Wednesday, 30 June 2021

ഗുണദോഷമിശ്രിതമായ ഒരു കൊറോണക്കാലം @ ലണ്ടൻ ...! / Gunadoshamishrithamaaya Oru Coronakkaalam @ London ...!

ഒരു ഗുണദോഷമിശ്രിത
മായിരുന്ന കൊറോണക്കാലമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഇതുവരെ കഴിഞ്ഞു പോയത് . 
അടച്ചുപൂട്ടി വീട്ടിൽ ഇരുന്നും കോവിഡിനെതിരെയുള്ള സകലമാന പ്രതിരോധങ്ങങ്ങളും തീർത്ത് കൊറോണയിൽ നിന്നും തൽക്കാലം രക്ഷപ്പെട്ടിട്ടുള്ള നെട്ടോട്ടം ഇനി എന്ന് തീരുമെന്നറിയില്ല...! 

ഇപ്പോൾ  കോവിഡാനന്തര ലോകത്തെ പറ്റിയുള്ള അനേകം പഠനങ്ങൾ   ആഗോളതലത്തിൽ നടന്നു കൊണ്ടിരിക്കുകയാണ് .  
ഇക്കൊല്ലം തുടക്കം മുതൽ ഞാനും കുടുംബവും 'ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി  (https://www.research.ox.ac.uk/area/coronavirus-research)'യുടെ ഒരു പഠനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനാൽ ഇടക്കിടെ സർവേയർ വന്ന് ടെസ്റ്റ് ചെയ്യലും, ചോദ്യാവലികളുമൊക്കെയായി എല്ലാകാര്യങ്ങളും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നുണ്ട് . 
എല്ലാ കമ്യൂണിറ്റിയിൽ നിന്നും റാൻഡം  രീതിയിൽ തെരഞ്ഞെടുക്കുന്ന കുടുംബത്തിലുള്ള ഓരൊ അംഗങ്ങൾക്കും മാസത്തിൽ 50 പൗണ്ട് വീതം ലഭിക്കും എന്നുള്ള ഒരു മെച്ചം കൂടിയുണ്ട് ഇത്തരം പഠനങ്ങളിൽ അണിചേരുമ്പോഴുള്ള ഗുണം . 

ഈ കൊറോണക്കാലം പൊട്ടിമുളക്കുന്നതിന് മുമ്പ് വരെ ഓരോരുത്തരും പരിപാലിച്ചു പോന്നിരുന്ന  പല ജീവിത ചിട്ടവട്ടങ്ങൾക്കും  വല്ലാത്ത മാറ്റങ്ങൾ  സംഭവിക്കുമെന്നാണ് ഈ പഠനങ്ങൾ വ്യക്തമാക്കുന്നത്...!

അവരവർ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ച് , പ്രകൃതിയെ ഒട്ടും മാനിക്കാതെ ‌ ഏറ്റവും ആധുനികമായ ആഡംബര ജീവിതം  നയിച്ചു വരുന്ന  മാനവ സമൂഹത്തിനിടയിലേക്ക്  അവിചാരിതമായി ഒന്നൊര വർഷം മുമ്പാണ്  ഒരു  മഹാമാരിയായി 'കൊറോണ വൈറസു'കൾ കയറി വന്നത് .

ആയതിന് ശേഷം  ആഗോളതലത്തിൽ കോവിഡ് മൂലം നടമാടിയിരുന്ന അടച്ചുപൂട്ടലുകൾക്കും ദുരിതങ്ങൾക്കും ശമനം വന്നുവെങ്കിലും , ലോകത്ത് അങ്ങോളമിങ്ങോളം ഇതിനാൽ  വരുത്തി വെച്ച നാശ നഷ്ടങ്ങളിൽ നിന്നും  സാമ്പത്തിക ബാധ്യതകളിൽ ഒരു രാജ്യവും ഇപ്പോഴും കരകയറിയിട്ടില്ല എന്നത് വാസ്തവമാണ് .


ഈ സമയത്ത് പല രാജ്യങ്ങളിലും ധാരാളം തൊഴിൽ മേഖലകൾ പ്രതിസന്ധിയിലായി . ഒപ്പം അനേകായിരം ആളുകൾക്ക് ജോലികൾ നഷ്ട്ടപ്പെടുകയൊ  താൽക്കാലികമായി ഇല്ലാതാവുകയൊ ചെയ്‌തു ...

ഇന്നത്തെ   തലമുറയിലെ മാത്രമല്ല, ലോകത്തിൽ ഇതുവരെ   ജീവിച്ച ഒരു ജനതയും  ഇങ്ങനെയുള്ളൊരു ആഗോള പരമായ  അടച്ചുപൂട്ടൽ പ്രതിഭാസത്തിൽ കൂടി കടന്നുപോയിട്ടില്ല.

ഇതുവരെ  ശീലിക്കാത്ത ഓരൊ അനുഭവങ്ങളും , അതിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന  പുതിയ പാഠങ്ങളായി പുതുപുത്തൻ ശീലങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതികളായി തീർന്നിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ലോകം മുഴുവൻ ഇപ്പോൾ ചലിച്ചുകൊണ്ടിരിക്കുന്നത് .

കൊറോണപ്പേടിയിൽ നിന്നും ഒട്ടും മുക്തമായിട്ടില്ലെങ്കിലും  ലോകം മുഴുവൻ ഭീതി പടർത്തി വല്ലാത്ത വ്യാപന വ്യാപ്തിയോടെ പ്രയാണം നടത്തിയിരുന്ന   ഇത്തിരിക്കുഞ്ഞനായ കൊറോണ വൈറസിന് കടിഞ്ഞാണിട്ടു കൊണ്ട് ആയതിന്റെ സഞ്ചാരം ഒരു വിധം നിയ്രന്തിച്ചു കഴിഞ്ഞിരിക്കുകയാണ്  ശാസ്ത്രലോകമിപ്പോൾ...! 


ഇതോടൊപ്പം  തന്നെ എങ്ങിനെയെന്നറിയാത്ത കോവിഡിന്റെ ഒരു മൂന്നാംഘട്ട വരവുകൂടി പ്രതീക്ഷിച്ചുകൊണ്ടാണ് ലോകം മുഴുവൻ ഇപ്പോൾ  മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്. 

അതുകൊണ്ട്  ഭയവും ഭീതിയുമൊക്കെ ഇല്ലാതായി ഒരു തരം മരവിപ്പു മാത്രമായി തള്ളി നീക്കുന്ന അവസ്ഥയിലാണ് ലോകജനത പലതരം അന്തഃസംഘർഷങ്ങളോടുകൂടി ജീവിതത്തെ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നത്.

ബ്രിട്ടണിൽ  കോവിഡ് തിമർത്താടിയ അടച്ചുപൂട്ടൽ കാലം മുതൽ തൊഴിൽ നഷ്ട്ടപ്പെട്ടവർക്കും , 'അണ്ടർ മെഡിക്കൽ കണ്ടീഷനി'ൽ ഇരിക്കുന്നവർക്കും മറ്റും,  യു.കെ ഗവർമെന്റ് ഫർലോ (furlough ) സ്‌കീമിൽ ജോലിക്ക് പോയില്ലെങ്കിലും , 80 ശതമാനം വേതനം ലഭിക്കും എന്നുള്ള ബെൻഫിറ്റും  നടപ്പിലാക്കിയപ്പോഴാണ്  അടച്ചുപൂട്ടി വീട്ടിലിരിക്കാൻ എന്നെ പ്രേരിപ്പിച്ച ഘടകം .


കോവിഡ് പിടിപെട്ടില്ലെങ്കിലും ആരോടും ഇടപഴകാതെ ഒരു തടവുപുള്ളിയെ പോലെ വീട്ടിലിരിക്കേണ്ടി വന്ന സമയത്ത് മൂനാലുമാസ കാലത്തോളം ഞാൻ വിഷാദരോഗത്തിന് വിധേയമായതാണ് എനിക്കുണ്ടായ  ഏറ്റവും വൈഷ്യമമുണ്ടായ അവസ്ഥാവിശേഷം.

പിന്നെ കൊല്ലത്തിൽ ഒന്നൊ രണ്ടോ തവണകളായി ഗൃഹാതുരതകൾ കെട്ടിയിറക്കുവാൻ നാട് താണ്ടുവാൻ പോകാറുള്ള എനിക്ക് ഇതുവരേയും നാട്ടിലേക്ക് എത്തിപ്പെടുവാൻ സാധിച്ചില്ലല്ലോ എന്ന ദുഃഖമാണ് വേറൊന്ന് .

ഒപ്പം നാട്ടിലും ഇവിടെയുമായി അടുത്ത മിത്രങ്ങളെയും മറ്റും കോവിഡ് വന്ന് അവരുടെ  ജീവിതത്തിന് അന്ത്യം കുറിച്ചത് അകലെയിരുന്നു കാണേണ്ടി വന്നതിലുള്ള തീരാഖേദങ്ങളും എന്നെ ഇപ്പോഴും വല്ലാതെ അലട്ടിക്കൊണ്ടിരുന്നു .

ഇത്തരം അനേകം ദുഃഖങ്ങൾക്കിടയിൽ വീണുകിട്ടിയ അല്പസൽപ്പ  സന്തോഷങ്ങളും ഉണ്ടായിട്ടുണ്ടായിരുന്നു .  കഴിഞ്ഞ വർഷം ഇതേ സമയത്ത് ഒരു പേരക്കുട്ടി ഞങ്ങളുടെ കുടുംബത്തിൽ  പിറന്നു വീണ് ഓമനത്തമൂറുന്ന പാൽപുഞ്ചിരിയും , കളിവിളയാട്ടങ്ങളുമായി  അവൾ വളർച്ചയോടൊപ്പം ഞങ്ങൾക്ക് നൽകികൊണ്ടിരുന്ന  ആനന്ദങ്ങൾ ഒന്ന് വേറെ തന്നെയായിരുന്നു ... !

പിന്നെ കുഞ്ഞിനെ  കൊഞ്ചിക്കുമ്പോഴും പരിചരിക്കുമ്പോഴും മറ്റും  മോളും മരുമോനുമൊക്കെ - ഞങ്ങൾ പിന്നിട്ട ആ പഴയ മതാപിതാക്കളെ പോലെ കൂടുമാറ്റം നടത്തി,  ആമോദത്തോടെ ജീവിത ചക്രത്തിലൂടെ കടന്നുപോകുന്നത് കാണുമ്പോഴുള്ള ആമോദങ്ങളൊക്കെ ഈ  കൊറോണക്കാലത്ത് കിട്ടിയ ഏറ്റവും നല്ല സുഖമുള്ള ഓർമ്മകളാണ്.

2020 ജനുവരിയിൽ തുടക്കം കുറിച്ച 'കട്ടൻ  'കട്ടൻ കാപ്പിയും കവിതയും' കൂട്ടായ്‌മയുടെ മുഖപുസ്തക തട്ടകത്തിൽ   കൂടി  തത്സമയ അവതരണങ്ങളിൽ നാന്ദികുറിച്ചത് മറ്റൊരു  സന്തോഷത്തിനും അനുമോദനങ്ങൾ കിട്ടുവാനും ഇട നൽകിയ സംഗതിയാണ് .

അടച്ചുപൂട്ടൽ കാലത്ത് സ്ഥിരമായി പല കൂട്ടുകാരുമൊത്തും ,സംഘടനകളിലൂടെയും   സൈബർ പ്ലാറ്റുഫോമുകളായ zoom , google meet , microsoft teams   എന്നിവയിലൂടെ സാമൂഹ്യ രാഷ്ട്രീയ സാഹിത്യ ചർച്ചകളും തർക്കങ്ങളും  മറ്റും നടത്തി വിരസങ്ങളായ 'ലോക്ക് ഡൗൺ'  ദിനങ്ങളെല്ലാം   സന്തോഷപ്രദമാക്കി തീർത്തതും എടുത്തുപറയാവുന്ന വേറൊരു സുഖമുള്ള ഏർപ്പാടായിരുന്നു .

പിന്നെ അഞ്ചാറുമാസം മുമ്പ് വരെ ലണ്ടൻ മലയാളികളൊക്കെ പാടെ തള്ളിക്കളഞ്ഞിരുന്ന അന്നിവിടെ പ്രചാരത്തിലായിരുന്ന 'club house' കഴിഞ്ഞമാസം മുതൽ മല്ലൂസ് ചേക്കേറിയപ്പോൾ സോഷ്യൽ മീഡിയയിൽ സമയം കൊല്ലാൻ ഒരു ഉപാധി കൂടി കൈ വന്നു എന്ന സന്തോഷം കൂടിയായി  

പിന്നെ കൊറോണക്കാലത്ത്  ഇത്ര വയസ്സായിട്ടും  കോളേജിൽ പോയി പഠിക്കാനുമുള്ള ഒരു സൗഭാഗ്യവും എനിക്ക് കിട്ടി . 'ഫർലോ സ്‌കീമി'ൽ വീട്ടിൽ ഇരിക്കുന്നവർക്ക് ഗവർമെന്റ് വക അനേകം വേറിട്ട തരത്തിലുള്ള  6 മാസം മുതൽ ഒന്നര കൊല്ലം വരെയുള്ള 'ഫ്രീ കോഴ്‌സുകളിൽ ,അഭിരുചിയുള്ള ചില പാഠ്യങ്ങൾ പഠിക്കുവാൻ വേണ്ടി കോളേജിൽ ചേർന്നതിനാൽ  , 'ഓൺ -ലൈനാ'യി  നടത്തിയിരുന്ന പഠനങ്ങൾ ഇക്കൊല്ലം ജനുവരി മുതൽ ക്‌ളാസിൽ നേരിട്ട് പോയി പഠിക്കുന്ന രീതിയിലായി മാറി 


രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്നായ ബഹുസന്തോഷമാണ്  അപ്പോൾ ഉളവായത്...  
ഒന്നിന്നും ഒരു കുറവ് വരേണ്ട എന്ന് കരുതി ഒരു കോളേജ് കുമാരന്റെ 'മേക്ക് ഓവർ' നടത്തിയിട്ടാണ് ഞാൻ വീണ്ടും  'ന്യൂ- ജെൻ' കലാലയ ജീവിതം തൊട്ടറിയുവാനും, ഒപ്പം  ഭൂതകാല 'ക്യാംപസ്' ജീവിതം  അയവിറക്കുവാനും  വേണ്ടിയാണ്  കിഴക്കൻ ലണ്ടനിലെ  ''ന്യൂഹാം കോളേജിൽ ''ൽ ഇപ്പോൾ പഠനം നടത്തികൊണ്ടിരിക്കുന്നത് ...

ആഴ്ച്ചയിൽ മൂനാലു  മണിക്കൂർ വീതം മൂന്ന് ദിനങ്ങൾ മാത്രമെ ക്ലാസിൽ ഇരിക്കേണ്ടതുള്ളു എന്നതിനാൽ , മറ്റു നേരംപോക്കുകൾക്ക് ധാരാളം സമയമുണ്ടുതാനും ...!
 
അതിരുകളില്ലാത്ത സന്തോഷങ്ങൾ പങ്കുവെക്കുവാൻ 
സാധിക്കുന്ന ഒരു പെരും പൂരം തന്നെയാണ് തനി കോളേജ് കുമാരനായി വിലസാൻ സാധിച്ച ഈ കാലയളവുകൾ എനിക്ക് സമ്മാനിച്ചത് ...

അതെ 
നല്ലതും ചീത്തയുമായ വല്ലാത്ത അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു ലണ്ടൻ കൊറോണക്കാലം ഓർമ്മയുള്ള കാലം വരെ മനസ്സിനുള്ളിൽ തങ്ങി നിൽക്കും എന്നത് തീർച്ചയാണ്. 
 


Monday, 31 May 2021

'ക്ലബ് ഹൌസ് ' ഒരു പുത്തൻ സോഷ്യൽ മീഡിയ തട്ടകം

ഇന്നാണ് ഇപ്പോൾ ലോകം മുഴുവൻ പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുന്ന ക്ലബ് ഹൌസിൽ ,പ്രിയവ്രതൻ ഭായിയുടെ ക്ഷണം കിട്ടി കയറി നോക്കിയത് . 

ആദ്യം മർക്കടന്റെ  കൈയിൽ പൊളിയാതേങ്ങ കിട്ടിയതുപോലെയായി ഇതുനുള്ളിൽ കയറിനോക്കിയപ്പോൾ എന്റെ സ്ഥിതി വിശേഷം ...!

എന്തയാലും കയറിപ്പോയില്ലേ അപ്പോൾ ഈ ക്ലബ്ബിലെ കളികൾ  ശരിക്കും കണ്ടൊ, കൊണ്ടോ അറിയാമെന്ന് കരുതി - ഇതിന്റെ ചരിതങ്ങടക്കം അല്പസ്വല്പം സംഗതികൾ 'ഇന്റർനെറ്റി'ൽ പരതി നോക്കിയപ്പോൾ കിട്ടിയ കാര്യങ്ങളാണ് വിവരിക്കുന്നത് . 

കഴിഞ്ഞവർഷം ഇതേ സമയങ്ങളിലാണ് ഇന്റർനെറ്റ് ഇടങ്ങളിൽ പടിഞ്ഞാറൻ നാടുകളിലെ ആളുകൾ ഈ പുതിയ 'സോഷ്യൽ മീഡിയ സൈറ്റി'ലേക്ക് ആകർഷിക്കപ്പെട്ടുതുടങ്ങിയത് . 

ആ സമയത്ത്‌ ലോകം മുഴുവൻ നടപ്പാക്കിയ ലോക്ക് ഡൗണിൽ അവരവരുടെ ഇടങ്ങളിൽ ഒറ്റപ്പെട്ടിരിക്കുമ്പോൾ അനേകം പേരുമായി കുശലം പറയുവാനും, അറിവുകൾ പങ്കുവെക്കുവാനും , നേരം പോക്കിനുമൊക്കെയായി ഈ ക്ലബ്ബ് ഹൌസ് അനേകായിരം പേർക്ക് - അന്നേവർക്കുമുണ്ടായിരുന്ന മാനസിക സംഘർഷങ്ങൾക്കും പിരിമുറുക്കങ്ങൾക്കും അയവുവരുത്തുവാൻ വളരെ സഹായമായ ഒരു സോഷ്യൽ മീഡിയ തട്ടകമെന്ന നിലയിലാണ് കൊറോണയെ പോലെ തന്നെ ഇതും ആഗോളപരമായി പടർന്ന് പന്തലിച്ചത്  ...!

അക്ഷരങ്ങളും വാചകങ്ങളുമൊക്കെ പേനകൊണ്ടൊ പെൻസിലുപയോഗിച്ചോ എഴുതുന്ന സംഗതികൾക്കെല്ലാം വിരാമം കുറിച്ചുകൊണ്ട് , 'ടൈപ്പിങ് കീ പാഡു'കൾ  പ്രചുരപ്രചാരം വന്നിട്ട്  ഒരു ദശകം പിന്നിട്ടിട്ടില്ല എന്നത് ഏവർക്കും അറിയാം .

പക്ഷെ ഇതുക്കുംമേലെയായി അക്ഷരങ്ങളൊ വാക്കുകളോ വായ് കൊണ്ട് പറഞ്ഞു കൊടുത്താൽ 
എഴുതുന്നതും ,ആയവയൊക്കെ നമ്മെ വായിച്ചു കേൾപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ആധുനിക 
'ഡിജിറ്റൽ ഡിവൈസു'കളുള്ള വിവര സാങ്കേതികത മേന്മയുള്ള ഒരു സൈബർ ലോകത്തേക്കാണ്  നാം ഇപ്പോൾ 
അടിവെച്ചടിവെച്ച് മുന്നേറികൊണ്ടിരിക്കുന്നത് ...!

അതായത് എഴുതാനും വായിക്കുവാനും മിനക്കെടുത്തുന്ന സമയത്തിന്റെ നാലിലൊന്ന് സമയം കൊണ്ട് 
ശബ്ദ തരംഗങ്ങളും , ശബ്ദ ശ്രേണികളും ഉപയോഗപ്പെടുത്തി ഇവയെല്ലാം പ്രാപ്തമാക്കുന്ന ആപ്ലിക്കേഷനുകളോടെയുള്ള 
പുതുപുത്തൻ ആശയവിനിമയ സംവിധാനങ്ങൾ ഇപ്പോൾ പ്രാബല്യത്തിലായിക്കൊണ്ടിരിക്കുകയാണ് .

ഇന്ന് ഇത്തരത്തിലുള്ള ഇന്റർനെറ്റ് വഴിയുള്ള അനേകം ദൃശ്യശ്രവ്യ  പ്ലാറ്റ്‌ഫോമുകൾ  (Podcast platforms & App ) ആഗോളതലത്തിൽ  നിലവിൽ വന്നിട്ടുണ്ടെങ്കിലും , നാം  മലയാളികളിൽ  വളരെ കുറച്ച് ആളുകൾ മാത്രമെ ഇത്തരം തട്ടകങ്ങളെ അവരുടെ ആത്മാവിഷ്കാരങ്ങൾ പങ്കുവെക്കുവാൻ തെരെഞ്ഞെടുത്തിട്ടുള്ളൂ.
അത്തരത്തിൽപ്പെട്ട എഴുത്തും വായനയും വീഡിയോയുമൊന്നുമില്ലാതെ ഓഡിയോ ശബ്ദങ്ങൾ  മാത്രം പ്രാപ്തമാക്കാവുന്ന തീർത്തും നവീനമായ ഒരു വിവര വിജ്ഞാന വിനോദോപാധി തട്ടകമാണ് ഇത് ...!

ഈ 'ക്ലബ് ഹൌസി'ൽ അംഗത്വമെടുത്താൽ ഏത്ര നേരം  എത്ര  വേണമെങ്കിലും,  ഒരു റൂം സൃഷ്ടിച്ചുകൊണ്ട് നിപുണതയുള്ള ഏത് വിഷയങ്ങളെ കുറിച്ചും സംസാരിച്ചു കൊണ്ടിരിക്കുവാനും ,മറ്റുള്ളവരെ ക്ഷണിതാക്കളായി കൊണ്ടുവന്ന് പരസ്പരം സംവദിക്കുവാനും ,ഒപ്പം തന്നെ ആയിരക്കണക്കിന് ശ്രോതാക്കളെ ഉൾക്കൊള്ളുവാനും പറ്റുന്ന  സൈബർ ഇടമാണിത് .

ചുരുക്കത്തിൽ പറഞ്ഞാൽ  വെറും 'ഓഡിയോ' അടിസ്ഥാനമാക്കിയുള്ള ഒരു 'സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ക്ലബ്‌ ഹൌസ്'. 
കമ്പനി  സ്വയം വിശേഷിപ്പിക്കുന്നത് പോലെ "ശബ്ദത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ തരം സാമൂഹിക ഉൽ‌പ്പന്നം . 

എല്ലായിടത്തിരുന്നും  ആളുകളെ സംസാരിക്കാനും , കഥകൾ പറയാനും , കവിതകൾ / പാട്ടുകൾ പാടാനും , വിവിധ   ആശയങ്ങൾ 
വികസിപ്പിക്കാനും , പ്രചരിപ്പിക്കുവാനും ,സൗഹൃദങ്ങൾ വർദ്ധിപ്പിക്കാനും ലോകമെമ്പാടുമുള്ള രസകരമായ പുതിയ ആളുകളെ കണ്ടുമുട്ടാനും 
അനുവദിക്കുന്ന വെറും 'മൊബൈൽ നമ്പർ' മാത്രം ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്ന ഒരു പുതുപുത്തൻ സോഷ്യൽ മീഡിയ സൈറ്റ് ...!  

ഒരാഴ്ച്ചയിൽ മേലെയായി ലോകത്താകമാനമുള്ള മലയാളികൾ 
കൂട്ടത്തോടെ ചേക്കേറികൊണ്ടിരിക്കുന്ന  ഒരു പുതുപുത്തൻ  സോഷ്യൽ മീഡിയ തട്ടകമാണ് ഈ ' ക്ലബ്ബ് ഹൌസ് ഡ്രോപ് -ഇൻ- ഓഡിയൊ... ( Clubhouse_wiki )' . 

സംസാരിക്കുന്നതിലൂടെയും കേൾക്കുന്നതിലൂടെയും മാത്രം 'ഓഡിയോ ആപ്ലിക്കേഷൻ' മുഖാന്തിരം 
തത്സമയ സംഭാഷണങ്ങൾക്കും, ചർച്ചകൾക്കും , മീറ്റിങ്ങുകൾക്കും  'ഓൺ-ലൈനാ'യി പങ്കെടുക്കാവുന്ന  
ഒരു വിനോദ വിജ്ഞാന  വേദിയായ  'ക്ലബ് ഹൌസി'ലേക്ക് ഇപ്പോൾ മലയാളികൾ ഇടിച്ചിടിച്ച് കയറി കൊണ്ടിരിക്കുകയാണ് .

ഈ മാസം പകുതിക്ക് ശേഷം ക്ലബ് ഹൌസിന്റെ ആൻഡോയിഡ് ബീറ്റാവേർഷനും രംഗത്തുവന്നതും , സോഷ്യൽ മീഡിയ സൈറ്റുകൾക്ക് ഇന്ത്യ ഗവർമെന്റ് കൊണ്ട് വന്ന പുതിയ നയങ്ങളുമൊക്കെ കണ്ടായിരിക്കാം  
ഈ അവസരത്തിൽ ആയിരക്കണക്കിന് ആളുകൾ ദിനം പ്രതിയെന്നേണം ഇന്ത്യയടക്കം എല്ലാ തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും 'ക്ലബ് ഹൌസി'ൽ 
തിക്കിത്തിരക്കി വന്നുകൊണ്ടിരിക്കുന്നത് ...

ഫോട്ടോ,ട്രോൾ ,വീഡിയൊ മുതലായ ജംഗമ വസ്തുക്കളൊന്നും ഇവിടെ നിക്ഷേപിക്കുവാൻ സാധിക്കില്ല എന്നതുകൊണ്ട്  ഉപയോഗിക്കുന്ന 
ഡിവൈസുകൾക്കൊന്നും കെബി /എംബി/ ജിബി എന്നീ ലോഡുകളുടെ ഭാരവും വഹിക്കേണ്ട എന്നൊരു മേന്മകൂടിയുണ്ട് ക്ലബ് ഹൌസിന്...! 

'ക്ലബ് ഹൌസി'ൽ അംഗത്വമെടുത്താൽ എത്ര നേരം  എത്ര  വേണമെങ്കിലും,  ഒരു റൂം സൃഷ്ടിച്ചുകൊണ്ട് നിപുണതയുള്ള ഏത് വിഷയങ്ങളെ 
കുറിച്ചും സംസാരിച്ചു കൊണ്ടിരിക്കുവാനും ,മറ്റുള്ളവരെ ക്ഷണിതാക്കളായി കൊണ്ടുവന്ന് പരസ്പരം സംവദിക്കുവാനും ,ഒപ്പം തന്നെ ആയിരക്കണക്കിന് 
ശ്രോതാക്കളെ ഉൾക്കൊള്ളുവാനും പറ്റുന്ന  സൈബർ ഇടമാണിത് .

2020 മാർച്ചിലാണ് 'ക്ലബ് ഹൌസ്'  സ്ഥാപിതമായത്.
'ടെക് സ്റ്റാർട്ട് അപ്പ്' ലോകത്ത്  പ്രവർത്തിച്ചിരുന്ന  പോൾ ഡേവിസണും, രോഹൻ സേത്തും ചേർന്നാണ് ഈ പ്ലാറ്റ് ഫോം സ്ഥാപിച്ചത്.

'സോഷ്യൽ മീഡിയ സൈറ്റു'കളോടുള്ള കമ്പം കാരണം 2019- ന്റെ അവസാനത്തിൽ അവരുടെ  ഒരു പുതിയ ആപ്ലിക്കേഷൻ സ്ഥാപിക്കാനുള്ള അവസാന ശ്രമങ്ങൾ വിജയിച്ചുകൊണ്ടിരുന്നു .

അങ്ങനെ 'ഫാൾ 2019' ന്റെ  സ്ഥാപകരായ ഇവർ രണ്ടുപേരും  ചേർന്ന് ഒരു 'സോഷ്യൽ മീഡിയ സ്റ്റാർട്ടപ്പായി ഫാൾ  ടോക്ക് ഷൊ ' 
എന്ന പേരിൽ 'പോഡ്കാസ്റ്റു'കൾക്കായി ആദ്യം രൂപകൽപ്പന ചെയ്ത , ഈ ആപ്ലിക്കേഷൻ "ക്ലബ് ഹൌസ്" എന്ന് പുനർനാമകരണം ചെയ്യുകയും 
2020 മാർച്ചിൽ  'ഐഒഎസ് (iOS) ഓപ്പറേറ്റിംഗ് സിസ്റ്റ'ത്തിനായി ഔദ്യോഗികമായി പുറത്തിറക്കുകയും ചെയ്തു.  
വളർച്ച നിയന്ത്രിക്കാൻ തങ്ങളുടെ ടീമിന് കഴിയുമെന്ന് ഉറപ്പുവരുത്താൻ ഇത് ക്ഷണം മാത്രമാണെന്ന് ക്ലബ് ഹൌസ്  വ്യക്തമാക്കിയിരുന്നു.

ആ സമയത്ത് ലോകമെമ്പാടുമുണ്ടായ മഹാമാരിയായ കോവിഡ് -19 ന്റെ വല്ലാത്ത വ്യാപന വ്യാപ്തിയിൽ   അടച്ചുപൂട്ടലിന്റെ ആദ്യ മാസങ്ങളിൽ തന്നെ 
ഈ ആപ്പ്  നല്ല  ജനപ്രീതി നേടി മുന്നേറികൊണ്ടിരുന്നു . 
2020 ഡിസംബറോടെ 'ക്ലബ് ഹൌസ് എന്ന പുതിയ സോഷ്യൽ മീഡിയ 
സൈറ്റ് ,  6,00,000 പേർ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുമായി  ദിനം തോറും പ്രചുരപ്രചാരം നേടുകയായിരുന്നു .

ഇക്കൊല്ലം 2021 ജനുവരിയിൽ, ഈ ആപ്ലിക്കേഷന്റെ ആൻഡ്രോയ്‌ഡ് (Android ) പതിപ്പ്  കൂടെ  പ്രവർത്തിക്കാൻ ആരംഭിച്ചതോടുകൂടി, കമ്പനിയുടെ  
സി.ഇ.ഒ. പോൾ ഡേവിസൺ, ആപ്ലിക്കേഷന്റെ സജീവ പ്രതിവാര ഉപയോക്തക്കൾ  ഏകദേശം 20 ലക്ഷം വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രഖ്യാപിച്ചു. 
2021 ഫെബ്രുവരി 1 ന് ആഗോളതലത്തിൽ 3.5 ദശലക്ഷം ഡൗൺലോഡുകൾ 'ക്ലബ് ഹൌസി'നുണ്ടായിരുന്നു.
ഫെബ്രുവരി  പകുതിക്കിടയിൽ  ഇത് 8 ദശ ലക്ഷം ഡൗൺലോഡുകളായി അതിവേഗം വളർന്നു. 
ഈ അവസരത്തിൽ  സെലിബ്രിറ്റികളായ എലോൺ മസ്‌ക്, 
മാർക്ക് സുക്കർബർഗ് എന്നിങ്ങനെയുള്ളവർ  ഈ  സോഷ്യൽ  മീഡിയ സൈറ്റിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് ഇത്രയും  ജനപ്രീതി വർദ്ധിച്ചത്.
 

2021 ജനുവരി അവസാനം , ജർമ്മൻ 'പോഡ്കാസ്റ്റ് ഹോസ്റ്റു'കളായ 'ഫിലിപ്പ് ക്ലക്ന'റും 'ഫിലിപ്പ് ഗ്ലോക്ല'റും ഒരു 'ടെലിഗ്രാം ഗ്രൂപ്പി'ന് മുകളിലൂടെ ഒരു 'ക്ലബ് ഹൌസ്  ഇൻവിറ്റേഷൻ ചെയിൻ' 
ആരംഭിച്ചതു മുതൽ  ജർമ്മൻ സ്വാധീനം ചെലുത്തുന്നവരെയും, പത്രപ്രവർത്തകരെയും ,രാഷ്ട്രീയക്കാരെയും ഈ  പ്ലാറ്റ്‌ഫോമിലേക്ക് ആകർഷിപ്പിച്ചു കൊണ്ടുവന്നപ്പോൾ ഈ ആപ്പ്  ജർമ്മനിയിൽ 
വ്യാപകമായി ഉപയോഗിക്കപ്പെട്ടു .

ക്ലബ് ഹൌസ്  സൈറ്റ് പുറത്തിറങ്ങി ഒരു വർഷത്തിനുശേഷം, പ്രതിവാര സജീവ ഉപയോക്താക്കളുടെ എണ്ണം 10 ദശലക്ഷത്തിലധികം ആയിരുന്നു, എന്നാൽ ഫെബ്രുവരി 
അവസാനം മുതൽ മാർച്ച് ആദ്യം വരെയുള്ള മൂന്നാഴ്ചയ്ക്കുള്ളിൽ ഉപയോക്താക്കളുടെ എണ്ണം 21% കുറഞ്ഞതായി പറയുന്നു. ഈ ഇടിവിന് കാരണം ക്ഷണം വഴി മാത്രമേ 'ക്ലബ് ഹൌസ്  ആക്‌സസ്'
ചെയ്യാൻ കഴിയൂ എന്നതിലാണെന്ന് പറയുന്നു .

ഒരു പക്ഷെ ഈ പുത്തൻ ആപ്പ് വല്ലാതെ ഉയർന്ന് പൊന്തിയാൽ - 'ഈബെ'യിലും മറ്റും  ഇത്തരം  ക്ഷണ കോഡുകൾക്ക്  
ഡോളർ കണക്കിന് വില ഉയരുമെന്നും സോഷ്യൽ മീഡിയയിലെ പാണന്മാർ ഇപ്പോൾ പാടി  നടക്കുന്നുണ്ട് .


അതേസമയം 2021 മെയ് മാസത്തിൽ ആൻഡ്രോയിഡ് ഇഫക്റ്റോടു കൂടി  'ആൽഫ എക്സ്പ്ലോറേഷൻ കമ്പനിയിലെ പോൾ ഡേവിസണും, രോഹൻ സേത്തും ചേർന്ന് , 
ഈ സൈറ്റിനെ  അവരുടെ നല്ല ഉപയോക്ത അടിത്തറയുള്ളതും കൂടുതൽ പ്രേക്ഷകരെ പിന്തുണയ്‌ക്കാൻ പ്രാപ്‌തമാകുന്ന രീതിയിലും പരിഷ്‌ക്കരിക്കുകയും ചെയ്തു . 
ഭാവിയിൽ പൊതുജനങ്ങൾക്ക് അതിന്റെ പ്രവേശനക്ഷമത വർദ്ധിപ്പിക്കാനും ഇപ്പോൾ  'ക്ലബ്‌ ഹൌസ്' പദ്ധതിയിടുന്നു .

എന്തിന് ആരംഭിച്ച് ഒന്നര വർഷമാകുമ്പോഴേക്കും , ഈ ആപ്പ്  4 ബില്ല്യൺ ഡോളർ വിലമതിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നായി മാറിയിരിക്കുകയാണിപ്പോൾ . 
'ട്വിറ്റർ ' ഈയിടെ 4  ബില്ല്യൺ ഡോളറിന് ഇതുവാങ്ങുവാൻ 
മുട്ടി നോക്കിയെങ്കിലും ,സംഗതി മുട്ടത്തട്ടെത്തിയില്ല.
 
ആയിരക്കണക്കിന് ആളുകളുടെ ഗ്രൂപ്പുകളെ ഉൾക്കൊള്ളുന്ന 'വോയ്‌സ് ചാറ്റ് റൂമു'കളിൽ ഉപയോക്താക്കൾക്ക് ആശയവിനിമയം 
നടത്താൻ കഴിയുന്ന 'iOS, Android' എന്നിവയ്‌ക്കായുള്ള ഒരു ക്ഷണം മാത്രമുള്ള സോഷ്യൽ മീഡിയ അപ്ലിക്കേഷനാണ് ക്ലബ്‌ ഹൌസ് എന്ന 
വളർന്നു വരുന്ന ഏറ്റവും ആധുനിക സോഷ്യൽ മീഡിയ ഭീമൻ ...!

അതുപോലെ തന്നെ വ്യക്തമായ അനുമതിയില്ലാതെ 'ക്ലബ് ഹൌസി'ന്റെ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ റെക്കോർഡുചെയ്യുന്നതിനോ 
പകർ‌ത്തുന്നതിനോ പുനരുൽ‌പാദിപ്പിക്കുന്നതിനോ പങ്കിടുന്നതിനോ പറ്റില്ല എന്നൊരു സ്വകാര്യതയും ഈ ആപ്പിനുണ്ട്. ഇത് വിവാദത്തിന് കാരണമായിട്ടുണ്ട് .

പിന്നെ  ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ, 
വർഗ്ഗീയത എന്നിവ അപ്ലിക്കേഷനിൽ സംഭവിച്ചു 
എന്നതിന്റെ പേരിൽ  ഒമാൻ, ജോർദാൻ, ചൈന തുടങ്ങിയ 
രാജ്യങ്ങൾ ഈ ആപ്പിലേക്കുള്ള   ആക്‌സസ്സ് തടഞ്ഞു കൊണ്ട് 
അതിന്റെ ഉപയോഗം പൂർണ്ണമായും നിരോധിച്ചു എന്നതും ഒരു വസ്തുതയാണ് .


ഇപ്പോൾ കേൾക്കുന്നത് 
'ഫേസ്ബുക്ക്, ട്വിറ്റർ, ഡിസ്കോർഡ്, സ്പോട്ടിഫൈ, റെഡ്ഡിറ്റ്, സ്ലാക്ക്' തുടങ്ങിയ കമ്പനികൾ -
ക്ലബ് ഹൌസുമായി നേരിട്ട് മത്സരിക്കുന്നതിനായി ഇതിനോട് സമാനമായ പുതിയ ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുവാൻ പോകുന്നു എന്നതാണ്...! 


എന്തായാലും നിലവിലുള്ള   സോഷ്യൽ മീഡിയ തട്ടകങ്ങളിൽ , 
ഇനി കാണാൻ  പോകുന്ന പൂരം കണ്ടു തന്നെ നമുക്ക് അടുത്ത് തന്നെ അറിയാം ...!


പിന്നാമ്പുറം :-


അഞ്ചാറുമാസം മുമ്പ്  യു.കെയിലെ ആസ്ഥാന പൊട്ടന്മാരുടെ 
ആകാശത്തിന് താഴെയുള്ള എന്ത് വിഷയങ്ങളും ചർച്ചചെയ്യുന്ന 
ഒരു zoom ചർച്ചയിൽ club house നെ കുറിച്ച് വിലയിരുത്തിയ കാര്യങ്ങൾ .
 
1 ) ഇത് ഓൺ -ലൈൻ  ക്‌ളാസ്സുകൾ നടത്തുന്ന ഒരു വേദിയാണ്  
2 ) വെറുമൊരു ഡേറ്റിങ് സൈറ്റാണ് ഈ പുത്തൻ കുന്ത്രാണ്ടം 
3 ) കമ്പനി മേധാവികളും ,മറ്റു മത രാഷ്ട്രീയ നേതാക്കന്മാരും  അണികൾകൾക്ക് നിർദ്ദേശങ്ങൾ കൊടുക്കുന്ന 
ഒരു ഗ്രൂപ്പ് ചാറ്റ് ആപ്പ് എന്നൊക്കെയായിരുന്നു.😇 

എന്തായാലും നുമ്മ പ്രബുദ്ധരായ  മലയാളികളിൽ  
അധികം പേരും , അന്നൊക്കെ പ്രചാരത്തിലിലേക്ക് വന്നു
കൊണ്ടിരിക്കുന്ന 'ക്ലബ് ഹൌസി'ലേക്ക് എത്തിനോക്കില്ല 
എന്നായിരുന്നു കണ്ടെത്തിയത് ...😎

അന്നിതിന്  ഉദാഹരണമായി 'ലിങ്കിടിൻ ,പിൻറെസ്റ് ,ഡിസ്കോർഡ്, സ്പോട്ടിഫൈ, റെഡ്ഡിറ്റ്, സ്ലാക്ക്' മുതൽ വമ്പൻ സോഷ്യൽ മീഡിയ സൈറ്റുകളിലൊന്നും മലയാളി സാന്നിദ്ധ്യങ്ങൾ വിരളമാണെന്ന് ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു...👈

എന്തിന് പറയാൻ  
അന്നത്തെ ചർച്ചക്കാർ കൂടി ഇന്ന് 'ബ്രിട്ടനിലെ  പൊട്ടന്മാർ' 
എന്ന പേരിൽ ഒരു റൂം ,  'ക്ലബ് ഹൌസി'ൽ  തുറന്നപ്പോൾ 
അതിനുള്ളിലെ തിക്കും തിരക്കും കാരണം - ആ റൂം പൂട്ടി പോകുവാൻ വരെ പെടാപാട് പെടുകയായിരുന്നു ...! 😂


പിന്നെ 
ഒരാഴ്ച്ചയോളം ക്ലബ് ഹൌസിലെ വിവിധ റൂമുകളിലും ,
കൂട്ടായ്മകളിലും കയറിയിറങ്ങി മേഞ്ഞുനടന്നതിനാൽ സ്ഥിരം 
ദിനചര്യകൾ പോലെ നടത്താറുള്ള വായനയടക്കം എന്നും  കാണാറും കേൾക്കാറുമുള്ള ന്യൂസ് ചാനലുകൾ ,ഡോക്യുമെന്ററി സീരീസുകൾ , മറ്റു ഓ.ടി .പി പ്ലാറ്റ്ഫോമുകൾ - എന്നീയെല്ലാ  ദൃശ്യ ശ്രാവ്യമാധ്യമങ്ങളിൽ  നിന്നും അകന്നുനില്ക്കാനുള്ള ഒരു ആകർഷണം ഈ പുതിയ തട്ടകത്തിനുണ്ട് എന്നത് ഒരു വാസ്തവമാണെന്ന്   മനസ്സിലാക്കി .😋
 
പിന്നെ മറ്റുള്ള സോഷ്യൽ മീഡിയ  സെറ്റുകളിൽ 
അഭിരമിച്ചുകൊണ്ടിരുന്ന സമയത്താൽ എളുപ്പം കൂടുതൽ 
വിവരവിജ്ഞാനങ്ങൾ മനസ്സിലാക്കാമെന്നുള്ള  മേന്മയടക്കം ,എന്ത് വിഷയവും  തെരെഞ്ഞെടുത്ത് കേൾക്കണമെന്നുള്ള ഒരു ഗുണവും 
ക്ലബ് ഹൌസിനുള്ളിലുണ്ട് .😘

അതിനേക്കാളുപരി പരസ്പരം മിണ്ടിപ്പറയുന്നവർ 
തമ്മിലുള്ള ഒരു പ്രത്യേക  'ഇന്റിമസി' - മറ്റുള്ള സോഷ്യൽ മീഡിയ സൈറ്റുകളെക്കാൾ അപേക്ഷിച്ച്  ക്ലബ്ബ് ഹൌസിനുള്ളിൽ  കിട്ടുന്നു എന്ന സന്തോഷവും ഉണ്ട് .😍

ഒപ്പം തന്നെ ഇപ്പോഴുള്ള സോഷ്യൽ മീഡിയ സൈറ്റുകളിൽ 
വാഴുന്ന പല തലപ്പൊട്ടപ്പന്മാരെക്കാളും കഴിവും പ്രാപ്‌തിയും വിവരവുള്ള അനേകമനേകം യുവതലമുറക്കാരെ ഇവിടെ കാണാനും കേൾക്കാനും സാധിക്കുന്നു എന്നതിനാൽ , നമ്മുടെ  മലയാളി സമൂഹത്തെ ഓർത്ത് ഇപ്പോൾ വലിയ അഭിമാനം തോന്നുന്നുണ്ട് 💪 
  

Tuesday, 27 April 2021

മനാമയിലെ മമ കഥയിത് ഒരു തീരാക്കഥ ... ! / Manamayile Mama Kathayithu Oru Theerakkatha ...!

ഇപ്പോഴൊന്നും തീരാത്ത ഒരു പഴയ യഥാർത്ഥമായ സാങ്കല്പിക കഥയിലെ കഥാപാത്രങ്ങളായി നിറഞ്ഞാടുകയാണ് ഇപ്പോഴും ജീവിച്ചിരിക്കുന്ന ഇക്കഥയിലെ മിത്രങ്ങൾ .  
ലണ്ടനിലുള്ള 'കട്ടൻ കാപ്പിയും കൂട്ടായ്മ'യിലെ കുറച്ചു കൂട്ടുകാർ കൂടി 
ഒരു കഥ ചമച്ചുണ്ടാക്കി, ആയതിന്റെ പല വേർഷനുകളും നർമ്മ കഥയായും , അനുഭവങ്ങളായും , കവിതയായും, കാർട്ടൂണായും ,ട്രോളായുമൊക്കെ അവതരിപ്പിച്ചതിന്റെ  രൂപഭാവങ്ങളാണ് ഇവിടെ പകർത്തി വെക്കുന്നത് ...

മഹാമാരിയായ കോവിഡ് -19 ന്റെ താണ്ഡവത്തിൽ രണ്ട്  അടച്ചുപൂട്ടലുകൾക്ക് ശേഷം  ആയതിനുള്ള വാക്സിൻ കുത്തിവെയ്പ്പുകൾ ആരംഭിച്ചപ്പോൾ ലോക് ഡൗണുകൾ അയവുവരത്തിയപ്പോഴാണ് ,ഒട്ടും പ്രതീക്ഷിക്കാതെ ജനിത മാറ്റങ്ങളോടെ കൊറോണ വീണ്ടും ഇവിടങ്ങളിൽ നിറഞ്ഞാടി മരണങ്ങൾ കുതിച്ചുയർന്നത് .

അങ്ങനെ 2021 ജനുവരി മുതൽ മൂന്ന് മാസത്തെ മൂന്നാം അടച്ചുപൂട്ടലിൽ  ഏവരും അകപ്പെട്ടപ്പോൾ ഉണ്ടായ ഏക ആശ്വാസങ്ങൾ സോഷ്യൽ മീഡിയ തട്ടകങ്ങളും ,ടി.വി പ്രോഗ്രാമുകളും വായനകളും  മറ്റുമായി സമയം ചെലവഴിക്കുമ്പോൾ കിട്ടിയിരുന്ന സന്തോഷങ്ങളായിരുന്നു . എല്ലാ വിധത്തിലും  കോവിഡ് പ്രോട്ടോകളും പാലിച്ച് ഒതുങ്ങി കൂടിയ കാലഘട്ടത്തിന് ഈ മാസം തുടക്കം മുതൽ അയവുവന്നു .

ഈസ്റ്റർ ,വിഷു, റമ്ദാൻ മുതലായ ആഘോഷങ്ങളെല്ലാം വീണ്ടും കോവിഡ് കരുതലുകളോടെ തിരിച്ചു പിടിച്ച ആവേശത്തിൽ, അത്തരം സന്തോഷങ്ങൾ വരകളിലൂടെയും വരികളിലൂടെയും ഈ കൂട്ടായ്മയിലെ ചില മിത്രങ്ങൾ , ബഹറിനിലെ മനാമയിൽ വസിക്കുമ്പോൾ ഉണ്ടായ സംഗതികൾ ഇത്തിരി പൊടിപ്പും തൊങ്ങലും കലർത്തി  പങ്കുവെച്ചതിന്റെ അടയാളങ്ങളാണിവ .

ബിലാത്തിയിൽ വന്ന് കൂടണയും മുമ്പ് ഗൾഫ്  പ്രവാസികളായി ജീവിത മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അവസരങ്ങളിലുണ്ടായ ചില സംഭവവികാസങ്ങളെ കുറിച്ചാണ് കലാസാഹിത്യ പ്രിയരായ ഈ കൂട്ടുകാർ ഇവിടെ വന്ന് കഥയും കവിതയും മറ്റുമായി  കഥാപാത്രങ്ങളായി അവതരിച്ചത് .

മനാമയിലെ കാർ മോഷണം ' എന്ന മാത്യു ഡൊമിനിക്കിന്റെ നർമ്മ കഥയുടെ  ബാക്കിപത്രമായി ,ഞാനിവിടെ ആറാം ഭാഗമായി എഴുതിയിട്ട  മനാമയിൽ പനാമ വലിച്ചുനടന്നിരുന്ന ഗെഡികൾ എന്ന കുറിപ്പാണ് ആമുഖമായി ഇവിടെ ചേർക്കുന്നത് ...
മനാമയിലെ കാർ മോഷണം - ഭാഗം -6
ഒരു കൊറോള കാറിന്റെ മോഷണം മാത്രമല്ലയിത് , അന്ന് 'മനാമ'യിൽ 'പനാമ' വലിച്ച് നടന്നിരുന്ന ചില 'സോൾ ഗെഡി'കൾ, ഇന്ന് ആ കഥകളുടെ കെട്ടുകൾ 'റീവീൽ' ചെയ്യുന്ന സംഗതികളാണ് ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്... 
അന്ന് നാട്ടിൽ പ്രണയിനിമാരെ മയക്കുന്ന മായാജാലവും തരികിടയുമായി നടന്നിരുന്ന എന്നെ നല്ലനടപ്പിന് വേണ്ടിയായിരുന്നു മനാമയിലുള്ള അളിയന്റെ സൂപ്പർ മാർക്കറ്റിലേക്ക് എന്റെ വീട്ടുകാർ നാട് കടത്തിയത്...!
പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടെ പന്തം കൊളുത്തി
പട എന്ന പോലെയായി , ഞാൻ മനാമയിൽ കാല് കുത്തിയതിന് ശേഷമുള്ള അളിയന്റെയും പെങ്ങളുടെയും അവസ്ഥാ വിശേഷങ്ങൾ...
അതൊക്കെ പറഞ്ഞു വന്നാൽ വിഷയം മാറും , നമുക്ക് കഥയിലേക്ക് തന്നെ പോകാം ...

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച
കൊല്ലത്തിൽ തുടക്കം കുറിച്ച 'ബഹറിൻ കേരളീയ സമാജ'ത്തിൽ വെച്ചാണ് ഈ സംഭവ കഥയിലെ ഇപ്പോഴും ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളൊക്കെ എന്റെ ഗെഡീ വലയത്തിൽ അന്നകപ്പെട്ടത് .
കേരളീയ സമാജത്തിലെ കലാസാഹിത്യ വേദികളിൽ ആ കാലഘട്ടങ്ങളിൽ മനാമയിൽ വെച്ചു പരിചയപ്പെട്ട പല ഗെഡികളും ഗെഡിച്ചികളുമൊക്കെ ഓർമ്മയിൽ നിന്നും ഊർന്നു പോയെങ്കിലും , പിന്നീട് സോഷ്യൽ മീഡിയ തട്ടകകങ്ങൾ പ്രചുര പ്രചാരമായപ്പോൾ അവരിൽ പലരും നാട്ടിലും, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇരുന്നുകൊണ്ട് - ആ സൗഹൃദങ്ങൾ ഇപ്പോഴും പുതുക്കി കൊണ്ടിരിക്കാറുണ്ട്...
അവരിൽ ചിലരെല്ലാം അറിയപ്പെടുന്ന എഴുത്തുകാരും, ബ്ലോഗർമാരും ,യൂ-ട്യൂബ് വ്‌ളോഗർമാരും, സിനിമക്കാരുമൊക്കെയായി മാറി...!
എന്നോടൊപ്പം അന്ന് മനാമയിലുണ്ടായിരുന്ന ഇളമുറക്കാരനും ടിപ്പ് ചുള്ളനുമായിരുന്ന
Anish Abraham
, ബുദ്ധിരാക്ഷസനായിരുന്ന
Sam Thiruvathilil
, സിനിമാക്കാരനാകുവാൻ മോഹിച്ചു നടന്നിരുന്ന തിരക്കഥാകൃത്ത് ജോജി പോൾ എന്ന ജെ.പി, വരയിലും വരികളെഴുതുന്നതിലും കേമനായ റോയ് , ഭാവഗായകനും പ്രഭാഷകനുമായിരുന്ന
Ajith Paliath
, സകലകാലാവല്ലഭനായിരുന്ന കനേഷ്യസ് , കവിയും സംഗീതജ്ഞനുമായിരുന്ന പ്രിയവ്രതൻ , നർമ്മ കഥകളുടെ ആശാനായിരുന്ന മാത്യു ഡൊമിനിക് എന്നിങ്ങനെ രണ്ട് ഡസനോളം മനാമ മിത്രങ്ങൾ, ഇവിടെ 'യു.കെ'യിലേക്ക് കുടുംബ സമേധം പ്രവാസം പറിച്ചു നട്ടതിനാൽ ഇവരൊക്കെയുമായുള്ള സൗഹൃദം ഇപ്പോഴും വളരെ ദൃഢമായി തുടരുവാനുള്ള ഒരു സൗഭാഗ്യം കൂടി ഇപ്പോൾ കിട്ടികൊണ്ടിരിക്കുന്നു എന്നുള്ള ഒരു സന്തോഷം കൂടി ഇതിനോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്...


പ്രിയവ്രതൻ രണ്ടാം ഭാഗത്തിൽ പറഞ്ഞ പോലെ എല്ലാവർക്കും ഒഴിവ് കിട്ടുന്ന ഉയർത്തെഴുന്നേൽപ്പ് ദിനങ്ങളിൽ അളിയനോട് സല്ലുപറഞ്ഞു സമയമുണ്ടാക്കിയാണ് ഇവരോടോത്ത് ഒത്തുകൂടുവാൻ വേണ്ടി ഞാൻ സൂപ്പർ മാർക്കറ്റിൽ നിന്നും 'സ്‌കൂട്ടാ'യി ചാവക്കാട്ടുകാരൻ ഗഫൂറിക്കയുടെ കേരള കഫെയിൽ എത്തി ലാവിഷായ ഫുഡ്ഡടിക്ക് ശേഷം അന്നത്തെ പരിപാടികൾക്ക് സ്കെച്ചുണ്ടാക്കുക ...
സംഭവ ദിവസം അവിടെയെത്തിയപ്പോൾ കണ്ടുമുട്ടിയ കനേഷ്യസ് അടക്കം വേറെ രണ്ട് ഗെഡികളും കൂടി , ആ ദിനം എല്ലാവർക്കും അടിച്ചു പൊളിക്കുവാൻ ഒരു കുപ്പി സംഘടിപ്പിക്കുവാൻ വേണ്ടി മനാമ സൂക്കിലെ ഫിഷ് മാർക്കറ്റിലെ ഗോതുരുത്തിക്കാരൻ അബ്‌കാരി കോൺട്രാക്റ്റർ സൈമണെ കാണുവാൻ എന്നെ ആനയിച്ചു കൊണ്ട് പോയതിനാൽ കവിയുമായുള്ള ദർശനം അന്ന് നടന്നില്ല ... 
സ്വയംബൻ വാറ്റിയിട്ട് ഫ്രീസറിനുള്ളിൽ ലിറ്റർ ബോട്ടിലുകളിൽ രഹസ്യമായി സൂക്ഷിക്കുന്ന പാനീയം, അഞ്ചാറ് ഏട്ടത്തലകൾക്കിടയിൽ വളരെ ഭദ്രമായി തന്നെ കനേഷ്യസ് ഭായിയുടെ BMW വിന്റെ ബൂട്ടിൽ ഇടം പിടിച്ചു .

നല്ലൊരു കുക്ക് കൂടിയായ ഈ ആലപ്പുഴക്കാരന്റെ തലക്കറിയുടേയും കപ്പയുടേയും രുചിയോർത്ത് അന്ന് വൈകീട്ട് കാണാമെന്ന് പറഞ്ഞു പിരിഞ്ഞു...!

പിന്നീട് ഉണ്ടായ സംഭവ വികാസങ്ങളെല്ലാം പലരും ഇവിടെ പറഞ്ഞു കഴിഞ്ഞുവല്ലൊ...

അതിന് ശേഷം ഇനി മുതൽ നീ കാറോടിക്കരുത് എന്ന് പറഞ്ഞു , കനേഷ്യസിന്റെ 'ഡ്രൈവിങ് ലൈസൻസ്' വാങ്ങിവെച്ച് ,ആളുടെ BMW അറബി വില കൊടുത്ത് വാങ്ങി, ആളുടെ സ്ഥാപനത്തിൽ ജോലി കൊടുത്ത് പിന്നീടവിടത്തെ സൂപ്പർവൈസറാക്കി ...

അതിന് ശേഷം ഇതുവരെ കാഞ്ചി വണ്ടിയോടിച്ചിട്ടില്ല എന്നത് ഒരു പരമാർത്ഥമാണ് ..!
അക്കൊല്ലത്തെ ബഹറിൻ കേരളീയ സമാജം വാർഷിക പതിപ്പിൽ

കാർട്ടൂണിസ്റ്റും കഥാകാരനുമായ
Roy CJ
വരകളിലൂടെയും വരികളിലൂടെയും രസാവഹമായി 'ഒളുവിൽപ്പോയ കൊറോണ' എന്നൊരു കാർട്ടൂൺ ക്യാരിക്കേച്ചർ പകർത്തി പങ്കുവെച്ചു... !
കവിയും സംഗീതജ്ഞനുമായ
Priyavrathan Sathyavrathan
'കൊറോള കാറിന്റെ മോഷണ ചരിതം ഒരു വഞ്ചിപ്പാട്ട് ' എന്ന കവിതയെഴുതിയിട്ടു...!
സകലകലാ വല്ലഭനായ
Athipozhiyil Canatious
ഈ കവിതയെ ആസ്പദമാക്കി മനാമയിലെ ഓണ പരിപാടിക്ക് ഒരു ഓട്ടൻ തുള്ളൽ അവതരിപ്പിച്ചു...!
 
തിരക്കഥ ,നാടക രചയിതാവായ
JP Jojy Paul
ഒരു സ്‌കിറ്റെഴുതി സംവിധാനവും നടനവും ചെയ്‌ത്‌ അനീഷും അജിത്തും സാമും ഞാനുമൊക്കെയായി ഡൊമിനിക്കിനെ നായകനാക്കി ഒരു നാടകവും അവതരിപ്പിച്ചു...!
ഖുബ്ബൂസ് തിന്നു തിന്നു "ബുധൂസ്" ആയിപ്പോയ നർമ്മ കഥകളുടെ തലതൊട്ടപ്പനായ
Mathew Dominic
ന്,പിന്നീട് ഞങ്ങളെല്ലാവരും കൂടി 'കഴുതപ്പുറം' എന്ന തൂലിക നാമം ചാർത്തി കൊടുത്തു...!
പിന്നീട് ഈ കഥാപാത്രങ്ങളെല്ലാം ബിലാത്തിയിൽ എത്തിച്ചേർന്നു.
ഇത്രകാലം കഴിഞ്ഞിട്ടും ; കൊറോളക്ക് പകരം കൊറോണ വന്നിട്ടും , ഈ കഥ ഇവിടെയൊന്നും തീരുന്നില്ലല്ലൊ എന്നത് തന്നെയാണ് ഇക്കഥയുടെ ഏറ്റവും വലിയ ഗുട്ടൻസ് ..

ഈ മാസം ഏപ്രിൽ 12 ന് തുടക്കം കുറിച്ച് മാസാവസാനം വരെയുള്ള ഇക്കഥയുടെ കാഴ്ച്ചവട്ടങ്ങളുടെ ലിങ്കുകളാണ് താഴെയുള്ളത് ...
ഭാഗം -1 ,എന്റെ കാർ മോഷ്ടിച്ചു കടന്ന അറബി

 

 

 

 


 

 

 

             (priyathamam.blogspot.com/2021 )

 

 

 

 

 

 Wednesday, 31 March 2021

മനസ്സിനെ മരവിപ്പിക്കുന്ന   മരണങ്ങൾ ...! / Manassine Maravippikkunna Marananangal ...!

അടുത്തകാലങ്ങളിൽ അനേകം ബന്ധു മിത്രങ്ങളാണ് ഒട്ടും പ്രതീക്ഷിക്കാതെ ആഗ്രഹങ്ങൾ മുഴുവൻ പൂർത്തിയാക്കാതെ പലതും ബാക്കിയാക്കി അവരുടെ ജീവിതത്തിൽ വിട പറഞ്ഞു പോയത്...!

വേണ്ടപ്പെട്ടവരുടെ മരണമുണ്ടാക്കുന്ന വേദനകളെ പറഞ്ഞു ഫലിപ്പിക്കാന്‍ അസാധ്യമാണെങ്കിലും , ചില വേര്‍പാടുകള്‍ മുറിവുകളായി എക്കാലത്തും നമ്മെ  പിന്തുടർന്നുകൊണ്ടിരിക്കും എന്നത് ഒരു വാസ്തവമാണ് ...
അടുത്തകാലം വരെ നമ്മുടെ ജീവിത വീഥികളിൽ താങ്ങും തണലുമായി ഒപ്പം സഞ്ചരിച്ചിരുന്ന ചിലരൊന്നും ഇപ്പോൾ നമ്മോടൊപ്പം ഇല്ലാ എന്നുള്ള യാഥാർത്ഥ്യം മനസ്സിലാക്കുമ്പോഴാണ് അവരുടെ വേർപ്പാട് ഒരു തീരാനഷ്ട്ടമാണെന്ന് നാം തിരിച്ചറിയുക ...!
പ്രിയപ്പെട്ടവരുടെ ഓരൊ  മരണങ്ങളും ഒരു തരത്തിലല്ലെങ്കിൽ  വേറൊരു തരത്തിൽ ചില ആഘാതങ്ങളൊ പ്രതികാരങ്ങളൊ ആണെന്ന് വേണമെങ്കിൽ പറയാം...  

ജീവിച്ചിരുന്നപ്പോൾ അവർ നമുക്ക് നൽകിയ സന്തോഷങ്ങൾക്കും  
മറ്റു ഇടപെടലുകൾക്കും പകരം നമ്മെ  വല്ലാതെ നൊമ്പരപ്പെടുത്തുന്ന കരയിപ്പിക്കുന്ന പ്രതികാരങ്ങൾ ...

മരണത്തിന്റെ ഈ അപ്രവചനീയത ഏവർക്കും അറിയാമെങ്കിലും സ്വന്തം  ജീവിതത്തെ കുറിച്ചുള്ള ധാരാളം  ആസക്തികള്‍  പൂർത്തീകരിക്കുവാൻ വേണ്ടി നെട്ടോട്ടമോടുന്നതിനിടയിൽ ആരും തന്നെ  അത്ര ഗൗനിക്കാത്ത 
ഒരു സംഗതിയാണ്  'ഇന്നു ഞാന്‍ നാളെ നീ' എന്ന് പ്രഖ്യാപിച്ച് ഓരോ മരണങ്ങളും ചൂണ്ടിക്കാണിക്കുന്ന വസ്തുതകൾ ...

കാലങ്ങൾക്ക് മുമ്പ് ബാല്യകാല മിത്രങ്ങളായിരുന്ന നസീമയും, ജെയിസനുമടക്കം പിന്നീട് അടുത്ത മിത്ര വലയത്തിൽ ഉണ്ടായിരുന്ന ഒന്നിച്ച് വഞ്ചി തുഴയുമ്പോൾ  മുങ്ങിമരിച്ച എ.ബി.സുരേഷും ,വാട്ടർ അതോറട്ടിയിൽ ജോലിയുണ്ടായിരുന്ന കെ.വി .സുരേഷും, വല്യച്ഛന്റെ മകൻ ഉണ്ണിമോൻ ചേട്ടനും,  അച്ഛനുമൊക്കെ അവിചാരിതമായി മരണത്തിന് വിധേയരായെങ്കിലും അവരൊക്കെ ഇന്നും  സ്മരണകളിൽ നിറഞ്ഞു നില്ക്കുന്നവരാണ് ...

മുൻ വർഷങ്ങളിൽ ഒട്ടും നിനച്ചിരിക്കാതെ ധാരാളം ഉറ്റബന്ധുക്കളടക്കം , അടുത്തമിത്രങ്ങളായ  KSEB യിൽ അസി .എക്‌സി .എഞ്ചിനീയറായിരുന്ന പി.വി .പ്രദീപും , വെറ്റിനറി ഡോക്ട്ടറായിരുന്ന ഡോ .സുനിൽ കുമാർ  ജോലിസ്ഥലങ്ങളിൽ വെച്ച് തന്നെ മരണത്തിന് കീഴടങ്ങിയ ആഘാതങ്ങൾ ഇപ്പോഴും വിട്ടുമാറിയിട്ടില്ല ...!
 
എത്രയെത്ര മരണങ്ങളെയാണ് നാം ദിനംപ്രതി പല തരത്തിലും കണ്ടും കേട്ടും  അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് . 
ഇതൊക്കെ കാണുമ്പോഴാണ് ഇത്രയൊക്കെയേയുള്ളു മാനവ  ജീവിതം എന്ന് മനസ്സിലാക്കി,സഫലീകരിക്കാത്ത പല ആഗ്രങ്ങളും  ഏവരും  കൈയെത്തിപ്പിടിക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നുള്ള വിരോധോപാസവും കണ്ടുകൊണ്ടിരിക്കുന്നത് ...

എന്നെ സംബന്ധിച്ചിടത്തോളം അമ്മയുടെ മരണവും , അതിനു  പിന്നാലെ നാട്ടിലെ  ഒപ്പം കളിച്ചു വളർന്ന ആത്മ മിത്രങ്ങളായ അശോകനും , എം .ബി .സുരേഷും ആകസ്മികമായി കാല യവനികക്കുള്ളിലേക്ക് മടങ്ങിപ്പോയപ്പോൾ മുതൽ ആരംഭിച്ച  നിരാശകൾ പിന്നെയും തുടർന്നുകൊണ്ടിരിക്കുകയാണ് .
!
ഈ സങ്കടങ്ങൾക്ക്  ആഴം കൂട്ടുവാനാണ് കോവിഡ് -19 എന്നൊരു കുതിരപ്പുറത്തേറി ഒരു കൊറോണയെന്ന പരമാണു അശ്വമേധം നടത്തി ലോകം മുഴുവൻ മരണ വല വീശിയെറിഞ്ഞുകൊണ്ട് പല ദേശക്കാരെയും അതിനുള്ളിൽ അകപ്പെടുത്തിയത് ...!

ഈ കാണാമറയത്ത് വസിക്കുന്ന വൈറസിന്റെ ജൈത്ര യാത്രയിൽ  അകപ്പെട്ട് എന്നും ചുറ്റും കണ്ടുകൊണ്ടിരിക്കുന്ന പല മുഖങ്ങളും ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകുന്നതും , ബാക്കിയുള്ളവർ അതിജീവനത്തിന്  വേണ്ടി പുതിയ സഞ്ചാര പഥങ്ങൾ താണ്ടി അനേകം യാതനകളിലൂടെ ഇനിയുള്ള ജീവിതം  മുന്നോട്ട് കൊണ്ടുപോകുവാൻ നടത്തുന്ന ബദ്ധപ്പാടുകളുമാണ്  ഇപ്പോൾ എന്നുമെങ്ങും കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥാ വിശേഷങ്ങൾ ...

ലണ്ടനിലുണ്ടായിരുന്ന സമപ്രായക്കാരനും ഉറ്റമിത്രവുമായ   
രാജീവ് ഉണ്ണിത്താന്റെ ദേഹ വിയോഗവും , എനിക്കും കുടുംബത്തിനും ലണ്ടനിലെത്തി ഇവിടെ നങ്കൂരമിടുവാൻ ഏറെ സഹായിച്ച മോഹൻ ചേട്ടനും  കൊറോണ വന്നു മരണപ്പെട്ടതും എന്നെ വീണ്ടും ദുഃഖ കയത്തിൽ ആഴ്ത്തി...
വേണ്ടപ്പെട്ടവരുടെ മരണമുണ്ടാക്കുന്ന വേദനകളെ പറഞ്ഞു ഫലിപ്പിക്കാന്‍ അസാധ്യമാണെങ്കിലും , ചില വേര്‍പ്പാടുകൾ മുറിവുകളായി എക്കാലത്തും നമ്മെ  പിന്തുടർന്നുകൊണ്ടിരിക്കും എന്നത് ഒരു വാസ്തവമാണ് ...

അടുത്ത കാലം വരെ നമ്മുടെ ജീവിത വീഥികളിൽ താങ്ങും തണലുമായി ഒപ്പം സഞ്ചരിച്ചിരുന്ന ചിലരൊന്നും ഇപ്പോൾ നമ്മോടൊപ്പം ഇല്ലാ എന്നുള്ള യാഥാർത്ഥ്യം മനസ്സിലാക്കുമ്പോഴാണ് അവരുടെ വേർപ്പാട് ഒരു തീരാനഷ്ട്ടമാണെന്ന് നാം തിരിച്ചറിയുക ...!

പോരത്തത്തതിന് എല്ലാ മലയാളികൾക്കും സ്നേഹവും സഹായവും നൽകി ഇത്ര നാളും നമ്മളോടൊപ്പം ഉണ്ടായിരുന്ന നാട്ടുകാരനായിരുന്ന, ലണ്ടൻ ഇന്ത്യൻ എംബസ്സിയിൽ ജോലിക്കാരനായിരുന്ന ഹരിയേട്ടനും ഈയിടെ അവിചാരിതമായി ഓർമ്മയിലേക്ക് മറഞ്ഞതോടെ ഇത്തരം സങ്കടങ്ങൾ വർദ്ധിച്ചു വർദ്ധിച്ചു വരികയാണ്...
യുകെ മലയാളികൾ എന്നും ആദരവോടെ പറഞ്ഞുകൊണ്ടിരുന്ന പേരായിരുന്നു തെക്കുംമുറി ഹരിദാസ് എന്ന ഹരിയേട്ടൻ . പതിറ്റാണ്ടുകൾക്ക് മുമ്പ് ഗുരുവായൂരിൽ നിന്നും ഉന്നത പഠനത്തിനെത്തി ,പിന്നീട് 'ലണ്ടൻ ഭാരത കാര്യാലയ'ത്തിൽ ഉദ്യോഗസ്ഥനായും ,അതോടൊപ്പം മലയാളികളുടെ ഭക്ഷണ രുചികളുടെ സ്ഥാപനങ്ങൾ ലണ്ടൻകാർക്ക് പരിചയപ്പെടുത്തിയും ഹരിയേട്ടൻ ഏവർക്കും പ്രിയപ്പെട്ടവനായി തീർന്നു
അദ്ദേഹത്തെ പരിചയപ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെയായിരുന്നു ഹരിയേട്ടൻ . എന്നും പുഞ്ചിരിയും സൗമ്യതയും മുഖമുദ്രയായുള്ള വ്യക്തിത്വത്തിനുടമയായ ഹരിയേട്ടൻ മലയാളികൾക്ക് വേണ്ടി ഏത് പ്രതിസന്ധിഘട്ടങ്ങളിലും പരിഹാരം കണ്ടത്തുവാൻ മലയാളി സമൂഹത്തിന് മുന്നിൽ മുമ്പന്തിയിൽ അണിനിരന്നിരുന്ന ഒരാളായിരുന്നു .
ഓരോരുത്തരും ജനിച്ചു വീഴുമ്പോൾ തന്നെ മരണത്തിന്റെ 'മാട്രിമോണിയ'യിൽ പേര് റെജിസ്റ്റർ ചെയ്‌താണ്‌ വരുന്നതെങ്കിലും , മരണമാല്യം അണിയുവാൻ യോഗം സിദ്ധിക്കുന്നത് ഒരു കല്യാണ യോഗം പോലെയാണെന്നും വേണമെങ്കിൽ പറയാം ...!

ഒപ്പം തന്നെ സോഷ്യൽ മീഡിയ വഴി മിത്ര കൂട്ടായ്മയിൽ ഇടം പിടിച്ചവർ പെട്ടെന്നൊരു ദിവസം ഇല്ലാതായി തീരുന്നതും എന്റെ മനസ്സിൽ വല്ലാത്ത നൊമ്പരങ്ങൾ സൃഷിട്ടിച്ചു കൊണ്ടിരിക്കുകയാണ് .

അവസാനം ഒന്നിച്ചു പഠിച്ച് വളർന്ന ഉത്തമ മിത്രമായിരുന്ന
അനിൽ തമ്പിയും ഈയിടെ ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തോട് വിട പറഞ്ഞു പോയിരിക്കുന്നു ...😰
ചെറുപ്പം മുതൽ രണ്ടാഴ്ച മുമ്പ് 'കോവിഡ്' വന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കും വരെ അനിൽ തമ്പി കണിമംഗലത്തെയും പരിസര പ്രദേശങ്ങളിലെയും എല്ലാ സ്പന്ദനങ്ങളിലും നിറ സാന്നിധ്യമായി തുടിച്ചു നിന്നവനായിരുന്നു അനിൽ...
അമിതാഹാരം , പുകവലി , മദ്യപാനം
മുതൽ യാതൊരു വിധ ദുശ്ശീലങ്ങളും, രോഗങ്ങളും ഇല്ലാതെ സ്ഥിരം ശരീര വ്യായാമങ്ങളും, യോഗയും അനുഷ്ഠിച്ചു ഏവർക്കും മാതൃകയായി ജീവിത രീതികൾ പുലർത്തുന്ന അനിലിന്റെ ജീവനെ 'കോവിഡ്' വന്ന് മല്ലയുദ്ധത്തിൽ കീഴടക്കി കൊണ്ടു പോകുമെന്ന് ആരും തന്നെ കരുതിയിരുന്നതല്ല...

നല്ല മനുഷ്യർക്ക് ആയുർദൈർഘ്യം
കുറയും എന്നാണല്ലോ പറയുക...!

ആരോഗ്യ ദൃഢഗാത്രരും പരിചയക്കാരും ബന്ധു മിത്രങ്ങളുമായ എത്രയെത്ര ആളുകളെയാണ്  ഒന്ന് യാത്ര പറയാൻ പോലും അനുവദിക്കാതെ ഈ കൊറോണക്കാലത്ത് മരണം വന്നു വിളിച്ചു കൊണ്ട് പോയത് ...!

അതെ അത്യാഹിതത്തിൽ പെട്ടും യോഗമായും രോഗമായും വിധിയായും 
എല്ലാ മനുഷ്യരും ഒരു നിശ്ചിത ദിവസം വരെ ജീവിച്ച്, പിന്നെ അനിവാര്യമായും മരണം വരിക്കും എന്ന അടിസ്ഥാന തത്വത്തെ മറിക്കടക്കുവാൻ ഇതുവരെ ഒരു ദൈവത്തിനും, ശാസ്ത്രത്തിനും സാധിച്ചിട്ടില്ല എന്നത് തന്നെയാണ് സത്യം ...!

എത്ര വേണ്ടപ്പെട്ടവരുടെ വിയോഗങ്ങളും കുറച്ചു ദിനങ്ങൾ മാത്രമേ  നാം ഓരോരുത്തരെയും മാനസികമായി വേട്ടയാടുകയുള്ളുവെങ്കിലും, ആയതെല്ലാം ഒരു തീരാ നൊമ്പരമായിയി സ്മരണകളുടെ അടിത്തട്ടിൽ എന്നും  അടിഞ്ഞു കിടക്കും ...!

ഇവിടെ ചേർത്തിട്ടുള്ള പടങ്ങളിൽ എന്നോടൊപ്പം കാണുന്നവരിൽ ചിലർ ഇനിമേൽ  എന്റെ  ജീവിത യാത്രയിൽ ഞാൻ പടമാവുന്നത് വരെ നേരിട്ട് കണ്ടുമുട്ടുവാൻ സാധിക്കാത്തവരാണ് ...!
ഏതൊ ഒരു ലോകത്തിൽ അവരുടെ സമീപത്ത് ഒരു ഇരിപ്പിടം തയ്യാറാക്കി വെച്ച് ഊഴമനുസരിച്ച് വരുന്ന ഞങ്ങൾ കൂട്ടുകാരെ വരവേൽക്കുവാൻ അവർ അവിടെ കാത്തിരിക്കുകയാണ് ...!
 
ജനനവും മരണവും തമ്മിലുള്ള ഇടവേള മാത്രമാണ് 
ജീവിതം എന്നാണ് എല്ലാ ഇതിഹാസ ചരിതങ്ങളും വ്യക്തമാക്കുന്നത് . 

വൈവിദ്ധ്യമാര്‍ന്ന പ്രപഞ്ചത്തില്‍ പഠിച്ചു വളർന്നു മുന്നോട്ട് ഒഴുകികൊണ്ടിരിക്കുന്ന ജീവിതാവസ്ഥ  സുഖദുഃഖ സമ്മിശ്രമാണ്.അതുകൊണ്ട് ജീവിതമല്ല ജീവിയെ ഭയപ്പെടുത്തുന്നത്, അത് മരണമാണ്... 

കാല ഭേദങ്ങളും ജരാനരകളുമെല്ലാം അപ്രതീക്ഷിതങ്ങളല്ല. കാലങ്ങളിലൂടെ നാം സംഭരിച്ച ഊര്‍ജ്ജം, ഒരു പ്രായമെത്തുമ്പോള്‍ ചോര്‍ന്നു പോകാന്‍ ആരംഭിയ്ക്കുന്നു...

വഷളാകുന്ന ആരോഗ്യം, വേദനകളും ചലനക്കുറവും സമ്മാനിക്കുന്നു. ഇത്തരം കാര്യങ്ങളെ  ഒളിപ്പിച്ചു നിര്‍ത്താനാണ് മനസ്സ് വെമ്പല്‍ കൊള്ളുക , ഒപ്പം മരണത്തേയും. 

ഒരു  ജീവിയുടെ എല്ലാ ഭയങ്ങളുടേയും ഉത്ഭവവും വളര്‍ച്ചയും മരണ ഭയത്തില്‍ നിന്നും ഉടലെടുക്കുന്നു എന്ന കാരണത്താലാണത് സംഭവിക്കുന്നത് ...

ഒരു പക്ഷെ വേദ വിശ്വാസങ്ങളായ ”ദേഹം, ദേഹി, ആത്മാവ് ഇവയെപ്പറ്റി ശരിയായ ധാരണ ലഭിച്ചാല്‍ ‘മരണഭയം’ അകറ്റാന്‍ സാധിച്ചേക്കും. 

മരണത്തെപ്പറ്റിയും അതുകഴിഞ്ഞ് എന്ത് എന്നതിനെപ്പറ്റിയുമുള്ള  അറിവുകള്‍ മതങ്ങള്‍ പകര്‍ന്നു തന്നിട്ടുള്ളവ  മാത്രമാണ് - അത് ആപേക്ഷികമായി ഭയവും, ഒപ്പം ധൈര്യവും നൽകി മത/ വിശ്വാസങ്ങൾ പ്രകാരം അവരവരുടെ ജീവിതത്തെ സ്വാധീനിക്കുന്നു...

എന്നിരുന്നാലും  ജീവിതമെന്ന രംഗമണ്ഡപത്തിൽ ഒട്ടും  അവസരബോധമില്ലാതെ രംഗ പ്രവേശം നടത്തുന്ന  'ക്‌ളൈമാക്‌സി'ലെ ഒരു  പ്രധാന കഥാപാത്രമാണ് മരണം...!

എങ്കിലും മരണം അവശേഷിപ്പിയ്ക്കുന്നത് ഉത്തരമില്ലാതെ അനേക ചോദ്യങ്ങൾക്കൊപ്പം  ജീവിതത്തെ എന്നും അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത് ഇത്തരം  യാദൃശ്ചികതകളും,ആകസ്മികതകളും തന്നെയാണ്...

മരിച്ചുകഴിഞ്ഞാൽ ജീവിതം ഉണ്ടോ എന്നതല്ല യഥാർത്ഥ വസ്‌തുത , മരിക്കുന്നതിന്  മുമ്പ് നാം നന്നായി ജീവിച്ചിരുന്നൊ എന്നതാണ്  .

അതിനാൽ ഇത്രനാളും നാം മരിക്കാതെ  തന്നെ എല്ലാ വൈതരണികളും മറികടന്ന്  ജീവിച്ചിരിക്കുന്നു  എന്നതിലാണ് അത്ഭുതപ്പെടേണ്ടത്  ...!


ഗുണദോഷമിശ്രിതമായ ഒരു കൊറോണക്കാലം @ ലണ്ടൻ ...! / Gunadoshamishrithamaaya Oru Coronakkaalam @ London ...!

ഒരു ഗുണദോഷമിശ്രിത മായിരുന്ന  കൊറോണക്കാലമായിരുന്നു  എന്നെ സംബന്ധിച്ചിടത്തോളം ഇതുവരെ കഴിഞ്ഞു പോയത് .  അടച്ചുപൂട്ടി വീട്ടിൽ ഇരുന്നും കോവിഡിനെതി...