Showing posts with label മരണത്തിൻ മരവിപ്പുകൾ .... Show all posts
Showing posts with label മരണത്തിൻ മരവിപ്പുകൾ .... Show all posts

Wednesday 31 March 2021

മനസ്സിനെ മരവിപ്പിക്കുന്ന   മരണങ്ങൾ ...! / Manassine Maravippikkunna Marananangal ...!

അടുത്തകാലങ്ങളിൽ അനേകം ബന്ധു മിത്രങ്ങളാണ് ഒട്ടും പ്രതീക്ഷിക്കാതെ ആഗ്രഹങ്ങൾ മുഴുവൻ പൂർത്തിയാക്കാതെ പലതും ബാക്കിയാക്കി അവരുടെ ജീവിതത്തിൽ വിട പറഞ്ഞു പോയത്...!

വേണ്ടപ്പെട്ടവരുടെ മരണമുണ്ടാക്കുന്ന വേദനകളെ പറഞ്ഞു ഫലിപ്പിക്കാന്‍ അസാധ്യമാണെങ്കിലും , ചില വേര്‍പാടുകള്‍ മുറിവുകളായി എക്കാലത്തും നമ്മെ  പിന്തുടർന്നുകൊണ്ടിരിക്കും എന്നത് ഒരു വാസ്തവമാണ് ...
അടുത്തകാലം വരെ നമ്മുടെ ജീവിത വീഥികളിൽ താങ്ങും തണലുമായി ഒപ്പം സഞ്ചരിച്ചിരുന്ന ചിലരൊന്നും ഇപ്പോൾ നമ്മോടൊപ്പം ഇല്ലാ എന്നുള്ള യാഥാർത്ഥ്യം മനസ്സിലാക്കുമ്പോഴാണ് അവരുടെ വേർപ്പാട് ഒരു തീരാനഷ്ട്ടമാണെന്ന് നാം തിരിച്ചറിയുക ...!
പ്രിയപ്പെട്ടവരുടെ ഓരൊ  മരണങ്ങളും ഒരു തരത്തിലല്ലെങ്കിൽ  വേറൊരു തരത്തിൽ ചില ആഘാതങ്ങളൊ പ്രതികാരങ്ങളൊ ആണെന്ന് വേണമെങ്കിൽ പറയാം...  

ജീവിച്ചിരുന്നപ്പോൾ അവർ നമുക്ക് നൽകിയ സന്തോഷങ്ങൾക്കും  
മറ്റു ഇടപെടലുകൾക്കും പകരം നമ്മെ  വല്ലാതെ നൊമ്പരപ്പെടുത്തുന്ന കരയിപ്പിക്കുന്ന പ്രതികാരങ്ങൾ ...

മരണത്തിന്റെ ഈ അപ്രവചനീയത ഏവർക്കും അറിയാമെങ്കിലും സ്വന്തം  ജീവിതത്തെ കുറിച്ചുള്ള ധാരാളം  ആസക്തികള്‍  പൂർത്തീകരിക്കുവാൻ വേണ്ടി നെട്ടോട്ടമോടുന്നതിനിടയിൽ ആരും തന്നെ  അത്ര ഗൗനിക്കാത്ത 
ഒരു സംഗതിയാണ്  'ഇന്നു ഞാന്‍ നാളെ നീ' എന്ന് പ്രഖ്യാപിച്ച് ഓരോ മരണങ്ങളും ചൂണ്ടിക്കാണിക്കുന്ന വസ്തുതകൾ ...

കാലങ്ങൾക്ക് മുമ്പ് ബാല്യകാല മിത്രങ്ങളായിരുന്ന നസീമയും, ജെയിസനുമടക്കം പിന്നീട് അടുത്ത മിത്ര വലയത്തിൽ ഉണ്ടായിരുന്ന ഒന്നിച്ച് വഞ്ചി തുഴയുമ്പോൾ  മുങ്ങിമരിച്ച എ.ബി.സുരേഷും ,വാട്ടർ അതോറട്ടിയിൽ ജോലിയുണ്ടായിരുന്ന കെ.വി .സുരേഷും, വല്യച്ഛന്റെ മകൻ ഉണ്ണിമോൻ ചേട്ടനും,  അച്ഛനുമൊക്കെ അവിചാരിതമായി മരണത്തിന് വിധേയരായെങ്കിലും അവരൊക്കെ ഇന്നും  സ്മരണകളിൽ നിറഞ്ഞു നില്ക്കുന്നവരാണ് ...

മുൻ വർഷങ്ങളിൽ ഒട്ടും നിനച്ചിരിക്കാതെ ധാരാളം ഉറ്റബന്ധുക്കളടക്കം , അടുത്തമിത്രങ്ങളായ  KSEB യിൽ അസി .എക്‌സി .എഞ്ചിനീയറായിരുന്ന പി.വി .പ്രദീപും , വെറ്റിനറി ഡോക്ട്ടറായിരുന്ന ഡോ .സുനിൽ കുമാർ  ജോലിസ്ഥലങ്ങളിൽ വെച്ച് തന്നെ മരണത്തിന് കീഴടങ്ങിയ ആഘാതങ്ങൾ ഇപ്പോഴും വിട്ടുമാറിയിട്ടില്ല ...!
 
എത്രയെത്ര മരണങ്ങളെയാണ് നാം ദിനംപ്രതി പല തരത്തിലും കണ്ടും കേട്ടും  അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് . 
ഇതൊക്കെ കാണുമ്പോഴാണ് ഇത്രയൊക്കെയേയുള്ളു മാനവ  ജീവിതം എന്ന് മനസ്സിലാക്കി,സഫലീകരിക്കാത്ത പല ആഗ്രങ്ങളും  ഏവരും  കൈയെത്തിപ്പിടിക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നുള്ള വിരോധോപാസവും കണ്ടുകൊണ്ടിരിക്കുന്നത് ...

എന്നെ സംബന്ധിച്ചിടത്തോളം അമ്മയുടെ മരണവും , അതിനു  പിന്നാലെ നാട്ടിലെ  ഒപ്പം കളിച്ചു വളർന്ന ആത്മ മിത്രങ്ങളായ അശോകനും , എം .ബി .സുരേഷും ആകസ്മികമായി കാല യവനികക്കുള്ളിലേക്ക് മടങ്ങിപ്പോയപ്പോൾ മുതൽ ആരംഭിച്ച  നിരാശകൾ പിന്നെയും തുടർന്നുകൊണ്ടിരിക്കുകയാണ് .
!
ഈ സങ്കടങ്ങൾക്ക്  ആഴം കൂട്ടുവാനാണ് കോവിഡ് -19 എന്നൊരു കുതിരപ്പുറത്തേറി ഒരു കൊറോണയെന്ന പരമാണു അശ്വമേധം നടത്തി ലോകം മുഴുവൻ മരണ വല വീശിയെറിഞ്ഞുകൊണ്ട് പല ദേശക്കാരെയും അതിനുള്ളിൽ അകപ്പെടുത്തിയത് ...!

ഈ കാണാമറയത്ത് വസിക്കുന്ന വൈറസിന്റെ ജൈത്ര യാത്രയിൽ  അകപ്പെട്ട് എന്നും ചുറ്റും കണ്ടുകൊണ്ടിരിക്കുന്ന പല മുഖങ്ങളും ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകുന്നതും , ബാക്കിയുള്ളവർ അതിജീവനത്തിന്  വേണ്ടി പുതിയ സഞ്ചാര പഥങ്ങൾ താണ്ടി അനേകം യാതനകളിലൂടെ ഇനിയുള്ള ജീവിതം  മുന്നോട്ട് കൊണ്ടുപോകുവാൻ നടത്തുന്ന ബദ്ധപ്പാടുകളുമാണ്  ഇപ്പോൾ എന്നുമെങ്ങും കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥാ വിശേഷങ്ങൾ ...

ലണ്ടനിലുണ്ടായിരുന്ന സമപ്രായക്കാരനും ഉറ്റമിത്രവുമായ   
രാജീവ് ഉണ്ണിത്താന്റെ ദേഹ വിയോഗവും , എനിക്കും കുടുംബത്തിനും ലണ്ടനിലെത്തി ഇവിടെ നങ്കൂരമിടുവാൻ ഏറെ സഹായിച്ച മോഹൻ ചേട്ടനും  കൊറോണ വന്നു മരണപ്പെട്ടതും എന്നെ വീണ്ടും ദുഃഖ കയത്തിൽ ആഴ്ത്തി...
വേണ്ടപ്പെട്ടവരുടെ മരണമുണ്ടാക്കുന്ന വേദനകളെ പറഞ്ഞു ഫലിപ്പിക്കാന്‍ അസാധ്യമാണെങ്കിലും , ചില വേര്‍പ്പാടുകൾ മുറിവുകളായി എക്കാലത്തും നമ്മെ  പിന്തുടർന്നുകൊണ്ടിരിക്കും എന്നത് ഒരു വാസ്തവമാണ് ...

അടുത്ത കാലം വരെ നമ്മുടെ ജീവിത വീഥികളിൽ താങ്ങും തണലുമായി ഒപ്പം സഞ്ചരിച്ചിരുന്ന ചിലരൊന്നും ഇപ്പോൾ നമ്മോടൊപ്പം ഇല്ലാ എന്നുള്ള യാഥാർത്ഥ്യം മനസ്സിലാക്കുമ്പോഴാണ് അവരുടെ വേർപ്പാട് ഒരു തീരാനഷ്ട്ടമാണെന്ന് നാം തിരിച്ചറിയുക ...!

പോരത്തത്തതിന് എല്ലാ മലയാളികൾക്കും സ്നേഹവും സഹായവും നൽകി ഇത്ര നാളും നമ്മളോടൊപ്പം ഉണ്ടായിരുന്ന നാട്ടുകാരനായിരുന്ന, ലണ്ടൻ ഇന്ത്യൻ എംബസ്സിയിൽ ജോലിക്കാരനായിരുന്ന ഹരിയേട്ടനും ഈയിടെ അവിചാരിതമായി ഓർമ്മയിലേക്ക് മറഞ്ഞതോടെ ഇത്തരം സങ്കടങ്ങൾ വർദ്ധിച്ചു വർദ്ധിച്ചു വരികയാണ്...
യുകെ മലയാളികൾ എന്നും ആദരവോടെ പറഞ്ഞുകൊണ്ടിരുന്ന പേരായിരുന്നു തെക്കുംമുറി ഹരിദാസ് എന്ന ഹരിയേട്ടൻ . പതിറ്റാണ്ടുകൾക്ക് മുമ്പ് ഗുരുവായൂരിൽ നിന്നും ഉന്നത പഠനത്തിനെത്തി ,പിന്നീട് 'ലണ്ടൻ ഭാരത കാര്യാലയ'ത്തിൽ ഉദ്യോഗസ്ഥനായും ,അതോടൊപ്പം മലയാളികളുടെ ഭക്ഷണ രുചികളുടെ സ്ഥാപനങ്ങൾ ലണ്ടൻകാർക്ക് പരിചയപ്പെടുത്തിയും ഹരിയേട്ടൻ ഏവർക്കും പ്രിയപ്പെട്ടവനായി തീർന്നു
അദ്ദേഹത്തെ പരിചയപ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെയായിരുന്നു ഹരിയേട്ടൻ . എന്നും പുഞ്ചിരിയും സൗമ്യതയും മുഖമുദ്രയായുള്ള വ്യക്തിത്വത്തിനുടമയായ ഹരിയേട്ടൻ മലയാളികൾക്ക് വേണ്ടി ഏത് പ്രതിസന്ധിഘട്ടങ്ങളിലും പരിഹാരം കണ്ടത്തുവാൻ മലയാളി സമൂഹത്തിന് മുന്നിൽ മുമ്പന്തിയിൽ അണിനിരന്നിരുന്ന ഒരാളായിരുന്നു .
ഓരോരുത്തരും ജനിച്ചു വീഴുമ്പോൾ തന്നെ മരണത്തിന്റെ 'മാട്രിമോണിയ'യിൽ പേര് റെജിസ്റ്റർ ചെയ്‌താണ്‌ വരുന്നതെങ്കിലും , മരണമാല്യം അണിയുവാൻ യോഗം സിദ്ധിക്കുന്നത് ഒരു കല്യാണ യോഗം പോലെയാണെന്നും വേണമെങ്കിൽ പറയാം ...!

ഒപ്പം തന്നെ സോഷ്യൽ മീഡിയ വഴി മിത്ര കൂട്ടായ്മയിൽ ഇടം പിടിച്ചവർ പെട്ടെന്നൊരു ദിവസം ഇല്ലാതായി തീരുന്നതും എന്റെ മനസ്സിൽ വല്ലാത്ത നൊമ്പരങ്ങൾ സൃഷിട്ടിച്ചു കൊണ്ടിരിക്കുകയാണ് .

അവസാനം ഒന്നിച്ചു പഠിച്ച് വളർന്ന ഉത്തമ മിത്രമായിരുന്ന
അനിൽ തമ്പിയും ഈയിടെ ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തോട് വിട പറഞ്ഞു പോയിരിക്കുന്നു ...😰
ചെറുപ്പം മുതൽ രണ്ടാഴ്ച മുമ്പ് 'കോവിഡ്' വന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കും വരെ അനിൽ തമ്പി കണിമംഗലത്തെയും പരിസര പ്രദേശങ്ങളിലെയും എല്ലാ സ്പന്ദനങ്ങളിലും നിറ സാന്നിധ്യമായി തുടിച്ചു നിന്നവനായിരുന്നു അനിൽ...
അമിതാഹാരം , പുകവലി , മദ്യപാനം
മുതൽ യാതൊരു വിധ ദുശ്ശീലങ്ങളും, രോഗങ്ങളും ഇല്ലാതെ സ്ഥിരം ശരീര വ്യായാമങ്ങളും, യോഗയും അനുഷ്ഠിച്ചു ഏവർക്കും മാതൃകയായി ജീവിത രീതികൾ പുലർത്തുന്ന അനിലിന്റെ ജീവനെ 'കോവിഡ്' വന്ന് മല്ലയുദ്ധത്തിൽ കീഴടക്കി കൊണ്ടു പോകുമെന്ന് ആരും തന്നെ കരുതിയിരുന്നതല്ല...

നല്ല മനുഷ്യർക്ക് ആയുർദൈർഘ്യം
കുറയും എന്നാണല്ലോ പറയുക...!

ആരോഗ്യ ദൃഢഗാത്രരും പരിചയക്കാരും ബന്ധു മിത്രങ്ങളുമായ എത്രയെത്ര ആളുകളെയാണ്  ഒന്ന് യാത്ര പറയാൻ പോലും അനുവദിക്കാതെ ഈ കൊറോണക്കാലത്ത് മരണം വന്നു വിളിച്ചു കൊണ്ട് പോയത് ...!

അതെ അത്യാഹിതത്തിൽ പെട്ടും യോഗമായും രോഗമായും വിധിയായും 
എല്ലാ മനുഷ്യരും ഒരു നിശ്ചിത ദിവസം വരെ ജീവിച്ച്, പിന്നെ അനിവാര്യമായും മരണം വരിക്കും എന്ന അടിസ്ഥാന തത്വത്തെ മറിക്കടക്കുവാൻ ഇതുവരെ ഒരു ദൈവത്തിനും, ശാസ്ത്രത്തിനും സാധിച്ചിട്ടില്ല എന്നത് തന്നെയാണ് സത്യം ...!

എത്ര വേണ്ടപ്പെട്ടവരുടെ വിയോഗങ്ങളും കുറച്ചു ദിനങ്ങൾ മാത്രമേ  നാം ഓരോരുത്തരെയും മാനസികമായി വേട്ടയാടുകയുള്ളുവെങ്കിലും, ആയതെല്ലാം ഒരു തീരാ നൊമ്പരമായിയി സ്മരണകളുടെ അടിത്തട്ടിൽ എന്നും  അടിഞ്ഞു കിടക്കും ...!

ഇവിടെ ചേർത്തിട്ടുള്ള പടങ്ങളിൽ എന്നോടൊപ്പം കാണുന്നവരിൽ ചിലർ ഇനിമേൽ  എന്റെ  ജീവിത യാത്രയിൽ ഞാൻ പടമാവുന്നത് വരെ നേരിട്ട് കണ്ടുമുട്ടുവാൻ സാധിക്കാത്തവരാണ് ...!
ഏതൊ ഒരു ലോകത്തിൽ അവരുടെ സമീപത്ത് ഒരു ഇരിപ്പിടം തയ്യാറാക്കി വെച്ച് ഊഴമനുസരിച്ച് വരുന്ന ഞങ്ങൾ കൂട്ടുകാരെ വരവേൽക്കുവാൻ അവർ അവിടെ കാത്തിരിക്കുകയാണ് ...!
 
ജനനവും മരണവും തമ്മിലുള്ള ഇടവേള മാത്രമാണ് 
ജീവിതം എന്നാണ് എല്ലാ ഇതിഹാസ ചരിതങ്ങളും വ്യക്തമാക്കുന്നത് . 

വൈവിദ്ധ്യമാര്‍ന്ന പ്രപഞ്ചത്തില്‍ പഠിച്ചു വളർന്നു മുന്നോട്ട് ഒഴുകികൊണ്ടിരിക്കുന്ന ജീവിതാവസ്ഥ  സുഖദുഃഖ സമ്മിശ്രമാണ്.അതുകൊണ്ട് ജീവിതമല്ല ജീവിയെ ഭയപ്പെടുത്തുന്നത്, അത് മരണമാണ്... 

കാല ഭേദങ്ങളും ജരാനരകളുമെല്ലാം അപ്രതീക്ഷിതങ്ങളല്ല. കാലങ്ങളിലൂടെ നാം സംഭരിച്ച ഊര്‍ജ്ജം, ഒരു പ്രായമെത്തുമ്പോള്‍ ചോര്‍ന്നു പോകാന്‍ ആരംഭിയ്ക്കുന്നു...

വഷളാകുന്ന ആരോഗ്യം, വേദനകളും ചലനക്കുറവും സമ്മാനിക്കുന്നു. ഇത്തരം കാര്യങ്ങളെ  ഒളിപ്പിച്ചു നിര്‍ത്താനാണ് മനസ്സ് വെമ്പല്‍ കൊള്ളുക , ഒപ്പം മരണത്തേയും. 

ഒരു  ജീവിയുടെ എല്ലാ ഭയങ്ങളുടേയും ഉത്ഭവവും വളര്‍ച്ചയും മരണ ഭയത്തില്‍ നിന്നും ഉടലെടുക്കുന്നു എന്ന കാരണത്താലാണത് സംഭവിക്കുന്നത് ...

ഒരു പക്ഷെ വേദ വിശ്വാസങ്ങളായ ”ദേഹം, ദേഹി, ആത്മാവ് ഇവയെപ്പറ്റി ശരിയായ ധാരണ ലഭിച്ചാല്‍ ‘മരണഭയം’ അകറ്റാന്‍ സാധിച്ചേക്കും. 

മരണത്തെപ്പറ്റിയും അതുകഴിഞ്ഞ് എന്ത് എന്നതിനെപ്പറ്റിയുമുള്ള  അറിവുകള്‍ മതങ്ങള്‍ പകര്‍ന്നു തന്നിട്ടുള്ളവ  മാത്രമാണ് - അത് ആപേക്ഷികമായി ഭയവും, ഒപ്പം ധൈര്യവും നൽകി മത/ വിശ്വാസങ്ങൾ പ്രകാരം അവരവരുടെ ജീവിതത്തെ സ്വാധീനിക്കുന്നു...

എന്നിരുന്നാലും  ജീവിതമെന്ന രംഗമണ്ഡപത്തിൽ ഒട്ടും  അവസരബോധമില്ലാതെ രംഗ പ്രവേശം നടത്തുന്ന  'ക്‌ളൈമാക്‌സി'ലെ ഒരു  പ്രധാന കഥാപാത്രമാണ് മരണം...!

എങ്കിലും മരണം അവശേഷിപ്പിയ്ക്കുന്നത് ഉത്തരമില്ലാതെ അനേക ചോദ്യങ്ങൾക്കൊപ്പം  ജീവിതത്തെ എന്നും അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത് ഇത്തരം  യാദൃശ്ചികതകളും,ആകസ്മികതകളും തന്നെയാണ്...

മരിച്ചുകഴിഞ്ഞാൽ ജീവിതം ഉണ്ടോ എന്നതല്ല യഥാർത്ഥ വസ്‌തുത , മരിക്കുന്നതിന്  മുമ്പ് നാം നന്നായി ജീവിച്ചിരുന്നൊ എന്നതാണ്  .

അതിനാൽ ഇത്രനാളും നാം മരിക്കാതെ  തന്നെ എല്ലാ വൈതരണികളും മറികടന്ന്  ജീവിച്ചിരിക്കുന്നു  എന്നതിലാണ് അത്ഭുതപ്പെടേണ്ടത്  ...!


കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...