Sunday 27 December 2009

അവതാരം ! / AVATAR !

മഞ്ഞുകൊണ്ടുള്ള  ഒരു വെള്ള പട്ടുടുപ്പിട്ട് ആരെയും മോഹിപ്പിക്കുന്ന
സുന്ദരിയായിട്ടാണ്  ലണ്ടന്‍ ഇത്തവണ  കൃസ്തുമസ്സിനെയും ,പുതുവര്‍ഷത്തെയും വരവേല്‍ക്കാന്‍  അണിഞ്ഞൊരുങ്ങി വന്നു നിൽക്കുന്നത് .
എന്തുണ്ട്  ഇപ്പോള്‍ ലണ്ടനില്‍ വിശേഷം എന്ന് ചോദിച്ചാല്‍ ;
ഇവിടത്തുകാര്‍ പറയും  ഈ കൃസ്തുമസ് വെക്കേഷൻ അടിച്ചുപൊളിക്കണം ,
മഞ്ഞുകേളികളില്‍ പങ്കെടുക്കണം ,ലോകത്തിലെ  അതിസുന്ദരമായ
കരിമരുന്നിനാല്‍ വർണ്ണപ്രപഞ്ചം ഒരുക്കി ആഘോഷിക്കുന്ന ലണ്ടനിലുള്ള  തേംസ് നദിയിലും,തീരത്തുമുള്ള ആ നവ വത്സരപ്പുലരിയാഘോഷം നേരിട്ടുപോയി കാണണം ,
പിന്നെ  “ത്രീ -ഡി imax  സിനിമയിൽ” പോയി “അവാതര്‍ “(wiki/Avatar) എന്ന ഫിലിം കാണണം !

ഈ ഡിസംബര്‍ പത്തിന് ബിലാത്തിപട്ടണത്തില്‍ 
ഒരു സിനിമ വിപ്ലവം തന്നെയായിരുന്നു നടന്നിരുന്നത് ...! ലോകസിനിമയിലെ വമ്പന്മാരെല്ലാം  ലണ്ടന്‍ തെരുവുകളില്‍ നിറഞ്ഞാടിയ രാപ്പകലുകൾ .
നാലര കൊല്ലമായി നിര്‍മ്മാണത്തിലായിരുന്ന അവാതര്‍ എന്ന സിനിമയുടെ Leicester Square ലെ  “വേള്‍ഡ് പ്രീമിയര്‍ ഷോ” ആയിരുന്നു കാരണം ..!
James Cameron & his Avatar Team.

വളരെയധികം  കൊട്ടിഘോഷിക്കപ്പെട്ട, ലോകത്തിലെ വമ്പൻ വിശിഷ്ടാതിഥികളെ മുഴുവൻ നീലപ്പരവാതാനി വിരിച്ച് വരവേറ്റ , പ്രഥമ പ്രദര്‍ശനം മുതല്‍ ,എല്ലാ മാധ്യമങ്ങളാലും വാഴ്ത്തപ്പെട്ട ,ഇവിടെ  എല്ലാവരുടേയും സംസാര വിഷയമായി തീര്‍ന്ന പുതിയ ഈ  അവതാരം  അഥവാ 'അവതാര്‍' എന്ന മൂവി... !

ലോകത്തില്‍ ഇതുവരെ പിടിച്ച സിനിമകളില്‍  
ഏറ്റവും ചെലവ് കൂടിയത് ! രണ്ടായിരത്തി മുന്നൂറു 
കോടി രൂപ (306 million pounds ). ഒരൊറ്റ  സെക്കന്റിന്റെ
ഇഫക്റ്റ്സ് പ്രേഷകന് കിട്ടുവാന്‍ വേണ്ടി  എണ്ണൂറോളം പേര്‍ ആയിരത്തിയിരുപത്തി നാല് മണിക്കൂര്‍ നിരന്തരം പ്രയത്നിച്ചു പിടിച്ച സിനിമാരംഗത്തെ  റെക്കോര്‍ഡ്‌ ആയ ഷോട്ട്കൾ വരെയുണ്ട് കേട്ടോ ഈ സിനിമയില്‍. പരിഭാഷകളടക്കം  ലോകം മുഴുവൻ റിലീസ് ചെയ്ത ഈ അവതാരം പത്തുദിനം കൊണ്ട് മുടക്കു മുതലിനേക്കാൾ കൂടുതൽ കളക് ഷൻ നേടിയും റെക്കോർഡിട്ടു കേട്ടൊ...

നിര്‍മ്മാണ പങ്കാളിയും ,സംവിധായകനുമായ  ജയിംസ് കാമറൂണ്‍ ,
പതിനഞ്ചുകൊല്ലം മുമ്പ് തന്റെ പ്രിയങ്കര കഥയായ ഈ അവതാരം സിനിമയായി അവതരിപ്പിക്കുവാന്‍ നോക്കിയപ്പോള്‍ അന്നത്തെ കംപ്യുട്ടര്‍ സാങ്കേതിക വിദ്യകള്‍ ഇത്രയും വികസിക്കാത്ത കാരണം , ഒരു സംഭവ കഥ പറഞ്ഞു ഒരു സിനിമയുണ്ടാക്കി ...
-ടൈറ്റാനിക് -
ശരിക്കും ഒരു ക്ലാസ്സിക് സിനിമയായിരുന്നു 
ഇദ്ദേഹത്തിന്റെ ലോകവിസ്മയമായ ആ സിനിമ !

പിന്നീട് ഭാവനയും  സംഭവങ്ങളുമായി
ട്രൂ ലയ്സ് ,ഏലിയന്‍സ് ,ടെർമിനേറ്റർ ,...
മുതലായ ഏവരെയും കോരിത്തരിപ്പിച്ച കുറെയെണ്ണം 
അവസാനം അങ്ങിനെയിതാ അവസനം  സ്വപ്നസാക്ഷാത്കാരമായ അവതാറും ...!

തലക്കെട്ട് മുതൽ (അവാതർ/അവതാരം തന്നെ) ,കഥാപാത്രങ്ങളുടെ പേരുകൾ (നേയ്ത്രി,സുട്ടേയി,നാവി/പുതിയ) ,നിറം (ദൈവ നിറം നീല), പത്തടി ഉയരവും, നാലാളുടെ ശക്തിയും,വാലുമുള്ള രൂപഭാവങ്ങൾ(ഹനുമാൻ,ബാലി,...) , പക്ഷിപ്പുറമേറിയുള്ള
ആകാശ ഗമനം (ഗരുഡവാഹനം/ വിഷ്ണു) ,...,.....അങ്ങിനെ ഭാരതീയ ഇതിഹാസങ്ങളിൽ നിന്നും ഇറങ്ങിവന്നവരാണൊ ഈ സിനിമയിലെ അന്യ ഗ്രഹജീവികൾ എന്നുതോന്നി പോകും.. 

പണ്ടോറയിലെ യുദ്ധരംഗങ്ങൾ

സിനിമയുടെ കഥ നടക്കുന്നത് 2154  ലാണ് കേട്ടൊ.  അന്നാണെങ്കില്‍
ഭൂമിയില്‍  ജീവിതം വളരെ ദുസ്സഹം . വനവും ,വന്യജീവികളുമൊക്കെ നശിച്ചു, ഒപ്പം ധാതു ലവണങ്ങളും തീര്‍ന്നു തുടങ്ങി . പക്ഷെ മനുഷ്യന്റെ ആശ നശിച്ചില്ല .
2129 ല് കണ്ടുപിടിച്ച പോളിഹിമിസ്(Polyphemis)  എന്ന ആകാശ ഗംഗ (സൌരയൂഥം പോൽ വേറൊന്ന്)  ഗ്രഹവും അതിന്റെ പതിനാല് ഉപഗ്രഹങ്ങളും (ഭാരത പുരാണത്തിലെ പതിനാലുലോകം പോലെ) .

ഈ ഉപഗ്രഹങ്ങളില്‍ ഒന്നായ ഭൂമിയോളം  പോന്ന പണ്ടോറ “(Planet Pandora ) യിൽ ധാരാളം ധാതുലവണങ്ങളും ,ജീവജാലങ്ങളും ഉണ്ടെത്രെ ..!
കൂടാതെ മഗ്നെനി ലെവി: ഷിപ്പ്( Magnetic Levitating Super-Conducter  )മുഖാന്തിരം
ഈ പണ്ടോറയിൽ  വളരെയധികം  മൃതസഞ്ജീവനി  (ഹല്ലേല്ലുയാ/Hallalujah) മലകളും , പൊങ്ങി കിടക്കുന്ന ദ്വീപുകളും ,അവിടത്തെ നാട്ടു വാസികളായ  പത്തടി ഉയരവും നാലാളുടെ ശക്തിയും,  വാലും ഉള്ള   നാവി( Na Vi) എന്ന് വിളിക്കപ്പെടുന്ന ഗിരിവര്‍ഗ്ഗ ഗോത്ര  മനുഷ്യരും, മറ്റുയനേകം വിചിത്രജീവികളും ,പ്രത്യേകതരം വൃക്ഷ ലതാതികളും ഈ പുതുതായി കണ്ടുപിടിച്ച പണ്ടോറ ഗ്രഹത്തില്‍ ഉണ്ടെന്നു മനുഷ്യന്‍ പഠിച്ചെടുത്തു ...

അങ്ങിനെ സെക് ഫോര്‍ (SecFor) എന്ന ഖനന കമ്പനി പണ്ടോറ  യിലെ
ഇഷ്ട്ട വിഭവങ്ങള്‍  ആഗ്രഹിച്ചു സ്പേസ് ഷിപ്പില്‍  അങ്ങോട്ട്‌ പോയി അവിടത്തെ ഈ നാവികളെ കുറിച്ചും , മറ്റു സ്ഥിതിഗതികളും മനസ്സിലാക്കി അവരെ അവിടെനിന്നകറ്റാനും , ധാതു ലവണങ്ങളും മറ്റുകാനന ലതാതികളും ഭൂമിയിലേക്ക് കൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍  ആരംഭിക്കുന്നു .. .

പണ്ടോറ യിൽ ഓക്സിജൻ ഇല്ലാത്തതുകൊണ്ട് അതിനു മുന്നോടിയായി
സ്പേസ് ഷിപ്പ് മുഖാന്തിരം ലാബുകള്‍ ഉണ്ടാക്കി , ക്ലോണിങ്ങ് സയന്റിസ്റ്റ്/Botanist ഗ്രേസ് അഗസ്റ്റിന്റെ(Grace Augustine acted by hollywood star Sigourney Weaver) ലീഡർഷിപ്പിൽ   പണ്ടോറ ഗോത്ര  മോഡലുകള്‍  ഉണ്ടാക്കി (അവതാരം) അവയിലേക്ക് ശരിക്കുക്കള്ള മനുഷ്യന്റെ തലച്ചോറിന്റെ സ്കാനിങ്ങ് കടത്തിവിട്ട് , ആ ക്ലോണിങ്ങ് മുഖാന്തിരം (പരകായ പ്രവേശം ) അവിടത്തെ മനുഷ്യരെപ്പോലെ ,ആ ലോകത്ത് അധിനി വേശം നടത്തി ,നാവികളുടെ രീതികൾ പഠിച്ചും,ഇടപഴകിയും
ആ പ്ലാനറ്റിൽ കുടിയേറി.....
അവിടത്തെ ധാതു സമ്പത്തുകള്‍ കൈക്കലാക്കാനുള്ള ശ്രമമാണ് പിന്നെ .
 ഇത്തരം നാവിയാവാനുള്ള താല്‍പ്പര്യം മൂലം മുൻ നാവികനായിരുന്ന ,
ഇപ്പോള്‍ വികലാംഗനായ ജാക്ക് സള്ളി,
(Jake Sully acted by the Austalian actor Sam Worthington )
പണ്ടോറ യിലെ ഈ കമ്പനിയുടെ താവളത്തിലേക്ക് എത്തുന്നതോടെയാണ്
സിനിമയുടെ തുടക്കം ....
ഇനി മുതല്‍ പണ്ടോറ യിലെ വർണ്ണപകിട്ടുള്ള  കാഴ്ച്ചകളാണ്....
ഇതിനിടയില്‍ ഇടവിട്ട് ജാക്ക് നാവിയായി പരകായ പ്രവേശം നടത്തി
ആദ്യ നടത്തത്തിന്റെ സന്തോഷം പ്രകടിപ്പിക്കുന്നതും ,ട്രെയിനിങ്ങുകളും,
അതിനോടൊപ്പമുള്ള 3-ഡി കാഴ്ച്ചകളും അതിഗംഭീര മായി പ്രേക്ഷകർക്ക് കാണിച്ചുതരുന്നു ...!

ഒരിക്കൽ പരകായപ്രവേശം നടത്തിയ കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ട് ജാക്ക്
വിചിത്ര വനത്തില്‍ അകപ്പെട്ട് വളരെ വിചിത്രമായ പണ്ടോറയിലെ  ആറുകാലുള്ള കരിമ്പുലികളിൽ(thanator ) നിന്നും അവിടത്തെ  ഗോത്ര തലവന്റെ മകള്‍ നേയ്ത്രി (Princess Neytiri acted by Zoe Saldana ) അവനെ രക്ഷിച്ചു അവരുടെ താവളത്തിലെത്തിക്കുന്നു.

അതിനു മുമ്പ്  അവർ തമ്മിൽ കാമദേവന്റെ മലരമ്പുകള്‍ 
കൊണ്ടപോലെ പോലെ  പ്രണയം മൊട്ടിടുന്ന ഒരു സുന്ദര കാഴ്ച്ചയുമുണ്ട് ...
അങ്ങിനെ അമ്മ റാണി പറഞ്ഞതനുസരിച്ചു നേയ്ത്രി,
ജാക്കിനെ  അവരുടെ ചിട്ടവട്ടങ്ങള്‍ പഠിപ്പിക്കുന്നത്  ,ശേഷം
അവനെ അവരുടെ ഗോത്രത്തിൽ ചേർക്കുന്നൂ . നാവികളുടെ പടത്തലവൻ
സുട്ടെയുമായി (Sutey acted by Las Alonsso ) ഉറപ്പിച്ചിട്ടുള്ള കല്യാണം പോലും
വകവെക്കതെ നേയ്ത്രിക്ക്, പ്രണയ മലരമ്പുകളുടെ പ്രേരണയാല്‍  ജാക്കിനോടു അനുരാഗം വളർന്നൂ. ഇതേസ്ഥിതിവിശേഷം തന്നെയായിരുന്നു വികലാംഗനായ ജാക്കിനും, നാവിയായി  പൂര്‍ണ്ണശരീരം വന്ന് 
പണ്ടോറ യുടെ  പ്രപഞ്ചഭംഗിയിൽ ഉല്ലസിച്ചു നടന്നപ്പോൾ ഉണ്ടായതും ...
അവതാറിന്റെ പേരിൽ തുടങ്ങിയ മൈക്രൊ ബ്ലോഗുകളിൽ ഒന്ന്


കമ്പനിക്കു വേണ്ടി ചാരപ്പണിയുടെ തന്ത്രങ്ങള്‍ മെനഞ്ഞു വന്നിരുന്ന
ജാക്കിനും കൂട്ടര്‍ക്കും ഈ നാവികളെ കൂട്ടക്കുരുതി നടത്തി തുരത്തികളയുന്നതിൽ എതിർപ്പുവന്നപ്പോൾ പ്രശ്നങ്ങൾ തല പൊക്കുകയായി. 
ഉടനെ കമ്പനിയുടെ കേണൽ  മിൽസ് ക്യാർട്ടിക് (Miles Quaritch the chief Security acted by Stephen Lang ) നാവികളെ തുരത്താൻ യുദ്ധം ആരംഭിച്ചു .

കമ്പനിയുമായി യുദ്ധം ചെയ്യുന്ന അതിഭയങ്കര രംഗങ്ങളാണ്
ഓരൊ പ്രേഷകരും വീർപ്പടക്കിയിരുന്ന് കാണുന്ന അവസാന
ഇരുപതു മിനിട്ടിലെ ത്രീ-ഡയമൺഷൻ-മാക്സി-ഡിജിറ്റൽ ഇഫക്റ്റോടു കൂടിയ
ഇമ്പമേറിയ,അത്ഭുതം നിറഞ്ഞ  ഭാഗങ്ങള്‍...!

ഒരു ഭാഗത്ത് മനുഷ്യന്റെ കൈയിൽ ആധുനിക  വെടിക്കോപ്പ്ഉപകരണങ്ങള്‍ ,മറുപക്ഷത്തിന്റെ കൈവശം 
എൺപതടി ചിറകുവിസ്താരമുള്ള  ഭീകര ശബ്ദം പുറപ്പെടുവിച്ച്  ഡ്രാഗൻ പക്ഷികളെ
(വിസ്താരമ സ്ക്രീൻ മുഴുവനായി ഇവ നമ്മുടെ മുന്നിലേക്കു പറന്നുവരുന്നതായി തോന്നും/Great Leonoptery )  പറപ്പിച്ചു വരുന്ന ജാക്കും,നേയ്ത്രിയും, വിചിത്ര കുതിര പട്ടാളമായെത്തുന്ന നാവി പടക്കൂട്ടം ...

കമ്പനിയുടെ പട്ടാള തലവനുമായുള്ള  ജാക്കിന്റെ 
അവസാന വരെയുള്ള ഏറ്റുമുട്ടല്‍ ഒരിക്കലും ഗ്രാഫിക്സ് ഇഫക്റ്റ് കളാണെന്നറിയാതെ നമ്മള്‍ ശരിക്കും ത്രസിച്ചു പോകുന്ന രംഗചിത്രീകരണങ്ങള്‍ ...
ഏതാണ്ട് മൂന്നുമണിക്കൂര്‍(161 mints) നമ്മള്‍ പണ്ടോറ യിലായിരുന്നു ...

അവിടത്തെ വളരെ വിചിത്രമായ ദിനോസറുകളും , ഉരകങ്ങളും(banshee ) ,
പക്ഷികളും ( Leonopteryx )  മരങ്ങളും,ചെടികളും മറ്റും നമ്മുടെ തൊട്ടടുത്തും,
കാലിനിടയിലാണെന്നും മറ്റും തോന്നി നമ്മള്‍ ചിലപ്പോര്‍ പെട്ടൊന്നൊഴിഞ്ഞുമാറും.
അത്രയും പെര്‍ഫെക്റ്റ്  ആയി ആണ് പടം ചിത്രീകരിച്ചിരിക്കുന്നത് ,
പണ്ടോറ യിലെ നാവികൾക്കുവേണ്ടി   ഒരു പുതിയ ഭാഷ തന്നെയുണ്ടാക്കി കാമറൂണ്‍.

    നേയ്ത്രിയോടൊപ്പം ജാക്ക് പ്ലാനറ്റ് പണ്ടോറയിൽ 

ടൈറ്റാനിക്കിനെ പോലെയോ മറ്റോ ഒരു ക്ലാസ്സിക് സിനിമയല്ലെങ്കിലും
ഈ സിനിമ തീര്‍ക്കുന്ന അതി ഭാവുക മായാജാലങ്ങള്‍ കാണാന്‍ എല്ല്ലാ
സിനിമാപ്രേമികളും ഒരിക്കെലെങ്കിലും  സിനിമക്കുള്ളിലെ ഈ അവതാരം
കണ്ടിരിക്കണം കേട്ടൊ .....
അതും  ത്രീ -ഡയമൻഷൻ -മാക്സി -ഡിജിറ്റല്‍ സിനിമതീയറ്ററുകളില്‍  
3-D/ 1Max പ്രിന്റ്‌ വെച്ച് കളിക്കുന്നയിടങ്ങളില്‍ പോയി തന്നെ... !

ഐ മാക്‌സ് അത്ഭുതക്കാഴ്ച്ചകള്‍ 

2-D /സാധാ പ്രിന്റുകളില്‍ കാണുകയാണെങ്കില്‍ വെറും
ഒരു സയന്റിഫിക് -ഏലിയന്‍ തരത്തിലുള്ള സിനിമ കണ്ട
പ്രതീതി മാത്രമേ കിട്ടു ...കേട്ടോ

ഈ  സിനിമയിലൂടെ  സവിധായകൻ 
കാണിച്ചു തന്ന അധിനിവേശങ്ങളെ പറ്റി ,
ഈ അവതാരം കണ്ടാലും/കണ്ടിലെങ്കിലും
നമ്മള്‍ക്ക്  ഒന്ന് ഇരുത്തി ചിന്തിക്കാം അല്ലേ.....

കുടിയേറ്റത്തിന്റെ പേരില്‍ നമ്മള്‍ നശിപ്പിച്ച 
വനങ്ങളെകുറിച്ച്അ , അവിടെ നിന്നു ഓടിച്ചു വിട്ട 
ഗിരി വര്‍ഗ്ഗക്കാരെ കുറിച്ച്  , പഴയ അമേരിക്കന്‍ റെഡ് ഇന്ത്യൻ 
വർഗ്ഗത്തെപറ്റി , വിയറ്റ്-നാം/ഇറാക്ക് അധിനിവേശങ്ങളെ കുറിച്ച്.., ..., ..,...

മനുഷ്യ അധിനിവേശങ്ങള്‍ മാത്രമല്ല ....
അധിനിവേശ ജീവജാതികളായ പുതു വിത്തുകളാ‍യിവന്ന്
പ്രതികരണ ശേഷിയുള്ള നമ്മുടെ നാടന്‍ വിത്ത്കളെ  നാട്ടിൽ 
നിന്നും ഇല്ലാതാക്കിയതിനെ പറ്റി ....
അത്തിക്കും, മാവിനും, പ്ലാവിനും, പുളിക്കും, നെല്ലിക്കും പകരം
വന വല്‍ക്കരണത്തിന്റെ പേരില്‍ വന്ന് നാം  പുതുതായി  വെച്ചു
പിടിപ്പിച്ച അക്കേഷ്യ,യൂക്കാലിപ്റ്റ്സ്, സുബാബുൾ വൃഷങ്ങളെ കുറിച്ച് ...

വളർത്തുമത്സ്യകൃഷിയുടെ പേരില്‍ വിരുന്നുവന്ന നമ്മുടെ 
നാടന്‍ മീനുകളെ മുഴുവന്‍ തിന്നു തീര്‍ത്ത ഫിലോപ്പി,ആഫ്രിക്കന്‍ 
മുശു എന്നീ വരത്തൻ മീനുകളെകുറിച്ച്....
അധിനിവേശ രോഗങ്ങളായ എയിഡ്സ്, ചിക്കൻ ഗുനിയ, പന്നിപ്പനി,....
അതെ എല്ലാമെല്ലാം ഇതുപോലെയുള്ള
പിടിച്ചടക്കലുകൾക്ക്,
അധിനിവേശങ്ങൾക്ക്
കീഴിൽ എന്നുമെന്നും ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുകയാണല്ലോ.....

ഓഫ് പീക്ക്:-ഒരു പുതുവത്സര ഭൂമിഗീതം


രണ്ടായിരൊത്തൊമ്പതു വര്‍ഷങ്ങള്‍;നാനാതരത്തിലായി ,നാം
വീണ്ടുവിചാരമതൊട്ടുമില്ലാതെ , പീഡിപ്പിച്ചിതാ ഭൂമിയെ ,
മണ്ടകീറി കേഴുന്നിപ്പോള്‍ ബഹുരാഷ്ട്രങ്ങള്‍ ,സംഘടനകള്‍  ;
വിണ്ടുകീറി -ചൂടിനാല്‍ ആകാശം , നശിക്കുന്നീപ്രകൃതിയും  !

കണ്ടില്ലയിതുവരെയാരും ഈ പ്രകൃതിതന്‍ മാറ്റങ്ങളെ ;
കണ്ടു നമ്മള്‍ യുദ്ധങ്ങള്‍ ,അധിനിവേശങ്ങള്‍ ,മതവൈരങ്ങള്‍ !
വേണ്ട ഇതൊന്നുംമീയുലകിലിനിയൊട്ടും ,നമുക്കേവര്‍ക്കും
വീണ്ടും ഈ പുതുവര്‍ഷംതൊട്ടൊരു  നവഭൂമിഗീതം പാടാം ....


ഒരു ലണ്ടൻ പുതുവത്സര രാവ്

  ഒരു ബാക്കിപത്രം.
ഈ നവത്സരത്തില്‍ എനിക്ക് 
കിട്ടിയ ഏറ്റവും നല്ല സമ്മാനമായിരുന്നു ,
ഇത്തവണ മാതൃഭൂമി വീക്കിലിയിലെ  (Jan 17-23 /ലക്കം 87/45) 
ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ച എന്‍റെ ഈ  "അവതാരം " എന്ന സിനിമാ വിശകലനം .
ആയതിന്  മാതൃഭൂമിയിലെ  ബ്ലോഗന ടീമിന്
എന്‍റെ എല്ലാവിധ കൃതജ്ഞതയും ഹൃദയപൂര്‍വം സമര്‍പ്പിക്കുന്നൂ.

ബ്ലോഗനയില്‍  പ്രസിദ്ധീകരിച്ചത്തിന്റെ  സ്കാനിങ്ങ് പേജുകള്‍ ഇതാ .....


 

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...