Tuesday, 29 November 2011

മാജിക്കിന്റെ ഒരു വിസ്മയ ലോകം .. ! / Magickinte Oru Vismaya Lokam ... !

അന്ന്  - എന്റെ വീട്ടിൽ വെച്ചുള്ള ഒരു മാന്ത്രിക കളരി 
ബി.ദയാനന്ദ് , സിജാംജമു , സാരംഗ് , ഡോ : അരുൺ കിഷോർ , ഗോപിനാഥ് മുതുകാട് മുതൽ പേർ
 
ഇന്ന് അന്തർ ദേശീയമായി ലോകത്തിലെ കലാ-കായിക പ്രതിഭകൾക്കെല്ലാം മാറ്റുരച്ചുനോക്കുവാൻ  സാധിക്കുന്ന പല ഉന്നതമായ മാമങ്കങ്ങളുടെ വേദിയാവുന്ന
ഒരു ഇടമാണ് ലണ്ടൻ...!
ഒരു കൊല്ലത്തിലെ ; ഒരോരൊ ആഴ്ച്ചകളിലും സ്ഥിരമായി  ആർട്ട്,
സിനിമാ, ഡ്രാമ, ടൂറിസം, പോയട്രി, ലിറ്ററേച്ചർ, അഗ്രികൾച്ചറൽ , വെറൈറ്റി
സ്പോർട്ട്സ്, .... ,..... ,...എന്നിങ്ങനേയുള്ള സകലമാന കുണ്ടാമണ്ടികളുടേയും അന്തർ
ദേശീയമായ കൺവെൻഷനുകളും , ഫെസ്റ്റിവെല്ലുകളും കൊണ്ടാടീട്ട് ...
ആയതിന്റെയൊക്കെ ഉന്നമനത്തിനും , പ്രചരണത്തിനുമൊക്കെ ആക്കം
കൂട്ടുകയും മറ്റും ചെയ്യുന്ന ഓർഗനൈസേഷനുകളും , സംഘാടകരുമുള്ള സ്ഥലം..!


അതുകൊണ്ടൊക്കെയാണല്ലോ ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായ  ഈ ബിലാത്തിപട്ടണത്തിലേക്ക്;   ഏത് കലാകായിക അഭിരുചിയുള്ള ഏതൊരാളും ഭൂലോകത്തിന്റെ ഏതൊരു കോണിൽ നിന്നും ഇവിടെ ലണ്ടനിലെത്തിയിട്ട്  പിഴച്ചുപോരുന്നത് .

ഒപ്പം തന്നെ  ശരിക്ക് മനസ്സുവെച്ചില്ലെങ്കിൽ പെഴച്ച് പെറാനും പറ്റിയ സ്ഥലം കൂടിയാണ്  കേട്ടൊ ഈ ലണ്ടൻ.

നമ്മുടെ 64 കലകളിൽ പെട്ട ജാലവിദ്യയ്ക്കും ഇവിടെ
എല്ലാകൊല്ലവും നവമ്പർമാസത്തിൽ ഒരു ആഘോഷ വാരം നീക്കിവെക്കാറുണ്ട്.
ദി ഇന്റർനാഷ്ണൽ കൺവെൻഷൻ & ഫെസ്റ്റിവെൽ ഓഫ് മജിക് !

 40 കൊല്ലമായി നടമാടിവരുന്ന ഈ മാന്ത്രിക ഉത്സവത്തിന്
വമ്പിച്ച യാത്രാ ചിലവും , സമയക്കുറവുമൊക്കെ കാരണം ഇന്ത്യാ
മാഹാരാജ്യത്തുനിന്നും പി.സി.സർക്കാരിനും , കെ.ലാലിനും, ബി.ദയാനന്ദനുമൊന്നും
ശേഷം ഈയ്യിടെയാരും വന്നെത്താത്തകാരണമാണെന്ന് തോന്നുന്നു...

മൂക്കില്ലാരാജ്യത്ത് ഒരു മുറിമൂക്കൻ രാജാവെന്ന പോലെ ഈയ്യുള്ളവന്
കഴിഞ്ഞനാലഞ്ചുകൊല്ലമായി ഒരു ഇന്ത്യൻ മാജിഷ്യനും , ഡെലിഗേറ്റുമൊക്കെയായി
ഈ മാന്ത്രികമാമാങ്കത്തിൽ പങ്കെടുക്കുവാൻ പറ്റുന്നത്..!
മാന്ത്രികകൈയ്യടക്കത്തിലുള്ള എന്റെ നിപുണത കണ്ടിട്ടോ,
അതോ വെറുമൊരു പൂച്ചഭാഗ്യം കൊണ്ടോ , ഇപ്പോഴത്തെ ഇന്റർനാഷ്ണൽ
മാജിക് ഫിഗറുകളായ പല ഉന്നതരുമായി  എനിക്ക് നേരിട്ടൊക്കെ പരിചപ്പെടാനും , അവരുടെയൊക്കെ പെർഫോമൻസുകൾ കാണാനും ഇടം കിട്ടി...

ടെലിവിഷനിൽ മാജിക് പ്രോഗ്രാമുകൾ അവതരിപ്പിക്കുന്ന ; അമേരിക്കയിലേയും , ഇംഗ്ലണ്ടിലേയുമൊക്കെ പ്രമുഖ മാജിഷ്യൻസ് കം അവതാരകരുമൊക്കൊയായി കൂട്ടുകൂടാൻ പറ്റി..!

അതെ ഇത്തരം അംഗീകാരങ്ങൾ  തന്നെയാണല്ലൊ ഏതൊരു
കലാകാരനും; ജീവിതത്തിൽ സ്വയം നിര്‍വൃതിയുണ്ടാക്കുന്ന നിമിഷങ്ങൾ അല്ലേ...!
ഈ മാന്ത്രിക കൂട്ടായ്മയിൽ പങ്കെടുത്താൽ ലോകത്തുനടക്കുന്ന സകലമാന
അത്ഭുതലീലകളുടേയും രഹസ്യങ്ങൾ തൊട്ടറിയാമെന്നുമാത്രമല്ല , മാജിക്കിന്റെ
ലോകത്തെ പുതുപുത്തൻ കണ്ടുപിടുത്തങ്ങളുടെയെല്ലാം ഡെമോ:കൾ കാണുവാനും ,
ലോകത്തിലെ മാജിക്ക് ഉപകരണണങ്ങളുടെ ഡീലേഴ്സിൽ നിന്നും കാശുള്ളവർക്ക് ആയത് വാങ്ങുവാനും സാധിക്കുന്നൂ..
 എന്തിന് പറയുന്നു ഏറ്റവും ബെസ്റ്റ് & ചീപ് സാധനസാമാഗ്രികളുമായി
ചൈനീസ് മാന്ത്രിക കമ്പനികൾ, മറ്റെല്ലാരംഗത്തുമെന്നപോലെ വമ്പൻ പാശ്ചാത്യമാജിക് കമ്പനികളേയും പിന്തള്ളി ; മാന്ത്രികലോകവും കീഴടക്കി കൊണ്ടിരിക്കുകയാണിപ്പോൾ..!
മൂന്നുകൊല്ലം മുമ്പുണ്ടായിരുന്ന ഒരു മാജിക് കൺവെൻഷനിൽ വെച്ച് ;
തായ്ലാന്റിൽ നിന്നും വന്നൊരു മാന്ത്രിക സുന്ദരി ബില്ല്യാർഡ് ബോളുകൾ
കൊണ്ട് ശരീരത്തിലെ ‘മറ്റൊരവയവ‘മുപയോഗിച്ച് പ്രദർശിപ്പിച്ച മൾട്ടിപ്പിൾ
ബോൾസ് /കളർ ചേയ്ഞ്ചിങ്ങ് ബോൾസ് ,..,.. മുതലായ പരിപാടികൾ കണ്ട് ....
വെറും മണ്ടനായ ഞാനുൾപ്പെടെ ; ലോകത്തിലെ കയ്യടക്കത്തിലേ കിങ്ങുകളായ പല
ആൺ മാന്ത്രികരും , തങ്ങൾക്കാർക്കും എത്ര ശ്രമിച്ചാലും ഇതൊന്നും ഒരിക്കലും ചെയ്യുവാൻ സാധിക്കുകയില്ലല്ലോ എന്നോർത്ത് നാണിച്ചു പോയിട്ടുണ്ട് കേട്ടൊ ...! ?
ഇത്തരം മാന്ത്രികക്കലവറകളുടെ ഉള്ളറകൾ കണ്ട് , ലണ്ടനിലെ ദി പല്ലേടിയം,
ദി എമ്പ്യയർ റൂംസ്, ഹേർ മെജസ്റ്റി’സ് തീയ്യറ്റർ, മെർമൈഡ് തീയ്യറ്റർ മുതൽ പഴമയുടെ പ്രൌഡിയോടൊപ്പം, അത്യന്താധുനിക സൌകര്യങ്ങളുള്ള വേദികളിൽ  മാജിക്ക് ഷോ കളൊക്കെ കോരിത്തരിച്ച് കണ്ടിരിക്കുമ്പോൾ തോന്നും ...

മാജിക്കിന്റെ ഈറ്റില്ലമായ നമ്മുടെ നാട്ടിലെ ഇത്തരം
പരിപാടികളും മറ്റും ഇനിയും എത്രയോ ഉന്നതികളിൽ ഇനിയും എത്താനുണ്ടെന്ന്..!

കഥകളി എല്ലാവർക്കും ആസ്വദിക്കുവാൻ കഴിയുകയില്ല...
പാട്ടുകച്ചേരി ഇഷ്ട്ടപ്പെടാത്തവർ ഏറെയുണ്ട്..
ലക്ഷക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച ചലചിത്രങ്ങൾ പോലും
മുഴുവൻ കാഴ്ച്ചക്കാരുടേയും അഭിനന്ദനം പിടിച്ചുപറ്റാൻ കഴിയാറില്ല.
പക്ഷേ ഒരു ജാലവിദ്യക്കാരന്റെ മുമ്പിൽ സന്തുഷ്ട്ടരും , ആകൃഷ്ട്ടരുമായി കഴിച്ചുകൂട്ടാത്തവരുണ്ടാകുമെന്ന് തോന്നുന്നില്ല...

കൈമുദ്രകൾ മനസ്സിലാക്കേണ്ട ; രാഗ നിശ്ചയം വേണ്ട ;
പ്രതീക വ്യാഖ്യാന ശേഷിയോ പ്രത്യേകരീതിയിലുള്ള ഹൃദയ
സംസ്കാരമോ ആവശ്യമില്ല ; കാണാനും അത്ഭുതപ്പെടാനുമുള്ള
കഴിവുമാത്രം മതി ...
ഈ ഇന്ദ്രജാലവിദ്യകളെ ഏവർക്കും ആസ്വദിക്കുവാൻ  അല്ലേ ...
അതെ ഒരു ദൃശ്യകലയെന്ന  നിലയിൽ
മാജിക്കിന്റെ മാത്രം സവിശേഷ തന്നെയാണിത്..!

ജാലവിദ്യ എന്ന പേരിൽ നിന്നുതന്നെ ഈ കലയുടെ സ്വഭാവം
വ്യക്തമാവുന്നുണ്ട്.മുഴുവൻ തട്ടിപ്പാണെങ്കിൽത്തന്നേയും, രഹസ്യമെന്തെന്ന് പിടികിട്ടാത്തകാലത്തോളം, മാജിക്കുകാരൻ സൃഷ്ട്ടിക്കുന്ന  അത്ഭുതം നിലനിൽക്കുക
തന്നെ ചെയ്യും..! ( മാജിക് ട്രിക്സ് = തന്ത്രപൂർവ്വം ചെയ്യുന്ന സൂത്രവിദ്യകൾ ).

പിന്നെ വേറൊരുകാര്യമുള്ളത് മറ്റുകലാകാരന്മാരേയും ,
ജാലവിദ്യക്കാരേയും ഒരേ മനോഭാവത്തോടെയല്ല ജനം നോക്കിക്കാണാറുള്ളത്.
ഒരു നടൻ ; കഥാപാത്രത്തോട് പരമാവധി നീതികാണിക്കണമെന്ന്
കാഴ്ച്ചക്കാർ ആഗ്രഹിക്കും . അതുപോലെ തന്നെ പാട്ടുപാടുന്ന ആൾക്ക്;
തൊണ്ടയിടർച്ചയോ മറ്റോ ഉണ്ടാകരുതെന്ന് ഹൃദയ  പൂർവ്വം പ്രാർത്ഥിച്ചുപോകുന്ന
സന്ദർഭങ്ങളും ചിലപ്പോഴൊക്കെ ഉണ്ടാകും.

നടന്റേയും, ഗായകന്റേയുമൊക്കെ കൂടെ തികഞ്ഞ
അനുഭാവ പക്ഷം പുലർത്തുന്നവരൊക്കെ നേരെ തിരിച്ചാണ് കേട്ടൊ
ഒരു ഐന്ദ്രികജാലികനെ നോക്കിക്കാണാറുള്ളത് ...

മാജിക് ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴും ഏതാണ്ടൊരു അസൂയയും,
ശത്രുതയും കലർന്ന മനോഭാവത്തോടെ , ആ കലാകാരന് എതിരായ എന്തെങ്കിലും
തെളിവ് കണ്ടെത്താനുള്ള വ്യഗ്രതയോടെയായിരിക്കും പലരും മാജിക്ക് കാണാനിരിക്കുന്നത്..!

ഈ പറഞ്ഞതൊക്കെ  ‘മാജിക്കിന്റെ ലോകം’
എന്ന പുസ്തകത്തിൽ വൈക്കം ചിത്രഭാനു എന്ന
ഒരു പഴയ എഴുത്തുകാരനായ മാന്ത്രികൻ എഴുതിയതാണ് കേട്ടൊ.

ഇതിന്റെയൊക്കെ പിന്നോടിയായിട്ട് മലയാളത്തിൽ ഗഹനമായൊരു
ഒരു മാജിക് സൂത്രഗ്രന്ഥം എഴുതാൻ പൂതി തോന്നിയിട്ട്  ഏതാണ്ട് പത്ത് കൊല്ലം മുമ്പ് ,
വീണ്ടും കാലങ്ങൾക്ക് ശേഷം എന്റെ എഴുത്താണികൾ മുനകൂർപ്പിച്ച് ഇരുന്നവനായിരുന്നു ഈ ഞാൻ...


ഇംഗ്ലീഷിലൊക്കെ  തോനെപാനെ
കിട്ടുന്ന മാജിക് ബുക്കുകളിൽ ഒന്ന് മുങ്ങിത്തപ്പി
ആയതിന്റെ സത്തൊക്കെ ജസ്റ്റ് മലയാളത്തിലേക്ക് പകർത്തിവെക്കേണ്ട ആവശ്യമേ ഉള്ളുവെങ്കിലും , എന്റെ കുഴിമടികൊണ്ടും, സമയക്കുറവുകൊണ്ടും ആയതൊന്നും ഇതുവരെ നടന്നിട്ടുമില്ല...!


പോരാത്തതിന് ഈ ബൂലോഗസുന്ദരിയെ കൂടി
മാംഗല്ല്യം കഴിച്ചപ്പോൾ ... അവളുമായുള്ള കൂത്താട്ടങ്ങളും,
രമിക്കലുകളെല്ലാം കഴിഞ്ഞ് ഇതിനൊന്നും സമയം ഒട്ടും കിട്ടിയില്ലാ എന്നതാണ് വാസ്തവം...!


തൻ കാര്യം പറഞ്ഞും ; വായനക്കാരോട് സല്ലപിച്ചും ;
സ്വയം പുകഴ്ത്തിയും , ഇകഴ്ത്തിയും  ; ഒന്നും ഒളിച്ചുവെക്കാനില്ലാതെ ;
മറ്റാരും അധികം അറിയാത്ത ; കണ്ടതും കേട്ടതുമായ കാര്യങ്ങളെല്ലം നേരെചൊവ്വേ ,
സ്വയമൊരു കഥാപാത്രമായി ചൊല്ലിയാടി ഈ ബൂലോകത്ത് ...

എൻ കളിയാട്ടങ്ങൾക്ക് തുടക്കം കുറിച്ചിട്ട് ...
ഇന്നീ നവമ്പർ 30 ന്,  മൂന്ന് വർഷങ്ങൾ കഴിഞ്ഞു...!

ഇന്നെനിക്ക് ഭൂലോകത്തിന്റെ പലകോണുകളിലുമായി
അനേകം  ആത്മാർത്ഥതയുള്ള ബൂലോക മിത്രങ്ങൾ ഉണ്ട്.
അവരൊക്കെ തന്നെയാണ് ഇന്നത്തെ എന്റെ ശക്തിയും ഊർജ്ജവും കേട്ടൊ കൂട്ടരേ..

പലതരത്തിലുള്ള പ്രോത്സാഹനങ്ങളാലും, ഉപദേശങ്ങളാലും ,
ഇതുവരെ എന്നെയെത്തിച്ചതിനും, ആ സ്നേഹോപഹാരങ്ങൾക്കും,
എന്റെ എത്രയും പ്രിയപ്പെട്ട എല്ലാമിത്രങ്ങൾക്കും ....

എന്റെ ഈ മൂന്നാം ബൂലോഗ തിരുന്നാൾ വേളയിൽ
ഒരുപാടൊരുപാട് നന്ദിയും, കൃതജ്ഞതയും  സമർപ്പിച്ചു കൊള്ളട്ടേ...

പിന്നെ ബിലാത്തി വെറും ലാത്തിയടിക്കുകയാണെന്നും ;
വെടി പൊട്ടിക്കുകയാണെന്നും , അലക്കുകയാണെന്നും;
പുളുവടിക്കുകയാണെന്നുമൊക്കെയാണ് പലരുടേയും ഭാഷ്യം ...?

ഈ ‘അലക്കും’, ‘ വെടി’ പൊട്ടിക്കലുമൊന്നില്ലെങ്കിൽ
പിന്നെന്ത്  ബി ’ലാത്തി’ അല്ലേ...!

ഒരു ജാലവിദ്യക്കാരെനെന്ന നിലയിൽ ഇത്തരം
ആറ്റിട്യൂഡുകളൊന്നും എനിക്കൊട്ടും പുത്തരിയല്ലല്ലോ...!

 ഇന്ന്  -  ബിലത്തിപട്ടണത്തിൽ
ഗുരുവും ശിഷ്യരും .
ഒരു മാജിക് സൂത്രഗ്രന്ഥമെഴുതാൻ വന്നിട്ട്

ഒരു ഏവറേയ്ജ് ബ്ലോഗ്ഗറെങ്കിലുമായല്ലോ... അല്ലേ


കുതിരക്കാരനായി വന്നിട്ട് കുടുംബക്കാരാനായ പോലെ ...


ഒരു കുരുടൻ രാജ്യത്ത് ഒരു കോങ്കണ്ണൻ രാജാവ് ... !ലേബൽ  :-
ന്റെനുജ്ഞാങ്ങ 
മൂന്നാം വാർഷിക പോസ്റ്റ്

പിന്മൊഴികൾ :-


കലയെന്ന നിലയ്ക്കല്ലെങ്കിലും തട്ടിപ്പുകൾ ഇന്ന് എല്ലാരംഗത്തും പ്രയോഗിക്കപ്പെടുന്നു ;
അറിഞ്ഞും , അറിയാതെയും  നാം അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നൂ...

മറ്റൊരുതരത്തിൽ  കച്ചവടക്കാരും , രാഷ്ട്രീയക്കാരും, കൈക്കൂലിക്കാരും,
ദൈവജ്ഞന്മാരും മറ്റും ജാലവിദ്യക്കാർ തന്നെയാണ്.
പരീക്ഷഹാളും, വിവാഹവേദിയും,ദേവാലയവും ,..,..വരെ തട്ടിപ്പിന്റെ രംഗമാണിന്ന്...
ചുരുക്കത്തിൽ പറഞ്ഞാൽ ഇതൊരു മാജിക്കിന്റെ വിസ്മയ ലോകമാണ്..!

കളരിക്ക് വെളിയിലെ അഭ്യാസികൾ ജനങ്ങളെ ചൂഷണം ചെയ്യുന്നവരാണ്..
അവരുടെ ജാലത്തെ എതിർക്കേണ്ടതാണ്..

എന്നാൽ മാജിഷ്യൻ ജാലം പ്രയോഗിക്കുന്നത് പ്രേക്ഷകരെ രസിപ്പിക്കാനാണ്...
അപ്പോൾ സ്റ്റേജിലും,തെരുവിലും നിൽക്കുന്ന ഇത്തരം കലാകാരന്മാരോട് അൽ‌പ്പം കൂടി അനുഭാവം, അല്പം കൂടി ദയ കാണിച്ചാൽ കൊള്ളാം ...കേട്ടൊ കൂട്ടരെ.

ഇനി വെറും 21 വയസ്സിൽ തന്നെ , വിദ്യാർത്ഥിയായി ഇവിടെ ലണ്ടനിൽ വന്ന് ജാലം കാണിച്ച്, സ്വന്തം  കൂട്ടുകാരെയും മറ്റും  വഞ്ചിച്ച് ഒന്നരക്കോടി രൂപ പിടുങ്ങി , ഇവിടെ നിന്നും സ്കൂട്ടായ ഒരു വിരുതന്റെ കഥ കൂടി ഒന്ന് നോക്കൂ...
ദേ..ഇവിടെ  ഓം വിഷ്ണായ നമ :Thursday, 27 October 2011

ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതുപുത്തൻ പഴങ്കഥ ... ! / Oru Katinjool Pranayatthin Puthupuutthan Pazhankathha ... !

ഈ കിണ്ണങ്കാച്ചി പ്രണയ കഥ
വേണമെങ്കിൽ അഞ്ഞൂറോളം എപ്പിസോഡുകളായി സമ്പ്രേഷണം നടത്തുവാൻ പറ്റുന്ന വേറിട്ട ഒരു  സീരിയൽ കഥയ്ക്കോ, അല്ലെങ്കിൽ നാട്ടിലും, അബുദാബിയിലും, ഇംഗ്ലണ്ടിലും മൊക്കെ പോയിട്ട് ചിത്രീകരിക്കാവുന്ന ഒരു കലക്കൻ സിനിമാ തിരക്കഥയ്ക്കോ സ്കോപ്പുള്ള വിഷയമാണ്  ...

ഇതിലെ കഥാപാത്രങ്ങളാണങ്കിലോ മിക്കവാറുമെല്ലാവരും ഇപ്പോൾ ജീവിക്കുന്നവരും..!

ഇതൊക്കെയൊരു കഥയായി പറയാനറിയില്ലെങ്കിലും , അവിടെന്നുമിവിടെന്നുമൊക്കെയായി കുറെ സംഗതികൾ , ലൈംഗികതയുടെ അതിപ്രസരങ്ങൾ ഉണ്ടെങ്കിലും,  ഒട്ടും മസാല കൂട്ടുകളില്ലാതെ , നുള്ളി പറുക്കിയെടുത്ത് വെറുതെ നിരത്തി വെക്കുന്നു എന്നുമാത്രം...

നന്നായി എഴുതാനറിയുന്നവർക്ക് വല്ല
നോവലൊക്കെയാക്കി ഇതിനെ പരിണാമം
വരുത്താൻ സാധിച്ചാൽ അതൊരുപകാരമാവില്ലേ അല്ലേ...

'പതിരുപത്തഞ്ച് കൊല്ലം മുമ്പ്
കണിമംഗലത്തുള്ളൊരു ചുള്ളൻ
അവന്റെ പ്രഥമ  പ്രണയിനിക്ക് ഓണ
പൂക്കളമിടുവാൻ , നാട്ടിലുള്ള നടക്കിലാന്റവിടത്തെ ,
മതിലുചാടി അവരുടെ പൂന്തോട്ടത്തിലെത്തി പൂക്കളിറുത്ത്
കൊണ്ടിരിക്കുമ്പോൾ , അവിടത്തെ അൽസ്യേഷൻ നായ വന്നോടിച്ചപ്പോൾ... ,
ഉടുത്തിരുന്ന കള്ളിമുണ്ട് നായക്ക് കൊടുത്ത്  കുന്നത്തിന്റെ ഷെഡിയുമിട്ട് , പുറത്തുവെച്ചിരുന്ന സൈക്കിളുമെടുത്ത് , ശരവേഗത്തിൽ പല നാട്ടുകാരുടേയും മുന്നിൽക്കൂടി സ്കൂട്ടായ  ഒരു കഥ

പൊട്ടിച്ചിരിച്ചുകൊണ്ടാണ് , ഡോ: വിനു ജോസ് അയാളുടെ
ഡെന്റൽ ക്ലീനിക്കിൽ വെച്ച് സഹ ഡോക്ട്ടറും , ഭാര്യയുമായ ബിന്ധുവിനോട് വിവരിച്ചത്...

ഈ സംഭാഷണം നടക്കുന്നത് നാട്ടിലെ നല്ലൊരു
വായ് നോട്ടക്കാരനായിരുന്ന ഞാൻ , ഇത്തവണ നാട്ടിലെത്തിയപ്പോൾ , നാട്ടുകാരനായ നടക്കിനാലന്റവിടത്തെ ഇളം തലമുറക്കാരന്റെ, ക്ലീനിക്കിൽ പല്ലിന്റെ ‘റൂട്ട് കനാൽ‘ നടത്തുവാൻ വേണ്ടി ,  ആ വായ് നോട്ടക്കാരനായ ഡോക്ട്ടറുടെ മുമ്പിൽ . വായും പൊളിച്ചിരിക്കുമ്പോഴാണ് അരങ്ങേറിയത് കേട്ടൊ .

ശേഷം ഞാൻ ബിന്ധുവിനോട് പറഞ്ഞു...

“പണ്ട് നമ്മുടെ വീരശൂരപരാക്രമിയായ  ഭീമേട്ടൻ വരെ ,
ഇഷ്ട്ടന്റെ പ്രണയിനിക്ക് വേണ്ടി സൌഗന്ധിക പുഷ്പമിറുക്കുവാൻ
പോയിട്ട് ചമ്മി തിരിച്ചുവന്നിട്ടുണ്ട്..
പിന്നെയാണ് മര മാക്രിപോലുണ്ടായിരുന്ന - അന്നത്തെ ഈ ഞാൻ “

അതിന് ശേഷം എനിക്ക് ഒരു കാര്യം മനസ്സിലായി ..
അന്നത്തെ എന്റെ പ്രണയ കൂതാട്ടങ്ങൾ നാട്ടുകാരിപ്പോഴും മറന്നിട്ടില്ലായെന്ന് ...!

ബ്ലോഗ്മീറ്റും, ഓണവും മറ്റും കൂടുന്നതിനേക്കാളുപരി
ഇത്തവണനാട്ടിലെത്തിച്ചേരുവാൻ , എന്റെ ഉള്ളിന്റെയുള്ളിൽ
ഒരു മധുരമുള്ള പഴഞ്ചാറുപോലുള്ള , ആ പഴയ കടിഞ്ഞൂൽ പ്രണയത്തിന്റെ
കുറെ നീക്കിയിരുപ്പുകളുടെ തിരുശേഷിപ്പുകൾ ബാക്കി  ഉണ്ടായിരുന്നു...

അതിന് വേണ്ടിയായിരുന്നു ഭാര്യയേയും പിള്ളേരേയും നാട്ടിലാദ്യം
വിട്ടിട്ട് , അവർ തിരിച്ചെത്തിയ ശേഷം , ഒറ്റയാനായി ഞാൻ നാട്ടിലെത്തിയത്...!

ഇക്കാര്യം സാധിക്കുവാൻ എന്റെ പെണ്ണിനെ സോപ്പിട്ട് ,
സോപ്പിട്ട് ഈ യാത്ര നടത്താൻ പെട്ട പാട് എനിക്ക് മാത്രമേ അറിയൂ..!

കുറെ പാശ്ചാത്യ സംസ്കാരം വളർച്ചകളിൽ
അലിഞ്ഞുചേർന്നത് കൊണ്ട് - മോളും, മോനുമൊന്നും
ഈ സംഗതികളെ അത്ര കാര്യമാക്കിയിട്ടും ഇല്ലായിരുന്നു....

ഞാൻ തിരിച്ചെത്തിയാൽ ഈ പ്രണയത്തിന്റെ
രണ്ടാം വേർഷൻസ് മുഴുവൻ അവരെ പറഞ്ഞു കേൾപ്പിക്കണമെന്ന ഡിമാന്റ് മാത്രമേ അവർ എനിക്ക്
മുന്നിൽ വെച്ചുള്ളൂ...

സംഭവമിത് - എന്റെ വീട്ടുകാരെ പോലെ , അന്ന് നാട്ടിലോരോരുത്തർക്കും ,
എന്തിന് പറയുവാൻ  ... അന്നവിടത്തെ പറക്കുന്ന കിളികൾക്ക് പോലും അറിയാവുന്ന ചരിത്രമായിരുന്നു -  അന്നത്തെ  ഞങ്ങളുടെ പ്രണയ വർണ്ണത്തിന്റെയൊക്കെ ഗാഥകൾ...!

ഇനി ഇത്ര ജോലിത്തിരക്കിനിടയിലും , ഇത്തവണ
നാട്ടിലെത്തിച്ചേരുവനുണ്ടായ  കാരണമെന്താണെന്നറിയണ്ടേ.. ?

ഈ ‘ഇന്റെർനെറ്റ് യുഗ‘ത്തിൽ ‘റോയൽ മെയിലു‘കാരെ
പോലും അമ്പരിപ്പിച്ച് കൊണ്ട് ഇന്ത്യാ മഹാ രാജ്യത്തുനിന്നും 
ഒരു 'എയർ മെയിൽ'  മൂന്നാലു മാസം മുമ്പ് , എന്നെ തേടിയെത്തിയിരുന്നൂ...!

ഏറെക്കുറെ എല്ലാ ഗൾഫുക്കാരെപ്പോലെയും -
കുറെകാലത്തോളം അബുദാബിയിൽ പണിയെടുത്തിട്ട്
ധാരാളം പണത്തോടൊപ്പം -  പ്രഷറും , ഷുഗറും , കൊളസ്ട്രോളുമൊക്കെ സമ്പാധിച്ച്
നാട്ടിൽ വന്ന് ,'സൂപ്പർ മാർക്കറ്റൊ'ക്കെ തുടങ്ങി ശരിക്ക് ജീവിച്ച് തുടങ്ങുന്നതിന് മുമ്പ്
‘ഹാർട്ടറ്റാക്ക്‘ വന്ന് , ഒന്നരകൊല്ലം മുമ്പ് മരിച്ചുപോയ എന്റെ മിത്രം , ഹരിദാസിന്റെ - ഭാര്യയുടേതായിരുന്നു ആ കത്ത്...

ഉള്ളടക്കത്തിൽ മെയിനായിട്ടുണ്ടായിരുന്നത് ...
വെറ്റിനറി ഡോക്ട്ടറായ മൂത്ത മകൾ ക്ലാസ്മേറ്റായിരിന്ന പഞ്ചാബി പയ്യനെ ‘ഇന്റർ സ്റ്റേറ്റ് മര്യേജ്‘ കഴിച്ചവൾ - ഈയിടെ   ഡെലിവറിയായപ്പോൾ അമ്മൂമ്മ പട്ടം കിട്ടിയെന്നും ...

ഒരു സോഫ്റ്റ്വെയർ കമ്പനിയിൽ മദ്രാസിൽ ജോലി
ചെയ്യുന്ന താഴെയുള്ള മകൾ ഒപ്പം വർക്ക് ചെയ്യുന്ന ഒരു മുസ്ലീം പയ്യനുമായിട്ടുള്ളടുപ്പം വിവാഹം വരെ എത്തിയെന്നും ...
ഹെഡ്മിസ്ട്രസ് ഉദ്യോഗം വല്ലാത്ത തല വേദനയാണെന്നും മറ്റും തുടങ്ങി ... , കുറെയേറെ കുടുംബ കാര്യങ്ങൾ...
പിന്നെ ഉള്ളുപൊള്ളിക്കുന്ന പഴങ്കഥകൾ
ചേർത്ത് ഏറെ പരിതാപനങ്ങളടക്കം  ഏഴ് പേജുകൾ...
അവസാനം എന്നെ നേരിട്ട് കാണേണ്ട ആവശ്യമുണ്ടെന്നുള്ള ഒരു 'റിക്യൊസ്റ്റും' ...!

അല്ലാ...
ഞാനെന്റെ കടിഞ്ഞൂൽ പ്രണയ
നായികയെ പരിചയപ്പെടുത്തിയില്ലല്ലോ...
കണിമംഗലത്തെ പേരും പെരുമയുമുള്ള അമ്പാട്ട്
തറവാട്ടിലെ കല്ല്യാണി മുത്തശ്ശിയുടെ പേര ക്ടാവായിരുന്നു കേട്ടൊ ആ ചുള്ളത്തി...!

ഇവളുടെ അച്ഛൻ ബാംഗ്ലൂരിൽ സെറ്റിൽ ചെയ്ത ഒരു ബിസിനസ്സ്
മലയാളിയായതുകൊണ്ട് , ഓരൊ കൊച്ചുവെക്കേഷൻ കാലത്ത് പോലും
നാട്ടിൽ മുത്തശ്ശിയോടൊപ്പം അവധിക്കാലം ചിലവഴിക്കുവാൻ വരുമ്പോഴാണ് ,
ഈ നല്ല അയലക്കകാരനായ ,
ഈയ്യുള്ളവനുമായ സൌഹൃദം  തുടങ്ങിയത്...
കൂടാതെ എന്റെ അനുജത്തിയുടെ ഉത്തമ മിത്രവും,
സമപ്രായക്കാരിയുമായിരുന്നു , ആ പ്രിയപ്പെട്ട കൂട്ടുകാരി 'പ്രിയ'...
അതായത് എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ നായികയായ പ്രഥമ പ്രണയ സഖി.. !

ചെറുപ്പകാലങ്ങളിലൊക്കെ ഈ തറവാട്ടിൽ ഒത്തുകൂടുന്ന ബാല്യകാല
പ്രജകളുടേയും,  ഇടവക കളിക്കൂട്ടുകാരുടേയും മറ്റും മുമ്പിൽ ആളാവാൻ വേണ്ടി
ഞങ്ങളുടെ വീട്ടിലെ - ചവിട്ടുക്കൂറ്റൻ മൂരിയുടെ പുറത്തേറി കുതിര കളിച്ചുമൊക്കെ എത്രയെത്ര കോപ്രായത്തരങ്ങളാണ് ഞാനൊക്കെ അന്ന് കാട്ടിക്കൂട്ടിയിട്ടുള്ളത്...!

പ്രിയയുടെ ഭോപ്പാലിൽ ടയർ /മോൾഡിങ്ങ് ബിസനസ്സുള്ള വല്ല്യമ്മാവന്റെയും,
ദുബായിൽ ജോലിയും,ഫോട്ടൊ സ്റ്റുഡിയോയുമുള്ള കുഞ്ഞമ്മാവന്റേയും ആണ്മക്കളേക്കാൾ
ഒരു ഇത്തിരി ഇഷ്ട്ടകൂടുതൽ  അന്നുമുതൽക്കേ , പ്രിയക്ക് അവളുടെ ഇഷ്ട്ട നായകനായ എന്നോട് തന്നെയായിരുന്നു ...

ഇവരെല്ലാം നാട്ടിൽ വരുമ്പോൾ അവരുടെ
തറവാട്ടു കുളത്തിൽ ചാടി കുളിക്കുവാനും, നീന്തല്
പഠിപ്പിക്കാനും , പൂരങ്ങൾ ,എക്സിബിഷൻ , മൃഗശാല , മാറുന്ന സിനിമകൾ , അങ്ങിനെ സകലമാന ഉത്സവാഘോഷപരിപാടികളും  ഇവരെയൊക്കെ കൊണ്ടുപോയി കാണിപ്പിക്കുവാൻ കല്ല്യാണി മുത്തശ്ശി എന്നെതന്നെ ചട്ടം കെട്ടിയതിനാൽ ,  കൌമാര കാലത്ത് തന്നെ ഞങ്ങളുടെ അനുരാഗ നദി വിഘ്നം കൂടാതെ ഉറവയെടുക്കുവാൻ കാരണമായി...

പിന്നീട് പ്രീഡിഗ്രി മുതൽ ‘എന്ററസ് കോച്ചിങ്ങ്‘ സൌക്യരാർത്ഥം
ബാംഗ്ലൂരിൽ നിന്നും അവളുടെ പഠിപ്പ് 'സെന്റ് : മേരീസ് കോളേജിലേക്ക്
 പറിച്ച് നട്ടപ്പോൾ ...
അന്ന് നാട്ടിൽ സ്വന്തം ട്യൂട്ടോറിയൽ നടത്തുന്ന എനിക്ക് മുത്തശ്ശി മുഖാന്തിരം
പ്രിയയുടെ ‘പ്രൈവറ്റ് ട്യൂഷനും‘ കൂടി ഏറ്റെടുക്കേണ്ടി വന്നപ്പോൾ , ഞങ്ങളുടെ പ്രണയം ,
ആ തറവാട്ടിലെ നടപ്പുരയും , ഓവകവും, കോണി മുറിയുമെല്ലാം കവർന്ന് ... മാനം മുട്ടേ വളർന്ന് വലുതായി...!

പ്രണയപ്പരീക്ഷയിൽ അവളൊന്നാം സ്ഥാനത്തോടെ പാസായെങ്കിലും, ‘പി.ഡി.സി‘ യിൽ തോറ്റപ്പോഴാണ് അതിന്റെ പിന്നിലെ കറുത്ത കൈകൾ എന്റേതാണെന്ന് വീട്ടുകാർക്കൊക്കെ മനസ്സിലായത്...

നാട്ടിലൊക്കെ ഈ പ്രേമകഥ പാട്ടായെങ്കിലും അന്നത്തെ കാലത്ത് അവരുടെ പണത്തിന്റെയും , ജാതീയതയുടേയും മുമ്പിൽ ഞങ്ങളുടെ കടിഞ്ഞൂൽ പ്രണയം തകർന്നടിഞ്ഞു...! !

എല്ലാം അറിഞ്ഞുകൊണ്ട് തന്നെ  എന്റെയൊരു മിത്രമായിരുന്ന , അവളുടെ കുനിഞ്ഞമ്മാവന്റെ മകൻ മുറചെറുക്കൻ -  ഹരി , അവളെയും കൊണ്ട് വിവാഹശേഷം ഗൾഫിലേക്ക് പറന്നു...

അങ്ങിനെ എന്റെ പ്രണയ ഭാജനം പ്രിയ വെറുമൊരു
കൂട്ടുകാരിയായി , കൂട്ടുകാരന്റെ പ്രിയ സഖിയായി കൂടുമാറ്റം നടത്തി...!

പലപ്പോഴായി അവധിക്കാലങ്ങളിൽ നാട്ടിലെത്തുമ്പോൾ പിന്നീടെനിക്ക്
ആദ്യമായൊരു റേയ്ബൻ ഗ്ലാസ്, സിറ്റിസൺ വാച്ച് , കടമായി വലിയ തുകകൾ,..,.. അങ്ങിനെയെത്രയെത്ര സഹായങ്ങളാണ് ഈ എക്സ്-ലൌവ്വറും , കെട്ട്യോനും കൂടി തന്നിട്ടുള്ളത്...!

കാലം ഉരുണ്ടുകൊണ്ടിരുന്നു...
പ്രിയ -  രണ്ട് പെൺകുട്ടികളുടെ മാതാവായി...

പ്രിയയുടെ അമ്മക്ക് ഭാഗമായി കിട്ടിയ തറവാട്ടിൽ,  കല്ല്യാണി മുത്തശ്ശിയുടെ മരണശേഷം ,
അവളുടെ അമ്മ വാത സംബന്ധമായ അസുഖം കാരണം  ചികിത്സാർത്ഥം ഈ വീട്ടിലേക്ക് താമസം പറിച്ചുനട്ടപ്പോൾ , അമ്മക്ക് കൂട്ടിന് പ്രിയയും മക്കളും നാട്ടിൽ വന്ന് സെറ്റിൽ ചെയ്തു.

ഇതിനിടയിൽ ഹരി  , പ്രിയയെ  വീണ്ടും,  ടി.ടി.സി ക്ക്  ചേർത്ത് പഠിപ്പിച്ച് ...
നല്ലൊരു കൊഴ കൊടുത്തിട്ട് അടുത്തുള്ള എൽ.പി.  സ്കൂളിൽ അദ്ധ്യാപികയാക്കുകയും ചെയ്തു.
 ഹരി വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ മാത്രം , അവന്റെ തല തിന്നാന്നും, പ്രിയയുടെ പാചക നൈപുണ്യം അറിയാനും മാത്രമാക്കി ഞങ്ങളുടെ സൌഹൃദങ്ങള്‍  ഒതുക്കിത്തീർത്തു...!

ഇതിനിടയിൽ വീണ്ടും വല്ലാത്തൊരു പ്രണയ കാന്തനായി വിലസിയപ്പോൾ എന്നെ പിടിച്ച് പെണ്ണ് കെട്ടിപ്പിച്ചു..!

പിന്നീട് ഏഴാം കടലിനക്കരെ , ഈ ബിലാത്തി പട്ടണത്തിൽ ഞാൻ  കുടുംബവുമായി നങ്കൂരമിട്ടു...

അമ്മയുടെ മരണശേഷം , ഹരിയുടെ ദേഹ വിയോഗവും...
മക്കളുടെ അന്യ ദേശവാസവും പ്രിയയെ ഏകാന്തതയുടെ തടവിലാക്കി.
ബാംഗ്ലൂരിലുള്ള വയസ്സായ അച്ഛൻ  അവിടെയുള്ള സഹോദരന്മാരോടും , ഫേമിലിയോടുമൊപ്പം ഇടയ്ക്കൊക്കെ  വന്ന് പോകുമെന്ന് മാത്രം...

ഇന്ന് ആ വലിയ തറവാട്ടിൽ സ്ഥിരമായി
പ്രിയയോടൊപ്പമുള്ളത് അകന്നബന്ധത്തിൽ പെട്ട കല്ല്യാണിയ്ക്കാത്ത  ഒരു എച്ചുമ്മായിയും , കുറച്ച് മന്ദ ബുദ്ധിയായ , ഇവരെയൊക്കെ എടുത്ത് വളർത്തിയിട്ടുള്ള പണിക്കാരൻ ‘പൊട്ടൻ ബാലേട്ടനും‘ മാത്രം ...

ഇത്തവണ പ്രിയയുടെ റിക്യസ്റ്റ്
പ്രകാരം ഞാനവളുടെയടുത്തണഞ്ഞപ്പോൾ ...
പണ്ടത്തെ ആ കടിഞ്ഞൂൽ പ്രണയത്തിന്റെ തീവ്രത
ശരിക്കും തൊട്ടറിയുകയായിരുന്നൂ ഞാൻ...

ഞാനൊക്കെ മറവിലേക്കാനയിച്ച ആ കടിഞ്ഞൂൽ പ്രേമമിന്നും
പ്രിയയിൽ   ഇപ്പോഴും ഒളിമങ്ങാത്ത ഓർമ്മകളായി അവശേഷിക്കുന്നത്
കണ്ടിട്ട് ഞാൻ അത്ഭുതപ്പെട്ട് പോയി ...!

വേറൊരുവന്റെ ഭാര്യയായിരുന്നിട്ട് പോലും ,അവളിന്നും
ഞാനവൾക്ക് കൊടുത്ത മയിപ്പീലിയടക്കമുള്ള ഓരോ പ്രണയോപഹാരങ്ങളും ,
പ്രേമലേഖനങ്ങളും , പലപ്പോഴായി അവളെടുത്ത / അവൾക്ക് കൊടുത്ത ഫോട്ടോകളടക്കം പലതും ഭദ്രമായി സൂക്ഷിച്ചു വെച്ചിരിക്കുന്നു...!

ഈ കഥാപാത്രങ്ങളുടെ ഇപ്പോഴുള്ള രൂപ 
ഭാവങ്ങളോടെ എന്റെ മിത്രം ജോസ് ആന്റണി വരച്ച ചിത്രം


വീണ്ടും ഞങ്ങൾ ആ തറവാട്ടുകുളത്തിൽ കുത്തി മറിഞ്ഞു കുളിച്ചു...
കുളക്കടവിൽ പത്തായപ്പുരക്കപ്പുറം മഴയത്ത് നിന്ന് കവിതകൾ ചൊല്ലിയാടി...

അവളോടൊപ്പം അവളുടെ ഇഷ്ട്ടദൈവത്തെ
കാണൂവാൻ വേണ്ടി , ആ അമ്പല നഗരത്തിൽ പോയി രാപാർത്തു...

വേറൊരു പട്ടണത്തിൽ വെച്ച് ഒന്നിച്ചിരുന്ന് “പ്രണയം” സിനിമ കണ്ടു...

ഞാനും പ്രിയയും കൂടി,  കൂട്ടുകാരൻ അശോകനും ഭാര്യയുമൊന്നിച്ച്
പീച്ചിയിലും, മലമ്പുഴയിലുമൊക്കെയായി കറങ്ങി ചുറ്റിത്തിരിഞ്ഞു...

ഞങ്ങളുടെ മക്കളുടെ സ്നേഹാന്വേഷണങ്ങൾ
കേട്ട് , എന്റെ ഭാര്യയുടെ പരിഭവവും, സങ്കടവും തൽക്കാലം
അവഗണിച്ച്  വീണ്ടും ഒരു മദ്ധ്യവയസ്സാം മധുവിധുകാലം...!

ഹരിയുടെ ഓർമ്മക്കായി പ്രിയ എനിക്കായി തന്ന സ്നേഹോപഹാരമായ
അവന്റെ മൊബൈലും , നമ്പറുമാണ് ഞാനിത്തവണ നാട്ടിലുപയോഗിച്ചിരുന്നത്...

നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയായ പ്രിയയുടെ
ഒരു അലമാരി നിറയെയുണ്ടായിരുന്ന ആൽബങ്ങളിൽ നിന്നും ,
‘എന്റെ പ്രണയവർണ്ണങ്ങൾ‘ എന്ന ആൽബത്തിൽ നിന്നും ഞാൻ
പൊക്കിയ ഫോട്ടോകളാണ് ഈ പുതുപുത്തൻ പഴങ്കഥയിൽ ചേർത്തിട്ടുള്ളത്...!

ഇത്രയും മധുരമുള്ള ഒരു പ്രണയകാലം
വീണ്ടും എനിക്ക് ലഭിച്ചതിന് ആരോടാണ്
ഞാൻ നന്ദി ചൊല്ലേണ്ടത്..!

തീർച്ചയായും എന്റെ പെർമനന്റ്
പ്രണയിനിയായ  ഭാര്യയോട് തന്നെ ...!

എന്റെ പെണ്ണൊരുത്തി വല്ല സായിപ്പിനേയോ , കറമ്പനേയോ ചുമ്മാ ലൈന്നടിച്ച് - ഒന്നെന്നെ വെറുതെ പേടിപ്പിച്ചെങ്കിൽ ഞാനീപണിക്ക് പോകുമായിരുന്നുവോ...അല്ലേ

ഉന്തുട്ട് പറഞ്ഞാലും , ചെയ്താലും
കാര്യല്ലാന്നവൾക്കറിയാം...കേട്ടൊ

അണ്ണാൻ കുട്ടി വലുതായാലും
മരം കേറ്റം മറക്കില്ലല്ലോ   അല്ലേ കൂട്ടര...

പിന്നെ ..
അതിന്  ഇക്കഥ ഇവിടെയൊന്നും തീരുന്നില്ലല്ലോ...!


പിങ്കുറിപ്പ് :- 

എന്തുകൊണ്ടാണ് 
ഞാനിതൊക്കെ തുറന്നെഴുതിയത്...?

പണ്ടത്തെപ്പോലെ കൂട്ടുകുടുംബ 
വ്യവസ്ഥിതിയല്ല  ഇന്ന്..., എല്ലാം അണുകുടുംബങ്ങളാണല്ലോ ...
ഈ തുച്ഛമായ ജീവിതത്തിനിടയിൽ പ്രായഭേദമന്യേ 
പലരീതിയിലും ഒറ്റപ്പെട്ട് പോകുന്നവരുടെ ദു:ഖം ദയനീയമാണ്...
സെക്സിനേക്കാളൊക്കെയുപരി അവനോ /അവൾക്കോ സ്നേഹവും 
സങ്കടവുമൊക്കെ പങ്ക് വെക്കുവാൻ ഒരു പങ്കാളി അനിവാര്യമാണ്...! 

പല ചട്ടങ്ങളും മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..അല്ലേ


ഇക്കഥയുടെ രണ്ടാമത്തെ  ഭാഗമായി എഴുതിയിട്ട 
വേറൊരു എപ്പിസോഡ് ഇവിടെ വായിക്കാവിന്നതാണ് :-

 കടിഞ്ഞാൺ കളഞ്ഞു പോയ ഒരു കടിഞ്ഞൂൽ കാതൽ കഥ ... !Thursday, 29 September 2011

ചില കൊച്ചുകൊച്ച് ബൂലോക സഞ്ചാരങ്ങൾ ... ! / Chila KocchuKocchu Booloka Sancharangal ... !


ചക്ക ഉപ്പേരി മുതൽ കൂർക്ക വരെയുള്ള പലചരക്കുകൾ, ‘ഇട്ടിക്കോര‘ മുതൽ ‘കുമാരസംഭവങ്ങൾ‘ വരെയുള്ള ഒരടുക്ക് പുസ്തകങ്ങൾ , ഓണപ്പതിപ്പുകൾ തൊട്ട് തീണ്ടാരിക്കോണം വരെയുള്ള ലൊട്ട് ലൊടുക്ക് സാധനങ്ങൾ,..,..ഇങ്ങിനെ ഏതാണ്ട് ഒരു ടിക്കറ്റിൽ കൊണ്ടുപോകവുന്നതിനിരട്ടി  സാധനങ്ങളുമായി മടക്കയാത്രക്കൊരുങ്ങുമ്പോൾ , എയർപോർട്ടിൽ വെച്ച് എത്രസാധനങ്ങൾ മടക്കും /എത്ര പിഴയടക്കേണ്ടി വരും എന്ന ചിന്തയിലായിരുന്നു ഞാൻ...
ബോർഡിങ്ങ് പാസ് കിട്ടുവാൻ ചെക്കിങ്ങ് ചെയ്തിരുന്ന
പയ്യൻസ് പാസ്പോർട്ടും, ടിക്കറ്റുമെല്ലാം പരിശോധിച്ച്
“ബിലാത്തി പട്ടണം... മുരളിയേട്ടനാണോ.. സാർ..? “  എന്നൊരു ചോദ്യം.
എന്തിന് പറയാൻ എന്റെ ഹാന്റ് ക്യാരിയടക്കം 4 പെട്ടിയും ആ പയ്യൻസ് ലഗ്ഗേജിൽ വിട്ടു..
എക്കണോമി ക്ലാസ്  ടിക്കറ്റ് , ദുബ്ബായ് വരെ അപ്ഗ്രേഡ് ചെയ്ത് ബിസിനസ്സ് ക്ലാസാക്കി തന്നു..!
ലണ്ടൻ ഡ്രീമുമായി നടക്കുന്ന സോണി എന്ന ആ പയ്യൻ  ,
ബ്ലോഗ്ഗിങ്ങ് രംഗത്തേക്ക് കാലെടുത്ത് വെച്ചശേഷം,  എന്റെ
ബ്ലോഗിലെ പല പോസ്റ്റ്കളും വായിച്ചിട്ടുള്ളവനാണേത്രെ..! ! ? ?


നമ്പറുകളും, മെയ്ലയിഡിയും കൈമാറിയ ശേഷം , സോണിയെ ; ഞാനിതുവരെ നേരിട്ട് പരിചയപ്പെട്ട നാനൂറ്റിനാലാം  നമ്പർ ബൂലോകനായി എഴുതിച്ചേർത്തു...!

എന്നാലും ബൂലോഗരെകൊണ്ടുള്ള
ഓരോരൊ ഉപകാരങ്ങൾ നോക്കണേ ... !

ബൂലോഗരോടുള്ള പ്രണയാവേശം മൂത്തുമൂത്ത് ആയതൊന്ന് ആറിത്തണുപ്പിക്കുവാൻ പത്തിരുപത് ദിവസം നാട്ടിൽ‌പ്പോയി വന്നിട്ട് അതിലും വലിയ ആവേശത്തോടെ നാട്ടിൽ വെച്ചുണ്ടായ
ബൂലോഗസംഗമങ്ങളായ  കണ്ണൂർ സൈബർ മീറ്റിനേയും , ഒരു കൊച്ചു വലിയ തൃശ്ശൂര്‍  മീറ്റിനേയും  ഓണത്തേയും, പുലിക്കളിയേയും, തോരാത്ത മഴയേയുമൊക്കെ ഒന്ന് വർണ്ണിക്കാമെന്ന് ചിന്തിച്ച് ബിലാത്തിപട്ടണത്തിൽ വന്ന് എല്ലാമൊന്ന് പൊടിതട്ടിക്കളഞ്ഞ് എഴുതാനിരുന്നപ്പോഴുണ്ട്...
ഈ സംഭവവികാസങ്ങളെ കുറിച്ചെല്ലാം , എന്നേക്കാളും വിവരമുള്ളവർ അസ്സലായിട്ട് ഫോട്ടോകൾ സഹിതം ഉഗ്രൻ കിണ്ണങ്കാച്ചിയായി പോസ്റ്റുകൾ ചമച്ച് , അഭിപ്രായവലകൾ വിരിച്ച് കാത്തിരിക്കുന്ന കാഴ്ച്ചകളാണെനിക്കിപ്പോൾ കാണാൻ പറ്റുന്നത്..!

പശുവും ചത്തു... മോരിലെ പുളിയും പോയി എന്ന് പറഞ്ഞ പോലെ ഞാനിതിനെ കുറിച്ചൊക്കെ ഇനി ഉന്തുട്ട് എഴുതാനാ അല്ലേ..?

എന്തൊക്കെ പറഞ്ഞാലും കുറെ കൊല്ലങ്ങളായുള്ള ലണ്ടനിലെ യാന്ത്രികജീവിതത്തിനിടയിൽ ബൂലോകപ്രവേശം നടത്തിയതിന്  ശേഷം നേരിട്ട് കണ്ടിട്ടും , കേട്ടിട്ടും ഇല്ലാതെ വളർന്നു വന്ന നല്ലൊരു മിത്രകൂട്ടായ്മയാണ് ,  ഈ ബൂലോകത്തിൽ മറ്റുള്ള ബ്ലോഗ്ഗേഴ്സിനേപ്പോലെ എനിക്കും ഈ ഭൂലോകത്തിൽ ഇന്നുള്ളത് ...!

ഓൺ-ലൈൻ ബന്ധങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഈ സൌഹൃദങ്ങള്‍ക്ക്  വളരെയധികം മാറ്റും ഉറപ്പും കൈവരുമെന്ന് ബിലാത്തിയിലെ പ്രഥമ ബൂലോകസംഗമത്തിലൂടെ ആയത് മനസ്സിലാക്കുവാനും മറ്റും , അന്നുമുതൽക്കേ  ഞങ്ങൾക്ക്  സാധിച്ചിരുന്നൂ..

ഇവിടെ നിന്നും അന്നത്തെ പല ബൂലോഗരും പലവഴിക്കും പിരിഞ്ഞുപോയെങ്കിലും ഇന്നും പ്രായ-ലിംഗ ഭേദമന്യേ ആ സ്നേഹബന്ധങ്ങൾ   ഞങ്ങളോരോരുത്തരുടേയും ഉള്ളിന്റെയുള്ളിൽ ആഴത്തിലിപ്പോഴും വേരോടിയിരിക്കുകയാണെന്ന് നിസംശയം പറയാം കേട്ടൊ.
അതുകൊണ്ടാണല്ലോ നാട്ടിലെത്തിയപ്പോൾ ബ്ലോഗർ അരുണിന്റെ പ്രണയസാക്ഷ്ക്കാരമായി നടന്ന കല്ല്യാണ തലേന്ന് ഒരു ബ്ലോഗ്മീറ്റായാതും ...!

വേറൊരു ദിനം കോട്ടയം കരിമ്പിങ്കാല ഷാപ്പിൽ വെച്ച് പ്രദീപ്,വിഷ്ണു,സമദ്,മേരി കുട്ടി ,അശോക്,ഷിഗിൻ,ബാലു,..,...,..., എന്നിവരൊക്കെയായി ബ്ലോഗീറ്റ് നടത്തിയതുമൊക്കെ...!

ഇത് ബിലാത്തിയിലുണ്ടായിരുന്ന ബൂലോഗരുടെ മാത്രം സ്ഥിതിയല്ലല്ലോ...
ഭൂലോകം മുഴുവനുമുള്ള പരസ്പരം നേരിട്ട് പരിചയം പുതുക്കിയ ഒട്ടുമിക്ക ബൂലോഗർക്കും അനുഭവജ്ഞാനം ഉണ്ടായിട്ടുള്ള  കാര്യങ്ങൾ  തന്നെയാണല്ലോ..അല്ലേ !

ബൂലോകത്തിലൂടെ മാത്രം പരിചയമുണ്ടായിരുന്ന പലരേയും
കണ്ടും, കേട്ടും അറിയുമ്പോഴുള്ള ആ സന്തോഷം ഒന്ന് വേറെ തന്നെ...!

ഏതാണ്ടൊരു മൂന്നുകൊല്ലത്തോളമായി എനിക്ക് ഏറ്റവും കൂടുതൽ
സന്തോഷം നൽകുന്ന സംഗതികളായി പരിണമിച്ചിരിക്കുന്ന വസ്തുതകൾ
എന്തെന്ന് വെച്ചാൽ ഇതുവരേയുണ്ടായിരുന്ന മറ്റു പല കൂട്ടുകെട്ടുകളേക്കാളും ,
മാനസികമായി പ്രത്യേകമായി ഒരു നല്ലൊരുരീതിയിലുള്ള ഒരടുപ്പമാണ് ഇത്തരം
പുത്തൻ ബൂലോഗകൂട്ടായ്മകൾ മൂലം കൈവന്നിരിക്കുന്നെതെന്ന് , ഇതുവരെയുള്ള
അനുഭവങ്ങൾ വെച്ച് എനിക്ക് വളരെ വ്യക്തമായി തന്നെ  ഉറപ്പിച്ചു പറയാൻ കഴിയും.

അതുകൊണ്ട് അന്നുമുതൽ ഇന്നുവരെ കണ്ടും കേട്ടും പരിചയപ്പെടുന്ന എല്ലാബൂലോഗമിത്രങ്ങളുടേയും ഡാറ്റകൾ എന്റേതായ രീതിയിൽ ഞാൻ ഒരു ഡയറിയിൽ കുറിച്ചിടുന്നൂ...
ഇപ്പോൾ അതിൽ 404 പേരുകളായി..!

ബൂലോഗത്ത് എന്നും സജീവമായിട്ടുള്ളവർ തൊട്ട് , പഴയ കാല ബൂലോക തലതൊട്ടപ്പന്മാർ വരെ ഈ ലിസ്റ്റിലുണ്ട് കേട്ടൊ.

മറുപേരുള്ള ബ്ലോഗ് നാമധേയങ്ങളാൽ മാത്രം അറിയപ്പെടുന്ന  അതി പ്രശസ്തരായ തിലകൻ , നസുറുദീൻ, ഡോ: സുജിത്ത്, ബാലൻ, സുനിൽ , ഡാലി ജോസഫ്, സുനിൽ,..മുതൽ വിമർശനങ്ങളാലും,ആക്ഷേപ ഹാസ്യങ്ങളാലും പേരെടുത്ത ഗവർമേന്റ് ഉദ്യോഗസ്ഥർ തൊട്ട് , ഇന്നും ബൂലോകത്ത് നിന്നും സ്വയം മറഞ്ഞുനിൽക്കുന്ന ചേർക്കോണം സ്വാമികൾ, കൊല്ലേരി തറവാടി (പാവം എന്നെ പേടിച്ചിട്ടാണേന്ന് തോന്നുന്നു, എന്നെ തറവാട്ടിൽ കയറ്റിയില്ല ), കാർമേഘം, നന്ദന, ഇടിവാൾ...വരെയുള്ളവർ  ഇത്തവണ ഞാൻ നേരിട്ട് പോയി മീറ്റിയീറ്റിയവരാണ് കേട്ടൊ.

ഇതേപോൽ  സ്വന്തം പേര്  പുറത്തറിയിക്കാത്ത
കുറെ യുവതുർക്കികളായ ബ്ലോഗേഴ്സും , ബ്ലോഗിണിമാരും തൊട്ട്

എന്റെ കളികൂട്ടുകാരിയായ ഈയിടെ പേരെടുത്ത ബ്ലോഗിണിയടക്കം ,  നാട്ടിൽ പരിസരങ്ങളിലുള്ള പല പ്രശസ്ത ബ്ലോഗിണിമാരുമൊക്കെയായി ഞാനിത്തിവണ നാട്ടിൽ പോയപ്പോൾ  കണ്ടും, കേട്ടും പരിചയം പുതുക്കി.
ഒപ്പം നമ്മുടെ ഗീതാജിക്കും,സുകന്യാജിക്കുമൊക്കെ ഞാനവരുടെ വീ‍ട്ടിൽ വിരുന്നെത്താത്തതിന്റെ പരിഭവവും എനിക്ക് കൈകൊള്ളേണ്ടി വന്നു.

രാത്രിയിലും , പകലുമൊക്കെയായി മഴയും വെയിലും വകവെക്കാതെ  ,തട്ടുകടകളിലും മറ്റും നാടൻ രുചികൾ തൊട്ടറിഞ്ഞ് ,വിരുന്നുണ്ട് ,വിരുന്നിന് വിളിച്ച് കണ്ടും , കേട്ടും , സല്ലപിച്ചും കുറെ ബൂലോഗരുമായുള്ള  നല്ലൊരു അവുധിക്കാലമായിരുന്നു ഇത്തവണത്തെ എന്റെ നാട്ടുപര്യടനം...

മലായാളത്തിൽ ഇ-എഴുത്തുകൾക്ക് തുടക്കം കുറിച്ച് ഇപ്പോൾ വിക്കിപീഡിയയിൽ എത്തിനിൽക്കുന്ന വിശ്വപ്രഭയും , ശീഷ്യനായ 11 വയസ്സുകാരൻ വിഷ്ണു എന്ന സബ്ജൂനിയർ ബ്ലോഗറും , ഭൂലോകത്തെ സകലമാന സംഗതികളിലും കൈവെച്ച് ബൂലോകത്തെത്തിക്കുന്ന സുകുമാരൻ  സാറും, നാട്ടിലെ ഒരു സിറ്റിസൺ ജേർണലിസ്റ്റിനേപ്പോലെ പലകാര്യങ്ങളും വിമർശിച്ചെഴുതുന്ന ചിത്രകാരനും, വളരെ ആഴത്തിൽ പലകാര്യങ്ങളും ചിന്തിച്ചെഴുതുന്ന നാമൂസും , വർത്തമാനം പത്രത്തിന്റെ അധിപൻ മുക്താറും, സിനിമാലോകം കൈയ്യടക്കാൻ പോകുന്ന മുരളീമേനോൻ,മാർജാരൻ,അംജിത് മുതൽ പേരും, കഥകളുടെ തമ്പുരാക്കന്മാരായ ഘനഗാംഭീര്യ ശബ്ദത്തിൽ സംസാരിക്കുന്ന റാംജിയും , പിന്നെ  മഹേഷ് വിജയനും,കുട്ടന്മേനോനും,
 ഉള്ളുപൊരിയുന്ന എഴുത്തുകളോടെ കഥകൾ ചമക്കുന്ന കിളികൊഞ്ചലാൽ ഉരിയാടുന്ന എച്ച്മുകുട്ടിയും, ഏത് വിഷയവും ബ്ലോഗ്ഗിൽ ആവാഹിക്കുന്ന ജെ.പിയും , ഭാവിയിലെ ഒരു മന്ത്രിയാകുവാൻ സാധ്യതയുള്ള സമദ് വക്കീലും ,
ഒട്ടും കൂതറയല്ലത്ത ഹഷീമും , ക്യാമറ കൊണ്ട് മാജിക് കാണിക്കുന്നനൌഷാദും, റെജിയും,ബ്ലോഗ് മീറ്റുകളിലെ സ്ഥിരം ഡെലിഗേറ്റുകളായ സജിമാഷും,പൊന്മളക്കാരനും,ഷെറിഫ് ഭായിയും, മർമ്മം നോക്കി നർമ്മം കാച്ചുന്ന ചേലേരിമാണിക്യമായ അനിൽകുമാരനും,മിനിടീച്ചറും,പ്രസാധകയായ ലീല ടീച്ചറും, ബൂലോഗത്താൽ ജന്മസുഹൃതം  നേടിയ ശാന്ത ടീച്ചറും, മലയാളം ഗാനരചനാരംഗത്തെ വാഗ്ദാനമായ ഖാദർ പട്ടേപ്പാടം ഭായിയും , ബ്ലോഗക്കാദമികളിൽ എന്നും സജീവ സാനിദ്ധ്യം പുലർത്തുന്ന ആകാശവാണി ഡയറക്റ്റർ പ്രദീപ് ഭായിയും, വിനുവേട്ടനേയും,നീലത്താമരയേയും പോലെ യുവമിഥുനങ്ങളായ ബൂലോഗ ദമ്പതികളും...,...,...,..
ഒക്കെ അവരവരുടെ ഫീൽഡിൽ മാത്രമല്ല കേട്ടൊ മികവ് തെളിയിക്കുന്നത് , മറ്റുപല കാര്യങ്ങളിലും മികവുറ്റ പ്രതിഭകൾ തന്നെയാണെന്ന് ഇവരെയെല്ലാം കണ്ടും , കേട്ടും കഴിഞ്ഞപ്പോൾ മനസ്സിലായ സംഗതികളാണ്...!

നല്ലൊരു പ്രണയകാലം വീണ്ടും എനിക്ക് സമ്മാനിച്ച
എന്റെ  എല്ലാ നല്ലവരായ ബൂലോഗമിത്രങ്ങൾക്കും  ഒരുപാട് നന്ദി കേട്ടൊ.

കണിമംഗലവും , ലണ്ടനുമായി വെറും രണ്ട് ചെറിയ സർക്കിളുകളിൽ ഒതുങ്ങികൂടേണ്ടിയിരുന്ന ഞാനിപ്പോൾ ഭൂലോകത്തുള്ള അമേരിക്കയിലും, ആഫ്രിക്കയിലും, ആസ്ത്രേലിയയിലും, കാനഡയിലും, ന്യൂസിലാന്റിലും , ചൈനയിലും , ജപ്പാനിലും, ഗൾഫ് രാജ്യങ്ങളിലും,ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലും,...,..,..മൊക്കെയുള്ള എന്റെ പല ബൂലോകമിത്രങ്ങളുടെ അടുത്തും മിക്കവാറും ദിവസങ്ങളിൽ  പോയിവരാറുണ്ട്...
അതേപോൽ അവർ തിരിച്ചും എന്നേയും സന്ദർശിച്ചുകൊണ്ടിരിക്കുന്നു..ബൂലോഗ പ്രണയത്തിന്റെ, സ്നേഹത്തിന്റെ,  മാധുര്യത്തിന്റെ ഓളം
തള്ളുന്ന ആഗോള  ഭൂലോക ബൂലോക സഞ്ചാരങ്ങൾ എന്നുമെന്നും നടത്തുവാൻ വളരെ ഈസിയായി സാധിക്കുന്നതുകൊണ്ട്...
അതെ..
ലോകത്തുള്ള
ഓരോരൊ ബ്ലോഗേഴ്സും
ഭാഗ്യം ചെയ്തവർ തന്നെ ...!
ലേബൽ :-
ബൂലോഗസംഗമാനുഭവങ്ങൾ .

Friday, 12 August 2011

ദി ലണ്ടൻ ലൂട്ടറി ... ! / The London Lootery ... !

 കല്ല്യാണം വന്നാലും , കലാപം വന്നാലും ബിലാത്തിയിലെ ബ്ലോഗ്ഗേഴ്സിന് നാഷ്നൽ ലോട്ടറി കിട്ടിയപോലെയാണെന്നാണ്  ഇന്നലെ ഒരു ആംഗലേയ ബ്ലോഗ്ഗർ ഇവിടെ പ്രസ്താവിച്ചത്...
അത് സത്യമാണ് ...അയ്യായിരത്തിലധികം  പോസ്റ്റ്കളാണ് കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ ഇവിടെ നിന്നും നാനാഭാഷകളിൽ  പബ്ലിഷ് ചെയ്തത് കേട്ടൊ .
 വെറും ലോട്ടറിയെ കുറിച്ചല്ല  ദി ലണ്ടൻ ലൂട്ടറിയെ പറ്റിയാണെന്ന് മാത്രം...!
ഒരു ഹിച്ച് കോക്ക് ഹൊറർ മൂവി കാണുന്നതുപോലെ മൂന്നാലഞ്ചുദിവസം രാവും പകലും സ്വയം വീർപ്പുമുട്ടി നേരിട്ടും ,പത്രദൃശ്യ മാധ്യമങ്ങളിൽ കൂടിയും ഏവരേയും ഏറെ ഭീതിയിലാക്കിയ;  ബ്രിട്ടനെ ലോകത്തിന്റെ മുമ്പിൽ നാണം കെടുത്തിയ സംഭവമായിരുന്നു കഴിഞ്ഞവാരം മുതൽ ഇവിടെ നടമാടിയിരുന്ന കലാപങ്ങളും , കൊള്ളയും , കൊള്ളിവെപ്പുമെല്ലാം...
ലണ്ടനിൽ നിന്നും തുടക്കം കുറിച്ച ‘ദി  ലണ്ടൻ ലൂട്ടറി’ എന്നയീയാളിപ്പടർന്ന കലാപം കൊണ്ട് ഇവിടത്തുകാർക്ക് ധാരളം കഷ്ട്ടനഷ്ട്ടങ്ങളും ,ദോഷങ്ങളും വരുത്തിവെച്ചെങ്കിലും ആകെയുള്ള ഗുണം കിട്ടിയത്
പുരകത്തുമ്പോൾ വാഴവെട്ടുന്ന പോലെ
കൊള്ളയും കൊള്ളിവെപ്പും തനി ലൈവായി കാണാൻ പറ്റി എന്നുള്ളതാണ്...!
ആകെ പടർന്നുപിടിച്ച കൊള്ളയുടേയും , കൊള്ളിവെപ്പിന്റേയും ഇടയിലേക്ക്, രണ്ടാം ദിനം മുതൽ പോലീസിനൊരു കൈ  സഹായമായി ഞങ്ങളുടെയടക്കം മറ്റുപല സെക്യൂരിറ്റി കമ്പനികളുടേയും സഹായം കൂടി തേടിയപ്പോൾ ; പുറത്തുകത്തികൊണ്ടിരിക്കുന്ന തീയ്യിലേക്ക് , ഉള്ളിൽ അതിലേറെ തീയ്യുമായി ഞങ്ങൾക്കിറങ്ങിചെല്ലേണ്ടി വന്നൂ...!

കഴിഞ്ഞ തവണ ഇതുപോൽ  സെക്യൂരിറ്റിയായി റോയൽ കല്ല്യാണം കൂടാൻ പോയപ്പോൾ
നല്ല മൊഞ്ചുള്ള ഉമ്മയായിരുന്നു കിട്ടിയത്..!
ഇനിയിപ്പോളീ കലാപം കെട്ടടക്കാൻ പോകുമ്പോൾ
നല്ല മൊഞ്ചുള്ള മഞ്ച കിട്ടുമോ ..ആവൊ..?

അല്ലെങ്കിലും പാപി ചെല്ലുന്നിടം പാതാളം  എന്ന് പറയാറില്ലെ
അതുപോലെ തന്നെ ഇതിലും സംഭവിച്ചു...
പണ്ട് നമ്മള്‍ ചരിത്രം പഠിച്ചിരുന്നപ്പോള്‍  ചക്രവർത്തിമാരുടേയും, രാജാക്കന്മാരുടേയുമൊക്കെ ഭരണ കാലത്തുണ്ടായിരുന്ന സുവര്‍ണ്ണ കാലത്തെ പറ്റി നമ്മൾ മനസ്സിലാക്കിയിട്ടില്ലേ...
അതുപോലെ എന്റെ ജീവിതത്തിലെ ഒരു സുവർണ്ണകാലം തന്നെയാണ്
ഈ സമയമെന്ന് ഞാൻ സ്വയം പറഞ്ഞിരിക്കുകയായിരുന്നു...
കെട്ട്യോളും, കുട്ട്യോളും ഒന്നരമാസത്തേക്ക്  നാട്ടിൽ
ഹോളിഡേയ് ആഘോഷിക്കുവാൻ പോയിരിക്കുന്നു...
യാതൊരുവിധ ചൊറിച്ചിലുകളും , മാന്തലുകളുമില്ലാതെ ഞാനിവിടെ പഴയ ബാച്ചി ലൈഫിനേക്കാൾ കേമമായി  , പണിയും മറ്റുമായി ഈ ഒന്നര മാസത്തെ...
ഒരു ഒന്നര കൊല്ലത്തെ ആഘോഷമാക്കി  കൊണ്ടാടി കൊണ്ടിരിക്കുന്ന സമയം...
ഒന്നിനും സമയമില്ലാത്ത ഒരു കുഴപ്പം മാത്രമേ ഉള്ളൂ എന്നു മാത്രം..!
ആര്യോഗ്യവും,ആവേശവും ഉള്ളകാലത്ത്
ആയുസ് പോകുന്നതിന് മുമ്പ് ആവുന്നോടത്തോളം ആക്കാമല്ലോ അല്ലേ ...
വീട്ടുകാർ നാട്ടിൽ പോയ ശേഷം..
പണ്ടെന്നോ തീ കത്തിയതിന്റെ ചാരം ചോർത്താൻ വേണ്ടിയാണ് ഞങ്ങൾ
ചാരന്മാരഞ്ചുപേർ മൂന്നാണും, രണ്ടുപെണ്ണുമായി;  ബിലാത്തിയിലെ ഏറ്റവും സുന്ദരമായ ന്യൂകാസിലിൽ എത്തി , തൽക്കാലം ഞങ്ങളുടെ കമ്പനി ഏർപ്പാടാക്കി വെച്ചിട്ടുണ്ടായിരുന്ന ആ കൊച്ചു വിക്ടോറിയൻ വീട്ടിൽ രണ്ടാഴ്ച്ച വെപ്പും കുടിയുമായി കഴിഞ്ഞിട്ട്
ഒന്നിച്ച് ആ കേസന്വേഷണം ആരംഭിച്ചത്.
പതിമൂന്നാം നൂറ്റാണ്ടിൽ കൽക്കരി കണ്ട് പിടിച്ച് ഖനനം നടത്തി യൂറോപ്പിൽ ആദ്യമായി സാമ്പത്തിക വിപ്ലവത്തിന് ആരംഭം കുറിച്ച സ്ഥലമാണ് ഈ ‘ടൈൻ ‘ നദിയുടെ തീരത്തോടൊട്ടികിടക്കുന്ന ഇംഗ്ലണ്ടിലെ മനോഹരമായ ഈ ന്യൂകാസിൽ നഗരം...!
പണ്ട് മനുഷ്യനേക്കാൾ വിലയുണ്ടായിരുന്ന കൽക്കരിയുടെ അന്നത്തെ ഖനനകാഴ്ച്ചകളുടെ കാഴ്ച്ചബംഗ്ലാവുകളും, പ്രശസ്തമായ പബ്ബുകളും ,പുരാതനമായിട്ട് തന്നെ നിലനിർത്തിയിട്ടുള്ള ആധുനിക കെട്ടിടസമുച്ചയങ്ങളും, കരിങ്കലിഷ്ട്ടികവിരിച്ച  അകത്തളങ്ങളേക്കാൾ ഭംഗിയേറിയ  വീഥികളുമൊക്കെയായി നമ്മളെയൊക്കെ കൊതിപ്പിക്കുന്ന ന്യൂകാസിലിൽ...!!

പണികളുമായി ഞങ്ങളഞ്ചുപേരും
അടിച്ചുപൊളിച്ചു എന്ന് പറയേണ്ടതില്ലല്ലോ..! ?

ഈ ന്യൂകാസിലിലെ കേസന്വേഷണം കഴിഞ്ഞ് വന്ന്
ഒന്നാർമാദിക്കാൻ തുടക്കംകുറിച്ചുകൊണ്ടിരിക്കുമ്പോഴാണ് ...
ഒരു ന്യൂകേസായി ലണ്ടൻ ലൂട്ട്...
ലുട്ടാപ്പി കുന്തത്തിലെന്നപോൽ മുന്നിൽ വന്നിറങ്ങിയിട്ട് ..
പണ്ടാറം നമ്മുടെ പൂട്ടെടുക്കാൻ... കപ്പലിനിടയിൽ കയിലും കണ എന്നപോലെ
ഇതുവരെ ഒരു പാപവും ചെയ്യാത്ത ഈ പാവത്താന്റെ തലയിലൊക്കെ വന്നു പെട്ടത്...
എന്റെ ഭാര്യയുടെ ശാപമെല്ലാണ്ടിതിനെ എന്താ പറയുക അല്ലേ..!

അല്ലാ ലൂട്ടിങ്ങിന്റെ കാര്യം പറയാൻ
വന്നിട്ട്  ‘ഷൂട്ടിങ്ങി’ന്റെ കാര്യത്തിലേക്ക് പോയി അല്ലേ...
പറഞ്ഞിട്ട് കാര്യമില്ല പട്ടുമെത്തയിലാണെങ്കിലും അട്ടക്ക്
പൊട്ടക്കുളം തന്നെയല്ലേ മുഖ്യം...!

അതായത് ഈ ലൂട്ടറി സംഭവങ്ങൾക്കെല്ലാം തുടക്കം കുറിച്ച സംഗതി എന്തെന്ന്വെച്ചാൽ
കഴിഞ്ഞ വ്യാഴാച്ച(05-08-11) രാത്രി , ഇവിടെ ഒട്ടുമിക്ക കുത്തിതിരിപ്പുകളും ഉണ്ടാക്കുന്ന ഒരു ഗുണ്ടാതലവനായ ‘മാർക്ക് ഡഗ്ഗൻ ‘ എന്നൊരുവനെ , സിനിമാസ്റ്റൈലിൽ പോലീസ് ചേസ് ചെയ്ത് വെടിവെച്ച്കൊന്നതിനെ സംബന്ധിച്ചാണ്.
പിറ്റേന്ന് രാത്രി അവന്റെയനുയായികൾ മനുഷ്യാവാകാശം ലംഘിച്ച് , പോലീസ് ഇവനെ വകവരുത്തയതിൽ പ്രതിക്ഷേധിച്ച് നോർത്ത് ലണ്ടനിലെ ഒരു പോലീസ് സ്റ്റേഷൻ വളഞ്ഞപ്പോൾ , ഒരു പോലീസ്കാരൻ അതിലുണ്ടായിരുന്ന ഒരു 17 കാരിയായ പെൺകുട്ടിയെ ബാറ്റൺ കൊണ്ട് കുത്തുന്ന ദൃശ്യം  യൂട്യൂബിൽ ഇട്ടിട്ട്...
ഈയിടെ മുഖപുസ്തകത്തെ മുഖമടിച്ചവശയാക്കിയ ഗൂഗിൾ പ്ലസ് മുഖാന്തിരം
അതിന്റെ സർക്കിളുകളിൽ കറമ്പന്മാരുടെ വികാരം ഇളക്കും പ്രകാരം ശ്ട്രീം ചെയ്തപ്പോൾ ...
പ്ലസ് കണ്ട് പൾസ് കൂടിയ അവിടെയുള്ള ചിലരെ പിരികേറ്റി ഈ ക്രിമിനലുകൾ ആക്രമണങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നൂ...
കാറുകളും കടകളും തല്ലിപ്പൊളിച്ച് അന്ന് രാത്രി ഒരു മണിയോടെ
ഒരു സൂപ്പർ മാർക്കറ്റ് കൊള്ളയടിക്കപ്പെട്ടു.
പിറ്റേന്ന് രവിലെ ആഫ്രൊ-കരീബിയൻസ് ഏറെയുള്ള ഹാക്കിനിയിലും
പരിസരത്തും ഇതുപോൽ കക്കലും,തീവെപ്പും നടന്നു...
ട്വീറ്ററുകളിലും, ബ്ലാക്ക്ബറികളിലും ,മറ്റു ഓൺ ലൈൻ സൈറ്റുകളിലുമൊക്കെ
ബ്ലാക്ക്സിന് ഉത്തേജനം കൊടുക്കുന്ന തരത്തിലുള്ള മെസ്സേജ്കൾ ചീറിപ്പാഞ്ഞു....

അവസരം മുതലാക്കി മറ്റുള്ള ക്രിമനൽ ബാക്ക്ഗ്രൌൻഡുള്ളവരെല്ലാം
ചേർന്ന് ഈ  കലാപം ഏറ്റെടുത്ത് ലണ്ടൻ മുഴുവൻ ഇതിനെ വ്യാപിപ്പിച്ചു.
ജ്വല്ലറികൾ , ഫോൺ ഷോപ്പുകൾ മുതൽ എല്ലാ ബ്രാന്റഡ് ഐറ്റംസ്സുമുള്ള

സകലമാന കടകളിലും പത്തുവയസ്സുള്ള പിള്ളേർ മുതൽ, പെണ്ണുങ്ങളടക്കം എല്ലാവംശജരും ഇത്തരം ലൂട്ടിങ്ങുകളിൽ ആവേശപൂർവ്വം പങ്കെടുത്ത് ,എതിർക്കാൻ നിൽക്കുന്നവർക്ക് കൊടുത്തും, കടകൾ കൊള്ളിവെച്ചും, മറ്റും ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചുകൊണ്ട് ലണ്ടൻ മുഴുവൻ നാല് രാവും പകലും ആകെ കുട്ടിച്ചോറാക്കികൊണ്ടിരിക്കുകയായിരുന്നൂ...

നമ്മുടെ നാട്ടിലെ പോലെയല്ല ...
പോലീസിവിടെ ഹ്യുമൺ റൈറ്റ്സ്
പരിപാലിക്കേണ്ട  കാരണം ടിയർ ഗ്യാസ്
പ്രയോഗമോ, വെള്ളം ചൂറ്റലോ , വെടിവെപ്പോ നടത്തില്ല...
പരമാവുധി ആളുകളെ ഉന്തിത്തള്ളി ഉപദേശിച്ച് വിടും എന്നുമാത്രം...!

ഞായറാഴ്ച്ച എനിക്ക് ഡ്യൂട്ടി നോർത്ത് വെസ്റ്റ് ലണ്ടനിൽ
IBM/Nokia. വെയർ ഹൌസിന്റെ കാവൽ . എന്റെ കമ്പനിയെന്നോട് പറഞ്ഞിരിക്കുന്നത് കലാപകാരികൾ വന്നാൽ ആദ്യം സ്വന്തം ശരീരം രക്ഷിക്കുക എന്നതാണ് .
ശേഷം ഇൻസിഡന്റ് റിപ്പോർട്ടുണ്ടാക്കി സമർപ്പിക്കാനാണ് .
ഈ റിപ്പോർട്ടുകൾ പ്രകാരമാണല്ലോ നഷ്ട്ടപ്പെട്ടതും,കേടുവന്നതുമായ
സംഗതികൾക്കൊക്കെ ഇൻഷൂറൻസ് തുക ലഭിക്കുക...!
ഇതിനിടയിൽ സൌത്ത് ലണ്ടനിൽ ഷോപ്പുകൾക്കും, വീടുകൾക്കും തീയ്യിട്ടതും ,
ഞാൻ കാവലിക്കുന്ന സ്ഥലത്തിനരികെ നമ്മുടെ ബുള്ളറ്റ് മോട്ടൊർ സൈക്കിളിന്റെ
തറവാടിനരികെ ‘എൻഫീൽഡിൽ‘ യൂകെയിലെ ഏറ്റവും വലിയ ,‘സോണി-പാനാസോണിക്കിന്റെ‘ ഡിസ്ട്രിബ്യൂഷൻ സെന്റർ കൊള്ളയടിച്ച ശേഷം തീയ്യിടുന്നത് ലൈവ്വായി കണ്ടുകൊണ്ടിരിക്കുമ്പോൾ...
എന്റെയുള്ളിൽ ഇനിയിവന്മാർ എന്റെയടുത്തേക്കാവുമല്ലോ
എന്നോർത്ത്  എന്റെ വയറ്റിനുള്ളിൽ  ഭയത്തിന്റെ ജഠരാഗ്നി കത്തുകയായിരുന്നു..!
പത്തിരുപത് വെടക്ക്കെട്ട ലൂട്ടേഴ്സും , ഒരു ഭാഗത്ത് ഒറ്റക്ക് ഞാനും....
അഥവാ ഇന്നത്തെ ഈ അവസ്ഥയിൽ എമർജെൻസിക്ക് വിളിച്ചാൽ മരുന്നിന്
പോലും ഒരു പോലീസും വരിലെന്നറിയാം...
ധൈര്യം കൂടിയിട്ട്  രണ്ടുമണിക്കൂറിനുള്ളിൽ മൂന്നാലഞ്ചുതവണയെങ്കിലും
അവിടെയുള്ള ലണ്ടനിലെ ലണ്ടനിലേക്ക് ഞാനോടിപ്പൊയി വന്നുകൊണ്ടിരുന്നു...!
എന്റെ പൂച്ചഭാഗ്യമോ , അതോ IBM/Nokia ക്കാരുടെ  ഭാ‍ഗ്യമോ
ലൂട്ടാൻ വേണ്ടി ഒരു ലുട്ടാപ്പിയും അന്ന് രാത്രി അവിടേക്ക് എത്തിയില്ല..
ഇതിനിടക്ക് ലണ്ടനിൽ നിന്നും കലാപം ബിലാത്തിയുടെ മറ്റുഭാഗങ്ങളിലേക്കും പകർന്നു...
ചാകര കിട്ടിയ പോലെ പല വമ്പൻ TV വാർത്താവതാരകരും മറ്റും  കലാപങ്ങളുടെയിടയിൽ പരക്കം പാഞ്ഞ് എല്ലാം ലൈവ്-ടെലകാ‍സ്റ്റ്  നടത്തി തൃപ്തിയടഞ്ഞു ...

അളമുട്ടിയാൽ ചേരയും കടിക്കുമെന്നപോലെ എല്ലാം കൊണ്ടും
പൊറുതി മുട്ടിയപ്പൊൾ ഒരോ സ്ഥലങ്ങളിലേയും ജനങ്ങൾ കലാപകാരികളെ
തടുക്കുവാൻ  ഒന്നിച്ചിറങ്ങി ഹൈസ്ട്രീറ്റുകളിൽ റോന്ത് ചുറ്റി.
ഇവിടെ ഈസ്റ്റ് ഹാമിൽ ശ്രീലങ്കക്കാരെല്ലാം ചേർന്ന്
‘ആർഗൊസ്‘ പൊളിച്ചുകൊണ്ടിരിക്കുന്ന ലൂട്ടേഴ്സിനെ ഓടിച്ചുവിട്ടു...
തമിഴ്പുലികളായിരുന്നവർക്കുണ്ടൊ ഇതിനെല്ലാം പേടി അല്ലേ.
‘അപ്ട്ടൻ പാർക്കിൽ‘ പാകസ്ഥാനികളെല്ലാം കൂടി ‘ടെസ്ക്കൊ‘ ലൂട്ടാൻ
വന്നവരെ ലൊട്ടുലൊടുക്ക് തല്ലിവിട്ടു. സൌത്താളിലും മറ്റും പഞ്ചാബികൾ ഒത്തുകൂടി  സ്വന്തം വസ്തുവകകൾ സംരംക്ഷിച്ചു. ബംഗ്ലാദേശികളെല്ലാം ഒത്ത് കൂടി ‘വൈറ്റ് ചാപ്പൽ ‘ഏരിയയിൽ കാവൽ നിന്നു . ‘എൻഫീൽഡിൽ‘ ഇടവകക്കാരെല്ലാം കൂടി നഗരത്തിന് കാവലിരുന്നൂ. ‘ക്രോയിഡോണിൽ‘ ഒരു കലാപകാരി വെടിയേറ്റ് മരിച്ചു.അവിടെ ഫ്ലാറ്റ്കൾക്ക് തീയ്യിട്ടപ്പോൾ മലയാളികളടക്കം പല ഫേമിലികളും വഴിയാധാരമായി.

അതേ സമയം ലണ്ടന് പുറത്തേക്ക് പടർന്നുപന്തലിച്ച ബർമ്മിങാമിലും,മാഞ്ചസ്റ്ററിലും,ലിവർപൂളിലും,ബ്രിസ്റ്റളിലും,
മിഡ്ലാന്റീലുമൊക്കെ   ആളിപ്പടർന്ന കലാപകാരികളിലധികവും
വെള്ളക്കാർ തന്നെയായിരുന്നൂ...
പല ബെൻഫിറ്റുകളും  നിറുത്തലാക്കി അവരുടെയൊക്കെ
സുഖജീവിതത്തിന് വിരാമമിട്ട ഗവർമേന്റിനോടുള്ള പകതീർക്കൽ...
വരത്തന്മാരായ ഇവരേക്കാളും വിദ്യാഭ്യാസവും വിവരവുമുള്ള വിദേശികളവരുടെ
ചുറ്റും ആഡംബരത്തോടെ ജീവിക്കുന്നതു കണ്ടിട്ടുള്ള അസൂയ , മുസ്ലീം വിരോധം,...,...
എന്നിവയെല്ലാം ഉള്ളിലൊളിപ്പിച്ചും , പ്രകടമാക്കികൊണ്ടും ലണ്ടനുപുറത്തുനടന്ന കലാപകാരികൾ  കാറുകളും, കടകളുമൊക്കെ കൊള്ളചെയ്തും,കൊള്ളിവെച്ചും , കലാപം തടുക്കാൻ ശ്രമിച്ചവരെ കാറുകേറ്റി കൊന്നും, കൊലവിളിച്ചുമൊക്കെയായിരുന്നു അവിടെങ്ങളിലൊക്കെ ഇത്തരം സംഭവവികാസങ്ങൾ അരങ്ങേറികൊണ്ടിരുന്നത്...
ബർമിങ്ങ്ഹാമിൽ മൂന്ന് പേരെ മരണത്തിനിരയാക്കിയ, ഇപ്പോഴും ജസ്റ്റ് തണുത്തുറഞ്ഞ ഈ കലാപബാക്കിയുടെ ദുരന്തങ്ങൾ, ഇനി വല്ല വംശീയകലാപമായി പൊട്ടി പുറപ്പെടുമോ എന്ന ഭീതിയിലാണ്  പല അധികാര വർഗ്ഗവും അവിടേക്കൊക്കെ  നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്...!

ലോകത്തിന്റെ സാംസ്കാരിക നഗരത്തിന്റെ പേരിനൊരു ഭംഗം  വരുത്താതെ കലാപശേഷം തൊട്ടുപിന്നാലെ തന്നെ ആയതിന്റെയൊന്നും ഒരു തിരുശേഷിപ്പും അവശേഷിപ്പിക്കാതെ ഈ പട്ടണത്തെ ബ്രൂമും,സാഗ്രികളുമായി വന്ന് ക്ലീൻ ചെയ്ത്  നഗരപ്രാന്തങ്ങളെയെല്ലാം പഴയ പ്രൌഡിയിലേക്കെത്തിച്ച സോഷ്യൽ മീഡിയകളിലൂടെ ഒത്തുകൂടിയ ചങ്ങാതികൂട്ടങ്ങൾ...
സ്വന്തം നാടിനാപത്ത് നേരിട്ടപ്പോൾ പ്രതിപക്ഷ ഭരണപക്ഷ കുറ്റങ്ങൾ ആരോപിക്കാതെ എല്ലാ വ്യക്തിപരമായകാര്യങ്ങളും ഇട്ടെറിഞ്ഞ് സ്വന്തം തട്ടകങ്ങളിൽ ഓടിയെത്തിയ  രാഷ്ട്രീയ പ്രവർത്തകരും ,നേതാക്കന്മാരും, സാംസ്കാരിക നായകരും, കലാ കായിക താരങ്ങളുമൊക്കെ നാട്ടുകാരുടെ മുന്നിൽ സേവനസന്നദ്ധരായി നിലകൊണ്ടു...
കലാപ ശേഷം CCTV ഫുട്ടേജ് പ്രകാരം സമയക്രമം നോക്കാതെ കലാപകാരികളേയും,കട്ടെടുത്തവരേയും പിടിച്ച് കോടതിയിലെത്തിക്കുന്ന പോലീസും,മറ്റു സെക്യൂരിറ്റി വിഭാഗങ്ങളും..,ഇതിനോടനുബന്ധിച്ച്
ഈ കേസുകൾക്ക് അപ്പപ്പോൾ വിധിന്യായങ്ങൾ നടത്തുവാൻ രാത്രിപോലും  പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോടതികളും മറ്റ് ബ്യൂറോക്രാറ്റ് സവിധാനങ്ങളും...

ആവേശം മൂത്ത് കക്കാനും കൊള്ളിവെപ്പിനും വന്നവരിൽ കോടീശ്വരന്റെ മകൾ മുതൽ , ഐ.ടി. പ്രൊഫഷനുകളടക്കം, 11 വയസ്സുള്ള കൊച്ചുപിള്ളേർ വരെയുണ്ടായിരുന്നു. കട്ടിട്ട് ബാക്കിയായ കടകളിൽ നിന്നും ആയതൊക്കെ കാണാൻ വന്നപ്പോൾ  വെറും വെള്ളം കുപ്പി മാത്രം പൊക്കിയവനും കിട്ടി ആറ് മാസം തടവും പിഴയും മറ്റുള്ളവരോടൊപ്പം കേട്ടൊ

എന്തൊക്കെയായാലും ലോകം മുഴുവൻ കലാപം ഒതുക്കുവാൻ നടക്കുന്ന
ബ്രിട്ടന് സ്വന്തം മണ്ണിലെ കലാപം ഒതുക്കാൻ പറ്റാത്തതിന്റെ രോക്ഷം ഇപ്പോളിവിടെ
ജനങ്ങളിൽ  കാണാം കേട്ടൊ.
മറ്റു പ്രകൃതിക്ഷോപങ്ങൾ പോലെയൊന്നുമല്ലല്ലോ ഇത്തരം ജനങ്ങൾക്കും
സ്വത്തിനുമാപത്ത് വരുത്തുന്ന കൊള്ളയും കൊള്ളിവെപ്പും ഒപ്പം നടക്കുന്ന കലാപങ്ങളും ...
പിന്നീട് എന്തൊക്കെ നഷ്ട്ടപരിഹാരങ്ങൾ കൊടുത്താലും ..
ഒരു ‘അൺ-സേഫ് ഫീലിങ്ങ് ‘ ഇവിടത്തെ പബ്ലിക്കിന് വന്നു എന്നുപറഞ്ഞാൽ മതിയല്ലോ...!

ഒളിമ്പിക്സൊക്കെ  മുമ്പിൽ വന്ന് നിൽക്കുകയല്ലെ ...
ഹ്യുമൻ റൈറ്റ്സൊക്കെ ഇത്തിരി അയച്ച് പോലീസിന്
കൂടുതൽ അധികാരം നൽകട്ടെ അല്ലേ !
അല്ലെങ്കിലിവർ  നമ്മുടെ നാട്ടിൽ നിന്നും
വർക്ക് പെർമിറ്റ്  കൊടുത്ത് കുറച്ച് പോലീസിനെ വരുത്തട്ടെ .ഒരു മനുഷ്യാവകാശവും നോക്കതെ അവരൊക്കെ ഇത്തരം കലാപങ്ങളും
കലാപകാരികളേയും നിമിഷങ്ങൾക്കകം  അടിച്ചിരുത്തുന്നത് കാണാം...
പിന്നീടവർ കാലൻ വിളിക്കുന്നത്
വരെ ഒരു കലാപത്തിനും പോകില്ല..!
ഇതുപറഞ്ഞപ്പോഴാണ്  ഓർക്കുന്നത് ഈ മാസാവസാനം
എന്റെ ഭാര്യാപോലീസും,മക്കളുപട്ടാളവും നാട്ടിൽ നിന്നെത്തും.
കഴിഞ്ഞ  ഒന്നരമാസത്തെ എന്റെ കുറ്റാരോപണങ്ങളുടെ വിധിന്യായങ്ങൾ
നടപ്പാക്കുന്നതിന് മുമ്പെ  നാട്ടിൽ‌പ്പോയി ഓണമുണ്ട് , കണ്ണൂർ മീറ്റിലീറ്റി തിരിച്ചു വരണം...
എന്നിട്ട് വേണം ന്യൂകാസിലിലെ ന്യൂതിങ്ങ്സ് വിവരിക്കുവാൻ...!

നമ്മൾ ഏത് , എത്ര വലിയ കുറ്റങ്ങൾ ചെയ്താലും
ഒരു ജീവപര്യന്തമല്ലേ ഏത് കോടതിയും വിധിക്കൂ ...അല്ലെ കൂട്ടരെ
ലേബൽ :-
അനുഭവാവിഷ്കാരങ്ങൾ.


സോഷ്യൽ അല്ലാതാകുന്ന സോഷ്യൽ മീഡിയ തട്ടകങ്ങൾ ...! / Social Allaathakunna Social Media Thattakangal ... !

അനേകായിരം പേർ ആഗോളപരമായി തന്നെ എന്നുമെന്നും കടന്ന് വന്നു കൊണ്ടേയിരിക്കുന്ന ലോകത്തിലെ ഇന്നത്തെ ഏറ്റവും ആകൃഷ്ടമായ ഒരു ഇടമാണ് ഇന്റർ...