Monday 29 December 2008

നവവര്‍ഷം രണ്ടായിരത്തിയൊമ്പത്‌ ... / Navavarsham Randaayiratthiyompathu ...

ആഗോളതലത്തിൽ കൊണ്ടാടുന്ന 
നവവത്സര ആഘോഷങ്ങളിൽ ഏറ്റവും പുകൾപ്പെട്ട ഒരു ഉത്സവ ആഘോഷമാണ് ലണ്ടനിൽ എല്ലാ വർഷാവസാനവും അരങ്ങേറുന്ന തെംസ് നദീതീരത്തുള്ള ന്യൂയിയർ സെലിബറേഷനുകളും ഫയർ വർക്‌സും ...!

എല്ലാക്കൊല്ലവും ന്യൂയിയർ ആഘോഷം കാണുവാൻ ഡിസംബർ 31 രാത്രി മുതൽ പുലർകാലം വരെ , അന്ന് മാത്രം ഫ്രീയായി സഞ്ചരിക്കാവുന്ന 'പബ്ലിക് ട്രാസ്പോർട്ടു'കളിൽ കയറിയിറങ്ങി -  ലക്ഷക്കണക്കിനാളുകൾ 'ലണ്ടൻ ഐ'യുടെ സമീപത്തുള്ള  തെക്കും വടക്കും കരകളിൽ അണിനിരക്കാറുണ്ട് . 

ആയതിന്റെ ദൃശ്യവിസ്മയങ്ങൾ പിന്നീട് ഞാനിവിടെ ബി.ബി.സിയുടെയൊ ,മറ്റോ വീഡിയോകൾ പുറത്തിറങ്ങുമ്പോൾ അപ്ലോഡ് ചെയ്യുവാൻ ശ്രമിക്കാം .
നാട്ടിൽ ഇന്റർനെറ്റ് അത്ര സ്പീഡിൽ അല്ലാത്തതിനാൽ വീഡിയോകൾ എങ്ങനെ ബ്ലോഗിൽ കൂടി പ്രദർശ്ശിപ്പിക്കപ്പെടും എന്നുള്ളതും ഒരു വ്യക്തമാകാത്ത സംഗതിയാണ് .
(പിന്നീടിവിടെ അപ്ലോഡ് ചെയ്‌ത 2009 ലണ്ടൻ ഫയർ വർക്‌സിന്റെ യൂ-ട്യൂബ് വീഡിയൊയാണ്‌ താഴെയുള്ളത് )


ബൂലോഗ പ്രവേശനത്തിന് ശേഷമുള്ള 
എന്റെ ആദ്യത്തെ പുതുവർഷം പിറക്കുവാൻ പോകുകയാണ് .
ഓർക്കൂട്ടിനെ പോലെ തന്നെ മലയാള 
ബ്ലോഗുകളും തഴച്ചു വളർന്നു കൊണ്ടിരിക്കുന്ന 
ഒരു കാലത്തിൽ  കൂടിയാണ് നാം ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് .

അതുപോലെ തന്നെ 'ഗൂഗിൾ ബസ്സി'നെ പോലെ ധാരാളം മലയാളികൾ 'ഫേസ് ബുക്ക് ' എന്നൊരു സോഷ്യൽ മീഡിയ സൈറ്റിലും അരങ്ങേറ്റം കുറിച്ച് മുന്നിൽ വന്നുകൊണ്ടിരിക്കുന്നുണ്ട്.

അപ്പോൾ എന്റെ എല്ലാ ബൂലോക 
മിത്രങ്ങൾക്കും ഐശ്വര്യം നിറഞ്ഞ ഒരു നവവത്സര ആശംസകൾ നേരുന്നു ...!

ഒപ്പം എന്റെ പ്രാസത്തിനൊപ്പിച്ച്‌ 
എഴുതിയ ഒരു മണ്ടൻ കവിതയും ഇവിടെ 
ചുമ്മാ എഴുതിയിടുന്നു...
  


നവ ചാവേറുകള്‍ നഗരങ്ങള്‍ നരകങ്ങളാക്കിടുന്ന കാലം
"നവമ്പറിന്‍ മൂംബെ "പോലെയാകരുതിയിനിയുമീയുലകം.. !
നവ യൌവ്വനങ്ങള്‍ക്കെന്തു പറ്റിയെന്‍ കൂട്ടരേ ?  ഇനിമേല്‍
നവ രീതിയിലുള്ളയിത്തരം നരതാണ്ഡവങ്ങൾ  അരുതേ ...

നവയുഗയിരുപത്തിയൊന്നാം നൂറ്റാണ്ടിന്‍ അഷ്ട വര്‍ഷം ,
നവ്യമായോരനുഭൂതിയില്‍ വിസ്മരിക്കാം ; വരവേല്‍ക്കാമീ
നവ വത്സര പുലരി നമുക്കേവര്‍ക്കും സന്തുഷ്ടമായി ,
നവമധുരമാക്കി ആഘോഷിക്കാം നിറ മനസ്സുകളാല്‍ !

നവവല്‍സരാശംസകള്‍ നേരുന്നിതായനുഗ്രത്താല്‍ ;
നവമായൊരു സസ്നേഹ ലോകസൃഷ്ടിക്കായി ഒരുമിക്കാം,
നവപുഷ്പ്പങ്ങളര്‍പ്പിച്ചീ നമ്മള്‍ക്കീ ഉലകിലേവര്‍ക്കും....
നവ രസങ്ങള്‍ ആക്കിമാറ്റാം ഈ പുതുവര്‍ഷം മുഴുവനും... !!Friday 12 December 2008

വെറും നീര്‍കുമിളകള്‍ ...! / Verum Neerkumilakal ...!

കൂട്ടുകുടുംബത്തില്‍ 
നിന്നും അണുകുടുംബത്തിലേക്കുള്ള പരിവര്‍ത്തനം അനാഥത്വമാണ് പലര്‍ക്കും നേടി കൊടുത്തിട്ടുള്ളത് .
മനുഷ്യബന്ധങ്ങള്‍ വെറും സാമ്പത്തിക ബന്ധങ്ങള്‍ മാത്രമായി ചുരുങ്ങി .
ദിനങ്ങളോ,മാസങ്ങളോ ,വര്‍ഷങ്ങളോ പഴക്കമുള്ള 
പരസ്പരം പ്രകടിപ്പിക്കാത്ത നെന്ചിനുള്ളില്‍
താലോലിക്കുന്ന ഒരു പ്രണയ സാമ്രാജം-വളര്‍ച്ചകളാലും,തളര്‍ച്ചകളാലും അങ്ങിനെ 
മുരടിച്ചു നില്ക്കുകയാണ് .....
പരസ്പരം കുറ്റംപറഞ്ഞും,വിമര്‍ശിച്ചും,
തരംതാഴ്ത്തിയും - സ്നേഹം കുറഞ്ഞ ഇഴയുന്ന
ദാമ്പത്യങ്ങള്‍ ! 
അടിച്ചമര്‍ത്തപ്പെട്ട ,പൂര്‍ത്തീകരിക്കപ്പെടാത്ത 
പല പല അഭിലാക്ഷങ്ങളുടെ ഒരു ബാക്കിപത്രമായി ഇതിനെയെല്ലാം ചിത്രീകരിക്കാം .
പണം പോയാലും പെരുമവരട്ടെ എന്ന തത്വം 
എല്ലാവരും പരിപാലിക്കുന്നു ...!

വരുമാനം ചിലവഴിക്കാനും -കൂടുതല്‍ 
ചിലവഴിക്കാന്‍ വേണ്ടി ഏറെ കടം വാങ്ങുക 
എന്ന പ്രവണതയാണ് സമൂഹത്തെ ഇന്നു നയിച്ചു കൊണ്ടിരിക്കുന്നത് .
ഈ രീതി കുടുംബ ജീവിതത്തില്‍ 
ആഴത്തിലുള്ള വിടവുകള്‍ സൃഷ്ടിച്ചു
കൊണ്ടിരിക്കുന്നു .
ഈ വിടവുകള്‍ തീര്‍ത്ത ജീവിത നദിയിലെ 
കയങ്ങളില്‍ നിന്നും എത്ര പരിശ്രമിചാലും 
അവന്‍/അവള്‍ എങ്ങനെയാണ് ഒന്നു രക്ഷപ്പെടുക... ?

പ്രവാസികളായി , അണുകുടുംബങ്ങളായി 
വാഴുന്ന നിറയൌവ്വനം കഴിഞ്ഞ ദമ്പതിമാരുടെ 
ഒരു സ്ഥിരം പറച്ചിലാണ് -
സമാധാനം കിട്ടുന്ന എവിടേക്കേങ്കിലും ഒന്നു പോയിക്കിട്ടിയിരുന്നു എങ്കില്‍ എന്നത് ..?

പരസ്പരം ബഹുമാനിക്കാതെ ,കലഹിച്ചും ,
ആരോപണങ്ങള്‍ നിരത്തിയും .....
സ്വന്തം മക്കളുടെ പോലും -വ്യക്തിത്വ 
വികസനത്തിന് കോട്ടം വരുത്തി മുന്നേറുമ്പോള്‍ - 
സ്വയം ഒന്നു വിലയിരുത്തി ചിന്തിച്ചു നോക്കുന്നത് 
വളരെ ഉചിതമായിരിക്കും ...

അത്തരത്തിലുള്ള പണത്തിന് പിന്നാലെ 
ഓടിക്കിതച്ച ഒരു പ്രവാസി ദമ്പതികളുടെ 
നൊമ്പരമാണ് താഴെയുള്ള വരികളിൽ ഉള്ളത് ....വെറും നീര്‍കുമിളകള്‍

നിര നിരയുള്ള മുല്ലമൊട്ടുപോലുള്ള പല്ലുകള്‍ കാണാത്ത ,
നിറഞ്ഞനിൻ  പാല്‍പുഞ്ചിരി ഞാന്‍ കാണുന്നില്ലല്ലോയിപ്പോള്‍ ?
നീരുവന്ന പോലെ മുഖം വീര്‍പ്പിച്ചടക്കിപിടിച്ചുള്ള നടപ്പില്‍ ;
നിറപകിട്ടില്ലാത്തൊരു പട്ടുതുണി കണക്കെ നീയായല്ലോ..

നിറം മങ്ങിയല്ലോ നിന്‍ നിര്‍മല സ്വഭാവ വിശേഷങ്ങളൊക്കെയും
നിര നിരയായി കുറ്റങ്ങളെന്നെ പഴിചാരുന്നു നീ ;നിരന്തരം ,
നിര തെറ്റിയുള്ള നിന്‍ കടും വചനങ്ങള്‍ കേട്ടു മടുത്തു ഞാന്‍ ,
നിരത്തില്ലാത്തൊരു ശകടമായി കിടക്കുന്നിതാ തുരുമ്പില്‍ ..!

നീര്‍മാതളം പോലെയുള്ള ആ പ്രണയ ലഹരികളെവിടെ ....?
നീര്‍മുനയാലെ നീയെയ്യുന്ന മൊഴി അമ്പുകളേറ്റു ഞാന്‍
നിരാശപ്പെട്ടിരിക്കുന്നതോര്‍ക്കുക ; ഇനിയുള്ള ഭാവിയും വെറും ,
നീര്‍കുമിള കളാക്കരുത് നിരന്തരം ശല്ല്യമായൊരിക്കലും ..

നീര്‍മുലയൂട്ടിയുള്ള നിന്‍ പാഴ്സാന്ത്വനങ്ങളെവിടെ ;രതിതന്‍
നിറയൌവ്വനത്തിന്റെ നിര്‍വൃതികള്‍ - നിറയെ തിരയുന്നുഞാന്‍ ....
നിറയൌവ്വനം കഴിഞ്ഞ ദമ്പതിമാര്‍ നമുക്കിപ്പോളാകെ ,
നിരാശയുടെ ,ദു:ഖത്തിന്റെ പിരിമുറുക്കങ്ങള്‍ ....മാത്രം... !

നീര്‍നായ ഒന്നിനെന്തു ജലമില്ലാത്തയീ ജീവിതം ..?
നിരാശപെട്ടിരിക്കുന്ന എനിക്കെന്തിനീ പഴികെട്ടുകള്‍ ?
നിറുത്തിപ്പോകാം എല്ലാം ഇട്ടെറിഞ്ഞു നിശബ്ദമായി ;
നിറയെ സമാധാനം കിട്ടുന്നയെവിടെ വേണമെങ്കിലും ...!


(2005 മാർച്ച് മാസം എഴുതിയിട്ടത് )

Friday 5 December 2008

സജീവോത്തമന്‍ ... 😰/ SAJEEVOTTHAMAN ...😰

കേരളത്തിന്റെ പാരിപ്പിള്ളിയില്‍ നിന്നും ലണ്ടനില്‍ വന്നു സ്ഥിരതാമസമായ സജീവിനെ ഇവിടെ എല്ലാവര്‍ക്കും ഒരുവിധം അറിയാമായിരുന്നു .
ഞാന്‍ വന്ന കാലം മുതല്‍ , അന്ന് ഇന്ത്യന്‍ എംബസിയില്‍ ജോലി ഉണ്ടായിരുന്ന സജീവും,  അനസ് ഖാനും  ഞങ്ങളുടെ കുടുംബമിത്രങ്ങളായി മാറി . (പാച്ചുവും, കോവാലനും എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത് )


കരാട്ടെ മാസ്റ്ററും ,കളരി തിരുമ്മൽ വിദഗ്ധനുമായ സജീവാണ്  ഞാന്‍ ലണ്ടനിൽ വന്നയുടനെ, അവന്റെ പേരില്‍ എനിക്ക് മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുത്തു തന്നിരുന്നത് .
എന്നെയും ,എന്റൊപ്പം വന്ന രാജീവനെയും , മറ്റും ആദ്യം ലണ്ടന്റെ മായകാഴ്ചകള്‍ കൊണ്ട് കാണിച്ചു തന്നതും , മലയാളി അസോസ്സിയേഷൻ ഓഫ്  യു .കെ യുടെ ആസ്ഥാനത്ത്  കൊണ്ട് പോയി എന്നെ പരിചയപെടുത്തിയതും ,ആദ്യജോലി വാങ്ങി തന്നതും സജീവ് തന്നെയായിരുന്നു ...!
   
എനിക്ക് മാത്രമല്ല , പലരും സജീവനാല്‍ -എംബസി ഇടപാടുകള്‍ക്ക് വേണ്ടിയും ,ജോലി കാര്യത്തിന് വേണ്ടിയും , താമസ സൌകര്യത്തിനു വേണ്ടിയും ,.....സഹായങ്ങള്‍ കൈപറ്റിയവരാണ്.

അറം പറ്റിപോയ അവന്റെ മരണത്തിനു 
ശേഷവും , ഇവര്‍ തന്നെ എന്റെ നന്മ നിറഞ്ഞ ഈ മിത്രത്തെ -അവന് വന്നുപെട്ട വിഷാദ രോഗത്തെ കുറിച്ചു അറിയാതെ ;ആയത് എങ്ങിനെ വന്നു പെട്ടു എന്നു തിരക്കാതെ ആരോപണങ്ങളാല്‍ വർഷിക്കുകയായിരുന്നു . 
അതും അവന്റെ നിശ്ചല 
ശരീരം മറവ് ചെയ്യുന്നതിന് മുമ്പ്   .
ഇനി പരലോകത്തിലെങ്കിലും അവന്റെ  ആത്മാവിന് നിത്യശാന്തി ലഭിക്കേണമേ ...എന്നു ആത്മാര്‍ത്ഥമായി പ്രാർത്ഥിച്ചുകൊണ്ട്  അവന്റെ  സ്നേഹം നിറഞ്ഞ ഓർമ്മകൾ  മിത്രങ്ങളായ ഞങ്ങളിൽ എന്നും ഉണ്ടാകട്ടെ എന്നാഗ്രഹിക്കുകയാണ് ...

സജീവന്റെ അകാല നിര്യാണം 
മുറിപ്പെടുത്തിയ മനസ്സില്‍ നിന്ന്‌ ഇറങ്ങി
വന്ന കുറച്ച് വരികൾ മലയാളികളായ ലണ്ടനിലെ സജീവിന്റെ ഉറ്റ മിത്രങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കുകയാണ് ഇവിടെ ...

സജീവോത്തമന്‍


അരിയെത്താതെ ഇഹലോകവാസം വെടിഞ്ഞയാ ,നമ്മുടെ
വീര സഹജന്‍ സജീവനു അന്ത്യമിഴിയര്‍പ്പിക്കുവാന്‍ വേണ്ടി ,
പോരുന്നുവോയിന്നു പ്രേതം -കാണുവാന്‍ എന്നുചോദിച്ചു കൊണ്ട്
കാറുള്ള ഒരു സുഹൃത്തു വിളിച്ചിന്നീ വെളുപ്പാന്‍ കാലത്ത് ...

വരണമെന്നുന്ടെങ്കില്‍;കറുത്ത കുപ്പായമിട്ട് ,കണ്ണട
കറുത്തതും ധരിച്ചു കറുപ്പിനഴകായി തന്നെ വന്നിടേണം .
കറുത്തവനായ ഞാനിനിയും കറുപ്പിക്കണം പോലും
മരണ ദു:ഖങ്ങൾ  ചിട്ടവട്ടങ്ങളോടെ പാലിക്കുവാനിവിടെ.

മരണാനന്തര വീരകഥയ്ക്കുപകരം ,കാറിനുള്ളില്‍
ഇരുന്നു കേട്ട കഥകള്‍ ;നിര്‍വീര്യമാക്കിയെന്നെ വല്ലാതെ ,
വരമൊഴികളാലും ഇല്ലാ കഥകൾ   മെനഞ്ഞു കൊണ്ടും
ഒരു മരിച്ച ദേഹത്തെ ഇങ്ങനെയെല്ലാം  ദുഷിപ്പിക്കുന്നതിൽ

ആരോപണങ്ങള്‍ എത്രപഴിചാരികൊണ്ടുമീ മിത്രത്തിനെ ;
മരണത്തെക്കാള്‍ കൂടുതല്‍ വധിച്ചു കൊലവിളിച്ചു കൊണ്ട്
പരസഹായങ്ങള്‍ ഒട്ടും ചെയ്യാത്തയീ ചങ്ങാതികളിവര്‍ ;
മരണശേഷം മീ പ്രേതത്തെ ദുർവാക്കുപുഷ്പ്പചക്രങ്ങളാൽ


വിരലുപൊത്തി വായ മറച്ചുപിടിച്ചു കൂര്‍ത്തനോട്ടത്താല്‍ -
മറുപടി കൊടുത്തവരോടു ചൊല്ലിയിങ്ങനെ;"പ്രിയരേ
മരണം നിങ്ങള്‍ക്കു മുണ്ടെന്നതോര്‍ക്കുകയെപ്പോഴും,പകരം-
അര്‍പ്പിച്ചിടുക ആദരപൂർവ്വം അന്ത്യ പ്രണാമം ഈ വേളയിലെങ്കിലും

നീര്‍മിഴിയോടെ പ്രാര്‍ഥിക്കാം ഈയാത്മാവിന്‍ പുണ്യത്തിനായി  ;
വീരശാന്തിക്കായി നമിക്കാം ; തലകുനിച്ചു മൗനത്താൽ  ...."
ഓര്‍മിക്കും ഞങ്ങളീ മിത്രങ്ങള്‍ നിന്നെയെന്നും മനസ്സിനുള്ളില്‍ ,
ഒരു വീര വീര സഹജനായി മമ ഹൃദയങ്ങളില്‍ എന്നുമെന്നും

കേരളത്തില്‍ നിന്നുമൊരു സകലകലാ വല്ലഭനായി ,
വിരുന്നു കാരനാം ഒരു പതിയായി ,ലണ്ടനില്‍ വന്നൊരു-
തിരുമണ്ടനായിരുന്നോ മിത്രമേ നീയിവിടെ ? നൃത്തങ്ങള്‍ ,
കരാട്ടെ , കളരികളായുര്‍വേദം മുതല്‍ സകലവിധ വല്ലഭനായി

കാര്യങ്ങളെല്ലാം  നിപുണമായി ചെയ്‌തു  നീ എന്നുമെപ്പോഴും  ,
പേരെടുത്തു മലയാളികൾക്ക് നടുവിൽ  ഒട്ടുമതിശയമില്ലയതിൽ
ഏവര്‍ക്കുമൊരു സഹായഹസ്തം നീട്ടി കൊടുത്ത നിന്‍ കരങ്ങൾ
ഒരു ജീവിതം നിനക്കായി നേടി തന്നില്ലല്ലൊ പ്രിയ മിത്രമെ ... ?

ആരുംചോദിച്ചറിഞ്ഞില്ലല്ലോ നിന്റെ മനോനില തെറ്റിച്ച-
കാരണം ? നീയാരോടുമതു പങ്കുവെച്ചില്ല ;സ്വദു:ഖങ്ങള്‍ ..?
ചിരിപുറത്തു കാണിച്ചടക്കിപ്പിടിച്ചാ വഷാദ  ദു:ഖങ്ങൾ
കരച്ചിലായി നിന്നുള്ളില്‍ കിടന്നണ പൊട്ടി ഭ്രാന്തമായി ...

വരുത്തി തീര്‍ത്ത നിന്റെ മരണത്തിനായി തളപ്പു കെട്ടി -
ഒരുക്കങ്ങളില്‍ കാണിച്ചു നീ ഹോമിച്ചുവല്ലൊ നിൻ ജീവിതം ...
പുരുഷരിൽ  ഉത്തമനിവന്‍ പ്രിയപ്പെട്ടൊരു സജീവോത്തമന്‍ ;
വിരഹം ഞങ്ങളില്‍ തീര്‍ത്തിട്ടു വേര്‍പ്പെട്ടുപോയി നീയെങ്കിലും,

ഓര്‍മിക്കും ഞങ്ങളീ മിത്രങ്ങള്‍ നിന്നെയെന്നുമെന്നും
ഒരു വീര വീര സഹജനായി മമ ഹൃദയങ്ങളില്‍ ........!😰

2008 ഡിസംബർ മാസം എഴുതിയത്   .

Wednesday 3 December 2008

പ്രഥമ കവിതകള്‍ ...! / Prathama Kavithakal ...!


പച്ച വര്‍ണ്ണ പെണ്‍ തുമ്പി തുമ്പി എന്‍പ്രിയപ്പെട്ട പച്ചവര്‍ണ്ണ പെണ്‍ -
തുമ്പി ;നീ എങ്ങു പോയിരിക്കുകയാണ് ?
ചെമ്പക മരചില്ലയില്‍ നീ വന്നില്ലേ ?
തുമ്പച്ചെടിയിലും നിന്നെ കണ്ടില്ലല്ലോ ?

ചേമ്പിന്‍ ചോട്ടിലെ തെളിനീര്‍ വെള്ളത്തിലും ,
ചമ്പ തെങ്ങു വലിച്ചു കെട്ടിയിട്ടുള്ള -
കമ്പിയിലും നിന്നെ കാണാതെ;കേണു ഞാന്‍ .
കൊമ്പന്‍മുശു കുളത്തില്‍ വെച്ചോ ;പച്ചില -

പാമ്പു മരത്തില്‍ വെച്ചോ ;ചോരകുടിയന്‍
ചെമ്പനോന്തു തൊടിയില്‍ വെച്ചോ ;പറക്കും
ചെമ്പോത്ത്പറവ വായുവില്‍ വെച്ചോ --പൊന്‍
തുമ്പി ;-നിന്നെ പ്രാതലാക്കിയോ ?ഹാ ...കഷ്ടം !ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ 
അവസാനത്തില്‍ എനിക്ക് സ്കൂള്‍ യുവജനോല്സവത്തില്‍ ആദ്യമായി പദ്യരചനയില്‍ സമ്മാനം ലഭിച്ച കവിതയാണിത്. 

അടുത്തവര്‍ഷം എന്റെ "മാര്‍ജാരനും, ചുണ്ടെനെലിയും" വീണ്ടും ഒന്നാം സമ്മാനത്തിനര്‍ഹമായി (പദ്യരചനയില്‍ അധികം മത്സരാര്ഥികള്‍ ഇല്ലാത്ത കാരണമാകാം... !) 

അന്നുകിട്ടിയ സമ്മാന പുസ്തകങ്ങളുടെ 
അകംച്ചട്ടകളില്‍ എഴുതിയിട്ടത് , ഭാര്യ ഒരിക്കല്‍ എന്റെ പഴയ സ്മരണകള്‍ തിരയുമ്പോള്‍ കണ്ടെടുത്തു തന്നതുകൊണ്ടു ഈ "ബിലാത്തി പട്ടണത്തില്‍ "ഇപ്പോൾ പോസ്റ്റ്ചെയ്യുവാന്‍ സാധിച്ചു. 


രണ്ടായിരത്തിയാറില്‍ നാട്ടിലെത്തിയപ്പോള്‍ 
ആറുവയസുകാരന്‍ മോനെയും കൊണ്ടു അവനാശ കൊടുത്തിരുന്ന - നേരിട്ടുകാണിച്ചു കൊടുക്കാമെന്നു പറഞ്ഞിരുന്ന തൊടിയിലെ കുളങ്ങളും, മീനുകളായ മുശുവും , ബ്രാലും ,നീര്‍ക്കോലി മുതല്‍ ചേര വരെയുള്ള പാമ്പുകള്‍ ,ചെലചാട്ടി,ചെമ്പോത്ത് ,കൂമന്‍ ...മുതലുള്ള പറവകള്‍ ;മുള്ളുവേലികളും ,നിറം മാറുന്ന ഓന്തുകളും.......അങ്ങിനെ നിരവധി" കാണാകാഴ്ചകളുടെ "കൂട്ട മായിരുന്നു അന്നത്തെ ഞങ്ങളുടെ ഗ്രാമത്തിലൂടെയുള്ള  യാത്രകൾ  ...!

ഞാന്‍ ജനിച്ചു വളർന്ന കണിമംഗലം  ഗ്രാമത്തിലെ ഇത്തരം മനോഹരമായ കാഴ്ച്ചവട്ടങ്ങളും - ഞങ്ങളെ പോലെ തന്നെ ദൈവത്തിന്റെ  നാട്ടില്‍ നിന്നും വിദേശങ്ങളിലേക്ക് നാടു കടന്നുവോ .....?

മോന് തുമ്പപൂവും, മുക്കുറ്റിയും, 
കോളാമ്പി പൂക്കളും,കുമ്പള്ളവള്ളികളും ...
ഒന്നും കാണിച്ചു കൊടുക്കുവാന്‍ സാധിച്ചില്ലല്ലോ എന്ന നഷ്ട ബോധവും പേറി ,എന്റെ ഗ്രാമത്തിനു പട്ടണത്തിന്റെ കുപ്പായം ഒട്ടും അഴകിലല്ലോ എന്ന സത്യം മനസ്സിലാക്കിയുള്ള ഒരു തിരിച്ചു പോരലായിരുന്നു അന്നത്തെ ആ സഞ്ചാരങ്ങൾ ... !

മാര്‍ജാരനും ചുണ്ടെനെലിയും


കണ്ടുവോ മക്കളെ ഒരു കാഴ്ചവട്ടം ...
കണ്ടം നിറയെ തേവി വന്ന പണിയാള്‍ 
കണ്ടുണ്ണിയേട്ടന്‍ വിളിച്ചു ചൊല്ലി ;നോക്കൂ ,
ചൂണ്ടുവിരല്‍ ഉരലു പുരയില്‍ ചൂണ്ടി .

കണ്ടന്‍ പൂച്ച പന്തുപോലൊരു എലിയെ
ചുണ്ടുവിറപ്പിച്ചു തട്ടി കളിക്കുന്നു ,
കുണ്ടികുലുക്കിയും കരണം മറിഞ്ഞും ,
ചുണ്ടെനെലിയെ കൊല്ലാതൊരു താളത്തില്‍ .

കണ്ടുഞങ്ങളാ കാഴ്ച ബഹുരസത്താല്‍ .
മണ്ട കുനിച്ചു സ്വരം താഴ്ത്തിയപ്പോള്‍
കണ്ടുണ്ണിയേട്ടന്‍ ചൊല്ലിയിങ്ങനെ ;"ഞാനാ -
ചുണ്ടെലി ;മാര്‍ജാരനീ വീടിന്‍ നാഥനും "...!

കണ്ടന്‍ പൂച്ചയ്ക്കിതു കളിവിളയാട്ടം ...!
ചുണ്ടന്‍ എലിയ്ക്കിതു ഹോ..പ്രാണവേദന ..!ഹൈസ്കൂള്‍ കാലഘട്ടത്തില്‍ സ്നേഹം നിറഞ്ഞ എന്റെ മലയാള അദ്ധ്യാപകന്‍ ശ്രീ:ടി.സി . ജനാര്‍ദ്ദനന്‍ മാഷാണ് എന്നെ കവിതയുടെ ലോകത്തേക്ക് കൈ പിടിച്ചു കയറ്റിയത് ... 

മാഷ്‌ എപ്പോഴും വൃത്ത താള വട്ടങ്ങള്‍ക്കും ,അക്ഷര പ്രാസങ്ങള്‍ക്കും ഊന്നല്‍ നല്‍കിയാണ്‌ പ്രോത്സാഹനം നല്‍കിയിരുന്നത് .

ആ സമയത്ത് ഞാന്‍ എഴുതിയ ഒരു കവിത ,മാഷുമുഖാന്തിരം മാതൃഭൂമിയിലെ ബാലപംക്തിയില്‍ അച്ചടിച്ചു വന്നത് ഞാന്‍ ഇപ്പോഴും അനുസ്മരിക്കുന്നു (മാഷ് അന്നതില്‍ തിരുത്തല്‍ വരുത്തിയാണ് അയച്ചു കൊടുത്തത് ).

ഈ കണിമംഗലം സ്കൂളിലെ തന്നെ യു .പി .യില്‍ പഠിപ്പിച്ചിരുന്ന എന്റെ പ്രിയപ്പെട്ട ലീല ടീച്ചറും ,
നെടുപുഴ ഗവർമെന്റ് എല്‍ .പി .സ്കൂളിലെ നാടന്‍ പാട്ടുകളുടെ ശീലുകളുടെ തലതൊട്ടപ്പന്‍ താണി മാഷും , മടി യില്‍ കിടത്തി പുരാണ കഥകളുടെ കെട്ടഴിച്ചു തന്ന എന്റെ പൊന്നു കല്യാണി മുത്തശ്ശിയും, വീരശൂര നാട്ടുകഥകളും ,ഒപ്പം മറ്റനേകം ചരിത്ര കഥകളും  പറഞ്ഞു തന്ന നാരായണ വല്ല്യച്ഛനുമൊക്കെയാണ്    എന്നെ കഥകളുടെയും ,കവിതകളുടെയും ലോകത്തേക്കു കൈപിടിച്ചു കയറ്റിയ ഏറ്റവും പ്രിയപ്പെട്ടവർ...

പിന്നീട്  സെന്റ് .തോമസില്‍  കോളേജിൽ പഠിക്കുമ്പോൾ മലയാളം അദ്ധ്യാപകരായിരുന്ന, പ്രൊഫസര്മാരയ ശ്രീ .വൈദ്യലിങ്ക ശര്‍മയെയും, ചുമ്മാര്‍ ചൂണ്ടല്‍ മാഷെയും ഈ അവസരത്തില്‍ എനിക്ക് മറക്കുവാൻ ആകില്ല .
ചുമ്മാർ മാഷുടെ കൂടെ നടൻ പാട്ടുകളുടെയും മറ്റും പിന്നാലെ ആയതിന്റെയൊക്കെ ഗവേഷണത്തിനായി പോയിരുന്ന ആ കാലഘട്ടവും ഒരിക്കലും വിസ്മരിക്കുവാൻ സാധിക്കാത്ത മുഹൂർത്തങ്ങളാണ് എനിക്ക് സമ്മാനിച്ചിട്ടുള്ളത് .
അതെ അതൊക്കൊരു കാലം തന്നെയായിരുന്നു ...

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...