Saturday 30 April 2016

ഉത്സവ ലഹരികൾ .... ! / Ulsava Laharikal ... !

അലയാഴികളിലെ തിരമാലകളെ
പോലെ ഓളം തള്ളിയും തിരയടിച്ചും
അമ്പത് കൊല്ലം ജീവിതത്തിൽ നിന്ന് ഇത്രവേഗം കൊഴിഞ്ഞ് പോയല്ലൊ എന്ന നഷ്ട്ടബോധമൊന്നും , ആ പിന്നിട്ട വഴികളിലേക്ക്  തിരിഞ്ഞ് നോക്കുമ്പോൾ  എന്നെയൊന്നും ഒട്ടും അലട്ടാറില്ല ...

പലപ്പോഴും ബന്ധു മിത്രാധികൾക്കൊപ്പം ആർമാദിച്ചാടിയ സന്തോഷങ്ങളാണ് , പല ദു:ഖങ്ങളേക്കാളും , സന്താപങ്ങളേക്കാളും എന്നെ സംബന്ധിച്ചിടത്തോളം ; എന്നും മധുര സ്മരണകളിൽ മുന്നിട്ട് നിൽക്കാറുള്ളത് ...

ഇത്തരത്തിലുള്ള പിന്നിട്ടുപോയ  മധുരമൂറുന്ന പല  സ്മരണകളും വീണ്ടും അയവിറക്കുവാൻ വേണ്ടിയാണ് ഞാൻ ഇത്തവണ , ഒരു ഒറ്റയാൾ പട്ടാളമായി നാട് താണ്ടാൻ പോയത് ...
അതോടൊപ്പം സ്വന്തം ജീവിത രീതികളാ‍ൽ സ്വയം കേടുവരുത്തിയ ചില ശാരീരിക ആന്തരിക അവയവങ്ങളുടെ അറ്റകുറ്റ പണികൾ  നാട്ടിൽ വെച്ച് നടത്തുവാനൊ , പ്രതിവിധിക്കൊ  വല്ല മാർഗ്ഗവും ഉണ്ടോ‍ എന്നന്വേഷിക്കുകയും വേണമായിരുന്നു... !

ഇതിനെല്ലാത്തിനേക്കാളും  ഉപരി ; ജോലി , കുടുംബം മുതലായ ബന്ധനങ്ങളിൽ നിന്നും തൽക്കാലം ഒരു മോചനം നേടി നാട്ടിലെ പണ്ടത്തെ കൂട്ടുകാർക്കും , കൂട്ടുകാരികൾക്കുമൊപ്പം ഒത്ത് കൂടി വീണ്ടും ചില കളി വിളയാട്ടങ്ങൾ നടത്തണമെന്നുള്ള ഒരു കലശലായ മോഹവും ഉണ്ടായിരുന്നു ... !

"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും 
ബന്ധനം ബന്ധനം തന്നെ പാരില്‍ " 
എന്നാണല്ലോ പറയുക അല്ലേ ...

അങ്ങിനെ നാലാഴ്ച്ചക്കാലം നാട്ടിൽ ചിലവഴിച്ച , അടിച്ചു പൊളിച്ചടക്കിയുള്ള ഒരു പരോൾ കാലം കഴിഞ്ഞ് വീണ്ടും ലണ്ടനിലെ വീട്ട് തടവറയിൽ എത്തിയപ്പോൾ , ഏതാണ്ട് ഒരു മാസത്തോളം പിന്നിട്ട  കിടിലനായ ഒരു  ‘ഡിജിറ്റൽ ഡൈറ്റ് ‘ കാരണം ,
വല്ലാതെ ശോഷിച്ചു പോയ എന്റെ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ  ഒരു ആർത്തി പണ്ടാരത്തെ പോലെ ഓടിനടന്ന് വല്ലാതെ വിവശനായിരിക്കുമ്പോഴാണ് , ആ നാട്ടു കാഴ്ച്ചകളെ കുറിച്ച് എന്തെങ്കിലും കുറിച്ചിടാമെന്ന് കരുതി ഈ ബിലാത്തി പട്ടണത്തിന്റെ ഉമ്മറത്ത് ഇപ്പോൾ വന്നത് ...

വിദേശ  വാസത്തിൽ നീണ്ടകാലം ജീവിതം തള്ളി നിൽക്കുന്ന ഒരാളെ സംബന്ധിച്ച്  സ്വന്തം ജന്മനാട്ടിൽ ആർമാദിച്ചാടിയിട്ടുള്ള  പണ്ട്  ബാല്യകാലത്തും , ചോര തിളപ്പാർന്ന അന്നത്തെ യൌവ്വന കാലത്തുമൊക്കെ ഉണ്ടായിരുന്ന മിത്രങ്ങളും -  അവരോടൊന്നിച്ച് കഴിച്ച് കൂട്ടിയ , ആ നല്ല നാളുകളും ജീവിതത്തിൽ നിന്നും ഒരിക്കലും മായ്ച്ചുകളയാത്ത സ്മരണകൾ തന്നെയാണ് ...!

വർഷങ്ങൾക്ക് ശേഷം ആയവയിൽ ചിലതൊക്കെ അന്നുണ്ടായിരുന്ന ആ മിത്ര കൂട്ടായ്മയുമായി വീണ്ടും കൊണ്ടാടുമ്പോഴുള്ള ചില കൊച്ചുകൊച്ച് മധുര സ്മരണകളുടെ കൂമ്പാരമായിരുന്നു ഈ അവുധിക്കാലം എനിക്ക് സമ്മാനിച്ചത് ...
പരസ്പരം സ്നേഹിച്ചും കലഹിച്ചും ഓരോരുത്തരുടെയും സന്തോഷങ്ങളും , ദു:ഖങ്ങളും ഒരുമിച്ച് പങ്കുവെച്ച് , ബന്ധുക്കളോടൊന്നും ചൊല്ലിയാടാത്ത പല രഹസ്യങ്ങളുടേയും കെട്ടുകളഴിച്ച് , പ്രണയങ്ങൾക്ക് കാവലിരുന്നും , കൂട്ടുപോയും നാട്ടിലും പരിസരങ്ങളിലുമുള്ള എന്ത് കുണ്ടാമണ്ടികളിലും ചെന്ന് തലയിട്ട് എന്തിനും , ഏതിനും പോന്ന ഒരു കൂട്ട്കെട്ട് തന്നെയായിരുന്നു അന്ന് ഞങ്ങൾക്കുണ്ടായിരുന്നത്...
ആയതിന്റെയൊക്കെ പഴങ്കഥകൾ അയവിറക്കിയുള്ള ഒത്ത് ചേരലുകളുടെ ആഹ്ലാദങ്ങളാണ് ഞങ്ങൾ വീണ്ടും പങ്കിട്ടെടുത്തത്...

കൂടാതെ അഞ്ചെട്ട് കൊല്ലമായി എന്നുമെന്നോണം എന്റെ  സൗഹൃദ  വലയത്തിൽ അഭിരമിച്ചുകൊണ്ടിരിക്കുന്ന നാട്ടിലുണ്ടായിരുന്ന ഒട്ടുമിക്ക ഓൺ-ലൈൻ മിത്രങ്ങളുമായിട്ട് ചില കണ്ടുമുട്ടലുകളും , അല്പസൽപ്പം സൊറ പറച്ചിലുകളും നടത്തുവാൻ പറ്റി എന്നുള്ള  സന്തോഷം കൂടി ഒരു ഇരട്ടി മധുരം പോലെ ഇത്തവണത്തെ നാട്ടിൽ പോക്കിൽ എടുത്ത് പറയാവുന്ന സംഗതികൾ തന്നെയായിരുന്നു ...
 നാട്ടിലെത്തിയതിന്റെ പിറ്റേന്ന് പ്രഥമമായി നെന്മാറ വല്ലങ്കി വേല കാണുവാനാണ് ആദ്യകാലത്തുള്ള ഒരു വനിതാ ബ്ലോഗ്ഗറടക്കം ഞങ്ങളഞ്ച് പേർ പാലക്കാടൻ കൊടുംചൂടിലേക്ക് വണ്ടി വിട്ടത് . വല്ലങ്കിക്കാരുടെ വെടിക്കെട്ടിന്റെ കൊട്ടിക്കലാശത്തിനിടയിൽ ഒരു ഗുണ്ട് മുകളിൽ പോകാതെ താഴെ ഞങ്ങളുടെ മുമ്പിൽ വന്ന് ചേറിൽ വീണ് പൊട്ടി അപകടമൊന്നും പറ്റാതെ രക്ഷപ്പെട്ടത് എന്തോ കുരുത്തം കൊണ്ടാണെന്ന് തോന്നുന്നു ...

അതിന് ശേഷം സ്വന്തം ഇടവകയിലെ വട്ടപ്പൊന്നി വിഷു വേലയും അതോടോപ്പമുള്ള നാടൻ കലാരൂപങ്ങളുടെ ആട്ടവും പാട്ടും ജയരാജ് വാര്യരും , ശില്പി രാജനുമടക്കം നാട്ടിലെ അനേകം പഴയ കൂട്ടുകാർക്കൊപ്പം രണ്ട് ദിവസമാണ് ആർമാദിച്ച് കൊണ്ടാടിയത് ...

അതേ പോലെ തന്നെയായിരുന്നു നെടുപുഴ ഹെർബട്ട് നഗർ പൂരവും , കാവടിയാട്ടവും കണ്ടാസ്വദിച്ചത് ...
പിന്നെ കൊടുങ്ങല്ലൂർ ഭരണിക്ക് പോയത് നാൽവർ സംഘമായ പഴയ ബൂലോകരുടെ കൂടെയാണ്. ന്യൂ-ജെനറേഷൻ ടീംസിന്റെ കുമ്മിയടിച്ചുള്ള ഭരണിപ്പാട്ടുകളുടെ ആവിഷ്കാരമാണ് അവിടെ ഇപ്പോൾ ഒരു പ്രത്യേകതയായി കണ്ടത് . ജനങ്ങൾക്കൊക്കെ പണ്ടുള്ളതിനേക്കാൾ ഭക്തിയും വിഭക്തിയും ഇത്തിരി കൂടി പോയൊ എന്നാണ് അവിടത്തെയൊക്കെ കാട്ടിക്കൂട്ടലുകൾ കണ്ടപ്പോൾ ശരിക്കും തോന്നി പോയത് ...

കൊല്ലത്തുണ്ടായ നാടിനെ നടുക്കിയ വെടിക്കെട്ട് ദുരന്തം മാധ്യമങ്ങൾക്ക് ചാകരയായപ്പോഴൊക്കെ ഞാൻ ചികിത്സാ വിധികളുടെ തീർപ്പിൽ പെട്ട് കിടക്കുകയായിരുന്നൂ ... !

ആയതിന്റെയൊക്കെ തുടർ നടപടികൾ ഇവിടെ ലണ്ടനിൽ വന്നിട്ടാകാമെന്ന് പിന്നീട് തീരുമാനിക്കുകയും ചെയ്തു ... !

ഇതിന്റെയൊക്കെ പിന്നാലെ സാമ്പിൾ വെടിക്കെട്ട്  മുതൽ നാല് ദിവസം മുഴുവൻ സാക്ഷാൽ തൃശ്ശൂർ  പൂ‍രത്തിന്റെ ലഹരികളിൽ അലിഞ്ഞലിഞ്ഞ് ഇല്ലാതാവുകയായിരുന്നു . ഏതാണ്ട് കാൽ നൂറ്റാണ്ട് മുമ്പ് വരെ ഞങ്ങളൊക്കെ ചുക്കാൻ പിടിച്ച് നടത്തിയിരുന്ന പൂരാഘോഷങ്ങളുടെയൊക്കെ പ്രൌഡി അതുക്കും മേലെയായി പുത്തൻ തലമുറ ഏറ്റെടുത്ത് അതി ഗംഭീരമായി നടത്തുന്നത് കണ്ടപ്പോൾ തീർത്തും അഭിമാനം തോന്നി ... (ദാ...2016 ലെ ഒരു പൂരം ഹൈലൈറ്റ്സ് )


ഒപ്പം തന്നെ പാവറട്ടി പള്ളിപ്പെരുന്നാളും , നാടൻ കലാമേളകളുമൊക്കെ - പണ്ടുള്ള പല ഉത്തമ മിത്രങ്ങളുമായി ഒത്തൊരുമിച്ച് വീണ്ടും നേരിട്ട്  പോയി കണ്ടും കേട്ടും ആസ്വദിച്ചപ്പോഴുള്ള ആ നിർവൃതി  ഒന്ന് വേറെ തന്നെയായിരുന്നു ...
 പിന്നെ ഇന്ന് രൂപ ഭാവങ്ങൾ മാറിപ്പോയ  , പണ്ടത്തെ എസ്. എസ്.എൽ.സി ബാച്ചുകാർ ഞങ്ങളെല്ലാവരും ഒത്ത് കൂടി ഒരു ദിവസം മുഴുവൻ് ആ പഴങ്കഥകൾ പറഞ്ഞ് രസിച്ചത് ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു ...!

ചെണ്ടപ്പുറത്ത് കോലുവെക്കുന്ന ഇന്ന് നാട്ടിലുള്ള ഉത്സവ പറമ്പുകളിലെ വാണിഭമടക്കം , നാട്ടിലെ തൊഴിൽ മേഖലകൾ മുഴുവൻ കൈയ്യേറിയ അന്യ ദേശക്കാർക്കൊപ്പം ഇഴചേർന്ന് , ഗ്രാമീണ സൌന്ദര്യങ്ങൾ വല്ലാതെ ശുഷ്കിച്ച് പോയ നമ്മുടെ നാട്ടിലെ കൊച്ച് കൊച്ച് പട്ടണത്തിന്റെ കുപ്പായമണിഞ്ഞ ഗ്രാമങ്ങൾ താണ്ടി , മോഡേൺ കള്ള്ഷാപ്പുകളിൽ  കയറിയിറങ്ങി  , നാടൻ വിഭവങ്ങളുടെ രുചിയറിഞ്ഞ് , പഴയ കാലത്തെ പോലെ വീറും വാശിയും ആളോളുമൊന്നുമില്ലാത്ത ഇക്കൊല്ലത്തെ തിരെഞ്ഞെടുപ്പ് ജ്വരങ്ങളുടെ ചൂടും ചൂരും തൊട്ടറിഞ്ഞുള്ള അനേകം സഞ്ചാരങ്ങൾ തന്നെയായിരുന്നു എന്റെ ഇത്തവണയുണ്ടായ നാട്ടിലെ ഓരൊ  യാത്രകളും ...

യു.കെയിൽ മെയ് മാസം നടക്കാൻ പോകുന്ന കൌൺസിൽ തിരെഞ്ഞെടുപ്പുകളിലേക്ക് ജാതി -മത -ദേശീയ- വംശീയതകളൊന്നും നോക്കാതെ പൊതുജനത്തിന് സ്വീകാര്യരാ‍യ സ്ഥാനാർത്ഥികളെ അഭിപ്രായ വോട്ടെടുപ്പുകൾക്ക് ശേഷം നിർണ്ണയിച്ചാണ് പാർട്ടികൾ മത്സരിപ്പിക്കുന്നത് . രണ്ടോ , മാക്സിമം മൂന്ന് ടേമിൽ കൂ‍ടുതൽ ഒരു പാർട്ടിയും - ഒരു കാൻഡിഡേറ്റിനും ചാൻസ് കൊടുക്കുന്നില്ല ...!
ഇതെല്ലാം കണ്ട് നാട്ടിൽ അധികാര കസേരകൾ പിടിവിടാതെ , ജീവിതാന്ത്യം വരെ മത്സരിച്ച് - ജാതി മത പ്രീണനങ്ങളിൽ കൂപ്പ് കൂത്തിയുള്ള പാർട്ടിക്കാരെയും , സ്ഥാനാർത്ഥികളെയുമൊക്കെ കാണുമ്പോൾ എന്തോ‍ ഒരു തരം പുഛം തോന്നുന്നു ...!

ഹും.. അതൊക്കെ പോ‍ട്ടെ
ഈ എഴുതിവന്നത് തൽക്കാലം അവസാനിപ്പിക്കാം ...
ലണ്ടനിലെ നാല് ഡിഗ്രി കാലാവസ്ഥയിൽ നിന്നും ഇപ്പോൾ നാട്ടിലുള്ള നാല്പത് ഡിഗ്രി ചൂടിലേക്ക് ഇറങ്ങി ചെന്നപ്പോൾ ശരീരത്തിൽ അടഞ്ഞ് കിടന്നിരുന്ന ശ്വേഥ ഗ്രന്ഥികളെല്ലാം തുറന്ന് അനേകം വിയർപ്പ് കണങ്ങൾ ഒഴുകി പോയി ...

പാഞ്ചാരി മേളത്തിന്റെ ശീലിമയും , ഇലഞ്ഞിത്തറ മേളത്തിന്റെ രൌദ്രവും , പഞ്ചവാദ്യത്തിന്റെ താളങ്ങളും മനസ്സിലേക്ക് ആവാഹിച്ച് , വെടിക്കെട്ടുകളുടെ കൂട്ടപ്പൊരിച്ചിലുകളുടെ ഗാംഭീര്യത്തിൽ സകലമാന ആകുലതകളും അലിയിച്ച് കളഞ്ഞ് എല്ലാ ആഘോഷ ലഹരികളുമായി ശരിക്കും മനം നിറഞ്ഞ കുറെ ഉത്സവ ലഹരികളുടെ ദിനങ്ങളുടെ ശേഷിപ്പുകൾ വാരി നിറച്ചുള്ള ഒരു  വലിയ ഭാണ്ഡം മുറുക്കി വളരെ ശുഭമായ ഒരു തിരിച്ച് യാത്രയോടെ എന്റെ സുന്ദരമായ ഒരു പരോൾ കാലം എത്ര പെട്ടെന്നാണ് തീർന്ന്പോയത് ... !

എന്റെ ഓർമ്മയുടെ മണിവർണ്ണച്ചെപ്പിൽ
കാത്ത്  സൂക്ഷിച്ച്  വെക്കുവാൻ ഇത് തന്നെ ധാരാളം ...
അല്ലെ  കൂട്ടരേ ...

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...