Thursday 7 March 2019

ശത വാർഷികമാഘോഷിക്കുന്ന  
ആംഗലേയ നാട്ടിലെ നമ്മുടെ മലയാളം 



പാശ്ചാത്യ നാട്ടിൽ നിന്നും നമ്മുടെ മലയാള ഭാഷയിൽ 
നൂറ് വർഷങ്ങൾക്ക് മുമ്പ് ആദ്യമായി പ്രസിദ്ധീകരിച്ച  ഒരു 
മലയാളം  കൈയെഴുത്ത് പതിപ്പിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് 
ഇത്തവണ 2019 -ൽ നമ്മൾ ഇറക്കുന്ന  ഈ 'ഛായ' കൈയെഴുത്ത് മാസിക ...! 


അതായത്  ബിലാത്തിയിൽ ശത വാർഷികം കൊണ്ടാടുന്ന 
ഭാരതത്തിലെ ഒരു ശ്രേഷ്‌ഠ ഭാഷയുടെ നൂറാം പിറന്നാളിനിറക്കുന്ന 
ഒരു ഉപഹാരം ...


1912 -ൽ  ലണ്ടനിൽ  പഠിക്കാനെത്തിയ എഴുത്തുകാരനും 
വാഗ്മിയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്ന 
കെ..പി .കേശവ മേനോന്റെ നേതൃത്വത്തിൽ തുടങ്ങിവെച്ച 'മലയാളി മൂവ്മെന്റ്' എന്ന വിദ്യാർത്ഥി പ്രസ്ഥാനം   ലണ്ടനിൽ വെച്ച് 1919 ൽ കൈപ്പടയാൽ എഴുതി,ചിത്രങ്ങൾ വരച്ച്  പ്രസിദ്ധീകരിച്ച ആദ്യത്തെ മലയാള കൈയെഴുത്ത് പുസ്തകത്തിന്റെ സ്മരണക്കായി പുറത്തിറക്കുന്ന ഒരു ശത വാർഷിക പതിപ്പ് എന്നും വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം ....!

1919 മുതൽ തുടർച്ചയയായി കൊല്ലം തോറും 
പ്രസിദ്ധീകരിച്ചില്ലെങ്കിലും പല പേരുകളിലായി 
ഈ വിദ്യാർത്ഥി പ്രസ്ഥാനവും ,പിന്നീട് വന്ന മലയാളി 
സമാജവും ഓബ്രി മേനോൻ , കോന്നി മേശ്രി ,ഡോ .കുഞ്ഞൻ , 
മേനോൻ മാരാത്ത്, വി.കെ .കൃഷ്ണമേനോൻ , കരുവത്തിൽ ഗോപാലൻ ,
ഡോ .കോശി ഇട്ടൂപ്പ്, പി.കെ .സുകുമാരൻ ,ഡോ .ആർ .കെ .മേനോൻ ,
എം.എ .ഷക്കൂർ എന്നീ ഭാഷ സ്നേഹികളായ പഴയ കാല യു.കെ.മലയാളികളുടെ  പ്രയത്‌നത്താൽ മലയാളം കൈയെഴുത്ത് പതിപ്പുകൾ ആ കാലഘട്ടങ്ങളിലൊക്കെ ഇറക്കി കൊണ്ടിരുന്നതായി പറയപ്പെടുന്നു ...

പിന്നീട് കഴിഞ്ഞ നൂറ്റാണ്ടിന്റെ എഴുപത് കാലഘട്ടം മുതൽ ഇവിടെ എത്തപ്പെട്ട  മണമ്പൂർ സുരേഷ് ,മിനി രാഘവൻ,ഹാരീസ് ,ശശി കുളമട ,ശിവാനന്ദൻ  മുതൽ ധാരാളം പേരുടെ പരിശ്രമത്താലും ,സംഘടനകളിൽ കൂടിയും  കൈയെഴുത്തുമാസികകളായും ,വാർഷിക പതിപ്പുകളായും അനേകം മലയാളം പുസ്തകങ്ങൾ ബ്രിട്ടനിൽ നിന്നും പ്രസിദ്ധീകരിക്കപ്പെട്ടു.
   
ഒപ്പം തന്നെ ഇതുവരെയായി ആംഗലേയ മലയാളികളുടേതായി അമ്പതിൽ പരം - പല വിഭാഗത്തിൽ പെട്ട മലയാളത്തിലുള്ള അച്ചടിച്ച പുസ്തകങ്ങളും വിപണിയിൽ ഇറങ്ങിക്കഴിഞ്ഞിട്ടുണ്ട് ...

ഇന്നിപ്പോൾ വായനയേയും  എഴുത്തിനേയും  പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരികമായ ഒരന്തരീക്ഷം എല്ലാ  പ്രവാസികൾക്കിടയിലും  രൂപപ്പെട്ടു വരുന്നുണ്ട് . 
അതിൽ കലാ സാംസ്കാരിക സംഘടനകൾക്കും, ഓൺ - ലൈൻ പ്രസിദ്ധീകരണങ്ങൾക്കും, ദൃശ്യ ശ്രാവ്യ മാദ്ധ്യമങ്ങൾക്കും സോഷ്യൽ മീഡിയ തട്ടകങ്ങൾക്കുമൊക്കെ നിർണ്ണായകമായ പങ്കുണ്ട്...

അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും ,
കലകളേയുമൊക്കെ സ്നേഹിച്ച കുറച്ച് ആളുകൾ 
എവിടേയും ഉണ്ടാകുന്നതുകൊണ്ടാണ് അവരുടെ ഭാഷയും 
സംസ്കാരവും അവർ മറ്റൊരു സ്ഥലത്തേക്ക് കുടിയേറിയാലും അവിടങ്ങളിലും കോട്ടം കൂടാതെ നിലനിൽക്കുന്നത് .

അതുപോലെ തന്നെയാണ് നമ്മുടെ ഭാഷയുടെ സ്ഥിതിയും ..

ഏതാണ്ട്  ഒന്നേകാൽ നൂറ്റാണ്ട്  മുമ്പ് മുതൽ 
അതി സമ്പന്നരുടേയും, നാടുവാഴികളുടേയും 
തലമുറയിൽ പെട്ടവർ പഠിക്കുവാനും മറ്റുമായി 
ബിലാത്തിയിലേക്ക് കപ്പലേറി വന്നുതുടങ്ങിയെങ്കിലും , 
പിന്നീട് പല ഡോക്ട്ടർമാരടക്കം ,ഉന്നത ബിരുദം കരസ്ഥമാക്കുവാൻ ലണ്ടനിലെത്തിയ മലയാളികൾ ജീവിതം മെച്ചപ്പെടുത്തുവാൻ വേണ്ടി ഇവിടെ വന്ന് ചെറിയ രീതിയിൽ സ്ഥിര താമസം തുടങ്ങിയതും  അവർ തമ്മിലുള്ള കൂട്ടായ്മകൾ കെട്ടിപ്പടുത്തതും അതിനുശേഷം  അര നൂറ്റാണ്ട്  പിന്നിട്ടാണ് ...

പിന്നെ 1960 -1970 കൾക്ക് ശേഷം സിലോൺ ,മലേഷ്യ ,
സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ ബ്രിട്ടീഷ് കമ്പനികളിലെ ജോലിക്കാർക്ക്, ബ്രിട്ടനിൽ ജോലി ചെയ്യുവാൻ അവകാശം കിട്ടിയപ്പോൾ ധാരാളം മലയാളികൾ കുടുംബമായി ഇവിടേക്ക് വ്യാപകമായി  കുടിയേറുകയും  ഉണ്ടായി.

പിന്നീടവർ കലാ സാഹിത്യ സാംസ്കാരിക 
രംഗങ്ങളിൽ ചുവട് വെച്ച് തുടങ്ങി. അതിൽ നിന്നും 
പല പ്രതിഭകളും ഉടലെടുത്ത് വന്ന് ഈ രാജ്യത്തും നമ്മുടെ 
കലാസാഹിത്യ വേദികൾക്കൊക്കെ തറക്കല്ലിട്ടു ...

കാൽ നൂറ്റാണ്ടുമുമ്പ് മുതൽ പ്രൊഫഷണലായും ,
സെമി-പ്രൊഫഷണലായും ധാരാളം മലയാളികൾ 
'വർക്ക് -പെർമിറ്റ് വിസ'യിൽ കൂടുംബമായി ബ്രിട്ടന്റെ 
നാനാഭാഗങ്ങളിക്ക് കുടിയേറ്റം നടത്തി ഈ നാട്ടിലെ പല 
രംഗങ്ങളിലും അവരുടെ സാനിദ്ധ്യം പ്രകടമാക്കി നല്ല രീതികളിൽ 
ജീവിതം കെട്ടിപ്പടുക്കുകയും ചെയ്‌തു .


ഇന്ന് അനേകം  മലയാളി വംശജർ
അങ്ങോളമിങ്ങോളം പല രാജ്യങ്ങളിലുമായി
യൂറോപ്പിൽ  അധിവസിച്ചു വരുന്നുണ്ട് ...

ഏതാണ്ട് രണ്ട് ലക്ഷത്തോളം
മലയാളി വംശജരുമായി ആയതിൽ ഏറ്റവും
കൂടുതൽ മലയാളികളായ  പ്രവാസികളുള്ളത് 
'ആംഗലേയ നാട്' എന്നറിയപ്പെടുന്ന 'ഇംഗ്ലണ്ട് , വെയിൽസ് , 
സ്കോട്ട് ലാൻഡ്  , അയർലണ്ടുകൾ' എന്നീ നാടുകളിലാണ് ..!

അതുകൊണ്ടിപ്പോൾ  മലയാളത്തേയും, ആയതിന്റെ 
സാംസ്‌കാരിക ചുറ്റുവട്ടങ്ങളെയും സ്നേഹിക്കുന്ന ധാരാളം 
ആളുകൾ ഇന്ന് യു. കെ യിലും , പരിസര പ്രദേശങ്ങളിലുമായുണ്ട്...

അതായത് ഇവിടെയുള്ള വിദേശി വംശീയരിൽ ഏറ്റവും  കൂടുതലുള്ള ഭാരതീയരിൽ ഗുജറാത്തികൾക്കും , പഞ്ചാബികൾക്കും ശേഷം മൂന്നാം സ്ഥാനം അലങ്കരിക്കുന്നതിപ്പോൾ മലയാളികളാണ്‌... !

ജീവിത വണ്ടിയിൽ പ്രാരാബ്ദങ്ങളുടെ ഭാരവുമേറ്റി അവർക്ക് 
സ്വന്തം വീടും , നാടുമൊക്കെ വിട്ട് പാലായനം ചെയ്യേണ്ടി വന്നിട്ടും 
അവർ ജനിച്ച നാടിന്റെ നന്മകളും , സംസ്കാരങ്ങളും, മറ്റും മറക്കാതെ 
മനസ്സിന്റെ ഒരു കോണിൽ വെച്ച് താലോലിച്ച്  - ആ വിഹ്വലതകൾ മുഴുവൻ കലാ സാഹിത്യ രൂപങ്ങളിൽ കൂടി പുറത്തുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു ...

ഓരൊ പ്രവാസ സമൂഹങ്ങളിലും ഇത്തരമുള്ള വളരെ തുച്ചമായ ആളുകളാണ് ഉള്ളതെങ്കിലും, അവരാണല്ലോ ഭൂരിപക്ഷമുള്ള ബാക്കിയുള്ളവർക്കെന്നും ഭാഷാപരമായിട്ടും , കലാപരമായിട്ടും മറ്റു സാംസ്കാരികമായ എല്ലാകാര്യങ്ങളിൽ കൂടിയും മലയാളത്തിന്റെ തനിമകൾ തന്നാലായവിധം കാഴ്ച്ച വെച്ച്  ഗൃഹാതുരത്വ സ്മരണകൾ എന്നും അന്യനാടുകളിലും  നിലനിർത്തി കൊണ്ടിരിക്കുന്നത് ...!

അതെ അതുകൊണ്ടൊക്കെത്തന്നെയാണ്  നമ്മുടെ മലയാളവും
നൂറു കൊല്ലങ്ങൾക്ക് ശേഷവും  ഈ ആംഗലേയ നാട്ടിൽ ഒരു കോട്ടവും  കൂടാതെ പച്ച പിടിച്ചു നിൽക്കുന്നത് ...

ഇപ്പോൾ ഈ നാടുകളിൽ ഓൺ -ലൈനായും ,ഓഫ് -ലൈനായും ആയിരക്കണക്കിന് മലയാളം വായനക്കാർ
വിവിധയിടങ്ങളിൽ  ജോലിയും മറ്റുമായി ഉപജീവനം നടത്തി
വരുന്നുണ്ട്  . അവരവരുടെ മേഖലകളിലുള്ള വിഷയങ്ങളെ പറ്റി
പലതും വിനോദോപാധി തട്ടകങ്ങളിൽ കൂടി എന്നുമെന്നോണം വിവിധ രീതിയിൽ കുറിച്ചിടുന്നവരേയും വേണ്ടുവോളം നമുക്ക് കാണുവാൻ സാധിക്കും  .

ഒപ്പം തന്നെ മലയാള പുസ്തകങ്ങൾ രചിച്ച് 'ഡെസ്ക് ടോപ്പി'ൽ നിന്നും
'ബുക്ക് ഷെൽഫു'കളിൽ ഇടം പിടിച്ച്  മലയാള സാഹിത്യത്തിന്റെ വിപണിയിൽ  അവരവരുടേതായ സ്ഥാനം അലങ്കരിക്കുന്ന ഇമ്മിണി ആംഗലേയ  മലയാളികളേയും നമുക്ക് ദർശിക്കാവുന്നതാണ് ...

ഇത്തരം ഭാഷ സ്നേഹികളായ
സാഹിത്യ കുതുകികളായ എല്ലാ എഴുത്താളർക്കും
'ഛായ' യുടെ പേരിൽ അനുമോദനങ്ങൾ അർപ്പിക്കുന്നു ...
ഏവർക്കും സർവ്വവിധ ഭാവുകളും നേരുന്നു ...






(അവലംബം :-
കഴിഞ്ഞ കാലം -/ കെ.പി .കേശവമേനോൻ ആത്മകഥ .
സുലു അമ്മായി  - ഇപ്പോൾ ബെർക് ഷെയറിലെ ചാത്തത്തിൽ താമസിക്കുന്ന പണ്ടത്തെ യു.കെ.മലയാളിയായ പി.കെ സുകുമാരന്റെ ഭാര്യ )


No comments:

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...