Showing posts with label അനുഭാവാവിഷ്കാരങ്ങൾ - യുകെയിലെ വായനയും എഴുത്തും .... Show all posts
Showing posts with label അനുഭാവാവിഷ്കാരങ്ങൾ - യുകെയിലെ വായനയും എഴുത്തും .... Show all posts

Friday 29 March 2019

അല്പസ്വല്പം പിന്നാമ്പുറക്കാഴ്ച്ചകൾ ...! / Alpaswalpam Pinnampurakkaazhcchakal ...!

അടുത്തവർഷം സപ്തതിയാഘോഷിക്കുവാൻ 
പോകുന്ന ലണ്ടനിലുള്ള ഒരു മലയാളിയുടെ ..അല്ല ,
ഒരു ജർമ്മൻകാരന്റെ ... സോറി  ബ്രിട്ടീഷ് സിറ്റിസണിന്റെ 
വീട്ടിലെ ബൃഹത്തായ പുസ്തക ശേഖരത്തിൽ നിന്നും കടമെടുത്താണ് , ഞാൻ - കെ.പി.കേശവമേനോന്റെ 'ബിലാത്തിവിശേഷവും ', ആത്മകഥയായ 'കഴിഞ്ഞകാലവും', എസ് .കെ .പൊറ്റക്കാടിന്റെ 'ലണ്ടൻ നോട്ട് ബുക്കു'മടക്കം  കുറെയേറെ  പഴയ പുസ്തകങ്ങൾ ലണ്ടനിൽ വന്ന ശേഷം വായിച്ചിട്ടുള്ളത്...

ഇദ്ദേഹത്തിന്റെ  മക്കൾക്ക് മലയാളമൊന്നും 
അറിയാത്തതിനാൽ മൂപ്പരുടെ കാല ശേഷം ഈ 
പുസ്തകങ്ങളൊക്കെ എന്നോടെടുത്തോളാനാണ്   
കഴിഞ്ഞ തവണ നേരിട്ട് കണ്ടപ്പോൾ ആൾ പറഞ്ഞത് ...

എല്ലാ  ഹോളിഡേയ്ക്കും ലോകം മുഴുവൻ പല രാജ്യങ്ങളിലും 
കെട്ട്യോളും കെട്ട്യോനുമായി ഇപ്പോഴും പറന്ന് കറങ്ങി നടക്കുന്ന, 
എപ്പോഴും ചുറുചുറുക്കോടെ കാണുന്ന ഈ വയസ്സൻ ചുള്ളൻ - എന്റെ 
പതിനാറടിയന്തിരം കൂടി കഴിഞ്ഞിട്ടേ ഈ ഭൂലോകത്ത് നിന്നും വിരമിക്കുകയുള്ളൂ എന്നുറപ്പുള്ളതുകൊണ്ട് ഇക്കാര്യം പ്രാപ്തമാകും എന്നൊന്നും എനിക്കൊട്ടും വിശ്വാസമില്ല ...!

അതെ വായനയെ സ്നേഹിക്കുന്നവർക്ക്
സ്വന്തം മക്കളെക്കാൾ പ്രിയപ്പെട്ടതാണ് അവരൊക്കെ
വാങ്ങിക്കൂട്ടിയ പുസ്തകങ്ങൾ - അല്ലെ !  
അല്ലാ ...
ഞാൻ  മൂപ്പിലാനെ പരിചയപ്പെടുത്തിയില്ലല്ലൊ ...
ലണ്ടനിലുള്ള ബാർക്കിങ്ങ് 'ഡി. എച്ച് .എൽ ( DHL ) സപ്ളെ ചെയിനി'ലെ 
ലോജിസ്റ്റിക് മാനേജരാണ് ലോനപ്പൻ . ടി . ചാക്കോ എന്ന ഇദ്ദേഹം .

ഒരു പക്ഷെ ഈ ലോനപ്പേട്ടൻ ഇല്ലായിരുന്നുവെങ്കിൽ 
ഞാനൊന്നും ലണ്ടനിൽ കാലെടുത്ത് വെക്കില്ലായിരുന്നു.
എന്റെ അച്ഛന്റെ ഗെഡിയായിരുന്ന വാറുണ്ണിയേട്ടന്റെ താഴെയുള്ള 
അനിയനായിരുന്നു , അച്ചനാവാൻ വിധിക്കപ്പെട്ട് പിന്നീട് സാക്ഷാൽ
അച്ഛനായി തീർന്ന  ലോനപ്പേട്ടൻ ...!

ശരിക്ക് പറഞ്ഞാൽ ലോനപ്പേട്ടനൊക്കെ മതം  
വേറെയാണെങ്കിലും - ഇപ്പോഴും ഞങ്ങളുടെയൊക്കെ  
ബന്ധു ജനങ്ങൾ തന്നെയാണ് ...!

പരസ്പരം ലൈനടിക്കാനോ , കല്യാണം കഴിക്കുവാനോ 
പാടില്ലെന്നൊരു  അലിഖിത നിയമവും ഞങ്ങൾ വീട്ടുക്കാർക്കിടയിൽ ഉണ്ട്...

മൂന്നാലു തലമുറ മുമ്പ് കുറച്ചു പേർ ഞങ്ങൾ തയ്യിൽ വീട്ടുകാരിൽ 
നിന്നും മാർഗ്ഗം കൂടി കൃസ്ത്യാനികളായി മാറിയ കുടുംബ ചരിതമാണ് അവർക്കുള്ളത് .

വാറുണ്ണിയേട്ടൻ , വേറൊനേടത്തി , ലിസിയേടത്തി മുതൽ
ലോനപ്പേട്ടൻ വരെ എട്ടു മക്കളുണ്ടായപ്പോൾ താഴെയുള്ളവനെ , പള്ളീലച്ചനാക്കാൻ നേർന്നതായിരുന്നു അവരുടെ അമ്മച്ചിയും അപ്പച്ചനും കൂടെ ...!

എന്തിന് പറയുവാൻ ലോനപ്പേട്ടന് അച്ചൻ പട്ടം കിട്ടിയിട്ട് ,
കുട്ടിയച്ചനായി വാഴുന്ന കാലത്ത് - സമാന ഗതിയിൽ തന്നെ ഏഴ്
മക്കളുള്ള ഒരു കുടുംബത്തിൽ നിന്നും   കന്യാസ്ത്രീയാകുവാൻ നിയോഗിക്കപ്പെട്ട റോസമ്മ എന്നൊരു സിസ്റ്ററുമായി അന്നത്തെ ഈ അച്ചൻ ചുള്ളൻ അടുപ്പത്തലായി ...
തൃശ്ശൂർ ജില്ലയിലെ തന്നെ ഒരു മിഷ്യൻ ആശുപത്രിയിൽ 
നിന്ന് കന്യാസ്ത്രീ പഠനത്തോടൊപ്പം , നേഴ്‌സിങ്ങ് പഠനവും 
പൂർത്തിയാക്കി -  അവരുടെ ആശുപത്രിയിൽ തന്നെ റോസമ്മ 
സിസ്റ്റർ സേവനം ചെയ്യുന്ന വേളയിലാണ് - ഒരിക്കലും പാടില്ലാത്തതായ  
ഇവർ തമ്മിലുള്ള അനുരാഗവള്ളി പൊട്ടി മുളച്ച് കിളിർത്തുവന്ന് പുഷ്പ്പിച്ചത്...
ഈ സംഗതികൾ അരമനയിലും , വീട്ടുക്കാർക്കുമിടയിലുമൊക്കെ 
മണത്തു വന്നപ്പോൾ ആരോരുമറിയാതെ വാറുണ്ണിയേട്ടനും , എന്റെ 
അച്ഛനും കൂടി ,അന്ന് ഭോപ്പാലിൽ ജോലിചെയ്തിരുന്ന  ഞങ്ങളുടെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് ഈ കാമിതാക്കളെ കയറ്റി വിട്ടു.

പിന്നീട് ഉടുപ്പൂരി സഭയിൽ നിന്ന് സ്വതന്ത്രമാക്കനും , റെജിസ്റ്റർ മ്യാരേജിനുമൊക്കെ കാശ് ചിലവാക്കി എല്ലാം ഒത്ത് തീർത്തതും മറ്റും അക്കാലത്തെ  നാട്ടിലെ പഞ്ചായത്ത് അധിപനായിരുന്ന  എന്റെ അച്ഛനായിരുന്നു.

ശേഷം ലോനപ്പേട്ടന്റെ ഭാഗം ചേട്ടനനിയന്മാർക്ക് കൊടുത്ത്
ആ കാശ് കൊണ്ട് അവർ അമേരിക്കയിലേക്ക് പോകുവാൻ ഒരു തീവ്രശ്രമം നടത്തുകയുണ്ടായെങ്കിലും അടിയന്തരാവസ്ഥക്കാലമായത് കൊണ്ട് ആയത് നടന്നില്ല.

അതിന് ശേഷം അഞ്ചാറുകൊല്ലം   കഴിഞ്ഞപ്പോൾ ഭോപ്പാലിലെ 
ജോലി വേണ്ടെന്ന് വെച്ച് റോസമ്മയേടത്തി ഒരു ബാച്ചിനൊപ്പം നേഴ്‌സിങ് 
ജോലിക്കായി ജർമ്മനിയിലേക്ക് പോയി.

പിന്നീട് രണ്ട് കൊല്ലം കഴിഞ്ഞ ശേഷമാണ് ലോനപ്പേട്ടൻ ജർമ്മനിയിൽ 
എത്തിയതും, 'ഡി .എച്ച് .എൽ' കമ്പനിയുടെ ഒരു പാഴ്‌സൽ വെയർ ഹൌസിലെ ജീവനക്കാരനായി പാശ്ചാത്യ ജീവിതം ആരംഭിച്ചതും ...

ശേഷം എന്റെ അച്ഛൻ അകാലത്തിൽ മരിച്ചുപോയ 
സമയത്ത് - നാട്ടിൽ നിന്നും പോയിട്ട് ,  പത്ത് കൊല്ലം കഴിഞ്ഞപ്പോൾ   
ആദ്യമായി  റോസമ്മയേടത്തിയും , രണ്ട് മക്കളുമായി ലോനപ്പേട്ടൻ നാട്ടിലെത്തി ഞങ്ങൾ  കുടുംബാംഗങ്ങളെയൊക്കെ ആശ്വസിപ്പിച്ചിരുന്നു ...
അപ്പോൾ  അദ്ദേഹമെനിക്കൊരു
'സിറ്റിസൺ  റിസ്റ്റ് വാച്ച്' സമ്മാനമായി തന്നിരുന്നു.

അന്ന് ഞങ്ങൾ കറണ്ട് ബുക്ക്സിലും മറ്റും കയറിയിറങ്ങി ,
ഒരു പെട്ടി നിറയെ മലയാളം പുസ്തകങ്ങളുമായാണ് മൂപ്പർ
തിരിച്ചു പോയത്. ഒപ്പം എന്റെ കൈയിലുണ്ടായിരുന്ന പഴയ
കുറെ ഓണപ്പതിപ്പുകളും .

അതിന് ശേഷം നാലഞ്ച് കൊല്ലം ഇടവിട്ട് നാട്ടിൽ വരുന്പോഴൊക്കെ 
ഇദ്ദേഹം ഞങ്ങൾക്ക് എന്തെങ്കിലുമൊക്കെ അസ്സല് ഫോറിൻ സമ്മാനങ്ങൾ
തരും, പിന്നീട് പുസ്തക ഭാണ്ഡവുമായുള്ള  തിരിച്ചു പോക്കും തുടർന്നിരുന്നു ...

കാൽ നൂറ്റാണ്ട് മുമ്പ് ലോനപ്പേട്ടൻ 'ഡി .എച്ച് .എൽ'  കമ്പനിയിലെ 
ഒരു വെയർ ഹൌസ് സൂപ്പർ വൈസറായി ലണ്ടനിലേക്ക് കുടിയേറി. 
റോസമ്മയേടത്തിക്ക്  'എൻ എച്ച് എസി'ൽ  നേഴ്‌സായി ജോലിയും കിട്ടി.
മക്കളെ രണ്ട് പേരേയും യു.കെ . യൂണിവേഴ്‌സിറ്റികളിൽ ചേർക്കുകയും ചെയ്തു. 

ലണ്ടനിൽ  വന്ന്  ലോനപ്പേട്ടനും കുടുംബവും
നന്നായി പച്ച പിടിച്ച ശേഷം  ഒരിക്കൽ നാട്ടിൽ
വന്നപ്പോഴാണ് , മൂപ്പർ എന്നോട്  
'' ഡാ ..മുർള്യേ ...നിനക്ക് ലണ്ടനിലേക്ക് വന്നൂടെ ''  
എന്ന്  ചോദിക്കുന്നത് ...!   
പോരാത്തതിന് മൂപ്പരുടെ രണ്ട് ചേട്ടന്മാരുടെയും , പെങ്ങന്മാരുടെയും 
മക്കളെയൊക്കെ പിന്നീടുള്ള അടുത്തടുത്ത കൊല്ലങ്ങളിൽ യു.കെ യിലേക്ക് 
സ്റ്റുഡൻറ് വിസയിൽ കൊണ്ടു പോകുകയും , അവരൊക്കെ ചടുപിടുന്നനെ കാശുണ്ടാക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ എനിക്കും നാട്ടിൽ ഇരിക്കപ്പൊറുതിയില്ലാതായി .

അവസാനം മാക്സിമം ഒരഞ്ചുകൊല്ലം ലണ്ടനിൽ വന്ന് കുറച്ച്
സമ്പാദിച്ച് തിരിച്ചു പോകാമെന്ന് കരുതി വന്ന  ഞാനാണ് അതിന്റെ മൂന്നിരട്ടി വർഷം കഴിഞ്ഞിട്ടും ഇവിടെ ഒട്ടി പിടിച്ചിങ്ങനെ നിൽക്കുന്നത്...!  

ഏത് കാലാവസ്ഥയിലും രാവും പകലുമില്ലാതെ ഇവിടെ കിടന്നുറങ്ങാനുള്ള  സുഖം , ഏത് സമയത്തുമുള്ള പബ്ലിക്ക് ട്രാൻസ്പോർട്ട് യാത്രാ സൗകര്യങ്ങൾ , ഹിമകണങ്ങൾ പെയ്തിറങ്ങുമ്പോഴുള്ള മനോഹാരിതകളടക്കം മാറി മാറി വരുന്ന പ്രകൃതിയുടെ രമണീയമായ  കാഴ്ച്ചകൾ , അടുപ്പ് പുകയാതെ തന്നെ തീൻ മേശയിലെത്തുന്ന ലോകത്തിലെ എല്ലാ വിഭവങ്ങളും ഡെലിവറിയായി എത്തിക്കുന്ന നാനാതരം ഭക്ഷണ ശാലകൾ , മധു ചഷകങ്ങൾ നിറയ്ക്കുവാൻ, പറ്റുന്ന ആഗോളതലത്തിലുള്ള മുന്തിയ ലഹരി പാനീയങ്ങൾ ,അങ്ങിനെയങ്ങിനെ കണ്ണിനും മനസ്സിനും എന്നുമെന്നും  ഇമ്പമേറിയ ഈ കാഴ്ച്ചവട്ടങ്ങൾ തന്നുകൊണ്ടിരിക്കുന്ന ഈ ബിലാത്തി പട്ടണം വിട്ടിട്ടെങ്ങിനെയാണ്  ... 

ഞാൻ എന്റെ  സ്വന്തം ദൈവത്തിന്റെ നാട്ടിലേക്ക് - 
ഇപ്പോൾ  ചെകുത്താന്മാർ കൈയേറിയിരിക്കുന്ന നമ്മുടെ 
സ്വന്തം ജന്മ ഭൂമിയിലേക്ക് തിരിച്ച് പോകുക ..അല്ലെ കൂട്ടരെ ... !

ലോനപ്പേട്ടനോട് അനുവാദം വാങ്ങി , ലണ്ടനിൽ നിന്നും പുറത്തിറക്കുന്ന  'ഛായ' കൈയെഴുത്ത് പതിപ്പിന്റെ ഏഴാം ലക്കത്തിൽ ചേർക്കുവാൻ വേണ്ടി എഴുതിയതാണ് ഈ കുറിപ്പുകൾ ...

അനേകവർഷങ്ങളായി ലണ്ടനിലുള്ള ഭാഷാസ്നേഹിയായ വി.പ്രദീപ് കുമാർ  തന്റെ വടിവൊത്ത കൈയക്ഷരത്തിൽ എഴുതി , പ്രമുഖ കലാകാരനായ ഷാജി കുറ്റിക്കാട് രൂപ  ലാവണ്യങ്ങൾ ചാർത്തിയാണ് ഇക്കാലത്ത്  അപൂർവ്വങ്ങളിൽ അപൂർവ്വമായ 'ഛായ' കൈയെഴുത്ത് പതിപ്പുകൾ  ഇറക്കാറുള്ളത് ...!

ഓരോ ലക്കത്തിലും ആർട്ടിസ്റ് ഇസ്ഹാഖ് .വി.പി യുടെ മകൾ ജുമാനയുടെ അസ്സൽ വരകളിലൂടെ നമ്മെ വിട്ടുപോയ സാഹിത്യ വല്ലഭരേയും ചിത്രീകരിച്ച് അവർക്കുള്ള പ്രണാമം കൂടി  ഈ പുസ്തകത്തിലൂടെ  അർപ്പിക്കാറുണ്ട് ...


പിന്നാമ്പുറം 

ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഞാനിവിടെ ലണ്ടനിൽ വന്ന് നങ്കൂരമിട്ടപ്പോൾ  എന്നെ  ഏറ്റവും കൂടുതൽ വീർപ്പുമുട്ടിച്ച
സംഗതികളിൽ ഒന്നായിരുന്നു  മലയാളത്തിൽ യാതൊന്നും വായിക്കുവാൻ കിട്ടുന്നില്ല എന്ന കാര്യം ...

അപ്പിയിടുവാൻ പോലും പോകുമ്പോൾ ഏതെങ്കിലും മലയാളം പുസ്തകം കരുതിയില്ലെങ്കിൽ പെടാപാടുപെടുന്ന ഞാൻ - ആയതിനുപകരം ചാരിറ്റിയിൽ നിന്നും പത്ത് പെൻസിനൊക്കെ കിട്ടുന്ന ഇംഗ്ലീഷ് പുസ്തകങ്ങൾ  ഉപയോഗിച്ചു നോക്കിയപ്പോൾ  ദഹനക്കേട് കൂടി എന്ന് മാത്രം...!

ആസമയത്തൊക്കെ  മനോപാർക്കിലുള്ള  മലയാളി അസോസ്സിയേഷനിലും , ബാർക്കിങ് റോഡിലുള്ള ശ്രീനാരായണ ഗുരു മിഷ്യനിലുമൊക്കെ  പോയി തപ്പിപ്പിടിച്ചു കൊണ്ടുവരുന്ന പഴയ മാഗസിനുകളും , ഈസ്റ്റ് ഹാം ലൈബ്രറിയിൽ നിന്നുകിട്ടുന്ന മലയാള പുസ്തകങ്ങളും , മറ്റു കുടിയേറ്റ മലയാളികളുടെ കൈയിൽ നിന്നും കടമെടുത്ത പുസ്തങ്ങളുമൊക്കെയായി വായനയും മറ്റും നാലഞ്ചുകൊല്ലം സുഖമമായി നടത്തിക്കൊണ്ടിരുന്നു ..

ഇതിനിടയിൽ കിട്ടുന്ന മലയാളി വാർഷിക പതിപ്പുകളായ ജനനിയും , യു.കെ  മലയാളിയും, പത്രമാസികകളായ കേരള ലിങ്കും, ബിലാത്തി മലയാളിയും വായനക്ക് മേമ്പൊടി കൂട്ടികൊണ്ടിരുന്നുവെങ്കിലും ആയിടെ സൈബർ ലോകത്ത് പിറന്നു വീണ ഓർക്കൂട്ടിലൂടെയും , മലയാളം ബ്ലോഗുകളിലൂടെയും വായനക്ക് ഒരു പുതിയ മേച്ചിൽപ്പുറം  എനിക്ക് നേടിത്തന്നു ...

പിന്നീടങ്ങോട്ട് കഴിഞ്ഞ ദശകം മുതൽ തുടക്കം കുറിച്ച 'ബ്രിട്ടീഷ്  മലയാളി' മുതൽ അനേകം ഓൺ - ലൈൻ  പത്രമാധ്യമങ്ങളിൽ  കൂടിയും ,സോഷ്യൽ മീഡിയ തട്ടകങ്ങളിൽ കൂടിയും ഈ ആംഗലേയ നാടുകളിലും മലയാളത്തിലൂടെയുള്ള
 വായനയുടേയും  എഴുത്തിന്റെയും വസന്തം പൊട്ടി വിടരുകയായിരുന്നു...!

ഈ കാലഘട്ടങ്ങളിൽ  ഈ ദേശങ്ങളിൽ നിന്നും
എഴുതുന്ന അനേകം മലയാളം ബ്ലോഗ് തട്ടകങ്ങൾ
ഉടലെടുത്തു വന്നിരുന്നു ...
പിന്നീട് ദിനം തോറും അനേകം സൈബർ ഇടങ്ങളിൽ വിവിധ  സംഗതികളെക്കുറിച്ചും പലരും പലതും കുത്തി കുറിച്ചു വന്നു ...

യാത്രാവിവരണങ്ങളും , കഥയും , കവിതയും ,
ശാസ്ത്രലേഖനങ്ങളുമൊക്കെയായി ആഗോളതലത്തിൽ തന്നെ ആംഗലേയ മലയാളികൾക്കും  ഒരു ഇടം കിട്ടി തുടങ്ങി ...

പത്ത് കൊല്ലം മുമ്പ് മൂന്നാല് മലയാളം ബ്ലോഗ് സംഗമങ്ങൾ ഇവിടെയുണ്ടായെങ്കിലും , രണ്ട് കൊല്ലം മുമ്പ് 'കട്ടൻ കാപ്പിയും കവിതയും കൂട്ടായ്മ' യുടെ നേതൃത്വത്തിൽ ലണ്ടനിൽ വെച്ച് പ്രഥമമായി യു.കെയിലുള്ള മലയാളി എഴുത്തുകാർ  ഒത്ത് കൂടി മലയാളം
ഭാഷാസ്നേഹികളുടെ ഒരു കൂട്ടായ്മക്ക് ആരംഭം കുറിച്ചു ...

ഇതിൽ കുറച്ചുപേർ 'ഡെസ്ക് ടോപ്പി'ൽ നിന്നും ഇറങ്ങി വന്ന് സ്വന്തം പുസ്തകങ്ങൾ അച്ചടിച്ചിറക്കി ബുക്ക് ഷെല്ഫുകളിലും
ഇവിടെ അന്നുണ്ടായിരുന്ന മൂന്നാലെഴുത്തുകാർക്കൊപ്പം  ഇടം പിടിച്ചവരും ഉണ്ട് ...

ഇന്നീ ആംഗലേയ നാടുകളിൽ ഏതാണ്ട് ഇരുനൂറിൽ പരം ആളുകൾ മലയാളത്തിലൂടെ കഥയായും , നോവലായും , കവിതയായും, ലേഖനങ്ങളായും മറ്റും പല കാര്യങ്ങളും
എഴുതിയിട്ട്  മുന്നേറുന്ന കാഴ്ച്ചകൾ എന്നുമെന്നോണം കാണാവുന്ന
സംഗതികളാണ് ...

അതിനു ശേഷം സോഷ്യൽ മീഡിയ
തട്ടകങ്ങളിൽ കൂടിയുള്ള കൂട്ടായ്‍മകളിൽ
കൂടി സല്ലപിച്ചും , ഇടക്കെല്ലാം ചില കൊച്ചുകൊച്ചു
സംഗമങ്ങൾ നടത്തിയും ഈ ഭാഷാസ്നേഹികൾ പല ഭാവി പരിപാടികളും ആസൂത്രണം ചെയ്തുകൊണ്ടിരുന്നു ...

ഈയിടെ രണ്ടാമതും ലണ്ടനിൽ
വെച്ച് വീണ്ടും അവർ ഒന്നിച്ചു കൂടി.

ഈ  പരിപാടിയിൽ വിശിഷ്ടാഥിതികളായി 
പ്രമുഖ എഴുത്തുകാരിയായ ജയശ്രീ ശ്യാംലാൽ ,
യു. കെ .യിലെ സീനിയർ എഴുത്തുകാരനായ ഡോ.പി.എം.അലി, മലയാളം മിഷ്യൻ യു.കെ .ചാപ്റ്ററിന്റെ അഡ്‌ഹോക് കമ്മറ്റി മെമ്പറും ,'യുക്മ' സാംസ്കാരിക വേദിയുടെ വൈസ് ചെയർമാനും,ലണ്ടൻ മലയാള സാഹിത്യ വേദിയുടെ കോർഡിനേറ്ററുമായ സി.എ .ജോസഫ് , നിരൂപനും, എഴുത്തുകാരനും , ചിന്തകനുമായ ഡോ .ജോഷി ജോസ് എന്നിവരും പങ്കെടുത്തു .


ധാരാളം വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ട ചടങ്ങുകളിൽ മലയാളത്തിലുള്ള ഒരു കൈയെഴുത്ത് പതിപ്പും ,ഒരു അച്ചടിച്ച പുസ്തകവും , ഒരു ഡിജിറ്റൽ പുസ്തകവും , ആംഗലേയത്തിൽ ഒരു
 കൗമാരക്കാരൻ എഴുതിയ പുസ്തകവും പിന്നെ കവിതാസമാഹാരത്തിന്റെ
ഒരു ' DVD' യും പ്രസാധനം നിർവ്വഹിക്കപ്പെട്ടു 

അന്ന് പ്രകാശനം നടത്തിയ  പുസ്തകങ്ങൾ 
വി.പ്രദീപ് കുമാർ അണിയിച്ചൊരുക്കുന്ന 
മലയാളത്തിലുള്ള 'ഛായ' എന്ന കൈയെഴുത്ത് 
പതിപ്പിന്റെ ഏഴാം ലക്കം .
പൂർണ്ണമായും ബ്രിട്ടനിൽ നിന്നു തന്നെ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന 'അഥേനിയം ഗ്രൻഥശാല' പുറത്തിറക്കുന്ന ഇവിടെയുള്ളവരുടെ വിവിധയിനം രചനകൾ അടങ്ങിയ 'മഷിത്തണ്ട്' എന്ന പുസ്തകം .

11 വയസുകാരൻ ആബേൽ ജോയ് എഴുതിയ 
'മൈ നാപ്പി ബ്രദേഴ്‌സ് ' എന്ന ആംഗലേയ പുസ്തകത്തിന്റെ
പേപ്പർ ബാക്ക് എഡിഷൻ .

നൂറു വർഷങ്ങൾ പിന്നിടുന്ന ആംഗലേയ നാട്ടിലെ മലയാളം എഴുത്തിന്റെ നാൾ വഴികളിൽ ,നമ്മുടെ ഭാഷക്ക് കഴിഞ്ഞ ഒരു നൂറ്റാണ്ടായി വെള്ളവും വളവും നൽകി വളർത്തിയ നൂറ്റമ്പതോളം ഭാഷാസ്നേഹികളെ പരിചയപ്പെടുത്തുന്ന 'എഴുത്തിന്റെ നൂറ് വർഷങ്ങൾ - ആംഗലേയ നാട്ടിലെ ശതവാർഷികം പിന്നിട്ട മലയാളി 
എഴുത്തിന്റെ  നാൾ വഴികൾ ' എന്ന ഒരു ഡിജിറ്റൽ(https://kattankaappi.bilatthipattanam.com/ )പുസ്തകവും അന്നേദിവസം പ്രകാശനം ചെയ്യപ്പെട്ടു .


കൂടാതെ കാവ്യഭാവനയുടെ നിറച്ചാർത്തുകളുമായി മുജീബ് വർക്കല എഴുതിയ കവിതകൾ ഈണമിട്ട് വിവിധ ഗായകർ ആലപിച്ചിട്ടുള്ള 'കൂട്ടുകാരൻ എന്ന കവിതാസമാഹാരത്തിന്റെ
ഒരു DVD യുടെ പ്രകാശന കർമ്മവും അന്നേ ദിവസം നിർവ്വഹിക്കപ്പെട്ടു ...

ഇതോടൊപ്പം തന്നെ പുസ്തക പരിചയം, കവിത ചൊല്ലൽ, 
ഭാവിയിലെ പരിപാടികളുടെ നയ രൂപീകരണം എന്നീ സംഗതികളും
അന്നവിടെ അരങ്ങേറിയിരുന്നു ...

ഭാഷാ സ്നേഹികളായ പ്രവാസികൾക്ക് 
'മലയാളത്തിന്റെ അതിജീവനം' പ്രധാന വിഷയമാണ്.
 എന്നാൽ 'നൂറു വർഷങ്ങൾക്കു ശേഷം മലയാളം' എന്ന 
ബൃഹദ് വിഷയവുമായി ഇതു വളരെ ബന്ധപ്പെട്ടിരിക്കുന്നു. 
വർത്തമാന കാലത്ത് , വിവര സാങ്കേതികതയിലെ 
മാറ്റങ്ങളെ ഒഴിവാക്കിക്കൊണ്ട് ഭാഷാ-സാഹിത്യങ്ങളുടെ 
ഭാവിയെപ്പറ്റി ചിന്തിക്കുന്നത് തന്നെ അസംബന്ധമായിരിക്കും...

ഇവിടെയുള്ള പ്രവാസ
ജീവിതത്തിൽ, മലയാള ഭാഷാ 
സംബന്ധിയായ ഭാവി പ്രവർത്തനങ്ങൾക്കു വേണ്ട നയ 
രൂപീകരണത്തിന് , ഇത്തരം വിഷയങ്ങളെപ്പറ്റി ഉറക്കെ
ചിന്തിക്കേണ്ടതുണ്ട്.
ഒറ്റയ്ക്കും, കൂട്ടായുമുള്ള പ്രവർത്തനങ്ങൾക്ക് ഈ നയങ്ങൾ മാർഗ്ഗദർശകമാകും...

യു.കെ യിലെ മലയാളം എഴുത്തിന്റെ നൂറാം
പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ, 'യു.കെ
എഴുത്തുകാരുടെ ദ്വിതീയ സംഗമം' ലക്ഷ്യമിടുന്നത്  
ഇത്തരത്തിലുള്ള ഒരു നയ രൂപീകരണമാണ്...!



ഈ ആർട്ടിക്കിൾ 'ബ്രിട്ടീഷ് മലയാളി'യിൽ 
പ്രസിദ്ധീകരിച്ചു വന്നതിന്റെ ലിങ്കാണ് താഴെ 
കാണുന്നത് ...

യുകെയിലെ മലയാളി എഴുത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ  - അൽപ സ്വൽപ്പം പിന്നാമ്പുറക്കാഴ്ച്ചകൾ 







കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...