Showing posts with label ഒരു ചരിത്ര കഥാഖ്യാനം.. Show all posts
Showing posts with label ഒരു ചരിത്ര കഥാഖ്യാനം.. Show all posts

Sunday 6 February 2011

വേലാണ്ടി ദിനം അഥവാ വാലന്റിയൻസ് ഡേയ് ...! / Velandi Dinam Athhava Valetine's Day ... !

അസ്സൽ ഒരു  പ്രണയത്തിന്റെ കഥയാണിത്  ...
സംഭവമിതിൽ കുറച്ച് ചരിത്രവും , ഏച്ചു കെട്ടലുമൊക്കെ
ഉണ്ടെങ്കിലും , ഈ സംഗതികൾ നല്ല ഉഷാറായി തന്നെ കേട്ടിരിക്കാവുന്നതാണ് ...

ചെറുപ്പകാലത്ത് ,എന്നോട്  ഇക്കഥ  പറഞ്ഞു
തന്നിട്ടുള്ളത് ഞങ്ങളുടെ  പ്രിയപ്പെട്ട  നാരണ വല്ല്യച്ഛനാണ് ...

പണ്ട് കൂട്ടുകാരെല്ലാം കിളിമാസ്, അമ്പസ്താനി,
പമ്പരം കൊത്ത് , കുഴിതപ്പി,..മുതലായ കളികളിലെല്ലാം
എന്നെ തോൽ‌പ്പിച്ച് തൊപ്പിയിടീക്കുമ്പോൾ അവരോടൊക്കെ
തല്ലുപിടിച്ച് ഏകനാവുമ്പോഴാണ്...
കൊതിപ്പിക്കുന്ന കഥകളുടെ ‘ടെല്ലറാ‘യ -  എഴുപതിന്റെ മികവിലും
വളരെ ഉല്ലാസ്സവാനായി ചാരു കസേരയിൽ വിശ്രമിച്ചിരുന്ന , ഈ വല്ല്യച്ഛന്റെ
ചാരത്ത് പല ചരിത്ര കഥകളും , മറ്റും കേൾക്കുവാനായി ഞാനെത്തിച്ചേരുക...

ഉപമകളും, ശ്ലോകങ്ങളുമൊക്കെയായി പല പല കഥകളും, കാവ്യങ്ങളും
ഞങ്ങൾക്കൊക്കെ അരുമയോടെ വിളമ്പി തന്ന് മനസ്സ് നിറച്ചുതന്നിരുന്ന ...

സ്വന്തം തറവാട് വീട്, ആദ്യമായി  ‘നെടുപുഴ പോലീസ് സ്റ്റേയ്ഷൻ‘ ഉണ്ടാക്കുവാൻ വാടകക്ക് കൊടുത്തിട്ട് , സ്വസ്ഥമായി അനിയന്റെ മോന്റെ വീട്ടിൽ കഴിഞ്ഞ് കൂടിയിരുന്ന ആ നരാണ വല്ല്യച്ഛന്റടുത്ത്...

അന്നൊക്കെ അല്ലറ ചില്ലറ ആവശ്യങ്ങൾക്ക് ,  പോലീസ് സ്റ്റേഷൻ
പൂകേണ്ടി വന്നാൽ തറവാട്ടിൽ പോയതാണെന്നാണ് എല്ലാവരും പറയുക...!

അതൊക്കെ പോട്ടെ...
നമുക്കിനി ഈ കഥയിലേക്ക് കടന്ന് ചെല്ലാം ..അല്ലേ

അതെ ...
ഇത് ഒരു അനശ്വര  പ്രണയത്തിന്റെ കഥയാണ് ...
ഒപ്പം കണിമംഗലം ദേശത്തിന്റേയും... ഞങ്ങൾ തയ്യിൽ വീട്ടുകാരുടേയും ...

പണ്ട് പണ്ട് വെള്ളക്കാരിവിടെ വന്നിട്ട് അധിനിവേശം നടത്തിയപ്പോൾ...
മലയാളക്കരയുടെ വടക്കേയറ്റത്ത് അങ്ക ചേകവന്മാരായി ജീവിച്ചു പോന്നിരുന്ന, കുല പരമായി   നെയ്ത്ത് തൊഴിലായിരുന്നവരുടെ   കുടുംബങ്ങൾ പട്ടിണിയിലായി തുടങ്ങി ...

എന്തായിരുന്നു ഇതിന് കാരണങ്ങൾ ..?

നല്ല നാടൻ സാധനങ്ങളെല്ലാം തിരസ്കരിച്ച് , കൊള്ളാത്ത ഫോറിൻ
സാധനങ്ങളിൽ ഭ്രമം തോന്നുന്ന ഇന്നത്തെ ഈ  എടവാടുകൾ അന്നു തൊട്ടേ...
നമ്മൾ മല്ലൂസ്സിന് ഉണ്ടായിരുന്നതാണ് ഇതിന് കാരണം...

അന്നത്തെ  ആളുകളെല്ലാം  ബിലാത്തിയിൽ നിന്നും കൊണ്ടുവരുന്ന  ഉടയാടകളിലേക്ക് ശരീരത്തെ പറിച്ച്  നട്ടപ്പോൾ , നാട്ടിൽ നെയ്യുന്ന തുണിത്തരങ്ങളൊക്കെ ആർക്കും വേണ്ടാതായി...!

അതോടൊപ്പം അന്നത്തെ  നാടുവാഴികളും , മറ്റും  ചേകവന്മാരെ
മുൻ നിറുത്തി അങ്കം വെട്ടിച്ച് , തീർപ്പ്  കൽ‌പ്പിച്ചിരുന്ന
സമ്പ്രദായങ്ങൾ  - വെള്ളക്കാരായ  പുതിയ ഭരണ കർത്താക്കൾ നിറുത്തൽ ചെയ്യിച്ചു...!


അങ്ങിനെ അഞ്ചാറ് തലമുറ മുമ്പ് ,
പതിനെട്ടാം നൂറ്റാണ്ടിന്റെ  കാലഘട്ടത്തിൽ...
മലായാള ദേശത്തിന്റെ വടക്കെയറ്റത്തുനിന്നും
കുറെ നെയ്ത്തുക്കാർ പട്ടിണിയും, പണിയില്ലായ്മയുമെല്ലാം കാരണം കെട്ട്യോളും, കുട്ട്യോളും ,ചട്ടിയും കലവുമൊക്കെയായി   മലബാറിന്റെ  തെക്കേ ദേശങ്ങളിലേക്ക് പാലായനം ചെയ്തു...


അതേസമയം ഇങ്ങ് തെക്ക്, തൃശ്ശിവപ്പേരൂരിൽ
 കൊച്ചി രാജാവിന്റെ പ്രതിനിധിയായി , പ്രതാപിയായ
ശക്തൻ തമ്പുരാൻ വരുന്നതിന് മുമ്പ്... , സമ്പൽ സമൃദ്ധമായ
ഈ രാജ്യം വാണിരുന്നത് കണിമംഗലം തമ്പുരാക്കന്മാരായിരുന്നു  !

രാജ്യത്തിന്റെ മുഴുവൻ  വരുമാനങ്ങളായ വടക്കുനാഥൻ
ദേവസ്സം വക സ്വത്തു വകകളും, മറ്റു ഭൂസ്വത്തുക്കളും , കണിമംഗലം
പാട ശേഖരങ്ങളും നോക്കി നടത്തിയിരുന്ന... കൊല്ലിനും , കൊലക്കും അധികാരമുണ്ടായിരുന്ന കണിമംഗലം തമ്പുരാക്കന്മാർ ... !

പിന്നീട് ശക്തൻ തമ്പുരാനോടൊപ്പം ...
സാക്ഷാൽ തൃശൂര്‍  പൂരം തുടങ്ങിവെച്ചവർ ... !

ഇപ്പോഴും തൃശൂർ പട്ടണത്തിന്റെ തെക്കുഭാഗത്തുള്ള കണിമംഗലത്തുകാരുടെ തിടമ്പേറ്റിയ ആന
തെക്കേ ഗോപുര വാതിൽ വഴി ആദ്യമായി വടക്കുനാഥൻ
അമ്പലത്തിൽ എത്തിച്ചേരുമ്പോൾ തന്നെയാണ് ...
ഇന്നും തൃശൂര്‍  പൂരം ആരംഭിക്കുക കേട്ടൊ... !

പിന്നെ ‘ഇന്ത്യൻ റെയിൽവേയ്സ്‘ ആരംഭിച്ചകാലാത്ത് ...
തൃശൂർ  ഭാഗത്ത് പാതക്ക് വേണ്ടി ഏറ്റവും കൂടൂതൽ ഭൂമി വിട്ടു
കൊടുത്തതിന്, അഞ്ചാം തമ്പുരാക്കന്മാർ ചോദിച്ച് വാങ്ങിയതാണേത്രെ ‘കണിമഗലം റെയിൽ വേയ് സ്റ്റേഷൻ ‘...

പിന്നീടാ കണിമംഗലം സ്റ്റേഷൻ ...
റെയിൽവേയുടെ ഭൂപടത്തിൽ നിന്നും മാഞ്ഞു പോയെങ്കിലും,
പ്രതാപികളായ ഈ തമ്പുരാൻ വംശ പരമ്പര , കുറച്ച് ക്ഷയിച്ചിട്ടാണെങ്കിലും
ഇന്നും അവിടെ നില നിന്നു കൊണ്ടിരിക്കുന്നൂ...

നമ്മുടെ ഗെഡികളായ  രഞ്ജിത്ത്  ഭായിയും ,
ഷാജി കൈലാസുമൊക്കെ ചേർന്ന് നമ്മളെയൊക്കെ കോരിത്തരിപ്പിച്ച് അഭ്ര പാളികളിലെത്തിച്ച  ആ.. സിനിമയുണ്ടല്ലോ...

കണിമംഗലത്തെ ‘ആറാം തമ്പുരാൻ ...!

ആ ആറാം തമ്പുരാന്റെയൊക്കെ പിൻ മുറക്കാരായിരുന്നു ഈ തമ്പുരാക്കന്മാ‍ർ എന്നാണ് പറയപ്പെടുന്നത് ..

അന്നത്തെ ആ  തമ്പുരാക്കന്മാരൊക്കെ
തനി നരി-സിംഹങ്ങൾ തന്നെയായിരുന്നു ... !

അവരുടെയൊക്കെ  കുടിയാന്മാരും, അടിയന്മാരുമായി
അല്ലല്ലില്ലാതെ തന്നെ, നാട് താണ്ടി വന്ന ഞങ്ങളുടെയീ  കാരണവന്മാർക്ക്
അവിടെയൊക്കെ നങ്കൂരമിടാൻ പറ്റി...

തറിയും മറ്റും സ്ഥാപിച്ച്  , തുണി തയ്യൽ ചെയ്യുന്നതു
കാരണം... അവരെല്ലാം പിന്നീട് ‘തയ്യിൽക്കാർ ‘എന്നറിയപ്പെട്ടു...!

ഇവരിൽ നല്ല മെയ്‌ വഴക്കമുണ്ടായിരുന്ന
ആണുങ്ങളെയെല്ലാം പിന്നീട് ‘പാർട്ട് ടൈം‘ പണി ‘റെഡി‘ യാക്കി
ഈ നാടുവാഴികൾ പടയാളികളായും, ഗോപാലന്മാരയും നിയമിച്ചു...

എങ്കിലും എന്റെയൊക്കൊയെല്ലെ മുതു മുത്തശ്ശന്മാർ....!

ഇതിലൊരുത്തൻ...

‘വേലാണ്ടി‘ എന്ന് നാമധേയമുള്ളവൻ...

പശുക്കളേയും , കാളകളേയും പരിപാലിക്കുന്ന
പണികൾക്കിടയിൽ... ; അന്നത്തെ  ഗജപോക്കിരി തമ്പുരാക്കന്മാരുടെ ,
കുഞ്ഞി പെങ്ങളുമായി ‘ലൈൻ ഫിറ്റാ‘ക്കി - ഒരു ഉഗ്രൻ പ്രണയത്തിന് തുടക്കമിട്ടു...!

‘ വല്ലി‘ എന്ന് പേരുണ്ടായിരുന്ന ഈ കുഞ്ഞി തമ്പുരാട്ടി...

കിണ്ണങ്കാച്ചി ആകാര കാന്തിയുണ്ടായിരുന്ന വേലാണ്ട്യച്ചാച്ഛന്റെ...
'എയിറ്റ് പാക്ക് ബോഡി' കണ്ട് അതിൽ മയങ്ങിപ്പോയതാണെന്നും
ഒരു കിംവദന്തിയുണ്ടായിരുന്നു കേട്ടൊ.

എന്തിന് പറയാൻ കുളക്കടവ് ‘ഡേറ്റിങ്ങ് സെന്ററാ’ക്കിയിട്ടും ,
തൊഴുത്തിലെ പുൽക്കൂടുകൾ പട്ട് മെത്തയാക്കിയിട്ടുമൊക്കെ
അവർ , അവരുടെ പ്രണയാവേശം മുഴുവൻ ...
രണ്ടുപേരും കൂടി ആറി തണുപ്പിച്ചു...!

‘കോണ്ടവും, കോണ്ട്രാസെപ്റ്റീവു‘മൊന്നും
ഇല്ലാതിരുന്ന... പണ്ടത്തെ കാലമല്ലേ..അത്..

നാളുകൾക്ക് ശേഷം ...കുഞ്ഞി തമ്പുരാട്ടിയുടെ വയറ്റിലെ
വലുതായി വരുന്ന ഒരു മുഴ കണ്ട് ഏട്ടൻ തമ്പുരാക്കന്മാരും പരിവാരങ്ങളും
അന്ധാളിച്ചു...!

സംഭവം കൂലങ്കൂഷിതമായി അന്വേഷിച്ച് വന്നപ്പോഴാണ്
വയറ്റിലെ മുഴയുടെ കിടപ്പുവശം, മറ്റേ കിടപ്പ് വശമാണെന്ന് അവന്മാർക്കെല്ലാം പിടികിട്ടിയത്... !

എന്തിന് പറയാൻ ...
സംഭവത്തിന്റെ ഗുട്ടൻസ് അവരറിഞ്ഞതിന്റെ പിറ്റേന്നുണ്ട്ടാ‍ാ..

 തമ്പുരാൻ കുളം

വേലാണ്ടി മുത്തശ്ശൻ വടിയായിട്ട്
മൂപ്പാടത്തുണ്ടായിരിന്ന തമ്പുരാൻ കുളത്തിൽ കിടക്കുന്നൂ...!

വേലാണ്ടിയെ മൊതല പിടിച്ചു എന്ന ചൂട്
വാർത്ത കേട്ടാണ് കണിമംഗലത്തുകാർ അന്ന് ഉറക്കമുണർന്നത്...

പക്ഷേ അന്നുരാത്രി തന്നെ
വേലാണ്ടിയുടെ പ്രേതം ഉയർത്തെഴുനേറ്റ് ...
മൂപ്പിലാനെ കൊലപ്പെടുത്തിയ തമ്പുരാനേയും, കൂട്ടാളികളേയും
മുഴുവൻ  കഴുത്തിൽ നിന്നും ചോരകുടിച്ച് നാമാവശേഷരാക്കി പോലും...

അങ്ക ചേകവന്മാരായിരുന്നവരോടാണോ...
ഈ  കണിമംഗലം തമ്പുരാക്കന്മാരുടെ കളി... ? !

അന്നത്തെ ബ്രിട്ടീഷ് പട്ടാളത്തിന് വരെ,
ഈ പ്രേതത്തിന്റെ പൊടി പോലും കണ്ടു പിടിക്കുവാൻ കഴിഞ്ഞില്ലത്രേ...!

ആ വല്ലി തമ്പുരാട്ടി , പിന്നീട് കല്ല്യാണമൊന്നും കഴിക്കാതെ
ഈ വേലാണ്ടി മുത്തശ്ശന്റെ പ്രേതത്തെ ഉപവസിച്ച് , എല്ലാ കൊല്ലവും
കുംഭ മാസത്തെ അശ്വതി നാളിന്റന്ന് ... , തന്റെ പ്രണയ വല്ലഭൻ കൊല്ലപ്പെട്ട
ആ ദിനം അർച്ചനകൾ അർപ്പിക്കുവാൻ തന്റെ മോനെയും കൂട്ടി ആ കുളക്കരയിൽ എത്തും..!

അന്നേ ദിവസം  വേലാണ്ടി മുത്തശ്ശൻ...  ഒരു പൂതമായി വന്ന്
ആ പ്രണയ ബാഷ്പ്പാജ്ഞലികളെല്ലാം സ്വീകരിക്കും എന്നാണ് പറയപ്പെട്ടിരുന്നത്...

ആ ഇഷ്ട്ട പ്രാണേശ്വരിയുടെ കാല ശേഷം...
ഈ പൂതം  അന്നുമുതൽ ഇന്നുവരെ ഓരോ വീടുകൾ
തോറും  , തന്റെ പ്രണയിനിയെ തേടി കണിമംഗലം ദേശം
മുഴുവൻ... മകരമാസം അവസാനം മുതൽ കുംഭമാസത്തിലെ
അശ്വതി നാൾ വരെ , കരഞ്ഞ് കരഞ്ഞ് , തെരഞ്ഞങ്ങിനെ നടക്കും...

പിന്നീട് വന്ന തമ്പുരാക്കന്മാർ ,
അന്നത്തെ  പാപ പരിഹാരാർത്ഥം
ഈ വല്ലി തമ്പുരാട്ടിയുടെ  സ്മാരകമായി
പണി തീർത്തതാണെത്രെ  കണിമംഗലം
‘വല്ലിയാലയ്ക്കൽ ദേവീ ക്ഷേത്രം‘ ... !

അതായത് കണിമംഗലത്തിന്റെ
പ്രണയ കുടീരമായ താജ്മഹൽ..!

ഇന്നും എല്ലാ ഫെബ്രുവരി  മാസത്തിലെ പകുതിയിലും
കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തിൽ കൊല്ലം തോറും
നടക്കുന്ന കണിമംഗലം വല്ലിയാലയ്ക്കൽ ക്ഷേത്രത്തിലെ അശ്വതി
വേലയുടെ അന്ന്...
ആ വല്ലി തമ്പുരാട്ടിയും, പൂതമായി വരുന്ന വേലാണ്ടിയും
കണ്ടുമുട്ടും... ഇതിന്റെ സ്മരണയാണെത്രെ കണിമംഗലത്തെ
ഈ അശ്വതി വേലയും , അവിടെ അന്ന് നടമാടാറുള്ള പൂതം കളിയും....!

 പ്രണയവല്ലഭനാം പൂതം 

അഥവാ എല്ലാ കൊല്ലവും കണിമംഗലത്തുകാർ
ഫെബ്രുവരി മാസത്തിലെ മദ്ധ്യത്തിൽ കൊണ്ടാടാറുള്ള
ഈ  വേലാണ്ടി ദിനം...!

ആ അനശ്വര പ്രണയത്തിന്റെ ഓർമ പുതുക്കൽ ദിവസം...
നാട്ടുകാരൊക്കെ ആ ദിവസം പ്രണയത്തിൽ ആറാടുന്ന ദിനം...

ഇനിപ്പ്യോ ...
നിങ്ങള് വിശ്വസിച്ചാലും... ഇല്ലെങ്കിലും...
ഈ സംഭവത്തിന്  ഒരു പരിണാമ ഗുപ്തി  ഉണ്ടായിട്ടുണ്ട് കേട്ടൊ.

ഈ പ്രണയത്തിന്റെ ഉജ്ജ്വല
പ്രതീകമായ  വർണ്ണപ്പകിട്ടുകൾ കണ്ടിട്ടാണ് ...
മൂന്നു നൂറ്റാണ്ട് മുമ്പ് തൃശൂര്‍ ജില്ലയിൽ മരണം വരെയുണ്ടായിരുന്ന
ജർമ്മൻ വംശജനായ  - മലയാള-സംസ്കൃത -  പണ്ഡിതനായിരുന്ന
'അർണ്ണോസ് 'പാതിരിയുടെ പിൻഗാമികളായി പിന്നീടിവിടെ വന്ന പടിഞ്ഞാറൻ പാതിരികൾ...

അന്നിവിടെ നിന്നും  സ്വന്തം നാട്ടിലേക്ക് മടങ്ങിയപ്പോൾ...
നമ്മുടെ വിലപ്പെട്ട ചില താളിയോല ഗ്രന്ഥങ്ങൾക്കൊപ്പം...
വേലാണ്ടി ദിനത്തിന്റെ ...
പരിഛേദനവും കൊണ്ടാണ്  തിരികെപ്പോയത്...!

 ഒരു ലണ്ടൻ വാലന്റിയൻസ് ദിനാഘോഷം...!

പിന്നീടവർ യൂറോപ്പിലെത്തിയപ്പോൾ ഈ  
‘വേലാണ്ടി ദിനത്തെ‘ ,  ഒരു യൂറോപ്പ്യൻ മിത്തുമായി കൂട്ടി യോജിപ്പിച്ച് ...

അധികം ഉത്സവങ്ങളൊന്നുമില്ലായിരുന്ന യൂറോപ്പിൽ...
മഞ്ഞുകാലം  തീരുന്ന സമയത്ത് ,  - ഫെബ്രുവരി 14- ന്  -,
അവരുടെ സ്നേഹത്തിന്റേയും , പ്രണയത്തിന്റേയും തല തൊട്ടപ്പനായിരുന്ന ഒരു പരിശുദ്ധ പിതാവായ ‘ബിഷപ് വാലന്റിയൻ‘ തിരുമേനിയുടെ പേരിൽ  പ്രണയത്തിന് വേണ്ടി ഒരു വൺ-ഡേയ് ആഘോഷം തുടങ്ങി വെച്ചത്....!

ദി വാലന്റിയൻ ഡേയ് ...‘ !


പിന്നെ വേറൊന്നുള്ളത്...
സാക്ഷാൽ പ്രണയത്തിൽ ‘ എം.ബി.എ  ‘
എടുത്ത നമ്മുടെ ശ്രീകൃഷ്ണേട്ടൻ , കാമദേവൻ
മുതൽ നള-ദമയന്തിമാർ വരെ - നമ്മുടെ പുരാണങ്ങളിലുണ്ട്...

പ്രണയത്തെ പറ്റി എല്ലാം  വാരിക്കോരി ‘പി.എച്.ഡി‘ യെടുത്ത പ്രൊ: വാത്സ്യയന മഹർഷിയും നമ്മുടെ ഇതിഹാസങ്ങളിലുണ്ട്...

പ്രണയ ചരിത്രത്തിൽ ഉന്നത സ്ഥാനങ്ങൾ
പിടിച്ചെടുത്ത  ഷാജഹൻ ഇക്കയും , മൂംതാസ് ബീവിയും,...,...,...
അങ്ങിനെയങ്ങിനെ എത്രയെത്ര പേർ നമ്മുടെയൊക്കെ പ്രണയത്തിന്റെയൊക്കെ താളുകളിൽ മറഞ്ഞിരിക്കുന്നു..! !



എന്നിട്ടും സായിപ്പ് വിളമ്പി തരുമ്പോഴാണല്ലോ
എല്ലാം നമ്മൾ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച് തലയിലും,
ഒക്കത്തുമൊക്കെ കേറ്റി വെക്കുന്നത്... അല്ലേ


അതൊക്കെ ഉന്തുട്ട് തേങ്ങ്യാണെങ്കിലും...
ഞങ്ങൾ കണിമംഗലത്തുകാർക്ക്, ഈ  പ്രേമോപാസകരായിരുന്ന ...
അന്നത്തെ ചുള്ളനും , ചുള്ളത്തിയുമായിരുന്ന ആ മുതു മുത്തശ്ശനേയും , മുതു മുത്തശ്ശിയേയും മറക്കാൻ പറ്റുമോ... കൂട്ടരെ...?

കൊല്ലത്തിൽ ഒരു ദിവസത്തെ 'വേലാണ്ടി ദിന'ത്തിന്റന്നോ അഥവാ
ഇപ്പോൾ കൊണ്ടാടുന്ന ഈ 'വാലന്റിയൻസ് ഡേയ്ക്ക് 'മാത്രമോ പോരാ... ഈ പ്രേമം...
അല്ലെങ്കിൽ ഈ പ്രണയ കോപ്രാട്ടികളുടെ കാട്ടി കൂട്ടലുകൾ... അല്ലേ .

ഇമ്ക്കൊക്കെ എന്നുമെന്നും വേണമീ നറു പ്രണയം  .....
വലിച്ചാലും , കടിച്ചാലും പൊട്ടാത്ത മഹത്വായ പ്രണയം...!



പിന്നാം ഭാഗം :-

വീണ്ടും....
ബ്ലോഗനയിൽ അംഗീകാരം...!
നമ്മുടെ വേലാണ്ടി ദിനം ..ഈ ആഴ്ച്ചയിലെ  (Feb 20-26 )
മാതൃഭൂമിയിലെ ബ്ലോഗനയില്‍  പ്രസിദ്ധീകരിച്ച്
വന്നിരിക്കുന്നു കേട്ടൊ
മാതൃഭൂമിയുടെ ബ്ലോഗന ടീമിന്  
ഒത്തിരിയൊത്തിരി നന്ദി....
.

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...