Wednesday 25 June 2014

ഏൻ ഇന്റിമേറ്റ് ടെററിസ്റ്റ് ...! / An Intimate Terrorist ... !

അടുത്ത കാലത്ത്  പാശ്ചാത്യ ലോകത്ത് ‌- പ്രസിദ്ധീകരിച്ച
ഉടനെ തന്നെ , ചൂടപ്പം പോലെ വിറ്റഴിഞ്ഞ ഒരു പുസ്തകമുണ്ട്....
ഷോനാ സിബാരിയുടെ
കൺഫെഷൻ ഓഫ് ഏൻ ഇന്റിമേറ്റ് ടെററിസ്റ്റ് എന്നൊരു പുസ്തകം...!

25 കൊല്ലക്കാലം എന്റെ കെട്ട്യോളെ കെട്ടി പൂട്ടിയതിന്റെ വാർഷികം കൊണ്ടാടിയപ്പോൾ ഒരു  ‘പവിഴ മാല‘ക്കൊപ്പം , ഈ ‘ബെസ്റ്റ് സെല്ലർ ബുക്കും‘ ,  പിന്നെ ചുണ്ട് ചുണ്ടോടൊട്ടിപ്പിടിച്ച ഒരു ചുടു ചുംബനവുമാണ് ഞാനവൾക്ക് വാർഷിക സമ്മാനമായി നൽകിയത്....!

പതിവ് പോലെ തന്നെ ആ ഉമ്മ കിട്ടിയ ഉടനെ  , വലതു കൈ തണ്ട കൊണ്ട്
ആയതിന്റെ ചവർപ്പ് അവളുടെ ചുണ്ടിൽ നിന്നും മാച്ച് കളഞ്ഞ് ,ആ ബുക്കിനെ സോഫയിലിട്ട് , ആ മുത്തുമണി മാലയെടുത്തണിഞ്ഞ് വീട്ടിലെ സകലമാന കണ്ണാടികളിലും പോയി ഞെളിഞ്ഞും പിരിഞ്ഞുമൊക്കെ നോക്കി ‘ഫുൾ സാറ്റിസ്ഫൈഡാ‘യ ശേഷമാണ്, എനിക്ക് അന്നവൾ  അത്താഴം വിളമ്പി തന്നതും , പിന്നീട് മോളെ പാത്രം കഴുകാൻ ഏൽ‌പ്പിച്ച് , എന്നോട് സൊറ പറയാനും , ഒന്നിച്ചുള്ള അന്താക്ഷരി കളിക്കനുമൊക്കെ എന്റെ ചാരത്ത് വന്നണഞ്ഞത്...

പണ്ടൊക്കെ പെണ്ണുങ്ങളായിരുന്നു
ഭൂമിയോളം ക്ഷമിച്ചിരുന്നത് എന്ന് പറയപ്പെടുന്നു...
ഇന്നൊക്കെ കാര്യം നടക്കണമെങ്കിൽ ആണുങ്ങളാണ്
പാതാളത്തോളം ക്ഷമിച്ച് കാത്തിരിക്കേണ്ടി വരുന്നത് അല്ലേ

ഇനി ഒരു  സത്യം പറയാം കേട്ടൊ
എന്റെ ഈ സ്നേഹ നിധിയായ വാമ ഭാഗത്തിന്
എന്ത് വാങ്ങി കൊടുത്താലും ,
എങ്ങിനെ ചെയ്ത് കൊടുത്താലും പിറുപിറുക്കൽ അഥവാ പരിഭവം ഒഴിഞ്ഞിട്ട് ഒന്നിനും നേരം ഉണ്ടാകില്ല...
ഇപ്പോൾ കാൽ നൂറ്റാണ്ടായിട്ടുള്ള എന്റെ അനുഭവത്തിൽ , അവളൊന്നിനും പരിഭവം ഒന്നും പറഞ്ഞില്ലെങ്കിലാണ് എനിക്ക് വിഷമം..!

പാവം എന്നെയല്ലേ , ഇത്രയും
കാലമായിട്ട്  സഹിച്ച് കൊണ്ടിരിക്കുന്നത് ...

വേറെ വല്ലവരുമായിരുന്നുവെങ്കിൽ ഇത്രയും
കാലത്തിനുള്ളിൽ  തന്നെ , എന്നോ എന്നെ  ഇട്ടു പോയേനെ ...!

ഇത്  എന്റെ മാത്രം സ്ഥിതി
വിശേഷമല്ലല്ലോ അല്ലേ ?
ലോകത്തിലെ ഒട്ടുമിക്ക ഭാര്യമാർക്കും ഈ
പരിഭവവവും പഴിപറച്ചിലും തന്നെയായിരിക്കും ...
അവരുടെ സ്വന്തം കണവനെ കുറിച്ചും  പറയാനുള്ളത്... !

ഈ ദുനിയാവിൽ ഏത് ഭർത്താവിനാണ് ... ഒന്നൊന്നായി
ഓരൊ കാര്യങ്ങൾക്കും , അവന്റെ പെണ്ണൊരുത്തിയെ പൂർണ്ണ
സംതൃപ്തിയിലെത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ടാകുക അല്ലേ.?
തനി കുഞ്ഞി രാമന്മാരയ ചില ‘ഹെൻ പക്ക്ഡ് ഹബ്ബി‘
മാരുണ്ട് , ചിലപ്പോൾ അവർക്കൊക്കെ പറ്റുമായിരിക്കും...!

പിന്നെ ഞാനാണെങ്കിൽ  നിങ്ങളുടെ
യൊക്കെ അസ്സലൊരു മിത്രമായിരിക്കാം ,
ഒരു പക്ഷേ നല്ലോരു മകനായിരിക്കാം
അല്ലെങ്കിൽ മരു മകനോ അതു മല്ലെങ്കിൽ
നല്ലൊരു ആങ്ങളയോ , അളിയനോ , അച്ഛനോ ,
അമ്മാവനോ ഒക്കെയായിരിക്കാം...

പക്ഷേ ഒരു കാര്യം   ഉറപ്പാണ് ... ഞാൻ
ഒരിക്കലും നല്ലൊരു ഭർത്താവല്ല എന്നതിന്. !

എന്റെ സ്വന്തം കെട്ട്യോളാ‍യതുകൊണ്ടാകാം
ഈ ഗെഡിച്ചി ഇത്രയും നാൾ ഒരു ഭർത്തുദ്യോഗസ്ഥനായ
എന്റെ കീഴിൽ കിടന്ന് പണിയെടുത്തത്...
അതും ഒരു ചില്ലിക്കാശ് വേതനം കൈ
പറ്റാതെ ,  വേദന മാത്രം കൂലിയായി  വാങ്ങി ,
ഒരു ലീവ് പോലും എടുക്കാതെ ഇക്കണ്ട കൊല്ലം
മുഴുവൻ , ഒരു അടിമ കണക്കെ എനിക്ക് വേണ്ടി വേല ചെയ്ത് കൊണ്ടിരിക്കുന്നത്...

ഇനി  പലയിടത്തും നടക്കുന്ന പോലെ ഇനി എന്നാണാവോ
ഈ അടിമ കയറി  യജമാനത്തിയാകുന്നതും , എന്നെ ഒരു കൂച്ച്
വെലങ്ങിട്ട്  അടിയറവ് പറയിക്കുന്നതുമൊക്കെ അല്ലേ...!

പണ്ട് പഠിക്കുന്ന  കാലത്ത് , ഒരു സുന്ദരി കോത  ചമഞ്ഞ് പ്രസംഗ മത്സരം ,
പദ്യ പാരായണം മുതൽ പലതിലും സമ്മാനങ്ങൾ വാരിക്കൂട്ടി , കലാ തിലക പട്ടം
വരെയെത്തിയിരുന്ന  - എന്റെ ഈ പെർമനന്റ് പ്രണയിനി , കല്ല്യാണ ശേഷം അവളുടെ പ്രസംഗം എന്നോട് മാത്രമാക്കി ചുരുക്കി , ഒരു ദു:ഖ ഗാനം പോലും ആലപിക്കുവാൻ സാധിക്കാതെ വന്നതിന്റെ പഴികൾ , മുഴുവൻ എന്റെ തലയിലാണ് ഇപ്പോൾ കെട്ടി വെച്ചിരിക്കുന്നത്...!

എന്തു ചെയ്യാം ...
എന്റെ ഏറ്റവും നല്ല ഒരു ഉത്തമ മിത്രമായി
അവളുടെ വ്യക്തി പരമായ ഒരു കാര്യങ്ങൾക്കും തടസ്സം നിൽക്കാതിരുന്ന എനിക്കിത് തന്നെ കിട്ടണം അല്ലേ...

അതിന് മധുവിധു , രാപ്പകലുള്ള വീട്ടു പണി , പേറ് ,
പാരന്റിങ്ങ് , സീരിയൽ കാണൽ എന്നിവക്കൊക്കെ ശേഷം ഇതിനൊക്കെ , ഈ ആയമ്മക്ക് ഇത്തിരി നേരം കിട്ടിയാലല്ലേ - പഴേ കുന്ത്രാണ്ടങ്ങളെല്ലാം പുറത്തെടുക്കുവാൻ പറ്റൂ...!

അവൾക്ക് പറ്റാത്തതൊക്കെ മോൾക്ക് സാധിക്കട്ടെ എന്ന് കരുതി
ചെറുപ്പം തൊട്ടേ , ഞങ്ങളുടെ കടിഞ്ഞൂൽ പുത്രിയെ ആട്ടത്തിലും പാട്ടിലുമൊക്കെ
അരങ്ങേറ്റം കുറിപ്പിച്ചെങ്കിലും , പിന്നീട് ലണ്ടനിലേക്ക് സകുടുംബം ‘മൈഗ്രേറ്റ്‘ ചെയ്തപ്പോൾ, വല്ല ഓണ പരിപാടിക്കോ , മറ്റോ ആയി മോളുടെ ആ വൈഭവങ്ങളും  ചുരുങ്ങി പോയി... !

എന്നിട്ടിപ്പോളിതാ മകളും ഒരു നവ വധുവിന്റെ പട്ടം അണിഞ്ഞ് അമ്മയെ
പോലെ  തന്നെ , ആയതെല്ലാത്തിന്റേയും ഒരു തനിയാവർത്തനത്തിന് ഒരുങ്ങി കൊണ്ടിരിക്കുകയാണ്...!

പക്ഷേ നാട്ടിൽ വെച്ച് വീട്ടുകാരേയും നാട്ടുകാരേയുമൊക്കെ മുമ്പിൽ ആൺകോയ്മ നഷ്ട്ടപ്പെടുത്തണ്ടാ എന്ന് കരുതി ,  വീട്ടിൽ വെച്ച് ഒരു ഉള്ളി പോലും നന്നാക്കി കൊടുക്കാത്ത ഞാൻ , ഇവിടെ ലണ്ടനിൽ വന്ന ശേഷം ,സ്വന്തം വീട്ടിലെ അടുക്കളപ്പണിയിലും , അലക്കി കൊടുക്കുന്നതിലും വരെ വളരെ നിപുണനായി തീർന്നു...

എന്തിന് പറയുവാൻ ചിലപ്പോൾ ചില കാര്യ സാധ്യത്തിനായും , മറ്റ് ചില കാര്യങ്ങൾ ഒളിപ്പിച്ച് വെക്കുന്നതിന് വേണ്ടിയുമൊക്കെ ഞാൻ സ്വന്തം വീട്ടിലെ ‘ഡിഷ് വാഷർ‘ വരെയായി ചിലപ്പോൾ ജോലി ചെയ്യാറുണ്ട് ...!

“ മ്ള്  മണങ്ങിട്ട് വാളേനെ പിടിയ്ക്കാന്നുള്ള
വിവരം എന്റെ പെണ്ണുമ്പിള്ളയ്ക്കറിയില്ലല്ലോ അല്ലേ..!“

ഇനി ഈ ‘ഇന്റിമേറ്റ് ടെററിസ
ത്തിലേക്കൊന്ന് എത്തി നോക്കാം...

അന്തർദ്ദേശീയമായി പല പഠനങ്ങളും പറഞ്ഞിരിക്കുന്നത്
മൊത്തത്തിൽ ഇന്ത്യക്കാരികളായ , ഒട്ടു മിക്ക ഭാര്യമാരും , അവരുടെ
ഭർത്താക്കന്മാരെ വെറും ആൺ കഴുതകളാക്കി വാഴുന്നവരാണെന്നാണ്...!

ലോകത്തുള്ള സകലമാന ദമ്പതികളേയും നിരീക്ഷിച്ചും ,
മറ്റും ഗവേഷണം  നടത്തി പറയുന്ന ഒരു കാര്യം ഇതാണ്...
ഇന്ന്  ഈ ഭൂലോകത്തുള്ള കുടുംബങ്ങളിലെ 99 ശതമാനം
പാർട്ട്ണേഴ്സിൽ ഒരാൾ  'ഗാഡ സൌഹൃദമുള്ള ഭീകര
ഭരണ കർത്താക്കൾ ' അഥവാ ഇന്റിമേറ്റ് ടെററിസ്റ്റ് കളാണെന്നാണ് ..!

പണ്ടത്തെ കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ
നിന്നും ഏതാണ്ട് ഒരു നൂറ്റാണ്ട് കാലമായി ആഗോള തലത്തിൽ പല ദമ്പതിന്മാരും അണു കുടുംബ വ്യവസ്ഥയിലേക്ക്‌ കൂടുമാറ്റം നടത്തി തുടങ്ങിയ കാലം മുതൽ തുടങ്ങിയതാണെത്രെ കുടുംബങ്ങളിലെ , ഈ പ്രിയപ്പെട്ട ഇണകൾ തമ്മിൽ തമ്മിലുള്ള ‘ഇന്റിമേറ്റ്  വൈലൻസ് 'എന്ന ഭീകര പ്രവർത്തനങ്ങൾ ...

മാനസികമായും , ശാരീരികമായും ,
ലൈംഗികമായും മൊക്കെ കിടക്കപ്പായയിൽ
നിന്നും തുടങ്ങുന്ന , ഇത്തരം ഭീകരത പ്രവർത്തനങ്ങൾ - -
ആ കുടുംബം ശിഥില മാക്കുക മാത്രമല്ല ചെയ്യുന്നത് - പിന്നീടവർ സമൂഹത്തിലേക്ക് ഇറങ്ങിവന്ന് രാഷ്ട്രീയ - മത - വർഗ്ഗീയ മേലങ്കികൾ എടുത്തണിഞ്ഞ് , പല പല ഭീകര വിളയാട്ടങ്ങൾക്കും തുടക്കം കുറിക്കുകയോ , അണിചേരുകയോ ചെയ്യുമെന്നാണ് -- ഏതാണ്ട് അര നൂറ്റാണ്ടായി ഈ ഇന്റിമേറ്റ് ടെററിസത്തെ കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർ  പറയുന്നത്.. !

അതുകൊണ്ട് നിങ്ങളുടെ കുടുംബത്തിലെ ഒരാൾ
ഈ വിഭാഗത്തിൽ പെട്ട ഒരു ഇന്റിമേറ്റ് ടെററിസ്റ്റ് ആണെങ്കിൽ
തീർച്ചയായും അവനേയോ , അവളേയോ അതിൽ നിന്നും വിടുതൽ
ചെയ്യിക്കേണ്ടത് , ആ  വീട്ടിനുള്ളിലെ മാത്രമല്ല , സമൂഹത്തിന്റെ കൂടി
നന്മയെ ലക്ഷ്യമാക്കിയുള്ള ഒരു പ്രവർത്തനമായിരിക്കും...


ഒട്ടും പിരി മുറുക്കങ്ങളില്ലാത്ത ഒരു സന്തുഷ്ട്ട ജീവിതത്തിലേക്കുള്ള , ഒരു ഇരു കാൽ വെയ്പ്പുകൾ കൂടിയായിരിക്കും ഈ സംഗതികൾ...!

കാൽ നൂറ്റാണ്ട് മുമ്പ് എന്റെ എല്ലാ സ്വഭാവ
വിശേഷങ്ങളും അറിയാമായിരുന്ന  പ്രണയിനികളിൽ
ഒരുവൾ ,  എന്നെ കല്ല്യാണിക്കുവാൻ തീരുമാനിച്ചപ്പോൾ ...
അവളുടെ വീട്ടുകാരോട് ബന്ധുമിത്രാധികളായ , പല കല്ല്യാണം
മുടക്കികളും പറഞ്ഞിരുന്നത് ...
“നിങ്ങളുടെ മോളെ മൂന്നാല് കൊല്ലത്തിനുള്ളിൽ ...ഇനി കണിമംഗലം
റെയിൽവ്വേ ട്രാക്കിലോ , നെടുപുഴ താണിക്കമുന്നയം കോൾ കായലിലോ , ഒരു പിണമായി കാണാമെന്നാണ് കട്ടായമായും പറഞ്ഞ് പേടിപ്പിച്ചത് ...'

ശേഷം അവളുടെ ഗർഭ കാലങ്ങളിലും , മറ്റു പലപ്പോഴായും
ഞാൻ അനേക തവണ അവളുടെ കൈപിടിച്ച് , ആ തീവണ്ടി പാതയിൽ കൂടി നടന്നു...

എന്റെ  മടിയിൽ തല ചായ്ച്ച് കൊണ്ട് , അവളേയും
കൊണ്ട് ആ കായലിൽ അനേക തവണ വഞ്ചി തുഴഞ്ഞ് പോയി...

അങ്ങിനെയങ്ങിനെ പരസ്പരം ആരാധിച്ചും , ആദരിച്ചും,
തട്ടിയും , മുട്ടിയും, സ്നേഹിച്ചും , കലഹിച്ചുമൊക്കെ നാടിന്റെ ചൂടും ചൂരുമൊക്കെ വിട്ടെറിഞ്ഞ് , പുഴകളുടേയും , കായലുകളുടേയും ഓളങ്ങൾ വിസ്മരിച്ച് , പൂര ലഹരികളുടെ താള മേളങ്ങൾ ഇല്ലാതാക്കി ആ മാമലകൾക്കപ്പുറത്തുനിന്നും , ഏഴ് കടലുകളും താണ്ടി  , അവസാനം സകുടുംബമായി , ഈ ബിലാത്തി പട്ടണത്തിൽ വന്ന് നങ്കൂരമിട്ടിരിക്കുകയാണ്.

ദേ പോയി ...ദാ..വന്നു എന്ന് പറഞ്ഞ പോലെ
ഞങ്ങളുടെ കൂട്ട് ജീവിതത്തിലെ ‘രജത വർണ്ണമായ
ഒരു ജീവിത വസന്തം ‘ ഇതാ ഇപ്പോൾ മുന്നിൽ എത്തി നിൽക്കുകയാണ്
ആയതിന് സന്തോഷം പകരുവാൻ , ഇതാ ഇപ്പോൾ ഞങ്ങളുടെ
മകളുടെ കല്ല്യാണ നിശ്ചയവും  ( 4 മിനിട്ട് വീഡിയോ ) നടന്നു കഴിഞ്ഞിരിക്കുന്നു...

അടുത്ത മാസം ആഗസ്റ്റ് 20 ന്
ബുധനാഴ്ച്ച തൃശ്ശൂർ തിരുവമ്പാടി

 അമ്പലത്തിൽ വെച്ചാണ് കല്ല്യാണം കേട്ടൊ ..
ശേഷം തൃശ്ശൂർ  കൂർക്കഞ്ചേരി ശ്രീനാരായണ
ഹാളിൽ വെച്ച് നടക്കുന്ന വിരുന്നു സൽക്കാരത്തിലേക്കും...
പിന്നെ  അവിടെ തന്നെ യുള്ള മറ്റൊരു മണ്ഡപത്തിൽ വെച്ച്  തൃശ്ശൂരിലെ  പഴയ ചില ബൂലോകരും , ബൂലോക മീറ്റ് മുതലാളിമാരും കൂടി നടത്തുന്ന  തൃശ്ശൂർ ബ്ലോഗർ സംഗമത്തിലേക്കും
 
എന്റെ എത്രയും പ്രിയപ്പെട്ട എല്ലാ ബൂലോഗ മിത്രങ്ങളേയും ,
ഈ അവസരത്തിൽ സാദരം ക്ഷണിച്ച് കൊള്ളുകയാണ്...
ഏവർക്കും ഹാർദ്ദമായ സ്വാഗതം  ..!

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...