Sunday, 27 March 2016

മറക്കാനാകാത്ത മലയാളത്തിലെ മണി മുത്തുകൾ ... ! / Marakkanakaattha Malayalatthile Mani Mutthukal ... !

ഏത് ദേശങ്ങളിലും ബഹുഭൂരിപക്ഷം ജന മനസ്സുകളിലും  ചിര പ്രതിഷ്ഠ നേടി കാലങ്ങൾക്കതീതമായി ചിരഞ്ജീവികളായി ജീവിച്ച് പോന്നിരുന്ന ചില വ്യക്തികളുണ്ട് . അതാതു നാടുകളിലെ ജനങ്ങളുടെ പൊതു സ്വഭാവ വിശേഷങ്ങളനുസരിച്ച് ആ ശീലഗുണങ്ങളാൽ തിളങ്ങി നിൽക്കുന്ന വിശിഷ്ട്ട വ്യക്തി തിളക്കമുള്ള പവിഴ മുത്തുകളായിരുന്നു ഇവർ ...
ആഗോള വ്യാപകമായി മനുഷ്യ കുലങ്ങളുടെ സ്വഭാവ വൈശിഷ്ട്ടങ്ങൾ വിലയിരുത്തിയപ്പോൾ കിട്ടിയ ഒരു വസ്തുതയുണ്ട് .
വർഗ്ഗം , നിറം , ആരോഗ്യം , ബുദ്ധി , കൌശലം , കരവിരുത് മുതലായവയിൽ മാത്രമല്ല - ഭൂലോകത്തിലെ പല രാജ്യങ്ങളിലേയും വിവിധ ദേശക്കാരായ ആളുകൾക്കും വളരെ വൈവിധ്യമായ സ്വഭാവ വിശേഷങ്ങളാണ് ഉള്ളത് പോലും ....
ശാരീരികക്ഷമതയുടെ കാര്യത്തിൽ ഇത്തിരി പിൻ പന്തിയിലാണെങ്കിലും തെക്കനേഷ്യൻ രാജ്യങ്ങളിലെ ( ഇന്ത്യൻ ഉപഭൂഖണ്ഡവും  പരിസര രാജ്യങ്ങളും ) ജനങ്ങളാണെത്രെ ബുദ്ധിശക്തിയിൽ മികച്ച് നിൽക്കുന്നവർ... !
കായിക ശക്തിയിലും മറ്റും ഉന്നതിയിൽ  നിൽക്കുന്നവരാണെങ്കിലും , അരണ ബുദ്ധിയാണ് തെക്കനാഫ്രിക്കൻ /കരീബിയൻ രാജ്യങ്ങളിലുള്ളവർക്കെന്ന് പറയുന്നു ...
ഇത് രണ്ടും സമാസമം ഉള്ളവർ വടക്കെനേഷ്യൻ രാജ്യക്കാരായ ജപ്പാൻ , ചൈന മുതൽ കൊറിയക്കാർക്കും കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങളായ റഷ്യയിലേയും അനുബന്ധ രാജ്യങ്ങളിലേയും ആളുകൾക്കാണെന്ന് പഠനങ്ങൾ പറയുന്നത്...
പക്ഷേ കൌശലക്കാരായ മനുഷ്യർ വസിക്കുന്നത് തനി പടിഞ്ഞാറൻ നാടുകളായ ഇംഗ്ലണ്ട് , ഫ്രാൻസ് , ജർമ്മനി , പോർച്ചുഗീസ് മുതൽ  ദേശങ്ങളിലും അവരുടെ കുടിയേറ്റ രാജ്യങ്ങളിലുമാണ് പോലും ...
അതുപോലെ നമ്മുടെ മലയാളിയുടെ സ്വഭാവ
വിശേഷങ്ങളും വേറിട്ട ഒന്ന് തന്നെയാണെന്ന് നമുക്കറിയാമല്ലോ ...
കൂർമ്മ ബുദ്ധി , കുതികാൽ വെട്ട് , ആക്ഷേപ ഹാസ്യം  , പ്രവാസ / ഗൃഹാതുരത്വ
ജീവിത ശൈലി / ചിന്ത , ആഡംബര ജീവിതം മുതൽ പല ചിട്ട വട്ടങ്ങളാൽ അവയൊക്കെ കെട്ടുപിണഞ്ഞ് കിടക്കുകയാണല്ലോ ...
ഇത്തരം ശീലഗുണങ്ങളാൽ  സാധാരണക്കാരുടെ ഇടയിൽ നിന്നു കൊണ്ട് തന്നെ ആദ്യന്തം കലോപാസനകളാലും മറ്റും ചില വിരലിലെണ്ണാവുന്ന വ്യക്തികൾ ഇന്നും ചിരഞ്ജീവികളായി നമ്മുടെയൊക്കെ ജന മനസ്സുകളിൽ ഇപ്പോ‍ഴും ജീവിച്ചിരുപ്പുണ്ട് ...

പുരാതന കാലം മുതൽ ഇന്നുവരെ ശങ്കരാചാര്യർ , പഴശ്ശി രാജ , കുഞ്ഞാലി മാരക്കാർ , ഉണ്ണിയാർച്ച , സ്വാതി തിരുനാൾ , എഴുത്തച്ചൻ , കടമറ്റത്ത് കത്തനാർ , ശ്രീനാരായണ ഗുരു , കുമാരനാശാൻ , വള്ളത്തോൾ , അയ്യങ്കാളി , വൈക്കം മുഹമ്മദ് ബഷീർ , വയലാർ , ഒ .എൻ .വി , സുകുമാർ  അഴിക്കോട് , സത്യൻ , നസീർ , ഇ.എം.എസ് , ലീഡർ , നയനാർ എന്നിങ്ങനെ  പല പല തമ്പുരാക്കന്മാരും , യോദ്ധാക്കളും  , കവികളും, സാഹിത്യ നായകരും , ആത്മീയ ഗുരുക്കളും  , ജന നേതാക്കളുമൊക്കെ നമുക്കുണ്ടായിരുന്നുവെങ്കിലും അവരെല്ലാം ഓരോ വിഭാഗങ്ങളിൽ മാത്രം ഒതുങ്ങി പോയവരാണ്...

പക്ഷേ സാധാരണക്കാരുടെ ഇടയിലും മറ്റെല്ലാ ജന ഹൃദയങ്ങളിലും
ഇമ്പമാർന്ന വരികളിലൂടെ , താളങ്ങളിലൂടെ , മേളങ്ങളിലൂടെ , അഭിനയാവിഷ്കാരങ്ങളിലൂടെ
ഇടം പിടിച്ച് - മലയാളികളുടെ ചരിത്രത്തിൽ നിന്നും മാഞ്ഞുപോകാത്ത , തികച്ചും വേറിട്ട ചില വ്യക്തികൾ നമ്മുടെ സ്മരണകളിൽ കാലാകാലമായി എന്നും നില നിൽക്കുന്നുണ്ട്  ... !
ലോകത്തിലെ ഏറ്റവും പുരാതനമായ നാട്യകലകളിൽ പെട്ട ഒന്നാണല്ലോ നമ്മുടെ കൂത്ത്. മലയാളിയുടെ ആട്ടത്തിന്റേയും പാട്ടിന്റേയും ചരിത്രത്തിന് രണ്ടായിരത്തിൽ അധികം വർഷത്തിന്റെ പഴക്കമുണ്ട് .  കലാകാരൻ ക്ഷേത്രത്തിലെ പ്രതിഷ്ഠയോട് ഒരു പ്രാർത്ഥനചൊല്ലി കൂത്തു തുടങ്ങിയ  ശേഷം സംസ്കൃതത്തിൽ ഒരു ശ്ലോകം ചൊല്ലി അതിനെ മലയാളത്തിൽ നീട്ടി‍ വിശദീകരിച്ച്  പല സമീപകാലസംഭവങ്ങളെയും സാമൂഹിക ചുറ്റുപാടുകളെയും ഒക്കെ ഹാസ്യം കലർന്ന രൂപത്തിൽ പ്രതിപാദിക്കുന്ന ഒരു കലാരൂപം ...
ആക്ഷേപ ഹാസ്യത്താലും , പാട്ടുകളാലും മറ്റും ശ്രോതാക്കളെ കൈയ്യിലെടുക്കുന്ന വിദ്യ പുരാതന കാലം തൊട്ടെ നമ്മുടെ മുതുമുത്തപ്പന്മാരുടെ ഒരു കുത്തക തന്നെയായിരുന്നു എന്നതിന് ഇതിൽ പരം എന്ത് തെളിവ് വേണം അല്ലേ ...
പാട്ടിനൊത്തുള്ള താളങ്ങളും , തുള്ളലുകളുമൊക്കെയായി അന്ന് തൊട്ടെ
ഓരൊ വരേണ്യ വർഗ്ഗക്കാർ മുതൽ കീഴാള വർഗ്ഗക്കാർ വരെ അന്ന് കാലത്തെ
ഒരേയൊരു ‘എന്റെർടെയ്മെന്റാ‘യ വാമൊഴി പാട്ടുകളായും , അതിനൊത്ത  ചുവടുവെപ്പുകളായും ,  താളങ്ങളായും , മേളങ്ങളായും ഇത്തരം ധാരാളം നാടൻ പാട്ട് കലാ രൂപങ്ങൾ കഴിഞ്ഞ നൂറ്റാണ്ട് വരെ തലമുറകളായി നാം നിലനിറുത്തി കൊണ്ടിരുന്നു ...
ജാതിയ്ക്കും, ഉപജാതിയ്ക്കും പുറമെ ചാതുർവർണ്യം ചാർത്തിക്കൊടുത്ത കുലത്തൊഴിലുകളൊക്കെ വേണ്ടാന്ന് വെച്ച് അവരവർക്ക് ഇഷ്ടമുള്ള തൊഴിൽ ചെയ്തു ജീവിക്കാനുള്ള സാഹചര്യം , ഇന്ന് ലോകത്ത് കൈവന്നത് മുതൽ പാരമ്പര്യമായി  നില നിന്നിരുന്ന ഇത്തരം പ്രാചീനമായ പല കലാരൂപങ്ങളും ഭൂ‍മുഖത്ത് നിന്നും ഇല്ലാതായി കൊണ്ടിരിക്കുന്നു എന്നതും ഒരു വാസ്തവമാണ് ...
അന്നത്തെയൊക്കെ ഇത്തരം കലാരൂപങ്ങളിൽ  നൃത്തത്തിന്റെ അംശവും മറ്റ് വേഷവിതാനവും മുഖഭാവങ്ങളും മറ്റു ശരീരഭാഷകളുമൊക്കെയായി ,  ഇത്തരം പല നാടൻ കലകളും  മലയാളിയുടെ ആശയ സംവേദനത്തിൽ വലിയ പങ്കുവഹിച്ചിരുന്നു ...
ഈ തരത്തിലുള്ള നാടൻ ശീലുകളാലും മറ്റും  മൊത്തം ജന മനസ്സുകളിൽ ഇടം പിടിച്ച ഇത്തരം വ്യക്തികളെ ഓർമ്മിക്കുന്ന ഒരു ദിനമായാണ് ലണ്ടനിലുള്ള ‘’കട്ടൻ കപ്പിയും കവിതയും ’ എന്ന കൂട്ടായ്മയുടെ ഈ മാസത്തെ ഒത്ത് ചേരൽ കഴിഞ്ഞ വാരം , ലണ്ടനിലുള്ള ‘കേരള ഹൌസി‘ൽ വെച്ച് അരങ്ങേറിയത് ...
ഒപ്പം തന്നെ
എന്തുകൊണ്ടാണ് തുടരെ തുടരെ ഇത്തരം സാക്ഷാൽ മനുഷ്യ സ്നേഹികളായ കലാ പ്രാവീണ്യമുള്ളവർ , അവതാരങ്ങൾ പോലെ നമ്മുടെ നാട്ടിൽ ഉടലെടുക്കാത്തത് എന്നുള്ള വളരെ ചിന്തിക്കേണ്ട ഒരു വിഷയം പിന്നീടുള്ള ചർച്ചക്ക് ശേഷം ഒരു ചോദ്യ ചിഹ്നമായി അവശേഷിച്ചാണ് അന്നത്തെ ‘കോഫി ടോക്ക് കൂട്ടായ്മ പിരിഞ്ഞത് ...

സമ്പന്നതയുടെയും , ഉന്നത ജാതികളുടെയും ആട്ടവിളക്കിനു മുന്നിൽ നിന്നും
കലയെയും , സാഹിത്യത്തേയും , ശാസ്ത്രത്തെയും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ഇടങ്ങളിലേക്ക് പറിച്ചു നട്ട പല പ്രശസ്തരായ മലയാളികളെയും ഈ ചടങ്ങിൽ സ്മരിച്ചു .  
അതിൽ പ്രഥമ ഗണനീയനാണ്  കുഞ്ചൻ നമ്പ്യാർ .


രണ്ടാമത്  ഓർമ്മിച്ചത് നക്ഷത്രങ്ങളുടെ സ്നേഹ ഭാജനമായിരുന്ന  
ചങ്ങമ്പുഴ കൃഷ്ണപിള്ളയെ - തനി പച്ച മലയാളത്തിലുള്ള ഈരടികളിലൂടെ 
സ്നേഹവും , പ്രണയവും കൂട്ടികലർത്തി സാധാരണക്കാരന്റെ വിഷയങ്ങൾ 
പ്രമേയമാക്കി അന്നുള്ള മൊത്തം മലയാളിയുടെ ജനകീയ കവിയായി മാറിയ ചങ്ങമ്പുഴ.
 
പിന്നീട് കാഥികനായിരുന്ന സാംബശിവൻ - മലയാളിയെ വിശ്വസാഹിത്യത്തിന്റെ രാജവീധിയിലൂടെ കൈ പിടിച്ചു നടത്തിയ ഭാവനാ സമ്പന്നൻ . ദൃശ്യത്തെ വെല്ലുന്ന വാക്ധോരണിക്കു മുൻപിൽ ജനസമുദ്രങ്ങൾ നിശ്ചലരായിരുന്നു കഥ കേട്ടിരുന്ന കഥാപ്രസംഗ കലയിലെ മുടിചൂടാമന്നൻ . 
ഇന്ന് കാലത്തുള്ള മിമിക്രിയുടെയൊക്കെ ഭാവഭേദങ്ങളാൽ കാണികളെ കോരിത്തരിപ്പിച്ചിരുന്ന ഒരു സകലകല വല്ലഭാൻ . കഥാപ്രസംഗം ഒരു കാലഘട്ടത്തിന്റെ ജനകീയ കലയായിരുന്നു. 
അതിന് ശേഷം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്നണി 
പ്രവർത്തകനായിരുന്ന ഡോ : ഇക്ബാൽ മുതലായവരുടെയൊക്കെ  
പ്രവർത്തനങ്ങളെപ്പറ്റി പ്രതിപാദിച്ചു. 
ഇത്തരത്തിൽ പെട്ട അപൂർവ്വ വ്യക്തിത്വങ്ങളിൽ 
പെട്ട  അവസാന കണ്ണിയായിരുന്നു കലാഭവൻ മണി
അദ്ദേഹത്തെയായിരുന്നു അവസാനം അനുസ്മരിച്ചത് . കാലങ്ങളായി 
നമ്മുടെ നാട്ടിലൊക്കെ തലമുറകളായി പകർന്ന് കിട്ടിയ നാടൻ പാട്ടുകളെയൊക്കെ 
വീണ്ടും തന്റേതായ ശൈലികളിലൂടെ പുനരാവിഷ്കരിച്ച് സകലമാന മലയാളികളുടേയും മറവിയിൽ നിന്നും ആയത് പുറത്ത് കൊണ്ടുവരികമാത്രമല്ല മണി ചെയ്തത് , ആഗോളതലത്തിലുള്ള ഒട്ടുമിക്ക മലയാളി കൂട്ടായ്മകളിലും വന്ന് , അവരോടൊപ്പം ആടിയും പാടിയുമൊക്കെ , സ്നേഹ വിരുന്നുകൾ പങ്ക് വെച്ച് മലയാണ്മയുടെ വെണ്മ തുകിലുണർത്തുകയായിരുന്നു ഇദ്ദേഹം ...

മണിയുടെ മരണം ചാനലുകൽക്ക്
‘ഇലക്ഷനു‘മുമ്പ് കിട്ടിയ ചാകരയായി മാറി.. അവർ ആയത് ഇപ്പോഴുംആഘോഷിച്ചു കൊണ്ടിരിക്കുന്നു ...

ഇല്ലായ്മകളിൽ നിന്നും ഉയർന്ന് വന്ന് , തന്റെ സകലകലാ വൈഭവത്താൽ ഇടിച്ചിടിച്ച് നിന്ന് പിടിച്ച് പിടിച്ച് കയറി , എല്ലാ ജന ഹൃദയങ്ങളിലും ഇടം പിടിച്ച സ്നേഹ സമ്പന്നതയുടെ ഒരു വ്യക്തിത്വമായിരിന്നു മണിയുടേത്... 

മറ്റനേകം സെലിബിറിറ്റികൾക്കൊന്നും ഇല്ലാതെ പോയ - കൂടെയുള്ളവരേയും , ഉറ്റ മിത്രങ്ങളേയും , ജന്മനാടിനേയുമൊക്കെ അകമഴിഞ്ഞ് സ്നേഹിക്കുകയും , തനിക്ക് കിട്ടുന്നതിൽ നിന്ന് ഒരു ഓഹരി ആയതിനെല്ലാം വേണ്ടി ചിലവഴിക്കാനും സന്മനസ്സുണ്ടായിരുന്ന ഒരു വേറിട്ട കലാകാരൻ തന്നെയായിരുന്നു ഇദ്ദേഹം...

ഇത്തരം ശീലഗുണങ്ങൾ തന്നെയാണ് മണിക്ക് ഗുണമായതും 
വിനയായതും എന്ന വസ്തുത ഏവർക്കും അറിവുള്ള കാര്യമാണല്ല്ലോ.

മണി എല്ലാവരേയും സന്തോഷിപ്പിച്ച് , 
ചിരിപ്പിച്ച് ഉള്ളുകൊണ്ട് കരഞ്ഞ ഒരു യഥാർത്ഥ 
മനുഷ്യ സ്നേഹിയാണ് . മണിയുടെ  ജീവചരിതം ഒരു 
മനുഷ്യ ജീവിതത്തിന്റെ താഴ്ച്ചയും , ഉയർച്ചയും , ഗുണവും , 
ദോഷവുമൊക്കെ  പഠിച്ചറിയാവുന്ന ഒരു അസ്സൽ പാഠപുസ്തകം തന്നെയാണ്... !Bilatthipattanam / ബിലാത്തിപട്ടണം : 'ഓൺ - ലൈൻ' വിദ്യാഭ്യാസം - മാറുന്ന ചട്ടങ്ങൾ പുതിയ പ...

Bilatthipattanam / ബിലാത്തിപട്ടണം : 'ഓൺ - ലൈൻ' വിദ്യാഭ്യാസം - മാറുന്ന ചട്ടങ്ങൾ പുതിയ പ... : ഇതുവരെ  ശീലിക്കാത്ത ഓരൊ അനുഭവങ്ങളും നമുക...