Wednesday 22 December 2010

ആന്റപ്പ ചരിതം ഒരു ഫ്ലാഷ് ബാക്ക് ...! / Antappa Charitham Oru Flash Back ...!

  ഹിമനീലരാവിലൊരു യാത്ര...! /ലണ്ടൻ ടു ലീഡ്സ് .
കനത്ത മഞ്ഞുവീഴ്ച്ചമൂലം നമ്മുടെ ഹർത്താലുകളെ പോലെ വീണുകിട്ടിയ ഒഴിവുദിനങ്ങളും, മറ്റ് കൃസ്തുമസ് ഓഫ് ദിനങ്ങളും ഒന്നിച്ച് കിട്ടിയപ്പോൾ ഈ ഹിമത്തടവറയിൽ നിന്നും , പെണ്ണൊരുത്തിയുടെ ചൊറിച്ചിലുകളിൽ നിന്നും ഒരു റിലീഫ് കിട്ടാൻ വേണ്ടിയാണ് ലണ്ടനിൽ നിന്നും സ്കൂട്ടായി ഞാൻ ലീഡ്സിലെത്തി , അനുജന്റെ ഗെഡി ആന്റോവിന്റെ 'ലാന്റ് ലോർഡിന്റ'ടുത്തെത്തി അവരോടൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്നതും ഈ കഥ കേട്ടതും, കേട്ടപാതി നിങ്ങളോടെല്ലാം വളരെ ശുഷ്കമായിതിനെ പങ്കുവെക്കുവാൻ പോകുന്നതും...

ഇനി പോസ്റ്റൊന്നും എഴുതാതെ ബൂലോഗ ഗെഡികൾക്കും, ഗെഡിച്ചികൾക്കും എന്നെ മിസ്സ് ചെയ്താലും,എനിക്കവരെ മിസ്സാക്കാ‍ൻ പറ്റില്ലല്ലോ എന്ന പരമസത്യവും കൂടി മനസ്സിലാക്കിയപ്പോൾ ഈ സംഗതി തന്നെ പെടച്ചുവിടാമെന്ന് ഞാനും കരുതിയെന്ന് കരുതിക്കോളൂ...

ഇതിന്റെ എല്ലാ ഒറിജിനൽ സംഭവങ്ങളെല്ലാം കൂട്ടിയിണക്കിയിട്ട്..
കഥയും,  നോവലുമഴുതുന്നവർ,  ചേരേണ്ടത് ചേരുമ്പടി ചേർത്ത് , സാഹിത്യത്തിന്റെ മേമ്പൊടിയൊക്കെ ചേർത്ത് , ഈ  കഥ എഴുതുകയായിരുന്നുവെങ്കിൽ മിനിമം ഒരു ബുക്കർ പ്രൈസെങ്കിലും കിട്ടാൻ സാധ്യതയുണ്ടായാനെ...!

എന്തെന്നാൽ ഇതിൽ മൂന്നുതലമുറയുടെ കഥയും,രണ്ടു രാജ്യങ്ങളുടെ ചരിത്രവുമൊക്കെ അതിമനോഹരമായി തിരുകികയറ്റാമെന്നുള്ളതുകൊണ്ട് തന്നെ..!

ഇവിടെ ബിലാത്തിയിലെ, ലീഡ്സില്ലുള്ള  സാലീസ്ബറി കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് കൊണ്ടാടുന്ന കൃസ്തുമസ് ആഘോഷങ്ങളിൽ മാജിക്കവതരിപ്പിക്കുവാൻ വേണ്ടി ആന്റോ എന്നെ വിളിച്ചപ്പോൾ മുതൽ എന്റെ സ്വന്തം പെണ്ണിനൊരു മുറുമുറുപ്പ് തുടങ്ങിയതാണ്....
 മാന്ത്രികനായ മുരളി...!
‘ഇവിടെയൊക്കെ മൈനസ് അഞ്ചും പത്തും ഡിഗ്രി തണുപ്പുള്ളയീയവസ്ഥയിൽ സുഖമാ‍യി ഡ്യുവറ്റിനുള്ളിൽ , മറ്റൊരു ചൂടുകമ്പിളി പോലെ, പരസ്പരം കെട്ടിപ്പിടിച്ചുറങ്ങാതെ ...
ഈ മനുഷ്യനെന്താ മാജിക്കും കളിച്ച് നടക്കുകയാണോ എന്റെ ഈശ്വരൻമാരേ‘
എന്നാണ് അവളുടെ പിറുപിറുക്കലുകളുടെ അർത്ഥം കേട്ടൊ...

ഇമ്മൾക്ക് ഇതിലും നല്ല,  പളപളാ കണക്കെ വെൽവെറ്റുപോലുള്ള
ഡ്യുവറ്റുകൾ കിട്ടുന്നകാര്യം അവൾക്കറിയില്ലല്ലോ...അല്ലേ !

 ബിലാത്തിയിലും സ്വന്തം നാട്ടുകാർ...!
അല്ലാ..ഞാൻ ...ഈ  ആന്റൂനെ പരിചയപ്പെടുത്തിയില്ലാ അല്ലേ
ആളും എന്റെ നാട്ടുകാരനായ ഒരു ബിലാത്തിക്കാരൻ തന്നെയാണ് കേട്ടൊ.

എന്റെ സ്വന്തം നാടായ , കണിമംഗലത്തെ മേരിമാത ടാക്കീസിന്റെ
മുമ്പിൽ പെട്ടിക്കട നടത്തിയിരുന്ന ചാക്കപ്പേട്ടന്റെ മൂന്നാമത്തെ മോൻ..
മൂന്ന് പെങ്ങന്മാരുടെ അരുമയായ കുഞ്ഞാങ്ങള...

നാട്ടിലെ ഒരു കുഞ്ഞുബ്രോക്കർ കൂടിയായിരുന്ന ചാക്കപ്പേട്ടന്റെ കുത്തകയായിരുന്ന സിനിമാകൊട്ടകയിലെ ചായകച്ചവടവും,കപ്പലണ്ടികച്ചവടവും മറ്റും...

ഞങ്ങടെയീ ചാക്കപ്പേട്ടന്റെ ലീലാവിലാസങ്ങൾ
എഴുതുകയാണെങ്കിൽ തന്നെ അഞ്ച്പത്ത് പോസ്റ്റെഴുതാനുള്ള
വകകളുണ്ടാവും, അത്രമാത്രം വീരശൂരപരാക്രമിയായിയിരുന്നു അദ്ദേഹം ...!

ഒരിക്കൽ വൈകുന്നേരം വട്ടപ്പൊന്നിയിലെ
ചാരായമ്മിണ്യേച്ചിയുടെയവിടെ നിന്നും നാടൻ വെട്ടിരിമ്പടിച്ച് പാമ്പായിട്ട്...
പനമുക്കിലുള്ള പാട്ടകൈമളിന്റെ വീട്ടിലെ പട്ടിക്കൂട്ടിനടിയിൽ കിടന്നുറങ്ങി , തലയിൽ
പട്ടി തൂറിയ ചരിത്രവും കണിമംഗലത്തെ ഈ ചാക്കപ്പേട്ടന്റെ പേരിൽ തന്നെയാണ് നാട്ടുകാർ
കുറിച്ച് വെച്ചിട്ടുള്ളത് ...!

അയ്യോ... അപ്പന്റെ കഥ പറഞ്ഞുനിന്നാൽ  മക്കളുടെ കഥയിൽ എത്തില്ല ...
അതുകൊണ്ട്  കഥയിലേക്ക് തന്നെ തിരിച്ചു വരാം അല്ലേ...

ഞങ്ങളെയെല്ലം പുറം ലോകത്തിന്റെ മായ കാഴ്ച്ചകളും, പല പല പുത്തനറിവുകളും
കാട്ടിത്തന്ന ആ മേരിമാതയുടെ സ്ക്രീനും, ഇടവക കൊട്ടകയുമൊക്കെ മരണമണിമുഴക്കി ... കേരളത്തിലെ മറ്റുലോക്കൽ ടാക്കീസുകളെ പോലെ കുറച്ചുകൊല്ലങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്നും വേരറ്റുപോയെങ്കിലും ...

എട്ടുകൊല്ലം മുമ്പ് സപ്തതികഴിഞ്ഞ ശേഷം ചാക്കപ്പേട്ടൻ  ,
ഭാര്യക്ക് പിറകെ , കർത്താവിൽ നിദ്രപ്രാപിച്ചെങ്കിലും ...
ഇന്നും അദ്ദേഹത്തിന്റെ കുടുംബത്തിലെ പിൻഗാമികൾ അവിടെയൊക്കെ
തന്നെ  കിരീടമില്ലാത്ത രാജാക്കന്മാരായി വാഴുകയാണ് കേട്ടൊ.

മൂപ്പരുടെ മൂത്ത പുത്രൻ ജോസ് , ഇന്നത്തെ വലിയ റിയൽ എസ്റ്റേറ്റ് ഉടമയും ,
സിംഹക്ലബ്ബിന്റെ ഭാരവാഹിയും മറ്റുമാണിപ്പോൾ.., മാറ്റുകൂട്ടുവാൻ  അല്പസല്പരാഷ്ട്രീയവും
ഉണ്ടെന്ന് കൂട്ടിക്കോളൂ.
രണ്ടാമത്തോൻ സണ്ണിയും,ആന്റോയും ഒന്നിച്ച് സ്വർണ്ണപ്പണി പഠിക്കാന്‍  പോയിട്ട്
പച്ചപിടിച്ചത് സണ്ണിച്ചനാണ്.ഇന്നവൻ സ്വർണ്ണാഭരണങ്ങളുടെ മൊത്തക്കച്ചവടക്കാരനും,
നാട്ടിലെ ഒരു തലതൊട്ടപ്പന്മാരിൽ ഒരുവനുമാണ്.

മൂന്നാമത്തോൻ, നമ്മുടെ നായകൻ ... ആന്റോ ,
ചേച്ചിമാരുടെ പേറ് നോക്കാൻ പോയ്പ്പോയി മിഷ്യനാശൂപത്രിയിലെ ...
ഇടുക്കിയിൽ നിന്നും പഠിക്കാന്‍  വന്ന നേഴ്സിങ്ങ് സ്റ്റുഡന്റ് റോസാമ്മയുമായി
പഞ്ചാരയും ,പിടിച്ചാൽ പൊട്ടാത്ത ലൈനും ആയി....

പിന്നീട് തട്ടിമുട്ടി നടന്ന അവരുടെ കല്ല്യാണശേഷം
ആന്റോയുടെ പോപ്പുലർ ഓട്ടോമൊബൈസിലെ ജോലികൊണ്ട്
കുടുംബഭാരം മുട്ടതെറ്റെത്തിക്കുവാൻ പറ്റാതെ വന്നപ്പോൾ, കടിഞ്ഞൂൽ
പുത്രി ആൻസിമോളുടെ പരിപാലനം സ്വയം ഏറ്റെടുത്ത്...

റോസാമ്മയെ രണ്ടുകൊല്ലം റിയാദിലെ കിംങ്ങാശുപത്രിയിലെക്ക്
പ്രവാസത്തിന് വിട്ടെങ്കിലും , ചേട്ടന്മാരെപ്പോലെ പുത്തൻ പുരയിടം
വാങ്ങാനോ,പുരവെക്കാനൊ ആന്റൂനന്നൊന്നും പറ്റിയില്ല.

അങ്ങിനെയിരിക്കുന്ന അവസരത്തിലാണ് ,പത്ത് കൊല്ലം മുമ്പ് കോട്ടയത്തെ
ഒരു ഏജന്റ് മുഖാന്തിരം,   റോസാമ്മക്ക് വേണ്ടി ഒരു  ‘യു.കെ .സീ‍നിയർ കെയർ
വർക്ക് പെർമിറ്റ്‘  ഒപ്പിച്ചെടുത്തത്  ...!

സംഭവമതിനുവേണ്ടി കണിമംഗലത്തെ ശവക്കൊട്ടയുടെ
തൊട്ടടുത്തുള്ള ഭാഗം കിട്ടിയ സ്വന്തം തറവാട് വീട് മൂത്ത ചേട്ടന് പണയം വെച്ചിട്ടാണെങ്കിലും....

പാവം റോസാമ്മ,യു.കെയിൽ ഹാംഷെയറിലുള്ള ഒരു ഗുജറാത്തി നടത്തിയിരുന്ന മാനസികരോഗികളായ വൃദ്ധരെ  താമസിപ്പിക്കുന്ന ഒരു നേഴ്സിങ്ങ് ഹോമിൽ എത്തിപ്പെട്ടെങ്കിലും നാട്ടിലെ കടബാധ്യതകൾ കാരണം...

ഒരു കൊല്ലത്തോളം അവിടുത്തെ അന്തേവാസികളുടെ ആട്ടും,തുപ്പും,
മാന്തുമൊക്കെ ധാരാളം വാങ്ങിച്ചകൂട്ടിയിട്ടും , ആന്റോയേയും,മോളേയും
ഡിപ്പെന്റ് വിസയിൽ ഇവിടേക്ക് കൊണ്ടുവരാനായില്ല....

ആ അവസരത്തിൽ നേഴ്സിങ്ങ് ഹോമിലെ അന്തേവാസിയായിരുന്ന ...
ഇവിടെയുള്ള അന്നത്തെ രാജകുമാരിയുടെ പേരിട്ടിട്ടുള്ള, എലിസബത്തെന്ന
സ്വന്തം ചേച്ചിയ... വിസിറ്റ് ചെയ്യുവാൻ വരാറുണ്ടായിരുന്ന, എലീനയെന്ന മദാമ്മച്ചിയുടെ മനസ്സുനുള്ളിൾ കയറി, കൂടുകെട്ടുവാൻ റോസമ്മക്ക് അതിവേഗം സാധിച്ചു.

പിന്നീടിവിടത്തെ തണവിനും,സ്നേഹത്തിനും കൂട്ടായിട്ട്  ആന്റോയും,
മോളും ബിലാത്തിയിലെത്തി ചേർന്നപ്പോൾ എലീന മദാമയുടെ വീട്ടിൽ
ആന്റോവിന് ഒരു കൊച്ചുകാര്യസ്ഥപ്പണി തരമാവുകയും ചെയ്തു...

പണ്ടത്തെ സായിപ്പുമാരുടെ പറുദീസയായിരുന്ന ഇന്ത്യയിലെ
‘ഈസ്റ്റിന്ത്യാ കമ്പനി‘യിലായിരുന്നു ഈ ഏലി സോദരിമാരുടെ ... ഡാഡ്...
റിക്കി സായിപ്പിന് ജോലി.

ആ കാലത്തൊക്കെ പട്ടിണിയും ,പരവട്ടവും, യുദ്ധങ്ങളുമൊക്കെയായി
തണുത്തുവിറച്ച് കഴിഞ്ഞിരുന്ന ഓരൊ വെള്ളക്കാരുടേയും സ്വപ്നം , സമ്പൽ
സമൃദ്ധമായ  ഇന്ത്യയിൽ പോയി ജീവിതം പുഷ്ട്ടിപ്പെടുത്തുക  എന്നതായിരുന്നു !

നമ്മളെല്ലാം ഉപജീവനം തേടി ഇന്നെല്ലാം
വിദേശങ്ങളിൽ പോയി ചേക്കേറുന്ന പോലെ  ...!

അന്നൊക്കെ മദ്രാസ് റീജിയണിൽ വർക്കുചെയ്തിരുന്ന ഡാഡിക്കൊപ്പം
ധാരാളം അവുധിക്കാലങ്ങൾ ഇന്ത്യയിലെ മദ്രാസിലും ,ടെലിച്ചേരിയിലും,ട്രിച്ചിയിലും ,
ട്രിച്ചൂറുമൊക്കെ  ചിലവഴിച്ച ആ സമ്പന്നമായ ബാല്യകാലം , ഇപ്പോഴും നല്ല വിസ്മയം തീർക്കുന്ന വർണ്ണക്കാഴ്ച്ചകളായി...
ഈ എലീന മദാമ വിവരിക്കുമ്പോൾ നമ്മളെല്ലാം കോരിത്തരിച്ചു പോകും കേട്ടൊ !


ഈ ചേച്ചിയനുജത്തിമാരുടെ ആസ്ത്രേലിയയിലും,അമേരിക്കയിലുമൊക്കെയായി
കുടിയേറ്റം നടത്തിയ മക്കളും,പേരക്കുട്ടികളും ബന്ധങ്ങൾ മുഴുവൻ...
വല്ലപ്പോഴുമുള്ള ഫോൺകോളുകളിലോ, ബർത്ത്ഡേയ് കാർഡുകളിലോ,
ക്രിസ്റ്റ്മസ് സമ്മാനങ്ങളിലോ ഒതുക്കിയതു കൊണ്ടാകാം...

രണ്ടായിരത്താറിൽ എലിസബത്ത് മദാമ മരിച്ചപ്പോൾ , സ്വത്തുവകകളെല്ലാം
ആ മഹതി എന്നോ എഴുതിവെച്ചിരുന്ന ആധാരപ്രകാരം വളർത്തുപട്ടികൾക്കും,
പൂച്ചകൾക്കും,പിന്നെ ഭാരതത്തിലെ ഒരു ആൾ ദൈവത്തിനും കിട്ടിയത്..!

പട്ടീടേം, പൂച്ചേടേം, ‘മറ്റുള്ളവരുടേയും‘  ഭാഗ്യം ..അല്ലേ.

പണ്ടത്തെ ഈസ്റ്റിന്ത്യാ കമ്പനി ഇപ്പോളൊരു ഇന്ത്യാക്കാരൻ പിടിച്ചെടുത്തത് പോലെ ,
അന്നിവർ നമ്മുടെ നാട്ടിൽ നിന്നും കൊണ്ടുവന്നിരുന്ന മുതലുകൾ  ഭാരതീയർക്ക് തന്നെ വീണ്ടും
മടക്കി കിട്ടികൊണ്ടിരിക്കുന്ന പ്രതിഭാസങ്ങൾ എന്നുവേണമെന്നും ഇതിനെയൊക്കെ വിശേഷിപ്പിക്കാം അല്ലേ !

അതുപോലെ തന്നെ അപ്പന്റെ കാലശേഷം ...
കഴിഞ്ഞ എട്ടുകൊല്ലമായിട്ട് നാട്ടിലൊന്നും തീരെ പോകാതെ , ആനുവൽ ലീവിനൊക്കെ
എലീന മദാമയേയും,റോജർ സായിപ്പിനേയും കൂട്ടി....  ലോകം മുഴുവൻ കണ്ട് ഹോളിഡേയ്  ആഘോഷിച്ച് നടക്കുകയാണ്  ആന്റോയുടെ കുടുംബമിപ്പോൾ...

ഈ എലീന മദാമയേയും, മൂപ്പത്തിയാരോടൊപ്പം നാൽ‌പ്പതുകൊല്ലമായുള്ള
മൂന്നാം പാർട്ട്നർ റോജർ സായിപ്പിന്റേയും കെയററാണ് ഇന്ന് ആന്റൊ...

ഒപ്പം ഇവരുടെ ഫാം ഹൌസ്സിന്റെയും , സ്വത്തിന്റേയും ‘കെയർ ടേക്കർ ‘
കൂടിയായി മാറി ഇവരോടോപ്പമിപ്പോൾ താമസിക്കുന്ന ആന്റോവിന്റെ  കുടുംബം...
 ചില കഥാപാത്രങ്ങളും കഥാകാരനും..,!
സ്വന്തം അപ്പനമ്മമാരേക്കാൾ ഭംഗിയായിട്ടാണ് ആന്റോ-റോസ് ദമ്പതികൾ
ഈ വെള്ളക്കരെ ഇന്ന് ശുശ്രൂഷിച്ചു കൊണ്ടിരിക്കുന്നത് ...

ഇവരുടെ മക്കൾ ഈ ഗ്രാന്റമ്മക്കും,ഗ്രാന്റ്ഡാഡിനും കൊടുക്കുന്ന
സ്നേഹം കണ്ടാൽ നമുക്ക് പോലും അസൂയ തോന്നും..!

ഈ ദമ്പതികളുടെ മൂത്തമകൾ ആൻസി മോൾക്കും,
ഇവിടെ വെച്ചുണ്ടായ ചാക്സൺ മോനുമാണ് എലീന/റോജർ ജോഡികൾ...
കാലശേഷം അവരുടെ സ്വത്തുക്കളുടെ വിൽ‌പ്പത്രം എഴുതിവെച്ചിട്ടുള്ളത്....!

ഇതുകേട്ടപ്പോഴുള്ള കുശുമ്പോണ്ടൊന്നുമല്ല കേട്ടൊ
പണ്ട് പറയാറില്ലേ ...
അതെന്ന്യെയിത് ...
‘ഭാഗ്യളോന്റെ മോത്ത് പട്ടി തൂറും !‘

അതേപോലെ കണ്ടത് പറഞ്ഞവന് കഞ്ഞിയില്ല എന്നുപറഞ്ഞ പോലെ,
ഈ സത്യങ്ങളെല്ലാം തുറന്നെഴുതിയതിന്, ഈയ്യുള്ളവന്റെ കഞ്ഞ്യുടി മുട്ടാനും
സാധ്യതയുണ്ടെന്ന് തോന്നുന്നു...

സങ്കരചരിതം എഴുതിയപ്പോൾ കിട്ടിയപോലെതന്നെ നാട്ടുകാരുടെ
കൈയ്യിൽ നിന്നും തന്നെയായിരിക്കും ഇത്തവണയും നന്നായി കിട്ടാൻ സാധ്യതകാണുന്നത്..

എന്തായാലും ഈ അവസരത്തിൽ എന്റെ
എല്ലാ ബൂലോഗ മിത്രങ്ങൾക്കും അതിമനോഹരവും,
സന്തോഷപ്രദവുമായ കൃസ്തുമസ് ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....


കൂടാതെ നിങ്ങൾക്കെല്ലാം ഇനിമേൽ ‘ബൈബിൾ പുതിയനിയമം‘
മലയാളത്തിൽ ,  നിങ്ങളുടെ വിരൽതുമ്പൊന്ന് ക്ലിക്കിയാൽ ബിലാത്തിയിൽ
നിന്നുമിറങ്ങുന്ന സ്നേഹസന്ദേശത്തിന്റെ  ഈ ഹെഡർ പേജിൽ നിന്നും ഇഷ്ട്ടവാക്യങ്ങൾ തെരെഞ്ഞെടുത്ത് വായിക്കാവുന്നതാണ്  കേട്ടൊ കൂട്ടരെ


new year 2011 scraps
അമിട്ടും കുറ്റികൾ !ലേബൽ :‌-
നുവം.

Tuesday 30 November 2010

ഒരു പ്രണയത്തിൻ വർണ്ണപ്പകിട്ടുകൾ ... ! / Oru Pranayatthin Varnnappakittukal ... !

 ലണ്ടനിലെ കർണ്ണശപഥം കഥകളിയരങ്ങ് ...!
(കലാമണ്ഡലം ഗോപിയാശാനും സംഘവും)
ഇവിടെയീ നവംബറിൽ നവാനുഭൂതികൾ പരത്തി നേരത്തെ
തന്നെ വിരുന്നെത്തി പെയ്തിറങ്ങിയ മഞ്ഞുകണങ്ങളേക്കാൾ കാണികളെ
കൂടുതൽ കുളിരണിയിച്ചത്, പത്മശ്രീ കലാമണ്ഡലം ഗോപിയാശാനും സംഘവും
നവ രസങ്ങളോടെ ബിലാത്തിയിൽ ആടിക്കളിച്ച,  കലാമിത്ര സംഘടിപ്പിച്ച കഥകളിയരങ്ങുകളായിരുന്നു. ....!

85 ശതമാനവും മലയാളികളല്ലാത്തവർ കീഴടക്കിയ സദസ്സുകളൊന്നിൽ, എന്റെ തൊട്ടടുത്ത്  കളിയാസ്വാദകയായിരുന്ന വെള്ളക്കാരിയിൽ നിന്നും കർണ്ണശപഥം കഥകളിയുടെ...
കഥാസന്ദർഭം കേട്ടറിഞ്ഞപ്പോൾ മലയാളത്തിന്റെ തനതായ ഈ കലയിലുള്ള എനിക്കുള്ള അല്പജ്ഞാനമോർത്ത് ഞാൻ സ്വയം ലജ്ജിച്ചു പോയി....!

എന്തുചെയ്യാം...
അല്ലെങ്കിലും നമ്മുടെ പല നല്ലകാര്യങ്ങളും സായിപ്പിന്റെ കൈ കൊണ്ട്
കോരിത്തരുമ്പോഴാണല്ലൊ ഏറെ സ്വാദോടെ നമ്മളെല്ലാം വെട്ടിമിഴുങ്ങാറ് അല്ലേ...

അതെ ഈ കലാ-സാഹിത്യ സംഗതികളോടൊക്കെയുള്ള വല്ലാത്ത
പ്രണയം കാരണം ഇപ്പോൾ മറ്റുയാതൊന്നിനും സമയം കിട്ടുന്നില്ലാ എന്ന അവസ്ഥയിലായിരിക്കുകയാണ് എന്റെ സ്ഥിതി വിശേഷങ്ങൾ...
എന്നാ‍ലിനി എന്റെ ഒരു യഥാ‍ർത്ഥ
പ്രണയ കഥയിലേക്ക് ഒന്ന് എത്തി നോക്കിയാലോ..?
സംഭവം നടക്കുന്നത് ഒരു രണ്ടരക്കൊല്ലം മുമ്പാണ് കേട്ടൊ..


അതായത് തണ്ടലു കൊണ്ടുള്ള അല്പം പണി കൂടുതൽ കാരണം ..
ഇവന്റെ തണ്ടലിനൊരു പണികൊടുത്താലോ എന്നുകരുതിയിട്ടാകാം ..
ദൈവം തമ്പുരാൻ ഈയ്യുള്ളവനെ
ഒരു ‘മൈക്രോഡിസക്ട്ടമി‘ സർജറി ഇവനിരിക്കട്ടെ
എന്ന് വരം നൽകി , എന്നെ രണ്ടായിരത്തിയെട്ട് മാർച്ചിൽ
റോയൽ ലണ്ടൻ ആസ്പത്രിയിൽ അഡ്മിറ്റ് ചെയ്യിപ്പിച്ചത്...

ഇന്ത്യയുടെ പല വി.ഐ.പി.മാരായ
മന്ത്രി പുംഗവന്മാരും .., ക്രിക്കറ്റ് തലതൊട്ടപ്പന്മാരുമൊക്കെ
കിടന്ന ബെഡ്ഡിൽ കിടക്കുവാനുള്ള ഈ മണ്ടന്റെ ഒരു ഭാഗ്യം നോക്കണേ...!
 Royal Mandan in Royal London Hospital /March 2008

മുപ്പത് മാസം മുമ്പാണ് എന്റെ ഈ പുത്തൻ പ്രണയിനിയെ ..
വേറൊരു മിത്രമായിരുന്ന, മേരികുട്ടി എനിക്കന്നാ ആ ആസ്പത്രി
കിടക്കയിൽ വെച്ച് പരിചയപ്പെടുത്തിതന്നത്....

ആദ്യം കരുതി ഇത്ര യൂറോപ്പ്യൻ സുന്ദരിമാരും മറ്റും അഴിഞ്ഞാടുന്ന
ഈ ബിലാത്തിയിൽ , ഞാനെന്തിന്  വെറും ഒരു ശരാശരിക്കാരിയായ ,
ഈ തനി മലയാളിപ്പെണ്ണിനെ എന്റെ സൗഹൃദത്തില്‍  കൂട്ടണം എന്ന്....

പക്ഷെ തനി മലയാളിത്വ തനിമകളോടെയുള്ള അവളുടെ
ലാസ്യ വിന്യാസങ്ങൾ കണ്ടപ്പോൾ ഞാ‍നവളിൽ തീർത്തും
അനുരക്തനായി എന്നുപറയുകയായിരിക്കും കൂടുതൽ ഉത്തമം ...!

പോരാത്തതിനാ സമയം കുറച്ചുനാൾ തീർത്തും ബെഡ് റെസ്റ്റിലായിരുന്ന
എന്നെ ഏതു സമയത്തും വന്ന് ആശ്വാസിപ്പിക്കാമെന്നുള്ള അവളുടെ വാഗ്ദാനം
കൂടി ആയപ്പോൾ , ആയത് എന്നെ കൂടുതൽ സന്തോഷിപ്പിക്കുകയും ചെയ്തു...

എന്തിന് പറയുന്നു വെറും ആറുമാസം
കൊണ്ട് ഞങ്ങൾ പിരിയാനാകാത്തവിധം അടുത്തുപോയി...!

വയസ്സാങ്കാലത്തുണ്ടായ ഈ പ്രേമം മൂത്ത് മുരടിച്ച് വേറെ കുഴപ്പങ്ങളൊന്നുമുണ്ടാക്കില്ല
എന്ന ഉറപ്പിൻ മേൽ ഭാര്യയും, മകളും അവർക്കീബന്ധത്തിന് പൂർണ്ണസമ്മതമല്ലെങ്കിലും,
ഒരു ചിന്ന വീടായി കുറച്ചുകാലം കൊണ്ടുനടന്നുകൊള്ളുവാൻ മൌനാനുവാദം കൂടി തന്നതോടെ

പൊട്ടന് ഓണേഷ് കിട്ടിയ പോലെയായി എന്റെ കോപ്രായങ്ങൾ...!

തന്നില്ലെങ്കിൽ അവർക്കറിയാം ഇത് നാടല്ല...
ബിലാത്തിയാണ് ... ആർക്കും സ്വന്തം ഇഷ്ട്ടം പോലെ
ആരുമായിട്ടും ഏതുപോലെയും രമിച്ച് മതിച്ച് ജീവിക്കാമെന്ന് ...!

അങ്ങിനെ 2008-ലെ ; കേരളപ്പിറവിദിനമായ നവംബർ ഒന്നിന്
ഞാനുമീസുന്ദരിയും കൂടി അനൌദ്യോഗികമായ ഒരു എൻഗേജ്മെന്റ്
ഉണ്ടായെങ്കിലും, ആദ്യസമാഗമമുണ്ടായത് ദിവസങ്ങൾക്ക് ശേഷമാണ്....

മറ്റുള്ളവരെ അഭിമുഖീകരിക്കുവാനുള്ള ഒരു ചെറിയ വിമുഖത കാരണം ,
മാസാവസാനം നവംബർ മുപ്പതിനാണ്  ഞങ്ങൾ രണ്ടുപേരും കൂടി ഒന്നിച്ച് പാർപ്പ് തുടങ്ങിയത്...!

ഈ മലയാളി ബൂലോഗമങ്കയുമായുള്ള ഈ സുന്ദര
ദാമ്പത്യത്തിന് ഇന്ന് രണ്ടുവർഷം തികഞ്ഞിരിക്കുകയാണ് കേട്ടൊ.

യെസ്സ്...
ദി  സെക്കന്റ് ഹാപ്പി ബ്ലോഗ് ആനിവേഴ്സറി !

ഞങ്ങളുടെ വീടായ ഈ ബിലാത്തിപട്ടണത്തിൽ   ഇന്ന് ചിയേഴ്സ് പാർട്ടിയാണ്....!

തുടങ്ങാം അല്ലേ....

“എല്ലാവർക്കും ചിയേഴ്സ് !“

ഒരു കാര്യം വാസ്തവമാണ് , ഈ  ‘‘ബിലാത്തിപട്ടണമില്ലായിരുന്നെങ്കിൽ ‘’
നിങ്ങളുടെയെല്ലാം മുമ്പിൽ വെറുമൊരു വട്ടപൂജ്യമായിമാറി , ഇവിടത്തെ ലണ്ടൻ
മല്ലുമാധ്യമങ്ങളിൽ വല്ലപ്പോഴും വല്ല റിപ്പോർട്ടുകളൊ, മറ്റോ എഴുതി  വെറുതെയിവിടങ്ങളിൽ
ട്ടായം കളിച്ച് തീരേണ്ടതായിരുന്നു എന്റെ ജന്മം!

പകരം എനിക്കിപ്പോൾ കിട്ടിയിരിക്കുന്നതോ ...
ഒന്ന് കണ്ടിട്ടോ, മിണ്ടീട്ടൊ ഇല്ലാത്ത ഭൂലോകം
മുഴുവൻ വ്യാപിച്ചുകിടക്കുന്ന അനേകം ബൂലോഗമിത്രങ്ങൾ...!

ഒപ്പം കണ്ടൂം , മിണ്ടീം ഇരിക്കുന്ന ഏത് ബന്ധുക്കളേക്കാളും , മറ്റു കൂട്ടുകാരേക്കാളും
വിശ്വസിക്കാവുന്ന ഉത്തമമിത്രങ്ങളായി തീർന്ന അനേകം ബൂലോഗർ വെറേയും...!

നന്നായി വായിക്കുമായിരുന്നുവെങ്കിലും ...
ഒരിക്കലും ഒരു നല്ല എഴുത്തുകാരനൊന്നുമല്ലെങ്കിലും ...
ഈ കഴിഞ്ഞ രണ്ടുകൊല്ലത്തിനിടയിൽ  , ഞാൻ കണ്ടകാഴ്ച്ചകളും...
വിശേഷങ്ങളും , എന്റെ മണ്ടത്തരങ്ങളുമെല്ലാം കുറച്ച് ‘പൊക്കിത്തരങ്ങളുടെ‘
അകമ്പടിയോടെ എന്നെ കൊണ്ട് ആവുന്ന വിധം നിങ്ങളുമൊക്കെയായി , പലതും
പല വിധത്തിലും ,പല തരത്തിലും പങ്കുവെച്ചുകൊണ്ടിരിക്കുകയായിരുന്നു....അല്ലേ

 പഴയ വീഞ്ഞ് ,പുതിയകുപ്പിയിൽ ...!
പഴയ വീഞ്ഞ് പുത്തൻ കുപ്പിയിൽ പകർത്തിവെക്കുന്ന പോലെ ...
പണ്ടെല്ലാം തോന്നുമ്പോൾ ഒരോന്ന് റഫായി ഓരോരൊ കൊല്ലത്തെ
ഡയറിയുടെ താളുകളിൽ കുറിച്ചിട്ട എന്റെ ‘തലേലെഴുത്തുകളും, മറ്റുമെല്ലാം’
 കുറച്ച് മേമ്പൊടിയും , മസാലക്കൂട്ടുകളുമെല്ലാം  ചേർത്ത് ഇപ്പോൾ ഈ ബിലാത്തി
പട്ടണത്തിൽ  ജസ്റ്റ് വിളമ്പിവെക്കുന്നു  എന്നുമാത്രം.... !

ഓരോ കൂട്ടുകാരും ഇതൊക്കെ വന്ന് കഴിച്ചുപ്പോകുമ്പോഴുണ്ടാകുന്ന
ആ ഏമ്പക്കം കേൾക്കുമ്പോള്‍ എനിക്കുണ്ടാകുന്ന ,  ആ സംതൃപ്തി ഒന്ന്
വേറെ തന്നേയാണ് കേട്ടൊ കൂട്ടരേ...
വേറെ ഏതൊന്നിൽ നിന്നും കിട്ടുന്നതിനേക്കാളേറെ ഒരു സുഖം... !

കഴിഞ്ഞനൂറ്റാണ്ടിന്റെ അവസാനത്തിലും, പുതുനൂറ്റാണ്ടിന്റെ
ആരംഭത്തിലുമൊക്കെ ഞാനെഴുതി നിറച്ചുവെച്ച ചില ‘അമിട്ടുംകുറ്റി‘കൾ
പൊടികളഞ്ഞെടുത്ത് , ഇതിനിടയിൽ ചിലപ്പോഴെക്കെ പല രചനകളോടൊപ്പം
ഒരു വർണ്ണപ്പൊലിമക്ക് വേണ്ടി എടുത്ത് പൊട്ടിക്കുകയും ചെയ്തിട്ടുമുണ്ട് കേട്ടൊ...

പിന്നെ ചില ‘കുഴിമിന്നൽ തീർക്കുന്ന അമിട്ടുകൾ ‘ ഇപ്പോഴും
പൊട്ടിക്കാൻ ധൈര്യമില്ലാ‍തെ വെടിക്കെട്ട് പുരയിൽ ഇപ്പോഴും
വളരെ ഭദ്രമായി സൂക്ഷിച്ചു തന്നെ വെച്ചിരിക്കുകയാണ്...!!

പൊട്ടിക്കാത്ത പഴേ അമിട്ടും കുറ്റികൾ...!!
ബൂലൊഗത്ത് പ്രവേശിച്ചതോടുകൂടി സ്ഥിരം ചെയ്തിരുന്ന ആനുകാലികങ്ങളിലും,
മറ്റും ഉണ്ടായിരുന്ന ആഴത്തിലുള്ള വായന നഷ്ട്ടപ്പെട്ടെങ്കിലും, ബോറഡിച്ചിരിക്കുന്ന ജോലിസമയങ്ങളിൽ ബൂലോഗം മുഴുവൻ തപ്പി നടന്നുള്ള ഒരു വയനാശീലം ഉടലെടുക്കുകയും ചെയ്തതോടെ പല പല നാട്ടുവിശേഷങ്ങൾക്കൊപ്പം , നവീന കഥകളും ,ആധുനിക കവിതകളും,
ആയതെല്ലാം പങ്കുവെച്ച ബൂലോഗരേയുമൊക്കെ  നേരിട്ടറിയാൻ കഴിഞ്ഞു എന്ന മേന്മയും ഉണ്ടായി കേട്ടൊ .

നമ്മുടെ ഈ ബൂലോഗത്ത് നല്ല അറിവും വിവരവും പങ്കുവെക്കുന്നവർ തൊട്ട് ,
വെറും കോപ്പീപേസ്റ്റുകൾനടത്തുന്ന മിത്രങ്ങളെ വരെ  കണ്ടുമുട്ടുവാൻ സാധിച്ചിട്ടുണ്ട്...
ഒപ്പം സ്വന്തം തട്ടകങ്ങളിൽ കിരീടം വെക്കാത്ത പല രാജക്കന്മാരേയും..
വൈഭവങ്ങളിൽ തങ്ങളെ വെല്ലാൻ ആരുമില്ലെന്ന് തെളിയിക്കുന്ന ചില റാണിമാരേയും
എനിക്കിവിടെ കാണുവാൻ  സാധിച്ചു ...

പിന്നെ അതിപ്രശസ്തരും അപ്രശസ്തരുമായ ധാരാളം പേർ
കുറെനാളുകൾക്കുശേഷം പല സങ്കുചിത / സാങ്കേതിക / വ്യക്തിപരമായ
കാരണങ്ങളാൽ ബൂലോഗത്ത് നിന്ന് വിട്ടുനിൽക്കുന്നകാഴ്ച്ചകളും കൂടി വളരെ
ദു:ഖത്തോടെ കാണുകയും ചെയ്യുന്നുണ്ട്....
ഒപ്പം നല്ല കഴിവും,പ്രാവീണ്യവുമുണ്ടായിട്ടും ഒരു
നിശ്ചിത ഗ്രൂപ്പിനുള്ളിൾ ഒതുങ്ങി കഴിയുന്നവരും ഇല്ലാതില്ല കേട്ടൊ.

വളരെ ചുരുങ്ങിയ കാലം കൊണ്ട് ബൂലോഗത്തുനിന്നും
കുറേപേർ ഇതിനിടയിൽ മലയാളസാഹിത്യലോകത്തേക്കും,
സാംസ്കാരിക രംഗത്തേക്കും, പൊതുരംഗത്തേക്കുമൊക്കെ ആനയിക്കപ്പെട്ടതിൽ
നമ്മൾ ബൂലോഗർക്കൊക്കെ അഭിമാനിക്കാം അല്ലേ....!

അതുപോലെ തന്നെ ഇപ്പറഞ്ഞ രംഗങ്ങളിൽ നിന്നുമൊക്കെ ധാരാളം
പേർ ബൂലോഗത്തേക്കും ഇപ്പോൾ  വന്നുകൊണ്ടിരിക്കുകയാണല്ലോ..!

ഇതോടൊപ്പം എന്റെ മിത്രങ്ങളോട് എനിക്കുണർത്തിക്കുവാനുള്ള
വേറൊരു കാര്യം ഞാനൊരു പുതിയ ജോലിയിൽ രണ്ട് വാരത്തിനുള്ളിൽ
പ്രവേശിക്കുവാൻ പോകുക എന്നുള്ളതാണ്....

അഞ്ചാറുകൊല്ലത്തെ സെക്യൂരിറ്റി ഗാർഡ് / ഓഫീസർ
തസ്തികകൾക്ക് ശേഷം ഒരു ‘സെക്യൂരിറ്റി ഏജന്റ് ‘എന്ന ഉദ്യോഗം ....

സ്പൈ വർക്ക് അഥവാ ചാരപ്പണി !

ആറുമാസമിനി പഠിപ്പും  ട്രെയിനിങ്ങുമായി സോഷ്യൽ നെറ്റ് വർക്കുകൾ
‘ബാൻ‘ ചെയ്ത അന്തരീക്ഷങ്ങളിൽ ഞാനെങ്ങിനെ ഇണങ്ങിചേരുമെന്ന് കണ്ടറിയണം....!

അതുകൊണ്ട് ഈ ചാരപ്പണിയിൽ നിന്നും ആ കമ്പനി
എന്നെ പുറത്താക്കുകയോ, ഞാനുപേഷിച്ച് പോരുകയൊ
ചെയ്തില്ലെങ്കിൽ....
കുറച്ചു നാളത്തേക്ക് ഇതുപോലെ സജീവമായി
എനിക്ക് ബൂലോഗത്ത് മേഞ്ഞുനടക്കുവാൻ സാധ്യമാവില്ല
എന്നുള്ളത് ഉറപ്പാണെങ്കിലും , എന്റെ മണ്ടത്തരത്തോട് കൂടിയ
അഭിപ്രായങ്ങളൊന്നും നിങ്ങളുടെ പോസ്റ്റുകളിൽ കണ്ടില്ലെങ്കിലും ....

നിങ്ങളെ പിന്തുടർന്നുകൊണ്ടിരിക്കുന്ന താഴെയുള്ള
ആ ചാരകണ്ണുകൾ സമയാസമയം , ഒരു ചാരനെപ്പോലെ
ആയതെല്ലാം വീക്ഷിച്ചുകൊണ്ടേയിരിക്കും....
കേട്ടൊ കൂട്ടരേ
 The Folower / ചാരക്കണ്ണുകൾ ! 


നി മുക്ക്  Be Latthi Pattanatthi ലെ  
നി ഒറിജിലായരു കണ്ടതും കേട്ടതും ആയാലൊ
ഇത് വെറും ബി ലാത്തിയല്ല .....കേട്ടൊ
 ഹിമകണങ്ങൾ പെയ്തിറങ്ങുമ്പോൾ.....

നാട്ടിൽ സപ്തതിയാഘോഷിച്ചുകൊണ്ടിരിക്കുന്ന
അച്ഛമ്മയുമായി   പത്തുവയസ്സുകാരനയ എന്റെ മകൻ ഇന്നലെ ,
രണ്ടു ഭാഗത്തേയും  മൈക്ക് ഓൺ ചെയ്തുവെച്ചിരുന്ന ഫോണുകളിൽ
സംസാരിക്കുന്നത് കേട്ടതിൽ നിന്നും ചില ഭാഗങ്ങൾ...

മോൻ       :- “ അമ്മാ‍മ്യേ.... അച്ഛ്നു പുത്യേ -ജ്വാലി കിട്ടീട്ടാ‍ാ‍ാ...
                       സ്പൈ വർക്കാ.. സ്പൈ ഏജന്റ് ”

അച്ഛമ്മ   :-  “ ഉന്തുട്ടാ ജോല്യെയ്ന്റെ മോനെ ... മലയാൾത്ത്യേ ...പറ്യ് ”

മോൻ      :-  “ ജാരൻന്ന് പറയ്മ്മാമേ ...   ജാരൻ  ”

അപ്പോളിതെല്ലാം കേട്ട് വീട്ടിൽ അകം തുടച്ചു
കൊണ്ടിരുന്ന  വേലക്കാരി ആനിയുടെ വക ഒരു കമ്മന്റ്സ്

ആനി    :-   “ ഈശ്വോയെ... ഈ മുർള്യേട്ടനവിടേ പോയിട്ടും ഇപ്പണ്യന്ന്യാ..! “

ഇതെല്ലാം കേട്ട് ചൂലുംകെട്ടിനു പകരം ഇവിടെ അടിച്ച് കോരുവാൻ
ഉപയോഗിക്കുന്ന ബ്രൂം .., എന്റെ പെണ്ണൊരുത്തി എടുക്കുവാൻ പോകുന്നത്
കണ്ട് , കാറിന്റെ കീയെടുത്ത് പെട്ടെന്ന് തന്നെ ഞാനവടന്ന് സ്കൂട്ടായി ..!


എന്ത് ചെയ്യാം ...
ഞാനല്ലവനേ ...
മലയാളം പഠിപ്പിക്കുന്നത്  ...!
എന്റെന്നെയല്ലേ ചെക്കൻ....!
ഉന്തുട്ടാ...ചെയ്യ്യാ..അല്ലേ ...?
ലേബൽ :‌-
രണ്ടാം വാർഷികാനുഭവ കുറിപ്പുകൾ  ...

Monday 15 November 2010

വായ് വിട്ട വാക്കുകളും ചില പ്രവൃത്തികളും...! / Vaay Vitta Vakkukalum Chila Pravritthikalum ...!

വായ് വിട്ട് പോയ വാക്കും ,തൊടുത്തുവിട്ട അമ്പും തിരിച്ചെടുക്കുവാൻ സാധിക്കില്ലായെന്നാണ് പറയാറ്...

പക്ഷേ  ഈ മണ്ടനും,ഇവിടെ പഠിക്കാന്‍  വന്ന ഒട്ടും മണ്ടരല്ലാത്ത സ്റ്റുഡെൻസുമൊക്കെ കൂടിച്ചേർന്ന്  പല ജോലികളുടെ വിശ്രമവേളകളിലും,ഒഴിവുദിനങ്ങളിലെ കമ്പനി കൂടും സദസ്സുകളിലുമൊക്കെ വെച്ച് ഞങ്ങൾ പടച്ചുവിട്ട പല വാക്യങ്ങളും എനിക്കുതന്നെ ഇപ്പോൾ തിരിച്ചുകിട്ടികൊണ്ടിരിക്കുകയാണ് !

പോയ വാക്കുകളൊക്കെ തിരിച്ചുകിട്ടുന്ന കാലം അല്ലേ..
അതെ ഏഴെട്ടുകൊല്ലം മുമ്പ് ഇവിടത്തെ ആംഗലേയമൊബൈയിൽ തമാശകൾ മലയാളീകരിച്ച് തുടങ്ങി വെച്ച ആ വിടുവായത്വങ്ങൾ ഇപ്പോൾ , മലയാളം മെയിലുകളിലേക്ക് കാലുമാറിയെങ്കിലും , പുതുവിദ്യാർത്ഥികളുമായി കൂടിച്ചേര്‍ന്നീ പരിപാടികൾ, ഞങ്ങൾ ഇപ്പോഴും പുത്തൻ ആശയങ്ങളും, പുതു കഥകളുമൊക്കെയായി  വിനിമയം ചെയ്തുകൊണ്ടിരിക്കുകയാണ് ....
നാട്ടിലെ മിത്രങ്ങൾക്കും മറ്റുമൊക്കെയായി..കേട്ടൊ  !

എന്തായാലും അണ്ണാറ കണ്ണനും തന്നാലായത്  എന്ന പോലെ കൊല്ലംതോറും പുതുവർഷത്തിനും,വിഷുവിനും,റംസാനിനും,ഓണത്തിനും, കൃസ്തുമസ്സിനുമൊക്കെയായി ഈ ലണ്ടനിൽ നിന്നും ഞങ്ങളിറക്കികൊണ്ടിരിക്കുന്ന മെസേജുകളുടെ കൂമ്പാരങ്ങൾ പലപല വെബ്ബുകാരും, കമ്പനികളുമൊക്കെ ഏറ്റെടുത്ത് സകലമാന മലയാളികൾക്കും അതെല്ലാം എത്തിച്ചുകൊടുക്കുന്ന കൂട്ടത്തിൽ സൃഷ്ട്ടികർത്താക്കളായ ഞങ്ങൾക്ക് കൂടി അവ കിട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ആയതിന്റെയൊക്കെ ഒരു ത്രിൽ ഞാനൊക്കെ ശരിക്കും അനുഭവിക്കുന്നത് കേട്ടൊ...

 അതുപോലെ തന്നെ തൃശൂര്‍  ഭാഷയിൽ ഞങ്ങളൊക്കെക്കൂടി ചമച്ച പരസ്യഡയലോഗുകൾ,ടീ.വിയിലും മറ്റും ദൃശ്യ ആവിഷ്കാരം  ചെയ്ത് ഹിറ്റാവുമ്പോഴുമൊക്കെ കിട്ടുന്ന അനുഭൂതികൾക്കൊക്കെ ബ്ലോഗെഴുത്തുകൾക്ക് നിങ്ങൾ വായനക്കാർ  അഭിപ്രായമറിയിക്കുമ്പോഴുണ്ടാകുന്ന അതേ സുഖം തന്നെയാണ് കിട്ടുന്നത്...!


ഒരു കാര്യം വാസ്തവമാണ് ,ഗൽഫ് മലയാളി പ്രവാസസമൂഹം കഴിഞ്ഞാൽ മലയാളത്തെ ഏറ്റവും കൂടുതൽ താലോലിച്ചുകൊണ്ടിരിക്കുന്ന വിദേശമലയാളിക്കൂട്ടങ്ങളുള്ളത് ഈ ബിലാത്തിയിൽ തന്നെയാണുള്ളത്. സ്വദേശിയരല്ലാത്ത മറ്റുഭാഷാക്കൂട്ടായ്മകൾക്ക് ഈ രാജ്യം നൽകിവരുന്ന പരിഗണന കൂടി ഇത്തരം വളർച്ചകൾക്ക് ഏറെ സഹായം കൂടി നൽകുന്നു എന്നതും എടുത്തുപറയേണ്ട കാര്യം തന്നെയാണ് .

ഒപ്പം വളരെ ആശ്വാസമായ ഇവിടത്തെ പല തൊഴിൽ നിയമങ്ങളും ഒരു പരിധിവരെ ഇതിന് സഹായിക്കുന്നുണ്ടെന്നും വേണമെങ്കിൽ പറയാം.
ഏതു  തൊഴിലിനും അതിന്റേതായ ഒരു മാന്യത കല്പിച്ചുപ്പോരുന്ന രാജ്യങ്ങളും,
ആളുകളുമാണ്  പടിഞ്ഞാറൻ നാടുകളിലുള്ളത്.

നാട്ടിലെപ്പോലെ കുലംതിരിച്ചുള്ള ജോലികളോ മറ്റോ ഇവിടെയില്ല.
ഇവിടെ എഞ്ചിനീയറേയും, എഞ്ചിനോപ്പറേറ്ററേയും,തെരുവിൽ ഇഞ്ചിവിൽക്കുന്നവനേയും ജോലിയുടെ പേരിൽ ആരും വേർതിരിച്ചുകാണൂന്നില്ല.
എക്കൌണ്ടൻസി പഠിച്ചിട്ട് അതിലും കൂടുതൽ വേതനം ലഭിക്കുന്ന ചവറടിക്കുന്ന ജോലിക്കുപോകുന്നവനും ,  കോൾഗേളിന്റെഡ്യൂട്ടിക്ക് പോകുന്ന ഭാര്യയുടെ ഭർത്താവായ ബാങ്ക് മാനേജരും, പോലീസുകാരിയുടെ പാർട്ടണറായ കള്ളനുമൊക്കെ എന്റെ ഗെഡികളായ സായിപ്പുമാരാണ്.
 ഒരു ലണ്ടൻ മലയാളി മുടിവെട്ടു കട
നാട്ടിൽ അഗ്രികൾച്ചറൽ യൂണീവേഴ്സിറ്റിയിൽ നിന്നും റാ‍ങ്ക് നേടി, ഇവിടെത്തെ സുഖമുള്ള ജോലിയായ ബസ്സ്ഡ്രൈവർ ജോലി നോക്കുന്നവനും, എം.ബി.ബി.എസ് കഴിഞ്ഞ് റിസ്ക്കെടുക്കുവാൻ തയ്യാറാവാതെ ബെറ്റിങ്ങ് ക്ലബ്ബിൽ ഉദ്യോഗം നോക്കുന്നവനും, എഞ്ചിനീയറിങ്ങ് കഴിഞ്ഞ് മലയാളി കടയിൽ മുടിവെട്ടാൻ നിന്ന് ലക്ഷക്കണക്കിന് സമ്പാധിക്കുന്ന മലായാളികളായ മിത്രങ്ങളും ഈ ഗണത്തിൽ പെട്ടവർ തന്നെയാണ് കേട്ടൊ.

അതുപോലെ തന്നെ ഈ മണ്ടനും യാതൊന്നിലും ഉറച്ചുനിൽക്കുന്ന സ്വഭാവം ഇല്ലാത്ത കാരണം ഇവിടെ വന്നശേഷം പഴകമ്പനി,സൂപ്പർ മാർക്കറ്റ്,ബേക്കറി,വെയർ ഹൌസ് ,സിനിമാ കൊട്ടക, റെയിൽവേ,സെക്യൂരിറ്റി അങ്ങിനെ കുറെ പണികൾ ചെയ്തുകൂട്ടി....

അവസാനം ഏറ്റവും കൂടുതൽ ഉറച്ചുനിന്നതും ഈ പാറാവുപണിയിൽ തന്നെ.....
ഏത് സ്ഥാപനത്തിൽ ജോലിചെയ്യുമ്പോഴും മേധാവി മുതൽ കീഴാളൻ വരെയുള്ളവരെ റിസപ്ഷൻ ഓഫീസിലിരുന്ന് പരിശോധിക്കാനുള്ള അധികാരം,നൈറ്റ് വർക്കുകളിൽ വെറുതെ സി.സി.ടീ.വി വാച്ച് ചെയ്തിരുന്ന്, ബൂലോഗം മുഴുവൻ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം, പോരാത്തതിന് ഏതുജോലിയിലും മടുപ്പുളവാതിരിക്കാൻ , ഒരു ഓപ്പോസിറ്റ് സെക്സ് പാർട്ട്നറെ കൂടി അനുവദിക്കുന്ന ഇവിടത്തെ ജോലിവ്യവസ്ഥകൾ,...,...
ഇതെല്ലാമായിരിക്കാം എന്നെപ്പോലുള്ളയൊരുവന് ഈ ജോലിയിൽ തുടർന്നുപോകുവാനുള്ള താല്പര്യങ്ങൾ കേട്ടൊ.

കൂടാതെ സെക്യൂരിറ്റി  ഇൻഡസ്ട്രി അതോറട്ടിയുടെ അംഗീകാരമുള്ള കമ്പനികളും, പോലീസുമായുള്ള പാർട്ണർഷിപ്പും,നല്ല വേതനവും,മെയ്യനങ്ങാത്ത പണിയും കൂടിയാകുമ്പോൾ എന്നെപ്പോലെയുള്ള കുഴിമടിയന്മാരുടെ സ്ഥിതി പറയാനുണ്ടോ !

ചിലപ്പോൾ ജോലിക്കിടയിൽ ചില പുലിവാലുകളും പിടിക്കാറുണ്ട് കേട്ടൊ.

പണിപോയ ശേഷം പിന്നീട് കിട്ടിയ സെക്യുരിറ്റി കമ്പനിയിൽ സ്ഥിരം നൈറ്റ് ഡ്യൂട്ടി എടുക്കുന്ന സമയത്ത് ഒരു മാസം മുമ്പ് മുഹമ്മദ്കുട്ടി സാഹിബിന്റെ ‘ജലസേചനം- ഓട്ടോമറ്റിക്’, ചാണ്ടികുഞ്ഞിന്റെ ‘വെടിക്കഥ...ഒരു തുടർക്കഥ’ മുതൽ , കുറെ ഞാൻ വായിച്ച് അഭിപ്രായമിട്ട കുറെ പോസ്റ്റുകളുടെ പ്രിന്റെടുത്തിട്ട് , പിറ്റേന്ന് ഓഫീസ് മേധാവി മദാമ്മയുടെ വക കണ്ടമാനം ചോദ്യം ചെയ്യലുകൾ ...

അവർക്കറിയാത്ത ഭാഷയിൽ , തോക്കിന്റെ പടവും,ജലസേചനത്തിന്റെ സ്കെച്ചുമെല്ലാം കണ്ടപ്പോൾ അവൾക്ക് ഞാൻ വല്ല തീവ്രവാദി ഗ്രൂപ്പിൽ പെട്ടവനോ ,ഭീകരനോ ,പാക്കിയോ,..മറ്റോ ആണെന്നുള്ളൊരു സംശയം ?

അനേകം ചോദ്യങ്ങളുടെ രീതി കേട്ട് , സത്യം മനസ്സിലാക്കി കൊടുക്കുവാൻ അവസാനം ആ മദാമപ്പെണ്ണിന് എനിക്കെന്റെ പേന്റ്സിന്റെ സിബ്ബൂരി, ശരിക്ക് കാണിച്ചുകൊടുക്കേണ്ടി വന്നു ! !
 പുതിയ ബോസ്സും സഹപ്രവർത്തകയും..!
എന്തിന് പറയുന്നു അന്നുമുതൽ എന്റെ പണി അവളോടൊപ്പം കണ്ട്രോൾ റൂമിൽ...
പണിയോടു പണി...
മനുഷ്യനൊരു വിശ്രമം വേണ്ടെ  ...!
എന്തുചെയ്യാം ചാണ്ടിച്ചൻ അവിടെ വെടി പൊട്ടിച്ചപ്പോൾ ഇവിടെയെന്റെ
വെടി തീരുമെന്ന് ഞാൻ കരുതിയൊ ?
എന്തായാലും ഞാൻ ഈ താൽക്കാലിക പണി വിടാൻ പോകുകയാണ് കേട്ടൊ.

ഈ പണിയോടനുബന്ധിച്ച്  എന്റെ പഴയൊരു പ്രശ്നകവിത ഖണ്ഡകാവ്യമായി എഴുതിയത് ഒർമ്മവരികയാണ്.ഇതിവൃത്തം   ഒരു കവിയും,കവിയത്രിയും ആദ്യമായൊരു കവിയരങ്ങിൽ വെച്ച് കണ്ട്മുട്ടുകയാണ്.
തുടക്കം  ഇങ്ങിനെയാണ്...

കവിയരങ്ങതുകഴിഞ്ഞു , ആളൊഴിഞ്ഞു
വിവരങ്ങളെല്ലാമിനിയെഴുതിയയക്കാം ;
അവചിട്ടവട്ടങ്ങളായി പരസ്പരം നമുക്കീ
ജീവിതാവസാനംവരെയെന്ന് ചൊല്ലിപ്പിരിഞ്ഞു...

പിന്നെ അവരുടെ പ്രണയവല്ലരി മുളപൊട്ടി വിടർന്നുവരുന്ന വർണ്ണനകളാണ്
.......................................................................
......................................................................
പിന്നീടവർ കൂടുതൽ കൂടുതലടുത്ത് പ്രണയം പൂത്തുലഞ്ഞ് ഇണപിരിയാത്ത മിത്രങ്ങളെപ്പോലെയായി.
വേറൊരു കണ്ടുമുട്ടലിൽ അവർ രണ്ടുപേരും ശരിക്കും കൂടിച്ചേർന്നു.
.......................................................................
.......................................................................
ശേഷം അവസാന വരികൾ ഇങ്ങിനെ....


രാസകേളിക്കൊടുവിൽ കവി ചോദിച്ചീടുന്നു...
മതിയോ നിനക്കോമലേ..എൻ പൂ തിങ്കളേ ?
കവിയത്രിയപ്പോൾ മെല്ലെയോതിയിങ്ങനേ...
മതിയോ നിനക്ക്...,മതിയോ നിനക്ക്..വേഗം !

എന്താണ് കവയത്രിയും അങ്ങിനെ തന്നെ പറഞ്ഞത് ?
പ്രശ്നോത്തരം അഭിപ്രായപ്പെട്ടിയിൽ  ചേർത്തിട്ടുണ്ട്...കേട്ടൊ

ഇത്തരം ക്രിയാത്മകരചനകളും, തനി പാരഡി ഗാനങ്ങളൊന്നും ഇപ്പോഴില്ല കേട്ടൊ.
അതുപോലെ ചൊറിച്ചുമല്ലുകളും മറ്റും ഉപേഷിച്ച് ബൂലോഗത്തിൽ നല്ല പിള്ള ചമഞ്ഞ് ഇങ്ങനെ വാഴുകയാണ്.അതും ഈ ബിലാത്തിയിലെ സെക്യൂരിറ്റി പണിയുടെ മഹിമകൊണ്ട് ....
ഈ പണിയല്ലെങ്കിൽ എന്റെ ബ്ലോഗ്ഗിൽ ഇത്ര രചനകളും,
ബൂലോഗത്തിൽ  എന്നിൽ നിന്നും ഇത്രയധികം അഭിപ്രായങ്ങളും വരില്ലായിരുന്നു.....!
മറ്റുള്ള ബിലാത്തിബൂലോഗരെ പോലെ പണിയും,എഴുത്തുമൊക്കെയായി വട്ടം കറങ്ങിയേനെ.....!

രണ്ടുകൊല്ലം മുമ്പ്  ഈസ്റ്റ്ലണ്ടൻ റെയിൽവേയുടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായി പണിചെയ്തുകൊണ്ടിരിക്കുമ്പോൾ  ഒരു കവിതപോലെയെന്ന് കരുതി ഞാനെഴുതിയ കുറച്ചുവരികളാണ് താഴെ....
സെക്യൂരിറ്റി ഗാർഡ്  / SECURITY GUARD


സെക്യൂരിറ്റി ഗാർഡ്
പണം,പദവി,പെരുമയെന്നിവയെവിടയുണ്ടോയവിടെ
കാണാം പാറാവ്-കാവല്‍ ഭടന്മാരെ ചുറ്റുവട്ടങ്ങളില്‍ ,
പണിയുന്നീപാവം പാറാവ് കരെനെന്നും രാപ്പകല്‍
പണത്തിനായ്  മണിക്കൂറുകൾ പരിഭവമേതുമില്ലാതെ ;


പണിയിതെന്നും കാവൽ ,പണിയോ വെറും മടുപ്പ് ;
പകലും രാവും മുഴുവന്‍ നിൽപ്പും ഇരിപ്പും മാത്രം ,
പകലില്‍ പൊരിവെയിലത്തും,പെരുമഴയത്തും,
പാതിരായില്‍ കൊടുംമഞ്ഞിലും ഒറ്റക്കിരുന്നവർ...


പണിയെടുക്കുന്നോരോ ദിനങ്ങളിലും, മുടക്കങ്ങൾ
പാറാവിനില്ലെത്രെ , വിശേഷങ്ങളുമാഘോഷങ്ങളും.
പന്ത്രണ്ടു മണിക്കൂറിന്‍ വേതനം ലക്ഷ്യമിട്ടവന്‍ ,
പകലന്തികളില്‍ ഏതിനും സംരക്ഷണമേകി...


പാതിരാവിലവർക്ക് കൂട്ടിന് താരംപോല്‍ മിന്നിമറയും
പറക്കും വീമാന കണ്ണുകള്‍ ..., പകലിലോയവ വെറും
പറവകള്‍ കൂട്ടം തെറ്റി പാറിപറക്കും പോലവേ...! 
പാറാവ് മേലാള്‍ക്കിവിടെ ഒരു വന്‍ വ്യവസായം.


പാറാവ് കാരനേവര്‍ക്കുമൊരുഗ്രന്‍ കാവല്‍ നായ
പരിശോധന,പലവിധം ഒത്തു നോക്കലുകള്‍ ....
പണിചെയ്യുന്നയീ പരിശോധകനോടേവര്‍ക്കും
പുച്ഛം..., വണക്കം പറഞ്ഞു വരവേല്‍ക്കുമ്പോള്‍ പോലും!


പരിതാപം ഈ കാവല്‍ ഭടനുമാത്രമെന്നുമെന്നും,
പകയില്ലാതെ സുസ്മേരനായി എന്നുമീയുലകം ,
പലകാലമായി ഒരു പരിഭവവുമില്ലാതെയവർ
പരിരക്ഷിച്ചിടുന്നു..., ശ്രീപരമേശ്വരനെപോല്‍ !!!ലോകം മുഴുവനുമുള്ള കാവല്‍ഭടന്മാര്‍ക്ക് വേണ്ടി
ഈ ‘മണ്ടൻവരികള്‍‘ സമര്‍പ്പിക്കുന്നു .
പിന്നീട് ഇതിന് സമാനമായ ഒന്ന്
ആംഗലേയത്തിൽ എഴുതപ്പെട്ടത്‌ താഴെ കുറിക്കുന്നു .
ഒരു സെക്യൂരിറ്റി കണ്ട്രോൾ റൂം


SECURITY GUARD


Security hours are Twelve a Day,
Well,they are here anyway-
Seven in the morning, Till Seven at night.
It is so hard to stay alert and bright....
Greeting the visitors ,Checking the pass ,
Being treated like you are Second class
"Why do we do it"  Some will say :
Well , it certainly.., Is not the Rate of pay !

അല്ലാ...
കുറച്ചൊക്കെ ഒരു ഇമ്പ്രൂവ്മെന്റ്  വരുന്നുണ്ടൊ എന്റെ കൂട്ടരേ
ശരിക്കഭിപ്രായിച്ചോണം ..കേട്ടൊ


ലേബൽ :-
കവിത .

Saturday 30 October 2010

ചില കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകൾ ! / Chila Kocchu Kocchu Parichayappetutthalukal !

തെരെഞ്ഞെടുപ്പിന് ശേഷം നാട്ടിലെ ത്രിതല പഞ്ചായത്തുകളിൽ ത്രിവർണ്ണപതാകകൾ പാറിപറന്നപ്പോൾ അതിനെ പുകഴ്ത്തിപ്പറയാനും,ഇകഴ്ത്തി പറയാനും,വിലയിരുത്താനും അങ്ങകലെ ഇവിടെ ലണ്ടനിലും രാഷ്ട്രീയബോധമുള്ള മലയാളികൾ ഒത്തുകൂടി ചർച്ചകൾ സംഘടിപ്പിച്ചു ...!

മലയാള ഭാഷയ്ക്ക് വീണ്ടും ജ്ഞാനപീഠം  പുരസ്കാരം  നേടിതന്ന ഒ.എൻ.വി.കുറിപ്പിനെ അനുമോദിക്കുവാനും,അദ്ദേഹത്തിന്റെ കവിതകളും,പാട്ടുകളും ആലപിച്ച് ചർച്ചകൾ നടത്താനും വിവിധ സ്ഥലങ്ങളിലായി ഏഴുപരിപാടികളാണ് ഈയിടെ ലണ്ടനിൽ തന്നെ നടന്നത്..!

അത്പോലെ കവി അയ്യപ്പേട്ടൻ, തന്റെ വിഖ്യാതമായ അയ്യപ്പൻപ്പാട്ട് നിറുത്തി നമ്മേ വിട്ട് വേർപ്പെട്ട് പോയപ്പോഴും അദ്ദേഹത്തിനും ആദരാഞ്ജലികൾ അർപ്പിക്കുവാൻ ലണ്ടൻ മലയാളികൾ ഒത്തുകൂടി..കേട്ടൊ
 ലണ്ടനിലെ ചില കൊച്ച് കൊച്ചു സാഹിത്യസദസ്സുകൾ ...
നാഷ് റാവുത്തർ,ഫ്രാൻസീസ്  ആഞ്ചലോസ്,സിസിലി,ഗിരിജ,വക്കം സുരേഷ്,സുധീർ&സുഗതൻ
നിങ്ങളെല്ലാം കരുതുന്നുണ്ടാവും  ഇവന്മാർക്കും, ഇവളുമാർക്കുമൊക്കെ
ഇതെങ്ങെനെ പറ്റ്ന്ടമ്മാ‍..എന്ന്  ?

അതാണ്...
ദി  ലണ്ടൻ മല്ലൂസ് മാജിക് ..!

ഈ ബൂലോഗം ഉണ്ടാകുന്നതിന് മുമ്പ് തന്നെ ഈ ഭൂലോകത്തിൽ ലണ്ടൻ
എന്ന ഈ ബിലാത്തിപട്ടണം ഉണ്ടായിരുന്നു....
കഴിഞ്ഞ പത്തെഴുപത്  കൊല്ലമായി മലയാളികൾ ജീവിതം മെച്ചപ്പെടുത്തുവാൻ വേണ്ടി ഇവിടെ വന്ന് കുടിയേറിയെങ്കിലും അവർ തമ്മിലുള്ള കൂട്ടായ്മകൾ ഉണ്ടായത് പിന്നീട് കുറെ വർഷങ്ങൾക്ക്  ശേഷമാണ് ....
പിന്നീടവർ കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ ചുവട് വെച്ച് തുടങ്ങി....
അതിൽ നിന്നും പല പ്രതിഭകളും ഉടലെടുത്ത് വന്ന് ഈ രാജ്യത്തും നമ്മുടെ കലാസാഹിത്യ വേദികൾക്കൊക്കെ തറക്കല്ലിട്ടു ....

അക്കങ്ങളേക്കാൾ കൂടുതൽ
അക്ഷരങ്ങളെ സ്നേഹിച്ച കുറെ മനുഷ്യർ....!

ജീവിത വണ്ടിയിൽ പ്രരാബ്ദങ്ങളുടെ ഭാരവുമേറ്റി അവർക്ക് സ്വന്തം വീടും,നാടുമൊക്കെ വിട്ട് പാലായനം ചെയ്യേണ്ടിവന്നിട്ടും അവർ ജനിച്ചനാടിന്റെ നന്മകളും,സംസ്കാരങ്ങളും,മറ്റും മറക്കാതെ മനസ്സിന്റെ ഒരു കോണിൽ വെച്ച് താലോലിച്ച് , അവർ ആ വിഹ്വലതകൾ മുഴുവൻ കലാസാഹിത്യരൂപങ്ങളിൽ കൂടി പുറത്തുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു . ...

ഓരൊ പ്രവാസസമൂഹങ്ങളിലും ഇത്തരമുള്ള വളരെ തുച്ചമായ
ആളുകളാണ് ഉള്ളതെങ്കിലും, അവരാണല്ലോ ഭൂരിപക്ഷമുള്ള ബാക്കിയുള്ളവർക്കെന്നും ഭാഷാപരമായിട്ടും , മറ്റുഎല്ലാകാര്യങ്ങളിൽ കൂടിയും മലയാളത്തിന്റെ തനിമകൾ
തന്നാലയവിധം കാഴ്ച്ചവെച്ച്  ഗൃഹതുരത്വസ്മരണകൾ എന്നും അന്യനാട്ടിലും നിലനിർത്തികൊണ്ടിരിക്കുന്നത്...

അതെ ലോകത്തിന്റെ , സാംസ്കാരിക പട്ടണമായ ഈ ബിലാത്തിപട്ടണത്തിലും അത്തരം മലയാളത്തിനെ സ്നേഹിക്കുന്ന ഇത്തരം കൊച്ചുകൊച്ചുകൂട്ടായ്മകൾ, അന്ന് തൊട്ടേയുണ്ടായിരുന്നൂ‍.
ആയത് കൊല്ലം തോറും തഴച്ചുവളർന്നു പന്തലിച്ചു.

ഈ തണലിൽ സ്വന്തം തട്ടകങ്ങളിൽ പേരെടുത്ത് പല പല ഉസ്താദുകളുംവളർന്നുവന്നു...
 മുൻ നിരക്കാർ..
പാർവ്വതീപുരം മീര,മണമ്പൂർ സുരേഷ്,ഫ്രാൻസീസ് ആഞ്ചലോസ് & ഫിലിപ്പ് എബ്രഹാം
കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ നമ്മുടെ ടീ.വി.ചാനലുകളും, ഓൺ-ലൈൻ പത്രങ്ങളും നാട്ടറിവുകൾ മുഴുവൻ അപ്-ടു-ഡേറ്റ് ചെയ്യുന്നുണ്ടെങ്കിലും, ഒപ്പം തന്നെ  ഇവിടെയുള്ള മലയാളികൾക്ക് നാടിന്റേയും , ഇവിടെത്തേയും അപ്പപ്പോഴുള്ള ഓരൊ സ്പന്ദനങ്ങളും കാട്ടികൊടുത്തുകൊണ്ടിരിക്കുന്ന വളരെ സ്വതന്ത്രമായ / സ്വന്തമായ പത്രപ്രവർത്തനങ്ങളിലൂടെ മറ്റുരക്കുന്ന ചിലരേയും ഈ വേളയിൽ പരിചയപ്പെടുത്തേണ്ടതുണ്ട്...
സാഹിത്യത്തിന് എന്നും ഊന്നൽ നൽകുന്ന അലക്സ് കണിയാമ്പറമ്പിലിന്റെ ബിലാത്തി മലയാളി ,
ലണ്ടനിലെ ഏതൊരു പരിപാടിയിലും നേരിട്ട് വന്ന് പിന്നീടതിനെ കുറിച്ച് സുന്ദര വാർത്തകളാക്കി മാറ്റുന്ന  ഫിലിപ്പ് എബ്രഹാമിന്റെ കേരള ലിങ്ക് ,
പത്രപ്രവർത്തന രംഗത്ത് പരിചയ സമ്പന്നനായ ,യു.കെയിൽ നിന്നുപോലും ആയതിൽ അംഗീകാരം കരസ്ഥമാക്കിയ രാജഗോപാലിന്റെ യു.കെ.മലയാളി കോം  ,
കേരള കൌമുദി ലേഖകൻ മണമ്പൂർ സുരേഷിന്റെ വാർത്താപത്രികകൾ  ,
ജോജു ഉണ്ണി അണിയിച്ചൊരുക്കുന്ന  യു.കെ.മലയാളി,
കുറച്ച് പൊടിപ്പും ,തൊങ്ങലുമൊക്കെയായി രംഗത്തിറക്കുന്ന നല്ല വായനക്കാരുള്ള ഷാജൻ സ്കറിയയുടെ  ബ്രിട്ടീഷ് മലയാളീ എന്നീ പത്രങ്ങളും ഈ മാജിക് സംരംഭത്തിന് അണിയറയൊരുക്കുന്നവർ തന്നെയാണ്.....
 പ്രസന്നേട്ടൻ,പ്രദീപ്,മനോജ്,റെജി,വക്കം സുരേഷ്കുമാർ 
പിന്നിൽ മീരയും,അശോക് സദനും,ശശിയും
ഒപ്പം ലണ്ടൻ മലയാളസാഹിത്യവേദിയിലൂടെ റെജി നന്തികാട്ട് നടത്തുന്ന കലാസാഹിത്യ സദസ്സുകളിലൂടെയും...
ബിലാത്തി മല്ലു ബ്ലോഗേഴ്സ്സെല്ലാമുള്ള ബിലാത്തി ബൂലോഗർ  മുഖാന്തിരവും
ലണ്ടൻ മലയാളികളെല്ലാം എന്നും നാട്ടിലെപ്പോലെ തന്നെ എല്ലാ മലയാളി വിശേഷങ്ങളും , വാർത്തകളും അപ്പപ്പോൾ തന്നെ തൊട്ടറിഞ്ഞുകൊണ്ടിരിക്കുകയാണ് ഇവിടെ !

അതേ പോലെ തന്നെ കലാ-സാംസ്കാരികരംഗത്തും ഇവിടെ  കുറെപേർ ഉണ്ട് കേട്ടൊ..
 വെട്ടൂർ ജി.കൃഷ്ണകുട്ടിയങ്കിൾ
അമ്പതുകൊല്ലത്തോളമായി ലണ്ടനിലുള്ള കവിയും,നാടകക്കാരനും,കലാകാരനുമായ ആയിരം പൂർണ്ണചന്ദ്രമാരെ നേരിൽ കണ്ട വെട്ടൂർ കൃഷ്ണന്‍കുട്ടിയങ്കിളാണ് ഇവിടെയിപ്പോഴുള്ള അത്തരത്തിലുള്ള ഒരു  കാരണവർ.എല്ലാത്തിനും ഞങ്ങളെക്കാളേറെ യൌവ്വനമുള്ള ഒരു മനസ്സുമായ് മുന്നിട്ടിറങ്ങുന്ന ഒരു സാക്ഷാൽ കലാകാരൻ...!
പൊതുപ്രവർത്തകയും ആദ്യത്തെ മലയാളി ലണ്ടൻ കൌൺസിലറും, ഒരിക്കൽ  സിവിക് അംബാസിഡർ പദവികൂടിയലങ്കരിച്ച ഡോ: ഓമന ഗംഗാധരൻ,
നാടക സവിധായകനും,എഴുത്തുകാരനും,കലാകാരനുമായ കേളിയുടെ അധിപൻ ശശി കുളമട,
 പ്രൊ: ആർ.ഇ.ആഷറോടൊത്ത്
മലയാളത്തിൽ നിന്നും പ്രമുഖ ഗ്രന്ഥങ്ങൾ ആംഗലേയത്തിലേക്ക് വിവർത്തനം ചെയ്ത വെള്ളക്കാരനായ പ്രൊ: ആർ.ഇ.ആഷർ ,
 4M's വിദ്യാരംഭം ചടങ്ങ് ..!
സൌദിയിൽ നിന്നും വന്ന് ലണ്ടനിൽ കുടിയേറിയ പ്രവാസി എഴുത്തുകാരനായ കാരൂർ സോമൻ, മലയാളികളുടെ സാംസ്കാരികനായകത്വം വഹിക്കുന്ന 4M കോർഡിനേറ്റർ പ്രസന്നേട്ടൻ,
പ്രാസംഗികരും,എഴുത്തുകാരുമായ ഹാരീസും,മുരളി വെട്ടത്തും,വിജയകുമാർ പിള്ളയും,
എഴുത്തുകാരനും ,കോളേജദ്ധ്യാപകനുമായ ഫ്രാൻസിസ് ആഞ്ചലോസ്,
 ആലാപനം/സംഗീതം ബൈ പ്രിയൻ പ്രിയവ്രതൻ
സംഗീതതിന്റെ ഉപാസകരായ ആൽബർട്ട് വിജയൻ, വക്കം സുരേഷ്കുമാർ,പ്രിയൻ പ്രിയവ്രതൻ ,
നല്ലലേഖനങ്ങളാൽ പേരെടുത്ത ഡോ: ആസാദ്,ഡോ:അജയ് ,
കഥകളെഴുതുന്ന ഷാജി,സുബാഷ്,മനോജ് ശിവ,പ്രിയ,സാബു,...,..,..
കവിതകളുടെ തമ്പുരാട്ടി പാർവ്വതീപുരം മീര,ധന്യാവർഗ്ഗീസ്,സുജനൻ ,...,..
സാഹിത്യത്തിന്റെ ഭാവിയിലെ വാഗ്ദാനമായ പതിമൂന്നു വയസ്സുകാരിയായ അമ്മു...അങ്ങിനെനിരവധി പേർ....
നമുക്ക് അവരെ ചിലരെയൊക്കെ ഒന്ന് പരിചയപ്പെട്ടാലോ..

എഴുത്തുകാരിയും ഗാനഗന്ധർവ്വനും 
ആദ്യം ഡോ: ഓമന ഗംഗാധരനിൽ നിന്നും തുടങ്ങാം ..അല്ലേ
ഇതിൽ തീരെ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഒരാളാണ് കഴിഞ്ഞ മുപ്പത്തിയെട്ടുവർഷമായി ലണ്ടനിലുള്ള ഡോ: ഓമന ഗംഗാധരൻ...
കവിതകൾക്കും,ലേഖനങ്ങൾക്കും പുറമേ ഒരു യാത്രവിവരണം കൂടി എഴുതിക്കൊണ്ടിരിക്കുകയാണിപ്പോൾ, പതിനാലോളം നോവലുകൾ എഴുതിയ ഈ സാഹിത്യകാരി..എന്നും പ്രണയം ചാലിച്ചെഴുതുന്നവൾ !
മഴ പെയ്തുതോർന്നപ്പോൾ പാതവക്കത്തിരിക്കുന്ന തണുത്തുമരവിച്ച പറക്കാൻ കഴിയാത്ത പക്ഷിയേപ്പോലെയാണ്, ഡോക്ട്ടറുടെ കഥാപാത്രങ്ങൾ, തന്റെ പ്രണയിയുടെ അടുത്തെത്താൻ കഴിയാതെ  ഭാരമുള്ള ചിറകുകളുമായി അത് നിശബ്ദം കേഴുന്നു ..
ആ പക്ഷിയേ പോലെ വിരഹാതുരമായ കരച്ചിലുള്ള കഥാപാത്രങ്ങളാണ് സിന്ധുഭൈരവി പോലെ ഒഴുകിപ്പടരുന്നത് .
മണിവത്തൂരിലെ ആയിരം ശിവരാത്രികളിലൂടേയും(സിനിമയും ആയിട്ടുണ്ട്),ഇലപൊഴിയും കാലത്തിലൂടേയുമെല്ലാം മലയാളനോവൽ സാഹിത്യത്തിൽ കൂടി വായനക്കാർ ഉന്നതങ്ങളിലെത്തിച്ച എഴുത്തുകാരി.
ലണ്ടനിലെ പൊതുപ്രവർത്തകയും, ലേബർ പാർട്ടിയുടെ കൌൺസിലറുമായ  ഓമനേച്ചിയുടെ പുതിയ നോവലായ ‘പാർവ്വതീപുരത്തെ സ്വപ്നങ്ങളുടെ’ കൈയ്യെഴുത്തുപ്രതി എനിക്ക് വായിക്കുവാനും ഭാഗ്യം ലഭിച്ചിട്ടുണ്ട് കേട്ടൊ
 കാരൂർ സോമനും ഒരു സാഹിത്യചർച്ചയും
 ഇനി കാരൂരിനെ പറ്റിയാവാം..
അതുപോലെ തന്നെ ഈ പ്രവാസിസഹിത്യകാരനായ കാരൂർ സോമനും , സൌദിവിട്ട ശേഷം കഴിഞ്ഞ ഏഴുവർഷമായി താവളമുറപ്പിച്ചിരിക്കുന്ന തട്ടകവും ഈ ബിലാത്തിപട്ടണം തന്നെയാണ് കേട്ടൊ.
സാഹിത്യത്തിന്റെ എല്ലാമേഖലകളിലും കൈവെച്ചിട്ടുള്ള ഈ ഫുൾടൈം എഴുത്തുകാരനായ ഞങ്ങളെല്ലം ഡാനിയൽ ഭായ് എന്നുവിളിക്കുന്ന ഇദ്ദേഹത്തെ കുറിച്ചറിയുവാൻ കാരൂർ സോമൻ എന്ന വെബ്സൈറ്റിൽ പോയൽ മതി.
 മീരയും കൃഷ്ണകുട്ടിയങ്കിളും ശശി കുളമടയും
അടുത്ത താരം പാർവ്വതീപുരം മീരയാണ്...
മീരയുടെ കവിമനസ്സിലൊരു ത്രിവേണി സംഗമമുണ്ട് -മലയാളം,തമിഴ്,ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളിലെ കാവ്യ സംസ്കാരസമന്വയമാണത്. അതിന്റെ അന്തർലാവണ്യംകൊണ്ട് ധന്യമാണ് മീരയുടെ കവിതകൾ.

“മാനം കാണാപ്പെൺപൂവ്
മാരൻ കാവിലിളം പൂവ്
നാടൻ പാട്ടിന്നല്ലികൾ നുള്ളി-
ത്താനെ പൂത്തൊരകം പൂവ് “

‘പെൺ ചില്ല’ എന്ന കവിതയിലെതാണീ വരികൾ. മലയാളവും, തമിഴും ഒപ്പം പുലർത്തുന്ന ദ്രാവിഡത്തനിമയുടെ താളവും ശൈലികളും ഈ കവിതയിലുണ്ട്.
ഹൃദയ  സാഗരം എന്ന കവിതയിലെ വരികൾക്ക് സംസ്കൃതമലിഞ്ഞുചേര്‍ന്ന മലയാളത്തിന്റെ കാന്തിയുണ്ട്... നോക്കു

‘പാടുന്നിതെൻ സാഗരം മധുര വിരഹം...
...ശാന്തം നിസാന്ത നിമിഷം പ്രണയഗന്ധം’

അതേസമയം’ജിബ്രാന്റെ മണിയറയിൽ’ എന്ന കവിതയിലെ ബിംബങ്ങളുടെ പാരസികകാന്തിയാവട്ടെ ഇംഗ്ലീഷ് കവിതകളിലൂടെ നമ്മുടെ ആസ്വാദന തലത്തിലേക്ക് പെയ്തിറങ്ങിയതാണ്...

‘അവനുമുന്നിൽ സ്നേഹത്താൽ നീ
വിവസ്ത്രയാകൂ !
അവനുമുന്നിൽ ദാഹത്താൽ നീ
യോർദാൻ തിരയാകൂ...’

എന്നുവായിക്കുമ്പോൾ,നിങ്ങൾ ലെബനനിലെ ഏതോമുന്തിരിത്തോപ്പിലിരുന്ന് സോളമന്റെ ഗീതങ്ങൾ കേൾക്കുമ്പോഴുള്ള അനുഭൂതിക്കു അവകാശിയാകുന്നു.

ഹൃദയത്തിന്റെ  കിളിവാതിലുകളെല്ലാം തുറന്നിട്ട്,അതുവഴി വന്നെത്തുന്ന കാലത്തിന്റെ സംവേദനങ്ങളും,സന്ദേശങ്ങളുമെല്ലാം ഏറ്റുവാങ്ങി,പ്രത്യക്ഷത്തിൽ വെളിച്ചം വെണ്മയാണെങ്കിലും അതിൽ നിർലീനമായിരിക്കുന്ന വർണ്ണരാജിയെ കണ്ടെത്താനും,കാട്ടിക്കൊടുക്കുവാനും തന്റെ കവിതയ്ക്ക് ആകുമെന്ന് തെളിയിച്ചുകൊണ്ട്, മീര ഇനിയുമിനിയും നമ്മളോടൊപ്പം നിന്നു പാടട്ടെ !

ആ പാട്ടിൽ പൊങ്കലിന്റേയും,പൊന്നോണത്തിന്റേയും നാടുകളിലെ മാത്രമല്ല,ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ഹർഷ വിഷാദങ്ങളും,ഉന്മേഷങ്ങളും ,ഉത്കണ്ഠകളും ,ആത്മദാഹങ്ങളും മൌലികശൊഭയോടെ പൂത്തുലയട്ടെ!

ഈ പറഞ്ഞതെല്ലാം നമ്മുടെ പ്രിയ കവി ഒ.എൻ.വി.സാർ,
മീരയെ ആശീർവദിച്ച് എഴുതിയതാണ് കേട്ടൊ .

തമിഴിൽ നിന്നും പ്രസിദ്ധകവി  ബാലയുടെ ‘ഇന്നൊരു മനിതർക്ക് ‘എന്ന ബുക്ക് , പിന്നെ നീല പത്മനാഭന്റെ എതാനും കവിതകൾ എന്നിവ മലയാളത്തിലേക്കും, നമ്മുടെ ‘ജ്ഞാനപ്പാന‘ തമിഴിലേക്കും പരിഭാഷപ്പെടുത്തിയതും ഈ പാർവ്വതീപുരം കാരിതന്നെയാണ് കേട്ടൊ.
ഇപ്പോൾ ഒ.എൻ.വി യുടെ ചില പുസ്തകങ്ങൾ തമിഴിലേക്കും, ഇംഗ്ലീഷിലേക്കും മൊഴിമാറ്റം നടത്തി കൊണ്ടിരിക്കുന്നു.
പല മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച മീരയുടെ 32 കവിതകളുടെ സമാഹാരമാണ്
‘സ്നേഹപൂർവ്വം കടൽ’ എന്ന പുസ്തകം .
ഏതാണ്ടൊരു ദശകമായി ലണ്ടനിലെ ഏതൊരു മലയാളി സാംസ്കാരിക പരിപാടികളിലും അവതാരകയായും,പ്രഭാഷകയായും, കവിതയാലപിച്ചുമെല്ലാം സദസ്സിനെ മുഴുവൻ കൈയ്യിലെടുത്ത് അമ്മാനമാടുന്ന പുത്തൻ സാഹിത്യപ്രതിഭയാണ് പാർവ്വതീപുരം മീര എന്ന എന്റെ മിത്രം....
കൂട്ടുകാരനായ തബലിസ്റ്റും,സംഗീതജ്ഞനും,കഥാകാരനും,ബ്ലോഗറുമായ മനോജ് ശിവയുടെ പ്രിയ സഖിയാണീ പാർവ്വതീപുരം മീര   കേട്ടൊ
 ലണ്ടൻ സാഹിതീസഖ്യങ്ങൾ
ഇനിയിത്തിരി മനോജ് ശിവയെ കുറിച്ച് ...
ലണ്ടനിലെ ഏതൊരു കലാസാഹിത്യവേദികളിലും തന്റെ നിറസാനിദ്ധ്യമായി പ്രശോഭിച്ചുകൊണ്ടിരിക്കുന്ന ഈ മനോജ്  ഇവിടെ ചുക്കില്ലാത്ത കഷായം പോലെയാണ് !
സംഗീതം തപസ്യയാക്കിയ ഈ  യുവതുർക്കി , മലയാളികൾക്ക് മാത്രമല്ല എല്ലാ ഏഷ്യൻ സംഗീതപരിപാടികളിലും സുപരിചിതനാണ്.എല്ലാതരത്തിലും ഒരു സകലകലാവല്ലഭൻ തന്നെയായ ഈ കലാകാരൻ കൊടിയേറ്റം ഗോപിയുടേയും,കരമന ജനാർദന നായരുടേയും ബന്ധു കൂടിയാണ്. ഈ മനോജും നന്നാ‍യി തന്നെ കവിതയും,കഥയുമൊക്കെ എഴുതിയിട്ട് ലണ്ടനിലെ എല്ലാമല്ലു മാധ്യമങ്ങളിലും പ്രസിദ്ധനാണ് കേട്ടൊ.

ഈ മണ്ടൻ , ലണ്ടങ്കാരെ കുറിച്ചെഴുതി വല്ലാതെ ബോറടിപ്പിച്ചു അല്ലേ ...

എന്നാൽ ഇനി തൽക്കാലം നിറുത്താം ....അല്ലേ !
ലേ :‌-
ക .

Thursday 14 October 2010

വിരഹത്തിൻ താരാട്ടുകൾ...! / Virahatthin Thaaraattukal...!

കടിഞ്ഞൂൽ പുത്രിയായ മകളെ
തൽക്കാലം വിട്ടുപിരിഞ്ഞ വിഷമത്തിനിടയിൽ
അവനും , അവളും ഉറക്കം വരാതെ
തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിലാണ് ...
പണ്ട്  ആ വയനാടൻ കാട്ടിൽ
വെച്ച് ആലപിച്ച ആറ്റൂർ രവിവർമ്മയുടെ

‘എത്ര ഞെരുക്കം’

എന്ന കവിതയിലെ വരികൾ ...
ബെഡിൽ എഴുന്നേറ്റിരുന്ന് അവൻ പാടിയത്...


“ ചൂടേറിയ,കാറ്റില്ലാത്തൊരു രാത്രികളിൽ
ചെന്നു കിടക്കുവതെത്ര ഞെരുക്കം,
പിന്നെ മയങ്ങാനെത്ര ഞെരുക്കം,
വല്ല കിനാവും കാണുവതെത്ര ഞെരുക്കം,
പിന്നെ ,നാലയല്പക്കത്തുള്ളവരേയും
ബന്ധുക്കളേയും മിത്രങ്ങളേയും
ചെന്നു വിളിച്ചിട്ടെൻ കിനാവിനെരിയും
പുളിയും പങ്കിട്ടീടുവതെത്ര ഞെരുക്കം ..“

അപ്പോളവളും , പണ്ട് കാട്ടുപൊയ്കയിൽ നീരാടിയും,
മതിച്ചും, രമിച്ചും, കവിതകൾ ആലപിച്ചും കാനനത്തിൽ വെച്ചന്നാ
മധുവിധു നാളുകളിൽ പാടിയ ഈരടികൾ  ഈണത്തിൽ പാടി....

“മലരണിക്കാടുകൾ തിങ്ങിവിങ്ങി
മരതകകാന്തിയിൽ മുങ്ങിമുങ്ങി
കരളും മിഴിയും കവർന്നുമിന്നി
കറയറ്റൊരാലസൽ ............”

ഈ പറഞ്ഞ അവനുണ്ടല്ലോ ... ഈ അമ്പട ഞാൻ തന്നെ...
അവളാണെങ്കിൽ -  എന്റെ പ്രിയ സഖിയായ സ്വന്തമായുള്ള ഒരേ ഒരു ഭാര്യയും .....!

അതെ പണ്ടെന്നെ പിടിച്ച് , രണ്ട് പതിറ്റാണ്ടുമുമ്പ് സറീനാവാഹബിനേ
പോലെയുള്ള സുന്ദരിയായ ഒരു പെണ്ണിനെ കെട്ടിച്ചപ്പോഴാണ് വീട്ടുകാർക്കും,
നാട്ടുകാർക്കുമൊക്കെ ഇത്തിരി സമാധാനം കൈവന്നത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ...!

ആ സമയം സകലമാന കൂട്ടുകാർക്കും, കൂട്ടുകാരികൾക്കും എന്നോടൊക്കെ
അസൂയയും, കുശുമ്പും കൈവന്നപ്പോൾ എന്റെ ബാച്ചി ലൈഫ് തീർന്നല്ലോ...
എന്ന നഷ്ട്ടബോധത്തിലായിരുന്നു ഞാൻ.

ആകെയുണ്ടായിരുന്ന ഒരു മെച്ചം രണ്ടു
കൊല്ലത്തോളം നീണ്ടുനിന്ന ഒരു മധുവിധു കാലം മാത്രമായിരുന്നു !

ഭയങ്കര കണ്ട്രോളിൽ പോയിക്കൊണ്ടിരുന്ന ഞങ്ങളുടെ
ഇടപെടലുകളുടെ ഇടവേളയിൽ , ഒരു ഗെഡിയുടെ കല്ല്യാണം
കഴിഞ്ഞ അവസരത്തിൽ , ഞങ്ങൾ പ്ലാൻ ചെയ്തത് ...
അട്ടപ്പാടി വനത്തിൽ ആദിവാസികളോടൊപ്പം
ഒരു ഹണിമൂൺ ട്രിപ്പ് കൊണ്ടാടാനാണ് !
 കാന്തരും ,കാനനവും പിന്നെ കാമിനിമാരും..!
നമ്മുടെ പുരാണത്തിലെ രാമേട്ടന്റെ കൂടെ , സീതേച്ചി കാട്ടിൽ
പോയപോലെ , എന്റെ പിന്നാലെ പെണ്ണൊരുത്തി  ഇതിനൊരുങ്ങി
പുറപ്പെട്ടപ്പോൾ എന്തായിരുന്നു ഞങ്ങളുടെ വീട്ടുകാരുടേയും മറ്റും പുകില് ....!
പക്ഷേ അന്നൊന്നും ഒരു രാവണേട്ടനും വന്നവളെ കട്ടു കൊണ്ടു പോവാതിരുന്നത്
കൊണ്ട് ഞാനിപ്പോഴും അവളുടെ തടവറയിൽ അകപ്പെട്ടു കിടക്കുന്നു എന്റെ കൂട്ടരെ .....!

ആ അവസരത്തിൽ ആക്രാന്തം മൂത്ത്
കണ്ട്രോൾ നഷ്ട്ടപ്പെട്ടപ്പോഴാണെന്ന് തോന്നുന്നു
കടിഞ്ഞൂൽ സന്താനമായ മകളുടെ സൃഷ്ട്ടി  കർമ്മം നടന്നത് !

പാൽ പുഞ്ചിരിയുമായി മകൾ പിന്നീട് ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നപ്പോൾ
ആയതൊരു സന്തോഷത്തിന്റേയും, നിർവൃതിയുടേയും നിമിഷങ്ങൾ തന്നെയായിരുന്നു...!

ആദ്യമായവൾ  കമഴ്ന്നുകിടന്നത് ...
മുട്ടുകുത്തിയത് , പിച്ചവെച്ചത്, കിന്നരി പല്ലുകൾ മുളച്ചുവന്നത്,...,...
അങ്ങിനെ സുന്ദരമായ എത്ര മുഹൂർത്തങ്ങളാണ് അവളും, പിന്നീടുണ്ടായ
അവളുടെ കുഞ്ഞനിയനും കൂടി ഞങ്ങൾക്ക് സമ്മാനിച്ചത് ....

കൊച്ചായിരിക്കുമ്പോളവൾ എന്റെ നെഞ്ചിൽ കിടന്ന് എൻ താരാട്ട് കേട്ട്
ഉറങ്ങുമ്പോൾ എന്നിലെ ഒരു പിതാവ് ശരിക്കും ഉണർന്നെഴുന്നേൽക്കുകയായിരുന്നൂ....

ഇനി എന്നാണാവോ ഈ താരാട്ടിനൊക്കെ പകരം,
എനിക്ക് ബഹുമനോഹരമായ ആട്ടുകൾ കിട്ടുക അല്ലേ ?

മക്കൾക്കൊക്കെ വല്ല അസുഖങ്ങളൊക്കെ
വരുമ്പോഴായിരിക്കും... നമ്മൾ ദു:ഖങ്ങൾ ഉള്ളിൽ തട്ടിയറിയുക.

അവരുടെയെല്ലാം വളർച്ചയുടെ ഓരൊ കാല ഘട്ടങ്ങളിലും ,
ജീവിതത്തിന്റെ പല പല സന്തോഷങ്ങളും  നമ്മളെല്ലാം നേരിട്ട്
തൊട്ടറിയുക തന്നെയാണല്ലൊ ചെയ്തുകൊണ്ടിരിക്കുന്നത് അല്ലെ.?

 ദി ഔട്ട്സ്റ്റാൻണ്ടിങ്ങ് സ്റ്റുഡൻസ്..!
കഴിഞ്ഞ തവണ മകളുടെ കോളേജിൽ നിന്നും കാഷ്യവാർഡടക്കം
ഔട്ട് സ്റ്റാൻഡിങ്ങ് സ്റ്റുഡന്റ് അവർഡ് നേടിയവൾ...
പണ്ടത്തെ ക്ലാസ്സുകളിലെ സ്ഥിരം 'ഔട്ട് - സ്റ്റാൻഡറായ' എന്നോടൊക്കെ
സത്യമായും  പകരം വീട്ടുകയായിരുന്നൂ...

പരസ്പരം കളിച്ചും, ചിരിച്ചും, കലഹിച്ചും , മറ്റും കഴിഞ്ഞ പതിനെട്ട്
കൊല്ലത്തോളമായി ഞങ്ങളുടെ കുടുംബത്തിലെ നിറസാനിധ്യമായിരുന്ന അവളെ ,
കഴിഞ്ഞയാഴ്ച്ച ഇവിടെ ലണ്ടനിൽ നിന്ന് അകലെയുള്ള , ‘യോർക്ക് യൂണിവേഴ്സിറ്റി‘യിൽ, ഹോസ്റ്റലിലാക്കി തിരിച്ചു വന്നത് മുതൽ
എന്റെ മനസ്സിനുള്ളിലെ തേങ്ങലുകൾ വിട്ടുമാറുന്നില്ല...

മോനാണെങ്കിൽ അവന്റെ ഒരേയൊരു ചേച്ചിയെ മിസ്സ് ചെയ്ത സങ്കടം..

അവന്റെ അമ്മക്കിപ്പോൾ ‘യോർക്കി‘ലെ മോളെയോർത്ത് തോരാത്ത കണ്ണീർച്ചാലുകൾ...

 യോർക്ക് യൂണിവേഴ്സിറ്റിയതൊന്നിത് ;ഞാനിതാ
 യോർക്കുന്നിതെപ്പോഴും യോർക്കിന്റയാ ഭംഗികൾ !
ഇപ്പോഴാണ് വാസ്തവത്തിൽ എന്റെ അമ്മയുടേയുമൊക്കെ ,
മക്കളെ പിരിഞ്ഞിരിക്കുമ്പോഴുണ്ടാകുന്ന വിരഹവേദനകൾ  ശരിക്കും മനസ്സിലാകുന്നത് ...
ഞങ്ങൾ മക്കൾ ഓരോ തവണയും പിരിഞ്ഞു
പോകുമ്പോഴുണ്ടാകാറുള്ള ആ കണ്ണീരിന്റെ വിലകൾ ...
ആ അമ്മ മനസ്സിന്റെ നീറ്റലുകൾ.... പേരകുട്ടികൾ അടുത്തില്ലാത്തതിന്റെ ദു:ഖം....

 തറവാട്ടമ്മയും കുടുംബവും...
നമുക്കൊക്കെ ഭാവിയിൽ കടന്ന് ചെല്ലാനുള്ള ചുവടുകളുടെ
ആദ്യകാൽ വെയ്പ്പുകളിലൂടെയുള്ള നേരിട്ടുള്ള അനുഭവങ്ങൾ അല്ലേ...!

ഇവിടെയൊക്കെ ഭൂരിഭാഗം ആളുകളുമൊക്കെ വയസ്സാകുമ്പോൾ ,
അവരെ ഏറ്റെടുക്കുന്നത് കെയർ ഹോമുകളാണ്. ഗവർമെന്റടക്കം ഇത്തരം
ഏജൻസികൾ അതിനുള്ള എല്ലാ സപ്പോർട്ടുകളും കൊടുക്കുന്നുണ്ട്. ഇത്തരക്കാരെ ഇവിടങ്ങളിലൊക്കെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുന്നത് ഏറെക്കുറെ മലയാളികളാണെന്നും നമുക്കഭിമാനിക്കുകയും ചെയ്യാം.

ഒപ്പം ഇതെല്ലാമപേഷിച്ച് ലണ്ടനിലെ പലഭാഗങ്ങളിലും മലയാളി അമ്മക്കിളികൾക്കും, കാരണവന്മാർക്കുമൊക്കെ മക്കളുടെയെല്ലാം നല്ല പരിരക്ഷകൾ കിട്ടുന്നു എന്നതിലും !
      അമ്മക്കിളിക്കൂട്ടിൽ...
കൂടാതെ അവരൊക്കെ ആഴ്ച്ചയിൽ ഒന്നോരണ്ടോ തവണ ഒത്തുകൂടി ...
യോഗ പരിശീലനം, ലഞ്ച് ക്ലബ്ബ്,  ചിരി ക്ലബ്ബ്, ചീട്ടുകളി ,തുന്നൽ,...തുടങ്ങി
പല  ഉല്ലാസങ്ങളുമായി മലയാളി സമാജങ്ങളുമായി ഒത്ത് ചേർന്ന് കഴിയുന്നൂ.
ഇവരുടെയൊക്കെ കൂടെ ചിരിപ്പിക്കാനും മറ്റു മൊക്കെയായി , ആ ക്ലബ്ബുകളിൽ പോയി
പങ്കെടുക്കുന്ന കാരണമെനിക്ക്, എന്റെ അമ്മയേയും മറ്റും മിസ്സ് ചെയ്യുന്നത് ഇല്ലാതാക്കാനും പറ്റുന്നുണ്ട്.

പിന്നെ
മകൾക്കൊരു യു.കെ.യൂണിവേഴ്സിറ്റിയിൽ പഠിക്കാന്‍  ഭാഗ്യം
കിട്ടിയതിൽ തീർച്ചയ്യായും എനിക്കിപ്പോൾ വല്ലാത്ത അസൂയ കൈവരികയാണ് ....

എന്തടവൻ ...
ഇവിടത്തെ ഓരൊ കലാശാലകളുടേയും സെറ്റപ്പ്...!

കുറെനാളുകൾക്ക് മുമ്പ് ഞാനിവിടെ
യു.കെ.വിദേശ വിദ്യാർത്ഥി ചരിതം എന്നൊരു പോസ്റ്റ് ചമച്ചിരുന്നല്ലൊ ...

അതുപോലെ തന്നെ  ഈ ‘യോർക്ക് യൂണിവേഴ്സിറ്റി‘യാണെങ്കിൽ
ഒരു തടാകതിനകത്തും, പുറത്തുമായി , പ്രകൃതി  രമണീയമായ സ്ഥലത്ത്
പരന്നുകിടക്കുന്ന, ക്യാമ്പസ് സമുച്ചയങ്ങളാലും , അതിനൊത്ത അന്താരാഷ്ട്ര
വിദ്യാർത്ഥി സമൂഹങ്ങളാലും പേരുകേട്ട ഒന്നാണ് ...!

അത്യാധുനിക സൌകര്യങ്ങളാൽ അലങ്കാരിതമായ
ക്ലാസ് മുറികൾ, കോഫി ബാറുകളും, റെസ്റ്റോറന്റുകളും, ‘പബ്ബും‘ ,
സൂപ്പർ മാർക്കറ്റുകളുമൊക്കെയുള്ള പുരാതന ഛായയിലുള്ള ആധുനിക കെട്ടിടങ്ങൾ ,
ആൺ പെൺ വത്യാസമില്ലാതെ ഒന്നിടവിട്ട മുറികളുള്ള ഹോസ്റ്റലുകൾ,...,..,..


 യോർക്ക് സർവ്വകലാശാല തട്ടകം
വീണ്ടും പോയി പഠിച്ചാലോ  എന്ന് മോഹിപ്പിക്കുന്ന ലാവണങ്ങൾ
കണ്ട് കൊതിയൂറി നിൽക്കാവുന്ന കാഴ്ച്ചവട്ടങ്ങൾ തന്നെയാണ് അവിടെയെല്ലാം......

ഇവിടെയെല്ലാം പഠിച്ചിറങ്ങി  വരുമ്പോൾ
ഒരു സ്റ്റുഡൻസിനും ഒരു നഷ്ട്ടബോധവും ഉണ്ടാകില്ല .! 

പിന്നെ ഇവിടത്തുക്കാർക്കെല്ലാം ഇത്തരം പ്രൊഫഷണൽ കോഴ്സുകൾ
പഠിക്കാനുള്ള  ചിലവുകൾ മുഴുവൻ ഗവർമേന്റ് പലിശയില്ലാതെ ലോണായി കൊടുക്കുന്നു..
വിദ്യാഭ്യാസത്തിനിടയിൽ പാർട്ട് ടൈം ജോലിചെയ്യാമെങ്കിലും , പഠിച്ചിറങ്ങി  ജോലികിട്ടിയശേഷം മാത്രം, തവണകളായി വേജ് സ്ലിപ്പിൽ നിന്നും പണം തിരിച്ചെടുക്കുന്നു...!

പതിനെട്ടുവയസ്സിന് മുകളിലുള്ളവർക്ക് പഠിക്കാന്‍  മനസ്സുണ്ടെങ്കിൽ
ആരേയും ഡിപ്പെന്റുചെയ്യാതെ ജീവിതമുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കാവുന്ന സംവിധാനങ്ങളൊക്കെ തന്നെയാണ് ,  ഈ മുതലാളിത്ത രാജ്യത്തുള്ളതുത് !

യോർക്ക് യൂണിവേഴ്സിറ്റി വനിതാ ക്രിക്കറ്റ് ടീം / 2012.
മകളുടെ ഈ താൽക്കാലിക വിരഹത്തിനിടയിലും
ഞങ്ങൾ പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുന്നു....
എഞ്ചിനീയറിങ്ങ് ഡിഗ്രിക്കൊപ്പം ,വേറെ
‘സംതിങ്ങൊന്നും‘ അവൾ ഞങ്ങൾക്കായി കൊണ്ടുവരില്ലാ എന്ന്....

മാമ്പൂ കണ്ടും,മക്കളെ കണ്ടും ഒന്നും കൊതിക്കണ്ടാ അല്ലെ....
പിന്നെ
എന്റെ പെർമനന്റ് ഗെഡിച്ചിയായ  ഭാര്യ
പറയുന്ന  പോലെ ... ‘ ഈയച്ഛന്റെയല്ലേ ... മോള് ... ! ‘പിന്നാമ്പുറം :-

അതായത്  നായക്ക് ഇരിക്കാൻ നേരമില്ല...
നായ ഓടിയിട്ട്  എന്താ കാര്യം എന്ന് ചോദിച്ചപോലെ ...

കഴിഞ്ഞ ഒരുമാസമായി ബ്ലോഗ് മീറ്റ്, അഭിമുഖം  , ബ്ലോഗ് ചർച്ച , 
സാഹിത്യ വേദി , മലയാളി അസോസിയേഷൻ ,..., ..എന്നൊക്കെ പറഞ്ഞ് വീട്ടിലിരിക്കാറില്ല.അതുകൊണ്ട് സംഹാരരുദ്രയേപ്പോലെ നിൽക്കുന്ന പ്രിയതമയെ
മണിയടിക്കുവാൻ വേണ്ടി , അവൾ സറീന വാഹബിനെപ്പോലെയാണ്,സുന്ദരിയാണ്
എന്നൊക്കെ ചുമ്മാ കാച്ചിയതാണ് കേട്ടൊ....

എന്നെപ്പോലെയുള്ള മണ്ടൻ ബൂലോഗർക്കും
വീട്ടിൽ എന്നും  അലമ്പിലാണ്ട് ജീവിച്ചു പോണ്ടേ....!Wednesday 29 September 2010

ജ്ഞാനപീഠവും ബിലാത്തിയും പിന്നെ ജ്ഞാനം തേടും കുറച്ചു ബുലോഗരും / Jnanapeetavum Bilaatthiyum Pinne Jnanam Thetum Kuracchu Bulogarum .

 നോബെൽ സമ്മാനത്തിന് സമാനമായ ഭരതത്തിന്റെ ജ്ഞാനപീഠപുരസ്കാരം നേടിയ ശ്രീ : ഒറ്റപ്ലാവില്‍  നീലകണ്ഠന്‍  വേലു  കുറുപ്പിന് ബിലാത്തി ബൂലോഗരുടെ എല്ലാവിധത്തിലുമുള്ള അഭിനന്ദനങ്ങളും ,ഒപ്പം സാദര പ്രണാമവും അർപ്പിച്ചുകൊണ്ടാണ് രണ്ടാമത്തെ ബിലാത്തി ബുലോഗ സംഗമത്തിന് ഞങ്ങളിവിടെ  കൊവെണ്ട്രിയിൽ ഒത്തുചേർന്ന് പ്രാരംഭം കുറിച്ചത്.....
 സെപ്തംബർ പത്തൊമ്പതോട് കൂടി ബിലാത്തിയിലെ ഓണാഘോഷങ്ങൾക്കൊക്കെ തിരശ്ശീല വീണപ്പോ‍ൾ ,ഇവിടെയെല്ലാവരേയും ബോറടിപ്പിച്ചും,രസിപ്പിച്ചും ഈയ്യുള്ളവൻ നടത്തിയ പരാക്രമങ്ങളായ, ഇക്കൊല്ലത്തെ മാവേലി വേഷങ്ങൾക്കും, മറ്റും  ( മാവേലി കൊമ്പത്ത് ), മാജിക് പരിപാടികൾക്കുമൊക്കെ കൊട്ടികലാശം വന്നത് കൊണ്ട് , വീണ്ടും പണിയന്വേഷണവും, ചൊറികുത്തലുമായി ഇരിക്കുന്ന അവസരത്തിലാണ് , ലണ്ടൻ മലയാളവേദി നടത്തിയ സാഹിത്യ മത്സരങ്ങളിൽ ഒന്നും, രണ്ടും സമ്മാനങ്ങളൊക്കെ വാങ്ങി ബിലാത്തിബുലോഗർ ജേതാക്കളായത്...
അപ്പോൾ വീണ്ടും ഞങ്ങൾ ബിലാ‍ത്തി മല്ലു ബ്ലോഗ്ഗേഴ്സിനൊത്തുകൂടുവാൻ 
വേറെ വല്ല കാരണവും വേണൊ?
പോരാത്തതിന്  നമ്മുടെയെല്ലാം പ്രിയ കവി ഒ.എൻ.വി  മലയാളമണ്ണിലേക്ക് വീണ്ടും ജ്ഞാനപീഠം  പുരസ്കാരം എത്തിച്ചപ്പോൾ ,അദ്ദേഹത്തിന് അനുമോദനം അർപ്പിക്കലും ഞങ്ങൾ മുഖ്യ അജണ്ടയിൽ ചേർത്തു കേട്ടൊ.

നാട്ടിലെ നാലയ്യായിരം രൂപയൊക്കെ പെട്രോളിനും, ടിക്കറ്റിനുമൊക്കെ ചിലവാക്കി ,
പണിയൊക്കെ മാറ്റിവെച്ച് ഈ കഴിഞ്ഞ തിങ്കളാഴ്ച്ച യു.കെയുടെ പല ഭാഗങ്ങളിൽ നിന്നും ഞങ്ങളെല്ലാം കൂടി കൊവെണ്ട്രിയിൽ ഒത്ത് കൂടിയപ്പോൾ ....

 ബിലാത്തി ബൂലോഗമീറ്റ് രണ്ടാമൂഴം !
L to R പ്രദീപ് ജെയിംസ്, ജോഷി പുലിക്കോട്ടിൽ, വിഷ്ണു, സമദ് ഇരുമ്പഴി, ജോയിപ്പൻ, 
അലക്സ് കണിയാമ്പറമ്പിൽ, അശോക് സദൻ, മുരളീമുകുന്ദൻ.
“ഇവറ്റകൾക്കെല്ലാം എന്തിന്റെ കേടാ..എന്റെ ദൈവ്വം തമ്പുരാനേ ‘
എന്ന് വീട്ടുകാരും,ചില കൂട്ടുകാരുമൊക്കെ പിറുപിറുക്കുന്നത് കേട്ടു.....

ഇവർക്കാർക്കും തന്നെ അറിയില്ലല്ലോ 
ബുലോഗത്തിന്റെ മഹത്വം...
ഈ കൂട്ടായ്മയുടെ ഒരു സുഖം....
നമ്മുടെ അമ്മമലയാള ഭാഷയുമായി സംവാദിക്കുമ്പോഴും, 
സാഹിത്യചർച്ചകളിൽ പങ്കെടുക്കുമ്പോഴും നമ്മെൾക്കെല്ലാം 
ഉണ്ടാകുന്ന ആ സന്തോഷം....

ആഗോള ഭൂലോക ബൂലോഗർക്ക് എന്നും പ്രോത്സാഹനങ്ങളും,
പ്രചോദനങ്ങളും നൽകുന്ന ബിലാത്തി മലയാളി പത്രികയുടെ പത്രാധിപരായ 
അലക്സ് കണിയാമ്പറമ്പിൽ ആയിരുന്നു ഇത്തവണത്തെ  ഈ മല്ലുബ്രിട്ടൻ ബ്ലോഗ്ഗ് 
സംഗമത്തിൽ അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചത്.

ഒ.എൻ.വിയുടെ കുഞ്ഞേടത്തിയുടേയും,ഒമ്പത് കൽ‌പ്പണിക്കാ‍രുടേയുമൊക്കെ 
ചൊൽക്കാഴ്ച്ചകൾ കേട്ട് ജ്ഞാനപീഠം  മലയാളത്തിന് അഞ്ചാമതും നേടിതന്നതിന് , 
നമ്മുടെ പ്രിയകവിക്ക് പ്രണാമവും , അനുമോദനങ്ങളും നേർന്നുകൊണ്ടാണ് ഞങ്ങൾ ഈ 
ഒത്ത് ചേരൽ ആരംഭിച്ചത്..കേട്ടൊ.

പിന്നീട് ബ്ലോഗ്ഗിന്റെ  ഗുണഗണങ്ങളേയും മറ്റും പറ്റി ഒരു ചർച്ച( വീഡിയോ ഇവിടെ കാണാം)...
ബ്രിട്ടനിൽ ഒരു ബ്ലോഗ്ഗ്  അക്കാദമി ഉണ്ടാക്കി കൂടുതൽ പേരെ എങ്ങിനെ മലയാള ബ്ലോഗ്ഗിങ്ങ് രംഗത്തേക്ക് കൊണ്ടുവന്ന് ഭാഷയേയും, നമ്മുടെ സംസ്കരാത്തേയും പുത്തൻ തലമുറയ്ക്ക് പരിചയപ്പെടുത്തി , ഈ രാജ്യത്തും മലയാളത്തിന്റെ നറുമണവും,സൌന്ദര്യവും എന്നും നിലനിൽക്കാനുള്ള  സംരംഭങ്ങൾ ഏതെല്ലാം തരത്തിൽ ചെയ്യണമെന്നുള്ള ഒരു ആശയവും ചർച്ചയിലൂടെ  രൂപപ്പെട്ടു(.ചർച്ച രണ്ടാം ഭാഗം)

ബിലാത്തി ബുലോഗ ഭൂലോക ചർച്ച !
പിന്നീട് മലയാളത്തെ സ്നേഹിക്കുന്ന എല്ലാവർക്കും കൂടി 
പുതിയ ഒരു ഇ-മെയിൽ ഗ്രൂപ്പ് ആവിഷ്കരിച്ചാലൊ എന്നുള്ള ഐഡിയയും ഉടലെടുത്തു  വന്നൂട്ടാ....

അതിന് ശേഷം ലണ്ടൻ കലാസാഹിത്യവേദിയുടെ സമ്മാനങ്ങൾ
കരസ്ഥമാക്കിയ ബിലാത്തിബൂലോഗർക്കുള്ള അനുമോദനങ്ങളായിരുന്നു.

യു.കെയിലെ വേളൂർ കൃഷ്ണന്‍കുട്ടി എന്നറിയപ്പെടുന്ന , മാഞ്ചസ്റ്ററിലുള്ള 
നർമ്മകഥാകാരനായ ജോയിപ്പനായിരുന്നു ( ജോയിപ്പാന്‍ കഥകള്‍ ) കഥയ്ക്കുള്ള ഒന്നാം സ്ഥാനം.
സായിപ്പിന്റെ മൊബൈയിൽ  തമാശകളിൽ പോലും ജോയിപ്പന്റെ വിറ്റുകൾ കയറി കൂടിയിട്ടുണ്ട്.

കോട്ടയത്തപ്പന്മാർ  ! 
അലക്സ് ഭായിയും,പ്രദീപും,ജോയിപ്പാനും
ദേ..നോക്ക് ഒന്ന്
അമ്മയും,മകനും നടന്നുപോകുമ്പോൾ പശുവിന്റെ പുറത്ത് കയറുന്ന 
കാളയെ കണ്ട് ,അമ്മയോട് മോൻ ചോദിച്ചു
‘കാളയിതെന്താണ് പശുവിനെ ചെയ്യുന്നതെന്ന് ?‘
അപ്പോൾ അമ്മ മോനോട് പറഞ്ഞതിങ്ങനെ
“മോനെ ആ കാള പശൂന്റെ മേലെക്കേറി ..
അടുത്ത പറമ്പിൽ പുല്ലുണ്ടോ എന്ന് നോക്കുകയാണെത്രേ !‘
ഇത്തരത്തിലൊക്കെയുള്ളതാണ് ജോയിപ്പാൻ വിറ്റുകൾ കേട്ടൊ....
 സിനിമാക്കാരായ അശോക് സദനും, തോമാസ് .ടി.ആണ്ടൂരും....
രണ്ടാം സമ്മാനം കഥയെഴുത്തിൽ കിട്ടിയ ബെർമിങ്ങാമിലുള്ള 
അശോക് സദൻ , ശരിക്കും  ഒരു സകല കലാവല്ലഭനാണ് ...
നല്ലൊരു ശിൽ‌പ്പിയും,സിനിമാക്കാരനുമൊക്കെയാണ് , 
അക്ഷരങ്ങളേ കൂടി സ്നേഹിക്കുന്ന അശോക് (എന്‍റെ തിന്മകളും നുണകളും പിന്നെ കുറച്ചു സത്യങ്ങളും.)
ക്രിസ്ത്യൻ ബ്രദേഴ്സ് സിനിമയുടെ ലണ്ടൻ ഷൂട്ടിങ്ങ് കാര്യങ്ങളെല്ലാം
കൈകാര്യം ചെയ്തിരുന്നത് അശോക് സദനായിരുന്നു.

എന്നെ അതിലൊരു സ്റ്റണ്ട് സീനിലഭിനയിക്കാൻ വിളിച്ചതായിരുന്നു....
തിരക്ക് കാരണം പോകാൻ പറ്റിയില്ല എന്നുമാത്രം....

ആ പടത്തിൽ വല്ല ബലാത്സംഗത്തിന്റെ സീനെങ്ങാൻ 
ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ഞാൻ പോയേനെ ..!

 സ്നേഹ സന്ദേശത്തിന് വേണ്ടി, പ്രഥമാഭിമുഖം ജോഷിയുമായി
കവിതകളേയും,പാട്ടുകളെയും എന്നും സ്നേഹിച്ചുകൊണ്ടിരിക്കുന്ന 
പോർട്ട്സ്മൌത്തിലുള്ള ജോഷി പുലിക്കൂട്ടിലിനായിരുന്നു ( മലയാളം കവിതകള്‍  )
കവിതക്ക് രണ്ടാം സ്ഥാനം.
ഈ പ്രണയഗായകനുമായി, സ്നേഹസന്ദേശത്തിൽ 
ചേർക്കുന്നതിന് വേണ്ടി ആയതിന്റെ പത്രാധിപർ അലക്സ് ഭായ്
പറഞ്ഞതനുസരിച്ച് ഒരു അഭിമുഖം ഞാൻ നടത്തി....
പ്രദീപായിരുന്നു ജോയിപ്പാനുമായി അഭിമുഖം നടത്തിയത്.

ഇതിനെയെല്ലാം വളരെ നല്ല രീതിയിൽ ഡയറക്റ്റ് ചെയ്ത് 
ഞങ്ങളുടെയെല്ലം തലതൊട്ടപ്പൻ അലക്സ് ഭായ് എല്ലാത്തിനും
നേതൃത്വം നൽകി മുമ്പിലെപ്പേഴും ഉണ്ടായിരുന്നു.

ഇതെല്ലാം ചിത്രീകരിച്ചത് എഴുത്തുകാരനും, നല്ലൊരു ക്യാമറാമനും,
എഡിറ്ററുമൊക്കെയായ തോമാസ് .ടി.ആണ്ടൂർ ആണ് . ‘സംഗീത മേഘം‘
എന്ന പരിപാടികളിലൂടെ ഏവർക്കും സുപരിചിതനായി തീർന്ന ഇദ്ദേഹം യു.കെയിൽ 
ഏറെ പ്രസിദ്ധനാണ്... കേട്ടൊ
തോമാസ്.ടി. ആണ്ടൂർ / മഴ മേഘങ്ങളുടെ അധിപൻ !
അവസാനം എന്റെ ചില ചെപ്പടിവിദ്യകളും,
സമദ് ഭായിയുടെ ഒരു കലക്കൻ മാജിക് ഷോയും 
കഴിഞ്ഞപ്പോൾ...
ഞങ്ങളുടെ ശ്രദ്ധ കുപ്പികളും,പ്ലേറ്റുകളും 
കാലിയാക്കുന്നതിലായതിൽ ഒട്ടും അതിശയോക്തി  ഇല്ലല്ലൊ...!

 വക്കീൽ  v/sഎഞ്ചിനീയർ   !
സമദും വിഷ്ണുവും
ജീവിതത്തിലിതുവരെ , ഭാരങ്ങൾ വലിച്ച ഒരു പതവന്ന വണ്ടിക്കാള കണക്കേയുള്ള നെട്ടോട്ടത്തിനിടയിൽ , അവിചാരിതമായി കിട്ടിയ തികച്ചും ഒരു വിശ്രമവേളയായിരുന്നു  എനിക്ക് ഈ പണിയില്ലാകാലം ... ! 
ഈ അവസരങ്ങൾ ഞാനൊരു തനി 
ഒരു സഞ്ചാരിയായി കറക്കമായിരുന്നു !
ചിലപ്പോൾ കുടുംബമായും, കൂട്ടുകൂടിയും,ഒറ്റക്കും, ....,...,
ബിലാ‍ത്തിയിലും, ചുറ്റുവട്ടത്തുമൊക്കെയായി ധാരാളം 
കാണാത്ത കാഴ്ച്ചകൾ കണ്ടു....!

ബിലാത്തിയിലെ ബൂലോഗർക്ക് നമോവാകം....
ഈ രണ്ടുവർഷത്തിനിടയിൽ നേരിട്ട് കാണാതെ, 
മിണ്ടാതെ പരിചയത്തിലായവർപോലും , നമ്മുടെ 
കുടുംബാംഗങ്ങളായി മാറുന്ന അനുഭവം..... 

ഇവിടെ ലണ്ടൻ വിട്ട് ചുറ്റാൻ പോയപ്പോഴൊക്കെ മറ്റുള്ളമിത്രങ്ങളേക്കാളും,
ബന്ധുക്കളേക്കാളും സ്നേഹവാത്സ്യല്ല്യങ്ങൾ നൽകി വരവേറ്റും മറ്റും ഒരു വല്ലാത്ത 
ആനന്ദമേകി ഈ ബിലാത്തി ബൂലോഗരെനിക്ക്....

അതുപോലെ ലണ്ടനിൽ അവരാരെങ്കിലും എത്തിയാൽ 
എന്നോടൊപ്പം കൂടുവാനും അവർക്കും അത്യുൽത്സാഹംതന്നെയായിരുന്നു..കേട്ടൊ.

എങ്ങിനെയാണ് ഈ ബൂലോഗത്തിന്റെ സ്നേഹവാത്സ്യല്ല്യങ്ങളുടെ 
നന്മകൾ വ്യക്തമാക്കുക എന്നെനിക്കറിയില്ല....... എന്റെ കൂട്ടരേ


ഈ സന്തോഷത്തോടൊപ്പം ഏറെ ദു:ഖമുള്ള 
രണ്ട് സംഗതികളും ഉണ്ടാകുവാൻ പോകുകയാണിവിടെ....  

ബിലാത്തി വിട്ട് ഇവിടത്തെ രണ്ട് ബൂലോഗ സുന്ദരികൾ വേറെ രണ്ട് 
പാശ്ചാത്യരാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുവാൻ പോകുന്നു എന്നുള്ളതാണ് ആ കാര്യങ്ങൾ !


എന്‍റെ കൊച്ചു കൊച്ചു വിശേഷങ്ങൾഎഴുതുന്ന സിയയുടെ , പ്രിയപ്പെട്ടവനായ 
ഷമീൻ  അമേരിക്കയിൽ നല്ലജോലിയും, സ്ഥാനവും തരമായി അവിടേയ്ക്ക് കുടിയേറിയപ്പോൾ , സിയ ബാക്കി കുടുംബത്തോടൊപ്പം അങ്ങോട്ട് പറക്കുവാൻ ഒരുങ്ങുകയാണ് ...
 ഷമീൻ & സിയ /ബിലാത്തി ടു അമേരിക്ക
തനിയൊരു  മലർവാടി ( malarvati )യായ കല്ല്യാണപ്പെണ്ണായ മേരികുട്ടി 
ന്യൂസ് ലാന്റിലേക്കുമാണ് മൈഗ്രേറ്റം നടത്തുന്നത്....

എന്റെ നല്ലൊരു കുടുംബമിത്രമായ മേരിയുടെ കൂടെയുള്ള കാറിലുള്ള 
സഞ്ചാരങ്ങൾക്കും അങ്ങിനെ പര്യവസാനം വരാൻ പോകുകയാണ് . 
ഇനി ആരാണെന്നെ  പാർട്ടികളെല്ലാം കഴിഞ്ഞാൽ  
ഒരു കുഴപ്പവും കൂടാതെ വീട്ടിലെത്തിക്കുക ? 

അല്ലാ ...നാട്ടിലാണെങ്കിൽ ഇതുപോലെ ഒരു പെണ്മിത്രത്തിന്റെ 
കൂടെ കറങ്ങിയാലുള്ള  പുലിവാലുകൾ ഒന്നാലോചിച്ചു നോക്കൂ...!

പീഡനങ്ങൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ ഒരു തമ്പുരാട്ടി
എന്ന് മേരിയെ വിശേഷിപ്പിക്കാം....
പട്ടിണിയും,പാലായനങ്ങളും,പരിവട്ടങ്ങളും കൂട്ടുണ്ടായിരുന്ന മേരിക്ക് പിന്നീട് പാട്ടക്കാരന്റേയും,പള്ളിക്കാരന്റേയും,പട്ടക്കാരന്റേയും,പാത്തിക്കിരിയുടേയും പീഡനങ്ങളാണ് പരമഭക്തയായ ഇവൾക്ക് ദൈവ്വം കൂട്ടായി സമ്മാനിച്ചത്.....


നല്ലൊരു വായനക്കാരി മാത്രമായി ഒതുങ്ങിക്കൂടി നിൽക്കുന്ന മേരി  എന്നോടും,പ്രദീപിനോടും,സമദിനോടും മറ്റും പറഞ്ഞ അനുഭവ കഥകൾ ,
പല മുഖം മൂടികളും കീറി പറിക്കുന്നതാണ് ....കേട്ടൊ

എനിക്കും, സമദ് ഭായിക്കുമൊക്കെ വർഗ്ഗീയതയുടെ വരമ്പുകൾ ഭേദിക്കേണ്ടത് കൊണ്ട് ,
ഒരു പക്ഷേ ഭാവിയിൽ പ്രദീപ് ഇതിനെ ഒരു നോവലായി തന്നെ ആവിഷ്കരിച്ചേക്കാം....


സിയക്കും,മേരിക്കുമൊക്കെ ബിലാത്തി ബൂലോഗരുടെ വക ,
ഭാവിയിൽ സർവ്വവിധ ഭാവുകങ്ങളും അർപ്പിച്ചുകൊണ്ട് നിറുത്തട്ടേ.....

ദേ....കേട്ടൊ 
മുകുന്ദേട്ടന്റെ സുമിത്ര വിളിക്കുന്നു.... !  ?
എല്ലാവർക്കും ..ശുഭരാത്രി.
ലേബൽ  :-
നുങ്ങ  /
പാളിച്ചൾ..

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...