Tuesday 31 December 2013

വെറും കഥയല്ലിത് --- ഒരു ബിലാത്തി കഥയിത് മമ ... ! / Verum Kathhayallithu --- Oru Bilatthi Kathhayithu Mama ... !

ഇപ്പോൾ ഇറങ്ങിയ  ഹോളിവുഡ് മൂവികളെയെല്ലാം നിലം പരിശാക്കി ... യു.കെ മുഴുവൻ കളക്ഷൻ വാരിക്കൂട്ടിയ , ഇവിടത്തെ മാധ്യമങ്ങൾ മുഴുവൻ വാനോളം വാഴ്ത്തിയ ഇന്ത്യൻ സിനിമാലോകത്തെ , യാശ് ചോപ്രയുടെ‘DHOOM -3‘കണ്ട ശേഷം , രാവുകൾ പകലായി തോന്നിക്കുന്ന  ,അലങ്കാര ദീപങ്ങളാൽ മനോഹാരിതകൾ തിങ്ങി നിറഞ്ഞ , വല്ലാത്ത കുളിരുള്ള ലണ്ടൻ തെരുവുകളിലൂടെ ഉലാത്തി ഞാനും , അജിമോനും   ഇന്നലെ രാത്രി  , വീട്ടിലെത്തിയപ്പോൾ പാതിരാവിലെ ഹിമ കണങ്ങൾ പെയ്തിറങ്ങി കൊണ്ടിരിക്കുകയായിരുന്നൂ...

പക്ഷേ , ഇന്ന് മഞ്ഞുകണങ്ങൾ പെയ്തിറങ്ങുന്നതിന് പകരം
നാട്ടിലുള്ള പോലെ കോരിച്ചൊരിയുന്ന മഴയും കാറ്റുമുള്ള വെതറായിരുന്നു..!

‘- Don't believe W -factors in Brittan - ‘
എന്ന ഒരു പഴഞ്ചൊല്ലുണ്ട് ഈ ഗ്രേറ്റ് ബ്രിട്ടനിൽ ..
 weather, wife,  whiskey , wine , women ,work ,.. ,..ഇത്തരം ആശ തരുന്ന
ഒന്നിനേയും കണ്ണടച്ച് ഒരിക്കലും വിശ്വസിക്കരുത് എന്നാണിവർ പറയുന്നത് ...!

അതുപോലെ - ഓന്തിനെ പോലെ അപ്പപ്പോൾ  നിറം മാറി കൊണ്ടിരിക്കുന്ന , ഈ ബിലാത്തി കാലാവസ്ഥയിൽ - ഇക്കൊല്ലത്തെ  ലണ്ടൻ ന്യൂയിയർ സെലിബെറേഷൻ വെള്ളത്തിലായെങ്കിലും,
ഞാനും അജിമോനും കൂടി കൊല്ലാവസാനം അടിച്ച് പൊളിക്കുവാൻ വേണ്ടി , ഇന്ന് സായംസന്ധ്യ  മുതൽ , നമ്മുടെ നാട്ടിലെ ഉത്സവാഘോഷങ്ങൾക്കൊക്കെ കാണുന്ന പോലെ  ; നിയോൺ ബൾബുകളിട്ട് വർണ്ണ പ്രപഞ്ചം തീർത്ത ലണ്ടൻ നഗര വീഥികളിലൂടെ ഇവിടെ ഏറ്റവും വലിയ ആഘോഷമായി കൊണ്ടാടുന്ന പുതുവർഷത്തെ വരവേൽ‌ക്കുന്ന ആരവത്തിന്റെ തിമർപ്പുകൾ കണ്ട് റോന്ത് ചുറ്റി കൊണ്ടിരിക്കുകയായിരുന്നൂ...

ഇനി മിഡ് നൈറ്റിൽ ‘തെയിമ്സി‘ ന്റെ കരയിൽ സെൻട്രൽ ലണ്ടനിൽ അരങ്ങേറുന്ന ലോക പ്രസിദ്ധമായ ‘ദി ന്യൂ-യിയർ സെലിബെറേഷൻസ് ഓഫ് 2014  -നോടനുബന്ധിച്ച് നടക്കുന്ന നയന മനോഹരമായ , വർണ്ണ വിസ്മയം തീർക്കുന്ന ‘ഫയർ വർക്ക്സ്‘ അവസാനിച്ച് , നാളെ പുലർകാലം വരെ പൊതുജനത്തിന് ; ഫ്രീ ആയി സഞ്ചരിക്കാവുന്ന , അണ്ടർ ഗ്രൌണ്ടിലൂടെ മാത്രമേ പുതുവർഷപ്പുലരിയിൽ ഞങ്ങളിനി  വീട്ടിലെത്തിച്ചേരുകയുള്ളൂ... !

‘പോട്ടോ’ മാനിയ പിടിപ്പെട്ട അനേകായിരം യു.കെ.നിവാസികളിൽ
ഒരുവനായ എന്റെ മിത്രമായ അജിമോനേയും കുടുംബത്തേയും ഈ വല്ലാത്ത
ഭക്തിരോഗത്തിൽ നിന്നും രക്ഷിക്കുവാൻ വേണ്ടി , ഡോ: അരുൺ കിഷോറുമായി
കൺസൽട്ട് ചെയ്തതിന് ശേഷം , പുതുവർഷം ആഘോഷിക്കുവാൻ ഇറങ്ങിയതായിരുന്നു ഞങ്ങൾ

പത്ത് പന്ത്രണ്ട് കൊല്ലം മുമ്പ് തൃശ്ശൂർ  ഹൈറോഡിൽ , ചെരിപ്പിന്റെ
മൊത്ത കച്ചവടം നടത്തുന്ന സിബി ജോണാണ് എനിക്ക് , ജില്ലയുടെ മലമ്പ്രദേശത്ത് ചെരിപ്പടക്കം
ഒരു കോസ്മറ്റിക് ഷോപ്പ് നടത്തുന്ന അജിമോനെ , അന്ന് ; ഫോണിൽ കൂടി പരിചയപ്പെടുത്തി തന്നത്.

അജിമോന്റെ ഭാര്യയായ  ; യെമനിലെ സനയിൽ നേഴ്സായി ജോലി ചെയ്തുകൊണ്ടിരുന്ന ജിൻസിക്ക് ഒരു ‘യു.കെ സീനിയർ കെയറർ വർക്ക് പെർമിറ്റ്‘ കിട്ടിയപ്പോൾ , ഇവിടെ എത്തിചേർന്നാലുള്ള സ്ഥിതി വിശേഷങ്ങളെ കുറിച്ച് ആരായാനായിരുന്നു അന്നത്തെ ആ പരിചയപ്പെടൽ...

അതിന് ശേഷം ജിൻസി ഇവിടെ വന്ന ശേഷം , ഞാൻ മുഖാന്തിരം  അവൾ
വർക്ക് ചെയ്തിരുന്ന നേഴ്സിങ്ങ് ഹോമിനടുത്ത് , കച്ചവട പ്രമുഖനായ ഒരു മല്ലു
ചേട്ടായിയുടെ കുടുംബത്തോടൊപ്പം താമസവും റെഡിയാക്കി. മൂപ്പരുടെ ഭാര്യ അവിടടുത്തുള്ള സ്കൂളിൽ ടീച്ചറുമായിരുന്നു. ജിൻസി ജോലിയും , ട്രെയിനിങ്ങും, ആ വീട്ടിലെ കുട്ടികൾക്ക് കുറച്ച് മലയാളം ട്യൂഷ്യനുമൊക്കെയായി  കുഴപ്പം കൂടാതെ കഴിഞ്ഞിരുന്നു...

വല്ലപ്പോഴും അജിമോനും , ജിൻസിയും വിളിച്ചുകൊണ്ടിരിക്കുന്നതിനാൽ , അവന് ഡിപ്പന്റഡ് വിസ കിട്ടിയിട്ടും നാട്ടിലെ കച്ചവടമൊക്കെ ഒന്ന് സെറ്റിൽ ചെയ്തിട്ട് മൂന്ന് കൊല്ലത്തിന് ശേഷമേ അജിമോൻ യു.കെയിൽ എത്തുകയുള്ളൂ എന്നും പറഞ്ഞിരുന്നു..

ഇതിനിടയിൽ ഒരുമിച്ചുള്ള പള്ളിയിൽ പോക്കും  , അടുക്കള ജോലികൾക്ക് സഹായമൊക്കെയായി  ജിൻസി ആ വാടക വീട്ടിലെ  ഒരു ഫേമിലി മെമ്പർ ആയി കഴിഞ്ഞിരുന്നു.  നാളുകൾക്കുള്ളിൽ , ആ  മല്ലു ചേട്ടായി ജിൻസിക്ക് ലണ്ടനടുത്തുള്ള ഒരു എൻ,എച്ച്.എസ് ആശുപത്രിയിൽ പുതിയൊരു വർക്ക് പെർമിറ്റടക്കം .നേഴ്സിങ്ങ് ജോലിയും കരസ്ഥമാക്കി കൊടുത്തു.

പിന്നീട് പെട്ടൊന്നൊരു ദിവസം അജിമോൻ എന്നോട് വിളിച്ചു പറഞ്ഞു
ആളുടെ കടയൊക്കെ വല്ല്യപ്പന്റെ മോനെ ഏല്പിച്ച് യു.കെ.യിലേക്ക് വരികയാണെന്ന്..!

ഇവിടെ വന്നപ്പോൾ നാട്ടിലെ ബിസിനസ്സ് ഉപേഷിച്ചതിനാലായിരിക്കും എപ്പോഴു വിഷാദ ചിത്തന്നായ  അജിമോനും , ജിൻസിയും അവളുടെ പുതിയ ജോലി സ്ഥലത്തിനടുത്ത്  ഒരു വീടെടുത്ത് താമസവും തുടങ്ങി.
അതിന് ശേഷം റോയൽ മെയിലിൽ പാർട്ട് ടൈം ആയി ഒരു  ജോലി അജിമോന് കിട്ടിയത് - ശേഷമത്  പെർമനനന്റ് പോസ്റ്റായി മാറി ,അവരുടെ രണ്ട് പേരുടെ ജോലികളാൽ ജീവിതം നന്നായി പച്ച പിടിച്ചതിനാലോ , മറ്റോ  ... പണ്ടത്തെ പോലെയൊന്നും  വലിയ സൊറ പറച്ചിലൊന്നും ഞങ്ങൾ തമ്മിൽ ഉണ്ടാകാറില്ല.

ഏതാണ്ടെല്ലാ മനുഷ്യരുടേയും
ഒരു സ്വഭാവ വിശേഷം തന്നെയാണല്ലോ ...
സ്വന്തം കാലിൽ നിൽക്കാറായാൽ ആയതിന്
സഹായിച്ചവരെയെല്ലാം മറക്കുക എന്നത് അല്ലേ..!

ശേഷം ജിൻസിക്ക് ഒരു മോളുണ്ടായിട്ട് പോലും അഞ്ചാറ് മാസം കഴിഞ്ഞിട്ടാണ് അവനത് എന്നോട് പറഞ്ഞതെങ്കിലും , ആയിടെ ഞാനും കുടുംബവും കൂടി അവരുടെ വീട്ടിൽ പോയി കുഞ്ഞിനേയും അമ്മയേയും കണ്ട് പോന്നിരുന്നൂ...

അജിമോനെ സ്ഥിരമായി അങ്ങിനെ അധികമിപ്പോൾ , കാണാറില്ലെങ്കിലും
നാലഞ്ചുകൊല്ലമായി അവരോടൊപ്പം വാടകക്കാരായി താമസിച്ച് കൊണ്ടിരിക്കുന്ന , കല്ല്യാണമൊന്നും കഴിച്ചില്ലെങ്കിലും ഒരുമിച്ച് കഴിയുന്ന,  രണ്ട് മതസ്ഥരായ , തനി സിനിമാ ഭ്രാന്തരായ ദമ്പതികളെ പലപ്പോഴായി ലണ്ടനിൽ വെച്ച് ,  കാണൂമ്പോൾ ...
അവരുടെ വിശേഷങ്ങളൊക്കെ ഞാൻ ആരായാറുണ്ട്.

നേരിട്ടും , സി.ഡിയും , ഓൺ-ലൈനുമായി സ്റ്റുഡന്റ് വിസയിൽ വന്ന് ,ശേഷം വർക്ക്
പെർമിറ്റ് കിട്ടി , യൂറോപ്പ് മുഴുവൻ മധു-വിധു കൊണ്ടാടി ; ഉലാത്തി നടക്കുന്ന ,ബിലാത്തിയിലെ ഈ ന്യൂ-ജനറേഷൻ കമിതാക്കൾ ഇക്കൊല്ലമിറങ്ങിയ 130 ഓളം മലയാളം സിനിമകളും കണ്ടൂത്രെ ...!
ഇവർ പറഞ്ഞാണ് ഞാൻ അജിമോൻ കുടുംബത്തിന്റെ പുത്തൻ ഭക്തി വിലാസം പരിപാടികൾ മനസ്സിലാക്കിയത് .
പത്ത് വയസ്സുള്ള മൂത്ത മോളും, അഞ്ചുവയസ്സുകാരൻ മോനുമായി
 യു.കെയിൽ ഇപ്പോൾ  നടമാടികൊണ്ടിരിക്കുന്ന എല്ലാ  ധ്യാന -മഹോത്സവങ്ങളിലും പങ്കെടുത്ത് തനി കുഞ്ഞാടുകളായി മാറിയ അവസ്ഥാ വിശേഷം...!

എല്ലാ മത വിഭാഗങ്ങളുടേയും ഒരു വിഭാഗം ആളുകൾ ദൈവ ഭയത്തെ , ഭക്തരുടെ മുമ്പിൽ ആത്മീയതയുടെ ,അഭ്യാസവും ആഭാസവും വിപണനം ചെയ്ത് കാശുണ്ടാക്കുന്ന ഇത്തരം എടവാടുകൾ ഇന്നും ഇന്നലേയുമൊന്നും തുടങ്ങി വെച്ച ഒരു പ്രവണതയൊന്നുമല്ലല്ലോ ..അല്ലേ.

ലൈഫിൽ ഏതെങ്കിലും തരത്തിൽ ആളുകൾ നേട്ടങ്ങൾ നേടിയാൽ ...
ആയതിനൊന്നും  ഇനിമേൽ യാതൊരു കോട്ടവും വരാതിരിക്കുവാൻ വേണ്ടി
ഭക്തിയുടെ പേരിൽ നടത്തുന്ന  മുതലെടുപ്പ് വേലകൾ തന്നെയാണ് ഈ സംഗതികൾ..!

ധ്യാനം എന്നതിന്റെ മഹത്വമെന്തന്നറിയാതെ ...
അത്ഭുത രോഗ ശാന്തി ശുശ്രൂഷയും , ദൈവത്തേക്കാൾ
വലിയ പകിട്ടുള്ള പുരോഹിതരുടെ വചനഘോഷങ്ങളുമൊക്കെയുള്ള
കോപ്രായങ്ങളിൽ അടിമ പെട്ട് നൈരാശ്യത്തിൽ നിന്ന് , ഒരു വിഷാദ ലോകത്തേക്ക്
മൂക്ക്കുത്തി വീണ അജിമോൻ , പിന്നീട് തനി ഒരു മനോരോഗിയായി തീരുകയായിരുന്നൂ ...! 

ഒരു ദശാബ്ദത്തോളമായി എത്ര കുമ്പസാരം നടത്തിയിട്ടും ,
ധ്യാനം കൂടിയിട്ടും മാനസിക പിരിമുറുക്കത്തിൽ അയവുവരാത്ത
കാരണമാകാം  ഒരു മാസം മുമ്പ് വല്ലാത്ത ഒരവസ്ഥയിൽ അജിമോൻ
എന്റടുത്ത് വന്ന് ഒരു മന:ശാസ്ത്ര ഡോക് ട്ടറുടെ സഹായം ആവശ്യപെട്ട്
സ്വന്തം കഥകളുടെ കെട്ടഴിച്ചിട്ടത്..!

ജീവിതത്തിൽ എന്ത് സൌഭാഗ്യമുണ്ടായാലും
മനസ്സമാധാനമില്ലെങ്കിൽ എല്ല്ലാം  പോയില്ലേ ...!


ഡോ: അരുൺ കിഷോറിന്റടുത്ത് രണ്ട് സെക്ഷനും അല്പസ്വല്പ
മെഡിക്കേഷനും കൂടിയായപ്പോൾ അജിമോൻ ഉഷാറായി തുടങ്ങി ...

അച്ചന്മാരുടെ മെഡിറ്റേഷൻ കൊണ്ടും വചനം കൊണ്ടും പറ്റാത്ത രോഗശാന്തി
ഡോ: അരുൺ കിഷോറിന്റെ മെഡിക്കേഷൻ കൊണ്ടും , ഉപദേശം കൊണ്ടും പറ്റി ...!

ഇന്നലെ എന്റെ കൂടെ കൊല്ലങ്ങൾക്ക് ശേഷം അജിമോൻ  സിനിമക്ക് വന്നൂ..

ഇന്നിതാ ഞങ്ങൾ ലണ്ടൻ പുത്തനാണ്ട് പുകിലുകൾ കാണാൻ ഉല്ലസിച്ച്  പോകുന്നൂ..!



ഇനി ദേ ... 

ഇക്കഥ മുഴുവനാകണമെങ്കിൽ
ഫ്ലാഷ് ബാക്കായിട്ട്  
ഈ പിൻ കുറിപ്പ് കൂടി  , 
കൂട്ടി വായിച്ചു കൊള്ളണം  കേട്ടൊ .

ഏതാണ്ട് പതിനൊന്ന് കൊല്ലം മുമ്പ്  , ലണ്ടനിൽ സീനിയർ കെയററായി  വന്നു ചേർന്ന ഒരുത്തിയെ , അവൾ താമസിച്ചിരുന്ന വീട്ടിലെ വി .ഐ .പിയും മാന്യനുമായ ഗൃഹനാഥൻ എങ്ങിനേയൊ വശത്താക്കി  ; ലൈംഗിക ചൂഷണത്തിന്  വിധേയമാക്കി കൊണ്ടിരുന്നു ...!

അവൾ പിന്നീട് ഗർഭിണിയായപ്പോൾ , ആ കുടുംബം അവളെ അബോർഷന്  വിധേയമാക്കാൻ ശ്രമിച്ചെങ്കിലും , ആ പാപ കർമ്മത്തിന് വിധേയ യാവാതെ ,  നാട്ടിൽ നിന്നും എത്തിയ അവളുടെ ഭർത്താവിനോടെല്ലാം ,  ഏറ്റ് പറഞ്ഞ് ...
പിന്നീടവൾ ഒരു പെൺകുഞ്ഞിന് ജന്മം നലികി ...! 

എല്ലാ പ്രൊട്ടെക്റ്റീവ് ഉപാധികൾ അറിയാവുന്നവളായിട്ടും ,  ഗർഭം കലക്കി കളയാൻ 
ഇത്രയധികം സൌകര്യമുണ്ടായിട്ടും , വിധേയത്വത്താലോ ,നിർബ്ബന്ധത്താലോ , ആ മാന്യന് വഴങ്ങി  കൊടുക്കേണ്ടി വന്ന സ്വന്തം ഭാര്യയെ ,ആ ഭർത്താവ് വിശ്വസിച്ചു ... 
കർത്താവ് തന്നത് രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു ...! 

അവളുടെ കെട്ടിയവൻ  ആ കടിഞ്ഞൂൽ പുത്രിയെ ,  പിന്നീടുണ്ടായ 
സ്വന്തം  മകനേക്കാൾ  വാത്സല്ല്യത്തോടെ  സ്നേഹിച്ചു വളർത്തി .

ഇതിനിടയിൽ അവന്റെ കെട്ടിയവളെ   പീഡിപ്പിച്ചവന്റെ  കുടുംബബന്ധം 
തകർച്ചയുടെ വക്കിലെത്തി . കുറെ നാളികൾക്ക് ശേഷം , രണ്ട് കൊല്ലം മുമ്പ്  ; 
കരൾ രോഗം വന്ന് , അന്നത്തെ ആ മാന്യ ദേഹം  ഇഹലോകവാസം വെടിഞ്ഞു...

ഇന്ന് പല ഉന്നതികളിൽ കൂടി  സഞ്ചാരം നടത്തുകയാണെങ്കിലും , 
അന്ന് പീഡിതരായി ആ രണ്ടു കുടുംബങ്ങളും  നന്നായി തന്നെ ജീവിച്ചു പോരുന്നു ...!



അപ്പോൾ ,ഈ വേളയിൽ എല്ലാവർക്കും
എന്റേയും , അജിമോന്റെ കുടുംബത്തിന്റേയും  ,
അവരുടെ വീട്ടിലെ , ആ ന്യൂ-ജനറേഷൻ ദമ്പതികളുടേയും
ഒക്കെ വക ...,  അസ്സലൊരു പുതു പുത്തനാണ്ട് വാഴ്ത്തുക്കൾ ...!






കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...