Friday, 29 June 2018

മലയാളിത്വം കൈവിട്ടു പോകാത്ത ബിലാത്തി മലയാളികൾ ... ! / Malayalithwam Kaivittu Pokattha Bilathi Malayalikal ...!

അനേകം  മലയാളി വംശജർ ഇന്ന് യൂറോപ്പിലാകെ അങ്ങോളമിങ്ങോളം പല രാജ്യങ്ങളിലുമായി അധിവസിച്ചു വരുന്നുണ്ട് .  
അതിൽ ഏതാണ്ട് രണ്ട് ലക്ഷത്തോളം മലയാളി വംശജരുമായി ആയതിൽ ഏറ്റവും കൂടുതൽ മലയാളികളായ  പ്രവാസികളുള്ളത് 'ആംഗലേയ നാടുകൾ ' എന്നറിയപ്പെടുന്ന 'ഇംഗ്ലണ്ട് , വെയിൽസ് , സ്കോട്ട് ലാൻഡ്  , അയർലണ്ടുകൾ' എന്നീ രാജ്യങ്ങളിലാണ് .
അതുകൊണ്ടിപ്പോൾ  മലയാളത്തേയും, ആയതിന്റെ സാംസ്‌കാരിക ചുറ്റുവട്ടങ്ങളെയും സ്നേഹിക്കുന്ന ധാരാളം ആളുകൾ ഇന്ന് യു. കെ യിലും , പരിസര പ്രദേശങ്ങളിലുമായുണ്ട്...

അതായത് ഇവിടെയുള്ള വിദേശി വംശീയരിൽ ഏറ്റവും  കൂടുതലുള്ള ഭാരതീയരിൽ ഗുജറാത്തികൾക്കും , പഞ്ചാബികൾക്കും ശേഷം മൂന്നാം സ്ഥാനം അലങ്കരിക്കുന്നതിപ്പോൾ മലയാളികളാണ്‌... !
കഴിഞ്ഞ ഒന്നേകാൽ നൂറ്റാണ്ട്  മുമ്പ് മുതൽ മലയാളികൾ ജീവിതം മെച്ചപ്പെടുത്തുവാൻ വേണ്ടി ബ്രിട്ടനിൽ  വന്ന് ചെറിയ രീതിയിൽ സ്ഥിര താമസമായെങ്കിലും , വ്യാപകമായ കുടിയേറ്റം ഉണ്ടായതും അവർ തമ്മിലുള്ള കൂട്ടായ്മകൾ കെട്ടിപ്പടുത്തതും പിന്നീട് അര നൂറ്റാണ്ടിന് ശേഷമാണ് ...

പിന്നീടവർ കലാ കായിക സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ ചുവട് വെച്ച് തുടങ്ങിയപ്പോൾ നമ്മുടെ നാടിന്റേതായ പലതും ഈ കുടിയേറ്റ നാട്ടിലേക്കും പറിച്ചു നട്ടു .

വേറൊരു വിധത്തിൽ പറഞ്ഞാൽ ജീവിത വണ്ടിയിൽ പ്രാരാബ്ദങ്ങളുടെ ഭാരവുമേറ്റി അവർക്ക് സ്വന്തം വീടും , നാടുമൊക്കെ വിട്ട് പാലായനം ചെയ്യേണ്ടി വന്നിട്ടും അവർ ജനിച്ച നാടിന്റെ നന്മകളും , സംസ്കാരങ്ങളും, മറ്റും മറക്കാതെ മനസ്സിന്റെ ഒരു കോണിൽ വെച്ച് താലോലിച്ച്  - ആ വിഹ്വലതകൾ മുഴുവൻ കലാ സാഹിത്യ കായിക  രൂപങ്ങളിൽ കൂടി പുറത്തുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നും പറയാം .അതിമനോഹരമായ രണ്ട് ബൃഹത്തായ ഉത്സവാഘോഷങ്ങൾ  മുൻ വർഷത്തെക്കാൾ കെങ്കേമമായിട്ടും , വിപുലമായിട്ടും അണിയിച്ചൊരിക്കിയാണ് യു.കെ മലയാളികൾ - ബ്രിട്ടൻ നിവാസികളെ ഇത്തവണയും കോരിത്തരിപ്പിക്കുന്നത് .
ഈ വാരാന്ത്യത്തിൽ ജൂൺ 30 , ശനിയാഴ്‍ച്ച അരങ്ങേറുന്ന ഇംഗ്ലണ്ടിലെ ചരിത്ര പ്രധാന്യമുള്ള  സാംസ്‌കാരിക നഗരമായ ഓക്സോഫോർഡിൽ , 'കേരള പൂരം 2018' എന്ന പേരിൽ മലായാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ' യുക്മ ' ഒരുക്കുന്ന കേരളത്തിന്റെ തനതായ രീതിയിലുള്ള 'വള്ളം കളി മാമാങ്കമാണ്  ആദ്യ പരിപാടി.
പിന്നെ പിറ്റേ ദിനം , ജൂലായ്  1 , ഞായാറാഴ്‍ച്ച ' മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ' യുടെ നേതൃത്വത്തിൽ ലണ്ടനിൽ വെച്ച്  അരങ്ങേറുന്ന 'കേരളോത്സവം 2018' മാണ്  ഈ മലയാളി സാംസ്‌കാരിക ചിട്ടവട്ടങ്ങൾ മുഴുവൻ ആവിഷ്കരിച്ച് നടത്തുന്ന രണ്ടാമത്തെ പരിപാടി .
തികച്ചും വേറിട്ട രണ്ട്  മലയാളി ഉത്സവ ആഘോഷ മേളങ്ങൾ ...!
മഞ്ഞുകാലം കഴിയുമ്പോൾ മാർച്ച് മാസം മുതൽ ഇലകൾ തളിരിട്ട് പൂക്കാലമായ വസന്ത കാലം കഴിയുന്ന ജൂണിൽ , നീണ്ട പകലുകളുള്ള ഈ ഗ്രീഷ്മകാലത്തെ പാശ്ചാത്യർ എന്നും വരവേറ്റുകൊണ്ടിരിക്കുന്നത് നാനാതരം ഉത്സവ തിമിർപ്പുകളോടെയാണ് .
അതിന്റെ ഭാഗമായാണ് പ്രവാസി മലയാളികൾ  ആമദത്തോടെ , ആരവത്തോടെ  , ആവേശത്തോടെ താളമേളങ്ങളും , നൃത്ത ചുവടുകളുമായി അവരുടെ തനതായ കലാ കായിക സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ച് ആംഗലേയ നാട്ടിലുള്ളവരെയൊക്കെ ആനന്ദിപ്പിക്കുന്നത് ...!
കുട്ടനാടൻ ഗ്രാമങ്ങളുടെ പേരുള്ള 32 ചെറിയ ചുണ്ടൻ വള്ളങ്ങൾ 4 ടീമുകൾ  വീതം 8 ഹീറ്റ്സുകളിലായി  മത്സരിച്ച് , അതിൽ ജേതാക്കളാകുന്ന 2 ടീമുകൾ ,  അടുത്ത ഊഴത്തിലേക്കും , അതിൽ നിന്ന് സെമി ഫൈനൽ - ഫൈനൽ വരെയുള്ള കേരളത്തിലെ പോലെയുള്ള വള്ളം കളി മത്സരങ്ങൾ തന്നെയാണ് ഓക്സ്ഫോർഡിൽ അരങ്ങേറുക .
ജൂൺ 30 ന് ഓക്സ്ഫോർഡിലെ  ഫാർമൂർ റിസർവോയറിൽ രാവിലെ 10 മണിക്ക് നടക്കുന്ന വള്ളം കളി മത്സരത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കുന്നത് നാട്ടിൽ നിന്നും എത്തിച്ചേരുന്ന കേരള നിയമ സഭ സ്പീക്കർ ശ്രീ .പി.രാമകൃഷ്‌ണനാണ് .
അന്ന് വൈകീട്ട് നടക്കുന്ന 'യുക്മ' യുടെ ദശ വാർഷികാഘോഷങ്ങളുടെ ഉദ്‌ഘാടനം  ശ്രീ .ശശി തരൂർ എം.പി യും നിർവ്വഹിക്കും ,  എം.എൽ.എ മാരായ ശ്രീ .വി.ടി .ബൽറാം ,ശ്രീ.റോഷി അഗസ്റ്റിൻ അടക്കം ധാരാളം വിശിഷ്ട്ട വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങുകൾ കൂടാതെ മറ്റനേകം കലാസാംസ്കാരിക പരിപാടികളും അന്നവിടെ അരങ്ങേറുന്നുണ്ട് .
മലയാളി രുചി ഭേദങ്ങളുടെ ഭക്ഷണ ശാലകളും , കുട്ടികൾക്കുള്ള കളിസ്ഥലങ്ങളും , 5000 കാറുകൾക്ക് വരെ പാർക്കിംങ്‌  സൗകര്യമടക്കം ,ഒരു ഹെലിപ്പാഡ് വരെ സംഘടാകർ അതിഥികൾക്കും ,മത്സരാർത്ഥികൾക്കും , കാണികൾക്കും വേണ്ടി ഒരുക്കിയിട്ടുണ്ട് .
ഇനി കാണാൻ പോകുന്ന ഈ കേരളം പൂരത്തെ കുറിച്ച് പറഞ്ഞറിയിക്കേണ്ട കാര്യം ഇല്ലല്ലൊ .
അതുപോലെ 'മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ 'ആഭിമുഖ്യത്തിൽ ലണ്ടനിൽ എല്ലാ വർഷവും കൊണ്ടാടാറുള്ള 'കേരള കാർണിവലായ' ഇക്കൊല്ലത്തെ 'കേരളോത്സവ് 2018' , അതിവിപുലമായി ,  ഈ ജൂലായ് മാസം ,  1  - ന് ഞായറാഴ്ച , രാവിലെ 10 മണി മുതൽ 'ഈസ്ററ് ഹാമി'ലുള്ള 'ഫ്ളാണ്ടെസ്സ് ഫീൽഡി'ൽ ആരംഭിക്കും .
കേരളീയ പുടവകൾ ഉടുത്തണിഞ്ഞൊരുങ്ങി വന്ന് 200 പരം മലയാളി മങ്കമാർ നൃത്ത ചുവടുകളുമായി കളിക്കുന്ന 'മെഗാ തിരുവാതിരക്കളി'യാണ് ഇത്തവണത്തെ കേരളോത്സവത്തിന്റെ എടുത്തു പറയാവുന്ന മേൻമ ...!

കൂടാതെ പാട്ടും , ക്‌ളാസ്സിക് നാട്യങ്ങളും , നൃത്തങ്ങളും , വടം വലി മത്സരങ്ങളും , ഓട്ട ചാട്ട മത്സരങ്ങളുമടക്കം ധാരാളം കായിക വിനോദങ്ങളും , ഒപ്പം  തന്നെ നല്ല  രുചിയുള്ള നാടൻ ഗൃഹ വിഭവങ്ങളുമൊക്കെയായി ശരിക്കും സന്തോഷകരമായി കൊണ്ടാടാവുന്ന തനി ഉത്സവ മേളങ്ങൾ തന്നെയാണ്  അന്നവിടെ പങ്കെടുക്കുന്നവർക്ക് ആസ്വാദിക്കാനാവുക...

അതെ നമ്മുടെ തനതായ കലാ കായിക 
സാംസ്കാരിക താളമേളങ്ങൾ കാത്തു സൂക്ഷിക്കുന്ന ,  
ഇന്നും മലയാളിത്വം കൈവിട്ടുപോകാത്ത പ്രവാസികൾ
തന്നെയാണ് ,   മലയാളത്തെ എന്നും സ്നേഹിക്കുന്ന ഈ ബിലാത്തി മലയാളികൾ ...!

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ നമ്മുടെ തനതായ കലാ കായിക

സാംസ്കാരിക താളമേളങ്ങൾ കാത്തു സൂക്ഷിക്കുന്ന ,

ഇന്നും മലയാളിത്വം കൈവിട്ടുപോകാത്ത പ്രവാസികൾ

തന്നെയാണ് , മലയാളത്തെ എന്നും സ്നേഹിക്കുന്ന ഈ

ബിലാത്തി മലയാളികൾ ...!
മഞ്ഞുകാലം കഴിയുമ്പോൾ മാർച്ച് മാസം മുതൽ ഇലകൾ തളിരിട്ട്

പൂക്കാലമായ വസന്ത കാലം കഴിയുന്ന ജൂണിൽ , നീണ്ട പകലുകളുള്ള

ഈ ഗ്രീഷ്മകാലത്തെ പാശ്ചാത്യർ എന്നും വരവേറ്റുകൊണ്ടിരിക്കുന്നത് നാനാതരം

ഉത്സവ തിമിർപ്പുകളോടെയാണ് .

അതിന്റെ ഭാഗമായാണ് പ്രവാസി മലയാളികൾ ആമദത്തോടെ ,

ആരവത്തോടെ , ആവേശത്തോടെ താളമേളങ്ങളും , നൃത്ത ചുവടുകളുമായി

അവരുടെ തനതായ കലാ കായിക സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ച്

ആംഗലേയ നാട്ടിലുള്ളവരെയൊക്കെ ആനന്ദിപ്പിക്കുന്നത് ...!

തികച്ചും വേറിട്ട രണ്ട് മലയാളി ഉത്സവ ആഘോഷ മേളങ്ങൾ ...!

Sayuj said...

അതെ നമ്മുടെ തനതായ കലാ കായിക
സാംസ്കാരിക താളമേളങ്ങൾ കാത്തു സൂക്ഷിക്കുന്ന ,
ഇന്നും മലയാളിത്വം കൈവിട്ടുപോകാത്ത പ്രവാസികൾ
തന്നെയാണ് , മലയാളത്തെ എന്നും സ്നേഹിക്കുന്ന ഈ ബിലാത്തി മലയാളികൾ ...!

മനാമയിലെ മമ കഥയിത് ഒരു തീരാക്കഥ ... ! / Manamayile Mama Kathayithu Oru Theerakkatha ...!

ഇപ്പോഴൊന്നും തീരാത്ത ഒരു പഴയ യഥാർത്ഥമായ സാങ്കല്പിക കഥയിലെ കഥാപാത്രങ്ങളായി നിറഞ്ഞാടുകയാണ് ഇപ്പോഴും ജീവിച്ചിരിക്കുന്ന ഇക്കഥയിലെ മിത്രങ്ങൾ .   ...