Monday, 1 March 2010

യു.കെ .വിദേശ വിദ്യാർത്ഥി ചരിതം ഒരു വിങ്ങലും പൊട്ടലും ! / U.K .Videsha Vidyarthhi Charitham Oru Vingalum Pottalum !

അന്നും (ഒരു  യൂണി :ക്യാമ്പസ്  ) ഇന്നും.

 

എഞ്ചിനീയറിങ്ങ് കഴിഞ്ഞശേഷം,പാലക്കാട്ടുനിന്നും ബ്രിട്ടനിൽ വന്ന് എം.ബി.എ ഡിഗ്രിയെടുക്കുവാൻ വേണ്ടി കുറച്ചുകൊല്ലം മുമ്പ് ഇവിടെയെത്തിയ ആഞ്ചലോസിന്റെ
അനുഭവങ്ങൾ വിവരിക്കാനാണ് ഞാനിവിടെ വന്നിരുന്നത്.

അപ്പോളിതാ BBC യിൽ നല്ലൊരു ഡോക്യുമെന്ററി...
The Gateway to U.K Education , അതിന്റെ
സത്യങ്ങളും,മിഥ്യയും തുറന്നുകാണിച്ചുകൊണ്ടുള്ളത് .
വ്യാജ സ്റ്റുഡണ്ട് വിസകളെ കുറിച്ചും, ഇവിടെ ഉപരിപഠനത്തിനുവരുന്ന വിദേശവിദ്യാർത്ഥികളെ , എങ്ങിനെയൊക്കെയാണ് വിസക്ക് മുമ്പും,പിമ്പുമൊക്കെ പലരീതികളാലും തട്ടിപ്പിന് വിധേയരാക്കുന്നതുമൊക്കെ കാ‍ണിച്ചുള്ള ചിത്രീകരണങ്ങൾ !

 അതുകൊണ്ട് ഈ കഥയ്ക്കുമുമ്പ് ഞാനൊന്ന് യുകെയിലെ ഇപ്പോഴത്തെ  വിദേശവിദ്യാർത്ഥിചരിതം വെറുതെ ഒന്ന് ചിക്കിമാന്തുകയാ‍ണ്.... 
കോഴിചികയുന്ന പോലെ ,വെറും മുകൾ ഭാഗം മാത്രമാണ് കേട്ടൊ.........

ഈയ്യിടെ ഇവിടെ ബിബിസിയടക്കം ,പത്രമാധ്യമങ്ങൾ എഴുതികൊഴുപ്പിച്ചതാണ് ഈ വിഷയം .
വിദേശവിദ്യാർത്ഥികൾ ഗ്രേറ്റ്ബ്രിട്ടനിൽ
ഇപ്പോൾ അനുഭവിക്കുന്ന നരകയാതനകൾ ...!
ബ്രിട്ടനിലെ ഒരു ഭാരതീയ വിദ്യാർത്ഥി കൂട്ടം

അവ എന്തൊക്കെയാണെന്നുള്ള ഒരു കൊച്ചുഎത്തിനോട്ടം ....
ഇവിടെ വരുമ്പോൾ ലഭിക്കുമെന്നുപറഞ്ഞ മോഹനവാഗ്ദാനങ്ങളൊന്നും കിട്ടാതെ
ഒരു നേരത്തെ ഭക്ഷണം വെറുതെ ലഭിക്കുന്ന സിക്കുഗുരുദ്വാരകളിലും , അമ്പലങ്ങളിലും
മറ്റും കടുത്ത തണവുപോലും വകവെക്കാതെ വരിനിൽക്കുന്ന വിദേശ വിദ്യാർത്ഥിക്കൂട്ടങ്ങൾ ,
വെറും പകുതിവേതനത്തിനുപോലും ഹോട്ടലുകളിലും, മറ്റുപലയിടത്തും എന്തുപണിയും ചെയ്തുകൊണ്ടിരിക്കുന്ന ഉന്നതബിരുധാരികൾ ,
ഒരു ആഴ്ച്ച ട്രെയിനിങ്ങ് എന്നുപറഞ്ഞ് പണിയെടുപ്പിച്ചിട്ട് , 
ശരിയായില്ലയെന്ന് പറഞ്ഞ് പിരിച്ചുവിടും ! പിന്നെ അടുത്ത ട്രെയിനികൾ ! അങ്ങിനെ സ്റ്റുഡൻസിനെവെച്ച്  കൂലി ലാഭിക്കുന്ന കച്ചവടക്കാർ ,
ഒരു ടോയ്ലെറ്റ് മാത്രമുള്ള ത്രീ-ബെഡ്-റൂം വീടുകളിൽ പോലും പലരാജ്യക്കാരുമായി എട്ടും, പത്തും,അതിലധികവും  സ്റ്റുഡെൻസുമായി ഷെയർചെയ്തു താമസിക്കുന്നവർ,...,...,.....
അങ്ങിനെ നിരവധി പിരിമുറുക്കങ്ങളുമായാണ് ഇവിടെയിപ്പോൾ
ഈ പുത്തൻ പഠിതാക്കൾ പയറ്റിതോറ്റുകൊണ്ടിരിക്കുന്നത് !

ഏതാണ്ട് പത്തുകൊല്ലം മുമ്പുവരെ ഇവിടെ യു. കെ. യിൽ ഉന്നത വിദ്യാഭ്യാസത്തിന് വന്നിരുന്നത് നമ്മുടെ നാട്ടിലെ വമ്പന്മാരുടേയും , മേൽതട്ടുകാരുടേയുമൊക്കെ മക്കളോ ,ബന്ധുക്കളോ  മാത്രമായിരുന്നു . വളരെയപൂർവ്വം സാധാരണക്കാർ സ്കോളർഷിപ്പ് മുഖാന്തിരവും എത്തിയിരുന്നുട്ടാ..

ഈ  കുത്തക തകർന്നത് ; ലേബർ പാർട്ടി അധികാരം കയ്യടക്കിയതുമുതൽ പുറം രജ്യത്തുനിന്നു പഠിക്കുവാന്‍  വരുന്ന വിദ്യർഥികൾക്ക് പലപലയാനുകൂല്യങ്ങളും അനുവദിച്ചുകൊടുത്തതിനാലാണ് .
പിന്നീട് ബ്രിട്ടനിലേക്കുള്ള ഫോറിൻ വിദ്യാർത്ഥികളുടെ കടന്നുകയറ്റം ക്രമാധീതമായി ഓരൊ കൊല്ലം തോറും വർദ്ധിച്ചുവരികയായിരുന്നു.

ആ സമയത്ത് നാട്ടിൽനിന്നും ലോണും മറ്റും എടുത്ത് സാധാരണക്കാരായ പലരും പഠനത്തോടൊപ്പം തൊഴിലും എന്നപദ്ധതി പ്രകാരം യു.കെയിൽ എത്തിപ്പെട്ടു.
ഡിഗ്രി സർട്ടിഫിക്കേറ്റിനേക്കാൾ കഴിവിന് ( Efficient and Energetic ) പ്രാധാന്യം നൽകുന്ന ഈ രാജ്യത്ത്  നല്ല ബാങ്ക് ബാലൻസും, വർക്ക് പെർമ്മിറ്റും കരസ്ഥമാക്കി ഇവിടെ സ്ഥിരതാമസമാക്കിയ ഒട്ടേറെ മിടുക്കന്മാരും, മിടുക്കികളും സസുഖം ഇപ്പോഴും ഇവിടെ വാഴുന്നുണ്ട് കേട്ടൊ.
An Education  Moto of  U.K

ഒപ്പം തന്നെ പഠനമവസാനിച്ചു പോകുമ്പോൾ നാലഞ്ച് മൊബൈയിൽ കോണ്ട്രാക്റ്റ് ഫോണുകളടക്കം ,അന്നിവിടെ വാരിക്കോരി കൊടുത്തിരുന്ന ലോണുകളും എടുത്ത് ,ക്രെഡിറ്റ്
കാർഡ്കളും ഉപയോഗിച്ച് ലക്ഷങ്ങളുമായി മുങ്ങിയിരുന്ന, അതി നിപുണന്മാരും അന്നുണ്ടായിരുന്നു !
ആ നഷ്ട്ടങ്ങളെല്ലാം ഇവിടത്തെ ഇൻഷൂറൻസ്
കമ്പനികൾക്കു പോയി !
നാലുകൊല്ലം മുമ്പ് എന്റൊപ്പം  താ‍മസിച്ചിരുന്ന നാട്ടിലെ ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ, ഇവിടത്തെ രണ്ട് ബാങ്കുകളിൽ നിന്നായി ഇരുപത്തിയഞ്ചുലക്ഷം രൂപയുമായി മുങ്ങി !
ആ വിരുതൻ ,ഇപ്പോൾ കാനഡയിൽ പൊങ്ങിയപ്പൊൾ എന്നോടുവിളിച്ചുപറഞ്ഞത്
പണ്ടീവെള്ളക്കാർ നമ്മടെ കുറേ കട്ടുകൊണ്ടുവന്നില്ലേ--ങ്ങ്--
ഇങ്ങിനെയെങ്കിലും കുറേശെ പകരം വീട്ടണ്ടേ എന്നാണ് !'
ഈ പറഞ്ഞെതെല്ലാം പഴയ കഥകളാണ് കേട്ടൊ.
പടിഞ്ഞാറൻ രാജ്യങ്ങളിൽ സമ്പത്തുമാന്ദ്യം പൊട്ടിപുറപ്പെട്ടതോടുകൂടി , ഇവിടെവരുന്ന വിദ്യാർത്ഥികളുടെ വരുമാനത്തിനും ഇരുട്ടടിയായി. പോരാത്തതിന് യൂറോപ്പ്യൻ യൂണിയനിലെ സാമ്പത്തികകമായി പിന്നോക്കം നിൽക്കുന്ന  രാജ്യങ്ങളിലെ അനേകം തൊഴിലാളികൾ
ബ്രിട്ടനിലെ തൊഴിൽമേഖലകൾ കീഴടക്കുകയും ചെയ്തു.

പക്ഷേ ഇവിടെ ഇപ്പോൾ ഉപരിപഠനത്തിനുവന്നവർ അനുഭവിക്കുന്ന ദുരിതങ്ങളൊന്നും അറിയാതെ ,വിദ്യാർത്ഥികൾക്കുള്ള വിസാ നിയമം കർശനമാക്കിയതിനുശേഷവും, യുകെ യിലേയ്ക്ക് സ്റ്റുഡെൻസിന്റെ പ്രവാഹം ,ഏജന്റുമാരുടെ ഒത്താശയോടെ വിഘ്നം കൂടാതെ ഒഴുകിക്കൊണ്ട് തന്നെയിരിക്കുകയാണ് ഇപ്പോഴും....

പതിനെട്ടുവയസ്സുമുതൽ അറുപതുവയസ്സുവരെ സ്റ്റുഡന്റായി വരാമെന്നുള്ളതുകൊണ്ട് ആർക്കും വരാമല്ലോ. വടക്കെയിന്ത്യയിൽ നിന്നുമൊക്കെ വ്യാജസ്റ്റുഡണ്ട് വിസയിലെത്തി
കോളേജ് കാണാതെ സമ്പാധിച്ചുനടക്കുന്നവരും ധാരാളം ഉണ്ട് കേട്ടൊ.

നന്നായി കമ്മീഷൻ കിട്ടുന്ന ഇടനിലക്കാരായ ഏജന്റുമാരുടെ പ്രലോഭനങ്ങളിൽ കുടുങ്ങി ഇവിടെവന്നെത്തുമ്പോഴാണ്,പലരും ഒരു ഊരാകുടുക്കിലാണല്ലൊ പെട്ടുപോയെതെന്ന് ചിന്തിക്കുന്നത് !

കഴിഞ്ഞകൊല്ലത്തേക്കാൾ ഇരട്ടി,ഏതാണ്ട് അമ്പതിനായിരത്തോളം ഭാരതീയവിദ്യാർത്ഥികൾ
ഈ സീസണിൽ തന്നെ ഇവിടെയെത്തിയിട്ടുണ്ടെത്രേ !

അമേരിക്കയിലെ ഭീകര പഠനച്ചിലവും ,ആസ്ത്രേലിയയിലെ വംശീയാതിക്രമങ്ങളും , ലോകത്തെവിടേയും വിലമതിക്കുന്ന യുകെ ഡിഗ്രികളുമൊക്കെകാരണം ബ്രിട്ടൻ തന്നെയാണ് , ഇപ്പോൾ ഏതൊരുവനും ഉന്നത പഠനത്തിന് തെരെഞ്ഞെടുക്കുന്ന തട്ടകം കേട്ടോ !


ക്ലബ്ബും,പബ്ബും,ഫുഡും ഒക്കെയുള്ള യു.കെ.ക്യാമ്പസുകൾ !

കൂട്ടരെ ആരെങ്കിലും ഉന്നത പഠനത്തിനായി  യുകെയിലേക്ക് വരുന്നതിനുമുമ്പ് ഈ കൊച്ചുകാര്യങ്ങൾ ഒന്നോർമ്മിക്കുമല്ലോ..

ഇവിടെ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നവരോ, അടുത്ത്  ഇവിടെ നിന്നും ഡിഗ്രിയെടുത്ത് വന്നവരുമായോ, ഇപ്പൊൾ ഇവിടെയുള്ള സ്ഥിതി വിശേഷങ്ങൾ ചോദിച്ചുമനസ്സിലാക്കുക.

ഏജന്റില്ലാതെ നേരിട്ടുതന്നെ യൂണിവേഴ്സിറ്റിയുമായി  ഇടപാടുകൾ നടത്തുവാൻ ശ്രമിക്കുക. അങ്ങിനെയാണെണിൽ അവർക്ക് പോകുന്ന ആ വലിയ കമ്മീഷൻ തുക തന്നെ , അപേക്ഷിക്കുന്നവന് നീക്കി വെക്കാം !

നല്ലക്യാമ്പസുകളിലേക്കുള്ള പ്രവേശനം സെപ്തംബർ മാസമാണ് ഇവിടെ നടക്കുക !
ആയതുകൊണ്ട് പരമാവധി ജനുവരിയിൽ തുടങ്ങുന്ന കോഴ്സുകളേക്കാൾ മുന്തൂക്കം സെപ്തംബർ കോഴ്സുകൾക്ക് നൽകുക ...
ഈ വർഷം മുതൽ യുകെ യിലേക്കുള്ള സ്റ്റുഡണ്ട് വിസാ പെർമിറ്റ് ,വീണ്ടും കുറച്ചുകൂടി കർശനമാക്കുവാൻ പോകുകയാണത്രേ ! ഒപ്പം ഭേദഗതികളോടെ കുറെ വിദ്യാഭ്യാസനിയമങ്ങളും നടപ്പിലാക്കുവാൻ പോകുന്നുണ്ടുപോലും...
അപ്പോൾ ഇനിമുതൽ  ഈ സ്വപ്നഭൂമിയിലേക്ക് വിദ്യാഭ്യാസ വിസയുമായി പറന്നുവരുവാൻ ഒരുമ്പെടുന്നവർ ; ഒന്ന് കണ്ടും ,കേട്ടുമൊക്കെ വരുമല്ലൊ  , അല്ലേ ?

അല്ലാ ,നമ്മുടെ ആഞ്ചലോസിന്റെ കഥയെങ്ങോട്ടുപോയി ?
ജോറായി ....
കഥപോയിട്ട് ഒരു  വഞ്ചിപ്പാട്ടായി കേട്ടൊ...!
അതിനെനിക്ക് നതോനത വൃത്തം  അറിഞ്ഞിട്ട് വേണ്ടേ..!ആഞ്ചലോസ് ചരിതം ഒരു വഞ്ചിപ്പാട്ട്


അന്നത്തെ ആ  ആഞ്ചലോസ്

ഒരാറുകൊല്ലം മുമ്പ് ഒരു പഴ കമ്പനിയിലെ സഹചാരിയായിട്ടാണ്
ആഞ്ചലോസിനെ ഞാൻ  പരിചയപെടുന്നത് ,വിസ തീർന്നുനിൽക്കുന്ന
ഒരുവനായിട്ട് !
അതും ധാരാളം നഷ്ട്ടബോധങ്ങളുമായി .
അപ്പച്ചന്‍ മരണപ്പെട്ട ശേഷം , അവനെ ഈ യുകെ പഠനത്തിന്റെ
പേരിൽ ഭാഗപത്രത്തില്‍ നിന്നും എഴുതി തള്ളിയപ്പോൾ ; ബന്ധങ്ങളേക്കാള്‍
വില സ്വത്തിനാനെന്നു മനസിലാക്കിയവൻ !
എല്ലാവരാലും ഉപേഷിക്കപ്പെട്ട ഒരുവനായി.....
ബ്രിട്ടനിൽ  MBA ഡിഗ്രി എടുക്കാന്‍ വന്ന് ഒരു ഗതിയും
കിട്ടാതെ ഇങ്ങനെ അലയേണ്ടി വന്ന സ്ഥിതിവിശേഷങ്ങളെ
കുറിച്ച് ,അവൻ പലപ്പോഴായി  എന്നോട് പറഞ്ഞ കഥകളാണിവ കേട്ടൊ

ഒരു യു കെ നൈറ്റ് ക്ലബ്ബ് 


മാഞ്ചസ്റ്ററിൽ പഠിയ്ക്കുന്ന , മലയാളി പയ്യന്‍ തന്റെ ,
അഞ്ചുവര്‍ഷ യു.കെ ക്കഥ, ചൊല്ലാംതന്നെ ഇപ്പോള്‍മെല്ലെ ;
അഞ്ചാറടി പൊക്കമുള്ള, ഒത്തവണ്ണം തടിയുള്ള ,
ആഞ്ചലെന്ന് പേരുക്കേട്ട, അടിപൊളി ചെത്തുപയ്യന്‍ !

കാഞ്ചിക്കോട്ടെ ചാക്കോചേട്ടൻ‍, വല്ലഭനാം മുതലാളി ,
കാഞ്ചനത്തിൻ ജ്വല്ലറിയാൽ ,പണമെല്ലാം വാരിക്കോരി,
പഞ്ചായത്തില്‍ കേമനായി, നാട്ടുകാരെ വിറപ്പിച്ചു !
അഞ്ചാ ണ്മക്കള്‍ പഠിപ്പിലും, കേമത്തങ്ങള്‍ കാണിക്കാനും ,

കഞ്ചാവെല്ലാംപുകയ്ക്കാനും , തല്ലുക്കൊള്ളി തരത്തിനും ,
പുഞ്ചപ്പാടം വിളഞ്ഞ പോല്‍ ,ഒന്നിച്ചായി ശോഭിച്ചല്ലോ ....
പഞ്ചാബില്‍പ്പോയി പഠിച്ചിട്ട് , താഴെയുള്ള പയ്യനപ്പോള്‍
എഞ്ചിനീറായി വന്നനേരം, വിട്ടയച്ചു ‘യുകെ‘ യില് .

അഞ്ചാമത്തെ പൊന്നുപുത്രന്‍ , ‘യുകെ‘കണ്ടു വാപൊളിച്ചു !
വഞ്ചിപെട്ട കയം പോലെ , ചുറ്റി ചുറ്റി തിരിഞ്ഞല്ലോ ?
മൊഞ്ചുള്ളയാ പ്പബ്ബുകളും, പഠിപ്പെങ്കില്‍ ക്ലബ്ബില്‍ മാത്രം !
അഞ്ചുപത്തു ലക്ഷം വീതം ,കൊല്ലം തോറും അയച്ചിട്ടും ,

ആഞ്ചലോസ് മോനെപ്പോഴും ,പൈസയൊന്നും തികഞ്ഞില്ല !
ഫ്രഞ്ച്‌കാരി പെണ്ണൊരുത്തി, കൂടെ വന്നു കിടന്നിട്ടും ,
വെഞ്ചാമര ത്തലയുള്ള ,വെള്ളമഞ്ഞ തൊലിയുള്ള ,
കാഞ്ചനത്തിന്‍ ശോഭയുള്ള തരുണികള്‍ ചുറ്റും ക്കൂടി ;

കൊഞ്ചികൊഞ്ചി നടന്നിട്ടും, പ്രേമം പോലെ നടിച്ചിട്ടും ,
പഞ്ചറാക്കിയാഞ്ചലോസിന്‍ , ഭാവി തന്റെ ചക്രംങ്ങളും !
അഞ്ചുപെനി ഇല്ലാതവന്‍ ,ലഹരിയില്‍ മുക്തി നേടി
പിഞ്ചുകുഞ്ഞുങ്ങളെപ്പോലെ ,തേങ്ങി തേങ്ങി ക്കരയുന്നൂ ....

പുഞ്ചിരിച്ച ക്കൂട്ടരെല്ലാം, കണ്ട ഭാവം നടിക്കാതെ ;
പഞ്ചപാവ മിപ്പയ്യനെ, തെരുവില് തള്ളിയിട്ടൂ ....
വഞ്ചനയില്‍ പെട്ടിട്ടാണ് , സ്വന്തം കാര്യം നോക്കാതാണ് ,
ആഞ്ചലോസിന്‍ കഥയിത് ; ഗുണപാഠം കൂട്ടുകാരെ !!
കഴിഞ്ഞ മാസം ആഞ്ചലോസിനെ അവിചാരിതമായി
ഞാന്‍ ലണ്ടനില്‍ വെച്ചുവീണ്ടും കണ്ടുമുട്ടി !
ഇവിടെ ജനിച്ചു വളര്‍ന്ന ഒരു മേനോത്തി കുട്ടിയുടെ
കെട്ടിയോനായിട്ടാണ് അപ്പോൾ കണ്ടത്, ഇവിടെയാണെങ്കിൽ
ജാതി ,മതം ,നാട് ,വര്‍ഗ്ഗം ......ഒന്നും തന്നെയില്ലല്ലോ !
പോരാത്തതിന് ബ്രിട്ടീഷ് ടെലഫോൺസിൽ ഉഗ്രനൊരുജോലിയുമായി മൂപ്പർക്ക്.

ബ്രിട്ടനില്‍ കാലുകുത്തി നിലയുറപ്പിക്കാന്‍ വേണ്ടിമാത്രം ,
ഈ  പെൺക്കുട്ടിയെ വിവാഹം കഴിച്ച് ,ബ്രിട്ടൻ സിറ്റിസൻഷിപ്പ്
കിട്ടിയശേഷം  ഇവളെ പലകാരണങ്ങൾ പറഞ്ഞ് ഉപേഷിച്ച ഒരു വില്ലന്‍ ഭര്‍ത്താവിന്റെ കഥയും ഇവരുടെ പുത്തന്‍ ജീവിതകഥയ്ക്ക് പിന്നിലുണ്ട് കേട്ടൊ..

ആഞ്ചലോസ് അടുത്ത ഒരു ജീവിതാഭിലാഷത്തെ
കുറിച്ചും എന്നോടു പറഞ്ഞൂട്ടാ....
കാശുണ്ടായ ശേഷം ;സ്വന്തം ജീവിതകഥ ,
അതും പ്യഥിരാജിനെ നായകനാക്കി ഒരു സിനിമ പിടിക്കണമെന്ന്...
എന്നോടാണ് പാട്ട് എഴുതുവാന്‍ പറഞ്ഞിരിക്കുന്നത് !
അപ്പതുകൊള്ളാം ;
പടം പൊളിയുവാന്‍ പിന്നെ എന്തെങ്കിലും കാരണം വേണോ ?
off peak :-    ഇവിടെ വന്ന പത്രവാർത്തകളിൽ  നിന്നും കുറച്ചിതാ...

Students line up outside a centre for filing visa applications to the UK

London: Hundreds of Indian students who come to the UK to pursue courses in colleges are unable to find part-time work to fund their stay and studies here and have been forced to eat in gurdwaras in Southall.

There has been a three-fold rise in the number of Indian students coming to the UK since the points-based immigration system was introduced in April this year. Many of them come in the hope of finding work so that they can live here.

A BBC Radio 5 documentary found that such students were desperate when they could not find work. They were also reluctant to return to India for the shame that would follow. Many such students flock to the gurdwaras in Southall for free food.

The documentary, broadcast on Sunday, quoted Nitin Walia, a student who has sought refuge at the gurdwara, as saying: “I can’t afford to rent a room, I am borrowing money from relatives at home just to buy my bus fare to college. I will only be able to rent a room if I can find a job, if I.....
സ്റ്റുഡണ്ട് വിസയിൽ  ലണ്ടനിൽ എത്തിയ
അരുൺ അശോക്
ഈയ്യിടെ എഴുതിയ ഈ  ബ്ലോഗ് കൂടി നോക്കൂ.....

http://arun-gulliblestravels.blogspot.com/
 UK EDUCATED GROOM-A MYTH /17 Feb 2010.
 അതുപോലെതന്നെ യുകെയിലുള്ള വിഷ്ണുവിന്റെ വിദേശവിദ്യാഭ്യാസത്തെ കുറിച്ചുള്ള തികച്ചും വിജ്ഞാനപ്രദമായ ഈ ബ്ലോഗും കൂടി നോക്കുമല്ലൊ
വിദേശപഠനം 
http://videshapadanam.blogspot.com/ 
ബ്രിട്ടനിലെ പേരുകേട്ട  കുറച്ചു സർവ്വകലാശാലകൾ

 

 
 
 
Top Ten in the World


ലേബൽ :-

കണ്ടതും കേട്ടതും.മനാമയിലെ മമ കഥയിത് ഒരു തീരാക്കഥ ... ! / Manamayile Mama Kathayithu Oru Theerakkatha ...!

ഇപ്പോഴൊന്നും തീരാത്ത ഒരു പഴയ യഥാർത്ഥമായ സാങ്കല്പിക കഥയിലെ കഥാപാത്രങ്ങളായി നിറഞ്ഞാടുകയാണ് ഇപ്പോഴും ജീവിച്ചിരിക്കുന്ന ഇക്കഥയിലെ മിത്രങ്ങൾ .   ...