Thursday 22 March 2018

ആനക്കമ്പം ... ! / Aanakkampam ... !

അക്ഷരം പഠിക്കുമ്പോൾ അമ്മയെന്ന വാക്കിനൊപ്പം ,
നാം ഹൃദയത്തിൽ ഏറ്റുന്ന ഒരു പദമാണ് ആന . നമ്മുടെ മലയാളം ഭാഷ ഇമ്മിണിയിമ്മിണി ആനക്കാര്യങ്ങൾ കൊണ്ട് സമൃദ്ധമാണ് . ധാരാളം ആന പഴഞ്ചൊല്ലുകളും , ആന വാക്കുകളും നിറഞ്ഞ ഒരു മലയാളമാണ് നമുക്ക് ഉള്ളത് . നമ്മുടെ രാജ്യത്തിന്റെ ദേശ മൃഗവും ആന തന്നെ ...!

ആന കഥാപാത്രമായി വരുന്ന അനേകം കഥകളും , ആനയെ പറ്റിയുള്ള ധാരാളം പുസ്തകങ്ങളും നമുക്കുണ്ട് . അതുപോലെ തന്നെ കണ്ടമാനം ആന സിനിമകളും ,ആനപ്പാട്ടുകളും മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട് .അപ്പോൾ എന്തായാലും ആനയെ കുറിച്ച് , കുറച്ച് ആനക്കാര്യങ്ങൾ ചൊല്ലിയാടാം ... അല്ലെ .

എല്ലാ ആനപ്രേമികളെയും ദു:ഖത്തിലാഴ്ത്തികൊണ്ട് ഈ മാസം , അപൂർവ്വ ലക്ഷണത്തികവുള്ള തിരുവമ്പാടി ശിവസുന്ദർ ചരിഞ്ഞു കഴിഞ്ഞപ്പോഴാണ് , എന്റെ ആനക്കമ്പത്തെ കുറിച്ച് എന്തെങ്കിലും  കുറിക്കാം  എന്ന് ഇവിടെ വന്നിരുന്നത് ...
ഞാൻ ബിലാത്തിയിൽ വന്ന ശേഷം തിരുവമ്പാടി ദേവസ്വത്തിന്റെ  ആന തറവാട്ടിലേക്ക് വന്നവനാണെങ്കിലും , ഓരോ തവണയും നാട്ടിലെത്തുമ്പോൾ ശിവസുന്ദറിന്റെ (ശിവസുന്ദർ കഥ -വീഡിയോ )  കാണുവാനുള്ള ഭാഗ്യം എനിക്ക് സിദ്ധിച്ചിട്ടുണ്ടായിരുന്നു.
ശിവസുന്ദറിന് പ്രണാമം... 🙏


എന്തോ ഈ ആനകളോടുള്ള ഇഷ്ട്ടം ചെറുബാല്യം മുതലെ എന്നിൽ അലിഞ്ഞു ചേർന്നിരുന്നു എന്നതാണ് വാസ്തവം . ഭ്രാന്ത്‌ വിഭാഗത്തിൽ പെട്ട ആനപ്രാന്തുണ്ടായിരുന്ന എന്റെ അച്ഛനിൽ നിന്നും കിട്ടിയതാണ് എനിക്കുള്ള ഈ ആനക്കമ്പം, ഇപ്പോൾ എന്റെ മകനും ആനപ്രേമം തുടങ്ങിയിട്ടുണ്ട്...


ചെറുപ്പക്കാരനായിരുന്നപ്പോൾ കണിമംഗലത്തിന്റെ തിടമ്പേറ്റുവാൻ ആനപ്പുറമേറി, അരയിൽ രണ്ടുകയ്യും കുത്തി ഗജരാജ നടത്തത്തിനൊപ്പം, ആടിയാടി പോകുമ്പോൾ കിട്ടിയിരുന്ന ഒരു ഗമയുണ്ടല്ലൊ, ആയതൊന്നും പിന്നീടെവിടെനിന്നും ഇതുവരേക്കും എനിക്ക് കിട്ടിയിട്ടില്ല...!



ഒട്ടുമിക്ക തൃശ്ശൂർകാർക്കും എന്നുമെന്നും ഗൃഹാതുരത്വം ഓർമ്മപ്പെടുത്തുന്ന
ഒരു പ്രധാന സംഗതി തന്നെയാണ് ആനയോളം പോന്ന ആനക്കാര്യങ്ങൾ...
ഒന്ന് മുതൽ 70 വരെയുള്ള ആനകളെകൂട്ടി എഴുന്നുള്ളിച്ചുള്ള 300 - ൽ പരം
കലക്കൻ ഉത്സവങ്ങളുള്ള ഏതാണ്ട് 200 -ൽ പരം നാട്ടാനകളുള്ള നാട്...
പറയ്ക്കും, പാറാവിനും,തിടമ്പേറ്റാനും, വരുമാനം ഉണ്ടാക്കുവാനും വരെ സ്വന്തം ആന കൊട്ടിലുകളും, അനേകം ആനകളുമുള്ള ദേവസ്വങ്ങളുള്ള ജില്ലയാണ് തൃശ്ശൂർ...

ആന വ്യവസായം കൊണ്ട് ജീവിക്കുന്ന അനേകം ആളുകളും, ആയതിന്റെയൊക്കെ ആയിരം ഇരട്ടി ആനപ്രേമികളുമുള്ള ഒരു നാട്...
ആനക്കട വരെയുള്ള നാട് ...
ആനയൂട്ടും, ആനയോട്ടവും, ആനച്ചമയ പ്രദർശനങ്ങളും, ഗജമേളകളും കണ്ടുവളർന്ന, ആനകളെ കൂടപ്പിറപ്പുകളെ പോലെ സ്നേഹിക്കുകയും, പരിചരിക്കുകയും ചെയ്യുന്ന ആനപ്രേമികൾ തിങ്ങിനിറഞ്ഞ സാക്ഷാൽ ഗജപോക്കിരികളുടെ നാട്... !



ഏതാണ്ട് അയ്യായിരം കൊല്ലത്തോളമായി ചരിത്രങ്ങളിൽ , ആനകൾ  മനുഷ്യന്റെയൊപ്പം സഹജീവികളായി അവന് വേണ്ടി യുദ്ധ മുഖത്തും , മറ്റും പണിയെടുത്തും ജീവിതം ഹോമിച്ചിട്ടുണ്ടെന്നുള്ളത് ഒരു വാസ്തവമാണ്...!

ആനക്ക് പുറമെ പശു/മൂരി , എരുമ/പോത്ത്  , ആട് , കുതിര , കഴുത , നായ  , പൂച്ച മുതൽ നാൽക്കാലികളും അന്നു മുതലെ ഇന്ന് വരെ മനുഷ്യന്റെ സന്തതസഹചാരികളായി സ്നേഹവും,  പീഡനവും ഏറ്റുവാങ്ങി കാലം കഴിച്ചു കൂട്ടുന്നത് എന്നതും ഒരു സത്യം തന്നെയാണ് ...!

മനുഷ്യനാൽ ഏറ്റവും കൂടുതൽ സ്നേഹവും , പീഢനവും അനുഭവിക്കുന്നത് ഇരുകാലി മൃഗങ്ങളായ അവന്റെ സ്വന്തം സഹജീവികളായ മനുഷ്യർ തന്നെയാണെന്നാണ് ഈയിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയ വാസ്തവം എന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ട ഒരു സംഗതിയാണ് ...!
  

അവരവരുടെ അനുവാദമില്ലാതെ, സമ്മതമില്ലാതെ ജന്മനാൽ
തന്നെ നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിൽ ചാർത്തിക്കിട്ടുന്ന
ചിലതാണ് ജാതി , മതം , ഗോത്രം മുതലായ സംഗതികൾ . പിന്നെ ജനിച്ച നാട് ,
കാലാവസ്ഥ , ഭാഷ , സാഹചര്യം എന്നീ അനേകം കാര്യങ്ങളിലൂടെ  ഓരോരുത്തരുടെയും
ഭാഷയും , ഭക്ഷണക്രമങ്ങളും , ഇഷ്ടങ്ങളും , സ്വഭാവ രൂപീകരണങ്ങളും മെല്ലെ മെല്ലെ അവരുടെയൊക്കെ ജീവിതത്തിൽ നടപ്പായിക്കൊണ്ടിരിക്കുകയും ചെയ്യപ്പെടുന്നു ...

ഇതുപോലെ  എന്റെ ഇഷ്ടങ്ങളിൽ ഞാനറിഞ്ഞൊ ,അറിയാതെയൊ കയറിക്കൂടിയ ഒരു സംഗതിയാണ് ആനക്കമ്പം . ഒരു പക്ഷെ ചെണ്ടപ്പുറത്ത് കോലുവെക്കുന്നിടം മുഴുവൻ ഓടിയെത്താറുണ്ടായിരുന്ന  ഒരാളുടെ മകനായി ജനിച്ചത് കൊണ്ടാവാം ഈ സ്വഭാവം എന്നിലേക്ക് പകർന്ന് കിട്ടിയത് ...

ബാല്യകാലത്ത് നാട്ടിലെ വിഷുവേലയോടനുബന്ധിച്ച് 'സിന്ദൂര ചെപ്പ് ' എന്ന സിനിമയുടെ ഷൂട്ടിങ്ങ് , അച്ഛനോടൊപ്പം കണ്ട നാൾ മുതൽ തുടങ്ങിയ ആനക്കമ്പം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു എന്ന് മാത്രം .
ഞങ്ങളുടെ നാടിനുചുറ്റും കൊല്ലത്തിലെ ഒട്ടുമിക്ക മാസങ്ങളിലും അരങ്ങേറാറുള്ള പൂരങ്ങളിലും ,വേലകളിലും ആനകളുടെ നിറ സാന്നിദ്ധ്യം കാരണം , പിന്നീട് പല നാട്ടാനകളെയും , അവയുടെ  പാപ്പാന്മാരെയും , ഉടമകളെയുമൊക്കെ ചെറുപ്പം മുതലെ തിരിച്ചറിയുവാൻ പറ്റിയെന്നുള്ളതും എന്റെ ആന പ്രേമം , ഒരു പന പോലെ വളരുവാൻ സഹായിച്ചു എന്നുള്ളതും ഒരു പ്രത്യകതയാണ്  .
ചിങ്ങമാസത്തിലെ നാട്ടിലുള്ള ശ്രീധരമംഗലം  അമ്പലത്തിലെ എഴുന്നള്ളിപ്പ് , തുലാമാസത്തിലെ ഭഗവതിപ്പറ , വൃശ്ചികത്തിലെ അയ്യപ്പൻ കാവിലെ ആറാട്ട് , മകരമാസത്തിലെ കൂർക്കഞ്ചേരി തൈപ്പൂയം , കുംഭമാസത്തത്തിലെ വലിയാലക്കൽ അശ്വതി വേല , പനമുക്ക് ശിവരാത്രിയുത്സവം , നെടുപുഴ പൂരം , മേടത്തിലെ വട്ടപ്പൊന്നി വിഷുവേല മുതൽ പരിസരങ്ങളിലുള്ള പാറമേക്കാവ് വേലയും , തിരുവമ്പാടി ഉത്സവവും , തൃശൂർ പൂരവും , ആറാട്ടുപുഴ പൂരവുമൊക്കെ ആനകളെ കെട്ടിയെഴുന്നുള്ളിച്ചുള്ള മേളപ്പെരുക്കങ്ങളായതിനാൽ എന്റെ ആന സ്നേഹം ഒരു ആനപ്പറയോളം എന്നുമെന്നോണം വളർന്നു വന്നു ...!

ചെറുപ്പത്തിലൊക്കെ ഞങ്ങളുടെ നാട്ടിൽ മദപ്പാടും  , നീരും വന്ന ആനകളെ തളച്ചിടാറുള്ള വട്ടപ്പൊന്നി അമ്പല പരിസരത്തെ ആൽച്ചുവട്ടിലും , ഊട്ടിപ്പറമ്പിലെ തടിയൻ പുളിയൻ ,പേരക്ക മാവുകളുടെ  ഇടയിലും , ചങ്ങലകൊണ്ട് കൂച്ചുവിലങ്ങിട്ട് തളച്ചിട്ടിരിക്കുന്ന ആനകളുടെ ഗോഷ്ടികൾ കണ്ടിരിക്കാനും , കൊല്ലം തോറും നടക്കാറുള്ള ആനയൂട്ടുകൾ , ഗജ മേളകൾ മുതലായ സംഗതികളും ,മറ്റും അകലം ദേശങ്ങളിൽ നിന്നും ബന്ധുക്കളും , മിത്രങ്ങളും വരുമ്പോൾ  അവരെയൊക്കെ കൂട്ടി  ഗുരുവായൂർ (പുന്നത്തൂർ കോട്ട ), ശങ്കരംകുളം , തിരുവമ്പാടി , പാറമേക്കാവ് ,കുട്ടൻകുളങ്ങര ദേവസ്വങ്ങളിലെ ആനത്താവളങ്ങൾ കൊണ്ട് കാട്ടികൊടുക്കുക , 82 -ൽ ഡൽഹി ഏഷ്യാഡിലേക്ക് തൃശൂർ നിന്നും തീവണ്ടിയിൽ ആനകളെ കയറ്റി വിടുമ്പോഴുമൊക്കെ എത്രയെത്ര സമയമാണ് , ഈ ആനക്കമ്പം കാരണം എനിക്ക് പോയി കിട്ടിയിട്ടുള്ളത് ...!

പൂരങ്ങളും , ഉത്സവങ്ങളും , വേലകളൊന്നുമില്ലാത്തപ്പോൾ ഉണ്ടാകാറുള്ള ആനയൂട്ടിലും  , ഗജമേളയിലുമൊക്കെ പങ്കെടുക്കുമ്പോഴുള്ള ഒരു സായൂജ്യം ഒന്ന് വേറെ തന്നെയായിരുന്നു എനിക്ക് .
അതുപോലെ തന്നെ ഇടഞ്ഞോടിയ ആനയെയും , മദം   പൊട്ടി കലിപ്പുണ്ടാക്കുന്ന ആനയെയും മയക്കുവെടി വെച്ച് തളക്കുന്ന ആൾക്കൂട്ടത്തിനിടയിൽ , എത്രയും പെട്ടെന്ന് എത്തിപ്പെട്ട് , അതെല്ലാം കാത്ത് കണ്ടു നിൽക്കുന്നതും എന്തോ വിരോധാഭാസം പോലെ എനിക്ക് ഒരു ഹരമുള്ള കാഴ്ച്ച തന്നെയായിരുന്നു ...!

ഗുരുവായൂർ കേശവൻ , കൗണ്ടൻ , തിരുവമ്പാടി  ചന്ദ്രശേഖരൻ , തിരുവമ്പാടി ശിവസുന്ദർ , തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ , പാമ്പാടി രാജൻ മുതൽ ചിറക്കൽ കാളിദാസൻ ( ഗജം -ആനപ്പാട്ട് -വീഡിയോ) വരെയുള്ള  എത്രയെത്ര ലക്ഷണമൊത്ത ആനകൾ ഗജരാജ നടത്തം താണ്ടിയ വഴികളാണ് നമ്മുടെ നാട്ടിൽ അങ്ങോളമിങ്ങോളമുള്ളത് അല്ലെ ... !

ഇന്ന് കേരളത്തിൽ പല ആന പ്രേമികളായ ഉടമകളുടെയും  , പ്രതാപമുള്ള തറവാട്ടുകാരുടെയും  , അമ്പലങ്ങളുടെയും ഒന്നൊ , രണ്ടോ ആനകൾ അടക്കം പല വമ്പൻ ദേവസ്വങ്ങളുടെയും ,ഗവർ മെന്റിന്റെയും വകയുള്ള പതിനഞ്ചോളമുള്ള ആനത്തറവാടുകളിലും (കൊട്ടിലുകൾ) കൂടി എണ്ണൂറോളം നാട്ടാനകൾ നമ്മുടെ ദേശങ്ങളിൽ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത് ...
ആയതിലെ ഏറ്റവും തലയെടുപ്പുള്ള
ഇപ്പോഴുള്ള 20 കൊമ്പന്മാർ താഴെ കാണുന്നവരാണെത്രെ ...!



ഭൂമദ്ധ്യരേഖ പ്രദേശങ്ങളായ ആഫ്രിക്ക , തെക്കനേഷ്യ രാജ്യങ്ങളിലെ കാടുകളിലും , നാടുകളിലും മാത്രം കണ്ടുവരുന്ന ആകാരവടിവുകൊണ്ടും ,
ഭംഗികൊണ്ടും ലോകത്തിലെ  ഏറ്റവും മനോഹരമായ ജീവികളിൽ പെട്ട ഒന്നായ  ആളുകൾക്കെല്ലാം എന്നും കൗതുകം ജനിപ്പിക്കുന്ന ആനയെ ഒന്ന് നേരിട്ട് കാണുവാൻ വേണ്ടി മാത്രം ആഗോള തലത്തിലുള്ള വിനോദ സഞ്ചാരികൾ  എത്ര പണം ചിലവാക്കുന്നുണ്ടെന്നറിഞ്ഞാൽ മാത്രം മതി ആനയുടെ മതിപ്പ് അറിയുവാൻ ...!

ഇന്ന്  ലോകത്തുള്ള ഒട്ടുമിക്ക വമ്പൻ സിറ്റികളിലുള്ള മൃഗശാലകളിലും , സഫാരി പാർക്കുകളിലും സന്ദർശകർക്ക് ഏറ്റവും പ്രിയപ്പെട്ട  കാഴ്‍ച്ച സമ്മാനിക്കുന്നതും ആനയെന്ന കരയിലെ ഏറ്റവും വലിയ ജീവി തന്നെയാണെന്ന് പറയപ്പെടുന്നു ...

നാട്ടാനകളും , കാട്ടാനകളും , ആന പൂരങ്ങളും ,
ആനക്കാടുകളും ,ആനപ്പാട്ടുകളും , ആന സിനിമകളും ,
ആനയെ കുറിച്ചുള്ള പുസ്തകങ്ങളും ,ഡോക്യുമെന്ററികളും ഉള്ളിടത്തോളം
കാലം ഞങ്ങളെപ്പോലുള്ള ആനക്കമ്പക്കാരും , ആന പ്രേമികളും  , ആന സംരക്ഷകരും
എന്നും എപ്പോഴും ഉണ്ടായികൊണ്ടിരിക്കും എന്നത് തന്നെയാണ് ഏറ്റവും വലിയ ആനക്കാര്യം ...!


ഇനി ആനക്കാര്യത്തിനിടക്ക് അൽപ്പം ചേനക്കാര്യം ..
 
ഭംഗിയും കൗതുകവും നിറഞ്ഞ, കരയിലെ ഏറ്റവും വലിയ ജീവിയുടെ വിശേഷങ്ങൾ ...

Read more at: http://www.manoramaonline.com/environment/indepth/world-elephant-day/what-we-know/elephants.html
ഭംഗിയും കൗതുകവും നിറഞ്ഞ, കരയിലെ ഏറ്റവും വലിയ ജീവിയുടെ വിശേഷങ്ങൾ...

Read more at: http://www.manoramaonline.com/environment/indepth/world-elephant-day/what-we-know/elephants.html
ഭംഗിയും കൗതുകവും നിറഞ്ഞ, കരയിലെ ഏറ്റവും വലിയ ജീവിയുടെ വിശേഷങ്ങൾ...

Read more at: http://www.manoramaonline.com/environment/indepth/world-elephant-day/what-we-know/elephants.html

11 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ആന കഥാപാത്രമായി വരുന്ന അനേകം കഥകളും , ആനയെ പറ്റിയുള്ള

ധാരാളം പുസ്തകങ്ങളും നമുക്കുണ്ട് . അതുപോലെ തന്നെ കണ്ടമാനം ആന

സിനിമകളും ,ആനപ്പാട്ടുകളും മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട് .അപ്പോൾ എന്തായാലും

ആനയെ കുറിച്ച് , കുറച്ച് ആനക്കാര്യങ്ങൾ ചൊല്ലിയാടാം ...

ഏതാണ്ട് അയ്യായിരം കൊല്ലത്തോളമായി ചരിത്രങ്ങളിൽ , ആനകൾ

മനുഷ്യന്റെയൊപ്പം സഹജീവികളായി അവന് വേണ്ടി യുദ്ധ മുഖത്തും , മറ്റും

പണിയെടുത്തും ജീവിതം ഹോമിച്ചിട്ടുണ്ടെന്നുള്ളത് ഒരു വാസ്തവമാണ്...!



ആനക്ക് പുറമെ പശു/മൂരി , എരുമ/പോത്ത് , ആട് , കുതിര , കഴുത ,

നായ , പൂച്ച മുതൽ നാൽക്കാലികളും അന്നു മുതലെ ഇന്ന് വരെ മനുഷ്യന്റെ

സന്തതസഹചാരികളായി സ്നേഹവും, പീഡനവും ഏറ്റുവാങ്ങി കാലം കഴിച്ചു

കൂട്ടുന്നത് എന്നതും ഒരു സത്യം തന്നെയാണ് ...!



മനുഷ്യനാൽ ഏറ്റവും കൂടുതൽ സ്നേഹവും , പീഢനവും അനുഭവിക്കുന്നത് ഇരുകാലി

മൃഗങ്ങളായ അവന്റെ സ്വന്തം സഹജീവികളായ മനുഷ്യർ തന്നെയാണെന്നാണ് ഈയിടെ

നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയ വാസ്തവം എന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ട

ഒരു സംഗതിയാണ് ...!

ഇതാ അല്പസൽപ്പം ആനക്കാര്യങ്ങൾ ....

വീകെ said...

ആനക്കഥ കൊള്ളാംട്ടോ...
പക്ഷേ, എനിക്ക് പേടിയാ ഇവറ്റോൾടെ അടുത്തേക്ക് ചെല്ലാൻ.
ആശംസകൾ ....

മാധവൻ said...

മുരളിച്ചേട്ടാ ,,,ആനച്ചരിതം കൊള്ളാം കേട്ടോ ...ആനസിനിമകളുടെ ലിങ്ക് കൊടുത്തത് വളരെ നന്നായി ..
എനിക്ക് പക്ഷെ ആനകളെ ഒട്ക്കത്തെ പേടിയാ ,എപ്പഴാ പിടിച്ചു കോർക്കുക എന്നറിയില്ലല്ലോ

© Mubi said...

എന്‍റെ കുട്ടികാലത്ത് പട്ടാമ്പി അമ്പലത്തില്‍ ഒരു കുട്ടിയാനയുണ്ടായിരുന്നു.. അവനായിരുന്നു ഞങ്ങളുടെ താരം... പുഴയിലെ നീരാട്ട് കഴിഞ്ഞൊരു വരവുണ്ട്, അത് കാണാനായി കാത്തിരിക്കുന്ന കുട്ടികളും! മുരളിയേട്ടന്‍റെ ആനക്കഥകള്‍ നന്നായിട്ടുണ്ട്...

വിനുവേട്ടന്‍ said...

എനിക്കും പേടിയാ മുരളിഭായ് ഈ ആനകളെ... ദാ ഇന്നലേം കൂടി ഒരു ആനയുടെ അരികിലൂടെ വണ്ടി ഓടിച്ച് പോയതേയുള്ളൂ... ആ തുമ്പിക്കൈ വച്ച് ഒന്ന് വീശിയാൽ കഴിഞ്ഞില്ലേ മ്മ്ടെ കഥ....

Punaluran(പുനലൂരാൻ) said...

മുരളിഭായി ആനചരിതം നന്നായി .. മനുഷ്യനും ആനയും തമ്മിലുള്ള ചരിത്രം ..നല്ല അറിവ്

Manikandan said...

ഇവിടെ എന്റെ നാട്ടിലും ഉണ്ട് ആനക്കമ്പം ഉള്ള ധാരാളം ആളുകൾ. ആന ബിസിനസ്സ് നടത്തുന്ന ബന്ധുക്കളും ഉണ്ട്. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ അമ്പലത്തിൽ ഉത്സവത്തിനുള്ള ചമയവും ആനകളും ശങ്കരങ്കുളങ്ങരെ ദേവസ്വത്തിന്റേതായിരുന്നു. പിന്നീട് തിരുവമ്പാടിയിലായി. മാധവൻകുട്ടിസാറുമായി എന്റെ ചേട്ടനുണ്ടായിരുന്ന അടുപ്പം. ഇപ്പോൾ മികച്ച കൊമ്പന്മാർ വരുന്നു. ചമയം അമ്പലക്കാർ സ്വന്തമായി ഉണ്ടാക്കി. ആൻ ഇല്ലാത്ത പൂരങ്ങൾ സങ്കല്പിക്കാൻ പറ്റുന്നില്ല ഇപ്പോൾ. എന്റെ കുട്ടിക്കാലത്തൊക്കെ മൂന്ന് ആനകൾ ആയിരുന്നു. പിന്നെ അഞ്ചായി, ഏഴായി അങ്ങനെ പതിനഞ്ചാനകൾ വരെ വന്ന പൂരം ഉണ്ടായിട്ടുണ്ട് ഇപ്പോൾ കുറെ വർഷങ്ങൾ ആയി ഒൻപതാനകളിൽ ഒതുക്കുന്നു.

ജിമ്മി ജോൺ said...

ശരിക്കും ആനക്കാര്യങ്ങൾ തന്നെ... വായിച്ച് കൊതിയായി (ആനപ്പുറത്തിരിക്കുന്ന ബിലാത്തിയേട്ടനെ കണ്ടപ്പോൾ ഇത്തിരി അസൂയയും..)

കുട്ടിക്കാലത്ത് അമ്മയുടെ വീട്ടിൽ പോകുമ്പോൾ, ആ നാട്ടിലെവിടെയെങ്കിലും തടി വലിക്കാൻ കൊണ്ടുവന്നിട്ടുള്ള ആനയെയും കൂട്ടി വീട്ടിലെത്തുന്ന വല്ല്യപ്പനിലൂടെയാണ് എന്നിലെ ‘ആനപ്പൂതി’ ആനയോളം വളർന്നത്! വീടിനടുത്തുള്ള തോട്ടിലെ ആനക്കുളിയും അതിനുശേഷം വല്ലക്കുട്ടയിൽ നിന്നും വലിയ ഉരുളകളുരുട്ടിയുള്ള ആനയൂട്ടും.. ആഹ്, ഓർമ്മകൾക്കെന്ത് മധുരം!!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അശോക് ഭായ് , നന്ദി .ആന പീഡനങ്ങളെ കുറിച്ച് തന്നെയാണ് ഇപ്പോൾ കൂടുതൽ പേരും സംസാരിക്കാറും ,എഴുതാറും ഉള്ളത് .അപ്പോൾ എന്തായാലും എന്റെ ആനക്കമ്പത്തെ കുറിച്ച കുറച്ച് പറയാമെന്ന് വെച്ചാണ് ഇതെഴുതിയത് കേട്ടോ ഭായ്


പ്രിയമുള്ള വഴിമരങ്ങൾ ,നന്ദി . മദപ്പാട് സമയത്താണ് ഒട്ടുമിക്ക ആനകളും കുഴപ്പക്കാരാകുന്നത് ,അല്ലാത്തപ്പോൾ ആനകൾ സ്നേഹ സമ്പന്നർ തന്നെയാണ് . പിന്നെ നാട്ടിലെ ആന സിനിമളെക്കാൾ വളരെ ഹരമുള്ള സിനിമകൾ തന്നെയാണ് ആ ലിങ്കിലുള്ള ആന സിനിമകൾ കേട്ടോ ഭായ്


പ്രിയപ്പെട്ട മുബി ,നന്ദി .കുട്ടിയാനകൾ എന്നും എപ്പോഴും എവിടെയും ഒരു താരം തന്നെയാണ് . ഞങ്ങളുടെ നാട്ടിലെ മുണ്ടേപ്പാട്ട് മനയിലും ഇതുപോലെ ഞങ്ങളോടൊപ്പം വളർന്നു വന്ന കുട്ടികൃഷ്ണൻ എന്ന ഒരു കൊച്ചു കൊമ്പൻ ഉണ്ടായിരുന്നു ,പിന്നീടവനെ ഒരു മര കമ്പനിക്കാർ കൊണ്ടുപോയപ്പോൾ സങ്കടപ്പെട്ടത് ഞങ്ങളായിരുന്നു....

പ്രിയമുള്ള വിനുവേട്ടൻ ,നന്ദി . നമ്മുടെ ചുറ്റുമുള്ള ചില മനുഷ്യരെയൊക്കെ പേടിക്കുന്ന പോലെയൊന്നും ആനകളെ പേടിക്കുക വേണ്ട കേട്ടോ വിനുവേട്ടാ , നൂറ്റാണ്ടുകളായി മനുഷ്യന്റെ സന്തത സഹചാരികളാണ് ആനകൾ ...

പ്രിയപ്പെട്ട സാംസൺ ഭായ് ,നന്ദി . മനുഷ്യനും ആനയും തമ്മിലുള്ള സൗഹൃദ ബന്ധം തുടങ്ങിയിട്ട് ഇപ്പോൾ ഏതാണ്ട് അമ്പത് നൂറ്റാണ്ട് കഴിഞ്ഞു . ഈ ബന്ഥങ്ങൾ ആനയുള്ള കാലം വരെ തുടരുമെന്ന് തന്നെ നമുക്ക് വിശ്വസിക്കാം അല്ലെ ഭായ് .

പ്രിയമുള്ള മണികണ്ഠൻ ഭായ് ,നന്ദി .ഇന്ന് നമ്മുടെ നാട്ടിൽ ആനക്കമ്പമുള്ളവർ എല്ലാ ദേശങ്ങളിലും ഉണ്ട്.ആനകൾ തന്നെയാണ് ഇന്ന് മിക്ക ഉത്സവങ്ങളുടെയും പ്രൗഡി നിലനിർത്തുന്നത് .പിന്നെ ഇപ്പോൾ ഉത്സവങ്ങൾക്കെല്ലാം പഴയതിൽ കവിഞ്ഞു അനേകം സംരക്ഷണങ്ങൾ ആനകൾക്ക് കിട്ടുന്നുണ്ടെന്നത് ഒരു നല്ല പ്രതീക്ഷയാണ് അല്ലെ ഭായ്

ബൈജു മണിയങ്കാല said...

ആനക്കാര്യം കഴിഞ്ഞു ആ ചേന കാര്യത്തിന്റെ ചിത്രവും അതിന്റെ നിഷ്കളങ്കമായ തലേക്കെട്ടും വായിച്ചു ചിരിച്ചു മരിച്ചു.

Sayuj said...

ഏതാണ്ട് അയ്യായിരം കൊല്ലത്തോളമായി ചരിത്രങ്ങളിൽ ,
ആനകൾ മനുഷ്യന്റെയൊപ്പം സഹജീവികളായി അവന്
വേണ്ടി യുദ്ധ മുഖത്തും , മറ്റും പണിയെടുത്തും ജീവിതം ഹോമിച്ചിട്ടുണ്ടെന്നുള്ളത്
ഒരു വാസ്തവമാണ്...!

ആനക്ക് പുറമെ പശു/മൂരി , എരുമ/പോത്ത് , ആട് , കുതിര , കഴുത ,
നായ , പൂച്ച മുതൽ നാൽക്കാലികളും അന്നു മുതലെ ഇന്ന് വരെ മനുഷ്യന്റെ
സന്തതസഹചാരികളായി സ്നേഹവും, പീഡനവും ഏറ്റുവാങ്ങി കാലം കഴിച്ചു കൂട്ടുന്നത്
എന്നതും ഒരു സത്യം തന്നെയാണ് ...!

മനുഷ്യനാൽ ഏറ്റവും കൂടുതൽ സ്നേഹവും , പീഢനവും അനുഭവിക്കുന്നത് ഇരുകാലി
മൃഗങ്ങളായ അവന്റെ സ്വന്തം സഹജീവികളായ മനുഷ്യർ തന്നെയാണെന്നാണ് ഈയിടെ
നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയ വാസ്തവം എന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ട
ഒരു സംഗതിയാണ് ...!

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...