Showing posts with label പ്രവാസി മലയാളിയും പന്നിപ്പനിയും. Show all posts
Showing posts with label പ്രവാസി മലയാളിയും പന്നിപ്പനിയും. Show all posts

Monday 27 July 2009

പ്രവാസി മലയാളിയും പന്നിപ്പനിയും ... / Pravasi Malayaliyum Pannippaniyum ...


ഒന്നര മാസത്തെ പരിപാടികളുമായി , ലണ്ടനില്‍ നിന്നും
ഇത്തവണനാട്ടില്‍ എത്തിചേരുമ്പോള്‍ ഇത്ര ഗംഭീര സ്വീകരണം കിട്ടുമെന്ന്
ദിവാസ്വപ്നത്തില്‍ പോലും നിനച്ചിരുന്നില്ല ...?
ഏറ്റുമീന്‍ പിടിക്കുവാന്‍ കുരുത്തി വെച്ചിരുക്കുന്നതുപോലെ , എയര്‍പോര്‍ട്ടില്‍
പന്നിപ്പനിക്കാരെ (H1 N1 Flu ) പിടിക്കുവാന്‍ വെച്ചിരുന്ന ഒരു കുരുത്തിയില്‍
ഒരു കുഞ്ഞുമീൻ പോലെ  മകന്‍ അകപ്പെട്ടു ... !
'സ്വാം ഫ്ലൂ' ലക്ഷണങ്ങളുമായി ഒപ്പം യാത്ര ചെയ്തിരുന്ന ഒരു കൊറിയക്കാരനോപ്പം ,
ഞങ്ങളെ ഒരു പ്രത്യേക മുറിയിലേയ്ക്ക് മാറ്റി .
യാത്രക്കാര്‍ക്കും , ജീവനക്കാര്‍ക്കും ഞങ്ങള്‍ ഒരു സ്പെഷ്യല്‍ കാഴ്ച വസ്തുക്കളായി മാറി !
ഒരു മണിക്കൂറിനു ശേഷം പനിയുള്ളവരെയും, ഇല്ലാത്തവരെയും ഒരുമിച്ചൊരു വണ്ടിയില്‍
മാസ്ക്ക് പോലും ധരിപ്പിയ്ക്കാതെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ പന്നിപ്പനി ഐസലോഷന്‍ വാര്‍ഡിലേക്ക് ....

My Son in H1N1 Isolation Ward of Perumpavoor Thaluk Hospital 

പതിനാലു മണിക്കൂര്‍ ഫ്ലൈറ്റ് യാത്രയ്ക്ക് പിന്നാലെ ,
ഒന്നു ഫ്രെഷ് ആവാന്‍ പോലും പറ്റാതെ , തുണി മാറാതെ വന്നപടി തന്നെ ഒരു നരക യാത്രയായിരുന്നു അത് ...!

കേരളത്തിലെ പന്നിപ്പനിക്കാരെ ചികത്സിക്കുന്ന മൂന്നാശുപത്രികളില്‍ ഒന്നായ ഈ താലൂക്ക് ആശുപത്രിയിലെ H1N1 വാര്‍ഡ് പനിയുള്ളവരെയും , ടെസ്റ്റ് ചെയ്യാന്‍ വന്നവരേയും , കൂടെ നിൽക്കുന്നവരെയും ഒന്നിച്ചു പര്‍പ്പിയ്ക്കുന്ന ഒരു തടവറ തന്നെയായിരുന്നൂ... !

വാര്‍ഡിന്റെ മുന്നില്‍ മറ്റുവാര്‍ഡ് കളുടെ ടോയിലെട്ടുകളുറെ പിന്‍ഭാഗവും,
പിന്നില്‍ മോര്‍ച്ചറിയും , എതിര്‍ഭാഗത്ത് ആശുപത്രിയിലെ സകലമാന വേസ്റ്റുകളും
കൊണ്ടുവന്നിനിടം   പട്ടികളുടെയും,കാക്കകളുടേയും, എലികളുടെയും ,മറ്റുദുര്‍ഗന്ധങ്ങലുടേയും താവളവും ...
വിരിപ്പില്ലാത്ത ബെഡുകളും  , ഉറുമ്പരിക്കുന്ന ടോയിലട്ടുകളും ....

പന്നിപ്പനി ചികിത്സ പരിശീലനം നേടിയ ഡോക്ടര്‍ പോലും സ്രവം ടെസ്ടുചെയ്യാൻ വന്നശേഷം , രോഗികളെ  വീണ്ടും ഒന്നു പരിശോധിക്കുക പോലും ഉണ്ടായിട്ടില്ല ..
അപ്പോള്‍ മറ്റു ജീവനക്കാരുടെ 
കാര്യം പറയേണ്ടതില്ലല്ലോ ..?
പറഞ്ഞിട്ട് കാര്യമില്ല  ഈ മഹാമാരിയായ പന്നിപ്പനി ആഗോളവ്യപകമായി അനേകം ആളുകളെ കാലപുരിക്ക് കയറ്റി വിട്ട  ഒരു വമ്പൻ പുത്തൻ 'എപിഡെമിക്' ആയിരുന്നു ...!
എന്തായാലും അന്നവിടെയുണ്ടായിരുന്ന രോഗികൾക്ക്  പന്നിപ്പനിയുടെ രണ്ടാം ഭാഗമായ ന്യുമോണിയ വരാഞ്ഞത് അവരുടെ ഭാഗ്യം...

എന്തായാലും ആശുപത്രിയില്‍ കിടന്ന ആ  ഏഴ് ദിനങ്ങൾ  ഇതുവരെ ചെയ്ത 
എല്ലാ പാപങ്ങളും തീര്‍ന്നുകിട്ടി ..
പിന്നെ ഈ ആരോഗ്യ വകുപ്പുകാര്‍ അന്നന്നു തന്നെ പത്രമാധ്യമങ്ങള്‍ക്ക് പന്നിപ്പനിക്കാരുടെ പേര് പേര് ഒഴികെ എല്ലാ വിവരങ്ങളും വിളമ്പികൊടുക്കുന്നത്,  മാധ്യമങ്ങള്‍ വിപുലീകരിച്ചു പ്രസിദ്ധീകരിച്ചിരുന്നതു കൊണ്ട് വിദേശത്തുനിന്ന് വന്ന പ്രവാസികളായ പന്നിപ്പനിക്കരെല്ലാം പെട്ടെന്ന് തന്നെ നാടൊട്ടുക്കും കുപ്രസിദ്ധരായി മാറി ...

സ്രവ പരിശോധനയില്‍ മറ്റു ഏഴ് പേരോടൊപ്പം എന്റെ രണ്ട് മക്കള്‍ക്ക്‌ H1 N1
“കണ്ഫേം “ ചെയ്തത് മറ്റുപത്രങ്ങള്‍പ്രസിദ്ധീകരിച്ചപ്പോള്‍ , മലയാള മനോരമ എനിയ്ക്കുംകൂടി പന്നിപ്പനി
കിട്ടിയതായി പ്രസ്താവിച്ചു (ജൂലായ്  19 , തൃശൂർ എഡിഷൻ ) നിജസ്ഥിതിയല്ലാത്തയീവാർത്ത , മനോരമ എഴുതിയത് തന്നെയാണ് ഏവരും വിശ്വസിച്ചത് !
മനോരമ പറയുന്നതുവാസ്തവം തന്നെ
അവർക്ക്  തന്നെ കൂടുതല്‍ വായനക്കാര്‍ !

പനി മാറി  ഒരാഴ്ച്ചത്തെ ആശുപത്രി വാസം കഴിഞ്ഞു നാട്ടില്‍ എത്തിയപ്പോള്‍ ,
പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട എന്ന പോലെയായി ഞങ്ങളുടെ അവസ്ഥ ...

നാട്ടില്‍ ഒരു പന്നി ചത്താല്പോലും 
ആയതു ഗംഭീര വാര്‍ത്തകല്‍ ആകുന്ന 
ആ സമയത്ത് തൃശ്ശൂര്‍ ജില്ലയുടെ പടിവാതില്‍ തുറന്നു , പന്നിപ്പനി ജില്ലയില്‍ ആദ്യമായി എത്തിച്ചതിന്റെ ദുർകീർത്തിയും  , വരവേല്‍പ്പും
കൂടിയായിരുന്നു ആ സന്ദര്‍ഭം ...

അതുകൊണ്ട് പനിതീര്‍ന്നു രണ്ടാഴ്ച കഴിഞ്ഞിട്ടുപോലും , എന്നെയൊരു ഓട്ടോറിക്ഷയില്‍ കയറ്റാന്‍ പരിചയമുള്ള ഡ്രൈവര്‍മാര്‍ കൂട്ടാക്കിയില്ല ....
അവരുടെ കഞ്ഞിയില്‍ ഞാന്‍ മൂലം മണ്ണ് വാരി ഇടല്ലേ എന്നായിരുന്നു അവരുടെ അപേക്ഷ ..

മുടി വെട്ടാന്‍ സ്ഥിരം പോകാറുള്ള ബാര്‍ബര്‍ പോലും
"ഗെഡീ വേഗം വണ്ടി വിടാന്‍ നോക്ക് "
എന്ന് പറഞ്ഞു  മുടി വെട്ടാന്‍ പോലും വിസമ്മതിക്കുകയായിരുന്നു .
ഫോണില്‍ കൂടി പനി പകരുമെന്നു 
പേടിച്ചു ചിലര്‍ ഫോണ്‍ പോലും വിളിക്കാറില്ല ...!

പഴയകാലത്ത് കുഷ്ഠരോഗികളെ കാണുന്ന പോലെയായിരുന്നു ഞങ്ങളെ പല നാട്ടുകാരും , കൂട്ടുകാരും , ബന്ധു ജനങ്ങളും വരെ കണ്ടിരുന്നത്‌ ...
ഇങ്ങനെയുള്ള അവഗണനകള്‍ സഹിക്കാന്‍ വയ്യാതായപ്പോള്‍ ഞാനും , ഭാര്യയും കൂടി
മാതൃഭൂമി , മംഗളം ലേഖകരെ സമീപിച്ചു Swine Flu കുറിച്ച് പത്രങ്ങളില്‍ കൂടി ഒരു ബോധവല്‍ക്കരണം നടത്താന്‍ അപേക്ഷിച്ച് , ഇംഗ്ലണ്ടിലെ സ്വാംഫ്ലൂ പ്രതിരോധ നടപടികളെ പറ്റിയും , ഈ രോഗത്തിന്റെ വെബ്‌ സൈറ്റുകളെ കുറിച്ചും വിശദീകരിച്ചു ...

മാതൃഭൂമി പിന്നീട്"പന്നിപ്പനി പ്രതിരോധ നടപടികള്‍ പാളുന്നു " എന്ന് പറഞ്ഞും , ശേഷം പന്നിപ്പനിയെ പറ്റി ധാരാളം സചിത്രലേഖനങ്ങളും പ്രസിദ്ധീകരിച്ചു .
അതുപോലെ മംഗളവും . ഈ പത്രത്തിലെ
“പന്നിപ്പനി :കുടുംബത്തിന്‌  അപ്രഖ്യാപിത ഊരുവിലക്ക്‌ " ( ജൂലായ്‌ 24 ,തൃശൂർ എഡിഷൻ )എന്ന ലേഖനവും ,ഞങ്ങളുടെ  പെരുമ്പാവൂര്‍ ആശുപത്രിയിലെ അനുഭവങ്ങളും മറ്റും ചിത്രം സഹിതം ഇട്ടിരുന്നു ...

കഴിഞ്ഞ ആഴ്ച മൂമ്പയില്‍ പടിഞ്ഞാറന്‍ നാടുകളില്‍ നിന്നും വീമാനമിറങ്ങിയവരുടെ ലഗ്ഗെജ്ജുകള്‍ , പനി പേടിച്ചു ബാഗേജ് ക്ലിയറന്‍സ് നടത്താതെ നനഞ്ഞു കേടുവന്നതിനു യാത്രക്കാര്‍ക്ക് കിട്ടിയത് വളരെ കുറച്ചു നഷ്ടപരിഹാരം മാത്രം ...

ലണ്ടനില്‍ വെച്ചു  എല്ലാ  ടെസ്റ്റുകളും നടത്തി യാത്ര തിരിച്ച ഞങ്ങളുടെ മക്കള്‍ക്ക്‌ , ഫ്ലൈറ്റില്‍ വെച്ചു ഞങ്ങളുടെ കുറ്റം കൊണ്ടല്ലാതെ പനി പിടിച്ചതിന് ഞങ്ങള്‍ എന്ത് പിഴച്ചു ?


പ്രിയരേ ഇപ്പോള്‍  പുതിയ പുത്തന്‍ പേരിട്ടു പലരോഗങ്ങളും മാര്‍ക്കറ്റു ചെയ്യുന്ന കാലഘട്ടമാണ് .
മള്‍ട്ടി നാഷണല്‍ മരുന്നു കമ്പനികളാണ് ഇതിന്റെ പിന്നിലെന്ന് പറയുന്നു ...

ഇന്ത്യയില്‍ വെറും അമ്പത് പൈസയുടെ പന്നിപ്പനിയുടെ തമിഫ്ലൂ ഗുളിക
പത്തുരൂപയ്ക്കും , രണ്ടു രൂപയുടെ മാസ്ക് പത്തുരൂപക്കും , സ്രവപരിശോധന
മുന്നൂറുരൂപക്കും ആക്കി പന്നിപ്പനി ഭീതിപടര്‍ത്തി .....
നൂറുകോടിജനങ്ങളില്‍ വെറും മുപ്പതുശതമാനം
പേര്‍‍ , ഈ വക കാര്യങ്ങള്‍ ഉപയോഗപെടുത്തുകയാണെങ്കില്‍ ഇതു വിപണനം ചെയ്യുന്ന കമ്പനികളുടെ ലാഭം ഒന്നു നോക്കിയാട്ടെ ...

പിന്നെ നമ്മുടെ ഭാരത സര്‍ക്കാര്‍ തീര്‍ത്തും അഭിനന്ദനം അര്‍ഹിക്കുന്ന കാര്യം തന്നെയാണ് പന്നിപ്പനി പ്രതിരോധ നടപടികളില്‍ കൈകൊണ്ടിരിക്കുന്നത്‌.
എല്ലാം സര്‍ക്കാര്‍ 
ലെവലില്‍ മാത്രം !
ഒന്നും പ്രൈവറ്റ് വല്ക്കരിച്ചിട്ടില്ല... ?

അതുകൊണ്ട് ലോകത്തിലെ മറ്റുചില രാജ്യങ്ങളില്‍
ഉണ്ടായ പോലെ നമ്മുടെ നാട്ടില്‍ ഇത്തവണ
പന്നിപ്പനി കച്ചവടം നടന്നില്ല ...!
ഈയിടെ യൂറോപ്പില്‍ ഒരു ചെറിയ രാജ്യത്ത് എഴുപതു ശതമാനം പേര്‍‍
സ്വാംഫ്ലൂ പേടിയില്‍ ,സ്വയം പ്രോട്ടക്ട്ടു ചെയ്തപ്പോള്‍ ,അവിടത്തെ സമ്പത്ത് മാന്ദ്യം മാറികിട്ടിയെന്നാണ് പറയപ്പെടുന്നത് ...!
കൂട്ടരേ ലോകത്തില്‍ ആകെയിതുവരെ 1500 ഓളം ആളുകളെ ,പന്നിയുമായി ബന്ധമില്ലാത്ത , ഈ പന്നിപ്പനിയാല്‍ മരിച്ചിട്ടുള്ളൂ ...
പ്രതിദിനം ഇന്ത്യയില്‍ തന്നെ ഇതിലും വലിയ മാരക രോഗങ്ങളാല്‍ ഇതിന്റെ ഇരട്ടി ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നുണ്ട് ..
പുരാതനകാലം മുതൽ കോളറയും ,മലമ്പനിയും ,അനേകതരം വസൂരികളും ,പ്ളേഗും ,സ്പാനിഷ് ഫ്ലൂ എന്നിവയടക്കം പിന്നീട്  എയ്‌ഡ്‌സ്‌ ,നിപ്പ ,കൊറോണ മുതൽ അനേകം ന്യു-ജെൻ പകർച്ച വ്യാധികളും പല രാജ്യങ്ങളിലെ ഒട്ടുമിക്ക ജനതകളെയും പലപ്പോഴായി വറുതിയിലാക്കിയിട്ടുണ്ട് .
പഴയകാലത്തൊക്കെ  ഒരു പകർച്ചവ്യാധി ആയത് പൊട്ടിപ്പുറപ്പെടുന്ന രാജ്യങ്ങളിൽ  ഒതുങ്ങി നിന്ന് ഒരു പക്ഷെ സമീപ പ്രദേശങ്ങളിൽ മാത്രം വ്യാപിച്ചു നിന്നിരുന്നു .
പക്ഷെ ഇന്ന് മനുഷ്യർ ആഗോള സഞ്ചാരികളായി മാറിയിരിക്കുന്ന കാലമാണ് .ലോകമെ തറവാട് എന്നു കണക്കാക്കുന്ന ഒരു അന്താരാഷ്ട്ര തലമുറയുടെ വ്യക്താക്കളുമാണവർ .
ഫേഷനും ,ടെക്‌നോളജിയും പ്രചരിക്കുന്ന പോലെ തന്നെ ഇനിയുള്ള കാലം ഏത് മഹാമാരികൾക്കും വല്ലാത്ത വ്യാപനവ്യാപ്‌തി മനുഷ്യ സമൂഹത്തിൽ ഉണ്ടാക്കുവാൻ സാധിക്കും  ..!

പിന്നെ എന്തായാലും നമുക്കുകാത്തിരിയ്ക്കാം ...
ലോകം മുഴുവൻ മനുഷ്യനിർമ്മിതവും അല്ലാത്തതുമായ ഇതുപോലുള്ള പുതുപുത്തൻ  രോഗങ്ങൾ പരത്തുന്ന വൈറസുകളോ, ബാക്ടീരിയകളൊ  ഇനിയും സമീപഭാവിയിൽ ഉണ്ടായികൊണ്ടിരിക്കാം .
ഒരു പക്ഷെ ഈ പന്നിപ്പനി ഉടലെടുത്ത 
ശേഷം പിന്നീട് ഈ രോഗത്തിന് പ്രതിരോധമരുന്ന് കണ്ടുപിടിച്ച സമയം വരെ മരിച്ച ആളുകളെ പോലെ , ഇനിയും ഇത്തരം പുതിയ മഹാമാരികളാൽ ഭാവിയിൽ മനുഷ്യകുലത്തിന് വലിയ ഭവിഷ്യത്തുകളുണ്ടാക്കാം ...

ഭാവിയില്‍ വരാന്‍ ഇരിയ്ക്കുന്ന പുതിയ പുതിയ പനികളെ വീണ്ടും 
 നമുക്ക്  ഇതുപോലെ വരവേല്‍ക്കാം ...
ഇതുപോലെ കൊണ്ടാടാം ... ആഘോഷിക്കാം ...

“മങ്കി മലേറിയ' എന്ന   ഒരു കുരങ്ങു പനി 
ഇപ്പോൾ മലേഷ്യയിൽ പൊട്ടിപുറപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നു. 
ഇനിയും ഒരു  പട്ടിപ്പനിയായൊ ,
അല്ലെങ്കിൽ  ഒരു പക്ഷിപ്പനിയായൊ, അതുമല്ലെങ്കിൽ ഒരു ആനപ്പനിയായൊ ഇതുപോലുള്ള മഹാമാരികൾ നമ്മെ കാത്തിരിക്കുന്നുണ്ട് ...

പുറത്ത് നിന്നുള്ള എന്ത് കുന്ത്രാണ്ടം 
വന്നാലും അതെല്ലാം പ്രവാസികളുടെ 
തലയിൽ കയറ്റിവെക്കുന്ന ഏർപ്പാടുകൾ 
നമ്മുടെ സമൂഹം മാറ്റിയെ തീരു ...


         N1H1 Virus / Swine Flu Prevention Tip

Wash Your Hands /. Be Vigilant of Surfaces!
Wash your hands and wash them often, in hot soapy water, and for the amount of time it takes you to sing “Happy Birthday” twice (15-20 seconds).
Be aware of what public surfaces you touch, when you’ve shaken hands with someone, or when you’re using something like a pen that others have recently used–and don’t touch your face until you’ve had a chance to wash your hands.
....................................








website counter

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...