Wednesday, 19 February 2020

'യു.കെ. സാഹിത്യോത്സവം 2020'...! / 'U.K. Sahithyolsavam 2020' ...!

ഈ മാസം ഫെബ്രുവരി 22 - ന് ലണ്ടനിൽ വെച്ച് വീണ്ടും ബ്രിട്ടനിലെ മലയാളം കലാ സാഹിത്യ കുതുകികൾ വീണ്ടും ഒത്തുകൂടുകയാണ് .

'ഡി.സി. ബുക്സിന്റെ' സഹകരണത്തോടെ നടത്തുന്ന മൂന്നാമത് യു.കെ  സാഹിത്യ രചന അവർഡും , യു.കെ .സാഹിത്യോത്സവം  2020 ഉം  സംഘടിപ്പിക്കുന്നത് 'യു.കെ .റൈറ്റേഴ്‌സ് നെറ്റ് വർക്ക്‌', 'അഥേനീയം റൈറ്റേഴ്സ് സൊസൈറ്റി യു കെ' , 'അഥേനീയം ലൈബ്രറി - ഷെഫീൽഡ്'  എന്നിവയുടെ സംയുക്തമായ നേതൃത്വത്തിലാണ് .

ഒപ്പം ഇവരോടൊപ്പം ഇംഗ്ലണ്ടിലുള്ള മറ്റു മറ്റു കലാസാഹിത്യ കൂട്ടായ്‌മകളും അണി  ചേരുന്നു .

ഇക്കൊല്ലവും 'മലയാളി  അസോസ്സിയേഷൻ  ഓഫ് ദി യു.കെ' യാണ്  'യു.കെ . സാഹിത്യോത്സവം  2020' ന് ആതിഥ്യവും പിന്തുണയും നിർവ്വഹിക്കുന്നത്. 
ഇക്കൊല്ലത്തെ സാഹിത്യോത്സവത്തിന് മുന്നോടിയായി നടത്തിയ  സാഹിത്യ പ്രഭാഷണ പരമ്പരയിൽ വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി 21 പേര് പങ്കെടുത്തു സംസാരിച്ചു . 
ഇതിൽ പങ്കെടുത്ത് സംസാരിച്ച വ്യക്തികളേയും, ഓരോരുത്തർ അവതരിപ്പിച്ച വിഷയങ്ങളും താഴെ കാണുന്ന  അവരുടെ പേരിലെ ഫേസ്‌ബുക്ക് ലിങ്കുകളും ,യു ട്യൂബ് ലിങ്കുകളിലും ക്ലിക്ക് ചെയ്യുമ്പോൾ കാണുകയും ശ്രവിക്കുകയും ചെയ്യാവുന്നതാണ് ... 
ഇതിനോടൊപ്പം 'കോട്ടയം ഡി സി ബുക്സു'മായി സഹകരിച്ച് നടത്തിയ മൂന്നാമത് യു.കെ -  കഥ കവിത രചനാമത്സരത്തിൽ ധാരാളം പേര് പങ്കെടുത്തു  . പിന്നീട് മികച്ച രചനകൾക്ക് ഒന്ന് മുതൽ അഞ്ച് വരെയുള്ള   സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട് .(വാർത്ത - ബ്രിട്ടീഷ് മലയാളി )

കഥാ മത്സര വിജയികള്‍ :-

കഥകളിൽ ഒന്നാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് റോയ് സി .ജെ .എഴുതിയ 'ഡേവിഡ്' എന്ന കൃതിയാണ്. രണ്ടാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് ആനി പാലിയത്ത് എഴുതിയ 'ഹര്‍ത്താല്‍ ' ആണ്. മികച്ച മൂന്നാമത്തെ കഥയായി തിരഞ്ഞെടുത്തത് ഡോക്ടര്‍ ഷാഫി മുത്തലിഫ് എഴുതിയ 'അക്മൽ മഖ്ദൂം' എന്ന കൃതിയാണ്. ലിന്‍സി വര്‍ക്കി എഴുതിയ 'ദ്രവശില' മികച്ച നാലാമത്തെ കൃതിയായി. മികച്ച അഞ്ചാമത്തെ കഥയായി തിരഞ്ഞെടുത്തത് ബീന ഡോണി എഴുതിയ 'വൈകി വന്ന സന്ദേശം ' എന്ന രചനയാണ്.

കവിതാ മത്സര വിജയികള്‍:-

കവിതയില്‍ ഒന്നാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് പ്രിയ കിരണ്‍ എഴുതിയ 'എങ്കിലും' എന്ന കൃതിയാണ്. രണ്ടാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് ആനി പാലിയത്ത് എഴുതിയ 'പറയാ പ്രണയം' ആണ്. മികച്ച മൂന്നാമത്തെ കവിതയായി തിരഞ്ഞെടുത്തത് ഡോക്ടര്‍ ജോജി കുര്യാക്കോസ്‌ എഴുതിയ 'കുടിയൊഴുപ്പിക്കല്‍' എന്ന കൃതിയാണ് . നാലാമത്തെ മികച്ച കൃതിയായി തിരഞ്ഞെടുത്തിരിക്കുന്നത് സത്യനാരായണന്‍ എഴുതിയ 'ശൂന്യത' എന്ന കവിതയാണ്. അഞ്ചാമത്തെ മികച്ച കൃതിയായി തിരഞ്ഞെടുത്തത് ഒരേ മാര്‍ക്ക് വന്ന രണ്ടു പേരുടേതാണ്. മോളി ഡെന്നീസ് , ബിനോയ്‌ ജോസഫ് എന്നിവരാണ് അഞ്ചാം സ്ഥാനം പങ്കുവെച്ചത്.

കേരളത്തില്‍ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകയും പ്രശസ്ത എഴുത്തുകാരിയുമായ സ്വപ്നാ നായര്‍, കേരളത്തിലെ അറിയപ്പെടുന്ന പ്രശസ്ത കവിയും ആകാശവാണി ലിറിസിസ്റ്റുമായ ഉണ്ണികൃഷ്ണന്‍  വാരിയര്‍ , ഒപ്പം ന്യൂ-യോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'ചിങ്ങം കത്ത്' മാസികയുടെ മാനേജിങ് എഡിറ്ററുമായ സതീഷ്‌ കുമാര്‍ എന്നിവരാണ് സമ്മാനത്തിന് അര്‍ഹമായ കൃതികള്‍ കണ്ടെത്തിയത്.


ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾക്കും സങ്കീർണ്ണതകൾക്കും ഒപ്പം നിൽക്കാൻ ശേഷി കൈവരിച്ചിരിക്കുന്ന ലോക ഭാഷയാണ് ഇന്ന് മലയാളം. 

വെടിപ്പുള്ള കൈപ്പടയിൽ കഥയും കവിതയും നോവലുകളും എഴുതിയിരുന്ന പഴയ കാലത്തിൽനിന്ന് കമ്പ്യൂട്ടറിലെ യൂണിക്കോഡ്‌ ഫോണ്ടുകളിൽ മനസ്സിൽ വിരിയുന്ന സർഗാത്‌മകതയുടെ സ്പുരണങ്ങൾ ലോകത്തിനു നൽകാൻ ഇന്ന് എഴുത്തുകാരനാവുന്നു.
സാഹിത്യ ലോകത്തിൽ ധാരാളം എഴുത്തുകാരും സാഹിത്യപ്രേമികളും അങ്ങനെ ജന്മംകൊള്ളുന്നു.
അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ കൈകളിലൂടെ മലയാള സാഹിത്യം വളർന്നുകൊണ്ടിരിക്കുകയാണ്. ഭാഷാസ്നേഹികളായ സാഹിത്യ കുതുകികൾ  കഥയും കവിതയും എഴുതുമ്പോള്‍ എന്താണ് ലഭിക്കുന്നത് ? 
അതിനു ഒരുപാട് ഉത്തരങ്ങളും ഉണ്ട്. ഉള്ളിൽ തിങ്ങി നിറയുന്ന കഥയും കവിതയും കഥാപാത്രങ്ങളും അക്ഷരങ്ങളിലേക്ക് സന്നിവേശിക്കുമ്പോൾ എഴുത്തുകാരനിൽ ഒരു തരം ഉന്മാദം നിറയുകയാണ്.
വ്യക്തി നിഷ്ഠമായ അനുഭൂതിയുടെ തലം നൽകുകയാണ്. അച്ചടി മാധ്യമങ്ങളിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും സ്വതന്ത്ര പ്രസിദ്ധീകരണങ്ങളിലൂടെയും അനവധി സാഹിത്യ സ്നേഹികൾ എഴുത്തിന്‍റെ മേഖലയിൽ അഭിരമിക്കുന്നു. എഴുത്തിന്‍റെ ലോകത്തിലേക്ക് വരുവാൻ അനവധിയാളുകൾ താല്പര്യം കാണിക്കുകയും ചെയ്യുന്നു. ഇവരെയെല്ലാം ഒരുമിപ്പിച്ച് ചേർത്തുകൊണ്ടാണ് ലണ്ടനിൽ വെച്ച് 2020 ഫെബ്രുവരി 22 ന്  ശനിയാഴ്ച്ച, 'യു.കെ  സാഹിത്യോത്സവം 2020' സംഘടിപ്പിക്കുന്നത്.


പ്രഭാഷണ പരമ്പരയിൽ പങ്കെടുത്തർ :-

ഡോ :ഷാഫി കളത്തിൽ മുത്തലീഫ്  / Dr.Shafy Kalakkattil Muthalif 

വൈദ്യവും സാഹിത്യവും' (Medicine and Literature) എന്ന വിഷയത്തെ പറ്റി  സംസാരിക്കുകയാണ് ഡോ : ഷാഫി .  പരസ്പരം ബന്ധമില്ലെങ്കിലും വൈദ്യവും സാഹിത്യവും ചേരും പടി ചേർത്ത് വെച്ചാൽ അതില്പരം ഒരു ആനന്ദം എന്താണെന്ന് വ്യക്തമാക്കിത്തരുകയാണ് ഈ എഴുത്തുകാരാനായ ഡോക്ട്ടർ 

മലയാള സാഹിത്യത്തിലെ ഇത്തരം സന്തോഷങ്ങൾ വായനക്കാർക്ക് വാരിക്കോരി കൊടുത്ത വല്ലഭരായ ഡോക്ട്ടർമാരായ എഴുത്തുകാരെ ഉദാഹരങ്ങൾ സഹിതം ഇവിടെ നന്നായി പരിചയപ്പെടുത്തിരിക്കുകയാണ് ഡോ .ഷാഫി.കെ മുത്തലീഫ്.. 

രെശ്മി പ്രകാശ് രാജേഷ് / Resmi Prakash Rajesh

കവിതയിൽ ഭാരതവും പാശ്ചാത്യലോകവും ബന്ധപ്പെടുമ്പോൾ' Poetry Connections: World and India) എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു പ്രഭാഷണമാണിത് 
നന്നായി ഗൃഹപാഠം ചെയ്ത് ഉദാഹരണ സഹിതം മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഒരു പ്രഭാഷണമാണിത് . ഭാരതീയ കവിതകളുടേയും ആംഗലേയ കവിതകളിലൂടേയും വഴികളിലൂടെ സഞ്ചരിച്ച് രശ്മി പ്രകാശ്, രണ്ട് സംസ്കാരങ്ങളുടേയും കാവ്യങ്ങളെ വളരെ നന്നായി കൂട്ടിയിണക്കിയിരിക്കുകയാണിവിടെ..

 റോയ് സി.ജെ /.Roy CJ

ശതാബ്ദിയിലെത്തിയ മലയാള കാർട്ടൂൺ (100 Years of Malayalam Cartoon) എന്ന വിഷയത്തില് സംസാരിക്കുന്നത് കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ റോയ് .സി.ജെ യാണ് .
സെഞ്ചുറി പൂർത്തിയയാക്കിയ മലയാള കാർട്ടൂണിന്റെ വിശദാംശങ്ങളടക്കം ലോക കാർട്ടൂൺ ചരിതങ്ങളും തന്റെ സ്വന്തം ക്യാരിക്കേച്ചറുകളിലൂടെ വ്യക്തമാക്കിത്തരുന്ന അവതരണമാണ് റോയ് ഭായ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്..

സാബു  ജോസ് / Sabu Jose 

ഇന്നത്തെ സാഹിത്യത്തിന്‍റെ നിലനില്‍പ്പ്' (The existence of present-day literature) എന്ന വിഷയത്തില്‍ സംസാരിക്കുന്നത് സാബു ജോസാണ് . മനുഷ്യന്റെ അനുഭവങ്ങളും,ആഗ്രഹങ്ങളും ഭാവനചേർത്ത് ആവിഷ്‌കരിക്കുന്ന കലാ സാഹിത്യ സൃഷ്ട്ടികൾ അതാതുകാലത്തെ വായനയുടെയും എഴുത്തിന്റെയും ചുറ്റുപാടുകൾക്കനുസരിച്ച് മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുമെങ്കിലും ,ആയവക്കൊക്കെ ഇന്നത്തെ കാലഘട്ടത്തിലടക്കം - എല്ലാകാലത്തും ആധുനികതയുടെ ചുറ്റുവട്ടങ്ങളാൽ വളർന്ന് വികസിച്ചുകൊണ്ടിരിക്കും എന്നതിന്റെ കാഴ്ച്ചപ്പാടുകൾ സാബു ഭായ് നന്നായി അവതരിപ്പിച്ചിരിക്കുകയാണിവിടെ... 

സീമ സൈമൺ /  Seema Simon

ഓർമ്മപടവുകളിൽ വഴുതിവീഴുന്നവർ  (Dementia - Symptoms, Causes, Treatment) എന്ന വിഷയത്തെ പറ്റി ആധികാരികമായി തന്നെ അസ്സലൊരു പ്രഭാഷണം കാഴ്ച്ചവെച്ചിരിക്കയാണിവിടെ സീമ സൈമൺ . മറവി രോഗത്തെ കുറിച്ചും ,ആയതിന്റെ പരിചരണങ്ങളെ കുറിച്ചും  വളരെ വിജ്ഞാനപ്രദമായി മനസ്സിലാക്കി തരുന്ന അതി മനോഹരമായ ഒരു പ്രഭാഷണമാണ് സീമ ഇവിടെ നന്നായി പറഞ്ഞു തന്നിരിക്കുന്നത് .

സന്തോഷ് റോയ് /  Santhosh Roy 

യാത്രകളും സാഹിത്യവും ' (Travels and Travelogue) എന്ന വിഷയത്തെ കുറിച്ചാണ് സന്തോഷ് റോയ് ഇവിടെ  സംസാരിക്കുന്നത് . യാത്രയിൽ നിന്നും കെട്ടിപ്പടുക്കുന്ന സാംസ്കാരിക ചുറ്റുവട്ടങ്ങൾ തൊട്ട്, ഭാരതത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥം മുതൽ പുതു സഞ്ചാര വിവരങ്ങളുടെ പട്ടികകൾ അടക്കം വിവരിച്ചിരിക്കുന്ന നല്ല അവതരണമാണ് സന്തോഷ്‌ ഭായ് ഇവിടെ കാഴ്ച വെച്ചിരിക്കുന്നത്. 


അനിയൻ കുന്നത്ത് /  Aniyan Kunnathu 

കവിതയിലെ വഴിവെട്ടലുകൾ (Poetry : The New Passages) എന്ന വിഷയത്തിൽ  സംസാരിക്കുന്നത് അനിയൻ കുന്നത്താണ്‌ .കവിതയുടെ നാട്ടുവഴികളിലൂടെയുള്ള അസ്സലൊരു സഞ്ചാരമാണിവിടെ അനിയൻ മാഷ് വാക്കുകളിലൂടെ ചിത്രീകരിച്ച് വെച്ചിരിക്കുന്നത്.

നികിത ഹരി / Nikita Hari 

യുവൽ നോഹ ഹരാരി'(Yuval Noah Harari) എഴുതിയ 'ഇരുപത്തിയൊന്നാം നൂറ്റാണ്ടും ഇരുപത്തിയൊന്ന് ചിന്തകളും (21 Lessons for the 21st Century) 'എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് നികിത ഹരി ഇവിടെ   സംസാരിക്കുന്നത് .ആംഗലേയത്തിൽ അതിമനോഹരമായി തന്നെ ഈ 21 പുതു പുത്തൻ ചിന്തകളെ  കുറിച്ച് വ്യക്തമായി പറഞ്ഞുതന്നുകൊണ്ടുള്ള  നല്ലൊരു ബോധവൽക്കരണം നടത്തിയിരിക്കുകയാണ് നികിത .

മുരളീ മുകുന്ദൻ / Muralee Mukundan

സോഷ്യൽ മീഡിയയിലെ എഴുത്തുകൾ
(Writings on social media) എന്ന വിഷയത്തെ കുറിച്ച് പറയുന്നത് മുരളീ മുകുന്ദനാണ്‌ . 
ധാരാളം ഗുണങ്ങൾക്കൊപ്പം തന്നെ അനേകം ദോഷങ്ങളുമുള്ള നാം സ്ഥിരം മേഞ്ഞുനടക്കുന്ന സോഷ്യൽ മീഡിയ തട്ടകങ്ങളിലെ എഴുത്തിനേയും വായനയേയും വിലയിരുത്തുന്ന ഒരു ചൊല്ലിയാടൽ.

കനേഷ്യസ് അത്തിപൊഴിയിൽ  / Canatious Athipozhiyil 

സാഹിത്യവും   സിനിമയും (Literature and Cinema) എന്ന വിഷയത്തിനെ പറ്റി സംസാരിക്കുന്നത് കനേഷ്യസ് അത്തിപൊഴിയിൽ. സാഹിത്യമില്ലാതെ തിരക്കഥയില്ല, തിരക്കഥയില്ലാതെ സിനിമയില്ല എന്ന യാഥാർത്ഥ്യം പറഞ്ഞുകൊണ്ട് , മലയാളത്തിലെ പഴയതും പുതിയതുമായ അസ്സൽ സിനിമകളേയും, അതിന്റെ പിന്നണിയിലുണ്ടായിരുന്ന വമ്പൻ സാഹിത്യകാരന്മാരെയും അണിനിരത്തികൊണ്ടുള്ള നല്ലൊരു അവതരണമാണ് കനേഷ്യസ് ഭായ് നടത്തിയിരിക്കുന്നത്  


ഷെർഫി ഹെറിക് /  Sherphi Heric

കവിതയും ഫിക്ഷനും (Poetry and Fiction) എന്ന വിഷയത്തെ പറ്റി ഷെർഫി ഹെറിക് അവതരിപ്പിച്ചിരിക്കുന്ന എല്ലാം കൊണ്ടും ഉജ്ജ്വലമായ ഒരു ഉഗ്രൻ പ്രഭാഷണമാണിത്.
കവിതയുടെ ഉള്ളുകള്ളികളിലൂടെ സഞ്ചരിച്ച് കഥാസാഹിത്യത്തിന്റെ തുടിപ്പുകൾ വ്യക്തമാക്കിത്തരുകയാണ് ഷെർഫി.

സിമ്മി കുറ്റിക്കാട് /  Simmy Kuttikkat

കവിത പ്രവാസം ഗൃഹാതുരത (Poetry, Exile, Nostalgia) എന്ന വിഷയത്തിൽ ഊന്നി സംസാരിക്കുകയാണ് സിമ്മി .ആദ്യം യഥാർത്ഥ പ്രവാസത്തിന്റെ ഉള്ളുകള്ളികൾ ചൂണ്ടിക്കാട്ടി , പിന്നീട് മനുഷ്യന്റെ മനസിന്റെ പ്രവാസത്തിൽ നിന്നും വരുന്ന ഗൃഹാതുരതയിൽ നിന്നും ഉരുതിരിഞ്ഞു വന്ന ഭാവനകളിൽ നിന്നും പുറത്തുവരുന്ന കവിത്വം തന്നെയാണ് ഓരോ എഴുത്തിന്റെയും ഉറവിടം എന്നാണ് സിമ്മി ഇവിടെ അതിമനോഹരമായി പറഞ്ഞു വെച്ചിട്ടുള്ളത് ...
ഒപ്പംഗൃഹാതുരത്വത്തിന്റെ ഓർമ്മകളിൽ നിന്നും കവിതകൾ തീർത്ത നമ്മുടെ പ്രിയ കവികളെ ചൂണ്ടി കാണിച്ചുകൊണ്ടുള്ള കൊച്ചു കൊച്ചു വിശദീകരണങ്ങളുമായുള്ള ഒരു അസ്സൽ പ്രഭാഷണമാണിത് 


ജിജു ഫിലിഫ് സൈമൺ / Jiju Philiph Simon

ഇന്നത്തെലോകവും മനുഷ്യാവകാശവും (World Today and Human Rights ) എന്ന വിഷയത്തെ കുറിച്ച്  സംസാരിക്കുകയാണ് ജിജു ഫിലിഫ് സൈമൺ .പഴയതിൽ കവിഞ്ഞുള്ള നിയമ വശങ്ങളിൽ പുതുപുത്തൻ മനുഷ്യവകാശങ്ങളും അതിന്റെ ലംഘനങ്ങളും ഏതൊക്കെയാണെന്ന് പറഞ്ഞുതരുന്ന വിജ്ഞാനപ്രദമായ ഒരു പ്രഭാഷണമാണ് ജിജു ഫിലിപ്പ് ഭായ് ഇവിടെ വളരെ നന്നായി നടത്തിയിരിക്കുന്നത് ...

 
അരുൺ കുമാർ /  Arun Kumar

പ്രവാസിയുടെ ലോകങ്ങൾ (The World of Diaspora writers) എന്ന വിഷയത്തെ  പറ്റി സംസാരിക്കുകയാണ് അരുൺ കുമാർ .മലയാളി പ്രവാസത്തിന്റെ അടിത്തട്ടുകൾ തൊട്ട് മലയാളം പ്രവാസ സാഹിത്യത്തിന്റെ ആദ്യ കാലഘട്ടം മുതൽ ഇന്നു വരെയുള്ള ചരിതങ്ങൾ , ആ എഴുത്തുകാരെ വരെ പരിചയപ്പെടുത്തികൊണ്ട് വളരെ നന്നായി പറഞ്ഞുവെച്ചിരിക്കുകയാണ് അരുൺ കുമാർ ഇവിടെ... 
പ്രിയ കിരൺ /  Priya Kiran

കഥയും സമൂഹവും (Story and Community) എന്നതാണ് പ്രിയയുടെ സംസാര വിഷയം.ബാല്യത്തിൽ നാം കേട്ടു വളരുന്ന ഗുണപാഠകഥകൾ തൊട്ട് അന്തർദ്ദേശീയമായതും നാട്ടിലേയും പ്രമുഖ പുസ്തങ്ങൾ വിലയിരുത്തി കൊണ്ട് , പ്രിയ കിരൺ , കഥകൾ - മനുഷ്യനും സമൂഹത്തിനും വരുത്തുന്ന ഗുണഗണങ്ങൾ വളരെ തന്മയത്വമായി വിശദീകരിച്ചിരിക്കുകയാണിവിടെ... 
ഒപ്പം സാഹിത്യവും സമൂഹവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നത്തിന്റെ പങ്കിനെക്കുറിച്ചും പ്രിയ നല്ല രീതിയിൽ പറഞ്ഞിരിക്കുന്നു
 ശശി എസ് കുളമട / Sasi S Kulamada  


സിനിമയും നാടകവും (Screen and Stage) എന്ന വിഷയത്തെ കുറിച്ചുള്ള ഒരു പ്രഭാഷണമാണിത് .മലയാള നാടകത്തിന്റെ ഉത്ഭവം മുതൽ പിന്നീടുണ്ടായ പരിണാമങ്ങളെല്ലാം , ആയതിന്റെ പിന്നിൽ അണി നിരന്ന നാടകത്തിനായി ജീവിതം സമർപ്പിച്ച് , മലയാള നാടകത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച വല്ലഭരെയെല്ലാം പരിചയപ്പെടുത്തിയ ശേഷം, അവരുടെ സിനിമാ പ്രവേശങ്ങൾ വരെ വ്യക്തമാക്കി തന്നുകൊണ്ടുള്ള ഒരു ഉഗ്രൻ പ്രഭാഷണം...

മലയാള നാടക കലയുടെ തുടക്കം മുതൽ ഇന്നു വരെയുള്ള കയറ്റിറക്കങ്ങൾ മുഴുവൻ വളരെ തന്മയത്വമായി പറഞ്ഞു തന്നിരിക്കുകയാണ് യു.കെ യിലുള്ള നാടക കലയുടെ തലതൊട്ടപ്പനായ ശശി . എസ് .കുളമട ... 


മുരുകേഷ് പനയറ /  Murukesh anayara

എഴുത്തിലെ സാമൂഹ്യബോധ്യങ്ങൾ (Social Convictions in Writing) എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് മുരുകേഷ് പനയറ സംസാരിക്കുന്നത് .
സാഹിത്യത്തിലെ ഓരൊവിഭാഗങ്ങളും പരിചയപ്പെടുത്തികൊണ്ട്, എഴുത്തിലെ സാമൂഹ്യ ബോധവൽക്കരണങ്ങൾ ഉണ്ടാകുന്ന രീതികൾ നല്ല രീതിയിൽ തന്നെ - മലയാളത്തിലെയും ആംഗലേയത്തിലെയും ചില കൃതികൾ ചൂണ്ടിക്കാണിച്ച് , ഉദാഹരണ സഹിതം വ്യക്തമാക്കിത്തരുന്ന അസ്സൽ പ്രഭാഷണമാണിത് 

ഭാവനകളെ ഉദ്ദീപിപ്പിക്കുന്ന, ബോധമണ്ഡലങ്ങളിൽ സ്പന്ദനം ഉളവാക്കുന്ന - സാഹിത്യ രചനകൾ അനുവാചകനുള്ളിൽ മാറ്റങ്ങൾ സൃഷ്ട്ടിക്കുന്ന സംഗതികളും മുരുകേഷ് ഭായ് ഇവിടെ നന്നായി തന്നെ പറഞ്ഞു തന്നിരിക്കുന്നു...ആനി പാലിയത്ത് / Annie Paliyatth 


സമത്വത്തിന്റെ ഭാരതപാത (Indian Road To Equality) എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ആനി പാലിയത്ത് സംസാരിക്കുന്നത് .
ഇന്ത്യൻ ചരിത്രം മുതൽ സമത്വം അത്രയൊന്നുമില്ലെങ്കിലും, അസമത്വം പുരാതനകാലം തൊട്ട് ഇന്നുവരെയും നിലനിൽക്കുന്ന കാഴ്ചപ്പാടുകൾ അടക്കം ,സ്ത്രീകൾ അനുഭവിക്കുന്ന ലിംഗ വിവേചനം മുതൽ വർഗ്ഗ മത ജാതി വിവേചനങ്ങൾ വരെ ചൂണ്ടിക്കാട്ടിയുള്ള അവതരണം ... 
ഇന്ത്യൻ ഭരണഘടനയിലുള്ള പല മൗലിക അവകാശങ്ങളുടെ വാഗ്ദാനങ്ങൾ ഒട്ടുമിക്കതും നിറവേറ്റുവാൻ ഇതുവരെ ഒരു ഭരണകൂടങ്ങൾക്കും സാധ്യമായില്ല എന്ന് വ്യക്തമാക്കി തരുന്ന പ്രഭാഷണമാണിത് .


ജിൻസൺ ഇരിട്ടി Jinson Iritty 

എഴുത്ത് ജീവിതത്തിന്റെ ഉയർച്ചയും താഴ്ചയും (The writing life -Ups and Downs) yഎന്ന വിഷയത്തിൽ  സംസാരിക്കുന്നത് ജിൻസൺ ഇരിട്ടിയാണ് .🌹
എഴുത്ത് ജീവിതത്തിൽ ഒരു രചയിതാവിനുണ്ടാകുന്ന ഉയർച്ച താഴ്ച്ചകൾ - ആവിഷ്കാര സ്വാതന്ത്ര്യം, ഭരണകൂട രാഷ്ട്രീയ പീഡനങ്ങൾ, മോഷണം മുതൽ സംഗതികളാൽ ബന്ധപ്പെട്ടു കിടക്കുന്നു എന്ന്, ഉദാഹരണ സഹിതം വളരെ സംക്ഷിപ്തമായി നല്ലൊരു അവലോകനം നടത്തിയിരിക്കുകയാണിവിടെ  ജിൻസൺ ഇരിട്ടി .


സൂസൻ ബെന്നി ജോസഫ്  Benny Joseph 

നമ്മുക്ക് ചുറ്റുമുള്ള സാഹിത്യം Literature around us )എന്ന വിഷയത്തെ പറ്റി സൂസൻ ബെന്നി ജോസഫ് സംസാരിക്കുന്നു.
നമ്മുടെ ഭാഷകളിലേയും , ആംഗലേയത്തിലേയും അക്ഷര സുഗന്ധമായി ഏവരേയും ഇന്നും ആകർഷിപ്പിക്കുന്ന ഹൃദയ സ്പർശിയായി എഴുതിയിട്ട പുരാതനമായ ക്‌ളാസ്സിക് സൃഷ്ട്ടികൾ തൊട്ട് , അതെഴുതിയ സാഹിത്യ വല്ലഭരെ വരെ ചൂണ്ടികാണിച്ചുകൊണ്ട് , നമ്മുടെ ചുറ്റുപാടുമുള്ള സാഹിത്യ ലോകത്തെ കുറിച്ച് വളരെ നന്നായി അവലോകനം ചെയ്തിരിക്കുകയാണ് സൂസൻ ബെന്നി ജോസഫ്  ഇവിടെ .

അജിത്ത് പാലിയത്ത് /  Ajith Paliath 

തത്വചിന്തകനായ ജിദ്ദു കൃഷ്ണമൂർത്തി( Philosopher Jiddu Krishnamurthy)യെ കുറിച്ചാണ് അവസാന പ്രഭാഷകനായി   അജിത്ത് പാലിയത്ത് സംസാരിക്കുന്നത് 
ആഗോളതലം മുഴുവൻ ധാരാളം ഫോളോവേഴ്‌സുള്ള , തത്വ ചിന്തകരുടെ തത്വചിന്തകൻ എന്നറിയപ്പെടുന്ന ജിദ്ദു കൃഷ്ണമൂർത്തിയുടെ ജനനം മുതൽ അന്ത്യം വരെയുള്ള ഒരു ലഘു ജീവചരിത്രം മുതൽ - അദ്ദേഹത്തിൻറെ വിലപ്പെട്ട ചില ചിന്തകൾ വരെ വ്യക്തമാക്കിത്തരുന്ന മനോഹരമായ ഒരു പ്രഭാഷണമാണ് അജിത്ത് ഭായ് ഇവിടെ കാഴ്ച്ചവെച്ചിരിക്കുന്നത്.


2020 ഫെബ്രുവരി 22 ശനിയാഴ്ച്ച ലണ്ടനിലെ 
മനർപാർക്കിലുള്ള 'കേരള ഹൌസി'ൽ വെച്ച് വിവിധ 
കലാ സാഹിത്യ കൂട്ടായ്‌മകളിലൂടേയും , സഹകരണത്തോടെയും 
നടത്തുന്ന യു.കെ. സാഹിത്യോത്സവം 2020 ന്റെ വിജയത്തിനായി 
എല്ലാ സാഹിത്യ സ്നേഹികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
പങ്കെടുക്കുന്നവർ മുൻ കൂട്ടി പേരുകൾ നൽകുക... 
ഏവർക്കും സ്വാഗതം .

ഇതോടൊപ്പം ആംഗലേയ നാട്ടിലെ മലയാളി എഴുത്തിന്റെ ഇതുവരെയുള്ള ചരിതങ്ങൾ അറിയുവാനും ,ഇവിടെ ബ്രിട്ടനിൽ നൂറ് വർഷം പിന്നിട്ട മലയാളം എഴുത്തിന്റെയും,എഴുത്തുകാരുടേയും നാൾവഴികൾ അറിയുവാനും താഴെയുള്ള ലിങ്കിൽ സന്ദർശിക്കുക 


Thursday, 23 January 2020

Bilatthipattanam / ബിലാത്തിപട്ടണം : എന്റെ ബൂലോഗ പ്രവേശത്തിന്റെ കഥയില്ലായ്‌മകൾ ... ! /...

Bilatthipattanam / ബിലാത്തിപട്ടണം : എന്റെ ബൂലോഗ പ്രവേശത്തിന്റെ കഥയില്ലായ്‌മകൾ ... ! /...: എന്റെ പകല്‍ കിനാവുകളില്‍ പോലും ഇതുപോലൊരു ബൂലോഗം  ഭൂമി മലയാളത്തില്‍ ഉടലെടുക്കുമെന്നോ , ആയതില്‍ ഞാന്‍ എന്തെങ്കിലും  കുത്തിക്കുറിക്കുമെന്ന...

എന്റെ ബൂലോഗ പ്രവേശത്തിന്റെ കഥയില്ലായ്‌മകൾ ... ! / Ente Boologa Praveshatthinte Kathhayillaaymakal ... !


എന്റെ പകല്‍ കിനാവുകളില്‍ പോലും ഇതുപോലൊരു ബൂലോഗം ഭൂമി മലയാളത്തില്‍ ഉടലെടുക്കുമെന്നോ , ആയതില്‍ ഞാന്‍ എന്തെങ്കിലും കുത്തിക്കുറിക്കുമെന്നോ ചിന്തിച്ചിരുന്നില്ല എന്നത് വാസ്തവമാണ് ...

അന്തർദ്ദേശീയമായി അടിവെച്ചടിവെച്ച്  മുന്നേറുന്ന സൈബർ ഇടങ്ങളിലെ സോഷ്യൽ മീഡിയ സൈറ്റുകളിൽ നവ മാധ്യമ ലോകം കീഴടക്കി കൊണ്ടിരിക്കുന്ന ആഗോള ബൂലോഗ രംഗത്ത് 'ബിലാത്തിപട്ടണം' എന്ന ഒരു കുഞ്ഞ് തട്ടകം എനിക്കുമുണ്ടല്ലോ എന്നത് ഒരു പത്രാസ് തന്നെയാണെന്ന് ഞാൻ കരുതുന്നു...

ലണ്ടനിലെ വെറും മണ്ടനാ'യ ഒരുവൻ  എങ്ങിനെയാണ് മലയാളം ബൂലോകത്തിലെ ഒരു  ബ്ലോഗറായി തീർന്നതെന്ന് പലപ്പോഴായി പലരും  എന്നോട് ചോദിച്ചിരുന്നതിനുള്ള വിശദീകരണങ്ങളാണ്  ഈ കുറിപ്പുകൾ ...

ഒന്നൊര പതിറ്റാണ്ട് മുമ്പ് സൈബർ ലോകത്തിൽ മലയാളം ബ്ലോഗുലകം പൊട്ടിമുളച്ച് , അഞ്ച് കൊല്ലത്തിന് ശേഷമാണ് ബൂലോകത്തിൽ എന്റെ 'ബിലാത്തി പട്ടണ' മെന്ന തട്ടകത്തിൽ കൂടി ഞാൻ സഞ്ചാരം തുടങ്ങിയത് ...!

ജീവിത യാത്രയിലെ പലപല പ്രതിസന്ധികൾ ഉണ്ടായിട്ടുപോലും ,പല ഇഷ്ട്ടങ്ങൾ നടത്തുന്ന ഇടവേളകൾ  വേണ്ടെന്ന് വെച്ച് സമയമുണ്ടാക്കി തുടർച്ചയായി എഴുത്തും വായനയുമായി ഒരു ദശ വർഷക്കാലത്തിലേറെയായി സ്ഥിരമായുള്ള ബൂലോക സഞ്ചാരം പൂർത്തിയാക്കിയ പൂർണ്ണ സംതൃപ്തിയിലാണ് ഞാനിപ്പോൾ ... 

ഒപ്പം തന്നെ ആഗോള ബ്ലോഗ് വലയത്തിലെ വ്യാപകരായി കിടക്കുന്ന  ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ പോലും ഇല്ലാത്തവരും , അല്ലാതെയുമുള്ള ഒത്തിരി ഉത്തമ ബൂലോഗ മിത്രങ്ങളുമായി സ്ഥിരമായി ഇടപഴകി കൊണ്ട് എന്റെ സൗഹൃദ സാമ്പാദ്യം വർദ്ധിപ്പിച്ചവനെന്ന നിലയിൽ ഏറെ സന്തോഷവാൻ കൂടിയാണ് ഞാൻ ...

തനി തൃശൂർക്കാരനായ ഒരുവൻ മൂന്നാല് പതിറ്റാണ്ട്  മുമ്പ്  മുതൽ  നാട്ടിലെ വായനശാല
കൈയെഴുത്ത് പതിപ്പുകളിലും , സ്‌കൂൾ -കോളേജ് മാഗസിനുകളിലും , പൂരം സുവനീയറുകളിലും , മാതൃഭൂമി ബാലപംക്തി , എക്സ്പ്രസ് പത്രത്തിന്റെ വരാന്ത്യ പതിപ്പ് എന്നീ മാദ്ധ്യമങ്ങളിലും  വൃത്തവും , പ്രാസവും ചേർത്ത കവിതകളും , പ്രണയ കഥകളുമൊക്കെ എഴുതിയിട്ട് ഗമയിൽ നടന്നിരുന്ന അന്തകാലത്തിലാണ് എന്റെ വായനകളുടേയും , എഴുത്തിന്റെയും ആരംഭം കുറിക്കുന്നത് ...

പിന്നീട്  സാഹിത്യ അക്കാദമിയുടെയും മറ്റും ഉമ്മറത്തുള്ള സകലമാന കലാസാഹിത്യ പരിപാടികളിൽ  പങ്കെടുത്ത്  , തെരുവ് നാടകങ്ങൾ കളിച്ച് , ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാ ജാഥകളിൽ അണിചേർന്ന് - നാട്ടിൽ ബുദ്ധിജീവി പട്ടം വരുത്തുവാൻ ജുബ്ബയും , കാലൻ കുടയുമൊക്കെയായി നടന്നിരുന്ന വേളയിൽ , ധാരാളം വായിച്ചുതുടങ്ങിയപ്പോൾ , ഒരു കാര്യം മനസ്സിലാക്കി ...!


എന്താണെന്ന് വെച്ചാൽ താൻ എഴുതിയിട്ട കഥകളിലെ കഥയില്ലായ്മയും , കവിതകളിലെ കവിത ഇല്ലായ്മയുമൊക്കെ സ്വയം തിരിച്ചറിഞ്ഞു ...!

ആയതുകൊണ്ട് എഴുത്ത് പരിപാടികളെല്ലാം സ്വയം നിറുത്തി വെച്ച് , വായനയിൽ മാത്രം ഒതുങ്ങി , വെറുമൊരു കള്ള കാമുകനായി മാജിക്കും , കച്ചവടവുമായി രാപ്പകൽ നാടുനീളെ റോന്ത് ചുറ്റി നടന്നു ...

പിന്നീട് എങ്ങിനെയോ പന്തടിച്ച പോലെ ബിലാത്തിയിൽ വന്ന് , ലണ്ടനിലെ
ഒരു മണ്ടനായി തീർന്നു ...!

ലോകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ ലണ്ടനിൽ വന്നുപെട്ട ഒരു ശരാശരി മലയാളിയുടെ അവസ്ഥാവിശേഷങ്ങൾ മുഴുവൻ തൊട്ടറിഞ്ഞു കൊണ്ടിരിമ്പോഴാണ് നമ്മുടെ മനോഹരമായ നാടിന്റെ ഗൃഹാതുരതകൾ വന്നെന്നെ എപ്പോഴും വേട്ടയാടിക്കൊണ്ടിരുന്നത് ...മണ്ടനും ലണ്ടനും

മണ്ടന്മാര്‍ ലണ്ടനിലെന്നതു ഒരു പഴമൊഴി തില്ലാന ...!

കണ്ടറിവും,കേട്ടറിവും ഇല്ലാത്ത ബഹുകാര്യങ്ങളാദ്യം ,
കണ്ടപ്പോള്‍ അതിശയത്താല്‍ വാപോളിച്ചുല്ലസിച്ചു നിന്നതും ,
മിണ്ടല്‍-ആംഗലേയത്തിലുള്ള വചന വാചക ഭോഷത്വം ...!
മണ്ടയുണ്ടെങ്കിലല്ലേയതു മമ ചുണ്ടിലെത്തുകയുള്ളൂ ?
ലണ്ടനില്‍ ബഹുവിധത്തില്‍ നാനാ ഭാഗങ്ങളില്‍ നിന്നുമെന്നും ;
വീണ്ടു വിചാരമതൊട്ടുമില്ലാതെ പരസഹായം ചെയ്തും......
കണ്ട കാര്യങ്ങള്‍ പറഞ്ഞും ,പിന്നീടതിന്‍ പഴി കേട്ടുകൊണ്ടും ,
മണ്ടനായി തുടരുന്നു ഈ  ലണ്ടനില്‍ ഇക്കാലമത്രയും ...!!

അന്ന് രണ്ട് ദശാബ്ദം മുമ്പ്  ലണ്ടനിൽ കൊല്ലത്തിൽ ഒന്നോരണ്ടോ തവണ പ്രദർശിപ്പിക്കുന്ന മലയാള സിനിമകളും , മലയാളി സമാജങ്ങളിൽ കിട്ടുന്ന വളരെ വൈകി വരുന്ന പത്ര മാസികകളും അല്ലാതെ നാട്ടിൽ പോകുന്നവർ കൊണ്ടുവരുന്ന ഓണപ്പതിപ്പുകളോ ,ചില നല്ല പുസ്തകങ്ങളുമല്ലാതെ മാതൃഭാഷയുമായി അങ്ങിനെ ഒട്ടും കൂട്ടുകെട്ടില്ലാത്ത കുറെ വർഷങ്ങൾങ്ങൾക്കിടയിൽ വായനയുടെ വല്ലാത്ത ദഹനക്കേടുണ്ടായപ്പോഴാണ് എന്നിൽ വീണ്ടും  തനി പൊട്ടത്തരങ്ങളായ എഴുത്തിന്റെ ദഹനക്കേടുണ്ടായത് ... 

അതോടൊപ്പം തന്നെ അക്കാലത്ത് ഇംഗ്ലണ്ടിൽ  സുലഭമായി ലഭിച്ചിരുന്ന ഇന്റർനെറ്റിനുള്ളിലെ പുതുപുത്തനായ  സൈബർ ലോകത്തിലേക്ക് ഇ-മെയിലെന്ന പാസ്പോർട്ട് എടുത്ത് മറ്റുള്ളവരെ പോലെ ഞാനും നുഴഞ്ഞുകയറി .
അത്രവലിയ കമ്പ്യൂട്ടർ പരിജ്ഞാനമില്ലെങ്കിലും ഞാൻ വായനക്ക് വേണ്ടി കുറച്ച് വിവരസാങ്കേതിക വിദ്യകൾ പഠിച്ച് അക്കാലത്ത് പല വിജ്ഞാനപ്രദമായ പല കാര്യങ്ങളും നേടിയെടുത്തത് ഈ നുഴഞ്ഞ് കയറ്റത്തിലൂടെയാണ്‌ ...


അക്കാലത്ത്   ഇന്റര്‍-നെറ്റ് ഉപയോഗിച്ച് കൊണ്ടിരുന്ന  കുറെ വിദേശ മലയാളികള്‍ ഇംഗ്ലീഷിലും , മംഗ്ലീഷിലുമായി ചാറ്റ് രൂപത്തിലും മറ്റും ധാരാളം പോസ്റ്റുകള്‍ അവരുടെ പേരുകളിലും മറു പേരുകളിലും പടച്ചു വിട്ടിരുന്നൂ .

ആ കാലഘട്ടങ്ങളിൽ   ഫോട്ടോ സ്റ്റാറ്റ്  കോപ്പികളാല്‍ കുപ്രസിദ്ധി നേടിയ ഭരണി പാട്ടുകള്‍ , മല്ലുജോക്സ്,..മുതൽ ധാരളം ഇ-മെയിൽ പോസ്റ്റുകൾ അന്നത്തെ  മംഗ്ലീഷ് ബ്ലോഗേഴ്സിന്റെ സംഭാവനകളായി വായിച്ചതോർത്ത്  ഇപ്പോഴും അന്നത്തെ സൈബർ ഉപഭോക്താക്കൾ പുളകം കൊള്ളുന്നുണ്ടാകും ....

പിന്നീട് മലയാ‍ളത്തിൽ വന്ന രചനകൾ ,കൈയ്യെഴുത്താൽ എഴുതപ്പെട്ട ഇ-മെയിൽ പോസ്റ്റുകൾ ആയിരുന്നു . ഗൾഫ് പാട്ട് , മലയാളി മഹാത്മ്യം, ഒരു ലണ്ടൻ ഡയറി , പ്രണയ സല്ലാപം,...അങ്ങിനെയങ്ങിനെ  കുറെയധികം  വളരെ ഹിറ്റായ എഴുത്തുകൾ ....


19 - 04 -2003 ൽ കേരലിറ്റ് എന്ന മലയാളത്തിലുള്ള ലിപിയുപയോഗിച്ച
സിംഗപ്പൂരില്‍ നിന്നും , തൃശ്ശൂര്‍ സ്വദേശിയായ പോളാണ് മലയാളത്തില്‍ ഇന്നത്തെ
തരത്തിലുള്ള ബ്ലോഗിങ്ങിന് തുടക്കം കുറിച്ചത് ....
പിന്നീട് തൃശ്ശൂര്‍ സ്വദേശികളായ കെവിൻ രൂപകല്‍പ്പന ചെയ്ത അജ്ഞലി ഓൾഡ് ലിപി യൂണിക്കോഡും ,  സിബു .സി.ജെ  അമേരിക്കയില്‍വെച്ച് ഉണ്ടാക്കിയ വരമൊഴിയും കൂടിയായപ്പോള്‍   മലയാളം
രചന കമ്പ്യുട്ടറില്‍ വളരെ സുഗമമായി തീര്‍ന്നു .

രണ്ടായിരത്തി ആറോടുകൂടി  ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും മലയാളം ബ്ലോഗുലകത്തിലേയ്ക്കു മലയാളത്തിലുള്ള  എഴുത്തുകൾ  വന്നുതുടങ്ങി.

ഗൃഹാതുരത്വത്തിന്‍ സ്മരണകളായും , കഥകളായും, കവിത ചൊല്ലിയും ,
യാത്ര വിവരണം എഴുതിയും, പാട്ട് പാടിയും , ചിത്രങ്ങള്‍ വരച്ചും ,ഫോട്ടോ
പ്രദര്‍ശിപ്പിച്ചും,  വീഡിയോ കാണിച്ചും, അഭിപ്രായങ്ങള്‍ പറഞ്ഞും , ചര്‍ച്ചകള്‍
ചെയ്തും  മലയാള ബ്ലോഗുകള്‍ അങ്ങിനെ ബഹുമുഖ പ്രതിഭകളാല്‍ നിറഞ്ഞു കവിഞ്ഞു..!

ആയിടെ ഗള്‍ഫ് മാധ്യമം , മാതൃഭൂമി മുതലായ പത്രങ്ങളില്‍ ബ്ലോഗുലകത്തെ
കുറിച്ചു സചിത്ര ലേഖനങ്ങള്‍ വന്നു . പിന്നീട് മറ്റുമാധ്യമങ്ങളാലും മലയാളം ബൂലോകം വാഴ്ത്തപ്പെട്ടു..


രണ്ടായിരത്തിനാലിൽ  വായനക്കാരടക്കം വെറും അഞ്ഞൂറു ബുലോഗർ മാത്രമുണ്ടായിരുന്ന
മലയാളം ബ്ലോഗുലകം  പിന്നത്തെ വർഷമായപ്പോഴേക്കും ഇരട്ടിയായി മാറി. പിന്നീടത് മാസം തോറും മൂവായിരവും ,അയ്യായിരവുമൊക്കെയായി മലയാളം ബ്ലോഗുലകം ദിനം തോറും  ഭൂലോകം മുഴുവൻ  പടർന്നു പന്തലിച്ചു !

എല്ലാത്തിനും ഒരു നിമിത്തം എന്ന് പറയാറില്ലേ...
വളരെയധികം വിളയാടി നടന്നതിന് എനിക്ക്  ഒരു ശിക്ഷകിട്ടി  !

അതും തണ്ടലിനുതന്നെ ;ഒരു “എമെര്‍ജെന്‍സി സ്പൈനല്‍ സര്‍ജറി“ !

അങ്ങിനെ“ ഡിസെക്ക്ട്ടമി“ കഴിഞ്ഞ്, 2008  മാര്‍ച്ചില്‍ “റോയല്‍ ലണ്ടന്‍ “ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ,എന്നെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന , നല്ലൊരു വായനക്കാരിയായ നേഴ്സ് മേരിക്കുട്ടി  , അവളുടെ വെബ് പേജിലൂടെ ,രോഗിയുടെ കിടക്കയിലെ കമ്പ്യൂട്ടറിലൂടെ നമ്മുടെ ബുലോഗത്തെ വിശദമായി പരിചയപ്പെടുത്തി തരുന്നു ...

വീണ്ടും മലയാളത്തിന്റെ മണം ,
ഹ ഹാ ..വായനയുടെ സുഖം ..ആത്‌മ സംതൃപ്‌തി ..

വീട്ടിലെത്തി പിന്നീട് മെഡിക്കല്‍ ലീവ് മുഴുവന്‍ , കുടുംബ സുഹൃത്ത് എന്‍ജിനീയര്‍ ആയ അജയ് മാത്യു  എന്‍റെ പേരില്‍ ഉണ്ടാക്കി തന്ന , ഉപയോഗിക്കാതെ , നിര്‍ജീവമായി കിടന്നിരുന്ന 'ഓര്‍ക്കുട്ട് സൈറ്റി'ലൂടെ മലയാളം ബുലോഗത്തെയും , ബുലോകരേയും , സൈബര്‍ ലോകത്തേയും ദിനം തോറും ഞാൻ കൂടുതല്‍ കൂടുതല്‍ അറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ...!

അങ്ങിനെയിരിക്കുന്ന കാലത്താണ്‌ ,വീണ്ടും ഓര്‍ക്കുട്ടില്‍ കൂടി ജയേട്ടനെ കണ്ടുമുട്ടുന്നത് . കലാകാരനും /സിനിമാനടനുമായ ശ്രീരാമന്റെ ചേട്ടനായ മൂന്നാലുബ്ലോഗുകൾ ഉള്ള ഇദ്ദേഹമാണ് നിര്‍ബന്ധിച്ചു ബൂലോഗത്തേക്ക് കൊണ്ടുവന്നതും ,
ബ്ലോഗിന്റെ ആദ്യ പാഠങ്ങള്‍ പറഞ്ഞുതന്നയാളും ...

കുറച്ചുനാള്‍ കിടപ്പിലായപ്പോള്‍ തിരിച്ചുകിട്ടിയ വായനയില്‍ക്കൂടി വീണ്ടും എഴുത്തിന്റെ ജ്വരം....

കള്ളും , കഞ്ചാവും നേദിച്ചപ്പോള്‍ ബുലോഗത്തെ കുറിച്ച്
കൂടുതല്‍ അറിവുപകര്‍ന്നു തന്നത് , ലണ്ടനില്‍ ജനിച്ചുവളര്‍ന്ന
മലയാളിയായ  ആംഗലേയ ബ്ലോഗറായ ഗോവിന്ദരാജ് എന്ന ഗൊവീൺ ആണ്.

ഇവിടെ ‘എം .ആര്‍ .സി .പി.‘പഠിക്കുവാന്‍ വേണ്ടി വന്നു ചേര്‍ന്ന
ഞങ്ങളുടെ ,നാട്ടിലെ ഫാമിലി  ഡോക്ട്ടറുടെ മകന്‍ , നല്ലൊരു ആര്‍ട്ടിസ്റ്റ്
കൂടിയായ ഡോ . അജയ്  ആണ് , ഈ ബ്ലോഗ് ബിലാത്തിപ്പട്ടണം ;എല്ലാതരത്തിലും
രൂപകല്‍പ്പന ചെയ്തുതന്നത്... !

എന്റെ മകള്‍ മയൂഖ ലക്ഷ്‌മി  മലയാളം ലിപികൾ ടൈപ്പുചെയ്തു മലയാളികരിച്ചു തന്നും  ,ടൈപ്പിംഗ് പരിശീലിപ്പിച്ചും വേണ്ടുവോളം സഹായമേകി . പിന്നെ ഇവിടെ ‘എം.ബി.എ. ‘എടുക്കുവാൻ വന്ന  ശ്രീരാഗും, അരുണും ബ്ലോഗിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പകർന്നു തന്നു.

ശീമ അല്ലെങ്കില്‍ ബിലാത്തി എന്ന് നമ്മള്‍ പണ്ടേ വിളിച്ചു പോന്നിരുന്ന ഇംഗ്ലണ്ട് ....
അതിലുള്ള ഏറ്റവും വലിയ പട്ടണം ആകുന്നു ലണ്ടന്‍ .ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായ ബിലാത്തി പട്ടണം ! 

അങ്ങിനെ  2008 നവംബർ മാസം മുതൽ ഞാന്‍ വീണ്ടും എഴുതിത്തുടങ്ങി ,
വെറും മണ്ടനായി തന്നെ ലണ്ടനിലെ സാധാരണക്കാരനായ ഒരു മല്ലു ബ്ലോഗ്ഗർ ആയി ബിലാത്തിപട്ടണം എന്ന ബൂലോക തട്ടകത്തിൽ കൂടി  ...

ഒരു പക്ഷേ  ഈ ബൂലോഗമൊന്നും ഈ ഭൂലോകത്തിൽ പൊട്ടി മുളച്ചില്ലെങ്കിൽ   ലണ്ടനിലെ
ഒരു കൊച്ചു  സർക്കിളിലും  തൃശൂരുള്ള കണിമംഗലത്തും  ഒതുങ്ങി പോകേണ്ട ഒരുവനായിരുന്നു ഞാൻ ...!ബ്ലോഗെഴുത്ത്  കുറേശ്ശെയായി പുരോഗമിക്കുന്നതിനിടയിൽ  
പഴയ 'ക്ലാസ്സ് മേറ്റു'കൾക്കും , ഇപ്പോഴത്തെ
പുത്തൻ വെറും ‘ഹായ്’ ആയ 'ഗ്ലാസ്സ് മേറ്റു'കൾക്കും പകരം തുടരെ തുടരെ
ലഭിച്ച് കൊണ്ടിരിക്കുന്ന അനേകം ആത്മാർത്ഥതയുള്ള ബ്ലോഗ് മിത്രങ്ങളേയും എനിക്ക് ലഭിച്ച് കൊണ്ടിരുന്നു ...

ഇവിടത്തെ തനി യാന്ത്രികമായ തിരക്ക് പിടിച്ച , അലസമായ സുഖസൌകര്യങ്ങളിൽ നിന്നൊന്നും കിട്ടാത്ത ഒരു സംതൃപ്തി ,  ഇവരൊക്കെയുമായി ഇടപഴകി കൊണ്ടിരിക്കുമ്പോൾ കൈ വരുന്നു എന്ന സത്യവും കൂടി മനസ്സിലാക്കിയപ്പോൾ ,ഈ ബൂലോഗ മിത്രങ്ങളെയെല്ലാം എന്റെ മികച്ച ഒരു ജീവിത സമ്പാദ്യത്തിന്റെ ഭാഗമാക്കി  , ഒരിക്കലും പിൻ വലിക്കാത്ത 'ഫിക്സഡ് ഡെപ്പോസിറ്റ് 'പോലെ കാലാകാലം പുതുക്കിയും , മാറ്റി നിക്ഷേപിച്ചും അന്ന് മുതൽ ഇന്ന് വരെ ഒരു നിധി കുംഭം കണക്കെ കൊണ്ട് നടക്കുകയാണ് ഞാൻ...! 

പിന്നീട് നാട്ടിൽ ചെല്ലുമ്പോഴെക്കെ വലുതും ചെറുതുമയ നാലഞ്ച് ബൂ‍ലോക / സൈബർ  മീറ്റുകൾ / ഈറ്റുകൾ വഴിയൊക്കെ ഈ സൗഹൃദങ്ങൾ വീണ്ടും വീണ്ടും വർദ്ധിപ്പിച്ച് ഊട്ടിയുറപ്പിച്ചു...!

നിങ്ങൾ വായനക്കാരെപ്പോലെ  പോലെ ഇത്രയും സ്നേഹ സമ്പന്നരായ മിത്രങ്ങൾ എനിക്കില്ലായിരുന്നുവെങ്കിൽ വെറും ഒന്ന് രണ്ട്  കൊല്ലം ചുമ്മാ പിടിച്ച് നിന്ന് , എന്റെ  ബൂലോക തട്ടകമായ  ഈ ‘ബിലാത്തി പട്ടണം’ അടച്ച് പൂട്ടി , ഇവിടത്തെ ഏതെങ്കിലും യൂറോപ്പ്യൻ ഗെഡിച്ചികളുമായി ‘ട്ടായം‘ കളിച്ച് ബാക്കിയുണ്ടാകുന്ന ജീവിതം അടിച്ച് പൊളിച്ച് തീർത്തേനെ ...!

ഇപ്പോളെന്തായി ...
ഒഴിവുള്ളപ്പോഴൊക്കെ വീടിനുള്ളിൽ കണികാണാൻ പോലും പറ്റാത്ത എന്നെ ,
കുറ്റിയിൽ കെട്ടിയിട്ട പോലെ സൈബർ ലോക വലയത്തിനുള്ളിൽ പെട്ട് , വീട്ടിനുള്ളിൽ
എവിടെയെങ്കിലും കൂനിപ്പിടിച്ചിരിക്കുന്നത് കാണാം ...!

സ്വന്തം പേരിലും , മറു പേരിലും , നേരിട്ടും , മറഞ്ഞിരുന്നും ആത്മാവിഷ്ക്കാരം നടത്തുന്ന അനേകം ബൂലോഗർ...

കഥകളും , കവിതകളും , കാർട്ടൂൺ ക്യാരിക്കേച്ചറുകളും , പാചക കുറിപ്പുകളും , സിനിമാ വിശകലനങ്ങളും , സംഗീത ആവിഷ്കാരങ്ങളും , ഹൈക്കുകളും , ഫോട്ടോഗ്രാഫികളും, വിജ്ഞാന കുറിപ്പുകളും , സാങ്കേതിക വിവരങ്ങളും മുതൽ പല പല പുത്തൻ അറിവിന്റെ സ്രോതസ്സുകളാൽ ..., തങ്ങളുടെ ബൂലോഗ തട്ടകം മോടി പിടിപ്പിച്ച് കൊണ്ടിരിക്കുന്ന ഒന്നോ , അതിലധികമോ ബ്ലോഗുകളുള്ള അനേകർ...


പതിനഞ്ചു കൊല്ലം മുമ്പ് തുടക്കത്തിൽ വെറും അമ്പതോളം ബ്ലോഗുകളുണ്ടായിരുന്ന ‘മലയാള ബ്ലോഗുലകം‘ ,  അമ്പതിനായിരത്തിൽ  മേലെ സജീവ സൈബർ തട്ടകങ്ങളാൽ ഇന്ന് സമ്പന്നമാണ് ...!


കൂടാതെ ഇവരെയെല്ലാം വായിച്ചും കണ്ടും , കേട്ടും , ആസ്വദിച്ചും ഇതിന്റെയൊക്കെ ആയിരം ഇരട്ടി ആളുകൾ വേറേയും ഈ സൈബർ ഇടങ്ങളിൽ മേഞ്ഞു നടക്കുന്നുണ്ട് പോലും...

ദാ ..വന്നൂ...ദേ പോയി എന്ന പോലുളള ബൂലോഗർ തൊട്ട് ,
തികച്ചും വ്യക്തിപരമായ കാരണങ്ങളാൽ തൽക്കാലം ബ്ലോഗുലകത്തുനിന്നും
വിട്ടു നിൽക്കുന്നവരടക്കം , ബ്ലോഗ് സൈറ്റുകളിൽ നിന്നും വിട്ടുമാറി , മറ്റ് സോഷ്യൽ
മീഡിയ സൈറ്റുകളിൽ അഭിരമിക്കുന്നവർ വരെ , ബ്ലോഗില്ലെങ്കിലും മറ്റുള്ള സൈബർ
സൈറ്റുകളിൽ അവരവരുടെ പാടവങ്ങൾ തെളിയിക്കുന്ന അനേകായിരം പേർ വിലസി കൊണ്ടിരിക്കുന്ന ഒരു ഇടമായി മാറി കഴിഞ്ഞിരിക്കുകയാണ് ...
ഇന്ന് മലയാളത്തിന്റെ ‘ സ്വന്തം ഡിജിറ്റൽ മാധ്യമ ലോകം...!

 ഗുണത്തേക്കാൾ  ഉപരി ദോഷ വശങ്ങളുള്ള സോഷ്യൽ
മീഡിയകളിൽ ആക്റ്റീവായിട്ടുള്ള പലരുടേയും ജീവിതത്തിന്റെ
കാൽഭാഗം സമയം  , കഴിഞ്ഞ കുറെ  കൊല്ലങ്ങളായി  സൈബർ ഇടങ്ങളിൽ
പാഴാക്കി കളഞ്ഞു കൊണ്ടിരിക്കുകയാണെന്നുള്ള  ഒരു വസ്തുത തീർത്തും തള്ളിക്കളയാനില്ലാത്ത പരാമർത്ഥമാണ് ...

ഇന്ന് മലയാളികൾ  ഒന്നിച്ച് വെറുതെ കുത്തിയിരുന്ന്, തങ്ങളുടെ  പ്രതികരണ ശേഷികൾ  പ്രകടിപ്പിക്കുന്ന ഒരേ ഒരു ഇടം മാത്രമാണ് മലയാള സൈബർ ഉലകം എന്നും ചിലർ ഇത്തരം സോഷ്യൽ മീഡിയ തട്ടകങ്ങളെ വിശേഷിപ്പിക്കാറുണ്ട് ...!

അപ്പപ്പോൾ മാത്രം പ്രതികരണം ലഭിക്കുന്ന മറ്റനേകം സോഷ്യൽ മീഡിയകളേക്കാളും നമ്മുടെ
കാലം കഴിഞ്ഞാലും കാലാകാലം നിലനിൽക്കുന്നവയാണ് നമ്മൾ ഓരോരുത്തരുടെയും 'ബ്ലോഗ് തട്ടക'ങ്ങളിൽ ഉണ്ടാക്കുന്ന ഓരോ സൃഷ്ട്ടികളും ...!

അതുകൊണ്ട് എഴുതുവാനും, വരയ്ക്കാനും ,ഫോട്ടോഗ്രാഫിക്കും എന്ന് വേണ്ടാ ഇന്ന് ലോകത്തുള്ള സകലമാന 'പ്രൊഡക്ടുകൾക്ക് വരെ ആയതിന്റെ റിവ്യൂയും മറ്റെല്ലാം വസ്തുവകകൾ അറിയാനും വരെ അതിന്റെയൊക്കെ ബ്ലോഗുകൾ ഉള്ള കാലമാണിത് ..!

പക്ഷേ ബ്ലോഗുകൾ കാലങ്ങളോളം നിലനിൽക്കുമെന്നും , അവയൊക്കെ പാരമ്പര്യമായി വ്യക്തികൾക്കൊ , സ്ഥാപനങ്ങൾക്കോ നിലനിറുത്തി കൊണ്ടുപോകാനാവും എന്നതാണെത്രെ ഈ പോർട്ടലുകളുടെ പ്രത്യേകത ...!

അതായത് എനിക്ക് ശേഷം ഈ  ‘ബിലാത്തി പട്ടണത്തെ‘ എന്റെ മക്കൾക്കോ , മിത്രങ്ങൾക്കോ കാലങ്ങളോളം നിലനിറുത്തികൊണ്ടു പോകുവാൻ പറ്റുമെന്നർത്ഥം ... , എന്റെ ഇൻസ്റ്റഗ്രാം  , ട്വിറ്റർ , ഫേസ് ബുക്ക് മുതലായ എക്കൌണ്ട്കൾക്ക് പറ്റാത്ത ഒരു കാര്യം ...!

ഭാവിയിൽ മാധ്യമ രംഗത്തൊക്കെ ബ്ലോഗേഴ്സിനും ,
വോൾഗേഴ്സിനും (വീഡിയോ ബ്ലോഗേഴ്സ് ‌ ) സ്വയം തൊഴിലായി 
വരുമാനമാർഗ്ഗം ഉണ്ടാക്കാവുന്ന ഏറ്റവും നല്ല സൈബർ തട്ടകങ്ങളാണ് 
അവരവരുടെ ബ്ലോഗ് സൈറ്റുകൾ  എന്നത് ഒരു വാസ്തവമായതുകൊണ്ടാണ് ആഗോളതലത്തിൽ  ദിനം തോറും  2000 ബ്ലോഗുകൾ ഇപ്പോൾ ഉടലെടുത്തുകൊണ്ടിരിക്കുന്നത്  ...
അപ്പോൾ സൈബർ സാഗരത്തിലെ ഒട്ടും 
ചെറിയ മീനുകളല്ല ഈ ബ്ലോഗുകൾ അല്ലേ 
അതുകൊണ്ട്  ഈ  ബ്ലോഗിന്റെ ഉടയോനായ ലണ്ടനിലെ 
മണ്ടന്റെ ബൂലോക പ്രവേശത്തിന്റെ കഥക്ക് തൽക്കാലം വിരാമം ...'യു.കെ. സാഹിത്യോത്സവം 2020'...! / 'U.K. Sahithyolsavam 2020' ...!

ഈ മാസം ഫെബ്രുവരി 22 - ന് ലണ്ടനിൽ വെച്ച് വീണ്ടും ബ്രിട്ടനിലെ മലയാളം കലാ സാഹിത്യ കുതുകികൾ വീണ്ടും ഒത്തുകൂടുകയാണ് . ...