Wednesday 27 February 2019

ബ്രിട്ടണിൽ നൂറ് വർഷം പിന്നിടുന്ന മലയാളി എഴുത്തിന്റെ നാൾവഴികൾ




അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും ,
കലകളേയുമൊക്കെ സ്നേഹിച്ച കുറച്ച് ആളുകൾ 
എവിടേയും ഉണ്ടാകുന്നതുകൊണ്ടാണ് അവരുടെ ഭാഷയും 
സംസ്കാരവും അവർ മറ്റൊരു സ്ഥലത്തേക്ക് കുടിയേറിയാലും അവിടങ്ങളിലും കോട്ടം കൂടാതെ നിലനിൽക്കുന്നത് .

അതുപോലെ തന്നെയാണ് നമ്മുടെ ഭാഷയുടെ സ്ഥിതിയും ..



അനേകം മലയാളി വംശജർ ഇന്നീ ആംഗലേയദേശങ്ങളിൽ വസിക്കുന്നുണ്ടെങ്കിലും , ഇതിൽ ഒട്ടുമിക്കവർക്കും  നമ്മുടെ  പഴയകാല കുടിയേറ്റ ചരിത്രങ്ങൾ  അത്ര വ്യക്തമായി അറിയില്ല എന്നതാണ്  വാസ്തവം.!

ഇത്തരം മലയാളി കുടിയേറ്റത്തിന്റെ ചരിത്രങ്ങളിലേക്ക് ഒരു എത്തി നോട്ടം നടത്തി  അന്നും , ഇന്നും ,  ഈ ചരിതങ്ങളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച്  ഇടം നേടിയ ചില മഹത് വ്യക്തികളെ ഇവിടെ ജസ്റ്റ്  ഒന്ന് പരിചയപ്പെടുത്തുകയാണ് ...

ചരിത്രത്തിൽ മറഞ്ഞിരിക്കുന്നവരെ 

പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ , 
ഇപ്പോൾ ഇവിടെ ആംഗലേയ ദേശങ്ങളിൽ , 
അങ്ങിങ്ങായി വേറിട്ടു  കിടക്കുന്ന കുറച്ച് കലാ സാഹിത്യ പ്രതിഭകളെ പരസ്പരം കൂട്ടിയിണക്കുക എന്ന ഒരു സദുദ്ദേശത്തോടു കൂടി ലണ്ടനിലുള്ള 'കട്ടൻ കാപ്പിയും കവിതയും' എന്ന കലാസാഹിത്യ സാംസ്കാരിക കൂട്ടായ്മയുടെ പ്രവർത്തകർ നടത്തിയ അന്വേഷണങ്ങളാണ് , ഈ സചിത്ര ലേഖനങ്ങൾ ഫലപ്രാപ്തി കൈവന്നതിനുള്ള  കാരണം ... !



പക്ഷെ ഭാരതത്തിലെ ഒരു കൊച്ചുരാജ്യത്തിലെ ആളുകൾ ഇന്ന് ആഗോളതലത്തിലുള്ള  ഒട്ടുമിക്ക രാജ്യങ്ങളിലും ചേക്കേറി കുടിപ്പാർപ്പ് നടത്തി പ്രവാസ ജീവിതം നയിച്ചു പോരുന്നത്  എന്നത് ഒരു യാഥർത്ഥ  വസ്തുതയാണെന്നുള്ള    കാര്യം നമ്മൾക്കൊക്കെ എത്ര പേർക്കറിയാം ... ?

അതായത് ആഗോള വ്യാപകമായുണ്ടായിരുന്ന ജൂത വംശജരുടെ
പേരിലുണ്ടായിരുന്ന റെക്കോർഡ്  , നമ്മൾ മലയാളികൾ  തകർത്ത് തരിപ്പണമാക്കി ...!

'അഫ്‌ഗാനിസ്ഥാൻ' , 'ബ്രസീൽ ' മുതൽ 'ഉഗാണ്ട ', 'യെമൻ', ' വെസ്റ്റ് ഇന്റീസ്',  'സിംബ്വാവേ ' വരെയുള്ള A to Z രാജ്യങ്ങളിൽ നമ്മൾ  മലയാളികൾ ഇന്ന് വാസമുറപ്പിച്ചിട്ടുണ്ട്  ...


ഇനി അല്പസൽപ്പം യു. കെ മലയാളി
ചരിത്രത്തിലത്തിലേക്ക് ഒന്ന് എത്തി നോക്കാം

അത്ര വ്യപകമായൊന്നുമില്ലെങ്കിലും , ഏതാണ്ട് മൂന്നര നൂറ്റാണ്ട് മുതൽ ഭാരതീയ കുടിയേറ്റങ്ങൾ യൂറോപ്പിൽ ഉണ്ടായി തുടങ്ങിയെന്നാണ് ചരിത്രങ്ങൾ പറയുന്നത്.
അന്നൊക്കെ ചില യൂറോപ്പ്യൻ രാജ്യങ്ങൾ തെക്കനേഷ്യൻ രാജ്യങ്ങളിൽ കോളണികൾ സ്ഥാപിച്ച ശേഷം  പോർച്ച്ഗീസിലേക്കും, ഇംഗ്ലണ്ടിലേക്കും, ഫ്രാൻസിലേക്കുമൊക്കെയാണ് അന്നീ കുടിയേറ്റങ്ങൾ നടത്തപ്പെട്ടത്...

അന്നൊക്കൊ കോളണി രാജ്യങ്ങളിൽ നിന്നും കച്ചവടം ചെയ്തും , കൊള്ള ചെയ്തും കൊണ്ടു വരുന്ന ഭക്ഷ്യ വിഭവങ്ങളൊക്കെ ശരിയായി സംസ്കരിച്ച് സൂക്ഷിച്ച് വെക്കുന്നതിന് വേണ്ടിയാണ് , ആയതിൽ നിപുണരായ തൊഴിലാളികളെ യൂറോപ്പിലേക്ക് കപ്പലേറ്റിയത് , ഒപ്പം അല്പസൽപ്പം അടിമപ്പണിക്കും...
യജമാന സേവകാരായി കുടുംബ സമേധവും, അല്ലാതെയും എത്തിപ്പെട്ടവരിൽ ഒട്ടുമിക്കവർക്കും അന്നൊന്നും തിരിച്ച് പോകാനായില്ല. ഒരു തരം മിക്സ്ച്ചർ ജനറേഷനായി , ജിപ്സികളായി അവർ ഇവിടെ ജീവിതം നയിച്ചു. രണ്ട് നൂറ്റാണ്ടോളം ഈ യജമാനൻ - സേവക മനുഷ്യ കടത്തലുകൾ സുഖമമായി നടന്ന് കൊണ്ടിരുന്നു എന്നാണ് പറയപ്പെടുന്നത് .

ഏതാണ്ട്  ഒന്നേകാൽ നൂറ്റാണ്ട്  മുമ്പ് മുതൽ 
കാശ് മുടക്കി അതിസമ്പന്നരുടേയും, നാടുവാഴികളുടേയും 
തലമുറയിൽ പെട്ടവർ പഠിക്കുവാനും മറ്റുമായി 
ബിലാത്തിയിലേക്ക് കപ്പലേറി വന്നുതുടങ്ങിയെങ്കിലും , 
പിന്നീട് പല ഡോക്ട്ടർമാരടക്കം ,ഉന്നത ബിരുദം കരസ്ഥമാക്കുവാൻ ലണ്ടനിലെത്തിയ മലയാളികൾ ജീവിതം മെച്ചപ്പെടുത്തുവാൻ വേണ്ടി ഇവിടെ വന്ന് ചെറിയ രീതിയിൽ സ്ഥിര താമസം തുടങ്ങിയതും  അവർ തമ്മിലുള്ള കൂട്ടായ്മകൾ കെട്ടിപ്പടുത്തതും അതിനുശേഷം  അര നൂറ്റാണ്ട്  പിന്നിട്ടാണ് ...

പിന്നീട് 1950 കൾക്ക്  ശേഷം സിലോൺ ,മലേഷ്യ ,

സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ ബ്രിട്ടീഷ് കമ്പനികളിലെ ജോലിക്കാർക്ക്, ബ്രിട്ടനിൽ ജോലി ചെയ്യുവാൻ അവകാശം കിട്ടിയപ്പോൾ ധാരാളം മലയാളികൾ കുടുംബമായി ഇവിടേക്ക് വ്യാപകമായി  കുടിയേറുകയും  ഉണ്ടായി.
1950 മുതൽ 1980 വരെ ബ്രിട്ടന്റെ മൂന്നാലു ഭാഗങ്ങളിൽ പല പ്രതിസന്ധികളും നേരിട്ട് അതിജീവനം നടത്തിയാണ് പുത്തൻ കുടിയേറ്റക്കാരായ ഭൂരിഭാഗം മലയാളികളും ജീവിതം കുറേശ്ശെയായി പച്ച പിടിപ്പിച്ച്  കൊണ്ടിരുന്നത് .

ഇവരുടെയൊക്കെ രണ്ടാമത്തെ  തലമുറ ബിലാത്തിയിലെ വിദ്യാഭ്യാസം നേടുകയും , അതോടൊപ്പം മലയാള നാടിന്റെ പല സാംസ്കാരിക ചിട്ടവട്ടങ്ങളും ഇത്തിരിയിത്തിരിയായി അവരുടെയൊക്കെ കലാ സാഹിത്യ പ്രവർത്തനങ്ങളിലൂടെ , ഈ നാട്ടിലും പ്രചരിപ്പിച്ച് തുടങ്ങുകയും ചെയ്തിരുന്നു


പിന്നീടവർ കലാ സാഹിത്യ സാംസ്കാരിക 
രംഗങ്ങളിൽ ചുവട് വെച്ച് തുടങ്ങി. അതിൽ നിന്നും 
പല പ്രതിഭകളും ഉടലെടുത്ത് വന്ന് ഈ രാജ്യത്തും നമ്മുടെ 
കലാസാഹിത്യ വേദികൾക്കൊക്കെ തറക്കല്ലിട്ടു ...


എന്നാൽ ഈ പുതിയ നൂറ്റാണ്ടായ 2000 മുതലും ,ആയതിനു തൊട്ട് മുമ്പും പ്രൊഫഷണലായും , സെമി - പ്രൊഫഷണലായും , വർക്ക് പെർമിറ്റ് അടിസ്ഥാനത്തിലും  ഇവിടെ വ്യാപകമായി സകുടുംബമായി എത്തിച്ചേർന്ന അനേകം മലയാളികൾ , പിന്നീട് അനേകം സംഘടനകൾ ഉണ്ടാക്കുകയും , സ്വന്തം സ്ഥാപനങ്ങൾ / കച്ചവടങ്ങൾ ആരംഭിക്കുകയും ചെയ്തു തുടങ്ങിയതോട് കൂടി  -  മലയാളി സാനിദ്ധ്യം ഇല്ലാത്ത സ്ഥലങ്ങൾ ആംഗലേയ നാട്ടിൽ വളരെ വിരളമായി  തീർന്നു എന്ന് പറയാം ...


ഇത്തരം മലയാളി കുടിയേറ്റങ്ങൾക്കൊപ്പം നമ്മുടെ ഭാഷയും ഈ ബിലാത്തിയിൽ കുറേശ്ശെയായി വേരോടികൊണ്ടിരുന്നു . 

പാശ്ചാത്യ നാട്ടിൽ നിന്നും  മലയാള ഭാഷയിൽ 
നൂറ് വർഷങ്ങൾക്ക് മുമ്പ്  അന്നുണ്ടായിരുന്ന മലയാളികൾ  ഒരു  
മലയാളം  കൈയെഴുത്ത് പതിപ്പ് പ്രകാശനം ചെയ്തിറക്കിയിരുന്നു . ബ്രിട്ടനിൽ നിന്നും പുറത്തിറങ്ങിയ ആദ്യത്തെ മലയാള പുസ്തകം  ...!


അതായത്  ബിലാത്തിയിൽ ശത വാർഷികം കൊണ്ടാടുന്ന 
ഭാരതത്തിലെ ഒരു ശ്രേഷ്‌ഠ ഭാഷയുടെ നൂറാം പിറന്നാൾ കൊണ്ടാടുന്ന ഒരു വര്ഷം കൂടിയാണ്  ഈ 2019 .


1912 -ൽ  ലണ്ടനിൽ  പഠിക്കാനെത്തിയ എഴുത്തുകാരനും 
വാഗ്മിയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്ന 
കെ..പി .കേശവ മേനോന്റെ നേതൃത്വത്തിൽ തുടങ്ങിവെച്ച 'മലയാളി മൂവ്മെന്റ്' എന്ന വിദ്യാർത്ഥി പ്രസ്ഥാനം   ലണ്ടനിൽ വെച്ച് 1919 ൽ കൈപ്പടയാൽ എഴുതി,ചിത്രങ്ങൾ വരച്ച്  പ്രസിദ്ധീകരിച്ച ആദ്യത്തെ മലയാള കൈയെഴുത്ത് പുസ്തകത്തിന്റെ സ്മരണക്കായി പുറത്തിറക്കുന്ന ഒരു ശത വാർഷിക പതിപ്പ് എന്നും വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം ....!

1919 മുതൽ തുടർച്ചയയായി കൊല്ലം തോറും 
പ്രസിദ്ധീകരിച്ചില്ലെങ്കിലും പല പേരുകളിലായി 
ഈ വിദ്യാർത്ഥി പ്രസ്ഥാനവും ,പിന്നീട് വന്ന മലയാളി 
സമാജവും ഓബ്രി മേനോൻ , കോന്നി മേശ്രി ,ഡോ .കുഞ്ഞൻ , 
മേനോൻ മാരാത്ത്, വി.കെ .കൃഷ്ണമേനോൻ , കരുവത്തിൽ ഗോപാലൻ ,
ഡോ .കോശി ഇട്ടൂപ്പ്, പി.കെ .സുകുമാരൻ ,ഡോ .ആർ .കെ .മേനോൻ ,
എം.എ .ഷക്കൂർ എന്നീ ഭാഷ സ്നേഹികളായ പഴയ കാല യു.കെ.മലയാളികളുടെ  പ്രയത്‌നത്താൽ മലയാളം കൈയെഴുത്ത് പതിപ്പുകൾ ആ കാലഘട്ടങ്ങളിലൊക്കെ ഇറക്കി കൊണ്ടിരുന്നതായി പറയപ്പെടുന്നു ...

പിന്നീട് കഴിഞ്ഞ നൂറ്റാണ്ടിന്റെ എഴുപത് കാലഘട്ടം മുതൽ ഇവിടെ എത്തപ്പെട്ട  മണമ്പൂർ സുരേഷ് ,മിനി രാഘവൻ,ഹാരീസ് ,ശശി കുളമട ,ശിവാനന്ദൻ  മുതൽ ധാരാളം പേരുടെ പരിശ്രമത്താലും ,സംഘടനകളിൽ കൂടിയും  കൈയെഴുത്തുമാസികകളായും ,വാർഷിക പതിപ്പുകളായും അനേകം മലയാളം പുസ്തകങ്ങൾ ബ്രിട്ടനിൽ നിന്നും പ്രസിദ്ധീകരിക്കപ്പെട്ടു.
   
ഒപ്പം തന്നെ ഇതുവരെയായി ആംഗലേയ മലയാളികളുടേതായി അമ്പതിൽ പരം - പല വിഭാഗത്തിൽ പെട്ട മലയാളത്തിലുള്ള അച്ചടിച്ച പുസ്തകങ്ങളും വിപണിയിൽ ഇറങ്ങിക്കഴിഞ്ഞിട്ടുണ്ട് ...

ഇന്നിപ്പോൾ വായനയേയും  എഴുത്തിനേയും  പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരികമായ ഒരന്തരീക്ഷം എല്ലാ  പ്രവാസികൾക്കിടയിലും  രൂപപ്പെട്ടു വരുന്നുണ്ട് . 
അതിൽ കലാ സാംസ്കാരിക സംഘടനകൾക്കും, ഓൺ - ലൈൻ പ്രസിദ്ധീകരണങ്ങൾക്കും, ദൃശ്യ ശ്രാവ്യ മാദ്ധ്യമങ്ങൾക്കും സോഷ്യൽ മീഡിയ തട്ടകങ്ങൾക്കുമൊക്കെ നിർണ്ണായകമായ പങ്കുണ്ട്...

കാൽ നൂറ്റാണ്ടുമുമ്പ് മുതൽ പ്രൊഫഷണലായും ,
സെമി-പ്രൊഫഷണലായും ധാരാളം മലയാളികൾ 
'വർക്ക് -പെർമിറ്റ് വിസ'യിൽ കൂടുംബമായി ബ്രിട്ടന്റെ 
നാനാഭാഗങ്ങളിക്ക് കുടിയേറ്റം നടത്തി ഈ നാട്ടിലെ പല 
രംഗങ്ങളിലും അവരുടെ സാനിദ്ധ്യം പ്രകടമാക്കി നല്ല രീതികളിൽ 
ജീവിതം കെട്ടിപ്പടുക്കുകയും ചെയ്‌തു .

ഇന്ന് അനേകം  മലയാളി വംശജർ
അങ്ങോളമിങ്ങോളം പല രാജ്യങ്ങളിലുമായി
യൂറോപ്പിൽ  അധിവസിച്ചു വരുന്നുണ്ട് ...

ഏതാണ്ട് രണ്ട് ലക്ഷത്തോളം
മലയാളി വംശജരുമായി ആയതിൽ ഏറ്റവും
കൂടുതൽ മലയാളികളായ  പ്രവാസികളുള്ളത് 
'ആംഗലേയ നാട്' എന്നറിയപ്പെടുന്ന 'ഇംഗ്ലണ്ട് , വെയിൽസ് , 
സ്കോട്ട് ലാൻഡ്  , അയർലണ്ടുകൾ' എന്നീ നാടുകളിലാണ് ..!

അതുകൊണ്ടിപ്പോൾ  മലയാളത്തേയും, ആയതിന്റെ 
സാംസ്‌കാരിക ചുറ്റുവട്ടങ്ങളെയും സ്നേഹിക്കുന്ന ധാരാളം 
ആളുകൾ ഇന്ന് യു. കെ യിലും , പരിസര പ്രദേശങ്ങളിലുമായുണ്ട്...

അതായത് ഇവിടെയുള്ള വിദേശി വംശീയരിൽ ഏറ്റവും  കൂടുതലുള്ള ഭാരതീയരിൽ ഗുജറാത്തികൾക്കും , പഞ്ചാബികൾക്കും ശേഷം മൂന്നാം സ്ഥാനം അലങ്കരിക്കുന്നതിപ്പോൾ മലയാളികളാണ്‌... !

ജീവിത വണ്ടിയിൽ പ്രാരാബ്ദങ്ങളുടെ ഭാരവുമേറ്റി അവർക്ക് 
സ്വന്തം വീടും , നാടുമൊക്കെ വിട്ട് പാലായനം ചെയ്യേണ്ടി വന്നിട്ടും 
അവർ ജനിച്ച നാടിന്റെ നന്മകളും , സംസ്കാരങ്ങളും, മറ്റും മറക്കാതെ 
മനസ്സിന്റെ ഒരു കോണിൽ വെച്ച് താലോലിച്ച്  - ആ വിഹ്വലതകൾ മുഴുവൻ കലാ സാഹിത്യ രൂപങ്ങളിൽ കൂടി പുറത്തുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു ...

ഓരൊ പ്രവാസ സമൂഹങ്ങളിലും ഇത്തരമുള്ള വളരെ തുച്ചമായ ആളുകളാണ് ഉള്ളതെങ്കിലും, അവരാണല്ലോ ഭൂരിപക്ഷമുള്ള ബാക്കിയുള്ളവർക്കെന്നും ഭാഷാപരമായിട്ടും , കലാപരമായിട്ടും മറ്റു സാംസ്കാരികമായ എല്ലാകാര്യങ്ങളിൽ കൂടിയും മലയാളത്തിന്റെ തനിമകൾ തന്നാലായവിധം കാഴ്ച്ച വെച്ച്  ഗൃഹാതുരത്വ സ്മരണകൾ എന്നും അന്യനാടുകളിലും  നിലനിർത്തി കൊണ്ടിരിക്കുന്നത് ...!

അതെ അതുകൊണ്ടൊക്കെത്തന്നെയാണ്  നമ്മുടെ മലയാളവും
നൂറു കൊല്ലങ്ങൾക്ക് ശേഷവും  ഈ ആംഗലേയ നാട്ടിൽ ഒരു കോട്ടവും  കൂടാതെ പച്ച പിടിച്ചു നിൽക്കുന്നത് ...

ഇപ്പോൾ ഈ നാടുകളിൽ ഓൺ -ലൈനായും ,ഓഫ് -ലൈനായും ആയിരക്കണക്കിന് മലയാളം വായനക്കാർ
വിവിധയിടങ്ങളിൽ  ജോലിയും മറ്റുമായി ഉപജീവനം നടത്തി
വരുന്നുണ്ട്  . അവരവരുടെ മേഖലകളിലുള്ള വിഷയങ്ങളെ പറ്റി
പലതും വിനോദോപാധി തട്ടകങ്ങളിൽ കൂടി എന്നുമെന്നോണം വിവിധ രീതിയിൽ കുറിച്ചിടുന്നവരേയും വേണ്ടുവോളം നമുക്ക് കാണുവാൻ സാധിക്കും  .

ഒപ്പം തന്നെ മലയാള പുസ്തകങ്ങൾ രചിച്ച് 'ഡെസ്ക് ടോപ്പി'ൽ നിന്നും
'ബുക്ക് ഷെൽഫു'കളിൽ ഇടം പിടിച്ച്  മലയാള സാഹിത്യത്തിന്റെ വിപണിയിൽ  അവരവരുടേതായ സ്ഥാനം അലങ്കരിക്കുന്ന ഇമ്മിണി ആംഗലേയ  മലയാളികളേയും നമുക്ക് ദർശിക്കാവുന്നതാണ് ...

ഇത്തരം ഭാഷ സ്നേഹികളായ
സാഹിത്യ കുതുകികളായ എല്ലാ എഴുത്താളർക്കും
'ഛായ' യുടെ പേരിൽ അനുമോദനങ്ങൾ അർപ്പിക്കുന്നു ...
ഏവർക്കും സർവ്വവിധ ഭാവുകളും നേരുന്നു ...






 അപ്പോൾ ചരിത്രങ്ങളിൽ മറഞ്ഞിരിക്കുന്ന 
മഹാരഥന്മാരായ ആംഗലേയ നാട്ടിലുണ്ടായിരുന്ന 
മലയാളി വല്ലഭരിൽ നിന്നും പരിചയപ്പെടുത്തലുകൾ  തുടങ്ങാം...

ഓബ്രി  മേനോൻ

തിരുവനന്തപുരത്ത് 1912 - ൽ അന്ന് കാലത്ത് ബ്രിട്ടനിലുണ്ടായിരുന്ന ഐറിഷ്- മലയാളി മാതാപിതാക്കളുടെ മകനായി ജനിച്ച് , പിന്നീട് ലണ്ടനിൽ  വന്ന്  കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഓബ്രി മേനോൻ  എന്ന Salvator Aubrey Clarence Menon  മലയാളത്തിലും , ആംഗലേയത്തിലും എഴുതുന്ന ഒരു സമ്പൂർണ്ണ എഴുത്തുകാരനായിരുന്നു. 
ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും ബിരുദമെടുത്തശേഷം നാടക നിരുപകനായും , നാടക സംവിധായകനായും പ്രവർത്തിക്കുന്നന്നതിനിടയിൽ നർമ്മലേഖനങ്ങൾ എഴുതുവാൻ ആരംഭിച്ചു. 
ആക്ഷേപ ഹാസ്യത്തിലൂടെ ഇദ്ദേഹം രചിച്ച പല നാടകങ്ങളും ഹിറ്റായതിനെ തുടർന്ന് ഓബ്രിമേനോൻ  പിന്നീട് പല യാത്രാ വിവരണങ്ങളും , നോവലുകളും എഴുതുവാൻ തുടങ്ങി. 
ഐറിഷ് -ഇന്ത്യൻ പാരമ്പര്യത്തിന്റെ മികവിൽ , ഒട്ടും നാഗരികമല്ലാത്ത ഇന്ത്യൻ മിത്തുകൾ കോർത്തിണക്കി ഇദ്ദേഹം രചിച്ച് 1947 ൽ ആദ്യം പുറത്തിറങ്ങിയ നോവലാണ്  'The Prevalence of Witches ' .
പിന്നീട് 1989 ൽ വരെയുള്ള കാലഘട്ടങ്ങളിൽ ഇദ്ദേഹം10 നോവലുകളും , 6  യാത്രാവിവരണങ്ങളും , അത്രതന്നെ ലേഖന /നർമ്മ സമാഹാരങ്ങളും എഴുതിയിട്ടുണ്ടായിരുന്നു.  
വാത്മീകി രാമായണം , എഴുത്തച്ഛൻ കിളിപ്പാട്ട് രാമായണം , മാപ്പിള രാമായണം എന്നൊക്കെ പറയുന്ന പോലെ  ആംഗലേയത്തിൽ 'ഓബ്രിരാമായണം' ( The Ramayana, As Told by Aubrey Menen  ') എന്നൊരു മാസ്റ്റർ പീസ് ഗ്രൻഥവും  1954 - ൽ ഇദ്ദേഹം പുറത്തിറക്കിയിട്ടുണ്ട് . 
ആ കാലഘട്ടങ്ങളിൽ  തുടക്കം കുറിച്ച ' മലയാളി സമാജത്തി'ന്റെ പല പ്രവർത്തന  രംഗത്തുംബ്രി മേനോൻ  എന്ന ഹാസ്യ സാമ്രാട്ടിന്റെ സാനിദ്ധ്യം കുറെ കൊല്ലം ഉണ്ടായിരുന്നു . 
തിരികെ കേരളത്തിൽ വന്ന്  താമസിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു 1989 ൽ - ജീവിതത്തിൽ എന്നും ഒറ്റയാനായി ജീവിച്ചിരുന്ന , ഓബ്രി മേനോന്റെ അന്ത്യവും ഉണ്ടായത് ...

വി.കെ .കൃഷ്ണ മേനോൻ

തലശ്ശേരിയിൽ ജനിച്ച് ബാല്യകാലം  കോഴിക്കോടും , ബിരുദ പഠനം മദ്രാസ്  കൃസ്ത്യൻ കോളേജിലും പൂർത്തിയാക്കി 1924 ൽ ലണ്ടനിൽ എത്തി ലണ്ടൻ യൂണി : കോളേജ് / ലണ്ടൻ സ്‌കൂൾ ഓഫ് എക്കൊണോമിക്‌സ്  തുടങ്ങിയ സ്ഥാപനങ്ങളിൽ   നിന്നും ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയ വി.കെ .കൃഷ്ണമേനോൻ  അനേകം വിജ്ഞാന ഗ്രൻഥങ്ങളുടെ രചയിതാവാണ് .
  സാഹിത്യത്തിലും , പ്രസംഗത്തിലും , രാഷ്ട്രീയത്തിലുമൊക്കെ വല്ലഭനായ - വെള്ളക്കാർ പോലും മാനിക്കുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു ഈ നവ ഭാരത ശില്പികളിൽ ഒരാളായിരുന്നു വി.കെ . 
നല്ലൊരു വാഗ്മിയും, പത്രപ്രവർത്തകനും,  എഴുത്തുകാരനുമായ വി.കെ.കൃഷ്ണമേനോൻ  - പെൻഗിൽ പബ്ലിക്കേഷന്റെ എഡിറ്ററായും , ലേബർ പാർട്ടിയുടെ നേതാവായും , ആദ്യത്തെ ഭാരതീയ വംശജനായ കൗണ്സിലറായും , സ്വാതന്ത്ര്യാനന്തരം ആദ്യത്തെ ഇന്ത്യൻ ഹൈക്കമ്മീഷ്ണറായും 1952 വരെ ലണ്ടനിൽ ഉണ്ടായിരുന്ന സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനായിരുന്നു . 
അതോടൊപ്പം ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ,  ഇന്ത്യാ ലീഗ് മൂവ്മെന്റ് , മലയാളി സമാജം എന്നിവയുടെ രൂപീകരണത്തിന് നേതൃത്വം കൊടുത്തതും വി.കെ.കൃഷ്ണമേനോൻ എന്ന സാരഥിയായിരുന്നു ... !

കെ.പി.കേശവ മേനോൻ 

പാലാക്കാട്ടുള്ള തരൂരിൽ ജനിച്ച് മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ ബിരുദമെടുത്ത ശേഷം 1917 ൽ ലണ്ടനിൽ വന്ന് Middle Temple ബാരിസ്റ്റർ ബിരുദം കരസ്ഥമാക്കിയ വ്യക്തിത്വത്തിനുടമയാണ് . പിന്നീടുള്ള ലണ്ടൻ സഹവാസത്തിന്റെ  രണ്ടാമൂഴം കൂടി കഴിഞ്ഞ ശേഷം  ; ക്രാന്തദർശിയും , പത്രപ്രവർത്തന രംഗത്തെ അതിപ്രഗൽഭനുമായിരുന്ന  'മാതൃഭൂമി ' പ്രസിദ്ധീകരണങ്ങളുടെ തലതൊട്ടപ്പനായിരുന്ന ശ്രീ . കെ.പി. കേശവമേനോനാണ്  ,‘ബിലാത്തി വിശേഷം ’ എന്ന പുസ്തകത്തിൽ കൂടി മലയാളികൾക്കാദ്യമായി ലണ്ടനിലെ പല അത്ഭുതകാഴ്ച്ചകളും മറ്റും പരിചയപ്പെടുത്തി തന്നത്.
നമ്മളിൽ നിന്നുമൊക്കെ ഏറെ വിഭിന്നമായ   ബ്രിട്ടീഷ് ജനതയുടെ ഒരു നൂറ്റാണ്ടുമുമ്പുണ്ടായിരുന്ന സാംസ്കാരിക ജീവിത തനിമകളും , എടുത്തുപറയാവുന്ന പല ബിലാത്തി വിശേഷങ്ങളും , വളരെ നൈർമ്മല്ല്യമായ ഭാഷയിലൂടെ നമ്മുടെ പഴയ തലമുറയിൽ പെട്ടവർക്കും , പിന്നീടുള്ളവർക്കും അറിയാൻ കഴിഞ്ഞത്   'ബിലാത്തി വിശേഷം  , നാം മുന്നോട്ട് ' മുതലുള്ള ഈ സാഹിത്യ വല്ലഭന്റെ പുസ്തകങ്ങളിലൂടേയും, എഴുത്തുകളിലൂടെയുമാണ് . 
ഇദ്ദേഹം  അന്ന് കാലത്ത് ലണ്ടനിൽ ഉണ്ടായിരുന്നപ്പോഴാണ് , ആദ്യമായി ഇവിടെ മലയാള ഭാഷ സാഹിത്യ പ്രവർത്തനങ്ങൾക്കും , കേരള സമാജത്തിനുമൊക്കെ തുടക്കം കുറിച്ചതും ആയതൊക്കെ നല്ല രീതിയിൽ നടത്തി പോന്നതും ... 

മേനോൻ മാരാത്ത് 

തൃശൂരിൽ 1906 ജനിച്ച ശങ്കരൻ കുട്ടിമേനോൻ മാരാത്ത് , മദ്രാസ് കൃസ്ത്യൻ കോളേജിൽ നിന്നും ബിരുദം എടുത്ത ശേഷം 1934 ലണ്ടനിൽ  വന്ന് കിങ്‌സ് കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം എടുത്ത ശേഷം , പിന്നീട് 1902 ൽ ഇദ്ദേഹത്തിന്റെ മരണം വരെ ജോലിയും ,  സാഹിത്യ രചനയുമായി  ലണ്ടനിലെ  'ടെഡിങ്റ്റനി'ൽ താമസിസിച്ചിരുന്ന ഒരു സാഹിത്യ പ്രതിഭയായിരുന്നു . 
ആ കാലഘട്ടത്തിൽ പിന്നീടിവരെല്ലാം കൂടി രൂപീകരിച്ച 'മലയാളി  സമാജത്തി'ന്റെ സജീവ പ്രവർത്തകനും കൂടിയായിരുന്നു മേനോൻ മാരാത്ത് . 
ആദ്യമെല്ലാം മലയാളത്തിലും , ആംഗലേയത്തിലും പല ഈടുറ്റ ലേഖനങ്ങളും എഴുതി ഇവിടത്തേയും  , ഇന്ത്യയിലേയും പല പ്രമുഖ  പ്രസിദ്ധീകരണങ്ങളിലും എഴുതിയിരുന്ന ഇദ്ദേഹം പിന്നീട് കഥകളും , നോവലുകളും എഴുതി തുടങ്ങി  . 
ആ കാലഘട്ടത്തിൽ ബ്രിട്ടനെ വളർത്തിയ ഏഷ്യക്കാരിൽ  ഒരുവനായിരുന്ന ( Making Britain ) ഇദ്ദേഹം BBC  ക്ക് വേണ്ടി അനേകം സ്ക്രിപ്റ്റുകളും എഴുതിയിട്ടുണ്ടായിരുന്നു .
1960 ൽ സ്വാതന്ത്ര്യത്തിനുമുമ്പുള്ള കേരളീയ  ജീവിതരീതികൾ തുടിച്ചു നിൽക്കുന്ന The Wound of Spring എന്ന പ്രസിദ്ധമായ  നോവലാണ്  മേനോൻ മാരാത്തിന്റെ പുറത്തിറങ്ങിയ ആദ്യ ആംഗലേയ നോവൽ . 
വളരെയധികം ഇടവേളകളിട്ട്  എഴുതിയ The Sale of an Island, Janu എന്നിങ്ങനെ അഞ്ച് ആംഗലേയ നോവലുകളടക്കം , ഇതിന്റെ മലയാള പരിഭാഷകളും , വേറെ ചില മലയാളം നോവലുകളും ഇദ്ദേഹം  എഴുതിയിട്ടുണ്ടായിരുന്നു . 
ഒപ്പം തന്നെ മേനോൻ മാരാത്ത് നല്ലൊരു ഗസൽ ഗായകനും കൂടിയായിരുന്നു . 
നാട് വിട്ട് അര നൂറ്റാണ്ടു കഴിഞ്ഞിട്ടും മലയാളത്തിലും ,ആംഗലേയത്തിലും ധാരാളം   എഴുതിയിരുന്ന മേനോന്‍ മാരാത്ത് എന്ന ശങ്കരകുട്ടി മേനോൻ മാരാത്തിനെ ,  അന്തരിക്കുന്നതിനും ഒരു വർഷം മുന്‍പ് അദ്ദേഹത്തിന്റെ , തെംസ് നദീ കരയിലെ    മനോഹരവും , പ്രശാന്തവുമായ അന്തരീക്ഷത്തിലുള്ള  വീട്ടില്‍ പോയി കലാകൗമുദിക്കു വേണ്ടി ഇന്റര്‍വ്യൂ ചെയ്തിരുന്നത്  മണമ്പൂർ സുരേഷ്  ആണ് ...

അന്നാമ്മ വർക്കി 

ഇന്ത്യൻ സ്വാതന്ത്ര്യാനന്തരം ഒരു സായിപ്പ് കുടുംബത്തിന്റെ കൂടെ 'ബെർക്ക്ഷെയറിൽ' വന്നുപെട്ട 'അന്നാമ്മ വർക്കി' എന്ന ഒരു 'ആയ' -  തന്റെ വിരഹ വേളകളിൽ 
 ഒരു നോട്ടുബുക്കിലെഴുതി , കുറിച്ചുവച്ചിരുന്ന എഴുത്തുകൾ  എല്ലാം കൂടി എഡിറ്റ് ചെയ്ത് , അന്ന് കാലത്ത് , ഏതാണ്ട് അര  നൂറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ആഗ്ലേയ നാട്ടിലെ മലയാളിയായ ആദ്യത്തെ ബിലാത്തി  എഴുത്തുകാരിയായ  , അന്നാമ്മ വർക്കിയുടെ
'ശീമയിലെ ഒരു പെണ്ണിന്റെ കഥ' ...!

1958 - 68  കാലങ്ങളിൽ ബ്രിട്ടണിൽ  ഉപരി പഠനത്തിന് വന്ന് , കുറച്ചു കാലം ഇന്ഗ്ലണ്ടിൽ ജോലി ചെയ്തിരുന്ന ഡോ : ആർ .കെ .മേനോനും , എസ് . മാരാത്ത് മേനോനും കൂടിയാണ് ഇവരുടെ കുറിപ്പുകൾ പുസ്തക രൂപത്തിലാക്കി ഇവിടെ അന്നുണ്ടായിരുന്ന 'കേരള  സമാജ'ത്തിലെ അംഗങ്ങൾക്ക് വിതരണം ചെയ്തതെന്ന് പറയുന്നു...

മാലതി മേനോൻ

ഒപ്പം  തൃശൂർ മംഗളോദയം പ്രസ്സിൽ തന്നെ അച്ചടിപ്പിച്ച , ഈ ഡോക്റ്ററുടെ ഭാര്യയായ മാലതി മേനോൻ എഴുതിയ 'ബ്രിട്ടൻ  അനുഭവ കഥകൾ ' , 'ആപ്പിൾ അച്ചാറും ബ്രിട്ടീഷ് കറികളും' എന്ന പാചക പുസ്തകവും പ്രസിദ്ധീകരിച്ച് ആ സമയത്തുള്ള മലയാളി കളുടെ കൂട്ടായ്‌മയായ കേരള സമാജം പ്രവർത്തകർക്കെല്ലാം കൊടുത്തിരുന്നു എന്നും പറയുന്നു ...

അന്ന് ലണ്ടനിലുണ്ടായിരുന്ന 'ബിലാത്തി വിശേഷം  ' എഴുതിയ കെ.പി.കേശവമേനോനും ,
ഓർബി മേനോനും , എം.എ . ഷുക്കൂർ സായ്‌വും , എസ് . മാരാത്ത് മേനോനുമൊക്കെ കൂടി , അതി പ്രഗത്ഭനായിരുന്ന വി.കെ.കൃഷ്ണമേനോൻറെ നേതൃത്വത്തിൽ   ആ കാലഘട്ടങ്ങൾക്ക്‌ മുന്നേ തുടങ്ങി വെച്ച കേരള(മലയാള )സമാജമാണ് - പിന്നീട്  പരിണമിച്ച് , എഴുപത് കാലഘട്ടങ്ങളിൽ 'മലയാളി അസോസിയേഷൻ ഓഫ് ദി യു .കെ'  ( MAUK  )  യായി രൂപം കൊണ്ടത് ...!

എം.എ .ഷക്കൂർ  

ഈ കാലഘട്ടത്തിൽ തന്നെ തിരുവന്തപുരത്തുള്ള വക്കത്തുനിന്നും നിന്നും , ലണ്ടനിലെത്തി ഉപരി പഠനം നടത്തിയ പണ്ഡിതനും വാഗ്മിയുമായ എഴുത്തുകാരനായിരുന്നു മുഹമ്മദ് അബ്ദുൾ ഷക്കൂർ(എം.എ . ഷക്കൂർ) . 
അന്ന്  കാലത്ത് ധാരാളം ലേഖന സമാഹാരങ്ങളും ,യാത്രാവിവരണങ്ങളും , കഥകളും , കവിതകളുമൊക്കെ എഴുതിയിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യ സമര സമര പോരാളിയും പത്രപ്രവർത്തകനുമായ വക്കം മൗലവിയുടെ സഹോദരീ പുത്രനായിരുന്നു (പൂന്ത്രാൻ കുടുബാംഗം). 
എം.എ . ഷക്കൂർ   തകഴി ശിവശങ്കരപ്പിള്ളയുടെ ക്ലാസ്സ് മേറ്റായി    മദ്രാസ്സിൽ ബിരുദ പഠനത്തിന് ശേഷം , അലിഗഡ് സർവ്വ കലാശാലയിൽ നിന്നും ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദം എടുത്ത ആദ്യ മലയാളി കൂടിയായിരുന്നു  . സ്വാതന്ത്ര്യത്തിനുമുമ്പ് അഖണ്ഡ ഭാരതത്തിലെ ഏറ്റവും വലിയ  ഇംഗ്ളീഷ് പത്രമായിരുന്ന 'ഡോൺ' - ന്റെ   കറസ്പോണ്ടണ്ടായി കറാച്ചിയിൽ നിന്നും ജോലി നോക്കുന്നതിനിടയിൽ അവിടെയുള്ള ഒരു പ്രമാണിയുടെ മകളുമായുള്ള  വിഹാഹ ശേഷം , ലണ്ടനിൽ വന്ന് , ആ പത്രത്തിന്റെ പാർലിമെന്ററി വിവരങ്ങളുടെ ലേഖഖകനായി ജോലി ചെയ്യുന്നതിനിടയിൽ  - ലണ്ടനിൽ നിന്നും നിയമത്തിൽ ബിരുദമെടുത്ത് , ഇവിടെ അദ്ധ്യാപകനായി ജോലി നോക്കിയിരുന്നു .  
1960 കാലഘട്ടങ്ങളിൽ മാസങ്ങളോളം ചൈനയിലും , ബർമ്മയിലും സഞ്ചരിച്ച് - ആയതിനെ കുറിച്ചുള്ള യാത്രാവിവരങ്ങളും ഇദ്ദേഹം എഴുതിയിരുന്നു .  
പിന്നീട് തകഴിയുടെ 'രണ്ടിടങ്ങഴി' ഇംഗ്ലീഷിലേക്ക് Two Measures of Rice  എന്ന പേരിൽ എം .എ .ഷക്കൂർ  ട്രാൻസിലേറ്റും ചെയ്തിട്ടുണ്ട്  . 
ഒപ്പം  പല വെസ്റ്റേൺ ക്ലാസ്സിക് കൃതികളുടേയും  അവലോകനങ്ങൾ മലയാളത്തിൽ പല  മാദ്ധ്യമങ്ങളിലും  എഴുതി പരിചയപ്പെടുത്തയതും ,  പഴയ കാല സ്വാതന്ത്ര്യ സമര പോരാളി കൂടിയായിരുന്ന എം.എ . ഷക്കൂറാണ് . 
ലണ്ടൻ മലയാളി സമാജത്തിലെ ഊർജ്ജസ്വലനായ  ഒരു പ്രവർത്തകൻ  കൂടിയായിരുന്നു ഇദ്ദേഹം . 
യൗവ്വനകാലത്ത്  ഇന്ത്യൻ സ്വാതന്ത്ര്യത്തിനു മുമ്പ് കറാച്ചിയിലായിരുന്നപ്പോൾ  അവിടെ നിന്നും വിവാഹം നടത്തിയ കാരണം , സ്വാതന്ത്ര്യത്തിന്  ശേഷം പാക്കിസ്ഥാൻകാരിയുമായി ലണ്ടനിൽ നിന്നും സ്ഥിരതാമസത്തിന് ഇന്ത്യയിൽ എത്തുവാൻ ഭരണകൂടം അനുമതി നൽകാത്തതുകൊണ്ട് , അവസാനകാലം ലണ്ടനിൽ നിന്നും ഈ മലായാള സാഹിത്യ വല്ലഭന്  , ഒട്ടും ഇഷ്ടമില്ലാതെ  പാക്കിസ്ഥാനിൽ പോയി കഴിയേണ്ടി വന്നു എന്നതും ഒരു ഖേദകരമായ കാര്യമാണ് ...


അച്ചാമ്മ വർഗ്ഗീസ്

അതോടൊപ്പം തന്നെ രണ്ടാം  ലോക മഹായുദ്ധത്തിന് ശേഷം
ബ്രിട്ടീഷ് ആർമിയുടെ ഇറാക്കിലെ സൈനിക ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചിരുന്ന
കുറെ ഭാരതീയ നേഴ്സുമാരിൽ മൂന്ന് മലയാളികളടക്കം ,  പിന്നീട് 1955 -63 കാലങ്ങളിലായി ബ്രിട്ടനിലേക്ക് കുടിയേറ്റം നടത്തി . മലയാളികളായ സുന്ദരവല്ലി , റേച്ചൽ ജോൺ (അമ്മിണി) , അച്ചാമ്മ വർഗ്ഗീസ് എന്നിവരായിരുന്നു അവർ .  അതിലുണ്ടായിരുന്ന നേഴ്‌സുമാരിൽ ഒരാളായ  'അച്ചാമ്മ വർഗ്ഗീസ്' എഴുതിയ 'ഇന്ഗ്ലണ്ട് വിശേഷങ്ങൾ ' എന്ന , കോട്ടയത്ത് നിന്നും പ്രസിദ്ധീകരിച്ച ഒരു ചെറിയ പുസ്തകവും പിന്നീട് മലയാളി സമാജത്തിൽ വിതരണം നടത്തിയിരുന്നു എന്നും  പറയുന്നു ...



കരുവത്തിൽ സുകുമാരൻ  

1955 ൽ തൃശൂർ ജില്ലയിലെ പെരിഞ്ഞനത്തു നിന്നും യു.കെ യിലെത്തി ബെർക്സ്‌ഷെയറിലെ 'താച്ചത്ത്'  സകുടുംബം താമസമാക്കിയ കരുവത്തിൽ സുകുമാരനാണ് , ശേഷം പുതിയതായി വന്ന കുടിയേറ്റ മലയാളികൾക്കിടയിൽ അന്നത്തെ  മലയാളി സമാജങ്ങളിൽ സാഹിത്യ പ്രവർത്തങ്ങളിൽ സജീവമായ ഒരു ഭാഷ കുതുകി എന്ന് പറയുന്നു...
നാടകവും , കവിതയുമൊക്കെയായി കുറച്ച്  എഴുതുമായിരുന്ന ഇദ്ദേഹമാണ് പിന്നീട് എസ് .കെ .പൊറ്റക്കാട് ലണ്ടനിൽ എത്തിയപ്പോൾ അദ്ദേഹത്തെ യു.കെ മുഴുവൻ കൊണ്ട് കാണിച്ചതും , അതിന് ശേഷം നമ്മുടെ സഞ്ചാരസാഹിത്യത്തിന്റെ അധിപൻ ശ്രീ.എസ്.കെ.പൊറ്റേക്കാട്ട് ‘ലണ്ടൻ നോട്ട് ബുക്കി’ ൽ കൂടി അതിമനോഹരമായി നമ്മുടെ നാട്ടുകാരൊന്നും കാണാത്ത ലണ്ടനിലെ പല കാണാകാഴ്ച്ചകളും
വരികളിൽ കൂടി ചിത്രീകരിച്ച് നമ്മെ വിസ്മയപ്പെടുത്തിയതും  ...

സ്വാതന്ത്രാനന്തരം സായിപ്പ് യജമാന്റെ കൂടെ ഇവിടെ എത്തിയ നല്ലൊരു കുക്ക് കൂടിയായ ഈ സുകുമാരന്റെ , ചേട്ടൻ  'കരുവത്തിൽ  ഗോപാലനും', അന്നുകാലത്ത് ഇവിടെയുണ്ടായിരുന്ന പല പ്രമുഖ മലയാളി ഡോക്ടർമാരും അന്നത്തെ സാഹിത്യ സദസ്സുകളിലെ മുഖ്യ പങ്കാളിയായിരുന്നു... 

സായിപ്പിന്റെ കൂടെ ഗോപാലനും കൂടി പങ്കാളിയായി തുടങ്ങിയ റെസ്റ്റോറന്റാണ് , ഇവിടെ തുടങ്ങിയ ആദ്യത്തെ തെന്നിന്ത്യൻ ഭോജനാലയം എന്നും  പറയുന്നു . 
ഗോപാലൻ  പിന്നീട് ഒരു ജർമ്മൻ മദാമ്മയെ വിവാഹം ചെയ്ത്  മരണം വരെ ന്യൂബറിയിലായിരുന്നു താമസം ...


ശിവാനന്ദൻ കണ്വാശ്രമത്ത് 

1970 കാലഘട്ടം മുതൽ സിംഗപ്പൂരിൽ നിന്നും ലണ്ടനിലെത്തിയ ഒരു പ്രതിഭാ സമ്പന്നനായ ഒരു കലാ സാഹിത്യ വല്ലഭനായിരുന്നു ആർട്ടിസ്റ്റ്‌  ശിവാനന്ദൻ കണ്വാശ്രമത്ത് .  
കവി , നാടക കൃത്ത് , ചിത്രകാരൻ എന്നീ നിലകളിൽ സിങ്കപ്പൂരിൽ വെച്ചെ മലയാളിക്കൾക്കിടയിൽ   കലാ സാഹിത്യ പ്രവർത്തനം നടത്തിയിരുന്ന അദ്ദേഹം , യു . കെ . യിലെത്തിയതിന് ശേഷവും സാഹിത്യ കലാ രംഗത്ത്‌ സജീവമായിരുന്നു.

അന്നത്തെ മലയാളികളുടെ ആദ്യ കാല സംഘടനകളായ 'മലയാളി അസോസിയേഷൻ ഓഫ് ദി യു.കെ'. , 'ശ്രീ നാരായണ ഗുരു മിഷൻ ഓഫ് ദി യു.കെ.' എന്നീ സംഘടനകളിലെ കലാ സാഹിത്യ പ്രവർത്തനങ്ങളിൽ  അദ്ദേഹം വളരെ സജീവമായിരുന്നു. ലണ്ടനിൽ അറിയപ്പെട്ടിരുന്ന ഒരതുല്യ കലാകാരനായിരുന്നു ആർട്ടിസ്റ് : ശിവാനന്ദൻ കണ്വാശ്രമത്.

എം . എ . യു . കെ യുടെ പ്രസിദ്ധീകരണമായ 
" ജനനി "," സംഗീത ട്രൂപ്പായ " നിസരി " എന്നിവയ്ക്ക് ഈ പേരുകൾ നൽകിയ അദ്ദേഹം ഈ സംഘടനകളവതരിപ്പിച്ച നാടകങ്ങൾക്ക് നിരവധി കർട്ടനുകളും ആർട്ടു വർക്കുകളും വരച്ചിട്ടുണ്ട്. 
പണത്തിന്റെ വികൃതി (ഓട്ടൻ തുള്ളൽ ) , ആദ്യത്തെ ഓട്ടോ (നാടകം) , പൂമേനിയാണവൾ കൈകൂപ്പി നിന്നേ (കവിത ) , ശംഖൊലി ( ഭക്തി ഗാന കാസറ്റ് ) ഇതൊക്കെ അദ്ദേഹം എഴുതി അവതരിപ്പിച്ച പ്രധാന സൃഷ്ടികളാണ്.
കലയേയും , സാഹിത്യത്തേയും മാത്രം പരിണയിച്ച അതുല്ല്യനായ ഒരു  കലാസാഹിത്യ വല്ലഭനായിരുന്ന  , ജീവിതത്തിന്റെ പകുതിയിൽ വെച്ച് കാല യവനികയ്ക്കുള്ളിൽ മറഞ്ഞു പോയ ഒരു കലാ സാഹിത്യ പ്രതിഭയായിരുന്നു  ആർട്ടിസ്റ്റ്‌  ശിവാനന്ദൻ കണ്വാശ്രമത്ത്...

ഡോ :ഓമന ഗംഗാധരൻ 


പിന്നീട് ഒരു  പതിറ്റാണ്ടിന് ശേഷമാണ് ബിലാത്തിയിൽ നിന്നുള്ള  വേറൊരു  എഴുത്തുകാരിയുടെ പുസ്തകം ഇറങ്ങിയത് . നോവലിസ്റ്റ്,  കഥാകൃത്ത് , ലേഖിക , സാമൂഹ്യ പ്രവര്‍ത്തക എന്നീ നിലകളിൽ  ലണ്ടനിൽ 1973 ല്‍ എത്തപ്പെട്ട ചങ്ങനാശ്ശേരികാരിയായ ,  പേര് കേട്ട എഴുത്തുകാരിയാണ് ഡോ :ഓമന ഗംഗാധരൻ  .

ഓമനേച്ചി  , 2002 മുതല്‍ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരുന്നു . ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഡ് സെക്രട്ടറി , ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്‍റെ ബോര്‍ഡ് മെമ്പര്‍ , ലണ്ടനിലെ ന്യൂഹാം കൗണ്‍സിലിന്‍റെ സ്പീക്കര്‍ അഥവാ സിവിക് അംബാസിഡര്‍ എന്നീ നിലകളിൽ നല്ല രീതിയിൽ സേവനമനുഷ്ഠിച്ചു .
ഇത്തരം സ്ഥാനങ്ങൾ അലങ്കരിച്ച ആദ്യ ഇന്ത്യക്കാരി കൂടിയാണ് ഈ എഴുത്തുകാരി ... 
ധാരാളം ലേഖനങ്ങളും , കവിതകളും ,പന്ത്രണ്ടോളം ചെറുകഥകളും , 17 നോവലുകളും രചിച്ചിട്ടുണ്ട്. ഇപ്പോൾ മൂന്ന് നോവലുകൾകൂടി പ്രസിദ്ധീകരിക്കുവാൻ പോകുകയാണ് ഈ എഴുത്തുകാരി
ഡോ : ഓമന ഗംഗാധരന്റെ  “ആയിരം ശിവരാത്രികള്‍”
എന്ന നോവലാണ് ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന സിനിമയ്ക്ക് ആസ്പദമായ കഥ .
മരണം സമ്മാനിക്കുന്ന ആഴമുള്ള മുറിപ്പാടുകളും അണയാത്ത സ്നേഹത്തിന്‍റെ ജ്വാലാമുഖവും തമ്മിലുള്ള നിരന്തര സംഘര്‍ഷമാണ് നോവലിന്‍റെ പ്രമേയം. പിന്നീട്  ഇറങ്ങിയ 'ഇലപൊഴിയും കാലവും' 'തുലാവർഷവും ' 'അരയാലിന്റെ ഇലകളും ' മറ്റും ലണ്ടൻ ജീവിതവും , ഗൃഹാതുരത്തവും കോർത്തിണക്കിയ നോവലുകൾ തന്നെയാണ് .സ്നേഹമെന്ന ജീവിതകാന്തിയെ മരണത്തിന് തോല്പിക്കാനാവില്ലെന്ന സത്യം ഈ നോവലുകൾ  നമ്മെ ബോധ്യപ്പെടുത്തുന്നു...


ഡോ : പി.എം.അലി


എറണാകുളം മഹാരാജാസിൽ നിന്ന് ബിരുദവും , കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ ബിരുദവും  എടുത്തശേഷം 1967 ലണ്ടനിൽ വന്ന് ഇമ്മ്പീരിയൽ കോളേജ് ഓഫ് ലണ്ടനിൽ നിന്നും ഉന്നത മെഡിക്കൽ ബിരുദം കരസ്ഥമാക്കിയ ഒരു കവി കൂടിയാണ് ഡോ : പി.എംഅലി  . 
യു.കെ - യിലെ വിവിധ ഭാഗങ്ങളിൽ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ : പി.എം. അലി ആ കാലഘട്ടങ്ങളിൽ ഇവിടെ കവിതകൾ എഴുതിയിരുന്ന ഒരു മലയാളം എഴുത്തുകാരനായിരുന്നു. 
ഡോ : പ്ളായിപറമ്പിൽ മൊഹമ്മദ് അലി അന്നു മുതൽ ഇപ്പോൾ ഔദ്യോഗിക  ജീവിതം വിരമിച്ചിട്ടും വരെ , നല്ലൊരു സാഹിത്യ കുതുകിയായി ലണ്ടനിലടുത്തുള്ള ബാസില്ഡനിൽ സ്ഥിര താമസമുള്ള  ഈ പഴയ കാല  ഭാഷ സ്‌നേഹി , കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ആംഗലേയത്തിലടക്കം , ഇവിടെയുള്ള എല്ലാ മലയാളി മാദ്ധ്യമങ്ങളിലും കവിതകളും  , ലേഖനങ്ങളും എഴുതുന്ന ഒരു സീനിയർ എഴുത്തുകാരനാണ്  ...

  
മണമ്പൂർ സുരേഷ് 

ലണ്ടനിലും , പരിസര പ്രദേശങ്ങളിലും 1973 മുതൽ കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന തിരുവനന്തപുരത്തെ മണമ്പൂരിൽ നിന്നും എത്തിയ മണമ്പൂർ സുരേഷ്  , 1976 മുതൽ  ദേശാഭിമാനിയിൽ എഴുതി തുടങ്ങിയതാണ് . പിന്നീട് കലാകൗമുദി വാരികയിലും അനേകം ലേഖനങ്ങൾ എഴുതിയിട്ടുണ്ട് .
ലണ്ടൻ അണ്ടർ ഗ്രൗണ്ടിൽ ട്യൂബ് ട്രെയിൻ വിഭാഗത്തിൽ സീനിയർ ഉദ്യോഗം വഹിക്കുന്ന  ഇദ്ദേഹം, 'കേരള കൗമുദി'യുടെ ലണ്ടൻ ലേഖകൻ കൂടിയാണ് .
രാഷ്ട്രീയ , സാഹിത്യ , സിനിമാ , സാംസ്കാരിക ചുറ്റുവട്ടങ്ങളെ കുറിച്ച് അനേകം ലേഖനങ്ങൾ എഴുതിയിട്ടിട്ടുണ്ട് . ഒപ്പം ധാരാളം  യാത്ര വിവരണങ്ങളും .
ലണ്ടനിൽ  ആദ്യമുണ്ടായിരുന്ന 'ചേതന സ്റ്റഡി സർക്കിൾ' എന്ന മലയാളി സാഹിത്യ വേദിയിലും ഇന്നുള്ള 'കട്ടൻ കാപ്പിയും കവിതയും ' എന്ന  കലാ സാഹിത്യ കൂട്ടായ്മയിലും  സജീവാംഗം കൂടി(യായിരുന്നു)യാണ് മണമ്പൂർ സുരേഷ് .
ബ്രിട്ടനില്‍ നടന്ന വേള്‍ഡ് കപ് ക്രിക്കറ്റ്, ബ്രിട്ടനിലെ തെരഞ്ഞെടുപ്പുകള്‍, സ്ഫോടനങ്ങള്‍ തുടങ്ങിയവയെല്ലാം നാട്ടിലെ പ്രധാന ടെലിവിഷന്‍ ന്യൂസുകളില്‍ - ആദ്യം ഏഷ്യനെറ്റ്, പിന്നീട് കൈരളി tv, ജീവന്‍ tv ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ tv , ന്യൂസ് 18 എന്നീ ടെലിവിഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തു വരുന്നു.
ബ്രസീല്‍, അര്‍ജന്റീന, വിയറ്റ്നാം , കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലെ രണ്ടു മാസം നീളുന്ന യാത്രാവിവരണം , അടുത്തുതന്നെ 'കൗമുദി" ടീവിയില്‍ പ്രക്ഷേപണം ചെയ്യാന്‍  തയാറായിക്കൊണ്ടിരിക്കുന്നു...  

മിനി രാഘവൻ 

ചിറയിൻകീഴിൽ നിന്നും  ചെറുപ്പകാലം മുതൽ മാതാപിതാക്കൾക്കൊപ്പം ലണ്ടനിലെത്തിയ മിനി രാഘവൻ കാൽ നൂറ്റാണ്ടു മുമ്പു മുതലെ  ലണ്ടനിലെ കലാ സാഹിത്യ പ്രവർത്തനങ്ങളിൽ സജീവ  പ്രവർത്തകയായിരുന്നു . 
ഒപ്പം തന്നെ 1998 മുതൽ 2002 വരെ 'ജനനി' വാർഷിക പതിപ്പിന്റെയും , ബോധി  എജ്യൂക്കേഷനൽ ജേണലിന്റെയും എഡിറ്റർ കൂടിയായിരുന്നു .
ലണ്ടനിൽ വന്ന് ബേസിക് വിദ്യാഭ്യാസത്തിന് ശേഷം ഫിലോസഫിയിലും , സൈക്കോളജിയിലും , നിയമത്തിലും നോർത്ത് ലണ്ടൻ യൂണിയിൽ നിന്നും ബിരുദങ്ങൾ എടുത്ത മിനി പിന്നീട് ചരിത്ര ഗവേഷകയായി ജോലി ചെയ്യുന്ന അവസരത്തിൽ MSC പഠനവും , Art & Intercultural Theraphy  എന്നീ ഇരട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഒരു ഗവേഷകയാണ് . 
പിന്നീട് റെഡ്‌ഡിങ്ങ്‌  കോളേജ് , ആക്സ്ബ്രിഡ്ജ് കോളേജ് , ബെർക്സ്ഷയർ കോളേജ്  എന്നീ സ്ഥാപനങ്ങളിൽ  അദ്ധ്യാപികയായി ജോലി നോക്കുമ്പോൾ Neuro Lingustic Programming (NLP) & Psychodynamic Counselling  - ൽ ബിരുദാന്തര ബിരുദം , യൂണി: കോളജ് ഓഫ് ലണ്ടനിൽ (UCL) നിന്നും നേടിയിട്ടിപ്പോൾ ,   സോഷ്യൽ ആന്ത്രോപോളജി പഠിച്ചുകൊണ്ടിരിക്കുന്ന ഒരു  ആംഗലേയ/മലയാള എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും കൂടിയായ  ഒരു വിജ്ഞാനക്കലവറയായ വല്ലഭ തന്നെയാണ് ഈ വനിതാരത്‌നം .

മിനി രാഘവൻ ഇപ്പോൾ സാഹിത്യത്തിനൊപ്പം അനേകം സാമൂഹ്യ സേവന പ്രസ്ഥാനങ്ങളിലടക്കം , പല ഗവർമെന്റ് ബോഡികളിലും - ഉപദേശകയായും , ട്രെയ്‌നറായും ,കോ-ഓർഡിനേറ്ററായും( River Indus Community Org) സേവനമനുഷ്ഠിച്ചു വരികയാണ് . 
പഠിച്ച വിഷയങ്ങളെയൊക്കെ ആസ്പദമാക്കിയുള്ള ഒന്ന് രണ്ട് പുസ്തകങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഈ എഴുത്തുകാരി ...
ഫ്രാൻസിസ് ആഞ്ചലോസ്

കൊല്ലം ജില്ലയിൽ നിന്നും ആ
കാലഘട്ടത്തിൽ ലണ്ടനിൽ എത്തിയ ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയായ  ഫ്രാൻസിസ് ആഞ്ചലോസ് എന്ന അദ്ധ്യാപകൻ ആഗോള  സാഹിത്യത്തെ കുറിച്ച് ധാരാളം അറിവുള്ള ഒരു വിജ്ഞാന പ്രതിഭയാണ് .
അന്നിവിടെ നാട്ടിൽ നിന്നും എത്തിച്ചേരുന്ന സാഹിത്യകാരന്മാരെയും , മറ്റു സാംസ്കാരിക നായകന്മാരെയുമൊക്കെ ആനയിച്ച് ഇവർ പലപരിപാടികളും നടത്തിയിട്ടുണ്ട് . കവിതകളും , ഓണപ്പാട്ടുകളും , ലേഖനങ്ങളുമൊക്കെയായി  പല മാദ്ധ്യങ്ങളിലും എഴുതുന്ന ഇദ്ദേഹം ന്യൂഹാം കോളേജിന്റെ സെന്റർ മാനേജരായി   ജോലി ചെയ്യുന്നു.
നല്ലൊരു വയലിനിസ്റ്റ്‌  കൂടിയായ ഇദ്ദേഹം കട്ടൻ കാപ്പി കൂട്ടായ്മയിൽ പല ചർച്ചകളും നയിക്കുന്ന വല്ലഭൻ  കൂടിയാണ് ...


ശശി എസ് കുളമട 


തിരുവനന്തപുരത്തിന്റേയും, കൊല്ലത്തിന്റേയും അതിർത്തിപ്രദേശമായ
കുളമട എന്ന ഗ്രാമത്തിൽ നിന്നും യു.കെ യിലെത്തിയ കലാകാരനാണ് ശശി എസ് കുളമട. മലയാള നാടവേദിയിലെ അനുഗ്രഹീത നാടകകൃത്തും,സംവിധായകനുമായ ശ്രീ.രാജൻ കിഴക്കനേലയുടെ നേതൃത്വത്തിലുണ്ടായിരുന്ന  " പ്രതിഭ " തീയറ്റേഴ്സ് ആയിരുന്നു ആദ്യ തട്ടകം.

1986 മുതൽ മലയാളി അസ്സോസിയേഷൻ ഓഫ് ദി യു. കെ യുടെ പ്രവർത്തകനായി.
മലയാളി അസോസിയേഷന്റെ നാടക സമിതിയായ "ദൃശ്യകല " യുടെ സ്ഥാപകരിൽ ഒരാൾ. ആദ്യനാടകമായ 'പുരപ്പുറത്തൊരു രാത്രി' 1989 ൽ അവതരിപ്പിക്കപ്പെട്ടപ്പോൾ അതിൽ സംവിധായകൻ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.തുടർന്ന് ചെറുതും,വലുതുമായി 18 ഓളം നാടകങ്ങളിൽ അഭിനയിയ്ക്കുകയും, 5 നാടകങ്ങൾ സംവിധാനവും ചെയ്തു.
1998 ൽ ദൃശ്യകല അവതരിപ്പിച്ച " പന്ത്രണ്ട് മക്കളെ പെറ്റൊരമ്മ " യാണ് ശശി ആദ്യമായി സംവിധാനം ചെയ്ത നാടകം. തുടർന്ന് രാജൻ കിഴക്കനേല തന്നെ രചന നിർവ്വഹിച്ച വരികഗന്ധർവ ഗായക,ആര്യവൈദ്യൻ വയസ്കരമൂസ്സ്,കുഞ്ചൻ നന്പ്യാർ,നിറ നിറയോ നിറ എന്നീ നാടകങ്ങൾ സംവിധാനം ചെയ്തു.1993 ൽ ശ്രീ.ശിവാനന്ദൻ കണ്വാശ്രമത് രചിച്ച " പണത്തിന്റെ വികൃതി "എന്ന ഓട്ടൻ തുള്ളൽ, ശ്രീ.വെട്ടൂർ . ജി .കൃഷ്ണൻകുട്ടി രചിച്ച "വിൽപ്പാട്ട് " 2003 ൽ "അനീസ്യ" കഥാപ്രസംഗം എന്നിവയും ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
2005 ൽ തനത് ഓണാഘോഷ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് "പൊന്നോണക്കാഴ്ച"യും , 2007 ൽ കഥയും , സംവിധാനവും നിർവഹിച്ച "തിരുവോണക്കാഴ്ച", 2009 ൽ അവതരിപ്പിച്ച "പൊന്നോണപ്പൂത്താലം" എന്നിവ ശശി യുടെ പ്രധാന ഓണപ്പരിപാടികളാണ്.
2009 ശ്രീനാരായണ ഗുരു മിഷന് വേണ്ടി കഥയും,സംവിധാനവും നിർവഹിച്ച "ശുക്രനക്ഷത്രം",
" ഗുരുവന്ദനം ", കാഥികരത്നം പ്രൊഫസർ: വി . സാംബശിവന്റെ വിഖ്യാതമായ മഹാകവി കുമാരനാശാൻ എന്ന കഥാപ്രസംഗത്തിന്റെ ദൃശ്യാവിഷ്‌കാരം "സ്നേഹഗായകൻ" എന്ന പേരിൽ അവതരിപ്പിയ്ക്കപ്പെട്ടു.
2008 ൽ "കേളി " എന്ന കലാസമിതി രൂപീകരിയ്ക്കുകയും,എല്ലാവർഷവും കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിയ്ക്കുകയും ചെയ്തു വരുന്നു. " കേളി " യുടെ പേരിൽ ചർച്ചകളും, " സ്മൃതി സന്ധ്യ " പോലുള്ള സംഗീത പരിപാടികളും സംഘടിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്
2004 - ൽ സുഹൃത്ത് ശ്രീ. എസ്.ജെ. ഹാരീസ് മായി ചേർന്ന് നൂറിലധികം നാടക കലാകാരന്മാരെ ആദരിയ്ക്കുകയും, നാടക പ്രവർത്തകരെ കുറിച്ചുള്ള " അരങ്ങ് " എന്ന പേരിൽ ഒരു മാഗസിനും ഇദ്ദേഹം ഇറക്കുകയുണ്ടായി.

കെ. നാരായണൻ 

സിംഗപ്പൂരിൽ ജനിച്ച് നവായിക്കുളത്തും, തൃശൂരും വിദ്യാഭാസം പൂർത്തിയാക്കി , 1985 മുതൽ ലണ്ടനിലുള്ള , ഇപ്പോൾ ക്രോയോഡോനിൽ താമസിക്കുന്ന കെ.നാരായണൻ , അന്നുമുതൽ ഇന്നുവരെ ഇവിടത്തെ മലയാളി കലാ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മകളിലെല്ലാം നിറ സാനിദ്ധ്യം കാഴ്ച്ച വെക്കുന്ന വ്യക്തിത്വത്തിനുടമയാണ്.
നാടകം, കവിത , പാട്ട് മുതൽ അനേകം വിജ്ഞാനപ്രദമായ ലേഖനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഇദ്ദേഹം അണിയിച്ചൊരുക്കിയ '5 More Minits' എന്ന ഷോർട്ട് ഫിലിമിന് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
 'സംഗീത ഓഫ് യു. കെ' , 'വേൾഡ് മലയാളി കൗൺസിൽ' മുതൽ സംഘടനകളുടെ രൂപീകരണ സമിതിയിൽ തൊട്ട് ഇപ്പോഴും ആയതിന്റെയൊക്കെ ഒരു സജീവ പ്രവർത്തകൻ കൂടിയാണ് ലണ്ടനിലുള്ള ഈ സാംസ്‌കാരിക പ്രവർത്തകൻ.
90 കളിൽ 'കേരള ടുഡേയ് ' എന്ന ത്രൈമാസികയും ഇവരുടെ ടീമ് പുറത്തിറക്കിയിരുന്നു...

മുരളി വെട്ടത്ത്

തൃശൂർ ജില്ലയിൽ നിന്നും എത്തിയ ഇപ്പോൾ ലണ്ടനിൽ വസിക്കുന്ന മുരളി വെട്ടത്ത്  ഇന്ന് യു.കെയിൽ മാത്രമല്ല , ആഗോളപരമായി മലയാളികളുടേതായ പല കലാ സാഹിത്യസാംസ്കാരിക കൂട്ടായ്മകളിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന ഒരു  സജീവ അംഗമാണ് .
ഇരിഞ്ഞാലകുടയിൽ ജനിച്ച് ,നാട്ടിലെ വിവിധ സാംസ്കാരിക മണ്ഡലങ്ങളിൽ പ്രവർത്തിച്ച ശേഷം 1987 മുതൽ ലണ്ടനിൽ സ്ഥിരതാമസമുള്ള സാഹിത്യ സാംസ്കാരിക പ്രവർത്തകനാണ് . ഇപ്പോൾ 'നവ മലയാളി ഓൺ -ലൈൻ മാഗസിന്റെ ' മാനേജിങ്ങ് എഡിറ്റർ.
സമകാലിക മലയാളം വാരികയുടെ ലണ്ടൻ എഡിറ്ററായിരുന്നു . എന്നും  കലാ സംസ്ക്കാരിക സാമൂഹ്യ വിഷയങ്ങളിൽ തല്പരൻ. ഇപ്പോൾ  'മലയാളം മിഷൻ യു.കെ'യുടെ ചെയർമാൻ കൂടിയാണ് മുരളി വെട്ടത്ത് .
'കുട്ടപ്പൻ സാക്ഷി' എന്ന പവിത്രന്റെ സിനിമയുടെ പ്രൊഡ്യൂസർ  . ചിന്താ രവീന്ദ്രന്റെ 'ശീതകാല യാത്രകൾ' എന്ന ട്രാവലോഗിന്റെ നിർമ്മാതാവ്. 
ഭാര്യ മിച്ചിരു മകൻ രാമു...
സിസിലി ജോർജ്ജ് 

മാധവികുട്ടിയുടെ അയൽവാസിയും , കളിത്തോഴിയുമായിരുന്ന സകല കലാ വല്ലഭയായ , പണ്ടേ മുതൽ കോളേജ് മാഗസിനുകളിൽ നിന്നും തുടങ്ങി വെച്ച എഴുത്ത് , കാലങ്ങൾക്ക് ശേഷം പുനരാരംഭിച്ചപ്പോൾ യു.കെ- യിലെ  പല മലയാള മാദ്ധ്യമങ്ങളിലും കഥകളും , കവിതകളും പ്രസിദ്ധീകരിച്ച് , ആയതിനൊക്കെ സ്വന്തമായി പടങ്ങൾ വരച്ചും , മറ്റും  ലണ്ടനിലെ ഒരു കലാസാഹിത്യകാരിയായി പ്രസിദ്ധയായവളാണ് ഇവിടത്തെ സീനിയർ എഴുത്തുകാരിയായ സിസിലി ജോർജ്ജ് .
ഈ എഴുപതിന്റെ നിറവിലും , ഒരു മധുര പതിനേഴുകാരിയുടെ നിറമാർന്ന പ്രണയ വർണ്ണങ്ങളോടെ   അക്ഷരങ്ങളാൽ  തുടിച്ചുനിൽക്കുന്ന ഒരു പുസ്തകം മലയാള വായന ലോകത്തിന് സമ്മാനിച്ച സിസിലി ആന്റിയുടെ ആദ്യ പുസ്തകമാണ് ‘പക്ഷിപാതാളം'  ...
അതിന് ശേഷം സിസിലിയാന്റി  ഇറക്കിയ നല്ല ഒരു കഥാസമാഹാരമാണ് 'വേനൽ മഴ '... ഇപ്പോൾ രണ്ട് പുസ്തകങ്ങൾ കൂടി പ്രസിദ്ധീകരണത്തിന് തയ്യാറായി കൊണ്ടിരിക്കുകയാണ് .
ലണ്ടനിലെ കട്ടൻ കാപ്പി കൂട്ടായ്മയിലടക്കം പല സാഹിത്യ സദസ്സുകളിലെയും സജീവ അംഗം കൂടിയാണ് , തനി തൃശൂർക്കാരിയായ ഈ വനിതാ രത്നം ...

ശാന്തിമോൻ ജേക്കബ് 

എറണാകുളത്തു നിന്നും എത്തി ഹെമൽഹാമ്സ്റ്റഡിൽ താമസിക്കുന്ന  നാട്ടിലെ  ദീപിക  പത്രത്തിന്റെ മുൻ 'എഡിറ്റർ ഇൻ ചാർജാ'യിരുന്ന ശാന്തിമോൻ ജേക്കബ്ബ്   എന്ന പത്ര പ്രവർത്തകനായിരുന്നു ,  യു.കെ - യിൽ നിന്നും ആദ്യമായി 'ദീപിക യൂറോപ്പ് ' എന്ന പേരിൽ ലിവർപൂളിൽ നിന്നും ഒരു പ്രിന്റഡ് മലയാള പത്രം ഇറക്കിയത് ...!

യാത്രകൾ , തീവ്രമായ ആത്മീയത , വായന , വല്ലപ്പോഴുമുള്ള എഴുത്ത് എന്നിവയൊക്കെയായി കഴിയുന്ന ഇദ്ദേഹം .
ഹൃദയ വയൽ ’ എന്ന 'എഴുത്തിടം; കുറേ സ്വപ്നങ്ങളുടെ വയൽത്തടം' എന്നൊരു  'ഓൺ -ലൈൻ വെബ് സൈറ്റും ' ,  ഈ പത്ര പ്രവർത്തനത്തിന്റെയും , എഴുത്തിന്റെയും വല്ലഭനായ ശാന്തിമോൻ ജേക്കബ്ബ് നടത്തുന്നുണ്ട് ...


അലക്സ് കണിയാംപറമ്പിൽ 

ലണ്ടനിലും, മാഞ്ചസ്റ്ററിലെ സ്റ്റോക് പോർട്ടിലുമായി വസിക്കുന്ന
നിത്യ സഞ്ചാരിയായ കോട്ടയത്ത് ജനിച്ച് വളർന്ന് , 1972 മുതൽ ഡൽഹിയിലും,
പിന്നീട് ലിബിയായിലും, ആസ്ട്രിയയിലും, ജനീവയിലുമൊക്കെ പ്രവാസിയായി കഴിഞ്ഞ
ശേഷം ബിലാത്തിയിൽ വന്ന് തമ്പടിച്ച ഒരു ബഹുഭാഷ പണ്ഡിതനാണ് അലക്സ് കണിയാംപറമ്പിൽ .
ലളിത സുന്ദരമായ ഭാഷയിൽ അനുവാചകരെ കൊണ്ട് എന്തും വായിപ്പിക്കാനുള്ള
അപാരമായ കഴിവിന്റെ ഉടമയാണ് ഇദ്ദേഹം. അലക്സ് കണിയാംപറമ്പിലിന്റെ 'റഷ്യ ,
പോളണ്ട് 'തുടങ്ങിയ കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങളെ കുറിച്ചുള്ള സഞ്ചാരം വിവരണങ്ങൾ - ഫോട്ടോകളും , വീഡിയോകളും , ചരിത്രങ്ങളും സഹിതം എഴുതിയിട്ടതൊക്കെയുള്ള   സോഷ്യൽ മീഡിയ പോസ്റ്റുകളും  , ഇദ്ദേഹത്തിന്റെ  ബ്ലോഗ്ഗായ ചരിത്രം , യാത്രകൾ എന്നിവയുമൊക്കെ  അനേകം വായനക്കാരുടെ ഇഷ്ട്ട വിഭവങ്ങളാണ്.
ആരെയും ഭയപ്പെടാതെ  അക്ഷരത്തിന്റെ പടവാളുകൊണ്ട് ഒരു ഒറ്റയാൾ പട്ടാളമായി നിന്നുകൊണ്ട് സമൂഹത്തിലേയും., സമുദായത്തിലേയും  പല അനീതികൾക്ക് എതിരെ പോരാടുവാനുള്ള ഇദ്ദേഹത്തിന്റെ വീറും വാശിയും ത്രാണിയും ഒന്ന് വേറെ തന്നെയാണ്... !
യു. കെയിൽ നിന്നും സാഹിത്യ സംബന്ധമായ കഥകളും, കവിതകളും, ലേഖനങ്ങളുമായി ആദ്യമായി  ഇറങ്ങിയ ഒരു പ്രിന്റഡ് പത്ര മാസികയായ 'പ്രവാസ രശ്‌മി 'യുടെ ഉടയോനും , പിന്നീട് പുറത്തിറക്കിയ 'ബിലാത്തി മലയാളി' യുടെ അധിപനും പത്രാധിപരും കൂടിയായിരുന്നു ഇദ്ദേഹം.
പഴയ കാലത്തുള്ള പല മലയാളം ബ്ലോഗേഴ്സിന്റെയും നല്ല രചനകൾ പ്രഥമമായി  ഒരു പ്രിന്റഡ് മീഡിയയിലൂടെ വന്നതും , അന്നുണ്ടായിരുന്ന ഈ 'ബിലാത്തി മലയാളി'യിൽ കൂടിയാണ്...


ബാലകൃഷ്ണൻ ബാലഗോപാൽ 


മലയാളികളുടെ ആദ്യത്തെ ഓൺ -ലൈൻ  പത്രമായ U K  Malayalee യുടെ അധിപനും സ്ഥാപകനുമാണ് വർക്കലയിൽ നിന്നും എത്തിപ്പെട്ട് , കെന്റിലെ ചാത്താമിൽ താമസിക്കുന്ന ബാലഗോപാൽ .
ഇവിടെയുള്ള എഴുത്തുകാരുടെ രചനകളെല്ലാം ഉൾപ്പെടുത്തി 'യു.കെ മലായാളി ' എന്നൊരു വാർഷിക പതിപ്പും ബാലഗോപാൽ പുറത്തിറക്കാറുണ്ടായിരുന്നു . 'ടൈംസ് ഓഫ് ഒമാൻ' എന്ന ഇംഗ്ലീഷ് പത്രത്തിന്റെ മുൻ സബ് എഡിറ്ററായിരുന്ന ഇദ്ദേഹം ഒരു ഫ്രീലാൻസ് പത്ര പ്രവർത്തകനും, സാമൂഹ്യ പ്രവർത്തകനും,  എഴുത്തുകാരനുമാണ് .
നാട്ടിലും ,യു.കെയിലും നല്ലൊരു ക്രിക്കറ്റ് കളിക്കാരനായ , കൊല്ലം ജില്ലയിലെ ശബരിഗിരി റെസിഡന്റ് സ്‌കൂളിലെ മുൻ ഇന്ഗ്ലീഷ് അദ്ധ്യാപകൻ കൂടിയായിരുന്നു ബാലകൃഷ്ണൻ ബാലഗോപാൽ...
നമത് 

ഇന്ന് ആംഗലേയ ദേശത്തുള്ള ഏറ്റവും പ്രതിഭാസമ്പനായ ഒരു മലയാളം സാഹിത്യ വല്ലഭൻ ആരാണെന്ന് ചോദിച്ചാൽ  അതിന് ഒറ്റ ഉത്തരമെ ഉള്ളൂ - നമത് നമത് ...!
പല ഉന്നത മാദ്ധ്യമങ്ങളിലും ആർട്ടിക്കിളുകൾ എഴുതുന്ന വരയിലും , വരിയിലും കെങ്കേമനായ വാക്കിന്റെ ഉടയോനും , ഉടമയുമായ  നമത് വളരെയധികം നിരീക്ഷണ പാടവമുള്ള , നല്ല പാണ്ഡിത്യമുള്ള ,സാമൂഹ്യ -രാഷ്ട്രീയ ബോധമുള്ള ഏറ്റവും നല്ലൊരു സാഹിത്യകാരൻ തന്നെയാണ് . 

മലയാളം ബ്ലോഗുകൾ തുടങ്ങിയ കാലം മുതലെ തന്റെ വിവിധ ബ്ളോഗ്  തട്ടകങ്ങളിലൂടെ എന്നുമെന്നോണം നമത് കുറിച്ചിടുന്ന ഈടുറ്റ ലേഖനങ്ങൾ വായിക്കുവാൻ ധാരാളം വായനക്കാർ വന്ന്‌ പോകാറുണ്ട് . 
ഇതൊന്നും കൂടാതെ സോഷ്യൽ മീഡിയയിലുള്ള തന്റെ ഫേസ് ബുക്ക് ബ്ലോഗുകളായ നമത് കഥകളിൽ തന്റെ വരകൾ സഹിതവും എഴുതിയിടാറുണ്ട് .
പിന്നെ വായന ഭാവന എന്ന മുഖപുസ്തക ബ്ലോഗിലും നമതിന്റെ ഭാവനകൾ ചിറക് വിടർത്താറുണ്ട് .
വേറെ ഇദ്ദേഹം പബ്ലിഷ് ചെയ്യാറുള്ള   നമത് കവിത എന്ന തട്ടകമടക്കം , നമതിന്റെ  എല്ലാ സൈബർ  തട്ടകങ്ങളും  , ഇഷ്ട്ട വായനകൾക്കു പറ്റിയ ഇടങ്ങൾ തന്നെയാണ് .
നല്ലൊരു എഴുത്തുകാരനും , കാർട്ടൂണിസ്റ്റും , യാത്രികനും, ഛായാഗ്രാഹകനും കൂടിയായ നമത് എന്നും പബ്ലിസിറ്റികളിൽ നിന്നും മറഞ്ഞു നിൽക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തിത്വത്തിനുടമകൂടിയാണ്.
നമത് തന്നെ പറ്റിയും , തന്റെ എഴുത്തിനെ 
കുറിച്ചും വിലയിരുത്തുന്നത് ഇവിടെ കാണാവുന്നതാണ് ...

സുരേഷ്.സി.പിള്ള 

കോട്ടയം കറുകച്ചാലി(ചമ്പക്കര)ൽ നിന്നും 1999  ൽ അയർലണ്ടിലെഡബ്ലിനിൽ വന്ന് പ്രശസ്തമായ ട്രിനിറ്റി കോളേജിൽ നിന്നും നാനോ ടെക്നോളജിയിൽ PhD കരസ്ഥമാക്കിയ ശേഷം , അമേരിക്കയിലെ  , കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (Caltech)യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം വിജയകരമായി പൂർത്തിയാക്കിയ സുരേഷ് .സി.പിള്ള ഇന്ന് പേര് കേട്ട ഒരു യുവ ശാസ്ത്രജ്ഞനായ എഴുത്തുകാരനാണ്. ഇപ്പോൾ അയർലന്റിലെ 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി'സ്ലൈഗോ 'യിലെ 'നാനോ ടെക്‌നോളജി ആൻറ് ബയോ എൻജിനീയറിങ്' ഗവേഷണ വിഭാഗംമേധാവിയാണ് . കൂടാതെ സുരേഷിനെ' Irish Expert Body on Fluorides and Health വിഭാഗത്തിന്റെ ചെയർമാനായി അവരോധിച്ചിരിക്കുകയാണ്അയ്റീഷ് ഗവർമെന്റ് . 
ഈ സ്ഥാനം  അലങ്കരിക്കുന്ന ആദ്യത്തെ ഏഷ്യൻ വംശജനാണ് ഡോ : സുരേഷ്  സി. പിള്ള  .
നല്ലൊരു സ്റ്റോറി ടെല്ലറും  , വായനക്കാരനും കൂടിയായ ഡോ : സുരേഷ് , തന്റെ ജോലിയോടൊപ്പം കിട്ടുന്ന പല ശാസ്ത്രീയ അറിവുകളും , ചില അനുഭവങ്ങൾ സഹിതം സോഷ്യൽ മീഡിയ സൈറ്റുകളിലൂടേയും , ലേഖനങ്ങൾ വഴിയും പങ്കുവെച്ച് വായനക്കാരുടെ മനസ്സിൽ ഇടം നേടിയ ഈ യുവ ശാസ്ത്രജ്ഞൻ എന്നുമെന്നോണനം അനേകം ബോധവൽക്കരണങ്ങൾ നടത്തികൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരനാണ്.


അതായത് മലയാളത്തിൽ പ്രചോദനാത്മക സാഹിത്യം കൈകാര്യം ചെയ്യുന്ന വളരെ വിരളമായ സാഹിത്യകാരന്മാരിൽ ഒരു വല്ലഭൻ എന്നും ഡോ : സുരേഷിനെ വിശേഷിപ്പിക്കാം. 
ഡോ : സുരേഷ്  സി. പിള്ളയുടെ പല അഭിമുഖങ്ങളും അന്താരാഷ്ട്ര മാദ്ധ്യമങ്ങളായ BBC London, BBC world Radio, the Times UK, the Guardian Newspaper UK, RTE TV , RTE-1 TV News , Aljazeera TV , Ocean FM radio ഉൾപ്പെടെ നിരവധി ശ്രാവ്യ , ദൃശ്യ , അച്ചടി മാദ്ധ്യമങ്ങളിൽ സംപ്രേക്ഷണം / പ്രസിദ്ധീകരണം ചെയ്തിട്ടുണ്ട് .  
മറ്റു നൂറോളം പ്രസിദ്ധീകരണങ്ങളിൽ അടക്കം , ധാരാളം അന്താരാഷ്ട്ര മാഗസിനുകളിലും , പല ശാസ്ത്ര ജേർണലുകളിലും നൂറിലധികം ആർട്ടിക്കിൾസ് /ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച സുരേഷിന് രണ്ട് US പേറ്റന്റും ഒരു UK പേറ്റന്റും അവാർഡ് ചെയ്‌തിട്ടുണ്ട് .
പ്രചോദനാത്മക സാഹിത്യ വിഭാഗത്തിൽ , ജനങ്ങൾക്ക് എന്നും ഉപകാരപ്രദമാകുന്ന വിജ്ഞാനശകലങ്ങളുമായി  ഡോ : സുരേഷിന്റെ അനുഭങ്ങളും ചിന്തകളുമൊക്കെ കോർത്തിണക്കി ആദ്യമായി മലയാളത്തിൽ , 2016  - ൽ പുറത്തിറങ്ങിയ പുസ്‌തമാണ്
‘തന്മാത്രം’ . ഇപ്പോൾ മൂന്നാം പതിപപ്  പിന്നിട്ടിരിക്കുകയാണ് .
ഈ പുസ്തകം  വിറ്റു കിട്ടുന്ന റോയൽറ്റി മുഴുവനായും  തെരുവിലും, വൃദ്ധ സദനങ്ങളിലും, അനാഥാലയങ്ങളിലും ഉള്ള വയറു വിശക്കുന്നവർക്ക്  വേണ്ടിയാണ് വിനിയോഗിക്കപ്പെടുന്നത് എന്നുള്ളത് എടുത്ത് പറയേണ്ടുന്ന ഒരു സംഗതി തന്നെയാണ് . 
ഡോ : സുരേഷ്  സി. പിള്ളയെ കുറിച്ച് കൂടുതലറിയുവാൻ ഈഅഭിമുഖം (വീഡിയോ ) കൂടി കാണാവുന്നതാണ് 

ഡോ : സീന ദേവകി 

ബോമ്പെയിൽ ജനിച്ചു വളർന്ന് , അവിടത്തെ ജി.എസ് . മെഡിക്കൽ കോളേജിൽ നിന്ന് മെഡിക്കൽ ബിരുദവും , മനോരോഗ വിഭാഗത്തിൽ ബിരുദാനന്തര ബിരുദവും, ശേഷം യു.കെയിൽ വന്ന്  സൈക്കാട്രി മെഡിസിനിൽ MRCP എടുത്ത കൺസൾട്ടന്റ് ഡോക്ടറാണ്  സീന ദേവകി .

പഠിക്കുമ്പോൾ തന്നെ പെയ്ന്റിങ്ങിലും , എഴുത്തിലും നിപുണയായിരുന്ന ഡോ : സീന ദേവകി , ബ്രിട്ടനിൽ  എത്തിയപ്പോഴും എഴുത്തിലും , വരയിലും ശോഭിച്ചു നിൽക്കുന്ന ഒരു വനിതാരത്നം തന്നെയായിരുന്നു  . 
മലയാള നാട് അടക്കം പല മാദ്ധ്യമങ്ങളിലും ആർട്ടിക്കിളുകൾ എഴുതാറുള്ള സീന , ആംഗലേയത്തിലും , മലയാളത്തിലും കഥകളും , കവിതകളും ധാരാളമായി പല യു.കെ മാദ്ധ്യമങ്ങളിലും എഴുതിയിടാറുണ്ട് . 
അതുപോലെ തന്നെ ധാരാളം പെയിന്റിങ്ങ്സും , സ്കെച്ചുകളും ഡോ :സീനയുടെ സ്വന്തം സമ്പത്തിൽ ഇടം പിടിച്ചിട്ടുണ്ട് . 
കഴിഞ്ഞ 30  വർഷമായി കുട്ടികളുടേയും,  കൗമാരക്കാരുടേയും  മനോരോഗ ചികത്സകയായി , ഇപ്പോൾ  ഷെഫീൽഡിൽ ജോലി ചെയ്യുന്ന ഡോ : സീന ദേവകി നാട്ടിലെത്തുമ്പോഴൊക്കെ പല മലയാള കലാ സാഹിത്യ സദസ്സുകളിൽ ഒരു നിറസാന്നിദ്ധ്യമായി  പങ്കെടുക്കാറും ഉണ്ട്...

ഡോ : കെ.എ .മിർസ  

അവഗാഹമായ അറിവും, ഊഷ്മളമായ കലാ സാഹിത്യ ചിന്തയും ഉള്ള ഡോ : കെ.എ .മിര്‍സ നല്ലൊരു എഴുത്തുകാരനും കൂടിയാണ്. "സമീക്ഷ" എന്ന പേരില്‍ ഒരു മാസിക അദ്ദേഹം ഇവിടെ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ സാല്‍വഡോര്‍ ഡാലിയുടെയും മറ്റും സര്‍റിയലിസ്റ്റ് പെയ്ന്റിങ്ങുകള്‍ മന:ശാസ്ത്രത്ത്തിന്റെ പശ്ചാത്തലത്തില്‍  ഡോ :മിര്‍സ വിലയിരുത്തിയിരുന്നത് ശ്രദ്ധേയമായിരുന്നു.
ശ്രീ നാരായണ ഗുരുവിനെ തന്നെ മന:ശാസ്ത്രത്ത്തിന്റെ വീക്ഷണത്തില്‍ അപഗ്രഥിക്കുന്നന്നത് കൗതുകമുണര്ത്തുന്നതും വിജ്ഞാനപ്രദവുമാണ്.
ഇദ്ദേഹത്തിന്റെ ഇളയമകള്‍ ഒരു നോവല്‍ ഇംഗ്ലീഷില്‍ എഴുതി ലണ്ടനില്‍ പ്രകാശനം ചെയ്തിരുന്നു. പക്ഷെ ഇപ്പോള്‍ കുടുംബത്തിലുള്ളവരുടെ മാതൃക പിന്തുടര്‍ന്ന് മെഡിസിന്‍ പഠനത്തിലാണ്. ഒരു സമ്പൂര്‍ണ്ണ ഡോക്ടര്‍ കുടുംബം...

മീര കമല 


ആലപ്പുഴക്കാരിയായ മീര കമലപഠിച്ചുവളർന്നതെല്ലാം നാഗർകോവിലാണ് .കോളേജ് അദ്ധ്യാപികയും , നല്ലൊരു പ്രഭാഷകയും , കവിയത്രിയുമായ മീര 'പാർവ്വതീപുരം മീര ' എന്ന പേരിലാണ് എഴുതുന്നത് ...
തബലിസ്റ്റും , നാടകനടനും , കഥാകൃത്തുമായ മനോജ് ശിവയുടെ ഭാര്യയായ മീര മനോജ് - മലയാളത്തിലും , തമിഴിലും കവിതകൾ എഴുതി വരുന്നു . മലയാളത്തിൽ നിന്നും 'ജ്ഞാനപ്പാന' തമിഴിലേക്കും , തമിഴിലെ പ്രശസ്ത കവി ബാലയുടെ 'ഇന്നൊരു മനിതർക്ക് 'എന്ന കവിതാസമാഹാരം മലയാളത്തിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട് . ഒപ്പം ധാരാളം ആംഗലേയ കവികളുടെ ക്‌ളാസ്സിക് കവിതകളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട് .
'സ്നേഹപൂർവ്വം  കടൽ ' എന്ന ഒരു കവിത സമാഹാരമാന് മീരയുടെ ആദ്യ പുസ്തകം . 
അതിന് ശേഷം മൂന്നാല് പുസ്തകങ്ങൾ എഴുതിയിട്ടുള്ള വനിതാരത്നം ഇപ്പോൾ ഓ.എൻ .വി യുടെ ചില കവിതകൾ ആംഗലേയത്തിലേക്കും വിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നൂ ...


വിജയലക്ഷ്‌മി 

യു.കെയിലും , യു.എ .യി ലുമായി മാറി മാറി കഴിയുന്ന കണ്ണൂരിൽ നിന്നും വന്ന ഈ സീനിയർ എഴുത്തുകാരിയായ വിജയലക്ഷ്‌മി  കവിതകളും , കഥകളും , മലബാറിന്റേതായ  സ്വാദുള്ള പാചക വിഭവങ്ങളുടെരുചിക്കൂട്ടുകളുമായി , വീഡിയോ അടക്കം എല്ലാ വായനക്കാരെയും 
കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വനിതാരത്നമാണ് .
ധാരാളം പാചക വിഭങ്ങൾ  തയ്യാറാക്കലുകൾ ചിത്രീകരിച്ച് ആയെതെല്ലാം വീഡിയോ അവതരണങ്ങളായി അവതരിപ്പിക്കുന്ന ഒരു വ്ലോഗ്ഗർ കൂടിയാണ് ഈ എഴുത്തുകാരി  .
 'കഥാ മിനാരങ്ങൾ' എന്ന പുസ്തകമടക്കം വിജയേടത്തി ഇന്ന് പല മലയാളം പതിപ്പുകളിലും കഥകളും കവിതകളും എഴുതി വരുന്നു ...

ഗീത രാജീവ്

തിരുവനന്തപുരത്തുനിന്നും ലണ്ടനിൽ വന്ന് അദ്ധ്യാപികയായി ജോലി ചെയ്യുന്ന 'ഗുരു നിത്യചൈതന്യ'യുടെ ശിക്ഷ്യയായ ഗീത രാജീവ്  , ഇത്തിരി 
സംഗതികളിലൂടെ ഒത്തിരി കാര്യങ്ങൾ പങ്കുവെക്കുന്ന ഒരു എഴുത്തുകാരിയാണ് .
നല്ല  ആഴത്തിൽ വായനയുള്ള ഗീത  രാജീവിന്റെ പല എഴുത്തുകളിലും ആയതിന്റെയൊക്കെ പ്രതിഫലനങ്ങൾ ദർശ്ശിക്കുവാൻ സാധിക്കും .
ആഗോള തലത്തിലുള്ള പല ക്ലാസ്സിക് ഗ്രൻഥങ്ങളിലേയും പല ചിന്തനനീയമായ സംഗതികളും ചൂണ്ടിക്കാണിച്ച് , മിക്ക  സോഷ്യൽ മീഡിയ സൈറ്റുകളിലും , മറ്റു  സൈബർ ഇടങ്ങളിലെ പല ചർച്ചകളിലും സജീവമായി പങ്കെടുക്കയും , സ്വതന്ത്രമായ ചിന്തകൾ  പങ്കുവെക്കുകയും ചെയ്യുന്ന വേറിട്ട ഒരു സ്‌ത്രീ രത്നമാണ് ഗീത രാജീവ്  ...


സിമ്മി കുറ്റിക്കാട്ട് 


തൃശൂരിലെ കൊരട്ടി യിൽ നിന്നും ഇവിടെയെത്തി , യു.കെയിലുള്ള മലയാളം പ്രസിദ്ധീകരണങ്ങളിലൂടെയും , സോഷ്യൽ മീഡിയ തട്ടകങ്ങളിലൂടെയും ഇന്ന്  ഇംഗ്ലണ്ടിൽ അറിയപ്പെടുന്ന എഴുത്തുകാരിയായ  സിമ്മി കുറ്റിക്കാട്ടി  ന്റെ പ്രഥമ പുസ്തകം 'മത്തിച്ചൂര് ' അൻപത്തിയൊന്നു കവിതകൾ ഉൾപ്പെടുത്തി , കുഴൂർ വിത്സന്റെ ആമുഖത്തോടെ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്   .
ദൈനംദിന ജീവിതത്തിരക്കുകൾ പലപ്പോഴും അത് നമ്മെ വീർപ്പുമുട്ടിക്കും. ആ വീർപ്പുമുട്ടലുകളിൽ ഗൃഹാതുരത പലപ്പോഴും ഓർമ്മച്ചെപ്പുകൾ തുറക്കും.  
സിമ്മിയെ പറ്റി 'വി. പ്രദീപ് കുമാർ' പറയുന്നത് നോക്കൂ -
' മറ്റൊരു രാജ്യത്തിലേക്ക് പറിച്ചുനടപ്പെടുന്പോൾ സ്വന്തം ഭാഷയുടെ ഉപയോഗം കുറയുകവഴി അത് നമുക്ക് എന്നേക്കുമായി നഷ്ടമാകുമോ എന്ന ഭയം നമ്മിൽ നിഴൽ വീഴ്ത്തുന്ന സ്നേഹവും, വിരഹവും ,ദുഃഖവുമൊക്കെ ഏകാന്തതയിൽ മറവിയുടെ മാറാലകൾക്കുള്ളിൽ നിന്നും ചിറകുകൾ മുളച്ച് ഭാവനയുടെ അനന്തവിഹായസ്സിൽ പറന്നുയരുവാൻ തുടങ്ങും...
അവിടെ നിന്നാണ് സിമ്മിയുടെ കവിതകൾക്ക് ചിറക് മുളക്കുന്നത്  . 
സിമ്മിയുടെ കൂടുതൽ എഴുത്തുകൾ കാണുവാൻ ഹൃദയപൂർവ്വം  സൈറ്റ്‌ സന്ദർശിക്കാം ...
ഇപ്പോൾ അടുത്ത് പുറത്തിറങ്ങിയ 'ഒറ്റ മേഘപ്പെയ്ത്ത് ' എന്ന ഹൈക്കു കവിത സമാഹാരത്തിലെ ഒരു എഴുത്തുകാരികൂടിയാണ് സിമ്മി കുറ്റിക്കാട്ട് എന്ന സ്ത്രീ രത്‌നം ... 



ഡോ : ഗോപാലകൃഷ്ണന്‍ നെട്ടുവേലി 

എറണാകുളത്തുള്ള തൃപ്പുണിത്തറ സ്വദേശിയായ പ്രൊഫ : ഗോപാലകൃഷ്ണന്‍ ബിരുദാനന്തരം , ദന്ത ചികിത്സയില്‍ ഡിഗ്രിയും ,പോസ്റ്റ്ഗ്രാഡുവേഷനും കഴിഞ്ഞ ഒരു എഴുത്തുകാരനാണ് .കുട്ടികളുടെ ദന്ത ചികിത്സയില്‍ ഇന്ത്യയിലും വിദേശത്തും അദ്ധ്യാപകനായിരുന്നു. 
പിന്നീട് മഹാത്മാ ഗാന്ധി പഠിച്ച, ലോകത്ത് സ്ത്രീകള്‍ക്ക് ആദ്യമായി യൂണിവേഴ്സിറ്റി  പ്രവേശനം നല്‍കിയ ലോക പ്രസിദ്ധമായ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനില്‍ “പബ്ലിക് ഹെല്‍ത്ത് ആന്റ് എപിടെമിയോളജിയില്‍” PhD ചെയ്യാനാണ് പ്രൊഫ :ഗോപാലകൃഷ്ണന്‍ ലണ്ടനില്‍ എത്തുന്നത്‌. അതൊരു ഗവേഷണ രംഗത്തെ ഔദ്യോഗിക പദവിയിലേക്ക് നയിച്ചു. 
ലോക നിലവാരം പുലര്‍ത്തുന്ന മറ്റൊരു യൂണിവേഴ്സിറ്റിയായ ഇമ്പീരിയല്‍ കൊളേജിലായി തുടര്‍ന്നുള്ള പത്ത് വര്‍ഷത്തെ ഔദ്യോഗിക ജീവിതം. ഇപ്പോഴും ഈ രണ്ടു യൂനിവേഴ്സിടികളിലും ഓണററി പ്രൊഫസറായി സേവനം അനുഷ്ട്ടിക്കുന്നു. 
ഒപ്പം യൂനിവേഴ്സിറ്റി  ഓഫ് ഈസ്റ്റ് ലണ്ടന്റെ 'ഇന്‍സ്ടിട്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റി'ല്‍ പ്രൊഫ : ഓഫ് പബ്ലിക് ഹെല്‍ത്ത് - പദവിയില്‍ ഔദ്യോഗിക ജീവിതവും തുടരുന്നു.
നല്ലൊരു നാടകകൃത്തും , എഴുത്തുകാരനുമായ ഡോ: ഗോപാലകൃഷ്ണന്‍ , ശ്രീരാമനെ ആധുനിക കാലഘട്ടത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് പുരുഷ മേധാവിതത്വത്തെ വിലയിരുത്തിയ നാടകവും , അതേപോലെ തന്നെ ചന്തുമേനോന്റെ ഇന്ദുലേഖ അവസാനിക്കുന്നിടത്തും നിന്നും , ഇന്ദുലേഖയുടെ ബാക്കിപത്രമായി ഇദ്ദേഹം എഴുതിയ നാടകവും വളരെ പ്രസിദ്ധവും , രംഗത്തവതരിച്ചപ്പോൾ  വളരെയധികം  പ്രശംസയും  നേടിയിരുന്നു. 
ലണ്ടനിലുള്ള എല്ലാ തരം സാംസ്കാരിക പരിപാടികളിലും പങ്കെടുക്കുകയും ,ആയതിനൊക്കെ മുന്നിട്ടുനിൽക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യ സാംസ്കാരിക നായകൻ കൂടിയാണ് ഈ പ്രൊഫസർ.  
പ്രമേഹം കൊണ്ടുള്ള അന്ധത എളുപ്പം കണ്ടെത്തുവാൻ ബ്രിട്ടനിൽ നിന്നുള്ള  ഭീമൻ സഹായ ഹസ്തവുവുമായി ഇന്ത്യയിലേക്ക് പോകുന്നവിദഗ്ദ്ധസമിതിയിലെ രണ്ട് മലയാളികളിൽ ഒരാൾ കൂടിയാണ് ഈ ഡോക്ട്ടർ . 
എഴുത്തുകാരനും ചിന്തകനും ആയ NS മാധവന്റെ അനുജനാണ്  ഡോ : ഗോപാലകൃഷ്ണന്‍ നെട്ടുവേലി.

ജയശ്രീ ശ്യാംലാൽ 

കൊല്ലം ജില്ലയിൽ നിന്നും വന്ന് യു .കെ യിൽ സ്ഥിര താമസ മാക്കിയിരിക്കുന്ന ശ്രീമതി.ജയശ്രീ ശ്യാംലാൽ പ്രശസ്ത നാടകാചാര്യൻ ശ്രീ ഒ . മാധവന്റെ മകളും , സിനിമാനടൻ ശ്രീ മുകേഷിന്റെ സഹോദരിയുമാണ് .
ലണ്ടനിലെ ഇന്ത്യന്‍ വംശജകര്‍ക്കിടയിലെ പ്രവാസി മലയാളികളുടെ വേറിട്ടൊരു ലോകവും, വ്യവസ്ഥാപിത കുടുംബബോധത്തിന്റെ വ്യവഹാരങ്ങളെ തകര്‍ക്കുന്ന പഴമയും, പുതുമയും തമ്മിലുള്ള സംഘര്‍ഷങ്ങളും ഉള്‍പ്പെടെ ലണ്ടന്‍ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവലായ 'മാധവി'  ഈ എഴുത്തുകാരിയുടെ ആദ്യ പുസ്തകമാണ് .
മലയാളി സാന്നിദ്ധ്യം  ഏറെയുള്ള സ്ലോവില്‍ നിന്നും നമ്മുടെ മാതൃഭാഷയില്‍ പ്രസിദ്ധീകൃതമാകുന്ന ആദ്യ മലയാള നോവൽ .
ശരാശരി മനുഷ്യ മനസ്സില്‍ ആസ്തികതയും, നാസ്ഥികതയും ഊട്ടി വളർത്തി ജന്മ നിർവഹണത്തിന്റെ വേരുകൾ പേറുന്ന സാധാരണ കുടിയേറ്റക്കാരനായ മലയാളിയുടെ സങ്കീർണ മനോവ്യാപാരങ്ങളെ ലളിതമായ നിരീക്ഷണത്തോടെ വിവരിക്കുവാനും ശ്രീമതി . ജയശ്രീ ശ്യാംലാല്‍ , 'മാധവി' എന്ന തന്റെ പ്രഥമ നോവലിലൂടെ ശ്രമിച്ചിരിക്കുന്നു.
നൈതിക സംഘർഷം തുടങ്ങുന്നതും, ഒടുങ്ങുന്നതും വ്യക്തിയിൽ തന്നെയാണന്നും, എന്നാൽ അയാളുടെ അനന്തമായ ബന്ധപ്പെടലുകളിലൂടെ ഒരു സമൂഹത്തിന്റെ ചരിത്രം മുഴുവൻ നേരിട്ട് കഥാ വസ്തുവായി തീരുകയും ചെയ്യുന്നതിന്റെ ഉദാഹരണമാണ് മാധവി എന്ന നോവല്‍. 
അത് കൊണ്ട് തന്നെ  ജീവിതാനുഭവങ്ങളെ തനതായ അസ്ഥിത്വത്തോട് സമന്വയിപ്പിച്ചുകൊണ്ട് വിരചിതമായ കഥയാണ് മാധവി എന്നും വിശേഷിപ്പിക്കാവുന്നതാണ്.

ജയശ്രീ - ശ്യാംലാൽ ദമ്പതികളുടെ മകൾ നീത ശ്യാമും നല്ലൊരു സ്ക്രിപ്ട് റൈറ്റർ കൂടിയാണ് .
കൂടുതലും  ആംഗലേയത്തിൽ എഴുതുന്ന നീത ശ്യാം , എഴുത്തിൽ ധാരാളം അവാർഡുകൾ ഒരു യുവ എഴുത്തുകാരിയെന്ന നിലയിൽ വാരികൂട്ടിയിട്ടുണ്ട്...


ജോസ് ആന്റണി

തൃശൂർ  ജില്ലയിലെ വരന്തരപ്പള്ളിയിലെ  പള്ളിക്കുന്നിൽ നിന്നും
ലണ്ടനിൽ വന്നു വസിക്കുന്ന ജോസ് ആന്റണി പിണ്ടിയൻ ഇവിടങ്ങളിൽ
അറിയപ്പെടുന്ന ചിത്രകാരനും , ശില്പിയും ,ത്വത്വചിന്തകനും  , ഒപ്പം നല്ല നിരീക്ഷണ
സ്വഭാവമുള്ള എഴുത്തുകാരനും കൂടിയാണ് . 
കലയെയും , സാഹിത്യത്തെയുമൊക്കെ വിലയിരുത്തികൊണ്ടുള്ള അനേകം ആർട്ടിക്കിളുകൾ ജോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട് .

നല്ല കവിതകളെ സ്നേഹിക്കുന്ന ,ലോകം മുഴുവൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ജോസിന്റെ അനുഭവാവിഷ്കാരങ്ങളും , വിലയിരുത്തലുകളും എന്നും തന്നെ വളരെയേറെ ശ്രദ്ധിക്കപ്പെടുന്ന വിഷയങ്ങൾ തന്നെയാണ് .

ലണ്ടനിലെ കലാ സാഹിത്യ കൂട്ടായ്മകളിലെ നിറ  സാനിദ്ധ്യമുള്ള  വ്യക്തിത്തത്തിനുടമകൂടിയാണ്  ഈ ആന്റണി ജോസ് പിണ്ടിയൻ. ഒപ്പം കട്ടൻ കാപ്പി കൂട്ടായ്മയിലെ പുതിയ ആശയങ്ങൾ നടപ്പാക്കി വിജയിപ്പിക്കുന്നതിൽ എന്നും നേതൃത്വം കൊടുക്കുന്നതും ജോസ് തന്നെയാണ് .
ജോസിന്റെ ഭാഷയിലൂടെയുള്ള താഴെയുള്ള വിലയിരുത്തൽ കൂടി നോക്കൂ ....

'നല്ല സാഹിത്യം നല്ലൊരു വായനാനുഭവമാണ്. 
അത് ജീവിതത്തിന്റെ നേർ പകർപ്പാകുമ്പോൾ വായനാനുഭവത്തിന്റെ
തീഷ്ണത വർദ്ധിക്കുന്നു. എന്നാൽ ജീവിതാനുഭവം കലയിലേക്ക് പകർത്തുന്ന പ്രക്രിയയിൽ വൈകാരിക ഉന്നതിയുണ്ടാകുകയും, വാക്കുകളും വാചകങ്ങളും ഒന്ന് മറ്റൊന്നിനോട് ചേർന്ന് താളക്രമത്തോടെ വായനക്കാരന്റെ മനസ്സിൽ പതഞ്ഞു ഉയരുകയും ചെയ്യുന്നു. ഇങ്ങനെയുള്ള എഴുത്തിന്റെ പ്രത്യേകത അത് ജീവിതത്തിനും, കഥക്കും ഇടക്കുള്ള അതിർത്തികൾ മായിച്ചു കളഞ്ഞു വായനാനുഭവത്തെ സ്പുഡീകരിക്കുന്നു എന്നുള്ളതാണ്.
ഇങ്ങനെ എഴുതാൻ കഴിയുന്ന യു,കെയിലെ രണ്ട് എഴുത്തുകാരാണ്  മുകളിൽ പറഞ്ഞ ശ്രീ .അലക്സ് കണിയാംപറമ്പിലും , താഴെ പറയുവാൻ പോകുന്ന വി .പ്രദീപ് കുമാറും.'...


വി.പ്രദീപ് കുമാർ 


തിരുവനനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ
ഇപ്പോൾ ലണ്ടനിലെ ക്രോയ്ഡണിൽ വസിക്കുന്ന ബൃഹത്തായ വായനയുള്ള ഒരു മലയാളം ഭാഷ സ്നേഹിയാണ് വി.പ്രദീപ് കുമാർ .

ഒപ്പം ആഗോളതലത്തിലുള്ള ക്ലാസ്സിക്കായ - കല , സാഹിത്യ , സിനിമകളടക്കം പാലത്തിനെ കുറിച്ചും അസ്സലായി വിശകലനം ചെയ്യുന്ന പ്രദീപ് കുമാർ നന്നായി വരക്കുകയും , കവിതകൾ , നല്ല താളക്രമത്തോടെ ചൊല്ലുകയും ചെയ്യുന്ന ഒരു വല്ലഭൻ തന്നെയാണ് .

മലയാളം സാഹിത്യത്തെ കുറിച്ചും , ഒട്ടുമിക്ക എഴുത്തുകാരെ പറ്റിയും പ്രദീപിനോളമുള്ള അറിവുകൾ ഇന്നീ ആംഗലേയ ദേശത്ത് മറ്റാർക്കും തന്നെയില്ലെന്ന് തന്നെ പറയാം. നല്ലൊരു പുസ്തക ശേഖരമുള്ള ഇദ്ദേഹം വിജ്ഞാന പ്രദമായ പല ലേഖനങ്ങളും , സാഹിത്യ വിമർശനങ്ങളും എഴുതാറുണ്ട് .
'കട്ടൻ കാപ്പിയും കവിതയും' കൂട്ടായ്മയിൽ നിന്നും ഇറക്കുന്ന ' ഛായ' കൈയ്യെഴുത്തു പ്രതികൾ   എല്ലാവിധ രൂപ ലാവണ്യങ്ങളും വരുത്തി , ഒരു ആർട്ടിസ്റ് കൂടിയായ പ്രദീപിന്റെ കൈയ്യെഴുത്തിലൂടെയാണ് പുറത്തിറങ്ങാറുള്ളത്... !


കാരൂർ സോമൻ 

മാവേലിക്കരയിലുള്ള ചാരുമൂടിൽ നിന്നും സൗദിയിലെ നീണ്ട
പ്രവാസ ജീവിതത്തിന് ശേഷം കഴിഞ്ഞ ഒന്നൊര പതിറ്റാണ്ടായി ലണ്ടനിൽ
വസിക്കുന്ന സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും കൈവെച്ചിട്ടുള്ള ഒരു സമ്പൂർണ്ണ എഴുത്തുകാരനാണ് കാരൂർ സോമൻ .
മലയാളം മാധ്യമങ്ങളടക്കം ഒരുവിധം എല്ലാ വിദേശ മാദ്ധ്യമങ്ങളിലും നാടകങ്ങളും , കഥകളും , കവിതകളും  , 
നോവലുകളും ,യാത്രാവിവരണവുമൊക്കെ എഴുതാറുള്ള ഇദ്ദേഹത്തിന് അനേകം പ്രവാസി സാഹിത്യ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .
ഇപ്പോൾ ഇതുവരെ 51  പുസ്തകങ്ങൾ 
സാഹിത്യത്തിന്റെ എല്ലാമേഖലകളിലുമായി ഇറക്കിയിട്ടുള്ള , ഈ ഫുൾടൈം എഴുത്തുകാരനെ കുറിച്ചറിയുവാൻ കാരൂർ സോമൻ എന്ന വെബ്സൈറ്റിൽ പോയൽ മതി...





മുരുകേഷ് പനയറ

തിരുവനന്തപുരത്തെ വർക്കലയിലുള്ള പനയറ
ഗ്രാമത്തിൽ ജനിച്ചുവളർന്ന മുരുകേഷ് ബിരുദാനന്തര ബിരുദ ധാരിയായ ചെറുപ്പം മുതലെ വായനയും ,എഴുത്തും കൂടെ കൊണ്ട് നടക്കുന്ന ഒരു പ്രതിഭയാണ് .
പിന്നീട് ഇന്ഗ്ലീഷ് അദ്ധ്യാപനത്തിൽ നിന്നും , മൃഗ സംരംക്ഷണ വകുപ്പിലെ ഉദ്യോഗത്തിൽ നിന്നും വിടുതൽ ചെയ്ത ശേഷം ,   ലണ്ടനിലെ ക്രോയ്ഡോണിൽ വസിക്കുന്ന മുരുകേഷ് പനയറ ഇന്ന് ലണ്ടൻ ട്രാമിലെ ഒരു ഉന്നത പദവി വഹിക്കുന്ന ഉദ്യോഗസ്ഥനാണ് .
ജീവിതാനുഭവങ്ങളെ തനതായ അസ്ഥിത്വത്തോട് സമന്വയിപ്പിച്ചുകൊണ്ട് വിരചിതമായ കഥകൾ എഴുതുന്ന മുരുകേഷ്  പനയറ , ആംഗലേയത്തിലടക്കം ധാരാളം ഈടുറ്റ കവിതകളും ,ലേഖനങ്ങളും ബിലാത്തിയിലെ എല്ലാ മാദ്ധ്യമങ്ങളിലും എഴുതുന്നു .ഒപ്പം നല്ലൊരു പ്രഭാഷകൻ കൂടിയായ എഴുത്തുകാരനാണ് ഇദ്ദേഹം .
ഭാഷ പ്രയോഗ രീതികളിലും , വിഷയ സമീപനത്തിലും ഏവരേക്കാളും മികച്ച്  നിന്ന് രചനകൾ നിർവ്വഹിക്കുന്ന ഒരാളാണ് മുരുകേഷ് .
രണ്ട് നോവലുകളും ഇദ്ദേഹം രചിച്ചിട്ടുണ്ട് .'കുടജാദ്രിയിൽ ' എന്ന കഥാ സമാഹാരമാണ് യു.കെയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മകളിലും , നവമാദ്ധ്യമ രംഗത്തും എന്നും സജീവ സാന്നിദ്ധ്യമുള്ള മുരുകേഷിൻറെ ആദ്യ പുസ്തകം .
ഇദ്ദേഹത്തിന്റെ മറ്റൊരു നോവലായ 'മാട്ടിറച്ചി ' അടുത്തുതന്നെ വിപണിയിൽ ഇറങ്ങുവാൻ പോകുകയാണ്...


ജിൻസൺ  ഇരിട്ടി

എഴുത്തിന്റെ ആധുനികതകൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു കഥാകാരനാണ് കണ്ണൂരിലെ ഇരിട്ടി സ്വദേശിയായ യു.കെയിലെ ബ്രൈറ്റണിൽ താമസിക്കുന്ന ജിൻസൺ ഇരിട്ടി  .

രണ്ട് നോവലുകളും , ധാരാളം കഥകളും എഴുതിയിട്ടുള്ള ജിൻസൺ.'ബിലാത്തി പ്രണയം 'എന്ന സിനിമയുടെ തിരക്കഥാകൃത്തു കൂടിയാണ് .'തിരിച്ചറിവുകൾ ' എന്ന നോവലാണ് ജിൻസൺ ഇരിട്ടിയുടെ ആദ്യ നോവൽ .
ഒരിക്കലും പിഴുതുമാറ്റാൻ കഴിയാത്തവണ്ണം ഹൃദയത്തിൽ മുളച്ചുകിടക്കുന്ന നാട്ടോർമ്മകളും , ലണ്ടൻ നഗരത്തിൽ കഴിയുന്ന മനസ്സിന്റെ വിഹ്വലതകളും , പ്രതീക്ഷകളും ജിൻസന്റെ എഴുത്തിൽ മിക്കപ്പോഴും പ്രതിഫലിച്ച് കാണാവുന്നതാണ് .
ജിൻസൻ  അടുത്തു തന്നെ ഒരു നോവലും , ചെറുകഥാ സമാഹാരവും കൂടി ഇറക്കുന്നുണ്ട് ...

 ജിഷ്‌മ ഷിജു 


നല്ല ആഴത്തിലുള്ള ചിന്തനീയമായ ഈടുറ്റ കഥകൾ രചിക്കുന്ന ലണ്ടനിലുള്ള പന്തളത്തുകാരിയായ ജിഷ്‌മ ഷിജു മലയാള സാഹിത്യത്തിലെ ചെറുകഥാ രംഗത്ത്  ഉദിച്ചുയർന്നു  വരുന്ന ഒരു യുവ എഴുത്തുകാരിയാണ് . 'ഒറ്റത്തുരുത്തിലെ നിർവൃതികൾ' എന്ന  ജിഷ്‌മയുടെ പ്രസിദ്ധീകരിച്ച ഉടനെ തന്നെ ചൂടപ്പം പോലെ വിറ്റഴിഞ്ഞു കൊണ്ടിരിക്കുന്ന പുസ്തകം ആയതിലേക്കാണ് വിരൽ ചൂണ്ടുന്നത് .
വലിച്ചടുപ്പിക്കുകയെന്നോ തെന്നിമാറുകയെന്നോ അറിയാതെ വീണ്ടും വീണ്ടും കണ്ണിൻ മുന്നിൽ തെളിയുന്ന ചില സ്വപ് നതുരുത്തുകളുണ്ട്...
നിർവൃതി തരുന്ന ഒറ്റതുരുത്തുകൾ....

ഈ പുസ്തകം അത്തരത്തിൽ ഒരു ഒറ്റതുരുത്താണ്.
വല്യച്ഛന്റെ മൈസൂർ സാന്റൽ സോപ്പിന്റെ ഗന്ധം പരക്കുന്ന, മധുവന്തി രാഗം അന്തരീക്ഷത്തിൽ മുഴങ്ങുന്ന, യശോധരാമ്മയിലെ സെൻ കേൾക്കുന്ന, അങ്ങുന്നിന്റെയും ഗോമാവിന്റെയും സ്നേഹം കാണാനാവുന്ന, കുൽജീത് മായുടെ അതിജീവനത്തിന്റെ ശൗര്യമുള്ള, മാളുവിന്റെ നിഷ്കളങ്കത നിറയുന്ന , വൈവിധ്യങ്ങളുടെ ഒറ്റതുരുത്ത്.
ആ ഒറ്റതുരുത്ത് താനാണെന്ന തിരിച്ചറിവിൽ, കഥാകാരി വരച്ചിടുന്ന നിർവൃതി നിറഞ്ഞ ശകലങ്ങളാണ് ഇതിലെ ഓരോ കഥകളും. വ്യത്യസ്ത ജീവിതാനുഭവങ്ങളും,അവസ്ഥാന്തരങ്ങളും...
അമ്പത് എഴുത്തുകാരികൾ ചേർന്നെഴുതിയ 'പുരുഷൻ' - എന്റെ സങ്കല്പം , കാഴ്ച്ചപ്പാട് എന്ന പുതു പുസ്തകത്തിലെ ഒരു രചയിതാവ് കൂടിയാണ് ജിഷ്‌മ ... 


പ്രിയ കിരൺ 


ത്യശൂർ പട്ടണത്തിൽ നിന്നും എത്തിപ്പെട്ട എൽ.എൽ.ബി ബിരുദധാരിണിയായ പ്രിയ കിരൺ മിൽട്ടൺകീൻയ്സിലും ലണ്ടനിലുമായി താമസിസിക്കുന്ന ഒരു 'നെറ്റ്‌ വർക്ക് റെയിൽ' ഉദ്യോഗസ്ഥയാണ്.
ഇവിടങ്ങളിലെ സാമൂഹിക , സാംസ്കാരിക കൂട്ടായ്മകളിൽ സജീവ സാനിദ്ധ്യം കാഴ്ച്ചവെക്കുന്ന ഈ തരുണീരത്നം എഴുത്തിലും ആയതു പിന്തുടരുന്നു . പ്രിയയുടെ 'ഒരു കുഞ്ഞു പൂവിനെ ' എന്നുള്ള കഥ - ബിനോയ് അഗസ്റ്റിൻ  ഒരു ഷോർട്ട് ഫിലിമായി ചെയ്‍തത്  വളരെ ഹിറ്റായ തീർന്ന ഒരു ഷോർട് ഫിലീം ആയിരുന്നു .
മാതൃഭൂമി  ഓൺ-ലൈനിൽ പ്രിയയുടെ ചില ആർട്ടിക്കിളുകൾ  ലക്ഷകണക്കിന്  ആളുകൾ വായിച്ച വളരെ നല്ല അഭിപ്രായ രേഖപ്പെടുത്തിയിട്ടുള്ളതാണ് ..
'അവിയൽ'  പുസ്തകത്തിലെ ഒരു രചയിതാവ് കൂടിയാണ്  പ്രിയ കിരൺ . പോരാത്തതിന് എന്നും തന്നെ തന്റെ ഗൃഹാതുരുത്വം  വിളിച്ചോതുന്ന ലളിത ഭാഷയിൽ കൂടി വായനക്കാരെ മാടി വിളിക്കുന്ന നല്ലൊരു  എഴുത്തുകാരി കൂടിയാണ്  ഈ വനിതാരത്നം   ...


മേരി കുട്ടി 

മധ്യ തിരുവിതാംകൂറിൽ നിന്നും തൃശൂർ ജില്ലയിലേക്ക് കുടിയേറിപ്പാർത്ത് , ദാരിദ്ര്യത്തിന്റെ നൂലാമാലകളിൽ നിന്നും വിധിയോടും , പീഡനങ്ങളോടും പൊരുതി ജയിച്ച് പുസ്തക വായനയിലും , ഭക്തിയിലും മാത്രം അഭയം കണ്ടിരുന്ന , ബുദ്ധിമുട്ടി പഠിച്ച് ലണ്ടനിൽ നേഴ്‌സായി എത്തപ്പെട്ട
മേരി കുട്ടി , താൻ എഴുതിവെച്ചിരുന്ന കുറിപ്പുകൾ എല്ലാം കൂട്ടി , ഒരു അനുഭവ കഥപോൽ  , 2010 -ൽ പ്രസിദ്ധീകരിച്ച  പുസ്‌തമാണ് 'കല്യാണപ്പെണ്ണ് ' എന്ന അനുഭവകഥ പോലുള്ള നോവൽ .
(സിസ്റ്റർ ജെസ്മിയുടെ ആമേൻ പോലുള്ള ഇതിന്റെ കൈയ്യെഴുത്ത് പ്രതി ഞങ്ങൾ കുറച്ച് മിത്രങ്ങൾ ഇതിന് മുമ്പ് വായിച്ചിരുന്നു ..!)   
എന്തൊ പിന്നാമ്പുറ  ഇടപെടലുകൾ കാരണം , ഈ പുസ്തകത്തിന്റെ കോപ്പികളൊന്നും പിന്നീട് വെളിച്ചവും കണ്ടില്ല ...! ? 
അതോടെ പിന്നെ മേരികുട്ടി എല്ലാ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ നിന്നും , പബ്ലിക് എഴുത്തുകളിൽ നിന്നും അപ്രത്യക്ഷയായിരിക്കുകയാണ് . മേരികുട്ടിയുടെ എഴുത്തിലേക്കുള്ള തിരിച്ചുവരവിന് വേണ്ടി ഞങ്ങൾ മിത്രങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ് ...



ഷാഫി റഹ്‌മാൻ 

കാലം മാറുകയാണ്‌, വായനയും...
ഈയൊരു തിരിച്ചറിവാണ്‌ അഴിമുഖം ...
ലോകത്തിലെ ഏറ്റവും മികച്ച മാദ്ധ്യമ  ശൈലികളും
ശീലങ്ങളും മലയാളി ബൗദ്ധികതയുമായി ചേര്‍ത്തു വയ്‌ക്കുന്ന ഈ അഴിമുഖത്തിന്റെ പിന്നണിയിലുള്ള ഒരു മാദ്ധ്യമ പ്രവർത്തകനാണ്  ഷാഫി റഹ്‌മാൻ .
മലയാളം ഇന്നു വരെ കാണാത്ത മാദ്ധ്യമ പ്രവര്‍ത്തന മികവും സങ്കീര്‍ണമായ ആഗോള സാഹചര്യങ്ങളുടെ സൂക്ഷ്‌മമായ വിലയിരുത്തലുകളൂമാണ്‌ അഴിമുഖം വായനക്കാരിലെത്തിക്കുന്നത്‌.
ആയതിന്റെ യൂറോപ്പ് ചുമതയുള്ള ,  തൃശൂർ പട്ടണത്തിൽ നിന്നും വന്ന ഇന്ത്യ ട്യുഡെയുടെ  ലേഖകൻ കൂടിയായ എഴുത്തിലെ വല്ലഭനായ ഷാഫി റഹ്‌മാൻ നല്ലൊരു പത്ര പ്രവർത്തകനും , രാഷ്ട്രീയ നിരീക്ഷകനുമാണ് .
ഷാഫിയുടെ ധാരാളം എഴുത്തുകൾ ഇന്ത്യ ട്യുഡെയുടെ/അഴിമുഖത്തിന്റെ  പേജുകളിലൂടെ നാമൊക്കെ വായിച്ചറിഞ്ഞിട്ടുണ്ട് .
ലണ്ടനിൽ താമസമുള്ള ഷാഫി ഇവിടെ നിന്നും ഇറങ്ങുന്ന ഇന്ത്യ ഗസറ്റ് ലണ്ടന്റെ  എഡിറ്റർ കൂടിയാണ് ...


അനിയൻ കുന്നത്ത്

ശരിക്കും പറഞ്ഞാൽ കവിതകളുടെ ലോകത്ത് ജീവിക്കുന്ന
ഒരാളാണ് കോതമംഗലത്തെ ഊന്നു കല്ലിൽ നിന്നും ദൽഹി പ്രവാസത്തിനു
ശേഷം യു,കെയിലെത്തി , ഇവിടെയുള്ള സെന്റ്.ആൽബൻസിൽ താമസിക്കുന്ന അനിയൻ കുന്നത്ത് .
വിഷയ സ്വീകരണത്തിന്റെ സാധാരണത്വവും ,രചനാ തന്ത്രത്തിന്റെ വ്യത്യസ്ത തലങ്ങളുടെ ലാളിത്യവും മുഖമുദ്രയാക്കുന്ന കവിതകളാണ് അനിയന്റെ 
ഒട്ടുമിക്ക വരികളും .
മനസ്സ് മനസ്സിനോട് ചെയ്യുന്ന മൗന മന്ത്രണം കണക്കെയുള്ള വാചാലമായ കവിതകൾ ഓരോന്നും അനുവാചക ഹൃദയത്തിലേക്ക് , ആർദ്ര ദീപ്തഭാവങ്ങൾ തെല്ലും ചോർന്നു പോകാതെ ആവിഷ്‌ക്കരിക്കാനുള്ള അനിയന്റെ കഴിവ് അപാരം തന്നെയാണ് .
സോഷ്യൽ മീഡിയ രംഗത്ത് സജീവ ചർച്ചകൾക്ക് വിധേയമായ ഇദ്ദെഅഹത്തിന്റെ ചില നല്ല കവിതകളുടെ സമാഹാരമായ 'വെയിൽ പൂക്കുന്ന മഴ മേഘങ്ങൾ ' ആണ് അനിയന്റെ പ്രഥമ പുസ്തകം ...


പ്രിയൻ പ്രിയവ്രതൻ 

വെറ്റിനറി സയൻസിൽ മെഡിക്കൽ ബിരുദമുള്ള
ഡോ : പ്രിയൻ   ഇന്ന്  കമ്പ്യൂട്ടർ  കമ്യൂണിക്കേഷൻ വിഭാഗത്തിൽ
വെബ് ഡിസൈനിങ്ങ് രംഗത്താണ് ജോലി ചെയ്യുന്നത് .
നല്ലൊരു കവിയും , ഗായകനുമായ കൊല്ലത്തെ പുനലൂർ സ്വദേശിയായ പ്രിയൻ സംഗീതത്തിലും
സാഹിത്യത്തിലും പ്രാവീണ്യമുള്ള ഒരു വ്യക്തി പ്രതിഭ തന്നെയാണ്.
ലണ്ടനിൽ താമസിക്കുന്ന പ്രിയന്റെ അതിമനോഹരവും ,അർത്ഥവ്യാപ്തിയുമുള്ള കവിതകൾ എഴുതിയിടുന്ന മലയാള ബ്ലോഗാണ് പ്രിയതമം .
കട്ടൻ കാപ്പി കൂട്ടായ്മയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയത് മുതൽ  , പിന്നീടുള്ള പ്രവർത്തനങ്ങൾക്ക് വരെ സജീവമായ പങ്കാളിത്തത്തോടെ സേവനം നൽകുന്നതിനും  , നവീനമായ ആശയങ്ങൾക്ക് വഴി തെളിയിക്കുന്നതിനും പ്രിയൻ എന്നും മുൻ പന്തിയിൽ തന്നെയുണ്ടാകാറുണ്ട് .
ആരെയും വെറുപ്പിക്കാത്ത മുഖമുദ്രയുള്ള ഒരു വ്യക്തിത്വത്തിനുടമ കൂടിയാണ് ഏവർക്കും പ്രിയപ്പെട്ട പ്രിയൻ പ്രിയവ്രതൻ എന്ന ഈ കലാസാഹിത്യസംഗീത വല്ലഭൻ ...!


അജിത്ത് പാലിയത്ത്  

ആലപ്പുഴയിലെ  ചേർത്തല ദേശക്കാരനായ  അജിത്ത് പാലിയത്ത് സ്ക്കൂൾ തലത്തിൽ നിന്നും  ലളിതഗാനം, പ്രസംഗം, ചെറുകഥ, ലേഖനം, കവിത, നാടകം എന്നിവയിൽ പങ്കെടുത്തു തുടങ്ങിയ കലാ  സാഹിത്യ പ്രവർത്തനങ്ങൾ , കലാലയവും കടന്നു ഇപ്പോൾ യു.കെ വരെ വ്യാപിച്ചു കിടക്കുകയാണ് .
നാട്ടിലെ കലാ  സാഹിത്യ  യുവജന സംഘടനകളിൽ കൂടി ആരംഭിച്ച പ്രഫഷണൽ നാടകാഭിനയം  യുക്കേയിലെ  ഷെഫീല്‍ഡില്‍ നാടക പ്രേമികളുമായി ചേര്‍ന്ന് 'അശ്വമേധം' വരെയെത്തി നിൽക്കുന്നു .

ഷെഫീല്ഡ്ഡ്  മലയാളി അസ്സോസ്സിയേഷനുവേണ്ടി ഏതാനും വര്‍ഷം “തളിര്” എന്ന സാഹിത്യ മാസിക എഡിറ്റ് ചെയ്തു ഡിസൈന്‍ ചെയ്തു ഇറക്കി. ഫോബ്മ എന്ന സംഘടനയ്ക്കു വേണ്ടി 'സമീക്ഷ', ഷെഫിൽഡ്ഡ് അസോസിയേഷന്റെ പത്താം വാർഷീക പതിപ്പ് 'പ്രയാണം' എന്നീ  സാഹിത്യ മാസികകളുടെ  എഡിറ്റര്‍ / പബ്ലിഷര്‍ / ഡിസൈനര്‍ ആയി പ്രവര്‍ത്തിച്ചു..
അനവധി പാട്ടുകള്‍ രചിക്കുകയും , സംഗീതം നല്കുകയും ചെയ്തു. ഒപ്പം കവിതകളും ,കഥകളും ,ലേഖനങ്ങളും അനുകാലികങ്ങളിലും നവമാധ്യമങ്ങളില്‍ കൂടിയും വെളിച്ചം കാണിക്കുന്നു.
നല്ല ഒരു ഭാവ ഗായകൻ കൂടിയാണ്  അജിത്ത് .
അജിത്ത് /ആനി ദമ്പതികൾക്ക്  ചിതറിയ ചിന്തകൾ Athenaeum എന്നീ രണ്ട് ബ്ലോഗുകളും ഉണ്ട്  .
വായനയോടുള്ള സ്നേഹം മൂലം നാട്ടിലെ വീട്ടിൽ സ്വന്തമായി തുടങ്ങിയ ലൈബ്രറിയിൽ നിന്നും യുക്കേയിലെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നരീതിയിൽ പ്രയോജനപ്പെടുത്താൻ  പുസ്തകങ്ങൾ യുക്കെയിലേക്കു കൊണ്ടുവന്നും അനവധി പുസ്തകങ്ങൾ സുഹൂര്‍ത്തുക്കളില്‍ നിന്നും സ്വരുക്കൂട്ടിയും  “ അഥെനീയം അക്ഷര ഗ്രന്ഥാലയം ' എന്ന ഓണ്‍ലൈൻ ലൈബ്രറി ഷെഫീല്‍ഡില്‍ ആരംഭിച്ചു. ലൈബ്രറിയുടെ ബാനറില്‍ 2015 ല്‍ ഡി സി ബുക്സുമായി ചേര്‍ന്ന് ആദ്യ കഥ കവിതാ മല്‍സരം സംഘടിപ്പിച്ചു. ഈക്കൊല്ലം വീണ്ടും  ഡി സി ബുക്സുമായി  ചേര്‍ന്ന്  രണ്ടാമത്തെ സാഹിത്യമല്‍സരം നടത്തുന്നു . സാഹിത്യ പ്രേമികളെ ഒരുമിച്ചു ചേർക്കാൻ അഥെനീയം അക്ഷര ഗ്രന്ഥാലയം എന്ന ഓണ്‍ലൈൻ ലൈബ്രറിയുടെ കീഴിൽ അഥെനീയം റൈറ്റേഴ്സ്സ്  സൊസൈറ്റി  തുടങ്ങി...


സുഗതൻ തെക്കേപ്പുര 

വൈക്കം സ്വദേശിയായ , ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന സുഗതൻ തെക്കേപ്പുരലണ്ടനിൽ
വന്നു നിയമ ബിരുദം എടുത്ത ഒരു ലോയർ പ്രാക്ടീസണറാണ്  . ബൃഹത്തായ വായനയുള്ള സുഗതൻ കട്ടൻ കാപ്പിയും  കവിതയും' കൂട്ടായ്മയിലെ ഒരു വിജ്ഞാനകോശമായ ഒരു വല്ലഭനും കൂടിയാണ് .

നല്ലൊരു ഭാഷ സ്നേഹിയും , സാഹിത്യ തല്പരനുമായ സുഗതൻ ഇപ്പോൾ ലണ്ടനിലുള്ള ഒരു നല്ല സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനും  ലേബർ പാർട്ടിയുടെ നേതാക്കളിൽ ഒരുവനും കൂടിയാണ് .
അതോടൊപ്പം  യു.കെയിലുള്ള മലയാളികളുടെ ഒട്ടുമിക്ക
സാംസ്കാരിക സംഘടനകളിലും പ്രവർത്തിച്ച് പോരുന്ന ഇദ്ദേഹം യു.കെ മലയാളികൾക്കിടയിൽ വളരെയധികം പോപ്പുലറാണ് .

ഒപ്പം എന്നും സോഷ്യൽ മീഡിയയിലും , ആനുകാലികങ്ങളിലുമായി സുഗതൻ സാമൂഹ്യ പ്രസക്തിയുള്ള ധാരാളം ലേഖനങ്ങളും എഴുതി വരുന്നു ...

ഇബ്രാഹിം വാക്കുളങ്ങര 

മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തുനിന്നും ലണ്ടനിലെ ബാർക്കിങ്ങിൽ
താമസിക്കുന്ന ഇബ്രാഹിം വാക്കുളങ്ങര ഇവിടെ മലയാളികൾക്കിടയിലെ നല്ലൊരു സാമൂഹ്യ പ്രവർത്തകനാണ്.
സംഘടനാ പ്രവർത്തങ്ങൾക്കൊപ്പം തന്നെ
മലയാളം ഭാഷയെ വല്ലാതെ സ്നേഹിക്കുന്ന ഇദ്ദേഹം ധാരാളം കവിതകൾ പല മാദ്ധ്യമങ്ങളിലും എഴുതിയിടാറുണ്ട്.

ഒപ്പം തന്നെ സാമൂഹ്യ ചിന്തകൾ ഉണർത്തുന്ന ധാരാളം ലേഖനങ്ങളും.
റോയൽ മെയിലിൽ ജോലിചെയ്യുന്ന ഇബ്രാഹിം കവിതകളും,നടൻ പാട്ടുകളുമെല്ലാം നന്നായി ആലാപനം ചെയ്യുവാനും നിപുണനാണ് ...


ജേക്കബ് കോയിപ്പള്ളി

ആലപ്പുഴക്കാരനായ ഈ ഫ്രീലാൻസ്‌ എഴുത്തുകാരനായ
ജേക്കബ് കോയിപ്പള്ളി കെന്റിലെ 'ടൺബ്രിഡ്ജ് വെൽസി'ൽ താമസിക്കുന്നു .
ശുദ്ധ മലയാളത്തിന് വേണ്ടി എന്നും പോരടിച്ചുകൊണ്ടിരിക്കുന്ന ഒരു യഥാർത്ഥ മലയാള
ഭാഷ സ്‌നേഹി കൂടിയായ , ഇന്ന് യു.കെ യിൽ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനാണ്  ഇദ്ദേഹം .
നല്ല സാമൂഹ്യ പ്രതിബദ്ധതയോടെ മുഖാമുഖം നോക്കാതെ പ്രതികരണശേഷിയിൽ കേമനായതിനാലും , ഏറ്റെടുത്ത കാര്യങ്ങൾ സമയ ക്ലിപ്തതയോടെ നടപ്പാക്കുവാനുള്ള ഊർജ്ജസ്വലത ഉള്ളതുകൊണ്ടും ഒരുവിധം യു.കെ യിൽ നടക്കുന്ന എല്ലാ വമ്പൻ മലായാളി പരിപാടികളുടേയും  മുന്നണിയിലും ,
പിന്നണിയിലും ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യം കാണാം .
ഒപ്പം തന്നെ പല വിജ്ഞാനപ്രദമായ സംഗതികളും സോഷ്യൽ മീഡിയകളിലൂടെ പങ്കുവെച്ചുകൊണ്ടിരിക്കുന്ന ,നല്ല ശബ്ദ ഗാംഭീര്യത്തോടെ പ്രഭാഷണം നടത്തുന്ന വ്യക്തിത്വത്തിനുടമ കൂടിയാണ് ഈ മാന്യ ദേഹം .
യുക്മ സാംസ്കാരികവേദിയിലെ സാഹിത്യ വിഭാഗം കൺവീനർ , 'വേൾഡ്‌ മലയാളി കൗൺസിൽ' യൂറോപ്പ്‌ റീജിയൺ ജനറൽ സെക്രട്ടറി , 'കേരളസർക്കാർ മലയാളം മിഷന്റെ' ഒരു സഹചാരി,
മുൻ അസോസിയേറ്റ്‌ എഡിറ്റർ ഓഫ് 'എൻ. ആർ .ഐ .മലയാളി' , 'ബ്രിട്ടീഷ്  പത്ര'ത്തിന്റെ എഡിറ്റർ ഇൻ ചീഫ്‌  , ബോട്ട്‌ റേസ്‌ കൺവീനർ ഓഫ് 'യുക്മ വള്ളംകളി-കേരളാപൂരം' എന്നിങ്ങനെ നിരവധി രംഗങ്ങളിലായി സേവനം അനുഷ്ഠിക്കുന്ന ജേക്കബ് കോയിപ്പള്ളി ശരിക്കും ഒരു
കലാസാഹിത്യസാമൂഹ്യപ്രവർത്തന വല്ലഭൻ തന്നെയാണ്...

ഹരീഷ് പാല 

പാലായിൽ നിന്നും വന്ന്  കൊവെൻട്രിയിൽ താമസിക്കുന്ന
ഹരീഷ് പാല  കഥകളും , കവിതകളും , ലേഖനങ്ങളും നന്നായി എഴുതുന്ന
യുവ സാഹിത്യകാരനാണ് .
ചെറുപ്പം മുതലേ എഴുത്തിലും സംഗീതത്തിലും തന്റെ കഴിവുകൾ തെളിയിച്ചിട്ടുള്ള ഹരീഷ് , എഴുത്തിൽ മാത്രമല്ല ഇന്ന് യു.കെയിൽ  ശാസ്ത്രീയ സംഗീതമടക്കം , അനേകം ഗാനങ്ങൾ സ്റ്റേജുകളിൽ പാടിക്കൊണ്ടിരിക്കുന്ന അസ്സലൊരു ഗായകനും കൂടിയാണ് ഈ കലാസാഹിത്യസംഗീത വല്ലഭൻ  .
ഹരീഷിന്റെ നേതൃത്തത്തിൽ ബിലാത്തിയിലെ പല ഭാഗങ്ങളിലും അനേകം സംഗീത പരിപാടികൾ അരങ്ങേറിയിട്ടുണ്ട് .
ഹരിനിലയം  എന്ന ഹരീഷിന്റെ ബ്ലോഗ്ഗിൽ പോയാൽ ഈ വിദ്വാന്റെ എഴുത്തിന്റെ കഴിവുകൾ മുഴുവൻ  വായിച്ചറിയാവുന്നതാണ് ...


ജെ .പി. നങ്ങണി

ത്യശ്ശൂരിലെ ഇരിഞ്ഞാലകുടയിൽ നിന്നും വന്ന്  യു.കെയിലെ
ഹെമൽ ഹാംസ്റ്റഡിൽ ഡിസൈൻ എൻജിനീയറായി ജോലി ചെയ്യുന്ന ജെ.പി .നങ്ങണി 
തികച്ചും സകലകലാ  വല്ലഭനായ ഒരു കലാസാഹിത്യകാരനാണ് . അനുഭവാവിഷ്കാരങ്ങൾ ചാർത്തിയുള്ള അനേകം കഥകൾ രചിച്ചിട്ടുള്ള 
ഇദ്ദേഹം ഒരു സിനിമ/നാടക തിരക്കഥാകൃത്തുകൂടിയാണ് .

എല്ലാ ലോക ക്ലാസ്സിക്കുകളും ഇടകലർത്തി ധാരാളം
നാടകങ്ങൾക്ക് തിരനാടകമെഴുതി ആയതിന്റെയൊക്കെ സംവിധാനവും നിർവഹിച്ചിട്ടുള്ള ആളാണ് ജോജി .
ഒപ്പം അഭിനയം , ഗാനരചന , സംവിധാനമടക്കം ചില ആൽബങ്ങളും - 'പണമാ പസമ' (തമിഴ്)  , 'മെലഡി' (മലയാളം) എന്നീ സിനിമകളും ക്രിയേറ്റ്  ചെയ്തിരിക്കുന്നത് ജെ .പി. നങ്ങണിയാണ് .
 'യയാതി ', 'മാണിക്യ കല്ല് ', 'നോട്ടർഡാമിലെ കൂനൻ' , 'ദാവീദിന്റെ വിലാപം' , 'അലാവുദ്ദീനും അത്ഭുത വിളക്കും' , 'പൊറിഞ്ചു ഇൻ യു.കെ'  എന്നീ ധാരാളം സംഗീത നാടകങ്ങൾ ജെ .പി. നങ്ങണി  അണിയിച്ച്ചൊരുക്കി യു.കെയിലെ വിവിധ ഭാഗങ്ങളിലായി രംഗത്തവതരിപ്പിച്ചിട്ടുണ്ട്...


ബിനോ അഗസ്റ്റിൻ 

കോട്ടയം പാല മനങ്ങാട്ടുപ്പുള്ളി സ്വദേശിയായ ബിനോ അഗസ്റ്റിൻ 
വളരെ ഗുണനിലവാരമുള്ള നല്ല ഈടും പാവുമുള്ള കഥകൾ എഴുതുന്ന
ബാസിൽഡനിൽ വസിക്കുന്ന ഒരു സാഹിത്യ വല്ലഭനായ കലാകാരനാണ് .
യു.കെയ്ൽ നിന്നും മലയാള സിനിമാരംഗത്തേക്ക് കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ബിനോ 
ധാരാളം തിരക്കഥകളും രചിച്ചിട്ടുണ്ട്  ,ആയതിൽ 'എഡ്ജ് ഓഫ് സാനിറ്റി 'എന്ന മുഴുനീളചിത്രവും ,ഷോർട്ട് ഫിലീമുകളായ കുല്ഫിയും ,ഒരു കുഞ്ഞുപൂവിനേയുമൊക്കെ സംവിധാനം ചെയ്ത് അഭ്രപാളികളിലാക്കി പ്രദർശിപ്പിച്ച് ബിനോ അഗസ്റ്റിൻ ഏവരുടെയും പ്രശംസയും പിടിച്ചു പറ്റിയിട്ടുണ്ട് .
ഒപ്പം ഇദ്ദേഹം ഒന്ന് രണ്ട് മ്യൂസിക് ആൽബങ്ങളും ഇറക്കിയിട്ടുണ്ട് ...


മനോജ് ശിവ 

ലണ്ടനിലെ ഏതൊരു കലാസാഹിത്യവേദികളിലും തന്റെ നിറസാനിദ്ധ്യമായി പ്രശോഭിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരത്തുകാരൻ  ശിവ മനോജ് നാടക രചയിതാവും , സംവിധായകനും ,സിനിമാ നടനുമൊക്കെയാണ് .
തബല വായനയിൽ  ഉസ്താദുകൂടിയായ ,  സംഗീതം തപസ്യയാക്കിയ 
ഈ  യുവതുർക്കി , മലയാളികൾക്ക് മാത്രമല്ല , എല്ലാ ഏഷ്യൻ സംഗീത പരിപാടികളിലും സുപരിചിതനാണ്.
എല്ലാതരത്തിലും ഒരു സകലകലാ വല്ലഭൻ തന്നെയായ ഈ കലാകാരൻ,  കൊടിയേറ്റം ഗോപിയുടേയും, കരമന ജനാർദനൻ  നായരുടേയും ബന്ധു കൂടിയാണ്.
ബ്രിട്ടനിലെ വിവിധ രംഗമണ്ഡപങ്ങളിൽ മനോജ് എഴുതി ,സംഗീതവും സംവിധാനവും നിർവ്വഹിച്ചഭിനയിച്ച ധാരാളം സംഗീത നാടകങ്ങളൊക്കെ  മികച്ച കലാമൂല്യം ഉള്ളവയായിരുന്നു ...!
എന്നും വേറിട്ട രീതിയിൽ കവിതയും, കഥയുമൊക്കെ എഴുതുന്ന ശിവ മനോജ്  യു .കെ യിലെ കലാ സാഹിത്യത്തിന്റെ ഒരു തലതൊട്ടപ്പൻ കൂടിയാണ് ...


ജിം തോമസ് കണ്ടാരംപ്പള്ളിൽ 

കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരത്തിനടുത് മടമ്പം സ്വദേശിയായ
 ജിം തോമസ് കണ്ടാരംപ്പള്ളിൽ ഇന്ന് നോട്ടിങ്ങ്ഹാമിലെ ഒരു കലാ സാഹിത്യ സാമൂഹ്യ പ്രവർത്തകനാണ്.
കോഴിക്കോട് റേഡിയോ നിലയത്തിലെ നാടകാവതരണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന പിതാവിനൊപ്പം പരിശീലനം സിദ്ധിച്ച ഒരു നാടക കലാകാരനാണ് ജിം തോമസ് .
ചെറുപ്പത്തിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ കഥയെഴുതി  സമ്മാനം നേടിയിട്ടുള്ള ജിം, സ്കൂൾ തലം മുതൽ അനേകം നാടകാവതരണങ്ങൾ ആവിഷ്‌കരിച്ച് സ്റ്റേറ്റ് ലെവലിൽ വരെ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .
തെയ്യം, നാടകം, രാഷ്ട്രീയം, സാമൂഹ്യ ചിന്ത എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഇദ്ദേഹം ധാരാളം ആർട്ടിക്കിളുകൾ എഴുതിയിട്ടുണ്ട്.  ജിം തോമസ് രചനയും, സംവിധാനം നിർവ്വഹിച്ച 12 ൽ പരം സംഗീത നാടകങ്ങളും, ടാബ്ലോകളും  ഇന്ന് യു. കെ യിൽ അങ്ങോളമിങ്ങോളമായി വിവിധ സ്റ്റേജുകളിൽ അരങ്ങേറിയിട്ടുണ്ട്.
ഇക്കൊല്ലത്തെ 'കേളി'യുടെ  കലാകാരന്മാർക്ക് കൊടുക്കുന്ന പുരസ്‌കാരം ലഭിച്ചിരിക്കുന്ന മൂന്ന്  പേരിൽ ഒരാൾ ഈ കലാ സാഹിത്യ വല്ലഭനായിരുന്നു ...!

ജി . കെ. പള്ളത്ത് 

തൃശൂർ പട്ടണത്തിൽ നിന്നും വന്ന് ക്രോയ്ഡണിലും , അമേരിക്കയിലും ,
നാട്ടിലുമായി മക്കളുടെ ഒപ്പം മാറി മാറി താമസിക്കുന്ന മുൻ ഗവർമെന്റ്  ഉദ്യോഗസ്ഥനായിരുന്ന ജി.കെ.പള്ളത്ത് , ഏതാണ്ട് അഞ്ഞൂറോളം ഗാനങ്ങൾക്ക് നാടകത്തിലും , സിനിമയിലുമൊക്കെയായി പാട്ടുകൾക്ക് വരികൾ എഴുതിയിട്ടുണ്ട് .
ഒപ്പം ധാരാളം നാടകങ്ങളും , ബാലെയും എഴുതി രംഗത്തവതരിപ്പിച്ചിട്ടുണ്ട് .
ഇദ്ദേഹത്തിനും ഇക്കൊല്ലം കേളിയുടെ കലാകാരന്മാർക്ക് കൊടുക്കുന്ന പുരസ്കാരവും ലഭിച്ചിട്ടുണ്ട് .
നാട്ടിലും , വിദേശത്തുമായി എന്നുമെന്നോണം കലാസാഹിത്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ഊർജ്ജസ്വലനായ സീനിയർ സിറ്റിസനാണ് , ജി. കെ .പള്ളത്ത് എന്ന ഈ കലാസാഹിത്യ വല്ലഭൻ ...

കനേഷ്യസ് അത്തിപ്പൊഴിയിൽ 

ആലപ്പുഴ ജില്ലയിലെ ചേർത്തയിലെ ആർത്തുങ്കൽ നിന്ന് വന്ന്
സൗത്ത് എൻഡ് ഓൺ സിയിൽ താമസമുള്ള  കനേഷ്യസ് അത്തിപ്പൊഴിയിൽ 
ഒരു സകലകലാ വല്ലഭനായ കലാ സാഹിത്യകാരനാണ് .
പഠിക്കുമ്പോൾ തൊട്ടേ കവിതയും ,കഥയുമൊക്കെ എഴുതി ,18  വയസ്സുമുതൽ പ്രവാസം തുടങ്ങിയ കനേഷ്യസ് ജോസഫ് അത്തിപ്പൊഴിയിൽ ബഹറിനിൽ വെച്ചു തന്റെ സാഹിത്യ  കലാപ്രവർത്തനങ്ങളുടെ കെട്ടഴിച്ച്‌  , സ്വയം എഴുതിയുണ്ടാക്കിയ  ആക്ഷേപ ഹാസ്യ രസത്താലുള്ള നാടാകാവതരണങ്ങൾ  , ഓട്ടൻ തുള്ളൽ മുതലായവയാൽ 'ബഹറിൻ കേരളം സമാജത്തി'ൽ ശോഭിച്ചു നിന്ന കലാ സാഹിത്യ പ്രതിഭയായിരുന്നു .

അതോടൊപ്പം അന്ന് തൊട്ടെ  പാട്ടെഴുത്തിൽ പ്രാവീണ്യം നേടി അവയൊക്കെ സംഗീതമിട്ട് അവ അവതരിപ്പിച്ചിരുന്നു ...
യു.കെയിൽ വന്ന ശേഷം ആയതെല്ലാം മിനുക്കി എല്ലാ രംഗങ്ങളിലും തലതൊട്ടപ്പനായി മാറി .
കനേഷ്യസ് രചിച്ച ചില ഗാനങ്ങൾ യു .ട്യൂബിൽ ലക്ഷകണക്കിന്  ഹിറ്റുകൾ നേടി . ജിങ്ക ജിങ്ക  എന്ന ഓണപ്പാട്ട് 10  ലക്ഷവും , അന്നെനിക്ക് ജന്മം നൽകിയ നിമിഷം എന്ന ഭക്തിഗാനം  ഏതാണ്ട് 5 ലക്ഷവും , തിരുവിഷ്ടം നിറവേറട്ടെ ഏതാണ്ട് 4 ലക്ഷവുമൊക്കെ  ഹിറ്റുകൾ കിട്ടിയ കനേഷ്യസിന്റെ പാട്ടുകളിൽ ചിലതാണ് .
ഇതിനെല്ലാം പുറമെ കനേഷ്യസ് അത്തിപ്പൊഴിയിൽ ഗാന രചനയും ,സംഗീതവും ,സംവിധാനവും നിർവ്വഹിച്ച സമ്പൂർണ്ണമായി യു.കെയിൽ ചിത്രീകരിച്ച ഒരു മുഴുനീള മലയാള സിനിമയായിരുന്നു ബിലാത്തി പ്രണയം ... !
ധാരാളം ഭാവ  ഗാനങ്ങളും , സ്കിറ്റുകളും ,ലേഖനങ്ങളും ,അനുഭവാവിഷ്കാരങ്ങളുമൊക്കെ എഴുതുന്ന കനേഷ്യസ്   ദി വോയ്‌സ് ഓഫ് മലയാളി ആർട്ടിസ്റ്റ് ഗ്രൂപ്പിന്റെ  അധിപൻ കൂടിയാണ്...


സന്തോഷ്‌ റോയ്‌  പള്ളിക്കതയിൽ 


കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിൽ  ജനിച്ചു വളർന്ന സന്തോഷ്‌ സന്തോഷ് റോയ് പള്ളിക്കതയിൽ   യു കെ യിലെ യോർക്ക്ഷെയറിലെ ലീഡ്സ്‌ പട്ടണത്തിലാണു ഇപ്പോൾ താമസം.
പുസ്തക വായന പണ്ടെ ഇഷ്ടമായിരുന്ന  സന്തോഷ് റോയ് , സാമൂഹ്യ മാദ്ധ്യമങ്ങളുടെ വരവോടെ പണ്ടെന്നോ , ഉറങ്ങിക്കിടന്ന സാഹിത്യ അഭിരുചികൾ പുറത്തേക്ക്‌ ഒഴുകുവാൻ തുടങ്ങി.

സ്കൂൾ പഠന കാലത്തെ ഒരു സ്കൂൾ യൂത്ത്‌ ഫെസ്റ്റിവലിനു കഥാരചനയിൽ ഒന്നാം സ്ഥാനം കിട്ടിയ ആകെയുള്ള പ്രചോദനത്തിന്റെ അടിസ്ഥാനത്തിൽ ഫേസ്ബുക്കിൽ സജീവമായതിനു ശേഷം, 'താളിയോല' എന്ന് അറിയപ്പെടുന്ന ഒരു ഫേസ്ബുക്ക്‌ സാഹിത്യ ഗ്രൂപ്പ്‌ പ്രസിദ്ധീകരിച്ച നൂറു ചെറുകഥകൾ അടങ്ങിയ ചെറുകഥാ സമാഹാരത്തിൽ  എഴുതിയ 'വേനലിൽ ഒരു പ്രണയം' എന്ന കഥ ഉൾപ്പെടുത്തിയിരുന്നു .
പിന്നെ 'താളം' എന്ന ഒരു താരാട്ടു കവിത, വിരഹം എന്നീ കവിതകൾ ശ്രദ്ധയാകർഷിച്ച  കവിതകളാണ് .
ചില ഹൈക്കു  കവിതകളും ഇടയ്ക്ക്‌ എഴുതിയിട്ടുണ്ട്‌. യാത്രകൾ  ഏറെ ഇഷ്ടമായതിനാൽ  ചില യാത്രാവിവരണങ്ങളും , ധാരാളം ലേഖനങ്ങളും ഇപ്പോൾ സന്തോഷ് എഴുതി വരുന്നു...


സാബു ജോസ്

രണ്ടായിരത്തി ആറു മുതൽ യു.കെ.യിൽ കുടുംബസമേതം
വസിക്കുന്ന സാബു ജോസ് ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ
സജീവമാണ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന "കല" സാംസ്കാരിക സംഘടനയുടെ പ്രസിദ്ധീകരണമായ പാംലീഫിൽ ചെറുകഥ എഴുതിയിട്ടുണ്ട്. ലണ്ടൻ മലയാള സാഹിത്യവേദി രണ്ടായിരത്തി പത്തിൽ നടത്തിയ സാഹിത്യ രചനാമത്സരത്തിൽ കഥാവിഭാഗത്തിൽ  രണ്ടാം സ്ഥാനം നേടി.
കോട്ടയം ജില്ലയിൽ കുറുമുള്ളൂർ എന്ന കൊച്ചുഗ്രാമമാണ് ജന്മദേശം. കുറുമുള്ളൂർ സെന്റ് തോമസ് യു.പി. സ്‌കൂൾ, കൈപ്പുഴ സെന്റ് ജോർജ്ജ് ഹൈസ്‌കൂൾ, റസ്സൽ ഇൻസ്റ്റിറ്റ്യൂട്ട് നീണ്ടൂർ  ഗവ:കോളജ് കോട്ടയം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
ഒണം തുരുത്ത് ഗോപകുമാറിന്റെ ശിക്ഷണത്തിൽ ഗിറ്റാറിൽ (കർണാടിക്) പ്രാഥമിക പരിശീലനം നേടി. തുടർന്ന് കോട്ടയത്ത് ഒമാക്സ് സ്‌കൂൾ ഓഫ് മ്യൂസിക്കിൽ പ്രശസ്ത സംഗീതസംവിധായകൻ ഏ.ജെ. ജോസഫിന്റെ ശിക്ഷണത്തിൽ ഗിറ്റാർ (വെസ്റ്റേൺ) പരിശീലിച്ചു. ചർച്ച് കൊയറിലൂടെ സംഗീതരംഗത്ത് പ്രവേശിച്ചു. അറിയപ്പെടുന്ന ഗാനമേള ട്രൂപ്പുകളിൽ ഗിറ്റാറിസ്റ്റായി സഹകരിച്ചിട്ടുണ്ട്.  
ദീപിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം (ഡിജാം) കോഴ്‌സിൽ നിന്നും ജേർണലിസം ഡിപ്ലോമ നേടി.  കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കുന്ന ക്നാനായ സമുദായ മുഖപത്രമായ അപ്നാദേശിൽ ന്യൂസ് എഡിറ്ററായും  പ്രവർത്തിച്ചു.
ലെസ്റ്ററിൽ "സാബൂസ് സ്‌കൂൾ ഓഫ് മ്യൂസിക്" എന്ന പേരിൽ കുട്ടികൾക്ക് സംഗീതോപകരണങ്ങളിൽ പരിശീലനം നൽകുന്ന സ്ഥാപനം നടത്തുന്നു.
"ലെസ്റ്റർ ലൈവ് കലാ സമിതി" എന്ന പേരിൽ ലൈവ് മ്യൂസിക്കിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കലാകാരന്മാരെയും കലാകാരികളെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സമിതിയിൽ സമാന മനസ്കരായ ഒട്ടേറെ കലാകാരൻമാർ പിന്തുണയുമായി കൂടെയുണ്ട്.
സാബുവിന്  കലാസാഹിത്യസ്‌നേഹി എന്ന പേരിൽ ഒരു ബ്ലോഗുമുണ്ട്. 
ഭാര്യ: ബിനി, മക്കൾ: ശ്രുതി, ശ്രേയ....

ബൈജു വർക്കി തിട്ടാല

കോട്ടയത്തുനിന്നും ഡൽഹിയിൽ തൊഴിൽ
ജീവിതം നയിച്ച്  യു.കെ - യിലുള്ള കേംബ്രിഡ്ജിൽ വന്നു  താമസിക്കുന്ന ബൈജു വർക്കി തിട്ടാലയെന്ന  ഈ ലോയർ ഇവിടെ വന്ന ശേഷം നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി ക്രിമിനൽ ലോയറായി  ജോലി നോക്കുന്നു .
ഒപ്പം എഴുത്തിന്റെ മേഖലകളിലും , സാമൂഹ്യ പ്രവർത്തന രംഗത്തും , രാഷ്ട്രീയ നിരീക്ഷണത്തിലും എന്നും മികവ് പുലർത്തി കൊണ്ടിരിക്കുന്ന ഒരു കലാ സാഹിത്യ  വല്ലഭനായ നിരീക്ഷകനാണ് .
വിജ്ഞാന പ്രദമായ പല യു.കെ തൊഴിൽ നിയമ വശങ്ങളെ കുറിച്ചും  ധാരാളം  ലേഖനങ്ങൾ മലയാളികൾക്ക് വേണ്ടി നമ്മുടെ ഭാഷയിൽ ഇവിടത്തെ പല മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിച്ചു വരാറുണ്ട് .
ഇപ്പോൾ ആയതിനെ കുറിച്ചെല്ലാം കൂട്ടി ച്ചേർത്ത് 'സൂര്യനസ്തിമാക്കാത്ത രാജ്യത്തിലെ  നിയമാവകാശങ്ങൾ  ' എന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കുവാൻ പോകുകയാണ് .
യു.കെ യിലുള്ള മലയാളികളടക്കം ഏവർക്കും സാമൂഹ്യ നീതികൾ നടപ്പാക്കുവാൻ വേണ്ടി രാജ്യം മുഴുവൻ സഞ്ചരിച്ചു  ,  സേവനങ്ങൾ ചെയ്യുന്ന ഇദ്ദേഹം എല്ലാ മലയാളികൾക്കും ഒരു മാതൃക തന്നെയണ്...

ഹരി കുമാർ 

തിരുവനന്തപുറത്തുനിന്നും ലണ്ടനിൽ വന്ന് താമസിക്കുന്ന ഹരി എന്ന്  വിളിക്കപ്പെടുന്ന ഹരികുമാർ  വളരെയധികം തത്വചിന്താപരമായ  ലേഖനങ്ങൾ എല്ലായിടത്തും  എഴുതിയിടുന്ന യുവ എഴുത്തുകാരനാണ് . 
'പ്രപഞ്ചം എന്ന സർവ്വകശാലയിൽ  ജീവിതമെന്ന വിഷയത്തെ കുറിച്ച് പഠിച്ചുകൊണ്ടിരുക്കുന്ന കേവലമൊരു വിദ്യാർത്ഥിയാണ് താൻ 'എന്നാണ്  ഹരി  സ്വയം പറയുക ..
'സുഖത്തിലും ദുഃഖത്തിലും ഒരു പോലെ ജീവിതത്തെ നയിച്ചു കൊണ്ടു പോവുകയും, ജീവിതം ആനന്ദകരമാക്കേണ്ട ഉത്തരവാദിത്വം അവനവനുള്ളതാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന, ഇന്നും എന്നും ജീവിതത്തെ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥി. 
ഹരിക്ക് എന്റെ കുത്തികുറിപ്പുകൾ എന്ന ബ്ലോഗും ഉണ്ട് . 

ഒപ്പം 'മാനവ സേവ മാധവ സേവ'  എന്ന ഒരു സേവന പ്രസ്ഥാനവും ഹരിയുടെ മുഖപുസ്തക കൂട്ടായ്മയിൽ നടത്തി വരുന്നു , ആയതിലെ ചാരിറ്റിയിൽ നിന്നും കിട്ടുന്ന തുകകൾ മുഴുവൻ , അനേകർക്ക് ചാരിറ്റിയായി ധാരാളം സഹായങ്ങൾ ഇവർ ചെയ്തു  വരുന്നുണ്ട് ....

ജോർജ്ജ് അറങ്ങാശ്ശേരി 

ത്യശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്നും സ്കോട്ട്ലണ്ടിലെ അർബദീനിൽ
താമസിക്കുന്ന ജോർജ്ജ് അറങ്ങാശ്ശേരി മഹാരാജാസ് കോളേജിൽ നിന്നും മലയാളം ബിരുദം എടുത്ത ശേഷം സൗദിയിലും , കുവൈറ്റിലും നീണ്ട കാലം
പ്രവാസിയായിരുന്നു. ധാരാളം വായനയുള്ള സാഹിത്യത്തെ കുറിച്ച് നല്ല അറിവുള്ള ജോർജ്ജ് അറങ്ങാശ്ശേരി ധാരാളം കഥകളും, കവിതകളും പ്രവാസ രാജ്യങ്ങളിലെ പല മലയാളം പതിപ്പുകളിൽ എഴുതിയിടാറുണ്ടായിരുന്നു . മലയാളത്തിൽ ഇദ്ദേഹത്തിന് ഒരു ബ്ളോഗും ഉണ്ട് .
കലാ കൗമുദിയുടെ കഥ വാരികയിലും, ജനയുഗത്തിലുമൊക്കെ കഥകൾ വന്നിട്ടുണ്ട്.
ആദ്യം പുറത്തിറങ്ങിയ പുസ്തകം 'വൃത്തിയാവാത്ത മുറി ' എന്ന കഥാസമാഹാരമാണ്. അടുത്ത് ഒരു പുസ്തകം കൂടി ഇറങ്ങുവാൻ പോകുന്നു...

രാജേന്ദ്ര പണിക്കർ .എൻ .ജി 

 കുട്ടനാട്ടിലെ തെക്കേക്കരയില്‍  24 വര്‍ഷങ്ങളായി അദ്ധ്യാപനത്തിനുശേഷം ,
കഴിഞ്ഞ  22 വര്‍ഷത്തോളമായി പ്രവാസി ആയി കഴിയുന്ന രാജേന്ദ്ര പണിക്കർ ,
ഇപ്പോള്‍ ഇംഗ്ലണ്ടിലെ ലീഡ്സ് എന്ന സ്ഥലത്ത് ഒരു സ്പെഷ്യല്‍ നീഡ്‌ കോളേജില് ജോലിനോക്കുന്നു.
ഇതിനു മുന്‍പ് പത്തു വര്‍ഷക്കാലം മാലിദ്വീപില്‍ സര്‍ക്കാര്‍ അദ്ധ്യാപകാനും,
സൂപ്പര്‍വൈസറും ആയി സേവനം 
അനുഷ്ടിച്ചിരുന്നു.
തൊണ്ണൂറിന്‍റെ ആദ്യ പകുതികളിൽ ഒന്‍പതു കഥകള്‍ ആകാശവാണി (തിരുവനന്തപുരം നിലയം) പ്രക്ഷേപണം ചെയ്തിരുന്നു.
അക്കാലത്ത്, ചില കഥകള്‍ ' കേരള കൗമുദി' 'കഥ' 'മലയാള മനോരമ' തുടങ്ങിയവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അവതാരികയോടുകൂടി
"അഭിരാമി പിറക്കുന്നതും കാത്ത്' എന്ന ചെറു കഥാ സമാഹാരമാണ് ആദ്യ പ്രസിദ്ധീകരണ പുസ്തകം .
കഴിഞ്ഞ കുറേക്കാലങ്ങളായി എഴുത്തും വായനയും കൈവിട്ടുപോയി തുടങ്ങിയ ഇദ്ദേഹം , ഇപ്പോൾ  ഫെയിസ് ബുക്ക്‌ എന്ന മീഡിയിലൂടെ ഒരു തിരിച്ചുവരല്‍ പ്രതീക്ഷിച്ചുകൊണ്ട്  എഴുത്തിൽ വളരെ സജീവമായി മുന്നേറി കൊണ്ടിരിക്കുകയാണ്  ...


അജിമോൻ എടക്കര 


ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും വന്നിട്ട് ഗ്ളോസ്റ്ററിൽ താമസിക്കുന്ന അജിമോൻ എടക്കര സ്കൂൾ കോളേജ് തലങ്ങൾ മുതൽ നർമ്മ ഭാവനകൾ, സമകാലീന സംഭവങ്ങളെ അധികരിച്ച്  ലേഖനങ്ങളും മറ്റും എഴുതിവരുന്ന ആളാണ് .
'ബ്രിട്ടീഷ് മലയാളി' ഓൺ ലൈൻ പത്രത്തിലെ ലേഖകൻ  കം അസിസ്റ്റന്റ് എഡിറ്റർ പട്ടവും അലങ്കരിച്ചിട്ടുണ്ട് .'ഫോബ്മ' എന്ന മലയാളി യു.കെയിലെ ദേശീയ സംഘടനയുടെ സ്ഥാപക സെക്രട്ടറിയും ഇദ്ദേഹമായിരുന്നു .
ഇപ്പോൾ  ബ്രിസ്റ്റോൾ സിറ്റി കൗൺസിലിന്റെ കീഴിലുള്ള ഒരു Community Interest Company (CIC) യിൽ ഫിനാൻസ്‌ മാനേജർ ആയി ജോലി ചെയ്യുന്ന അജിമോൻ  മലയാളി കുട്ടികളെ മലയാളഭാഷ പഠിപ്പിക്കുക എന്നൊരു കർമ്മവും ചെയ്ത് വരുന്നു .
പോർട്ട്സ്മൗത്തിലെ വസതിയിൽ ഒറ്റയ്ക്ക്‌ നടത്തിയിരുന്ന മലയാളം ക്ലാസ്സുകളിൽ അറുപതിലധികം കുട്ടികൾ മലയാളം പഠിച്ചിറങ്ങിയിട്ടുണ്ട്‌.  യൂക്കെയിൽ അങ്ങോളമിങ്ങോളം ഫോബ്മയുടെ നേതൃത്വത്തിൽ സ്ഥാപിതമായ സപ്ലിമെന്ററി സ്കൂളുകൾ പിന്തുടരുന്നത്‌ നാട്ടിലെ ഒന്നു മുതൽ നാലു വരെയുള്ള മലയാള പാഠപുസ്തകങ്ങൾ സംഗ്രഹിച്ച്‌ അജിമോൻ  നിർമ്മിച്ച സിലബസ്‌
ആണ് . ഇതനുസരിച്ചു ആഴ്ചയിൽ രണ്ട്‌ മണിക്കൂർ മാത്രം ചിലവിട്ട്‌ ആറു മാസം കൊണ്ട് മലയാളം നന്നായി യി എഴുതാനും വായിക്കുവാനും കുട്ടികൾക്ക്‌ കഴിയും.
ചെറുപ്പം മുതൽ ഇന്നും കൂടെയുള്ള  വായനാ ശീലവും , മലയാള ഭാഷയോടുള്ള സ്നേഹവും , സാമൂഹ്യ പ്രവർത്തനവുമൊക്കെയായി യു.കെ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന അജിമോൻ നല്ലൊരു എഴുത്തുകാരൻ കൂടിയാണ് ...


കാളിയമ്പി


കൊല്ലം ജില്ലയിൽ നിന്നും കൊല്ലങ്ങൾക്ക് മുമ്പ്‌ യു.കെ.യിലെത്തി ആരോഗ്യരംഗത്ത് ഗവേഷണ വിഭാഗത്തിൽ ജോലി ചെയ്യുന്ന  കാളിയമ്പി  എന്ന പേരിൽ എഴുതുന്ന മധുവാണ്  ആംഗലേയ ദേശത്തുനിന്നുണ്ടായ പ്രഥമ മലയാളം ബ്ലോഗർ .
മധു  2006 ൽ  തുടങ്ങിയ ബ്ലോഗായിരുന്ന കാളിയമ്പി യാണ് ആംഗലേയ ദേശത്തു നിന്നുണ്ടായ പ്രഥമ മലയാളം ബ്ലോഗ് . പിന്നെ ഈ വല്ലഭൻ തുടങ്ങിയ അഭിഭാഷണം എന്ന ബ്ലോഗിൽ കൂടി വിജ്ഞാനപ്രദമായ പല കാര്യങ്ങളും കാളിയമ്പി  പങ്കുവെച്ചിരുന്നു .
ഇതിനു മുന്നെയുണ്ടായിരുന്ന  മധുവിന്റെ ബ്ലോഗ്ഗായ 'കാളിയമ്പി യിൽ  കൂടി '.വ്യക്തവും സ്പുടവുമായ ഭാഷയിൽ കൂടി പുരാണങ്ങളും , ഇതിഹാസങ്ങളും , ചരിത്രസത്യങ്ങളും കൂട്ടി കലർത്തി യുള്ള കാളിയമ്പിയുടെ  ബ്ലോഗ് പോസ്റ്റുകൾക്ക് എന്നും വായനക്കാർ ഏറെയായിരുന്നു .
നാട്ടിലെ പല മാധ്യങ്ങളിലും ഇദ്ദേഹത്തിന്റെ ലേഖനങ്ങൾ വന്നിട്ടുണ്ട് . യു.കെയുടെ പല ഭാഗങ്ങളിലായി ജോലി ചെയ്ത്  വരുന്ന മധു ഇപ്പോൾ സ്കോട്ട് ലാൻഡിലാണ് ...

സജീഷ് ടോം 

കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് സ്വദേശിയായ സജീഷ് ടോം ,ചെമ്പിനെ പോലെ തന്നെ നല്ല ഈടുറ്റ , തിളക്കമാർജ്ജിച്ച ,വളരെ ഫ്‌ളെക്‌സിബ് ളായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കലാസാഹിത്യ സാമൂഹ്യ പ്രവർത്തകനാണ് . 
എഴുത്തുകാരനും സംഘാടകനുമായ ബേസിംഗ്‌സ്‌റ്റോക്കിൽ താമസിക്കുന്ന സജീഷ് ടോം   നല്ലൊരു കവി കൂടിയാണ് , യു.കെയിൽ നിന്നിറങ്ങുന്ന പ്രവാസി കഫെയുടെ അഡ്മിനിസ്ട്രേറ്റർ  കൂടിയാണ് സൗമ്യനും ,കവിയുമായ സജീഷ് . 
യു,കെയിലെ മലയാളി സംഘടനകളായ യുക്മയുടെ  മുഖ്യ കാര്യദർശി  ,ബേസിങ് സ്റ്റോക്ക് മൾട്ടികൾച്ചറൽ ഫോറത്തിന്റെ ഖജാൻജി എന്നീ സ്ഥാനമാനങ്ങൾ അലങ്കരിച്ച നല്ലൊരു ലീഡർഷിപ്പ് ക്വളിറ്റിയുള്ള സാമൂഹ്യ പ്രവർത്തകൻ കൂടിയാണ് സജീഷ് ടോം ...


ഷാഫി ഷംസുദ്ദീൻ

കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിയായ ഇപ്പോൾ
ലണ്ടനിലെ ക്രോയ്ഡനിലുള്ള ഷാഫി ഷംസുദ്ദീൻ നല്ലൊരു വായനക്കാരനും , സാഹിത്യ കലാ സ്നേഹിയുമാണ് . കോളേജിൽ പഠിക്കുമ്പോൾ മാഗസിൻ എഡിറ്ററായിരുന്നു . ഷാഫി ധാരാളം സിനിമ ക്രിട്ടിക് ലേഖനങ്ങൾ എഴുതിയിട്ടുണ്ട് .
തനിയൊരു  സിനിമ സ്‌നേഹി കൂടിയായ ഷാഫി യുടെ ഇഷ്ട്ട എഴുത്തുകൾ തിരക്കഥ രചനകളാണ് .
"സമ്മർ ഇൻ ബ്രിട്ടനും' ,  "ഓർമകളിൽ സെലിനും'  ശേഷം സാമൂഹിക ജീവിതത്തിൽ ഏവരും സ്വന്തം ജീവിതം അത്യുന്നതങ്ങളിൽ എത്തിക്കുവാൻ വേണ്ടി പായുമ്പോൾ , അവരറിയാതെ എത്തിപ്പിടിക്കുന്ന ഒരു ഉന്മാദ രോഗമാണ് വിഷാദം - ഇതിനെ കുറിച്ച് രചനയും സംവിധാനവും നിർവ്വഹിച്ച ഷാഫി ഷംസുദ്ദീൻറെ  ഒരു ചെറിയ ചിത്രമാണ് Until Four.


തോമസ് പുത്തിരി 

തൃശ്ശൂർ ജില്ലയിലെ വേലൂരിൽ നിന്നും റെഡിങ്ങിൽ താമസിക്കുന്ന
ജേർണലിസ്റ് കൂടിയായ തോമസ് പുത്തിരി നല്ലൊരു സാമൂഹ്യ ബോധവൽക്കരണം നടത്തുന്ന എഴുത്തുകാരനാണ്. 
നാട്ടിലെ ഒട്ടുമിക്ക മാദ്ധ്യമങ്ങളിലും യു . കെ യിലെ വാർത്തകൾ പങ്കുവെക്കുന്ന ഇദ്ദേഹത്തിന്റ എം. എ. ബേബി ആമുഖമെഴുതി ബിനോയ്‌ വിശ്വം അവതാരിക എഴുതിയ 'ആത്മപ്രകാശനം ' എന്ന പുസ്തകം ധാരാളം പേർ വായിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തിയ ഒന്നാണ്. ബ്രിട്ടീഷ്  മലായാളിയിൽ സ്ഥിരം ലേഖനങ്ങൾ എഴുതിയിരുന്നു .'ഫോബ്മ' എന്ന മലയാളികളുടെ  യു.കെയിലെ ദേശീയ സംഘടനയിലെ ഭാരവാഹി കൂടിയായിരുന്നു തോമസ് പുത്തിരി ...

സിജോ ജോർജ്ജ് 

കണ്ണൂരിലെ  പയ്യന്നൂരിൽ നിന്നും എത്തി എസ്സെക്സിലെ  ബാസില്ഡനിൽ താമസിക്കുന്ന സിജോ ജോർജ്ജ്   പണ്ടെല്ലാം സോഷ്യൽ മീഡിയയയിലെ ഗൂഗിൾ പ്ലസ്സിലും മറ്റും എഴുത്തിന്റെ ഒരു താരം തന്നെയായിരുന്നു . വളരെ നോസ്ടാല്ജിക്കായും  , നർമ്മവും കലർത്തി എഴുതുവാനുള്ള സിജോവിന്റെ കഴിവ് ഒന്ന് വേറെ തന്നെയാണ് .
നല്ലൊരു വരക്കാരനും , ആർട്ടിസ്റ്റും കൂടിയായ സിജോ ഇപ്പോൾ ഒരു ഗ്രാഫിക് ഡിസൈനാറായി ജോലി നോക്കുന്നു . നൊസ്റ്റാൾജിയ എന്ന അസുഖമുള്ളത് കൊണ്ടും, ജോലിയിൽ കാര്യമായൊന്നും ചെയ്യാനില്ലാത്തതുകൊണ്ടുമാണ് സിജോ സോഷ്യൽ മീഡിയയിൽ അഭിരമിക്കുന്നത് എന്നാണ് സ്വയം പറയാറ് , ഒപ്പം ഈ എഴുത്തു വല്ലഭന്  അരയന്നങ്ങളുടെ വീട്ടിൽ നിന്നും   എന്ന പേരുള്ള ഒരു ബ്ലോഗും ഉണ്ട് ...


ജോഷി പുലിക്കൂട്ടിൽ

കോട്ടയത്തുള്ള ഉഴവൂരിൽ നിന്നും യു കെ യിലെത്തിയ കവിതകളേയും, പാട്ടുകളേയും എന്നും
സ്നേഹിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടനിലെ പോർട്ട്സ്മൌത്തിലുള്ള ജോഷി പുലിക്കൂട്ടിൽ  കവിതകളുടെ ഒരു ആരാധകനും ,  മലയാളം കവിതകൾ എന്ന കവിതാ ബ്ലോഗിന്റെ ഉടമയും  കൂടിയാണ് . ബ്രിട്ടനിലെയും ,അമേരിക്കയിലെയും പല മലയാളം മാദ്ധ്യങ്ങളിലും  ജോഷിയുടെ എഴുത്തുകൾ  കാണാറുണ്ട് .ഒപ്പം അനുഭവ കഥകളടക്കം ധാരാളം കഥകളും, ലേഖനങ്ങളും എഴുതാറുള്ള ജോഷി യു. കെ മലയാളം ബ്ലോഗ് കൂട്ടായ്മയായ 'ബിലാത്തി ബൂലോകർ സഖ്യ'ത്തിലും അംഗമാണ്.



ജോയ് ജോസഫ് ( ജോയിപ്പാൻ )

യു.കെയിലെ വേളൂർ കൃഷ്ണന്‍കുട്ടി എന്നറിയപ്പെടുന്ന, മാഞ്ചസ്റ്ററിലുള്ള നർമ്മകഥാകാരനാണ് ജോയിപ്പൻ എന്നറിയപ്പെടുന്ന ജോയ് ജോസഫ്   ഒരു നർമ്മ കഥകാരനാണ് .ഇദ്ദേഹത്തിന് ജോയിപ്പാൻ കഥകൾ എന്നൊരു ബ്ലോഗ്ഗും ഉണ്ട് ). ഇദ്ദേഹം മൂന്നാല് നർമ്മ നോവലുകളും എഴുതിയിട്ടുണ്ട് സായിപ്പിന്റെ മൊബൈയിൽ തമാശകളിൽ പോലും ജോയിപ്പന്റെ വിറ്റുകൾ കയറി കൂടിയിട്ടുണ്ട്...

മനോജ് മാത്യു 


ഇവിടെ മിഡിൽസ്‌ബ്രോവിലുള്ള കഥകളും ലേഖനങ്ങളും എഴുതുന്ന  മനോജ് മാത്യു എന്ന മുണ്ടക്കയംകാരൻ ആത്മാവിന്റെ പുസ്തകം എന്നൊരു ബ്ലോഗുടമയാണ് . മനോജ് മാത്യു സ്വയം പറയുന്നത് നോക്കൂ .. ഞാൻ ഒരു പാവം അഭയാര്‍ഥി.എന്നും യാത്രയായിരുന്നു - ബാംഗ്ലൂര്‍,ചെന്നൈ, ബഹ്‌റൈന്‍ വഴി ഇപ്പോള്‍ യു.കെയിലെത്തിനില്‍ക്കുന്നു. ജീവിതമെന്ന മഹാ വിസ്മയത്തിനു മുന്‍പില്‍ ഇന്നും പകച്ചുനില്‍ക്കുന്ന ഒരു മുറിഞ്ഞപുഴക്കാരന്‍...



 അലക്സ് ജോൺ

തൃശൂരിലെ കൊടുങ്ങല്ലൂരിൽ നിന്നും വന്ന് ലണ്ടനിൽ താമസിക്കുന്ന അലക്സ് ജോൺ ധാരാളം 
കഥകളും ,കവിതകളും എഴുതിയിട്ടുള്ള നല്ലൊരു വായനക്കാരൻ കൂടിയായ സാഹിത്യ സ്നേഹിയാണ് .നാട്ടിലെ എല്ലാവിധ കലാ സാഹിത്യക്കൂട്ടായ്മകളിലും  പങ്കാളിയായിരുന്നു അലക്സ് . അന്നൊക്കെ വീക്ഷണം വാരാന്ത്യപതിപ്പിലും ,കേരള ടൈമ്സ്സിലും സ്ഥിരമായി കഥകളും,കവിതകളും എഴുതിയിടാറുണ്ടായിരുന്ന ഇദ്ദേഹം നാട്ടിലെ ഒട്ടുമിക്ക കവിയരങ്ങുകളിലും തന്റെ കവിതകൾ ചൊല്ലിയാടാറുണ്ടായിരുന്നു .
ചൊൽക്കവിതയുടെ ഒരാശാൻ  കൂടിയാണ് അലക്സ് ജോൺ .ഇദ്ദേഹത്തിന്റെ വീട്ടിൽ ഒരു ബൃഹത്തായ പുസ്തക ശേഖരവും അലക്സ് കാത്ത് സൂക്ഷിക്കുന്നുണ്ട് ...


സമദ് ഇരുമ്പഴി 

മലപ്പുറം ജില്ലയിലെ മഞ്ചേരിയിലുള്ള നിയമത്തിലും , കൃമിനോളജിയിലും ബിരുദം നേടിയ സമദ് ഇരുമ്പഴി ഇപ്പോൾ യു.കെ- യിലെ കൊവെൻട്രിയിൽ നിന്നും  'എ.പി.പി ' സ്ഥാനം ഏറ്റെടുക്കുവാൻ നാട്ടിലേക്ക് സ്‌കൂട്ടായി പബ്ലിക് പ്രോസിക്യൂട്ടറായി ജോലി ചെയ്യുകയാണ് .
നിയമ വശങ്ങളെ കുറിച്ചും , ചരിത്ര സംഭവങ്ങളെക്കുറിച്ചുമെല്ലാം ധാരാളം സമദ് വക്കീൽ   എല്ലായിടത്തും അനീതികൾക്കെതിരെ തന്റെ എഴുത്തിലൂടെയും , നേരിട്ടും പോരാടി കൊണ്ടിരിക്കുന്ന വ്യക്തിത്വത്തിനുടമയും , ഒപ്പം തന്നെ അസ്സലൊരു മജീഷ്യനും , പ്രഭാഷകനും കൂടിയാണ് ഈ സകലകലാവല്ലഭൻ .
സാമൂഹ്യ പ്രവർത്തകനായ ഇദ്ദേഹം ധാരാളം ലേഖനങ്ങൾ മാദ്ധ്യമങ്ങളിൽ എന്നുമെന്നോണം എഴുതാറുണ്ട് ... 



നിഷ സുനിൽ 

യു.കെ യിലുള്ള ഡോർസെറ്റിൽ കോട്ടയത്തെ ചിന്നാറിൽ നിന്നും വന്ന് സെറ്റിൽ ചെയ്‌ത നിഷ സുനിൽ ഇവിടെ വളർന്നുവരുന്ന ഒരു യുവഎഴുത്തുകാരിയാണ് . 
നല്ല പ്രതികരണ ശേഷിയുള്ള കഥകളും , കവിതകളും നിഷ എഴുതിവരുന്നു . പലപ്പോഴായി നാട്ടിലേയും , യു.കെ - യിലേയും പല മാദ്ധ്യമങ്ങളിലും നിഷയുടെ സൃഷ്ട്ടികൾ ഇടക്ക് പ്രസിദ്ധീകരിച്ചു വരാറുണ്ട് .
'ഓൺ-ലൈൻ സൈറ്റി'നെക്കാളുമുപരി 'ഓഫ്-ലൈനാ'യി എഴുതുന്ന നിഷ ബിലാത്തിയിലെ മലയാളം എഴുത്തിന്റെ ഒരു വാഗ്ദാനം തന്നെയാണ് ...




ദീപ സന്തോഷ്

തൃശൂരിലെ താലോർ സ്വദേശിനിയായ , യു.കെ - യിലെ ഗാന കോകിലമായ , പാട്ടുകാരിയും , എഴുത്തുകാരിയും കൂടിയായ ദീപ സന്തോഷ് . കൂടുതലും സംഗീതത്തെ ആസ്പദമാക്കിയുള്ള  ആർട്ടിക്കിളുകളാണ്  എഴുതാറുള്ളത് . പല പാട്ടുകാരെയും , 
സംഗീതത്തെയും കുറിച്ചുള്ള നല്ല ഈടുറ്റ ലേഖനങ്ങൾ യു.കെയിലെ പല ഓൺ-ലൈൻ പോർട്ടലുകളിലും ദീപ എഴുതിയിട്ടിട്ടുണ്ട്  . ബ്രിട്ടനിലുള്ള ഫോട്ടോഗ്രാഫിയുടെയും , എഡിറ്റിങ്ങിന്റെയും  തലതൊട്ടപ്പന്മാരിൽ  ഒരുവനായ കൊടുങ്ങല്ലൂർക്കാരൻ  സന്തോഷ് മാത്യുവിന്റെ (വീഡിയോ)വാമഭാഗമാണ് ദീപ. സംഗീതത്തിലും , എഴുത്തിലും ശോഭിക്കുന്ന ഈ കലാകാരിയും , പതിയും കൂടി മലയാളത്തിൽ കുറച്ച് പാട്ടുകൾ എഴുതി , ആയവ നല്ല സംഗീത ആൽബങ്ങളുമായി  ഇവർ ഇറക്കിയിട്ടുണ്ട്...


ബീന റോയ് 

യു,എസ് മാധ്യമങ്ങളിൽ അടക്കം ആംഗലേയത്തിലും , മലായാളത്തിലുമായി  , യു.കെ യിലെ ഒരുവിധം എല്ലാ മലയാളി മാദ്ധ്യങ്ങളിലും സ്ഥിരമായി കവിതകൾ എഴുതിക്കൊണ്ടിരിക്കുന്ന ബീന റോയിയുടെ  അടുത്തുതന്നെ പുറത്തിറങ്ങുവാൻ പോകുന്ന പുസ്തകമാണ്  'പെയ്ത് തോരാതെ  '. 

ബിലാത്തിയിലെ പ്രസിദ്ധ പാട്ടുകാരനായ റോയ് സെബാസ്ട്യൻറെ ഭാര്യയായ ബീന നല്ലൊരു പാട്ടുകാരികൂടിയാണ് . 
ഒരു പക്ഷെ ഇന്ന് ബിലാത്തിയിൽ ഏറ്റവും അധികം കവിതകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്  ബീനയുടേതായിരിക്കണം. ഇന്ന് യു.കെയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന നല്ല കാമ്പും , കഴമ്പുമുള്ള കവിതകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ് ബീന റോയ് ...

ദീപ പ്രവീൺ 

നിയമത്തിലും , ക്രിമിനോളജിയിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ യു.കെ - യിലെ വെയിൽസിൽ താമസിക്കുന്ന,  കോട്ടയത്തിന്റെ പുത്രി  ദീപ മധു  എന്നും അതി മധുരമായി എഴുത്തുകൾ എഴുതുന്ന ദീപ പ്രവീൺ  തന്നെയാണ് . 
പ്രണയത്തെയും , മഴയെയുമൊക്കെ കൂട്ടുപിടിച്ച് ദീപ വായനക്കാരെ ഏതറ്റം വരെ വേണമെങ്കിലും കൊണ്ടുപോകും . 
ബൃഹത്തായ വായനയിൽ നിന്നും കിട്ടിയ ഊർജ്ജത്തിന്റെ പ്രതിഫലനങ്ങൾ ദീപയുടെ ഓരോ ലേഖനങ്ങളിലും നമുക്ക് തിരിച്ചറിയുവാൻ സാധിക്കും .
ഒപ്പം സോഷ്യൽ മീഡിയയിൽ കൂടി പലതിനെ കുറിച്ചും  എന്നുമെന്നോണം പ്രതികരിച്ചുകൊണ്ടിരിക്കുന്ന ദീപ മുഖപുസ്തകത്തിലും , അതിലെ പല കൂട്ടായ്മകളിലും അറിയപ്പെടുന്ന ഒരു വ്യക്തി പ്രഭ തന്നെയാണ് ...

ഗാർഹിക പീഡന ഇരകൾക്കും , സ്ത്രീകൾക്കും വേണ്ടി പ്രവർത്തിക്കുന്ന L .W . Aid ട്രസ്റ്റി , ഡയറക്ടർ ബോർഡ്‌ മെമ്പർ എന്നീ  നിലകളിൽ സേവനമനുഷ്ഠിക്കുന്ന , മലയാളത്തിലും , ആംഗലേയത്തിലും എഴുതുന്ന ദീപ പ്രവീൺ 'അവിയൽ' പുസ്തകത്തിലെ മറ്റൊരു രചയിതാവ് കൂടിയാണ് ...

അമ്പത് എഴുത്തുകാരികൾ ചേർന്നെഴുതിയ 'പുരുഷൻ' എന്റെ സങ്കല്പം, കാഴ്ച്ചപ്പാട് എന്ന പുസ്തകത്തിലേയും , ഒപ്പം പെൺകൂട്ടായ്മയിൽ വിരിഞ്ഞ 'ഒറ്റനിറത്തിൽ മറഞ്ഞിരുന്നവർ'എന്ന പുസ്തകത്തിലേയും  ഒരു രചയിതാവ് കൂടിയാണ് ദീപ പ്രവീൺ  എന്ന ഈ എഴുത്തുകളുടെ തോഴിയായ വനിതാരത്നം ...


രശ്‌മി പ്രകാശ് 

കോട്ടയം ജില്ലയില്‍ കുമരകത്ത് ജനിച്ച് 10 വയസ്സു മുതല്‍ സ്കൂള്‍ മാഗസിനില്‍ കവിതകള്‍ എഴുതി തുടങ്ങിയ രശ്മി , സ്കൂള്‍ പഠന കാലത്ത് കലാമണ്ഡലം ദേവകി അന്തര്‍ജ്ജനത്തിന്റെ കീഴിലും അതിനു ശേഷം സീത  മണി അയ്യരുടെ കീഴിലും നൃത്തം  അഭ്യസിച്ചു. 
സ്കൂള്‍, കോളേജ് വേദികളില്‍ തുടര്‍ച്ചയായി കലാതിലകമായ  ഇന്ന് യു.കെയിലെ ചെമ്സ്ഫീൽഡിലുള്ള , ഇവിടത്തെ  ഫേസ്‌ബുക്ക് റാണിമാരിൽ ഒരുവളായ  രശ്‌മി പ്രകാശ്  യു.കെ മാധ്യമങ്ങളിലെല്ലാം കവിതകളും ,നല്ല ലേഖനങ്ങളും   എഴുതികൊണ്ടിരിക്കുന്ന സാമൂഹ്യ പ്രവർത്തകയും , നല്ലൊരു അവതാരകയും , റേഡിയൊ ജോക്കിയും  കൂടിയാണ് . 
ഒപ്പം വളരെയധികം ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹിത്യ രചനകളായി ഉയർന്നു വരികയാണ് ഒരു സകല കാലാവല്ലഭയായ രശ്‌മിയുടെ കവിതകളും , ലേഖനങ്ങളുമൊക്കെ ഇപ്പോൾ ...
ബ്രിട്ടീഷ്‌ മലയാളിയിലും ഫേസ്ബുക്ക്‌ കൂട്ടായ്മയിലും മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങളിലും തുടര്‍ച്ചയായി കവിതയും മറ്റു ലേഖനങ്ങളും എഴുതാറുണ്ട്.2014 ല്‍ FOBMA യുടെ കവിതാരചനാ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു.
ബ്രിട്ടീഷ്‌ മലയാളി അവാർഡ്‌ നൈറ്റിൽ തുടര്‍ച്ചയായി  മലയാളി  മങ്ക , മിസ്സ്‌ കേരള കോഓർഡിനേറ്റ്ർ ആയിരുന്നു .
രശ്മിയുടെ ആദ്യ മലയാള ആൽബം 'ഏകം '2014 - ൽ  പുറത്തിറങ്ങി. മലയാളി fm  എന്ന അമേരിക്കൻ റേഡിയോയിലും , ലണ്ടൻ മലയാളം റേഡിയോയിലും റേഡിയോ അവതാരകയായി സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്ന രശ്മി , യു.കെ - യിൽ ഉടനീളം സ്റ്റേജ് പ്രോഗ്രാമുകൾക്ക് അവതാരകയായി പ്രവർത്തിക്കുന്നു.
യു.കെ‌ - യിലുള്ള മദേഴ്‌സ് ചാരിറ്റിയുടെ സജീവ പ്രവര്‍ത്തക കൂടിയാണ്. 
ബിലാത്തിയിലുള്ള സകലമാന കലാ സാഹിത്യ സദസ്സുകളിലെല്ലാം എപ്പോഴും  ഓടിയെത്തുന്ന രശ്മി , 'കട്ടൻ കാപ്പി കൂട്ടായ്മ'യിലെ ഒരു സജീവ പ്രവർത്തക കൂടിയാണ് സകലകാല വല്ലഭയായ ഈ വനിതാരത്നം ...

സന്ധ്യ.എൽ .ശശിധരൻ 

കൊല്ലം കാരിയായ , ഇപ്പോൾ ലണ്ടനിൽ 'ബി.ബി.സി' യിൽ ജോലിചെയ്യുന്ന സന്ധ്യ എൽ ശശിധരൻ  ഇവിടെ അറിയപ്പെടുന്ന ഒരു എഴുത്തുകാരിയും , മാദ്ധ്യമ പ്രവർത്തകയും കൂടിയാണ് . 
തികച്ചും  വേറിട്ട കാഴ്ച്ചപ്പാടുകളോടയുള്ള സന്ധ്യയുടെ എഴുത്തുകളെല്ല്ലാം വായനക്കാർക്ക് ഏറെ ഇഷ്ടമുള്ളതാണ് . സന്ധ്യയുടെ മാനവികത ഉയർത്തുന്ന , സാമൂഹ്യ ചിന്തകൾ വളർത്തുന്ന അനേകം ലേഖനങ്ങൾ എന്നുമെന്നോണം നാട്ടിലേയും യു.കെ - യിലേയും പല മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട് . ഒപ്പം വളരെയധികം സാഹിത്യ കുതുകിയായ ഈ എഴുത്തുകാരി ഇവിടെയുള്ള പല സാഹിത്യ കൂട്ടായ്മകളിലും സജീവമായി പങ്കെടുത്തു വരുന്ന ഒരു വനിതാരത്നം കൂടിയാണ് ...


ശ്രീകല നായർ 

പത്തനംതിട്ടയിൽ ജനിച്ചുവളർന്ന്   , ഇന്ന് ലണ്ടനിൽ താമസിക്കുന്ന  
ശ്രീകല നായർ ഇവിടെയുള്ള പല മാധ്യങ്ങളിലും അതിമനോഹരമായി പല ചിന്തകളും ,സ്മരണകളുമൊക്കെ എഴുതി കൊതിപ്പിക്കുന്ന ഒരു എഴുത്തുകാരിയാണ് .
അടുത്തറിയാൻ വേണ്ടത്ര അവസരങ്ങൾ കിട്ടാത്തത് കൊണ്ട്, സാഹിത്യമെന്ന സാഗരത്തെ അകലേന്ന് നോക്കി കാണുന്ന ഒരു ആസ്വാദകയാണ് താനെന്ന്   ശ്രീകലാ  നായർ സ്വയം പറയുന്നത് . 
ഒരുപാട് യാത്രകൾ ചെയ്യണം ഒട്ടേറെ വായിക്കണം ഇവ  രണ്ടും ഇനിയും സഫലമാകാത്ത സ്വപ്നങ്ങൾ ആണെന്നും കലാ നായർ പറയുന്നു .
കഥ ലേഖനം അനുഭവം തുടങ്ങിയ വേർതിരുവുകളില്ലാതെ  ഇരുന്നൂറിൽ പരം ആർട്ടിക്കിൾസ്  കുത്തിക്കുറിച്ചു. യു .കെ - യിലെ കേരളലിങ്ക്, യു. എസ്സിലെ ആഴ്ചവട്ടം , എന്നീ പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി എഴുതിയിരുന്നു.  യു .കെ മലയാളി.കോം, തുടങ്ങി ഒട്ടേറെ ഓൺലൈൻ പേപ്പറുകളിലും , ജനനി , ക്നാനായ  ക്രോണിക്കിൾ , പാംലീഫ് തുടങ്ങിയ മാഗസിനുകളും എഴുതിയിട്ടുണ്ട്.  . ഒപ്പം അമേരിക്കയിൽ നിന്നും  ഇറങ്ങുന്ന 'ആഴ്ച്ചവട്ടം'  വാരികയിൽ 'മയിൽപ്പീലിയും വളപ്പൊട്ടും' എന്ന കോളവും എഴുതിയിരുന്നത്  ഈ എഴുത്തുകാരി തന്നെയാണ് . 
കൂടാതെ മനോമ ഓൺ-ലൈനിലും ഇടക്ക് എഴുതാറുണ്ട് .
ആയതൊക്കെ  ഗൃഹാതുരുത്വം തുടിക്കുന്ന വരികളാൽ  എഴുതിയിട്ട് വായനക്കാരെ കൊതിപ്പിക്കുന്ന എഴുത്തുകാരികളിൽ ഈ  സ്‌ത്രീ രത്നം ബിലാത്തിയിൽ എന്നും മുന്നിട്ട് നിൽക്കുന്നു. തൻറെ എഴുത്തുകളെല്ലാം കൂടി  ,ഇപ്പോൾ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കുവാൻ തയ്യാറെടുക്കുകയാണ് ഈ എഴുത്തുകളുടെ തോഴി ... 


ആനി ഇസിദോർ പാലിയത്ത്  


ഇന്ത്യൻ  ആർമിയിൽ സേവനമനുഷ്ഠിച്ച് , പിന്നീട് യു.കെ - യിലെ ഷെഫീൽഡിൽ താമസമാക്കിയ കൊച്ചിക്കാരിയായ ആനി ഇസിദോർ പാലിയത്ത്  മലയാളത്തിലും , ഹിന്ദിയിലും , ആംഗലേയത്തിലും പ്രാവീണ്യമുള്ള ഒരു എഴുത്തുകാരിയായ സകലകലാ  വല്ലഭയാണ് .
അടുത്തുതന്നെ ഡി.സി .ബുക്ക്സ് ആനിയുടെ ഒരു ചെറുകഥസമാഹാരം ഇറക്കുന്നുണ്ട് ..!  
ഒപ്പം പെൺകൂട്ടായ്മയിൽ വിരിഞ്ഞ  'ഒറ്റനിറത്തിൽ മറഞ്ഞിരുന്നവർ'എന്ന പുസ്തകത്തിലെ ഒരു എഴുത്തുകാരികൂടിയാണ്  ആനി .
നല്ലൊരു അവതാരകയായും, പാട്ടുകാരിയായും , സാമൂഹ്യ  പ്രവർത്തകയായും  , ഭർത്താവും കലാസാഹിത്യകാരനുമായ അജിത്ത് പാലിയത്തിനൊപ്പം യു.കെയിൽ എവിടെയും ഓടിയെത്തുന്ന ഒരു വനിതാരത്നം തന്നെയാണ് അഥെനീയം  അക്ഷര ഗ്രന്ഥാലയത്തിന്റെ അക്ഷര  അധിപർ കൂടിയായ ഈ ദമ്പതികൾ...


സ്മിതാ വി ശ്രീജിത്ത്  

പാലക്കാടിന്റെ പുത്രിയും , കമ്പൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദ ധാരിണിയുമായ  ഇപ്പോൾ ബെർമിങ്ഹാമിലെ സോളിഹള്ളിൽ ഒരു പ്രിൻസിപ്പൽ കൺസൾട്ടന്റ് ആയി ജോലി  ചെയ്യുകയാണ് സ്മിത . സോഷ്യൽ മീഡിയയിലും , സാമൂഹ്യ രംഗത്തും താരമായ സ്മിതയും , ഭർത്താവ് ശ്രീജിത്തും യുകെയിലെ എഴുത്തിന്റെ ലോകത്തും വളരെയധികം പേരെടുത്തവരാണ് ..

'അവയിൽ' പുസ്തകത്തിലെ മറ്റൊരു രചയിതാവായ സ്മിതാ വി .ശ്രീജിത്ത് ആംഗലേയത്തിലും , മലയാളത്തിലുമായി ധാരാളം കവിതകളും, ആർട്ടിക്കിളുകളുമടക്കം നല്ല ഈടുറ്റ രചനകൾ കാഴ്‍ച്ചവെക്കുന്നു . 
സ്മിതാ വി ശ്രീജിത്ത്‌ ഇന്ന് യു.കെയിലെ വളരെ ശ്രദ്ധേയയായ ഒരു എഴുത്തുകാരി തന്നെയാണ് . വള്ളുവനാടൻ ഭാഷയുടെ കരുത്തും , മനോഹാരിതയും ഈ വനിതാരത്നത്തിന്റെ    വരികളിൽ കൂടി നമുക്ക് തൊട്ടറിയാം ...


സിന്ധു എൽദൊ

ഇടുക്കിയിൽ നിന്നും വന്ന് ഇവിടെ പോർട്സ്‌മൗത്തിൽ താമസിക്കുന്ന യാത്രകളുടെ തോഴികൂടിയായ ബ്രിട്ടണിലെ ഫേസ്‌ ബുക്ക് താരങ്ങളിൽ  ഒരുവളായ  സിനിമാനടിയും , സംവിധായകയും (youtube.Shatter The Silence ) , നല്ലൊരു സാമൂഹ്യ പ്രവർത്തയുമായ സിന്ധു എൽദോയും യു.കെ എഴുത്തുകാരികളിൽ പ്രാവീണ്യം തെളിയിച്ച ഒരുവൾ തന്നെയാണ് ...
തൊട്ടതെല്ലാം പൊന്നാക്കുവാൻ കഴിവുള്ള സിന്ധു നല്ല നേതൃത്വപാടവമുള്ള ഒരു സംഘാടക കൂടിയാണ് ...
യാത്രകൾ ഏറെ ഇഷ്ട്ടപ്പെടുന്ന സിന്ധു പോകുന്ന സ്ഥലങ്ങളിലെ സഞ്ചാര വിവരണങ്ങൾ അപ്പപ്പോൾ സോഷ്യൽ മീഡിയകളിലൂടെ പങ്കുവെക്കുന്നതിൽ ബഹുമിടുക്കിയാണ് ..
തന്റെ ചുറ്റുപാടുമുള്ള സമൂഹത്തോടുള്ള പ്രതിബദ്ധത കാരണം , സിന്ധുവിനോളം പ്രതികരണശേഷി സമൂഹ മാധ്യമങ്ങളിൽ കൂടി പ്രകടിപ്പിക്കുന്ന വേറൊരു മലയാളം എഴുത്തുകാരി  ആംഗ്ലേയ നാട്ടിൽ  ഇല്ലെന്ന് തന്നെ പറയാം ...



ദിവ്യ ജോസ് 

അങ്കമാലിക്കാരിയായ ദിവ്യ ജോൺ ജോസ്   ഇപ്പോൾ അയർലന്റിലെ   ഡബ്ലിൻ നിവാസി ധാരാളം സാഹിത്യ സാമൂഹ്യ ഇടപെടലുകളും , പുസ്തകാവലോകനങ്ങളും നടത്തി ഇന്ന്  സൈബർ ഇടങ്ങളിലും , പല പല മാധ്യമങ്ങളിലും തിളങ്ങിനിൽക്കുന്ന ഒരു യുവ എഴുത്തുകാരിയാണ് . 

ദൈനം ദിനം തന്റെ ചുറ്റുപാടും നടക്കുന്ന എന്ത് ലൊട്ടുലൊടുക്കുകാര്യങ്ങളും വരെ , നല്ല കിണ്ണങ്കാച്ചിയായി , നർമ്മ ഭാവനയോടെ , തനി നാട്ടു ഭാഷാ ശൈലികളിൽ എഴുതിയിട്ട് വായനക്കാരെ കൊതിപ്പിക്കാനുള്ള ദിവ്യയുടെ കഴിവ് അപാരം തന്നെയാണ് ...!
മലയാള സാഹിത്യത്തിലേയും,  ലോക സാഹിത്യത്തിലേയും നല്ല പുസ്തങ്ങൾ തെരെഞ്ഞു പിടിച്ച് വായിച്ച് അവയുടെ നിരൂപണമടക്കം നല്ല വിശകലനങ്ങൾ നടത്തുവാനുള്ള ദിവ്യ അതീവ  പ്രാവീണ്യവതിയായ ഒരു വനിതാരത്നം തന്നെയാണ് ... 



സ്വാതി ശശിധരൻ 


അതുപോലെ അയർലണ്ടിൽ തന്നെയുള്ള കമ്പ്യൂട്ടർ എൻജിനീയറായ   സ്വാതി ശശിധരൻ തിരുവനന്തപുരം സ്വദേശിനിയാണ് . 
നല്ലൊരു വായനക്കാരി കൂടിയായ സ്വാതി ഒട്ടുമിക്ക കൊച്ചു  വിശേഷങ്ങളും വരെ പങ്കുവെച്ച് സൈബർ ഉലകത്തിൽ ഇപ്പോൾ എന്നും വിളങ്ങി നിൽക്കുന്ന ഒരു യുവതാരം തന്നെയാണ് .
ജീവിതത്തിൽ , കുടുംബത്തിൽ ,സമൂഹത്തിൽ അങ്ങിനെ തന്റെ ചുറ്റുപാടും ഉണ്ടായിക്കൊണ്ടിരിക്കുന്ന ആധികളും , ഭീതികളുമൊക്കെ സരസമായി എഴുത്തിലൂടെ വരച്ചു കാണിച്ചുള്ള സ്വാതിയുടെ അന്നന്നുള്ള ഗാർഹിക /ജോലി വിശേഷങ്ങൾ വരെ വായിക്കുവാൻ എന്നുമെന്നോണം ധാരാളം വായനക്കാർ എത്തി നോക്കി പോകാറുണ്ട് . നല്ലൊരു വായനക്കാരി കൂടിയായ സ്വാതി നല്ല രീതിയിൽ പുസ്തകാവലോകങ്ങളും നടത്തുന്ന സ്ത്രീ രത്നമാണ് ...
മുകളിൽ കൊടുത്തിരിക്കുന്ന 'അവിയൽ ' എന്ന പുസ്‌തകം  കാണാപാഠം പഠിച്ച് സ്വാതി , ഇതിൽ പരിചയ പെടുത്തിയ നാല് കൂട്ടുകാരികളെയടക്കം , അതിലെഴുതിയ എല്ലാ എഴുത്തുകാരെയും പ്രൊമോട്ട് ചെയ്തിരിക്കുന്ന ഒരു കിണ്ണങ്കാച്ചി കാഴ്ച്ച ഇവിടെ കാണാം ... 
ഒരു പക്ഷെ അയർലണ്ടുകാരികളായ ഈ ചുള്ളത്തികളുടെ പുസ്തകങ്ങൾ അടുത്തു തന്നെ വായനക്കാരുടെ കൈകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു .



ബീന പുഷ്കാസ് 


തിരുവനന്തപുരത്തുനിന്നും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം മുതൽ ലണ്ടനിൽ എത്തിച്ചേർന്ന കാലാകാരിയും , എഴുത്തുകാരിയുമായ  ബീന പുഷ്‌കാസ്  തൊണ്ണൂറു കാലഘട്ടം മുതലെ ലണ്ടനിലെ മാദ്ധ്യമങ്ങളിൽ കവിതകൾ എഴുതിവരുന്നു . 
ഒപ്പം നൃത്തത്തിലും , മറ്റു കലാപരിപാടികളിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള ഒരു വനിതാരത്നം തന്നെയാണ്  ബീന . ഭർത്താവിനൊപ്പം ബിസ്സിനെസ്സ് നടത്തുന്ന ബീന ലണ്ടനിലുള്ള എല്ലാ കലാസാംസ്‌കാരിക പ്രവർത്തനങ്ങളിലും പങ്കെടുക്കുകയും നയിക്കുകയും ചെയ്യുന്ന ഒരു താരം തന്നെയാണ് ... 


മഞ്ജു വർഗീസ് 

എറണാകുളം ജില്ലയിൽ നിന്നും വന്ന എസ്സെക്സിൽ താമസിക്കുന്ന മഞ്ജു വർഗ്ഗീസ് എഴുത്തിന്റെ എല്ലാ മേഖലകളിലും എഴുതിക്കൊണ്ടിരിക്കുന്ന ഒരു യുവ എഴുത്തുകാരിയായ സ്ത്രീരത്നമാണ് .
'ഉഷസ്സ്, മൂകസാക്ഷി, സ്ത്രീ, ഒരു പക്ഷിയായ്, എന്നോമൽ സ്മൃതികൾ, ഒരു പനിനീർ പുഷ്പം, മറയുമോർമ്മകൾ, ഓർമ്മ തൻ മഴനീർ മുത്ത്, ചില വിചിത്ര സത്യങ്ങൾ, അക്കരപ്പച്ച, ബാല്യം,മനസ്സിൽ ഉടക്കിയ മിഴികൾ, ആകർഷണവലയങ്ങൾ, രണ്ടാം ജന്മം, ഏകാന്തസന്ധ്യ, ഇണക്കിളി, ഓർമ്മകൾക്കെന്തു മാധുര്യം, മഴ, ഏകാന്തത, ഒരു വിനാഴിക കൂടി, ഏകാന്തയാമങ്ങൾ , സ്നേഹത്തിൻ തിരിനാളം, ഈ ജന്മം നിനക്കായ് മാത്രം, പ്രണയം; ഒരു നിർവചനം, കേൾക്കാത്ത ശബ്ദം, അടുത്ത ഇരകൾ, മൃത്യുവെ ഒരു ചോദ്യം 'എന്നീകവിതകളും ,ആൽബം സോങ്ങുകളും എഴുതിയിട്ടുണ്ട് .
ഒപ്പം അനുഭകഥകളായ ട്രാൻസ്ഫർ (സ്ഥലമാറ്റം) ഒരു ദുരന്തമോ?, മനുഷ്വത്വം, മനസ്സിൽ പതിയുന്ന മുഖങ്ങൾ, അമൂല്യസമ്മാനം, ഡ്രൈവിംഗ് വിശേഷങ്ങൾ , സ്പിരിറ്റ്; സസ്നേഹം ഹാരി; സർപ്രൈസ്, ഭൂമിയിലെ മാലാഖമാർ, കശുമാവും ഞാനും, ചെറിയ കാര്യം വലിയ പാഠം, സിറിയയിലെ കുഞ്ഞുമാലാഖക്ക്, സ്കൂൾ വിശേഷങ്ങൾ, ട്രെയിൻ യാത്ര, ഏപ്രിൽ ഫൂൾ  'എന്നിവ വായനക്കാരെ സന്തോഷിപ്പിക്കുന്ന എഴുത്തുകൾ തന്നെയാണ് . ഇപ്പോൾ 'ഡാഫഡിൽസിന്റെ താഴ്വരയിലൂടെ ' എന്ന നോവലും മഞ്ജു വർഗീസ് എഴുതിക്കൊണ്ടിരിക്കുന്നു ...


 സിന്ധു സതീഷ്‌കുമാർ

കാഞ്ഞങ്ങാടുനിന്നും ലണ്ടനിലെത്തിയ സിന്ധു സതീഷ്‌കുമാർ  കവിതകളും , ആർട്ടിക്കിളുകളും ധാരാളം എഴുതുന്ന കൂട്ടത്തിലാണ് .  വാർത്താവതാരക  , പാട്ടുകാരി എന്നീ മേഖലകളിലും തിളങ്ങി നിൽക്കുന്ന സിന്ധു 'കട്ടൻ കാപ്പി കൂട്ടായ്'മയിലും , ചർച്ചകളിലും സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന ഒരു വനിതാരത്നം കൂടിയാണ് .
സിന്ധുവിന്റെ പല അനുഭാവിഷ്കാരങ്ങളും വായിക്കുമ്പോഴാണ്  പലർക്കും സമാനാമായ പല സംഗതികളും, അവർക്കൊക്കെ  ഇവിടെ വെച്ച് അനുഭപ്പെട്ടിട്ടുള്ളതാണെന്ന്  സ്വയം അറിയുക ...!
നല്ലൊരു പാട്ടുകാരിയും , അവതാരകയുമായ സിന്ധു അതിമനോഹരമായി  അവതരിപ്പിക്കാറുള്ള കവിതാ പാരായണം ഒന്ന് കേൾക്കേണ്ടത് തന്നെയാണ് ...



നിമിഷ ബാസിൽ

കോതമംഗലത്തുനിന്നും ലണ്ടനിൽ എത്തിയ നിമിഷ ബാസിൽ ഇന്ന് ബ്രിട്ടനിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു യുവ എഴുത്തുകാരിയാണ്. ലണ്ടൻ സാഹിത്യ വേദി ഇക്കൊല്ലം ഇവിടെ നടത്തിയ കവിത മത്സരത്തിൽ സമ്മാനാർഹായായത് നിമിഷയാണ് . ധാരാളം കവിതകളടക്കം , പല പുതുമയുള്ള  കഥകളും മറ്റും എഴുതി കൊണ്ടും ലണ്ടനിൽ നിന്നും മലയാള സാഹിത്യത്തിലേക്ക് ഉയർന്നുവരുന്ന ഈ  പുതു എഴുത്തുകാരിയുടേതായി  ഇവിടത്തെ പല ഓൺ-ലൈൻ പോർട്ടലുകളിലും പല  രചനകളും വന്നുകൊണ്ടിരിക്കുന്നുണ്ടിപ്പോൾ ...


ലിജി സെബി 

എറണാകുളം ജില്ലയിലെ കാലടിയിൽ നിന്നും സറേയിൽ ഉള്ള എപ്‌സത്തിൽ താമസിക്കുന്ന   ലിജി സെബി , യു.കെയിലെ മികച്ച യുവ എഴുത്തുകാരികളിൽ ഒരുവളാണ് . നല്ല വായന സുഖമുള്ള ഭാഷയാൽ നല്ല കാതലുള്ള കഥകളും , അനുഭവ കുറിപ്പുകളുമൊക്കെയായി ഇന്ന് ലിജി മലയാളം എഴുത്തുലകത്ത്  വളരെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.
ഏഷ്യാനെറ്റ്   അടക്കം പല ദൃശ്യമാദ്ധ്യങ്ങളിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ലണ്ടൻ മലയാള സാഹിത്യ വേദിയുടെ ഇക്കൊല്ലത്തെ കഥാകവിത മത്സരത്തിൽ വിജയി കൂടിയാണ് ഈ യുവ എഴുത്തുകാരിയായ ചുള്ളത്തി ...





ഡോ : ജോജി കുരിയാക്കോസ് 

മൂവാറ്റുപുഴക്കാരനായ ഒരു കലാസാഹിത്യ സ്നേഹിയാണ് മനോരോഗ വിദഗ്ദനായ യു.കെ യിലുള്ള ഹള്ളിൽ കൺസൾട്ടന്റായി ജോലി ചെയ്യുന്ന ഡോ :ജോജി കുരിയാക്കോസ്. 

പഠിക്കുന്ന കാലം മുതൽസ്കൂൾ - കോളേജ് തലത്തിൽകവിതാ-സാഹിത്യമത്സരങ്ങളിൽസമ്മാനങ്ങൾവാങ്ങിയിരുന്ന ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിൽ മാഗസിൻ എഡിറ്റോറിയൽ മെമ്പറായിരുന്നു .
2003 -ൽ യു.കെയിൽ എത്തിയ ശേഷവും അനേകം കലാസാഹിത്യ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട് .
2015 -ൽ ഫോബ്മ എന്ന കലാസാഹിത്യ സംഘടന നടത്തിയ കവിതാ രചന മത്സരത്തിൽ 'പിരിയുവാനാകാതെ ഞാൻ 'എന്ന കവിതക്ക്‌   ഒന്നാം സ്ഥാനവും ,  പിന്നീട് യു കെ യിലെ സാഹിത്യ കൂട്ടായ്മയായഅഥെനീയം അക്ഷര ഗ്രന്ഥാലയം DC Books നോട് സഹകരിച്ചുനടത്തിയ സാഹിത്യ മത്സരത്തിൽ " അച്ഛനോട്‌ " എന്ന കവിതയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചിട്ടുള്ളതും സൈക്കാർട്ടി മെഡിസിനിൽ MRCPകരസ്ഥമാക്കിയിട്ടുള്ള ഡോ :ജോജി കുരിയാക്കോസിനായിരുന്നു.
 2015-   വിജയ് യേശുദാസ് ആലപിച്ച 
 'മനമുണർന്നു ' എന്ന മ്യൂസിക് ആൽബം സോങ്ങും , 
2017 -ൽ പി.ജയചന്ദ്രൻ ആലപിച്ച 'ഒരു പുഞ്ചിരി ' (വീഡിയോ ), അതുപോലെ തന്നെ വിജയ് യേശുദാസ് ആലപിച്ച് വളരെ ഹിറ്റായി തീർന്നിട്ടുള്ള 'എന്റെ വിദ്യാലയം 'എന്നീ ലളിത ഗാനങ്ങളും ഡോ :ജോജി രചിച്ചിട്ടുള്ളതാണ് .
ഒപ്പം കെസ്റ്റർ പാടിയ' ആത്മീയ ഗാനങ്ങളുടെ 'ആൽബത്തിലെ പാട്ടുകൾക്കും വരികൾ എഴുതിയതും ഇദ്ദേഹമാണ് . 
ഈ മനോരോഗ കൺസൾട്ടന്റായ ഭാഷ സ്‌നേഹി 2015 -ൽ ഹള്ളിലെ മലയാളം സപ്ളിമെന്ററി സ്‌കൂളിന്റെ ആദ്യത്തെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട് .
സ്വിറ്റ്‌സർലണ്ടിൽ നടന്ന കേളി ഇന്റർനാഷ്ണൽ കലാമേളയിൽ രചനയും, സംവിധാനവും, ചിത്രീകരണവും സ്വയം നിർവ്വഹിച്ച ഷോർട്ട് ഫിലീമിനും ,ഫോട്ടോഗ്രാഫി മത്സരത്തിലും മൂന്നാം സ്ഥാന സമ്മാനങ്ങളും ഡോ :ജോജിക്ക്‌ കിട്ടിയിട്ടുണ്ട്.
UUKMA വൈസ് പ്രസിഡന്റായ ഹള്ളിൽ    ഹിസ്റ്റോപാത്തോളജി കൺസൾട്ടന്റായി ജോലി ചെയ്യുന്ന സഹധർമ്മണി ഡോ : ദീപ ജേക്കബ്ബ് ഇദ്ദേഹത്തിന്റെയൊപ്പം കോട്ടയം മെഡിക്കൽ കോളേജിൽ സഹപാഠിയായിരുന്നു.
ഏക മകൾ ഈവ 2015 ലെ നാഷ്ണൽ ഫോബ്മ കലോത്സവത്തിൽ കലാതിലകമായിരുന്നു.
ഇന്ഗ്ലീഷിൽ കഥയും ,കവിതയും എഴുതുന്ന ഈവ ,2017 ലെ യുക്മ യോർക്ക്‌ഷെയർ ആന്റ് ഹംബർ റീജിയൻ കലാതിലകവും ,യുക്മ കലാമേളയിൽ മോഹിനിയാട്ടത്തിന് ഒന്നാം സമ്മാനവും,നാടോടി നൃത്തത്തിന്‌ മൂന്നാം സമ്മാനവും കരസ്ഥമാക്കിയിരുന്നു.

കവിയും ,കഥകൃത്തുമായ ഡോ : ജെ.കെ.എസ് .വീട്ടൂരിന്റെ (Dr.J.K.S.Veettoor / വീഡിയോ) സഹോദരനാണ് എഴുത്തുകാരൻ കൂടിയായ ഈ ഡോ : ജോജി കുരിയാക്കോസ് ...



കുഞ്ഞാലി 

നാട്ടിൽ പഠിക്കുന്ന കാലം മുതൽ എഴുത്തിൽ പ്രതിഭ തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ലണ്ടലിലെ റോയൽ ഫ്രീ ഹോസ്പിറ്റലിൽ നിന്നും , ഇപ്പോൾ മാഞ്ചസ്റ്ററിൽ ന്യൂറോളജി കൺസൾട്ടന്റായി ജോലി നോക്കുന്ന ഈ ഡോക്ട്ടർ . 
കുഞ്ഞാലികുട്ടി  /  കുഞ്ഞാലി .കെ.കെ. എന്നീ    അപരനാമങ്ങളിൽ  എഴുതിക്കൊണ്ടിരിക്കുന്ന നല്ലൊരു സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരണ് ഈ വല്ലഭൻ . 
കുഞ്ഞാലി  എന്ന് പരക്കെ അറിയപ്പെടുന്ന ഇദ്ദേഹം . ആദ്യം ഗൂഗിളിന്റെ 'ബസ്സി 'ലും , പിന്നീട്  കുഞ്ഞാലി .കെ.കെ എന്ന പേരിൽ ഇപ്പോൾ ഗൂഗ്ൾ പ്ലസ്സിലും , മറ്റു സോഷ്യൽ മീഡിയ തട്ടകങ്ങളിലും എഴുത്തിന്റെ ഒരു താരമായി തിളങ്ങി നിൽക്കുന്ന ഒരു ഡോക്ട്ടറാണ്  .

Info Clinic   എന്ന Health & Wellness Website -ൽ കൂടി , വിജ്ഞാനപ്രദമായ കാര്യങ്ങൾ പങ്കുവെക്കുന്ന സൈബർ കൂട്ടായ്മായിലെ എഴുത്തുകാരനും കൂടിയാണ് കുഞ്ഞാലികുട്ടി . സാമൂഹ്യ നന്മക്ക് വേണ്ടി എന്നുമെന്നോണം എഴുത്തുകളിലൂടെ  തൂലിക ചലിപ്പിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞാലി /കുട്ടിയെ അനേകം ആളുകൾ എന്നും വായിച്ചു വരുന്നു ...


റെജി സ്റ്റീഫൻസൺ 

തിരുവനന്തപുരം സ്വദേശിയും , എൻജിനീയറിങ്ങ് ബിരുദധാരിയുമായ ഇപ്പോൾ ലണ്ടനിൽ ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുന്ന റെജി സ്റ്റീഫൻസൺ ഇന്ന് ഇന്ത്യയിലും , പാശ്ചാത്യ ലോകത്തും അറിയപ്പെടുന്ന Indi Bloggers - ലുള്ള വമ്പന്മാരിൽ ഒരുവനാണ് . 

ഇന്ന് സൈബർ ഇടങ്ങളിലുള്ള ഒട്ടുമിക്ക സോഷ്യൽ മീഡിയ സൈറ്റുകളിലും നമ്മുടെ മലയാള ഭാഷയുടെ സാങ്കേതിക സംവിധാനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അനേകം ഭാഷ സ്നേഹികളായ ഡിജിറ്റൽ എന്ജിനീയർന്മാർ, പല  ഇന്റർനെറ്റ് തട്ടകങ്ങളുടെയും തലപ്പത്ത്  ജോലി ചെയ്ത് വരുന്നുണ്ട് . 
ഈ ഇന്റർനെറ്റ്  യുഗത്തിൽ നാമെല്ലാം  ഉറങ്ങിക്കിടക്കുമ്പോൾ, നമുക്ക് വേണ്ടി എല്ലാ  സൈബർ തട്ടകങ്ങളിലും ഏറ്റവും പുതിയ സാങ്കേതികത മേന്മകൾ വരുത്തി ഏവർക്കും സന്തോഷം പ്രധാനം ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണിവർ.
'ഇന്റർനെറ്റി'നുള്ളിലെ ആധുനികമായ പല രംഗസംവിധാനങ്ങളെ കുറിച്ചും , മറ്റു ഡിജിറ്റൽ സംബന്ധമായ വിവിധ സംഗതികളെ  പറ്റിയും , ഡിജിറ്റൽ എഴുത്ത് , വായന, ബ്ളോഗ് എന്നിങ്ങനെ നിരവധി കാര്യങ്ങളെ കുറിച്ചെല്ലാം , അനവധി ലേഖനങ്ങൾ ധാരാളമായി എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു യുവ എഴുത്തുകാരനാണ്  റെജി സ്റ്റീഫൻസൺ . 
ഇപ്പോൾ മലയാളത്തെക്കാൾ കൂടുതൽ ആംഗലേയത്തിൽ  എഴുതി കൊണ്ടിരിക്കുന്ന റെജി യുടെ Digital Dimensions എന്ന ബ്ലോഗ് ധാരാളം പേർ വന്ന് വായിച്ച് , ഇത്തരം പല കാര്യങ്ങളെ കുറിച്ചുള്ള വിജ്ഞാനങ്ങൾ സമ്പാദിച്ച് പോകുന്നുണ്ട് ...
  
രാജേഷ് കൃഷ്ണ 

പത്തനംതിട്ടയിൽ നിന്നും ലണ്ടനിൽ എത്തിയ രാജേഷ് കൃഷ്‌ണവളരെ ഊർജ്ജസ്വലനായ  ഒരു പത്ര പ്രവർത്തകനും , നല്ലൊരു എഴുത്തുകാരനുമാണ് . 
എന്നും സാമൂഹ്യ നീതികൾ ആവശ്യക്കാർക്ക് കിട്ടുവാൻ വേണ്ടി തൂലിക ചലിപ്പിക്കുന്ന രാജേഷ് ബിരുദ പഠനത്തിന് ശേഷം ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കരസ്ഥമാക്കിയിട്ട് , പിന്നീട് കൈരളി ടി.വി യിലെ മാദ്ധ്യമ പ്രവർത്തകനായ ശേഷം , യു.കെ യിലെത്തി രാജ് ടി.വി യിലെ പ്രൊഡ്യൂസറായിരുന്നു . 
പിന്നീടിദ്ദേഹം  BBC ന്യൂസ് ടീമിന്റെ ഒപ്പം പ്രൊഡ്യൂസറായി ജോലി ചെയ്തിരുന്നു. 
വളരെ ശക്തമായ ഭാഷയിൽ എഴുതിക്കൊണ്ടിരിക്കുന്ന രാജേഷിന്റെ പല ആർട്ടിക്കിളുകളും വിവിധ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച് വരാറുണ്ട് .
ഒപ്പം അനേകം വായനക്കാർ രാജേഷിന്റെ എഴുത്തുകൾ സോഷ്യൽ മീഡിയ സൈറ്റുകൾ വഴിയും വായിച്ചു വരുന്നുണ്ട്...

 കെ .ആർ .ഷൈജുമോൻ 

തൃശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായ കൊവെൻറിയിൽ താമസിക്കുന്ന കെ ആർ ഷൈജുമോൻ എഴുത്തിന്റെ ഒരു വല്ലഭൻ തന്നെയാണ് .
ബിരുദാനന്തരം , കേരള പ്രസ്സ് അക്കാദമിയിൽ നിന്നും ജേർണലിസം കഴിഞ്ഞ് , നാട്ടിലെ പല പ്രമുഖ പത്ര സ്ഥാപനങ്ങളിലും വർക്ക് ചെയ്ത് , ഇപ്പോൾ ബ്രിട്ടനിലെ ഏറ്റവും പ്രചാരമുള്ള ഓൺ-ലൈൻ പത്രമായ 'ബ്രിട്ടീഷ് മലയാളി'യുടെ റസിഡന്റ് എഡിറ്ററായി ജോലി ചെയ്യുകയാണ് ഇദ്ദേഹം . 
ഏതൊരു വാർത്തയും അപ്പപ്പോൾ ചൂടാറും മുമ്പ് വായനക്കാരുടെ ഇടയിൽ എത്തിക്കുന്നതിനുള്ള ഷൈജുമോനുള്ള പാടവം ഒന്ന് വേറെ തന്നെയാണ് . 
വായനക്കാർ  മുഴുവൻ ഏറ്റവും രസിക്കുന്ന വിധത്തിൽ വാർത്തകൾ ചമക്കാനും , അവരെ കൊണ്ട് ആയതെല്ലാം വായിപ്പിക്കാനുമുള്ള ഷൈജുമോനുള്ള  ആ കഴിവ് തന്നെയാണ്,  ബ്രിട്ടീഷ് മലയാളിയുടെ ഈ വളർച്ചക്ക് കാരണമെന്ന് പറഞ്ഞാൽ ,അതിൽ  ഒട്ടും അതിശയോക്തിയില്ല .
ഒപ്പം  ഈ എഴുത്തു വല്ലഭൻ പല കോളങ്ങളും ,അഭിമുഖങ്ങളും തനതായ രീതിയിൽ അവതരിപ്പിച്ച് താൻ  ജോലി ചെയ്യുന്ന പത്ര സ്ഥാപനത്തെ  എന്നും മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുകയാണ് . 
ഇതൊന്നും കൂടാതെ ധാരാളം സാമൂഹ്യ സേവനങ്ങളും , മലയാളം പ്രമോഷനുകളും , അവാർഡ് ദാനങ്ങളും ,സേവന പരിപാടികളും കെ .ആർ .ഷൈജുമോന്റെ  നേതൃത്വത്തിൽ 'ബ്രിട്ടീഷ് മലയാളി'നടത്തി പോരുന്നുണ്ട് .

ബാൾഡ്വിൻ സൈമൺ (ബാബു )

കൊല്ലം ജില്ലയിലെ മയ്യനാട് പുല്ലിച്ചിറയിലെ കലാസാഹിത്യ പ്രവർത്തങ്ങളിൽ കിട്ടിയ ഊർജ്ജവുമായി മാതാപിതാക്കൾക്കൊപ്പം ചേരുവാനായി  19 - വയസ്സിൽ 1979-  ൽ ലണ്ടനിൽ വന്ന നാടക പ്രേമിയായിരുന്നു  ബാൾഡ്വിൻ സൈമൺ (ബാബു ) 
സ്‌കൂൾ കാലഘട്ടം മുതലെ  നാടകാവതരണ കലകളിൽ നിപുണനായിരുന്ന ബാൾഡ്വിൻ സൈമൺ ഇവിടെ വന്നിട്ടും ആയത് തുടർന്ന് പോന്നു . ആ കാലഘട്ടത്തിൽ ഇവിടെയുണ്ടായിരുന്ന കേരള യൂത്ത് ക്ലബ്ബിലും , മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ യിലുമൊക്കെ   പ്രവർത്തകനായ ശേഷം ഭാഷാപരമായ പല നീക്കങ്ങൾക്കും തുടക്കം കുറിച്ചവരിൽ ഒരുവനായിട്ടും ,ശേഷം   ഈ സംഘടനയുടെ നാടക സമിതിയായ' ദൃശ്യകല'യുടെ രൂപീകരണ സമിതിയിലും മുന്നിട്ട് നിന്ന ഒരു ഭാഷാ സ്നേഹിയായിരുന്നു ബാബു. 
പിന്നീട്  'പുരപ്പുറത്തൊരു രാത്രി , ജരായു , യമപുരി, അമലന്മാർ , പ്രഭാതത്തിന്റെ ആദ്യ രശ്മികൾ ,  ജ്വാലാമുഖികൾ , മതങ്ങളെ വഴി മാറു ,വാത്മീകം , പ്രതീക്ഷ , പുതുപ്പണം കോട്ട , പന്ത്രണ്ട് മക്കളെ പെറ്റൊരമ്മ , വരിക വരിക ഗന്ധർവ്വ ഗായക , ആര്യ വൈദ്യൻ വയസ്കര മൂസ്സ് , രാജ്യസഭാ  , നിറ നിറയോ നിറ ' എന്നീ 15 നാടകങ്ങൾക്ക്  പിന്നിലും ,മുന്നിലും നിന്ന് അണിയിച്ചൊരുരുക്കി , വിവിധ സ്റ്റേജുകളിൽ അവതരിപ്പിച്ചതിൽ എല്ലാം കൊണ്ടും മുൻപന്തിയിൽ നിന്ന ഒരു സാക്ഷാൽ നാടക കലാകാരനും ,മലയാളി സംഘടന പ്രവർത്തകന മായിരുന്നു ഇദ്ദേഹം .
ഇതിൽ പറഞ്ഞ 11 നാടകങ്ങളുടെ സംവിധാനവും നിർവ്വഹിച്ചതും ബാൾഡ്വിൻ സൈമൺ തന്നെയായിരുന്നു .

'ശിവ സേനയ് , റോമിയൊ , നാൻ യാർ ' എന്നീ മൂന്ന് തമിഴ് സിനിമകളിലടക്കം , 'ഇംഗ്ലീഷ് , ലണ്ടൻ ബ്രിഡ്ജ് ' മുതലായ  മലയാള സിനിമകളിലും തരക്കേടില്ലാത്ത റോളുകളിൽ അഭിനയിച്ച ഒരു സിനിമാതാരം  കൂടിയാണ് ബാൾഡ്വിൻ സൈമൺ.
ഇദ്ദേഹം നയകനായി അഭിനയിച്ച വളരെ ഹിറ്റായ ഒരു ഷോർട്ട് ഫിലിമാണ് വിനോദ് പാലാഴിത്തിന്റെ SHADOW ( വീഡിയോ)...

കണ്ണൻ രാമചന്ദ്രൻ

പന്തളം സ്വദേശിയായ കണ്ണൻ രാമചന്ദ്രൻ , സ്കൂൾ കാലഘട്ടം മുതൽ കലാലയ പഠനങ്ങൾ തീരുന്നതുവരെ കലോത്സവ കലാപ്രതിഭ പട്ടം നേടിയിട്ടുള്ള ഒരു കലാസാഹിത്യ  വല്ലഭനാണ്.

പന്തളം NSS കോളേജിൽ നിന്നും മലയാളം സാഹിത്യത്തിൽ ബിരുദം നേടിയ ശേഷം എം .എസ് .സി സൈക്കോളജിയും പിന്നീട് എം .ബി.എ യും കഴിഞ്ഞതിനെ തുടർന്ന് , അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നും നേഴ്സിംഗ് ഡിഗ്രിയും കരസ്ഥമാക്കി ലണ്ടനിലെത്തി വിവിധ  ജോലികൾ ചെയ്തുകൊണ്ടിരിക്കുകയാണ് കണ്ണൻ . 
ചെറുകഥകൾ ധാരാളം എഴുതി പല മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഒപ്പം സിനിമ പ്രമേയങ്ങളായ അനേകം ആർട്ടിക്കിളുകളും .

നല്ലൊരു ഗായകൻ കൂടിയായ കണ്ണൻ , പല സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലും  പ്രാവീണ്യനാണ് . 
ലണ്ടനിലെ സെന്റ് : ജോർജ്ജ് ഹോസ്പിറ്റലിലെ മെഡിക്കൽ അസിസ്റ്റാന്റായുള്ള കണ്ണൻറെ  സ്ഥിര ജോലിയെ കൂടാതെ നാട്ടിലെ പത്രങ്ങൾക്ക്  ലണ്ടൻ വാർത്തകൾ എഴുതി കൊടുത്തും , ഓൺ-ലൈൻ ന്യൂസ് പേപ്പറുകളിൽ ആർട്ടിക്കിളുകൾ എഴുതിയും  , ലണ്ടൻ മലയാളം റേഡിയോ ജോക്കിയായും , പല മലയാളം പരിപാടികളിൽ   അവതാരകനായും  പ്രതിഭാ സമ്പന്നനായി കണ്ണനെ എന്നും കാണാവുന്നതാണ്...


വിനയ രാഘവൻ 

കണ്ണൂരിൽ നിന്നും വന്നിട്ടുള്ള വിനയ രാഘവൻ സകലകലാ വല്ലഭയായ ലണ്ടനിലുള്ള ഒരു കലാസാഹിത്യകാരിയാണ്  . 
കമ്പ്യൂട്ടർ  സയൻസ് എൻജിനീയറിങ്ങു്  ബിരുദ ധാരിയായ,  ലണ്ടനിൽ പോർട്ട് ഫോളിയോ മാനേജരായി ജോലിനോക്കുന്ന വിനയ  ധാരാളം കവിതകളും ,സാമൂഹ്യ ചിന്തകൾ ഉണർത്തുന്ന ലേഖനങ്ങളും , കഥകളും എഴുതാറുണ്ട് . 

'സാപിയൻസ്'   എന്ന പേരിൽ ആംഗലേയത്തിലും , മലയാളത്തിലുമായി 'വിമൺ വെബ് , I E മലയാളം , ബോധി കോമൺസ് , അഴിമുഖം ' എന്നവയിലടക്കം പല മാദ്ധ്യമങ്ങളിലും , മാഗസിനുകളിലും വിനയ എഴുതി  വരാറുണ്ട് . കുറെയേറെ ഫീച്ചർ ഫിലിമുകളിൽ പല റോളുകളിലും അഭിനയിച്ചിട്ടുള്ള ഒരു സിനിമാ താരം  കൂടിയായ വിനയയുടെ പുതിയ  സിനിമ - The Heart of Dog - ഈ ഡിസമ്പറിൽ IFFK2017 പ്രദർശിപ്പിക്കുന്നുണ്ട് . 
വിനയ ശാസ്ത്രീയ സംഗീതത്തിലും , നൃത്തത്തിലും  (ഡാൻസ് ബ്ലോഗ് - DanceSapience ) പ്രാവീണ്യമുള്ള പോലെ തന്നെ എഴുത്തിനെയും , വായനയേയും എന്നും കൂടെ കൊണ്ട് നടക്കുന്ന ഒരു വനിതാ രത്നമാണ് . 
ഒപ്പം വിനയ  ധാരാളം സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോക്യുമെന്ററികളും , ഷോർട്ട് ഫിലിമുകളും Cardium Productionsന്റെ പേരിൽ നിർമ്മിച്ചഭിനയിച്ച് പുറത്തിറക്കിയിട്ടുണ്ട് .
എൻഡോസൾഫാൻ ദുരിതത്തെ കുറിച്ച് വിനയയുടെഡോക്യുമെന്ററിക്ക്‌ (വീഡിയൊ) 2012 ൽ CNN-IBN അവാർഡ് കിട്ടിയിട്ടുണ്ട് . 
വിനയ രാഘവൻറെ ബ്ലോഗ്  Sapience അനേകം  വായനക്കാർ വായിച്ച് വരുന്നുണ്ട് . വിനയ കുട്ടിമാളു  മാധവിക്കുട്ടിയെ കുറിച്ച്എഴുതിയ ലേഖനമാണിത് ... 

ജയപ്രകാശ് മറയൂർ 

അക്ഷര നഗരിയിൽ നിന്നും കൈവന്ന അക്ഷര സമ്പത്തുമായി ബിലാത്തിയിലെ ബെൽഫാസ്റ്റ് നഗരത്തിലെത്തിയ ഒരു മറയൂർ സ്വദേശിയാണ് ജയപ്രകാശ് മറയൂർ എന്ന എഴുത്തിന്റെ  തലതൊട്ടപ്പൻ . 
നല്ല ആഴത്തിൽ വായനയുള്ള   ജയപ്രകാശിന്റെ എഴുത്തുകളിൽ ആയതിന്റെ പ്രതിഫലനം എന്നും നിറഞ്ഞു കാണാവുന്നതാണ്.   
കോട്ടയം ബസേലിയസ് കോളേജിലെ ചെയർമാൻ ആയിരുന്ന ജയപ്രകാശ് രാഷ്ട്രമീമാംസയിൽ  ബിരുദം എടുത്ത ശേഷം, ദേശാഭിമാനി പത്രത്തിൽ കുറെക്കാലം ജോലി നോക്കിയിരുന്നു .
ധാരാളം കഥകൾ പഠനകാലം തൊട്ടേ എഴുതി തുടങ്ങിയ ഇദ്ദേഹം  നാട്ടിലെയും  , ഇവിടത്തേയും മിക്ക മാദ്ധ്യമങ്ങളിലും എഴുതി വരാറുണ്ട് . 
സാമൂഹ്യ പ്രതിബദ്ധതയുള്ള അനേകം വിഷയങ്ങളെ കുറിച്ച് സോഷ്യൽ മീഡിയ സൈറ്റുകളിലും , പല ഓൺ -ലൈൻ പോർട്ടലുകളിലും ,  നല്ല ഈടുറ്റ തന്റെ കാഴ്ച്ചപ്പാടുകൾ എന്നുമെന്നോണം എഴുതിയിട്ടുകൊണ്ടിരിക്കുന്ന ജയപ്രകാശ് മറയൂരിന്റെ കുറിപ്പുകൾ ധാരാളം പേർക്ക് നല്ലൊരു വായനാനുഭവം തന്നെയാണ് . 
സമൂഹത്തിലും , ചുറ്റുവട്ടങ്ങളിലും നെറി കേട് കാണുമ്പോഴെല്ലാം , ആയതിനെതിരെ പ്രതികരിച്ച് എപ്പോഴും പൊതുസമൂഹത്തിന് എന്നും ബോധവൽക്കരണങ്ങൾ നടത്തി കൊണ്ടിരിക്കുന്ന ഒരു സോഫാ ഗ്ലൂ എഴുത്തുകാരനല്ല ജയപ്രകാശ്  ; എഴുത്തിനൊപ്പം തന്നെ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളിലും നേരിട്ട് ഇറങ്ങിച്ചെന്ന്  വളരെ സജീവമായി ഇടപെടുന്ന ഒരാൾ കൂടിയാണ് ഈ എഴുത്തിന്റെ പ്രതിഭ .
ഇപ്പോഴും ഒരു പിടി ചെറുകഥകൾ എഴുതി  അലമാരിയിലും , സൈബർ പെട്ടിയിലും ഭദ്രമായി പൂട്ടി വെച്ചിരിക്കുന്നതെല്ലാം എടുത്ത് നന്നായി പൊടി തട്ടി മിനുക്കിയെടുത്ത്  ഒന്നു രണ്ട് കഥാസമാഹാര പുസ്തകങ്ങളാക്കുവാൻ ഒരുങ്ങിയിരിക്കുകയാണ് ഈ യുവ കഥകാരൻ...


സ്വപ്ന സത്യൻ

പാലക്കാട് ജില്ലയിലെ കുഴൽമന്ദത്തുനിന്നും യു.കെ യിലെത്തി ബിരുദാനന്തര ബിരുദം എടുത്ത സ്വപ്ന സത്യൻ  (പ്രവീൺ )  ഇപ്പോൾ കവൻട്രിയിൽ ഭർത്താവ് പ്രവീണും മകനുമൊത്ത് താമസിച്ച്  ജോലി ചെയ്യുന്ന അസ്സൽ ഒരു എഴുത്തുകാരിയാണ് . 
അനേകം ജീവിത ഗന്ധിയായ കഥകൾ ആത്മാവിഷ്കാരത്തോടെ എഴുതിയിടാനുള്ള സ്വപ്നയുടെ കഴിവ് ഒന്ന് വേറെ തന്നെയാണ് .  
അടുത്തിടെ  പുറത്തിറങ്ങിയ 'പറഞ്ഞു തീരാത്ത സത്യങ്ങൾ ' എന്ന കഥാസമാഹാരമാണ് സ്വപ്ന പ്രവീണിന്റെ ആദ്യ പുസ്തകം .

എഴുത്തിൽ മാത്രമല്ല സ്‌കൂൾതലം  മുതൽ വിവിധ കലാമത്സരങ്ങളിൽ വിജയിയായിട്ടുള്ള ഒരു സകലകാല വല്ലഭയാണ് സ്വപ്ന . 
കഥാപ്രസംഗ കലയിൽ വല്ലഭയായ സ്വപ്ന , പഠന കാലങ്ങളിൽ   തുടർച്ചയായി ജില്ലാതലത്തിലും , മറ്റും കലാ തിലകമായിരുന്നു .

അനേകം  മലയാളം ,തമിഴ് സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള , ഇരു ഭാഷകളിലേയും ഒരു പ്രൊഫഷണൽ ഡബ്ബിങ്ങ്  ആർട്ടിസ്റ്റ്‌ കൂടിയായ ഈ  സാഹിത്യ കലാ പ്രതിഭ , പ്രദീപ് നായരുടെ 'ഒരിടം(വീഡിയോ) 'എന്ന സിനിമയിൽ  മർമ്മ പ്രധാനമായ ഒരു റോളിലും അഭിനയിച്ച സിനിമാ-സീരിയൽ താരം കൂടിയാണ് ,കലാസാഹിത്യ - സിനിമാ പ്രതിഭയായ സ്വപ്ന പ്രവീൺ .

മുരുകേഷ്  പനയറ 'പറഞ്ഞു  തീരാത്ത സത്യങ്ങൾ'  എന്ന സ്വപ്നയുടെ 11  കഥകളുടെ സമാഹാരത്തിലെ ഓരോ കഥകളും എടുത്ത് വിലയിരുത്തലുകൾ നടത്തി ,സ്വപ്നയെ  പരിചപ്പെടുത്തുന്നത് ഇവിടെ വായിക്കാവുന്നതാണ് ...


ജയശ്രീ [ലക്ഷ്‌മി]  

എറണാകുളം ജില്ലയിലെ ചെറായിയിൽ നിന്നും   2002 മുതൽ യു കെ യിലെ  വാട്ട്ഫോഡ് താമസമുള്ള ജയശ്രീ [ലക്ഷ്‌മി]  സകല കലാവല്ലഭയായ ഒരു എഴുത്തുകാരിയാണ് .
ചെറുപ്പം മുതൽ ചിത്രം വര, പെയിന്റിങ്, സംഗീതം എന്നിവയോട് ആഭിമുഖ്യമുണ്ടായിരുന്നു. 
പതതാം വയസ്സ് മുതൽ ശാസ്ത്രീയ നൃത്തം അഭ്യസിച്ചു തുടങ്ങി. ആദ്യം ഭരതനാട്യവും പിന്നീട് കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയും അഭ്യസിച്ചു. അനവധി സ്റ്റേജ് പെർഫോമൻസുകളും ചെയ്തിട്ടുണ്ട്. പല കാരണങ്ങളാൽ  ബ്രേയ്ക്കുകൾ വന്നിട്ടുണ്ടെങ്കിലും , ഇപ്പോഴും നൃത്തവും വായ്പ്പാട്ടുമായി  സ്‌റ്റേജുകൾ ചെയ്യുന്നുണ്ട്. 
ചിത്രം വരയിലും പെയിന്റിങ്ങിലും ചെറുപ്പം മുതൽ സ്വയം അഭ്യസിച്ചെടുത്ത ഒരു ശൈലിയാണ് അവലംബിച്ചിരുന്നത്. എന്നാൽ നിയമ ബിരുദാനന്തരം നോർത്ത് പറവൂർ ഉള്ള ചിത്രസദനം സദാശിവൻ മാഷിന് കീഴിൽ ഒരു വർഷത്തോളം പെയിന്റിങ് അഭ്യസിക്കാൻ അവസരമുണ്ടായിട്ടുണ്ട്. 
ഇവയ്ക്കു പുറമെ തയ്യൽ, എംബ്രോയിഡറി വർക്ക്, ഫ്‌ളവർ മേക്കിങ് എന്നിവയും അഭ്യസിച്ചിട്ടുണ്ട് .   
ഹൈസ്‌കൂൾ കാലം മുതൽ ചെറിയ തോതിൽ ചെറുകഥകളും ,കവിതകളുമെഴുതിത്തുടങ്ങിയിരുന്നു. അവയിൽ ചിലതെല്ലാം കോളേജ് മാഗസിനുകളിലും , നാട്ടിലെ ചില മാദ്ധ്യമങ്ങളിലും അച്ചടിച്ച്‌ വന്നിട്ടുണ്ട്. 
പിന്നീട് യു.കെ കാലഘട്ടത്തിൽ സ്വയം പ്രസാധന സാദ്ധ്യതകളിലൂടെ മലയാളം ബ്ലോഗുകളിലും സാന്നിദ്ധ്യമറിയിച്ചു. ചെറുകഥകളും കവിതകളും  പാട്ടും പെയിന്റിങ്ങുകളുമായി  ഒരു ഘട്ടത്തിൽ ബ്ലോഗിൽ വളരെ സജീവമായിരുന്നു .  
യു.കെയിലെ പ്രഥമ മലയാളം ബ്ലോഗ് എഴുത്തുകാരിയായിരുന്നു ജയശ്രീ ...!
ലക്ഷ്‌മിയുടെ പേരിലുളള  
ഗുരുപവനപുരാധീശം (കവിതകൾ ) ; 
കല്ലോലിനി/വൃന്ദാവനം  (ഗാനങ്ങൾ ) ;   
കാളിന്ദീതീരം (കഥകൾ )  ;   രാധാനന്ദനം (വരകളും,വർണ്ണങ്ങളും ) എന്നീ നാല് മലയാളം ബ്ലോഗുകളിലായി സർഗ്ഗസൃഷ്ടി നടത്തിയിരുന്ന  ഒരു സകലകലാ വല്ലഭയായ വനിതരത്നമാണ് ജയശ്രീ. 

എറണാകുളം ലോകോളേജിൽ നിന്നും നിയമബിരുദം  കരസ്ഥമാക്കി. എൻറോൾമെന്റിനു ശേഷം നോർത്ത് പറവൂർ കോടതിയിൽ അഡ്വക്കറ്റ് എൻ. എ അലിയുടെ കീഴിൽ ഒരു വര്ഷം അപ്പറെന്റീസ് ഷിപ്പ് ചെയ്തു. അതോടൊപ്പം നേഴ്‌സിംഗിൽ ഡിപ്ലോമയെടുത്ത് നേഴ്‌സിങ്ങു് പ്രൊഫെഷനിലേക്കും  ആകൃഷ്ടയായി .   ഇപ്പോൾ വാട്ഫോഡ് ജനറൽ ഹോസ്പിറ്റലിൽ സ്ട്രോക്ക് നേഴ്സ് സ്പെഷ്യലിസ്റ് ആയി വർക്ക് ചെയ്യുന്നു. ഇവിടെ വന്നിട്ട് മറ്റനേകം നേഴ്‌സിംങ്ങിൽ ട്രെയിനിങ് സർട്ടിഫിക്കേറ്റുകളും കരസ്ഥമാക്കിയ ജയശ്രീ, .ഇപ്പോഴും  സമയത്തിനനുസരിച്ച് ചെറുകഥകളും കവിതകളും പാട്ടുകളും  നൃത്തവും പെയിന്റിങ്ങുകളുമൊക്കെയായി  സൈബർ  ലോകത്തും സജീവമാണ്. 
ഹെമൽഹെംസ്റ്റഡ്  മലയാളി കൂട്ടായ്മകളിലും ജയശ്രീ തന്റെ കലാഭിരുചികളുടെ  വൈഭവം അടയാളപ്പെടുത്തുന്നു. 
ഈ  ബിലാത്തി ജീവിതത്തിനിടയിലും  ഇത്തരം സ്റ്റേജുകളിലും , സൈബർ ലോകത്തും  പിന്നെ തന്റെ വളരെ അടുത്ത ഒരു കൊച്ചു സൗഹൃദ വലയത്തിനുള്ളിലുമായി ആത്മാവിഷ്കാരത്തിന്റെ പുതു സൃഷ്ടികൾ കണ്ടെത്തി സന്തോഷപൂർവ്വം ജീവിതം കൊണ്ടു പോകുകയാണ് ഈ എഴുത്തുകാരി ...

ഡോ : നസീന  മേത്തൽ 

കോഴിക്കോട്ടുനിന്ന് വന്ന് യു.കെ യിലെ മാഞ്ചസ്റ്ററിലെ സ്റ്റോക്-ഓൺ പോർട്ടിൽ താമസിക്കുന്ന പാലിയേറ്റീവ് മെഡിസിനിൽ കൺസൾട്ടന്റായി ജോലി നോക്കുന്ന
ഡോ :നസീന മേത്തൽ   , തന്റെ സ്വതസിദ്ധമായ നർമ്മത്തിൽ പൊതിഞ്ഞ ശൈലികളാൽ എന്തിനെ കുറിച്ചും അതിമനോഹരമായി എഴുതിയിട്ട് , എല്ലാ വായനക്കാരെയും കൈയ്യിലെടുക്കുന്ന ഒരു എഴുത്തുകാരിയാണ് . ആകാശത്തിന് കീഴെയുള്ള സകലമാനകാര്യങ്ങളെ കുറിച്ച് മാത്രമല്ല ,പല സാമൂഹ്യ രാഷ്ട്രീയ നിരീക്ഷണങ്ങളും എഴുതിയിടുന്ന ഡോ : നസീനയുടെ കൊച്ച് കൊച്ചു കുറിപ്പുകൾ ഇന്ന് ധാരാളം പേർ വായിച്ച് പോകുന്നുണ്ട് . ഒപ്പം സൈബർ ലോകത്തെ ഒരു മിന്നുന്ന താരവും കൂടിയാണ്  മൊഞ്ചത്തിയായ ഈ വനിതാരത്നം ... !
'അവിയൽ' പുസ്തകത്തിലെ വേറിട്ടുള്ള അനേകം കുറിപ്പുകളുടെ രചയിതാവ് കൂടിയാണ് MRCP ഡോക്റ്ററായ നല്ല ചുറുചുറുക്കുള്ള നസീന മേത്തൽ ...


കൊച്ചു ത്രേസ്യ 

ബാന്ഗ്ലൂരിൽ നിന്നും ഓൺ-സൈറ്റ് എൻജിനീയറായി ബിലാത്തിയിൽ എത്തി 'വീണ്ടും ബിലാത്തി വിശേഷങ്ങൾ ' എന്ന കുറിപ്പുകൾ എഴുതിയിട്ട കൊച്ചു ത്രേസ്യ   ഇപ്പോൾ അയർലണ്ടിൽ , എഴുത്തിന്റെ ലീലാവിലാസങ്ങളുമായി കഴിയുകയാണ് .
നർമ്മത്തിൽ പൊതിഞ്ഞുള്ള സ്വതസിദ്ധമായ ശൈലിയിലൂടെ തന്റെ ജീവിതത്തിൽ നിന്നുള്ള ഏടുകളും , ഏടാകൂടങ്ങളുമെല്ലാം സാഹിത്യത്തിൽ  ചാലിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ് മാതൃഭൂമി  പുറത്തിറക്കിയ 'കൊച്ചു ത്രേസ്യയുടെ ലോകം ' . പൊട്ടിച്ചിരിക്കാതെ ഈ പുസ്തകം വായിച്ച് തീരുവാനാവില്ല  എന്നതാണിതിന്റെ പ്രത്യേകത .
അന്നും , ഇന്നും ഈ കൊച്ച് - ഫേസ്‌ബുക്കിലും , ഗൂഗിൾ പ്ലസ്സിലും ബ്ലോഗിലുമൊക്കെ ഒരു വെട്ടിത്തിളങ്ങും താരം  തന്നെയാണ് ....!


സിയാ ഷമീൻ 

യു.കെ വിട്ട് തൽക്കാലം യു.എസിൽ പോയെങ്കിലും അങ്കമാലിക്കാരിയായ സിയാ ഷമീൻ  എന്ന
യാത്രാവിവരണത്തിന്റെ ഈ തമ്പുരാട്ടി തന്റെ എഴുത്തുകളിൽ കൂടി , പടങ്ങൾ സഹിതം നമ്മളൊക്കെ കാണാത്ത പല സ്ഥലങ്ങളെയും , അവിടത്തെ ജീവിത സമസ്യകളേയും  അതിലും മനോഹാരിതയോടെ വരികളാൽ വരച്ചിടുന്ന വിവരണക്കാരിയാണ് സിയ .
'ബിലാത്തി ബ്ലോഗേഴ്സ് ക്ലബ്ബിലെ ' ഒരു അംഗവും കൂടിയാണ് ഈ യാത്രയുടെ തോഴി . പാരന്റിംഗിന്റെ പൊല്ലാപ്പുകളിൽ പെട്ട് തൽക്കാലം എഴുത്തുകളിൽ നിന്ന് സിയ വിട്ടു നിൽക്കുകയാണ് .
സിയയുടെ കൊച്ചുകൊച്ചു വിശേഷങ്ങൾ ഇപ്പോൾ വായനക്കാർ മിസ്സ് ചെയ്യുകയാണ് ...


സീമ മേനോൻ 

ഇവിടെ യു.കെ - യിലെ ഗേറ്റ്സ്‌ഷെഡിൽ താമസിക്കുന്നകൊച്ചുകാര്യങ്ങളുടെ തമ്പുരാട്ടി എന്നറിയപ്പെടുന്ന തൃശൂരിലെ ഇരിങ്ങാലക്കുട  സ്വദേശിനിയായ സീമ മേനോൻ കഥകളുടെ ഒരുതമ്പുരാട്ടി തന്നെയാണ് ...
മലയാളം ഓൺ-ലൈൻ പോർട്ടലുകളിലും , ബിലാത്തിയിലെ മലയാള പ്രസിദ്ധീകരണങ്ങളിലും നല്ല കാമ്പും  കഴമ്പുമുള്ള കഥകൾ എഴുതുന്ന സീമയുടെ കഥകളും ,ലേഖനങ്ങളുമൊക്കെ 'വനിത'യടക്കം പല പ്രിന്റ്  മീഡിയകളിലും പ്രസിദ്ധീകരിച്ചു  വരാറുണ്ട് .
സീമയുടെ അമേരിക്കയിലുള്ള സഹോദരിയും നന്നായി എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്
ഒരു  കഥാകാരിയെന്ന നിലക്ക് ഇന്ന് യു.കെയിലുള്ള എഴുത്തുകാരികളായ സ്ത്രീ രത്നങ്ങളിൽ മികച്ചു നിൽക്കുന്ന ഒരുവളാണ് സീമ മേനോൻ  ...


റെജി നന്തിക്കാട് 

ബാംഗ്ലൂരിൽ നിന്നും യു.കെ യിലെ എൻഫീൽഡിൽ വന്ന് വാസമുറപ്പിച്ച ഒരു മലയാളം ഭാഷ സാഹിത്യ സ്നേഹിയാണ് റെജി നന്തിക്കാട് എന്ന കോട്ടയംകാരൻ. 
യു .കെ യിലെത്തിയ ശേഷം സാഹിത്യ പരിപോഷണത്തിനായി പ്രത്യേകം സമയം നീക്കി വെച്ചിരിക്കുന്ന ഒരു സാഹിത്യ പ്രേമിയാണ് റെജി ഫിലിപ്പ് നന്തിക്കാട്. 

യു.കെ മലയാളികൾക്ക് വേണ്ടി വർഷം തോറും സാഹിത്യ മത്സരങ്ങളും ,വിവിധ തരത്തിലുള്ള സാഹിത്യ കൂട്ടായ്മകളും സംഘടിപ്പിക്കാറുള്ള 'ലണ്ടൻ മലയാള സാഹിത്യവേദി 'യുടെ അധിപനും , സാഹിത്യ രചനകൾക്ക്  എല്ലാതരത്തിലും പ്രോത്സാഹനങ്ങൾ കൊടുത്തു കൊണ്ടിരിക്കുന്ന മലയാളം വായനഎന്ന ന്യൂസ്‌-പോർട്ടലിന്റെ പത്രാധിപരും , ഉടമയും കൂടിയാണ് ഈ നല്ലൊരു വായനക്കാരൻ കൂടിയായ ഈ പത്രപ്രവർത്തകൻ  .

കൂടാതെ യുക്‌മ നടത്തുന്ന 'ജ്വാല ' എന്ന ഇ-മാഗസിനിന്റെ ചീഫ് എഡിറ്റർ പദവിയും  ഇദ്ദേഹം വഹിക്കുന്നുണ്ട്. 
സ്വന്തമായും , മറ്റു പുസ്തക പ്രസാധകരുമായി സംയുക്തമായും പല യു.കെ മലയാളികളുടെയും സാഹിത്യ കൃതികൾ റെജി നന്തിക്കാട് ഇതിനോടകം പബ്ലിഷ് ചെയ്ത് പുസ്തകമായി വിപണിയിൽ ഇറക്കിയിട്ടുണ്ട് ...


ശ്രീജിത്ത് ശ്രീകുമാർ

പാലക്കാട് നിന്ന്  വെയിൽസിലെ ന്യൂപോർട്ടിൽ വന്ന് സ്വന്തം ബിസിനസ്സ് കൾസൾട്ടൻസി നടത്തുന്ന ശ്രീജിത്ത് ശ്രീകുമാർ നല്ല നിരീക്ഷണ പാടവമുള്ള ഒരു എഴുത്തുകാരനാണ് .  
ഒരു പ്രഭാഷകനും , അസ്സലൊരു ഫോട്ടോഗ്രാഫറും  കൂടിയായ ശ്രീജിത്ത് യാത്രകളുടെ ഒരു തോഴൻ കൂടിയാണ് . 
യാത്രകൾക്ക് ശേഷം ആയതിനെ കുറിച്ചെല്ലാം  യാത്രാവിവരണങ്ങളും പല ഓൺ - ലൈൻ മാദ്ധ്യമങ്ങളിലും എഴുതിയിടാറുണ്ട് ഇദ്ദേഹം. 
പഠനകാലത്തൊക്കെ നന്നായി കഥകളും ലേഖനങ്ങളുമൊക്കെ എഴുതിയിട്ടിരുന്ന ശ്രീജിത്ത്  എഴുത്തിൽ നിന്ന് കുറച്ച് പിൻ  വലിഞ്ഞെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയ തട്ടങ്ങളിലും മറ്റും സാമൂഹ്യ പ്രസക്തിയുള്ള പല കുറിപ്പുകളും ഇപ്പോൾ എഴുതിവരുന്നു .
ഒപ്പം ഇദ്ദേഹം പല പുരോഗമന സാംസ്കാരിക സംഘടനകളിലും നേരിട്ടിറങ്ങി  പ്രവർത്തിക്കുന്നുമുണ്ട് . 
ശ്രീജിത്ത് ശ്രീകുമാറിന്റെ അതിമനോഹരമായ ഫോട്ടോഗ്രാഫി ബ്ലോഗ് Beyond Words ഇവിടെ സന്ദർശിക്കാവുന്നതാണ് ....

ബിൻസു ജോൺ

കണ്ണൂരിലെ പയ്യന്നൂരിൽ  നിന്നും വന്ന് ലെസ്റ്ററിൽ  സ്ഥിരതാമസമുള്ള പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയായബിൻസു ജോൺ ഇവിടെ സ്വതന്ത്രമായി  പത്ര പ്രവർത്തനനം നടത്തുന്ന ഭാഷാസ്നേഹിയാണ് . 
മലയാളം യു.കെ  എന്ന ഓൺ -ലൈൻ പത്രത്തിന്റെ മാനേജിങ്ങു് എഡിറ്ററാണ് . 
വായനയിലും എഴുത്തിലും തല്പരനായ ബിൻസു യു.കെയിലെ അറിയപ്പെടുന്ന ഒരു സാമൂഹ്യപ്രവർത്തകനും , യുക്മ ന്യൂസ് പത്രത്തിന്റെ മുൻ എഡിറ്ററും , സാഹിത്യ മാസികയായ ' ജ്വാല ' ഓൺ -ലൈൻ മാഗസിന്റെ മാനേജിങ്ങ് എഡിറ്ററും ആയിരുന്നു .
യു.കെ .മലയാളികളുടെ കലാസാഹിത്യ സംബന്ധിയായ പല ആർട്ടിക്കിളുകളും, ബിനുവിന്റെ പ്രസിദ്ധീകരണങ്ങളിലൂടെയാണ് ആദ്യമൊക്കെ വെളിച്ചവും കണ്ടിട്ടുള്ളത്...


മോനി  ഷിജോ

ബെർമിങ്‌ഹാമിലുള്ള  മോനി  ഷിജോ  
ധാരാളം കവിതകളും , ഗീതങ്ങളും എഴുതുന്ന ഒരു യുവ എഴുത്തുകാരിയാണ് . 
അങ്കമാലിയിലുള്ള ചുള്ളിയിൽ  നിന്നും വന്നിട്ടുള്ള ഈ ചുള്ളത്തി ഒരു സിനിമ താരം കൂടിയാണ് ( 'സർവ്വോപരി പാലക്കാരൻ etc).  
ധാരാളം ഇടിവെട്ട് ഡയലോഗ് കൾ അടക്കം നിരവധി കലാമൂല്യമുള്ള നാടകങ്ങൾക്ക് കഥ , തിരക്കഥ , സംഭാഷണം , സംവിധാനം വരെ നിർവഹിച്ചിട്ടുള്ള നാടകാചാര്യൻ ശ്രീ .ടി .പി. ഉറുമീസിന്റെ മകളാണ്  മോനി .
മോനി ഷിജോ തൻറെ  മനസ്സിന്റെ അടിത്തട്ടിൽ നിന്നുമുയരുന്ന ഭാവങ്ങൾ തൂലികയിൽ ചായം ചാലിച്ചെഴുതാൻ കഴിയുന്ന  കലാ സാഹിത്യ നിപുണയായി തന്നെ , ഹൃദയത്തിന്റെ ഭാഷക്ക് മങ്ങൽ സംഭവിക്കാതെ ചായക്കൂട്ടുകളാൽ വികൃതമാകാതെ അതേപടി പകർത്തിയെഴുതുന്ന കൂട്ടത്തിലുള്ളഎഴുത്തുകാരിയാണ്. ചായക്കൂട്ടുകൾ എപ്പഴും വർണ്ണപകിട്ടു കൂട്ടുമെന്നറിയാമെങ്കിലും , അവ  അധികമാവുമ്പോൾ എവിടെയൊക്കെയോ അതിന്റെ തനതായ ഭാവം നഷ്ട്ട പെടുന്നുണ്ടോ അതോ നഷ്ടമാവുമോ എന്നൊരു ഭയം കൊണ്ടാണ് താനങ്ങിനെ എഴുതാത്തതെന്നാണ്മോനി  സ്വയം പറയുന്നത് .
കൃസ്ത്യൻ ഭക്തി ഗാനങ്ങളടക്കം 
സ്വന്തം പാട്ടുകളുടെ പല ആൽബങ്ങളും സംവിധാനം ചെയ്ത് മോനീ  ഇറക്കിയിട്ടുണ്ട് . 
അതിൽ ഇപ്പോൾ പുറത്തിറങ്ങിയ 'ജ്യോതി പ്രഭാവൻ' എന്ന ബിജു നാരായണൻ ആലപിച്ച അയ്യപ്പ ഭക്തിഗാനങ്ങളുടെ വരികൾ എഴുതിയിട്ടുള്ളതും മോനിയാണ് . 

ലണ്ടൻ മലയാളി റേഡിയൊ ജോക്കിയായിരുന്ന മോനി ,ഇപ്പോൾ  മലയാളി റേഡിയൊ യു.എസ് ന്റെ കോർഡിനേറ്റർ  കൂടിയാണ് .ഒപ്പം ഈ സാഹിത്യ കലാപ്രതിഭ , യു.കെ യിലെ നല്ലൊരു അവതാരക കൂടിയാണ്  . 
സമൂഹത്തിന്  നന്മയുണ്ടാകുന്ന തന്റെ മനസ്സിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ കൂടി പങ്കുവെക്കുന്നതിലും എന്നും ബഹുമിടുക്കി തന്നെയാണ് മോനീ  ഷിജോ...

വിപിൻ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ജന്മദേശമായ   വിപിൻഇപ്പോൾ യു.കെ  യിലെ കെന്റ് കൗണ്ടിയിൽ സ്ഥിര താമസം . 
സ്കൂൾ , കോളേജ് കാലഘട്ടങ്ങളിൽ മുതൽ എഴുത്തിന്റെ മേഖലയിൽ സജീവം .
കാമ്പുള്ള വിഷയങ്ങളെ വളരെ ലളിതമായി ചെറുകഥകളിലൂടെ  കോറിയിടുന്ന ഈ കലാകാരന്റെ ധാരാളം ചെറുകഥകൾ യു.കെ - യിലേയും , നാട്ടിലേയും പല ആനുകാലികങ്ങളിലും, പ്രമുഖ  ഓൺലൈൻ  പോർട്ടലുകളിലൂടെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് .
വിപിൻറെ ശ്രദ്ധേയമായ ഏതാനും രചനകൾ - 'കനൽ കാലം , അമ്മപറഞ്ഞ നുണകൾ , രംഗരാജൻ എന്ന കടംകഥ , മന്ദാരക്കുന്നുകൾ , വിശുദ്ധന്റെ നൊമ്പരങ്ങൾ,...' എന്നിവയൊക്കെയാണ് .
 തമ്പലക്കാടൻ  എന്നൊരു മലയാളം ബ്ലോഗും ഈ യുവ ചെറു കഥാകൃത്തിന്റെ അധീനതയിലുണ്ട് .
കേരളത്തിലേയും ,ഗൾഫ് മേഖലയിലേയും വിവിധ സാഹിത്യ കൂട്ടായ്മകളിലടക്കം   
'കട്ടൻ കാപ്പിയും കവിതയും' വരെയുള്ള പല കലാ സാഹിത്യ സദസ്സുകളിലേയും സജീവാംഗം കൂടിയാണ്  വിപിൻ...
ജോജി തോമസ്

ഇടുക്കി  സ്വദേശിയായ ഇപ്പോൾ വോക്ക്ഫീൽഡിൽ താമസിക്കുന്നജോജി തോമസ് എല്ലാ സാഹിത്യ വിഭാഗങ്ങളിലും കൈവെച്ചിട്ടുള്ള എഴുത്തുകാരനാണ് . 
ബിരുദാനന്തര ബിരുദധാരിയും മുൻ കോളേജ് ചെയർമാനുമായിരുന്ന ജോജി പിന്നീട് ഭാരതിയാറിൽ നിന്നും ബിസിനസ്സ് മാനേജ്‌മെന്റ്‌ ഡിഗ്രിയും കരസ്ഥമാക്കിയ ഒരു വല്ലഭനാണ് .   
നല്ലൊരു സാമൂഹ്യ പ്രവർത്തകൻ കൂടിയായ ജോജി , മലയാളം യു.കെ ന്യൂസ് വിഭാഗം  മെമ്പറും , പല  ആനുകാലിക സംഭവങ്ങളും  സൂക്ഷ്മമായി നിരീക്ഷിച്ച് ആയതൊക്കെ വിലയിരുത്തുകയും, പിന്നീട് സത്യങ്ങൾ വളച്ചൊടിക്കാതെ തന്നെ എഴുതി ഏവരെയും അറിയിക്കുകയും  ചെയ്യുന്ന ഒരു പത്ര പ്രവർത്തകനും  കൂടിയാണ് ഇദ്ദേഹം  . 
യു.കെ പത്രങ്ങളിൽ മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന 'മാസാന്ത്യാവലോകനം' എന്ന പംക്തി  എഴുതിക്കൊണ്ടിരിക്കുന്നതും ജോജി തോമസാണ്...

റോയ് പാനികുളം

എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനടുത്തുള്ള നെടുവന്നൂര്‍ ഗ്രാമത്തില്‍ നിന്നും വന്ന്‌ ഗ്ലോസ്റ്ററില്‍ സ്ഥിര താമസമാക്കിയിട്ടുള്ള റോയ് പാനികുളം ,കാലടി ശ്രീ ശങ്കരാ കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും,ബിരുദാനന്തര ബിരുദവും നേടിയ ഒരു സാഹിത്യപ്രേമിയാണ്‌
ചെറുപ്പം മുതല്‍ മാതൃഭൂമി സ്റ്റഡിസര്‍ക്കിളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരുന്ന  ഇയാള്‍ പഴയകാല ചവിട്ടുനാടക കലാകാരന്‍ പാനികുളം ഇട്ടൂപ്പിന്‍റെ ഇളയമകനാണ്.
തനതു ശൈലിയില്‍,വളരെ ലളിതമായി ചെറുകഥകളും,ഗദ്യ കവിതകളും എഴുതുവാന്‍ ഇഷ്ടപ്പെടുന്ന ശ്രീ റോയ് പാനികുളത്തിന്‍റെ ശ്രദ്ധേയമായ  
ചെറുകഥകളും,കവിതകളും മാതൃഭൂമിപത്രത്തിലും,യുകെയിലെ പ്രമുഖ ഓണ്‍ലൈന്‍ പത്രങ്ങളിലും,പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യുകെയിലെ ഓണ്‍ലൈന്‍ പത്രങ്ങളില്‍ ആര്‍ട്ടിക്കിളുകള്‍ എഴുതുന്ന ഇയാള്‍ നല്ലൊരു നാടകപ്രേമിയും കൂടിയാണ്.
ചെറുകഥകള്‍:
പോത്തിറച്ചി,അമ്മമധുരം,കുമ്പിളപ്പം,പ്രാഞ്ചിയേട്ടന്‍,അരുവാത്തോട്ടി,സാരിത്തുമ്പ്,ഒറ്റയാന്‍,ഇണക്കവും,പിണക്കവും.
ഗദ്യകവിതകള്‍:
കള്ള്,മോഹം,രാജാവ്‌നഗ്നനാണ്.തട്ടമിട്ടസുന്ദരി,  
പരിഭവപ്പൂക്കള്‍ . 
എന്റെ ചെറുകഥകൾ എന്നൊരു ബ്ലോഗ്ഗ് തട്ടകവും റോയ് പരിപാലിച്ച് പോരുന്നുണ്ട് 


ജോയ് അഗസ്തി 

അങ്കമാലിക്കാരനായ സാഹിത്യ കാലാവല്ലഭനായ  ജോയ് അഗസ്തിരണ്ടായിരത്തി രണ്ടിൽ ലിവർപൂളിൽ എത്തി. രണ്ടായിരത്തി അഞ്ച് മുതൽ കലാ രംഗത്തു പ്രവർത്തിച്ചു തുടങ്ങി. നാടകാഭിനയം ഏറെ ഇഷ്ടം. ബൈബിൾ സംബന്ധിയും സാമൂഹ്യ സംബന്ധിയുമായ നാല് നാടകങ്ങൾ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. 
കൂടാതെ ഹാസ്യ സ്‌കിറ്റുകളും . യുക്മാ സാംസ്കാരിക വേദിയുടെ ചീഫ് കോർഡിനേറ്റർ ആയി സേവനം ചെയ്തിട്ടുണ്ട്. രണ്ടായിരത്തി എട്ടുമുതൽ ബ്ലോഗ് എഴുതി തുടങ്ങിയെങ്കിലും ബ്ലോഗിൽ ഏറെ സജീവമല്ലായിരുന്നു.ഇദ്ദേഹത്തിന്റെ  മണ്ടൻ പോലീസ് എന്ന ബ്ലോഗ്ഗ് തട്ടകം ഇപ്പോഴും നിർജ്ജീവാവസ്ഥയിൽ ഉണ്ട്.  


ഇനിയും പ്രൊഫലുകൾ മുഴുവൻ ലഭ്യമല്ലാത്തതിനാൽ 
ഈ ദേശങ്ങളിലുള്ള പല എഴുത്തുകാരെയും ഇതിൽ ചേർക്കുവാൻ കഴിഞ്ഞിട്ടില്ല . 
മഹാകവി ഉള്ളൂരിന്റെ ചെറുമകൾ ഇവിടെയുള്ള 
സീനിയർ എഴുത്തുകാരിയായ ശാന്ത കൃഷ്ണമൂർത്തി , 
തകഴിയുടെ പേരക്കുട്ടി ജയശ്രീ മിശ്ര , 
പ്രിയ കവി ഒ .എൻ .വി യുടെ മകൾ ഡോ :മായ ,
കലയുടെ 'പാം ലീഫി'ൽ എഴുതുന്ന 
ഡോ :പി .കെ .സുകുമാരൻ നായർ ,
നിമിഷ കവിയായ നടരാജൻ , 
ഗീത , സന്തോഷ് പിള്ള , പ്രിയ , ..., എന്നിവർ 
ബി .ബി .സിയിൽ ജോലി ചെയ്യുന്ന ഷഹീന അബ്ദുൽ ഖാദിർ, 
ബി. ബി. സിയിൽ തന്നെയുള്ള ദിവ്യ അശ്വിൻ ,
ഏഷ്യൻ ലൈറ്റ് പത്രാധിപരായ അനസുദ്ദീൻ അസീസ് എന്നിങ്ങനെ നിരവധി പേർ ബാക്കിയുണ്ട് ...
സുല്ല് ..സുല്ല് ...

ഒരാളെ കൂടി പരിചപ്പെടുത്തി 
ഈ കുറിപ്പുകൾ അവസാനിപ്പിക്കാം ...

ലണ്ടനിലെ ഒരു മണ്ടൻ 

തനി തൃശൂർക്കാരനായ ഒരുവൻ കാൽ നൂറ്റാണ്ട് മുമ്പ് നാട്ടിലെ 
വായനശാല കൈയെഴുത്ത് പതിപ്പുകളിലും , കോളേജ് മാഗസിനുകളിലും , 
പൂരം സുവനീയറുകളിലും , മാതൃഭൂമി ബാലപംക്തി , എക്സ്പ്രസ് പത്രത്തിന്റെ 
വരാന്ത പതിപ്പ് എന്നീ മാദ്ധ്യമങ്ങളിൽ വൃത്തവും , പ്രാസവും ചേർത്ത കവിതകളും , 
പ്രണയ കഥകളുമൊക്കെ എഴുതി , സാഹിത്യ അക്കാദമിയുടെയും മറ്റും ഉമ്മറത്തുള്ള സകലമാന പരിപാടികളിലും പങ്കെടുത്തും , തെരുവ് നാടകങ്ങൾ കളിച്ച് , ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാ ജാഥകളിൽ അണിചേർന്ന് നാട്ടിൽ ബുദ്ധിജീവി പട്ടം വരുത്തുവാൻ  ജുബ്ബയും , കാലൻ കുടയുമൊക്കെയായി നടന്നിരുന്നവൻ ധാരാളം വായിച്ചു  തുടങ്ങിയപ്പോൾ , തന്റെ കഥകളിലെ  കഥയില്ലായ്മയും , കവിതകളിലെ  കവിത ഇല്ലായ്മയുമൊക്കെ കണ്ട് , 
ആയ പരിപാടികളെല്ലാം   സ്വയം നിറുത്തി വെച്ച് , പിന്നീട് പന്തടിച്ച പോലെ ബിലാത്തിയിൽ വന്ന് , ലണ്ടനിലെ ഒരു മണ്ടനായി തീർന്നു ...! 

പിന്നീട് പല    മണ്ടത്തരങ്ങളെല്ലാം 
കൂട്ടിപ്പറുക്കി എഴുതിയിട്ട് ഒരു ബ്ലോഗ് തുടങ്ങി വെച്ചു . 
ആയതിന് 'ബിലാത്തി പട്ടണം' എന്ന പേരും ഇട്ടു .  അന്ന് മുതൽ 
ഇന്ന് വരെ വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന പോലെ എഴുതി 
കൂട്ടുന്ന  ഈ 'ബിലാത്തി പട്ടണത്തിൽ' ലണ്ടനിലെ തനിയൊരു  മണ്ടനായി 
എഴുതുന്നവനാണ്  ഈ സാക്ഷാൽ മുരളീ  മുകുന്ദൻ  ...


ഇനിയും ധാരാളം ബിലാത്തി എഴുത്തുകാരെ പരിചയപ്പെടുത്താനുണ്ട് .
kattankaappi.com -ൽ അവരുടെ പ്രൊഫൈൽ കിട്ടുന്നന്നതിനനുസരിച്ച് 
അവരെയൊക്കെ ഇതുപോലെ ഇവിടെ അപ്‌ഡേറ്റ് ചെയ്യുന്നന്നതായിരിക്കും .... 







(അവലംബം :-
കഴിഞ്ഞ കാലം -/ കെ.പി .കേശവമേനോൻ ആത്മകഥ .
സുലു അമ്മായി  - ഇപ്പോൾ ബെർക് ഷെയറിലെ ചാത്തത്തിൽ താമസിക്കുന്ന പണ്ടത്തെ യു.കെ.മലയാളിയായ പി.കെ സുകുമാരന്റെ ഭാര്യ )

Monday 11 February 2019

അന്ന് എനിക്ക് ലണ്ടനിൽ വരുവാനും ,ഇവിടെ വന്ന ശേഷം പല കാര്യങ്ങളും നടത്തി തന്നതും അനിയത്തിയുടെ ക്ലാസ്സ്മേറ്റായിരുന്ന നാട്ടുകാരനായ ഈ 'ഗെഡി 'യാണ് .അറിയിണ പോലീസാകുമ്പോൾ രണ്ടിടി കൂടുതൽ എന്ന പോലെ വേണ്ടതിനും , വേണ്ടാത്തതിനുമൊക്കെയായി  ഇഷ്ട്ടൻ കാശ് കൊറേ പിടുങ്ങിയെങ്കിലും സകലമാന സംഗതികളും ശരിയായ രീതിയിൽ ചിട്ടപ്പെടുത്തി തന്നതിനാലാണ് ഞാനും കുടുംബവും അന്നുതൊട്ട് ഇന്നുവരെ ഈ ബിലാത്തിപട്ടണ വാസികളായി വാഴാനുള്ള കാരണവും ഉണ്ടായത് .

Monday 28 January 2019

വീണ്ടും ഗൃഹാതുരത്വ സ്മരണകൾ ... ! / Veendum Grihathurathwa Smaranakal ... !

അനേകമനേകം ഗൃഹാതുരത്വ
സ്മരണകൾ പുതുക്കുവാനാണ് ഓരോ
തവണയും കൊല്ലത്തിൽ ഒന്നോ രണ്ടോ തവണകളായി രണ്ടാഴ്‌ച്ചക്കൊ , മൂന്നാഴ്‌ച്ചക്കൊ മറ്റോ  നാട്ടിലെത്തിച്ചേരാറുള്ളത്.
പക്ഷെ  മൂന്നാലു തവണകളായി എന്നെയും ഭാര്യയെയും സംബന്ധിച്ച് ആയത് ആയുർവേദ അലോപ്പതി  ചികിത്സാർത്ഥം എന്നും വേണമെങ്കിൽ വിശേഷിപ്പിക്കാം ...
ഞാനാണെങ്കിൽ തിന്നും കുടിച്ചും ആർമാദിച്ച് ആധുനിക രോഗങ്ങളെ സ്വശരീരത്തിലേക്ക് ക്ഷണിച്ചു വരുത്തിയതാണെങ്കിൽ പെണ്ണൊരുത്തിക്ക് വാദ സംബന്ധമായ ചില അസുഖങ്ങളാണെന്നുള്ള വ്യത്യാസം മാത്രം ...

ഇങ്ങനെ പോകുകയാണെങ്കിൽ ഷഷ്ടിപൂർത്തിയും ,സപ്തതിയും ഇനി സ്വപ്നങ്ങളിൽ മാത്രമെന്നാണ് എനിക്കിത്തവണ കിട്ടിയ ഏറ്റവും കിണ്ണങ്കാച്ചിയായ വൈദ്യോപദേശം ...!

കുറെ കൊല്ലങ്ങൾക്ക് മുമ്പ് മഴയുടെ
നിറമാർന്ന നിറവുകളും , വെയിലിന്റെ
ചൂടും ചൂരും വിട്ട് പച്ചപ്പാടങ്ങളുടേയും , തെങ്ങിന്തോപ്പുകളുടെയുമൊക്കെ  തൊട്ടുതലോടലുകളുടെയെല്ലാം സുഖമുപേഷിച്ച് ; മലനിരകളുടേയും , കാനന ഭംഗികളുടേയും മനോഹാരിതകൾ വിസ്മരിച്ച് ;കായലുകളുടേയും, പുഴകളുടേയും, പൂരങ്ങളുടെയുമൊക്കെ ഓളങ്ങളും , താള മേളങ്ങളും മറവിയിലേക്കാനയിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടിലെ സാംസ്കാരിക നഗരത്തിൽ നിന്നും ഈ ബിലാത്തിപട്ടണമെന്ന ലോകത്തിന്റെ സംസ്കാരിക നഗരമായ ലണ്ടനിലേക്ക് കാലെടുത്തുവെച്ചപ്പോഴുണ്ടായ നഷ്ട്ടബോധങ്ങളൊക്കെ ഒന്ന് വേറെ തന്നെയായിരുന്നൂ...!
നാനാതരത്തിലുള്ള നമ്മുടെ നാവിലും , മനസ്സിലും, ശരീരത്തിലും രസമുളവാക്കുന്ന ഭക്ഷണ ശീലങ്ങളുടെ രുചി ഭേദങ്ങൾ തൊട്ട് , വസ്ത്രം, യാത്ര, പാർപ്പിടം, വാഹനം മുതലായവയൊന്നും കൂടാതെ കാലാവസ്ഥ വരെ - വളരെ വിഭിന്നമായ  രീതികളുള്ള ഒരു ലോകപ്പെരുമയുള്ള ഈ ബല്ലാത്ത ബിലാത്തിപട്ടണത്തിലെ ശീലങ്ങളുമൊക്കെയായി പിന്നീട് ഇണങ്ങിച്ചേർന്നെങ്കിലും ഒരു വല്ലാത്ത ‘ഇത് ‘ മനസ്സിൽ എപ്പോഴും മുഴച്ചുനിൽക്കുന്നുണ്ടായിരുന്നൂ...!
 ലണ്ടനിൽ എന്തൊക്കെയുണ്ടെങ്കിലും  ജനിച്ചുവളർന്ന സ്വന്തം നാട്ടിലെ മനോഹാരിതകളാണ് ഓരോ കിനാവുകളിലും ഞാൻ കാണാറുള്ള കാഴ്ച്ചകൾ ...
സ്വർണ്ണ വർണ്ണങ്ങളാൽ അണിനിരന്നു കിടക്കുന്ന നെൽ‌പ്പാടങ്ങളുടെ ഭംഗികൾ തെങ്ങിന്തോപ്പുകളിൽ നിന്നും പാറിപ്പറന്നുവരുന്ന മന്ദ മാരുതന്റെ ഇളം തലോടൽ , ‘കോടന്നൂർ കള്ള് ഷാപ്പി‘നരികിലുള്ള മാന്തോപ്പിലെ വള്ളിക്കുടിലിലിരുന്നുള്ള  പഴയ മിത്ര കൂട്ടായ്മയുമായി സുര പാനത്തോടൊപ്പം നടത്തുന്ന പഴമ്പുരാണങ്ങളുടെ കെട്ടഴിക്കലുകൾ  ,...,... എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങൾ...
ഒരു പക്ഷെ ഇതൊക്കെ എന്റെ മാത്രം
പ്രശ്നമാകുവാൻ സാധ്യതയില്ല - നാടിനെ സ്നേഹിക്കുന്ന ഓരോ പ്രവാസികളുടെയു അനുഭവമായിരിക്കും ..!

ആയതുകൊണ്ട് ഇത്തവണ നാട്ടിലെത്തിയപ്പോൾ വീട്ടിൽ നിന്നും അതിരപ്പള്ളി , വാഴച്ചാൽ ,വാൽപ്പാറ, ഷോളയാർ മുതൽ മലക്കപ്പാറ വരെയുള്ള രണ്ട് ദിനത്തെ വന യാത്രയിൽ കാട്ടാനക്കൂട്ടത്തെയും, കാട്ടുമൃഗങ്ങളെയും ദർശിച്ച് , വീണ്ടും വാഴച്ചാൽ വെള്ളച്ചട്ടത്തിലെ പാറമടയിൽ മതിവരുവോളം കുളിച്ചും , കാട്ടിൽ വെച്ച് ഭക്ഷണങ്ങൾ കഴിച്ചും ഒരു അത്യുഗ്രൻ വനയാത്ര തന്നെയായിരുന്നു വീട്ടിലെ മറ്റു കുടുംബാഗങ്ങളോടൊപ്പം നടത്തിയത് ...

ജീവിതത്തിൽ പിന്തിരിഞ്ഞു നോക്കുമ്പോൾ യാതൊരുവിധ നഷ്ടബോധവും ഇല്ലാതെ തന്നെ മരുന്നും മന്ത്രവും കുടിയും തീറ്റയുമായി ബാക്കിയുള്ള ജീവിതം കൂടി എന്നുമെന്നും സന്തോഷത്തോടുകൂടി മുട്ടത്തട്ടത്തിക്കണമെന്നാണ് എന്റെ ആഗ്രഹം ...!
എന്നാൽ വാമഭാഗത്തിനാണെങ്കിൽ അടുത്ത
തലമുറയെ കൂടി മണ്ണടിയുന്നതിന് മുമ്പ്  പരമാവധി
കണ്ട് തീർക്കണമെന്നുള്ള ഒരു വല്ലാത്ത ആശയുമുണ്ട് ...!

അതൊക്കെ എന്ത് തന്നെയായായാലും
വീട്ടുകാരും നാട്ടുകാരുമായി അടിച്ച് പൊളിച്ചുള്ള ഒരു കുഞ്ഞവധിക്കാലം കൂടി കൊട്ടിക്കലാശിച്ചത് കഴിഞ്ഞ നാല്പതുകൊല്ലമായിട്ടുള്ള എന്റെ ഉത്തമ മിത്രങ്ങളെ കൂടി ഒത്ത് കൂട്ടിയായിരുന്നു .
നാട്ടിലുള്ള പള്ളിപെരുനാളുകളും , ഉത്സവങ്ങളും , കൂർക്കഞ്ചേരി തൈപ്പൂയവും ഏവരുമായി വീണ്ടും  അടിച്ചു പൊളിച്ചു കൊണ്ടാടിയ ഒരു ഉത്സവകാലം കൂടിയായിരുന്നു ഈ 'ഷോർട്ട് ഹോളിഡേയ് പിരീഡ് ' ...!
ഇത്തവണ കൂർക്കഞ്ചേരി തൈപ്പൂയത്തിന് ആദ്യമായി പെണ്ണുങ്ങൾ കാവടിയാട്ടം നടത്തി ആണുങ്ങളുടെ ഒരു കുത്തകാവകാശം കൂടി കൈവശത്താക്കി എന്നൊരു ചരിത്ര നേട്ടം കൂടി നാട്ടിലെ പെമ്പിളേർ കൈവരിച്ചു എന്നുള്ളതാണ് ഏറ്റവും മേന്മയുള്ള ഒരു നേട്ടം എന്നത് എടുത്തുപറയുവാവുന്ന സംഗതി തന്നെയാണ് ...!
 ഇനി ആചാരം ലംഘിച്ചു എന്ന് പറഞ്ഞുകൊണ്ട് ആരെങ്കിലും ഇതിനെതിരെ രംഗത്തിറങ്ങാതിരുന്നാൽ മതിയായിരുന്നു . നാട്ടിലൊക്കെ മതങ്ങൾ അനുയായികളെ ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ തമ്മിൽ തമ്മിൽ പറഞ്ഞു ധരിപ്പിച്ച് വിഘടിപ്പിച്ച് രാഷ്ട്രീയം കളിക്കുന്ന ഒരു വർത്തമാന കാലത്തിലൂടെയാണല്ലൊ നാമൊക്കെ ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്  അല്ലെ...
അതും പഴയ കൂട്ടുകാരൊക്കെ വീണ്ടും ഒന്നിച്ചുകൂടിയുള്ള ഒരു ആർമാദിക്കൽ
Forty Years Challenge with
Forty Thick Friends in Kerala...💞
ഒട്ടും കോട്ടം തട്ടാതെ
കട്ടയ്ക്ക് കട്ടയ്ക്ക് ചേരുന്ന
കട്ട കൂട്ടുകാരുമായി ഇന്നും സൗഹൃദം
കെട്ടിപ്പൂട്ടി കൊണ്ടാടുന്നാണ് യഥാർത്ഥ
ചുട്ട വെല്ലുവിളി... അല്ലെ...കൂട്ടരെ... !💥😋

അതെ ഒട്ടും പ്രവചിക്കാനാകാത്ത ജന്മങ്ങളാണ് മനുഷ്യന്റേതെന്ന് അടിവരയിട്ടു പറയുന്ന സംഗതികൾ തന്നെയാണ് അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഞങ്ങൾ കൂട്ടുകാരുടെ ജന്മങ്ങൾ ഞങ്ങൾക്കൊക്കെ ഇതുവരെ കാണിച്ചു തന്നത് ...
സ്‌കൂൾ  ഫൈനൽ ക്‌ളാസ്സുകളിൽ ഞങ്ങൾ ഭൂരിഭാഗം പേരും ആഗ്രഹിച്ചിരുന്നത്  ഭാവിയിൽ ഒരു ഡോക്ട്ടറോ ,എഞ്ചിനീയറോ ആകണമെന്നായിരുന്നു ...
അതിൽ ഒരാൾ മാത്രം വെറ്റിനറി
സർജനായി മാറി .
ചേട്ടന്മാരെ പോലെ ഗൾഫിൽ പോയി പണം സമ്പാധിക്കണമെന്ന് കരുതിയിരുന്നവൻ ഹെൽത്ത് ഇൻസ്പെക്റ്ററായി .
പോലീസ് ഓഫീസറാകണമെന്ന് മോഹിച്ചവൻ വില്ലേജോഫിസറായി ,അധ്യാപനാകുവാൻ ആഗ്രഹിച്ചവൻ അമേരിക്കയിലേക്ക് കുടിയേറ്റം നടത്തി.
നാട്ടിൽ നിന്നും വിട്ടുപോകില്ലെന്ന് വീമ്പടിച്ചവർ പൂനയിലും ,സിംഗപ്പൂരും ,ദുബായിലും നങ്കൂരമിട്ടു .
വലിയ ഉദ്യോഗസ്ഥന്മാരായി ഏവരെയും വിറപ്പിക്കണമെന്ന് ചിന്തിച്ചവർ അസ്സൽ ബിസിനസുകാർ ആയി മാറി .
എന്തിന്  പറയുവാൻ 'സായ്പ് പോയിട്ട് നാൽപ്പത് വർഷത്തിലേറെ കഴിഞ്ഞല്ലോ ..എന്നിട്ടാ സായിപ്പിൻ  ഭാഷയിൽ ...' എന്ന് പുച്ച്‌ഛിച്ചു പാടി നടന്നവൻ ഇപ്പോൾ സായിപ്പിന്റെ 'ഡേഷ്' താങ്ങി ലണ്ടനിലെ ഒരു മണ്ടൻ വരെയായി തീർന്നു ...!
അങ്ങനെ ഇപ്പോൾ  സിനിമാനടനും , പേഴ്‌സണാലിറ്റി ട്രെയിനറും , പെയിന്ററും, സെയിൽസ്മാനും, കൂലിപ്പണിക്കാരനും  ,ഷെയർമാർക്കറ്റധിപനും, റിയൽ എസ്‌റ്റേസ്റ്റുകാരനുമൊക്കെയായി ഒരു വല്ലാത്ത കെട്ടു പിരിയാത്ത കൂട്ടുകെട്ട് തന്നെയാണ് ഞങ്ങൾ ഇപ്പോഴും കോട്ടം കൂടാതെ കൊണ്ട് നടക്കുന്നത് ...!
ഇന്ന് അവരിൽ പലരും ഉന്നത ഉദ്യോഗസ്ഥരായി ബാങ്കുകളിലും , കേരള/ കേന്ദ്ര സർക്കാർ വകുപ്പുകളിലും  'ഗസറ്റഡ് റാങ്കി'ൽ സേവനമനുഷ്ട്ടിച്ച് ഭാവിയിൽ അടുത്തടുത്ത കൊല്ലങ്ങളിൽ വിരമിക്കുവാൻ കാത്തിരിക്കുകയാണ് ...
ഇതിനിടയിൽ നാലഞ്ചുപേർക്ക് അമ്മാനപ്പൻ പട്ടവും , അതിൽ ഒന്നു രണ്ട് പേർക്ക് മുത്തച്ഛൻ പട്ടവും കാലം കനിവോടെ നൽകിക്കഴിഞ്ഞു ...!

ഇക്കാലങ്ങൾക്കിടയിൽ നാല് പതിറ്റാണ്ടിനുള്ളിൽ നാല് ഉത്തമ മിത്രങ്ങൾ ഊഴം കാത്ത് നിൽക്കാതെ ഞങ്ങളെയൊക്കെ വിട്ട് എന്നന്നേക്കുമായി പിരിഞ്ഞുപോയി , ഒപ്പം ഒരു മിത്രത്തിന്റെ ഭാര്യയും ...!
അവരുടെയൊക്കെ ആത്മാക്കൾക്ക് എന്നുമെന്നും നിത്യ ശാന്തി അർപ്പിക്കുകയല്ലാതെ നമുക്കൊക്കെ എന്ത് ചെയ്യുവാൻ കഴിയും ..അല്ലെ  ?

ബാക്കിയുള്ള ഈ ഗെഡാ ഗെഡിയന്മാരിൽ
ഇപ്പോൾ എനിക്ക് മാത്രമല്ല ക്രിട്ടിക്കലായി അസുഖങ്ങളുള്ളത് കേട്ടോ , മിക്കവർക്കും ഉടുക്കുവാനും പുതക്കുവാനും അവരവരുടേതായ ഇത്തിരിയൊത്തിരി രോഗപീഡകൾ ഉണ്ട് താനും ... !

ഇനി ആരുടെ ഊഴം
എന്നത് ആർക്കറിയാം ...?
എന്തായാലും ഞങ്ങൾ എല്ലാ ഗെഡികളും
കൂടി ഒരു തീരുമാനം എടുത്തിരിക്കുകയാണ് ...

ആയുസ്സും ആരോഗ്യമുള്ള കാലത്തോളം ഇതുപോലെ ഇടക്കൊക്കെ കുടുംബമായി ഒത്ത്  കൂടലുകൾ നടത്തി വിനോദ യാത്രയും , പഴമ്പുരാണവുമൊക്കെയായി ഉള്ളവരെല്ലാം കൂടി സ്ഥിരമായി സല്ലപിച്ചുകൊണ്ട് തന്നെ വരുവാൻ പോകുന്ന വാർദ്ധ്യകത്തെ വരവേൽക്കണം എന്നത് ...!

നാളെ ആർക്കൊക്കെ
എന്തൊക്കെ സംഭവിക്കുമെന്ന്
ആരാലും പ്രവചിക്കപ്പെടാത്ത സംഗതികളാണല്ലൊ ..അല്ലെ ..!

Friday 28 December 2018

ബിലാത്തിയിലെ കൊച്ചുകൊച്ചു സന്തോഷങ്ങൾ ...! / Bilatthiyile Kocchukocchu Santhoshangal ...!

ഓരോവർഷവും - നാഴിക കല്ലുകൾ കണക്കെ  നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും പിന്നിട്ടുപോകുമ്പോഴും ,  അനേകം ദു:ഖങ്ങൾക്കൊപ്പം ഓർത്തുവെക്കുവാൻ വളരെ കുറച്ച് സന്തോഷം നൽകുന്ന അനുഭവങ്ങളും അക്കൊല്ലം നമ്മൾക്ക് നല്കിയിട്ടുണ്ടാകും...അല്ലെ .

അത്തരത്തിലുള്ള ആനന്ദം നൽകിയ
ഒരു സംഗതിയെ കുറിച്ച് ചുമ്മാ എഴുതിയിടുകയാണ് ഞാനിവിടെയിപ്പോൾ ...

സ്വന്തം വീടും നാട്ടുമൊക്കെ വിട്ട് എത്ര ഉന്നതമായതൊ , അല്ലാത്തതൊ ആയ പ്രവാസജീവിതം അനുഷ്ഠിക്കുമ്പോഴും അവരവരുടേതായ പല ഗൃഹാതുരത്വ സ്മരണകളാൽ സമ്പുഷ്ടമായാണ് ഓരോ പ്രവാസികളും ജീവിതം മുന്നോട്ട് കൊണ്ടുപോകാറുള്ളത് ...!


അതുപോലെതന്നെയാണ് ഈ ആംഗലേയ നാട്ടിലുള്ള  ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായ ലണ്ടനിൽ  വന്നു ചേർന്നിട്ടും , നമ്മുടെ നാട്ടിലെ സാംസ്കാരിക തലസ്ഥാനത്തുനിന്നും വന്നു പെട്ട എനിക്കും അത്തരം കൊച്ചുകൊച്ചു സന്തോഷങ്ങൾ അയവിറക്കികൊണ്ടിരിക്കുമ്പോൾ   അനുഭവപ്പെടുന്ന ആമോദങ്ങൾ ...

മൂന്ന് പതിറ്റാണ്ടോളം വളർന്നു പഠിച്ചു ശീലമാക്കിയ സമയം , രുചി , ഭക്ഷണം , ഭാഷ , സംസ്കാരം , കാലാവസ്ഥ മുതൽ സകലമാന ജീവിതരീതികളും തനി വിപരീത അവസ്ഥകളിലേക്ക് മാറിമറിയുകയായിരുന്നു ഈ ബിലാത്തി പട്ടണത്തിലേക്ക് ഒരു പറിച്ചു നടീൽ സംഭവിച്ചപ്പോൾ  എനിക്കുണ്ടായത് ...!


മണിക്കൂറുകൾ അടിസ്ഥാനമാക്കി വളരെ ഉത്തരവാദിത്തത്തോടെ ചെയ്തു  തീർക്കേണ്ട ജോലികൾ , എന്നുമെന്നും സന്തോഷം നല്കികൊണ്ടിരുന്ന പുസ്തക വായനയെ അകറ്റിമാറ്റുന്ന സോഷ്യൽ മീഡിയ തട്ടകങ്ങളിലൂടെയുള്ള പാഴാക്കുന്ന സ്ഥിരം ഓടിപ്പാച്ചിലുകൾ .
ഇതിനിടയിൽ കിട്ടുന്ന യാന്ത്രികമായി കൊണ്ടാടപ്പെടുന്ന കുടുംബ ബന്ധങ്ങളും ,സൗഹൃദ കൂട്ടായ്മകളും ...
ഇതിൽ നിന്നെല്ലാം തികച്ചും വേറിട്ട , വീടിന്റെ പിന്നാമ്പുറത്തുള്ള ഇത്തിരിപ്പോന്ന  ഒരു അടുക്കളത്തോട്ടത്തിൽ നമ്മുടെ സ്വന്തം നാട്ടിലുള്ള പച്ചക്കറിച്ചെടികളും , അതിൽ വിളഞ്ഞുവരുന്ന കായ്കളും നാൾക്കുനാൾ കണ്ടിരിക്കുംപോഴുള്ള ഒരു ആനന്ദം , അവിടെ അവക്കെല്ലാം നനച്ചും ,
വളം നൽകിയും , പടർത്തി വലുതാക്കുമ്പോഴുള്ള ആമോദം.  
വേനൽ ചൂടിൽ  ആയതിന്റെയൊക്കെ തണലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും, കുടിക്കുമ്പോഴും ,  പ്രണയം പങ്കിടുമ്പോഴും അനുഭവപ്പെടുന്ന സൗഖ്യം ...

ആ സുഖമാണിത് .... ആസന്തോഷമാണിത് ....

മഞ്ഞുകാലം വരും മുമ്പേ ഇലപൊഴിച്ച്  പോയ ചെടികളും മരങ്ങളുമൊക്കെ വസന്ത കാലത്ത് മൊട്ടിട്ട് വിരിയുന്ന പൂക്കളെല്ലാം, കായ് കനികളായ ഫലങ്ങകളായി വിളഞ്ഞ് നിൽക്കുന്ന അതി മനോഹര കാഴ്ച്ചകളാണ് പാശ്ചാത്യ നാടുകളിൽ അതുകഴിഞ്ഞുവരുന്ന വസന്തകാലത്ത്  കാണുവാൻ പറ്റുക .

പിന്നീട് വരുന്ന ഗ്രീഷ്മ കാലം കഴിയുന്നതുവരെയാണ് പുഷ്പങ്ങളും ഫലങ്ങളുമായുള്ള കാർഷിക സമൃദ്ധിയുടെ വിളവെടുപ്പ് കാലം ഇവിടെ കൊണ്ടാടുക ...


ലോകത്തിലെ ഏതാണ്ടൊരു വിധം പഴവർഗ്ഗങ്ങളെല്ലം ഇവിടെ ലഭ്യമായതിനാൽ വസന്തവും വേനലും ഒരുവിധം ആളുകളൊക്കെ എന്തെങ്കിലും പഴവർഗ്ഗങ്ങളോ , പച്ചക്കറികളോ അവരവരുടെ തൊടികളിൽ വിളയിച്ച്ചെടുക്കാറുമുണ്ട് ...

വിവിധ തരം ആപ്പിളുകളും, പെയേഴ്സുകളും ,പ്ലമ്മുകളും, നാരങ്ങകളും മിനി ' ഡ്വാർഫ് 'ചെടികളായി കിട്ടുന്നത് കൊച്ചു തൊടികളിലൊ മറ്റൊ നട്ട് വളർത്തിയാൽ മതി...

കൂടാതെ സ്ട്രോബറി, റാസ്ബറി, ബ്ലാക്ക്ബെറി ,ബ്ലൂബെറി മുതലായ സകലമാന ബെറികളും , പിന്നെ പലതരം മുന്തിരി ചെടികളടക്കം 25 ൽ പരം പഴവർഗ്ഗ ചെടികളും വീട്ടിലൊ, പരിസരത്തൊ വളർത്തി പരിപാലിക്കാവുന്നതാണ്...


അങ്ങിനെ ചുറ്റുപാടും വസിക്കുന്നവർ ചെയ്യുന്നത് കണ്ടപ്പോൾ ഞങ്ങളും വീടിന്റെ പിന്നിലെ ചെറിയ തൊടിയിൽ ഒന്നര പതിറ്റാണ്ട്  മുമ്പ് ആപ്പിൾ , ചെറി , പ്ലം , പെയേഴ്‌സ് മുതൽ ചെടികൾ വെച്ചുപിടിപ്പിച്ചു .

ഒപ്പം കൃഷീവല്ലഭയായ ഭാര്യ ചീരയും , ഉരുളക്കിഴങ്ങും,  സ്ട്രോബെറിയുമൊക്കെ പരിപാലിച്ച് വളർത്തി വന്നിരുന്നു ...

ഒന്ന് രണ്ട് കൊല്ലം കഴിഞ്ഞു ആപ്പിളും , പ്ലസും ,ചെറിപ്പഴങ്ങളും പറിച്ച് തിന്നുമ്പോൾ
തോന്നും ; നാട്ടിൽ പുരയിടത്തിൽ , ഇമ്മിണി സ്ഥലമുണ്ടായിട്ടും ഞാനടക്കം പലരും ഒരു പഴ് ച്ചെടിയൊ, ഒരു പുതുമരമൊ എന്താ അവിടെ വെച്ച് പിടിപ്പിക്കാത്തത് എന്ന് ...?

ഇതിനിടയിൽ എന്റെ പെണ്ണൊരുത്തി എല്ലാ വേനലിലും നാട്ടിൽ നിന്നും പോരുമ്പോൾ കൊണ്ടുപോന്നിരുന്ന നമ്മുടെ മലക്കറി വിത്തുകൾ പാകി അടുക്കള തോട്ടം വിപുലീകരിച്ചു വളർത്തിയെങ്കിലും അവയിൽ ഒട്ടുമിക്കതും ഫലങ്ങൾ തന്നിരുന്നില്ല...

ഒരു 'ഹോബി'യെന്ന നിലയിൽ നാട്ടിൽ നിന്നും കൊണ്ടുവന്ന കറിവേപ്പിൻ തൈ ,  ചൂന്യൻ മുളക് എന്നിവയെ മഞ്ഞുകാലത്ത് അകത്ത് എടുത്തുവെച്ചും, സൂര്യപ്രകാശം കാണിപ്പിച്ചും കുട്ടികളെ പോലെ താലോലിച്ച്  എന്റെ പെണ്ണൊരുത്തി വളർത്തി വന്നു ...

പക്ഷെ ഇക്കൊല്ലം  അടുക്കള തോട്ടത്തിൽ ആദ്യമായിട്ടാണ് നമ്മുടെ നാട്ടിലെ ചില മലക്കറികൾ, എന്റെ പെർമനന്റ് ഗെഡിച്ചി  ഈ ഗ്രീഷ്മകാലത്ത് നട്ടു നനച്ച് വളർത്തി വിളയിച്ചെടുത്തത്...



റോസിനും, ഗന്ധരാജനും, കറ്റാർ വാഴക്കുമൊപ്പം - നമ്മുടെ നാട്ടിലെ സ്വന്തം കറിവേപ്പിലയും , പച്ചമുളകും , തക്കാളിയും , വെള്ളരിയും , ഇളവനും , അമരയ്ക്കയും , പാവയ്ക്കയും , ബീൻസുമൊക്കെ വിളഞ്ഞു നിൽക്കുന്ന - എന്നും എപ്പോഴും സന്തോഷം നൽകുന്ന - ഒരു ഉറവിടമായി മാറിയിരിക്കുകയാണ് ഞങ്ങളുടെ ലണ്ടനിലുള്ള വീടിനു പിന്നിലെ തൊടിയിലെ ഈ കൊച്ചു പച്ചക്കറി തോട്ടം... !

അവൾ എല്ലാ വർഷവും ഇത്തിരി പോന്ന പിന്നാമ്പുറത്ത് കൃഷി ചെയ്യാറുള്ള 'പൊട്ടറ്റൊ, ബീറ്റ്റൂട്ട് , ചീര, സ്ട്രോബറി'  ചെടികൾക്കൊപ്പം - ഇക്കൊല്ലം അമരക്കായ,കുമ്പളങ്ങ , വെള്ളരിക്ക , ബീൻസ് എന്നിവയുടെ വള്ളികളാണ് ഇത്തവണ ഒരു പച്ച പന്തലായി തൊടിയിലെ ആപ്പിൾ, പെയേഴ്‌സ് , പ്ലം എന്നീ മരച്ചെടികളിൽ പടർന്നുകയറി പന്തലിച്ചത്...!


ആ സമയത്തൊക്കെ പെണ്ണൊരുത്തി ഒഴിവുദിനങ്ങളിലും, മറ്റും അടുക്കളക്കുള്ളിൽ ചിലവഴിക്കുന്ന സമയം പോലും - അടുക്കള തോട്ടത്തിൽ പണിയെടുക്കുന്നതുകൊണ്ട്, ചിലപ്പോൾ 'കിച്ചൺ ഡ്യൂട്ടി'വരെ എനിക്കും, മോനുമൊക്കെ ഏറ്റെടുത്ത് ആയതൊക്കെ കുളമാക്കേണ്ടി വന്നു എന്ന ഒരു ഗതികേടും അപ്പോഴൊക്കെ സംജാതമായി എന്ന് പറയുകയായിരിക്കും ഉത്തമം ...

നാട്ടിലുള്ള ഞങ്ങളുടെ കുടുംബമിത്രം സന്ധ്യ ടീച്ചറിൽ   നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഒരുവൾ ഈ കലക്കൻ ജൈവ പച്ചക്കറി തോട്ടം ഇക്കൊല്ലം പടുത്തുയർത്തിയിട്ട് , അയലക്കകാരെ വരെ പോലും അത്ഭുതപ്പെടുത്തിയിരിക്കുന്നത് ...!

അയലക്കകാരായ ഇംഗ്ളീഷ്  , ബംഗാളി , ശ്രീലങ്ക, റൊമാനിയൻ  , ബ്രസീലിയൻ  കുടുംബങ്ങൾക്കും , ധാരാളം മലയാളി കുടുംബ മിത്രങ്ങൾക്കും നമ്മുടെ സ്വന്തം ജൈവ പച്ചക്കറികൾ പങ്കുവെക്കുമ്പോഴുണ്ടാകുന്ന ആമോദവും ,    ആയവയൊക്കെ വിതരണം ചെയ്ത ആ അവസരത്തിൽ ഞങ്ങൾക്ക് കിട്ടുന്ന സന്തോഷവും ഒന്ന് വേറെ തന്നെയായിരുന്നു  ...!

എന്തിന് പറയുവാൻ  ദാനം നൽകിയ 'ഇളവൻ'  ഉപയോഗിച്ച്  'മോരുകറി' വെക്കേണ്ടത് എങ്ങിനെയാണെന്ന് വരെ വീടിന്റെ 'നെക്സ്റ്റ് ഡോറി'ൽ താമസിക്കുന്ന റൊമാനിയക്കാരിയുടെ അടുക്കളയിൽ കയറി എനിക്ക്  പഠിപ്പിക്കേണ്ടി വന്നു എന്ന് മാത്രം ...!


പോരാത്തതിന് ' ബ്രിട്ടീഷ് മലയാളി '   പത്രത്തിൽ പോലും ഞങ്ങളുടെ പച്ചക്കറി തോട്ടം ഒരു സചിത്ര ലേഖനമായി വന്ന സന്തോഷവും ആ സമയുത്തുണ്ടായി  ...!

ഈ ലണ്ടനിൽ വന്നിട്ടും നമ്മുടെ ഗൃഹാതുരത്വം ഉണർത്തുന്ന സ്വന്തം മലക്കറികൾ ഇവിടത്തെ കൊച്ചു തൊടികളിൽ വിളയിച്ച്ചെടുക്കുവാനും  മറ്റുള്ളവർക്ക് വിതരണം ചെയ്യുവാനും സാധിച്ചതിലുള്ള സന്തോഷത്തിൽ പരം ആനന്ദം  മറ്റൊരു സംഗതിയും ഇക്കൊല്ലം ഞങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നതൊരു വാസ്തവമാണ് ...!

തല്ല് വാങ്ങുവാൻ ചെണ്ടയും കാശ് വാങ്ങുവാൻ മാരാരും എന്ന് പറഞ്ഞ പോലെ അവൾ നട്ടുവളർത്തി വിളയിച്ച്ചെടുത്ത ലാഭം മുഴുവൻ ഞാൻ വാങ്ങിയെടുത്തു എന്നൊരു കുറ്റപ്പെടുത്തലും എന്റെ പേർമനന്റ്  ഗെഡിച്ചി പ്രകടിപ്പിക്കുന്നുണ്ട്  കേട്ടോ ...

അല്ലാ ..
ഏത് കണവത്തിയാണ്  സ്വന്തം കണവനെ
കുറ്റം പറയാത്തതായി ഈ ലോകത്തിൽ ഉള്ളത് അല്ലെ ...!!

 







പിന്നാമ്പുറം :-

Monday 3 December 2018

ഒരു അമ്പിളിക്കല . / Oru Ampilikkala .


ഇക്കൊല്ലത്തെ അന്തർദ്ദേശീയ 'എയ്‌ഡ്‌സ്‌  ദിന'ത്തോടനുബന്ധിച്ച്  BBC - യിൽ , എയ്‌ഡ്‌സ്‌ എന്ന മാരക അസുഖത്തിന്റെ ചരിത്രം മുതൽ ഇന്ന് വരെയുള്ള വിവിധ  ചരിതങ്ങളും , പ്രമുഖരായ പല അനുഭവസ്ഥരുടെ ആവിഷ്കാരങ്ങളും കൂടി ചേർത്തുള്ള അസ്സലൊരു പരിപാടിയായിരുന്നു ...
ആഗോളപരമായി എല്ലാ കൊല്ലവും ഡിസംബർ
മാസം ഒന്നിന് ഒരു അന്തർദ്ദേശീയ എയ്‌ഡ്‌സ്‌ ആരോഗ്യ ദിനമായി ( World_AIDS_Day ) ആചരിക്കുവാൻ  ലോക ആരോഗ്യ സംഘടന ആരംഭം കുറിച്ചത് മുപ്പത് കൊല്ലം മുമ്പ് - 1988 , ഡിസംബർ  1 മുതലാണ് .
ഏതാണ്ട് മൂന്നര പതിറ്റാണ്ട് മുമ്പ്  ഒരു ജൂൺ മാസത്തിൽ അമേരിക്കയില്‍ വെച്ച് ഈ മാരക രോഗത്തിന്റെ വൈറസുകളെ കണ്ടെത്താനായെങ്കിലും  , മനുഷ്യന് ഇതുവരെ മുഴുവനായും ഈ HIV രോഗാണുക്കളെ
കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് സത്യം തന്നെയാണ് ...!
ഇന്ന് ലോകത്തില്‍   കുട്ടികളടക്കം ഏതാണ്ട് മൂന്നര  കോടിയിലധികം  ആളുകള്‍
ഈ വൈറസ് ബാധിതരാണെന്ന് പറയുന്നു .അതില്‍ അരകോടിയിലധികം
പേര്‍ നമ്മുടെ ഇന്ത്യയിലുമാണെന്നതും വാസ്തവമാണ് .
ആദ്യകാലങ്ങളിലൊക്കെ സമൂഹത്തിൽ നിന്നും വളരെ ഒറ്റപ്പെട്ടു ജീവിക്കേണ്ടി വന്നിരുന്ന ഈ രോഗ ബാധിതരേക്കാൾ , ഇന്ന് അത്തരക്കാർക്കൊക്കെ എല്ലാ പൊതുയിടങ്ങളിലും പല കാര്യങ്ങളിലും ഇടപെടാനും സാധിക്കുന്നു എന്ന നിലയിലേക്ക് സ്ഥിതിവിശേഷങ്ങൾ മാറിയിട്ടുണ്ട് .

അറിഞ്ഞും അറിയാതെയും ദിനംപ്രതി ഈ രോഗത്തിന്റെ
മടിത്തട്ടിലേക്ക് ,  ഒന്നുമറിയാതെ ജനിച്ചു വീഴുന്ന പിഞ്ചോമനകളടക്കം ,
അനേകം പേര്‍ എത്തിപ്പെട്ടികൊണ്ടിരിക്കുകയാണല്ലോ ...
ശരിയായ ബോധവല്‍ക്കരണങ്ങൾ  തന്നെയാണ്
ഈ  രോഗത്തിനുള്ള ശരിയായ മരുന്ന്...! !

ഈ അസുഖത്തെ പറ്റിയുള്ള ബിബിസി യിലെ ഡോക്യുമെന്ററി കണ്ടപ്പോൾ എനിക്ക് എന്റെ ഒരു കൂട്ടുകാരിയുടെ അനുഭവ  കഥ അഞ്ചാറുകൊല്ലം മുമ്പ് ഇവിടെ കുറിച്ച വരികൾ വീണ്ടും ഞാൻ പങ്കുവെക്കുകയാണ് ...

ഏഴ് കൊല്ലം മുമ്പ് നാട്ടില്‍ എത്തിയ സമയത്ത് ഒരു ദിനം മഴമേഘങ്ങൾ മൂടിക്കെട്ടിയ
ഒരു സന്ധ്യാ നേരത്ത് ഞാനും ,എന്‍റെ ഏറ്റവും നല്ല കൂട്ടുകാരിയായ
സഹധര്‍മ്മിണിയും കൂടി എന്‍റെ ആ പഴയ കൂട്ടുകാരിയെ , അതും ഈ
മഹാരോഗത്തിന്റെ  പിടിയില്‍ അവശയായി കിടക്കുന്ന 'സുഹറ'യെ നേരിട്ട് കാണുവാൻ
പോയി . വെറും നാല്‍പ്പതുവയസ്സില്‍ എല്ലും തോലുമായി കിടക്കുന്ന  ഒരു ശരീരം !

വളരെ പതുക്കെ അന്നവൾ കുറെ സംസാരിച്ചു...മൊഞ്ചുള്ള അമ്പിളിമാമനെ
കുറിച്ച്, യാന്ത്രികമായി മലർന്നുകിടക്കുമ്പോൾ എണ്ണാറുള്ള നക്ഷത്രങ്ങളെ കുറിച്ച് ,
അവൾ പോറ്റുന്ന ,അവളുടെ മിത്രങ്ങളും പൊന്നുമക്കളെ കുറിച്ച് ,.....അങ്ങിനെ കുറെയേറെ കാര്യങ്ങൾ....

മനസ്സിനുള്ളില്‍ ഇപ്പോഴും അന്ന് കണ്ട
ആ രൂപം ഭീകരമായി മായാതെ ഇപ്പോഴും കിടക്കുന്നു ....

ഒരാളും തിരിഞ്ഞുനോക്കാതെ കിടന്നിരുന്ന സുഹറയെ സന്ദര്‍ശിച്ചപ്പോള്‍
കിട്ടിയ ആ അനുഗ്രഹം  മാത്രം മതി ......മറ്റേത് പുണ്യസ്ഥലങ്ങള്‍ പോയതിനേക്കാള്‍
കിട്ടിയ പുണ്യം എന്ന്  പിന്നീടൊരിക്കല്‍ എന്‍റെ ഭാര്യ എന്നോടു പറഞ്ഞിരുന്നൂ ...!

ഏതാണ്ട്  മൂന്ന്  പതിറ്റാണ്ട് മുമ്പ് നഗരത്തിലെ “പദനിസ” എന്ന
നക്ഷത്ര ദാസി ഗൃഹത്തില്‍ , സാഹചര്യങ്ങളാല്‍ വന്നുപെട്ട ഒരു പെണ്‍കുട്ടി
പിന്നീട് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു !

അവള്‍ മുഖാന്തിരം പലരും പണം നേടി - - - സുഖം നേടി - - -

പ്രായം കൂടുന്തോറും അവളുടെ
തൊഴില്‍ മേഖലയില്‍ അവള്‍ പുറന്തള്ളപ്പെട്ടു ....
പിന്നീടവള്‍ 'ഉച്ചപ്പട'ങ്ങള്‍ക്ക് കൂട്ടുപോയും , പിതാവാരെണെന്ന്
അറിയാതെ ജനിച്ചുവീണ സഹ പ്രവര്‍ത്തകകളുടെ മക്കളെ സംരക്ഷിച്ചും
കാലം നീക്കി ...

തീരാ ദുരിതങ്ങളോടൊപ്പം
അവള്‍ നേടിയത് ഈ മഹാരോഗം മാത്രം !

ഒന്നര കൊല്ലം മുമ്പ് മുതൽ നാട്ടിലുള്ള
ഒരു എയ്‌ഡ്‌സ്‌ സെല്ലിൽ അന്തേവാസിയായിരുന്നു അവള്‍,
ആ വർഷം 'എയ്‌ഡ്‌സ് ദിന'ത്തിന് തന്നെ എന്തോ വിരോധാപാസം
പോലെ നല്ലവളിൽ നല്ലവളായ  സുഹറ മരണത്തിന്റെ കയത്തിലേക്ക്
ഊളിയിട്ടിറങ്ങിപ്പോയി .....
ഒരു വാർത്തപോലും ആകാതെ...
ഒരാളുടേയും ഓർമകളിൽ പോലും പെടാതെ...! !

ഇതാ ...
കവിതയും മറ്റും എനിക്കെഴുതുവാൻ  അറിയില്ലെങ്കിലും
അവളുടെ സ്മരണക്കായി  അന്ന് കുറിച്ചിട്ട കുറച്ചു വരികള്‍ ....




ഒരു അമ്പിളിക്കല


പതിവില്ലാതോ'രീമെയില്‍' നാട്ടില്‍ നിന്നിന്നു വന്നു ; പഴയ
പാതിരാ സഹജന്റെ സന്ദേശമിത് , " നമ്മുടെ മൊഞ്ചുള്ള
പാതിരാ തിടമ്പ് - സുഹറ -മാരകമായൊരു രോഗത്താല്‍
പതിച്ചു മരണത്തിന്‍ കയത്തിലെക്കിന്നലെ വെളുപ്പിന്. "  !

പതറി ഞാനാ മെയില്‍ കണ്ട് അവധിയെടുത്തപ്പോള്‍ തന്നെ ,
പാതി ദിനം അവളാല്ത്മശാന്തിക്കായി നമിച്ചീടുവാന്‍ വേണ്ടി ...
പതിനാലാംവയസില്‍ ബീവിയായയെന്‍ കണ്മണി സുഹറേ...
പാത്തുമ്മയുടെ നാലാംവേളിയിലെ പുന്നാര പൊന്മകളേ...

പത്തനംതിട്ടക്കാരി ചക്കരമുത്തേ നിന്നെയോര്‍ത്തിട്ടാണോ
പതറുന്നുവല്ലോയെന്‍ മനം ; ശാന്തമാകുന്നില്ലയിപ്പൊഴും .
പതിനാറില്‍ വിധവയാക്കിയ നിന്‍ പടുകിളവനായ
പതി തന്‍ വീട്ടുകാര്‍ ആട്ടിയോടിച്ചപ്പോള്‍ വന്നു പെട്ടയിടം ;

പാതാള മാണെന്നറിഞ്ഞില്ലല്ലോ സഖീ  നീ യിവിടെ യന്ന്  ?
പതിനാറുകാരി എത്തിയെന്നു പറഞ്ഞെന്നെ മോഹിപ്പിച്ചു ,
പാതിരയില്‍ നിന്നടുത്തെത്തിച്ചപ്പോള്‍ ; ആകെ വിറച്ചുകൊണ്ടീ
പതിനെട്ടുകാരനെ തൊഴുകയ്യാല്‍ വരവേറ്റയാ രൂപം ...!

പതിഞ്ഞുകിടപ്പുണ്ടീ മനസ്സിലിപ്പോഴുംമൊരു ശിലപോല്‍-
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒരു അമ്പിളിക്കല പോലെ ..!
പാദം വിറച്ചു നിന്ന എന്നെ,ഒരു  പ്രണയ കാന്തനാക്കി ,
പതിയെ പറഞ്ഞു തന്നാരതി തന്‍ ആദ്യപാഠങ്ങള്‍ രുചി ..!

പുതുയാദ്യരാത്രി തന്‍ സഖിയാക്കി നിന്നെ എന്നുമെന്നുടെ ;
പുതു പാപം ചെയ്ത ആദാമിനു സഖി ഹൌവ്വയെന്നപോല്‍ ..!
പാതി വിളഞ്ഞ ഗോതമ്പുപോലുള്ള നിന്‍ പൊന്‍ മേനിയഴകും ,
പാദസരം കിലുങ്ങും നിന്‍ കൊലുസിട്ട വെൺ കാലുകളും ;

പതിനേഴഴകില്‍ തുളുമ്പും നിറ മാറുകള്‍ തന്‍ മിടിപ്പുകളും ,
പുതു യൌവ്വനം തുടിക്കും നിതംബ ഭംഗിയും ;ആ താളവും ,
പാദം മുട്ടിയിഴയും പാമ്പു പോലിഴയും ആ കാര്‍കൂന്തലും.....
പതിവുകാരനാം ഈ പ്രണയവല്ലഭനു മാത്രം ;പക്ഷേ ..?

പുതുതായവിടെവന്നൊരുത്തന്‍ നിന്നെ റാഞ്ചിയവിടെ നിന്നും ,
പുതുമാപ്പിളയവനു പെണ്ണായി വാണിരുന്ന നിന്നെയവന്‍
പൊതു വിപണിയില്‍ വാണിഭത്തിനായി വിട്ടു പോലും..
പുതു റാണിയായ് വിലസി നീ നഗര വീഥികൾ തോറും!

"പദനിസ"യെന്നാവീട്ടില്‍ പിന്നീടൊരിക്കലും വന്നില്ല ഞാന്‍ !
പാദങ്ങള്‍ ആദ്യം പറിച്ചുനട്ടു മരുഭൂമികളില്‍ .....പിന്നെ -
പടിഞ്ഞാറനീവന്‍‌കരയില്‍ നങ്കൂരമിട്ടു ; ജോലി ,പണം,
പുതുജീവിതം -തോളില്‍ ഒട്ടനവധി കുടുംബ ഭാരങ്ങള്‍ .....

പതവന്നയൊരു വണ്ടിക്കാള തന്പോല്‍ വലിച്ചീ ജീവിതം ..!
പതിയായിവാണു  പ്രണയമൊട്ടു മില്ലാത്ത ഒരു ഭാര്യയുടെ ,
പിതാവായി സ്നേഹം തിരിയെ കിട്ടാത്ത മക്കള്‍തന്‍ .... 
എന്‍ പ്രിയയെ
പതിച്ചുവോ നിന്‍ ശാപം , എൻ ജീവിതത്തിലുടനീളം -  ഈ പാപിയെ....?



പിന്നാമ്പുറം :-

 പിന്നീട് ഈ വരികൾ കണിക്കൊന്ന മാസികയിൽ എന്റെ ഒരു ആർട്ടിക്കിളായി അച്ചടിച്ചു വന്നിരുന്നു .കണിക്കൊന്നയുടെ പത്രാധിപ പാർവതിക്ക് എന്റെ ഹൃദയം നിറഞ്ഞ കൃതഞ്ജത ഈ അവസരത്തിൽ അർപ്പിച്ചുകൊള്ളുന്നു ...
കണിക്കൊന്നയിലെഈ അമ്പിളിക്കലയുടെ ലിങ്ക്


                                                                                                   



അറിഞ്ഞും അറിയാതെയും ഈ മാരകരോഗത്താൽ
വിലപിക്കുന്നവർക്കുവേണ്ടി സമർപ്പിക്കുന്നു ഈ രചന .

 

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...