Tuesday 31 December 2013

വെറും കഥയല്ലിത് --- ഒരു ബിലാത്തി കഥയിത് മമ ... ! / Verum Kathhayallithu --- Oru Bilatthi Kathhayithu Mama ... !

ഇപ്പോൾ ഇറങ്ങിയ  ഹോളിവുഡ് മൂവികളെയെല്ലാം നിലം പരിശാക്കി ... യു.കെ മുഴുവൻ കളക്ഷൻ വാരിക്കൂട്ടിയ , ഇവിടത്തെ മാധ്യമങ്ങൾ മുഴുവൻ വാനോളം വാഴ്ത്തിയ ഇന്ത്യൻ സിനിമാലോകത്തെ , യാശ് ചോപ്രയുടെ‘DHOOM -3‘കണ്ട ശേഷം , രാവുകൾ പകലായി തോന്നിക്കുന്ന  ,അലങ്കാര ദീപങ്ങളാൽ മനോഹാരിതകൾ തിങ്ങി നിറഞ്ഞ , വല്ലാത്ത കുളിരുള്ള ലണ്ടൻ തെരുവുകളിലൂടെ ഉലാത്തി ഞാനും , അജിമോനും   ഇന്നലെ രാത്രി  , വീട്ടിലെത്തിയപ്പോൾ പാതിരാവിലെ ഹിമ കണങ്ങൾ പെയ്തിറങ്ങി കൊണ്ടിരിക്കുകയായിരുന്നൂ...

പക്ഷേ , ഇന്ന് മഞ്ഞുകണങ്ങൾ പെയ്തിറങ്ങുന്നതിന് പകരം
നാട്ടിലുള്ള പോലെ കോരിച്ചൊരിയുന്ന മഴയും കാറ്റുമുള്ള വെതറായിരുന്നു..!

‘- Don't believe W -factors in Brittan - ‘
എന്ന ഒരു പഴഞ്ചൊല്ലുണ്ട് ഈ ഗ്രേറ്റ് ബ്രിട്ടനിൽ ..
 weather, wife,  whiskey , wine , women ,work ,.. ,..ഇത്തരം ആശ തരുന്ന
ഒന്നിനേയും കണ്ണടച്ച് ഒരിക്കലും വിശ്വസിക്കരുത് എന്നാണിവർ പറയുന്നത് ...!

അതുപോലെ - ഓന്തിനെ പോലെ അപ്പപ്പോൾ  നിറം മാറി കൊണ്ടിരിക്കുന്ന , ഈ ബിലാത്തി കാലാവസ്ഥയിൽ - ഇക്കൊല്ലത്തെ  ലണ്ടൻ ന്യൂയിയർ സെലിബെറേഷൻ വെള്ളത്തിലായെങ്കിലും,
ഞാനും അജിമോനും കൂടി കൊല്ലാവസാനം അടിച്ച് പൊളിക്കുവാൻ വേണ്ടി , ഇന്ന് സായംസന്ധ്യ  മുതൽ , നമ്മുടെ നാട്ടിലെ ഉത്സവാഘോഷങ്ങൾക്കൊക്കെ കാണുന്ന പോലെ  ; നിയോൺ ബൾബുകളിട്ട് വർണ്ണ പ്രപഞ്ചം തീർത്ത ലണ്ടൻ നഗര വീഥികളിലൂടെ ഇവിടെ ഏറ്റവും വലിയ ആഘോഷമായി കൊണ്ടാടുന്ന പുതുവർഷത്തെ വരവേൽ‌ക്കുന്ന ആരവത്തിന്റെ തിമർപ്പുകൾ കണ്ട് റോന്ത് ചുറ്റി കൊണ്ടിരിക്കുകയായിരുന്നൂ...

ഇനി മിഡ് നൈറ്റിൽ ‘തെയിമ്സി‘ ന്റെ കരയിൽ സെൻട്രൽ ലണ്ടനിൽ അരങ്ങേറുന്ന ലോക പ്രസിദ്ധമായ ‘ദി ന്യൂ-യിയർ സെലിബെറേഷൻസ് ഓഫ് 2014  -നോടനുബന്ധിച്ച് നടക്കുന്ന നയന മനോഹരമായ , വർണ്ണ വിസ്മയം തീർക്കുന്ന ‘ഫയർ വർക്ക്സ്‘ അവസാനിച്ച് , നാളെ പുലർകാലം വരെ പൊതുജനത്തിന് ; ഫ്രീ ആയി സഞ്ചരിക്കാവുന്ന , അണ്ടർ ഗ്രൌണ്ടിലൂടെ മാത്രമേ പുതുവർഷപ്പുലരിയിൽ ഞങ്ങളിനി  വീട്ടിലെത്തിച്ചേരുകയുള്ളൂ... !

‘പോട്ടോ’ മാനിയ പിടിപ്പെട്ട അനേകായിരം യു.കെ.നിവാസികളിൽ
ഒരുവനായ എന്റെ മിത്രമായ അജിമോനേയും കുടുംബത്തേയും ഈ വല്ലാത്ത
ഭക്തിരോഗത്തിൽ നിന്നും രക്ഷിക്കുവാൻ വേണ്ടി , ഡോ: അരുൺ കിഷോറുമായി
കൺസൽട്ട് ചെയ്തതിന് ശേഷം , പുതുവർഷം ആഘോഷിക്കുവാൻ ഇറങ്ങിയതായിരുന്നു ഞങ്ങൾ

പത്ത് പന്ത്രണ്ട് കൊല്ലം മുമ്പ് തൃശ്ശൂർ  ഹൈറോഡിൽ , ചെരിപ്പിന്റെ
മൊത്ത കച്ചവടം നടത്തുന്ന സിബി ജോണാണ് എനിക്ക് , ജില്ലയുടെ മലമ്പ്രദേശത്ത് ചെരിപ്പടക്കം
ഒരു കോസ്മറ്റിക് ഷോപ്പ് നടത്തുന്ന അജിമോനെ , അന്ന് ; ഫോണിൽ കൂടി പരിചയപ്പെടുത്തി തന്നത്.

അജിമോന്റെ ഭാര്യയായ  ; യെമനിലെ സനയിൽ നേഴ്സായി ജോലി ചെയ്തുകൊണ്ടിരുന്ന ജിൻസിക്ക് ഒരു ‘യു.കെ സീനിയർ കെയറർ വർക്ക് പെർമിറ്റ്‘ കിട്ടിയപ്പോൾ , ഇവിടെ എത്തിചേർന്നാലുള്ള സ്ഥിതി വിശേഷങ്ങളെ കുറിച്ച് ആരായാനായിരുന്നു അന്നത്തെ ആ പരിചയപ്പെടൽ...

അതിന് ശേഷം ജിൻസി ഇവിടെ വന്ന ശേഷം , ഞാൻ മുഖാന്തിരം  അവൾ
വർക്ക് ചെയ്തിരുന്ന നേഴ്സിങ്ങ് ഹോമിനടുത്ത് , കച്ചവട പ്രമുഖനായ ഒരു മല്ലു
ചേട്ടായിയുടെ കുടുംബത്തോടൊപ്പം താമസവും റെഡിയാക്കി. മൂപ്പരുടെ ഭാര്യ അവിടടുത്തുള്ള സ്കൂളിൽ ടീച്ചറുമായിരുന്നു. ജിൻസി ജോലിയും , ട്രെയിനിങ്ങും, ആ വീട്ടിലെ കുട്ടികൾക്ക് കുറച്ച് മലയാളം ട്യൂഷ്യനുമൊക്കെയായി  കുഴപ്പം കൂടാതെ കഴിഞ്ഞിരുന്നു...

വല്ലപ്പോഴും അജിമോനും , ജിൻസിയും വിളിച്ചുകൊണ്ടിരിക്കുന്നതിനാൽ , അവന് ഡിപ്പന്റഡ് വിസ കിട്ടിയിട്ടും നാട്ടിലെ കച്ചവടമൊക്കെ ഒന്ന് സെറ്റിൽ ചെയ്തിട്ട് മൂന്ന് കൊല്ലത്തിന് ശേഷമേ അജിമോൻ യു.കെയിൽ എത്തുകയുള്ളൂ എന്നും പറഞ്ഞിരുന്നു..

ഇതിനിടയിൽ ഒരുമിച്ചുള്ള പള്ളിയിൽ പോക്കും  , അടുക്കള ജോലികൾക്ക് സഹായമൊക്കെയായി  ജിൻസി ആ വാടക വീട്ടിലെ  ഒരു ഫേമിലി മെമ്പർ ആയി കഴിഞ്ഞിരുന്നു.  നാളുകൾക്കുള്ളിൽ , ആ  മല്ലു ചേട്ടായി ജിൻസിക്ക് ലണ്ടനടുത്തുള്ള ഒരു എൻ,എച്ച്.എസ് ആശുപത്രിയിൽ പുതിയൊരു വർക്ക് പെർമിറ്റടക്കം .നേഴ്സിങ്ങ് ജോലിയും കരസ്ഥമാക്കി കൊടുത്തു.

പിന്നീട് പെട്ടൊന്നൊരു ദിവസം അജിമോൻ എന്നോട് വിളിച്ചു പറഞ്ഞു
ആളുടെ കടയൊക്കെ വല്ല്യപ്പന്റെ മോനെ ഏല്പിച്ച് യു.കെ.യിലേക്ക് വരികയാണെന്ന്..!

ഇവിടെ വന്നപ്പോൾ നാട്ടിലെ ബിസിനസ്സ് ഉപേഷിച്ചതിനാലായിരിക്കും എപ്പോഴു വിഷാദ ചിത്തന്നായ  അജിമോനും , ജിൻസിയും അവളുടെ പുതിയ ജോലി സ്ഥലത്തിനടുത്ത്  ഒരു വീടെടുത്ത് താമസവും തുടങ്ങി.
അതിന് ശേഷം റോയൽ മെയിലിൽ പാർട്ട് ടൈം ആയി ഒരു  ജോലി അജിമോന് കിട്ടിയത് - ശേഷമത്  പെർമനനന്റ് പോസ്റ്റായി മാറി ,അവരുടെ രണ്ട് പേരുടെ ജോലികളാൽ ജീവിതം നന്നായി പച്ച പിടിച്ചതിനാലോ , മറ്റോ  ... പണ്ടത്തെ പോലെയൊന്നും  വലിയ സൊറ പറച്ചിലൊന്നും ഞങ്ങൾ തമ്മിൽ ഉണ്ടാകാറില്ല.

ഏതാണ്ടെല്ലാ മനുഷ്യരുടേയും
ഒരു സ്വഭാവ വിശേഷം തന്നെയാണല്ലോ ...
സ്വന്തം കാലിൽ നിൽക്കാറായാൽ ആയതിന്
സഹായിച്ചവരെയെല്ലാം മറക്കുക എന്നത് അല്ലേ..!

ശേഷം ജിൻസിക്ക് ഒരു മോളുണ്ടായിട്ട് പോലും അഞ്ചാറ് മാസം കഴിഞ്ഞിട്ടാണ് അവനത് എന്നോട് പറഞ്ഞതെങ്കിലും , ആയിടെ ഞാനും കുടുംബവും കൂടി അവരുടെ വീട്ടിൽ പോയി കുഞ്ഞിനേയും അമ്മയേയും കണ്ട് പോന്നിരുന്നൂ...

അജിമോനെ സ്ഥിരമായി അങ്ങിനെ അധികമിപ്പോൾ , കാണാറില്ലെങ്കിലും
നാലഞ്ചുകൊല്ലമായി അവരോടൊപ്പം വാടകക്കാരായി താമസിച്ച് കൊണ്ടിരിക്കുന്ന , കല്ല്യാണമൊന്നും കഴിച്ചില്ലെങ്കിലും ഒരുമിച്ച് കഴിയുന്ന,  രണ്ട് മതസ്ഥരായ , തനി സിനിമാ ഭ്രാന്തരായ ദമ്പതികളെ പലപ്പോഴായി ലണ്ടനിൽ വെച്ച് ,  കാണൂമ്പോൾ ...
അവരുടെ വിശേഷങ്ങളൊക്കെ ഞാൻ ആരായാറുണ്ട്.

നേരിട്ടും , സി.ഡിയും , ഓൺ-ലൈനുമായി സ്റ്റുഡന്റ് വിസയിൽ വന്ന് ,ശേഷം വർക്ക്
പെർമിറ്റ് കിട്ടി , യൂറോപ്പ് മുഴുവൻ മധു-വിധു കൊണ്ടാടി ; ഉലാത്തി നടക്കുന്ന ,ബിലാത്തിയിലെ ഈ ന്യൂ-ജനറേഷൻ കമിതാക്കൾ ഇക്കൊല്ലമിറങ്ങിയ 130 ഓളം മലയാളം സിനിമകളും കണ്ടൂത്രെ ...!
ഇവർ പറഞ്ഞാണ് ഞാൻ അജിമോൻ കുടുംബത്തിന്റെ പുത്തൻ ഭക്തി വിലാസം പരിപാടികൾ മനസ്സിലാക്കിയത് .
പത്ത് വയസ്സുള്ള മൂത്ത മോളും, അഞ്ചുവയസ്സുകാരൻ മോനുമായി
 യു.കെയിൽ ഇപ്പോൾ  നടമാടികൊണ്ടിരിക്കുന്ന എല്ലാ  ധ്യാന -മഹോത്സവങ്ങളിലും പങ്കെടുത്ത് തനി കുഞ്ഞാടുകളായി മാറിയ അവസ്ഥാ വിശേഷം...!

എല്ലാ മത വിഭാഗങ്ങളുടേയും ഒരു വിഭാഗം ആളുകൾ ദൈവ ഭയത്തെ , ഭക്തരുടെ മുമ്പിൽ ആത്മീയതയുടെ ,അഭ്യാസവും ആഭാസവും വിപണനം ചെയ്ത് കാശുണ്ടാക്കുന്ന ഇത്തരം എടവാടുകൾ ഇന്നും ഇന്നലേയുമൊന്നും തുടങ്ങി വെച്ച ഒരു പ്രവണതയൊന്നുമല്ലല്ലോ ..അല്ലേ.

ലൈഫിൽ ഏതെങ്കിലും തരത്തിൽ ആളുകൾ നേട്ടങ്ങൾ നേടിയാൽ ...
ആയതിനൊന്നും  ഇനിമേൽ യാതൊരു കോട്ടവും വരാതിരിക്കുവാൻ വേണ്ടി
ഭക്തിയുടെ പേരിൽ നടത്തുന്ന  മുതലെടുപ്പ് വേലകൾ തന്നെയാണ് ഈ സംഗതികൾ..!

ധ്യാനം എന്നതിന്റെ മഹത്വമെന്തന്നറിയാതെ ...
അത്ഭുത രോഗ ശാന്തി ശുശ്രൂഷയും , ദൈവത്തേക്കാൾ
വലിയ പകിട്ടുള്ള പുരോഹിതരുടെ വചനഘോഷങ്ങളുമൊക്കെയുള്ള
കോപ്രായങ്ങളിൽ അടിമ പെട്ട് നൈരാശ്യത്തിൽ നിന്ന് , ഒരു വിഷാദ ലോകത്തേക്ക്
മൂക്ക്കുത്തി വീണ അജിമോൻ , പിന്നീട് തനി ഒരു മനോരോഗിയായി തീരുകയായിരുന്നൂ ...! 

ഒരു ദശാബ്ദത്തോളമായി എത്ര കുമ്പസാരം നടത്തിയിട്ടും ,
ധ്യാനം കൂടിയിട്ടും മാനസിക പിരിമുറുക്കത്തിൽ അയവുവരാത്ത
കാരണമാകാം  ഒരു മാസം മുമ്പ് വല്ലാത്ത ഒരവസ്ഥയിൽ അജിമോൻ
എന്റടുത്ത് വന്ന് ഒരു മന:ശാസ്ത്ര ഡോക് ട്ടറുടെ സഹായം ആവശ്യപെട്ട്
സ്വന്തം കഥകളുടെ കെട്ടഴിച്ചിട്ടത്..!

ജീവിതത്തിൽ എന്ത് സൌഭാഗ്യമുണ്ടായാലും
മനസ്സമാധാനമില്ലെങ്കിൽ എല്ല്ലാം  പോയില്ലേ ...!


ഡോ: അരുൺ കിഷോറിന്റടുത്ത് രണ്ട് സെക്ഷനും അല്പസ്വല്പ
മെഡിക്കേഷനും കൂടിയായപ്പോൾ അജിമോൻ ഉഷാറായി തുടങ്ങി ...

അച്ചന്മാരുടെ മെഡിറ്റേഷൻ കൊണ്ടും വചനം കൊണ്ടും പറ്റാത്ത രോഗശാന്തി
ഡോ: അരുൺ കിഷോറിന്റെ മെഡിക്കേഷൻ കൊണ്ടും , ഉപദേശം കൊണ്ടും പറ്റി ...!

ഇന്നലെ എന്റെ കൂടെ കൊല്ലങ്ങൾക്ക് ശേഷം അജിമോൻ  സിനിമക്ക് വന്നൂ..

ഇന്നിതാ ഞങ്ങൾ ലണ്ടൻ പുത്തനാണ്ട് പുകിലുകൾ കാണാൻ ഉല്ലസിച്ച്  പോകുന്നൂ..!ഇനി ദേ ... 

ഇക്കഥ മുഴുവനാകണമെങ്കിൽ
ഫ്ലാഷ് ബാക്കായിട്ട്  
ഈ പിൻ കുറിപ്പ് കൂടി  , 
കൂട്ടി വായിച്ചു കൊള്ളണം  കേട്ടൊ .

ഏതാണ്ട് പതിനൊന്ന് കൊല്ലം മുമ്പ്  , ലണ്ടനിൽ സീനിയർ കെയററായി  വന്നു ചേർന്ന ഒരുത്തിയെ , അവൾ താമസിച്ചിരുന്ന വീട്ടിലെ വി .ഐ .പിയും മാന്യനുമായ ഗൃഹനാഥൻ എങ്ങിനേയൊ വശത്താക്കി  ; ലൈംഗിക ചൂഷണത്തിന്  വിധേയമാക്കി കൊണ്ടിരുന്നു ...!

അവൾ പിന്നീട് ഗർഭിണിയായപ്പോൾ , ആ കുടുംബം അവളെ അബോർഷന്  വിധേയമാക്കാൻ ശ്രമിച്ചെങ്കിലും , ആ പാപ കർമ്മത്തിന് വിധേയ യാവാതെ ,  നാട്ടിൽ നിന്നും എത്തിയ അവളുടെ ഭർത്താവിനോടെല്ലാം ,  ഏറ്റ് പറഞ്ഞ് ...
പിന്നീടവൾ ഒരു പെൺകുഞ്ഞിന് ജന്മം നലികി ...! 

എല്ലാ പ്രൊട്ടെക്റ്റീവ് ഉപാധികൾ അറിയാവുന്നവളായിട്ടും ,  ഗർഭം കലക്കി കളയാൻ 
ഇത്രയധികം സൌകര്യമുണ്ടായിട്ടും , വിധേയത്വത്താലോ ,നിർബ്ബന്ധത്താലോ , ആ മാന്യന് വഴങ്ങി  കൊടുക്കേണ്ടി വന്ന സ്വന്തം ഭാര്യയെ ,ആ ഭർത്താവ് വിശ്വസിച്ചു ... 
കർത്താവ് തന്നത് രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു ...! 

അവളുടെ കെട്ടിയവൻ  ആ കടിഞ്ഞൂൽ പുത്രിയെ ,  പിന്നീടുണ്ടായ 
സ്വന്തം  മകനേക്കാൾ  വാത്സല്ല്യത്തോടെ  സ്നേഹിച്ചു വളർത്തി .

ഇതിനിടയിൽ അവന്റെ കെട്ടിയവളെ   പീഡിപ്പിച്ചവന്റെ  കുടുംബബന്ധം 
തകർച്ചയുടെ വക്കിലെത്തി . കുറെ നാളികൾക്ക് ശേഷം , രണ്ട് കൊല്ലം മുമ്പ്  ; 
കരൾ രോഗം വന്ന് , അന്നത്തെ ആ മാന്യ ദേഹം  ഇഹലോകവാസം വെടിഞ്ഞു...

ഇന്ന് പല ഉന്നതികളിൽ കൂടി  സഞ്ചാരം നടത്തുകയാണെങ്കിലും , 
അന്ന് പീഡിതരായി ആ രണ്ടു കുടുംബങ്ങളും  നന്നായി തന്നെ ജീവിച്ചു പോരുന്നു ...!അപ്പോൾ ,ഈ വേളയിൽ എല്ലാവർക്കും
എന്റേയും , അജിമോന്റെ കുടുംബത്തിന്റേയും  ,
അവരുടെ വീട്ടിലെ , ആ ന്യൂ-ജനറേഷൻ ദമ്പതികളുടേയും
ഒക്കെ വക ...,  അസ്സലൊരു പുതു പുത്തനാണ്ട് വാഴ്ത്തുക്കൾ ...!


Saturday 30 November 2013

ഭൂമി മലയാളത്തിലെ ബൂലോകവും പിന്നെ ഞാനും ... ! Bhoomi Malayaalatthile Boolokavum Pinne Njaanum ... !

ആംഗലേയത്തിലും , ഫ്രെഞ്ചിലും പിന്നെ തപ്പി പിടിച്ച് മലയാളത്തിലും  ഒമ്പതാം ക്ലാസ്സുകാരനായ എന്റ മകൻ എപ്പോഴും വായിച്ച് കൊണ്ടിരിക്കുന്നത് കാണുമ്പോൾ ഒരു സമാധാനമുണ്ട് ...
അവന്റെ തന്തയുടെ ; ചില നല്ല ഗുണങ്ങളൊക്കെ അവനും കിട്ടിയിട്ടുണ്ടല്ലോ എന്നോർത്താണത് ... !

എന്റെ ചെക്കന്  കൈയ്യെഴുത്ത് അറിയുമോ
എന്ന് ചോദിച്ചാൽ എനിക്കിന്നും സംശയമാണ് .
ഹോം വർക്ക് മുതൽ എന്ത് കുണ്ടാമണ്ടിയും ഡെസ്ക്
ടോപ്പിലോ, ലാപ്പിലോ , ടാബലറ്റിലോ ആണ് നടത്തിവരുന്നത് .
പ്രിന്റ് മീഡിയയിലുള്ള പാഠപുസ്തകങ്ങളോ, നോട്ട് ബുക്ക്കളോ ഒന്നുമില്ല..
കണക്കിനും , സയൻസിനും , ആർട്ടിനുമെല്ലാം വ്യത്യസ്ഥമായ വെബ് ഫോൾഡറുകൾ മാത്രം .

അവന്റെ ടീച്ചർമാരുടെ ബ്ലോഗിലും ,
ഓൺ-ലൈൻ  സെർച്ചും സിലബസ്സിൽ
ഉൾപ്പെടുത്തിയിട്ടുള്ള ലിങ്കുകളിലുമൊക്കെ പോയിട്ടുള്ള ഒരു ജഗ പൊക വിദ്യാഭ്യാസം തന്നെ  ഇതൊക്കെ ..അല്ലേ

ഇന്ന് വിദ്യാഭ്യാസം മാത്രമല്ല , സാഹിത്യവും ,
ഫേഷനും , മോട്ടോറിങ്ങും , പൊളിറ്റിക്സും , കലയും , കായികവുമടക്കം സകലമാന കാര്യങ്ങളുമൊക്കെ ആയവയുടെ  ഉസ്താദുകളുടേയോ , കമ്പനികളുടേയോ ബ്ലോഗുകളിൽ പോയാൽ വിസ്തരിച്ച് എന്ത് സംഭവ വികാസങ്ങളും അപ്പപ്പോൾ അറിയുവാൻ സാധിക്കുന്ന വിധത്തിലേക്ക് ലോകത്തിലെ  കസ്റ്റോം , വേൾഡ്പ്രസ് ,ടൈപ് പാഡ് ..മുതൽ ഗൂഗിളടക്കമുള്ള അനേകം ബ്ലോഗ് പോർട്ടലുകളിൽ കൂടി സാധ്യമാണ് .
എന്തുകൊണ്ടോ  മലയാള ബൂലോകരിലധികവും
ഈ ഗൂഗിൾ ചുള്ളത്തിയേയാണ് ലെപ്പടിച്ച് കൂടെ കൂട്ടിയിട്ടുള്ളത് ...

എല്ലാ കൊല്ലവും ലണ്ടനിൽ വെച്ച് അരങ്ങേറികൊണ്ടിരിക്കുന്ന ഇന്റർ നാഷ്ണൽ മാജിക് കൺവെൻഷനിൽ ഇത്തവണ ഞാൻ പങ്കെടുത്തപ്പോൾ , പല അന്തർദ്ദേശീയ മായാജാലക്കാരുടേയും ബ്ലോഗുകൾ പരിചയപ്പെടുവാൻ സാധിച്ചു.
അവരുടെയൊക്കെ മാന്ത്രിക രഹസ്യങ്ങൾ 
വെളിപ്പെടുത്തുന്ന ആ ബ്ലോഗിലേക്കൊക്കെ പ്രവേശിക്കണമെങ്കിൽ , നാം കാശ് അങ്ങോട്ട് കൊടുത്ത് സബ്സ്ക്രൈബറായാൽ മാത്രമേ സാധിക്കുകയുള്ളൂ.

കഴിഞ്ഞ മാസം , .ഇംഗ്ലണ്ടിലെ ഉത്തമ പത്രമായ ‘ഗാർഡിയൻ‘ ലോകത്തിലെ പല സാഹിത്യ വല്ലഭരുടേയും , മറ്റ് സെലിബിറിറ്റികളുടേയുമൊക്കെ അഭിപ്രായ സമന്വയങ്ങളടക്കം ഈ പുതുനൂറ്റാണ്ടിൽ തുടക്കം കുറിച്ച ബ്ലോഗ്ഗിങ്ങിനെ കുറിച്ച് വിശദമായി പഠിച്ച്  കഴിഞ്ഞമാസം ഒരു സർവ്വേ ഫീച്ചർ തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നൂ ...

ഗുണത്തേക്കാൽ ഉപരി ദോഷ വശങ്ങളുള്ള സോഷ്യൽ
മീഡിയകളിൽ ആക്റ്റീവായിട്ടുള്ള പലരുടേയും ജീവിതത്തിന്റെ
കാൽഭാഗം സമയം  , കഴിഞ്ഞ അഞ്ച് കൊല്ലമായി സൈബർ ഇടങ്ങളിൽ
പാഴാക്കി കളഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് അതിൽ കണ്ടെത്തിയ ഒരു വസ്തുത...!

പക്ഷേ ബ്ലോഗുകൾ കാലങ്ങളോളം നിലനിൽക്കുമെന്നും ,
അവയൊക്കെ പാരമ്പര്യമായി വ്യക്തികൾക്കൊ , സ്ഥാപനങ്ങൾക്കോ നിലനിറുത്തി കൊണ്ടുപോകാനാവും എന്നതാണെത്രെ ഈ പോർട്ടലുകളുടെ പ്രത്യേകത ...!

അതായത് എനിക്ക് ശേഷം ഈ  ‘ബിലാത്തി പട്ടണത്തെ‘ എന്റെ മക്കൾക്കോ , മിത്രങ്ങൾക്കോ കാലങ്ങളോളം നിലനിറുത്തികൊണ്ടു പോകുവാൻ പറ്റുമെന്നർത്ഥം ... , എന്റെ ജി-പ്ലസ് , ട്വിറ്റർ , ഫേസ് ബുക്ക് മുതലായ എക്കൌണ്ട്കൾക്ക് പറ്റാത്ത ഒരു കാര്യം ...!

എഴുത്തുകാരന്റെ  യഥാർത്ഥ കൈയ്യെഴുത്ത് കോപ്പിയാണ്
അവന്റെ സ്വന്തം ബ്ലോഗെന്നാണ് ആ പഠനങ്ങൾ  വ്യക്തമാക്കിയ വേറൊരു കാര്യം.

ഭാവിയിൽ മാധ്യമ രംഗത്തൊക്കെ ബ്ലോഗേഴ്സിനും ,
വോൾഗേഴ്സിനും (വീഡിയോ ബ്ലോഗേഴ്സ് ‌ ഈ ലിങ്കിൽ പോയി നോക്കൂ )
സ്വയം തൊഴിലായി വരുമാനമാർഗ്ഗം ഉണ്ടാകുന്ന അനേകം തൊഴിലവസരങ്ങൾ ..! 

പിന്നെ എന്നും ചറപറാ അതുമിതും എഴുതിയിടുന്നവരൊക്കെ മറ്റ് വായനക്കാരുടെ ശ്രദ്ധ കാംക്ഷിക്കുന്നവരും , മറ്റുള്ളവരെ ഒട്ടും ശ്രദ്ധിക്കാതേയും പരിഗണിക്കാതേയും ഇരിക്കുന്നവരുമാണത്രേ ... !

ദിനം പ്രതി ആഗോള തലത്തിൽ ഏതാണ്ട് ഇരുപതിനായിരം പേരോളം ബ്ലോഗിങ്ങ് രംഗത്തേക്ക്  വന്ന് കൊണ്ടിരിക്കുന്നുണ്ട് പോലും ...!

ഇനി ഭാവിയിൽ ബ്ലോഗ് സ്പേയ്സ്  സ്വന്തമാക്കണമെങ്കിൽ ,  ഒരു
നിശ്ചിത വാർഷിക വരിസംഖ്യ ആയതിന്റെ ദാതാവായ പോർട്ടലുകൾക്ക് കൊടുക്കേണ്ടി വരുമെത്രേ ..!

ഇങ്ങിനെയൊക്കെ ഒരുപാട് കാര്യങ്ങൾ
വ്യക്തമാക്കിയ സർവ്വേ റിപ്പോർട്ടുകളായിരുന്നു അതൊക്കെ.

അല്ലാ ഏതാണ്ടിതുപോലെയൊക്കെ
തന്നെയല്ലേ എന്റെയും സ്ഥിതി വിശേഷങ്ങൾ...

നോക്കൂ ... ഓണ പതിപ്പുകൾ തൊട്ട് , പുത്തൻ പുസ്തകളുടെയൊക്കെ
ഒരു  ഭാണ്ഡം മുറുക്കിയായിരുന്നു ... എതാണ്ടഞ്ച് കൊല്ലം മുമ്പ് വരെ  , വായനയുടെ
ദഹനക്കേടും , എഴുത്തിന്റെ കൃമി  ശല്ല്യവുമുള്ള ഓരൊ പ്രവാസിയും ,  കെട്ടും കെട്ടി നാട്ടിൽ നിന്നും അന്യ നാട്ടിലേക്ക് തിരിച്ച് പോന്നിരുന്നത് ...
പക്ഷേ ഇപ്പോഴൊന്നും അവരാരും പ്രിന്റ് മീഡിയകളൊന്നും അങ്ങിനെ ചുമന്ന് കൊണ്ട് വരാറില്ല , അഥവാ അവയൊക്കെ കൊണ്ടു വന്നാലും അതൊന്നും തുറന്നു നോക്കാനുള്ള സമയവും കിട്ടാറില്ല ...!

ഇതൊന്നും വായനയുടേയും , എഴുത്തിന്റേയും കുറവു കാരണമല്ല കേട്ടൊ ,
വായനയും എഴുത്തുമൊക്കെ പഴയതിന്റെയൊക്കെ പതിന്മടങ്ങ് വർദ്ധിച്ചതിനാലാണ് ...

എല്ലാം സൈബർ ഇടങ്ങളിൽ
കൂടിയാണെന്ന് മാത്രം ...

എഴുത്തോലകൾക്കു ശേഷം സമീപ ഭാവിയിൽ കടലാസ് കൃതികൾക്കും  ചരമ ഗീതം ആലപിക്കാറായി എന്നർത്ഥം ...!

ഇപ്പോൾ വമ്പൻ പാശ്ചാത്യ മാധ്യമങ്ങളെല്ലാം തന്നെ ഓൺ - ലൈൻ എഡിഷനുകളിലേക്ക് ചുവട് മാറ്റം നടത്തി തുടങ്ങി , വലിയ വലിയ പുസ്തക പ്രസാധകരൊക്കെ , ഇപ്പോൾ പ്രിന്റഡ് പതിപ്പുകൾക്ക് പകരം ഡിജിറ്റൽ പതിപ്പുകൾക്കാണ് പ്രാധാന്യം കൊടുക്കുന്നത് .

അതായത് ഇപ്പോൾ ബെസ്റ്റ് സെല്ലറായ 20 പൌണ്ടിന്
കിട്ടുന്ന ഒരു പേപ്പർ ബാക്ക് ബുക്ക് , വെറും 8 പൌണ്ടിന് ഡിജിറ്റൽ
പതിപ്പായി ഏത് ഇ-റീഡറിലേക്കും ഡൌൺ ലോഡ് ചെയ്ത് വായിക്കാം ..
പുസ്തകത്തിലേക്കാൾ കൂടുതൽ പടങ്ങളിലും , ലിങ്കുകളിലും മുങ്ങി തപ്പിയുള്ള
ഒരു കളർ ഫുൾ വായന എന്നും ഇതിനെ വിശേഷിപ്പിക്കാം ...


നമ്മൾക്കിഷ്ട്ടപ്പെട്ട 100 മുതൽ 3000 ബുക്കുകൾ വരെ ഒരു യു.എസ്.ബി സ്റ്റിക്കിലാക്കിയും ,  നമുക്ക് പബ്ലിഷറുടെ കൈയ്യിൽ നിന്നോ , ബുക്ക് ഷോപ്പിൽ നിന്നോ വാങ്ങി , വേണമെങ്കിൽ എന്ത് കുന്ത്രാണ്ടത്തിൽ കുത്തിയോ ഇഷ്ട്ട ത്തിനനുസരിച്ച് വായിക്കുകയും ചെയ്യാം

വല്ലാതെ ബോറഡിച്ചു അല്ലേ...
എന്നാൽ ഇത്തിരി ജോലിക്കാര്യം ആയാലോ

ഒരാളുടെ പണി തെറിപ്പിക്കുക , അല്ലെങ്കിൽ അവർക്കൊരു പാര പണിയുക എന്നതിൽ പരം ആനന്ദം മലയാളിക്ക് കിട്ടുന്ന പോലെ
ലോകത്തിലെ മറ്റൊരു ജനതയിലുള്ളവർക്കും  ഉണ്ടാകില്ലാ എന്നാണ് എനിക്ക് തോന്നുന്നത് ...

ഞങ്ങളുടെ കമ്പനിക്ക് ഈയിടെ കിട്ടിയ ഒരു ഇൻവെസ്റ്റിഗേഷന്റെ
ഭാഗമായി രണ്ടാഴ്ച്ചയോളം ,  ലണ്ടനിലെ ഒരു സ്ഥാപനത്തിന്റെ വിവിധ
ബ്രാഞ്ച്കളിലെ ഷിഫ്റ്റ് ജീവനക്കാരുടെ , ജോലി സമയത്തുള്ള സോഷ്യൽ-മീഡിയ
ആക്റ്റിവിറ്റീസ് വീക്ഷിച്ച് റിപ്പോർട്ട് നൽകുക എന്നതായിരുന്നു ഞങ്ങളുടെയൊക്കെ  ദൌത്യം .

സ്റ്റാഫിന്റെ ഫുൾ നേയിം അടക്കം പല ഡീറ്റെയിൽസും
വളരെ രഹസ്യമായി തന്നിട്ടുള്ളത് നോക്കി അതീവ രഹസ്യമായ്
അവരുടെയൊക്കെ ട്വിറ്റർ , പ്ലസ് , ബ്ലോഗ് , .., ..., ഫേയ്സ് ബുക്ക്
എന്നിവയിലെ ജോലിസമയത്ത് മാത്രം നടത്തുന്ന അപ്ഡേറ്റുകൾ
റെക്കോർഡ് ചെയ്യുക എന്നതാണ് ഞങ്ങളുടെ വളരെ ലിഷറായി ചെയ്യുന്ന ജോലികൾ.
നൈറ്റ് ഡ്യൂട്ടിയിലെ ഒരു മണിക്കൂറിൽ 35 ലൈക്കും ,
13 ഷെയറും നടത്തിയ ഒരു മല്ലു ചുള്ളന്റേതടക്കം , സമാനമായ
പല സ്റ്റാഫിന്റെയുമൊക്കെ ,  ഗതി പിന്നീടെന്തായെന്നോർത്ത് എനിക്ക്
സങ്കടമാണൊ അതോ സന്തോഷമാണോ ഉണ്ടായതെന്ന് പറയുവാൻ പറ്റുന്നില്ല.

ഇതൊന്നുമല്ല തമാശ...
ഈ രഹസ്യങ്ങളെല്ലാം ചോർത്തി കൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ  പ്ലസ് ഷെയറിങ്ങും , ലൈക്ക് മെഷീനുമൊക്കെയായി  മൊബൈയിൽ ഫോണിലൂടെ നേരം കൊല്ലുകയായിരുന്നു...!

ഏവർക്കും പണികൊടുക്കേണ്ട ആ ജോലിയിൽ കോൺസെണ്ട്രേഷൻ
വേണ്ടതുകൊണ്ട് ബൂലോഗ പര്യടനങ്ങളൊന്നും എനിക്കപ്പോൾ  കാര്യമായി നടത്താനും
പറ്റുന്നുണ്ടായിരുന്നില്ല ...
ഇ - യുകത്തിലെ കലി കാലം ...
എന്നല്ലാതെന്ത് പറയുവാൻ  അല്ലേ

ഇപ്പോൾ നമ്മുടെ ഭൂമിമലയാളത്തിലും ബൂലോഗത്തിന്
പത്ത് വയസ് പൂർത്തിയായിരിക്കുകയാണല്ലോ അല്ലേ
ഒപ്പം തന്നെ നമ്മുടെ നാട്ടിലെ ഇപ്പോഴുള്ള സൈബർ എഴുത്തിനെ കുറിച്ച്
ഈയിടെ മാതൃഭൂമി ന്യൂസിൽ വന്ന ഒരുചർച്ചയും ഈ വീഡിയോയിൽ വേണമെങ്കിൽ 
കാണാം . പിന്നെ ബൂലോഗർ പാലിക്കേണ്ട പത്ത് കൽ‌പ്പനകളെ കുറിച്ച് ഫിപിപ്സ് ഏരിയൽ
എഴുതിയ കുറിപ്പുകളും ഇതോടൊപ്പം കൂട്ടിവായിക്കാം കേട്ടൊ.

ഒരു പക്ഷേ  ഈ ബൂലോഗമൊന്നും ഈ ഭൂലോകത്തിൽ
പൊട്ടി മുളച്ചില്ലെങ്കിൽ  ഈ ബിലാത്തി പട്ടണമെന്ന ലണ്ടനിലെ
ഒരു കൊച്ചു  സർക്കിളിൽ ഒതുങ്ങി പോകേണ്ട ഒരുവനായിരുന്നു ഞാൻ ...!

അന്തർദ്ദേശീയമായി അടിവെച്ചടിവെച്ച് മാധ്യമരംഗം
കീഴടക്കി കൊണ്ടിരിക്കുന്ന ആഗോള ബൂലോഗ രംഗത്ത്
ഒരു കുഞ്ഞ് തട്ടകം എനിക്കുമുണ്ടല്ലോ എന്നത് ഒരു പത്രാസ് തന്നെ ...അല്ലേ

വളരെ അഭിമാനത്തോടു കൂടി ഇന്നെനിക്ക്
പറയുവാൻ സാധിക്കുന്ന വേറൊരു സംഗതികൂടിയുണ്ട്.

ഏതൊരു ബന്ധുജനങ്ങളേക്കാളും
സ്നേഹവും , വാത്സല്ല്യവുമുള്ള അനേകം സൈബർ മിത്രങ്ങൾ ഈ ഭൂലോകത്തിന്റെ  ഏത് മുക്കിലും മൂലയിലുമായി എനിക്കിന്ന് കൂട്ടിനുണ്ട് ...

ഒരില ചോറും , ഒരു പായ വിരിക്കാനുള്ള
ഇടവും വരെ , തരാൻ തയ്യാറുള്ള , മാനസികമായി വളരെ അടുപ്പമുള്ള , ഇതുവരെ കണ്ടിട്ടില്ലാത്ത  അനേകമനേകമായ ; എന്റെ പ്രിയപ്പെട്ട ബൂലോഗ മിത്രങ്ങളാണവർ ...!

എന്റെ തട്ടകമായ ‘ബിലാത്തിപട്ടണമായ ലണ്ടനിലെ മായക്കാഴ്ച്ച
കളിലൂടെ  2008 നവംബർ 30-ന്  ആരംഭം കുറിച്ചതാണ് ഈ സൌഹൃദ  കൂട്ടായ്മ...

അന്ന് കൂടെയുണ്ടായിരുന്നവരൊക്കെ , എന്റെ ഒന്നാം തിരുന്നാളിലും
വമ്പിച്ച പിന്തുണയേകിയെങ്കിലും , പിന്നീടതിൽ പലരും മൌനത്തിലായെങ്കിലും
രണ്ടാം ബൂലോഗ ജന്മദിനത്തിൽ അവരടക്കം , അനേകം പുതു മിത്രങ്ങളോടൊപ്പം
പ്രണയത്തിന്റെ വർണ്ണപകിട്ടുകളാൽ എന്നെ കോരി തരിപ്പിച്ച് , ശേഷം പല പുത്തൻ കൂട്ടുകാർക്കൊപ്പം മൂന്നാം വാർഷികത്തിന്റന്ന്     മാജിക്കിന്റെ ഒരു വിസ്മയ ലോകം  ഇവിടെ വന്നുണ്ടാക്കിയിട്ടും  , പിന്നീട്  നാലാം പിറന്നാളിന് എന്റെ  ബ്ലോഗിങ്ങ് ആഡിക്ഷനും ഇന്റെർനെറ്റ് അടിമത്വവും  കണ്ട് , വീണ്ടും അനേകം പുതിയ മിത്രങ്ങളടക്കം എന്റെ ഇതുവരെയുള്ള ... ഒട്ടും സാഹിത്യ ഭംഗിയൊന്നുമില്ലാത്ത , വായിൽ തോന്നിയത് കോതക്ക് പാട്ടെന്ന പോലെ , ഞാൻ ഇവിടെ ലണ്ടനിൽ ചുറ്റുപാടും കണ്ടതും കേട്ടതുമായ കുറിപ്പുകൾ എഴുതിയിട്ടതെല്ലാം വായനയിൽ ഉൾപ്പെടുത്തി ...
നിങ്ങളെല്ലാ  കൂട്ടുകാരുടേയും പ്രോത്സാഹനങ്ങളാലും
മറ്റും കാരണം ഇപ്പോഴും , തൻ കാര്യം കൂട്ടികുഴച്ചുള്ള എന്റെ സ്ഥിരമായുള്ള ചടപ്പരത്തി ലിഖിതങ്ങൾ ഒരു കോട്ടവും കൂടാതെ ഇന്നും നിലനിറുത്തി തുടർന്നുകൊണ്ടിരിക്കുവാൻ  കഴിയുന്നൂ ...!


ഇന്നത്തെ ഈ നവംബർ 30 ലെ അഞ്ചാം ജന്മദിനം
വരെ പല ബാലാരിഷ്ട്ടതകൾ ഉണ്ടായിട്ടും , ഈ ‘ബിലാത്തിപട്ടണ‘ത്തെ
താലോലിച്ചും , ശ്വാസിച്ചും , കളിപ്പിച്ചും വളർത്തി വലുതാക്കിയ നിങ്ങൾക്കൊക്കെ എങ്ങിനെയാണ് ഞാൻ നന്ദി ചൊല്ലേണ്ടത്  ... എന്റെ കൂ‍ൂട്ടരെ ...?
 ഒരു പിന്നാമ്പുറ അറിയിപ്പ്

മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ ( mauk ) യുടെ കീഴിൽ പ്രവർത്തിക്കുന്ന
സാഹിത്യ-സാംസ്കാരിക കൂട്ടായ്മയായ കട്ടൻ കാപ്പിയും കവിതയും അവതരിപ്പിക്കുന്ന മലയാളത്തിലെ  ഒരു പുതിയ സംരംഭത്തിന് ഇന്ന് ആരംഭം കുറിക്കുകയാണ്...

എഴുതുവാൻ താല്പ്യര്യമുള്ള ഏവർക്കും
പങ്കെടുക്കാം.വിശദവിവരങ്ങൾക്ക് :- http://www.kattankaappi.org/

ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഇരുന്നും പലരാലും എഴുതി
പൂർത്തികരിക്കാവുന്ന ഒരു ഗ്രന്ഥം ഭാവനയുടെ അതിരുകളിലേക്കൊരു യാത്ര


ഇന്നലെ ഭൂമി കഥാവശേഷയാകുമെന്നു  ആരൊക്കെയോ പ്രവചിച്ചിരുന്നു. 
ഇന്ന് എനിക്കിത് എഴുതാന്‍ കഴിയുന്നു. നന്ദിയുണ്ട്, ഭൂമിയെ മരിപ്പിക്കാതിരുന്നതില്‍ . 
മിച്ചം വന്ന ഈ ലോകത്തിരുന്നുകൊണ്ട്, എഴുത്തിന്‍റെ ലോകത്ത് ഒരു സാധ്യത ആരായുകയാണ്.

ചിരിക്കാം, ആക്ഷേപിക്കാം, വിമര്‍ശിക്കാം, എന്തുമാകാം ; 
പക്ഷെ ഈ സംരംഭം മുന്നോട്ട് പോകും. ഇതിന്‍റെ ഉദ്ദേശം എഴുത്തുകാരന്റെ 
- എഴുത്തിലുള്ള - സമ്പൂര്‍ണ സ്വാതന്ത്ര്യവും അതിരുകള്‍ ഭേദിക്കുന്ന സർഗാത്മകതയുമാണ്..!

അതിനായി പുതിയ ഒരു ലോകം തന്നെ സൃഷ്ടിക്കുകയാണ്. 
കണ്ടു പരിചയിച്ച നിയമങ്ങളും നിയന്ത്രണങ്ങളുമല്ല ഇവിടെയുള്ളത്. 
'മറുപുറം' അഥവാ 'The Other Side' , ജീവിതം എന്നാ മഹാ രചനയുടെ മറ്റൊരു താളാണ്‌.

ഈ രചനയില്‍ ആര്‍ക്കും പങ്കെടുക്കാം. 
ഒരു മുന്‍വിധിയും ഇല്ലാതെ കഥ മുന്നോട്ട് പോകും. 
സന്ധികളും, തന്തുക്കളുമായി കഥ വികസിക്കും. ഒരു സന്ധിയില്‍ 
നിന്നുള്ള വികാസത്തിനായി, കഥാ തന്തുക്കള്‍ ആര്‍ക്കും നല്‍കാം. 
ഇവിടെ ലഭിക്കുന്ന കഥാ തന്തുക്കളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന തന്തു, 
സന്ധിയുമായി ചേര്‍ക്കും. അപ്പോള്‍ രൂപപ്പെടുന്ന സന്ധിക്കുവേണ്ടി പുതിയ 
കഥാ തന്തുക്കള്‍ വീണ്ടും ഉരുത്തിരിയണം.

ലഭിക്കുന്ന കഥാ തന്തുക്കളില്‍ നിന്നും അനുയോജ്യമായത് 
തെരഞ്ഞെടുക്കുന്നത്  ചര്‍ച്ചകളിലൂടെ ആയിരിക്കും. ഒരുപക്ഷെ 
ഒരു voting സമ്പ്രദായവും ഉണ്ടായിരിക്കും.  ഈ സംരംഭത്തിന്റെ സമ്പൂര്‍ണ്ണ 
ഉത്തരവാദിത്വവും നിയന്ത്രണവും 'കട്ടൻ കാപ്പിയിൽ' നിക്ഷിപ്തമായിരിക്കും.

Wednesday 30 October 2013

പാതാള യാത്രകൾ ... ഒന്നര നൂറ്റാണ്ടിൻ നിറവിൽ ... ! / Pathaala Yaathrakal ... Onnara Noottandin Niravil ... !

എല്ലാ യാത്രകളും ഏവർക്കും മറക്കാത്ത
അനുഭങ്ങളായി  മാറ്റാം .. അതിന്  ലണ്ടനിൽ തന്നെ വരണം ..
അതിന് പാതാളത്തിൽ കൂടി ഓടുന്ന അതായത് ഭൂഗർഭ തീവണ്ടിയിൽ സഞ്ചാരം നടത്തിയാൽ മതി ...!

ഇവിടെയൊക്കെ നാം  നടത്തുന്ന ഓരൊ യാത്രകളിലും എന്തെങ്കിലുമൊക്കെ പുത്തൻ കാര്യങ്ങൾ എന്നും നമുക്കൊക്കെ തൊട്ടറിയാവുന്നതാണ് ...

നമ്മുടെ നാട്ടിലെ പോലെ അംഗരംക്ഷകരും , പരിവാരങ്ങളൊന്നുമില്ലാതെ ഇവിടെയുള്ള പല മന്ത്രി പുംഗവന്മാരടക്കം , ലോക സെലിബിറിറ്റി താരങ്ങളുമൊക്കെ , നമ്മോടൊപ്പം സാധരണക്കാരെ പോലെ സഞ്ചരിക്കുന്നത് കാണുമ്പോൾ ശരിക്കും നാം അത്ഭുതപ്പെട്ട് പോകും ... !

മുഷിഞ്ഞ തൊഴിൽ വേഷങ്ങളിലുള്ള മാനവനായാലും ,
മന്നവനായലും ഏത് യാത്രാ വണ്ടികളിലും , അവർക്കൊക്കെ
ഇവിടെ ഒരേ പരിഗണന  തന്നെ ..!

മാനുഷ്യരെല്ലാരും ഒന്നുപോലെയെന്നുള്ള ചൊല്ല്
ഏറ്റവും അനുയോജ്യമാകുന്നത്  ഇത്തരം യാത്ര വേളകൾ തന്നെ ...!

ഞാനൊരു തടിയനായത് കൊണ്ട്
മിക്ക യാത്രകളിലും ആയത് ബസ്സിലായിക്കോട്ടെ ട്രെയിനിലായിക്കോട്ടെ ...

രണ്ട് പേർക്കിരിക്കാവുന്ന എതിർ ലിംഗക്കാരായ നല്ല കട തലയുള്ളവർ ഇരിക്കുന്നതിന്റെ തൊട്ട വേക്കന്റ് സീറ്റുകളിലേ ചെന്നിരിക്കൂ ...
അപ്പോൾ നല്ല ടൈറ്റ് ഫിറ്റായ , ആ ഇരിപ്പിൽ ഇരുന്ന് , പരസ്പരം ശരീരങ്ങളിലെ ചൂട് കൈമാറി , പൂ‍ച്ച കണ്ണടച്ച് പാൽ കുടിക്കുന്ന പോലെ , ഉറക്കം നടിച്ച് കിനാവ് കാണുന്നതിൽ സഹയാത്രികകൾക്കാണെങ്കിൽ ഒട്ടും കുഴപ്പമില്ലതാനും...

ചിലരൊക്കെ പർപ്പസ്സിലായും , അറിയാതെയുമൊക്കെ അവരുടെ കോട്ടിൽ നിന്നും മൊബൈയിൽ എടുക്കുമ്പോഴോ , ടാബലറ്റിൽ നോക്കുമ്പോഴോ, പത്ര പാരായണത്തിനിടക്കോ ചില ദ്രുതചലനങ്ങൾ നമ്മുടെ ശരീരത്തിൽ നടത്തുകയാണെങ്കിൽ സംയമനം പാലിച്ചിരിക്കണമെന്ന് മാത്രം ...

ചിലപ്പോൾ മുമ്പിലിരിക്കുന്ന ഇതേ വിഭാഗക്കാരുടെ കാൽ കാലിൽ
കയറ്റിവെച്ചിട്ടുണ്ടെങ്കിലും , ഇടക്കെല്ലാം   കറുത്ത കണ്ണടയിൽ കൂടി കിട്ടാറുള്ള
ദർശ്ശന സൌകുമാര്യങ്ങളായ  മിനിയുടിപ്പിനടിയിലെ കളറുകളും, കാഴ്ച്ചക്കായി
തുറന്നിട്ടിരിക്കുന്ന നെഞ്ചിൽ കുടങ്ങളുമൊക്കെ വല്ലാത്ത വിമ്മിഷ്ട്ടമുണ്ടാക്കുമ്പോൾ ...

കാലിനടുത്ത് വെച്ചിരിക്കുന്ന , എന്റെ
തോൾ  ബാഗെടുത്ത് മടിയിൽ വെക്കും ...
അത്ര തന്നെ ...!

ഹും..അതൊക്കെ പോട്ടെ ... 
ഇത്തവണ ഞാൻ പറയുവാൻ
പോകുന്നത് ലണ്ടനിൽ ഈ വർഷം
മുഴുവനായും കൊണ്ടാടുന്ന ഒരു പിറന്നാൾ
ഉത്സവത്തെ കുറിച്ചാണ്...

അതും നൂറ്റമ്പതാം പിറന്നാൾ ..!
( ഈ സൈറ്റിൽ പോയാലുള്ള വീഡിയോയിൽ അന്ന് തൊട്ട് ഇന്ന് വരെയുള്ള ഫോട്ടോ ക്ലിപ്പുകൾ മുഴുവൻ കാണാം കേട്ടൊ)
ലോക ചരിത്രത്തിൽ ഇനി ആർക്കും തിരുത്താൻ
കഴിയാത്ത  ഒരു വാർഷികാഘോഷം ..!
മെട്രോ അഥവാ ട്യൂബ് ട്രെയിൻ എന്ന് വിളിക്കപ്പെടുന്ന
ലണ്ടൻ അണ്ടർഗ്രൌണ്ട് ലിമിറ്റഡ് ( L .U .L ) എന്ന ലോകത്തിലെ
പ്രഥമ ഭൂഗർഭ തീവണ്ടികളുടേയും പാതകളുടേയുമൊക്കെ 150 th ആനിവേഴ്സറി...!


ഈ പാതാള തീവണ്ടി ചരിതങ്ങളെഴുതുവാൻ  , കുറെ ചരിത്രങ്ങളും , ഫോട്ടൊകളും സംഘടിപ്പിക്കുവാൻ വേണ്ടി , 'നെറ്റ് വർക്ക് റെയിൽവേയിൽ’ എന്റെയൊപ്പം ജോലിചെയ്യുന്ന ,  ഞാൻ ‘അളിയൻ‘ എന്ന് വിളിക്കുന്ന ജോൺ ബ്രിട്ടാസ് എന്ന ബ്രിട്ടങ്കാരന്റെ  , നോർത്ത് വെസ്റ്റ് ലണ്ടനിലുള്ള അവന്റെ വീട്ടിൽ ചെന്ന് കയറിയപ്പോൾ , ഇഷ്ട്ടന്റെ അമ്മായിയമ്മ അവിടെയിരുന്ന് ഏഷ്യാനെറ്റിലെ ‘പരസ്പരം’ സീരിയൽ കാണുകയായിരുന്നൂ.

ഈ പാർവ്വതിയെന്ന അമ്മായിയുടെ മകളെ ,1974 -ൽ  സിംഗപ്പൂരിൽ നിന്നും , ലണ്ടനിൽ കുടിയേറിയ ഒരു മല്ലു ദമ്പതികളുടെ , ഇവിടെ
ബോൺ & ബോട്ടപ്പായ പേര മകൻ നാട്ടിൽ വന്ന് , 1998 -ൽ കല്ല്യാണം കഴിച്ചു കൊണ്ടുവന്നതായിരുന്നൂ..
ഏതാണ്ട് രണ്ട് കൊല്ലത്തോളം മോരും
മുതിരയും പോലെ അവർ ഭാര്യയും ഭർത്താവും കളിച്ച് നോക്കിയെങ്കിലും ... പരസ്പരം കൂടിച്ചേരാൻ സാധിക്കാതെ വന്ന അവസരത്തിൽ ആ ഭർത്താവ് ഇവളെ വിവാഹ മോചനം നടത്തി കൈയ്യൊഴിയുവാൻ പോകുകയാണെന്നറിഞ്ഞപ്പോൾ , അയാളുടെ കൂട്ടുകാരനായ ജമൈക്കൻ
വംശജനായ , ഈ ജോൺ ബ്രിട്ടാസ് ആ ഫ്രെണ്ടിന്റെ ഭാര്യയെ ലീഗലായി തന്നെ
റീ-മ്യാരേജ് ചെയ്ത് ഭാര്യയാക്കുകയായിരുന്നു...!
ഇന്ത്യൻ കറികളുടെ ആരാധകനായ
ജോണിന് ഈ സുന്ദരിയായ  ഇന്ത്യൻ ഭാര്യയെ അത്രക്കിഷ്ട്ടമായിരുന്നൂ.

ഇന്നവർക്ക് മലയാളി ഛായയുള്ള  രണ്ട് കുട്ടികൾ ഉണ്ട്. ഇന്നിവരുടെ കുടുംബത്തോടൊപ്പം ലണ്ടനിലുള്ള വീട്ടിൽ , ജോണിന്റെ ,  മല്ലൂസായ അമ്മായിയമ്മയും അമ്മാനപ്പനുമുണ്ട് ...
കൂടാതെ  ജോണിന്റെ റെയിൽവേ ജോലി കൂടാതെ ,  മൂപ്പർ കേരളത്തിൽ നിന്നും അളിയനെ കൊണ്ട് വന്ന് പാർട്ടണറാക്കി , ‘ഹെൻണ്ടൻ സ്റ്റേയ്ഷനടുത്ത്‘ ഒരു ഓഫ്-ലൈസൻസുള്ള ഷോപ്പും കൂടി ഇപ്പോൾ നടത്തുന്നുണ്ട്.

ജോണിന്റെ അപ്പാപ്പന്റ അപ്പാപ്പനെ ,
150 കൊല്ലം മുമ്പ് ‘മെട്രോപൊളിറ്റൻ റെയിൽ കമ്പനി‘ക്കാർ തൊഴിലാളിയായി , വെസ്റ്റിന്റീസിൽ നിന്നും ലണ്ടനിൽ കൊണ്ടുവന്നതായിരുന്നൂ . അന്ന് തൊട്ട് ഇന്ന് വരെ പരമ്പരാഗതമായി ഇവരുടെയൊക്കെ കുടുംബാംഗങ്ങൾ , ലണ്ടനിലെ വിവിധ കമ്പനികളിലെ റെയിൽവേ തൊഴിലാളികൾ തന്നേയാണ് .രണ്ട് തലമുറ മുമ്പേ തന്നെ സ്വന്തം വംശീയ നാടുമായി ബന്ധം വിട്ട ഇവർ മാത്രമല്ല ,
ഉഗാണ്ടക്കാരും , ഇന്ത്യക്കാരും , ഘാനക്കാരുമൊക്കെയായി ഒരു മിക്സഡ് ജനറേഷനായി ലണ്ടനിൽ മൂന്നാലിടങ്ങളിൽ കൂട്ടമായി താമസിക്കുന്ന എന്നും രാത്രി 1 മണി മുതൽ പുലർച്ചെ  4 മണി വരെ മാത്രവും , പിന്നെ ചില വീക്കെന്റുകളിലായും റെയിൽവേ ട്രാക്കുകളിലും മറ്റും പണിയെടുക്കുന്ന ആജാനബാഹുക്കളായ ‘ലണ്ടൻ ഗലാസികൾ ‘ എന്ന സമ്പന്ന സമൂഹമാണിന്നിവർ ..!


ഇവരെപ്പോലെയുള്ള ലണ്ടൻ തീവണ്ടി
ഗതാഗത മേഖലയിൽ നീണ്ട സേവനം പ്രധാനം ചെയ്തവരേയും മറ്റും ആധരിച്ചുകൊണ്ടാണ് ..
ഈ വാർഷികാഘോഷങ്ങൾക്ക്
ഇക്കൊല്ലമാദ്യം തുടക്കം കുറിച്ചത്.
തീവണ്ടി ചരിത്രം വ്യക്തമാക്കി തരുന്ന എക്സിബിഷനുകൾ , ആധുനിക പുത്തൻ ട്രെയ്നുകളുടെ (ഒന്നര മിനിട്ട് വീഡിയൊ ) പാതയിലിറക്കൽ , രാജ്ഞിയുടേയും , രാജ കുടുബാംഗങ്ങളുടേയും എഴുന്നള്ളത്തുകൾ , പഴയ സ്റ്റേയ്ഷനുകൾ നവീകരിക്കലുകൾ മുതലായ അനേകം പാതാള ഗമന കാര്യങ്ങളടക്കം ...
മറ്റ് പല പബ്ലിക് പരിപാടികളും  ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആനിവേഴ്സറി ആഘോഷങ്ങളാണ് ഇവിടെ അരങ്ങേറി കൊണ്ടിരുന്നത് ...
ഈ അവസരങ്ങളിൽ സകലമാന മാധ്യമങ്ങളും ഫീച്ചറുകളും മറ്റു
കാഴ്ച്ചകളുമൊക്കെയായി അണ്ടർ ഗ്രൌണ്ടിനെ ആവോളം പാടി പുകഴ്ത്തി ..!


പണ്ട് മര റെയിലുകളിൽ കൂടി
കുതിരകൾ വലിച്ചുകൊണ്ടുപോകുന്ന
വാഗണുകൾ , അഞ്ച് നൂറ്റാണ്ട് മുമ്പേ
ജർമ്മങ്കാർ കണ്ടുപിടിച്ചെങ്കിലും . ശേഷം 300 കൊല്ലങ്ങൾ കഴിഞ്ഞ് ഇംഗ്ലണ്ടിൽ ,ജോർജ് സ്റ്റീഫൻസൺ  കണ്ടുപിടിച്ച , സ്റ്റീം എഞ്ചിനാൽ പ്രവർത്തിപ്പിക്കുന്ന ഒരു ലോക്കോമോട്ടീവ് ആയിരുന്നല്ലോ,  ലോകത്തിലെ ആദ്യത്തെ ട്രെയിൻ .
പിന്നീടദ്ദേഹമുണ്ടാക്കിയ റെയിൽപ്പാതയാണ് ആദ്യത്തെ തീവണ്ടി പാതയും , റെയിൽ കമ്പനിയുമൊക്കെയായി മാറിയത് .
അതിന് ശേഷം ,  ലണ്ടനിലേക്ക് തീവണ്ടി ഗതാഗതം വന്നപ്പോൾ ...
പല സ്ഥലങ്ങളിലും പാത പണിയണമെങ്കിൽ ചില ചരിത്ര സ്മാരകങ്ങൾ പൊളിച്ചുകളയണമെന്നായപ്പോൾ...

അതിനുള്ള പോം വഴിയായാണ് ഇവർ ഭൂമിക്കടിയിലൂടെ തുരങ്കങ്ങൾ ഉണ്ടാക്കി അതിലൂടെ തീവണ്ടികൾ ഓടിച്ചാൽ മുകളിലുള്ളവക്കൊന്നും കോട്ടവും തട്ടില്ല , ഒപ്പം വളവും തിരിവുമില്ലാതെ ട്രാക്കും പണിയാം പറ്റും എന്ന ബുദ്ധി ഉരുത്തിരിഞ്ഞ് വന്നത് .


ആ കാലഘട്ടത്തിൽ ലോകം മുഴുവൻ കാൽക്കീഴിലെ കോളണികളാക്കി
ഭരിച്ചിരുന്ന ബ്രിട്ടൻ , അന്നിതിന് പറ്റിയ  തൊഴിലാളികളെ മുതൽ സാങ്കേതിക
വിദഗ്ദ്ധരെ വരെ, പല നാടുകളിൽ നിന്നായി ഇവിടെ എത്തിച്ച് , 1860 ൽ തുടങ്ങിവെച്ച്,
1863 -ൽ പ്രാവർത്തികമാക്കിയ , മെട്രോപൊളിറ്റൻ റെയിൽവേ ലൈനാണ് ലോകത്തിലെ ആദ്യത്തെ ഭൂഗർഭ തീവണ്ടിപ്പാതയും , മെട്രോ തീവണ്ടികളും ... !


പിന്നീട് ആ നൂറ്റാണ്ടിൽ തന്നെയുണ്ടായ
'ഡിസ്ട്രിക്റ്റ് ലൈനും' , 'സർക്കിൾ ലൈനും' ,
'ബേക്കർ ലൂ ലൈനു'മെല്ലാം ഓരൊ കമ്പനികളായി  സ്വന്തം അണ്ടർ ഗ്രൌണ്ട് പാതകൾ ഉണ്ടാക്കി തീവണ്ടികൾ ലണ്ടനടിയിൽ  ഓട്ടം തുടങ്ങി.
ശേഷം കഴിഞ്ഞ നൂറ്റാണ്ടിൽ പല പല സാങ്കേതിക മികവോടെ ട്യൂബുകൾ ഭൂമിക്കടിയിൽ ഉണ്ടാക്കി 'വിക്റ്റോറിയ'  , 'സിറ്റി & ഹാമർ സ്മിത്ത് ' , 'നോർത്തേൺ' ,'വാട്ടർ ലൂ & സിറ്റി', 'സെണ്ട്രൽ' , 'പിക്കാർഡലി' , ' ജൂബിലി ' എന്നീ കമ്പനികൾ കൂടി ട്യൂബ് സർവ്വീസുകൾ ആരംഭിച്ചപ്പോൾ ലണ്ടനിൽ മൊത്തം 11 പാതാള തീവണ്ടിപ്പാത കമ്പനികളും , 270  ട്യൂബ് സ്റ്റേയ്ഷനുകളുമായി.

പോരാത്തതിന് ട്രാം ലിങ്ക്  ( വീഡിയൊ ) സർവ്വീസുകളും , ഡോക് ലാന്റ് ലൈറ്റ്
റെയിൽവേയും ( D .L .R ), നാഷ്ണൽ  റെയിൽ കമ്പനികളുടെ ഓവർ ഗ്രൌണ്ട് സർവ്വീസുകളായ സി ടു സിയും , നാഷ്ണൽ എക്പ്രസും,  തേംസ് ലിങ്കും , വെസ്റ്റ് കോസ്റ്റും , ഈസ്റ്റേണും , യൂറോ സ്റ്റാറും മൊക്കെ ഓവർ ഗ്രൌണ്ട് ആയി തീവണ്ടി ഗതാഗതം ലണ്ടനിൽ ഓടിത്തുടങ്ങിയപ്പോൾ , മുക്കിന് മുക്കിന് 366 ട്രെയിൻ സ്റ്റേയ്ഷനുകളുള്ള ഒരു പട്ടണമയി മാറി ഈ ലണ്ടൻ . അതായത് അര കിലോമീറ്ററിനുള്ളിൽ സിറ്റിയിൽ ഒരു ട്രെയിൻ സ്റ്റേയ്ഷനുകളുള്ള ലോകത്തിലെ ഒരേ ഒരു വമ്പൻ സിറ്റി  ..!

ഇവയെല്ലാം പല മുതലാളിത്വ കമ്പനികളാണെങ്കിലും ,  ടി.എഫ്.എൽ-ന്റെ
കീഴിൽ  ഒത്തൊരുമിച്ച് ഒന്നിനോടൊന്ന് മികച്ച വിധം ,സേവന സന്നദ്ധരായി ...
പൊതുജനത്തിന്റെ യാത്രകളോടൊപ്പം തന്നേയുള്ള മറ്റെല്ലാ പരിഗണനകളും  , സമയ ക്ലിപ്തതയോടെ നിറവേറ്റുന്നതൊക്കെ നമ്മുടെ ഭരണാധികാരികളൊക്കെ തീർച്ചയായും കണ്ട് പകർത്തേണ്ട കാര്യങ്ങൾ തന്നേയാണ് ... !


ലണ്ടൻ സിറ്റിയിലെ ഒട്ടുമിക്ക റെയിൽ സ്റ്റേയഷനുകൾക്കുള്ളിൽ ചെന്നാൽ മുയലുകളുടെ മാളത്തിൽ ചെന്ന് പെട്ട പ്രതീതിയാണ് . ഓരോ നിലകളിലായോ , മറ്റു ഭാഗങ്ങളിലായോ  ഈസ്റ്റ് ബൌണ്ട് , വെസ്റ്റ് ബൌണ്ട് , സൌത്ത് ബൌണ്ട് , നോർത്ത് ബൌണ്ട് , ഓവർ ഗ്രൌണ്ട്  , ഡി .എൽ .ആർ മുതലായവയായി , രണ്ട് മുതൽ ഇരുപത് പ്ലാറ്റ് ഫോമുകൾ വരെ കാണാവുന്നതാണ്.

പത്തടി മുതൽ ഇരുനൂറടി വരെയുള്ള എക്സലേറ്ററുകളും , ലിഫ്റ്റുകളും , നടപ്പാതകളുമൊക്കെയായി ആ പാതളത്തിലും വർണ്ണപ്രപഞ്ചം വിരിയിക്കുന്ന പുരാതനതയും , ആധുനികതയും കൂടി ചേർന്ന ശില്പഭംഗിയുള്ള കെട്ടിട സമുച്ചയങ്ങൾ..!ജോലി സംബന്ധമായോ , വാമ ഭാഗമായോ വല്ല പിരിമുറുക്കങ്ങളോ ,
ഉരസലുകളോ ഉണ്ടായാൽ ടെൻഷൻ കുറയ്ക്കുവാൻ ഞാൻ കണ്ടെത്തുന്ന
ഏറ്റവും നല്ല മാർഗ്ഗം , എന്റെ ട്രാവൽ കാർഡെടുത്ത് ലണ്ടൻ അണ്ടർ ഗ്രൌണ്ടിലേക്ക്
ഊളിയിട്ടു പോകുക എന്നതാണ് .ട്രെയിനുള്ളിലേയും സ്റ്റേയ്ഷനുകളിലേയും പരസ്യങ്ങളിൽ മുങ്ങി തപ്പി , പാതാള തീവണ്ടിക്കുള്ളിലെ മാറി മാറി വരുന്ന ലോക കവികളുടെ   കവിതാ ശകലങ്ങൾ  വായിച്ച് , ഇതുവരെ ഏതെങ്കിലും കാണാത്തതോ , കണ്ടുമറന്നതോ ആയ സ്റ്റേയ്ഷനുകളിൽ ഇറങ്ങി നടക്കും.
ഇവിടെയുള്ള  366 സ്റ്റേയ്ഷനുകൾക്കും ഓരൊ കഥകൾ പറയാനുണ്ട്..

ഉദാഹരണത്തിന്  ബേക്കർ സ്ട്രീറ്റ്  സ്റ്റേയ്ഷനിലെ ചുമർ ചിത്രങ്ങളെല്ലാം ‘ഷെർലക് ഹോംസ്‘ കഥകളെ  ആധാരമാക്കിയുള്ളതാണ് .  വിംബിൾഡൻ  സ്റ്റേയ്ഷനിൽ ടെന്നീസിനെ കുറിച്ചാണെങ്കിൽ , ഓവൽ  സ്റ്റേയ്ഷനിൽ ക്രിക്കറ്റിന്റെ ചരിതങ്ങളാണ് .വാപ്പിങ്ങ് സ്റ്റേയ്ഷനിൽ 140 കൊല്ലം മുമ്പ് തേംസിനടിയിൽ കൂടി ഭൂഗർഭപാതയുണ്ടാക്കിയതിന്റെ വരകളും , ചരിത്രങ്ങളും രേഖപ്പെടുത്തിയത് കാണാം. വൈറ്റ് ചാപ്പൽ സ്റ്റേയ്ഷനിൽ  രക്തസാക്ഷികളുടെ ചരിതമാണെങ്കിൽ , ഈസ്റ്റ് ഇന്ത്യാ ഡോക്കിൽ അന്നത്തെ കോളണി ചരിത്രങ്ങളാണ്.

അതുപോലെ  സെന്റ്.പോൾസ്, വെസ്റ്റ് മിൻസ്റ്റർ, ഹൈഡ് പാർക്ക് , ബോണ്ട് സ്ട്രീറ്റ്, ഒളിമ്പിയ, വെമ്പ്ലി പാർക്ക് , സ്റ്റോൺ ബ്രിഡ്ജ് പാർക്ക് , ..,.., ..അങ്ങിനെയങ്ങിനെ പേരിനെ  സൂചിപ്പിക്കും ചരിതങ്ങളുമായി ഒരു പാട് റെയിൽ താവളങ്ങളായി മാറിയിരിക്കുന്ന ചരിത്ര സ്മാരകങ്ങൾ തന്നെയാണ് ഈ ബിലാത്തി പട്ടണത്തിലുള്ള ഓരൊ ട്രെയിൻ സ്റ്റേയ്ഷനുകളും..!

ചിലപ്പോഴൊക്കെ എത്ര കണ്ടാലും മതി വരാത്ത കാഴ്ച്ചവട്ടങ്ങൾ ...
വേറെ ചിലത് വർഷത്തിലെ ചില വിശേഷ ദിനങ്ങളും മറ്റും യാത്രികർക്ക്
വിസ്മയമായി തീരാറുള്ള  ഓർമ്മകൾ  ...
അങ്ങിനെയങ്ങിനെ നിർലോഭം കണ്ട്
രസിക്കാവുന്ന അനേകം കേളിയാട്ടങ്ങളും.
പറഞ്ഞാലും , എഴുതിയാലും തീരാത്തത്ര സംഗതി കളുമായി 150 കൊല്ലമായി അഞ്ചുതലമുറകൾ മനസ്സിലിട്ട് താലോലിച്ച അനേകമനേകം യാത്രകളാണ് അതെല്ലാം   ...!

വീണ്ടും അനേകം തലമുറകൾ
ഈ ജൈത്ര യാത്രയിൽ പങ്കാളികളായി
ഇങ്ങനെയിങ്ങനെ  ഇത്തരം സഞ്ചാരങ്ങൾ ഇനിയുമിനിയും  തുടർന്നു കൊണ്ടേയിരിക്കും ...!

ലണ്ടനിലെ പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനമാണ്
ഈ സിറ്റിയുടെ ഏറ്റവും വലിയ ഉയർച്ചക്കുള്ള കാരണമെന്ന് അടി വരയിട്ടു പറയാം.

എല്ലാ യാത്രകളും നിയന്ത്രിക്കുന്ന ട്രാൻസ്പോർട് ഫോർ ലണ്ടൻ ( T F L ) ലണ്ടനിലെ ഓരോ ചെറുപട്ടണങ്ങളിലും , പാർക്കുകളിലും , മറ്റ് പ്രധാന വീഥികളിലുമൊക്കെ എപ്പോഴും എത്തിച്ചേരാവുന്ന വിധത്തിലുള്ള , ചുറ്റളവിൽ  ഏതെങ്കിലും ഒരു കമ്പനിയുടെ,  റെയിൽ സ്റ്റേയഷനുണ്ടായിരിക്കും...!

ഒരു സ്ഥലത്തുനിന്നും കയറിയാൽ പരസ്പരം കണക്റ്റ്  ചെയ്തിട്ടുള്ള
ഈ പട്ടണത്തിലെ മറ്റേതൊരു സ്ഥലത്തേക്കും ആരേയും ആശ്രയിക്കാതെ
ഏതൊരു യാത്രക്കാരനും എത്തിച്ചേരാനുള്ള ഏർപ്പാടുകളാണ് ഇവിടെയുള്ളത്.

മാത്രമല്ല , എവിടേയും സ്ഥാപിച്ചിട്ടുള്ള ലോകപ്രസിദ്ധമായ
ലണ്ടൻ ട്രാൻസ്പോർട്ടിന്റെ ലോഗോകൾ നോക്കി , ആ എംബ്ലങ്ങളുടെ
വത്യസ്തമായ കളറുകളും , ചിഹ്നങ്ങളും അവ ആലേപനം ചെയ്ത പരസ്യ
പലകകളുടെ ചൂണ്ടികാണിക്കലുകളും നോക്കി ഏതൊരു യാത്രികർക്കും വളരെ
ഈസിയായി തന്നെ അടുത്തുള്ള ബസ്സ് സ്റ്റോപ്പിലേക്കോ , ട്യൂബ് സ്റ്റേയ്ഷനുകളിലേക്കൊ ,
ട്രാം ലിങ്കകളിലേക്കോ , ഓവർ ഗ്രൌണ്ട് സ്റ്റേയ്ഷനുകളിലേക്കോ , മറ്റ് യാത്രമാർഗ്ഗങ്ങളിലേക്കൊ  എത്തിപ്പെടാവുന്നതാണ്.
അവിടെയൊക്കെ എപ്പോഴും സേവന സന്നദ്ധരായി നിൽക്കുന്ന ജോലിക്കാരും യാത്രികർക്കാവശ്യമായ എന്ത് സഹായങ്ങളും ഒട്ടും സമയ നഷ്ട്ടം വരുത്താതെ അപ്പപ്പോൾ ചെയ്ത് കൊടുക്കുന്നതാണ്...
പോരാത്തതിന് ലണ്ടനണ്ടൻ ഗ്രൌണ്ടിന്റെ അപ്പ്പ്പോളുള്ള പുരോഗതികളും മറ്റും,  സൈൻ ലാൻഗ്ഗേജടക്കം വീഡിയോ സഹിതം ഏവരേയും അറിയിച്ചുകൊണ്ടിരിക്കുന്ന സിസ്റ്റവും ഇവിടെ അനുവർത്തിച്ച് പോരുന്നുണ്ട് ... ! 
നമ്മുടെ നാട്ടിലൊന്നും അധികം കാണാത്ത ഇത്തരം കാര്യക്ഷമതയോടെയുള്ള പ്രവർത്തനങ്ങൾ തന്നെയാണ് കഴിഞ്ഞ നൂറ്റമ്പത് കൊല്ലമായി ഒരു കോട്ടവും കൂടാതെ തുടർന്നുകൊണ്ടിരിക്കുന്ന ലക്ഷ്യം തെറ്റാതെയുള്ള ഈ ലണ്ടൻ മെട്രോകളുടെ ജൈത്ര യാത്രകളുടെ മുഖ്യ നേട്ടങ്ങൾക്കുള്ള  കാരണം ...!

ഓട്ടോമാറ്റിക്കായി ചില ബാങ്കു കാർഡുകളടക്കം ,
ട്രാവൽ കാർഡായ ഓയ്സ്റ്റർ  കാർഡ് ഉപയോഗിച്ച് ഏത് സഞ്ചാരിക്കും പബ്ലിക് ട്രാൻസ്പോർട്ട്  വാഹനങ്ങളായ വിവിധ കമ്പനികളുടെ ബസ്സുകളിലോ , അണ്ടർ ഗ്രൌണ്ട് ട്രെയിനുകളായ ട്യൂബ് തീവണ്ടികളിലോ , ഓവർ ഗ്രൌണ്ട് ട്രെയിനുകളിലോ , നാഷ്ണൽ റെയിൽ സർവ്വീസുകളിലോ , ഡ്രൈവറില്ലാതെ ഓടുന്ന ഡി.എൽ.ആർ എന്ന കൊച്ചുറെയിൽ കോച്ചുകളിലൊ , ട്രാം നെറ്റ്  വർക്ക് സർവ്വീസുകളിലോ , തേംസിലെ ബോട്ട് സർവ്വീസുകളിലോ ,തേംസിന്റെ മുകളിൽ കൂടി പോകുന്ന കേബിൾ കാറുകളിലോ ( വീഡിയോ ) യഥേഷ്ടം സഞ്ചരിക്കാവുന്നതാണ്.

ലണ്ടനിൽ എത്തുന്ന ഏതൊരാൾക്കും ഏതെങ്കിലും സ്ഥലത്തെത്തണമെങ്കിൽ
ടി.എഫ്..എൽ -ന്റെ ജേർണി പ്ലാനറിൽ  പോയി സ്ഥല നാമമോ , പോസ്റ്റ് കോഡോ  മൊബൈലിലോ , ഇന്റർ നെറ്റിലോ അടിച്ച് കൊടുത്താൽ അവർക്കിഷ്ട്ടപ്പെട്ട രീതിയിലുള്ള അഞ്ച് പ്ലാനുകൾ കാണിച്ച് തരും , എല്ലാ അപ്ഡേറ്റ് സഹിതം ..!


ഈ ഓയ്സ്റ്റർ ട്രാവൽ കാർഡുകൾ യാത്രക്കാരന്റെ യാത്രാവേളകളനുസരിച്ച് ..
സോൺ അടിസ്ഥാനത്തിലോ , ഡെയ്ലി / വീക്കിലി  / മന്തിലി / ആനുവലി എന്നിങ്ങനെ ഓൺ-ലൈനായോ , ഷോപ്പുകളിൽനിന്നോ , സ്റ്റേയ്ഷനുകളിൽ നിന്നോ ആർക്കും അപ്ഗ്രേഡ് ചെയ്യാം.

സ്കൂൾ കുട്ടികൾക്കൊക്കെ ലണ്ടനിൽ ബസ്സ് യാത്ര ഫ്രീ ആണെങ്കിലും
അവർക്കും ബസ്സിൽ അവരുടെ സ്റ്റുഡൻഡ് കാർഡ് ടച്ച് ചെയ്താലെ സഞ്ചാരം സാധ്യമാകൂ..

അഥവാ ഒരാൾ ഓയ്സ്റ്റർ കാർഡില്ലാതെ കാഷ് കൊടുത്ത് ഡ്രൈവറുടെ അടുത്തുനിന്നും ടിക്കറ്റ് വാങ്ങുകയാണെങ്കിൽ മിനിമം പേയ്മന്റ് ടിക്കറ്റ് തുകയായ £ 1.40 പകരം £ 2.50 കൊടുക്കണം....!

ഒരു ട്രാവൽ കാർഡ്
ഉടമയുടെ  യാത്ര ചരിത്രം മുഴുവൻ വിരൽ തുമ്പിൽ കൂടി അറിയാൻ പറ്റുന്ന സംവിധാന മുള്ളതുകൊണ്ടാണല്ലോ ...

ഇപ്പോഴൊക്കെ എന്റെ പെണ്ണൊരുത്തിയും , മകളുമൊക്കെ കൂടി ,
എന്റെ ചില പ്രത്യേകയാത്രകൾ കഴിഞ്ഞ് വന്നാൽ , പിന്നീട് എന്നെ കസ്റ്റഡിയിൽ
എടുത്ത് കൊയ്സ്റ്റയൻ ചെയ്യാറുള്ളത്...? !


ഞാനാരാ മോൻ  ...
ഓയ്സ്റ്ററിന്റെ വീക്കിലി ട്രാവൽ കാർഡുണ്ടെങ്കിലും ,
ചില യാത്രകൾ ബാർക്കലേ ബാങ്ക് കാർഡുപയോഗിച്ചേ നടത്താറുള്ളൂ...!!

ചില വെള്ളക്കാരായ
മിത്രങ്ങളൊക്കെ  ഇടക്ക് പറയാറുണ്ട്
നിങ്ങളൊക്കെ വികസനത്തിന്റെ കാര്യത്തിൽ ഞങ്ങളേക്കാളൊക്കെ 100- ഉം 150- ഉം വർഷത്തേക്കാളും പുറകിലാണെന്ന്..
എല്ലാ കാര്യത്തിലും അത് ശരിയല്ലെങ്കിലും
ഈ മെട്രോയുടെ കാര്യത്തിലെങ്കിലും അത് സത്യമാണല്ലോ .
 ഇപ്പോളെങ്കിലും നമ്മളും മെട്രോവിന്
വേണ്ടി പണിയും , പണിമുടക്കുമൊക്കെ തുടങ്ങിയല്ലോ..

 ഇവർ അടുത്ത ജൂബിലി കൊണ്ടാടുമ്പോഴേക്കും
നാം ആയത് പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കാം അല്ലേ...!

Monday 30 September 2013

ലണ്ടനോണങ്ങൾ --- പൊടിപൂരം ... ! / Londanonangal --- Poti Pooram ... !

ഈ ബിലാത്തിയിൽ  അങ്ങിനെ  ഒരു ഓണക്കാലം കൂടി കൊട്ടിക്കലാശം  കഴിഞ്ഞ് വിട പറഞ്ഞ് പോയിരിക്കുകയാണ് ...

ആളൊരുങ്ങി , അണിഞ്ഞൊരുങ്ങി 
ഏതാണ്ട് ഒന്ന്  രണ്ട്  മാസം മുമ്പേ തന്നെ , യു.കെ  മലയാളികളെല്ലാം ഇക്കൊല്ലത്തെ ഓണത്തെ വരവേൽക്കുവാൻ തയ്യാറായി ഇരിക്കുകയായിരുന്നൂ ...

വിവിധ തരം ആപ്പിളുകളും  ,
ചെറിപ്പഴങ്ങളും , പ്ലമ്സും , പെയേഴ്സും ,
മൾബറി പഴങ്ങളുമൊക്കെയായി ആടിയുലയുന്ന
ഫല- മരങ്ങളാലും , അതി മനോഹരമായ വർണ്ണ പുഷ്പ്പങ്ങളാൽ
എങ്ങും വിടർന്നു നിൽക്കുന്ന പൂങ്കാവനങ്ങളാലും മറ്റും ,  വസന്ത കാലത്തിന്റെ
വരവറിയിച്ച് കൊണ്ട് , ഇവിടത്തെ പ്രകൃതി  പോലും നമ്മുടെ പൊന്നോണത്തിനെ
സ്വാഗതം ചെയ്യുവാൻ ഒരുങ്ങി നില്ക്കുകയായിരുന്നു  ...!

ഇതാ എല്ലാ കൊല്ലത്തേയും പോലെ ഇക്കൊല്ലവും ഞങ്ങളുടെ സംഘടനയായ മലയാളി അസ്സോസിയേഷൻ ഓഫ് ദി യു.കെ (M A U K ) യുടെ ആഭിമുഖ്യത്തിൽ കൊണ്ടാടാറുള്ള ...
യൂറോപ്പിലുള്ള ഏറ്റവും ബൃഹത്തായ  ഓണാഘോഷ പരിപാടികൾക്ക്  കഴിഞ്ഞ വീക്കെന്റോടു കൂടി പരിസമാപ്തി കുറിച്ചുകഴിഞ്ഞിരിക്കുകയാണ് ...!

നാട്ടിൽ പൊന്നിൻ ചിങ്ങ മാസം പിറന്ന പോലെയായിരുന്നു
മലയാളി സമൂഹത്തിനൊക്കെ യു.കെയിൽ  ഈ സെപ്തംബർ മാസം ...!

ഇവിടെയുള്ള എല്ലാ മലയാളി സമാജങ്ങളും ഈ സെപ്തംബർ  മാസത്തിലുള്ള
എല്ലാ വീക്കെന്റുകളും ഓണാഘോഷങ്ങൾ വിപുലമായി കൊണ്ടാടിയിട്ട് , വീണ്ടും
അടുത്ത ഓണത്തെ വരവേൽക്കാൻ  ഉത്സാഹിതരായി കാത്തിരിക്കുകയാണിപ്പോൾ ...

 ഓണക്കാലമാകുന്ന ആഗസ്റ്റ് -സെപ്തംബർ മാസങ്ങളൊക്കെ ജയിൽ
പുള്ളികൾക്കൊക്കെ പരോളുകിട്ടുന്ന പോലെയാണെനിക്കൊക്കെ ഇവിടെ ...

ഓണ സദ്യയൊരുക്കാനും , മാവേലിയാവാനും , മറ്റ് കലാപ്രവർത്തന
റിഹേഴ്സലുകളു മൊക്കെയായി  , ഈ ദിനങ്ങളിലൊക്കെ വീട്ടിൽ നിന്നും
സർവ്വ സ്വാതന്ത്ര്യവും കിട്ടുന്ന ഒരു ഇടവേളയാണ് ... എന്നെ സംബന്ധിച്ചിടത്തോളം
ലണ്ടനിലെ ഈ ഓണാഘോഷങ്ങൾ..!

ഇപ്പോൾ നാട്ടിലുള്ള പോലെയൊന്നും
വെറും ഒരു ചടങ്ങായിട്ടുള്ള ഓണ പരിപാടികൾ പോലെയൊന്നുമല്ലല്ലോ , പ്രവാസി മലയാളികളുടെ ഓണാഘോഷങ്ങൾ അല്ലേ

ഇന്ന് ഓണാഘോഷങ്ങളുടെ
പകിട്ടും , അന്തസ്സും പഴയ പോലെ
കാത്ത് സൂക്ഷിക്കുന്നത് വിദേശ മലയാളികളാണെന്ന് നിശ്ചയമായും പറയാം...

അപ്പോൾ തനി മലയാളിത്വം സ്വന്തം തോളിലേറ്റി നടക്കുന്ന
ഒട്ടുമിക്ക ബിലാത്തി മലയാളികളുടെ സ്ഥിതി പറയേണ്ടതില്ലല്ലോ.. അല്ലേ.
ഇത്തരം തനി ഒറിജിനാലിറ്റി മല്ലൂസ്സടക്കം , ബിലാത്തിയിലുള്ള ഏതാണ് മൂന്ന് 
ലക്ഷത്തിൽ മേലെയുള്ള പ്രവാസി മലയാളികളെല്ലാം , അവരുടെ സ്വന്തം  ഗൃഹാതുരത്വ സ്മരണകളെല്ലം അയവിറക്കി കൊണ്ടിരിക്കുന്നത്  , ഇത്തരം നാടിന്റെ തനതായ ആഘോഷങ്ങൾ , ആയതിനേക്കാളും വൈവിധ്യ മായി ഇവിടേയും കൊണ്ടാടുമ്പോഴാണ് കേട്ടൊ

വെറും ട്ടാ വട്ടത്തിൽ കിടക്കുന്ന ഈ യു.കെയിൽ  ഒന്നിനോടൊന്ന്  വർണ്ണ
പകിട്ടോടു കൂടി ആഘോഷിക്കപ്പെടുന്ന ഓണാഘോഷങ്ങളുടെ പകിട്ട് കണ്ടിട്ട്
പല സമാജങ്ങളുടേയും പരിപാടികളിൽ , ചുറ്റുവട്ടത്തുള്ള യൂറോപ്പ്യൻസും ഇപ്പോൾ
പങ്കെടുക്കാറുണ്ട് ...
പ്രത്യേകിച്ച് വിഭവ സമൃദ്ധമായ നമ്മുടെ സദ്യയിൽ നമ്മളെപ്പോലെ
ഇലയിട്ട് ഉണ്ണുവാൻ പോലും ഇവരൊക്കെ ഇപ്പോൾ പരിശീലിച്ച് കഴിഞ്ഞിരിക്കുകയാണ്.

എന്നും ഒരേ തരത്തിലുള്ള ജങ്ക് ഫുഡടിച്ച്ച്ച് , പാട്ടും, ഡിസ്കോയുമൊക്കെ മാത്രമുള്ള  കലാ പരിപാടികളൊക്കെ  കണ്ടും മറ്റും ശീലിച്ചവർക്ക് ഒരു ഇലയിൽ പത്തിരുപത് കൂട്ടം റെഡി മേയ്ഡ് ഐറ്റംസുള്ള , ഫ്രെഷാ‍യ നമ്മുടെ ഓണ സദ്യയും ...
തിരുവാതിര , ഒപ്പന , മാർഗം കളി  , കൈ കൊട്ടി കളി മുതലായ കുമ്മിയടിച്ചുള്ള ചുവട് വെച്ചുള്ള ആട്ടങ്ങളും , ഭരത നാട്യം , കുച്ചിപ്പുടി , മോഹിയാട്ടം , കഥകളി , തെയ്യം മുതലായ ക്ലാസിക് ഡാൻസുകളും ...
കുമ്മാട്ടി കളി ,  പുലി കളി , വടം വലി
എന്നീ കായിക ലീലകളുമൊക്കെ കണ്ടിട്ടും മറ്റും

അത്ഭുത പരവശരായിട്ട്  , പിന്നീട് സന്തോഷം
കൊണ്ട് നമ്മെ വന്ന് കെട്ടിപ്പിടിച്ചൊരുമ്മവെക്കലുണ്ട് ...!
അമ്മോ...എത്ര നല്ല ആചാരങ്ങൾ അല്ലേ...


ഓണത്തിനൊക്കെ ഒന്നോ രണ്ടോ മാസങ്ങൾക്ക് മുമ്പാരംഭിക്കുന്ന ...
വീക്കെന്റു കളിൽ കലാകാരന്മാരെല്ലാം ഒത്ത് കൂടി ആവിഷ്കരിക്കുന്ന റിഹേഴ്സൽ ക്യാമ്പുകൾ..
അവിടേക്ക് ആരെങ്കിലും , മാറി മാറി വീട്ടിൽ നിന്നും പാചകം ചെയ്ത് കൊണ്ടുവരുന്ന കപ്പയും , കക്കയും , ചാളക്കറിയും , ബീഫ് ഫ്രൈയും, സലാടും , ബിരിയാണിയുമൊക്കെ ...

പിന്നെ മറ്റാരെങ്കിലും കൊണ്ടുവരുന്ന വൈനുകളും ,
മറ്റിഷ്ട്ട പാനിയങ്ങളു മൊക്കെയായി മല്ലടിച്ച് റിഹേഴ്സൽ
പരിപാടികളൊക്കെ കഴിയുമ്പോഴേക്കുമൊക്കെ , എന്നേപ്പോലെ
ഉള്ളവരൊക്കെ ഓഫ് മൂഡിലായിട്ടുണ്ടാകും..
പിന്നീടേതെങ്കിലും ഗെഡിയോ /ഗെഡിച്ചിയോ എന്നെ വീട്ടിൽ കൊണ്ട് വന്ന് തള്ളും..!

ഓണ സദ്യയൊരുക്കുന്നതിന്റെ തലേദിവസം മുതൽ ...
പണ്ട് നാട്ടിലൊക്കെ ഉണ്ടായിരുന്ന പോലെ ഏവരും ഊട്ടുപുരയിൽ
ഒത്തുകൂടിയിട്ട് ...
പച്ചക്കറി നുറുക്കി ,  നാക്കില തുടച്ച് , തേങ്ങ ചിരകി , മാറി
മാറി പാചകത്തിൽ ഏർപ്പെട്ട് , പിറ്റേന്ന് തനി കേരളീയമായ ഉടയാടകൾ
ഉടുത്ത് വന്ന്  ,  മൂന്നാല് പ്രഥമനടക്കമുള്ള കെങ്കേമമായ ഓണ സദ്യ , ക്ഷണിതാക്കൾക്ക് വിളമ്പി കൊടുക്കുമ്പോൾ ...
അപ്പുറത്തുള്ള വേദിയിൽ ഓണപ്പാട്ടുകളോ ,
സംഗീത കച്ചേരിയോ അരങ്ങേറുകയായിരിക്കും..!

ഈ ഒരു മാസത്തെ കാലയളവിനുള്ളിൽ എല്ലാ ശനി- ഞായർ ദിനങ്ങളിലും കൂടി യൂ.കെയിൽ ഏതാണ്ട് 200 - ളം ഓണഘോഷ പരിപാടികൾ നടന്നിട്ടുണ്ടാകണം....
 ഈ സമയത്ത് നാട്ടിൽ നിന്നും ചാകര കിട്ടിയ പോലെ , ബിലാത്തിയിലേക്ക് വരുന്ന സിനിമാ- സീരിയൽ  താരങ്ങൾക്കും , പിന്നണി ഗായകർക്കും, കോമഡിക്കാർക്കുമൊക്കെ മാരത്തോൺ പരിപാടികളായിരിക്കും...

ഒരു വേദിയിൽ നിന്നും മറ്റൊരു വേദിയിലേക്ക് ഓടെടാ ...ഓട്ടം..!

പോരാത്തതിന് തനിയൊരു ആസുര ഭാവങ്ങളും ,
സ്വഭാവ ഗുണങ്ങളു മൊക്കെ ഉള്ളതുകൊണ്ടാകാം മഹാബലി
ആകുവാനുള്ള നറുക്ക് ഒട്ടുമിക്കവാറും എനിക്ക് തന്നെ കിട്ടാറുണ്ട്.

എന്നേക്കാളും ഉഗ്രൻ  മാവേലി റോളുകൾ കൈകാര്യം ചെയ്യുന്ന
മറ്റൊരു ബ്ലോഗറായ ജോയിപ്പാനും , മെഹ്രൂഫ് ,  റോയിച്ചൻ , ഗിൽബർട്ടച്ചായൻ ,
നിഹാസ് ,ടോമി വർഗ്ഗീസ്, അജയൻ മുതലായ 20 ഓളം പേരും കോണത്തിന് തീ പിടിച്ച പോലെ ഈ സമയത്തൊക്കെ ,  പല മല്ലൂ അസോസ്സിയേഷനുകളുടെ പരിപാടികളിൽ ചാടിച്ചാടി മുഖവും , ശരീരവുമൊക്കെ പ്രദർശിപ്പിച്ച് ഓടി നടക്കുകയായിരുന്നൂ...
ഒരു വേദിയിൽ നിന്നും മറ്റൊരു വേദിയിലേക്ക് ആഭരണ വിഭൂഷിതനായി കാറോടിച്ച് പോയ വിചിത്ര വേഷക്കാരനായ മാവേലിയെ, ഇവിടത്തെ പോലീസ് ചേസ് ചെയ്ത് പിടിച്ചതും ...

ഒരു സമാജത്തിലെ അംഗങ്ങളായ നേഴ്സുമാർ  യൂണിഫോമിൽ ഡ്യൂട്ടിയിൽ നിന്നും നേരെ വന്ന് വേദിയിൽ കയറി കൈകൊട്ടി കളി നടത്തിയത് ,  യൂ-ട്യൂബിൽ അപ്-ലോഡ് ചെയ്ത് വെറും 150 പേർ കാണുമ്പോഴേക്കും , ‘ പണി കളയും ‘നോട്ടീസ് കാണിച്ച് , ഹോസ്പിറ്റൽ അതോറട്ടി അതിനെ കുറിച്ച് എക്സ്പ്ലനേഷൻ ആരാഞ്ഞപ്പോൾ  ഡിലീറ്റ് ചെയ്തതുമൊക്കെ
ഇവിടത്തെ ഇക്കൊല്ലത്തെ ഓണക്കൌതുക വാർത്തകൾ തന്നെയായിരുന്നൂ... !

ഇന്നലെ ഇക്കൊല്ലത്തെ ഓണത്തിന്റെ കൊട്ടിക്കലാശമായി ഔട്ടർ
ലണ്ടനിലുള്ള ഒരു കൊച്ചു സിറ്റിയിൽ  എനിക്ക് ഒരു മാവേലി മന്നന്നായി
അവതരിക്കുവാൻ  അവസരം കിട്ടിയിരുന്നു. ലണ്ടനിൽ നിന്നും രണ്ട് മണീക്കൂറ്
ഡ്രൈവ് ചെയ്ത് പറഞ്ഞ സമയമായ രാത്രി 7 മുമ്പേ ഞാനവിടെയെത്തിയെങ്കിലും..

നമ്മുടെ മലയാളി ശീലമായ .. എല്ലാം വൈകി
ആരംഭിക്കുക എന്ന സ്ഥിര സ്വഭാവം , ഇവിടെ യു.കെയിൽ
വന്നിട്ടും ഇതു വരേയും , മാറി കിട്ടാത്ത കാരണം - ആ സമാജക്കാർ
പ്രോഗ്രാം തുടങ്ങിയപ്പോൾ സമയം 8.20. എന്ത് ചെയ്യാം...

അതുവരെ തനിയൊരു വിഡ്യാനായി മഹാബലി  വേഷം
കെട്ടിയിരിക്കുന്ന എന്നെ ബോറഡിപ്പിക്കേണ്ട എന്നുകരുതിയാകണം ..
ആതിഥേയർ , ഇടക്കിടക്ക് മധു പാനീയങ്ങൾ , ഗ്രീൻ റൂമിലേക്ക് എത്തിച്ചുകൊണ്ടിരുന്നൂ..

 ഞാനാണെങ്കിലോ അവിടെയുണ്ടായിരുന്ന കുട്ടികളെ ഒരു ഭരത നാട്യം ഫ്യൂഷന്റെ ഫൈനൽ പ്രാക്റ്റീസ് ചെയ്യിപ്പിച്ചുകൊണ്ടിരിക്കുന്ന , ലണ്ടനിൽ നിന്നും എത്തിയ , സോഫ്റ്റ് വെയർ എഞ്ചിനീയറായ - ഡാൻസ് ടീച്ചറുടെ , ഓരൊ അവയവങ്ങളും തുടിച്ച് തുറിച്ച് നിൽക്കുന്ന സാൽ വാർ- ടീ-ഷർട്ടിനുള്ളിലെ വളരെ സോഫ്റ്റായ അംഗലാവണ്യങ്ങൾ നുകർന്ന് വെറുതെ സമയം കഴിച്ചുകൂട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ...


വയസ്സാവും തോറും കാമം ,
അരയിൽ നിന്നും തലയിൽ കയറും
എന്ന് പറയുന്നത് വെറുതെയല്ല ..അല്ലേ...!


ഡാൻസ് പ്രോഗ്രാമെല്ലാം കഴിഞ്ഞപ്പോഴേക്കും അവിടെ നിന്നും ഈ  പഴേ
കലാ-ശാലാ , കലാ തിലകമായ ഡാൻസ് ടീച്ചർക്ക് തിരിച്ചുപോകാനായി 10 മണിക്ക്
സീറ്റ് ബുക്ക് ചെയ്ത ട്രെയിനും പോയി..!

മൂപ്പത്തിയാരെ ലണ്ടനിൽ കൊണ്ടാക്കി കൊടുക്കാനാണെങ്കിലോ ,
ഡ്രൈവ് ചെയ്യുവാൻ പറ്റാത്ത രീതിയിൽ സംഘാടകരെല്ലാവരും നല്ല പാമ്പ് പരുവം .!

ശ്രീമതി.കലാ തിലകം സംഘാടകരോട് ആംഗലേയത്തിലും
മലയാളത്തിലുമായി നാക്ക് കൊണ്ട് ഒന്ന് രണ്ട് നൃത്തമാടിയപ്പോൾ ,
അവരെന്റെ കാല് പിടിച്ചു - ഡാൻസ് ടീച്ചറെ ഏതെങ്കിലും ലണ്ടൻ ട്യൂബ്
സ്റ്റേയ്ഷനിൽ ഡ്രോപ്പ് ചെയ്യുവാൻ പറഞ്ഞിട്ട് ...

ഞാൻ പറഞ്ഞു ..
ലഹരിയിറങ്ങാതെ എനിക്കിപ്പോൾ ഓടിക്കാൻ പറ്റില്ല ..
ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞിട്ടാണേൽ  വേണെങ്ങ്യെ നോക്കാമെന്ന്..

എന്തിന് പറയുവാൻ ..
അവളാരത്തിയുടെ കെട്ട്യോന് നാളെ മോണിങ്ങ്
ഷിഫ്റ്റിന് പോണം ,  കുട്ടിയെ സ്കൂളിലാക്കണം ...


പിന്നെ കാറ് അവളോടിച്ചോളാം ...
എന്നൊക്കെയുള്ള ആ ചുള്ളത്തിയുടെ അപേക്ഷകൾ നിരസിക്കണ്ടാ എന്ന് കരുതി അവളാരത്തിയോടൊപ്പം അപ്പോൾ തന്നെ ഞാൻ തിരിച്ചുപോന്നു...

അവളാരത്തി ഫോണിൽ പോസ്റ്റ് കോഡ് അടിച്ച് നാവിഗേറ്റ് ചെയ്ത് നല്ല സുസൂഷ്മമായ ഡ്രൈവിങ്ങ് ആരംഭിച്ചപ്പോൾ ..അതാസ്വദിച്ച്,
സി.ഡി പ്ലേയറിൽ ഓണപ്പാട്ടുകളുടെ ആരവം കേട്ട്  കാറിനുള്ളിലെ ഇളം ശീതളമായ മന്ദമാരുതനേറ്റ് കണ്ണടഞ്ഞ് പോയത് ഞാനറിഞ്ഞില്ല..

ചേട്ടായ്ടെ ബിലാത്തി പട്ടണം ഞാനും , ഹസ്സുമൊക്കെ വായ്ക്കാറുണ്ട്..ട്ടാ ”

ഹും ..എന്താ പറ്ഞ്ഞ്യ്യേ ”   ഞാനൊന്ന് മയങ്ങി പോയോ .  ‘ ദെവ്ട്യ്യായ്..? ”

മോട്ടൊർ വേ..ദേ .. ഇപ്പ കഴിഞ്ഞൂ..ന്റെ ചേട്ടായി ...
ലണ്ടൻ നോർത്ത് സർക്കിൾ റോഡായി - 406 ,ഇനി ഒരര മണിക്കൂർ കൂടിണ്ട്  “

 “ ഡീ മോളെ നീ ഏതെങ്കിലും ഒരു സൈഡ് 
റോഡിലേക്ക് ഒതുക്ക് ,എനിക്കൊന്ന് മൂത്രൊഴിക്കണം’

പിന്നീടടുത്ത എക്സിറ്റിൽ ഓടിച്ചവൾ വണ്ടിയൊതുക്കി...
ഞാനോടി ഒരു ആപ്പിൾ മരത്തിന്റെ പിന്നിൽ പോയി കാര്യം സാധിച്ചു.

എന്നിട്ട് വെള്ളം കുപ്പിയെടുത്ത്  , മാവേലി മീശക്ക് കുഴപ്പം പറ്റാതെ മോറ്
കഴുകിയിട്ട്  ,അപ്പോൾ വണ്ടിയിൽ നിന്നും മൂരി നിവർന്നെഴുന്നേറ്റ അവളോട് പറഞ്ഞു

ശരി.. ഇനി ഞാനോടിച്ചോളാം ,  അഡ്രസ്സ് പറ്യ് യ് ..ഞാനവിടെ ഡ്രോപ്പെയ്യാം ’

ഹോൾഡ്-ഓണെ സെക്കന്റ് ...എനിക്കും ഒന്ന്  ലൂവിന് പോണം

ഒരു നാണവും കൂടാതെ ആ പാതിരാവിൽ ഞാൻ കാണെ പുറം തിരിഞ്ഞിരുന്ന്
ബമ്പറ് കാട്ടി  തൊട്ടകലെ മരമറവിലിരുന്ന് പാത്തുവാൻ അവൾക്കൊരു മടിയും ഉണ്ടായില്ല..!

സത്യം പറഞ്ഞാൽ ഒരു മുത്തൻ പെണ്ണ് നേരിൽ മൂത്രിക്കുന്ന
കാഴ്ച്ച എന്റെ ജീവിതത്തിൽ ആദ്യം കാണുകയായിരുന്നു ...

തിരിച്ച് വരുമ്പോഴുള്ള ഈ
ചുള്ളത്തിയുടെ ഒരു കള്ള പുഞ്ചിരി ...!

എന്റെ മദ്യലഹരി പമ്പകടന്ന്
അവിടേക്ക് ഒരു പ്രണയ ലഹരി ഓടിയെത്തിയോ...? !

ഓണം വന്നാലും ഉണ്ണി പിറന്നാലും
കോരന് കഞ്ഞി കുമ്പിളിൽ എന്ന പോലെ

കാറിനുള്ളിലായാലും ഈ
കോരന്റെ  ഒരു കഞ്ഞി ഭാഗ്യം നോക്കണേ..!

എന്തൊക്കെയായാലും
ഒരു മണിക്കൂറിന് ശേഷം നൈറ്റ് ബസ്സിൽ അവൾ കയറി പോകുന്ന വരേക്കും , അവളുടെ മൊബൈൽ നമ്പറോ , ഒരു വിധത്തിലുള്ള  മെയിൽ വിലാസമോ ,ആ പഴയ കലാ തിലകം എനിക്ക് തന്നില്ല..!

“ഇനി..അതിന് നമ്മൾ തമ്മിൽ 
കണ്ടിട്ട് വേണ്ടെ എന്റെ ചേട്ടായി ...! ‘

എന്ന് ഉരിയാടി ‘ടാ‍റ്റാ - ബൈ  ‘ പറഞ്ഞവൾ
ആ ഡബ്ബിൾ ഡക്കറിലേക്ക് ഊളിയിട്ടു പോയി...

അവസാനം പുലർച്ചെ രണ്ട് മണിയോടെ വീട്ടിൽ
ചെന്ന് കയറിയപ്പോൾ ... കിണ്ണം കട്ടവനെ കണ്ട പോലെ
എന്റെ പെണ്ണിന്റെ വക ഒരു ദഹിപ്പിച്ച നോട്ടം
അതുവരെയുണ്ടായിരുന്ന എല്ലാ സന്തോഷത്തേയും
ഇല്ലാതാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ .!

 “വിങ്ങുന്ന മനസ്സിനുള്ളിൽ 
ഓർക്കുന്നു ഞങ്ങൾ ,
അങ്ങകലെയാ...
നാടിന്റെ നന്മകളെപ്പോഴും...
ചിങ്ങ നിലാവിലാ 
പൊൻ വെളിച്ചത്തിൽ ,
മുങ്ങിക്കുളിക്കുവാൻ 
മോഹമുണ്ടിപ്പോഴും...

ചങ്ങലക്കിട്ട ഈ 
പ്രവാസ തടവിലും  ;
ചിങ്ങത്തിലെ ആ 
തിരുവോണ മൂണും ,
തിങ്ങി നിറഞ്ഞാ 
കറികളുമാ മടപ്രഥമനും ,
മങ്ങാതെ നിൽക്കുന്നിതാ 
മനസ്സിലിപ്പോഴും !“

അതെ നാട്ടിലെ പോലെ തന്നെ ഓണ സദ്യകൾ നടത്തുക ,
പന്തിയിട്ടുണ്ണുക , മഹാബലി  വേഷം ലഭിക്കുക , വലിയ വേദികളിൽ
വെള്ളക്കാർക്കൊപ്പമൊക്കെ   നാടകാഭിനയം നടത്തുക , പിന്നെ..പിന്നെ - - - -

മറു നാട്ടിലായാലും ഓണത്തിന്റെ വൈവിധ്യമായ ഇത്തരം
മധുരിമകൾക്ക്  നാട്ടിലേക്കാളും എത്രയെത്ര ഇരട്ടി മധുരം അല്ലേ ...! 

Saturday 31 August 2013

ഇത്തിരിയൊത്തിരി ഷേക്സ്പീരിയൻ സ്മൃതികൾ ... ! / Itthiriyotthiri Shakespearean Smrithikal ... !

ഏതാണ്ട് പത്ത് കൊല്ലം മുമ്പ് ഒരു പ്രവാസി കുടുംബം യു.കെ .ടൂറിന് വന്നപ്പോൾ , അവരുടെയൊപ്പം ഒരു ഗൈഡിന്റെ കുപ്പായമണിഞ്ഞാണ് ഞാൻ ആദ്യമായി ‘വില്ല്യം ഷേക്സ്പിയറി‘ന്റെ  ജന്മദേശം കാണാൻ പോയിട്ടുള്ളത്. ആർക്കും വായിക്കുവാൻ കൊള്ളാത്ത ഒന്നോ രണ്ടോ കവിതകളോ , കഥകളോ എഴുതിയതിന്റെ പേരിൽ സാഹിത്യത്തിന്റെ തലതൊട്ടപ്പന്മാരെന്ന് , സ്വയം ഭാവിക്കുന്ന ആ ദമ്പതികൾ , ഈ വില്ല്യമേട്ടന്റെ വീടും , ചുറ്റുപാടും കാണാൻ വന്നിട്ട് , അവരുടെ വില കൂടിയ ക്യാമറയിൽ കുറേ പോട്ടങ്ങൾക്ക് അവിടങ്ങളിലൊക്കെ നിന്ന് പോസ് ചെയ്ത് , എന്നെ കൊണ്ടെടിപ്പിച്ചതും മറ്റുമല്ലാതെ വിശദമായൊന്നും അന്നവിടെ കണ്ടില്ല താനും ...

പിന്നീട് നാലഞ്ചുകൊല്ലത്തിന് ശേഷം ലണ്ടനിൽ ഹൈയ്യർ സ്റ്റഡീസിനെത്തിയ രണ്ട് ചുള്ളന്മാരും , നാലഞ്ച് ചുള്ളത്തിമാരുമായും ... ഈ ഷേക്സ്പീരിയൻ ദേശം കാണാൻ പോയിട്ട് , ആ 'എവോൺ ' നദീ കരയിൽ , ഹിമകണങ്ങളേറ്റ് കുടിച്ച് , കൂത്താടി നടന്നതല്ലാതെ , ചരിത്രം ഉറങ്ങുന്ന ഷേക്സ്പീരിയൻ വസ്തു വക കളൊന്നും , ശരിക്ക് അന്നും കാണുകയുണ്ടായില്ല...!

ഹൈസ്ക്കൂൾ ക്ല്ലാസ്സുകളിലൊന്നിൽ ‘റോമിയോ & ജൂലിയറ്റി‘ന്റെ കഥ പറഞ്ഞ് തന്ന് , ഞങ്ങളെയൊക്കെ പ്രണയ പരവശരാക്കിയ ജയശ്രീ ടീച്ചറാണ് , ഈ മഹാനായ കഥാകാരനെ ,  എനിക്കൊക്കെ ജീവിതത്തിലാദ്യം പരിചയപ്പെടുത്തി തന്നത്...

ശേഷം സാംബശിവന്റെ കഥാ പ്രസംഗങ്ങളിലൂടെ ..., ആകാശവാണി പ്രക്ഷേപണം ചെയ്തിരുന്ന റേഡിയോ നാടകങ്ങളിലൂടെ ...,  ഒപ്പം തന്നെ , അയലക്കക്കാരനായ ജോസേട്ട ( ജോസ് ചിറമേൽ ) ന്റെ നാടകാവിഷ്കാരങ്ങളിലൂടെ   ലോക പ്രശസ്തമായ ക്ലാസ്സിക്കുകൾ സൃഷ്ട്ടിച്ച എഴുത്തുകാരനായിരുന്ന , ഈ ‘വില്ല്യം ഷേക്സ്പിയർ‘ എന്ന മഹാനായ സാഹിത്യ വല്ലഭനെകുറിച്ച് കൂടുതൽ മനസ്സിലാക്കി കൊണ്ടിരിക്കുകയായിരുന്നു....!

സ്വന്തമായി രചനയും , സംവിധാനവും നിർവ്വഹിച്ച് അന്ന് സ്കൂൾ യുവജനോത്സവങ്ങൾക്കെല്ലാം കണിമംഗലം എസ്.എൻ .സ്കൂളിനെ , എല്ലാ കൊല്ലവും ജേതാക്കളുടെ പട്ടികയിൽ  ഉൾപ്പെടുത്തി , ഞങ്ങളുടെ നാടക ട്രൂപ്പിനെ എത്തിക്കാറുള്ളതിന് പിന്നിൽ ഈ ജോസ് ചിറമേൽ തന്നെയായിരുന്നു.

അതെ  അന്ന് നാട്ടിലെ ‘വില്ല്യം ഷേക്സ്പിയർ ‘ എന്ന ഓമന പേരിൽ അറിയ പെട്ടിരുന്നതും
 ഞങ്ങളുടെയൊക്കെ , ഈ പ്രിയപ്പെട്ട  ജോസേട്ടൻ  തന്നെയായിരുന്നു..!

പിന്നീടൊരിക്കൽ ജോസേട്ടന്റെ  ‘മാക്-ബെത്തി‘ന് വേണ്ടി അണിയറയിൽ ,
മാജിക് സംവിധാനങ്ങൾ  ഒരുക്കിയതും മറ്റും ഒരു ത്രില്ലായി ഇപ്പോഴും എന്റെ  ഓർമ്മയിലുണ്ട് ...!

അദ്ദേഹത്തിന്റെ ഡ്രാമാ സ്കൂൾ ഡിപ്ലോമക്ക് ശേഷം ,
എന്റെ പുരയിടത്തിൽ നടത്തിയിരുന്ന “ റൂട്ട് ‘ എന്ന നാടക
കളരിയിലൂടെ എത്രയെത്ര നടന്മാരെയാണ് അദ്ദേഹം വാർത്തെടുത്തിരിക്കുന്നത് ... !

പിന്നീടുണ്ടായ ജോസേട്ടന്റെ  അകാല നിര്യാണം  ‘റൂട്ടി ‘നെ,  നിർ
വീര്യമാക്കിയെങ്കിലും , അന്നത്തെയൊക്കെ ആ ഡ്രാമ സ്കൂൾ ടീമിലെ
രജ്ഞിത്ത് , മുരളീ മേനോൻ , ബാലകൃഷ്ണൻ  , മനു ജോസ്...മുതൽ ആ കൂട്ടായ്മയിൽ
ഉണ്ടായിരുന്ന നന്ദ കിഷോർ, ജയരാജ് വാര്യർ,.. വരെയുള്ളവർ  അവരവരുടെ മേഖലകൾ വെട്ടിപ്പിടിച്ചെങ്കിലും ...

നമ്മുടെ നാട്ടിൽ , നാടകത്തിന്റെ
മരണ മണി മുഴങ്ങുന്നത്  കേട്ടതു കൊണ്ടാകാം ...
അന്നൊക്കെ  അവിടെ പ്രവർത്തിച്ചിരുന്ന പലരും യൂറോപ്പടക്കം ,
പല മറു നാടുകളിലേക്കും ... ഉള്ളിലെ നാടക പ്രേമവുമായി വണ്ടി കയറിയത്... !

‘നാദിറ പറയുന്നു’ , ‘ഒരു ചോദ്യം’ മുതലായ എത്രയെത്ര പ്രതികരണ ശേഷി സമൂഹത്തിലേക്ക്  പകർന്നു കൊടുക്കുന്ന
ലഘു നാടകങ്ങളൊക്കെയാണ് , തെരുവ് നാടകങ്ങളായിട്ടും , മറ്റും  അന്നെല്ലാം നാടൊട്ടുക്കും , അരങ്ങേറി വിജയക്കൊടി പറത്തി കൊണ്ടിരുന്നത് ...

 “സായിപ്പ് പോയിട്ട് നാല്പതുവർഷത്തിലേറെ
കഴിഞ്ഞല്ലോ.. എന്നിട്ടാ..സായിപ്പിൻ ഭാഷയിൽ....“

എന്നെല്ലാം കോറസ് പാടി നടന്ന് ,  തെരുവുനാടകങ്ങൾ കളിച്ച്
നാടൊട്ടുക്കും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ , കലാ ജാഥയോടൊപ്പം
നടന്ന കഥകളൊക്കെ ഇന്നും സ്മരിക്കുന്നതിനൊപ്പം  തന്നെ , ഇപ്പോൾ  ഈ
സായിപ്പിന്റെ നാട്ടിൽ വന്ന് പെട്ട് , അവരുടെയെല്ലാം  വിഴുപ്പലക്കി കൊണ്ടിരിക്കുന്ന
എന്റെയൊക്കെ സ്ഥിതി വിശേഷത്തേയാണ് പറയുന്നത് ...
ജീവിതത്തിലെ വിരോധാഭാസം എന്നത് അല്ലേ..!


ഒരു വണ്ടിക്കാളയെ പോൽ ജീവിതഭാരം തോളിൽ കയറിയപ്പോൾ മുരടിച്ചുപോയ
എന്റെയൊക്കെ , കലാ പ്രവർത്തനങ്ങളെല്ലാം വീണ്ടും മുളപൊട്ടി തുടങ്ങിയതിന് കാരണം ,
ഈ സായിപ്പിന്റെ നാട്ടിലെത്തിയപ്പോൾ , ഇവിടെയുള്ള നാടകത്തെ അന്നും - ഇന്നും പ്രണയിച്ചു കൊണ്ടിരിക്കുന്ന ജനങ്ങളുമായി , ഇട പഴകി തുടങ്ങിയപ്പോൾ  മുതലാണെന്ന് ഉറപ്പിച്ച് തന്നെ പറയാം ...
മലയാള ഭാഷയുടെ പരിപാലനത്താൽ ...
ലോകത്തിന്റെ വിവിധ  കോണുകളിൽ ജനിച്ചുവളർന്ന കുറെ പേർ ,
അവരുടെയൊക്കെ അന്നം  തേടിയുള്ള ജീവിതയാത്രയിൽ എങ്ങിനെയൊക്കേയോ ലണ്ടനിലെത്തിയ ശേഷം ,  അവരവരുടെ ഉപജീവനം തട്ടിമുട്ടി നടത്തുന്നതിനിടയിലും നമ്മുടെയെല്ലാം  തനതായ  , കലാ-സാഹിത്യ പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ട് , സ്വന്തം ഗൃഹാതുര സ്മരണകൾ എന്നും നില നിറുത്തികൊണ്ടിരിക്കുന്നത്   ഈ ബിലാത്തി പട്ടണമായ ലണ്ടനിലും കാണാവുന്നതാണ്...


അങ്ങിനെയൊക്കെയുള്ള കൊച്ചുകൊച്ച് മലയാളി സമാജങ്ങളിൽ നിന്നും ,
കാലാ കാലങ്ങളായി ,  ഇവിടെയൊക്കെ ജനിച്ചുവളർന്ന മലയാളികളുടെ , മൂന്നാം തലമുറയിലുള്ളവരടക്കം , നാട്ടിലെ പോലെ തന്നെ അനേകം കലാ-സാഹിത്യ വേദികളുണ്ടാക്കി നമ്മുടെയൊക്കെ സാംസ്കാരിക തനിമകൾ കാഴ്ച്ചവെച്ച് , ഈ പാശ്ചാത്യ ലോകത്തും ഏവരേയും ഹർഷ പുളകിതരാക്കി കൊണ്ടിരിക്കുകയാണിപ്പോൾ ...

ലണ്ടനിലുള്ള അത്തരത്തിലുള്ള ഒരു കലാ സാഹിതി സഖ്യം 
ഇത്തവണത്തെ അവരുടെ സംഗീത നാടക ശില്പമായ  , - മനോജ് 
ശിവയും , മീരയും - കൂടി അണിയിച്ചൊരുക്കിയ ‘കാന്തി’ യുടെ വിജയത്തെ 
തുടർന്ന് , ആ ടീമങ്കങ്ങളെല്ലാം  കൂടി , ഇത്തവണ വിനോദ സഞ്ചാരത്തിന് പോയത് 
ഷേക്സ്പിയറുടെ ജന്മ ദേശമായ സ്ട്രാറ്റ്ഫോർഡ് -അപ്പോൺ-എവോൺ ‘ കാണുവാനാണ് ..

കുടുംബത്തോടൊപ്പം  ഈ യാത്രയിൽ
ഞാനും ഉണ്ടായിരുന്നു...  അതെ മൂന്നാം തവണയാണ്
ഞാനീ മഹാരഥൻ ജീവിച്ചിരുന്ന മണ്ണിൽ കാല് കുത്തുന്നത് ...!

പാട്ടും , ആട്ടവും , നാടകം കളിയുമൊക്കെയായി ഞങ്ങൾ
ആ എവോൺ  നദീ തടങ്ങളിൽ ഷേക്സ്പിയറിന്റെ ജന്മ ഗൃഹം
( ബ്ലോഗർ നിരക്ഷരന്റെ വിവരണം )  സന്ദർശിച്ച് , അദ്ദേഹം അന്നുപയോഗിച്ചിരുന്ന എഴുത്തുപകരണങ്ങളും , ശയന മുറിയും കണ്ട് , അവിടത്തെ പൂന്തോട്ടത്തിൽ മൂപ്പരുടെ കഥാപാത്രങ്ങൾ വന്ന് നമ്മെ ആനയിച്ചപ്പോൾ ,  അവരോടൊപ്പം ചുവടുകൾ വെച്ച് , അവിടെ സ്ഥാപിച്ചിട്ടുള്ള , രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമയെ വന്ദിച്ച് , പല ചരിതങ്ങളും മനസ്സിലേക്ക് ആവാഹിച്ചു ...

പിന്നെ  അദ്ദേഹം പഠിച്ചിരുന്ന സ്കൂളിൽ പോയി, അതിനോടൊപ്പം തന്നെ മൂപ്പരുടെ
ഭാര്യാ ഭവനവും , ഫാമുകളും കണ്ടിട്ട്  , അവിടത്തെ കഥകൾ കേട്ട് , മുഴുവൻ ഫല മരങ്ങൾ തിങ്ങി നിറഞ്ഞ , ആ പൂങ്കാവനത്തിൽ വിശ്രമിച്ച ശേഷം ...

പിന്നീട് അദ്ദേഹത്തിന്റെ  മകളുടേതായി തീർന്ന, മൂപ്പരുടെ വസന്തകാല വസതിയായ നാഷ് ഹൌസിൽ പോയിട്ട് , ഷേക്സ്പിയർ പണ്ട് നട്ട് വളർത്തിയ മര മുത്തശ്ശനായ മൾമറി മരത്തിൻ തണലിലിരുന്ന് , ആ കാലഘട്ടത്തിലെ പുരാണങ്ങൾ കേട്ടാസ്വദിച്ച് കൊണ്ടുള്ള ലഘു യാത്രകൾ ...

അതിനിടയിൽ ലോകത്തിലെ ആദ്യത്തെ  ‘ഓപ്പൺ എയർ തീയ്യേറ്റർ’
സ്ഥിതിചെയ്യുന്ന എവോൺ നദീ തീരത്തെത്തി   - യുവാവായിരുന്നപ്പോൾ ,
പ്രകൃതി രമണീയമായ എവോൺ നദീതീരത്ത്  വില്ല്യം തുടങ്ങിവെച്ച പ്രഥമ നാടക വേദി -
ആ വേദിയിൽ ഞങ്ങളേവരും കൊച്ചുകൊച്ച്
സ്കിറ്റുകൾ അവതരിപ്പിച്ച് നിർവൃതിയടഞ്ഞു ..!

കൂടാതെ എലിസബത്ത് ഹാൾ, ന്യൂ പ്ലേയ്സ് ഗാർഡൻ , ഫാം ലാന്റ് ഗാർഡൻസ് , അദ്ദേഹത്തിന്റെ ശവ കല്ലറ,.... അങ്ങിനെയങ്ങിനെ , പണ്ടുണ്ടായിരുന്ന ഷേക്സ്പിയറിന്റെ ഒരു വിധമുള്ള എല്ലാ ചുറ്റുവട്ടങ്ങളും പരിസരങ്ങളും നേരിട്ട് കണ്ടും , തൊട്ടും അറിഞ്ഞ് അതി മനോഹരമായ സഞ്ചാരങ്ങളായിരുന്നു ഞങ്ങളന്നവിടെ നടത്തിയത്...
ഓരോ സ്ഥലങ്ങളിലും , അന്നത്തെ കാലഘട്ടത്തുണ്ടായിരുന്ന വേഷ ഭൂഷാതികളാൽ 
നമ്മെ വരവേൽക്കുന്ന ജോലിക്കാരും , അവയുടെയെല്ലാം ചരിത്രം പറഞ്ഞ് തരുന്ന 
സന്നദ്ധ പ്രവർത്തകരും ..
നാല് നൂറ്റാണ്ടിന് മുമ്പേ എങ്ങിനേയായിരുന്നുവോ  അവയൊക്കെ 
സ്ഥിതി ചെയ്തിരുന്നത് , ആയതെല്ലാം അത് പോലെ കാത്ത് സൂക്ഷിച്ചിരിക്കുന്ന 
ചരിത്ര സ്മാരകങ്ങൾ ...!

ഷേക്സ്പിയറിന്റെ മരണശേഷം , രണ്ട് നൂറ്റാണ്ടോളം
പലരും വിശ്വസിച്ചിരുന്നത് , ഇന്നദ്ദേഹത്തിന്റെ പേരിലുള്ള പല ഗ്രന്ഥങ്ങളും , വേറൊരു വില്ല്യമ്മടക്കം , പല അപരന്മാരാലും  എഴുതപ്പെട്ടവയെന്നാണ് ... !
ഇന്നും പണ്ടത്തെ തമ്പുരാക്കന്മാരായ
ചില പ്രഭു കുടുംബങ്ങളൊക്കെ , അവരുടെ തായ്‌ വഴിയിലുണ്ടായിരുന്നവരാണ്, യഥാർത്ഥ ഷേക്സ്പിയർ എന്ന് പറഞ്ഞ് , ഒരു ‘ ആന്റി ഷേക്സ്പിയർ മൂവ്മെന്റും‘  ബ്രിട്ടന്റെ ചില ഭാഗങ്ങളിൽ ഇന്നും  സജീവമായിട്ടുണ്ട് കേട്ടോ.


പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിൽ , ചരിത്ര ഗവേഷകർ ഇതെല്ലാം വില്ല്യം ഷേയ്ക്പിയർ  തന്നെ എഴുതിയതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ , അന്ന്  250 കൊല്ലം മുമ്പ് തുടക്കം കുറിച്ച  ‘ദി ഷേക്സ്പിയർ ബർത്ത്പ്ലേസ് ട്രസ്റ്റ് ‘( The S.B.T  )  എല്ലാം ഏറ്റെടുത്ത്,  അന്ന്  1847- ൽ
ആ എവോൺ നദീ  തീരത്ത് പണികഴിപ്പിച്ച  -  എന്നും ലണ്ടൻ
ഷേക്സ്പീരിയൻ  ഗ്ലോബിനേ പോലെ - അദ്ദേഹത്തിന്റെ നാടകങ്ങൾ
അരങ്ങേറുന്ന  S.B.T  തീയ്യേറ്റർ ഉണ്ടാക്കി.
പിന്നീട് അദ്ദേഹത്തിന്റേതായ  എല്ലാ വസ്തു വകകളും സംരംക്ഷിച്ച് ,
പോയതെല്ലാം തേടിപ്പിടിച്ച് കൊണ്ട് വന്ന് , ആ ട്രസ്റ്റിന്റെ  കീഴിലാക്കിയിട്ട് , 
എല്ലാം പഴയ പടി തന്നെ ഒരുക്കി  , ഒട്ടും കോട്ടം കൂടാതെ പരിപാലിച്ച് പോരുന്നൂ ... !

ഇന്ന് ഈ  ‘സ്ട്രാറ്റ്ഫോർഡ് -അപ്പോൺ-എവോൺ .
യു.കെയിലെ ഏറ്റവും  വരുമാനമുള്ള  ഒരു ‘ടൂറിസ്റ്റ് ടൌൺ ഷിപ്പാണ് ‘ ...!

ഇന്നീ  സ്ഥലം , 360 ദിനവും ലോകത്തിലെ പല ഭാഗത്ത്
നിന്നും , എന്നും വന്ന് കൊണ്ടിരിക്കുന്ന വിനോദ സഞ്ചാരികളാൽ
തിങ്ങി നിറഞ്ഞ ഒരു വർണ്ണ മനോഹരമായ ഗാർഡൻ സിറ്റിയായി മാറിയിരിക്കുകയാണ് ...!

അദ്ദേഹത്തിന്റെ ജന്മവീട്ടിലെ പൂന്തോട്ടത്തിലും , ആ ഓപ്പൺ എയർ തീയ്യേറ്റർ കോമ്പൌണ്ടിലുമൊക്കെ എല്ലാ ടൂറിസ്റ്റ്കൾക്കും വേണ്ടി അവരോടൊപ്പം ആടിപ്പാടി
കളിക്കുന്ന , ജീവനുള്ള ഷേക്സ്പീരിയൻ കഥാ പാത്രങ്ങളുമൊക്കെയായി സ്മരണകൾ
പുതുക്കാവുന്ന ഒരു മനോഹര തീരം തന്നെയാണ് ഈ പുണ്യയിടം എന്ന് നിശ്ചയമായും പറയാം ...

ലോകത്തിൽ ഇതുവരെ ഒരു കലാ - കായിക - സാഹിത്യ പ്രതിഭക്കും
കിട്ടാത്ത ആദരവും , സ്മരണാജ്ഞലികളും നമുക്കൊക്കെ ഇവിടെ കൺ കുളിർക്കേ
കണ്ടും , കേട്ടുമൊക്കെ അറിയാവുന്നതാണ്...

ഇനി ജസ്റ്റ് ഒന്ന് ഷേക്സ്പീരിയൻ
ചരിത്രത്തിലേക്ക് ഒന്ന് എത്തി നോക്കാം അല്ലേ...
പണ്ട് പണ്ട് പതിനാറാം നൂറ്റാണ്ടിന്റെ കൌമാര ദശയിൽ ഇംഗ്ലണ്ടിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന , ‘വാർവിക്ക്ഷെയറി‘ലെ അതിസുന്ദരമായ ഒരു ഗ്രാമമായ ‘സ്ട്രാറ്റ്ഫോർഡ്-അപ്പോൺ-എവോണിലെ’ ഒരു കയ്യുറ കച്ചവടക്കാരന്റെ മകനായിരുന്നു
‘ജോൺ ഷേക്സ്പിയർ ‘എന്ന കലാകാരൻ ...

അവൻ കൈയ്യുറകളുടേയും , തൊപ്പികളുടേയും , ചെരുപ്പുകളുടേയും മറ്റും
അളവെടുത്താണ് അവിടത്തെ ഒരു ലാന്റ് ലോർഡായിരുന്ന ,കുതിര കച്ചവടക്കാരന്റെ മകളായ‘മേരി‘യുമായി അടുത്തത്.
ജാതിയും, പണവുമൊക്കെയായി ചില പൊരുത്തക്കേടുകൾ
ഉണ്ടായെങ്കിലും, കാരണവന്മാർ 1557- ൽ രണ്ടിനേയും പിടിച്ച് കെട്ടിച്ചുവിട്ടു.

മേരിയുടെ പാർട്ടിഷ്യനായി കിട്ടിയ ഏവോൺ നദീതീരത്തുള്ള ഒരു ഫല-മര-പൂങ്കാവനവും , പാരമ്പര്യമായി ഗ്ലൌസ് നിർമ്മാണ കടയുമായി , ആ ദമ്പതിമാർ നീണാൽ വാഴുന്നതിനിടയിൽ ,
മേരി രണ്ട് കൊല്ലം ഇടവിട്ട് ധാരളം കുഞ്ഞുങ്ങളെ പെറ്റ് കൂട്ടിയെങ്കിലും , അതിൽ എട്ടെണ്ണം മാത്രമേ വളർന്ന് വലുതായുള്ളൂ.

അതിൽ 1564-ൽ ഭൂജാതനായ ‘വില്ല്യം‘ പഠിച്ച്  മിടുക്കനായി നല്ലൊരു
കലാകാരനായി വളർന്നു വന്നു. അവന്റെ ബാല്യകാലത്തുണ്ടായ പകർച്ചവ്യാധിയായ
പ്ലേഗിന്റെ താണ്ഡവത്തിൽ , അവന്റെ ചേട്ടനും , ചേച്ചിയുമൊക്കെ കാലപുരിക്ക് പോയെങ്കിലും , അമ്മ വീട്ടിലെ അതി സുരക്ഷിതമായ ശുശ്രൂഷയാൽ അവന് ജീവൻ തിരിച്ച് കിട്ടി .

പഠനത്തോടൊപ്പം അവൻ നാടകവും ബാലെറ്റും
കഥപറച്ചിലുമൊക്കെയായി നാട്ടുകാരുടെയൊക്കെ
കണ്ണിലുണ്ണിയായി. അന്നത്തെ കാലത്ത് , ഇംഗ്ലണ്ടിൽ  ആളുകളെ
ആനന്ദത്തിൽ ആറാടിപ്പിക്കുന്ന രണ്ടേ രണ്ട് കലാരൂപങ്ങൾ നാടകവും ,
ബാലെറ്റും മാത്രമായിരുന്നു ...

ചെറുപ്പത്തിൽ തന്നെ വില്ല്യം ഈ രണ്ട് കലാരൂപങ്ങൾക്ക് വേണ്ട
കഥകൾ എഴുതിയുണ്ടാക്കി , എല്ലാ വീക്കെന്റുകളിലും വൈകുന്നേരങ്ങളിൽ ,
ആ പുഴക്കരയിൽ ഒരു ഓപ്പൺ എയർ സ്റ്റേജുണ്ടാക്കി പരിപാടികൾ അവതരിപ്പിച്ചു വന്നിരുന്നു.

ഇതിലൊക്കെ ആകൃഷ്ട്ടരായി സമീപ പ്രദേശങ്ങളിൽ നിന്നുപോലും
പ്രഭു കുമാരി കുമാരന്മാരടക്കം , ധാരാളം പേർ വന്ന് അവന്റെ ട്രൂപ്പിൽ അംഗങ്ങളായി
.
അഭിനേതാവ് , കവി , ഗായകൻ എന്നിവയിലെല്ലാം നിപുണനായ ഒരു സകല
കലാ വല്ലഭൻ എന്നതുമാത്രമല്ല , സുമുഖനും സുന്ദരനും സുശീലനുമൊക്കെയായ വില്ല്യമിന് ,
കൌമാരം വിട്ടപ്പോൾ തൊട്ട് തന്നെ ആരാധികമാരുടെ , പ്രണയ കുടുക്കുകളിൽ നിന്നും രക്ഷപ്പെടുവാൻ ഒട്ടും നിർവ്വാഹമുണ്ടായിരുന്നില്ല...!

അന്നവന്റെ നാടക സമിധിയിൽ ആടിപ്പാടി കളിച്ചിരുന്ന
‘അന്നെ ഹേത്ത്വേയ്‘എന്ന് പേരുള്ള , ഒരു ഇട പ്രഭുവിന്റെ
മകളുമായി , വില്ല്യം അനുരാഗവിലോചിതന്നായി എന്ന് പറഞ്ഞാൽ മതിയല്ലോ...

എന്തിന് പറയുവാൻ അവന്റെ മധുര പതിനേഴിൽ തന്നെ , ആ പ്രണയ
ആരാധികയായ  ചേച്ചിക്ക് , ഒരു കുഞ്ഞു ഗർഭം ഉണ്ടാക്കുവാൻ അവന് സാധിച്ചു...!

ഇത്തിരി കോളിളക്കമുണ്ടാക്കിയെങ്കിലും 18 കാരനായ
വില്ല്യം , 1582-മാണ്ടിൽ , 26 കാരിയായ അന്നെയെ കല്ല്യാണിച്ചു.

അങ്ങിനെയാണെത്രേ  സാധാരണക്കാരനായ വില്ല്യമിന് , പ്രഭു-രാജ കുടുംബങ്ങളിലെ പല ഉള്ളുകള്ളികളും , ഉപജാപങ്ങളും മനസ്സിലാക്കുവാൻ സാധിച്ചതും , പിന്നീടവയൊക്കെ , അവന്റെ തൂലികയിൽ കൂടി നല്ല ക്ലാസ്സിക്കുകളായി
എഴുതപ്പെടുവാൻ സഹായിച്ചതും..!

ശേഷം പെട്ടെന്ന് തന്നെ ,  വില്ല്യമിനും അന്നെക്കും മൂന്ന് പെണ്മക്കൾ
ഉണ്ടായി. ഇതിൽ കടിഞ്ഞൂൽ പുത്രി എലിസെബെത്ത് തോമാസ് നാഷ്
എന്ന ബിസ്സനെസ്സ് കാരനേയും , പിന്നീട് ജോൺ ബെർണാട് എന്ന പ്രഭുവിനേയും
കല്ല്യാണം കഴിച്ചെങ്കിലും മക്കളൊന്നും ഉണ്ടായില്ല.

വില്ല്യം പിന്നീട് സമ്പന്നന്നയ ശേഷം , വാങ്ങിയ വസന്ത കാല ഭവനം
ഇന്നും വിനോദ സഞ്ചാരികൾക്ക് , അന്നത്തെ തന്നെ പ്രൌഡിയോടെ
കാണുവാനായി ഇപ്പോഴും  തുറന്നിട്ടുണ്ട്.
വില്ല്യമിന്റെ രണ്ടാമത്തെ മകൾ , ഇരട്ടകുട്ടികളിലൊന്നായ ജൂഡിത്ത് ,
തോമാസ് ക്വൊയിനി എന്ന ഒരു ഇട പ്രഭുവിണെ വിവാഹം നടത്തി
മൂന്നാണ്മക്കൾ ഉണ്ടായെങ്കിലും അവരിലാർക്കും തന്നെ നീണ്ട ആയുസ്സുണ്ടായില്ല.

അതായത് വില്ല്യം സ്വരൂപിച്ച സമ്പാദ്യം കാത്ത്
രക്ഷിക്കുവാനോ , അദ്ദേഹത്തിന്റെ കഴിവുകൾ പിന്തുടരാനോ
പിൻഗാമികളായി  -ന്യൂജനറേഷനായി ,  ഒരു തലമുറ പിന്നീട് ഉണ്ടായില്ല എന്നർത്ഥം..!

ഇതിനൊക്കെ മുമ്പ് വില്ല്യമിന്റെ വളരെ മികച്ച്നിൽക്കുന്ന നാടകാവതരണങ്ങളെ പറ്റി
കേട്ടറിഞ്ഞ് , ലണ്ടനിലെ കച്ചവടക്കാരും , പ്രഭുക്കന്മാരുമെല്ലാം കൂടി , മൂപ്പരെ അങ്ങോട്ടേക്ക് ക്ഷണിച്ച് വരുത്തി , തേംസ് നദീ തീരത്ത് , അന്നത്തെ ഏറ്റവും വലിയ ഒരു നാടക ശാലയുണ്ടാക്കി വില്ല്യമിനെ അവിടെ കുടിയിരുത്തി...
അവിടെ ദിനം തോറും പരിപാടികൾ അവതരിപ്പിക്കുവാൻ
വേണ്ടി വില്ല്യം വീണ്ടും , വീറുള്ള കുറെ നാടക രചനകൾ നടത്തി.

അന്ന് ലണ്ടനിൽ വെച്ച്  വില്ല്യമിന്റെ തൂലികയിൽ നിന്നും
പിറന്നുവീണ കൃതികളെല്ലം പിന്നീട് , ലോക ക്ലാസ്സിക്കുകളായി മാറി...!

നാനൂറ് കൊല്ലങ്ങൾക്ക് മുമ്പ് വില്ല്യം ഷേക്സ്പിയർ , അന്ന് , ഈ ബിലാത്തി പട്ടണത്തിൽ ആരംഭം കുറിച്ച ആ ഗ്ലോബ് തീയ്യേറ്റർ  അതേ പ്രൌഡിയോടെ ഇന്നും ഷേക്സ്പിയറിന്റെ കഥാപാത്രങ്ങൾ  എന്നും വന്ന് നിറഞ്ഞാടിയിട്ട് , ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള കാണികളുടെ   കയ്യടി സ്വീകരിച്ച് , വീണ്ടും വീണ്ടും വേദിയിൽ വന്നുകൊണ്ടിരിക്കുവാൻ അണിഞ്ഞൊരുങ്ങി കൊണ്ടിരിക്കുകയാണ് എന്നുമെന്നും...!

ലണ്ടനിലുള്ള ഈ ഷേക്സ്പീരിയൻ ഗ്ലോബ് തീയ്യേറ്റർ   നാനൂറ് കൊല്ലം
മുമ്പ് ലണ്ടൻ പട്ടണത്തിനുള്ളിൽ തേംസ് നദീ തീരത്ത് പണികഴിപ്പിച്ചിട്ടുള്ള
ഏറ്റവും വലിയ ഒരു നാടക ശാലയായിരുന്നൂ...!

പ്രഭുക്കന്മാർക്കും , മറ്റു മേലാളന്മാർക്കുമൊക്കെ വിസ്താരമായി
മട്ടുപ്പാവിലിരുന്ന് കൺകുളിർക്കെ നാടകം കണ്ടാസ്വദിക്കുവാൻ വേണ്ടി
ഉണ്ടാക്കിവെച്ച ഒരു നാടകാചര്യന്റെ പേരിലുള്ള ഈ തട്ടകം ... !

മറ്റ് കീഴാളന്മാർക്കും , തൊഴിലാളികൾക്കു മൊക്കെ ആ പരിപാടികൾ
നിലത്ത് , നിന്ന്  - മാത്രം കാണുന്നതിനായി വേദിയുടെ , മൂന്ന് ഭാഗങ്ങളിലും ,
സ്റ്റാന്റിങ്ങ് വേർഷനുകളുമൊക്കെയായാണ് ,അന്നാ ആ ഓഡിറ്റോറിയം രൂപ കല്പന
ചെയ്തിരുന്നത് ..


അന്നത്തെ കാലത്ത് , ഇംഗ്ലണ്ടിൽ നമ്മുടെ നാട്ടിലെ പോലെ കൂത്തും ,
കൂടിയാട്ടവും , കളിയരങ്ങുകളും , മറ്റ് കെട്ട് കാഴ്ച്ചകളുമൊന്നുമില്ലാതിരുന്നല്ലോ,
രംഗവേദികളിൽ  വിനോദോപാധിക്കായി ആളുകളെ ആനന്ദത്തിൽ ആറാടിപ്പിക്കുന്ന കലാരൂപങ്ങൾ നാടകവും , ബാലെറ്റും മാത്രമായിരുന്നു ...
ഇവിടത്തുക്കാർ പ്ലേയ്സ് എന്ന് ഇഷ്ട്ടപ്പെട്ട് വിളിക്കുന്ന കളികൾ ...

ഈ വേദിയിലന്ന്  ...
ലണ്ടൻ പട്ടണത്തിലേക്ക്
വരുന്നവരെ മുഴുവൻ , തന്റെ നാടകത്തിലൂടെ ...
മാനവ ജീവിതത്തിൽ നിന്നും
കടഞ്ഞെടുത്ത നന്മകളും , തിന്മകളും , പ്രണയവും , ഈർഷ്യയും മറ്റും അണിനിരത്തിയുള്ള , തന്റെ അന്ന് തന്നെ പേരെടുത്ത കഥാപാത്രങ്ങളാൽ അതി ഭാവുകത്തോടെ നിറഞ്ഞാടി ആവിഷ്കരിച്ചവതരിപ്പിച്ച് വിസ്മയിപ്പിച്ചിരുന്ന  ദേഹമായിരുന്നു  ഈ മഹാ പ്രതിഭയായ വില്ല്യം ഷേക്സ്പിയർ ..!

അന്ന് മുതൽ ഈ നാടകശാല
ലോകപ്പെരുമയുള്ള ഒരു തീയ്യേറ്റർ തന്നേയാണ് ,
ഒന്നര നൂറ്റാണ്ട് മുമ്പ് പഴയ ഗ്ലോബ് കത്തി നശിച്ചപ്പോൾ  ,
അതേ രൂപ ഭാവത്തിൽ തന്നെ  , ഈ ഗ്ലോബിനെ തേംസിന്റെ
അങ്ങേ കരയിൽ നിന്നും , ഇക്കരേക്ക് മാറ്റി പണിതു ...

ലോക മഹായുദ്ധങ്ങളുടെ ഇടയിൽ ചില ബ്രേക്കുകൾ
വന്നതല്ലാതെ , കൃസ്തുമസ് കാലത്തുള്ള ഒഴിവുകളല്ലാതെ ,
മറ്റെല്ലാ ദിനങ്ങളും  , ഈ മഹാനായ സാഹിത്യ വല്ലഭന്റെ , വിശ്വ വിഖ്യാതമായ കഥാപാത്രങ്ങൾ മുഴുവൻ മാറി മാറി വരുന്ന നാടകങ്ങൾ കാണൂവാനായിട്ട് ,  ഭൂലോകത്തിന്റെ പലയിടങ്ങളിൽ നിന്നും ആളുകൾ തിങ്ങി നിറഞ്ഞ് വന്ന് കൊണ്ടിരിക്കുകയാണെന്നും ...!

പലപ്പോഴും കഥാപാത്രങ്ങൾ ഒന്ന് തന്നെയാണെങ്കിലും ആംഗലേയത്തോടൊപ്പം , പല ലോക ഭാഷകളാൽ  സംഭാഷണം ചൊല്ലിയാടുന്നവരായിരിക്കാം...

പല മിത്രങ്ങളുമായി , നിരവധി തവണ ,
ഷേക്സ്പിയർ  നാടകങ്ങൾ , ഈ ഗ്ലോബിൽ പോയി ...
തറ റ്റിക്കറ്റെടുത്താണെങ്കിലും  (സ്റ്റാൻഡിങ്ങ്) കാണ്ടാസ്വദിക്കുവാൻ സാധിച്ചതൊക്കെ എന്റെ ഒരു മഹാഭാഗ്യമായാണ് ഞാൻ കണക്കാക്കുന്നത് ...!


 സാധാരണ സ്റ്റേജ് നാടകം കാണുന്ന പോലെയൊന്നുമല്ല , ഇവിടത്തെ
നാടകാവതരണങ്ങൾ ...  ഭാഷയൊന്നും ആർക്കും ഒരു പ്രശ്നമേ ആവാറില്ലിവിടെ ...
അത്രക്കുണ്ടാകും ആയതിന്റെയൊക്കെ അവതരണ ശൈലികൾ ...
ചിലപ്പോൾ നമ്മുടെ അരികിൽ ഇരിക്കുന്നവർ തന്നെ കോ‍ട്ടൂരി വേഷപ്പകർച്ച
വരുത്തി വേദിയിൽ ചാടി കയറുമ്പോൾ നമ്മൾ ചിലപ്പോൾ ഞെട്ടി പോകും...!

ഈ ഷേക്സ്പീരിയൻ ഗ്ലോബ് തീയ്യേറ്ററിൽ  ( ദേ ഇവിടെ
മനോജ് രവീന്ദ്രന്റെ വിവരണം വായിക്കുക ) നാടകം വീക്ഷിക്കൽ ..
ഒരു അനുഭവം  തന്നെയാണ് കേട്ടൊ കൂട്ടരെ
കഴിഞ്ഞ മാസം ഇമ്മടെ പച്ചമലയാളത്തിൽ
ഫ്രാൻസിൽ നിന്നും വന്ന നമ്മുടെ ചുള്ളന്മാരും , മദാമമാരും കൂടി ,  ഒരാഴ്ച്ചയോളമാണ് ഷേക്സ്പിയറുടെ ‘ഇന്ത്യൻ ടെമ്പസ്റ്റ്’ , ഈ ലണ്ടൻ ഗ്ലോബിൽ , നിറഞ്ഞ് കവിഞ്ഞ ലോക കാണികൾക്ക് മുമ്പിൽ  അവതരിപ്പിച്ച് അവരുടെയെല്ലാം പ്രശംസ പിടിച്ച് പറ്റിയത്..!

നമ്മളൊക്കെ ഒരു രംഗ വേദിയിലേയും നടന്മാരോ ,
നടികളോ , ബാല താരങ്ങളോ മറ്റോ അല്ലെങ്കിലും ജീവിത മെന്ന
നാടകത്തിൽ എന്നും അഭിനയിച്ചുകൊണ്ടിരിക്കുന്നവരാണല്ലൊ..അല്ലേ

എത്രയെത്ര പറഞ്ഞാലും , എഴുതിയാലും
തീരാത്തത്ര രംഗങ്ങൾ  ഇനിയുമിനിയും ബാക്കിയിതാ
നീണ്ട് നീണ്ടങ്ങിനെ നിവർന്ന് കിടക്കുന്ന കാഴ്ച്ചകളാണല്ലോ എങ്ങുമെങ്ങും ...
അതെ
നമ്മുടെയൊക്കെ
ജീവിതം തന്നെ അസ്സലൊരു
നാടകമാണ് ... നാടകമേ ഉലകം...!


കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...