഥികൾ :-

സുഗതൻ തെക്കേപ്പുര 
വൈക്കം സ്വദേശിയായ , ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന സുഗതൻ തെക്കേപ്പുര, ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും രാഷ്ട്രമീംമാസയിൽ  ബിരുദവും , കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ  ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഒരു ഇടതുപക്ഷ ചിന്തകനാണ് . 

ലണ്ടനിൽ ഒന്നര പതിറ്റാണ്ടോളമായി ധാരാളം സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ നേരിട്ട് ചെന്ന് പ്രവർത്തന മണ്ഡലം കാഴ്ച്ചവെക്കുന്ന സുഗതൻ , നാട്ടിൽ വെച്ച് സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന സമയത്താണ്  ലണ്ടനിൽ വന്നത് .  
നോർത്ത് ലണ്ടൻ യൂണി:യിൽ നിന്നും മാസ്റ്റർ ബിസിനെസ്സ് മാനേജ്‌മെന്റ്  ഡിഗ്രി പഠിക്കുവാൻ ഇവിടെ വന്ന  ശേഷം , ഇപ്പോൾ ലണ്ടൻ മെട്രോപൊളിറ്റൻ യൂണി:യിൽ നിന്നും നിയമ പഠനം നടത്തിക്കൊണ്ടിരിക്കുന്നു .
നല്ലൊരു ഭാഷ സ്നേഹിയും , സാഹിത്യ തല്പരനുമായ സുഗതൻ ഇപ്പോൾ ലണ്ടനിലുള്ള ഒരു നല്ല സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനും  ലേബർ പാർട്ടിയുടെ ലോക്കൽ നേതാക്കളിൽ ഒരുവനും കൂടിയാണ് .  
2010  മുതൽ ന്യൂ ഹാമിലെ ലേബർ പാർട്ടിയുടെ 'മൊമെന്റം സ്റ്റിയറിങ്ങു് കമ്മറ്റി മെമ്പർ' , പാർട്ടിയുടെ 'ഈസ്റ് ഹാം CLP മെമ്പർ '  എന്നീ സ്ഥാനങ്ങളും സുഗ വഹിക്കുന്നുണ്ട് .  
ഒപ്പം എന്നുമെന്നോണം  സോഷ്യൽ മീഡിയയിലും , ആനുകാലികങ്ങളിലുമായി സുഗതൻ സാമൂഹ്യ പ്രസക്തിയുള്ള ധാരാളം ലേഖനങ്ങളും എഴുതി വരുന്നുണ്ട്  . 

ന്യൂഹാം ബറോവിലെ ഈസ്റ് ഹാമിലെ 'സെൻട്രൽ വാർഡിൽ നിന്നും മത്സരിക്കുന്ന സുഗ തെക്കേപ്പുര  , അടുത്ത മെയ് മൂന്നിന് കൗൺസിലറായി തിരഞ്ഞെടുകപ്പെടുക തന്നെ ചെയ്യും എന്നുറപ്പിക്കാവുന്നതാണ് . 

പിന്നെ  ഭാവിയിൽ ലണ്ടനിൽ നിന്നും രാഷ്ട്രീയത്തിൽ  ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്ന ഒരു മലയാളി വ്യക്തിത്വമായി സുഗതനെ വിലയിരുത്താവുന്നതും കൂടിയാണ് .

ബൈജു വർക്കി തിട്ടാല

ഡൽഹിയിൽ നാനാതരം തൊഴിൽ ജീവിതങ്ങൾ നയിച്ച കോട്ടയം ആർപ്പൂക്കര സ്വദേശിയായ ബൈജു വർക്കി തിട്ടാല കേബ്രിഡ്‌ജ്‌ഷയറിലെ , കേംബ്രിഡ്‌ജ് സിറ്റി കൗൺസിലിൽ , ലേബർ പാർട്ടി ടിക്കറ്റിൽ തിരഞ്ഞെടുപ്പിന് മത്സരിക്കുകയാണ് .
ബ്രിട്ടനിൽ വന്ന ശേഷം വളരെ ബുദ്ധിമുട്ടി തൊഴിലും , പഠനവും നടത്തി വക്കീൽ ആകുക എന്ന തന്റെ ആഗ്രഹം പൂർത്തീകരിച്ച നല്ലൊരു വാക് ചാതുര്യമുള്ള സാമൂഹ്യ പ്രവർത്തനും , എഴുത്തുകാരനുമാണ് ഇദ്ദേഹം .
യു.കെ യിൽ വന്ന ശേഷം ആംഗ്ലിയ യൂണി:യിൽ  നിന്ന് നിയമത്തിൽ ബിരുദവും , യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ് ആംഗ്ലിയ , നോർവിച്ചിൽ  നിന്നും എംപ്ലോയ്‌മെന്റ് നിയമത്തിൽ  മാസ്റ്റർ ബിരുദവും കരസ്ഥമാക്കിയ ശേഷം 'ലോയറാ'യി പ്രാക്ടീസ് ചെയ്യുന്ന ബൈജു വർക്കി അടുത്ത് തന്നെ സോളിസിറ്റർ , ബാരിസ്റ്റർ പദവികൾ നേടിയെടുക്കുവാനുള്ള യത്നത്തിലാണ് .

ഒപ്പം തന്നെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ നിന്നും 'ഇന്ത്യൻ ആദിവാസികളുടെ മനുഷ്യാവകാശങ്ങളും, അതിനെ കുറിച്ചുള്ള ഇന്ത്യൻ  ഭരണ ഘടന മൗലിക ചട്ടങ്ങളെ 'പറ്റി റിസർച്ച് നടത്തി , ആയതിൽ  ഡോക്റ്ററേറ് എടുക്കുവാനും ഒരുങ്ങുന്നു .
കേംബ്രിഡ്ജിലെയടക്കം , ബ്രിട്ടനിലെ പല നിയമ ലംഘനങ്ങൾക്കെതിരെ എന്നും സാമൂഹ്യമായി ഇടപെടലുകൾ നടത്തുന്ന ഈ സാമൂഹ്യ പ്രവർത്തകൻ കുറച്ച് കാലങ്ങൾ കൊണ്ട് തന്നെ ജനങ്ങൾക്ക് പ്രിയങ്കരനായി മാറി .

ഇപ്പോൾ കേംബ്രിഡ്‌ജ് സിറ്റികൗൺസിലിലെ 'ഈസ്ററ് ചെസ്റ്റൺ ' വാർഡിൽ നിന്നും ഈ ലോക്കൽ തിരഞ്ഞെടുപ്പിൽ തീർച്ചയായും ജയം പ്രതീക്ഷിക്കുന്ന ഒരു സ്ഥാനാർത്ഥി തന്നെയാണ് ബൈജു വർക്കി തിട്ടാല .
ഒരു പക്ഷെ ആദ്യത്തെ മലയാളി പാർലിമെന്റ് എം.പി സ്ഥാനാർത്ഥിയായി അടുത്ത പൊതു തെരഞ്ഞെടുപ്പിൽ  മലയാളികൾക്ക് എന്നും അഭിമാനമായി മാറിയേക്കാവുന്ന  , ബൈജു വർക്കി തിട്ടാലയുടെ പേര് തന്നെയാവും ലേബർ പാർട്ടി നിർദ്ദേശിക്കുക .

സജീഷ് ടോം 
കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് സ്വദേശിയായ സജീഷ് ടോം നോർത്ത് ഹാംഷെയറിലുള്ള 'ബേസിങ്‌സ്റ്റോക്ക് സിറ്റി കൗൺസി'ലേക്ക് ലേബർ പാർട്ടിയുടെ ലേബലിൽ മത്സരിക്കുകയാണ് . 

ആദ്യമായാണ് യൂറോപ്പ്യൻ അല്ലാത്ത ഒരു കാന്റിഡേറ്റ്  , ബേസിങ്‌സ്റ്റോക്കിൽ നിന്നും കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്നതിലും , മലയാളിയാണെന്ന നിലക്കും സജീഷ് ടോമിനെ കുറിച്ച്  നമുക്ക് അഭിമാനിക്കാം
എക്കൗണ്ടിങ്ങിൽ ബിരുദധാരിയായ , ബേസിങ്‌സ്റ്റോക്ക് ഹോസ്പിറ്റലിൽ അഡ്മിനിസ്‌ട്രേറ്റീവ് ക്ലർക്കായി ജോലിചെയ്യുന്ന സജീഷ് ടോം , നല്ല ഈടുറ്റ , തിളക്കമാർജ്ജിച്ച , വളരെ ഫ്‌ളെക്‌സിബ്ളായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കലാസാഹിത്യ സാമൂഹ്യ പ്രവർത്തകനാണ് .  
ഒരു എഴുത്തുകാരനും സംഘാടകനുമായ  സജീഷ് ടോം നല്ലൊരു കവി കൂടിയാണ് യു .കെ യിൽ നിന്നിറങ്ങുന്ന ഓൺ-ലൈൻ പോർട്ടലായ പ്രവാസി കഫേയുടെ അഡ്മിനിസ്ട്രേറ്റർ കൂടിയാണ് ഇദ്ദേഹം . 
സജീഷ് , യു.കെ യിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയയായ 'യുക്ക്മ / uukma ' യുടെ മുൻ ജനറൽ സെക്രട്ടറിയും , ബേസിങ്‌സ്റ്റോക്ക് മൾട്ടി കൾച്ചറൽ സൊസൈറ്റിയുടെ ട്രഷററും , UNISON എന്ന ട്രേഡ് യൂണിയനിലെ ആക്റ്റീവ് മെമ്പറുമാണ് . ഒപ്പം ബേസിങ്‌സ്റ്റോക്ക്   ഡെവലപ്പിംഗ് കമ്യൂണിറ്റി രംഗത്തടക്കം ധാരാളം സാമൂഹ്യ ഇടപെടലുകളും നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിത്വത്തിനുടമയാണ് സജീഷ് ടോം .
ബേസിങ്‌സ്റ്റോക്ക് സിറ്റി കൗൺസിലിലെ 'ഈസ്ട്രോപ് വാർഡി'ൽ നിന്നും ലേബർ പാർട്ടിയുടെ ബാനറിൽ , ഈ വരുന്ന തിരഞ്ഞെടുപ്പിൽ ജയിച്ച് കൗൺസിലറാകുവാൻ സാധ്യതയുള്ള ഒരു സ്ഥാനാർത്ഥി തന്നെയാണ് സജീഷ് ടോം .






റോയ് സ്റ്റീഫൻ    

കോട്ടയം കിടങ്ങൂർ സ്വദേശിയായ മുൻ ഇന്ത്യൻ വ്യോമസേനയിൽ നിന്നും വിരമിച്ച റോയ് സ്റ്റീഫൻ , സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലുള്ള 'സ്വിൻഡൻ ടൌൺ കൗൺസിലി'ൽ കൺസർവേറ്റീവ് പാർട്ടിയുടെ ബാനറിൽ കൗൺസിലർ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് . 
വളരെ ചുരണ്ടിയ കാലം കൊണ്ട് ജനപ്രിയനായ തീർന്ന ഒരു സാമൂഹ്യ പ്രവർത്തകനാണ് റോയ് സ്റ്റീഫൻ . ഈയിടെ ബ്രിട്ടീഷ് രാഞ്ജിയുടെ 'ബ്രിട്ടീഷ് എംപയർ' പുരസ്കാരം ലഭിച്ചതിൽ പിന്നെ യു.കെ മലയാളികളുടെ അഭിമാനമായി മാറുകയായിരുന്നു റോയ് . 
മൂന്ന് വർഷം മുമ്പ്  'പ്രൈഡ് ഓഫ് സ്വിൻഡൻ ' അവാർഡും റോയ് സ്റ്റീഫൻ നേടിയിരുന്നു . 
തന്റെ ഒരു ദശകം നീണ്ടുനിന്ന ബ്രിട്ടൻ സാമൂഹിക ജീവിതത്തിനിടയിൽ അനേകം ചാരിറ്റി പ്രവർത്തനങ്ങളിലൂടെ 41000 പൗണ്ടുകൾ സമാഹരിച്ച് ,ധാരാളം സാമൂഹ്യ പ്രവർത്തനങ്ങൾക്ക്  നേതൃത്വം കൊടുത്ത റോയ് നല്ലൊരു സാമൂഹിക സേവകനായി മാറുകയായിരുന്നു .
സ്വിൻഡൻ കൗൺസിലിൽ വോൾക്കോട്ട് വാർഡിൽ താമസിക്കുന്ന റോയ് സ്റ്റീഫൻ , 'വോൾക്കോട്ട് & പാർക്ക് നോർത്ത് ഇൻ ടച്ച് (Walcot & Park North in Touch )' വാർഡിൽ നിന്നും ടോറി പാർട്ടിയുടെ കൗൺസിലറായി തന്നെ വിജയിക്കും എന്നു  തന്നെ പ്രതീക്ഷിക്കുന്നു .
ഇവിടത്തെ നാടുകളിൽ രാഷ്ട്രീയ തിരഞ്ഞെടുപ്പിന് മുമ്പായി പരസ്പരമുള്ള ശക്തി പ്രകടനങ്ങളൊ , ജാഥകളൊ , ഹർത്താലുകളൊ അങ്ങിനെ പൊതു ജനത്തിന് ക്ലേശകരമായ യാതൊരു വിധ ചെയ്തികളും ഇല്ലാതെ  - വീടുകളിൽ പോയി ലീഫ് ലെറ്റ് വിതരണങ്ങളിലൂടെയും മറ്റും അവരവരുടെ ഭരണ നയങ്ങളൊക്കെ അവതരിപ്പിച്ച് കൊണ്ടും , സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ കൂടിയുള്ള പരസ്യ വിജ്ഞാപനങ്ങൾ നടത്തിയും , സ്റ്റേഷനുകൾക്ക് മുമ്പിൽ നിന്നുള്ള നോട്ടീസ് വിതരങ്ങളുമൊക്കെയായുള്ള തികച്ചും മാന്യമായ പ്രചരണങ്ങൾ മാത്രമാണ് നടക്കാറുള്ളത് .

എന്തിന് പറയുവാൻ ഇലക്ഷൻ ദിവസം , ഒരു പൊതു 
അവധി പോലുമില്ലാത്ത ഒരു സാധാരണ ദിനം തന്നെയാണിവിടെ... 

എന്നാണ് നമ്മുടെ നാടും , രാഷ്ട്രീയവുമൊക്കെ
ഇനി ഇതു പോലെയൊക്കെ നന്നായി തീരുക അല്ലേ ... ?


P S
ഈ ആർട്ടിക്കിൾ ബ്രിട്ടനിലെ മലയാളം 
മാധ്യമങ്ങൾക്ക് വേണ്ടി എഴുതിയാതാണ് ... !
  • britishmalayali/ബ്രിട്ടീഷ് മലയാളി .
  • uukmanews/യുക്ക്മ ന്യൂസ് .
  • malayalam uk/മലയാളം യു .കെ
  • ukvartha/യു കെ വാർത്ത 
  • europemalayali/യൂറോപ്പ് മലയാളി 
  • pravasivartha/ പ്രവാസിവർത്ത .
  •  
    ഇന്നലെ യു. കെ യിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏഴ് മലയാളികളിൽ അഞ്ചുപേരും വിജയം വരിച്ച് മലയാളികൾക്ക് അഭിമാനമായി മാറി...😍
    ലണ്ടനിലെ ന്യൂഹാമിൽ നിന്ന് ഡോ. ഓമന ഗംഗാധരനും, ക്രോയ്ഡനിൽ നിന്ന് മഞ്ജു ഷാഹുൽ ഹമീദും നാലാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു..😘
    നോർത്ത് ലണ്ടനിലെ ഹാരിൻഗേ കൗൺസിലിൽ നിന്നും(https://voting.haringey.gov.uk/bounds-green-2018/) ജെയിംസ് ചിരിയങ്കണ്ടത്ത് തിരഞ്ഞെടുക്കപ്പെട്ടു... 😘
    കന്നി വിജയവുമായി ലണ്ടനിൽ നിന്ന് സുഗതൻ തെക്കേപ്പുരയും, കേംബ്രിജിൽ നിന്ന് ബൈജു വർക്കി തിട്ടാലയും വിജയം നേടി...😘

    ഇത്തവണ ബിലാത്തിയിലെ 150 കൗൺസിലുകളിലെ ഭരണകർത്താക്കളെ തിരഞ്ഞെടുത്തപ്പോൾ ഭരണപക്ഷമായ 'ടോറി പാർട്ടി'യേക്കാൾ മേൽക്കോയ്മ 'ലേബർ പാർട്ടി' നേടി... ഒപ്പം നേട്ടം ഏറെയുണ്ടാക്കിയത് ' ലിബറൽ ഡെമെക്രാറ്റിക് പാർട്ടി'യും,പിന്നെ 'ഗ്രീൻ പാർട്ടിയും '... തീവ്ര വലതുപക്ഷ പാർട്ടിയായ 'യുക്കിപ് ' പാർട്ടി ഇത്തവണ തകർന്നടിഞ്ഞു... !
    ലേബർ പാർട്ടിയുടെ ലേബലിൽ
    വിജയിച്ചുവന്ന പുതിയ അഞ്ച് മലയാളി
    കൗൺസിലേഴ്‌സിനും അനുമോദനങ്ങൾ ...
    അഭിനന്ദനങ്ങൾ 😘👏👏👏

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...