Monday 30 September 2013

ലണ്ടനോണങ്ങൾ --- പൊടിപൂരം ... ! / Londanonangal --- Poti Pooram ... !

ഈ ബിലാത്തിയിൽ  അങ്ങിനെ  ഒരു ഓണക്കാലം കൂടി കൊട്ടിക്കലാശം  കഴിഞ്ഞ് വിട പറഞ്ഞ് പോയിരിക്കുകയാണ് ...

ആളൊരുങ്ങി , അണിഞ്ഞൊരുങ്ങി 
ഏതാണ്ട് ഒന്ന്  രണ്ട്  മാസം മുമ്പേ തന്നെ , യു.കെ  മലയാളികളെല്ലാം ഇക്കൊല്ലത്തെ ഓണത്തെ വരവേൽക്കുവാൻ തയ്യാറായി ഇരിക്കുകയായിരുന്നൂ ...

വിവിധ തരം ആപ്പിളുകളും  ,
ചെറിപ്പഴങ്ങളും , പ്ലമ്സും , പെയേഴ്സും ,
മൾബറി പഴങ്ങളുമൊക്കെയായി ആടിയുലയുന്ന
ഫല- മരങ്ങളാലും , അതി മനോഹരമായ വർണ്ണ പുഷ്പ്പങ്ങളാൽ
എങ്ങും വിടർന്നു നിൽക്കുന്ന പൂങ്കാവനങ്ങളാലും മറ്റും ,  വസന്ത കാലത്തിന്റെ
വരവറിയിച്ച് കൊണ്ട് , ഇവിടത്തെ പ്രകൃതി  പോലും നമ്മുടെ പൊന്നോണത്തിനെ
സ്വാഗതം ചെയ്യുവാൻ ഒരുങ്ങി നില്ക്കുകയായിരുന്നു  ...!

ഇതാ എല്ലാ കൊല്ലത്തേയും പോലെ ഇക്കൊല്ലവും ഞങ്ങളുടെ സംഘടനയായ മലയാളി അസ്സോസിയേഷൻ ഓഫ് ദി യു.കെ (M A U K ) യുടെ ആഭിമുഖ്യത്തിൽ കൊണ്ടാടാറുള്ള ...
യൂറോപ്പിലുള്ള ഏറ്റവും ബൃഹത്തായ  ഓണാഘോഷ പരിപാടികൾക്ക്  കഴിഞ്ഞ വീക്കെന്റോടു കൂടി പരിസമാപ്തി കുറിച്ചുകഴിഞ്ഞിരിക്കുകയാണ് ...!

നാട്ടിൽ പൊന്നിൻ ചിങ്ങ മാസം പിറന്ന പോലെയായിരുന്നു
മലയാളി സമൂഹത്തിനൊക്കെ യു.കെയിൽ  ഈ സെപ്തംബർ മാസം ...!

ഇവിടെയുള്ള എല്ലാ മലയാളി സമാജങ്ങളും ഈ സെപ്തംബർ  മാസത്തിലുള്ള
എല്ലാ വീക്കെന്റുകളും ഓണാഘോഷങ്ങൾ വിപുലമായി കൊണ്ടാടിയിട്ട് , വീണ്ടും
അടുത്ത ഓണത്തെ വരവേൽക്കാൻ  ഉത്സാഹിതരായി കാത്തിരിക്കുകയാണിപ്പോൾ ...

 ഓണക്കാലമാകുന്ന ആഗസ്റ്റ് -സെപ്തംബർ മാസങ്ങളൊക്കെ ജയിൽ
പുള്ളികൾക്കൊക്കെ പരോളുകിട്ടുന്ന പോലെയാണെനിക്കൊക്കെ ഇവിടെ ...

ഓണ സദ്യയൊരുക്കാനും , മാവേലിയാവാനും , മറ്റ് കലാപ്രവർത്തന
റിഹേഴ്സലുകളു മൊക്കെയായി  , ഈ ദിനങ്ങളിലൊക്കെ വീട്ടിൽ നിന്നും
സർവ്വ സ്വാതന്ത്ര്യവും കിട്ടുന്ന ഒരു ഇടവേളയാണ് ... എന്നെ സംബന്ധിച്ചിടത്തോളം
ലണ്ടനിലെ ഈ ഓണാഘോഷങ്ങൾ..!

ഇപ്പോൾ നാട്ടിലുള്ള പോലെയൊന്നും
വെറും ഒരു ചടങ്ങായിട്ടുള്ള ഓണ പരിപാടികൾ പോലെയൊന്നുമല്ലല്ലോ , പ്രവാസി മലയാളികളുടെ ഓണാഘോഷങ്ങൾ അല്ലേ

ഇന്ന് ഓണാഘോഷങ്ങളുടെ
പകിട്ടും , അന്തസ്സും പഴയ പോലെ
കാത്ത് സൂക്ഷിക്കുന്നത് വിദേശ മലയാളികളാണെന്ന് നിശ്ചയമായും പറയാം...

അപ്പോൾ തനി മലയാളിത്വം സ്വന്തം തോളിലേറ്റി നടക്കുന്ന
ഒട്ടുമിക്ക ബിലാത്തി മലയാളികളുടെ സ്ഥിതി പറയേണ്ടതില്ലല്ലോ.. അല്ലേ.
ഇത്തരം തനി ഒറിജിനാലിറ്റി മല്ലൂസ്സടക്കം , ബിലാത്തിയിലുള്ള ഏതാണ് മൂന്ന് 
ലക്ഷത്തിൽ മേലെയുള്ള പ്രവാസി മലയാളികളെല്ലാം , അവരുടെ സ്വന്തം  ഗൃഹാതുരത്വ സ്മരണകളെല്ലം അയവിറക്കി കൊണ്ടിരിക്കുന്നത്  , ഇത്തരം നാടിന്റെ തനതായ ആഘോഷങ്ങൾ , ആയതിനേക്കാളും വൈവിധ്യ മായി ഇവിടേയും കൊണ്ടാടുമ്പോഴാണ് കേട്ടൊ

വെറും ട്ടാ വട്ടത്തിൽ കിടക്കുന്ന ഈ യു.കെയിൽ  ഒന്നിനോടൊന്ന്  വർണ്ണ
പകിട്ടോടു കൂടി ആഘോഷിക്കപ്പെടുന്ന ഓണാഘോഷങ്ങളുടെ പകിട്ട് കണ്ടിട്ട്
പല സമാജങ്ങളുടേയും പരിപാടികളിൽ , ചുറ്റുവട്ടത്തുള്ള യൂറോപ്പ്യൻസും ഇപ്പോൾ
പങ്കെടുക്കാറുണ്ട് ...
പ്രത്യേകിച്ച് വിഭവ സമൃദ്ധമായ നമ്മുടെ സദ്യയിൽ നമ്മളെപ്പോലെ
ഇലയിട്ട് ഉണ്ണുവാൻ പോലും ഇവരൊക്കെ ഇപ്പോൾ പരിശീലിച്ച് കഴിഞ്ഞിരിക്കുകയാണ്.

എന്നും ഒരേ തരത്തിലുള്ള ജങ്ക് ഫുഡടിച്ച്ച്ച് , പാട്ടും, ഡിസ്കോയുമൊക്കെ മാത്രമുള്ള  കലാ പരിപാടികളൊക്കെ  കണ്ടും മറ്റും ശീലിച്ചവർക്ക് ഒരു ഇലയിൽ പത്തിരുപത് കൂട്ടം റെഡി മേയ്ഡ് ഐറ്റംസുള്ള , ഫ്രെഷാ‍യ നമ്മുടെ ഓണ സദ്യയും ...
തിരുവാതിര , ഒപ്പന , മാർഗം കളി  , കൈ കൊട്ടി കളി മുതലായ കുമ്മിയടിച്ചുള്ള ചുവട് വെച്ചുള്ള ആട്ടങ്ങളും , ഭരത നാട്യം , കുച്ചിപ്പുടി , മോഹിയാട്ടം , കഥകളി , തെയ്യം മുതലായ ക്ലാസിക് ഡാൻസുകളും ...
കുമ്മാട്ടി കളി ,  പുലി കളി , വടം വലി
എന്നീ കായിക ലീലകളുമൊക്കെ കണ്ടിട്ടും മറ്റും

അത്ഭുത പരവശരായിട്ട്  , പിന്നീട് സന്തോഷം
കൊണ്ട് നമ്മെ വന്ന് കെട്ടിപ്പിടിച്ചൊരുമ്മവെക്കലുണ്ട് ...!
അമ്മോ...എത്ര നല്ല ആചാരങ്ങൾ അല്ലേ...


ഓണത്തിനൊക്കെ ഒന്നോ രണ്ടോ മാസങ്ങൾക്ക് മുമ്പാരംഭിക്കുന്ന ...
വീക്കെന്റു കളിൽ കലാകാരന്മാരെല്ലാം ഒത്ത് കൂടി ആവിഷ്കരിക്കുന്ന റിഹേഴ്സൽ ക്യാമ്പുകൾ..
അവിടേക്ക് ആരെങ്കിലും , മാറി മാറി വീട്ടിൽ നിന്നും പാചകം ചെയ്ത് കൊണ്ടുവരുന്ന കപ്പയും , കക്കയും , ചാളക്കറിയും , ബീഫ് ഫ്രൈയും, സലാടും , ബിരിയാണിയുമൊക്കെ ...

പിന്നെ മറ്റാരെങ്കിലും കൊണ്ടുവരുന്ന വൈനുകളും ,
മറ്റിഷ്ട്ട പാനിയങ്ങളു മൊക്കെയായി മല്ലടിച്ച് റിഹേഴ്സൽ
പരിപാടികളൊക്കെ കഴിയുമ്പോഴേക്കുമൊക്കെ , എന്നേപ്പോലെ
ഉള്ളവരൊക്കെ ഓഫ് മൂഡിലായിട്ടുണ്ടാകും..
പിന്നീടേതെങ്കിലും ഗെഡിയോ /ഗെഡിച്ചിയോ എന്നെ വീട്ടിൽ കൊണ്ട് വന്ന് തള്ളും..!

ഓണ സദ്യയൊരുക്കുന്നതിന്റെ തലേദിവസം മുതൽ ...
പണ്ട് നാട്ടിലൊക്കെ ഉണ്ടായിരുന്ന പോലെ ഏവരും ഊട്ടുപുരയിൽ
ഒത്തുകൂടിയിട്ട് ...
പച്ചക്കറി നുറുക്കി ,  നാക്കില തുടച്ച് , തേങ്ങ ചിരകി , മാറി
മാറി പാചകത്തിൽ ഏർപ്പെട്ട് , പിറ്റേന്ന് തനി കേരളീയമായ ഉടയാടകൾ
ഉടുത്ത് വന്ന്  ,  മൂന്നാല് പ്രഥമനടക്കമുള്ള കെങ്കേമമായ ഓണ സദ്യ , ക്ഷണിതാക്കൾക്ക് വിളമ്പി കൊടുക്കുമ്പോൾ ...
അപ്പുറത്തുള്ള വേദിയിൽ ഓണപ്പാട്ടുകളോ ,
സംഗീത കച്ചേരിയോ അരങ്ങേറുകയായിരിക്കും..!

ഈ ഒരു മാസത്തെ കാലയളവിനുള്ളിൽ എല്ലാ ശനി- ഞായർ ദിനങ്ങളിലും കൂടി യൂ.കെയിൽ ഏതാണ്ട് 200 - ളം ഓണഘോഷ പരിപാടികൾ നടന്നിട്ടുണ്ടാകണം....
 ഈ സമയത്ത് നാട്ടിൽ നിന്നും ചാകര കിട്ടിയ പോലെ , ബിലാത്തിയിലേക്ക് വരുന്ന സിനിമാ- സീരിയൽ  താരങ്ങൾക്കും , പിന്നണി ഗായകർക്കും, കോമഡിക്കാർക്കുമൊക്കെ മാരത്തോൺ പരിപാടികളായിരിക്കും...

ഒരു വേദിയിൽ നിന്നും മറ്റൊരു വേദിയിലേക്ക് ഓടെടാ ...ഓട്ടം..!

പോരാത്തതിന് തനിയൊരു ആസുര ഭാവങ്ങളും ,
സ്വഭാവ ഗുണങ്ങളു മൊക്കെ ഉള്ളതുകൊണ്ടാകാം മഹാബലി
ആകുവാനുള്ള നറുക്ക് ഒട്ടുമിക്കവാറും എനിക്ക് തന്നെ കിട്ടാറുണ്ട്.

എന്നേക്കാളും ഉഗ്രൻ  മാവേലി റോളുകൾ കൈകാര്യം ചെയ്യുന്ന
മറ്റൊരു ബ്ലോഗറായ ജോയിപ്പാനും , മെഹ്രൂഫ് ,  റോയിച്ചൻ , ഗിൽബർട്ടച്ചായൻ ,
നിഹാസ് ,ടോമി വർഗ്ഗീസ്, അജയൻ മുതലായ 20 ഓളം പേരും കോണത്തിന് തീ പിടിച്ച പോലെ ഈ സമയത്തൊക്കെ ,  പല മല്ലൂ അസോസ്സിയേഷനുകളുടെ പരിപാടികളിൽ ചാടിച്ചാടി മുഖവും , ശരീരവുമൊക്കെ പ്രദർശിപ്പിച്ച് ഓടി നടക്കുകയായിരുന്നൂ...
ഒരു വേദിയിൽ നിന്നും മറ്റൊരു വേദിയിലേക്ക് ആഭരണ വിഭൂഷിതനായി കാറോടിച്ച് പോയ വിചിത്ര വേഷക്കാരനായ മാവേലിയെ, ഇവിടത്തെ പോലീസ് ചേസ് ചെയ്ത് പിടിച്ചതും ...

ഒരു സമാജത്തിലെ അംഗങ്ങളായ നേഴ്സുമാർ  യൂണിഫോമിൽ ഡ്യൂട്ടിയിൽ നിന്നും നേരെ വന്ന് വേദിയിൽ കയറി കൈകൊട്ടി കളി നടത്തിയത് ,  യൂ-ട്യൂബിൽ അപ്-ലോഡ് ചെയ്ത് വെറും 150 പേർ കാണുമ്പോഴേക്കും , ‘ പണി കളയും ‘നോട്ടീസ് കാണിച്ച് , ഹോസ്പിറ്റൽ അതോറട്ടി അതിനെ കുറിച്ച് എക്സ്പ്ലനേഷൻ ആരാഞ്ഞപ്പോൾ  ഡിലീറ്റ് ചെയ്തതുമൊക്കെ
ഇവിടത്തെ ഇക്കൊല്ലത്തെ ഓണക്കൌതുക വാർത്തകൾ തന്നെയായിരുന്നൂ... !

ഇന്നലെ ഇക്കൊല്ലത്തെ ഓണത്തിന്റെ കൊട്ടിക്കലാശമായി ഔട്ടർ
ലണ്ടനിലുള്ള ഒരു കൊച്ചു സിറ്റിയിൽ  എനിക്ക് ഒരു മാവേലി മന്നന്നായി
അവതരിക്കുവാൻ  അവസരം കിട്ടിയിരുന്നു. ലണ്ടനിൽ നിന്നും രണ്ട് മണീക്കൂറ്
ഡ്രൈവ് ചെയ്ത് പറഞ്ഞ സമയമായ രാത്രി 7 മുമ്പേ ഞാനവിടെയെത്തിയെങ്കിലും..

നമ്മുടെ മലയാളി ശീലമായ .. എല്ലാം വൈകി
ആരംഭിക്കുക എന്ന സ്ഥിര സ്വഭാവം , ഇവിടെ യു.കെയിൽ
വന്നിട്ടും ഇതു വരേയും , മാറി കിട്ടാത്ത കാരണം - ആ സമാജക്കാർ
പ്രോഗ്രാം തുടങ്ങിയപ്പോൾ സമയം 8.20. എന്ത് ചെയ്യാം...

അതുവരെ തനിയൊരു വിഡ്യാനായി മഹാബലി  വേഷം
കെട്ടിയിരിക്കുന്ന എന്നെ ബോറഡിപ്പിക്കേണ്ട എന്നുകരുതിയാകണം ..
ആതിഥേയർ , ഇടക്കിടക്ക് മധു പാനീയങ്ങൾ , ഗ്രീൻ റൂമിലേക്ക് എത്തിച്ചുകൊണ്ടിരുന്നൂ..

 ഞാനാണെങ്കിലോ അവിടെയുണ്ടായിരുന്ന കുട്ടികളെ ഒരു ഭരത നാട്യം ഫ്യൂഷന്റെ ഫൈനൽ പ്രാക്റ്റീസ് ചെയ്യിപ്പിച്ചുകൊണ്ടിരിക്കുന്ന , ലണ്ടനിൽ നിന്നും എത്തിയ , സോഫ്റ്റ് വെയർ എഞ്ചിനീയറായ - ഡാൻസ് ടീച്ചറുടെ , ഓരൊ അവയവങ്ങളും തുടിച്ച് തുറിച്ച് നിൽക്കുന്ന സാൽ വാർ- ടീ-ഷർട്ടിനുള്ളിലെ വളരെ സോഫ്റ്റായ അംഗലാവണ്യങ്ങൾ നുകർന്ന് വെറുതെ സമയം കഴിച്ചുകൂട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ...


വയസ്സാവും തോറും കാമം ,
അരയിൽ നിന്നും തലയിൽ കയറും
എന്ന് പറയുന്നത് വെറുതെയല്ല ..അല്ലേ...!


ഡാൻസ് പ്രോഗ്രാമെല്ലാം കഴിഞ്ഞപ്പോഴേക്കും അവിടെ നിന്നും ഈ  പഴേ
കലാ-ശാലാ , കലാ തിലകമായ ഡാൻസ് ടീച്ചർക്ക് തിരിച്ചുപോകാനായി 10 മണിക്ക്
സീറ്റ് ബുക്ക് ചെയ്ത ട്രെയിനും പോയി..!

മൂപ്പത്തിയാരെ ലണ്ടനിൽ കൊണ്ടാക്കി കൊടുക്കാനാണെങ്കിലോ ,
ഡ്രൈവ് ചെയ്യുവാൻ പറ്റാത്ത രീതിയിൽ സംഘാടകരെല്ലാവരും നല്ല പാമ്പ് പരുവം .!

ശ്രീമതി.കലാ തിലകം സംഘാടകരോട് ആംഗലേയത്തിലും
മലയാളത്തിലുമായി നാക്ക് കൊണ്ട് ഒന്ന് രണ്ട് നൃത്തമാടിയപ്പോൾ ,
അവരെന്റെ കാല് പിടിച്ചു - ഡാൻസ് ടീച്ചറെ ഏതെങ്കിലും ലണ്ടൻ ട്യൂബ്
സ്റ്റേയ്ഷനിൽ ഡ്രോപ്പ് ചെയ്യുവാൻ പറഞ്ഞിട്ട് ...

ഞാൻ പറഞ്ഞു ..
ലഹരിയിറങ്ങാതെ എനിക്കിപ്പോൾ ഓടിക്കാൻ പറ്റില്ല ..
ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞിട്ടാണേൽ  വേണെങ്ങ്യെ നോക്കാമെന്ന്..

എന്തിന് പറയുവാൻ ..
അവളാരത്തിയുടെ കെട്ട്യോന് നാളെ മോണിങ്ങ്
ഷിഫ്റ്റിന് പോണം ,  കുട്ടിയെ സ്കൂളിലാക്കണം ...


പിന്നെ കാറ് അവളോടിച്ചോളാം ...
എന്നൊക്കെയുള്ള ആ ചുള്ളത്തിയുടെ അപേക്ഷകൾ നിരസിക്കണ്ടാ എന്ന് കരുതി അവളാരത്തിയോടൊപ്പം അപ്പോൾ തന്നെ ഞാൻ തിരിച്ചുപോന്നു...

അവളാരത്തി ഫോണിൽ പോസ്റ്റ് കോഡ് അടിച്ച് നാവിഗേറ്റ് ചെയ്ത് നല്ല സുസൂഷ്മമായ ഡ്രൈവിങ്ങ് ആരംഭിച്ചപ്പോൾ ..അതാസ്വദിച്ച്,
സി.ഡി പ്ലേയറിൽ ഓണപ്പാട്ടുകളുടെ ആരവം കേട്ട്  കാറിനുള്ളിലെ ഇളം ശീതളമായ മന്ദമാരുതനേറ്റ് കണ്ണടഞ്ഞ് പോയത് ഞാനറിഞ്ഞില്ല..

ചേട്ടായ്ടെ ബിലാത്തി പട്ടണം ഞാനും , ഹസ്സുമൊക്കെ വായ്ക്കാറുണ്ട്..ട്ടാ ”

ഹും ..എന്താ പറ്ഞ്ഞ്യ്യേ ”   ഞാനൊന്ന് മയങ്ങി പോയോ .  ‘ ദെവ്ട്യ്യായ്..? ”

മോട്ടൊർ വേ..ദേ .. ഇപ്പ കഴിഞ്ഞൂ..ന്റെ ചേട്ടായി ...
ലണ്ടൻ നോർത്ത് സർക്കിൾ റോഡായി - 406 ,ഇനി ഒരര മണിക്കൂർ കൂടിണ്ട്  “

 “ ഡീ മോളെ നീ ഏതെങ്കിലും ഒരു സൈഡ് 
റോഡിലേക്ക് ഒതുക്ക് ,എനിക്കൊന്ന് മൂത്രൊഴിക്കണം’

പിന്നീടടുത്ത എക്സിറ്റിൽ ഓടിച്ചവൾ വണ്ടിയൊതുക്കി...
ഞാനോടി ഒരു ആപ്പിൾ മരത്തിന്റെ പിന്നിൽ പോയി കാര്യം സാധിച്ചു.

എന്നിട്ട് വെള്ളം കുപ്പിയെടുത്ത്  , മാവേലി മീശക്ക് കുഴപ്പം പറ്റാതെ മോറ്
കഴുകിയിട്ട്  ,അപ്പോൾ വണ്ടിയിൽ നിന്നും മൂരി നിവർന്നെഴുന്നേറ്റ അവളോട് പറഞ്ഞു

ശരി.. ഇനി ഞാനോടിച്ചോളാം ,  അഡ്രസ്സ് പറ്യ് യ് ..ഞാനവിടെ ഡ്രോപ്പെയ്യാം ’

ഹോൾഡ്-ഓണെ സെക്കന്റ് ...എനിക്കും ഒന്ന്  ലൂവിന് പോണം

ഒരു നാണവും കൂടാതെ ആ പാതിരാവിൽ ഞാൻ കാണെ പുറം തിരിഞ്ഞിരുന്ന്
ബമ്പറ് കാട്ടി  തൊട്ടകലെ മരമറവിലിരുന്ന് പാത്തുവാൻ അവൾക്കൊരു മടിയും ഉണ്ടായില്ല..!

സത്യം പറഞ്ഞാൽ ഒരു മുത്തൻ പെണ്ണ് നേരിൽ മൂത്രിക്കുന്ന
കാഴ്ച്ച എന്റെ ജീവിതത്തിൽ ആദ്യം കാണുകയായിരുന്നു ...

തിരിച്ച് വരുമ്പോഴുള്ള ഈ
ചുള്ളത്തിയുടെ ഒരു കള്ള പുഞ്ചിരി ...!

എന്റെ മദ്യലഹരി പമ്പകടന്ന്
അവിടേക്ക് ഒരു പ്രണയ ലഹരി ഓടിയെത്തിയോ...? !

ഓണം വന്നാലും ഉണ്ണി പിറന്നാലും
കോരന് കഞ്ഞി കുമ്പിളിൽ എന്ന പോലെ

കാറിനുള്ളിലായാലും ഈ
കോരന്റെ  ഒരു കഞ്ഞി ഭാഗ്യം നോക്കണേ..!

എന്തൊക്കെയായാലും
ഒരു മണിക്കൂറിന് ശേഷം നൈറ്റ് ബസ്സിൽ അവൾ കയറി പോകുന്ന വരേക്കും , അവളുടെ മൊബൈൽ നമ്പറോ , ഒരു വിധത്തിലുള്ള  മെയിൽ വിലാസമോ ,ആ പഴയ കലാ തിലകം എനിക്ക് തന്നില്ല..!

“ഇനി..അതിന് നമ്മൾ തമ്മിൽ 
കണ്ടിട്ട് വേണ്ടെ എന്റെ ചേട്ടായി ...! ‘

എന്ന് ഉരിയാടി ‘ടാ‍റ്റാ - ബൈ  ‘ പറഞ്ഞവൾ
ആ ഡബ്ബിൾ ഡക്കറിലേക്ക് ഊളിയിട്ടു പോയി...

അവസാനം പുലർച്ചെ രണ്ട് മണിയോടെ വീട്ടിൽ
ചെന്ന് കയറിയപ്പോൾ ... കിണ്ണം കട്ടവനെ കണ്ട പോലെ
എന്റെ പെണ്ണിന്റെ വക ഒരു ദഹിപ്പിച്ച നോട്ടം
അതുവരെയുണ്ടായിരുന്ന എല്ലാ സന്തോഷത്തേയും
ഇല്ലാതാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ .!

 “വിങ്ങുന്ന മനസ്സിനുള്ളിൽ 
ഓർക്കുന്നു ഞങ്ങൾ ,
അങ്ങകലെയാ...
നാടിന്റെ നന്മകളെപ്പോഴും...
ചിങ്ങ നിലാവിലാ 
പൊൻ വെളിച്ചത്തിൽ ,
മുങ്ങിക്കുളിക്കുവാൻ 
മോഹമുണ്ടിപ്പോഴും...

ചങ്ങലക്കിട്ട ഈ 
പ്രവാസ തടവിലും  ;
ചിങ്ങത്തിലെ ആ 
തിരുവോണ മൂണും ,
തിങ്ങി നിറഞ്ഞാ 
കറികളുമാ മടപ്രഥമനും ,
മങ്ങാതെ നിൽക്കുന്നിതാ 
മനസ്സിലിപ്പോഴും !“

അതെ നാട്ടിലെ പോലെ തന്നെ ഓണ സദ്യകൾ നടത്തുക ,
പന്തിയിട്ടുണ്ണുക , മഹാബലി  വേഷം ലഭിക്കുക , വലിയ വേദികളിൽ
വെള്ളക്കാർക്കൊപ്പമൊക്കെ   നാടകാഭിനയം നടത്തുക , പിന്നെ..പിന്നെ - - - -

മറു നാട്ടിലായാലും ഓണത്തിന്റെ വൈവിധ്യമായ ഇത്തരം
മധുരിമകൾക്ക്  നാട്ടിലേക്കാളും എത്രയെത്ര ഇരട്ടി മധുരം അല്ലേ ...! 

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...