Thursday 22 June 2017

ഗൃഹസ്ഥാശ്രത്തിൻ ഇരുപത്തെട്ടും ഒരു ചരടുകെട്ടും ... ! / Gruhasthashramathhin Irupatthettum Oru Charatukettum ...!

അവനവൻ കാര്യങ്ങളൊ , ഇഷ്ട്ടങ്ങളൊ
കൊട്ടിഘോഷിച്ച് മാലോകരെ അപ്പപ്പോൾ
അറിയിക്കുന്നതിന് വേണ്ടിയാണ് , ഇന്നത്തെ അത്യാധുനിക ലോകത്ത് ഭൂരിഭാഗം സോഷ്യൽ മീഡിയ സൈറ്റുകളും ഉപയോഗിക്കപ്പെടുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത് ...

പണ്ടൊക്കെ മാധ്യമങ്ങളിൽ ഒരു രചന വരണമെങ്കിൽ പത്രാധിപ സമിതി കനിഞ്ഞാലൊ  , പടം  അച്ചടിച്ച് പ്രസിദ്ധീകരിക്കണമെങ്കിൽ  മരണം വരിച്ച് - ചരമ കോളത്തിൽ വരുകയൊ  വേണമെന്നുള്ളിടത്ത് , ഇന്നുള്ള സൈബർ ഇടങ്ങളിലെ നവ മാധ്യമ തട്ടകങ്ങളിൽ , സ്വയം കത്തി വെക്കാത്ത പത്രാധിപരായി - സ്വന്തമൊ, കൂട്ടത്തിലുള്ളവരുടെയൊ  കാഴ്ച്ചപ്പാടുകളും , കലാ-സാഹിത്യ രചനകളും , കായിക അഭിരുചികളും മാത്രമല്ല എന്ത്  ചവറുകളും വാരിക്കോരി നിറക്കാനുള്ള ഇടങ്ങളായി മാറിയിരിക്കുകയാണ് ഇത്തരം വിനോദോപാധി വിവര സാങ്കേതിക തട്ടകങ്ങളിലെ ഇടങ്ങളായ 'സോഷ്യൽ മീഡിയ സൈറ്റുകൾ ' ...!
അതുപോലെ തന്നെ ജന്മ വാർഷികങ്ങൾ  , യാത്രാ പൊങ്ങച്ചങ്ങൾ , അപകടം പിടിച്ച വിവാഹ വാർഷിക ദിനങ്ങൾ മുതലായവയുടെ ഓർമ്മപ്പെടുത്തലുകളടക്കം ; വകയിലെ ഏതെങ്കിലും അപ്പാപ്പൻ മരിച്ച പടങ്ങൾ വരെ ഒട്ടിച്ച് , ചുമ്മാ  ഒരു ചിലവും കൂടാതെ പതിച്ചുവെക്കാവുന്ന അസ്സൽ ചുമരുകൾ കൂടിയാണ് ഇന്നത്തെ  'ഇന്റർ-നെറ്റു'നുള്ളിലെ ഇത്തരം 'ഓൺ-ലൈൻ' പ്രസിദ്ധീകരണ ശാലകളായ 'സോഷ്യൽ മീഡിയ' തട്ടകങ്ങൾ ...

ആർക്കും വെറുതെ പ്രസിദ്ധീകരിക്കാവുന്ന ഒരു നവ മാധ്യമം മാത്രമല്ലല്ലൊ , ഏവർക്കും  അതൊക്കെ വെറുതെ വായിക്കുവാനും , കാണുവാനും , കേൾക്കുവാനുമൊക്കെ പറ്റും എന്നുള്ള ഒരു ഗുണമേന്മ കൂടിയുണ്ടല്ലോ ഈ 'ന്യൂ-ജെൻ സോഷ്യൽ മീഡിയ സൈറ്റു'കൾക്ക് അല്ലെ ...

അതുകൊണ്ട് - അറിവ് , ബോധവൽക്കരണം , വെറുപ്പിക്കൽ മുതലായ ഒട്ടനവധി മേഖലകൾ  കൂടിയും , ഇന്നത്തെ  സൈബർ ലോകത്ത് പോസ്റ്റ് ചെയ്യുന്ന ഓരോ പോസ്റ്റുകൾക്കും അതിന്റെതായ രീതിയിൽ സാധ്യമാകും എന്നുള്ളതും , ആയതൊക്കെ പ്രസിദ്ധീകരിക്കുന്നവർ മനസ്സിലാക്കണമെന്ന് മാത്രം ...!

അടിസ്ഥാന സൗകര്യങ്ങളായ ആഹാരവും , വസ്ത്രവും ,
പാർപ്പിടവും സ്ഥിരമായി കിട്ടിക്കഴിഞ്ഞാൽ , ഒരാൾക്ക്   സ്വന്തമായി
നല്ല - പണി , പണം , പെരുമ , പ്രശസ്‌തി  എന്നിങ്ങനെയുള്ള ആഗ്രഹ സഫലീകരണങ്ങൾക്ക് വേണ്ടി എന്നും പെടാപാട് നടത്തുവാനുള്ള ഒരു ത്വര കാരണം  , ഭൂമിയിൽ  മനുഷ്യർ ഉള്ളിടത്തോളം കാലം , ഇത്തരം കൊട്ടിഘോഷണ വിളംബരങ്ങൾ എന്നും , എവിടേയും ഉണ്ടായിക്കൊണ്ടിരിക്കും  എന്നത് തന്നെയാണ് വാസ്തവം ...

ഇതാ ഇത്തരത്തിലുള്ള ഒരു ഗൃഹിയുടേയും , ഗൃഹിണിയുടേയും ഗൃഹസ്ഥാശ്രമ കാലഘട്ടം നീന്തി കയറുന്ന വെറും ഒരു പൊങ്ങച്ച കഥയാണിത് ...
ഇന്നുള്ള വമ്പൻ മതങ്ങളെല്ലാം ഉടലെടുക്കുന്നതിന് മുമ്പ് , പല പല ജീവിത അറിവുകളും , വിജ്ഞാനങ്ങളും കൈവന്നപ്പോൾ മുതൽ അഖണ്ഡ ഭാരതീയരായ നമ്മുടെയൊക്കെ പൂർവ്വികർ , 'സനാതന ധർമ്മ ശാസ്ത്ര ' പ്രകാരം മനുഷ്യ ജീവിതങ്ങൾ , എങ്ങിനെയൊക്കെ നന്നായി തന്നെ അവരവരുടേതായ   ജീവിതത്തിൽ  പരിപാലിക്കണം എന്നതിന്  വേണ്ടി ചില ചിട്ടവട്ടങ്ങളുണ്ടാക്കിയതാണ് 'ചതുരാശ്രമം' എന്ന ജീവിത ചര്യകൾ ...!
നമ്മുടെ പുരാതനമായ ഷോഡശ സംസ്കാര ശാസ്ത്രങ്ങളിൽ പറയുന്ന  പ്രകാരം ഒരു മനുഷ്യന്റെ ജീവിതം 14 സപ്ത വർഷങ്ങളായി തിരിച്ച , നാല് ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു എന്നാണു പറയപ്പെടുന്നത്
21 (7 x 3 ) വർഷമുള്ള ബ്രഹ്മചര്യം ,
28 (7 x 4 ) കൊല്ലം നീണ്ടുനിൽക്കുന്ന ഗൃഹസ്ഥാശ്രമം ,
21 (7 x 3 ) സംവത്സരമുള്ള വാനപ്രസ്ഥം , അവസാനത്തെ
28 (7 x 4 )  വർഷം , നിർവാണം പ്രാപിക്കുന്നതുവരെ സന്യാസം എന്നിങ്ങനെ ചേർന്നുള്ള നാല് ഘട്ടങ്ങൾ ചേർന്നതിനെയാണെത്രെ , ഒരു ഉത്തമ   മനുഷ്യ ജീവിതത്തിന്റെ നാല് ആശ്രമങ്ങൾ എന്ന്  പറയപ്പെടുന്നത് ...!

പിന്നെ ഹിന്ദു മതം ഉടലെടുത്ത ശേഷം എഴുതപ്പെട്ട ഇത്തരം ശാസ്ത്രീയ ഗ്രൻഥങ്ങളിൽ ഷഷ്ഠിപൂർത്തി വരെ , 'വാനപ്രസ്ഥ ഘട്ടം' 'സ്കിപ്പ് ' ചെയ്ത് , 'ഗൃഹസ്ഥാശ്രമ ഘട്ടം' നീട്ടി കൊണ്ടുപോയി - ഷഷ്ഠിപൂർത്തി  മുതൽ സപ്തതി വരെ വാനപ്രസ്ഥം സ്വീകരിച്ചാൽ  മതി എന്ന ഒരു 'ലൂപ്പ് ഹോൾ' കൂടി ആധുനിക ആശ്രമ പർവ്വങ്ങളിൽ  നടപ്പാക്കുന്നതായും  കാണുന്നുണ്ട് ...

ബ്രഹ്മചര്യം  അനുഷ്ടിച്ച് തന്നെയാണ് ഭൂരിഭാഗം ആളുകളും  വലുതായി  വരുന്നത്. മാതാപിതാഗുരുക്കന്മാരാൽ സംരംക്ഷിക്കപ്പെടുന്ന ബാല്യം , കൗമാരം , വിദ്യാ -തൊഴിൽ അഭ്യാസങ്ങൾ കരസ്ഥമാക്കുന്ന ചിട്ടയായ ചില ചര്യകൾ പിന്തുടരുന്ന ഒരു ജീവിത രീതിയാണ് ഇത്.
അവരവരുടെ  ശരീര മനോ ബലങ്ങൾ വർദ്ധിപ്പിക്കാനും , വിജ്ഞാനം വർദ്ധിപ്പിക്കാനും , കാമം,  ക്രോധം , ലോഭം, മതം , മാത്സര്യം എന്നിവയില്‍ നിന്നും മോചനം നേടാനും ബ്രഹ്മചര്യം വളരെ പവിത്രമായ ഒരു അനുഷ്ടാനം തന്നെയാണ് ...

ബ്രഹ്മചര്യ പൂർത്തീകരണത്തിന് ശേഷം പ്രായപൂർത്തിയും , പക്വതയും വന്ന ഒരു സ്ത്രീയും , പുരുഷനും ഒരുമിച്ച് ചേർന്ന് അനുഷ്ടിക്കുന്ന ദാമ്പത്യ ജീവിത രീതിയാണ് ഗൃഹസ്ഥാശ്രമം ...
പരസ്പര വിശ്വാസത്തിലും , സമാധാനത്തിലും അധിഷ്ഠിതമായ , കൂടുമ്പോൾ  ഇമ്പമുണ്ടാകുന്ന ഒരു കുടുംബജീവിതം - സുഖത്തിലും , ദു:ഖത്തിലും ഒത്തൊരുമിച്ച് പങ്ക് ചേർന്ന് നയിക്കുന്ന ഘട്ടമാണ് ഇത് ...
ഗൃഹസ്ഥാശ്രമം അനുഷ്ഠിക്കുന്ന പുതിയ ഗൃഹിയും , ഗൃഹിണിയും  കൂടി , അവരുടെ മാതാപിതാക്കളെ അവർ വാനപ്രസ്ഥത്തിലേക്കൊ , സന്യാസത്തിലേക്കൊ പോയില്ലെങ്കിൽ  ,അവരെ സംരംക്ഷിക്കേണ്ട ചുമതലയും ഉണ്ട്. ഒപ്പം തന്നെ  അശരണരായ മറ്റു സഹോദരി സഹോദരന്മാരെയും പോറ്റുകയൊ  , സഹായിക്കുകയൊ ചെയ്യണമെന്നും പറയുന്നു...

ഗാർഹസ്ഥ്യം അഥവാ ഗൃഹസ്ഥാശ്രമ ഘട്ടങ്ങളിലാണ്  രണ്ട് വ്യക്തികൾക്കൊരുമിച്ച് ജീവിതത്തിലെ ഏറ്റവും സന്തോഷം നൽകുന്ന അതി മനോഹരമായ പല മുഹൂർത്തങ്ങളും , അവരുടെ ഗാർഹിക ജീവിതത്തിൽ ഉണ്ടാകുന്നത് ...!

പ്രഥമ രാത്രിയുടെ നീറുന്ന അനുഭവം മുതൽ അനേകം നിർവൃതിയുണ്ടായ  രാവുകളുടെ ഓർമ്മകൾ , സ്വന്തമായി പുരയിടം മുതൽ രാപാർക്കുവാൻ സ്വഗൃഹം / വാഹനം , ഗർഭധാരണം , കടിഞ്ഞൂൽ സന്താനം , മുലയൂട്ടൽ  മുതലുള്ള മറ്റ് സന്താന ലബ്‌ദികൾ , വീട്ടിൽ അവർക്കോ മറ്റുള്ളവർക്കൊ  ജനിച്ച്  വളരുന്ന കുട്ടികളുടെ പാൽ പുഞ്ചിരി മുതൽ അവരുടെയൊക്കെ ബാല്യ - കൗമാര ലീലകൾ മുതൽ വിദ്യാഭ്യാസം തൊട്ട്  മക്കളുടെ മാംഗല്യം വരെയുള്ള കാഴ്ച്ചവട്ടങ്ങൾ ,
ഗൃഹത്തിലുള്ളവരെല്ലാം കൂടി ഒന്നിച്ചാഘോഷിക്കുന്ന അനേകം ഉത്സവ ലഹരികൾ , ചിലപ്പോൾ  ആയതിൽ ഉറ്റവരാണെങ്കിലും വേർപ്പെട്ട് പോകുമ്പോഴൊ , മാറാ രോഗങ്ങൾക്ക് അടിമപ്പെടുമ്പോഴൊ അനുഭവിക്കുന്ന വിങ്ങി പൊട്ടലുകൾ... അങ്ങിനെയങ്ങിനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത അനുഭങ്ങളുടെ ഒരു കലവറ തന്നെയായിരിക്കും ഓരോ ഗൃഹസ്ഥാശ്രമിക്കും ചൊല്ലിയാടാനുണ്ടാകുക...അല്ലെ .

ഇത്തരം  പൗരാണികമായ ചതുരശ്രമത്തിലെ എല്ലാം ചിട്ടവട്ടങ്ങളും , ഇന്നുള്ള ആധുനികമായ അണുകുടുംബം നയിക്കുന്ന ഗൃഹസ്ഥാശ്രമികൾക്ക്  കഴിയിലെങ്കിലും , ഏതാണ്ടിതുപോലെയൊക്കെ തന്നെ ഗൃഹസ്ഥാശ്രമ ഘട്ടം സഫലീകരിച്ചു കൊണ്ടിരിക്കുകയാണ്  ഗൃഹിയും , ഗൃഹിണിയുമായ ഞാനും , എന്റെ പെർമനന്റ്  ഗെഡിച്ചിയും ഒന്നിച്ച് കൂടി ...!

28 കൊല്ലം മുമ്പ്  വെറും ഒരു പൂച്ച കുട്ടിയെ പോലെ എന്റെ ജീവിതത്തിലേക്ക് ഞാൻ തന്നെ പിടിച്ച്  കൊണ്ടുവന്നവൾ , പലപ്പോഴും ഒരു തനി പുലിച്ചിയായി എന്റെ മേൽ ചാടിവീഴുമ്പോഴൊക്കെ , ഞനൊരു സാക്ഷാൽ പുലിമുരുകൻ കണക്കെ കുന്തമെറിഞ്ഞ് ഈ പെൺ പുലിയെ വീഴ്ത്തുന്നത് കൊണ്ടവൾ - അന്നും , ഇന്നും ഇണക്കമുള്ള , ഒരു ഇണങ്ങിയ ഇണയായി എന്നോടൊപ്പം എന്തിനുമുണ്ട് ...,  അവളുടെ 'ടെറിട്ടറി' എന്നും കാത്ത് സൂക്ഷിച്ച കൊണ്ട് ...!
പണ്ടുള്ള  കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ നിന്നും , ഗൃഹനാഥൻ മാത്രം പുറത്തു ജോലി ചെയ്ത് വരുമാനം കൊണ്ട് വന്ന് കുടുംബം പുലർത്തുന്ന രീതിയിൽ  നിന്നുമൊക്കെ ഏറെ മാറി - ഗൃഹിണിയും കൂടി പുറത്ത് പണിയെടുത്ത്  വരുമാനമുണ്ടാക്കുന്ന , കൂട്ടുത്തരവാദിത്തത്തോടെ  ഗാർഹസ്ഥ്യമലങ്കരിക്കുന്ന ദമ്പതിന്മാർ ഉള്ള അണു കുടുംബ വ്യവസ്ഥയിലേക്ക്‌ കൂടുമാറ്റം നടത്തിയ ഇന്നത്തെ 'മോഡേൺ ലൈഫി'ൽ ഒട്ടുമിക്ക  കുടുംബങ്ങളിലും  , ഈ പ്രിയപ്പെട്ട ഇണകൾ തമ്മിൽ തമ്മിലുള്ള പല തരത്തിലുള്ള ‘ഇന്റിമേറ്റ്  വൈലൻസ് 'എന്ന ഭീകര പ്രവർത്തനങ്ങൾ ഉടലെടുക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ വെളിവാക്കുന്നത് ...


മാനസികമായും , ശാരീരികമായും , ലൈംഗികമായുമൊക്കെ കിടക്കപ്പായയിൽ നിന്നും തുടങ്ങുന്ന , ഇത്തരം ഭീകരത പ്രവർത്തനങ്ങൾ , ആ കുടുംബം ശിഥിലമാക്കുക മാത്രമല്ല ചെയ്യുന്നത് - പിന്നീടവർ സമൂഹത്തിലേക്ക് ഇറങ്ങിവന്ന് രാഷ്ട്രീയ - മത - വർഗ്ഗീയ മേലങ്കികൾ എടുത്തണിഞ്ഞ് , പല പല ഭീകര വിളയാട്ടങ്ങൾക്കും തുടക്കം കുറിക്കുകയൊ  , അണിചേരുകയൊ  ചെയ്യുമെന്നാണ് -- ഏതാണ്ട് അര നൂറ്റാണ്ടായി ഈ ഇന്റിമേറ്റ് ടെററിസത്തെ കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർ  പറയുന്നത്.. !


അത് കൊണ്ട് ഒട്ടും പിരി മുറുക്കങ്ങളില്ലാത്ത ഒരു സന്തുഷ്ട്ട ജീവിതത്തിലേക്കുള്ള , ഒരു ഇരു കാൽ വെയ്പ്പുകൾ ഇന്നുള്ള ഒരു ഗൃഹസ്ഥാശ്രമികൾക്കും മുന്നോട്ട് വെക്കുവാൻ - പരസ്പരമുള്ള വിട്ട് വീഴ്ചകൾ കൂടിയെ മതിയാകു എന്നുള്ള സത്യം - ഈ കാലഘട്ടത്തിലെ എല്ലാ ദമ്പതികളും മനസ്സിലാക്കിയിരിക്കേണ്ട ഒരു വസ്തുത തന്നേയാണ് ..!
ഇത്തരം പലതരം 'അഡ്ജസ്റ്മെന്റു'കൾക്കും പല ദമ്പതിമാരും തയ്യാറാകാത്തത് കൊണ്ടാണ് , പണ്ടത്തെ അപേക്ഷിച്ച് ,  ദിനം പ്രതി അനേകം വിവാഹ മോചനകൾ ഇന്നൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്നത് പോലും...
പണ്ടുള്ളവർ പറഞ്ഞുവെച്ചതാണെങ്കിലും ഗൃഹസ്ഥാശ്ര പർവ്വത്തിലുള്ള പല കാര്യങ്ങളും , സംഗതികളുമൊക്കെ വളരെ അനുനയത്തോടെ ഞങ്ങളുടെ ജീവിതത്തിൽ പരിപാലിക്കപ്പെടുന്നത് മൂലമാണ് , സായിപ്പിന്റെ നാട്ടിൽ വന്നുപ്പെട്ടിട്ടും , ഇവിടെ ചുറ്റുപാടും നടക്കുന്ന ഒട്ടും 'പെർമനന്റല്ലാത്ത' ഗൃഹസ്ഥാശ്രമ ചുറ്റി കളികൾ  കണ്ടിട്ടും , കേട്ടിട്ടുമൊക്കെ - ഒരു കുലുക്കവുമില്ലാതെ ഞങ്ങളിരുവരും കൂടി , ഈ കഴിഞ്ഞ 28 വർഷത്തെ ഗാർഹസ്ഥ്യ ആശ്രമത്തിൽ അടയും ശർക്കരയും പോലെ കഴിഞ്ഞിരുന്നത്  ...!
എന്ത് തന്നെയായാലും എന്തൊ കുരുത്തം കൊണ്ടൊ , മറ്റൊ എന്റെയും , എന്റെ പെർമനന്റ്  ഗെഡിച്ചിയുടെയും ഗൃഹസ്ഥാശ്രമ കാലഘട്ടം ,അതായത് മതാ പിതാ ബന്ധുമിത്രാതി ഗാർഹിക കർമ്മ സംരംക്ഷണങ്ങൾ , രതി ക്രീഡകൾ , സന്താനോൽപാദനം മുതൽ കന്യാദാനം വരെ പൂർത്തീകരിച്ച് നാല് സപ്തവർഷങ്ങൾ വലിയ കോട്ടങ്ങളൊന്നുമില്ലാതെ , അൽപ്പസൽപ്പം തട്ടും മുട്ടുമൊക്കെയായി , ചില്ലറ വെടിക്കെട്ടുകൾ നടത്തി , അനേകം വർണ്ണാമിട്ടുകൾ വിരിയിച്ച് കടന്ന്‌ പോയിരിക്കുകയാണിപ്പോൾ  ..!

എന്തെന്നാൽ ഇനി  അടുത്ത തലമുറക്ക്  ഗൃഹസ്ഥാശ്രമ പട്ടം കൈമാറി വാനപ്രസ്ഥത്തിലേക്ക് കാലുകൾ നീട്ടി ഇരുപ്പായി എന്നർത്ഥം . എന്തായാലും സന്യാസ ഘട്ടം   അനുഷ്ടിച്ച് ഇപ്പോഴുള്ള ജീവിതത്തിൽ നിന്നും നിർവാണം പ്രാപിക്കുവാൻ ഞങ്ങളുടെ ഇപ്പോഴുള്ള ശരീര സ്ഥിതികൾ അനുവദിക്കുമെന്ന് തോന്നുന്നില്ല...

അതുകൊണ്ട്  വാനപ്രസ്ഥ ഘട്ടം  പടി  വാതിലിൽ വന്ന് ശരിക്കും ഒന്ന് മുട്ടി വിളിച്ചാൽ , ആരോഗ്യ കരമായ ചുറുചുറുക്കുകൾ ഉണ്ടെങ്കിൽ പാരീസിലും , ബെർലിനിലും ,ദുബായിലും മറ്റ് എല്ലാ എമിറേറ്റുകളിലെല്ലാം കറങ്ങിയടിച്ച പോലെ  ,
വീണ്ടും നല്ലൊരു  താങ്ങും തണലുമായി എന്റെ ഗെഡിച്ചി
ഒരു ഊന്നുവടിയായി  കൂടെയുണ്ടെങ്കിൽ , അനേകം നാടുകൾ ഇനിയും ചുറ്റിയടിക്കണമെന്നുള്ള ഒരു ദുരാഗ്രഹ മോഹം ഇപ്പോൾ ഉള്ളിലൊളിപ്പിച്ച് - ഈ ഗാർഹസ്ഥ്യ   വാർഷികത്തിന് അവളുടെ അരയിൽ  ഒരു ചരട് കെട്ടി അരക്കിട്ട് ഉറപ്പിക്കുകയാണ് ...!

ഈ മാസം ജൂൺ 25 -ലെ ഞങ്ങളുടെ
28 ആം വാർഷികത്തിന്റെ , ഇരുപത്തെട്ടിന്റെ
ചരട് കെട്ട് ചടങ്ങിലേക്ക് എല്ലാ ബന്ധുമിത്രാധികളേയും ഹൃദയ പൂർവ്വം ക്ഷണിച്ചു കൊള്ളുന്നു..

സസ്നേഹം ,

നിങ്ങളുടെ സ്വന്തം
ഗെഡിയും , ഗെഡിച്ചിയും .ചില മുൻകാല ഗാർഹസ്ഥ്യ കുറിപ്പുകൾ  
ദേ ...തഴേയുള്ള ലിങ്ക് തലക്കെട്ടുകളിൽ ക്ലിക്കിയാൽ വായിക്കാം കേട്ടോ 


കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...