Monday 31 May 2021

'ക്ലബ് ഹൌസ് ' ഒരു പുത്തൻ സോഷ്യൽ മീഡിയ തട്ടകം

ഇന്നാണ് ഇപ്പോൾ ലോകം മുഴുവൻ പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുന്ന ക്ലബ് ഹൌസിൽ ,പ്രിയവ്രതൻ ഭായിയുടെ ക്ഷണം കിട്ടി കയറി നോക്കിയത് . 

ആദ്യം മർക്കടന്റെ  കൈയിൽ പൊളിയാതേങ്ങ കിട്ടിയതുപോലെയായി ഇതുനുള്ളിൽ കയറിനോക്കിയപ്പോൾ എന്റെ സ്ഥിതി വിശേഷം ...!

എന്തയാലും കയറിപ്പോയില്ലേ അപ്പോൾ ഈ ക്ലബ്ബിലെ കളികൾ  ശരിക്കും കണ്ടൊ, കൊണ്ടോ അറിയാമെന്ന് കരുതി - ഇതിന്റെ ചരിതങ്ങടക്കം അല്പസ്വല്പം സംഗതികൾ 'ഇന്റർനെറ്റി'ൽ പരതി നോക്കിയപ്പോൾ കിട്ടിയ കാര്യങ്ങളാണ് വിവരിക്കുന്നത് . 

കഴിഞ്ഞവർഷം ഇതേ സമയങ്ങളിലാണ് ഇന്റർനെറ്റ് ഇടങ്ങളിൽ പടിഞ്ഞാറൻ നാടുകളിലെ ആളുകൾ ഈ പുതിയ 'സോഷ്യൽ മീഡിയ സൈറ്റി'ലേക്ക് ആകർഷിക്കപ്പെട്ടുതുടങ്ങിയത് . 

ആ സമയത്ത്‌ ലോകം മുഴുവൻ നടപ്പാക്കിയ ലോക്ക് ഡൗണിൽ അവരവരുടെ ഇടങ്ങളിൽ ഒറ്റപ്പെട്ടിരിക്കുമ്പോൾ അനേകം പേരുമായി കുശലം പറയുവാനും, അറിവുകൾ പങ്കുവെക്കുവാനും , നേരം പോക്കിനുമൊക്കെയായി ഈ ക്ലബ്ബ് ഹൌസ് അനേകായിരം പേർക്ക് - അന്നേവർക്കുമുണ്ടായിരുന്ന മാനസിക സംഘർഷങ്ങൾക്കും പിരിമുറുക്കങ്ങൾക്കും അയവുവരുത്തുവാൻ വളരെ സഹായമായ ഒരു സോഷ്യൽ മീഡിയ തട്ടകമെന്ന നിലയിലാണ് കൊറോണയെ പോലെ തന്നെ ഇതും ആഗോളപരമായി പടർന്ന് പന്തലിച്ചത്  ...!

അക്ഷരങ്ങളും വാചകങ്ങളുമൊക്കെ പേനകൊണ്ടൊ പെൻസിലുപയോഗിച്ചോ എഴുതുന്ന സംഗതികൾക്കെല്ലാം വിരാമം കുറിച്ചുകൊണ്ട് , 'ടൈപ്പിങ് കീ പാഡു'കൾ  പ്രചുരപ്രചാരം വന്നിട്ട്  ഒരു ദശകം പിന്നിട്ടിട്ടില്ല എന്നത് ഏവർക്കും അറിയാം .

പക്ഷെ ഇതുക്കുംമേലെയായി അക്ഷരങ്ങളൊ വാക്കുകളോ വായ് കൊണ്ട് പറഞ്ഞു കൊടുത്താൽ 
എഴുതുന്നതും ,ആയവയൊക്കെ നമ്മെ വായിച്ചു കേൾപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ആധുനിക 
'ഡിജിറ്റൽ ഡിവൈസു'കളുള്ള വിവര സാങ്കേതികത മേന്മയുള്ള ഒരു സൈബർ ലോകത്തേക്കാണ്  നാം ഇപ്പോൾ 
അടിവെച്ചടിവെച്ച് മുന്നേറികൊണ്ടിരിക്കുന്നത് ...!

അതായത് എഴുതാനും വായിക്കുവാനും മിനക്കെടുത്തുന്ന സമയത്തിന്റെ നാലിലൊന്ന് സമയം കൊണ്ട് 
ശബ്ദ തരംഗങ്ങളും , ശബ്ദ ശ്രേണികളും ഉപയോഗപ്പെടുത്തി ഇവയെല്ലാം പ്രാപ്തമാക്കുന്ന ആപ്ലിക്കേഷനുകളോടെയുള്ള 
പുതുപുത്തൻ ആശയവിനിമയ സംവിധാനങ്ങൾ ഇപ്പോൾ പ്രാബല്യത്തിലായിക്കൊണ്ടിരിക്കുകയാണ് .

ഇന്ന് ഇത്തരത്തിലുള്ള ഇന്റർനെറ്റ് വഴിയുള്ള അനേകം ദൃശ്യശ്രവ്യ  പ്ലാറ്റ്‌ഫോമുകൾ  (Podcast platforms & App ) ആഗോളതലത്തിൽ  നിലവിൽ വന്നിട്ടുണ്ടെങ്കിലും , നാം  മലയാളികളിൽ  വളരെ കുറച്ച് ആളുകൾ മാത്രമെ ഇത്തരം തട്ടകങ്ങളെ അവരുടെ ആത്മാവിഷ്കാരങ്ങൾ പങ്കുവെക്കുവാൻ തെരെഞ്ഞെടുത്തിട്ടുള്ളൂ.
അത്തരത്തിൽപ്പെട്ട എഴുത്തും വായനയും വീഡിയോയുമൊന്നുമില്ലാതെ ഓഡിയോ ശബ്ദങ്ങൾ  മാത്രം പ്രാപ്തമാക്കാവുന്ന തീർത്തും നവീനമായ ഒരു വിവര വിജ്ഞാന വിനോദോപാധി തട്ടകമാണ് ഇത് ...!

ഈ 'ക്ലബ് ഹൌസി'ൽ അംഗത്വമെടുത്താൽ ഏത്ര നേരം  എത്ര  വേണമെങ്കിലും,  ഒരു റൂം സൃഷ്ടിച്ചുകൊണ്ട് നിപുണതയുള്ള ഏത് വിഷയങ്ങളെ കുറിച്ചും സംസാരിച്ചു കൊണ്ടിരിക്കുവാനും ,മറ്റുള്ളവരെ ക്ഷണിതാക്കളായി കൊണ്ടുവന്ന് പരസ്പരം സംവദിക്കുവാനും ,ഒപ്പം തന്നെ ആയിരക്കണക്കിന് ശ്രോതാക്കളെ ഉൾക്കൊള്ളുവാനും പറ്റുന്ന  സൈബർ ഇടമാണിത് .

ചുരുക്കത്തിൽ പറഞ്ഞാൽ  വെറും 'ഓഡിയോ' അടിസ്ഥാനമാക്കിയുള്ള ഒരു 'സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ക്ലബ്‌ ഹൌസ്'. 
കമ്പനി  സ്വയം വിശേഷിപ്പിക്കുന്നത് പോലെ "ശബ്ദത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ തരം സാമൂഹിക ഉൽ‌പ്പന്നം . 

എല്ലായിടത്തിരുന്നും  ആളുകളെ സംസാരിക്കാനും , കഥകൾ പറയാനും , കവിതകൾ / പാട്ടുകൾ പാടാനും , വിവിധ   ആശയങ്ങൾ 
വികസിപ്പിക്കാനും , പ്രചരിപ്പിക്കുവാനും ,സൗഹൃദങ്ങൾ വർദ്ധിപ്പിക്കാനും ലോകമെമ്പാടുമുള്ള രസകരമായ പുതിയ ആളുകളെ കണ്ടുമുട്ടാനും 
അനുവദിക്കുന്ന വെറും 'മൊബൈൽ നമ്പർ' മാത്രം ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്ന ഒരു പുതുപുത്തൻ സോഷ്യൽ മീഡിയ സൈറ്റ് ...!  

ഒരാഴ്ച്ചയിൽ മേലെയായി ലോകത്താകമാനമുള്ള മലയാളികൾ 
കൂട്ടത്തോടെ ചേക്കേറികൊണ്ടിരിക്കുന്ന  ഒരു പുതുപുത്തൻ  സോഷ്യൽ മീഡിയ തട്ടകമാണ് ഈ ' ക്ലബ്ബ് ഹൌസ് ഡ്രോപ് -ഇൻ- ഓഡിയൊ... ( Clubhouse_wiki )' . 

സംസാരിക്കുന്നതിലൂടെയും കേൾക്കുന്നതിലൂടെയും മാത്രം 'ഓഡിയോ ആപ്ലിക്കേഷൻ' മുഖാന്തിരം 
തത്സമയ സംഭാഷണങ്ങൾക്കും, ചർച്ചകൾക്കും , മീറ്റിങ്ങുകൾക്കും  'ഓൺ-ലൈനാ'യി പങ്കെടുക്കാവുന്ന  
ഒരു വിനോദ വിജ്ഞാന  വേദിയായ  'ക്ലബ് ഹൌസി'ലേക്ക് ഇപ്പോൾ മലയാളികൾ ഇടിച്ചിടിച്ച് കയറി കൊണ്ടിരിക്കുകയാണ് .

ഈ മാസം പകുതിക്ക് ശേഷം ക്ലബ് ഹൌസിന്റെ ആൻഡോയിഡ് ബീറ്റാവേർഷനും രംഗത്തുവന്നതും , സോഷ്യൽ മീഡിയ സൈറ്റുകൾക്ക് ഇന്ത്യ ഗവർമെന്റ് കൊണ്ട് വന്ന പുതിയ നയങ്ങളുമൊക്കെ കണ്ടായിരിക്കാം  
ഈ അവസരത്തിൽ ആയിരക്കണക്കിന് ആളുകൾ ദിനം പ്രതിയെന്നേണം ഇന്ത്യയടക്കം എല്ലാ തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും 'ക്ലബ് ഹൌസി'ൽ 
തിക്കിത്തിരക്കി വന്നുകൊണ്ടിരിക്കുന്നത് ...

ഫോട്ടോ,ട്രോൾ ,വീഡിയൊ മുതലായ ജംഗമ വസ്തുക്കളൊന്നും ഇവിടെ നിക്ഷേപിക്കുവാൻ സാധിക്കില്ല എന്നതുകൊണ്ട്  ഉപയോഗിക്കുന്ന 
ഡിവൈസുകൾക്കൊന്നും കെബി /എംബി/ ജിബി എന്നീ ലോഡുകളുടെ ഭാരവും വഹിക്കേണ്ട എന്നൊരു മേന്മകൂടിയുണ്ട് ക്ലബ് ഹൌസിന്...! 

'ക്ലബ് ഹൌസി'ൽ അംഗത്വമെടുത്താൽ എത്ര നേരം  എത്ര  വേണമെങ്കിലും,  ഒരു റൂം സൃഷ്ടിച്ചുകൊണ്ട് നിപുണതയുള്ള ഏത് വിഷയങ്ങളെ 
കുറിച്ചും സംസാരിച്ചു കൊണ്ടിരിക്കുവാനും ,മറ്റുള്ളവരെ ക്ഷണിതാക്കളായി കൊണ്ടുവന്ന് പരസ്പരം സംവദിക്കുവാനും ,ഒപ്പം തന്നെ ആയിരക്കണക്കിന് 
ശ്രോതാക്കളെ ഉൾക്കൊള്ളുവാനും പറ്റുന്ന  സൈബർ ഇടമാണിത് .

2020 മാർച്ചിലാണ് 'ക്ലബ് ഹൌസ്'  സ്ഥാപിതമായത്.
'ടെക് സ്റ്റാർട്ട് അപ്പ്' ലോകത്ത്  പ്രവർത്തിച്ചിരുന്ന  പോൾ ഡേവിസണും, രോഹൻ സേത്തും ചേർന്നാണ് ഈ പ്ലാറ്റ് ഫോം സ്ഥാപിച്ചത്.

'സോഷ്യൽ മീഡിയ സൈറ്റു'കളോടുള്ള കമ്പം കാരണം 2019- ന്റെ അവസാനത്തിൽ അവരുടെ  ഒരു പുതിയ ആപ്ലിക്കേഷൻ സ്ഥാപിക്കാനുള്ള അവസാന ശ്രമങ്ങൾ വിജയിച്ചുകൊണ്ടിരുന്നു .

അങ്ങനെ 'ഫാൾ 2019' ന്റെ  സ്ഥാപകരായ ഇവർ രണ്ടുപേരും  ചേർന്ന് ഒരു 'സോഷ്യൽ മീഡിയ സ്റ്റാർട്ടപ്പായി ഫാൾ  ടോക്ക് ഷൊ ' 
എന്ന പേരിൽ 'പോഡ്കാസ്റ്റു'കൾക്കായി ആദ്യം രൂപകൽപ്പന ചെയ്ത , ഈ ആപ്ലിക്കേഷൻ "ക്ലബ് ഹൌസ്" എന്ന് പുനർനാമകരണം ചെയ്യുകയും 
2020 മാർച്ചിൽ  'ഐഒഎസ് (iOS) ഓപ്പറേറ്റിംഗ് സിസ്റ്റ'ത്തിനായി ഔദ്യോഗികമായി പുറത്തിറക്കുകയും ചെയ്തു.  
വളർച്ച നിയന്ത്രിക്കാൻ തങ്ങളുടെ ടീമിന് കഴിയുമെന്ന് ഉറപ്പുവരുത്താൻ ഇത് ക്ഷണം മാത്രമാണെന്ന് ക്ലബ് ഹൌസ്  വ്യക്തമാക്കിയിരുന്നു.

ആ സമയത്ത് ലോകമെമ്പാടുമുണ്ടായ മഹാമാരിയായ കോവിഡ് -19 ന്റെ വല്ലാത്ത വ്യാപന വ്യാപ്തിയിൽ   അടച്ചുപൂട്ടലിന്റെ ആദ്യ മാസങ്ങളിൽ തന്നെ 
ഈ ആപ്പ്  നല്ല  ജനപ്രീതി നേടി മുന്നേറികൊണ്ടിരുന്നു . 
2020 ഡിസംബറോടെ 'ക്ലബ് ഹൌസ് എന്ന പുതിയ സോഷ്യൽ മീഡിയ 
സൈറ്റ് ,  6,00,000 പേർ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുമായി  ദിനം തോറും പ്രചുരപ്രചാരം നേടുകയായിരുന്നു .

ഇക്കൊല്ലം 2021 ജനുവരിയിൽ, ഈ ആപ്ലിക്കേഷന്റെ ആൻഡ്രോയ്‌ഡ് (Android ) പതിപ്പ്  കൂടെ  പ്രവർത്തിക്കാൻ ആരംഭിച്ചതോടുകൂടി, കമ്പനിയുടെ  
സി.ഇ.ഒ. പോൾ ഡേവിസൺ, ആപ്ലിക്കേഷന്റെ സജീവ പ്രതിവാര ഉപയോക്തക്കൾ  ഏകദേശം 20 ലക്ഷം വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രഖ്യാപിച്ചു. 
2021 ഫെബ്രുവരി 1 ന് ആഗോളതലത്തിൽ 3.5 ദശലക്ഷം ഡൗൺലോഡുകൾ 'ക്ലബ് ഹൌസി'നുണ്ടായിരുന്നു.
ഫെബ്രുവരി  പകുതിക്കിടയിൽ  ഇത് 8 ദശ ലക്ഷം ഡൗൺലോഡുകളായി അതിവേഗം വളർന്നു. 
ഈ അവസരത്തിൽ  സെലിബ്രിറ്റികളായ എലോൺ മസ്‌ക്, 
മാർക്ക് സുക്കർബർഗ് എന്നിങ്ങനെയുള്ളവർ  ഈ  സോഷ്യൽ  മീഡിയ സൈറ്റിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് ഇത്രയും  ജനപ്രീതി വർദ്ധിച്ചത്.
 

2021 ജനുവരി അവസാനം , ജർമ്മൻ 'പോഡ്കാസ്റ്റ് ഹോസ്റ്റു'കളായ 'ഫിലിപ്പ് ക്ലക്ന'റും 'ഫിലിപ്പ് ഗ്ലോക്ല'റും ഒരു 'ടെലിഗ്രാം ഗ്രൂപ്പി'ന് മുകളിലൂടെ ഒരു 'ക്ലബ് ഹൌസ്  ഇൻവിറ്റേഷൻ ചെയിൻ' 
ആരംഭിച്ചതു മുതൽ  ജർമ്മൻ സ്വാധീനം ചെലുത്തുന്നവരെയും, പത്രപ്രവർത്തകരെയും ,രാഷ്ട്രീയക്കാരെയും ഈ  പ്ലാറ്റ്‌ഫോമിലേക്ക് ആകർഷിപ്പിച്ചു കൊണ്ടുവന്നപ്പോൾ ഈ ആപ്പ്  ജർമ്മനിയിൽ 
വ്യാപകമായി ഉപയോഗിക്കപ്പെട്ടു .

ക്ലബ് ഹൌസ്  സൈറ്റ് പുറത്തിറങ്ങി ഒരു വർഷത്തിനുശേഷം, പ്രതിവാര സജീവ ഉപയോക്താക്കളുടെ എണ്ണം 10 ദശലക്ഷത്തിലധികം ആയിരുന്നു, എന്നാൽ ഫെബ്രുവരി 
അവസാനം മുതൽ മാർച്ച് ആദ്യം വരെയുള്ള മൂന്നാഴ്ചയ്ക്കുള്ളിൽ ഉപയോക്താക്കളുടെ എണ്ണം 21% കുറഞ്ഞതായി പറയുന്നു. ഈ ഇടിവിന് കാരണം ക്ഷണം വഴി മാത്രമേ 'ക്ലബ് ഹൌസ്  ആക്‌സസ്'
ചെയ്യാൻ കഴിയൂ എന്നതിലാണെന്ന് പറയുന്നു .

ഒരു പക്ഷെ ഈ പുത്തൻ ആപ്പ് വല്ലാതെ ഉയർന്ന് പൊന്തിയാൽ - 'ഈബെ'യിലും മറ്റും  ഇത്തരം  ക്ഷണ കോഡുകൾക്ക്  
ഡോളർ കണക്കിന് വില ഉയരുമെന്നും സോഷ്യൽ മീഡിയയിലെ പാണന്മാർ ഇപ്പോൾ പാടി  നടക്കുന്നുണ്ട് .


അതേസമയം 2021 മെയ് മാസത്തിൽ ആൻഡ്രോയിഡ് ഇഫക്റ്റോടു കൂടി  'ആൽഫ എക്സ്പ്ലോറേഷൻ കമ്പനിയിലെ പോൾ ഡേവിസണും, രോഹൻ സേത്തും ചേർന്ന് , 
ഈ സൈറ്റിനെ  അവരുടെ നല്ല ഉപയോക്ത അടിത്തറയുള്ളതും കൂടുതൽ പ്രേക്ഷകരെ പിന്തുണയ്‌ക്കാൻ പ്രാപ്‌തമാകുന്ന രീതിയിലും പരിഷ്‌ക്കരിക്കുകയും ചെയ്തു . 
ഭാവിയിൽ പൊതുജനങ്ങൾക്ക് അതിന്റെ പ്രവേശനക്ഷമത വർദ്ധിപ്പിക്കാനും ഇപ്പോൾ  'ക്ലബ്‌ ഹൌസ്' പദ്ധതിയിടുന്നു .

എന്തിന് ആരംഭിച്ച് ഒന്നര വർഷമാകുമ്പോഴേക്കും , ഈ ആപ്പ്  4 ബില്ല്യൺ ഡോളർ വിലമതിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നായി മാറിയിരിക്കുകയാണിപ്പോൾ . 
'ട്വിറ്റർ ' ഈയിടെ 4  ബില്ല്യൺ ഡോളറിന് ഇതുവാങ്ങുവാൻ 
മുട്ടി നോക്കിയെങ്കിലും ,സംഗതി മുട്ടത്തട്ടെത്തിയില്ല.
 
ആയിരക്കണക്കിന് ആളുകളുടെ ഗ്രൂപ്പുകളെ ഉൾക്കൊള്ളുന്ന 'വോയ്‌സ് ചാറ്റ് റൂമു'കളിൽ ഉപയോക്താക്കൾക്ക് ആശയവിനിമയം 
നടത്താൻ കഴിയുന്ന 'iOS, Android' എന്നിവയ്‌ക്കായുള്ള ഒരു ക്ഷണം മാത്രമുള്ള സോഷ്യൽ മീഡിയ അപ്ലിക്കേഷനാണ് ക്ലബ്‌ ഹൌസ് എന്ന 
വളർന്നു വരുന്ന ഏറ്റവും ആധുനിക സോഷ്യൽ മീഡിയ ഭീമൻ ...!

അതുപോലെ തന്നെ വ്യക്തമായ അനുമതിയില്ലാതെ 'ക്ലബ് ഹൌസി'ന്റെ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ റെക്കോർഡുചെയ്യുന്നതിനോ 
പകർ‌ത്തുന്നതിനോ പുനരുൽ‌പാദിപ്പിക്കുന്നതിനോ പങ്കിടുന്നതിനോ പറ്റില്ല എന്നൊരു സ്വകാര്യതയും ഈ ആപ്പിനുണ്ട്. ഇത് വിവാദത്തിന് കാരണമായിട്ടുണ്ട് .

പിന്നെ  ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ, 
വർഗ്ഗീയത എന്നിവ അപ്ലിക്കേഷനിൽ സംഭവിച്ചു 
എന്നതിന്റെ പേരിൽ  ഒമാൻ, ജോർദാൻ, ചൈന തുടങ്ങിയ 
രാജ്യങ്ങൾ ഈ ആപ്പിലേക്കുള്ള   ആക്‌സസ്സ് തടഞ്ഞു കൊണ്ട് 
അതിന്റെ ഉപയോഗം പൂർണ്ണമായും നിരോധിച്ചു എന്നതും ഒരു വസ്തുതയാണ് .


ഇപ്പോൾ കേൾക്കുന്നത് 
'ഫേസ്ബുക്ക്, ട്വിറ്റർ, ഡിസ്കോർഡ്, സ്പോട്ടിഫൈ, റെഡ്ഡിറ്റ്, സ്ലാക്ക്' തുടങ്ങിയ കമ്പനികൾ -
ക്ലബ് ഹൌസുമായി നേരിട്ട് മത്സരിക്കുന്നതിനായി ഇതിനോട് സമാനമായ പുതിയ ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുവാൻ പോകുന്നു എന്നതാണ്...! 


എന്തായാലും നിലവിലുള്ള   സോഷ്യൽ മീഡിയ തട്ടകങ്ങളിൽ , 
ഇനി കാണാൻ  പോകുന്ന പൂരം കണ്ടു തന്നെ നമുക്ക് അടുത്ത് തന്നെ അറിയാം ...!


പിന്നാമ്പുറം :-


അഞ്ചാറുമാസം മുമ്പ്  യു.കെയിലെ ആസ്ഥാന പൊട്ടന്മാരുടെ 
ആകാശത്തിന് താഴെയുള്ള എന്ത് വിഷയങ്ങളും ചർച്ചചെയ്യുന്ന 
ഒരു zoom ചർച്ചയിൽ club house നെ കുറിച്ച് വിലയിരുത്തിയ കാര്യങ്ങൾ .
 
1 ) ഇത് ഓൺ -ലൈൻ  ക്‌ളാസ്സുകൾ നടത്തുന്ന ഒരു വേദിയാണ്  
2 ) വെറുമൊരു ഡേറ്റിങ് സൈറ്റാണ് ഈ പുത്തൻ കുന്ത്രാണ്ടം 
3 ) കമ്പനി മേധാവികളും ,മറ്റു മത രാഷ്ട്രീയ നേതാക്കന്മാരും  അണികൾകൾക്ക് നിർദ്ദേശങ്ങൾ കൊടുക്കുന്ന 
ഒരു ഗ്രൂപ്പ് ചാറ്റ് ആപ്പ് എന്നൊക്കെയായിരുന്നു.😇 

എന്തായാലും നുമ്മ പ്രബുദ്ധരായ  മലയാളികളിൽ  
അധികം പേരും , അന്നൊക്കെ പ്രചാരത്തിലിലേക്ക് വന്നു
കൊണ്ടിരിക്കുന്ന 'ക്ലബ് ഹൌസി'ലേക്ക് എത്തിനോക്കില്ല 
എന്നായിരുന്നു കണ്ടെത്തിയത് ...😎

അന്നിതിന്  ഉദാഹരണമായി 'ലിങ്കിടിൻ ,പിൻറെസ്റ് ,ഡിസ്കോർഡ്, സ്പോട്ടിഫൈ, റെഡ്ഡിറ്റ്, സ്ലാക്ക്' മുതൽ വമ്പൻ സോഷ്യൽ മീഡിയ സൈറ്റുകളിലൊന്നും മലയാളി സാന്നിദ്ധ്യങ്ങൾ വിരളമാണെന്ന് ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു...👈

എന്തിന് പറയാൻ  
അന്നത്തെ ചർച്ചക്കാർ കൂടി ഇന്ന് 'ബ്രിട്ടനിലെ  പൊട്ടന്മാർ' 
എന്ന പേരിൽ ഒരു റൂം ,  'ക്ലബ് ഹൌസി'ൽ  തുറന്നപ്പോൾ 
അതിനുള്ളിലെ തിക്കും തിരക്കും കാരണം - ആ റൂം പൂട്ടി പോകുവാൻ വരെ പെടാപാട് പെടുകയായിരുന്നു ...! 😂


പിന്നെ 
ഒരാഴ്ച്ചയോളം ക്ലബ് ഹൌസിലെ വിവിധ റൂമുകളിലും ,
കൂട്ടായ്മകളിലും കയറിയിറങ്ങി മേഞ്ഞുനടന്നതിനാൽ സ്ഥിരം 
ദിനചര്യകൾ പോലെ നടത്താറുള്ള വായനയടക്കം എന്നും  കാണാറും കേൾക്കാറുമുള്ള ന്യൂസ് ചാനലുകൾ ,ഡോക്യുമെന്ററി സീരീസുകൾ , മറ്റു ഓ.ടി .പി പ്ലാറ്റ്ഫോമുകൾ - എന്നീയെല്ലാ  ദൃശ്യ ശ്രാവ്യമാധ്യമങ്ങളിൽ  നിന്നും അകന്നുനില്ക്കാനുള്ള ഒരു ആകർഷണം ഈ പുതിയ തട്ടകത്തിനുണ്ട് എന്നത് ഒരു വാസ്തവമാണെന്ന്   മനസ്സിലാക്കി .😋
 
പിന്നെ മറ്റുള്ള സോഷ്യൽ മീഡിയ  സെറ്റുകളിൽ 
അഭിരമിച്ചുകൊണ്ടിരുന്ന സമയത്താൽ എളുപ്പം കൂടുതൽ 
വിവരവിജ്ഞാനങ്ങൾ മനസ്സിലാക്കാമെന്നുള്ള  മേന്മയടക്കം ,എന്ത് വിഷയവും  തെരെഞ്ഞെടുത്ത് കേൾക്കണമെന്നുള്ള ഒരു ഗുണവും 
ക്ലബ് ഹൌസിനുള്ളിലുണ്ട് .😘

അതിനേക്കാളുപരി പരസ്പരം മിണ്ടിപ്പറയുന്നവർ 
തമ്മിലുള്ള ഒരു പ്രത്യേക  'ഇന്റിമസി' - മറ്റുള്ള സോഷ്യൽ മീഡിയ സൈറ്റുകളെക്കാൾ അപേക്ഷിച്ച്  ക്ലബ്ബ് ഹൌസിനുള്ളിൽ  കിട്ടുന്നു എന്ന സന്തോഷവും ഉണ്ട് .😍

ഒപ്പം തന്നെ ഇപ്പോഴുള്ള സോഷ്യൽ മീഡിയ സൈറ്റുകളിൽ 
വാഴുന്ന പല തലപ്പൊട്ടപ്പന്മാരെക്കാളും കഴിവും പ്രാപ്‌തിയും വിവരവുള്ള അനേകമനേകം യുവതലമുറക്കാരെ ഇവിടെ കാണാനും കേൾക്കാനും സാധിക്കുന്നു എന്നതിനാൽ , നമ്മുടെ  മലയാളി സമൂഹത്തെ ഓർത്ത് ഇപ്പോൾ വലിയ അഭിമാനം തോന്നുന്നുണ്ട് 💪 
  

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...