Thursday, 26 March 2015

ആഗോള ബൂലോഗരെ ഇതിലെ ഇതിലേ ... ! / Agola Boologare Ithile Ithile ... !


അടുത്ത ദശകങ്ങളിൽ , അന്തർദ്ദേശീയമായി തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുവാൻ പോകുന്ന മാധ്യമമായ ബ്ലോഗുകളുടെ ചുറ്റുവട്ടങ്ങളിലേക്കുള്ള , ഒരു എത്തി നോട്ടമാണിത് ;  അതോടൊപ്പം  ‘ബ്ലോഗേഴ്സ് സംഗമ‘ങ്ങളിലേക്കും കൂടി ഒരു വലിഞ്ഞ് നോട്ടമെന്നും വേണമെങ്കിൽ അവകാശപ്പെടാം...

ഒരു സംഗതി അല്ലെങ്കിൽ ഒരു ആശയം അതുമല്ലെങ്കിൽ  എന്ത് കുണ്ടാമണ്ടിയായാലും ഒരാൾ മറ്റൊരു വ്യക്തിക്കോ , കൂട്ടത്തിനോ അഥവാ സമൂഹത്തിനോ ;  വരികളായൊ , വരകളായൊ  , ചിത്രങ്ങളായൊ  - വിവര സാങ്കേതിക തട്ടകങ്ങളിൽ കൂടി കൈ മാറുന്ന വിജ്ഞാന വിളംബരങ്ങളേയാണ് ബ്ലോഗിങ്ങ് എന്ന് പറയുന്നത് ..!

ഇപ്പോൾ ഭൂരിഭാഗം ആശയ വിനിമയങ്ങൾ മുഴുവനും വിവര സാങ്കേതിക  ഉപകരണങ്ങളിൽ കൂടി മാത്രം നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ നൂറ്റാണ്ടെന്നറിയപ്പെടുന്ന , ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭം കുറിച്ച ബ്ലോഗിങ്ങ് എന്ന പ്രതിഭാസം ,  ഇന്ന് മനുഷ്യ കുലത്തിലെ ഒരു അവിഭാജ്യ ഘടകമായി തീർന്നിരിക്കുന്നു എന്നത് ഒരു വസ്തുത തന്നെയാണല്ലോ .. അല്ലേ.

അടുത്ത ദശകങ്ങളിലെ പുതു തലമുറക്കാർക്കൊക്കെ ,  ബ്ലോഗ് എന്ന മാധ്യമം ഇല്ലാതെ പല ജീവിത മുന്നേറ്റങ്ങളും നടത്താനാവില്ല എന്നാണ് പറയപ്പെടുന്നത്..!

അതായത് ഭാവിയിൽ ഒരാൾക്ക് , സകലമാന വിജ്ഞാനങ്ങളുടേയും തിരിച്ചറിവുകൾ ലഭിച്ച് കൊണ്ടിരിക്കുക , അതാതിടത്തിന്റെ ബ്ലോഗ് പോർട്ടലുകളിൽ  കൂടിയായിരിക്കുമെന്നർത്ഥം ..!

പഴയ മാധ്യമങ്ങളെയൊക്കെ അപേഷിച്ച് , ഒരു വ്യക്തിക്ക് സ്വന്തമായി തന്നെ -  ദൃശ്യ , ശ്രാവ്യ ,  ചലനങ്ങങ്ങളെയെല്ലാം കൂട്ടിയിണക്കി വളരെ മനോഹരമായി ചിട്ടപ്പെടുത്തിയ ആശയങ്ങളോ , വസ്തുതയോ  തന്റെ  തട്ടകത്തിലോ , മറ്റുള്ളവെബ് തട്ടകങ്ങളിലോ കൊണ്ട് പോയി ആലേഖനം ചെയ്ത്  ആവിഷ്കരിക്കുവാൻ സാധിക്കുന്ന സംഗതികൾ , അപ്പപ്പോൾ തന്നെ വിവര സാങ്കേതിക വിദ്യയുപയോഗിച്ച് ; ലോകം മുഴുവൻ പ്രചരിപ്പിച്ച് , പ്രാപ്തമാക്കാവുന്നവയാണല്ലോ നവ മാധ്യമങ്ങൾ  എന്നറിയപ്പെടുന്ന ഈ ഇന്റെർ-നെറ്റ് സൈറ്റുകൾ..!

അതായത് ബ്ലോഗ്ട്വിറ്റെർ , ഫേസ് ബുക്ക് , ലിങ്ക്ഡ് ഇൻ , പിൻടെറെസ്റ്റ് , വാട്ട്സാപ്പ്  മുതലായ എല്ലാ സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിൽ കൂടിയും നടത്തി കൊണ്ടിരിക്കുന്ന ഇത്തരം പ്രക്രിയകളെല്ലാം ബ്ലോഗിങ്ങ് എന്ന വിഭാഗത്തിൽ പെടുത്താവുന്ന  സംഗതികൾ  തന്നെയാണ്....!

ഇത്തരം ആശയ വിനിമയ സമാന്തര പ്രവർത്തനങ്ങൾ നടത്താവുന്ന , ‘സാമൂഹിക  പ്രബന്ധ രചനാ തട്ടകകങ്ങളിൽ  (സോഷ്യൽ മീഡിയാ നെറ്റ്-വർക്ക് സൈറ്റുകൾ ) ,   ബ്ലോഗിങ്ങ് രംഗത്തെ ഇന്നുള്ള ഏറ്റവും പ്രധാനപ്പെട്ട നൂറിൽ പരമുള്ള ബ്ലോഗ് ഫ്ലാറ്റ്ഫോമുകളുടെ ,ലക്ഷങ്ങൾ മുതൽ ആയിരങ്ങൾ വരെ ഉപഭോക്താക്കളുള്ളതിന്റെ , ക്രമാനുഗതമായ പട്ടികയാണ് ഈ  118 ബൂലോഗ തട്ടകങ്ങൾ ..!

അതെ
ഇന്നത്തെ ഈ സൈബർ ലോകത്തിലെ ഡിജിറ്റൽ നൂറ്റാണ്ട്
എന്നറിയപ്പെടുന്ന ഇന്നുള്ള ഇന്റെർ-നെറ്റ് യുഗത്തിലെ  ഏറ്റവും
പുതുതായ ഒരേ ഒരു നവീന മാധ്യമം തന്നെയാണ്  ബ്ലോഗ് അഥവാ ബൂലോഗം..!

ഇന്ന് ആഗോള തലത്തിൽ  , ഓരൊ അര സെക്കന്റ് കൂടുമ്പോഴും  ഓരൊ  പുതിയ ബ്ലോഗ് കുഞ്ഞിന് കൂടി ജന്മം നലികി ,   നമ്മുടെ ‘ഇന്റെർനെറ്റ‘മ്മ , ഈ സൈബർ കുലത്തിനുള്ളിൽ ഒരു പേറ് വിപ്ലവം തന്നെ സൃഷ്ട്ടിച്ച്   വിവര സാങ്കേതിക ലോകത്തിന്റെ വ്യാപ്തി എന്നുമെന്നോണം വർദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

പൊക്കിൾക്കൊടി ബന്ധം അറുത്ത് മാറ്റാതെ , തേനീച്ച കൂട്ടിലെ അമ്മ മഹാറാണിയെ പോലെ ജന്മം നൽകി കഴിഞ്ഞാൽ ; ഈ ബ്ലോഗ് കുഞ്ഞുങ്ങളെല്ലാം പിന്നീട്‌ പരിപാലിക്കപ്പെട്ട് വളർന്ന് വലുതായി വരുന്നത് , അവരവർ ജനിച്ച്  വളർന്നു വരുന്ന ‘വേൾഡ് പ്രസ് , ടംബ്ലർ , ബ്ലോഗ്ഗർ ,...’ എന്നിങ്ങനെയുള്ള അനേകമുള്ള   അവരവരുടെ തറവാട്ട് മുറ്റങ്ങളിൽ ഓടിയും , ചാടിയും, മറിഞ്ഞ് വീണും മറ്റുമൊക്കെ തന്നെയാണ് ...
മനുഷ്യ ജന്മങ്ങളെ പോലെ തന്നെ പണ്ഡിതരായും , പാമരരായും , സമ്പന്നരായും , ദരിദ്രരായുമൊക്കെ തന്നെയാണ് ഈ ബ്ലോഗ് കുട്ടപ്പന്മാരുടേയും , കുട്ടപ്പിമാരുടേയും കഥ. .

അമരത്തം കിട്ടുന്ന പോലെ അവയിൽ ചിലവയെല്ലാം
കാലങ്ങളെ അതി ജീവിച്ച് നില നിൽക്കുമെന്നും പറയുന്നു...

ഇപ്പോൾ 15 കോടിയിലധികം ( 152 മില്ല്യൺ )
ബ്ലോഗ്ഗേഴിസിനാൽ സമ്പുഷ്ട്ടമാണ് ഇന്നത്തെ
ഈ  സൈബർ ലോകം എന്നാണ് പറയപ്പെടുന്നത്.
ലോകത്തുള്ള ഏതാണ്ട് 70 ശതമാനം ഭാഷകളിലായി ഈ ബ്ലോഗ്ഗേഴ്സ് ഇപ്പോൾ പരന്ന് വിന്യസിച്ച് കിടക്കുകയാണ് .
ഇനിയും ദിനം തോറും എല്ലാ മേഖലകളിലേക്കും ബ്ലോഗുകൾ പടർന്ന് പന്തലിച്ച് കൊണ്ടുതന്നെയിരിക്കും .

അടുത്ത ദശകങ്ങളിൽ തന്നെ ചുക്കില്ലാത്ത കഷായമെന്നത്
പോലെ , ബ്ലോഗ് ഇല്ലാത്ത ഒരു കുന്ത്രാണ്ടവും , എടവാടുകളും കാണില്ല പോലും.
ഇംഗ്ലീഷ് ഭാഷ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ
ബ്ലോഗുകൾ ഉള്ളത് ഏഷ്യൻ ഭാഷകളിലാണെത്രെ..!
 എന്തിന് പറയുവാൻ ചൈനീസ് ഭാഷയിൽ പോലും  3.2 ബില്ല്യൻ സോഷ്യൽ നെറ്റ് വർക്ക് ഉപയോക്താക്കൾ വരെ ഉണ്ടെത്രേ ..!
ട്വിറ്റർ പോലുള്ള ടെൻസെന്റ് വൈബോവും ( Tencent Weibo) , സൈന വൈബോവും ( Sina Weibo.) , ഫേസ് ബുക്ക് പോലുള്ള ' ക്യു -സോൺ' , 'പെങായു' , 'രെന്രേൻ ',  'കെയ്സ്കിൻ 'എന്നീ നാല് സൈറ്റുകളും ,  പിന്നെ വാട്ട്സാപ്പ് പോലുള്ള വി-ചാറ്റ് ( WeChat) പോലുളള അനേകം ഇടങ്ങൾ സ്വന്തമായുള്ള   ഗൂഗിളിനെ പോലെയും , യാഹുവിനേ പോലെയുമുള്ള സൈന , ബൈ ഡു മുതലായ ചൈനീസിന്റെ മാത്രം , സ്വന്തം വെബ്  സെർച്ച് എഞ്ചിനുകൾ അവർക്കുണ്ട് ...!

ഇതുപോലെ  ജപ്പാൻ , കൊറിയ , ഇറാൻ , റഷ്യ , ബ്രസീൽ മുതലായ ഒട്ടുമിക്ക ലോക രാജ്യങ്ങൾക്കും തനതായ ഇന്റെർനെറ്റ് മേഖലകൾ ഉണ്ടെങ്കിലും , അവിടങ്ങളിലും  നമ്മൾ ഇന്ത്യാക്കാരെ പോലെ ആംഗലേയ സൈറ്റുകളുമായി ഒരു 'ടൈ-അപ്പ് ' ഉണ്ടാക്കി , അവരവരുടെ ഭാഷകളുടെ ആന്രോയ്ഡുകളോ , പ്രാദേശിക ഭാഷാ ഫോണ്ടുകളോ പ്രാബല്ല്യത്തിൽ വരുത്തി ആ സൈറ്റിന്റെ ; പേരിന് ശേഷം ഒരു കുത്ത് & ഇൻ (.in) ചേർത്ത് ഈസിയായി കാര്യം നടത്തുന്നവർ തന്നെയാണ് ഏറെ പേരും.
ഇന്ന് അമേരിയ്ക്കക്കും , ചൈനക്കും ശേഷം ഇന്ത്യയാണ് ഏറ്റവും
കൂടുതൽ ഇന്റെർനെറ്റ് (മൂന്നാം സ്ഥാനം ) ഉപയോഗിക്കുന്ന രാജ്യമെങ്കിലും ,
ബ്ലോഗ്ഗേഴ്സ് ,മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്..
ബ്ലോഗിനെ കൊണ്ടുള്ള ഗുണഗണങ്ങൾ മുഴുവൻ തന്നെ മനസ്സിലാക്കാത്തതും , ഇതുകൊണ്ടുള്ള വരുമാന സാധ്യതകൾ ശരിക്കും തിരിച്ചറിയാത്തതുമാണ് ,  ഭാരതീയർ ഈ മേഖലയിൽ അല്പം പിന്നിട്ട് നിൽക്കുന്നതിന് കാരണം...

അതുപോലെ തന്നെ ഈ സൈബർ ലോകത്തുള്ള സകലമന
വെബ്-തട്ടകങ്ങളേയും സ്ഥിരമായി മോണിറ്റർ ചെയ്തുകൊണ്ടിരിക്കുന്ന
ഏറ്റവും പഴയ ഒരു പുപ്പുലിയായ കമ്പനിയാണ് അലെക്സാ ഇന്റെർനെറ്റ്. ഏതൊരു സൈറ്റിനെപറ്റിയുള്ള റാങ്കിങ്ങും , ആയതിലേക്കുള്ള ട്രാഫിക്കും , മറ്റു വിശകലനങ്ങളുമൊക്കെ അപ്പപ്പോൾ വിശദീകരിച്ച് തരുന്ന ഒരു ഇന്റെർ-നെറ്റ് ഭീമൻ. ..
ഈ ഭീമേട്ടന് മാസം തോറും പൈസ കൊടുത്ത് വരി(ധി )ക്കാരനാക്കിയാൽ ട്രാഫിക്ക് കൂട്ടി , മ്ടെ കച്ചോടം കൂട്ടാനുമൊക്കെയുള്ള വിദ്യകൾ പറഞ്ഞുതരുമെന്ന് മാത്രമല്ല , സോഷ്യൽ മീഡിയയിലുള്ള പല സംഗതികളെ  പറ്റിയും വിശദമായി വിശകലനം തരികയും ചെയ്യും ..!

ഉദാഹരണത്തിന് ഇന്ന് വരെ നമ്മുടെ ബൂലോകത്തിൽ
നമ്പർ വൺ ‘ഹിറ്റി‘നുടമ - വിശാല മനസ്കനായ എടത്താടൻ 
സജീവ് ഭായിയാണെന്നും ,  പിന്നെ ഏറ്റവും കമന്റുകൾ പടച്ച് വിട്ടത്
അജിത്ത് ഭായ്  ആണെന്നും , ഇതുവരെ ഏറ്റവുമധികം കമന്റുകൾ കൈ
പറ്റിയ ആൾ വിനുവേട്ടനുമാണെന്ന്മൊക്കെയുള്ള കൌതുകമായ കാര്യങ്ങൾ  വരെ ..!ബൂലോഗരാൽ ഭൂലോകം വാണരുളുന്ന നാളുകളാണ് ഇനി വരുവാൻ പോകുന്ന കാലഘട്ടം .അതുകൊണ്ട്   അവരവരുടെ ബ്ലോഗിനെ പോലെ തന്നെ പ്രാധാന്യം കൊടുക്കേണ്ട ഒരു സംഗതി തന്നെയാണ് ബ്ലോഗുടമകളുടെ ഒത്തൊരുമകളും , ഇടക്കെല്ലാം തമ്മിലെല്ലാവരും കൂടി ചേർന്നുള്ള ബ്ലോഗ് സംഗമങ്ങളിലും പങ്കെടുക്കുക എന്നുള്ളത്.
ഇപ്പോൾ ഇത്തരം ധാരാളം സോഷ്യൽ മീഡിയാ മീറ്റുകൾ ഓരൊ രാജ്യങ്ങളിലും , ഭാഷാ അടിസ്ഥാനത്തിലും , ബ്ലോഗുകളുടെ ഇനത്തിനനുസരിച്ചും , പല ബ്ലോഗ് കൂട്ടായ്മകളും കൂടി സംഘടിപ്പിച്ച്  വിജയിപ്പിക്കാറുമുണ്ടെന്നുള്ളത് വേറെ കാര്യം .

ആർട്ട് , ബ്യൂട്ടി , കുക്കറി , കൾച്ചർ , ഡിവൈൻ , എജ്യുക്കേഷൻ ,
ഫേഷൻ മുതൽ അക്ഷരമാല ക്രമത്തിലുള്ള സകലമാന സംഗതികളെ കുറിച്ച് ബ്ലോഗെഴുതുന്നവരെല്ലാം കൂടിചേർന്ന് നാഷ്ണൽ , ഇന്റെർ നാഷ്ണൽ ലെവലിൽ വരെ
ഇവിടെ ലണ്ടനിൽ എന്നുമെന്നോണം കാണാം ഇങ്ങിനെയുള്ള വിവിധ തരത്തിലുള്ള
ബ്ലോഗ് കോൺഫറൻസുകൾ  ...!


എന്തുകൊണ്ടെന്നാൽ  ഇത്തരം ബ്ലോഗ് സംഗമങ്ങളിൽ പങ്കെടുത്താൽ ഒരു തരത്തിലല്ലെങ്കിൽ  മറ്റൊരു തരത്തിൽ , ആയതിൽ പങ്കെടുക്കുന്നവർക്ക്  അവരവരുടെ ബ്ലോഗുകൾ പല തരത്തിലും ഇപ്പോഴുള്ളതിനേക്കാൾ മികച്ചതായി അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കും എന്നതു തന്നെ.

ലണ്ടൻ പ്രവാസി മലയാളിയായ റെജി സ്റ്റീഫൻസൺ എന്നൊരു ആംഗലേയ ബ്ലോഗറുണ്ടിവിടെ . ബ്ലോഗേഴ്സിന് പലതരത്തിലും വിജ്ഞാനം കൊടുത്തുകൊണ്ടിരിക്കുന്ന ധാരാളം വായനക്കാരുള്ള ഇദ്ദേഹത്തിന്റെ  ഡിജിറ്റൽ ഡയമൻഷൻസ് എന്ന സൈറ്റിൽ  ഈയിടെ ബ്ലോഗ് മീറ്റുകളിൽ പങ്കെടുത്താൽ കിട്ടുന്ന ഗുണഗണങ്ങളെകുറിച്ച്  എഴുതിയ പോസ്റ്റിലെ ചില സംഗതികളിലേക്ക്  ഒന്ന് എത്തി നോക്കിയാൽ കാണാവുന്നത് താഴെ കുത്തിട്ടെഴുതിയ   ചില അസ്സൽ കാര്യങ്ങൾ തന്നെയാണ്...!


 • പുതിയ ആളുകളെ പരിചയപ്പെടുക എന്നുമാത്രമല്ല , പരസ്പരം ഇതുവരെ കാണാതേയും ,കേൾക്കാതേയും വരികളിലൂടേയും മറ്റും മിത്രങ്ങളാക്കി മാറ്റിയ പലരേയും നേരിട്ട് കാണാമെന്നുള്ള ഒരു മികച്ച നേട്ടം കൂടി ഇത്തരം ബൂലോക സംഗമങ്ങളിൽ കൂടി സാധ്യമാകുന്നു. വിവിധ ദേശങ്ങളിൽ വസിക്കുന്ന , തീർത്തും വ്യത്യസ്ഥമായി അവരവരുടെ ബ്ലോഗിടങ്ങളിൽ കൂടി അഭിരമിക്കുന്നവരും , വിഭിന്ന ചിന്താഗതിക്കാരുമായ അനേകം ബൂലോഗർ തമ്മിലുള്ള പരിചയങ്ങൾ , പിന്നീട് പലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ഓരോ ബൂലോഗർക്കും ഉപകാരപ്പെടുന്ന വേണ്ടപ്പെട്ട സംഗതികൾ കൂടെയായിരിക്കും...

 • പലപ്പോഴും സ്ഥിരമായി എന്നും കണ്ട് കൊണ്ടിരിക്കുന്നവരിൽ നിന്നും , മടുപ്പിക്കുന്ന സ്ഥിരം പണി മടുപ്പിക്കുന്ന  സ്ഥലങ്ങളിൽ നിന്നും , ഒരു താൽക്കാലിക മോചനം നേടി , മനസ്സിനും ,ശരീരത്തിനും ഒരു വിനോദത്തിന്റെ ആനന്ദം പകരുവാനും  ഈ ബ്ലോഗ്മീറ്റുകൾക്കാകും.
  ഇതിൽ നിന്നും കിട്ടുന്ന ആ പ്രത്യേക ഊർജ്ജം അടുത്ത സംഗമത്തിന്റെ ഇടവേളകൾ വരെ നില നിറുത്തുവാനും സാധിക്കും ...
 •  ഓരോരുത്തരുടേയും വിഭിന്നമായ കഴിവുകൾ മറ്റ് മിത്രങ്ങൾക്ക് പരിചയപ്പെടുത്തി അവരവരുടെ അത്തരം കലാ വൈഭങ്ങളിൽ താനും മികച്ച് നിൽക്കുന്നു എന്നുള്ള ഒരു മേധാവിത്തവും ഈ മീറ്റുകളിൽ കൂടി മിക്കവർക്കും കാഴ്ച്ചവെക്കാനാവും....
 •  അവരവരുടെ ബ്ലോഗിങ്ങ് ഇടങ്ങളെ കുറിച്ചും , ആയതിൽ പ്രചരിപ്പിക്കുന്ന ആശയങ്ങളെ പറ്റിയും മറ്റ് സഹ ബ്ലോഗ്ഗർമാർക്കും , പുതിയ ആളുകൾക്കും നേരിട്ട് തന്നെ പരിചയപ്പെടുത്തി സ്വന്തം തട്ടകത്തിലേക്ക് അനേകരെ കൂട്ടി കൊണ്ട് വരുവാനും ഇത്തരം വേദികളിൽ കൂടി സാധിക്കും.... 
 •  പിന്നെ പുതിയ ജോലി സാധ്യതകൾ , ബ്ലോഗ്ഗിങ്ങ്  കൊണ്ടുള്ള ആദായ മാർഗ്ഗങ്ങൾ , പുതിയ കച്ചവട സാധ്യതകൾ അങ്ങിനെയങ്ങിനെ ഈ സൈബർ വേൾഡിലെ പല പല സംഗതികളെകുറിച്ചും ഇന്റെർനെറ്റിൽ പയറ്റി തെളിഞ്ഞവരിൽ നിന്നും ഉപദേശങ്ങൾ ആരായാനും , മറ്റും സാധിക്കും.... 
 •  അവരവരുടെ ബ്ലോഗിലെ പല പോരായ്മകൾ ഇല്ലാതാക്കി നവീനമായ രീതിയിലുള്ള കാഴ്ച്ച വട്ടങ്ങൾ ബ്ലോഗിൽ കൊണ്ട് വരേണ്ട രീതികളും ,  പോരാതെ ബ്ലോഗിങ്ങിലെ പുതുതായ പല പല വിജ്ഞാന ശ്രോതസ്സുകളെകുറിച്ചും ഇത്തരം ബ്ലോഗ് മീറ്റുകളിൽ കൂടി തിരിച്ചറിഞ്ഞ്  പങ്കെടുക്കുന്നവർക്ക് , അവരവരുടെ ബ്ലോഗുകൾ അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കും...
 •  എല്ലാത്തിലും ഉപരി പങ്കെടുക്കുന്ന പരിചയ സമ്പന്നരായ ബൂലോഗ ഉസ്താദുകളിൽ നിന്നും കിട്ടുന്ന അവരുടെ വിജയ കഥകളും , ടിപ്സും ഒപ്പമുള്ള പ്രചോദനങ്ങളും , പ്രോത്സാഹനങ്ങളും ഉറങ്ങി കിടക്കുന്ന ചില ബൂലോകരെയടക്കം , പുതിയ ബ്ലോഗേഴ്സിനെ വരെ  ഉണർത്തി വളരെ ഊർജ്ജസ്വലരാക്കി നല്ല ആത്മവിശ്വാസത്തോടെ ബ്ലോഗ്ഗിങ്ങ് ചെയ്യുവാൻ പ്രാപ്തമാക്കും.
  • ഇത്തരം പല തിരിച്ചറിവുകളുമായിരിക്കും പിന്നീട് ഒരു നല്ല ബ്ലോഗറെ അവരവർക്ക് തനിയെ അവരവരിൽ സ്വയം വാർത്തെടുക്കുവാൻ സാധിക്കുന്ന ഏറ്റവും മെച്ചമായ സംഗതിയായി പിന്നീട്  ഭവിക്കുന്നത്.
  •  ഒപ്പം തന്നെ സാമൂഹിക സേവനങ്ങൾ താല്പര്യമുള്ള ബ്ലോഗേഴ്സ് , ഒരു പുതിയ കമ്മ്യൂണിറ്റി ബ്ലോഗ്ഗിങ്ങ് മേഖലകൾ ഉണ്ടാക്കി സാധാരണക്കാരായ ജനങ്ങളിലേക്ക് ബ്ലോഗിങ്ങിനെ എത്തിക്കാനും , അവർക്കൊക്കെ ബ്ലോഗിങ്ങ് ബോധവൽക്കരണങ്ങൾ നടത്തുവാനും സാധിക്കും .പണ്ടത്തെയൊക്കെ ഗ്രാമീണ വായനശാലകൾ പോലെ അതാതിടങ്ങളിൽ ഒരു കമ്മ്യൂണിറ്റി ബ്ലോഗിങ്ങ് കൂട്ടായ്മകൾ സ്ഥാപിച്ച് കൊണ്ട് ബ്ലോഗിങ്ങിന്റെ സ്പന്ദനത്താൽ പല അനീതികൾക്കെതിരേയും പബ്ലിക്കിനെ ഒറ്റക്കെട്ടായി നയിക്കുവാൻ സാധിക്കും 

ഇനിയെങ്കിലും  നിങ്ങളോരോരുത്തരും ,
സമയവും , സൌകര്യവുമൊക്കെ ഒത്ത് ചേരുകയാണെങ്കിൽ ഇടക്കെങ്കിലും ചില ബ്ലോഗ് മീറ്റുകളിൽ പങ്കെടുത്ത് , ആയതിൽ നിന്നും കിട്ടുന്ന ഊർജ്ജങ്ങളെല്ലാം  ബ്ലോഗിന്റേതായ ഉന്നമനങ്ങൾക്ക് വേണ്ടി വിനിയോഗിക്കുമല്ലോ ..അല്ലേ
അപ്പോൾ പറ്റുമെങ്കിൽ ബൂലോകർക്കെല്ലാം  നേരിട്ട്
ഈ വരുന്ന ഏപ്രിൽ മാസം 12-ന് ഞായറാഴ്ച്ച
നടക്കാനിരിക്കുന്ന  തുഞ്ചൻപറമ്പ് ബ്ലോഗ്ഗർ സംഗമത്തിൽ വെച്ചെങ്കിലും നമുക്ക് ആവുന്നവർക്കെല്ലാം പരസ്പരം സന്ധിക്കാം 

അങ്ങിനെയാണെങ്കിൽ ..ശരി.
അന്ന് നമുക്ക് കാണാം...കാണണം !


ഒപ്പം തന്നെ ഞാൻ മുന്നെഴുതിയ ചില ബൂലോക വിജ്ഞാനങ്ങളും
ഇതിനോടൊപ്പം വേണമെങ്കിൽ  കൂട്ടിവായിക്കാം കേട്ടൊ ..കൂട്ടരെ
ദേ താഴെയുള്ള ലിങ്കുകളിൽ പോയാൽ മതി.

 1. മലയാളം ബ്ലോഗ് അഥവാ ബൂലോഗവും , പിന്നെ കുറച്ച് പിന്നാമ്പുറവും . 
 2. ബ്ലോഗിങ്ങ് ആഡിക് ഷനും , ഇന്റെർനെറ്റ് അടിമത്വവും . 
 3. ഭൂമിമലയാളത്തിലെ ബൂലോകവും പിന്നെ ഞാനും . (  Courtesy of some images & graphics in this 
article from  wpvirtuoso.comdigitaldimensions4u.  &   google  )  

Bilatthipattanam / ബിലാത്തിപട്ടണം : 'ഓൺ - ലൈൻ' വിദ്യാഭ്യാസം - മാറുന്ന ചട്ടങ്ങൾ പുതിയ പ...

Bilatthipattanam / ബിലാത്തിപട്ടണം : 'ഓൺ - ലൈൻ' വിദ്യാഭ്യാസം - മാറുന്ന ചട്ടങ്ങൾ പുതിയ പ... : ഇതുവരെ  ശീലിക്കാത്ത ഓരൊ അനുഭവങ്ങളും നമുക...