Monday 31 October 2016

ഒരു പുലി മുരുകനും പിന്നെ നാല് ബിലാത്തി മലയാള സിനിമകളും ...! / Oru Puli Murukanum Pinne Nalu Bilatthi Malayala Sinimakalum ...!


ആദ്യമായിട്ടാണ് ഗ്രേറ്റ് ബ്രിട്ടനിൽ ഒരു മലയള സിനിമ ചരിത്രം കുറിച്ച്  141 പ്രദർശന ശാലകളിൽ ഒരേ സമയം റിലീസ് ചെയ്ത് , ഇവിടെയുള്ള തദ്ദേശ വാസികളെയെല്ലാം  അമ്പരപ്പിക്കുവാൻ പോകുന്നത് .!
കഴിഞ്ഞ വാരം മുതൽ ചില പ്രത്യേക കേന്ദ്രങ്ങളിൽ  മാത്രം , ഈ ചിത്രം കന്നിക്കളി  കളിച്ചപ്പോൾ തന്നെയുള്ള  തിക്കും തിരക്കും കണ്ട്  സായിപ്പുമാർ വരെ ഈ സിനിമ കയറി കാണുകയും - പിന്നീടതിനെ കുറിച്ച് വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു ..!
ഏതാണ്  ഈ സൂപ്പർ ഹിറ്റ് സിനിമ എന്നറിയണ്ടേ -
നമ്മുടെ മലയാളത്തിൽ ഇറങ്ങിയിട്ട് വിശ്വം വിറപ്പിച്ച സാക്ഷാൽ
' പുലി മുരുകൻ ' തന്നെ ...!
ഇന്നൊക്കെ  അനേകം മലയാള സിനിമകൾ  അപ്പപ്പോൾ തന്നെ ബ്രിട്ടനിലെ
പ്രവാസി മലയാളികൾ ബിഗ് സ്ക്രീനിലും , ഓൺ-ലൈൻ  സ്‌ക്രീനിലുമായി കണ്ട് കൂട്ടാറുണ്ട് ...

ഒരു ഒന്നൊന്നര പതിറ്റാണ്ട്  മുമ്പ് വരെ വലിയ  തിയ്യറ്ററുകളിൽ  കൊല്ലത്തിൽ
ഒന്നോ , രണ്ടോ തവണ മാത്രം കളിച്ചിരുന്ന മലയാളം സിനിമകൾ , പിന്നീട് മാസത്തിൽ
ഒരു പുതിയ പടം  വന്ന് - മൂന്നോ നാലോ പ്രദർശനങ്ങൾ നടത്തി മുന്നേറിയ സ്ഥാനത്ത്   -   ഇപ്പോൾ എല്ലാ ദിവസവും റെഗുലർ ഷോസ് കളിക്കുന്ന സിനിമാ ശാലകൾ വരെ ഇന്ന് ലണ്ടനിൽ ഉണ്ടായി കഴിഞ്ഞിരിക്കുകയാണ്‌ ...!
അതായത് നാടിനെ പോലെ മലയാളം സിനിമയെ സ്നേഹിക്കുന്ന ഒരു പാട് മലയാളികൾ ഇന്ന് ബ്രിട്ടനിലും ഉണ്ടെന്നർത്ഥം ...
എന്തിനു പറയുവാൻ ഈ ഒക്ടോബർ മാസം തന്നെ ബിലാത്തി മലായാളികൾ  അണിയിച്ചൊരുക്കിയ നാല് മലയാളം സിനിമകളാണ് ഇവിടെനിന്നും  പുറത്ത് വന്നത് . രണ്ട് ബിഗ് സ്‌ക്രീൻ  മൂവികളും , രണ്ട് ഷോർട്ട് ഫിലിമുകളും... !

ഒരു കൂട്ടം സിനിമാപ്രേമികളായ  ബിലാത്തിയിലുള്ള പ്രവാസി മലയാളികൾ അവരുടെയൊക്കെ പല പല ജോലി തിരക്കിനിടയിലും - അരങ്ങത്തും അണിയറയിലും ഒത്ത് കൂടി , പൂർണ്ണമായും ബ്രിട്ടണിൽ വച്ചു ചിത്രീകരിച്ച, 'ഒരു ബിലാത്തി പ്രണയം' എന്ന മലയാള സിനിമയുടെ , പ്രഥമ പ്രദർശനം  ഒക്ടോബർ 16 ന്, ലണ്ടനിലെ 'ബോളിയൻ സിനിമ'യിൽ വെച്ച് വളരെ കെങ്കേമമായി അരങ്ങേറുകയുണ്ടായി ....
യു.കെ പ്രവാസി മലയാളികളായി ഇവിടെ എത്തിച്ചേരുന്നവരുടെ പ്രശ്നങ്ങളിൽ  ഊന്നിയുള്ള ജിൻസൺ ഇരിട്ടിയുടെ തിരക്കഥയാൽ  കനേഷ്യസ് അത്തിപ്പൊഴിയുടെ  സംവിധാനത്തിൽ എല്ലാ സിനിമാ മേമ്പൊടികളും ചേർത്ത് അണിയിച്ചൊരുക്കിയ ഈ സിനിമയിൽ ജെയ്‌സൺ ലോറൻസാണ് ( Jaison Lawrence ) ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്‌ . ബ്രിട്ടനിലെ  മനോഹാരിതകൾ വളരെ ഭംഗിയായി ചിത്രീകരിച്ചിട്ടുള്ള ഈ സിനിമയിലെ ഗാനങ്ങളെല്ലാം ഹിറ്റുകളായി തീർന്നിരിക്കുകയാണിപ്പോൾ ...!

അതിനു മുമ്പിറങ്ങിയ  ബിഗ് സ്‌ക്രീൻ സിനിമയായ ' ദി ജേർണലിസ്റ്റ് ' യു.കെ മലയാളികൾ അണിയിച്ച് ഒരുക്കിയ മറ്റൊരു മുഴുനീള സസ്പെൻസ് സിനിമ തന്നെയായിരുന്നു ...
ഒരു കാർ ആക്സിഡന്റ് മരണങ്ങളുടെ വാർത്തകൾക്ക് ശേഷം ,  രണ്ട് പത്ര പ്രവർത്തകർ  ആയതിന്റെ ഉറവിടം തേടി കണ്ട്  പിടിക്കുന്നതാണ് ഇതിന്റെ മുഖ്യ കഥ , ഒപ്പം യു.കെ മലയാളിയുടെ പല ജീവിത ശൈലികളും  ഇതിൽ നന്നായി ചിത്രീകരിച്ച്  വെച്ചിട്ടുണ്ട് .
സിറിയക് കടവിൽചിറ യാണ് ഈ സിനിമ സംവിധാനം ചെയ്തിട്ടുള്ളത്. ഇപ്പോൾ  യൂ - ട്യൂബിൽ  ദി ജേർണലിസ്റ്റ്  (1  മണിക്കൂർ 53 മിനിറ്റ് ) ഏവരുടെയും കാഴ്ച്ചക്കായി റിലീസ് ചെയ്തിട്ടുണ്ട് ....

 ഇനി ചെറിയ സിനിമകൾ കൊണ്ട്  വലിയ കാഴ്ച്ചകൾ  സമ്മാനിക്കുന്ന രണ്ട് കൊച്ചു സിനിമകളെ കുറിച്ച് കുറച്ചു വാക്കുകളാണ്  ...

അനേകം മ്യൂസിക് ആൽബങ്ങളും , സിനിമയുമൊക്കെ( എഡ്ജ് ഓഫ് സാനിറ്റി ) ചെയ്തിട്ടുള്ള ബിനോ അഗസ്റ്റിന്റെ ( Bino Augustine ) ' ഒരു കുഞ്ഞു പൂവിനെ' എന്നുള്ള കൊച്ചു സിനിമ ഏറെ പ്രശംസ പിടിച്ചുപറ്റി മുന്നേറി കൊണ്ടിരിക്കുകയാണിപ്പോൾ . . ഇന്നത്തെ മാതാപിതാക്കന്മാർ തങ്ങളുടെ കുഞ്ഞുങ്ങളുടെ  താല്പര്യവും ,  ഇഷ്ടവും , സന്തോഷവുമൊന്നും മനസ്സിലാക്കാതെ, അവരെയൊക്കെ എന്തൊക്കെയോ ആക്കാനുള്ള തത്രപ്പാടിൽ പിള്ളേരുടെ  ബാല്യകാലം തല്ലിപ്പഴുപ്പിക്കുന്ന രീതികൾക്കെതിരെയുള്ള ഒരു സന്ദേശമാണ്  ഈ കൊച്ചു സിനിമ .
നമുക്ക് ഇഷ്ടമായിരുന്ന എന്തൊക്കെയോ മക്കളിലൂടെ നേടാൻ ശ്രമിക്കുന്ന , മറ്റു കുട്ടികൾ കാണിയ്ക്കുന്നതൊക്കെ നമ്മുടെ മക്കളും ചെയ്യണം എന്ന് വാശിപിടിക്കുന്ന നമ്മളെല്ലാവരും കണ്ടിരിക്കേണ്ട ഒരു കുഞ്ഞു ചിത്രമാണ് ഒരു കുഞ്ഞു പൂവിനെ  (  22 മിനിറ്റ് ) . ഇതിൽ  നല്ല രീതിയിൽ ക്യാമറ കൈകാര്യം  ചെയ്തിരിക്കുന്നത് സിനിമോട്ടോഗ്രാഫിയുടെ  പുതിയ തലമുറയിലേക്ക്   കയറി വരുന്ന ജെയ്‌സൺ ലോറൻസ്  തന്നെയാണ് ...

  "സമ്മർ ഇൻ ബ്രിട്ടനും' ,  "ഓർമകളിൽ സെലിനും'  ശേഷം ഷാഫി ഷംസുദ്ദീൻ സംവിധാനം നിർവ്വഹിച്ച  ഒരു ചെറിയ ചിത്രമാണ് 'നാലുമണിവരെ / അണ്ടിൽ  ഫോർ' സാമൂഹിക ജീവിതത്തിൽ ഏവരും സ്വന്തം ജീവിതം അത്യുന്നതങ്ങളിൽ എത്തിക്കുവാൻ വേണ്ടി പായുമ്പോൾ , അവരറിയാതെ എത്തിപ്പിടിക്കുന്ന ഒരു ഉന്മാദ രോഗമാണ് വിഷാദം ...
ആയതിന്റെ ഉള്ളുകള്ളികളും അവസ്ഥാന്തരവും നന്നായി സംയോജിപ്പിച്ച് നല്ലൊരു സന്ദേശം പകരുന്ന ഒരു കൊച്ചു സിനിമയാണിത് Until Four ( 18 മിനിറ്റ് )....! 
അഭിനേതാക്കളടക്കം എല്ലാ  ക്രൂവും നല്ല കൈയ്യടക്കത്തോടെ കാര്യങ്ങൾ നിർവ്വഹിച്ചിരിക്കുന്നു...

പിന്നെ
പുതിയ നൂറ്റാണ്ടിൽ   'സൈബർ' സന്തതിയായി ജനിച്ച വീണ ശേഷം ,  ആഗോള വ്യാപകമായി അതി പ്രസരം ചെലുത്തി പെട്ടെന്ന് തന്നെ വളർന്നു  വലുതായ 'സോഷ്യൽ മീഡിയ'  തട്ടകങ്ങൾ കാരണം ഏറ്റവും കൂടുതൽ കോട്ടം തട്ടിയത്  പ്രേക്ഷക കലാ രൂപങ്ങളായ 'എന്റർടെയ്നറുകൾ 'ക്കായിരുന്നു . അതോടൊപ്പം  തന്നെ  ലോകത്താകമാനം ആളേറെ കൊള്ളുന്ന പല  രംഗമണ്ഡപ വേദികളും , കലാ മന്ദിരങ്ങളും , സിനിമാശാലകളും അടച്ചുപൂട്ടലുകൾ നേരിടേണ്ടി വന്നു.
പക്ഷെ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മുതൽ ഇത്തരം പല സ്ഥാപനങ്ങളും  അത്യാധുനിക മോഡിഫിക്കേഷനുകൾ വരുത്തി കണികളെയൊക്കെ പല തരത്തിൽ ആകർഷിപ്പിക്കുന്ന വിവിധ തരം കൊച്ചുകൊച്ച് സമുച്ചയങ്ങൾ ഒരേ വേദിയിൽ തന്നെ ആഡംബര സംവിധാനങ്ങൾ സഹിതം പണിതുയർത്തിയപ്പോൾ  വീണ്ടും ഇത്തരം പ്രേക്ഷക മൾട്ടിപ്ലെക്സ് മാളുകളിലേക്ക്  , സോഷ്യൽ മീഡിയ   തട്ടകങ്ങളിൽ വല്ലാതെ ബോറടിച്ചിരുന്ന കാണികൾ എത്തി തുടങ്ങി .

ഇതിന്റെയൊക്കെ  പിന്നോടിയായിട്ടായിരിക്കാം ഇപ്പോൾ വീണ്ടും  ഇത്തരം തീയേറ്റർ സമുച്ചയങ്ങളിൽ കഴിഞ്ഞ കൊല്ലം മുതൽ കൂടുതൽ കുടുംബ പ്രേക്ഷകരെ കണ്ടുതുടങ്ങിയിട്ടുണ്ട് പ്രതേകിച്ച് സിനിമാ ശാലകളിൽ ..

എന്തുകൊണ്ടോ   വമ്പൻ ഹോളിവുഡ് മൂവികൾ  ഇല്ലാത്തതുകൊണ്ടൊ അല്ലാതെയോ   ആവാം  , ഈ ഒക്ടോബർ മാസം ഇംഗ്ലണ്ടിൽ   ഇംഗ്ലീഷ്  സിനിമകളെ പോലും പിന്നിലാക്കി ഇന്ത്യൻ സിനിമകൾ ബോക്സ് ഓഫീസുകൾ തകർത്ത് മുന്നേറുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത് .
മഹാ നവമിക്കും  , ദീപാവലിമൊക്കെ ഇന്ത്യക്കൊപ്പം തന്നെ റിലീസ്  ചെയ്ത ഹിറ്റ് സിനിമകളായ  വിവിധ ഭാരതീയ ഭാഷ ചിത്രങ്ങൾ ഇവിടെയും  കാശു വാരി കൂട്ടികൊണ്ടിരിക്കുകയാണ് .
'ഒപ്പം' 'ആനന്ദം ' നൽകി 'ഊഴം ' അനുസരിച്ച്  ധാരാളം പുതുപുത്തൻ മലയാളം സിനിമകളും ഇപ്പോൾ ബ്രിട്ടനിൽ കളിച്ച് പോരുന്നുണ്ട് .
വീണ്ടും പുലിമുകനിലേക്ക് വരാം ...
പുണ്യം 'പുലി മുരുകൻ ' ദർശനം എന്ന പോൽ വ്രതം നോറ്റിരിക്കുന്ന ഒരു ജനതയായിരുന്നു  കഴിഞ്ഞ മൂന്നാഴ്ച്ചയോളമായി ബിലാത്തിയിലെ മലയാളികൾ ...
കാലങ്ങളായി സിനിമാശാലകളിൽ  പോയി സിനിമ കാണാത്തവർ പോലും  യു.കെയിലെ അത്യാധുനിക സംവിധാനങ്ങളാൽ അലങ്കരാതിമായ 4DX , I -Max മുതലായ സിനിമാ സമുച്ചയങ്ങളിൽ നിന്നും സാക്ഷാൽ പുലി മുരുകന്റെയും , പുലിയുടേയും , കൂട്ടരുടേയുമൊക്കെ കളിവിളയാട്ടങ്ങളും പ്രകമ്പനവുമൊക്കെ നേരിട്ട് കൺകുളിർക്കെ കാണാനും, കാതോർക്കാനും കാത്തിരിക്കുകയായിരുന്നു അവർ .

പുലിയടക്കം സകലമാന അഭിനേതാക്കളും  പരസ്പരം മത്സരിച്ചഭിനയിച്ച വിസ്മയ ചാരുതകളാലും, അതുക്കും മേലെയുള്ള ഉന്നതമായ സാങ്കേതിക മികവുകളാലും എതൊരു സിനിമാ പ്രേഷകരേയും കോരി തരിപ്പിക്കുന്ന ഒരു സാക്ഷാൽ 'എന്റർടൈനർ' തന്നെയായ  ' പുലി മുരുകൻ'
ഇപ്പോൾ  നൂറിൽ  താഴെയുള്ള യു.കെ തീയറ്ററുകളിൽ  കൂടികളിക്കുവാൻ പോകുകയാണ് .ഒപ്പം അത്ര തന്നെ സിനിമാ ശാലകളിൽ യൂറോപ്പിലെ മറ്റ് പട്ടണങ്ങളിലും...

അതെ യൂറോപ്പ്യൻ മലയാളികൾ 'ആദ്യമായി ഒരു മലയാള സിനിമയെ നൂറ് കോടി ക്ലബ്ബിൽ എത്രയും പെട്ടെന്ന് തന്നെ എത്തിക്കുവാൻ വേണ്ടിയുള്ള  ഒരു ജൈത്രയാത്രക്ക് കഴിഞ്ഞയാഴ്ച്ച  മുതൽ തുടക്കം കുറിച്ച് ഇറങ്ങി തിരിച്ചിരിക്കുകയാണ് ഇപ്പോൾ ...

അടുത്ത കാലത്തൊന്നും യു.കെയിൽ ഒരു സിനിമ ഹൌസുകളിലും തുടരെ തുടരെ ആംഗലേയ സിനിമകളടക്കം യാതൊരു ഭാഷ ചിത്രവും ഹൌസ് ഫുൾ ആയി ഓടിയിട്ടില്ല എന്ന വിരോധാഭാസം പൊളിച്ചെഴുതി കൊണ്ട്  ഈ പുപ്പുലി     മുന്നേറുന്നത് കണ്ട് ശരിക്കും പകച്ച്  പോയിരിക്കുകയാണ് ഈ നാട്ടുകാർ ...!
പുലി മുരുകനി'ലെ താരങ്ങൾക്കും
അണിയറ ശില്പികൾക്കും   ഒരു
Big Hatട Off...!

ഏതൊരു മലയാള സിനിമാ പ്രേമികളും  ഈ ചിത്രം കണ്ടില്ലെങ്കിൽ ഇത് അവർക്ക് ഒരു തീരാ നഷ്ടം തന്നെയായിരിക്കും...
കാട്ടിലെ പുലി ... തേവരുടെ വില്ലന്മാർ....
ഒരേയൊരു മുരുകൻ ... മ്ടെ സ്വന്തം പുലി മുരുകൻ...
കാണഡ് ടാ( ടി ) ... കാണ് .... കൺകുളിർക്കേ കാണ്::: !



കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...