Tuesday, 31 January 2017

കടിഞ്ഞാൺ കളഞ്ഞു പോയ ഒരു കടിഞ്ഞൂൽ കാതൽ കഥ ... ! / Katinjan Kalanju Poya Oru Katinjool Kathal Kathha ... !

ഒരിക്കലും ഒരുമിക്കുവനാകാതെ ജീവിത കാലം മുഴുവൻ താലോലിച്ച് കൊണ്ട് നടക്കുന്ന പ്രണയമാണ് ഏറ്റവും ഉത്തമമായത് എന്ന് പറയപ്പെടുന്നു...
ഇതിഹാസ ചരിതങ്ങൾ മുതൽ ഇന്നത്തെ 
ആധുനിക സാഹിത്യം വരെ ചികഞ്ഞ് നോക്കിയാൽ 
ഒന്ന് മനസ്സിലാക്കുവാൻ സാധിക്കും - അതായത് പ്രണയാഭിലാക്ഷങ്ങൾ സാക്ഷാത്കാരം നേടാനാകാതെ പോയ അനേകമനേകം പ്രേമഭാജനങ്ങൾ തിങ്ങിനിറഞ്ഞ കാവ്യങ്ങളും , കഥകളും തന്നെയാണ് അന്നും , ഇന്നും , എന്നും  ലോകത്താകമാനം വായിക്കപ്പെട്ടിട്ടുള്ള കൃതികൾ എന്നുള്ളത്...
ആദ്യ നോട്ടത്തിൽ തന്നെ തന്റെ പ്രേമഭാജനത്തിന്റെ 
ആകാര വടിവുകളിൽ ആകൃഷ്ടനായൊ , പ്രത്യേകതയുള്ള അവയവ ഭംഗികളിൽ മോഹിച്ചൊ , കലാ - സാഹിത്യ- കായിക വൈഭങ്ങളിലുള്ള നിപുണതകൾ കണ്ടിട്ടൊ , പെരുമാറ്റ ഗുണങ്ങളിൽ തൽപ്പരരായൊ മറെറാ ആണല്ലൊ സാധാരണ ഗതിയിൽ രണ്ട് പേർ തമ്മിലുള്ള അനുരാഗം പൊട്ടി മുളക്കാറുള്ളത് ...

പുറംമോടിയിലെ സൗന്ദര്യത്തേക്കാൾ അകം മോടി കണ്ട് 
പരസ്പരം ഇഷ്ടപ്പെടുന്നവരും ഇല്ലാതില്ല എന്നല്ല പറഞ്ഞ് വരുന്നത്...


പ്രണയത്തിനും , വീഞ്ഞിനും പഴകും തോറും വീര്യം കൂടുമെന്നാണ് പറയുക . 
മറ്റുള്ളവരുടെ അനുരാഗ കഥകളൊക്കെ ചടുപിടുന്നനെ  വളരെ ഈസിയായി എഴുതിയിടാവുന്ന  സംഗതികളാണ് . എന്നാൽ സ്വന്തം പ്രണയം ഒരിക്കലും എഴുതി ഫലിപ്പിക്കാനാകാത്ത ഒരു പ്രഹേളിക തന്നെയാണെന്ന് എനിക്കിപ്പോൾ തോന്നുന്നു ...
എന്തുകൊണ്ടെന്നാൽ ഒരിക്കലും വറ്റി വരണ്ട് 
പോകാത്ത എന്റെ സ്വന്തം കടിഞ്ഞൂൽ കാതൽ കഥയുടെ 
അൽപ്പസൽപ്പം പിന്നാമ്പുറ ചരിതങ്ങൾ വീണ്ടും കുറച്ച് ചിക്കി മാന്തുകയാണിവിടെ ...
ഞാനെന്റെ കടിഞ്ഞൂൽ പ്രണയ 
നായികയായ പ്രിയയെ പരിചയപ്പെടുത്തുകയാണ്.

കണിമംഗലത്തെ പേരും പെരുമയുമുള്ള അമ്പാട്ട് തറവാട്ടിലെ കല്ല്യാണി മുത്തശ്ശിയുടെ പേരക്കുട്ടിയാണിവൾ ...
പ്രിയയുടെ അച്ഛൻ ബാംഗ്ലൂരിൽ സെറ്റിൽ ചെയ്ത ഒരു ബിസിനസ്സ് മലയാളിയായതുകൊണ്ട് , ഓരൊ കൊച്ചുഅവധിക്കാലത്ത് പോലും നാട്ടിൽ മുത്തശ്ശിയോടൊപ്പം വെക്കേഷൻ ചിലവഴിക്കുവാൻ വരുമ്പോഴാണ് ,
ഒരു നല്ല അയലക്കകാരനായ ,ഞാനുമായുള്ള  സൌഹൃദം   തുടങ്ങിയത്...


കൂടാതെ എന്റെ അനുജത്തിയുടെ ഉത്തമ മിത്രവും,  സമപ്രായക്കാരിയുമായിരുന്നു
അന്നത്തെ പ്രിയപ്പെട്ട കൂട്ടുകാരി പ്രിയ...
അതായത് എന്റെ പ്രഥമ പ്രണയ സഖി.. !

അന്നൊക്കെ ഒരു പച്ചപ്പട്ടുടുത്ത ലാസ്യലാവണ്യവതിയായ 
അഴകുള്ള സുന്ദരിയെ പോലെയായിരുന്നു എന്റെ കണിമംഗലം 
ഗ്രാമം . നീണ്ടു പരന്നു കിടക്കുന്ന നെൽ വയലുകളാലും , കോൾ നിലങ്ങളാലും , തോടുകളാലും , കുളങ്ങളാലും , കാവുകളാലുമൊക്കെ ചുറ്റപ്പെട്ട - തെങ്ങും , കവുങ്ങും , മാവും , പ്ലാവുമൊക്കെ നിറഞ്ഞ് നിൽക്കുന്ന പുരയിടങ്ങളും  - എള്ളും , കൂർക്കയും, മുതിരയും , പച്ചക്കറികളും മാറി മാറി വിളയുന്ന ഞാറുപാടങ്ങളാലും നിറഞ്ഞ  തനി കേരളീയ പ്രകൃതി ഭംഗികൾ മുഴുവൻ വാരിക്കോരി വരദാനമായി കിട്ടിയ ഗ്രാമം ... 

തൊടികളിൽ തൊഴുത്തും , വൈക്കോൽ തുറുകളും , 
ഓലപ്പുരയും , ആട്ടിൻ കൂടും , കോഴി കൂടും ,അടുക്കള 
തോട്ടങ്ങളുമുള്ള കൊച്ചു കൊച്ച് ഓടിട്ട വീടുകളുള്ള  , തമ്മിൽ 
തമ്മിൽ ജാതിമത വത്യാസങ്ങളില്ലാതെ ഏവരെയും ബന്ധുജനങ്ങളെ പോലെ പരസ്പരം അറിയാവുന്ന നാട്ടുമ്പുറക്കാരായ , കൂടുതലും ഇടത്തരക്കാരായവർ   വസിക്കുന്ന നാട് . അവിടെ തലമുറകളായി കണിമംഗലം തമ്പുരാക്കന്മാർ നാട് വാണിരുന്ന കാലം തൊട്ടേ ഉണ്ടായിരുന്ന ഒരു തായ് വഴി കുടുംബമായിരുന്നു കല്ല്യാണി മുത്തശ്ശിയുടെ തറവാട് ...പക്ഷെ കാൽ നൂറ്റാണ്ടിന് മുമ്പ് 
മുതൽ തൃശൂർ പട്ടണം കുറേശ്ശെക്കുറേശെയായി ഞങ്ങളുടെ ഗ്രാമത്തിലേക്ക് അധിനിവേശം നടത്തി തുടങ്ങിയത് മുതൽ ആ ഗ്രാമ്യ ഭംഗികൾ മുഴുവൻ എന്നെന്നേക്കുമായി നഷ്ട്ട പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.

അതുപോലെ തന്നെ അമ്പാട്ട് തറവാടും പുരയിടവും ഒന്നും ഇന്നില്ല ,അവിടെയുള്ളത് ഇപ്പോൾ എട്ടും ,പത്തും സെന്റും വീതമുള്ള കൊച്ച്  പ്ലോട്ടുകളിൽ മാളികളും  , കോൺഗ്രീറ്റ് വീടുകളും  കെട്ടി താമസിക്കുന്ന മുല്ലയ്ക്കൽ റെസിഡന്റ് അസോസ്സി യേഷനിൽ ( M.R.A )പെട്ട വിവിധ കുടുബങ്ങളാണ് ...!
 
പ്രിയയുടെ തറവാട്ടു പുരയിടത്തിലെ കിഴക്കെ 

തൊടിയിലുള്ള മൂവാണ്ട മാവിന്റെ തണലിൽ ഓലമടലുകളും ,
ശീമക്കൊന്ന തറികളും വെച്ച് കളി വീടുണ്ടാക്കിയിട്ട് ഒരു ആറാം ക്ലാസ്സുകാരൻ അച്ഛനായും, രണ്ടാം ക്ലാസുകാരി അമ്മയായും , മറ്റ് കളി കൂട്ടുകാർക്കൊത്ത് കുഞ്ഞിക്കഞ്ഞിയും , മണ്ണപ്പവും ചുട്ടുകളിക്കുമ്പോൾ ഒരു സാക്ഷാൽ പ്രണയത്തിന്റെ  ബാലപാഠങ്ങൾക്ക് തുടക്കം കുറിക്കുകയാണെന്ന് ഞങ്ങൾക്കന്നറിയില്ലായിരുന്നു...

അവരുടെ പറമ്പിൽ കാളത്തേക്ക് നടക്കുമ്പോൾ  ഞങ്ങളൊക്കെ കൂടി ആ ആണിച്ചാലിലെ വെള്ളമൊഴുകുമ്പോൾ , അതിൽ കുത്തി മറിഞ്ഞ്‍ കളിച്ചതും , മറ്റുള്ള അന്നത്തെ  കളി വിളയാട്ടങ്ങളുമൊക്കെ  ഇന്നലെ എന്നോണം ഇപ്പോൾ ഇടക്കിടെ എന്റെ ഓർമ്മയിലേക്ക് ഒഴുകിയെത്താറുണ്ട്...
അന്നത്തെ കുട്ടിപ്പട്ടാളമൊത്ത് അവരുടെ പത്തായപ്പുരക്കടുത്തുള്ള കുളത്തിൽ ചാടി കുളിക്കുന്നതും ,വാഴപ്പിണ്ടിയിട്ട് അവരെയൊക്കെ നീന്തല് പഠിപ്പിച്ചതും , തിരുവാതിര രാവുകളിലെ നീരാട്ടിന്  കൂട്ടിരിക്കുന്നതും , ആദ്യ ചുംബനവുമൊക്കെയായി മധുരമുള്ള ഇമ്മിണിയിമ്മിണി ഓർമ്മകൾ ഇതുപോലെ മനസ്സിനുള്ളിലേക്ക് ഓളം തള്ളി വരുമ്പോൾ കിട്ടുന്ന നിർവൃതികൾ തന്നെയാണ് എനിക്ക് കിട്ടിയിട്ടുള്ളത്തിൽ വെച്ച് ഏറ്റവും നല്ല പ്രണയോപഹാരങ്ങൾ എന്നിപ്പോൾ തോന്നാറുണ്ട് ...

പിന്നീട് കൗമാരം കാലം തൊട്ടേ ആരുടെയും കണ്ണിൽ 
പെടാതെ പകലിന്റെ അന്ത്യയാമങ്ങളിലും ,നിലാവുള്ള 
രാവുകളിലും - എത്രയെത്ര കിന്നാരങ്ങളാണ് ഞാനും പ്രിയയും  
കൂടി ആ മൂവ്വ്വാണ്ടൻ മാവിൻ ചോട്ടിലിരുന്ന് ചൊല്ലിയാടിയിട്ടുള്ളത് ... !

'ചുണ്ടിലിപ്പോഴുമാ മാമ്പഴക്കാലത്തിൻ തിരു മധുരം ...
ഉണ്ട മാങ്ങയും , പുളിയനും , പേരക്ക മാങ്ങയും , കിളി
ചുണ്ടനും , മൂവാണ്ടനും - കൊതിപ്പിക്കുന്നിതായെന്നും
വേണ്ടുവോളമെന്നെ ; ഒരു മാവുയരത്തിൽ എന്നുമെപ്പോഴും ...

കൊണ്ടുപോകുമോ... നീയ്യെന്നെ ..എൻ പകൽക്കിനാവെ
വീണ്ടുമാ മാവിൽ ചുവട്ടിലേക്കൊരു തവണയെങ്കിലും
ലണ്ടനിൽ നിന്നുമാ മാമ്പഴക്കാലം നുകരുവാനായ്  ... ?
മിണ്ടി പറയുവാനെൻ പ്രഥമ പ്രണയിനിയുണ്ടാവുമോ 
അവിടെയിപ്പോഴും ..? !'

അവരുടെ അടുക്കളക്കിണറിനോടനുബന്ധിച്ച കൊട്ടത്തളത്തിൽ  
നിന്നും വെള്ളം കോരി പാത്രങ്ങൾ നിറക്കുന്നതിനടയിൽ ,ചെണ്ട പോലുള്ള മരത്തുടി താളങ്ങൾക്കൊപ്പം എന്തെല്ലാം സല്ലാപങ്ങളാണ് ഞങ്ങൾ നടത്തിയിട്ടുള്ളത്...

'വിട ചൊല്ലിപ്പോയാ കൊട്ടത്തളങ്ങളിൽ നിന്നും..
തുടി മേളങ്ങളൊത്തുള്ളയാ ... തൊട്ടി താളങ്ങൾ ,
തുടിക്കുന്നൂ ..എന്മനമിപ്പോഴും കൊതിക്കുന്നാ-
തുടി നാദം കേൾക്കുവാൻ ഒപ്പമാ വള കിലുക്കങ്ങളും.. ! 'എന്തിന് പറയുവാൻ  സ്നേഹോജ്ജ്വലമായി അലയടിച്ച് ഒഴുകിക്കൊണ്ടിരുന്ന, ഞങ്ങളുടെ അനുരാഗനദിക്ക് കുറുകെ വിഘ്‌നങ്ങളായി  ജാതീയതയായും ,സാമ്പത്തികമായും ,തറവാടിത്ത ഘോഷണങ്ങളായും  അനേകം തടയണകൾ  കെട്ടിപ്പൊക്കിയപ്പോൾ  രണ്ടായി വേറിട്ടൊഴുകേണ്ടതായി  വന്ന പരിണാമഗുപ്തിയാണ്  ഈ കന്നി പ്രണയ നദിക്കന്നുണ്ടായത്  ...!  

പരസ്പരം തോറ്റുകൊടുക്കുമ്പോഴാണല്ലോ 
ഏത് പ്രണയവും പവിത്രീകരിക്കപ്പെടുന്നത് ...
ദിവ്യമായി തീരുന്നത് ...

പിന്നീട് എല്ലാം അറിയാവുന്ന എന്റെ മിത്രം,  പ്രിയയുടെ 
മുറച്ചെറുക്കനായ ഹരിദാസ് ,അവരുടെ തറവാടിന്റെ മാനം 
കാക്കുവാൻ ,വീട്ടുകാരുടെ പ്രേരണയാൽ അവളെ വിവാഹം ചെയത് 
 'യു .എ.ഇ' യിലേക്ക് കൊണ്ട് പോയി.

ഞാനാണെങ്കിലോ കുറെ നാൾ നിരാശ 
കാമുകനായി നടന്ന ശേഷം , മറ്റു പല പ്രേമ 
ലീലകളും കളിച്ച് , ഇക്കഥകളെല്ലാം അറിയാവുന്ന 
എന്നെ പ്രണയിച്ച ഒരുവൾക്ക് മുമ്പിൽ എന്റെ തലവെച്ചു കൊടുക്കുകയും ചെയ്‌തു...
ആ വിശാല മനസ്‌കയാണിന്ന് , 
എന്റെ സ്ഥിരം പ്രണയിനിയായ സ്വന്തം ഭാര്യ ...!


( കഥകളൊന്നും എഴുതുവാൻ അറിയില്ലെങ്കിലും , ആറുകൊല്ലം മുമ്പ് ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതുപുത്തൻ പഴങ്കഥ   എന്ന പേരിൽ ഈ അനുഭവ കഥാവിഷ്‌കാരങ്ങൾ ഞാനിവിടെ കുറിച്ചിട്ടത് വായിച്ച് നോക്കിയാലെ എന്റെ  പ്രഥമാനുരാഗത്തിന്റെ ആഴം തിരിച്ചറിയുകയുള്ളൂ ).


 ശേഷം നാലഞ്ച് കൊല്ലത്തിനിടയിൽ  പ്രിയ - രണ്ട്  പെണ്മക്കളുടെ അമ്മയായി . കല്യാണി മുത്തശ്ശിയുടെ മരണ ശേഷം , പ്രിയയുടെ അമ്മക്കായിരുന്നു ആ തറവാട് വീട് കൈ വന്നത് .ഇതിനിടയിൽ പ്രിയയുടെ അമ്മക്ക് വാത സംബന്ധമായി ചില അസുഖങ്ങൾ വന്നപ്പോൾ അമ്മയെ നോക്കുവാൻ പ്രിയയും കുട്ടികളും നാട്ടിലേക്ക് വരികയും , ഹരി അവളെ  'ടി.ടി.സി' പഠിപ്പിച്ച  ശേഷം ,അടുത്തുള്ള 'എൽ .പി' സ്‌കൂളിൽ കോഴ കൊടുത്ത് അവിടത്തെ ടീച്ചറാക്കുകയും ,  മക്കളെ രണ്ട് പേരെയും 'സെന്റ് : പോൾസ് കോൺവെന്റ് സ്‌കൂളി'ൽ ചേർത്ത് പഠിപ്പിക്കുകയും ചെയ്തു. പ്രിയയുമായുള്ള അടുപ്പം പിന്നീടൊക്കെ  , ഹരി 
നാട്ടിലെത്തുമ്പോൾ മാത്രമായി  ഞാൻ ചുരുക്കുകയും ചെയ്തിരുന്നു.

കാലം നിരങ്ങി നീങ്ങുന്നതിനിടയിൽ 
ഞാനും കുടുംബവും ലണ്ടനിൽ വന്നടിഞ്ഞു.
അവരുടെ മക്കൾ കൗമാരത്തിലെത്തിയപ്പോൾ ഹരി 
ഗൾഫ് ഉപേഷിച്ച് വന്ന് ഒരു 'മിനി സൂപ്പർ മാർക്കറ്റ്'  തുടങ്ങി ,ഒരു ചിട്ടിക്കമ്പനിയിൽ ഷെയർ എടുത്തു ...

 പക്ഷെ ഏഴ് കൊല്ലം മുമ്പ് ഹരിയുടെ പിതാവിന്റെ മരണത്തിന്  മാസങ്ങൾക്ക് പിന്നാലെ തന്നെ , മരണം ഹാർട്ടറ്റാക്കിന്റെ രൂപത്തിൽ വന്നവനെയും കൊണ്ട് പോയി ...
ഭർത്താവിന്റെയും ,മകന്റെയും മരണ ശേഷം , 
ഹരിയുടെ അമ്മ , തറവാട്ട് ഭാഗം കിട്ടിയ സ്ഥലം വിറ്റ് - 
പങ്ക് വെച്ച് , മോളുടെ കുടുംബത്തിന്റെ കൂടെ താമസിക്കുവാൻ 'ബറോഡ'യിലേക്ക് പോയി...
 
അമ്മക്ക്  പ്രണയം മുട്ടത്തട്ടെത്തിക്കുവാൻ  
പറ്റിയില്ലെങ്കിലും , പ്രിയയുടെ രണ്ട് പെണ്മക്കൾക്കും 
ആയത് സാധിച്ചു. 
മൂത്തവൾ 'വെറ്റിനറി'ക്ക് പഠിക്കുമ്പോൾ , ക്ലാസ്മേറ്റായിരുന്ന  
ഒരു പഞ്ചാബി പയ്യനുമായി ഗാഢ പ്രണയിത്തിലാകുകുകയും , പിന്നീട്  അവർ വിവാഹിതരായ ശേഷം 'ലുധിയാന'യിൽ അല്ലലില്ലാതെ സകുടുംബം വസിക്കുന്നകയും ചെയ്യുകയാണിപ്പോൾ ...

രണ്ടാമത്തവൾ അവളുടെ എൻജിനിയറിങ് ബിരുദത്തിന് 
ശേഷം മദ്രാസ്സിൽ വെച്ച് ,ഒരു അന്തർദ്ദേശീയ കമ്പനിയുടെ 
ജോലിസ്ഥലത്ത് വെച്ച്  കണ്ട്  മുട്ടിയ സഹപ്രവർത്തകനായ ഒരുപയ്യനുമൊത്ത് അനുരാഗവിലോചനയായി  നടന്ന ശേഷം,
ജാതിയും , മതവുമൊക്കെ മറികടന്ന് , അവർ ഒന്നാവുകയും ചെയ്‌തു...
ഇപ്പോൾ ദുബായിൽ കുടുംബമായി കഴിയുന്ന ഈ യുവമിഥുനങ്ങളുടെ   കടിഞ്ഞൂൽ സന്താനത്തിന്റെ ഒന്നാം പിറന്നാളാണ് ഈ ഫെബ്രുവരി മാസം അവസാനം . ഈ ആഘോഷങ്ങൾക്ക് ശേഷം ഇവർ കുടുംബസമേതം 'ന്യൂസിലാന്റി'ലേക്ക് കുടിയേറുവാൻ പോകുകയാണ് പോലും ...

ഞങ്ങൾ സകുടുംബം ഈ ചടങ്ങിൽ 
പങ്കെടുക്കണമെന്നാണ് ഈ പിള്ളേരുടെ അഭ്യർത്ഥന. 
അവളുടെ അമ്മയായ  പ്രിയ ടീച്ചറും  , ലുധിയാനയിൽ 
നിന്നും മൂത്തമോളും , കുടുംബവും കുറച്ച് ദിവസത്തേക്ക് 
ഈ ചടങ്ങിൽ പങ്കെടുക്കുവാനും , ദുബായ് കാണുവാനുമായി 
ചെല്ലുന്നുണ്ട് . 
ഞങ്ങളുടെ മക്കളുടേയും , എന്റെ ഭാര്യയുടേയും 
സാന്നിദ്ധ്യത്തിൽ - പണ്ടത്തെ ആ പ്രണയ ഭാജനങ്ങൾ ,
ഇനി അവരുടെ ഇപ്പോഴുള്ള ദിവ്യാനുരാഗം എങ്ങിനെ ചിലവഴിക്കും എന്നുള്ള ആകാംക്ഷയോടെ  കാത്തിരിക്കുകയാണ് രണ്ട് ഫേമിലിയിലേയും മറ്റ് കഥാപാത്രങ്ങൾ  ഇപ്പോൾ ...!


കുശുമ്പത്തി പാറുവായ എന്റെ ഭാര്യ 
ചിലപ്പോഴൊക്കെ പറയുന്ന പോലെ എനിക്ക് 
ജനിക്കാതെ പോയ മക്കൾ തന്നെയാണല്ലോ അവർ ...!
അതുപോലെ തന്നെയാണ് പ്രിയക്കും എന്റെ മക്കളോടുള്ള 
ആറ്റിറ്റ്യൂഡും ...! 
 ഇപ്പോൾ , തറവാട് പുരയെല്ലാം 
നല്ല  വിലയിൽ വിറ്റിട്ട് , മക്കൾക്കെല്ലാം ഷെയർ കൊടുത്ത ശേഷം ,ഒന്നൊര കൊല്ലമായി , പ്രിയ ടീച്ചർ  ടൗണിനടുത്ത്,  കണ്ണംകുളങ്ങരയിൽ ഒരു ഫ്‌ളാറ്റ് വാങ്ങി , ഏകാന്തപഥികയായി  ജീവിക്കുകയാണ് . ഈ ടീച്ചർക്കിന്ന് കൂട്ടിന് അതീവ കൃഷ്ണഭക്തിക്ക് പുറമെ ധാരാളം രോഗങ്ങളും , കണ്ണീരൊലിപ്പിക്കുന്ന ടി.വി.സീരിയലുകളും മാത്രം ...!

എന്ത് പറയാം എന്റെ ജീവിത തുലാസിൽ 
ലാഭങ്ങളുടെ നിറവിൽ ഒരു തട്ട് നിറഞ്ഞാടുമ്പോഴും , 
ഇത്തിരി മാത്രമുള്ള നഷ്ടങ്ങളായ - കടിഞ്ഞൂൽ പ്രണയം , 
ജന്മനാടിന്റെ മനോഹാരിതകൾ എന്നിങ്ങനെയുള്ള   തട്ട് 
എന്നും താഴ്ന്ന് തന്നെ കിടക്കുകയാണ് ...!  

ഞാനിതൊക്കെ തുറന്നെഴുത്തുന്നത് 
എന്തുകൊണ്ടെന്നാൽ, നമ്മുടെയൊക്കെ 
തുച്ഛമായ ജീവിതത്തിനിടയിൽ - എന്തൊക്കെ 
ഉണ്ടായാലും ,ഇല്ലെങ്കിലും  പ്രായഭേദമന്യേ പലരീതിയിലും 
ഒറ്റപ്പെട്ട്  പോകുന്നവർ ഇന്ന് ധാരാളമാണ് . അവരുടെയൊക്കെ 
ദു:ഖവും , സങ്കടവും വളരെ ദയനീയമാണെന്ന് പറയാനാണ് ...


സെക്സിനേക്കാളൊക്കെയുപരി അവനോ / അവൾക്കോ 
സ്നേഹവും ,സങ്കടവുമൊക്കെ പങ്ക് വെക്കുവാൻ ഒരു പങ്കാളി അനിവാര്യമാണ്...! 
പണ്ടുള്ള പോലെ കൂട്ടു കുടുംബങ്ങളും മറ്റും ഇന്നില്ല ... 
ഇന്ന് എല്ലായിടത്തും ചെറിയ അണു കുടുംബങ്ങൾ  മാത്രം ...
നമ്മുടെയൊക്കെ പല ചട്ടങ്ങളും , ചിട്ടകളും  
മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് കൂടി ചിന്തിക്കാനാണ് ...!ഇതോടൊപ്പം കൂട്ടിവായിക്കാവുന്ന രണ്ട് മുൻ പ്രണയ കഥകൾ 
  • ഈ കടിഞ്ഞൂൽ പ്രണയ കഥയുടെ  ഒന്നാം ഭാഗം 

22 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ക്ഷമിക്കണം

പ്രണയമല്ലേ വിഷയം എഴുതി

വന്നപ്പോൾ വല്ലാണ്ടങ്ങട് നീണ്ട് പോയി ...


പിന്നെ

ഞാനിതൊക്കെ തുറന്നെഴുത്തുന്നത്

എന്തുകൊണ്ടെന്നാൽ നമ്മുടെയൊക്കെ

തുച്ഛമായ ജീവിതത്തിനിടയിൽ - എന്തൊക്കെ

ഉണ്ടായാലും പ്രായഭേദമന്യേ പലരീതിയിലും ഒറ്റപ്പെട്ട്

പോകുന്നവർ ഇന്ന് ധാരാളമാണ് . അവരുടെയൊക്കെ ദു:ഖം

വളരെ ദയനീയമാണെന്ന് പറയാനാണ് ...


സെക്സിനേക്കാളൊക്കെയുപരി
അവനോ/അവൾക്കോ സ്നേഹവും,
സങ്കടവുമൊക്കെ പങ്ക് വെക്കുവാൻ ഒരു
പങ്കാളി അനിവാര്യമാണ്...!
പണ്ടുള്ള പോലെ കൂട്ടു കുടുംബങ്ങളും
മറ്റും ഇന്നില്ല . എല്ലായിടത്തും ചെറിയ
അണുകുടുംബങ്ങൾ മാത്രം ...
നമ്മുടെയൊക്കെ പല ചട്ടങ്ങളും , ചിട്ടകളും
മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് കൂടി
ചിന്തിക്കാനാണ് ...!

Pheonix Bird said...

Nice writing

മനോജ്‌ said...

എഴുത്ത് നന്നായിട്ടുണ്ട് . ആശംസകള്‍

Lazar Dsilva said...

ഉം, നന്നായിട്ടുണ്ട് ഭായ്...

അപ്പോളാണ് ഞാൻ എന്റെ കാര്യം ഓർത്തത്ത്...

അവള് കെട്ടി ബിലാത്തിക്ക് പോയി - എവടെ, ബിലാത്തിക്ക്...!

അവിടെ എത്തിയപ്പോ അവൾ ആ ഭർത്താവിനെ കളഞ്ഞ് ഒരു പാക്കിസ്ഥാനിയെ കെട്ടിയത്രേ..., അത് കഴിഞ്ഞ് ഒരു കറുമ്പനെ... അപ്പോഴേയ്ക്കും പിന്നെ ഞാൻ എണ്ണുന്നത് നിർത്തി...

അങ്ങനെ നോക്കുമ്പോൾ ഭഗ്നപ്രണയത്തിൽ ആരാ ഭാഗ്യവാൻ - നിങ്ങളോ ഞാനോ...?!

Anil Nambudiripad said...

എന്‍റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ പെണ്‍കൊടി...നിന്നെയും തേടി എന്‍ പ്രിയ സ്വപ്നഭൂമിയില്‍ വീണ്ടും..സന്ധ്യകള്‍ തൊഴുതു വരുന്നു..വീണ്ടും സന്ധ്യകള്‍ തൊഴുതു വരുന്നു...:)

Geetha Omanakuttan said...

തികച്ചും സത്യസന്ധമായ എഴുത്ത് അതും പഴയകാലപ്രണയനായികയെപ്പറ്റിയും മറ്റും ഒപ്പം വാർദ്ധക്യത്തിലെ ഒറ്റപ്പെടലും ഓർമ്മപ്പെടുത്തുന്നു ഈ എഴുത്ത്. ഈ എഴുത്തിൽ നഷ്ടബോധമോ, ദുഖമോ ഒക്കെ നിഴലിക്കുന്നു ഒപ്പം തമാശയും വരികളിൽ കൂടി വായിച്ചെടുക്കാൻ കഴിയുന്നു.
നന്നായിരിക്കുന്നു ഈ എഴുത്ത് അല്ലെങ്കിൽ ഓർമ്മ പങ്കുവയ്ക്കൽ മുകുന്ദൻ സർ. ആശംസകൾ.

അന്നൂസ് said...

കടിഞ്ഞൂല്‍ പ്രണയത്തെക്കുറിച്ച് രസകരമായി എഴുതി... ഈ 'പ്രിയ' എന്നു പേരുള്ളവര്‍ ഒരു ഉറക്കംകൊല്ലി സംഗതിയാണല്ലേ..?
എന്തായാലും ആശംസകള്‍ അറിയിക്കട്ടെ...

Maithreyi Sriletha said...

"ഒരുപാടു സ്നേഹിച്ച് ഒപ്പം ജീവിക്കുന്നവർ അധികനാൾ ജീവിക്കില്ല.." ഹെന്റമ്മേ... പിന്നെ സ്നേഹിച്ചോണ്ടല്ല, കിട്ടിയ കാലം മതി, അല്ലേ. എൻ. മോഹനന്റെ 'രാ​ഗങ്ങൾക്ക് ഒരു കാലം' ഓർമ്മ വന്നു. അദ്ദേഹം ഭാര്യയെക്കൊണ്ട് തനിക്കു കിട്ടിയ പ്രണയലേഖനങ്ങൾ വായിപ്പിക്കുക തുടങ്ങിയ 'ക്രൂരകൃത്യങ്ങൾ' ചെയ്തിട്ടുണ്ട്. അസുഖകാലത്ത് അവർ വന്നതും മറ്റും പത്രം പൊലിപ്പിച്ചെഴുതി കാശും ശ്ശി വാരിയിരുന്നു.

സുധി അറയ്ക്കൽ said...

ആദ്യപ്രണയത്തേക്കുറിച്ചും,അതിന്റെ നഷ്ടബോധത്തേക്കുറിച്ചും മറ്റൊരാൾ പറയാതെ തന്നെ എനിയ്ക്കു മനസ്സിലാകും.മുരളിച്ചേട്ടനെപ്പോലെ നിരാശാകാമുകനായി നടന്ന കാലത്താണു താടീം മുടീം നീട്ടി ആകെ അലങ്കോലപ്പെട്ട്‌ ഞാൻ ദിവ്യയെ കാണാൻ വടക്കുന്നാഥന്റെ മണ്ണിലെത്തിയത്‌.എന്തൊക്കെയോ അദ്ഭുതങ്ങൾ പ്രവർത്തിച്ച്‌ ഞങ്ങൾ ഒന്നിച്ചു.പഴയ പ്രണയഭംഗങ്ങൾ ഒന്നും പങ്കാളിയോട്‌ മറച്ചുവെക്കാതിരിക്കുന്നതാ ഭാവിജീവിതത്തിനും ആരോഗ്യത്തിനും നല്ലത്‌.

Pradeep Nandanam said...

തിരിഞ്ഞുനോക്കുമ്പോൾ പ്രണയത്തിനു മറ്റൊരു നിറഭംഗിയാണ്‌. അതു ചാലിച്ചെഴുതുന്നതോ കാലവും.
നല്ലെഴുത്ത്‌.

Sabu Hariharan said...

ഒരു ജീവിതമേയുള്ളൂ. ഒരു പ്രാവശ്യമെങ്കിലും ആത്മാർത്ഥമായി പ്രേമിക്കുക..അത്രയേയുള്ളൂ.. പ്രേമം തിരിച്ചു കിട്ടിയാൽ മഹാഭാഗ്യം..കിട്ടിയത് നഷ്ടപ്പെട്ടാലും ഭാഗ്യം..(ആ വേദനയും ഒരു ഭാഗ്യമാണ്‌).
എല്ലാരും പ്രേമിക്കട്ടെ.. വേറെ എന്താണ്‌ ഈ ചെറിയ ജന്മത്തിൽ?

കൂട്ടത്തിൽ പറയട്ടെ, ഞാനൊരു റോബൊട്ടല്ല ;) കമന്റിടാൻ ചെന്നപ്പോൾ ചോദിച്ചു..

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട മൊഹമ്മദ് നസീർ ഭായ് ,നന്ദി .ഇന്നലെ എന്റെ പ്രഥമ പ്രണയിനി ദുബായിൽ ചെന്നിറങ്ങിയപ്പോൾ അവിടെ മുഴുവൻ പ്രണയമഴ പെയ്യുകായായിരുന്നു എന്നാണ് പറഞ്ഞത് ,പിന്നെ ഈ അനുമോദനങ്ങൾക്ക് സന്തോഷമുണ്ട് കേട്ടോ എന്റെ ഫീനിക്സ് പക്ഷി.

പ്രിയമുള്ള മനോജ് ഭായ് ,നന്ദി . ഈ അനുമോദനങ്ങൾക്കും ,ആശീർവാദങ്ങൾക്കും ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട ലാസർ ഭായ് ,നന്ദി .എന്തായാലും എണ്ണം നിർത്തി സ്വന്തം കാര്യം നോക്കിയത് നന്നായി .ഈ ഭഗ്നപ്രണയത്തിൽ കഥ ശരിയാണോ ഭായ് ? ഇത്തരം പ്രേമ ലീലകൾ ഇവിടെ എല്ലായിടത്തും ഇഷ്ടം പോലെ നടക്കുന്നുണ്ട്. എന്തുകൊണ്ടും ആ ഭീകര പ്രണയത്തിൽ നിന്നും രക്ഷപ്പെട്ട - ഭായ് തന്നെയാണ് പരമ ഭാഗ്യവാൻ --!

പ്രിയമുള്ള അനിൽ ഭായ്, നന്ദി. ആ കാലത്തിറങ്ങിയ യേശുദാസിന്റെ വിഷാദ ഗാനങ്ങൾ (കാർത്തിക താരമുറങ്ങി... ) മുഴുവൻ എനിക്ക് വേണ്ടിയുള്ളതാണെന്ന് പ്രണയം പൊട്ടി പോയപ്പോൾ ചിന്തിച്ചിരുന്നവനായിരുന്നു ഞാൻ.എഴുത്തിഷ്ട്ടപ്പെട്ടതിൽ സന്തോഷമുണ്ട് കേട്ടോ ഭായ് .

പ്രിയപ്പെട്ട ഗീതാജി, നന്ദി. ഇന്നത്തെ അണുകുടുംബ വ്യവസ്ഥിതിയിൽ ഇണകൾ നഷ്ടപ്പെട്ടവരും, അല്ലാതെയും മദ്ധ്യവയസ്സിൽ തന്നെ ഒറ്റപ്പെട്ട് - സമൂഹത്തെ പേടിച്ച് ജീവിക്കുന്ന അനേകം ഏകാന്തപഥികരെ കാണാം. ഇവർക്കൊക്കെ ഒറ്റപ്പെടാതെ ജീവിക്കുവാനുള്ള സൗകര്യങ്ങളാണ് ഇനി വേണ്ടത്. ഈ അനുമോദനങ്ങൾക്ക് സന്തോഷമുണ്ട് കേട്ടോ ഗീതാജി .

പ്രിയമുള്ള അന്നൂസ് ഭായ്,നന്ദി.ഈ കടിഞ്ഞൂല്‍ പ്രണയ കഥ രസകരമായിമായി വായിച്ചതിൽ ഏറെ സന്തോഷം .പിന്നെ പ്രിയമാർ പ്രണയിക്കുമ്പോഴും ,പ്രണയം വിട്ടു പിരിയുമ്പോഴും ,അഥവാ പെർമനന്റ് പ്രണയിനിയായി വന്നാലും തനി 'ഉറക്കംകൊല്ലി' സംഗതികൾ തന്നെയാണെന്റെ ഭായ്


പ്രിയപ്പെട്ട മൈത്രേയി മേം, നന്ദി. "ഒരുപാടു സ്നേഹിച്ച് ഒപ്പം ജീവിക്കുന്നവർ അധികനാൾ ജീവിക്കില്ല.." എന്നത് ഒരു പരമാർത്ഥമാനിന്ന് പറയുന്നു.പിന്നെ എൻ. മോഹനന്റെ 'രാ​ഗങ്ങൾക്ക് ഒരു കാലം' വായിച്ചിട്ടുണ്ട് , മൂപ്പരുടെ അത്ര ക്രൂരനൊന്നുമല്ല കേട്ടോ ഞാൻ.

പ്രിയമുള്ള സുധി ഭായ് , നന്ദി .അപ്പോൾ പ്രണയ കൊടുങ്കാറ്റു വീശിയ ഒരു പിന്നാമ്പുറ ചരിത്രവും ,ആയതിന്റെ നഷ്ടബോധവുമൊക്കെ തൊട്ടറിഞ്ഞവനായിരുന്നു അല്ലെ ഭായ് .പിന്നെ പങ്കാളിയോട്‌ മറച്ചുവെക്കാതിരിക്കുന്നതാ ഭാവിജീവിതത്തിനും ആരോഗ്യത്തിനും നല്ലത്‌ എന്ന് കരുതി ശരിക്കും കുമ്പസാരിച്ചവനായിരുന്നു ഞാൻ , പക്ഷെ ഭാവിയിൽ ഇത് പറഞ്ഞു സ്വൈരം കെടുത്തുന്ന ഒരു തരാം വല്ലാത്ത പ്രവണത എല്ലാ പങ്കാളികൾക്കും ഉണ്ട് എന്നുള്ള ഒരു സത്യം മുൻ കൂട്ടി മനസ്സിലാക്കിയിരിക്കുക ...! - അനുഭവം സാക്ഷി -


ഫൈസല്‍ ബാബു said...

ഒരിക്കലും ഒരുമിക്കുവനാകാതെ ജീവിത കാലം മുഴുവൻ താലോലിച്ച് കൊണ്ട് നടക്കുന്ന പ്രണയമാണ് ഏറ്റവും ഉത്തമമായത് എന്ന് പറയപ്പെടുന്നു...

സങ്കടവും , സന്തോഷവും എന്താണന്നറിയാത്ത ഒരു വികാരം ഈ വരികള്‍ വായിച്ചപ്പോള്‍ ...നല്ലൊരു വായന തന്നു ഈ കുറിപ്പില്‍ ...ഇനി ദുബായിലെ ആ കൂടി ചേരല്‍ വിശേഷങ്ങള്‍ കൂടി വരട്ടെ ...കാത്തിരിക്കുന്നു ,,

Mubi said...

"I hold it true, whate'er befall;
I feel it when I sorrow most..." സുഹൃത്തിന്‍റെ വേര്‍പ്പാടില്‍ മനംനൊന്ത് കവി കുറിച്ചതാണെങ്കിലും 'പ്രണയ'ത്തെ കുറിച്ചും ഇങ്ങിനെ ഓര്‍ക്കാനാണ് എനിക്കിഷ്ടം...

Bipin said...

പ്രണയ വിശേഷങ്ങൾ നന്നായി.

പിന്നെ ഇതൊക്കെ ഭാര്യയോട് പറഞ്ഞപ്പോൾ പ്രണയത്തിന്റെ സുഖം അങ്ങ് പോയി. പ്രണയം, അത് എന്നും മനസ്സിൽ സൂക്ഷിക്കേണ്ട മധുര സ്മരണകൾ. കൂട്ടുകാരുമായോ വായനക്കാരുമായോ പങ്കു വയ്ക്കാം. അത് ഒരു സുഖം.

ഇപ്പോൾ പഴയ പ്രണയത്തെ നിസ്സംഗമായി നോക്കിക്കാണുന്ന രീതി. അത് സത്യമാണെന്നു വിശ്വസിക്കാൻ പ്രയാസം. പ്രണയത്തിന്റെ, അതും ആദ്യ പ്രണയത്തിന്റെ ഓർമ്മകൾ മനസ്സിൽ ഉണരുമ്പോൾ തന്നെ അന്നത്തെ നിലയിലേക്ക് മനസ്സ് പോകും.

വീകെ said...

“ഒരിക്കലും ഒരുമിക്കുവനാകാതെ ജീവിത കാലം മുഴുവൻ താലോലിച്ച് കൊണ്ട് നടക്കുന്ന പ്രണയമാണ് ഏറ്റവും ഉത്തമമായത്” എന്ന് പറയപ്പെടുന്നു...

വാസ്തവമാണ്. ഒരിക്കലും എനിക്കത് മറക്കാനാവുന്നില്ല. എവിടെയോ കുഞ്ഞുകുട്ടി പരിവാരങ്ങളുമായി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവുമെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. അതോ...?!
ങേ.. വേണ്ട.. ഇപ്പോഴും നല്ല നിലയിൽ സന്തോഷത്തോടെ ജീവിച്ചിരിക്കട്ടെ. അതു മതി അതുമതി എനിക്ക്....!!

Sukanya said...

പുറംനാട്ടില്‍ കഴിയുന്നതുകൊണ്ടാണ് ഇത്രയും തുറന്നു പറയുവാന്‍
ആയതെന്നു തോന്നുന്നു. കുശുമ്പത്തി പാറു അത്ര കുശുമ്പത്തി അല്ല.
അതുതന്നെ മുരളീജിയുടെ സുകൃതം. ഇനി എന്താവും എന്നറിയാന്‍ ഈ ബ്ലോഗ്‌
ഫാമിലിയും കാത്തിരിക്കുന്നു. ;)

vettathan g said...

ഓരോരോ യാത്രകള്‍ക്കും തിരക്കുകള്‍ക്കുമിടയില്‍ ഹൃദ്യമായ ഈ പോസ്റ്റ്‌ വായിക്കുവാന്‍ വൈകി. ആദ്യാനുരാഗത്തെ കുറിച്ചുള്ള ഈ നനുനനുത്ത ഓര്‍മ്മകള്‍ ഒരു ഭാഗ്യമാണ് .പലര്‍ക്കും അത് പങ്കുവെയ്ക്കാന്‍ നിവൃത്തിയില്ല .അക്കാര്യത്തിലും താങ്കള്‍ ഭാഗ്യവാന്‍ തന്നെ .

Areekkodan | അരീക്കോടന്‍ said...

അതിൽ കുത്തി മറിഞ്ഞ്‍ കളിച്ചതും , മറ്റുള്ള അന്നത്തെ കളി വിളയാട്ടങ്ങളുമൊക്കെ ഇന്നലെ എന്നോണം ഇപ്പോൾ ഇടക്കിടെ എന്റെ ഓർമ്മയിലേക്ക് ഒഴുകിയെത്താറുണ്ട്...ബാല്യത്തിലേക്ക് ഒരു എത്തിനോട്ടം...

Cv Thankappan said...

ആസ്വാദ്യകരമായ മനോഹരമായ എഴുത്ത്....
“ഒരിക്കലും ഒരുമിക്കുവനാകാതെ ജീവിത കാലം മുഴുവൻ പുറത്തറിയാതെ മനസ്സില്‍ താലോലിച്ച് കൊണ്ട് നടക്കുന്ന പ്രണയമാണ് ഏറ്റവും ഉത്തമമായത്” എന്ന് പറയപ്പെടുന്നു...
ആശംസകള്‍

SAYUJ K R said...


സെക്സിനേക്കാളൊക്കെയുപരി അവനോ / അവൾക്കോ
സ്നേഹവും ,സങ്കടവുമൊക്കെ പങ്ക് വെക്കുവാൻ ഒരു പങ്കാളി അനിവാര്യമാണ്...!
പണ്ടുള്ള പോലെ കൂട്ടു കുടുംബങ്ങളും മറ്റും ഇന്നില്ല ...
ഇന്ന് എല്ലായിടത്തും ചെറിയ അണു കുടുംബങ്ങൾ മാത്രം ...
നമ്മുടെയൊക്കെ പല ചട്ടങ്ങളും , ചിട്ടകളും
മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് കൂടി ചിന്തിക്കാനാണ് ...!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട പ്രദീപ് ഭായ് ,നന്ദി.വളരെ സത്യമാണ് ഭായ് ഏതൊരു പ്രണയത്തിനും തിരിഞ്ഞുനോക്കുമ്പോൾ മറ്റൊരു നിറഭംഗി തന്നെയാണ് , അതിനെയെല്ലാം കാലം ചാലിച്ചെഴുതുകായും ചെയ്യും ...


പ്രിയമുള്ള സാബു ഭായ് ,നന്ദി.ഒരു ജീവിതമേയുള്ളൂ. ഒരു പ്രാവശ്യമെങ്കിലും കിട്ടിയാലും കിട്ടിയില്ലെങ്കിലും ആത്മാർത്ഥമായി പ്രേമിക്കുക അത്ര തന്നെ ,തിരിച്ച കിട്ടുന്നതിനേക്കാൾ മധുരം തോന്നുക തിരിച്ച് കിട്ടാത്ത പ്രണയത്തിനാണെന്നാണ് എന്റെ അനുഭവം കാണിച്ച് തരുന്നത് , ആ വേദനയും ഒരു ഭാഗ്യം തന്നെയാണ് കേട്ടോ ഭായ് .പിന്നെ ഡാഷ് ബോർഡിലെ റോബട്ടിനെ കാര്യമാക്കേണ്ടതില്ല കേട്ടോ


പ്രിയപ്പെട്ട ഫൈസൽ ഭായ് ,നന്ദി. ഒരിക്കലും ഒരുമിക്കുവനാകാതെ ജീവിത കാലം മുഴുവൻ താലോലിച്ച് കൊണ്ട് നടക്കുന്ന പ്രണയം ഒരു വേദനയും സന്തോഷവും കൂടിയാണ് കേട്ടോ ഭായ് ,പിന്നെ ദുബായിലെ ആ കൂടി ചേരല്‍ വിശേഷങ്ങള്‍ കൂടി ഞാൻ എഴുതിയിട്ടുണ്ട് കേട്ടോ .

പ്രിയമുള്ള മുബി ,നന്ദി .എന്തും നഷ്ട്ടപ്പെടുമ്പോഴാണല്ലോ അതിനെ കുറിച്ചുള്ള ടു:ഖം തീവ്രമായി തീരുന്നത് ,അതെ നഷ്ട പ്രണയം ഒരു വേദനയും സന്തോഷവുംകൂടി കലർന്ന ഒരു പ്രത്യേക വികാരം തന്നെയാണ് കേട്ടോ മുബി


Delete
പ്രിയപ്പെട്ട ബിപിൻ സാർ ,നന്ദി .എന്റെ കടിഞ്ഞൂ ൽ പ്രണയ കഥ ഭാര്യക്ക് മാത്രമല്ല ,നാട്ടിലെ പറക്കുന്ന കാക്കക്ക് പോലും അറിയാവുന്ന കഥയായിരുന്നു കൊണ്ട് ,ആ പ്രണയ നായിക കൂട്ടുകാരന്റെ ഭാര്യയായപ്പോഴും ഞങ്ങളുടെ ഏറ്റവും അടുത്ത ഒരു കുടുംബ മിത്രം തന്നെയായിരുന്നു , ആ നായികയെ പറ്റി പറയുമ്പോഴെക്കെ ഞാൻ പ്രണയാവേശത്തിൽ എത്തുന്നത് കൂടിയായിരിക്കാം എന്റെ പെണ്ണുമ്പിള്ളക്ക് ഈ വിഷയം ഒരു കാര്യമേ അല്ല .കേട്ടോ ഭായ്

പ്രിയമുള്ള അശോക് ഭായ് ,നന്ദി.“ഒരിക്കലും ഒരുമിക്കുവനാകാതെ ജീവിത കാലം മുഴുവൻ താലോലിച്ച് കൊണ്ട് നടക്കുന്ന പ്രണയമാണ് ഏറ്റവും ഉത്തമമായത്” എന്ന് പറയപ്പെടുന്നു...അതെ ഇത്തരം പ്രണയിനികൾക്ക് പ്രായവും രൂപവുമൊന്നും ഒരിക്കലും മാറില്ല എന്നൊരു പ്രത്യേകത കൂടിയുണ്ട് കേട്ടോ ഭായ്

പ്രിയപ്പെട്ട സുകന്യാജി ,നന്ദി.കുശുമ്പത്തി പാറു അത്ര കുശുമ്പത്തി അല്ലാത്തതുകൊണ്ടാണല്ലോ എന്റെ ഇത്തരം കൊച്ചു കൊച്ച് കള്ളത്തരങ്ങൾക്ക് അവൾ കൂട്ട് നിൽക്കുന്നത്
എന്തായാലു അതൊരു സുകൃതം തന്നെയാണ് കേട്ടോ സുകന്യാജി .പിന്നെ ദുബായ് ട്രിപ്പും വളരെ ഭംഗിയായി കലാശിച്ചു,,,!

ആംഗ്ലേയ നാട്ടിലെ നൂറ് വർഷം പിന്നിടുന്ന മലയാളി എഴുത്തിന്റെ നാൾവഴികൾ ...! / Angleya Nattile Nooru Varsham Pinnitunna Malayaali Ezhutthinte Naalvazhikal ...!

അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും , കലക ളേ യുമൊക്കെ സ്നേഹിച്ച കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതുകൊണ്ടാണ് അവരുടെ ഭാഷയും  സംസ്കാരവും അവ...