Thursday, 16 May 2019

രാഷ്ട്രീയ മീമാംസ സൂത്രങ്ങൾ അഥവാ പൊളിറ്റിക്സ് ട്രിക്സ് ..! / Rashtreeya MeemamsaSoothrangal Athhava Politics Tricks ..!

അവരവരുടെ സ്വന്തം നാടുകളിൽ അരാജകത്തത്തിന്റെ വിത്തുകൾ വിതച്ച് , അധികാരങ്ങൾ കൊയ്തെടുക്കുക എന്ന ഒരു പുത്തൻ അടവുനയമാണ്  -  ഇന്ന് ലോ‍ാകം മുഴുവനുമുള്ള ഒട്ടുമിക്ക രാഷ്ട്രീയ  - മത മേലാധികാരികളും ചെയ്ത് കൊണ്ടിരിക്കുന്നത് ...

ഇത്തരം പ്രവണതകൾ കാരണം അതാത് രാജ്യങ്ങളിലെ ഈ അധികാര മോഷ്ട്ടാക്കളായ രാഷ്ട്രീയ - മത നേതാക്കളുടെ അനുയായികളും , പിണയാളുകളും കൂടി , ആ നാടുകളിലെ വെറും സാധാരണക്കാരായ ജനങ്ങളുടെ ജീവിതം മുഴുവൻ , ഈ നേതാക്കളുടെയോ അവരുടെ പാർട്ടികളുടേയൊ ചൊൽ‌പ്പടികൾക്കനുസരിച്ച് കുട്ടി ചോറാക്കുന്ന കാഴ്ച്ചകളാണല്ലോ ഇപ്പോഴൊക്കെ  നാം ആഗോള വ്യാപകമായി ഒട്ടുമിക്ക ജനാധിപത്യ രാജ്യങ്ങളിലും കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യങ്ങൾ ... !തങ്ങളുടെയൊക്കെ അധികാര അധിനിവേശങ്ങൾ / മതങ്ങൾ - സ്ഥാപിക്കാനും , നിലനിറുത്തുവാനും , മറ്റുള്ളവരുടേത് വെട്ടിപ്പിടിക്കുവാനും വേണ്ടിയാണ്  ഈ ഭൂലോകത്ത് ലഹളകളും , യുദ്ധങ്ങളുമൊക്കെ എപ്പോഴും പൊട്ടി പുറപ്പെട്ടിട്ടുള്ളത് എന്നുള്ള സത്യം -  ഇതുവരെ ലോകത്തുണ്ടായ ഏത് കൂട്ട മനുഷ്യക്കുരുതികളുടേയും ചരിത്രാവശിഷ്ട്ടങ്ങൾ , വെറുതെ ഒന്ന് ചിക്കി മാന്തി നോക്കിയാൽ മനസ്സിലാവുന്ന ഒരു പരമാർത്ഥമാണ്... !

‘ ഒരു പുരുഷനൊ പെണ്ണിനൊ 'പവ്വർ 'കിട്ടിയാൽ
അവർക്ക് പണം , പദവി , പെരുമ , പങ്കാളി എന്നിങ്ങനെയുള്ള സകലമാന
‘പ ’ കാരങ്ങളും പെട്ടെന്ന് തന്നെ എത്തി പിടിക്കാം ' എന്നുള്ളൊരു പഴമൊഴി -
ഈ  പാശ്ചാത്യ നാടുകളിൽ  അധികാരം നേടിയെടുക്കുന്നവരെ കുറിച്ച് പറയാറുണ്ട് ...

പടിഞ്ഞാറൻ നാടുകളിൽ മാത്രമല്ല  -  ഇന്ന് ഭൂഗോളത്തിലുള്ള
ഏത് ദിക്കിലുമുള്ള  ഏതൊരു  കോത്താഴത്തുള്ള ദേശത്തും , ഈ
പഴഞ്ചൊല്ല് വളരെ അത്യുത്തമമായി തന്നെ ചേരുമെന്നത് വേറെ കാര്യം ... !
ഇത്തരം അധികാരങ്ങൾ എങ്ങിനെയൊക്കെ കൈവശപ്പെടുത്താ‍മെന്നും , പൊതു ജനങ്ങളെ ഏത് വിധത്തിലൊക്കെ ഒതുക്കിയെടുത്ത് ഭരിക്കാമെന്നുമൊക്കെ പഠിപ്പിച്ച് ,  പരിശീലനം നൽകുന്ന ലോക പ്രശസ്തമായമായ  'ഹാർവാഡ് ' , 'കേംബ്രിഡ്ജ് ' , 'പ്രിൻസ്റ്റൺ' , 'ഓക്സ്ഫോർഡ് ' മുതലായ സർവ്വകലാശാലകളിൽ നിന്ന് ബിരുദമെടുത്തവരാണ് ഇന്ന് ലോക രാജ്യങ്ങൾ ഭരിച്ച് കൊണ്ടിരിക്കുന്ന  പല അഗ്രഗണ്യന്മാരായ
രാഷ്ട്രീയ നേതാക്കളും ...
ഇതിനൊന്നും പ്രാപ്തി നേടാത്ത ചില ബുദ്ധിമാന്മാരായ
നേതാക്കൾ , അവരുടെയൊക്കെ പിൻഗാമികളാക്കുവാൻ വേണ്ടി
അവരുടെ മക്കളേയൊ , മറ്റു ഉറ്റവരായ ബന്ധുക്കളേയൊ , ഇത്തരം
നവീന ചാണക്യ തന്ത്രങ്ങൾ പഠിച്ചെടുക്കുവാൻ വേണ്ടി അയച്ചുകൊണ്ടിരിക്കുന്നു
എന്നതാണ് , ഈ യൂണിവേഴ്സിറ്റികളിലെ കഴിഞ്ഞ പതിറ്റാണ്ടുകളുടെ ‘സ്റ്റുഡന്റ് സ്റ്റാറ്റിസ്റ്റിക്‘ വെളിപ്പെടുത്തുന്നത് ...!


അതെ രാജ വാഴ്ച്ചയില്ലെങ്കിലും പല ജനാധിപത്യ രാജ്യങ്ങളിലും , ഇന്ന്  അധികാരം  കൈയ്യാളുന്ന നേതാവിന്റെ പിന്മുറക്കാർ നേതാവായി അധികാരം കൈയ്യടക്കുന്ന സ്ഥിതി വിശേഷങ്ങൾ... !


പുരാണ കാലം മുതൽ മില്ലേനിയം നൂറ്റാണ്ട് വരെയുള്ള മനുഷ്യൻ , മറ്റ് മനുഷ്യരെ
വശീകരിച്ചും , ഭീക്ഷണിപ്പെടുത്തിയും , കീഴടക്കിയും ഭരിച്ചിരുന്ന ആ രാഷ്ട്രീയ തന്ത്രത്തിന്റെ  വേദാന്തങ്ങൾ തന്നെയാണ് , ഒന്ന്കൂടി ആധുനിക വൽക്കരിച്ച് , ഈ ലോ‍കപ്പെരുമയുള്ള രാഷ്ട്രീയ തത്വശാസ്ത്രങ്ങളും , ഭരണ തന്ത്രങ്ങളും പഠിപ്പിക്കുന്ന സർവ്വകലാശാലകളിൽ നിന്നും ബിരുധമെടുത്ത്  പുറത്ത് വരുന്ന നേതാവാൻ യോഗ്യത നേടുന്ന ഒരാ‍ൾക്ക് കിട്ടുന്ന ഗുണഗണങ്ങൾ ... !


അമേരിക്കൻ ചാരനായിരുന്ന 'ഒസാമ
ബിൻ ലാദനെ' വരെ CIA  പരിശീലനം നൽകി അൽ-ഖൊയ്ദയെ വാർത്തെടുക്കുവാൻ , മൂന്ന് ബില്ല്യൺ ഡോളർ ചിലവഴിച്ചതിന്റെ ചരിത്രമൊക്കെ പീന്നീട് മാധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നുവല്ലോ ...!


അതുപൊലെ തന്നെ ഈ ISIS ന്റെ സൃഷ്ട്ടി കർമ്മവും , പിന്നീട് കാശും , ആയുധവുമൊക്കെ കൊടുത്ത് അവരെ വളർത്തിയെടുത്തത്തും , ഈ പാശ്ചാത്യ രാജ്യങ്ങൾ തന്നെയാണല്ലൊ ...

ഈ രാജ്യങ്ങളിലൊക്കെ ഇന്ന് താഴെക്കിടയിലുള്ള ജോലികൾ ,
അടിമ വേല കണക്ക്  ചെയ്യുവാൻ വേണ്ടി അഭയാർത്ഥികളെ ഉണ്ടാക്കി ,
പിന്നീടവർക്ക്  അഭയം കൊടുത്ത് ജോ‍ാലിയെടുപ്പിക്കുവാൻ വേണ്ടിയാണല്ലൊ ;
തനി മൂന്നാം ലോക രാജ്യങ്ങളിലൊക്ക പണവും ആയുധവുമൊക്കെ കൊടുത്ത് പല
പല ഭീകര വാദികളെയും ഇവർ വളർത്തി വലുതാക്കി വിടുന്നത് ...

ചിലപ്പോൾ പിന്നീട്  ഇത്തരം ഭീകര വാദി സംഘടനകൾ വളരെയധികം ശക്തി പ്രാപിച്ച്  , സ്വയം അധികാരം  സ്ഥാപിച്ചാൽ , ഈ വളർത്തി വലുതാക്കിയവരുടെയൊക്കെ ചൊൽ‌പ്പടിക്ക് നിൽക്കാതാവും  ...

ഇപ്പോൾ 'ഐ.എസ്.ഐ.എസ്' ഒരു  ‘ഇസ്ലാമിക് സ്റ്റേറ്റാ‘യി വളർന്ന് വലുതായ ശേഷം  , പാശ്ചാത്യ നാടുകളടക്കം , ഏവർക്കും ഭീക്ഷണിയായത് ഇതിനൊക്കെ ഉത്തമമായൊരു  ഉദാഹരണമാണ് ...


നമ്മുടെ ഭാരതത്തിൽ തന്നെ അധികാരികളാൽ ഊട്ടി വളർത്തിയ ഭിന്ദ്രൻ വാലയും കൂട്ടരും , ആസാം ULFA ഗ്രൂപ്പും  , തമിഴ് പുലികളായ LTTE യുമൊക്കെയായി ; അങ്ങിനെ കുറെ സംഘടനകൾ തിരിച്ച് കടിച്ച ചരിത്രമൊക്കെ ഇതോടൊപ്പം കൂട്ടി വായിക്കാവുന്നതാണ് ...

പരസ്പരം കൈയ്യിട്ട് വാരിയും , അഴിമതികൾ നടത്തിയും ,
കള്ളപ്പണക്കാർക്ക് വളം വെച്ചുകൊടുത്തും അധികാരം കൈയ്യാളുന്ന
ഓരൊ നാടുകളിലേയും രാഷ്ടീയ പാർട്ടികൾ , പല തരത്തിൽ പണം
സ്വരൂപിച്ച് , തുടരെ തുടരെ അധികാര കസേരകൾ ഏത് വഴിക്കും പിടിച്ചെടുക്കുന്ന
കാഴ്ച്ചകൾ ആഗോള വ്യാപകമായി ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച്ചകളാണല്ലോ ...


കഴിഞ്ഞ നൂറ്റാണ്ടിന് മുമ്പ് വരെ വർഗ്ഗം , മതം , വംശീയം എന്നീ വിഭാഗങ്ങളിൽ ശക്തിയുള്ളവർ മറ്റുള്ളവരെ കീഴടക്കിയും , കൊള്ളയടിച്ചും , യുദ്ധം നടത്തി വെട്ടിപ്പിടിച്ചുമൊക്കെയായിരുന്നു അധികാരങ്ങൾ സ്ഥാപിച്ചിരുന്നുവെങ്കിൽ , ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ രാജ വാഴ്ച്ചകൾക്കിടയിൽ പല ജനാധിപത്യ വിപ്ലവ പാർട്ടികളും , മറ്റും അവരവരുടെ നാട്ടധികാരങ്ങൾ - സമര മുറകളാലും , വിപ്ലവത്താലും മറ്റും പിടിച്ചെടുത്ത്
ജനകീയ ഭരണങ്ങൾ തുടങ്ങിയെങ്കിലും , പിന്നീടാ ജനാധിപത്യ സംവിധാനങ്ങളിൽ
പിൻ വാതിലൂടെ  , വീണ്ടും മതവും , വംശീയതയുമൊക്കെ കടന്ന് കയറ്റം നടത്തിയായിരുന്നൂ അധികാരങ്ങൾ നില നിറുത്തികൊണ്ട് പോയിരുന്നത് ...
ശേഷം ദേശീയ - പ്രാദേശിക- ഭാഷാടിസ്ഥാനങ്ങളിൽ ലോകം മുഴുവൻ പല
തരം രാഷ്ട്രീയ പാർട്ടികൾ ഉടലെടുത്ത് ഒറ്റക്കും കൂട്ടായും അധികാരങ്ങൾ പങ്കിട്ട് തുടങ്ങി ...ദേശീയത , പ്രാദേശികത , വംശം  , ജാതി , മതം  ,  ഭാഷ , തൊഴിൽ അങ്ങിനെ ഒരുപാടൊരുപാട് ദുർഭൂതങ്ങൾ രാഷ്ട്രീയ പാർട്ടികളെ പിടികൂടിയപ്പോൾ അധികാര മോഹങ്ങളുടെ ആലസ്യത്താൽ പാർട്ടികൾ , സ്വന്തം രാജ്യത്തേക്കാൾ , ഭരണത്തെ മാത്രം സ്വപ്നം കണ്ട് , ജനാധിപത്യ സംവിധാണങ്ങളിൽ വെള്ളം ചേർത്ത് തുടങ്ങി...


അവരൊക്കെ അധികാരം പിടിച്ചെടുക്കുവാൻ വേണ്ടി പല തരം
വിളംബരങ്ങൾ കൊട്ടിഘോഷിച്ച്  , വിവിധ തരം  മാധ്യമങ്ങളിൽ കൂടി
പരസ്യ വിജ്ഞാന വിളംബരങ്ങൾ നടത്തിയും , എതിർ പാർട്ടികളെ  അപകീർത്തി പെടുത്തിയുമൊക്കെ , മാറി മാറി പല നാടുകളിലും ഭരണാധിപത്യ സ്ഥാനങ്ങൾ അലങ്കരിച്ച് പോന്നു...

മാധ്യമങ്ങളിൽ കൂടി സ്വന്തം പാർട്ടികളിലേയൊ  , എതിർ പാർട്ടികളിലേയോ
പല പ്രമുഖ നേതാക്കളെയൊക്കെ ബോഫേഴ്സ്,  കുംഭകോണം , കാലി തീറ്റ ,
ചാരക്കേസ് , പീഡനം ,ലാവ് ലിൻ , ബാർ കോഴ , സരിതോർജ്ജം ...മുതലായ
എണ്ണിയാൽ ഒടുങ്ങാത്ത അഴിമതി കേസുകളിലും , സ്കാമുകളിലും പെടുത്തിയിട്ടും ,
അല്ലെങ്കിൽ മറ്റുവിധങ്ങളിൽ തേജോവധം ചെയ്തും കുതികാൽ വെട്ടി , കാലുമാറ്റങ്ങൾ
നടത്തി ഭരണങ്ങൾ പിടിച്ചെടുക്കുന്ന ചെപ്പടി വിദ്യകൾ ... !


ഇപ്പോൾ ഈ പുതു നൂറ്റാണ്ടിൽ അധികാരം പിടിച്ചെടുക്കുവാനുള്ള
ഏറ്റവും മൂർച്ചയേറിയ ഒരു പുത്തൻ ആയുധം സോഷ്യൽ മീഡിയ സൈറ്റുകൾ ആണെത്രേ...!

1985-ൽ  പുറത്തിറങ്ങിയ ഒരു വീഡിയോയുണ്ട് .  How to brain wash a Nation ... - (YouTube)
ഒരു രാജ്യത്തിനെ എങ്ങനെയാണ് അടിമപ്പെടുത്തുന്നതെന്ന് സോവിയറ്റ് ‘കെ .ജി .ബി’ ഉദ്യോഗസ്ഥനായ 'യൂറി ബെസ്മനോവ്' സംസാരിയ്ക്കുന്നതാണ് - വളരെ ലളിതമായ ഇംഗ്ളീഷാണ്.  

നമ്മളെല്ലാം എങ്ങിനെയൊക്കെ പറ്റിയ്ക്കപ്പെട്ടിരിയ്ക്കുന്നു അല്ലേ ...

ജനാധിപത്യ സിസ്റ്റങ്ങളെ അസ്ഥിരപ്പെടുത്താൻ നടക്കുന്ന
 സകലരുടേയും കൃത്യമായ രീതികൾ ഇതിൽ പറഞ്ഞ ഉടായിപ്പുകൾ
തന്നെയാണെന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിലാക്കാം ...


ജനാധിപത്യ രാജ്യങ്ങളിലെ ജനങ്ങൾ  എങ്ങനെ ചിന്തിയ്ക്കണം 
എന്ന് നാമൊക്കെ വീണ്ടും വീണ്ടും ശരിക്കും പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു..


ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എങ്ങിനെയൊക്കെ ചെയ്താലും , രാഷ്ട്രീയ കുതന്ത്രങ്ങൾ അറിയുന്നവർ നേതാവായി , മത്സരിച്ച് ജയിച്ച് അധികാര കസേരകൾ പിടിച്ചടക്കും...!


പിന്നീട് അഴിമതി നടത്തിയും , കോഴ വാങ്ങിയും , പൊതു ജനത്തിന്റെ
കണ്ണ് കെട്ടി , അവരൊക്കെ വീണ്ടും വീണ്ടും ജാതിയേയും , മതത്തേയും , വംശീയതേയും ,
മറ്റ് പാർട്ടികളുമൊക്കെയായി  കൂട്ട് പിടിച്ച് അധികാര കസേരകളിൽ മാറി മാറി വന്ന് അള്ളി പിടിച്ചിരിക്കും ... !

ഇവർക്കൊക്കെ വേണ്ടി അണികളായി ജയ് വിളിക്കാനും , ജാഥ നയിക്കാനും ,
തല്ല് കൊള്ളാനും , കൊല്ലാനും , രക്തസാക്ഷികളാകാനും ,  പീഡിപ്പിക്കപ്പെടാനും , ചാവാനുമൊക്കെ നിയോഗിക്കപ്പെട്ടവർ , ആയതിനൊക്കെ വിധേയമായി എന്നുമെന്നോ‍ണം അനുയായികളായി അവരുടെ ജീവിതം ചുമ്മാ ഹോമിച്ച് കൊണ്ടിരിക്കും ...


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേതെന്ന് നമുക്ക് വീമ്പ് പറയാമെങ്കിലും ദേശീയമായും , പ്രാദേശികമായും പലപ്പോഴും പാർട്ടികളുടെ ഏകാധിപത്യ പ്രവണതകളാണല്ലോ ഇവിടെ മിക്കവാറും ഭരണ ക്രമങ്ങളിൽ നാം കണ്ട് കൊണ്ടിരിക്കുന്നത്...

ഇന്നത്തെ ഇന്ത്യയിൽ ,
കൊട്ടപ്പറ കണക്കിന് എണ്ണിയാൽ ഒടുങ്ങാത്തത്ര
ജാതി-മത-വർഗ്ഗീയ വർണ്ണങ്ങളാൽ അലങ്കാരിതമായ
പ്രാദേശിക - ഭാഷാടിസ്ഥാനത്തിലുള്ള ഒരു പാടൊരുപാട്
പാർട്ടികളും , അതിനൊത്ത കാക്കതൊള്ളായിരം  നേതാക്കളും ഉണ്ട് ...

പാമ്പും കീരിയും പോലെയുള്ള പാർട്ടികളൊക്കെ തിരഞ്ഞെടുപ്പ് കാലത്തൊക്കെ
ഏച്ചുകെട്ടി , കൂട്ട് കൂടി അധികാര കസേരകൾക്ക് വേണ്ടി വടം വലി നടത്തിയാണ് ഭരണത്തിലേറി കീശ വീർപ്പിക്കുക ...

അടുത്ത ഊഴങ്ങളിലും ഈ ഈർക്കിളി പാർട്ടികളെല്ലാം കൂടി
കൂട്ടായൊ , മറുകണ്ടം ചാടി ചൂലുപോലെ ഒറ്റക്കെട്ടായി  നിന്ന് മാറി
മാറി , തനി ചക്കരക്കുടം പോലെയുള്ള  അധികാര ഭരണ ഭരണികളിൽ
നിന്ന് കയ്യിട്ട് വാരി ഇത് ആവർത്തിച്ച് കൊണ്ടിരിക്കും ... !


ഇതിലൊന്നും പെടാത്ത ഭൂരിഭാഗം പൊതു ജനങ്ങൾ , എല്ലാ തിരഞ്ഞെടുപ്പുകളിലും ഒരിക്കലും കിട്ടാത്ത മോഹന വാഗ്ദാനങ്ങളാൽ വശീകരിക്കപ്പെട്ട് , കിട്ടാൻ പോകുന്ന അപ്പകഷ്ണങ്ങൾ സ്വപ്നം കണ്ട് മോഹിതരായി ഇവരുടെയൊക്കെ അധികാര കസേരകൾ മാറ്റി മറിച്ച് താങ്ങി കൊണ്ട് അവരുടെ ജന്മവും കോഞ്ഞോട്ട പോലെയാക്കും ...!

ഏതൊരു നാട്ടിലെയും സാധാരണക്കാരായ വെറും അര ചാൺ
വയറ് പോറ്റാൻ നെട്ടോട്ടമോടുന്ന പകുതിയിലേറെയുള്ള പൊതു ജനങ്ങൾക്ക്
ഒരു രാഷട്രീയവും ഇല്ലാത്തവരാണ്. ആ പാവങ്ങളായ ജനതയാണ് ഇന്നത്തെ വെറും
ശുംഭൻമാരായ രാഷ്ട്രീയക്കാരെ അധികാരത്തിലേറ്റുന്നതും , പിന്നീട് അവരുടെയൊക്കെ 
ചരടിനൊത്ത് ചലിക്കുന്ന പാവകളായി മാറി എന്നുമെന്നോണം ആടികൊണ്ടിരിക്കുന്നതും ...

വാഴ് വേ മായം ...!

അതെ ഇന്ന് ഇന്ത്യയിൽ രാഷ്ട്രീയമെന്നത് അസ്സലൊരു കച്ചവടമാണ് അല്ലെങ്കിൽ കിണ്ണങ്കാച്ചിയായ ഒരു തൊഴിൽ  മേഖലയാണ് ,
മുതൽ മുടക്കായി നല്ല തൊലിക്കട്ടിയും , ഉളുപ്പില്ലായ്മയും ഒപ്പം ഏതെങ്കിലും ജാതി - മത
ചായ്‌വുള്ള മേധാവികളെ കൂടി എന്നും പ്രീണിപ്പിച്ച് കൂടെ നിറുത്തിയാൽ ഭരണത്തിൽ എന്നും ഒട്ടിപ്പിടിച്ച് നിൽക്കാം ...

പിന്നെ ഭരണത്തിൽ നിന്നും കൊയ്തെടുക്കുന്നതൊക്കെ ലാഭം തന്നെ ...!

ഇനി അല്പം പടിഞ്ഞാറൻ നാടുകളിലെ
ജനാധിപത്യ പുരാണം കൂടി ആവാം അല്ലേ.
എന്റെ മാനേജർ ‘സ്റ്റീവ് മോറിസൺ’ ഇവിടത്തെ ഒരു മുൻ
‘എം . പി ‘യായിരുന്നു പോലും . ഈ പാശ്ചാത്യ നാടുകളിലൊക്കെ
ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളെല്ലാം മറ്റെന്തെങ്കിലും തൊഴിൽ കൂടി ചെയ്ത്
ജീവിക്കുന്നവരാണ് .
സ്വന്തം നാടിന് എന്തെങ്കിലും ആപത്ത് , ദുരന്തം എന്നിവയൊക്കെ വരുമ്പോഴൊ മറ്റോ ഭരണപക്ഷമെന്നോ , പ്രതിപക്ഷമെന്നോ നോക്കാതെ ഒന്നിച്ച് നിന്ന് പൊരുതുന്നവരാണ് . അതുപോലെ നാടിന് ഗുണം വരുന്ന എന്ത് സംഗതികൾക്കും ഇവരൊക്കെ ഒരുമിച്ച് നിന്ന് അവയൊക്കെ നേടിയെടുക്കും .

പാർട്ടികളുടെ ഉന്നതരായ നേതാക്കന്മാരേയും  , മന്ത്രിമാർ മുതലായ ഭരണാധിപന്മാരേയും മാക്സിമം രണ്ടോ മൂന്നോ  തവണ മാത്രമേ അത്തരം ഭരണ ചക്രങ്ങൾ തിരിക്കുവാൻ അനുവദിക്കുകയുള്ളു .
എല്ലാത്തിലും ഉപരി തനി ജനപ്രതിനിധികളായ അവരൊക്കെ സാധാരക്കാരെ പോലെ വാഹന വ്യൂഹ അകമ്പടികളില്ലാതെ സഞ്ചാരവും , അകമ്പടിക്കാരില്ലാതെ , അഴിമതികളില്ലാതെ ഭരണ നിർവ്വഹവും നടത്തുന്ന രീതികളാണ് കൂടുതലായും കാണപ്പെടുന്നത്.

ഇവിടത്തെ നാടുകളിൽ രാഷ്ട്രീയ തിരഞ്ഞെടുപ്പിന് മുമ്പായി പരസ്പരമുള്ള ശക്തി പ്രകടനങ്ങളൊ , ജാഥകളോ , ഹർത്താലുകളൊ അങ്ങിനെ പൊതുജനത്തിന് ക്ലേശകരമായ യാതൊരു വിധ ചെയ്തികളും ഇല്ലാതെ  -  ഡിബേറ്റുകളും , അവരവരുടെ ഭരണ നയങ്ങളൊക്കെ അവതരിപ്പിച്ച് കൊണ്ട്  മാധ്യമങ്ങളിൽ കൂടിയുള്ള പരസ്യ വിജ്ഞാപനങ്ങളും , സ്റ്റേഷനുകൾക്ക് മുമ്പിൽ നിന്നുള്ള നോട്ടീസ് വിതരങ്ങളുമൊക്കെയായുള്ള തികച്ചും മാന്യമായ പ്രചരണങ്ങൾ മാത്രമാണ് നടക്കാറുള്ളത് .
എന്തിന് ഇലക്ഷൻ ദിവസം, ഒരു മുടക്കു
പോലുമില്ലാത്ത ഒരു സാധാരണ ദിനം തന്നെയാണിവിടെ.

ഇനി എന്നാണ് നമ്മുടെ നാടും രാഷ്ട്രീയവുമൊക്കെ
ഇതുപോലെയൊക്കെ നന്നാവുക അല്ലേ ... ?

രാജ്യ സ്നേഹം തുളുമ്പുന്ന മനസ്സോടെയുള്ള , ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന , പൊതു നന്മകൾ ഉണ്ടാക്കുന്ന പഴയകാല നേതാക്കളെ പോലെയുള്ളവർ , ഭാരതീയ രാഷ്ട്രീയ  നേതൃത്വ സ്ഥാനം അലങ്കരിച്ച് രംഗത്ത് വന്നാലെ , ഇനി ഇന്ത്യ ഉയരത്തിലേക്ക്‌ കുതിക്കുകയുള്ളൂ ...!

അങ്ങിനെയുള്ളവർ ഇനി വരുന്ന
ഭാവിയിലെങ്കിലും  നമ്മുടെ ജന്മനാട്ടിൽ
എല്ലാ വമ്പൻ പാർട്ടികളിലും ഉണ്ടാകുമാറാകട്ടെ
എന്ന്  നമുക്ക് പ്രതീക്ഷിക്കാം ... ചുമ്മാ ആശിക്കുകയെങ്കിലും ചെയ്യാം ...

ഭാവിയിൽ ഭാരതം മുഴുവൻ
നല്ല ഭരണങ്ങളാൽ ശോഭിക്കുമാറാകട്ടെ ...
ജയ് ഹോ ...!പിന്നാമ്പുറം :-

ഗൂഗ്ലിൽ നിന്നും തപ്പിപ്പിടിച്ചിട്ട ഈ ആലേഖനത്തിലെ 
പടങ്ങളും , കാർട്ടൂണുകളുമൊക്കെ സൃഷ്ട്ടി കർമ്മം നടത്തിയിട്ട 
എല്ലാ കലാകാരന്മാരോടും നന്ദിയും കടപ്പാടും രേഖപ്പെടിത്തി കൊള്ളുന്നു

Monday, 29 April 2019

ബിലാത്തിയിലെ മലയാളം എഴുത്തിന്റെ നൂറ് വർഷങ്ങൾ ...! / Bilatthiyile Malayalam Ezhutthinte Nooru Varshangal ...!അനേകം പ്രഗത്ഭരും അല്ലാത്തവരുമായ 
മലയാളം ഭാഷ സ്നേഹികൾ കഴിഞ്ഞ ഒരു 
നൂറ്റാണ്ടിലായി ഈ ആംഗലേയ നാട്ടിൽ പ്രവാസികളായി 
എത്തി ചേർന്നപ്പോഴെല്ലാം   അവരുടേതായ രീതിയിൽ ഓരോ 
കാലഘട്ടത്തിലും കലാ സാഹിത്യ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചിരുന്നതായി പാശ്ചാത്യ മലയാളി ചരിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട് ... 

അത്തരത്തിൽ നമ്മുടെ ഭാഷയിലൂടെ  
ഈ ആംഗലേയ നാട്ടിലിരുന്ന് കഴിഞ്ഞ നൂറ്  
വർഷമായി എഴുതിക്കൊണ്ടിരുന്നവരെ പരിചയപ്പെടുത്തുവാൻ വേണ്ടി പലപല അന്വേഷണങ്ങക്കൊടുവിൽ എഴുതിയിട്ട  കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകളാണ് ഈ 'എഴുത്തിന്റെ  നൂറു വർഷങ്ങൾ - ആംഗലേയ നാട്ടിലെ ശതവാർഷികം പിന്നിട്ട മലയാളി എഴുത്തിന്റെ നാൾ വഴികൾ ' എന്ന ഡിജിറ്റൽ പുസ്തകത്തിൽ ഉള്ളത് ... !
'എഴുത്തിന്റെ നൂറു വർഷങ്ങൾ '
എന്ന ഈ ഡിജിറ്റൽ ബുക്കിന്റെ ഉള്ളടക്കമാണ്
ഇതിലൂടെ ദർശിക്കുവാൻ സാധിക്കുന്നത്

ആംഗ്ലേയ നാട്ടിലെ നൂറ് വർഷം പിന്നിടുന്ന 
മലയാളി എഴുത്തിന്റെ നാൾവഴികൾ  -  ഭാഗം ഒന്ന് 

ആദ്യ കാലങ്ങളിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലും മദ്ധ്യത്തിലുമൊക്കെ ബിലാത്തിയിലേക്ക് 
കപ്പലേറി വന്നിരുന്നത് നാട്ടിലുള്ള പ്രമാണികളുടെ കുടുംബത്തിൽ ജനിച്ചവർ - ബാരിസ്റ്റർ , ഡോക്ട്ടർ മുതൽ ബിരുദങ്ങളും , മറ്റു ഉന്നത വിദ്യാഭ്യാസവും  കരസ്ഥമാക്കുവാൻ വേണ്ടിയായിരുന്നു ...

അവരിൽ ഭാഷ തല്പരരും , കലാസാഹിത്യ സ്നേഹികളുമൊക്കെ കൂടിയാണ് 'മലയാളി മൂവ്മെന്റ് 'പ്രസ്ഥാനവും , പിന്നീട് മലയാളി സമാജവുമൊക്കെ  ലണ്ടനിൽ തുടങ്ങി വെച്ചത്...


യു.കെയിൽ  ഇപ്പോൾ മലയാളി എഴുത്തിന്റെ 
ശത വാർഷികം കൊണ്ടാടുന്ന അവസരത്തിൽ ഇത്തരം ചരിതങ്ങളിൽ മറഞ്ഞിരിക്കുന്ന മഹാരഥന്മാരായ ആംഗലേയ നാട്ടിലുണ്ടായിരുന്ന മലയാളി വല്ലഭരടക്കം , ഇപ്പോൾ ഇവിടെയുള്ള മലയാളം എഴുത്താളരേയും പരിചയപ്പെടുത്തുന്ന ഒരു പരമ്പരയാണിത് ...
ആദ്യഭാഗം  ഇവിടെ  വായിക്കാം 
ആംഗ്ലേയ നാട്ടിലെ നൂറ് വർഷം പിന്നിടുന്ന 
മലയാളി എഴുത്തിന്റെ നാൾവഴികൾ  -  ഭാഗം രണ്ട് 

ഏതാണ്ട് അര നൂറ്റാണ്ട് മുമ്പു മുതൽ 
മലയാളികൾ ബ്രിട്ടനിലെ മൂന്നാലു ഭാഗങ്ങളിൽ 
അവരുടെ കൂട്ടായ്മകളിൽ മാത്രം ഒതുങ്ങി നിന്ന് കൊണ്ട് മലയാളത്തിന്റെ സാംസ്‌കാരിക ചുറ്റുവട്ടങ്ങൾ കുറേശ്ശെയായി പുറത്തെടുത്തുകൊണ്ട് പല കലാസാഹിത്യ സാംസ്‌കാരിക വേദികൾക്ക്  പുതുതായി തുടക്കം കുറിക്കുകയും , പഴയ  മലയാളി സമാജമെല്ലാം വളരെയധികം വിപുലീകരിക്കുകയും ചെയ്‌തു ...

ഇന്നിപ്പോൾ ഈ ആംഗലേയ നാടുകളിൽ നൂറിൽപ്പരം  സംഘടനകളും ,പതിനാറോളം മലയാളം ഓൺ-ലൈൻ 
പത്രങ്ങളും , അഞ്ചാറ് ഓൺ-ലൈൻ മലയാളം ടി.വി .ചാനലുകളും , റേഡിയോകളുമൊക്കെയായി മറ്റേതൊരു പ്രവാസി കൂട്ടായ്മകളെക്കാളും മുൻപന്തിയിൽ നിൽക്കുന്നവരായി മാറിയിരിക്കുകയാണ് മലയാളി വംശജർ ഇവിടങ്ങളിൽ ...

കൂടുതൽ വായിക്കുവാൻ 

ആംഗ്ലേയ നാട്ടിലെ നൂറ് വർഷം പിന്നിടുന്ന 
മലയാളി എഴുത്തിന്റെ നാൾവഴികൾ  -  ഭാഗം മൂന്ന് 


ആംഗ്ലേയ നാടുകളിലേക്ക് ഈ ഡിജിറ്റൽ നൂറ്റാന്റിന്റെ 
തുടക്കം മുതൽ ജോലിക്ക് വേണ്ടിയും ,  ഉന്നത വിദ്യാഭ്യാസം  
സിദ്ധിക്കുവാൻ വേണ്ടിയും ധരാളം മലയാളികൾ പ്രവാസികളായി 
എത്തിയത് മുതൽ  മലയാള ഭാഷയുടെ അലയടികൾ ഇവിടങ്ങളിൽ 
വല്ലാതെ എങ്ങും വർദ്ധിച്ചു വന്നു . 

സൈബർ ലോകത്തു കൂടി ഇവിടെയുള്ള മലയാളികളുടെ വായനയും 
എഴുത്തും വികസിച്ചുവന്നപ്പോൾ ഈ പാശ്ചാത്യ നാട്ടിൽ നിന്നും ഉടലെടുത്ത 
ധാരാളം നവമാദ്ധ്യമ തട്ടകങ്ങൾ വഴി ആഗോളതലത്തിൽ ആംഗലേയ നാട്ടിലുള്ള മലയാളികളുടെ എഴുത്തുകളും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി .

ഇവരിൽ ചിലരൊക്കെ ഡെസ്ക് ടോപ്പിൽ നിന്നും ഇറങ്ങി വന്ന് 
പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച്   ബുക്ക്‌ഷെൽഫുകളും കീഴടക്കിയിട്ടുണ്ട് ...


ആംഗ്ലേയ നാട്ടിലെ നൂറ് വർഷം പിന്നിടുന്ന 
മലയാളി എഴുത്തിന്റെ നാൾവഴികൾ  -  ഭാഗം നാല് 

ഇന്നീ ആംഗലേയ നാട്ടിൽ ഏതാണ്ട് അമ്പതോളം
ചെറുതും വലുതുമായ പ്രശസ്തരും , അല്ലാത്തവരുമായ
ഓൺ-ലൈനായും ,  ഓഫ്-ലൈനായും മലയാളത്തിൽ
എഴുതുന്ന വളരെ നല്ല എഴുത്തുകാരികൾ കൂടെ ഉണ്ട് ...

ഒപ്പംതന്നെ ഇന്ന് ധാരാളം സാഹിത്യ കൃതികൾ 'യു.കെ മലയാളി'കളുടെ
എഴുത്തുകളാൽ മലയാള ഭാഷയിലേക്ക് എത്തിപ്പെട്ടിട്ടുണ്ട് . ഈ ആംഗലേയ
നാടുകളിപ്പോൾ  മലയാളം എഴുത്തുകാരോടൊപ്പം തന്നെ കിടപിടിച്ചു നിൽക്കുന്ന അനേകം എഴുത്തുകാരികളും    ഉണ്ടെന്നതാണ് വാസ്തവം ...!

'ഡെസ്ക് ടോപ്പി'ൽ നിന്നും 'ബുക്ക് ഷെൽഫു'കൾ പിടിച്ചടക്കിയ
അതിരുകൾക്കപ്പുറത്തുള്ള   ഈ ആംഗ്ലേയ നാട്ടിലെ , വിവിധ ദേശങ്ങളിൽ
വസിക്കുന്ന കുറച്ചു വനിതാ രത്നങ്ങളായ എഴുത്തുകാരികളെ കൂടി ഈ പരിചയപ്പെടുത്തലുകളിൽ ദർശിക്കാവുന്നതാണ് ...

തുടർന്ന്  കാണുക 

ആംഗ്ലേയ നാട്ടിലെ നൂറ് വർഷം പിന്നിടുന്ന 
മലയാളി എഴുത്തിന്റെ നാൾവഴികൾ  -  ഭാഗം അഞ്ച് 
  

ഓരോ മനുഷ്യരിലും ജന്മസിദ്ധമായി 
ചില പ്രത്യേക കഴിവുകൾ ഉണ്ടാകാറുണ്ട്. 

സാഹചര്യവും സന്ദർഭവും ഒത്തുവരികയാണെങ്കിൽ 
ആ നിപുണതകളുടെ വൈഭവത്തോടെ അവർക്ക് ആ 
മേഖലകളിൽ പ്രാപ്തരാകുവാൻ സാധിക്കും... 

കായിക കളികളിലും കലയിലും  സാഹിത്യത്തിലും  
സംഗീതത്തിലുമൊക്കെ  സാമർത്ഥ്യം പ്രകടമാക്കുന്നവരൊക്കെ 
ജന്മനാ രൂപപ്പെടുന്ന ഇത്തരം പ്രതിഭാവൈശിഷ്ട്യം തിരിച്ചറിഞ്ഞു
കൊണ്ട് ആയതിലൊക്കെ പ്രാവീണ്യം നേടിയെടുക്കുമ്പോൾ  ആണ് ...

അയർലണ്ടിൽ നിന്നും , ഇംഗ്ലണ്ടിൽ നിന്നും അന്നും ഇന്നും 
മലയാളത്തിൽ എഴുതുന്നവരിൽ അഞ്ചാറ് പേരുകൾ ഒഴിച്ച് 
നിറുത്തിയാൽ ബാക്കിയുള്ളവരൊന്നും തന്നെ  പെരുമയുള്ള 
ആസ്ഥാന എഴുത്തുകാരൊന്നുമല്ല. വെറും ഭാഷാസ്നേഹികളായ  
എഴുത്തിൽ നിപുണത  തെളിയിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന  
ആംഗലേയ നാടുകളിലുണ്ടായിരുന്ന പ്രവാസി  മലയാളികളാണ്.

ഈ പരിചയപ്പെടുത്തലുകളിൽ കാണുവാൻ കഴിയുന്നത് 
അത്തരത്തിലുള്ള വായനയേയും  എഴുത്തിനേയും കലകളേയുമൊക്കെ 
എന്നുമെന്നും കൂടെ കൊണ്ടു നടക്കുന്ന ഭാഷാസ്നേഹികളായ 
ഈ നാടുകളിൽ പ്രവാസി മലയാളികളായിരുന്നവരേയും ഇപ്പോൾ സ്ഥിരതാമസമുള്ളവരേയുമാണ് ...

ആംഗ്ലേയ നാട്ടിലെ നൂറ് വർഷം പിന്നിടുന്ന മലയാളി എഴുത്തിന്റെ നാൾവഴികൾ  -  ഭാഗം ആറ് 
ഇതിനിടയിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടിനുള്ളിൽ 
അനേകം മലയാളം ഭാഷാസ്നേഹികളും ഈ ആംഗലേയ ദേശങ്ങളിലേക്ക് ഉന്നത പഠനത്തിനായും , ജോലികൾക്കായും വന്ന ശേഷം നാട്ടിലേക്കും മറ്റു വിദേശരാജ്യങ്ങിലേക്കും തിരിച്ച് പോയിട്ടുണ്ട് ...

അതിൽ ധാരാളം മലയാളം ബ്ലോഗെഴുത്തുകാർ 
ഈ നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ പറ്റിയും ,  ജീവിത രീതികളെ കുറിച്ചും , ആധുനിക ഗതാഗത സംവിധാനങ്ങളെ  കുറിച്ചും , കായിക വിനോദങ്ങളെ  പറ്റിയും , പ്രകൃതിയുടെ രമണീയതകളും , മഞ്ഞു വീഴ്ച്ചയടക്കം  അങ്ങിനെയങ്ങിനെ പല സംഗതികളെ കുറിച്ചും വ്യക്തമാക്കുന്ന അനുഭവ കുറിപ്പുകൾ ഫോട്ടോകൾ സഹിതം  വിശദമായി തന്നെ അവരുടെ തട്ടകങ്ങളിൽ കൂടി വായനക്കാർക്ക് പരിചയപ്പെടുത്തിയിരുന്നു ...

2008 മുതൽ 2014  വരെയുള്ള കാലഘട്ടത്തിൽ മൂന്നാലു തവണ ഇവിടെയുള്ള മലയാളം ബ്ലോഗേഴ്സ്  ഒന്നിച്ച്  കൂടി ബ്രിട്ടനിലെ പല സ്ഥലങ്ങളിലായി 'ബിലാത്തി ബ്ലോഗ് മീറ്റു'കളും നടത്തിയിരുന്നു ...

ആ സമയത്ത്  ബ്രിട്ടണിൽ നിന്നും 
മലയളത്തിന് ഹരം പകർന്ന് മലയാളം ബ്ലോഗുലകത്തിൽ  എഴുതികൊണ്ടിരിക്കുന്നവർ  താഴെ പറയുന്നവരാണ് -  ഒപ്പം അവരുടെ ബ്ലോഗ് സൈറ്റുകളും കൊടുക്കുന്നു ... 

മാഞ്ചസ്റ്ററിലുള്ള ശ്രീ: അലക്സ് കണിയാമ്പറമ്പലിന്റെ 
ബിലാത്തിമലയാളി , ലണ്ടനിലുണ്ടായിരുന്ന  അരുൺ അശോകിന്റെ ഗുള്ളിബെൽ ട്രാവത്സ് , അശോക് സദന്റെ 
എന്റെ തിന്മകളും,നുണകളും പിന്നെ കുറച്ചുസത്യങ്ങളും , ലങ്കാഷയറിലുള്ള ഡോ:അജയ് എഴുതിയിട്ട   റിനൈസ്സത്സ്,
ജോഷി പുലിക്കോട്ടിലിന്റെ കവിതകൾ മാത്രമുള്ള മലയാളം കവിതകൾ ,
മാഞ്ചസ്റ്ററിലുള്ള കഥകളുടെ തട്ടകമായ ജോയിപ്പാന്റെ ജോയിപ്പാൻ കഥകൾ,
ക്നാനായി കൂട്ടായ്മയുടെ പേരിൽ കണിയാമ്പറമ്പിൽ അലക്സ് ഇറക്കുന്ന സ്നേഹസന്ദേശം , സ്വന്തം ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ മുഴുവൻ തുടിക്കുന്ന ഒരു കൂട്ടായ്മയുടെ പേരിൽ യു.കെയിലെ ആ ഗ്രാമക്കാർ ഇറക്കുന്ന  നമ്മുടെ സ്വന്തം കൈപ്പുഴദുരിതങ്ങളുടെ കഥകളുടെ അവകാശിയായ ലണ്ടനിലെ മേരികുട്ടി എന്ന  കല്ല്യാണപ്പെണ്ണിന്റെ മലർവാടി,
ബൂലോഗത്തെ ബ്ലോഗിണിമാരിലെ പുപ്പുലിയായ  ഇപ്പോൾ അയർലണ്ടിലുള്ള   കൊച്ചു ത്രേസ്യാകൊച്ചിന്റെ  കൊച്ചുത്രേസ്യയുടെ ലോകം ,
നടൻ,സംഗീതജ്ഞൻ,എഴുത്തുകാരൻ എന്നിവയിലെല്ലാം നൈപുണ്യം തെളിയിച്ച മനോജ് ശിവയുടെ  സ്മൈൽ  ,
മനോജ് മാത്യു അവതരിപ്പികുന്ന  ആത്മാവിന്റെ പുസ്തകം ,
ലണ്ടനിലെ വിശേഷങ്ങൾ പങ്കുവെക്കുന്ന മുരളീമുകുന്ദന്റെ ബിലാത്തിപട്ടണം ,
പ്രദീപ് ജെയിംസ് - ബെർമ്മിംങ്ങാം എഴുതുന്ന ചിരിയുടെ നന്മപടർത്തുന്ന ഒരു ദേശം  ,  നർമ്മവിശേഷങ്ങളുമായി കോവെണ്ട്രിയിൽ നിന്നും പി.ദിലീപിന്റെ   ഡെയ് കെളെത്താതെ കെളെത്താതെചരിത്രസ്മരണകളും , മറ്റുകാര്യമായ കാര്യങ്ങളും നോർത്താംട്ടനിൽ ഇരുന്നെഴുതുന്ന അഡ്വ: സമദ് ഇരുമ്പഴിയുടെ ഒരു അഭിഭാഷകന്റെ ഡയറി , ലണ്ടനിൽ നിന്നും വർണ്ണങ്ങൾ
ചാർത്തി ഭംഗി വരുത്തുന്ന എഴുത്തുമായി എന്റെ കൊച്ചു കൊച്ചു വിശേഷങ്ങളുമായി സിയാ ഷമിൻ,  കൊച്ചു കാര്യങ്ങളിലൂടെ വലിയ കാര്യങ്ങള്‍ എഴുതികൊണ്ടിരിക്കുന്ന  ന്യൂകാസിലുള്ള സീമ മേനോന്റെ കുഞ്ഞുകാര്യങ്ങളുടെ തമ്പുരാട്ടി,
കലാകാരനായ സിജോ ജോർജ്ജിന്റെ  അരയന്നങ്ങളുടെ നാട്ടിൽ ,
ലിവർപൂളിലുണ്ടായിരുന്ന  ശ്രീരാഗിന്റെ എന്റെ കണ്ണിലൂടെ ,
കവിതകളുടെ വീണമീട്ടിടുന്ന വിജയലക്ഷ്മിയുടെ  എൻ മണിവീണ ,
യാത്രാ വിവരണത്തിന്റെ സുന്ദരമായ വർണ്ണനകളോടെ കോവെണ്ട്രിയിലുണ്ടായിരുന്ന  വിഷ്ണുവിന്റെ വിഷ്ണുലോകം, ചേർക്കോണം സ്വാമിയെന്ന  പേരിൽ  മിസ്റ്റിക് ടോക്ക് 
എഴുതിയിരുന്ന രഞ്ജിത്ത് എന്നിവരൊക്കെയാണ്  ആ സമയത്ത് സ്ഥിരം യു.കെ .ബ്ലോഗ് മീറ്റിൽ  പങ്കെടുത്തിരുന്ന ബിലാത്തി ബൂലോഗർ ...


അവസാനം ഇവിടെ കാണാം 


Friday, 29 March 2019

അല്പസ്വല്പം പിന്നാമ്പുറക്കാഴ്ച്ചകൾ ...! / Alpaswalpam Pinnampurakkaazhcchakal ...!

അടുത്തവർഷം സപ്തതിയാഘോഷിക്കുവാൻ 
പോകുന്ന ലണ്ടനിലുള്ള ഒരു മലയാളിയുടെ ..അല്ല ,
ഒരു ജർമ്മൻകാരന്റെ ... സോറി  ബ്രിട്ടീഷ് സിറ്റിസണിന്റെ 
വീട്ടിലെ ബൃഹത്തായ പുസ്തക ശേഖരത്തിൽ നിന്നും കടമെടുത്താണ് , ഞാൻ - കെ.പി.കേശവമേനോന്റെ 'ബിലാത്തിവിശേഷവും ', ആത്മകഥയായ 'കഴിഞ്ഞകാലവും', എസ് .കെ .പൊറ്റക്കാടിന്റെ 'ലണ്ടൻ നോട്ട് ബുക്കു'മടക്കം  കുറെയേറെ  പഴയ പുസ്തകങ്ങൾ ലണ്ടനിൽ വന്ന ശേഷം വായിച്ചിട്ടുള്ളത്...

ഇദ്ദേഹത്തിന്റെ  മക്കൾക്ക് മലയാളമൊന്നും 
അറിയാത്തതിനാൽ മൂപ്പരുടെ കാല ശേഷം ഈ 
പുസ്തകങ്ങളൊക്കെ എന്നോടെടുത്തോളാനാണ്   
കഴിഞ്ഞ തവണ നേരിട്ട് കണ്ടപ്പോൾ ആൾ പറഞ്ഞത് ...

എല്ലാ  ഹോളിഡേയ്ക്കും ലോകം മുഴുവൻ പല രാജ്യങ്ങളിലും 
കെട്ട്യോളും കെട്ട്യോനുമായി ഇപ്പോഴും പറന്ന് കറങ്ങി നടക്കുന്ന, 
എപ്പോഴും ചുറുചുറുക്കോടെ കാണുന്ന ഈ വയസ്സൻ ചുള്ളൻ - എന്റെ 
പതിനാറടിയന്തിരം കൂടി കഴിഞ്ഞിട്ടേ ഈ ഭൂലോകത്ത് നിന്നും വിരമിക്കുകയുള്ളൂ എന്നുറപ്പുള്ളതുകൊണ്ട് ഇക്കാര്യം പ്രാപ്തമാകും എന്നൊന്നും എനിക്കൊട്ടും വിശ്വാസമില്ല ...!

അതെ വായനയെ സ്നേഹിക്കുന്നവർക്ക്
സ്വന്തം മക്കളെക്കാൾ പ്രിയപ്പെട്ടതാണ് അവരൊക്കെ
വാങ്ങിക്കൂട്ടിയ പുസ്തകങ്ങൾ - അല്ലെ !  
അല്ലാ ...
ഞാൻ  മൂപ്പിലാനെ പരിചയപ്പെടുത്തിയില്ലല്ലൊ ...
ലണ്ടനിലുള്ള ബാർക്കിങ്ങ് 'ഡി. എച്ച് .എൽ ( DHL ) സപ്ളെ ചെയിനി'ലെ 
ലോജിസ്റ്റിക് മാനേജരാണ് ലോനപ്പൻ . ടി . ചാക്കോ എന്ന ഇദ്ദേഹം .

ഒരു പക്ഷെ ഈ ലോനപ്പേട്ടൻ ഇല്ലായിരുന്നുവെങ്കിൽ 
ഞാനൊന്നും ലണ്ടനിൽ കാലെടുത്ത് വെക്കില്ലായിരുന്നു.
എന്റെ അച്ഛന്റെ ഗെഡിയായിരുന്ന വാറുണ്ണിയേട്ടന്റെ താഴെയുള്ള 
അനിയനായിരുന്നു , അച്ചനാവാൻ വിധിക്കപ്പെട്ട് പിന്നീട് സാക്ഷാൽ
അച്ഛനായി തീർന്ന  ലോനപ്പേട്ടൻ ...!

ശരിക്ക് പറഞ്ഞാൽ ലോനപ്പേട്ടനൊക്കെ മതം  
വേറെയാണെങ്കിലും - ഇപ്പോഴും ഞങ്ങളുടെയൊക്കെ  
ബന്ധു ജനങ്ങൾ തന്നെയാണ് ...!

പരസ്പരം ലൈനടിക്കാനോ , കല്യാണം കഴിക്കുവാനോ 
പാടില്ലെന്നൊരു  അലിഖിത നിയമവും ഞങ്ങൾ വീട്ടുക്കാർക്കിടയിൽ ഉണ്ട്...

മൂന്നാലു തലമുറ മുമ്പ് കുറച്ചു പേർ ഞങ്ങൾ തയ്യിൽ വീട്ടുകാരിൽ 
നിന്നും മാർഗ്ഗം കൂടി കൃസ്ത്യാനികളായി മാറിയ കുടുംബ ചരിതമാണ് അവർക്കുള്ളത് .

വാറുണ്ണിയേട്ടൻ , വേറൊനേടത്തി , ലിസിയേടത്തി മുതൽ
ലോനപ്പേട്ടൻ വരെ എട്ടു മക്കളുണ്ടായപ്പോൾ താഴെയുള്ളവനെ , പള്ളീലച്ചനാക്കാൻ നേർന്നതായിരുന്നു അവരുടെ അമ്മച്ചിയും അപ്പച്ചനും കൂടെ ...!

എന്തിന് പറയുവാൻ ലോനപ്പേട്ടന് അച്ചൻ പട്ടം കിട്ടിയിട്ട് ,
കുട്ടിയച്ചനായി വാഴുന്ന കാലത്ത് - സമാന ഗതിയിൽ തന്നെ ഏഴ്
മക്കളുള്ള ഒരു കുടുംബത്തിൽ നിന്നും   കന്യാസ്ത്രീയാകുവാൻ നിയോഗിക്കപ്പെട്ട റോസമ്മ എന്നൊരു സിസ്റ്ററുമായി അന്നത്തെ ഈ അച്ചൻ ചുള്ളൻ അടുപ്പത്തലായി ...
തൃശ്ശൂർ ജില്ലയിലെ തന്നെ ഒരു മിഷ്യൻ ആശുപത്രിയിൽ 
നിന്ന് കന്യാസ്ത്രീ പഠനത്തോടൊപ്പം , നേഴ്‌സിങ്ങ് പഠനവും 
പൂർത്തിയാക്കി -  അവരുടെ ആശുപത്രിയിൽ തന്നെ റോസമ്മ 
സിസ്റ്റർ സേവനം ചെയ്യുന്ന വേളയിലാണ് - ഒരിക്കലും പാടില്ലാത്തതായ  
ഇവർ തമ്മിലുള്ള അനുരാഗവള്ളി പൊട്ടി മുളച്ച് കിളിർത്തുവന്ന് പുഷ്പ്പിച്ചത്...
ഈ സംഗതികൾ അരമനയിലും , വീട്ടുക്കാർക്കുമിടയിലുമൊക്കെ 
മണത്തു വന്നപ്പോൾ ആരോരുമറിയാതെ വാറുണ്ണിയേട്ടനും , എന്റെ 
അച്ഛനും കൂടി ,അന്ന് ഭോപ്പാലിൽ ജോലിചെയ്തിരുന്ന  ഞങ്ങളുടെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് ഈ കാമിതാക്കളെ കയറ്റി വിട്ടു.

പിന്നീട് ഉടുപ്പൂരി സഭയിൽ നിന്ന് സ്വതന്ത്രമാക്കനും , റെജിസ്റ്റർ മ്യാരേജിനുമൊക്കെ കാശ് ചിലവാക്കി എല്ലാം ഒത്ത് തീർത്തതും മറ്റും അക്കാലത്തെ  നാട്ടിലെ പഞ്ചായത്ത് അധിപനായിരുന്ന  എന്റെ അച്ഛനായിരുന്നു.

ശേഷം ലോനപ്പേട്ടന്റെ ഭാഗം ചേട്ടനനിയന്മാർക്ക് കൊടുത്ത്
ആ കാശ് കൊണ്ട് അവർ അമേരിക്കയിലേക്ക് പോകുവാൻ ഒരു തീവ്രശ്രമം നടത്തുകയുണ്ടായെങ്കിലും അടിയന്തരാവസ്ഥക്കാലമായത് കൊണ്ട് ആയത് നടന്നില്ല.

അതിന് ശേഷം അഞ്ചാറുകൊല്ലം   കഴിഞ്ഞപ്പോൾ ഭോപ്പാലിലെ 
ജോലി വേണ്ടെന്ന് വെച്ച് റോസമ്മയേടത്തി ഒരു ബാച്ചിനൊപ്പം നേഴ്‌സിങ് 
ജോലിക്കായി ജർമ്മനിയിലേക്ക് പോയി.

പിന്നീട് രണ്ട് കൊല്ലം കഴിഞ്ഞ ശേഷമാണ് ലോനപ്പേട്ടൻ ജർമ്മനിയിൽ 
എത്തിയതും, 'ഡി .എച്ച് .എൽ' കമ്പനിയുടെ ഒരു പാഴ്‌സൽ വെയർ ഹൌസിലെ ജീവനക്കാരനായി പാശ്ചാത്യ ജീവിതം ആരംഭിച്ചതും ...

ശേഷം എന്റെ അച്ഛൻ അകാലത്തിൽ മരിച്ചുപോയ 
സമയത്ത് - നാട്ടിൽ നിന്നും പോയിട്ട് ,  പത്ത് കൊല്ലം കഴിഞ്ഞപ്പോൾ   
ആദ്യമായി  റോസമ്മയേടത്തിയും , രണ്ട് മക്കളുമായി ലോനപ്പേട്ടൻ നാട്ടിലെത്തി ഞങ്ങൾ  കുടുംബാംഗങ്ങളെയൊക്കെ ആശ്വസിപ്പിച്ചിരുന്നു ...
അപ്പോൾ  അദ്ദേഹമെനിക്കൊരു
'സിറ്റിസൺ  റിസ്റ്റ് വാച്ച്' സമ്മാനമായി തന്നിരുന്നു.

അന്ന് ഞങ്ങൾ കറണ്ട് ബുക്ക്സിലും മറ്റും കയറിയിറങ്ങി ,
ഒരു പെട്ടി നിറയെ മലയാളം പുസ്തകങ്ങളുമായാണ് മൂപ്പർ
തിരിച്ചു പോയത്. ഒപ്പം എന്റെ കൈയിലുണ്ടായിരുന്ന പഴയ
കുറെ ഓണപ്പതിപ്പുകളും .

അതിന് ശേഷം നാലഞ്ച് കൊല്ലം ഇടവിട്ട് നാട്ടിൽ വരുന്പോഴൊക്കെ 
ഇദ്ദേഹം ഞങ്ങൾക്ക് എന്തെങ്കിലുമൊക്കെ അസ്സല് ഫോറിൻ സമ്മാനങ്ങൾ
തരും, പിന്നീട് പുസ്തക ഭാണ്ഡവുമായുള്ള  തിരിച്ചു പോക്കും തുടർന്നിരുന്നു ...

കാൽ നൂറ്റാണ്ട് മുമ്പ് ലോനപ്പേട്ടൻ 'ഡി .എച്ച് .എൽ'  കമ്പനിയിലെ 
ഒരു വെയർ ഹൌസ് സൂപ്പർ വൈസറായി ലണ്ടനിലേക്ക് കുടിയേറി. 
റോസമ്മയേടത്തിക്ക്  'എൻ എച്ച് എസി'ൽ  നേഴ്‌സായി ജോലിയും കിട്ടി.
മക്കളെ രണ്ട് പേരേയും യു.കെ . യൂണിവേഴ്‌സിറ്റികളിൽ ചേർക്കുകയും ചെയ്തു. 

ലണ്ടനിൽ  വന്ന്  ലോനപ്പേട്ടനും കുടുംബവും
നന്നായി പച്ച പിടിച്ച ശേഷം  ഒരിക്കൽ നാട്ടിൽ
വന്നപ്പോഴാണ് , മൂപ്പർ എന്നോട്  
'' ഡാ ..മുർള്യേ ...നിനക്ക് ലണ്ടനിലേക്ക് വന്നൂടെ ''  
എന്ന്  ചോദിക്കുന്നത് ...!   
പോരാത്തതിന് മൂപ്പരുടെ രണ്ട് ചേട്ടന്മാരുടെയും , പെങ്ങന്മാരുടെയും 
മക്കളെയൊക്കെ പിന്നീടുള്ള അടുത്തടുത്ത കൊല്ലങ്ങളിൽ യു.കെ യിലേക്ക് 
സ്റ്റുഡൻറ് വിസയിൽ കൊണ്ടു പോകുകയും , അവരൊക്കെ ചടുപിടുന്നനെ കാശുണ്ടാക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ എനിക്കും നാട്ടിൽ ഇരിക്കപ്പൊറുതിയില്ലാതായി .

അവസാനം മാക്സിമം ഒരഞ്ചുകൊല്ലം ലണ്ടനിൽ വന്ന് കുറച്ച്
സമ്പാദിച്ച് തിരിച്ചു പോകാമെന്ന് കരുതി വന്ന  ഞാനാണ് അതിന്റെ മൂന്നിരട്ടി വർഷം കഴിഞ്ഞിട്ടും ഇവിടെ ഒട്ടി പിടിച്ചിങ്ങനെ നിൽക്കുന്നത്...!  

ഏത് കാലാവസ്ഥയിലും രാവും പകലുമില്ലാതെ ഇവിടെ കിടന്നുറങ്ങാനുള്ള  സുഖം , ഏത് സമയത്തുമുള്ള പബ്ലിക്ക് ട്രാൻസ്പോർട്ട് യാത്രാ സൗകര്യങ്ങൾ , ഹിമകണങ്ങൾ പെയ്തിറങ്ങുമ്പോഴുള്ള മനോഹാരിതകളടക്കം മാറി മാറി വരുന്ന പ്രകൃതിയുടെ രമണീയമായ  കാഴ്ച്ചകൾ , അടുപ്പ് പുകയാതെ തന്നെ തീൻ മേശയിലെത്തുന്ന ലോകത്തിലെ എല്ലാ വിഭവങ്ങളും ഡെലിവറിയായി എത്തിക്കുന്ന നാനാതരം ഭക്ഷണ ശാലകൾ , മധു ചഷകങ്ങൾ നിറയ്ക്കുവാൻ, പറ്റുന്ന ആഗോളതലത്തിലുള്ള മുന്തിയ ലഹരി പാനീയങ്ങൾ ,അങ്ങിനെയങ്ങിനെ കണ്ണിനും മനസ്സിനും എന്നുമെന്നും  ഇമ്പമേറിയ ഈ കാഴ്ച്ചവട്ടങ്ങൾ തന്നുകൊണ്ടിരിക്കുന്ന ഈ ബിലാത്തി പട്ടണം വിട്ടിട്ടെങ്ങിനെയാണ്  ... 

ഞാൻ എന്റെ  സ്വന്തം ദൈവത്തിന്റെ നാട്ടിലേക്ക് - 
ഇപ്പോൾ  ചെകുത്താന്മാർ കൈയേറിയിരിക്കുന്ന നമ്മുടെ 
സ്വന്തം ജന്മ ഭൂമിയിലേക്ക് തിരിച്ച് പോകുക ..അല്ലെ കൂട്ടരെ ... !

ലോനപ്പേട്ടനോട് അനുവാദം വാങ്ങി , ലണ്ടനിൽ നിന്നും പുറത്തിറക്കുന്ന  'ഛായ' കൈയെഴുത്ത് പതിപ്പിന്റെ ഏഴാം ലക്കത്തിൽ ചേർക്കുവാൻ വേണ്ടി എഴുതിയതാണ് ഈ കുറിപ്പുകൾ ...

അനേകവർഷങ്ങളായി ലണ്ടനിലുള്ള ഭാഷാസ്നേഹിയായ വി.പ്രദീപ് കുമാർ  തന്റെ വടിവൊത്ത കൈയക്ഷരത്തിൽ എഴുതി , പ്രമുഖ കലാകാരനായ ഷാജി കുറ്റിക്കാട് രൂപ  ലാവണ്യങ്ങൾ ചാർത്തിയാണ് ഇക്കാലത്ത്  അപൂർവ്വങ്ങളിൽ അപൂർവ്വമായ 'ഛായ' കൈയെഴുത്ത് പതിപ്പുകൾ  ഇറക്കാറുള്ളത് ...!

ഓരോ ലക്കത്തിലും ആർട്ടിസ്റ് ഇസ്ഹാഖ് .വി.പി യുടെ മകൾ ജുമാനയുടെ അസ്സൽ വരകളിലൂടെ നമ്മെ വിട്ടുപോയ സാഹിത്യ വല്ലഭരേയും ചിത്രീകരിച്ച് അവർക്കുള്ള പ്രണാമം കൂടി  ഈ പുസ്തകത്തിലൂടെ  അർപ്പിക്കാറുണ്ട് ...


പിന്നാമ്പുറം 

ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഞാനിവിടെ ലണ്ടനിൽ വന്ന് നങ്കൂരമിട്ടപ്പോൾ  എന്നെ  ഏറ്റവും കൂടുതൽ വീർപ്പുമുട്ടിച്ച
സംഗതികളിൽ ഒന്നായിരുന്നു  മലയാളത്തിൽ യാതൊന്നും വായിക്കുവാൻ കിട്ടുന്നില്ല എന്ന കാര്യം ...

അപ്പിയിടുവാൻ പോലും പോകുമ്പോൾ ഏതെങ്കിലും മലയാളം പുസ്തകം കരുതിയില്ലെങ്കിൽ പെടാപാടുപെടുന്ന ഞാൻ - ആയതിനുപകരം ചാരിറ്റിയിൽ നിന്നും പത്ത് പെൻസിനൊക്കെ കിട്ടുന്ന ഇംഗ്ലീഷ് പുസ്തകങ്ങൾ  ഉപയോഗിച്ചു നോക്കിയപ്പോൾ  ദഹനക്കേട് കൂടി എന്ന് മാത്രം...!

ആസമയത്തൊക്കെ  മനോപാർക്കിലുള്ള  മലയാളി അസോസ്സിയേഷനിലും , ബാർക്കിങ് റോഡിലുള്ള ശ്രീനാരായണ ഗുരു മിഷ്യനിലുമൊക്കെ  പോയി തപ്പിപ്പിടിച്ചു കൊണ്ടുവരുന്ന പഴയ മാഗസിനുകളും , ഈസ്റ്റ് ഹാം ലൈബ്രറിയിൽ നിന്നുകിട്ടുന്ന മലയാള പുസ്തകങ്ങളും , മറ്റു കുടിയേറ്റ മലയാളികളുടെ കൈയിൽ നിന്നും കടമെടുത്ത പുസ്തങ്ങളുമൊക്കെയായി വായനയും മറ്റും നാലഞ്ചുകൊല്ലം സുഖമമായി നടത്തിക്കൊണ്ടിരുന്നു ..

ഇതിനിടയിൽ കിട്ടുന്ന മലയാളി വാർഷിക പതിപ്പുകളായ ജനനിയും , യു.കെ  മലയാളിയും, പത്രമാസികകളായ കേരള ലിങ്കും, ബിലാത്തി മലയാളിയും വായനക്ക് മേമ്പൊടി കൂട്ടികൊണ്ടിരുന്നുവെങ്കിലും ആയിടെ സൈബർ ലോകത്ത് പിറന്നു വീണ ഓർക്കൂട്ടിലൂടെയും , മലയാളം ബ്ലോഗുകളിലൂടെയും വായനക്ക് ഒരു പുതിയ മേച്ചിൽപ്പുറം  എനിക്ക് നേടിത്തന്നു ...

പിന്നീടങ്ങോട്ട് കഴിഞ്ഞ ദശകം മുതൽ തുടക്കം കുറിച്ച 'ബ്രിട്ടീഷ്  മലയാളി' മുതൽ അനേകം ഓൺ - ലൈൻ  പത്രമാധ്യമങ്ങളിൽ  കൂടിയും ,സോഷ്യൽ മീഡിയ തട്ടകങ്ങളിൽ കൂടിയും ഈ ആംഗലേയ നാടുകളിലും മലയാളത്തിലൂടെയുള്ള
 വായനയുടേയും  എഴുത്തിന്റെയും വസന്തം പൊട്ടി വിടരുകയായിരുന്നു...!

ഈ കാലഘട്ടങ്ങളിൽ  ഈ ദേശങ്ങളിൽ നിന്നും
എഴുതുന്ന അനേകം മലയാളം ബ്ലോഗ് തട്ടകങ്ങൾ
ഉടലെടുത്തു വന്നിരുന്നു ...
പിന്നീട് ദിനം തോറും അനേകം സൈബർ ഇടങ്ങളിൽ വിവിധ  സംഗതികളെക്കുറിച്ചും പലരും പലതും കുത്തി കുറിച്ചു വന്നു ...

യാത്രാവിവരണങ്ങളും , കഥയും , കവിതയും ,
ശാസ്ത്രലേഖനങ്ങളുമൊക്കെയായി ആഗോളതലത്തിൽ തന്നെ ആംഗലേയ മലയാളികൾക്കും  ഒരു ഇടം കിട്ടി തുടങ്ങി ...

പത്ത് കൊല്ലം മുമ്പ് മൂന്നാല് മലയാളം ബ്ലോഗ് സംഗമങ്ങൾ ഇവിടെയുണ്ടായെങ്കിലും , രണ്ട് കൊല്ലം മുമ്പ് 'കട്ടൻ കാപ്പിയും കവിതയും കൂട്ടായ്മ' യുടെ നേതൃത്വത്തിൽ ലണ്ടനിൽ വെച്ച് പ്രഥമമായി യു.കെയിലുള്ള മലയാളി എഴുത്തുകാർ  ഒത്ത് കൂടി മലയാളം
ഭാഷാസ്നേഹികളുടെ ഒരു കൂട്ടായ്മക്ക് ആരംഭം കുറിച്ചു ...

ഇതിൽ കുറച്ചുപേർ 'ഡെസ്ക് ടോപ്പി'ൽ നിന്നും ഇറങ്ങി വന്ന് സ്വന്തം പുസ്തകങ്ങൾ അച്ചടിച്ചിറക്കി ബുക്ക് ഷെല്ഫുകളിലും
ഇവിടെ അന്നുണ്ടായിരുന്ന മൂന്നാലെഴുത്തുകാർക്കൊപ്പം  ഇടം പിടിച്ചവരും ഉണ്ട് ...

ഇന്നീ ആംഗലേയ നാടുകളിൽ ഏതാണ്ട് ഇരുനൂറിൽ പരം ആളുകൾ മലയാളത്തിലൂടെ കഥയായും , നോവലായും , കവിതയായും, ലേഖനങ്ങളായും മറ്റും പല കാര്യങ്ങളും
എഴുതിയിട്ട്  മുന്നേറുന്ന കാഴ്ച്ചകൾ എന്നുമെന്നോണം കാണാവുന്ന
സംഗതികളാണ് ...

അതിനു ശേഷം സോഷ്യൽ മീഡിയ
തട്ടകങ്ങളിൽ കൂടിയുള്ള കൂട്ടായ്‍മകളിൽ
കൂടി സല്ലപിച്ചും , ഇടക്കെല്ലാം ചില കൊച്ചുകൊച്ചു
സംഗമങ്ങൾ നടത്തിയും ഈ ഭാഷാസ്നേഹികൾ പല ഭാവി പരിപാടികളും ആസൂത്രണം ചെയ്തുകൊണ്ടിരുന്നു ...

ഈയിടെ രണ്ടാമതും ലണ്ടനിൽ
വെച്ച് വീണ്ടും അവർ ഒന്നിച്ചു കൂടി.

ഈ  പരിപാടിയിൽ വിശിഷ്ടാഥിതികളായി 
പ്രമുഖ എഴുത്തുകാരിയായ ജയശ്രീ ശ്യാംലാൽ ,
യു. കെ .യിലെ സീനിയർ എഴുത്തുകാരനായ ഡോ.പി.എം.അലി, മലയാളം മിഷ്യൻ യു.കെ .ചാപ്റ്ററിന്റെ അഡ്‌ഹോക് കമ്മറ്റി മെമ്പറും ,'യുക്മ' സാംസ്കാരിക വേദിയുടെ വൈസ് ചെയർമാനും,ലണ്ടൻ മലയാള സാഹിത്യ വേദിയുടെ കോർഡിനേറ്ററുമായ സി.എ .ജോസഫ് , നിരൂപനും, എഴുത്തുകാരനും , ചിന്തകനുമായ ഡോ .ജോഷി ജോസ് എന്നിവരും പങ്കെടുത്തു .


ധാരാളം വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ട ചടങ്ങുകളിൽ മലയാളത്തിലുള്ള ഒരു കൈയെഴുത്ത് പതിപ്പും ,ഒരു അച്ചടിച്ച പുസ്തകവും , ഒരു ഡിജിറ്റൽ പുസ്തകവും , ആംഗലേയത്തിൽ ഒരു
 കൗമാരക്കാരൻ എഴുതിയ പുസ്തകവും പിന്നെ കവിതാസമാഹാരത്തിന്റെ
ഒരു ' DVD' യും പ്രസാധനം നിർവ്വഹിക്കപ്പെട്ടു 

അന്ന് പ്രകാശനം നടത്തിയ  പുസ്തകങ്ങൾ 
വി.പ്രദീപ് കുമാർ അണിയിച്ചൊരുക്കുന്ന 
മലയാളത്തിലുള്ള 'ഛായ' എന്ന കൈയെഴുത്ത് 
പതിപ്പിന്റെ ഏഴാം ലക്കം .
പൂർണ്ണമായും ബ്രിട്ടനിൽ നിന്നു തന്നെ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന 'അഥേനിയം ഗ്രൻഥശാല' പുറത്തിറക്കുന്ന ഇവിടെയുള്ളവരുടെ വിവിധയിനം രചനകൾ അടങ്ങിയ 'മഷിത്തണ്ട്' എന്ന പുസ്തകം .

11 വയസുകാരൻ ആബേൽ ജോയ് എഴുതിയ 
'മൈ നാപ്പി ബ്രദേഴ്‌സ് ' എന്ന ആംഗലേയ പുസ്തകത്തിന്റെ
പേപ്പർ ബാക്ക് എഡിഷൻ .

നൂറു വർഷങ്ങൾ പിന്നിടുന്ന ആംഗലേയ നാട്ടിലെ മലയാളം എഴുത്തിന്റെ നാൾ വഴികളിൽ ,നമ്മുടെ ഭാഷക്ക് കഴിഞ്ഞ ഒരു നൂറ്റാണ്ടായി വെള്ളവും വളവും നൽകി വളർത്തിയ നൂറ്റമ്പതോളം ഭാഷാസ്നേഹികളെ പരിചയപ്പെടുത്തുന്ന 'എഴുത്തിന്റെ നൂറ് വർഷങ്ങൾ - ആംഗലേയ നാട്ടിലെ ശതവാർഷികം പിന്നിട്ട മലയാളി 
എഴുത്തിന്റെ  നാൾ വഴികൾ ' എന്ന ഒരു ഡിജിറ്റൽ(https://kattankaappi.bilatthipattanam.com/ )പുസ്തകവും അന്നേദിവസം പ്രകാശനം ചെയ്യപ്പെട്ടു .


കൂടാതെ കാവ്യഭാവനയുടെ നിറച്ചാർത്തുകളുമായി മുജീബ് വർക്കല എഴുതിയ കവിതകൾ ഈണമിട്ട് വിവിധ ഗായകർ ആലപിച്ചിട്ടുള്ള 'കൂട്ടുകാരൻ എന്ന കവിതാസമാഹാരത്തിന്റെ
ഒരു DVD യുടെ പ്രകാശന കർമ്മവും അന്നേ ദിവസം നിർവ്വഹിക്കപ്പെട്ടു ...

ഇതോടൊപ്പം തന്നെ പുസ്തക പരിചയം, കവിത ചൊല്ലൽ, 
ഭാവിയിലെ പരിപാടികളുടെ നയ രൂപീകരണം എന്നീ സംഗതികളും
അന്നവിടെ അരങ്ങേറിയിരുന്നു ...

ഭാഷാ സ്നേഹികളായ പ്രവാസികൾക്ക് 
'മലയാളത്തിന്റെ അതിജീവനം' പ്രധാന വിഷയമാണ്.
 എന്നാൽ 'നൂറു വർഷങ്ങൾക്കു ശേഷം മലയാളം' എന്ന 
ബൃഹദ് വിഷയവുമായി ഇതു വളരെ ബന്ധപ്പെട്ടിരിക്കുന്നു. 
വർത്തമാന കാലത്ത് , വിവര സാങ്കേതികതയിലെ 
മാറ്റങ്ങളെ ഒഴിവാക്കിക്കൊണ്ട് ഭാഷാ-സാഹിത്യങ്ങളുടെ 
ഭാവിയെപ്പറ്റി ചിന്തിക്കുന്നത് തന്നെ അസംബന്ധമായിരിക്കും...

ഇവിടെയുള്ള പ്രവാസ
ജീവിതത്തിൽ, മലയാള ഭാഷാ 
സംബന്ധിയായ ഭാവി പ്രവർത്തനങ്ങൾക്കു വേണ്ട നയ 
രൂപീകരണത്തിന് , ഇത്തരം വിഷയങ്ങളെപ്പറ്റി ഉറക്കെ
ചിന്തിക്കേണ്ടതുണ്ട്.
ഒറ്റയ്ക്കും, കൂട്ടായുമുള്ള പ്രവർത്തനങ്ങൾക്ക് ഈ നയങ്ങൾ മാർഗ്ഗദർശകമാകും...

യു.കെ യിലെ മലയാളം എഴുത്തിന്റെ നൂറാം
പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ, 'യു.കെ
എഴുത്തുകാരുടെ ദ്വിതീയ സംഗമം' ലക്ഷ്യമിടുന്നത്  
ഇത്തരത്തിലുള്ള ഒരു നയ രൂപീകരണമാണ്...!ഈ ആർട്ടിക്കിൾ 'ബ്രിട്ടീഷ് മലയാളി'യിൽ 
പ്രസിദ്ധീകരിച്ചു വന്നതിന്റെ ലിങ്കാണ് താഴെ 
കാണുന്നത് ...

യുകെയിലെ മലയാളി എഴുത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ  - അൽപ സ്വൽപ്പം പിന്നാമ്പുറക്കാഴ്ച്ചകൾ രാഷ്ട്രീയ മീമാംസ സൂത്രങ്ങൾ അഥവാ പൊളിറ്റിക്സ് ട്രിക്സ് ..! / Rashtreeya MeemamsaSoothrangal Athhava Politics Tricks ..!

അവരവരുടെ സ്വന്തം നാടുകളിൽ അരാജകത്തത്തിന്റെ വിത്തുകൾ വിതച്ച് , അധികാരങ്ങൾ കൊയ്തെടുക്കുക എന്ന ഒരു പുത്തൻ അടവുനയമാണ്  -  ഇന്ന് ലോ‍ാകം മുഴുവനുമ...