Wednesday 28 January 2015

എക്സ്_ മെഷീന ... ! / Ex_ Machina ... !

ഒരു നല്ല ഗണത്തിൽ പെട്ട സിനിമ  ഇറങ്ങിയ ഉടനെ തന്നെ അത് കണ്ട് പൂതി തീർക്കുന്ന ശീലമൊന്നും എനിക്കില്ല .
പക്ഷേ ഇപ്രാവശ്യം ഒരു പൂച്ച ഭാഗ്യം പോലെ ഒരു വമ്പൻ സിനിമാ പ്രദർശന ശാലയിൽ പോയി , ഇറങ്ങിയ ഉടനെ തന്നെ ഈ എക്സ് മെഷീന (രണ്ട് മിനിട്ട് വീഡിയോ ) കാണുവാൻ സാധിച്ചു...!

കാരണം  കണവനേയും , കാമുകനേയുമൊക്കെ ഉപേക്ഷിച്ച്
എന്റെ സഹപ്രവർത്തകയും , ഒരു കമ്പ്യൂട്ടർ തലയത്തിയുമായ 'മിയാ ചൌദരി' ,
പതിനഞ്ച് കൊല്ലത്തെ , ലണ്ടൻ വാസം  വെടിഞ്ഞ് ; അടുത്താഴ്ച്ച ബംഗ്ലാദേശിലേക്ക്
പോകുന്നതിന് മുമ്പ്  -  അവാസാന ‘കൂടിക്കാഴ്ച്ച കം ചിലവ് ‘ പ്രമാണിച്ചാണ്  - തനിയൊരു സിനിമാ ഭ്രാന്തത്തിയായ അവളെന്നോട് അന്ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന , ആ ഐ- മാക്സ് / I.Max സിനിമയിലേക്ക് വരാൻ പറഞ്ഞത്...!

എന്റെ കൂട്ടുകാരിയായ ഈ മിയയിൽ നിന്നും പല സിനിമാ കാര്യങ്ങളും പലപ്പോഴായി അറിഞ്ഞതുകൊണ്ട് , ഈ വിഷയത്തിൽ എനിക്കിപ്പോൾ കുറച്ച് കുറച്ച് വിവരം വെച്ചിട്ടുണ്ട്.

ഇന്ത്യയിലെ കൽക്കട്ടയിൽ വന്ന് ഡിഗ്രിയെടുത്ത മിയയുടെ അനേകം ഫോളോവേഴ്സുള്ള  ബംഗാളി ബ്ലോഗിൽ , സിനിമാ റിവ്യൂകൾ മാത്രമേ ഉള്ളൂ . അവളുടെ ഇഷ്ട്ടപ്പെട്ട മൂവികളായ സബ് ടൈറ്റിലുകളുള്ള ഹിന്ദിയും , മലയാളവുമടക്കം , പല ഇന്ത്യൻ സിനിമകളും - അവയുടെ ‘യൂ-ട്യ്യൂബ് ലിങ്കു‘കൾ സഹിതം നടീനടന്മാരുടേയും , മറ്റ് സാങ്കേതിക , കലാ സംവിധായകരുടേയും പേരുകൾ ചേർത്ത്  , പോസ്റ്ററുകളടക്കം ആലേഖനം ചെയ്ത് , വളരെ  നന്നായിട്ട്  വിശകലനം കാഴ്ച്ച വെക്കുന്ന ധാരാളം വിസിറ്റേഴ്സുള്ള , തനിയൊരു സിനിമാ ബ്ലോഗ്ഗാണ് മിയയുടേത്...

പിന്നെ , ഇവിടെ ലണ്ടനിലെ ഇത്തരം തീയ്യറ്ററുകളിൽ പോയി സിനിമ കാണുക എന്ന് പറഞ്ഞാൽ അതൊരു സാക്ഷാൽ ‘എന്റെർടെയ്മന്റ്‘ തന്നേയാണ്...!

ലാവീഷായി അവിടത്തെ ഭക്ഷണ ശാലകളിൽ നിന്നും ഫുഡും , ഡ്രിങ്ക്സുമൊക്കെ വാങ്ങി വന്ന് കഴിക്കുവാനും , ഇരുന്നോ , കിടന്നോ മറ്റോ സിനിമകൾ ആയതിന്റെ സാങ്കേതിക മികവൊന്നും നഷ്ട്ടപ്പെടാതെ കാണുവാനും പറ്റുന്ന സിനിമാ ശാലകൾ ...!
50 മുതൽ 500 സീറ്റ് വരെയുള്ള 3 മുതൽ 15 വരെ  പ്രദർശന ശാലകളുള്ള
മൾട്ടി സിനിമാ കോമ്പ്ലക്സുകളാണിവിടത്തെ ഒട്ടുമിക്ക സിനിമാ കൊട്ടകകളും...!

ലണ്ടനിലെ പല ടൌൺ സെന്ററുകളിലും , വലിയ വലിയ ബിസിനെസ്സ് പാർക്കുകളിലും , ഷോപ്പിങ്ങ് മാളുകളിലുമൊക്കെ സിനിമാ പ്രദർശന കമ്പനികളായ Vue /വ്യൂ ,  Show Case /ഷോ കേസ് ,  Cine World / സിനി വേൾഡ് ,  Odeon /ഓഡിയോൺ മുതലായ സിനിമാ ചെയിൻ കുത്തക കമ്പനികളുടേയൊ , എമ്പയർ , ബോളിയൻ എന്നീതരം ഗ്രൂപ്പുകളുടേയൊ ഏതെങ്കിലും ഫിലീംസ് എക്സിബിഷൻ ഹാളുകളും അവിടെയൊക്കെ സ്ഥിതി ചെയ്യുന്നുണ്ടായിരിക്കും ..!

ലണ്ടന്റെ വിവിധ ഭാഗങ്ങളിലുള്ള നാനാ തരത്തിലുള്ള ജനങ്ങളുടെ അഭിരുചിയനുസരിച്ച്,
ലോകത്തിലെ എല്ലാ ഭാഷാ ചിത്രങ്ങളും ഇപ്പോൾ ലണ്ടനിലും അതാത് സമയത്ത്  കാണുവാൻ പറ്റും ...

ഉദാഹരണത്തിന് , ഇന്ത്യൻസ് കൂ‍ടുതൽ അധിവസിക്കുന്ന ഈസ്റ്റ് ലണ്ടനിലെ 'ഇൽഫഡ് സിനിവേൾഡിൽ ‘ എന്നും പുതിയ ഇംഗ്ലീഷ് , ഹിന്ദി , തമിൾ , തെലുങ്ക്, പഞ്ചാബി , കന്നട , മലയാളം , സിംഹള മുതലായ സിനിമകൾ അഭ്രപാളികളിൽ കൂടി , വലിയ സ്ക്രീനുകളിൽ വീക്ഷിക്കുവാൻ സാധിക്കും...

‘സിനി വേൾഡി‘ന്റെയൊക്കെ 17 പൌണ്ട് (1750 രൂപ ) മാത്രമുള്ള ‘അൺ ലിമിറ്റഡ് മന്ത്ലി സിനിമാ പാസ്‘  ‘ എടുത്താൽ , യു.കെയിലുള്ള സിനി വേൾഡിന്റെ  , ഏത് സിനിമാ കൊട്ടകയിലും പോയി , എത്ര പടം വേണമെങ്കിലും കാണാം . അതായത് വെറും 17 പൌണ്ടിന് ഒരു സിനിമാ  പ്രേമിയ്ക്ക് , ഒരു ദിവസം 4 പടം വെച്ച് കാണുകയാണേൽ ഒരു മാസത്തിൽ 120 പുത്തൻ സിനിമകൾ വീക്ഷിക്കാമെന്നർത്ഥം..!

ദിനം പ്രതി ലണ്ടനിലുള്ള നൂറോളമുള്ള സിനിമാ കമ്പനികളിലെ  , 950 സിനിമാ പ്രദർശന ശാലകളിൽ ലോകത്തിലെ വിവിധ ഭാഷകളിലായ് ഏതാണ്ട് നാലായിരത്തോളം സിനിമാ പ്രദർശനങ്ങൾ നടക്കുന്നുണ്ടെത്രെ...!

അല്ലാ ..
ഞാനിത് വരെ ഈ ‘എക്സ് മെഷീന‘യുടെ
വിശകലനത്തിലേക്ക് കടന്നില്ലാ ....അല്ലേ

ഒരു വിധം സയന്റിഫിക് മൂവികളെല്ലം എനിക്കിഷ്ട്ടമാണ് . അഞ്ച് കൊല്ലം മുമ്പ്  AVATAR / അവതാറിനെ കുറിച്ച് എന്റെ ബ്ലോഗ്ഗിൽ  ഒരു അവതാരിക എഴുതിയിട്ടപ്പൊൾ ,ആയത് മാതൃഭൂമി ആഴ്ച്ച പതിപ്പിലെ  ബ്ലോഗനയയിൽ വന്നപ്പോൾ അത്ഭുതം കൊണ്ട് തലയും കുത്തി നിന്ന ആളാണ് ഞാൻ ..!

അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാൻ
ഒരു സിനിമാ വിശകലനം കൂടി ഇതാ എഴുതിയിടുകയാണ് ..


അലക്സ് ഗർലാന്റ്  ( Alex Garland  ) തന്റെ വിജയിച്ച The Beach  , 28 Days Later എന്നീ മുൻ തിരക്കഥകൾക്ക് ശേഷം , ആളുടെ തന്നെ ഒരു ബെസ്റ്റ് സെല്ലർ സയൻസ്  ഫിക് ഷൻ പുസ്തകത്തിന്  , വീണ്ടും തിരക്കഥയെഴുതി , ആദ്യമായി സംവിധാനവും കൂടി നിർവ്വഹിച്ച , ഒരു ക്ലാസ്സിക് സയന്റി-ഫിക് ത്രില്ലർ തന്നെയാണ്  2015 ൽ ഇറങ്ങിയ Ex Machina / എക്സ് മെഷീന എന്ന ഈ ബ്രിട്ടീഷ് മൂവി...!


 ആംഗലേയ ഭാഷയിലേക്ക് ലാറ്റിനിൽ നിന്നും കടമെടുത്തിട്ടുള്ള  ‘Deus Ex Machina / ഡ്യൂസ് എക്സ് മാകീനാ ‘എന്ന രൂപകത്തിന്റെ അർത്ഥം വരുന്നത് ഒരിക്കലും സാധിക്കാത്ത ചില കാര്യങ്ങൾ  നടപ്പിലാവുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസത്തെ പറ്റി വിശേഷണം നടത്തുന്ന ഒരു ‘ഫ്രെയ്സ് ‘എന്ന നിലക്കാണ്
പടച്ച തമ്പുരാൻ വന്ന് നടത്തിയ വിസ്മയം എന്നൊക്കെ നാം പറയുന്ന പോലെ..
ഒപ്പം തന്നെ 'Ex_ Machine / മുമ്പ് യന്ത്രമായിരുന്നവ' എന്ന സൂചനയും കൂടി എഴുത്തുകാരൻ തന്റെ പുസ്തകത്തിൽ പ്രകടിപ്പിക്കുന്നുണ്ട് .ഈ ദ്വയാർത്ഥങ്ങളിൽ  മുൻ യന്ത്രമായിരുന്നവൾ എന്ന അർത്ഥം വരുന്ന Ex_ Machina / എക്സ്‌‌ ‌മെഷീന തന്നെയാണ് ഈ സിനിമക്ക് ഇവിടെ സ്വീകരിക്കപ്പെട്ടിട്ടുള്ളത് ..!

അഭിനേതാക്കളും കഥാപാത്രങ്ങളും
Alicia Vikander ...
Ava /എവ
Domhnall Gleeson ...
Caleb / കേലബ്
Oscar Isaac ...
Nathan / നെയ്തൻ


Sonoya Mizuno ...
Kyoko  /ക്യോകൊCorey Johnson ...
Helicopter Pilot / പൈലറ്റ്

വെറും മൂന്നാലു കഥാപാത്രങ്ങൾ മാത്രം നിറഞ്ഞാടിയ  ഈ സിനിമ തുടങ്ങുന്നത് കേലബ് എന്ന 26 കാരനായ കമ്പ്യൂട്ടർ  ജീനിയസ്സായ പയ്യന് , അവൻ നവീനമായി  ആവിഷ്കരിച്ച സെർച്ച്
എഞ്ചിന് പാരിതോഷികമായി , മ്ടെ ഗൂഗ്ഗിളിന്റെയൊക്കെ   സമാനമായ , ഈ പയ്യൻ പണിയെടുക്കുന്ന സൈബർ ലോകത്തെ ഏറ്റവും വലിയ ‘ബ്ല്ലൂ ബുക്ക്’ എന്ന കമ്പനിയുടെ ഉടമ , ബില്ല്യനയറായ ‘നെയ്തൻ‘ ഒരാഴ്ച്ചത്തെ ഹോളിഡേയ് ട്രിപ്പ് നൽകി കൊണ്ടാണ് ..


സി.ഇ.ഒ വിന്റെ ഹെലികോപ്റ്ററിൽ അങ്ങിനെ നെയ്തന്റെ സ്വന്തമായുള്ള , ഒരു ഏകാന്തമായ റിസർവ്വ് വനത്തിലെ താഴ് വരയിൽ  എത്തുന്ന കേലബ്  , അവിടത്തെ ജനലുകൾ പോലുമില്ലാത്ത റിസർച്ച് സെന്ററിൽ എത്തി , തന്റെ സി.ഇ.ഒ ആയ നെയ്തനെ കണ്ടുമുട്ടുന്നു. ..

നെയ്തനെ കൂടാതെ ഒരു ജാപ്പാനീസ് മെയ്ഡായ ' ക്യോകൊ‘ മാത്രമുള്ള
ആ ഒറ്റപ്പെട്ട  ‘ഹൈ-ടെക് ബിൾഡിങ്ങി‘ൽ കേലബിനെ നെയ്തൻ എല്ലാം പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ ഇവനെ ഇവിടെ കൊണ്ടുവന്നത് , ആൾ രൂപപ്പെടുത്തിയെടുത്ത് കൃത്രിമമായി മനസ്സും ബുദ്ധിയും ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) വികസിപ്പിച്ചെടുത്ത 'എവ' എന്ന ഫീം റോബോട്ടായ, യന്ത്ര മനുഷ്യ സ്ത്രീയുടെ ഇന്റലിജൻസും , പെരുമാറ്റ രീതികളും പരീക്ഷിച്ചറിയുന്ന ടൂറിങ്ങ് ടെസ്റ്റ് /Turing_test  നടത്തുവാനാണ്...

പിന്നീട് കേലബും  , എവയും  തമ്മിലുള്ള
6 ദിവസങ്ങളിലായി ഗ്ലാസ്സ് റൂമുകൾക്കപ്പുറവും ഇപ്പുറവുമിരുന്നുള്ള  ഇന്റർവ്യൂകളിലൂടെയാണ് ഈ ആത്യാധുനിക ‘ഫീം റോബോട്ടാ‘യ എവയുടേയും , ചെറുപ്പത്തിലെ പാരന്റ്സ് ആക്സിഡെന്റിൽ മരിച്ച ശേഷം ,കമ്പ്യൂട്ടർ മാത്രം കൂട്ടുകാരനായ കേലബിന്റെയും കഥ ഇതൾ വിടർത്തുന്നത്...

ഇവരുടെ ഇന്റെർവ്യൂ സന്ദർഭങ്ങൾ മുഴുവൻ  തൽ സമയം 'സി.സി.ടി.വി' മുഖേന വീക്ഷിച്ച് , വിലയിരുത്തി , പിറ്റേന്ന് താൻ ഡെവലപ്പ് ചെയ്തെടുത്ത 'എവ'യുടെ കാര്യ നിർവ്വഹണ കഴിവുകൾ വിലയിരുത്തുന്ന അര വട്ടനും, ആൽക്കഹോളിക്കും , ഒറ്റപ്പെട്ട് ജീവിക്കുന്നവനുമായ ഒരുവനാണ് നെയ്തൻ ...

ഇതിനിടയിൽ ഇന്റർവ്യൂ സമയത്തുണ്ടായ ഒരു പവർ കട്ട് സമയത്ത് ,
മനുഷ്യനേക്കാളും ബുദ്ധി വികാസം പ്രാപിച്ച എവ , കേലബിനോട് പറഞ്ഞു
'ഈ നെയ്തനാള് ശരിയല്ല ..എന്ന് ..! '

മൂന്നാം ദിനം മുഖ്യമായും കാണിക്കുന്നത് നെയ്തനും , മിണ്ടാ പ്രാണിയായ
‘ക്യോകൊയും തമ്മിലുള്ള അസ്സലൊരു ഡൻസും , രതി ക്രീഡയുമൊക്കെയാണ്.
.
ഈ സുന്ദരിയായ യന്ത്ര മനുഷ്യ ചുള്ളത്തിയായ എവയോട് , ഈ പയ്യന് പിന്നീട്‌ അനുരാഗം തോന്നുന്ന കാരണം , നാലാമത്തെ ദിവസം ഇന്റർവ്യൂ കഴിഞ്ഞ് ബോസും , ശിഷ്യനും   കൂടിയുള്ള  രാത്രിയിലെ വെള്ളമടി സമയത്ത് , ബോസായ നെയ്തൻ ഫിറ്റായി ഫ്ലാറ്റായപ്പോൾ , കേലബ് ആളുടെ 'കീ-ഐഡി'യെടുത്ത് , പരീക്ഷണ ശാലക്കുള്ളിൽ കടന്ന് സെർച്ച് ചെയ്തപ്പോഴാണറിയുന്നത്..

നെയ്തൻ  ഇതിന് മുമ്പും പല തരത്തിലുള്ള പെൺ യന്ത്ര
മോഡലുകളേയും  നിർമ്മിച്ച് പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ടെന്ന്...

ഒപ്പം തന്നെ നെയ്തന്റെ ബെഡ് റൂമിൽ  പോയപ്പോൾ പൂർണ്ണമായും
വിവസ്ത്രയായി കിടക്കുന്ന മിണ്ടാട്ടമില്ലാത്ത  മെയ്ഡായ ‘ക്യോകൊ'യെ
അത്ഭുതത്തോടെ നോക്കി നിന്നപ്പോൾ  , അവൾ  മുഖത്തേയും , വയറിലേയും
തൊലി പൊളിച്ച് , അവളുടെ ഉള്ളിലും മെഷീൻ തന്നെയാണെന്ന് , കേലബിന്
കാണിച്ച് കൊടുക്കുകയും ചെയ്യുന്നൂ...!

അഞ്ചാം ദിവസം അവസരം കിട്ടിയപ്പോൾ എവയും കേലബും പ്ലാനുകൾ
തയ്യാറാക്കുന്നു, തലേ ദിവസം തന്നെ കേലബ്  ബോസിന്റെ ലാബിൽ കയറിയപ്പോൾ , സിസ്സ്റ്റത്തിൽ , തിരിച്ച് പോകേണ്ട സമയത്ത് കെട്ടിടത്തിന്റെ കീ-കളെല്ലം ,‘ഓട്ടൊ അൺ ലോക്ക് ചെയ്ത് വെച്ചിരുന്നു . !


ആറാം ദിനം ഇന്റർവ്യൂവിൽ വെച്ച് എവയെ പുറത്ത് കടത്തി , പിറ്റേന്ന് വരുന്ന ഹെലികോപ്റ്ററിൽ പുറം ലോകത്തെത്തിക്കാമെന്നും , ഇവനോടൊത്ത് ഡേറ്റിങ്ങിൽ കഴിയാമെന്ന് എവയോട് രഹസ്യമായി പറഞ്ഞത് ...
നെയ്തൻ മനസ്സിലാക്കിയെങ്കിലും , പിറ്റേന്ന് കേലബും  , നെയ്തനും കണ്ട് മുട്ടിയപ്പോൾ ഇതിനെ കുറിച്ചൊന്നും പറയാതെ , മൂപ്പർ ആൾ വികസിപ്പിച്ചെടുത്ത സകലമാന ചിന്തകളും ചിപ്പുകളിൽ കൂടി പേറുന്ന , ഈ പെൺ റോബോട്ടുകൾ വിശ്വസിക്കുവാൻ കൊള്ളാത്തവരാണെന്നും ജപ്പാൻ ജനുസ്സിലുണ്ടാക്കിയ മെയ്ഡിന് ഭാഷയൊഴികെ എല്ലാം കൊടുത്തതതാണെന്നും പറയുന്നു...

പെട്ടെന്ന് പവ്വർ കട്ടുണ്ടാകുകയും എവയും , ക്യോകോയും കൂടി  ഒന്നിക്കുന്നത്
കണ്ട നെയ്തൻ , കേലബിനെ ഇടിച്ച് താഴെയിട്ട് അവിടേക്ക് ചെന്നപ്പോൾ , സ്വയം ബുദ്ധിയുപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകളായ എവയും ക്യോകോയും കൂടെ നെയ്തനെ വകവരുത്തുന്നൂ...!

എവയുടെ ഒരു കൈയ്യും, ക്യോകോയുടെ മുഖവും
മരണത്തിന് മുമ്പ് അടിച്ച് തകർത്തെങ്കിലും കാര്യമുണ്ടായില്ല ..

ശേഷം , എവ നെയ്തൻ ആവിഷ്കരിച്ച പഴയ ഒരു റൊബോട്ടിന്റെ
കൈയ്യും  , തൊലികളും മൊക്കെ സ്വയം ഫിറ്റ് ചെയ്ത് പൂർണ്ണ നഗ്നയായി
മാറി ,അപാരമായ  ഒരു സുന്ദരിയുടെ മേനിയായി മാറുന്നതും , പിന്നീട് വസ്ത്രം
അണിയാൻ പോകുന്ന രംഗങ്ങളുമൊക്കെ ,  മുഴുവൻ കണ്ണ് ബൾബായി ദർശിച്ച് നിൽക്കുന്ന കേലബിന്റെ ഫ്രെയിമിലൂടെയാണ് നാം സിനിമയിൽ  കാണുന്നത് ..!

അവസാനം ആരും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്ക്സ്
മനുഷ്യന്റേതായ സകല അതി ബുദ്ധികളും കരസ്ഥമാക്കിയ എവ ,
തനി ഒരു പെണ്ണിന്റെ കുശാഗ്ര ബുദ്ധിയാൽ ,  ക്യോകോയുടെ ബാറ്ററി ഡൌണാക്കി ,
കേലബിനെ കീ രഹിതമായ ആ കെട്ടിടത്തിൽ ഉപേക്ഷിച്ച് , അന്ന് അവിടെ കാത്ത് നിൽക്കുന്ന ഹെലികോപ്റ്ററിൽ കയറി ലോകത്തിലെ മനുഷ്യ സമുദ്രത്തിൽ ഒരു അമാനുഷിക സുന്ദരി കോതയായി നടന്ന് തുടങ്ങുമ്പോൾ കഥ അവസാനിക്കുന്നു...!


ഇനി എന്നെങ്കിലും എവ തിരിച്ച് അവിടേക്ക് വരുമോ ..?

 കേലബ് അവിടെ നിന്നും രക്ഷപ്പെടുമോ ..? എവക്ക് എതിരാളിയായി

അവനവന്റെ ബോസിന്റെ സാങ്കേതിക വിദ്യയുപയോഗിച്ച് വേറെ ഇത്തരം

ഫീം-റോബോട്ടുകളെ നിർമ്മിച്ച് ‘ബ്ലൂ ബുക്കി‘ന്റെ അധിപനായി തിരിച്ച് വരുമോ ?

 അങ്ങിനെ നിരവധി ചിന്തകൾ പ്രേക്ഷകർക്ക്
വിട്ട് കൊടുത്ത് കൊണ്ടാണ് അലക്സ് ഗർലാന്റ് , ഈ സിനിമ അവസാനിപ്പിച്ചിട്ടുള്ളത് ...

സീരീസായി നിർമ്മിക്കുന്ന  ഹോളിവുഡ് മൂവികളുടെ രീതി (ഹാരി പോട്ടർ, സ്പൈഡർ മാൻ , ജുറാസ്സിക് പാർക്ക് , സ്റ്റാർ വാർസ്,...etc ) വെച്ച്  എക്സ് മെഷീനയ്ക്ക് ചിലപ്പോളിനി രണ്ടാം ഭാഗവും , മൂന്നാം ഭാഗവുമൊക്കെ ഇറങ്ങാം ..!

ഈ നാല് കഥാപാത്രങ്ങളേയും തമ്മിൽ
തമ്മിൽ വാദിച്ചഭിനയിച്ച് അവിസ്മരണീയമാക്കിയ  
,
അലീഷ്യ വികന്ദെറും സൊനോയ മിജുനോവുമൊക്കെ ഇപ്പോൾ വാനോണം പ്രശസ്തി കൈവരിച്ചിരിക്കുകയാണ്..

 എല്ലാ മാധ്യമങ്ങളടക്കം ഏവരും എക്സെലെന്റായി വാഴ്ത്തിയ
എക്സ് മെഷീന (ഒരു മിനിട്ട് വീഡിയോ )‘  ഇപ്പോൾ  ബോക്സ് ഓഫീസ്
തകർത്താണ് എങ്ങും  ഓടി കൊണ്ടിരിക്കുന്നത് ..!

ഒരു സയന്റിഫിക് ക്ലാസ്സിക് മൂവി എന്നതിന് പുറമേ , ലോകം മുഴുവനുമുള്ള ഒട്ടു മിക്ക സിനിമാ പ്രേമികളും  , അതി മനോഹരമായ ശരീര സൌന്ദര്യമുള്ള ‘എവ‘യായി അഭിനയിച്ച അലീഷ്യ വികന്ദെറിന്റെയും , കൊയ്കോയായി അഭിനയിച്ച  സൊനോയ മിജുനോ വിന്റേയും , പൂർണ്ണ നഗ്ന മേനികൾ കാണാനെങ്കിലും കാശ് കൊടുത്ത് ഈ സിനിമയോ , സി.ഡിയൊ ഒക്കെ കാണുമെന്നുള്ളതിന് ഉറപ്പുള്ളത് കൊണ്ട്,
ആഗോളതലത്തിൽ ഈ ‘എക്സ് മെഷീന ‘ ഇമ്മിണിയിമ്മിണി കാശ്
വാരുമെന്നാണ് പല സിനിമക്കാരാലും മൊത്തത്തിൽ പറയപ്പെടുന്നത് ...!


കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...